images/hugo-23.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.1.4
അസ്തിവാരത്തിന്നടിയിലുള്ള വിള്ളലുകൾ

ഞങ്ങൾ പറഞ്ഞുവരുന്ന നാടകം ലൂയി ഫിലിപ്പിന്റെ രാജ്യഭരണാധികാരം മൂടിയിരിക്കുന്ന ദുഃഖമയങ്ങളായ മേഘങ്ങളിലൊന്നിന്റെ അഗാധതകളിലേക്കു പ്രവേശിക്കാൻ തുടങ്ങുന്ന ഇസ്സമയത്തു യാതൊരു ശ്ലേഷപ്രയോഗവും കൂടാതെ കഴിക്കുന്നതത്യാവശ്യമാണ്; ഈ രാജാവിനെപ്പറ്റി ചില സമാധാനങ്ങളെ ഈ പുസ്തകം പറഞ്ഞുവെയ്ക്കേണ്ടിയിരിക്കുന്നു.

ലൂയി ഫിലിപ്പ് രാജ്യഭരണാധികാരം കൈക്കൊണ്ടതു യാതൊരു ക്രമത്തോടും കൂടിയല്ല, തന്റെ യാതൊരു ശ്രമംമൂലവുമല്ല. ഭരണപരിവർത്തനത്തിന്റെ യഥാർത്ഥോദ്ദേശ്യത്തിൽനിന്നു പ്രഥമദൃഷ്ടിയിൽ കേവലം ഭിന്നമെങ്കിലും, അദ്ദേഹം, ദ്യുക് ദാർലിയാങ്, യാതൊരു സ്വാർത്ഥവും പ്രയോഗിച്ചിട്ടില്ലാത്ത ഒരു വിപ്ലവ സംബന്ധിയായ മാറ്റം കാരണമായിട്ടാണ്. അദ്ദേഹം, ജനിച്ചത് ഒരു രാജകുമാരനായിട്ടാണ്; താൻ രാജാവായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് അദ്ദേഹവും വിശ്വസിക്കയും ചെയ്തു. ഈ കല്പന അദ്ദേഹംതന്നെ അദ്ദേഹത്തിന്നയച്ചുകൊടുത്തതായിരുന്നില്ല; അതദ്ദേഹംതന്നെ കടന്നു കൈയിലാക്കിയതല്ല; അതദ്ദേഹത്തിന്നയച്ചുകിട്ടി; അദ്ദേഹം അതു സ്വീകരിച്ചു; അവകാശരപ്രകാരമാണ് അതു തനിക്കയച്ചുകിട്ടിയതെന്നും അതിനെ സ്വീകരിക്കുന്നതു തന്റെ ധർമ്മമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ബോധം—തെറ്റായ ബോധം തീർച്ചതന്നെ; എങ്കിലും അങ്ങനെയായിരുന്നു ബോധം. അതിനാൽ അദ്ദേഹത്തിന്റെ ഭരണമേൽക്കൽ ഉത്തമവിശ്വാസപൂർവ്വമാണ്. അപ്പോൾ ലൂയി ഫിലിപ്പ് തികച്ചും ഉത്തമവിശ്വാസത്തോടുകൂടി ഭരണം കയ്യേൽക്കുകയും പ്രജാധിപത്യം അതേവിധം ഉത്തമവിശ്വാസത്തോടുകൂടിത്തന്നെ എതിർനില്ക്കയും ചെയ്തതാകകൊണ്ടു, സാമുദായികശണ്ഠകളിൽനിന്നുണ്ടായ ഭയങ്കരകർമ്മങ്ങൾക്കു രാജാവിനെയോ പ്രജകളെയോ കുറ്റപ്പെടുത്തിക്കൂടെന്നു ഞങ്ങൾ മനസ്സാക്ഷിയെ മുൻനിർത്തി പറയുന്നു. ധർമ്മനിഷ്ഠകൾ തമ്മിലുള്ള കലശൽ മൂലപ്രകൃതികൾ തമ്മിലുള്ള ഒരു കലശൽപോലെയാണ്. സമുദ്രം വെള്ളത്തെ കാക്കുന്നു; കൊടുങ്കാറ്റു വായുമണ്ഡലത്തെ കാക്കുന്നു; രാജാവ് രാജത്വത്തെ കാക്കുന്നു; പ്രജാധിപത്യം പൊതുജനാവകാശത്തെ കാക്കുന്നു; സാപേക്ഷത, അതായതു രാജവാഴ്ച, നിരപേക്ഷതയോട്, അതായതു പ്രജാധിപത്യത്തോട്, എതിരിടുന്നു; ഈ പൊരുതലിൽ സമുദായത്തിന്നു മുറിപറ്റിപ്പോകുന്നു; പക്ഷേ അതിന്റെ ഇന്നത്തെ കഷ്ടപ്പാട് അതിന്റെ മേലാലത്തെ രക്ഷയായിത്തീരും; എന്നല്ല, ഏതുനിലയിലും യുദ്ധംവെട്ടുന്നവരെ ആക്ഷേപിച്ചുകൂടാ; രണ്ടുള്ളതിൽ ഒരു ഭാഗത്തു പ്രത്യക്ഷത്തിൽ തെറ്റുണ്ടായിരിക്കണം; കൊളോസസ് പ്രതിമയെ പ്പോലെ, ഒരേസമയത്തു രണ്ടു കരയിലും കാൽവെച്ചല്ല—ഒരു കാൽ പ്രജാധിപത്യത്തിലും മറ്റേതും രാജത്വത്തിലുമായിട്ടല്ല— അവകാശത്തിന്റെ നില; അതു വിഭാജ്യമാണ്,; എപ്പോഴും അതു ഒരു ഭാഗത്തായിരിക്കും; എന്നാൽ ആ തെറ്റുകാർതന്നെയും അത്രമേൽ ശരിയാണെന്ന് ദൃഢവിശ്വാസത്തോടുകൂടിയാണ് പ്രവർത്തിച്ചിരിക്കുക; ഒരു വെൻഡിയക്കാരൻ [1] എത്രത്തോളം ഘാതുകനോ, അതിൽ ഒട്ടുമധികം കുറ്റക്കാരനല്ല ഒരന്ധൻ. അതിനാൽ, ഈ ഭയങ്കരങ്ങളായ ശണ്ഠകളെ നാം ദൈവഗതികളായിട്ടുമാത്രം ഗണിക്കുക, ഈ കൊടുങ്കാറ്റുകളുടെ മട്ടെന്തായാലും മനുഷ്യന്റെ അനുത്തരവാദിത്വം അവയോടു കൂടിക്കലർന്നിട്ടുണ്ട്.

