images/hugo-28.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.6.6
കൊസെത്തിനു തന്റെ മേൽവിലാസം കൊടുക്കുക എന്നേടത്തോളം മരിയുസ് വ്യാവഹാരികനാവാൻ പോകുന്നു

മനുഷ്യമുഖത്തോടുകൂടിയ ഇത്തരം ഒരു നായ പടിക്കൽ കാവൽ നില്ക്കുകയും ഒരു പെൺകുട്ടിയോട് ആറു ഘാതുകന്മാർ തോറ്റുമടങ്ങുകയും ചെയ്യുന്ന സമയത്തു മരിയുസ് കൊസെത്തിന്റെ അടുത്തായിരുന്നു.

അപ്പോഴത്തെതിലധികം ആകാശം നക്ഷത്രങ്ങളെകൊണ്ടു മിന്നിവെയ്ക്കപ്പെടുകയും മനോഹരമായിത്തീരുകയുമാവട്ടേ, മരങ്ങൾ തുള്ളിയാടുകയാവട്ടേ, പുല്ലുകളുടെ ഗന്ധം ഹൃദയസ്പൃക്കാവുകയാവട്ടേ, ഒരിക്കലും ഉണ്ടായിട്ടില്ല. അപ്പോഴത്തേതിലധികം ഹൃദയാകർഷകമായ ഒരു ശബ്ദത്തോടുകൂടി ഇലപ്പടർപ്പിന്നിടയിൽ പക്ഷികൾ കിടന്നുറങ്ങുക ഒരിക്കലും ഉണ്ടായിട്ടില്ല; പ്രാപഞ്ചികസ്വച്ഛതയുടെ സൌഭാഗ്യങ്ങൾ അനുരാഗത്തിന്റെ ആന്തരസംഗീതത്തെ അപ്പോഴത്തെതിലധികം തികച്ചും ഭംഗിയിൽ ഒരിക്കലും ഏറ്റുപാടുകയുണ്ടായിട്ടില്ല; മരിയുസ്സാണെങ്കിൽ അതിലധികം ഒരിക്കലും മയങ്ങുകയാവട്ടെ സുഖംകൊള്ളുകയാവട്ടെ ആഹ്ലാദിക്കുകയാവട്ടെ ഉണ്ടായിട്ടില്ല.

പക്ഷേ, കൊസെത്തിനെ അയാൾ ദുഃഖിതയായി കണ്ടു; കൊസെത്ത് കരയുകയായിരുന്നു. അവളുടെ കണ്ണുകൾ ചുകന്നിരുന്നു.

ആ അത്ഭുതകരമായ മനോരാജ്യത്തിലെ ഒന്നാമത്തെ മേഘമായിരുന്നു ഇത്.

മരിയുസ്സിന്റെ ഒന്നാമത്തെ വാക്കിതാണ്. ‘എന്താ വിശേഷിച്ച്?’

അവളുടെ മറുപടി ഇതും: ‘ഇത്.’

എന്നിട്ട് അവൾ ഒതുക്കുകൾക്കടുത്തുള്ള ബെഞ്ചിന്മേൽ ഇരുന്നു; അയാൾ വിറയോടുകൂടി അവളുടെ അടുത്തു ചെന്നിരുന്നതോടെ, അവൾ തുടർന്നു: ‘അച്ഛൻ ഇന്നു രാവിലെ, അദ്ദേഹത്തിന്ന് എന്തോ ജോലിയുള്ളതുകൊണ്ട്, എന്നോടു പോവാനുള്ള ഒരുക്കമെല്ലാം ചെയ്തുകൊള്ളാൻ പറഞ്ഞു, ഞങ്ങൾ ഇവിടം വിട്ടേയ്ക്കും.’

മരിയുസ് ആകെ വിറച്ചു.

ജീവിതത്തിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്ന ആൾക്കു മരിക്കുക യാത്രപോവലാണ്; ജീവിതത്തിന്റെ ആദ്യഘട്ടത്തിലുള്ള ആൾക്കു യാത്രപോവുക മരിക്കലാണ്.

