images/hugo-14.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.6.5
അതുമിതും

ഊട്ടുപുരയുടെ വാതിലിനു മുകളിൽ വെളുത്ത ഈശ്വരപ്രാർഥന എന്നു പറഞ്ഞുവരുന്നതും ആളുകളെ സ്വർഗത്തിലേക്കു കയറ്റിവിടുന്ന ഗുണവിശേഷത്തോടുകൂടിയതുമായ ഈ പ്രാർഥന വലിയ കറുത്ത അക്ഷരത്തിൽ എഴുതപ്പെട്ടിരുന്നു.

‘ഈശ്വരൻ ഉണ്ടാക്കിയതും, ഈശ്വരൻ ചൊല്ലിയതും, ഈശ്വരൻ സ്വർഗത്താൽ പ്രതിഷ്ഠിച്ചതുമായ ചെറിയ വെളുത്ത ഈശ്വരപ്രാർഥന. രാത്രി ഞാൻ കിടക്കാൻ പോയപ്പോൾ എന്റെ കിടക്കയിൽ മൂന്നു ദേവദൂതന്മാരിരിക്കുന്നതു കണ്ടു-ഒരാൾ കാല്ക്കലും രണ്ടു പേർ തലയ്ക്കലും; സുശീലയായ കന്യകാമറിയം നടക്കും; അവൾ എന്നോടു ശങ്കിക്കാതെ കിടന്നുകൊള്ളാൻ പറഞ്ഞു, നല്ലവനായ ദൈവം എന്റെ അച്ഛനാണു്; നല്ലവളായ കന്യകാമറിയം എന്റെ അമ്മയാണു്; മൂന്നപ്പോസ്തലന്മാർ എന്റെ സഹോദരന്മാരാണു്. മൂന്നു കന്യകമാർ എന്റെ സഹോദരിമാരുമാണു്. ഈശ്വരൻ പിറന്നപ്പോഴത്തെ ഉൾക്കുപ്പായം എന്റെ ദേഹത്തെ മറയ്ക്കുന്നു;സെയിന്റു് മാർഗരറ്റിന്റെ കുരിശ് എന്റെ മാറത്തെഴുതപ്പെട്ടിരിക്കുന്നു. ഈശ്വരനെപ്പറ്റി കരഞ്ഞുകൊണ്ടു കന്യകാമറിയം മൈതാനങ്ങളിലൂടെ നടക്കുകയായിരുന്നു; അപ്പോഴാണു് അവൾ സാങ് യൊഹാനെ കണ്ടതു്. ‘മൊസ്യു സാങ് യൊഹാൻ, അങ്ങ് എവിടെനിന്നു വരുന്നു?’ ‘ഞാൻ സ്വർഗത്തിൽനിന്നു്.’ ‘നല്ലവനായ ദൈവത്തെ അങ്ങു കണ്ടില്ല; അവിടുന്നെവിടെയാണു്?’ ‘അവിടുന്നു കുരിശുമരത്തിന്മേൽ കാലുകൾ തൂങ്ങിയും തൊപ്പി ധരിച്ചും നില്ക്കുകയാണു്. മൂന്നു പ്രാവശ്യം സന്ധ്യയ്ക്കും മൂന്നു പ്രാവശ്യം രാവിലെയും ഇതു് ആർ ചൊല്ലുന്നുവോ അവന്നു് ഒടുവിൽ സ്വർഗം കിട്ടും.’

1827-ൽ ഈ സുവിശേഷപ്രാർഥന ചുമരിന്മേൽ മൂന്നു തവണത്തെ ചായം തേപ്പുകൊണ്ടു മാഞ്ഞിരുന്നു. ഇപ്പോഴാകട്ടേ, അന്നു ചെറിയ പെൺകുട്ടികളും ഇന്നു മുത്തശ്ശിമാരുമായ പലരുടേയും ഓർമയിൽനിന്നുകൂടി അതു മാഞ്ഞുപോകയായി.