ഈ വ്യാഖ്യാനത്തെ ഞങ്ങൾ മുഴുമിപ്പിക്കട്ടെ.

1840-ലെ ഗവർമേണ്ട് ഉത്തരക്ഷണത്തിൽ ഒരസ്വസ്ഥജീവിതം തുടങ്ങിവെച്ചു. ഇന്നലെ പെറ്റുവീണതെങ്കിലും യുദ്ധത്തിന്നിറങ്ങേണ്ടിവന്നു; സ്ഥാനത്തിരുന്നപ്പോഴേക്കും പുതുതായി നിലം കണ്ടതും അത്ര ഉറപ്പുവന്നിട്ടില്ലാത്തതുമായ ആ ജൂലായി ഭരണയന്ത്രത്തിൽ ചില വലിവുകളുടെ അവ്യക്തചലനം പരക്കെ കാണപ്പെട്ടു തുടങ്ങി.

പിറ്റേ ദിവസംതന്നെ എതിർഭാഗക്കാർ പുറപ്പെട്ടു. ഒരു സമയം ആ എതിർഭാഗം തലേദിവസം വൈകുന്നേരംതന്നെ ജനിച്ചിരിക്കുന്നു. മാസംപ്രതി ശത്രുതകൂടി വന്നു; രഹസ്യമായി വെച്ചതുകൊണ്ട് അതു പരസ്യമായിത്തീർന്നു.

ഫ്രാൻസിന്നു പുറത്തുള്ള രാജാക്കന്മാരുടെ ഇടയിൽ സമ്മതം കിട്ടാതിരുന്ന ജൂലായിവിപ്ലവം ഫ്രാൻസിൽത്തന്നെ, ഞങ്ങൾ പറഞ്ഞതുപോലെ, പലേവിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടു.

ഈശ്വരൻ തന്റെ ദൃശ്യമായ ഇച്ഛയെ സംഭവങ്ങൾമുഖേന മനുഷ്യർക്കു കാട്ടിക്കൊടുക്കുന്നു. ഒരു നിഗൂഢഭാഷയിൽ എഴുതപ്പെട്ട ഒരവ്യക്തവേദവാക്യം. മനുഷ്യർ ഉടൻതന്നെ അതിന്റെ തർജ്ജമകൾ തുടങ്ങുകയായി; അനാലോചിതങ്ങളും, അബദ്ധമയങ്ങളും, തെറ്റുകളെക്കൊണ്ടും വിടവുകളെക്കൊണ്ടും വിഡ്ഡിത്തങ്ങളെക്കൊണ്ടും നിറഞ്ഞവയുമായ തർജ്ജമകൾ. ദിവ്യഭാഷ വളരെക്കുറച്ചുപേർക്കേ മനസ്സിലാകയുള്ളു. ഏറ്റവുമധികം ബുദ്ധികൂർമ്മതയും ഏറ്റവുമധികം ശാന്തതയും ഏറ്റവുമധികം അവഗാഹവുമുള്ളവർ ഓരോ അക്ഷരമായി പതുക്കെ അതുവായിക്കും; അവർ തങ്ങളുടെ തർജ്ജമഗ്രന്ഥങ്ങളുംകൊണ്ടു പുറത്തെത്തുമ്പോഴേക്കു കാര്യമൊക്കെ എന്നോ കഴിഞ്ഞുപോയിട്ടുണ്ടാവും. നാട്ടിൽ ഒരിരുപതുതർജ്ജമ. ഓരോന്നിൽ നിന്നും ഓരോ ഭാഗക്കാർ പുറപ്പെടുന്നു; ഓരോ അബദ്ധ തർജ്ജമയിൽനിന്നും ഓരോ പ്രസ്ഥാനഭേദവും. ഓരോ ഭാഗക്കാരും തങ്ങൾക്കുമാത്രമേ ശരിയായ മൂലം കിട്ടിയിട്ടുള്ളു എന്നു വിചാരിക്കും; ഓരോ പ്രസ്ഥാനഭേദവും അതിനുമാത്രമേ ശരിയായ ജ്ഞാനമുള്ളു എന്നു വിചാരിക്കും.

അധികാരശക്തിതന്നെ പലപ്പോഴും ഒരു പ്രസ്ഥാനഭേദമാണ്.

ഭരണപരിവർത്തനങ്ങളിലെല്ലാം ഒഴുക്കിനെതിരായി നീന്തുന്ന ചിലരുണ്ടായിരിക്കും; ഇവരാണ് പഴയ കക്ഷിക്കാർ.

ഈശ്വരാനുഗ്രഹം മൂലമായ വംശപാരമ്പര്യത്തിന്മേൽ പറ്റിപ്പിടിക്കുന്ന പഴയ കക്ഷിക്കാർ ഭരണപരിവർത്തനങ്ങളെല്ലാം എതിർനില്ക്കാനുള്ള അവകാശത്തിൽ നിന്നുണ്ടായതാകകൊണ്ട് അവയോടു പൊരുതുവാൻ ആർക്കും അധികാരമുണ്ടെന്നു കരുതുന്നു. അബദ്ധം, എന്തുകൊണ്ടെന്നാൽ, ഈ ഭരണപരിവർത്തനങ്ങളിലെല്ലാം ശണ്ഠയ്ക്കു നില്ക്കുന്നതു പൊതുജനങ്ങളല്ല, രാജാവാണ്. ലഹളകൂടലിന്റെ നേരെ വിപരീതമാണ് ഭരണപരിവർത്തനം. പ്രകൃത്യാഉണ്ടായിവരുന്ന ഒന്നായതുകൊണ്ട്, ഓരോ ഭരണപരിവർത്തനത്തിലും അതിനുള്ള ന്യായത അടങ്ങിയിരിക്കുന്നുണ്ട്; ഈ ന്യായതയെ അയഥാർത്ഥഭരണപരിവർത്തകന്മാർ ചിലപ്പോൾ അവമാനപ്പെടുത്തുന്നുണ്ടെങ്കിലും, അതു കളങ്കിതമായിട്ടുകൂടി നിലനിൽക്കും; ചോര പുരണ്ടാലും അതു ജീവിച്ചിരിക്കും.

