images/hugo-43.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.7.5
പിന്നിൽ പകലോടുകൂടിയ ഒരു രാത്രി

വാതില്ക്കൽനിന്നു മുട്ടു കേട്ടതോടുകൂടി ഴാങ് വാൽഴാങ് പിന്നോക്കം തിരിഞ്ഞു.

‘അകത്തേക്കു വരു’, അയാൾ ഒച്ചയില്ലാതെ പറഞ്ഞു.

വാതിൽ തുറന്നു.

കൊസെത്തും മരിയുസ്സും വാതില്ക്കൽ പ്രത്യക്ഷീഭവിച്ചു.

കൊസെത്ത് അകത്തേക്കു പാഞ്ഞുചെന്നു.

വാതിലിന്റെ കുറുമ്പടിയിലേക്കു ചാരി മരിയുസ് ഉമ്മറത്തു നിന്നു.

‘കൊസെത്ത്!’ ഴാങ് വാൽഴാങ് പറഞ്ഞു.

എന്നിട്ട് അയാൾ കസാലയിൽ നിവർന്നു, കൈ രണ്ടും നീട്ടി, വിറച്ചുകൊണ്ടു, കണ്ണു നട്ടു, വിളർത്തു, പരവശനായി, നോട്ടത്തിൽ ഒരപാരമായ ആഹ്ലാദത്തോടുകൂടിയിരുന്നു. വികാരാവേഗംകൊണ്ടു ശ്വാസം കിട്ടാതായ കൊസെത്ത് ഴാങ് വാൽഴാങ്ങിന്റെ മാറത്തു വീണു.

‘അച്ഛാ!’ അവൾ പറഞ്ഞു.

മതിമറന്നുപോയ ഴാങ് വാൽഴാങ് വിക്കി.

‘നിയ്യാണ്! അവൾ! നിങ്ങൾ! മദാം! നിയ്യാണ്! ഹാ, എന്റെ ഈശ്വരാ!’

കൊസെത്തിനാൽ മുറുകെ ആശ്ലേഷിക്കപ്പെട്ട അയാൾ ഉറക്കെപ്പറഞ്ഞു:

‘നിയ്യാണ്! നിയ്യിവിടെ വന്നു! അപ്പോൾ എനിക്കു നീ മാപ്പുതന്നു!

ഉരുണ്ടുകൂടുന്ന കണ്ണുനീർ വീഴാതിരിക്കാൻവേണ്ടി കണ്ണു ചിമ്മിക്കൊണ്ടു മരിയുസ് മുൻപോട്ടു ചെന്നു, തേങ്ങലമർത്താൻ മുറുകെകൂട്ടിപ്പിടിച്ച ചുണ്ടുകളിലൂടെ മന്ത്രിച്ചു: ‘എന്റെ അച്ഛാ!’

‘അപ്പോൾ നിങ്ങളും, നിങ്ങളും എനിക്കു മാപ്പ് തന്നു!’ ഴാങ് വാൽഴാങ്ങ് അയാളോടു പറഞ്ഞു.

മരിയുസ്സിനു വാക്കു കിട്ടിയില്ല; ഴാങ് വാൽഴാങ് തുടർന്നു: ‘ഞാൻ നന്ദിപറയുന്നു.’

കൊസെത്ത് തന്റെ സാൽവ വലിച്ചെറിഞ്ഞു, തൊപ്പി കട്ടിലിന്മേലേക്കു തട്ടിയിട്ടു.

‘എനിക്കു മനസ്സിലാവുന്നില്ല.’ അവൾ പറഞ്ഞു.

എന്നിട്ട് വൃദ്ധന്റെ മടിയിൽക്കയറിയിരുന്ന് ഒരു മനോഹരമട്ടിൽ അയാളുടെ നരച്ച തലമുടി രണ്ടു വശത്തേക്കും മാടിയിട്ട്, അയാളുടെ നെറ്റിത്തടത്തിൽ ഒരുമ്മ വെച്ചു.

അമ്പരന്നുപോയ ഴാങ് വാൽഴാങ് അവളെ ഇഷ്ടംപോലെ ചെയ്യാൻ വിട്ടു.

അവ്യക്തമായ വിധത്തിൽമാത്രം ചിലതു മനസ്സിലാക്കിയിരുന്ന കൊസെത്ത്, മരിയുസ്സിന്റെ കടപ്പാടുകൂടി തീർക്കാനെന്ന മട്ടിൽ, തന്റെ ഓമനിക്കൽ ഇരട്ടിയാക്കി.