കഴിഞ്ഞ ആറാഴ്ചയായി മരിയുസ്, കുറേശ്ശക്കുറേശ്ശയായി, ക്രമത്തിൽ, കൊസെത്തിന്റെ ഹൃദയത്തെ ഓരോ ദിവസവും അധികമധികം കൈവശപ്പെടുത്തിവന്നു. ഞങ്ങൾ പറഞ്ഞുകഴിഞ്ഞതുപോലെ ആദ്യത്തെ അനുരാഗത്തിൽ ആത്മാവു കൈവശമാക്കപ്പെടുന്നു; പിന്നീടുള്ളതിൽ ആളുകൾ ശരീരത്തെ കൈവശമാക്കുന്നു; ചിലപ്പോൾ ആത്മാവിനെ കൈവശപ്പെടുത്തുകയേ ഇല്ലെന്നുവരും; ഫോബ്ലമാരും പ്രൂഢോംമാരും തുടർന്നുപറയുന്നു; ‘അങ്ങനെയൊന്നില്ലാത്തതുകൊണ്ട്’ പക്ഷേ, ഭാഗ്യത്തിന്ന്, ആ പരിഹാസം ഒരു ദൈവദൂഷണമാണ്; അങ്ങനെ; ഭൂതങ്ങൾ ആവേശിക്കുന്നതുപോലെ, മരിയുസ് കൊസെത്തിനെ കൈയിലാക്കി; പക്ഷേ, അയാൾ അവളെ തന്റെ ആത്മാവു മുഴുവനുംകൊണ്ടു മൂടുകയും അവിശ്വാസ്യമായ നിശ്ചയദാർഢ്യത്തോടുകൂടി അവളെ വിടാതെ പിടിച്ചുനിർത്തുകയും ചെയ്തു. അവളുടെ പുഞ്ചിരി, അവളുടെ ശ്വാസം, അവളുടെ സുഗന്ധം, അവളുടെ നീലച്ചകണ്ണുകളുടെ അഗാധദീപ്തി, അവളുടെ കൈ തൊട്ടപ്പോഴത്തെ ആ ശരീരത്തിന്റെ ഓമനത്തം, കഴുത്തിലുണ്ടായിരുന്ന അവളുടെ ആ മനോഹരമായ മറു. അവളുടെ ആലോചന മുഴുവൻ—എല്ലാം അയാൾക്കു കൈയിലായി. അതുകൊണ്ട് കൊസെത്തിന്റെ എല്ലാ മനോരാജ്യങ്ങളും അയാൾ കൈയടക്കി.

അവളുടെ പിൻകഴുത്തിലുള്ള കുറുനിരകളെ അയാൾ ഇളവില്ലാതെ നോക്കിക്കാണുകയും ചിലപ്പോൾ തന്റെ ശ്വാസഗതികൊണ്ട് അവയെ പതുക്കെ തൊടുകയും ചെയ്തു; തനിക്കു, മരിയുസ്സിനു, സ്വന്തമായിട്ടുള്ളതല്ലാതെ ഒരൊറ്റ തലനാരിഴപോലും ആ ചെറുമുടിച്ചുരുൾകളിലില്ലെന്ന് അയാൾ തന്നത്താൻ പറഞ്ഞു.