ഒരു വെറും യാദൃച്ഛാസംഭവത്തിൽനിന്നല്ല ഭരണപരിവർത്തനങ്ങൾ പുറപ്പെടുന്നത്— ആവശ്യത്തിൽനിന്നാണ്. അവാസ്തവത്വത്തിൽനിന്നു വാസ്തവത്വത്തിലേക്കുള്ള തിരിച്ചുവരലാണ് ഭരണപരിവർത്തനം എന്നുവെച്ചാൽ, അതുണ്ടാവണമെന്നുള്ളതുകൊണ്ടാണ് അതുണ്ടായത്.

അതെന്തായാലും, കഥയില്ലാതെ ആലോചനയിൽനിന്നുണ്ടാകുന്ന എല്ലാ നിഷ്ഠൂരതയോടുംകൂടി പഴയ അവകാശവാദിസംഘക്കാർ 1830-ലെ ഭരണപരിവർത്തനത്തോടെതിർക്കുന്നുണ്ട്. അബദ്ധങ്ങൾ ഒന്നാന്തരം പ്രക്ഷേപണവിദ്യകളെ ഉണ്ടാക്കുന്നു. അതിന്റെ മർമ്മത്തിൽ, അതിന്റെ കവചമില്ലായ്മയിൽ, അതിന്റെ യുക്തിഭംഗത്തിൽ, അവ സാമർത്ഥ്യത്തോടുകുടി ചെന്നുതറയ്ക്കുന്നു; ഈ ഭരണപരിവർത്തനത്തെ അവ അതിന്റെ രാജത്വത്തിൽ ചെന്നുകുത്തുന്നു; അവ അതിനോടു് വിളിച്ചു പറയുന്നു: ‘ഭരണപരിവർത്തനം; ഈ രാജാവെന്തിന്ന്?’ ശരിയ്ക്കുന്നം വെക്കുന്ന അന്ധന്മാരാണ് പ്രസ്ഥാനഭേദങ്ങൾ.

ഈവിധംതന്നെ ഈ നിലവിളി പ്രജാധിപത്യകക്ഷിക്കാരും കൊണ്ടുപിടിച്ചു. പക്ഷേ, അവരിൽനിന്നു വന്നപ്പോൾ ഈ നിലവിളി യുക്തിയുക്തമായി. അവകാശവാദികളിൽ അന്ധത്വമായിരുന്നതു പൊതുജനകക്ഷിക്കാരിലായപ്പോൾ കാഴ്ചത്തെളിവായി. ആ 1830 ജനങ്ങളെ ദീപാളി പിടിപ്പിച്ചിരുന്നു. ശുണ്ഠിപിടിച്ച പൊതു ജനകക്ഷിക്കാർ ഇതും പറഞ്ഞ് അതിനെ ശകാരിച്ചു.

ഭൂതകാലത്തിന്റെ ആക്രമണത്തിനും ഭാവികാലത്തിന്റെ ആക്രമണത്തിനും നടുക്കുനിന്നു ജൂലായിവിപ്ലവം യുദ്ധംവെട്ടി. ഒരു ഭാഗത്തു രാജവാഴ്ചയോടുകൂടിയ ശതാബ്ദപരമ്പരയും മറ്റേ ഭാഗത്തു സനാതനബോധവും നിന്നു കലഹിക്കുന്ന ആ നിമിഷനേരത്തെ അതു സൂചിപ്പിച്ചു.

പോരാത്തതിന്, ഇതിനൊക്കെപ്പുറമേ, ഒരു ഭരണപരിവർത്തനം എന്ന നിലവിട്ടഒരു രാജവാഴ്ച എന്നായിത്തീർന്നതുകൊണ്ട് 1830 യൂറോപ്പിനു മുഴുവനും മാർഗ്ഗദർശിത്വം വഹിച്ചു. സമാധാനത്തെ നിലനിർത്തുന്നതു കുഴക്കിനെ വർദ്ധിപ്പിക്കുകയാണ്. വിവേകത്തിന്നെതിരായി സ്ഥാപിക്കപ്പെടുന്ന ഒരു സ്വസ്ഥത പലപ്പോഴും ഒരു യുദ്ധത്തെക്കാളധികം ഞെരുക്കം കൂടിയതാണ്. എപ്പോഴും വായമൂടപ്പെട്ടിട്ടുള്ളതെങ്കിലും എപ്പോഴും മുരണ്ടുംകൊണ്ടുള്ള ഈ നിഗൂഢകലഹത്തിൽനിന്ന്, ആയുധധാരിയായ സമാധാനം യൂറോപ്പിലെ മുഴുവനും മന്ത്രിസഭകളാകുന്ന പടച്ചമയത്തിന്നുള്ളിൽ സ്വതവേ സംശയിക്കത്തക്ക ഒന്നായിത്തീരുന്ന ആ അപായകരമായ പരിഷ്കാരയുക്തി ജനിച്ചു. യുറോപ്പിലെ മുഴുവനും മന്ത്രിസഭകളാകുന്ന പടച്ചമയത്തിനുള്ളിൽനിന്നു കിട്ടിയതാണെങ്കിലും ജൂലായിയിലെ രാജത്വം വളരുക തന്നെ ചെയ്തു. മെത്തർനിക് അതിനെ സന്തോഷത്തോടുകൂടി ചവിട്ടുതോൽവാറിടുവിക്കുമായിരുന്നു. അഭിവൃദ്ധിയാൽ ഫ്രാൻസിൽ വെച്ചുന്തപ്പെട്ടപ്പോൾ അതു രാജവാഴ്ചകളെയും—യൂറോപ്പിലെ ആ മടിയന്മാരെയും—ഉന്തിക്കൊടുത്തു. കെട്ടി വലിക്കപ്പെട്ടതിനുശേഷം അതുതന്നെ കെട്ടിവലിക്കയായി.