ഴാങ് വാൽഴാങ് വിക്കി; ‘ആളുകൾ എന്തു വിഡ്ഢികളാണ്, ഞാനിനി അവളെ ഒരിക്കലും കാണില്ലെന്നേ വിചാരിച്ചത്. നോക്കൂ! മൊസ്യു പൊങ്മേർസി, നിങ്ങൾ അകത്തേക്കു വന്ന സമയം ഞാൻ വിചാരിക്കയായിരുന്നു: ‘ഒക്കെക്കഴിഞ്ഞു. ഇതാ അവളുടെ ഉടുപ്പ്, ഞാനൊരു ഭാഗ്യംകെട്ടവനാണ്; ഞാനിനി കൊസെത്തിനെ കാണില്ല,’ ആ സമയത്താണ് നിങ്ങൾ കോണി കയറി വന്നിരുന്നത്, ഞാനൊരു വങ്കനല്ലേ? നോക്കു, ഒരാൾ എന്തു വങ്കനായിപ്പോവുന്നു? ഈശ്വരനെ കണക്കാക്കാതെയാണ് ആളുകളുടെ പണി. നല്ലവനായ ഈശ്വരൻ പറയുന്നു: ‘നിന്നെ ഉപേക്ഷിച്ചുപോയി എന്നു നീ കമ്പം വിചാരിക്കുന്നു, വിഡ്ഢി, ഇല്ല! ഇല്ല, അങ്ങനെ വരില്ല. ആട്ടെ, ഒരു ദേവസ്ത്രീയെ കണ്ടേ കഴിയൂ എന്നുള്ള ഒരാളുണ്ടവിടെ.’ അതാ, ദേവസ്ത്രീ വരുന്നു; കൊസെത്തിനെ പിന്നെയും കാണുകയായി! ഒരിക്കൽക്കൂടി, അതാ ഞാനെന്റെ കൊസെത്ത്കുട്ടിയെ കാണുന്നു! ഹാ! ഞാൻ വളരെ ദുഃഖിച്ചു.’

കുറച്ചിടയ്ക്ക് അയാൾക്ക് ഒച്ച പൊന്താതായി; പിന്നീടു തുടർന്നു:

എനിക്ക് ഇടയ്ക്കിടയ്ക്കു കൊസെത്തിനെ കാണേണ്ടിയിരുന്നു. ഹൃദയത്തിനു കാർന്നുകൊണ്ടിരിക്കാൻ ഒരെല്ലിൻകഷ്ണം വേണം. പക്ഷേ, ഞാൻ നിങ്ങൾക്ക് ഒരു ‘സ്വൈരംകൊല്ലി’യായിത്തീർന്നിരിക്കുന്നു എന്നെനിക്കു തികച്ചും മനസ്സിലായി. ഞാനാലോചിച്ചു: ‘അവർക്കു നിങ്ങളെക്കൊണ്ടാവശ്യമില്ല. നിങ്ങളുടെപാടു നോക്കൂ, എന്നും ഒരാളുടെ മേൽ പറ്റിക്കൂടാൻ പാടില്ല.’ ഹാ! ഈശ്വരൻ, രക്ഷിച്ചു, അവളെ ഞാൻ ഒരിക്കൽക്കൂടി കണ്ടു. കൊസെത്ത്, നിനക്കറിയാമോ. നിന്റെ ഭർത്താവു് പരമസുന്ദരനാണ്? ഹാ, ഭാഗ്യത്തിന്, എന്തു ചന്തമുള്ള ചിത്രപ്പണിയോടുകൂടിയ കഴുത്തുനാടയാണ് നീയിന്നു കെട്ടിയിട്ടുള്ളത്. എനിക്ക് ഈ ജാതി ഇഷ്ടമാണ്. ഇതു നിന്റെ ഭർത്താവാണ് തിരഞ്ഞുവാങ്ങിയത്, അല്ലേ? പിന്നെ നീ ചില കാശ്മീരസ്സാല്വകൾ മേടിക്കണം. ഞാനവളെ നീ എന്നു വിളിക്കട്ടെ, മൊസ്യു പോങ് മേർസി അധികനേരത്തേക്കു വേണ്ടിവരില്ല.’