അവൾ ധരിക്കുന്നവയെയെല്ലാം—അവളുടെ നാടക്കെട്ട്, അവളുടെ കൈയുറകൾ, അവളുടെ കുപ്പായക്കൈകൾ, അവളുടെ പാപ്പാസ്സുകൾ, കുപ്പായക്കയ്യറ്റങ്ങൾ എന്നിവയെയൊക്കെ—അയാൾ, തന്റെ സ്വന്തമായിട്ടുള്ള വിശിഷ്ടവസ്തുക്കളെയെന്നപോലെ, സശ്രദ്ധം നോക്കിക്കാണുകയും മനസ്സുകൊണ്ടാരാധിക്കുകയും ചെയ്തിരുന്നു. അവൾ തലമുടിയിൽത്തിരുകുന്ന മനോഹരക്കൊമ്പുചീർപ്പുകളുടെയെല്ലാം ഉടമസ്ഥൻ താനാണെന്ന് അയാൾ മനോരാജ്യം വിചാരിച്ചു; എന്നല്ല, വിഷയ ലമ്പടത്വത്തിന്റെ വെളിച്ചത്തേക്കു വരാത്തവയും അസ്പഷ്ടങ്ങളും അമർക്കപ്പെട്ടവയുമായ മന്ത്രിക്കലുകൾക്കിടയിൽ അയാൾ തന്റെ ഉടമസ്ഥതയിൽപ്പെടാത്തതായി അവളുടെ പുറംകുപ്പായത്തിന്റെ ഒരൊറ്റ പട്ടുനാടക്കെട്ടും അവളുടെ കീഴ്ക്കാലുറകളിൽ ഒരൊറ്റ വലക്കണ്ണിയും, അവളുടെ ഉൾക്കുപ്പായത്തിൽ ഒരൊറ്റ ചുളിവും ഇല്ലെന്നു സ്വയം പറയുകയുണ്ടായി. കൊസെത്തിന്റെ അടുത്തു നില്ക്കുമ്പോൾ അയാൾ തന്റെ സ്വന്തം മുതലിന്റെ, തനിക്കുള്ളതിന്റെ, തന്റെ സ്വന്തം സ്വേച്ഛാനുസാരിയുടെ, തന്റെ സ്വന്തം അടിമയുടെ അടുത്താണെന്ന് അയാൾക്കു തോന്നിയിരുന്നു. അതാതു സാധനങ്ങളെ തിരിച്ചെടുക്കുവാൻ അവർക്കാഗ്രഹമുണ്ടെങ്കിൽക്കൂടി അതിനു നിർവ്വാഹമില്ലാതാകത്തക്കവിധം അവരുടെ ആത്മാക്കൾ തമ്മിൽ കൂടിപ്പിണഞ്ഞിരിക്കുന്നുവോ എന്നു തോന്നും ‘ഇതെന്റെയാണ്’ ‘അല്ല, ഇതെന്റെയാണ്.’ ‘നിങ്ങൾക്കു തെറ്റിപ്പോയി, ഞാൻ തീർത്തുപറയാം. ഇതെന്റെ വകയാണ്.’ ‘നിങ്ങൾ നിങ്ങളുടെയായിട്ടെടുക്കുന്നതെന്തോ അതുതന്നെയാണ് ഞാൻ.’ കൊസെത്തിന്റെ ഒരു ഭാഗമായ എന്തോ ഒന്നായിരുന്നു മരിയുസ്; അങ്ങനെത്തന്നെ, മരിയുസ്സിന്റെ ഒരു ഭാഗമായ എന്തോ ഒന്നായിരുന്നു കൊസെത്ത്. കൊസെത്ത് തന്റെ ഉള്ളിലുണ്ടെന്നു മരിയുസ്സിനു തോന്നി. കൊസെത്തിനെ കൈയിൽ വെക്കുക, കൊസെത്തിനെ കൈവശം വെക്കുക – ഇതയാൾക്കു തന്റെ ശ്വാസോച്ഛ ്വാസത്തിൽനിന്നു വേറിട്ടാക്കാൻ വയ്യായിരുന്നു. ഈ വിശ്വാസത്തിന്റെ, ഈ ലഹരിയുടെ, കേവലവും അപൂർവ്വവുമായ ഈ ഒരു കൂട്ടില്ലാത്ത കൈവശംവെപ്പിന്റെ, ഈ രാജത്വത്തിന്റെ, നടുക്കുവെച്ചാണ്, ‘ഞങ്ങൾ പോവുകയായി’ എന്നീ വാക്കുകൾ പെട്ടെന്ന് ഒരടിയായി വന്നുവീണത്; ഉടനെ വാസ്തവാവസ്ഥയുടെ പരുഷസ്വരം അയാളോടു വിളിച്ചുപറഞ്ഞു: ‘കൊസെത്ത് നിങ്ങളുടെയല്ല.’