ഈയിടയ്ക്കു ഫ്രാൻസിൽത്തന്നെ, വമ്പിച്ച ദാരിദ്ര്യം, ഇരപ്പാളികൾ, ശമ്പളം, വിദ്യാഭ്യാസം, നാടുകടത്തൽ, വ്യഭിചാരം, സ്ത്രീകളുടെ സങ്കടം, സമ്പത്ത്, കഷ്ടപ്പാട്, വിളവ്, ദുർവ്യയം, വിഭാഗം, ഇടപാട്, നാണ്യം, വ്യാപാരവിശ്വാസം, മൂലധനാവകാശം, കൂലിപ്രവൃത്തിക്കാരുടെ അവകാശങ്ങൾ—ഈ എല്ലാ വിഷയങ്ങളും സമുദായത്തിനുമീതെ കുന്നുകൂടി; ഒരു ഭയങ്കരമായ താഴ്‌വാരം.

ശരിക്കുള്ള രാഷ്ട്രീയസംഘങ്ങൾക്കു പുറമേ, മറ്റൊരു സംഘംകൂടി വെളിപ്പെട്ടു. പൊതുജനങ്ങളുടെ പതയലിനു തത്ത്വശാസ്ത്രങ്ങളുടെ പതയൽ മറുപടിപറഞ്ഞു. പൊതുജനങ്ങളെപ്പോലെത്തന്നെ പ്രമാണികളും അസ്വസ്ഥരായി; മറ്റൊരു വിധത്തിൽ, പക്ഷേ, അത്രത്തോളംതന്നെ.

ഭരണപരിവർത്തനത്തിന്റെ വലിവുകളാൽ ഇട മുറിക്കപ്പെട്ട നിലം, അതായതു പൊതുജനക്കൂട്ടം, അനിർവാച്യമായവിധം അസ്പഷ്ടങ്ങളായ അപസ്മാരവികൃതികളാൽ അടിയിൽക്കിടന്നു തുള്ളിവിറയ്ക്കെ, തത്ത്വജ്ഞാനികൾ മനോരാജ്യം തുടങ്ങി. ഈ മനോരാജ്യക്കാർ—ചിലർ ഒറ്റപ്പെട്ടും, മറ്റു ചിലർ കുടുംബം ചേർന്നും, ഏതാണ്ടു തിരുവത്താഴംകൊള്ളലിന്നെന്നപോലെ ഒത്തുകൂടിയും—ശാന്തമായും അവഗാഢമായും സാമുദായികവിഷയങ്ങളെപ്പറ്റി ചിന്തിക്കയായി; സ്വന്തം തട്ടിരിപ്പിടങ്ങളെ ഒരഗ്നിപർവ്വതത്തിന്റെ അഗാധതകളിലേക്കു ക്രമത്തിൽ തള്ളിയിടുന്നവരും ഉന്മേഷരഹിതമായ ലഹളയാലും തങ്ങൾ ചില നോക്കു കണ്ടെത്തുന്ന ചൂളപ്പുരകളാലും ലേശമെങ്കിലും അസ്വാസ്ഥ്യപ്പെടാത്തവരുമായ ആ കുലുക്കമില്ലാത്ത തുരങ്കപ്പടയാളികൾ.

ഈ ശാന്തത ഈ ക്ഷുഭിതഘട്ടത്തിലെ അത്ര സൗഭാഗ്യംകെട്ട കാഴ്ചയായിരുന്നില്ല.

അവകാശത്തെപ്പറ്റിയുള്ള ആലോചന രാഷ്ട്രീയസംഘങ്ങൾക്കായി വിട്ടും കൊടുത്ത്, ഇവർ സുഖത്തെപ്പറ്റിയുള്ള ആലോചനയിൽ മുഴുകി.

മനുഷ്യന്റെ ക്ഷേമം—ഇതാണ് അവർക്ക് സമുദായത്തിൽനിന്നു പിഴുതെടുക്കേണ്ടിയിരുന്നത്.

അവർ കൃഷി, വ്യവസായം, കച്ചവടം എന്നീ ലൗകികവിഷയങ്ങളെ എടുത്ത് ഏതാണ്ട് ഒരു ധർമ്മശാസ്ത്രത്തിനുള്ള പ്രാഭവത്തിലേക്കുയർത്തി.

പരിഷ്കാരേച്ഛയാലും അധികഭാഗവും മനുഷ്യപ്രയത്നത്താലും ഉണ്ടായിത്തീർന്നിട്ടുള്ള ആവശ്യങ്ങൾ ഒരുമിച്ചുകൂടുകയും യോജിക്കുകയും, രാജ്യതന്ത്രാഭിജ്ഞന്മാർ—രാജ്യഭരണതന്ത്രത്തിലെ ഭൂതത്ത്വശാസ്ത്രജ്ഞന്മാർ —ക്ഷമയോടുകൂടി പഠിച്ചറിഞ്ഞ ഒരു ചലനശാസ്ത്രനിയമമനുസരിച്ച് ഒരൊന്നാന്തരം പാറയുടെമട്ടിൽ ഒന്നിച്ചുചേരുകയും ചെയ്യുന്നു. പലേ പേരുകളിലായി സംഘംചേർന്നിട്ടുള്ളവരും എന്നാൽ സമഷ്ടിവാദികൾ എന്ന സാധാരണ സ്ഥാനപ്പേർകൊണ്ട് ഒരു പോലെ വിളിക്കാവുന്നവരുമായ ഈ മനുഷ്യർ ആ പാറയെ കുത്തിത്തുളയ്ക്കുവാനും, മാനുഷസുഖോപഭോഗത്തിന്റെ ഉറവുനീരുകളെ അതിൽനിന്നു പുറപ്പെടുവിക്കാനും ശ്രമിച്ചു.

തൂക്കുമരം തുടങ്ങി യുദ്ധംവരെ സകലത്തേയും അവരുടെ പ്രവൃത്തികൾ പരാമർശിച്ചു. ഫ്രാൻസിലെ ഭരണപരിവർത്തനത്താൽ ഘോഷിക്കപ്പെട്ട പുരുഷാവകാശങ്ങളോട് അവർ സ്ത്രീയുടെ അവകാശങ്ങളേയും കുട്ടികളുടെ അവകാശങ്ങളേയും കൂട്ടിച്ചേർത്തു.

