images/hugo-23.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.1.5
ചരിത്രത്തിന്റെ ഉറവുസ്ഥലവും ചരിത്രത്താൽ വിലവെക്കപ്പെടാത്തതുമായ വാസ്തവാവസ്ഥ

ഏപ്രിൽമാസാവസാനത്തോടുകൂടി സകലവും അങ്ങേ അറ്റത്തെത്തി. നുര പൊന്തിയിരുന്നതു തിളച്ചുമറിയലായി. 1830 മുതൽക്കുതന്നെ ചില്ലറ ലഹളകൾ അവിടവിടെ ഉണ്ടായിക്കൊണ്ടിരുന്നു; അവ ക്ഷണത്തിൽ അമർത്തപ്പെടും; പക്ഷേ, എപ്പോഴും പുതുതായി പുറപ്പെട്ടുകൊണ്ടേയിരിക്കും—അടിയിൽ പരക്കെ തീപ്പിടിച്ചിട്ടുണ്ടെന്നുള്ളതിന്റെ അടയാളം. ഭയങ്കരമായ എന്തോ ഒന്ന് അണിയറയിൽ തെയ്യാറാവുന്നുണ്ട്. വന്നേക്കാവുന്ന ഒരു ഭരണപരിവർത്തനത്തിന്റെ അപ്പോഴും അവ്യക്തങ്ങളും അപൂർണ്ണമായിമാത്രം തെളിവേറ്റവയുമായ മുഖാവയവങ്ങളെ ഓരോനോക്കു കാണാം. ഫ്രാൻസ് പാരിസ്സിന്റെമേൽ ഒരു കണ്ണൂന്നി; പാരിസ്സ് സാങ്-അന്താങ്ങിലും കണ്ണുവെച്ചു.

ഒരു മങ്ങിയ വെളിച്ചം മാത്രം കാണിച്ചിരുന്ന സാങ്-അന്താങ് ആളിക്കത്താൻ ആരംഭിച്ചു.

റ്യൂ ദ് ഷാറോന്നിലെ വീഞ്ഞുകടകൾ (ഈ രണ്ടു വിശേഷങ്ങളുടെ യോജിപ്പു വീഞ്ഞുകടകളെപ്പറ്റിയാകുമ്പോൾ കുറെയധികം അസാധാരണമാണെങ്കിലും) സൗഗരവങ്ങളും ലഹളമയങ്ങളുമായി.

അവിടെവെച്ചു ഭരണാധികാരം ശരിക്കു സ്പഷ്ടമായി വിചാരണ ചെയ്യപ്പെട്ടു അവിടെവെച്ച് ആളുകൾ യുദ്ധംചെയ്കയോ മിണ്ടാതിരിക്കയോ വേണ്ടതെന്നകാര്യം പരസ്യമായി വാദപ്രതിവാദത്തിനെടുത്തു. പിൻകടകളിൽവെച്ചു, കൂലിപ്പണിക്കാരെക്കൊണ്ടു തങ്ങൾ ആദ്യത്തെ വിളി കേട്ട തെരുവീഥികളിലെത്തിക്കൊള്ളാമെന്നും ‘ശത്രുക്കളുടെ എണ്ണം നോക്കാതെ യുദ്ധം ചെയ്തുകൊള്ളാ’മെന്നും സത്യം ചെയ്യിച്ചിരുന്നു. ഈ ഏർപ്പാടു ചെയ്തുകഴിഞ്ഞാൽ, വീഞ്ഞുകടയുടെ മൂലയ്ക്കലിരിക്കുന്ന ഒരാൾ ‘ഒരു ചിലമ്പനൊച്ച’യിൽ പറയും: ‘മനസ്സിലായോ നിങ്ങൾ സത്യം ചെയ്തു!’

ചിലപ്പോൾ ആളുകൾ മുകൾനിലയിലേക്കും, മുകളിലുള്ള ഒരു സ്വകാര്യമുറിയിലേക്കും, ചെല്ലും; പിന്നെ അവിടെവെച്ചു ‘ഫ്രീമേസൺ’കാരുടെ മട്ടിലുള്ള ചിലഗൂഢവിദ്യകൾ നടക്കുകയായി. ‘ദീക്ഷാകലശമാട’പ്പെട്ടവരെക്കൊണ്ടു തങ്ങൾക്കെന്നപോലെ കുടുംബങ്ങളിലെ അച്ഛന്മാർക്കുവേണ്ടി എല്ലാ സാഹായ്യവും ചെയ്തുതുകൊള്ളാമെന്ന് അവർ സത്യം ചെയ്യിക്കും. ഇതായിരുന്നു സത്യവാചകം.

കുടിമുറികളിൽവെച്ചു ‘നാശകരങ്ങളായ’ലഘുപ്രതികകൾ വായിക്കപ്പെടും. അവ ഗവർമെണ്ടിനെ പുച്ഛത്തോടുകുടി ഗണിച്ചു എന്ന് അന്നത്തെ ഒരു നിഗൂഢമായ സംഭവക്കുറിപ്പു് പറയുന്നു.

താഴെ കാണുന്നവിധമുള്ള വാക്കുകൾ അവിടെ കേൾക്കാം—‘എനിക്കു നേതാക്കന്മാരുടെ പേരറിവില്ല. നമ്മുടെ കൂട്ടുകാർക്കു രണ്ടു മണിക്കൂർ മുമ്പല്ലാതെ ദിവസം തന്നെ മനസ്സിലാവില്ല.’ ഒരു കൂലിപ്പണിക്കാരൻ പറഞ്ഞു: ‘നമ്മൾ മുന്നൂറുപേരുണ്ട്; ഓരോരുത്തനും മുന്നു സൂ വീതമെടുക്കുക; അപ്പോൾ മരുന്നും ഉണ്ടകളും വാങ്ങിക്കാൻ ഒരു നൂറ്റമ്പതു ഫ്രാങ്കായി.’

മറ്റൊരാൾ പറഞ്ഞു: ഞാൻ ആറുമാസത്തെ ഇട ചോദിക്കുന്നില്ല; രണ്ടുമാസം കൂടി വേണ്ടാ. ഒരു പതിനഞ്ചു ദിവസത്തിനുള്ളിൽ നമുക്കു ഗവർമെണ്ടോടു നേരും കിടയുമായി നില്ക്കണം. ഇരുപത്തായ്യിരം ആളായാൽ നമുക്കു പൊരുതാം. മറ്റൊരാൾ പറഞ്ഞു; ‘ഞാൻ രാത്രിയിൽ ഉറങ്ങാറില്ല; രാത്രി മുഴുവനും തിരയുണ്ടാക്കുകയാണ്.’ ‘ഇടത്തരക്കാരുടെ മട്ടിലും നല്ല പുറംകുപ്പായത്തോടുകൂടിയു’മുള്ള ആളുകൾ ഇടയ്ക്കു വന്നു കുഴപ്പമുണ്ടാക്കും, അവർ ‘കൽപിക്കുന്ന’മട്ടോടുകുടി ഏറ്റവും വലിയ പ്രധാനർക്കു കൈകൊടുത്തു മടങ്ങിപ്പോവും. അവർ പത്തുനിമിഷത്തിലധികം നില്ക്കില്ല. ഒരു താന്ന സ്വരത്തിൽ സാരഗർഭങ്ങളായ ചില അഭിപ്രായപ്രകടനങ്ങൾ നടക്കും. ‘കെണിയൊക്കെ ശരിയായി, കാര്യം ശരിപ്പെട്ടു.’ അവിടെയുണ്ടായിരുന്ന ഒരാളുടെ വാക്കു കടം വാങ്ങുന്നപക്ഷം, ‘അവിടെയുള്ളവരെല്ലാം ഇതു വെവ്വേറെ മന്ത്രിച്ചു.’ ആവേശംകയറൽ അത്രയധികമായിരുന്നു— ഒരു ദിവസം ഒരു കൂലിപ്പണിക്കാരൻ വീഞ്ഞുകടയിലുള്ള എല്ലാവരുടേയും മുൻപിൽ വെച്ച് ഇങ്ങനെ ഉച്ചത്തിൽ പറഞ്ഞു: ‘നമുക്ക് ആയുധമില്ലല്ലോ!’ കൂട്ടുകാരിൽ ഒരാൾ പറഞ്ഞു: ‘പട്ടാളക്കാരുടെ വശമുണ്ട്!’ അയാൾ താനറിയാതെയാണെങ്കിലും, ബോനാപ്പാർത്ത് ഇറ്റലിയിലുള്ള തന്റെ സൈന്യത്തോടു ചെയ്ത വിളംബരത്തിന് ആവിധം ഒരനുകരണകവിതയുണ്ടാക്കി. ‘എന്തെങ്കിലും ഒരു നിഗൂഢതരമായ കാര്യമുണ്ടെങ്കിൽ’ ഒരു സംഭവക്കുറിപ്പിൽ പറഞ്ഞുകാണുന്നു. ‘അവർ അതന്യോന്യം പറഞ്ഞുകൊടുത്തിരുന്നില്ല.’ അവർ പറഞ്ഞിരുന്നതു നോക്കുമ്പോൾ അവർക്കു മറച്ചുവെയ്ക്കാൻ കഴിഞ്ഞിരുന്നതെന്താണെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ട്.