മരിയുസ് ഉണർന്നു, ആറാഴ്ചയായിട്ടു മരിയുസ് ജീവിച്ചിരുന്നത്, ഞങ്ങൾ പറഞ്ഞതുപോലെ, ജീവിതത്തിന്റെ പുറത്താണ്; ആ വാക്ക്—‘പോവുകയായി!’—അയാളെപ്പിടിച്ചു വീണ്ടും അതിലേക്കുതന്നെ വലിച്ചിട്ടു.

അയാൾ ഒന്നും പറയാൻ കണ്ടില്ല. അയാളുടെ കൈ വല്ലാതെ തണുത്തതു മാത്രം കൊസെത്ത് ധരിച്ചു. അവൾ അയാളോടു ചോദിച്ചു: ‘എന്താണ് സുഖക്കേട്?’

കൊസെത്തിനു കേൾക്കാൻ കഴിയാത്തേടത്തോളം താഴ്‌ന്ന ഒരൊച്ചയിൽ അയാൾ മറുപടി പറഞ്ഞു: ‘എനിക്കു നിങ്ങൾ പറഞ്ഞതു മനസ്സിലായില്ല.’

അവൾ തുടർന്നു: ‘ഇന്നു രാവിലെ അച്ഛൻ എന്നോട് എന്റെ ചില്ലറക്കാര്യങ്ങളെല്ലാം ഒതുക്കി യാത്രയ്ക്കൊരുങ്ങണമെന്നും, അദ്ദേഹത്തിന്റെ വസ്ത്രങ്ങളെല്ലാം പെട്ടിയിൽ വെയ്ക്കാൻ എടുത്തുതരാമെന്നും, ഒരു ദീർഘയാത്ര ചെയ്യേണ്ട ആവശ്യം നേരിട്ടിരിക്കുന്നു എന്നും, ഞങ്ങൾ ഇവിടം വിടുകയായിയെന്നും, എനിക്ക് ഒരു വലിയ പെട്ടിയും അദ്ദേഹത്തിന് ഒരു ചെറിയ പെട്ടിയും ആവശ്യമാണെന്നും, ഇന്നു മുതൽ ഒരാഴ്ചയ്ക്കകം എല്ലാം തയ്യാറാവണമെന്നും, ഞങ്ങൾ ഇംഗ്ലണ്ടിലേക്കു പോയേയ്ക്കാമെന്നും പറകയുണ്ടായി.

‘പക്ഷേ, ഇതക്രമമാണല്ലോ!’ മരിയുസ് ഉച്ചത്തിൽപ്പറഞ്ഞു.

ആ സമയത്തു മരിയുസ്സിന്റെ അഭിപ്രായത്തിൽ യാതൊരധികാരപ്രമത്തതയും, യാതൊരു കയ്യേറ്റവും, ലോകത്തിൽവെച്ചു വലിയ പ്രജാപീഡകന്മാരുടെ യാതൊരസഹ്യപ്രവർത്തിയും. ബുസിറിസ്സോ [1] തിബരിയുസ്സോ എട്ടാമൻ ഹെന്ദ്രിയോ [2] ചെയ്തിട്ടുള്ള യാതൊന്നുംതന്നെ, മഹാപാതകനിലയ്ക്ക് ഇതിനോടടുക്കുകയില്ല; മൊസ്യു ഫൂഷൽവാങ് തന്റെ മകളെ തനിക്കവിടെ എന്തോ കാര്യമുള്ളതുകൊണ്ട് അങ്ങോട്ടു കൂട്ടിക്കൊണ്ടു പോവുക!

ഒരു നേർത്ത സ്വരത്തിൽ അയാൾ കല്പിച്ചു ചോദിച്ചു: ‘അപ്പോൾ എന്നാണ് നിങ്ങളുടെ യാത്ര?’