ചുമരോടു ചേർത്തുനിർത്തിയിട്ടുള്ള ഒരു വലിയ കുരിശുമുദ്രകൊണ്ടു് ഈ ഊട്ടുപുരയുടെ അലങ്കാരമെല്ലാം മുഴുമിച്ചു. അതിന്റെ വാതിൽ-ഞങ്ങൾ ഇതു മുൻപു പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു-തോട്ടത്തിലേക്കഭിമുഖമായിട്ടാണു്. രണ്ടു പാർശ്വത്തിലും മരംകൊണ്ടുള്ള ബെഞ്ചുകളോടുകൂടിയ രണ്ടു വീതി കുറഞ്ഞ മേശകൾ ഊട്ടുപുരയുടെ ഒരറ്റത്തുനിന്നു മറ്റേ അറ്റംവരേയ്ക്കു രണ്ടു നേർവരയിട്ടിട്ടുണ്ടു്. ചുമരുകൾ വെളുത്തിട്ടാണു്; മേശകൾ കറുത്തിട്ടും. വൈരസ്യമയങ്ങളായ ഈ രണ്ടു നിറങ്ങളെക്കൊണ്ടു മാത്രമേ കന്യകാമഠങ്ങളിൽ വർണവൈചിത്ര്യമുണ്ടാക്കാറുള്ളൂ. ഭക്ഷണം, ചുരുങ്ങിയ നിലയിലാണു്; കുട്ടികളുടെ ഭക്ഷണംകൂടി കഷ്ടം. മാംസവും സസ്യസാധനങ്ങളും കൂടിച്ചേർന്ന ഒരു കറി; അല്ലെങ്കിൽ ഉപ്പിട്ട മത്സ്യം-ഇതാണു് അവരുടെ സദ്യ. വിദ്യാർഥിനികൾക്കു മാത്രമായുള്ള ഈ നിസ്സാര ഭക്ഷണം, ഏതായാലും, അവിടെ എല്ലാവർക്കുമുള്ളതല്ല. ഓരോ ദിവസവും വഴിക്കുവഴിയേ മുറവെച്ചു വരുന്ന ഒരു മഠനായികയുടെ മുൻപിലിരുന്നു വിദ്യാർഥിനികൾ ശബ്ദിക്കാതെ ഊൺ കഴിക്കും; നിയമത്തിനെതിരായി ഒരീച്ചയ്ക്കു പറക്കാനോ ശബ്ദം പുറപ്പെടുവിക്കാനോ തോന്നിപ്പോയാൽ ഉടനെ ആ അമ്മ ഒരു മരപ്പുസ്തകം ഇടയ്ക്കിടയ്ക്കു തുറന്നടയ്ക്കും. അവിടെയുള്ള ഈ നിശ്ശബ്ദതയ്ക്കു, കുരിശുമുദ്രയുടെ ചുവട്ടിൽ ഒരെഴുത്തുമേശയോടുകൂടിയുള്ള ഒരു ചെറിയ പ്രസംഗപീഠത്തിലിരുന്നു വായിക്കപ്പെട്ട ഋഷികഥകളെക്കൊണ്ടു കുറച്ചു പൊറുതിയുണ്ടു്. വായിക്കുന്നതു് വലിയ പെൺകുട്ടികളിൽ ഒരുവളായിരിക്കും; അതു് ആഴ്ചയിൽ ഓരോരുത്തരായി മാറിമാറിവരും. ആ നഗ്നമായ മേശയ്ക്കു മുകളിൽ ക്രമത്തിൽ ദൂരെദൂരെയായി വെച്ചിട്ടുള്ള ആ പൂച്ചുപിഞ്ഞാണങ്ങളിൽ വിദ്യാർഥിനികൾ തങ്ങളുടെ വെള്ളിക്കോപ്പകളും കത്തികളും മുള്ളുകളും മോറുന്നു; ചിലപ്പോൾ അവർ കടുപ്പമുള്ള മാംസക്കഷ്ണങ്ങളോ ചീഞ്ഞ മത്സ്യമോ അതിൽ ഇട്ടുകളയും; ഇതിനു ശിക്ഷയുണ്ടു്. ഈ പിഞ്ഞാണങ്ങളെ ‘ജലവൃത്തങ്ങൾ’ എന്നാണു് വിളിക്കാറു്. മൗനഭജനം ചെയ്ത വിദ്യാർഥിനി ‘നാവുകൊണ്ടു കുരിശു വരയ്ക്കുന്നു.’ എവിടെ? നിലത്തു്. അവൾ നിലം നക്കുന്നു. എല്ലാ സന്തോഷങ്ങളുടേയും അവസാനമായ പൊടിമണ്ണിനെയാണു് ഒച്ചയുണ്ടാക്കിയെന്ന കുറ്റം ആരോപിക്കപ്പെട്ട ആ ചെറിയ സാധുപ്പനിനീർപ്പൂവിതളുകളെ സൌശീല്യം പഠിപ്പിക്കുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നതു്.