സമഷ്ടിവാദത്തിൽനിന്നു പുറപ്പെടുന്ന വാദങ്ങളെപ്പറ്റി ഞങ്ങൾ പല കാരണങ്ങളാലും അവ്യാവഹാരികമായ നിലയിൽ നിന്നുകൊണ്ടും പരിപൂർണ്ണമായി പരാമർശിക്കുന്നില്ലെങ്കിൽ, അതിൽ വായനക്കാർ അത്ഭുതപ്പെടുകയില്ല. ഞങ്ങൾ അവയെ സൂചിപ്പിക്കുകമാത്രമേ ചെയ്യുന്നുള്ളു.

മനോരാജ്യവും വിശ്വാസവാദവും തള്ളിപ്പറഞ്ഞാൽ, സമഷ്ടിവാദികൾ തങ്ങളോടുതന്നെ ചോദിക്കുന്ന ചോദ്യങ്ങളെയെല്ലാം രണ്ടു പ്രധാന വിഷയങ്ങളാക്കി ചുരുക്കാം.

ഒന്നാമത്തെ വിഷയം: ധനമുണ്ടാക്കുക.

രണ്ടാമത്തെ വിഷയം: അതു പങ്കിടുക.

ആദ്യത്തെ വിഷയത്തിൽ പ്രവൃത്തിയെടുക്കൽ ഉൾപ്പെട്ടിരിക്കുന്നു.

രണ്ടാമത്തതിൽ ശമ്പളകാര്യവും ഉൾപ്പെട്ടിട്ടുണ്ട്.

ആദ്യത്തെ സംഗതിയിൽ ശക്തിവിനിമയമാണ് പ്രധാനം.

രണ്ടാമത്തതിൽ, സുഖവിഭജനം.

ശക്തികളെ വേണ്ടവിധം വിനിയോഗിക്കുന്നതിൽനിന്നാണ് പൊതുശക്തിയുണ്ടാകുന്നത്.

സുഖത്തെ വേണ്ടവിധം പങ്കിടുന്നതിൽനിന്നാണ് ഓരോരുത്തന്നുമുള്ള സുഖലബ്ധിയുണ്ടാകുന്നത്.

വേണ്ടവിധം പങ്കിടുക എന്നതിന് ഒപ്പത്തിലുള്ള ഭാഗിക്കൽ എന്നല്ല, ന്യായമായ വിഭജിക്കൽ എന്നാണ് അർത്ഥം മനസ്സിലാക്കേണ്ടത്.

ഈ രണ്ടു സംഗതികൾ, പുറമെ പൊതുജനങ്ങൾക്കുള്ള ശക്തിയും അകമേ ഓരോരുത്തന്നുമുള്ള സുഖവും ഒരുമിച്ചുചേരുന്നതിൽനിന്നാണ് സാമുദായികമായ അഭ്യുദയമുണ്ടാകുന്നത്.

സാമുദായികമായ അഭ്യുദയം എന്നുവെച്ചാൽ സുഖിതനായ മനുഷ്യൻ സ്വതന്ത്രനായ പൗരൻ, ഉത്കൃഷ്ടമായ ജനസമുദായം.

ഇംഗ്ലണ്ട് ആദ്യത്തെ വിഷയം നിറവേറ്റിക്കഴിഞ്ഞു. അതു സമ്പത്തിനെ അഭിനന്ദനീയമായവിധം സമ്പാദിക്കുന്നു; കൊള്ളരുതാത്തവിധം പങ്കിടുന്നു. ഒരു ഭാഗം മാത്രം ശരിയായ ഈ കാര്യനിവൃത്തി ഇംഗ്ലണ്ടിനെ ഈ രണ്ടറ്റങ്ങളിലേക്ക് അപായകരമായവിധം എത്തിക്കുകമാത്രം ചെയ്യുന്നു—എന്തെന്നില്ലാത്ത സമ്പന്നത; എന്തെന്നില്ലാത്ത ദാരിദ്ര്യം. എല്ലാ സുഖങ്ങളും ചിലർക്ക്, എല്ലാ കഷ്ടപ്പാടുകളും ബാക്കിയുള്ളവർക്ക്— എന്നുവെച്ചാൽ പൊതുജനങ്ങൾക്ക്. അദ്ധ്വാനത്തിൽനിന്നുതന്നെ ഉണ്ടായതായ അധികാരവിശേഷം, വ്യത്യസ്തത, അവകാശക്കുത്തക, കുടിയായ്മ, കൃത്രിമവും അപായകരവുമായ ഒരു സ്ഥിതി; ഇതു പൊതുവായുള്ള അധികാരബലത്തെയോ ഓരോ വ്യക്തിയുടേയും കഷ്ടപ്പാടിനെയോ വേണ്ടുവോളം വർദ്ധിപ്പിക്കുന്നു; ഇതു രാജഭരണത്തിന്റെ വേരിനെ ഓരോ വ്യക്തിയുടെയും കഷ്ടപ്പാടിൽ ഉറപ്പിക്കുന്നു. ശാരീരങ്ങളായ എല്ലാ മൂലതന്തുക്കളേയും കൂട്ടിച്ചേർക്കുന്നതും എന്നാൽ മാനസമായ യാതൊരു മുലതന്തുവേയും കൂട്ടിത്തൊടുവിക്കാത്തതുമായി, കൊള്ളരുതാത്തവിധം ഏർപ്പെടുത്തപ്പെട്ട ഒരു മഹത്ത്വം.

സമത്വവാദവും ഭൂസംബന്ധിയായ നിയമവിശേഷവുംകൂടി തങ്ങൾ രണ്ടാമത്തെ ആവശ്യം നിവർത്തിച്ചുകൊടുക്കുന്നുണ്ടെന്നു വിചാരിക്കുന്നു, അവയ്ക്കു തെറ്റിപ്പോയി. അവ ചെയ്യുന്ന വിഭാഗം വിളവിനെ നശിപ്പിക്കുന്നു. സമമായ വിഭാഗം ജയേച്ഛയെ ഇല്ലാതാക്കുന്നു; തന്മൂലം പ്രയത്നശീലത്തെയും. ഈ വിഭാഗം വിഭക്തത്തെ കൊന്നുകളയുന്നു. അതിനാൽ ഈ യുക്തിനാട്യങ്ങളെപ്പറ്റി ആലോചിക്കാൻ പ്രയാസം. സമ്പത്തിനെ നശിപ്പിക്കൽ അതിനെ വിഭജിക്കലായില്ല.