‘ഇന്നപ്പോൾ എന്നു പറകയുണ്ടായില്ല.’

‘എന്നു തിരിച്ചെത്തും?’ മരിയുസ് എഴുന്നേറ്റു നീരസത്തോടുകൂടി ചോദിച്ചു: ‘കൊസെത്ത്, നിങ്ങൾ പോവുമേ?’

കൊസെത്ത് കൊടുംവ്യസനംകൊണ്ടു നിറഞ്ഞ തന്റെ മനോഹരനോട്ടത്തെ അയാളിൽ പതിച്ച് ഒരുതരം സംഭ്രമത്തോടുകൂടി മറുപടി പറഞ്ഞു: ‘എവിടേക്ക്?’

‘ഇംഗ്ലണ്ടിലേക്ക്. നിങ്ങൾ പോവുമോ?’

‘എന്താണ് നിങ്ങൾ എന്നോടു നിങ്ങൾ എന്നു പറയുന്നത്?’

‘ഞാൻ ചോദിക്കുന്നു, നിങ്ങൾ പോവുമോ?’

‘ഞാൻ പിന്നെ എന്തു ചെയ്യുമെന്നാണ്?’ കൈകൊട്ടിക്കൊണ്ട് അവൾ പറഞ്ഞു.

‘അപ്പോൾ, നിങ്ങൾ പോവാതിരിക്കില്ല?’

‘അച്ഛൻ പോവുന്നുണ്ടെങ്കിൽ.’

‘അപ്പോൾ, നിങ്ങൾ പോവാതിരിക്കില്ല.’

കൊസെത്ത് മരിയുസ്സിന്റെ കൈ പിടിച്ച് ഉത്തരമൊന്നും പറയാതെ ഒന്നമർത്തി.

‘അങ്ങനെയാവട്ടെ.’ മരിയുസ് പറഞ്ഞു, ‘ഞാൻ മറ്റൊരിടത്തേക്കും പോവും.’

ആ വാക്കുകളുടെ അർത്ഥം കൊസെത്ത് അറിയുകയല്ല ഉണ്ടായത്. അനുഭവിച്ചു. അവളുടെ മുഖം ഇരുട്ടിൽ മിന്നുമാറ് അവൾ അത്രമേൽ വിളർത്തു. അവൾ വിക്കി: ‘എന്താണിപ്പറയുന്നത്?’

മരിയുസ് അവളുടെ മുഖത്തേക്കു നോക്കി; എന്നിട്ടു മുകൾഭാഗത്തേക്കു നോക്കി: ഇങ്ങനെ മറുപടി പറഞ്ഞു: ‘ഒന്നുമില്ല.’

അയാളുടെ നോട്ടം വീണ്ടും കീഴ്പോട്ടിറങ്ങിയപ്പോൾ, കൊസെത്ത് അയാളെ നോക്കി പുഞ്ചിരിയിടുകയാണെന്നു കണ്ടു. അവനവന്ന് അനുരാഗമുള്ള ഒരു സ്ത്രീയുടെ പുഞ്ചിരിക്കും രാത്രിയിൽക്കൂടിയും, ദൃശ്യമായ ഒരു പ്രകാശവിശേഷമുണ്ട്.

‘നമ്മൾ എന്തു വിഡ്ഢികളാണ്! മരിയുസ്, ഞാനൊന്നു പറയട്ടെ.’

‘എന്താണത്?’

‘ഞങ്ങൾ പോയ്ക്കഴിഞ്ഞാൽ നിങ്ങളും പോവുകയായി! ഞാൻ പറയാം എവിടേക്കെന്നു! ഞാൻ എവിടെയാണോ അവിടേക്കു നിങ്ങളും വരും.’