അതിവിശിഷ്ടമായ ഒരു കോപ്പിയായിട്ടല്ലാതെ ഒരിക്കലും അച്ചടിച്ചിട്ടില്ലാത്ത ഒരു പുസ്തകം ആ കന്യകാമഠത്തിലുണ്ടായിരുന്നു. അതു വായിക്കാൻ പാടില്ല. സാങ്-ബെന്വാവിന്റെ നിയമമാണതു്. അശുദ്ധദൃഷ്ടികൾക്ക് ഒരിക്കലും ചുഴിഞ്ഞുനോക്കിക്കൂടാത്ത ഒരു നിഗൂഢവസ്തു, ‘ഞങ്ങളുടെ നിയമങ്ങളെയോ നിശ്ചയങ്ങളെയോ പുറമെയുള്ളവരോടു് ആർക്കും പറഞ്ഞുകൊടുപ്പാൻ പാടില്ല.’ ഒരു ദിവസം വിദ്യാർഥിനികൾക്ക് ഈ പുസ്തകം കൈയിൽ കിട്ടി; അവർ അത്യാർത്തിയോടുകൂടി വായിക്കാൻ തുടങ്ങി; പക്ഷേ, ആരെങ്കിലും കണ്ടു് പിടുത്തം കൂടിയാലോ എന്ന ഭയംകൊണ്ടു വായന ഇടയ്ക്കിടയ്ക്കു നിർത്തേണ്ടിയിരുന്നു; പുസ്തകം ഇടയ്ക്കിടയ്ക്ക് ഉപായത്തിൽ കൂട്ടേണ്ടിയിരുന്നു.

വരാനുള്ള ആ അത്യാപത്തിനിടയിൽനിന്നു് അവർക്കു കിട്ടിയ സന്തോഷം വളരെ കുറച്ചേ ഉള്ളൂ. അവർ കണ്ടതിൽവെച്ച് ഏറ്റവും ‘രസം പിടിച്ച കാര്യം’ ചെറിയ ആൺകുട്ടികളുടെ പാപകർമങ്ങളെപ്പറ്റി പറയുന്ന ചില തിരിയാത്ത ഭാഗങ്ങളാണു്.

അല്പം ചില നിസ്സാരമരങ്ങൾ വക്കുകളിലുള്ള ആ തോട്ടത്തിലെ ഒരു നടക്കാവിൽ അവർ കളിച്ചിരുന്നു. കടന്ന നിലയിലുള്ള നോട്ടവും കഠിനതരങ്ങളായ ശിക്ഷകളുമിരുന്നാലും, കാറ്റു വന്നു മരങ്ങളെ പിടിച്ചുകുലുക്കുമ്പോൾ, ഒരു പച്ച ആപ്പിൾക്കായയോ ഒരു ‘സബർജൽ’പ്പഴമോ അവർ ചിലപ്പോൾ കൈയിലാക്കി എന്നു വരും. എന്റെ മുൻപിൽക്കിടക്കുന്നതും, ഇപ്പോൾ ഡച്ചസ്സായ പണ്ടത്തെ ഒരു വിദ്യാർഥിനി-പാരിസ്സിൽ വെച്ചു തികഞ്ഞ അന്തസ്സും തറവാടിത്തവുമുള്ള സ്ത്രീകളിൽ ഒരു മുന്തിയവൾ - ഇരുപത്തഞ്ചു കൊല്ലം മുൻപു് എഴുതിയതുമായ ഒരു കത്തിനു് ഇവിടെ പ്രസംഗിക്കാനുള്ള അവകാശം ഞാൻ സമ്മാനിക്കും. അതിലുള്ളതു ഞാൻ നേരേ പകർത്തുന്നു: ‘അവരവർക്കു കിട്ടിയ സബർജലോ ആപ്പിൾപ്പഴമോ എല്ലാവരും കഴിയുന്നവിധം സൂക്ഷിച്ചുകൊള്ളുന്നു. അത്താഴത്തിനു മുമ്പായി മൂടുപടം കിടക്കമേൽ കൊണ്ടുവെക്കാൻ മുകളിലേക്കു പോകുമ്പോൾ അതു തലയണയുടെ ചുവട്ടിൽ തിരുകും; രാത്രി കിടക്കുമ്പോൾ അതെടുത്തു് തിന്നും; അതിനു സാധിച്ചില്ലെങ്കിൽ മറപ്പുരയിലിരിക്കുമ്പോൾ കഴിക്കും.’ അവരുടെ വലിയ ഭക്ഷണസുഖങ്ങളിൽ ഒന്നായിരുന്നു ഇതു്.