ഈ യോഗംകൂടലുകൾ ചിലപ്പോൾ കാലാനുക്രമമായിരിക്കും. ചില യോഗങ്ങളിൽ ആകെ എട്ടോ പത്തോ പേരിലധികം ഹാജരുണ്ടായിരിക്കില്ല; അവരെല്ലാം എപ്പോഴും ഒരേ കൂട്ടർത്തന്നെയായിരിക്കുംതാനും. മറ്റു ചില യോഗങ്ങളിൽ വേണമെന്നു തോന്നിവയർക്കെല്ലാം ചെല്ലാം; അങ്ങനെ മുറി മുഴുവനും നിറഞ്ഞു, ചെല്ലുന്നവരൊക്കെ നില്ക്കേണ്ടിവന്നേക്കും. ചിലർ ഉത്കണ്ഠകൊണ്ടും അത്യാർത്തികൊണ്ടും വന്നതായിരിക്കും; മറ്റു ചിലർ തങ്ങളുടെ പണിസ്ഥലത്തേക്കുള്ള വഴി അതിലെയായതുകൊണ്ടും. ഭരണപരിവർത്തനകാലത്തെപ്പോലെ, ഈ വീഞ്ഞുകടകളിൽ ചിലതിൽ സ്വരാജ്യസ്നേഹത്തോടുകൂടിയ സ്ത്രീകളുണ്ടായിരുന്നു; അവർ പുതുതായി വന്നവരെ ആലിംഗനം ചെയ്യും.

മറ്റ് അർത്ഥവത്തായ സംഗതികൾ വെളിപ്പെട്ടു.

ഒരാൾ ഒരു ചാരായക്കടയിൽ വരും, കുടിക്കും, ഇതുംപറഞ്ഞു മടങ്ങിപ്പോവും; ‘ഹേ, ഷാപ്പുകാരൻ, നിങ്ങൾക്കു വരാനുള്ള സംഖ്യയെ ഭരണപരിവർത്തനം തന്നു തീർക്കും.’

റ്യൂ ദ് ഷാറോന്നിൽ എതിരായുള്ള വീഞ്ഞുകടയ്ക്കു മുൻപിൽ ഭരണപരിവർത്തകസംഘത്തിന്റെ ആൾക്കാരെ നിർത്തിയിരുന്നു. അവരുടെ തൊപ്പികളിലിട്ടാണ് നറുക്കെടുക്കാറ്.

റ്യൂ ദ് കോത്തിൽവെച്ച് അഭ്യാസം നടത്തിയിരുന്ന വാൾപ്പയറ്റാശാന്റെ വീട്ടിൽ കൂലിപ്പണിക്കാർ യോഗം കൂടും. അവിടെ മരവാളുകൾ, ചൂരലുകൾ, പന്തീരാൻവടികൾ, കളരിവാളുകൾ എന്നിങ്ങനെ ശത്രുക്കളിൽനിന്നു പിടിച്ചെടുത്ത ആയുധ പരമ്പരയുമുണ്ട്. ഒരു ദിവസം കളരിവാളുകളുടെ ഉറക്കുടുക്കുകളൂരി.

ഒരു കൂലിപ്പണിക്കാരൻ പറഞ്ഞു: ‘ഞങ്ങൾ ഇരുപത്തഞ്ചു പേരുണ്ട്, പക്ഷേ, എന്നെ അവർ കണക്കാക്കുന്നില്ല; എന്നെ ഒരു യന്ത്രമായിട്ടാണ് വെച്ചിട്ടുള്ളത്!’ പിന്നീട് ആ യന്ത്രം കെനിസെയായി.

കാച്ചിയെടുക്കപ്പെട്ടിരുന്ന ആ അവസാനമറ്റ വസ്തുക്കൾ പതുക്കെക്കൊണ്ട് അഭൂതപൂർവ്വവും അനിർവചനീയവുമായ ഒരു കുപ്രസിദ്ധിയെ സമ്പാദിച്ചു. ഉമ്മറം അടിച്ചുവാരിയിരുന്ന ഒരു സ്ത്രീ മറ്റൊരുവളോടു പറഞ്ഞു: ‘കുറേക്കാലമായിട്ട് ഒരു വലിയ സംഘം കൊണ്ടുപിടിച്ച് തിരയുണ്ടാക്കിവരുന്നുണ്ട്.’ തെരുവീഥികളുടെ നടുക്കു രാഷ്ട്രീയകക്ഷിസംഘങ്ങൾക്കുള്ള വിളംബരങ്ങൾ കാണാം. ഈ വിളംബരങ്ങളിലൊന്നിൽ ഇങ്ങനെ ഒപ്പിട്ടു കണ്ടു: ബുർത്തോ, വീഞ്ഞുകച്ചവടക്കാരൻ.

ഒരു ദിവസം, കഴുത്തുപട്ടയുടെ ഛായയിൽ താടിവളർത്തി ഇറ്റലിക്കാരന്റെ ഉച്ചാരണത്തോടുകൂടിയ ഒരാൾ മാർഷെലെമ്പാ എന്ന പ്രദേശത്തുള്ള ഒരു കല്ലുകട്ടിളമേൽ കയറിനിന്ന്, എന്തോ നിഗൂഢശക്തിയിൽനിന്നു പുറപ്പെട്ടതാണെന്നു തോന്നിയ ഒരസാധാരണരേഖ ആളുകളെ ഉച്ചത്തിൽ വായിച്ചു കേൾപ്പിച്ചിരുന്നു. ആൾക്കൂട്ടങ്ങൾ അയാളുടെ ചുറ്റുംകൂടി അഭിനന്ദിച്ചു.

ആൾക്കുട്ടത്തെ ഏറ്റവുമധികം ഇളക്കിത്തീർത്ത വാചകങ്ങളെ വേറെയെടുത്തു കുറിച്ചുവെച്ചിരുന്നു: ‘നമ്മുടെ പ്രമാണങ്ങളെ തടയുന്നു, നമ്മുടെ വിളംബരങ്ങളെ ചീന്തിക്കളയുന്നു, നമ്മുടെ പരസ്യം പതിക്കുന്നവരെ ഒറ്റുനിന്നു പിടിച്ചുജയിലിലിടുന്നു’—‘പരുത്തിവിലയിൽ ഇയ്യിടെയുണ്ടായ ഇടിവ് നമുക്ക് അനവധി ഇടനില്പുകാരെ തന്നിരിക്കുന്നു.’ ‘രാജ്യങ്ങൾക്കു ശോഭനമായ ഭാവിയെ ഉണ്ടാക്കി വെയ്ക്കുന്നതു മോശക്കാരായ നമ്മുടെ ഇടയിൽനിന്നാണ്.’ ‘മാറ്റമില്ലാത്ത നിശ്ചയങ്ങൾ ഇതാ: ഒന്നുകിൽ ഊർദ്ധ്വഗതി, അല്ലെങ്കിൽ അധോഗതി; ഒന്നുകിൽ ഭരണപരിവർത്തനം, അല്ലെങ്കിൽ എതിർപരിവർത്തനം. നമ്മുടെ കാലത്തു നമുക്ക് ആലസ്യത്തിലോ സ്ഥാവരത്വത്തിലോ വിശ്വാസമില്ല. ജനങ്ങൾക്കുവേണ്ടിയോ ജനങ്ങൾക്കെതിരായോ, ഇതേ ചോദ്യമുള്ളു. മറ്റൊന്നില്ല.’—‘ഞങ്ങൾ നിങ്ങൾക്കു കൊള്ളുകയില്ലെന്നാവുന്നതെന്നോ അന്നേദിവസം ഞങ്ങളെ തകർത്തുകളയുക; പക്ഷേ, അതുവരെ ഞങ്ങളെ മുമ്പോട്ടു നടക്കാൻ സഹായിക്കണം.’ ഇതൊക്കെ പച്ചപ്പകലാണ്.

കുറേക്കൂടി ധൃഷ്ടങ്ങളായ മറ്റു ചില പ്രവൃത്തികൾ അവയുടെ ധൃഷ്ടത കാരണം ജനങ്ങളുടെ ദൃഷ്ടിയിൽ ശങ്ക ജനിപ്പിച്ചു. 1832 ഏപ്രിൽ 4-ാംനു ഒരു വഴി പോക്കൻ റ്യു സാങ് - മാർഗ്യുറീത്തിലെ വഴിമൂലയ്ക്കലുള്ള ഒരു തറയിൽ കയറിനിന്നു വിളിച്ചുപറഞ്ഞു: ‘ഞാൻ ഒരു ബബുകക്ഷിക്കാര [1] നാണ്.’പക്ഷേ, ബബുവിനു പിന്നിൽ ആളുകൾ ഗിക്കെയെ [2] മണത്തറിഞ്ഞു.