രണ്ടു കാര്യവും ഒന്നിച്ച് ശരിപ്പെടണം; നന്നായിട്ടു ശരിപ്പെടണം. രണ്ടു കാര്യത്തെയും ഒന്നിച്ചു ചേർത്ത് ഒന്നാക്കണം.

ഈ രണ്ടു കാര്യത്തിൽ ആദ്യത്തേതിനെ മാത്രം ശരിപ്പെടുത്തുക—നിങ്ങൾ വെനിസ്സാവും, നിങ്ങൾ ഇംഗ്ലണ്ടാവും. നിങ്ങൾക്കു വെനിസ്സിനെന്നപോലെ ഒരു കൃത്രിമശക്തി കിട്ടും; അല്ലെങ്കിൽ ഇംഗ്ലണ്ടിനെന്ന പോലെ ഒരു സമ്പച്ഛക്തി കിട്ടും: നിങ്ങൾ ദുഷ്ടനായ ധനവാനാവും. വെനിസ്സ് നശിച്ചതുപോലെ, നിങ്ങളും ഒരടികിട്ടി മരിക്കും; അല്ലെങ്കിൽ, ഇംഗ്ലണ്ട് നിശ്ചയമായും ഇനി വീഴുംപോലെ, നിങ്ങളും ദീപാളിത്തംകൊണ്ടു നശിക്കും. വെറും സ്വാർത്ഥമായ സകലവും, മനുഷ്യസമുദായത്തിന് ഒരു സവിശേഷമായ മനോഗുണമോ വിചിന്തനവിഷയമോ കാണിച്ചു കൊടുക്കാത്ത സർവ്വവും, നശിക്കുകയും അധഃപതിക്കുകയും ചെയ്യുന്നതു ലോകത്തിനു സമ്മതവുമാണ്.

വെനിസ്, ഇംഗ്ലണ്ട് എന്നീ വാക്കുകളെക്കൊണ്ടു ഞങ്ങൾ അതാതു രാജ്യത്തെയല്ല, അവിടവിടെയുള്ള സമുദായഘടനകളെയാണ്, എന്നുവെച്ചാൽ, അതാതു രാജ്യങ്ങൾക്കു മുകളിൽ പണിചെയ്യപ്പെട്ടിട്ടുള്ള പ്രഭുജനവാഴ്ചയെയാണ്, സൂചിപ്പിച്ചിട്ടുള്ളതെന്നു സുസ്പഷ്ടമത്രേ. അല്ലാതെ ആ ജനസമുദായങ്ങളെയല്ല എന്നർത്ഥം. ആ രണ്ടു രാജ്യങ്ങൾക്കു ഞങ്ങളുടെ ആദരവും അനുകമ്പയും എപ്പോഴുമുണ്ട്. ഒരു രാജ്യക്കാർ എന്ന നിലയിൽ വെനിസ് ഇനിയും ജീവിക്കും; പ്രഭുജനവാഴ്ചയോടുകൂടിയ ഇംഗ്ലണ്ടു വീണുപോകുമെങ്കിലും ഒരു ജനസമുദായമായ ഇംഗ്ലണ്ട് അനശ്വരമാണ്. ഇത്രയും പറഞ്ഞു ഞങ്ങൾ വിഷയം തുടരട്ടെ.

രണ്ടു കാര്യത്തെയും ശരിപ്പെടുത്തുക, ധനവാന്മാരെ പ്രോത്സാഹിപ്പിക്കുകയും ദരിദ്രന്മാരെ സഹായിക്കുകയും ചെയ്ക, കഷ്ടപ്പാടിനെ കെടുക്കുക, ശക്തർ അശക്തരെക്കൊണ്ടുണ്ടാക്കുന്ന അന്യായസമ്പാദ്യത്തെ അവസാനിപ്പിക്കുക, പ്രാപ്യസ്ഥാനത്തെത്തിയിട്ടുള്ള മനുഷ്യന്റെ നേരെ അങ്ങോട്ടു ചെല്ലാൻ നോക്കുന്നവർക്കുള്ള അന്യായദ്വേഷത്തെ അടയ്ക്കുക, പണികൂലിയെ കണക്കുശാസ്ത്രമനുസരിച്ചും സാഹോദര്യത്തോടുകൂടിയും ക്രമപ്പെടുത്തുക, ബാല്യത്തിന്റെ വളർച്ചയോടുകുൂടി സൗജന്യമായും നിർബന്ധപൂർവ്വമായുമുള്ള വിദ്യാഭ്യാസത്തെ കൂട്ടിച്ചേർക്കുക, അങ്ങനെ പ്രകൃതിശാസ്ത്രത്തെക്കൊണ്ടു പുരുഷത്വത്തിന്റെ അടിസ്ഥാനമാക്കുക, കൈകളെക്കൊണ്ട് എപ്പോഴും പണിയെടുപ്പിക്കെത്തന്നെ മനസ്സിനെ സംസ്കരിക്കുക, ഒരു ശക്തിമത്തായ ജനസമുദായമെന്നും സുഖിതജനങ്ങളുടെ ഒരു കുടുംബമെന്നുമുള്ള നില ഒരുമിച്ചുതന്നെ വരുത്തിവെയ്ക്കുക, സ്വത്തു പ്രജകൾക്കുള്ളതാക്കുക. ഇതു സ്വത്തില്ലാതാക്കിയിട്ടല്ല, യാതൊരു ഭേദവുംകൂടാതെ ഏതൊരു പരന്നും ഉടമസ്ഥനാകാവുന്നവിധം - ഇതു സാധാരണമായി വിചാരിച്ചുവരുന്നതിലും എളുപ്പമുള്ളതാണു്—സ്വത്ത് എല്ലാവർക്കുമുള്ളൊന്നാക്കിയിട്ട് - രണ്ടു വാക്കിൽ പറഞ്ഞാൽ, എങ്ങനെയാണ് ധനമുണ്ടാക്കേണ്ടതെന്നും എങ്ങനെയാണ് പങ്കിടേണ്ടതെന്നും പഠിപ്പിക്കുക; അപ്പോൾ ഫ്രാൻസ് എന്നു വിളിക്കപ്പെടുവാൻ നിങ്ങൾ അർഹരാവും.