ഒരു ദിവസം-പ്രധാന മെത്രാൻ കന്യകാമഠം സന്ദർശിച്ച അവസരത്തിലാണ്-ചെറിയ പെൺകുട്ടികളിൽ ഒരുവൾ, മോൺമോറൻസി കുടുംബത്തോടു സംബന്ധിച്ച മാംസൽ ബൂഷാർ, ഒരു ദിവസത്തെ അവധി ചോദിക്കാമെന്ന്- അത്രയും തപോനിഷ്ഠയുള്ള ഒരു സംഘത്തിൽ വല്ലാത്ത കുറ്റമാണിത്-ഒരു വാതുവെച്ചു; അതു മറ്റുള്ളവർ സമ്മതിച്ചു; പക്ഷേ, ആ വാതുവെപ്പിൽ ഏർപ്പെട്ടവരാരുംതന്നെ അവൾ അതു ചെയ്യുമെന്നു വിശ്വസിച്ചിട്ടില്ല. ആ സമയം വന്നപ്പോൾ, പ്രധാനമെത്രാൻ വിദ്യാർഥിനികളുടെ മുൻപിലൂടെ പോകുന്ന സമയത്തു്, കൂട്ടുകാരെല്ലാം പേടിച്ചു മരവിച്ചുപോകുമാറു്, അവൾ വരിനിരപ്പിൽനിന്നു മുൻപോട്ടു നീങ്ങി നിന്നു പറഞ്ഞു: ‘മോൺസിന്യേർ, ഒരു ദിവസത്തെ അവധി.’ മാംസൽ ബൂഷാർ നീണ്ടു്, യൗവനയുക്തയായി, ലോകത്തിൽവെച്ചു ഏറ്റവും ചന്തമുള്ള മുഖസൗഭാഗ്യത്തോടുകൂടിയവളായിരുന്നു. മോൺസിന്യേർ ദു് ക്വലാ പുഞ്ചിരിയിട്ടു പറഞ്ഞു: ‘എന്തു്, എന്റെ പ്രിയപ്പെട്ട കുട്ടി, ഒരു ദിവസത്തെ അവധി! വേണമെങ്കിൽ മൂന്നു ദിവസം. മൂന്നു ദിവസത്തെ അവധി ഞാൻ തന്നു.’ മഠാധ്യക്ഷയ്ക്ക് ഒന്നും ചെയ്വാൻ നിവൃത്തിയില്ല; പ്രധാന മെത്രാനാണു് പറഞ്ഞതു്, കന്യകാമഠം വിറച്ചു. വിദ്യാർഥിനിക്കു രസമായി. ഫലം ഊഹിക്കാമല്ലോ.

എന്തായാലും ഈ നിഷ്ഠയേറിയ സന്ന്യാസിമഠത്തെ ബഹിർല്ലോകത്തിലെ വികാരയുക്തമായ ജീവിതവും നാടകവും, അത്ഭുതചരിത്രം തന്നെയും കടന്നു ബാധിക്കാതിരിപ്പാൻമാത്രം തികച്ചും വേണ്ടവിധത്തിൽ മതിൽ കെട്ടി നിർത്തിയിരുന്നില്ല. ഇതു തെളിയിക്കുവാൻ വേണ്ടി, വേറേ എടുത്തുനോക്കിയാൽ ഞങ്ങൾ ഈ പറഞ്ഞുവരുന്ന കഥയോടു യാതൊരു സംബന്ധവുമില്ലാത്തതും ഒരു ചരടുകൊണ്ടും അതിനോടു കൂടിയിണങ്ങിക്കാണാത്തതുമായ ഒരു കാര്യം, വാസ്തവവും എതിർപറയാൻ നിവൃത്തിയില്ലാത്തതുമായ ഒരു സംഗതി, ഇവിടെ ചുരുക്കത്തിൽ സൂചിപ്പിച്ചു രേഖപ്പെടുത്തിയിടുക മാത്രം ചെയ്തു ഞങ്ങൾ തൃപ്തിപ്പെടട്ടെ. വായനക്കാരുടെ മനസ്സിൽ കന്യകാമഠത്തിന്റെ മുഖാകൃതി മുഴുവനും തെളിഞ്ഞു പതിയുവാൻവേണ്ടിയാണു് ഈ സംഗതി ഞങ്ങൾ പറയുന്നതു്.