മറ്റു പലതിന്നിടയിൽ ഈ മനുഷ്യൻ പറഞ്ഞു: ‘സ്വത്തുക്കളെ നശിപ്പിക്കുക! ഇടത്തുഭാഗത്തുടെയുള്ള എതിർക്കൽ ഭീരുത്വവും വഞ്ചനയുമാണ്. വലത്തുപുറത്തു നില്ക്കണമെന്നുള്ളപ്പോൾ അതു ഭരണപരിവർത്തനത്തെപ്പറ്റി പ്രസംഗിക്കുന്നു; തോല്ക്കാതെ കഴിക്കാൻവേണ്ടി അതു പൊതുജനങ്ങളുടെ ഭാഗം പറകയാണ്; യുദ്ധം ചെയ്യേണ്ടിവരാതെ കഴിക്കാൻവേണ്ടി അതു രാജകക്ഷിയാവുന്നു. പ്രജാധിപത്യക്കാർ തൂവലുകളോടുകുടിയ മൃഗങ്ങളാണ്. ഹേ കൂലിപ്പണിക്കാരുടെ വർഗ്ഗത്തിൽപ്പെട്ട പൗരന്മാരേ, നിങ്ങൾ പ്രജാധിപത്യവാദികളെ വിശ്വസിക്കാതിരിക്കിൻ.’

‘മിണ്ടരുത്, ഹേ പൗരനായ ഒറ്റുകാരൻ!’ ഒരു കൈത്തൊഴിൽക്കാരൻ ഉച്ചത്തിൽ പറഞ്ഞു.

ഈ വിളിച്ചുപറയൽകൊണ്ടു സംഭാഷണം അവസാനിച്ചു.

അത്ഭുതകരങ്ങളായ സംഭവങ്ങൾ നടന്നു.

രാത്രിയായതോടുകൂടി, തോട്ടിനടുത്തുവെച്ച് ഒരു കൂലിവേലക്കാരൻ ഒരു മേത്തരം ഉടുപ്പിട്ട ആളെ’കണ്ടെത്തി; അയാൾ കൂലിപ്പണിക്കാരനോടു ചോദിച്ചു: ‘ഹേ പരൻ, എവിടേക്കാണ് പോകുന്നത്?’ ‘സേർ,’ ആ കൂലിപ്പണിക്കാരൻ മറുപടി പറഞ്ഞു, ‘എനിക്ക് നിങ്ങളുമായി പരിചയപ്പെടാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.’ ‘എങ്കിലും ഞാൻ നിങ്ങളെ നല്ലവണ്ണമറിയും’ അയാൾ തുടർന്നു: ‘പേടിക്കേണ്ട, ഞാൻ യോഗത്തിന്റെ ഒരാളാണ്. നിങ്ങൾ തികച്ചും വിശ്വസ്തനല്ലെന്ന് ഒരു ശജം ജനിച്ചിരിക്കുന്നു. എന്തെങ്കിലും പുറത്താക്കിയാൽ നിങ്ങളുടെമേൽ കണ്ണുണ്ടെന്നറിയാമല്ലോ.’ എന്നിട്ട് അയാൾ ആ കൂലിവേലക്കാരന്നു കൈ കൊടുത്ത്, ഇങ്ങനെ പറഞ്ഞുംകൊണ്ടു പിരിഞ്ഞു, ‘നമ്മൾക്ക് ഇനിയും താമസിയാതെ തമ്മിൽ കാണാം.’

ചെവി കൂർപ്പിച്ചുകൊണ്ടിരുന്ന പൊല്ലീസ് സൈന്യം വീഞ്ഞുകടകളിൽനിന്നു മാത്രമല്ല, തെരുവുകളിൽനിന്നുകൂടി അസാധാരണങ്ങളായ സംഭാഷണങ്ങളെ ശേഖരിച്ചു.

‘വേഗത്തിൽ ചെന്നുചേർന്നോളു’, ഒരു നെയ്ത്തുകാരൻ ഒരു മന്ത്രിയോഗാംഗത്തോടു പറഞ്ഞു.

‘എന്തിന്ന്?’

‘ഒരു വെടിവെപ്പു നടക്കാൻ ഭാവമുണ്ട്.

ഇരപ്പാളി വേഷത്തിലുള്ള രണ്ടു വഴിപോക്കർ സ്പഷ്ടമായി ലഹളച്ചുവയുള്ള ഈ സ്മരണീയസംഭാഷണം നടത്തുകയുണ്ടായി:

‘നമ്മെ ആർ ഭരിക്കുന്നു?’

‘മൊസ്യ ഫിലിപ്പ്.

‘അല്ല, നാടുവാഴികൾ.’

ലഹള എന്നതു ഞങ്ങൾ ചീത്ത അർത്ഥത്തിലാണ് വെച്ചിട്ടുള്ളതെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതു വായനക്കാരുടെ തെറ്റാണ്. ലഹള സാധുക്കളുടേതാണ്. മറ്റൊരു സന്ദർഭത്തിൽ രണ്ടു പേർ നടന്നുപോകും വഴിക്ക് ഇങ്ങനെ പറയുന്നതു കേട്ടു: ‘ഞങ്ങൾ യുദ്ധത്തിനുവേണ്ട യുക്തികളൊക്കെ ആലോചിച്ചുവെച്ചിട്ടുണ്ട്.’

ദ്യു തുറോങ് എന്ന പ്രദേശത്തുള്ള ഒരു കുഴിയിൽ കുനിഞ്ഞുനിന്നിരുന്ന നാലുപേർ തമ്മിലുണ്ടായ ഗൂഢസംഭാഷണത്തിൽ ഈ താഴെ കാണുന്ന ഭാഗം മാത്രം പുറത്തു കേട്ടു; ഇനി അയാൾ പാരിസ്സിൽ സഞ്ചരിക്കാതിരിക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്യപ്പെടും.’

ഈ അയാൾ ആരാണ്? ഭയങ്കരമായ നിഗൂഢത.

ആളുകൾ പറഞ്ഞിരുന്നതുപോലെ, ‘പ്രധാനനേതാക്കന്മാർ’ പിന്മാറിനിന്നു. സാങ്തുസ്താഷിന്നടുത്തുള്ള ഒരു വീഞ്ഞുകടയിൽവെച്ച് അവർ ആലോചനസഭകൂടിയിരുന്നു എന്നാണ് ഊഹം. റ്യു മൊനെത്തുവിൽ തുന്നല്ക്കാരുടെ സഹായയോഗത്തിന്റെ കാര്യദർശിയായ ഏതോ ഒരു ഓ..., നേതാക്കന്മാരും സാങ്-ആന്ത്വാങ്ങിലെ സംഘവുമായുള്ള ആലോചനകളിൽ പ്രധാന മധ്യസ്ഥനായിരുന്നുവെന്നാണ് പ്രസിദ്ധി.

ഏതായാലും ഈ നേതാക്കന്മാരെസ്സംബന്ധിച്ചേടത്തോളം ഒരു വമ്പിച്ച നിഗൂഢത എപ്പോഴുമുണ്ടായിരുന്നു; പ്രഭുയോഗത്തിനു മുൻപാകെ വിചാരണയ്ക്കു കൊണ്ടുചെല്ലപ്പെട്ട ഒരാൾ പിന്നീടു പറകയുണ്ടായ ഈ മറുപടിക്കുള്ളിൽ തുളുമ്പിയിരുന്ന അഹങ്കാരത്തെ യാതൊരു വാസ്തവസംഭവത്തിനും സാരമില്ലെന്നാക്കാൻ വയ്യാ:

‘ആരാണ് നിങ്ങളുടെ നേതാവ്?’

ഞാൻ ആരേയും അറിയില്ല; ഞാൻ ആരേയും സ്വീകരിച്ചിട്ടുമില്ല.

സ്വച്ഛങ്ങളെങ്കിലും നിസ്സാരങ്ങളായ വാക്കുകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ചിലപ്പോൾ വെറും സംസാരം, കള്ളക്കഥ, കിംവദന്തി. മറ്റു ചില സൂചനകൾ പുറപ്പെട്ടുവരുന്നു.

റ്യൂ ദ് റ്യുയിയിൽ പണിചെയ്തു വന്നിരുന്ന ഒരു ഭവനത്തിന്റെ പറമ്പിൻ ചുറ്റുമുള്ള വേലിക്കു പലക തറയ്ക്കുന്ന ഒരാശാരി, താഴെ കാണുന്ന വരികൾ അപ്പോഴും വായിക്കാവുന്ന ഒരു കത്തിൻകഷ്ണം അവിടെനിന്നു കണ്ടെടുക്കുകയുണ്ടായി:

അതാത് സംഘങ്ങളുടെ വക ഓരോ വകുപ്പുകളിലേക്ക് പുതുതായി ആളെ ചേർക്കുന്നത് നിർത്തുവാൻ യോഗം വേണ്ട ഏർപ്പാടുകൾ ചെയ്യേണ്ടതാണ്.