കൊസെത്ത് തുടങ്ങി ‘ഞങ്ങളെ അങ്ങനെ വിട്ടുകളഞ്ഞതു നന്നായോ? നിങ്ങൾ എവിടെപ്പോയിരുന്നു? ഇത്രയധികം കാലം വരാതിരുന്നതെന്തേ? പണ്ടൊക്കെ നിങ്ങളുടെ യാത്ര മൂന്നുനാലു ദിവസത്തെയ്ക്കേ നിലനിന്നിരുന്നുള്ളു. ഞാൻ നികൊലെത്തിനെ പറഞ്ഞയച്ചു; എപ്പോഴും അവൾ മടങ്ങിവന്നു പറയും, അദ്ദേഹം അവിടെയില്ല.’ നിങ്ങൾ തിരിച്ചെത്തിയിട്ടു ദിവസമെത്രയായി? എന്തേ ഞങ്ങളെ അറിയിക്കാഞ്ഞത്? അപ്പോൾ, നിങ്ങൾ വല്ലാതെ വ്യത്യാസപ്പെട്ടിരിക്കുന്നുവല്ലോ എന്തു വികൃതിയച്ഛൻ! അദ്ദേഹത്തിനു രോഗമായിരുന്നു. എന്നിട്ടു ഞങ്ങൾ അതറിഞ്ഞില്ല നില്ക്കു, മരിയുസ്സ്, അദ്ദേഹത്തിന്റെ കയ്യെങ്ങനെ തണുത്തിരിക്കുന്നു!’

‘അപ്പോൾ നിങ്ങൾ ഇവിടെയുണ്ട്! മൊസ്യു പോങ്മേർസി, നിങ്ങൾ എനിക്കു മാപ്പു തന്നു!’ ഴാങ് വാൽഴാങ് ആവർത്തിച്ചു.

ഴാങ് വാൽഴാങ് ഒരിക്കൽക്കൂടി പറഞ്ഞ ആ വാക്കുകൾ കേട്ടതോടുകൂടി മരിയുസ്സിന്റെ ഹൃദയത്തിൽ വീർത്തുവന്നിരുന്നതെല്ലാം പൊട്ടിപ്പോയി.

അയാളിൽനിന്നു പൊട്ടിപ്പുറപ്പെട്ടു: ‘കൊസെത്ത്, കേട്ടുവോ? അദ്ദേഹം അങ്ങോട്ടെത്തി! അദ്ദേഹം എന്നോടു മാപ്പു ചോദിക്കുന്നു! അദ്ദേഹം എനിക്കു വേണ്ടി എന്തു ചെയ്തുവെന്നറിയാമോ, കൊസെത്ത്? അദ്ദേഹം എനിക്കെന്റെ ജീവനെ രക്ഷിച്ചുതന്നു. അദ്ദേഹം അതിലുമധികം ചെയ്തു—അദ്ദേഹം നിന്നെ എനിക്കുതന്നു എന്നിട്ട് എന്റെ ജീവനെ രക്ഷിക്കുകയും നിന്നെ എനിക്കു തരികയും ചെയ്തിട്ട്, അദ്ദേഹം തനിക്കായി എന്തു ചെയ്തു? അദ്ദേഹം തന്നെത്താൻ ബലികഴിച്ചു നോക്കണേ മനുഷ്യനെ. എന്നിട്ട് അദ്ദേഹം നന്ദികെട്ടവനായ എന്നോടു, മറവിക്കാരനായ എന്നോടു, നിർദ്ദയനായ എന്നോടു, കുറ്റക്കാരനായ എന്നോടു്, പറയുന്നു, ഞാൻ നന്ദിപറയുന്നു എന്ന്! കൊസെത്ത്, ഞാനെന്റെ ജീവിതകാലം മുഴുവനും ഇദ്ദേഹത്തിന്റെ പാദശുശ്രൂഷ ചെയ്തുകൊണ്ടിരുന്നാൽ പോരാ. വഴിക്കോട്ട, ആ ഓവുചാൽ, ആ തീച്ചൂള, ആ ചളിക്കുണ്ട്—ഇതെല്ലാം അദ്ദേഹം എനിക്കുവേണ്ടി, കൊസെത്ത്, നിനക്കുവേണ്ടി കടന്നു. എല്ലാത്തരം മരണങ്ങളേയും എന്റെ മുൻപിൽനിന്നു തട്ടിനീക്കി താൻ സ്വീകരിച്ചുകൊണ്ട് എന്നേയും വാരിയെടുത്തു നടന്നു. എല്ലാത്തരം ധൈര്യവും എല്ലാത്തരം മനോഗുണവും, എല്ലാത്തരം ധീരോദാത്തതയും അദ്ദേഹത്തിനുണ്ട്! കൊസെത്ത്, ഈ മനുഷ്യൻ ഒരമാനുഷനാണ്!’

‘നില്ക്കു! നില്ക്കൂ!’ ഴാങ് വാൽഴാങ് ഒരു താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു. ‘എന്തിനാണതൊക്കെ പറയുന്നത്?’