ഈ കാലത്തു് കന്യകാമഠത്തിനുള്ളിൽ ഒരു നിഗൂഢസത്ത്വം ജീവിച്ചിരുന്നു; അവൾ സന്ന്യാസിനിയല്ല; അവളോടു് എല്ലാവരും വളരെ ആദരവോടുകൂടിയാണു് പെരുമാറിയിരുന്നതു്. മദാം അൽബർതെങ് എന്നായിരുന്നു അവളെ വിളിച്ചുവന്ന പേർ. അവൾക്കു ഭ്രാന്താണെന്നും ലോകത്തെസ്സംബന്ധിച്ചേടത്തോളം അവൾ മരിച്ചുപോയിരിക്കുന്നു എന്നുമല്ലാതെ മറ്റൊന്നും അവളെപ്പറ്റി അറിവില്ല. ആ ചരിത്രത്തിന്റെ അടിയിൽ ഒരു വലിയ വിവാഹത്തിന്റെ ഭാഗ്യസംഭാരങ്ങൾ കിടപ്പുണ്ടെന്നാണു് വർത്തമാനം.

കഷ്ടിച്ചു മുപ്പതു വയസ്സു പ്രായമുള്ള ഈ സ്ത്രീ ഇരുണ്ട നിറത്തോടുകൂടി സാമാന്യം സൗഭാഗ്യമുള്ള ഒരുവളാണു്. അവളുടെ കറുത്ത കണ്ണുകളിൽ ഒരു നിലകെട്ട നോട്ടമുണ്ടു്. അവൾക്കു കണ്ണിന്നു കാഴ്ചയുണ്ടോ? അല്പം സംശയത്തിലാണു്. അവൾ നടക്കുകയല്ല, നീങ്ങുകയാണു്; അവൾ ഒരിക്കലും സംസാരിക്കാറില്ല; അവൾ ശ്വാസം കഴിക്കാറുണ്ടോ എന്നുതന്നെ തികച്ചും നിശ്ചയമില്ല. അവളുടെ നാസികാദ്വാരങ്ങൾ കരുവാളിച്ചും, ഒടുവിലത്തെ ഊർദ്ധ്വൻ വലിച്ചിട്ടുള്ള നിലയാണെന്നു തോന്നുമാറു് ഇറുകിയുമിരുന്നു. മഞ്ഞിൻകട്ട തൊടുന്നതുപോലെയാണു് അവളുടെ കൈ തൊട്ടാൽ. അവൾക്ക് ആകപ്പാടെ ഒരു പ്രേതത്തിന്റെ മട്ടുണ്ടു്. അവൾ എവിടെ കടന്നുചെന്നാലും, അവിടെയുള്ളവർ ഒന്നു മരവിച്ചുപോവും. അവൾ പോകുന്നതു കണ്ടു് ഒരു കന്യകാമഠസ്ത്രീ പറഞ്ഞു: ‘അവർ മൃതയാണെന്നാണു് വെപ്പു്.’ ‘ഒരുസമയം അങ്ങനെയായിരിക്കാം.’ മറ്റേവൾ മറുപടി പറഞ്ഞു,