മരിയുസ് ഇപ്പോൾ തികച്ചും ഉണർന്ന ഒരാളായിരിക്കുന്നു. അയാൾ വാസ്തവാവസ്ഥയിലേക്കു തിരിച്ചെത്തിക്കഴിഞ്ഞു. അയാൾ കൊസെത്തോടു കുറച്ചുച്ചത്തിൽ പറഞ്ഞു: ‘നിങ്ങളോടുകൂടി പോരുക! ഭ്രാന്തുണ്ടോ? എന്ത്, എനിക്കു പണം വേണ്ടിയിരിക്കും; അതെനിക്കില്ല. ഇംഗ്ലണ്ടിലേക്കു പോരുക? പക്ഷേ, ഞാനിപ്പോൾ കടത്തിലാണ്; ഞാൻ കുർഫെരാക്കിന്ന്—നിങ്ങൾ അറിയില്ല, എന്റെ സ്നേഹിതന്മാരിൽ ഒരാൾക്ക് —ഇത്രയെന്നെനിക്കറിഞ്ഞുകൂടാ, പത്തു ലൂയിനാണ്യത്തിലധികം കൊടുക്കാനുണ്ട്! എനിക്ക് ഒരു മൂന്നുഫ്രാങ്ക് വിലവരാത്ത ഒരു തൊപ്പിയുണ്ട്! മുൻഭാഗത്തു കുടുക്കില്ലാത്ത ഒരു പുറംകുപ്പായമുണ്ട്; എന്റെ ഉൾക്കുപ്പായം മുഴുവനും പിഞ്ഞിയിരിക്കുന്നു; എന്റെ കുപ്പായക്കൈമുട്ടുകൾ കീറിയിരിക്കുന്നു; എന്റെ ബൂട്ടുസ്സുകളിൽ വെള്ളം കടക്കും. കഴിഞ്ഞ ആറാഴ്ചയായിട്ടു ഞാനവയെപ്പറ്റി ആലോചിച്ചിട്ടില്ല; ഞാനതിനെപ്പറ്റി പറകയുണ്ടായില്ല. നിങ്ങൾ എന്നെ രാത്രിമാത്രമേ കാണുന്നുള്ളു; നിങ്ങൾ എനിക്ക് അനുരാഗം തരുന്നു. നിങ്ങൾ എന്നെ പകൽ കണ്ടുപോയാൽ എനിക്ക് കാശെടുത്തു തരും! ഇംഗ്ലണ്ടിലേക്കു പോരുക! ഏ! ഒരു യാത്രാനുവാദപത്രം വാങ്ങേണ്ടതിനുള്ള വക കൂടി എന്റെ കൈയിലില്ല.’

അയാൾ അടുത്തുള്ള ഒരു മരത്തിന്മേലേക്കു വീണു; നിവർന്നു, നെറ്റിത്തടം ആ മരത്തൊലിയൊടുരുമ്മുമാറു, തന്റെ ദേഹത്തിലെ തോലുരിക്കുന്ന മരത്തേയോ തന്റെ ചെന്നികളിൽ മിടിച്ചുംകൊണ്ടുള്ള പനിയേയോ പറ്റി യാതൊന്നുമറിയാതെ, നിരാശതയുടെ ഒരു രൂപമെന്നപോലെ, ഒരനക്കമില്ലാതെ, അതാ വീണേക്കുമോ എന്നവിധം അവിടെ നിലവായി.

അങ്ങനെ അയാൾ കുറച്ചധികം നേരം നിന്നു. അത്തരം അഗാധ ഗുഹയ്ക്കുള്ളിൽ ഒരാൾക്കു വേണമെങ്കിൽ പ്രളയംവരെ നില്ക്കാം. ഒടുവിൽ അയാൾ തിരിഞ്ഞു. നേർത്തതും അമർത്തപ്പെട്ടതും മനോഹരമെങ്കിലും വ്യസനമയവുമായ ഒരു ശബ്ദം അയാൾ പിന്നിൽനിന്നു കേട്ടു.

അതു കൊസെത്ത് തേങ്ങിക്കരയുകയായിരുന്നു.