‘അപ്പോൾ നിങ്ങൾ!’ ബഹുമാനം കൂടിക്കലർന്ന ഒരു ശുണ്ഠിയോടുകൂടി മരിയുസ് പറഞ്ഞു, ‘നിങ്ങൾ എന്തുകൊണ്ട് അതൊന്നും എന്നോടു പറഞ്ഞില്ല? നിങ്ങളുടേയും കുറ്റമുണ്ട്. നിങ്ങൾ ആളുകളുടെ ജീവനെ രക്ഷിക്കുന്നു; അവരോടൊട്ടു പറഞ്ഞുകൊടുക്കുകയുമില്ല! അത്രമാത്രമല്ല, നിങ്ങളെ മനസ്സിലാക്കിത്തരികയാണെന്ന നാട്യത്തിൽ നിങ്ങൾ സ്വയം അധിക്ഷേപിക്കുന്നു. ഇതു നന്നല്ല.’

‘ഞാൻ നേരു പറഞ്ഞു,’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു.

‘ഇല്ല’, മരിയുസ് തിരിച്ചടിച്ചു, ‘നേരെന്നു വെച്ചാൽ നേരുമുഴുവനും വേണം അതു നിങ്ങൾ പറഞ്ഞില്ല. നിങ്ങളായിരുന്നു മൊസ്യു മദലിയെൻ; അതെന്തുകൊണ്ടു പറഞ്ഞില്ല? നിങ്ങൾ ഴാവേറെ രക്ഷിച്ചു. അതെന്തുകൊണ്ട് പറഞ്ഞില്ല എന്റെ ആയുസ്സിനു ഞാൻ നിങ്ങൾക്കു കടപ്പെട്ടിരിക്കുന്നു; അതെന്തുകൊണ്ട് പറഞ്ഞില്ല?’

‘ഞാനും നിങ്ങളെപ്പോലെത്തന്നെ കരുതി. നിങ്ങളുടെ അഭിപ്രായം ശരിയാണെന്നു ഞാൻ വിചാരിച്ചു. ഞാൻ വിട്ടുപോരേണ്ടതാണെന്ന് എനിക്കു തോന്നി. ഓവുചാലിലെ കഥ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ എന്നെ നിങ്ങളുടെ അടുക്കൽതന്നെ താമസിപ്പിക്കാൻ നോക്കും. അതുകൊണ്ട് ആ കാര്യം ഞാൻ മിണ്ടാതിരുന്നേ പറ്റു എന്നായി. ഞാൻ പറഞ്ഞിരുന്നുവെങ്കിൽ, അത് എല്ലാവിധത്തിലും സംഭ്രമമുണ്ടാക്കിയേനേ’

‘എന്തു സംഭ്രമം? ആരെ സംഭ്രമിപ്പിക്കും?’ മരിയുസ് തിരിച്ചടിച്ചു. നിങ്ങൾ വിചാരിക്കുന്നുണ്ടോ നിങ്ങളിവിടെ ഇനി താമസിക്കുമെന്ന്? ഞങ്ങൾ നിങ്ങളെ എടുത്തു കൊണ്ടുപോവും. ഹാ! എന്റെ ഈശ്വര! യദൃച്ഛയായിട്ടാണ് ഞാനിതെല്ലാം മനസ്സിലാക്കിയത്. നിങ്ങൾ ഞങ്ങളുടെ കൂട്ടത്തിൽ ഒരാളാണ്. നിങ്ങൾ അവളുടെ അച്ഛനാണ്, എന്റേയും. ഈ മോശസ്ഥലത്ത് ഇനി ഒരു നിമിഷമെങ്കിലും നിങ്ങൾ താമസിക്കാൻ പാടില്ല. നാളെ നിങ്ങളിവിടെയുണ്ടായിരിക്കുമെന്നു കരുതേണ്ടാ.’

‘നാളെ’, ഴാങ് വാൽഴാങ് പറഞ്ഞു, ഞാനിവിടെ ഉണ്ടായിരിക്കില്ല, നിങ്ങളുടെകൂടെയും ഉണ്ടായിരിക്കില്ല.’

‘എന്താണ് നിങ്ങൾ പറയുന്നത്?’ മരിയുസ് മറുപടി പറഞ്ഞു. ‘ആട്ടെ പറയട്ടെ. ഇനി നിങ്ങളെ ദൂരയാത്ര ചെയ്യാൻ ഞങ്ങൾ സമ്മതിക്കുകയില്ല. നിങ്ങൾ ഇനിയൊരിക്കലും ഞങ്ങളെ വിട്ടുപോയിക്കൂടാ. നിങ്ങൾ ഞങ്ങളുടെയാണ്, ഞങ്ങൾ നിങ്ങളെ ഒരിക്കലും വിടില്ല.’