മദാം അൽബർതെങ്ങിനെപ്പറ്റി ഒരു നൂറു കഥ പറഞ്ഞുവരാറുണ്ടു്. വിദ്യാർഥിനികളുടെ അവസാനിക്കാത്ത ഉൽക്കണ്ഠയിൽനിന്നാണു് അതിന്റെ പുറപ്പാടു്. ചെറുപള്ളിയിൽ ല്വാ ദു് ബെ എന്നു പേരായ ഒരു തട്ടിരിപ്പിടമുണ്ടു്. ഈ തട്ടിരിപ്പിടത്തിലിരുന്നാണു് മദാം അൽബർതെങ് കുർബ്ബാന കേൾക്കാറു്. അവൾ മാത്രമേ അവിടെ ഉണ്ടായിരിക്കൂ; എന്തുകൊണ്ടെന്നാൽ, ഈ തട്ടിരിപ്പിടം ഒന്നാമത്തെ നിലയോടു സമമായിരുന്നതുകൊണ്ടു് അവിടെയിരുന്നാൽ പ്രാസംഗികനെ; അല്ലെങ്കിൽ കുർബ്ബാന വായിക്കുന്നാളെ, കാണാമായിരുന്നു. ഇതു സന്ന്യാസിനിമാർക്കു പാടില്ലാത്തതാണു്. ഫ്രാൻസിലെ പ്രഭുസഭാംഗവും 1815-ൽ പട്ടാളവകുപ്പിൽ ഒരു മേലുദ്യോഗസ്ഥനുമായിരുന്ന ലു് ദ്യുക്ദു് രൊഹാങ്ങാണു് ഒരു ദിവസം പ്രസംഗപീഠത്തിൽ ഉണ്ടായിരുന്നതു്; അന്നു് അദ്ദേഹം ലെയോങ്ങിലെ രാജകുമാരനാണു്. ഇദ്ദേഹം കർദ്ദിനാലും ബെസാങ്ശൊവിലെ പ്രധാന മെത്രാനുമായിരുന്നു് 1830-ൽ മരിച്ചു. പെത്തി പിക്പ്യുവിലെ കന്യകാമഠത്തിൽ വെച്ച് അന്നു ഒന്നാമതായിട്ടാണു് മൊസ്സ്യു ദു് രൊഹാങ് പ്രസംഗിക്കുന്നതു്. പ്രാർഥനകളും പ്രസംഗങ്ങളും നടക്കുമ്പോൾ മദാം അൽബർതെങ് സാധാരണമായി തികഞ്ഞ ശാന്തതയോടുകൂടിയും ലേശമെങ്കിലും ഭാവഭേദമില്ലാതെയും ഇരിക്കും. അന്നു മൊസ്സ്യു ദു് രൊഹാങ്ങിനെ കണ്ട ക്ഷണത്തിൽ അവൾ ഏതാണ്ടു ഞെട്ടിയെണീറ്റു: പള്ളിയിലെ നിശ്ശബ്ദതയ്ക്കിടയിൽ അവൾ ഒരുച്ചസ്വരത്തിൽ പറഞ്ഞു: ‘ഹാ! ഒഗുസ്ത്!’ ആ കന്യകാമഠത്തിലുള്ളവരെല്ലാം അമ്പരന്നു് ഒന്നിച്ചു തിരിഞ്ഞുനോക്കി. പ്രാസംഗികൻ തല പൊന്തിച്ചു; പക്ഷേ, മദാം അൽബർതെങ് തന്റെ നിശ്ചലത്വത്തെത്തന്നെ വീണ്ടും അവലംബിച്ചിരുന്നു; ആ വെറുങ്ങലിച്ചതും ജീവൻ പോയതുമായ മുഖത്തിലൂടെ ഒരു നിമിഷനേരത്തേക്കു ബഹിർല്ലോകത്തിൽനിന്നുള്ള ഒരു കാറ്റടി, ജീവിതത്തിന്റെ ഒരു മിന്നലാട്ടം പാഞ്ഞു; ഉത്തരക്ഷണത്തിൽ അതു മാഞ്ഞു; ആ ഭ്രാന്തി വീണ്ടും ഒരു ശവംതന്നെയായി.

എന്തായാലും ആ രണ്ടു വാക്കുകൾ കന്യകാമഠത്തിൽ സംസാരിക്കാൻ അധികാരമുണ്ടായിട്ടാരെല്ലാമുണ്ടോ അവരെക്കൊണ്ടെല്ലാം പിറുപിറുവിച്ചു. ആ ഹാ! ഒഗുസ്ത്!’ എന്നതിൽ എന്തെല്ലാം സാമാനങ്ങൾ അടങ്ങിയിരുന്നു! എന്തെല്ലാം കാര്യങ്ങൾ വെളിച്ചത്തായി! മോൺസിന്യേർ ദു് രൊഹാങ്ങിന്റെ ക്രിസ്ത്യൻ പേർ വാസ്തവത്തിൽ ഒഗുസ്തു് എന്നായിരുന്നു. മോൺസിന്യേർ ദു് രൊഹാങ്ങിനെ മദാം അൽബർതെങ് അറിഞ്ഞിരുന്നതുകൊണ്ടു് അവൾ ഒരു വലിയ സ്ഥിതിയിലുള്ള സ്ത്രീതന്നെയായിരിക്കണം; എന്നല്ല, അത്രയും വലിയ ഒരു പ്രഭുവിനെപ്പറ്റി ഈവിധം പരിചയമുള്ളതുപോലെ സംസാരിച്ച സ്ഥിതിക്ക് അവൾ ഏറ്റവും ഉയർന്ന പ്രഭുപദത്തിൽ ഉള്ളവളായിരിക്കണം; അത്രമാത്രമല്ല, അദ്ദേഹത്തിന്റെ ‘ഓമനപ്പേർ’ അവൾക്കറിയാമായിരുന്നതുകൊണ്ടു്, അവർ രണ്ടുപേരും തമ്മിൽ ഒരു സമയം എന്തോ ചാർച്ചയും വേണം-ഏതായാലും ഏറ്റവും അടുത്ത ഒരു ചാർച്ചയാണു്.