ഇങ്ങനെ ഒരു ചുവട്ടിൽക്കുറിപ്പും:

റ്യു ദ്യു ഫോബർ ഫാസ്പോന്നിയേറിൽ അവിടുത്തെ ഒരു തോക്കുപണിക്കാരന്റെ വീട്ടിൽ അയ്യാറായിരം തോക്കുകളോളം ശേഖരിച്ചുണ്ടെന്നു ഞങ്ങൾ അറിഞ്ഞിരിക്കുന്നു. ആ യോഗവകുപ്പിൽ തോക്കുകളില്ല;

ആശാരി പരിഭ്രമിക്കാനും ഇതിനെ അയൽപക്കക്കാർക്കു കാണിച്ചുകൊടുക്കാനുമുണ്ടായ സംഗതി, കുറച്ചുകൂടി അപ്പുറത്തുനിന്ന് ആദ്യത്തേതുപോലെ തന്നെ കീറിയിട്ടതും കുറേക്കൂടി സാരഗർഭവുമായ മറ്റൊരു കടലാസ്സിൻകഷ്ണം കണ്ടുകിട്ടിയതാണ്; ഈ അസാധാരണ രേഖകൾക്കുള്ള ചരിത്രസംബന്ധിയായ വിലകരുതി ഞങ്ങൾ അതിന്റെ ഒരു നേരുപകർപ്പുതന്നെ ഇവിടെ കൊടുക്കുന്നു:

  • ക്യൂ സി ഡി ഇ – ഈ പട്ടികയെ മനഃപാഠമാക്കുക. അതു കഴിഞ്ഞു ചീന്തിക്കളയണം. സ്വീകരിക്കപ്പെട്ടിട്ടുള്ള ആളുകൾക്കു തങ്ങൾക്കുള്ള കല്പനകൾ നിങ്ങളിൽനിന്നു കിട്ടിക്കഴിഞ്ഞാൽ അവരും. അങ്ങനെതന്നെ ചെയ്യണം.
  • ആരോഗ്യവും സാഹോദര്യവും, യു ഓ എ ഫ ല.

ഈ നിഗൂഢമായ കണ്ടുകിട്ടൽ മനസ്സിലാക്കിയിരുന്നവർ കുറച്ചുകഴിഞ്ഞതിനു ശേഷമേ ആ നാലു വലിയക്ഷരങ്ങളുടെ സാരം ധരിച്ചുള്ളു: ക്യു. അയ്യഞ്ചു ഭടന്മാരുടെ നേതാക്കന്മാർ. സി. നൂറുനൂറു ഭടന്മാരുടെ നേതാക്കന്മാർ, ഡി. പതിപ്പത്തുഭടന്മാരുടെ നേതാക്കന്മാർ, ഇ. ഒറ്റുകാർ, അതുപോലെ,യു ഓ എ ഫ എന്നീ അക്ഷരങ്ങളുടെ അർത്ഥം ഒരു തിയ്യതിയായിരുന്നു—1832 ഏപ്രിൽ 15, ഓരോ വലിയക്ഷരത്തിന്റേയും താഴെ സവിശേഷക്കുറിപ്പുകളോടുകുടിയ പേരുകളും എഴുതപ്പെട്ടിരുന്നു. ഇങ്ങനെ: ക്യു ബാനെരൽ. 8 തോക്ക്, 83 തെര. ഒരു വിശ്വസ്തൻ – സി. ബുബിയെർ 1 കൈത്തോക്ക്, 40 തെര-ഡി. റോയെ, 1 കളരിവാൾ, 1 കൈത്തോക്ക്, റാത്തൽ മരുന്ന്—ഇ. തെസ്സിയെ. 1 വാൾ. 1 തെരപ്പെട്ടി – കണിശക്കാരൻ - തെറ്യു 8 തോക്ക്, ധീരൻ, മറ്റും മറ്റും.

ഒടുവിൽ അതേ വേലിക്കുള്ളിൽത്തന്നെ ഈ ആശാരി മൂന്നാമതൊരു കടലാസ്സു കണ്ടെത്തി; അതിൽ പെൻസിൽകൊണ്ടാണെങ്കിലും വളരെ സ്പഷ്ടമായി ഈ ഒരു ദുർഗ്രഹമായ പട്ടിക എഴുതപ്പെട്ടിരുന്നു:

യുനിത്തെ: ബ്ലാങ്ഷാരീ. ഓ-വകുപ്പ് 6.

ബറ. സ്വാസ്. സാൽ-ഓ-കോത്.

കൊഷ്യുസ്ക്കോ. കശാപ്പുകാരൻ ഓബ്രി?

ജെ. ജെ. ആർ.

കയുസ് ഗ്രാകസ്.

പരിശോധനാവകാശം. ദ്യു ഫോങ്ങ്. നാല്,

‘ഗിറോൺഡിസ്റ്റുകളുടെ’ [3] നാശം. ദർബക്. മൊബൊ

വാഷിങ്ടൻ. പിൻസൺ. കൈത്തോക്ക്, 86 തെര.

മാരസെയിലെസ്.

പൊതുജനങ്ങളുടെ രാജ്യഭരണം. മികേതി. കെൻകാംപ്വാ വാൾ.

ഹോഷ്.

മാർസോ പ്ലാറ്റോ എ: വകുപ്പ്

വാർസോ. പെരുമ്പറക്കാരൻ തില്ലി.

ഈ പട്ടിക സംഗതിവശാൽ കിട്ടിയ മര്യാദക്കാരായ ഇടത്തരക്കാർക്ക് അതിന്റെ അർത്ഥം മനസ്സിലായി. ‘മനുഷ്യാവകാശസംരക്ഷകസംഘ’ത്തിലെ നാലാം ഭാഗത്തിലെ വകുപ്പുകളുടെ മുഴുവനും പേരും അതാതു വകുപ്പുകളുടെ നേതാക്കന്മാരുടെ പേരും മേൽവിലാസവും കാണിക്കുന്നതായിരുന്നു അത്. നിഗൂഢങ്ങളായിരുന്ന ഇവയെല്ലാം ഇന്നു ചരിത്രമല്ലാതെ മറ്റൊന്നുമല്ലാതായിത്തീർന്നിട്ടുള്ള സ്ഥിതിക്ക് ഞങ്ങൾക്ക് ഇവയെ പ്രസിദ്ധീകരിക്കാം. ഈ കടലാസ്സു കണ്ടുകിട്ടിയതിനു മുൻപായി ‘മനുഷ്യാവകാശ സംരക്ഷകസംഘം’ സ്ഥാപിച്ചിരിക്കണം എന്നുകൂടി പറയാവുന്നതാണ്. ഒരുസമയം ഇതൊരു കരടുപകർപ്പുമാത്രമായിരിക്കും.

എങ്കിലും, എഴുതിവെച്ചിട്ടുള്ളവയിലെ കുറിപ്പുകളെക്കൊണ്ടും വാക്കുകളെക്കൊണ്ടും നോക്കുമ്പോൾ ഓരോന്നു പുറപ്പെട്ടുതുടങ്ങിയിരിക്കുന്നു.

റ്യൂ പൊപ്പിൻകൂർ എന്ന പ്രദേശത്തു കൗതുകകരസാധനങ്ങളെക്കൊണ്ടു കച്ചവടം ചെയ്യുന്ന ഒരാളുടെ വീട്ടിൽവെച്ച്, ഒരേ നീളത്തിൽ നാലായി മടക്കിയിട്ടുള്ള ഏഴു പായ ചാരനിറക്കടലാസ്സ് കണ്ടെടുക്കപ്പെട്ടു; ആ കടലാസ്സുപായകൾക്കുള്ളിൽ അതേ ചാരനിറക്കടലാസ്സുതന്നെ വെടിത്തെരപോലെ മടക്കിയ ഇരുപത്താറു ചതുരക്കഷ്ണങ്ങളും താഴെ കാണുന്നതെഴുതിയിട്ടുള്ള ഒരു ശീട്ടും ഉണ്ടായിരുന്നു.

  1. വെടിയുപ്പ് – 12 ഓൺസ്
  2. ഗന്ധകം – 2 ഓൺസ്
  3. കരി – 2 1/2 ഓൺസ്
  4. വെള്ളം – 2 1/2 ഓൺസ്

ഈ കണ്ടുകിട്ടലിനെക്കുറിച്ചുള്ള വിവരണക്കുറിപ്പിൽ, മേശവലിപ്പിനുള്ളിൽ നിന്നു വെടിമരുന്നുഗന്ധം പുറപ്പെട്ടിരുന്നതായി പറഞ്ഞുകാണുന്നുണ്ട്.

ഒരു ദിവസത്തെ പണി കഴിഞ്ഞുപോരുന്ന ഒരു കല്ലാശാരി ഓസ്തെർ ലിത്സ് പാലത്തിന്റെ അടുത്തുള്ള ഒരു ബെഞ്ചിന്മേൽ ഒരു ചെറിയ കടലാസ്സുകെട്ടു മറന്നുവെച്ചുപോയി. ഈ കെട്ടു പൊല്ലീസ്സുകച്ചേരിയിൽ എത്തിക്കപ്പെട്ടു. അതു തുറന്നുനോക്കി; അതിനുള്ളിൽ ലിയൊത്തിയേർ എന്നു പേരെഴുതി ഒപ്പിട്ട രണ്ട് അച്ചടിച്ച സംഭാഷണങ്ങളും, ‘കൂലിക്കാരെ, കൂടിക്കൊൾവിൻ’ എന്ന തലവാചകത്തോടു കൂടിയ ഒരു പാട്ടും, വെടിത്തെരകൾ നിറച്ച ഒരു തകരപ്പെട്ടിയും കണ്ടു.