ധ്യാനത്തിലാണ്ടിരുന്ന മരിയുസ്സിന്റെ അടുത്തുനിന്ന് അവർ രണ്ടു മണിക്കൂറായി കരയുന്നു.

അയാൾ അവളുടെ അടുക്കലേക്കു ചെന്നു, മുട്ടുകുത്തിയിരുന്നു, പതുക്കെ മുൻപിൽ സാഷ്ടാംഗമായി വീണു, പുറമുടുപ്പിന്റെ ചുവട്ടിൽനിന്നു പുറത്തേക്കു പതുങ്ങിനോക്കുന്ന അവളുടെ കാലടിയുടെ തുമ്പുപിടിച്ചു ചുംബിച്ചു.

അവൾ ഒന്നും മിണ്ടാതെ അയാളുടെ ഇഷ്ടംപോലെ പ്രവർത്തിച്ചുകൊള്ളാൻ അനുവദിച്ചു. വ്യാകുലമായി സർവംസഹയായ ഒരീശ്വരിയെന്നപോലെ. ഒരു സ്ത്രീ അനുരാഗപരമായ ഭക്തിയോഗത്തെ കൈക്കൊള്ളുന്ന ചില ഘട്ടങ്ങളുണ്ട്.

‘കരയരുത്.’ അയാൾ പറഞ്ഞു.

അവൾ മന്ത്രിച്ചു: ‘ഞാൻ പോവുകയും നിങ്ങൾ പോരാതിരിക്കുകയും ചെയ്യുമ്പോഴോ!’

അയാൾ തുടർന്നു: ‘എന്നെ സ്നേഹിക്കുന്നുണ്ടോ?’

അവൾ, തേങ്ങിക്കരഞ്ഞുകൊണ്ട് സ്വർഗ്ഗത്തിൽനിന്നുള്ള ഈ വാക്കിനാൽ—കരച്ചലിനുള്ളിൽ നിന്നാവുമ്പോഴത്തെപ്പോലെ ഒരു മനോഹരത അതിനു മറ്റൊരിക്കലുമില്ല – അതിനു മറുപടി പറഞ്ഞു: ‘ഞാൻ പൂജിക്കുന്നു!’

അനിർവചനീയമായ ഓമനിക്കലാകുന്ന ഒരു സ്വരത്തിൽ അയാൾ തുടർന്നു പറഞ്ഞു: ‘കരയരുതേ, എന്നോടു പറയൂ. എനിക്കുവേണ്ടി ഇതു ചെയ്യുമോ, കരയാതിരിക്കുമോ?’

‘എന്നെ സ്നേഹിക്കുന്നുണ്ടോ?’ അവൾ ചോദിച്ചു.

അയാൾ അവളുടെ കൈ പിടിച്ചു.

‘കൊസെത്ത്, ഞാൻ ഇതുവരെ ഒരാളോട് ഒരു കാര്യം ഏറ്റുപറഞ്ഞിട്ടില്ല; എന്തു കൊണ്ടെന്നാൽ, അതെന്നെ പേടിപ്പെടുത്തും. എന്റെ അച്ഛൻ എന്റെ അടുത്തുണ്ടെന്ന് എനിക്കു തോന്നും. അപ്പോൾ, ഞാൻ ആണയിട്ട് ഏറ്റുപറയട്ടെ. നിങ്ങൾ പിരിഞ്ഞു പോയാൽ, എന്റെ കഥ തീരും.’

ഈ വാക്കുകളെ അയാൾ ഉച്ചരിച്ച സ്വരത്തിൽ അത്രമേൽ വിശിഷ്ടവും അത്രമേൽ ശാന്തതരവുമായ എന്തോ ഒന്നുണ്ടായിരുന്നു—കൊസെത്ത് വിറച്ചു. വാസ്തവവും വ്യസനമയവുമായ ഒന്ന് അടുക്കലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന ആ ഒരു മരവിക്കൽ അവൾക്കുണ്ടായി. ആ ക്ഷോഭം അവളെ കരയാതാക്കി.