‘ഇക്കുറി കണക്കിനു പറ്റി,’ കൊസെത്ത് തുടർന്നു. ‘വാതില്ക്കൽ വണ്ടിയുണ്ട്. ഞാൻ നിങ്ങളേയുംകൊണ്ടു ചാടും. വേണ്ടിവന്നാൽ ഞാൻ ബലംകൂടി പ്രയോഗിക്കും.’

അവൾ ചിരിച്ചുംകൊണ്ട് വയസ്സനെ എടുത്തുപൊന്തിക്കാൻ ശ്രമിച്ചു.

‘നിങ്ങളുടെ മുറി ഇപ്പോഴും അവിടെ അങ്ങനെത്തന്നെയിരിക്കുന്നു’. അവൾ തുടർന്നു. ‘ഇപ്പോൾ തോട്ടം എന്തു ഭംഗിയിലിരിക്കുന്നു എന്നോ! പൂച്ചെടികൾക്കൊരു സുഖംതന്നെ. വഴികളിലൊക്കെ പുഴമണ്ണു കൊണ്ടുവന്നിടുവിച്ചു. ഊത നിറത്തിൽ ചെറിയ ഇത്തിളുകളുണ്ട്. നിങ്ങൾ എന്റെ ‘സ്റ്റ്രാബറി’പ്പഴം തിന്നുനോക്കണം! ഞാൻതന്നെയാണ് അവയ്ക്കു നനയ്ക്കാറ്. ഇനി ‘മദാം’ എന്നു പറയാൻ പാടില്ല, ‘മൊസ്യു ഴാങ്’ എന്നും പറഞ്ഞുകൂടാ; ഞങ്ങൾ പ്രജാവാഴ്ചക്കാരാണ്. എല്ലാവരും നീ എന്നു പറയണം, അല്ലേ മരിയുസ്? മട്ടൊക്കെ മാറി. അച്ഛാ. എനിക്കൊരാപത്തു പറ്റിയതു കേൾക്കണം: ചുമരിന്റെ ഒരു പൊത്തിൽ ഒരു ചുകപ്പുകിളി കൂടുകെട്ടിയിരുന്നു; അതിനെ ഒരു വല്ലാത്ത പൂച്ച പിടിച്ചുകളഞ്ഞു. സ്വന്തം ജനാലയിലൂടെ കൊച്ചുതല പുറത്തേക്കിട്ട് എന്നെ നോക്കാറുള്ള എന്റെ സാധു ഓമനപ്പക്ഷിക്കുഞ്ഞ്! ഞാൻ വളരെ കരഞ്ഞു. എനിക്ക് ആ പൂച്ചയെ കൊല്ലണമെന്നുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആരും കരയുന്നില്ല. എല്ലാവരും ചിരിക്കുന്നു, എല്ലാവർക്കും സുഖംതന്നെ. നിങ്ങൾ ഞങ്ങളുടെ കൂടെ പോരണം, മുത്തച്ഛന്ന് എന്തു രസമാവും! തോട്ടത്തിൽ നിങ്ങളുടെ വകയായി ഒരു ഭാഗമെടുക്കാം. അതിൽ കൃഷി ചെയ്യാം; എന്റെ സ്റ്റ്രാബറിയോ അച്ഛന്റെ സ്റ്റ്രാബറിയോ ഏറെ നന്നാവുകയെന്നു നമുക്കുനോക്കാം. നിങ്ങൾ പറയുന്നതൊക്കെ ഞാൻ ചെയ്യാം; ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുമല്ലോ.’