ഒരു ചങ്ങാതിയോടുകൂടി കുടിച്ചിരുന്ന ഒരു കൈത്തൊഴിൽക്കാരൻ തനിക്ക് എന്തു ചൂടുണ്ടെന്നു മറ്റാളെക്കൊണ്ടു തൊടുവിച്ചുനോക്കി; ആ മറ്റാൾ മാർക്കുപ്പായത്തിനടിയിൽ ഒരു കൈത്തോക്കു കണ്ടെത്തി.

ഉപനഗരത്തിൽ, പെർ-ലഷെസിനും ദ്യു ത്രോങ്ങിനും നടുക്ക്, ആൾസ്സഞ്ചാരം നന്നേ കുറഞ്ഞ ഒരിടത്തു ചില കുട്ടികൾ കളിക്കുന്നതിനിടയ്ക്കു ക്ഷാരംചെയ്തിട്ട രോമക്കുന്നിനും വലിച്ചെറിയപ്പെട്ട മരക്കഷ്ണങ്ങൾക്കും അടിയിലായി ഒരു പീരങ്കിയുണ്ടയും, വെടിത്തെരയുമുണ്ടാക്കാനുള്ള ഒരു മരക്കുത്തുളിയും, വെടിമരുന്നു പൊടിയോടുകൂടിയ ഒരു മരപ്പാത്രവും, അകം നോക്കിയാൽ ഉരുക്കിയ ഈയമുണ്ടായിരുന്നു എന്നതിന്റെ ചിഹ്നങ്ങളോടുകുടിയ ഒരു ചെറുചീനച്ചട്ടിയും അടങ്ങിയ ഒരു സഞ്ചി കണ്ടെത്തി.

പെട്ടെന്നും അപ്രതീക്ഷിതമായും, രാവിലെ അഞ്ചുമണിക്ക്, പാർദോ എന്നുപേരായി, പിന്നീടു വഴിതടയൽപ്പട്ടാളത്തിലെ ഒരംഗമായിച്ചേർന്ന് 1834 ഏപ്രിലിലെ ലഹളക്കാലത്തു ചെന്നു തലകളഞ്ഞ ഒരാളുടെ താമസസ്ഥലത്തു കയറിച്ചെന്ന പൊല്ലീസ്സുകാർ അയാൾ തന്റെ കട്ടിലിന്നടുക്കൽ അപ്പോൾ ഉണ്ടാക്കിവരുന്ന ഒരു വെടിത്തെര കൈയിൽപ്പിടിച്ചുനിന്നിരുന്നതായി കണ്ടെത്തി.

കൂലിപ്പണിക്കാർ കിടക്കാൻ തുടങ്ങുന്ന സമയത്തും, പിക്പിക്കും ഷാറൻതോവിനും ഇടയ്ക്കു രണ്ടു മതിലിന്നിടയിലൂടെ പോകുന്ന ഒരു ചെറിയ ഇടവഴിയിൽ, പന്തുരുട്ടിക്കളിസ്ഥലമെന്ന് ഉമ്മറത്തെഴുതിവെച്ചിട്ടുള്ള ഒരു വീഞ്ഞുകടയ്ക്കരികെവെച്ചു രണ്ടുപേർ തമ്മിൽ കണ്ടുമുട്ടി. ഒരാൾ കുറുക്കു കുപ്പായത്തിനടിയിൽനിന്ന് ഒരു കൈത്തോക്കു വലിച്ചെടുത്തു മറ്റാളുടെ കൈയിൽ കൊടുക്കുന്നതു കണ്ടു. കൊടുത്തസമയത്ത്, മാറത്തുള്ള വിയർപ്പ് കാരണം വെടിമരുന്ന് ഈറനായിരിക്കുന്നു എന്ന് ആ മറ്റാൾ കണ്ടു. ആ മനുഷ്യൻ കൈത്തോക്കു വൃത്തിപ്പെടുത്തി, തട്ടിൽ സ്വതേ ഉള്ളതിനോടു കുറേക്കൂടി മരുന്നു കൂട്ടിച്ചേർത്തു. എന്നിട്ടു രണ്ടുപേരും പിരിഞ്ഞു.

ഏപ്രിൽലഹളയിൽ റ്യൂ ബോബൂറിൽവെച്ചു പിന്നീടു കൊല്ലപ്പെട്ടുപോയ ഒരു ഗല്ലൈ എന്നാൾ തന്റെ വീട്ടിൽ എഴുനൂറു തെരയും 26 തോക്കുമുണ്ടെന്നു മേനി പറഞ്ഞിരുന്നു.

നഗരപ്രാന്തത്തിൽ തോക്കുകളും രണ്ടു ലക്ഷം വെടിത്തെരകളും പങ്കിട്ടു കൊടുത്തിരിക്കുന്നു എന്നു ഗവർമേണ്ടിലേക്ക് ഒരറിയിപ്പു കിട്ടി. പിന്നത്തെ ആഴ്ചയിൽ മുപ്പതിനായിരം തെരകൾകൂടി പങ്കിട്ടുകൊടുത്തു. അതിൽ എടുത്തുപറയേണ്ടകാര്യമെന്തെന്നാൽ, പൊല്ലീസ്സുസൈന്യത്തെക്കൊണ്ട് അതിൽ ഒരൊറ്റത്തെരയെങ്കിലും പിടിച്ചെടുക്കാൻ കഴിഞ്ഞില്ല.

ഇടയ്ക്കുവെച്ചു പിടിക്കപ്പെട്ട ഒരു കത്തിൽ പറയുന്നു: ‘നാലുമണിക്കൂർ ഇടകൊണ്ട് എൺപതിനായിരം സ്വരാജ്യസ്നേഹികൾ യുദ്ധസന്നദ്ധരാവുന്ന ദിവസം അടുത്തുമുട്ടിയിരിക്കുന്നു.’

ഈ എല്ലാ പതഞ്ഞുപൊങ്ങലും പരസ്യമായിട്ടാണ്—സാവധാനമായിട്ടാണെന്നു തന്നെ ഏതാണ്ടു പറയാം. വരാനിരിക്കുന്ന ലഹള തന്റെ പൊട്ടിപ്പുറപ്പെടലിനെ ഗവർമേണ്ടിന്റെ മുഖത്തുവെച്ചാണ് ശാന്തമായി തെയ്യാറാക്കിവന്നിരുന്നത്. അപ്പോൾത്തന്നെ കണ്ടുതുടങ്ങിയിരുന്ന ആ ഉള്ളിലൂടെയുള്ള തുരപ്പൻപണിക്കു യാതൊരപൂർവ്വതയും പോരായ്കയില്ല. ആ ഒരുക്കത്തെപ്പറ്റിയുള്ള എല്ലാ വിവരവും ഇടത്തരക്കാർ കൂലിപ്പണിക്കാർക്കു പറഞ്ഞുകൊടുത്തു. ‘നിങ്ങളുടെ ഭാര്യയ്ക്ക് എങ്ങനെയിരിക്കുന്നു?’ എന്നു ചോദിക്കുന്ന സ്വരത്തിൽത്തന്നെ അവർ പറഞ്ഞു: ഒടുക്കം എങ്ങനെയാണ് ലഹള തുടങ്ങുക?’

വ്യു മൊറോവിലെ ഒരു വീട്ടുസാമാനവ്യാപാരി ചോദിച്ചു: ‘ആട്ടെ, എന്നാണ് നിങ്ങൾ യുദ്ധം തുടങ്ങാൻ ഭാവം?’

മറ്റൊരു കച്ചവടക്കാരൻ പറഞ്ഞു: ‘യുദ്ധം ക്ഷണത്തിലാരംഭിക്കും.’

‘എനിക്കറിയാം. ഒരു മാസംമുമ്പു നിങ്ങൾ ആയിരത്തഞ്ഞൂറേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ ഇരുപത്തയ്യായിരമായി.’ അയാൾ തന്റെ തോക്കു സമ്മാനിച്ചു; ഒരയൽപക്കക്കാരൻ ഏഴു ഫ്രാങ്കിനു താൻ വില്ക്കാൻ തെയ്യാറായിരുന്ന ഒരു ചെറുകൈത്തോക്കു കൊടുത്തു.