‘ഇനി കേൾക്കൂ,’ അയാൾ പറഞ്ഞു, ‘ഞാൻ നാളെ വരില്ല.’

‘എന്തുകൊണ്ട്?’

‘മറ്റന്നാളും ഞാൻ വരികയുണ്ടാവില്ല.’

‘ഹാ! എന്തുകൊണ്ട്?’

‘അറിയാം.’

‘ഒരു ദിവസം നിങ്ങളെ കാണാതിരിക്കുക! അതു സാധ്യമല്ല!’

‘ഒരു സമയം നമ്മുടെ ആയുസ്സു മുഴുവനും സമ്പാദിക്കുവാൻവേണ്ടി ഒരു ദിവസം നമുക്കു ചെലവാക്കുക.’

എന്നിട്ടു മരിയുസ് ഒരു താഴ്‌ന്ന സ്വരത്തിലും ഒരാത്മഗതമായിട്ടും തുടർന്നു: ‘അദ്ദേഹം തന്റെ സമ്പ്രദായങ്ങൾക്ക് ഒരിക്കലും മാറ്റംവരുത്താത്ത ഒരാളാണ്. വൈകുന്നേരമല്ലാതെ ഒരാളെയും ഇതുവരെ അദ്ദേഹം അകത്തേക്കു കടത്തുകയുണ്ടായിട്ടില്ല.’

‘ആരെപ്പറ്റിയാണ് പറയുന്നത്? കൊസെത്?’ കൊസത്ത് ചോദിച്ചു.

‘ഞാനോ? ഞാനൊന്നും പറഞ്ഞില്ല.’

‘അപ്പോൾ എന്താണ് നിങ്ങൾക്കു പറയാനുള്ളത്?’

‘മറ്റന്നാൾവരെ ക്ഷമിച്ചിരിക്കുക.’

‘അങ്ങനെ ആവശ്യമുണ്ടോ?’

‘ഉവ്വ്, കൊസെത്ത്.’

അവൾ അയാളുടെ കൈ തന്റെ രണ്ടു കൈകൊണ്ടും പിടിച്ച്, ഉയരം ശരിപ്പെടുത്താൻവേണ്ടി എത്തിച്ചുനിന്ന്, ആശയ്ക്കു വഴിയുണ്ടോ എന്ന് അയാളുടെ കണ്ണുകളിൽ നോക്കിയറിയാൻ ശ്രമിച്ചു.

മരിയുസ് തുടർന്നു: ‘ഇപ്പോൾ എനിക്കു തോന്നുന്നു, എന്റെ മേൽവിലാസം നിങ്ങൾ അറിഞ്ഞിരിക്കണമല്ലോ; എന്തെങ്കിലും വന്നു എന്നുവരാം-ആർക്കും അറിഞ്ഞുകൂടാ; ഞാൻ എന്റെ ആ സ്നേഹിതൻ കുർഫെരാക് ഒരുമിച്ചു റ്യു ദ് ലവെറെറിയിൽ, 16-ാം നമ്പർ ഭവനത്തിൽ താമസിച്ചുവരുന്നു.’

അയാൾ കുപ്പായക്കീശയിൽ തപ്പി, പേനക്കത്തി പുറത്തേക്കെടുത്തു. മതിലിന്റെ കുമ്മായപ്പശയിന്മേൽ കുറിച്ചു.

കുറിപ്പുകൾ

[1] ഈജിപ്തിലെ ഒരു പുരാണകഥാപാത്രമായ രാജാവ്, ഈ സ്വേച്ഛാധികാരി എല്ലാ വിദേശീയരെയും പിടിച്ച് അന്നത്തെ ആരാധനാമൂർത്തിക്ക് ബലികഴിച്ചു.

[2] ഇംഗ്ലണ്ടിൽ മതപരിവർത്തനം നടത്തിയ ഒരു സ്വേച്ഛാധികാരിയായ രാജാവ്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.