ഴാങ് വാൽഴാങ് അവൾ പറയുന്നതൊന്നും മനസ്സിലാവാതെതന്നെ മനസ്സുവെച്ചിരുന്നു. അവൾ പറയുന്നതിലെ കാര്യത്തിനെക്കാളധികം അവളുടെ വാക്കുകളിലുള്ള മാധുര്യമാണ് അയാൾ ശ്രദ്ധിച്ചിരുന്നത്; ആത്മാവിന്റെ വ്യസനമയങ്ങളായ മുത്തുമണികളായ ആ വലിയ കണ്ണുനീർത്തുള്ളികളിലൊന്ന് അയാളുടെ കണ്ണുകളിൽ പതുക്കെ ഉരുണ്ടുകൂടി. അയാൾ മന്ത്രിച്ചു: ‘ഈശ്വരൻ ദയാലുവാണെന്നുള്ളതിന്റെ അടയാളമാണ് വീണ്ടും വന്നത് ‘അച്ഛാ’, കൊസെത്ത് പറഞ്ഞു. ഴാങ് വാൽഴാങ് തുടർന്നു. ‘നമ്മൾ ഒരുമിച്ചു താമസിക്കുകയാണെങ്കിൽ അതു വളരെ നന്നായിരിക്കും, ശരിയാണ്, അവരുടെ മരങ്ങളിലൊക്കെ പക്ഷികളുണ്ട്. ഞാൻ കൊസെത്തുമായി ലാത്തും. കുശലം പറകയും തോട്ടത്തിൽ അന്യോന്യം സംസാരിച്ചുനടക്കുകയും ചെയ്യുന്ന ഈ ജീവിച്ചിരിക്കുന്നവരോടു കൂടിക്കഴിയാൻ രസമുണ്ട്. ആളുകൾ പുലർച്ചെ മുതൽ അന്യോന്യം കാണുന്നു. നമ്മൾ ഓരോരുത്തന്നും സ്വന്തമായി ഓരോ സ്ഥലം കണ്ടുപിടിക്കണം. ഞാനവളുടെ സ്റ്റ്രാബറിപ്പഴം തിന്നണമെന്നാണവൾക്ക്. ഞാനെന്റെ പനിനീർപ്പൂവുകളെ അവളെക്കൊണ്ടു പറിച്ചുകൂട്ടിക്കും. അതു നന്നായിരിക്കും. ഒന്നുമാത്രം…’

അയാൾ നിർത്തി, പതുക്കെപ്പറഞ്ഞു: ‘കഷ്ടംതന്നെ!’

ആ കണ്ണുനീർത്തുള്ളി കീഴ്പോട്ടു വീണില്ല. അതു പിന്നോക്കംതന്നെ പോയി;

ആ സ്ഥാനത്തു ഴാങ് വാൽഴാങ് ഒരു പുഞ്ചിരി വെച്ചു. കൊസെത്ത് വൃദ്ധന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു.

‘എന്റെ ഈശ്വരാ!’ അവൾ പറഞ്ഞു, നിങ്ങളുടെ കൈ മുൻപത്തെക്കാളധികം തണുത്തിരിക്കുന്നു. രോഗമുണ്ടോ? വേദനപ്പെടുന്നുണ്ടോ?’

‘എനിക്കോ? ഇല്ല.’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു, ‘എനിക്കു നല്ല സുഖമാണ്. ഒന്നുമാത്രം…’ അയാൾ നിർത്തി.

‘എന്തുമാത്രം?’

‘ഞാൻ മരിക്കുകയായി.’

കൊസെത്തും മരിയുസ്സും നടുങ്ങി.

‘മരിക്കുക!’ മരിയുസ് ഉച്ചത്തിൽ പറഞ്ഞു.

‘അതേ, പക്ഷേ, സാരമില്ല,’ ഴാങ് വാൽഴാങ് പറഞ്ഞു.

അയാൾ ശ്വാസം വീണ്ടെടുത്തു. പുഞ്ചിരിയിട്ടുകൊണ്ടു പറഞ്ഞു: ‘കൊസെത്ത്, എന്തേ നിയ്യെന്നോടു പറഞ്ഞിരുന്നത്? കേൾക്കട്ടെ; അപ്പോൾ നിന്റെ ചുകപ്പുകിളി ചത്തുപോയി. പറയു, ഞാൻ നിന്റെ ഒച്ച കേൾക്കട്ടെ. മരിയുസ് സംഭ്രമത്തോടുകൂടി വൃദ്ധനെ സൂക്ഷിച്ചുനോക്കി.

കൊസെത്ത് ഹൃദയഭേദകമായ ഒരു നിലവിളി പുറപ്പെടുവിച്ചു.

‘അച്ഛാ! അച്ഛാ! മരിക്കരുത്. നിങ്ങൾ ജീവിച്ചിരിക്കു. ഞാൻ സമ്മതിക്കില്ല, നിങ്ങൾ ജീവിച്ചിരുന്നേ പറ്റൂ. കേട്ടില്ലേ?’

ഴാങ് വാൽഴാങ് വാത്സല്യത്തോടുകൂടി അവളുടെ അടുക്കലേക്കു തന്റെ തലയുയർത്തി.

‘ഹാ! അതേ! എന്നെ മരിക്കാൻ സമ്മതിക്കാതിരിക്കു. ആർക്കറിയാം? ഒരു സമയം ഞാൻ കേട്ടേക്കാം; നിങ്ങൾ വന്ന സമയത്തു ഞാൻ മരിച്ചപോലെയായിരുന്നു. നിങ്ങളുടെ വരവ് അതിനെ തടഞ്ഞു; ഞാൻ വീണ്ടും ജനിച്ചപോലെ തോന്നുന്നു.’