എന്നല്ല, ഭരണപരിവർത്തനജ്വരം വർദ്ധിക്കുകതന്നെയായിരുന്നു. പാരിസ്സിലും ഫ്രാൻസിൽത്തന്നെയും ഒരിടവും അതു വ്യാപിക്കാതെയില്ല. എല്ലായിടത്തുമുണ്ട് രക്തനാഡി മിടിക്കുന്നു. ഒരുതരം വീക്കത്തിൽനിന്നുണ്ടായി മനുഷ്യശരീരത്തിൽ ഒരു ഭാഗമായിക്കൂടുന്ന അത്തരം തൊലിപ്പൊള്ളപ്പുകൾ പോലെ, രാജ്യത്തെങ്ങും ഗൂഢസംഘങ്ങൾ വ്യാപിച്ചു. അക്കാലത്തു ഗൂഢങ്ങളും അഗൂഢങ്ങളുമായിരുന്ന ‘പൊതുജനസുഹൃത്സംഘ’ങ്ങളിൽനിന്നു മനുഷ്യാവകാശസംരക്ഷകസംഘങ്ങൾ ഉത്ഭവിച്ചു; ഇതുകളും അക്കാലത്തു നടപ്പുള്ള വിധത്തിൽ ഒരു തിയ്യതിയോടുകൂടിത്തന്നെ തുടങ്ങി—ഭരണപരിവർത്തനാബ്ദം 40-ാം വർഷം; നീതിന്യായക്കോടതിയിൽനിന്നു സംഘം പിരിച്ചുകൊള്ളണമെന്നുള്ള കല്പന പുറപ്പെട്ടിട്ടും അവയുടെ ആയുസ്സു നിന്നില്ല; എന്നല്ല, താഴെ കാണുന്നവിധം അർത്ഥഗർഭങ്ങളായ പേരുകളെ ഓരോ വകുപ്പുകൾക്കിടുവാൻകൂടി അവയ്ക്കു സങ്കോചമുണ്ടായില്ല:

കുന്തങ്ങൾ.

ആപൽസൂചകമണിയടി.

കുറിവെടി.

ഫ്രിജിയക്കാരൻ തൊപ്പി.

ജനവരി 21.

യാചകന്മാർ.

തെണ്ടികൾ.

മുൻപോട്ടുചെല്ലൽ.

റോബെപിയർ.

കുറിനോക്കൽ.

‘മനുഷ്യാവകാശസംരക്ഷകസംഘം’ ‘മുൻപോട്ടു പാഞ്ഞ ചില പൊറുതികെട്ടവരാണ്. മറ്റു സംഘങ്ങൾ ആദ്യത്തെ മഹാസംഘങ്ങളിൽനിന്നുതന്നെ അംഗങ്ങളെ എടുക്കാൻ നോക്കി. അതാതു വകുപ്പുകളിലെ അംഗങ്ങൾ താന്താങ്ങളെ പിടിച്ചു ചീന്തിക്കളഞ്ഞു എന്നാവലാതി കൂട്ടി. അങ്ങനെ, സംഘവും നഗരസംരക്ഷക സംഘങ്ങളുമുണ്ടായി. അങ്ങനെ, പത്രസ്വാതന്ത്ര്യത്തെയും മനുഷ്യസ്വാതന്ത്ര്യത്തെയും രക്ഷിപ്പാനുള്ള സംഘങ്ങളും പൊതുജനസമ്മതം കൂടാതെ നികുതി ചുമത്തുന്നതിനെ എതിർക്കാൻ വേണ്ട ഉപദേശം കൊടുക്കുന്ന സംഘങ്ങളും. പിന്നെ കൂലിപ്പണിക്കാരുടെ സംഘം; ഇതു മൂന്നു ഭാഗമാണ്—സമത്വവാദികൾ, സമഷ്ടിവാദികൾ, സമുദായപരിഷ്കാരികൾ. പട്ടാളനിയമമനുസരിച്ചേർപ്പെടുത്തപ്പെട്ട ഒരുതരം സൈന്യഭാഗമായ ബാസ്തീൽ സൈന്യം—നാലുപേർക്ക് ഒരു മേലാൾ, പത്തുപേർക്ക് ഒരു സർജ്ജന്റുദ്യോഗസ്ഥൻ, ഇരുപതുപേർക്ക് ഒരുപസൈന്യാധിപൻ, നാല്പതുപേർക്ക് ഒരു സൈന്യാധിപൻ, ഇങ്ങനെ; അന്യോന്യമറിയുന്നവരായി അഞ്ചുപേരിലധികം ഈ കൂട്ടത്തിലില്ല. മുൻകരുതൽ അധിക പ്രസംഗത്തോടു കൂടിക്കലർന്ന സൃഷ്ടിവിശേഷം.

തലയ്ക്കൽഭാഗത്തുള്ള പ്രധാന സംഘത്തിന്നു രണ്ടു കൈകളാണുള്ളത്. ഒന്നു പ്രവൃത്തിസംഘം, മറ്റേതു ബാസ്തീൽസൈന്യം.

വിശ്വസ്തപ്രമാണികൾ എന്നുപേരായ ഒരു രാജകക്ഷിസംഘം ഈ സംഘവിശേഷങ്ങൾക്കെല്ലാമിടയിൽ സഞ്ചരിച്ചു. ഈ സംഘം പ്രധാനസംഘത്തിൽവെച്ച് അധിക്ഷേപിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്തു.

പാരിസ്സിലെ സംഘങ്ങൾക്കു പ്രധാനനഗരങ്ങളിൽ—ലയോങ്, നാന്തെ, ലിൽമാർസെയിൽ എന്നിവിടെയെല്ലാം—ശാഖകളുണ്ട്; ഓരോന്നിന്റെ വകയായും പ്രത്യേകം മനുഷ്യാവകാശസംരക്ഷകസംഘവും സ്വതന്ത്ര്യസംഘവുമുണ്ട്. എല്ലാറ്റിനും ഒരു ഭരണപരിവർത്തകസംഘമുണ്ട്; അതിനു കുഗൂർദ് എന്നു പേർ പറയുന്നു. ഈ പേർ ഞങ്ങൾ മുൻപേ പറഞ്ഞിട്ടുണ്ട്.

പാരിസ്സിൽ, ഫോബൂർസാങ്-മോർസോ എന്ന പ്രദേശം ഫോബൂർസാങ്-ആന്ത്വാങ്ങിൽ ഒരേ ഒരിരമ്പലുണ്ടാക്കിക്കൊണ്ടു പോന്നു; ആവക പരിസരപ്രദേശങ്ങളിലേക്കാൾ ഒട്ടും കുറച്ചല്ല സ്കൂളുകളിലും ഒച്ചപ്പാട്. റ്യു സാങ് തയാസിന്തിലുള്ള ഒരു കാപ്പിപ്പീടികയും റ്യൂ ദെ മത്ത്യൂറിങ്—സാന്ത്ഴാക്കിലെ ഏഴു ‘ബില്ലിയേർഡുകൾ’ എന്ന വീഞ്ഞുകടയും സ്കൂൾകുട്ടികളുടെ യോഗസ്ഥലങ്ങളായിരുന്നു. എബിസി സുഹൃദ്സംഘം ആംഗേറിലെ പരസ്പരസംബന്ധവാദികളോടു് കൂടിച്ചേർന്നു; എയിയിലെ കുഗൂർദ് നമ്മൾ കണ്ടിട്ടുള്ളതുപോലെ മുസെങ് കാപ്പിപ്പീടികയിൽവെച്ചു യോഗം കൂടി. ഞങ്ങൾ മുൻപുതന്നെ പറഞ്ഞിട്ടുള്ളതുപോലെ ഈ ചെറുപ്പക്കാർ റ്യു മൊങ്ദെത്തുവിലെ കൊറിന്ത് എന്ന വീഞ്ഞുകടയിലും സംഘംചേർന്നു. ഈ യോഗംകൂടൽ ഗൂഢമാണ്. മറ്റുള്ളവയെല്ലാം കഴിയുന്നതും പരസ്യമായിട്ടാകുന്നു; പൊല്ലീസ്സുകാർ പിടിച്ചു കേസ്സാക്കിയിട്ടുണ്ടായ ഒരു വിചാരണയിൽ നടന്ന ഈ ചോദ്യോത്തരത്തിൽനിന്ന് ഇവരുടെ ധൈര്യം വായനക്കാർക്ക് ഏകദേശം തീർച്ചപ്പെടുത്താം. ‘എവിടെവെച്ചാണ് ഈ യോഗം കൂടിയത്?’ ‘റ്യു ദ്ല പെയ് എന്ന പ്രദേശത്തുവെച്ച്.’ ‘ആരുടെ വീട്ടിൽ?’ ‘തെരുവിൽ.’ ‘ഏതെല്ലാം വകുപ്പുകളാണ് അവിടെ കൂടിയിരുന്നത്?’. ‘ഒന്നുമാത്രം.’ ‘ഏതു?’ ‘കൂലിപ്പണിസംഘം.’ ‘അതിന്റെ നേതാവ് ആരാണ്?’ ‘ഞാൻ.’ ഗവർമെണ്ടിനോടെതിർക്കുക എന്ന ധീര പ്രവൃത്തി ചെയ്യാൻ തനിച്ചുറയ്ക്കുന്നതിന്നു നിങ്ങൾ വളരെ ചെറുപ്പക്കാരനാണല്ലോ. ‘നിങ്ങൾക്ക് ആരിൽനിന്നാണ് ഉപദേശം കിട്ടിയിരുന്നത്?’ ‘പ്രധാന സംഘത്തിൽനിന്ന്.’