ഇതാണ്, വഴിതെറ്റിപ്പോയ ചില കൂട്ടരിൽനിന്നു വിട്ടു മീതേ നിന്നുകൊണ്ട് പറഞ്ഞാൽ സമഷ്ടിവാദം; വാസ്തവാവസ്ഥകളിൽനിന്ന് അതെടുക്കാൻ നോക്കിയിരുന്നത് ഇതാണ്; ഇതാണ് അതു മനസ്സിൽ കുറിച്ചിരുന്നത്.

അഭിനന്ദനാർഹങ്ങളായ ശ്രമങ്ങൾ! പാവനങ്ങളായ ഉദ്യമങ്ങൾ!

ഈ വിശ്വസങ്ങൾ, ഈ സിദ്ധാന്തങ്ങൾ, ഭരണ ശാസ്ത്രജ്ഞന്മാർക്കു തത്ത്വജ്ഞാനികളെ വിലവെച്ചേ കഴിയു എന്നാക്കിത്തീർക്കുന്ന അപ്രതീക്ഷിതാവശ്യം, നമ്മൾ ഒരുനോക്കു നോക്കിക്കാണുന്ന സമ്മിശ്രത്തെളിവുകൾ, പുതിയ ഭരണപരിവർത്തനാദർശത്തോട് അധികം വിരുദ്ധമാകാതെ പഴയ ലോകത്തോട് യോജിക്കുന്നതായി ഇനി ഉണ്ടാക്കേണ്ടിയിരിക്കുന്ന ഒരു നൂതനരാജ്യഭരണനയം, പോളിഞ്ച്യാക്കിനെ [2] പിന്താങ്ങുവാൻ ലഫയേത്തിനെ ഉപയോഗിക്കേണ്ടിവരുന്നഒരു സ്ഥിതി, ലഹളയുടെ അടിയിൽ മിന്നിക്കാണുന്ന അഭിവൃദ്ധിയെപ്പറ്റിയുള്ള സഹജജ്ഞാനം, മണിമച്ചുകളും തെരുവീഥികളും, തന്റെ ചുറ്റും നിലയ്ക്കുനിർത്തേണ്ടവയായ മത്സരങ്ങൾ, ഭരണപരിവർത്തനത്തിൽ തനിക്കുള്ള വിശ്വാസം, മേലേക്കിടയിലുള്ള ഒരു നിശ്ചയാർത്ഥകാവകാശത്തെ ഏതാണ്ട് കൈക്കൊണ്ടതിൽനിന്നു പക്ഷേ, ജനിച്ച പിന്നത്തെ ഒരനിർവചനീയമായ കീഴ്‌വണക്കം, തന്റെ വർഗ്ഗത്തിൽത്തന്നെ നില്ക്കണമെന്നുള്ള ആഗ്രഹം, കുടുംബസ്നേഹാധിക്യം, പൊതുജനങ്ങളോട് തനിക്കുള്ള ഹൃദയപൂർവ്വമായ ആദരം, മര്യാദ—ഇതെല്ലാം കൂടി ലൂയിഫിലിപ്പിനെ ഏതാണ്ട് സങ്കടകരമായവിധം പിടിച്ചു മുക്കിക്കളഞ്ഞു; എന്നല്ല, ശക്തനും ധീരനുമായിരുന്നെങ്കിലും, രാജാവായിരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾകൊണ്ട് അദ്ദേഹം കുഴങ്ങിപ്പോകതന്നെ ചെയ്ത ചില സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

പൂർവ്വാധികമായി ഫ്രാൻസ് ഫ്രാൻസാകുന്നതുകൊണ്ട് തന്റെ കാൽച്ചുവട്ടിൽ ഒരു ഭയങ്കരമായ ചിന്നിത്തകരൽ—ഇത്, എന്തായാലും, പൊടിയാവലല്ല—ഉണ്ടാകുന്നുണ്ടെന്നു് അദ്ദേഹത്തിനു ബോധം വന്നു.

നിഴല്പാടുകളുടെ കുന്നുകൾ ആകാശാന്തത്തെ മൂടി. ക്രമത്തിൽ അധികമധികം അടുത്തെത്തുന്ന ഒരഭൂതപൂർവൃമായ നിഴൽ കുറേശ്ലെക്കുറേശ്ശെയായി ആളുകളുടേയും സംഗതികളുടേയും ആലോചനകളുടേയും മീതെ വ്യാപിച്ചു—അതേ, ദ്വേഷങ്ങളിൽനിന്നും നിബന്ധനകളിൽനിന്നും പുറപ്പെട്ട ഒരു നിഴൽ, ക്ഷണത്തിൽ അമർത്തിയിടപ്പെട്ടതായ സകലവും, ചലിക്കുകയും നുരയുകയും ചെയ്തു. ചില സമയങ്ങളിൽ മര്യാദക്കാരനായ മനുഷ്യന്റെ മനസ്സാക്ഷി വിണ്ടും ശ്വാസം വലിക്കുകയായി—സത്യങ്ങളോടു സത്യാഭാസങ്ങൾ കൂടിക്കലർന്ന ആ വായുമണ്ഡലത്തിലെ സുഖമില്ലായ്മ അത്ര മഹത്തായിരുന്നു. ഒരു കൊടുങ്കാറ്റിനു മുൻപിൽ ഇലകളെന്നപോലെ, സാമുദായികമായ ഉത്കണ്ഠയിൽ, ആത്മാക്കൾ വിറച്ചു. ചില സമയങ്ങളിൽ ഒന്നാമതെത്തിയ ആൾ, ഒരപരിചിതൻ, വെളിച്ചമുണ്ടാക്കിത്തന്നു എന്നാകുമാറ് അത്രയായിരുന്നു വിദ്യുച്ഛക്തിയുടെ ഒരു വലിവ്. ഉടനെ സന്ധ്യാസമയത്തുള്ള നിഗൂഢത വീണ്ടും വന്നുകൂടി. ചിലചില ഘട്ടങ്ങളിൽ കനംകൂടിയവയും രസമില്ലാത്തവയുമായ പിറുപിറുക്കലുകൾകൊണ്ട് മേഘത്തിനുള്ളിൽ അടങ്ങിയിട്ടുള്ള ഇടിമുഴക്കത്തിന്റെ തുകയെപ്പറ്റി ഒരു മതിപ്പുണ്ടാക്കാമായിരുന്നു.