‘നിങ്ങൾക്കു ശക്തിയും ജീവനും പരിപൂർണ്ണമായിട്ടുണ്ട്,’ മരിയുസ് പറഞ്ഞു. ഈ നിലയിൽ ഒരാൾക്ക് മരിക്കാൻ കഴിയുമെന്നു തോന്നുന്നുണ്ടോ? നിങ്ങൾ ദുഃഖിക്കുകയുണ്ടായിട്ടുണ്ട്, ഇനി അതു വേണ്ടിവരില്ല. ഞാനാണ് നിങ്ങളോടു മാപ്പുചോദിക്കുന്നത്—അതേ, മുട്ടുകുത്തിയിരുന്നു! നിങ്ങൾ ജീവിച്ചിരിക്കാനാണ് പോകുന്നത്; ഞങ്ങളുടെ കൂടെ; വളരെക്കാലത്തേക്കും. ഞങ്ങൾ ഒരിക്കൽക്കൂടി നിങ്ങളെ കൈവശപ്പെടുത്തുന്നു. നിങ്ങളുടെ സുഖമല്ലാതെ മറ്റൊരു ചിന്തയുമില്ലാത്ത രണ്ടുപേരുണ്ട് ഞങ്ങൾ.’

‘കണ്ടുവോ’, കണ്ണുനീരിൽക്കുളിച്ചുകൊണ്ട കൊസെത്ത് പറഞ്ഞു, മരിയുസ്സതാ പറയുന്നു, നിങ്ങൾ മരിക്കുകയില്ലെന്ന്.’

ഴാങ് വാൽഴാങ് വീണ്ടും പുഞ്ചിരിയിടാൻ തുടങ്ങി.

‘നിങ്ങൾ എന്നെ കൈവശപ്പടുത്തുകയാണെങ്കിൽത്തന്നെ, മൊസ്യു പൊങ്മേർസി, എന്നെ ഞാനല്ലാതാക്കിത്തീർക്കാൻ കഴിയുമോ? ഇല്ല, ഈശ്വരനും എന്നേയും നിങ്ങളേയുംപോലെ ആലോചിച്ചു; അവിടുത്തെ അഭിപ്രായം മാറുകയില്ല, ഞാൻ പോവുകയാണ് ഇനി വേണ്ടത്. മരണം ഒരു നല്ല ഏർപ്പാടാണ്. നമുക്കാവശ്യമുള്ളതെന്താണെന്നു നമ്മെക്കാളധികം ഈശ്വരന്നാണറിയാവുന്നത്. നിങ്ങൾ സുഖിക്കുവിൻ, എന്റെ മൊസ്യു പൊങ് മേർസിക്കു കൊസെത്തിരിക്കട്ടെ; യൗവനം ഉഷസ്സിനെ വിവാഹം ചെയ്യട്ടെ; എന്റെ കുട്ടികളേ, നിങ്ങളുടെ ചുറ്റും പൂവുകളും കുയിലുകളുമായിരിക്കട്ടെ; നിങ്ങളുടെ ജീവിതം വെയിൽ തട്ടുന്ന ഒരു ചന്തമുള്ള മൈതാനമായിരിക്കട്ടെ, സ്വർഗ്ഗത്തിലെ എല്ലാ മനോഹരതകളും നിങ്ങളുടെ ആത്മാവുകളിൽ നിറയട്ടെ. ഇനി യാതൊന്നിനും കൊള്ളരുതാത്തവനായ ഞാൻ മരിച്ചോട്ടെ. ഇതൊക്കെ ഇങ്ങനെത്തന്നെയാണ് വേണ്ടത്, സംശയമില്ല, വരു; കഥയില്ലായ്മ കാണിക്കരുത്. ഇനി യാതൊന്നിനും കഴിവില്ല, എല്ലാം കഴിഞ്ഞുപോയി എന്നെനിക്കു നല്ലവണ്ണമറിയാം. ഇന്നലെ രാത്രി ഞാനാപ്പിടിപ്പാത്രം നിറച്ചുണ്ടായിരുന്ന വെള്ളം മുഴുവനും കുടിച്ചു. നിങ്ങളുടെ ഭർത്താവ് എത്ര നല്ല ആളാണ്, കൊസെത്ത്! എന്റെ കൂടെയാവുന്നതിലും എത്രയോ അധികം നിനക്കദ്ദേഹത്തിന്റെ കൂടെയിരിക്കുന്നതാണ് നല്ലത്.’

വാതില്ക്കൽനിന്ന് ഒരൊച്ച കേട്ടു.