ഒബഫോർ, യുനെവിൽ, എപ്പിനാർ എന്നിവരുടെ പ്രവൃത്തികളിൽനിന്നു പിന്നീടു തെളിഞ്ഞതുപോലെ, പൊതുജനങ്ങൾക്കിടയിലെന്നവിധം സൈന്യത്തിനിടിയിലും തുരങ്കമുണ്ടായിരുന്നു. അമ്പത്തിരണ്ടും അഞ്ചും എട്ടും മുപ്പത്തേഴും പട്ടാളവകുപ്പുകളും ഇരുപതാം കുതിരപ്പട്ടാളവും തങ്ങളുടെ ഭാഗത്താണെന്ന് അവർ കണക്കാക്കിയിരുന്നു. ബർഗൺഡിയിലും തെക്കൻപട്ടണങ്ങളിലും അവർ സ്വാതന്ത്ര്യവൃക്ഷം കുഴിച്ചിട്ടിരുന്നു— എന്നുവെച്ചാൽ ചുകന്ന തൊപ്പികൊണ്ടു തലമൂടിയ കൊടിമരം.

ഇതായിരുന്നു സ്ഥിതി.

സാങ് –ആന്ത്വാങ്ങാൺ, ഞങ്ങൾ ആദ്യംതന്നെ പറഞ്ഞതുപോലെ, മറ്റെല്ലാ പ്രദേശത്തെക്കാളധികം, ഈ സ്ഥിതിക്കു ശക്തിവെപ്പിച്ചിരുന്നതും വില കൂട്ടിയിരുന്നതും, അതായിരുന്നു പുണ്ണുള്ള ഭാഗം. ഒരു ചിതൽപ്പുറ്റുപോലെ ആൾപ്പാർപ്പുകൂടിയതും പണിത്തിരക്കുള്ളതും ധൈര്യമേറിയതും ഒരു തേനീച്ചക്കൂടുപോലെ ശുണ്ഠിപിടിച്ചതുമായ ഈ പഴയ ഉപനഗരം ഉൽക്കണ്ഠകൊണ്ടും ഒരു ലഹളയ്ക്കുക്കുള്ള ആർത്തിക്കൊണ്ടും തുള്ളിയിരുന്നു. പതിവുപണിക്കു യാതൊരു തടസ്സവും തട്ടിപ്പോകാതെയാണെങ്കിലും, അവിടെയുള്ള സകലവും ഒന്നിളകിയിരുന്നു. ഈ ഉന്മേഷപരമെങ്കിലും അപ്രസന്നമായ മുഖാകൃതിയെപ്പറ്റി ഒരു വിവരമുണ്ടാക്കുക അസാധ്യമാണ്. പരിഷ്കൃതങ്ങളായ മേൽപ്പുരകൾക്കുള്ളിലായി ഈ ഉപനഗരത്തിലെങ്ങും മർമ്മഭേദകമായ അസ്വസ്ഥത ഒളിച്ചുകൂടിയിരുന്നു; അപൂർവാക്യങ്ങളും ഉത്കണ്ഠാപരങ്ങളുമായ മനസ്സുകളും അവിടെയുണ്ട്. അവസാനത്തിൽ രണ്ടറ്റവും ഒന്നിച്ചുകൂടുന്നു എന്നതു, വിശേഷിച്ചും, ആപത്തിലും ബുദ്ധിശക്തിയിലുമാണ് അപായകരമായിത്തീരുന്നത്.

സാങ് - ആന്ത്വാങ്ങിനു [4] വിറ കയറുവാൻ വേറെയും കാരണങ്ങളുണ്ടായിരുന്നു; കച്ചവടത്തെസ്സംബന്ധിച്ച അപകടസ്ഥിതികളുടേയും അപജയങ്ങളുടേയും പണിമുടക്കങ്ങളുടേയും ഉദാസീനനിലകളുടേയും എതിർക്ഷോഭം—മഹത്തരങ്ങളായ രാഷ്ട്രീയക്ഷോഭങ്ങളോടു പറ്റിനില്ക്കുന്ന സകലവും— അതിന്മേൽ ചെന്നടിച്ചിരുന്നു. ഭരണപരിവർത്തനകാലങ്ങളിൽ കഷ്ടപ്പാടു കാരണവും കാര്യവുമാണ്. അതടിക്കുന്ന അടി അതിന്മേൽതന്നെ ചെന്നുകൊള്ളുന്നു. അഭിമാനമയമായ മനോഗുണത്താൽ, നിറയപ്പെട്ടതും, അങ്ങേ അറ്റത്തോളം ഉശിർകാണിക്കാൻ കഴിയുന്നതും, ആയുധമെടുത്തു ചാടാൻ എപ്പോഴും തെയ്യാറായിരിക്കുന്നതും, ക്ഷണം കൊണ്ടു പൊട്ടിത്തെറിക്കുന്നതും, ശുണ്ഠിപിടിച്ചതും, ആഴമേറിയതും, അടിയിൽ തുരങ്കംവെയ്ക്കപ്പെട്ടതുമായ ഈ പൊതുജനസംഘം ഒരു തീപ്പൊരി വീണുകിട്ടാനായി മാത്രം കാത്തുനില്ക്കയാണെന്നു തോന്നി. സംഭവപരമ്പരയാകുന്ന കാറ്റിനാൽ അട്ടിപ്പായിക്കപ്പെട്ടുകൊണ്ടു ചില തീപ്പൊരികൾ ആകാശാനത്തത്തിലൂടെ എപ്പോഴെങ്കിലും പറന്നുപോകുന്നതു കാണുമ്പോൾ, സാങ് ആന്ത്വാങ്ങിനെപ്പറ്റിയും, പാരിസ്സിന്റെ പടിവാതില്ക്കൽത്തന്നെ കഷ്ടപ്പാടും ആലോചനകളുമായ വെടിമരുന്നുപുര കൊണ്ടുവെച്ച ആ ഭയങ്കരമായ യദൃച്ഛാസംഭവത്തെക്കുറിച്ചും വിചാരിക്കാതിരിപ്പാൻ വയ്യാ.

വായനക്കാർ കണ്ടുകഴിഞ്ഞ വിവരണങ്ങൾക്കിടയിൽ ഒന്നിലധികം പ്രാവശ്യം വരയ്ക്കപ്പെട്ടിട്ടുള്ള ആന്ത്വാങ് ഉപനഗരത്തിലെ വീഞ്ഞുകടകൾക്കു ചരിത്രസംബന്ധിയായ കുപ്രസിദ്ധിയുണ്ട്. സ്വാസ്ഥ്യമറ്റ കാലങ്ങളിൽ അവിടെ ആളുകൾക്കു വീഞ്ഞുകൊണ്ടുള്ളതിലധികം വാക്കുകൊണ്ട് ലഹരിപിടിക്കുന്നു. ഹൃദയങ്ങളെ ഇളക്കിമറിക്കുകയും ആത്മാക്കളെ വലുപ്പംവെപ്പിക്കുകയും ചെയ്തുകൊണ്ട് ഒരുതരം ദീർഘദർശനസാമർത്ഥ്യവും ഭാവിയെസ്സുംബന്ധിച്ചുള്ള ഒരാവേശംകൊള്ളലും ആ പ്രദേശങ്ങളിൽ ചുറ്റിനടക്കുന്നു. സാങ്-ആന്ത്വാങ്ങിലെ വീഞ്ഞുഷാപ്പുകൾ, സിബിലിന്റെ [5] ഗുഹയ്ക്കുമീതെ പണിചെയ്യപ്പെട്ടിട്ടുള്ളവയും പരമവും പരിശുദ്ധവുമായ ഈശ്വരവിശ്വാസത്തോടും ബന്ധപ്പെട്ടവയുമായ അവെന്തീൻ കുന്നിലെ ചാരായക്കടകളെപ്പോലുള്ളവയാണ്— അതേ, മേശകൾ ഏതാണ്ടു മുക്കാലികളായിട്ടുള്ളവയും വെളിച്ചപ്പാട്വീഞ്ഞ് എന്ന് എന്നിയുസ്സ് [5] നാമകരണം ചെയ്തിട്ടുള്ള ആ ഒരു വീഞ്ഞ് ആളുകൾ ഇരുന്നുകുടിക്കുന്നവയുമായ ചാരായക്കടകൾ.

സാങ്-ആന്ത്വാങ് ജനങ്ങളുടെ ഒരു ഏരിയയാണ്. ഭരണപരിവർത്തനസംബന്ധികളായ ഇളക്കങ്ങൾ അവിടെ ദ്വാരങ്ങളുണ്ടാക്കുന്നു; ആ ദ്വാരങ്ങളിലൂടെ പൊതുജനവാഴ്ച കിനിഞ്ഞുവരുന്നു. ഈ പൊതുജനവാഴ്ച ദോഷം ചെയ്തേക്കാം; അതും മറ്റേതൊന്നിനേയുംപോലെ തെറ്റിദ്ധരിക്കപ്പെടാം; പക്ഷേ, വഴി തെറ്റിപ്പോയിയെങ്കിലുംകൂടി, അതു മഹത്തരമായിത്തന്നെ നില്ക്കുന്നു.