വലിയ ഗൗരവഭാവത്തോടുകൂടിയ രണ്ടു ഡച്ചസ്സുമാർ, മദാം ദു് ഷ്വാസെയും, ദ്സെരാങ്ങും, അവിടെ പലപ്പോഴും ചെല്ലാറുണ്ടു്; വലിയ പദവിയിലുള്ള സ്ത്രീകൾ എന്ന അവകാശത്തിന്മേലാണു് നിശ്ചയമായും അവർ അങ്ങോട്ടു ചെന്നിരുന്നതു്; അവരുടെ വരവു വിദ്യാലയത്തിൽ വലിയ പരിഭ്രമമുണ്ടാക്കിയിരുന്നു. ഈ രണ്ടു മാന്യസ്ത്രീകൾ കടന്നുപോകുന്നതു കണ്ടാൽ അവിടെയുള്ള സാധുപ്പെൺകുട്ടികളെല്ലാം വിറച്ചു, മുഖം താഴ്ത്തും.

എന്നല്ല, മോൺസിന്യേർ ദു് രൊഹാങ് താൻ തീരെ അറിയാതെതന്നെ, വിദ്യാർഥികളുടെയെല്ലാം ശ്രദ്ധാവിഷയമായിരുന്നു. പ്രധാന മെത്രാനാവാൻ നില്ക്കുന്ന അദ്ദേഹം പാരിസ്സിലെ പ്രധാന മെത്രാന്റെ മുഖ്യപ്രതിനിധിയായി നിയമിക്കപ്പെട്ട ഉടനെയാണിതു്. പെത്തി പിക്പ്യുവിലെ സന്ന്യാസിനിമാർക്കുള്ള ദേവാലയത്തിൽ ഈശ്വരാരാധന നടത്തുവാൻവേണ്ടി പലപ്പോഴും അവിടെ ചെല്ലുന്നതു് അദ്ദേഹത്തിന്റെ പതിവുകളിൽ ഒന്നായിരുന്നു. കമ്പിളിത്തുണികൊണ്ടുള്ള തിരശ്ശീല കാരണം ആ യുവതികളായ സന്ന്യാസിനിമാർക്കാർക്കും അദ്ദേഹത്തെ കാണ്മാൻ സാധിച്ചിരുന്നില്ല; പക്ഷേ, അദ്ദേഹത്തിന്റെ ശബ്ദം മധുരവും തുളച്ചു കയറുന്നതുമായിരുന്നു; ഇതവർ മനസ്സിലാക്കി. വേറെ അറിയുമെന്നായി. അദ്ദേഹം ഒരു പട്ടാളക്കാരനായിരുന്നു; പിന്നെ അദ്ദേഹം വളരെ ശൃംഗാരിയാണെന്നും, അദ്ദേഹത്തിന്റെ അഴകേറിയ തങ്കത്തലമുടി ഒരു ചുരുളായി തലയ്ക്കു ചുറ്റും ഭംഗിയിൽ വെച്ചിരിക്കുമെന്നും, സവിശേഷമായ കമ്പിളിത്തുണികൊണ്ടു് ഒരു പരന്ന അരപ്പട്ട അദ്ദേഹം ധരിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ കറുത്ത നിലയങ്കിയുടെ വെട്ടു ലോകത്തിൽവെച്ച് ഏറ്റവും അന്തസ്സുള്ളതാണെന്നും വർത്തമാനമുണ്ടു്. ഷോഡശവയസ്സുകൾക്കുള്ള ഈ എല്ലാ മനോരാജ്യങ്ങളിലും അദ്ദേഹം ഒരുയർന്ന പദത്തെ അലങ്കരിച്ചു.