ജൂലായിവിപ്പ്ലവം കഴിഞ്ഞിട്ട് പന്ത്രണ്ടുമാസം കഷ്ടിച്ചായി; അപ്പോഴെയ്ക്ക് എന്തോ അശുഭസുചകവും ഭയജനകവുമായ ഒരു ഭാവവിശേഷത്തോടുകൂടി ക്രിസ്താബ്ദം 1832 ആവിർഭവിച്ചു.

പൊതുജനങ്ങളുടെ അരിഷ്ട്, പട്ടിണിക്കാരായ കൂലിപ്പണിക്കാർ നിഴൽപ്പാടുകളിൽ കുഴിച്ചുമൂടപ്പെട്ട ഒടുവിലത്തെ കോങ്ദേ രാജകുമാരൻ [3] ബൂർബോങ് രാജകുടുംബത്തെ പാരീസ് എന്നപോലെ, നാസ്സോരാജവംശത്തെ ബ്രുസ്സെൽസ് അട്ടിപ്പായിക്കൽ, ബെൽജിയം അതിനെ ഒരു ഫ്രഞ്ചുരാജാവിനു കൊടുക്കാമെന്നു പറഞ്ഞ് ഒരു ഇംഗ്ലീഷ് രാജാവിന് കൊടുത്തത്, നിക്കോളസ്സിന്റെമേൽ റഷ്യക്കാർക്കുള്ള വെറുപ്പ്, നമ്മുടെ പിന്നിലുള്ള തെക്കൻരാജ്യത്തിലെ രാക്ഷസന്മാർ, സ്പെയിനിൽ ഫോർഡിനാൻസ്, പോർച്ചുഗലിൽ മികെൽ, ഇറ്റലിയിൽ ഭൂകമ്പം, ബൊളോനയുടെ മീതെയുള്ള മെത്തേർനിക്കിന്റെ [4] കൈപരത്തൽ, ആൻ കോനയിൽവെച്ചു ഫ്രാൻസ് ആസ്ട്രിയയോട് കാണിച്ച നിഷ്ഠുരപെരുമാറ്റം, പോളണ്ടിനെ ശവമഞ്ചത്തിൽ കിടത്തി ആണി മേടുന്ന ചുറ്റികയുടെ ആ ഗ്രഹപ്പിഴപിടിച്ച ശബ്ദം, യൂറോപ്പിലെല്ലാടത്തുംനിന്നു ഫ്രാൻസിനെ പാളിനോക്കുന്ന ശുണ്ഠിപിടിച്ച നോട്ടങ്ങൾ, ചാഞ്ചാടിക്കണ്ടതിന്ന് ഒരുന്തുകൊടുക്കാനും വീഴാൻ തുടങ്ങുന്നതിനുമേൽ വിരണ്ടടിച്ചു വീഴാനും ഒരുങ്ങിനില്ക്കുന്ന ഒരു വിശ്വസ്തമിത്രമായ ഉംഗ്ലണ്ട്, നാലു തലകളെ നിയമശാസനത്തിനു പിടിച്ചുകൊടുക്കാതെ കഴിക്കാൻവേണ്ടി ബെക്കാരിയയുടെ പിന്നിൽ പ്രഭുത്വം ചെന്നഭയം പ്രാപിക്കൽ, രാജവാഹനത്തിൽനിന്നു രാജമുദ്രകളെ ചുരണ്ടിക്കളയൽ, നോർത്തൃദാം പള്ളിയിൽനിന്ന് കുരിശു വലിച്ചെടുക്കൽ. ലഫയേത്തിന്റെ നില താഴൽ, ലഫിത്തു നശിക്കൽ, ബെൻജമിൻ കോൺസ്റ്റന്റ് ദാരിദ്ര്യത്തിൽ കിടന്നു മരിക്കൽ, സ്വശക്തിനാശത്തോടുകുടി കാസിമി പെരിയെ മരിച്ചുപോകൽ, ആലോചനാശീലത്തിന്റെ ഇരിപ്പിടത്തിൽ ഒന്നും അധ്വാനശീലത്തിന്റെ ഇരിപ്പിടത്തിൽ മറ്റതുമായി രാജ്യത്തിലെ രണ്ടു പ്രധാനനഗരങ്ങളിലും ഒരുമിച്ചു തന്നെ രാഷ്ട്രീയവും സാമുദായികവുമായ മഹാരോഗങ്ങളുടെ പുറപ്പാട്, പാരിസ്റ്റിലെ ആഭ്യന്തരകലഹവും ലയോങ്ങിലെ അടിമക്കലശലും, രണ്ടു നഗരങ്ങളിലും ചൂളപ്പുരയിൽനിന്നുള്ള ഒരേ തീനാളം, പൊതുജനങ്ങളുടെ നെറ്റിത്തടത്തിൽ ഒരഗ്നിപർവ്വതമുഖത്തിലെ ചുകപ്പുനിറം, തെക്കൻരാജ്യത്തിനു ഭ്രാന്തുകയറൽ, പടിഞ്ഞാറൻപ്രദേശത്തിന്റെ അസ്വസ്ഥത, രാജദ്രോഹങ്ങൾ, കള്ളക്കൂട്ടുകെട്ടുകൾ, ലഹളകൾ, നടപ്പുദീനം—ഇവയെല്ലാംകൂടി ആലോചനകളുടെ ദുഃഖമയമായ ഇരമ്പത്തോടു സംഭവങ്ങളുടെ ദുഃഖമയമായ ഇരമ്പത്തെ കൂട്ടിച്ചേർത്തു.

കുറിപ്പുകൾ

[1] പ്രജാഭരണത്തോട് രാജകക്ഷിക്കാർ (1793–1795) അനവധി തവണ ശണ്ഠ നടത്തിയിട്ടുളള ഒരു സ്ഥലം.

[2] പത്താം ഷാർലിന്റെ ഒരു ഫ്രഞ്ച് പ്രധാനമന്ത്രി.

[3] ഒരു സേനാപതി ഒളിച്ചോടിപ്പോയ ഒരു രാജകക്ഷി (1736–1818).

[4] ഇറ്റലിയിലെ ഒരു സംസ്ഥാനം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.