നാലുപുറവും പാറിനടന്നിരുന്ന ആലോചന നല്ലതോ ചീത്തയോ അതനുസരിച്ചു. മതഭ്രാന്തിന്റെയോ അത്യുത്സാഹത്തിന്റെയോ കാലം അതനുസരിച്ചു. സാങ് - ആന്ത്വാങ്ങിൽനിന്നു കാടന്മാരുടെ കൂട്ടവും 1793-ൽ ചിലപ്പോൾ ധീരോദാത്തന്മാരുടെ സംഘവും പൊന്തിപ്പുറപ്പെടും.

കാടൻ. ഞങ്ങൾ ഈ വാക്കിനെ വിവരിക്കട്ടെ. ഭരണപരിവർത്തനതമസ്സിന്റെ ആദ്യകാലങ്ങളിൽ കീറിപ്പൊളിഞ്ഞു, നിലവിളി കൂട്ടിക്കൊണ്ടു, ശുണ്ഠികയറി. മുണ്ടൻവടിയും പൊത്തിച്ചുപിടിച്ചു, മുകളിൽ കുന്തത്തോടുകൂടി, ഒരു ലഹളയായി പഴയ പാരിസ്റ്റിന്മേൽ ചെന്നു തലയിട്ടടിച്ച ഈ പോക്കിരിക്കൂട്ടത്തിന്ന് എന്തായിരുന്നു ആവശ്യം? അവർക്കും ദ്രോഹത്തിന് ഒരവസാനം കിട്ടണം—ദുഷ്പ്രഭുത്വത്തിന്ന് ഒരവസാനം, വാൾപ്രയോഗത്തിന് ഒരവസാനം, പുരുഷന്മാർക്കു പ്രവൃത്തി, കുട്ടികൾക്കു പഠിപ്പ്, സ്ത്രീകൾക്കു സാമുദായികസുഖം, സ്വാതന്ത്ര്യം, സമത്വം, സഹോദരത്വം, എല്ലാവർക്കും ഭക്ഷണം, എല്ലാവർക്കും ആലോചനാവിഷയം, ഭൂമി സ്വർഗ്ഗമായിത്തീരൽ. അഭിവൃദ്ധി; ആ ദിവ്യവും മനോഹരവും ഉത്തമവുമായ സാധനത്തെ, അഭിവൃദ്ധിയെ അവർ, കഷ്ടപ്പാടിന്റെ അങ്ങേ അറ്റത്തെത്തിയിരുന്നതുകൊണ്ട് ഒരു ഭയങ്കരമായ വിധത്തിൽ അർദ്ധനഗ്നന്മാരായി, കൈയിൽ മുണ്ടൻവടിയോടും വായിൽ ഒരലർച്ചയോടുംകൂടി, അവകാശപ്പെട്ടു. അവർ കാടന്മാരായിരുന്നു, അതേ; പക്ഷേ, പരിഷ്കാരത്തിന്റെ കാടന്മാർ.

അവർ ശുണ്ഠിയെടുത്തുകൊണ്ട് അവകാശത്തെ ഘോഷിച്ചു. ഭയത്തോടും വിറയലോടുംകൂടി മാത്രമാണെങ്കിലും, മനുഷ്യജാതിയെ സ്വർഗ്ഗത്തിലേക്കു പിടിച്ചുകേറ്റുവാൻ അവർ ആഗ്രഹിച്ചിരുന്നു. അവർ കാടന്മാരാണെന്നു തോന്നി; അവർ ലോകസംഗ്രഹം നിറവേറ്റിയവരാണ്. രാത്രിയാകുന്ന മുഖപടത്തോടുകൂടി അവർ വെളിച്ചം കിട്ടണമെന്നാവശ്യപ്പെട്ടു.

നിഷ്ഠൂരന്മാരും, ഞങ്ങൾ സമ്മതിക്കുന്നു, ഭയങ്കരന്മാരുമായ—പക്ഷേ, നല്ല കാര്യങ്ങൾ സാധിക്കാൻവേണ്ടി നിഷ്ഠൂരന്മാരും ഭയങ്കരന്മാരുമായ—ഈ മനുഷ്യർക്ക് അഭിമുഖമായി പുഞ്ചിരിയിട്ടും, വിചിത്രാലങ്കാരങ്ങളണിഞ്ഞും, തങ്കപ്പൂച്ചുകളോടുകൂടിയും, രത്നപ്പൊട്ടുകളാർന്നും, പട്ടുകീഴ്ക്കാലുറകളിട്ടും, വെള്ളപ്രഭുത്വ ചിഹ്നങ്ങളണിഞ്ഞും, മഞ്ഞക്കൈയുറകളിട്ടും, ‘വാർണ്ണിഷി’ട്ട പാപ്പാസ്സുകളോടു കൂടിയും വേറെ ചിലരുണ്ടായിരുന്നു. ഇവർ വെണ്ണക്കല്ലുകൊണ്ടുള്ള പുകക്കുഴൽത്തിണ്ണയുടെ അടുക്കൽ ഒരു വില്ലീസ്സുമേശവിരിമേൽ കൈമുട്ടു കുത്തി പണ്ടത്തെ, ഇടക്കാലങ്ങളിലെ, സമ്പ്രദായങ്ങളേയും, ദിവ്യമായ അധികാരത്തേയും, മതഭ്രാന്തിനേയും, നിഷ്കളങ്കതയേയും അടിമത്തത്തേയും, മരണശിക്ഷയേയും, യുദ്ധത്തേയും നിലനിർത്തണമെന്നും, പഴയ നടപടികളെ വിലവെക്കണമെന്നുമായി മയത്തിൽ ശാഠ്യംപിടിച്ചിരുന്നു—വാളിനേയും വധസ്തംഭത്തേയും തൂക്കുമരത്തേയും ഒരു താന്നസ്വരത്തിലും മര്യാദയോടുകുടിയും വെച്ചുപുകഴ്ത്തിയിരുന്നു. ഞങ്ങളെസ്സംബന്ധിച്ചെടത്തോളമാണെങ്കിൽ, പരിഷ്കാരത്തിന്റെ കാടന്മാരും കാടത്തരത്തിന്റെ പരിഷ്കാരികളുമുള്ളതിൽ ഒരുകൂട്ടരെ തിരഞ്ഞെടുക്കാൻ ഞങ്ങൾ നിർബന്ധിക്കപ്പെടുകയാണെങ്കിൽ, ഞങ്ങൾ കാടന്മാരുടെ ഭാഗത്തേ കൂടൂ.

പക്ഷേ,—ഈശ്വരനോടു നന്ദി പറയട്ടെ—മറ്റൊരു നില്ക്കക്കള്ളികൂടിയുണ്ട്. മുന്നിലേക്കെന്നില്ല പിന്നിലേക്കും കുത്തനെയുള്ള വീഴ്ച ആവശ്യമില്ല.

സ്വേച്ഛാപ്രഭുത്വവും വേണ്ടാ, നിഷ്ഠുരഭരണവും വേണ്ടാ. കുറച്ചുകൂടി മയത്തിൽ ചരിവോടുകൂടിയ അഭിവൃദ്ധിയാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്.

ഈശ്വരൻ അതിൽ ശ്രദ്ധവെയ്ക്കുന്നുണ്ട്. താഴ്‌വാരങ്ങളെ പിന്നെയും പിന്നെയും കുത്തനെയല്ലാതാക്കുന്നതിലാണ് ഈശ്വരന്റെ നയം മുഴുവനും നില്ക്കുന്നത്.

കുറിപ്പുകൾ

[1] ഫ്രാങ്ക്, സ്വാ ബബു ഭരണപരിവർത്തനകാലത്ത് പരിപൂർണ്ണമായ സമത്വം നടപ്പാക്കണമെന്നു വാദിച്ചു.

[2] ഗവർമെണ്ടാറ്റുകാരിൽ ഒരാൾ.

[3] ഭരണപരിവർത്തനകാലത്തേർപ്പെടുത്തപ്പെട്ട ഒരു സംഘം മിതവാദികൾ.

[4] പുരാതനേതിഹാസപ്രകാരം ഒരു ദേവാവേശംകാരണം തുള്ളിയിരുന്ന ലക്ഷണം പറയുന്ന സ്ത്രീ ഈ സിബിൽമുഖേന പല പൗരസ്ത്യദേവന്മാരും റോമിൽ കടന്നുകൂടിയിട്ടുണ്ട്.

[5] ക്രിസ്താബ്ദത്തിനു 300 കൊല്ലംമുമ്പ് ജീവിച്ചിരുന്ന ഒരു റോമൻ മഹാകവി, ഇദ്ദേഹത്തിന്റെ കൃതികളുടെ അവിടവിടെ ചില ഭാഗങ്ങൾ മാത്രമേ ഇപ്പോൾ നടപ്പുള്ളു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.