പുറമേനിന്നുള്ള ഒരു ശബ്ദവും കന്യകാമഠത്തിനുള്ളിലേക്കു പ്രവേശിച്ചിരുന്നില്ല. പക്ഷേ, ഒരു കൊല്ലത്തിൽ ഒരു വേണുനാദം അവിടെയ്ക്കു കടന്നുചെല്ലുകയുണ്ടായി. ഇതൊരു പ്രധാനസംഭവമായിരുന്നു; അക്കാലത്തു വിദ്യാർഥിനികളായിരുന്ന പെൺകുട്ടികൾ ഇപ്പോഴും അതോർമിക്കുന്നുണ്ടു്.

ആ വേണുനാദം അടുത്ത പ്രദേശത്തുനിന്നാണു് കേട്ടിരുന്നതു്. അതിലെ ഗാനം എന്നും ഒന്നുതന്നെയായിരിക്കും; ഇപ്പോൾ അതു് എത്രയോ ദൂരത്തായിക്കഴിഞ്ഞു. എന്റെ ‘സെതുൽബ് വരൂ എന്റെ അതു് മനസ്സിൽ വാഴൂ;’ ഇതു് ദിവസത്തിൽ രണ്ടോ മൂന്നോ തവണ കേൾക്കാം. ചെറുപെൺകുട്ടികൾ ഒന്നിലധികം മണിക്കൂറുകൾ അതു് കേട്ടുംകൊണ്ടു് നിന്നു. മഠനായികമാരെ അതു വലിയ സംഭ്രമത്തിലാക്കി; തലച്ചോറുകൾ കിടന്നു മുക്രകുത്തി; ശിക്ഷകൾ മഴപോലെ പൊഴിഞ്ഞു. ഇതു പല മാസങ്ങളോളമുണ്ടായി, ആ അജ്ഞാതഗായകന്റെമേൽ പെൺകിടാങ്ങൾക്കെല്ലാം അനുരാഗം വളർന്നു. താനാണു് സെതുൽബെന്നു് ഓരോ പെൺകുട്ടിയും സ്വപ്നം കണ്ടു. റ്യു ദ്രുവാമ്യൂറിന്റെ വഴിക്കാണു് ആ വേണുഗാനം വന്നിരുന്നതു്; അത്രയും ഭംഗിയിൽ ഓടക്കുഴലൂതുന്ന-എന്നല്ല, ഒരേസമയത്തു് ആ എല്ലാവരുടേയും മനസ്സിൽ നിശ്ചയമായും കൂത്താടിയ-ആ ‘ചെറുപ്പക്കാരനെ’ കാണുവാൻവേണ്ടി, ഒരുനോക്ക് കാണാൻ പറ്റുന്നതിന്ന്-അതേ, ഒരു ഞൊടിനേരം മതി-അവർ എന്തുതന്നെയും ചെലവിടും. എന്തു കെടുകാര്യവും ചെയ്യും എന്നായി; എന്തു പ്രയത്നംപോലും അവർ ചെയ്തുനോക്കാതെയില്ല. ചിലർ ഒരു പിൻവാതിലിലൂടെ പുറത്തു കടക്കാൻതന്നെ നോക്കി, വിടവുകളുടെ ഇടയിലൂടെ ചുഴിഞ്ഞുനോക്കുവാൻവേണ്ടി, ദ്രുവാമ്യൂറിന്റെ ആ ഭാഗത്തുള്ള മൂന്നാംനിലയിലേക്കു കയറി, ഫലമുണ്ടായില്ല; ഒരുവൾ അഴിപ്പഴുതിലൂടെ കൈ കടത്തി, വെളുത്ത കൈലേസ്സിളക്കിക്കാണിക്കുക കൂടി പറ്റിച്ചു. രണ്ടുപേർ അതിലും വലിയ ധീരകർമം പ്രവർത്തിച്ചു, അവർ മേല്പുരയുടെ മുകളിൽ പൊത്തിപ്പിടിച്ചു കയറി സ്വന്തം ജീവനെത്തന്നെ അപകടത്തിലാക്കി; ഒടുവിൽ അവർ ആ ‘ചെറുപ്പക്കാരനെ’ കണ്ടുപിടിച്ചു. അന്ധനും ദരിദ്രനുമായി എവിടെനിന്നോ വന്ന ഏതോ ഒരു വയസ്സനായിരുന്നു അതു്; അയാൾ ഒരു തട്ടിൻ പുറത്തിരുന്നു നേരംപോക്കാൻ കുഴലൂതുകയായിരുന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.