അതു വൈദ്യന്റെ വരവായിരുന്നു.

‘വരു, വരു, വൈദ്യൻ, നിങ്ങളോടു ഞാൻ യാത്ര പറയുന്നു’, ഴാങ് വാൽഴാങ് പറഞ്ഞു. ‘ഇതാ, എന്റെ സാധുക്കുട്ടികൾ.’

മരിയുസ് വൈദ്യന്റെ അടുക്കലേക്കു ചെന്നു. അയാൾ വൈദ്യനോട് ഇത്രമാത്രമേ പറഞ്ഞുള്ളു: ‘മൊസ്യു…’ പക്ഷേ, ആ പറയുന്ന മട്ടിൽ ചോദ്യം മുഴുവനും അടങ്ങിയിരുന്നു.

വൈദ്യൻ ഒരു സാഭിപ്രായമായ നോട്ടംകൊണ്ടു ചോദ്യത്തിനു മറുപടി പറഞ്ഞു.

‘നമ്മുടെ ഇഷ്ടംപോലെയായില്ലെന്നുവെച്ചു’, ഴാങ് വാൽഴാങ് പറഞ്ഞു: ‘ഈശ്വരനോടു ദേഷ്യപ്പെടാൻ ന്യായമില്ല.’

കുറച്ചിട ആരും മിണ്ടിയില്ല.

എല്ലാ ഹൃദയവും വിങ്ങിയിരുന്നു.

കൊസെത്തിനെ നോക്കി. അവളുടെ അവയവങ്ങൾ ഓരോന്നും ഉള്ളിൽ സൂക്ഷിച്ചുവെയ്ക്കാനാണെന്നപോലെ അയാൾ അവളെ നോക്കിക്കാണാൻ തുടങ്ങി.

അയാൾ—ആ ഇറങ്ങിച്ചെന്നിരുന്ന അന്ധകാരകുണ്ഡത്തിനുള്ളിലും—കൊസെത്തിനെ നോക്കിക്കാണുന്ന സമയത്ത് ആഹ്ലാദമൂർച്ഛയിൽ പെട്ടിരുന്നു. അയാളുടെ വിളർത്ത മുഖത്തെ ആ മനോഹരമുഖത്തിന്റെ പ്രതിഫലനം പ്രകാശമാനമാക്കി.

വൈദ്യൻ അയാളുടെ നാഡി പിടിച്ചുനോക്കി.

‘ഹാ! നിങ്ങളെയാണ് അപ്പോൾ അദ്ദേഹത്തിനു കാണേണ്ടിയിരുന്നതു്!’ കൊസെത്തിനേയും മരിയുസ്സിനേയും നോക്കിക്കൊണ്ട് അയാൾ മന്ത്രിച്ചു.

എന്നിട്ടു മരിയുസ്സിന്റെ ചെകിട്ടിലേക്കു കുനിഞ്ഞുനിന്ന് അയാൾ വളരെ താഴ്‌ന്ന ഒരു സ്വരത്തിൽത്തുടർന്നു; ‘വൈകിപ്പോയി.’

ഴാങ് വാൽഴാങ് കൊസെത്തിനെ നോക്കിക്കാണാൻ ഒട്ടും കുറയ്ക്കാതെ തന്നെ, വൈദ്യനേയും മരിയുസ്സിനേയും ഗൗരവത്തോടുകൂടി നോക്കി.

അയാളുടെ മുഖത്തുനിന്നു കഷ്ടിച്ചു കേൾക്കാവുന്ന സ്വരത്തിൽ ഈ വാക്കുകൾ പുറത്തേക്കു വന്നു.

‘മരിക്കുന്നതു സാരമില്ല; ജീവിച്ചിരിക്കാതാവുക വ്യസനകരംതന്നെ.’

പെട്ടെന്ന് അയാൾ എണീറ്റുനിന്നു. ഇത്തരം ശക്തിവെയ്ക്കലുകൾ ചിലപ്പോൾ മരണപ്പിടച്ചിലിന്റെ അംഗങ്ങളാണ്. അയാൾ ഉറച്ച കാൽവെപ്പോടുകൂടി ചുമരിന്റെ അടുക്കലേക്കു നടന്നു, സഹായിക്കാൻ ചെന്ന മരിയുസ്സിനേയും വൈദ്യനേയും തട്ടിനീക്കി, ചുമരിന്മേൽ തൂക്കിയിട്ടിരുന്ന ഒരു ചെമ്പുകുരിശു വലിച്ചെടുത്തു, നല്ല തികഞ്ഞ ആരോഗ്യത്തിന്റെ ചുറുചുറുക്കോടുകൂടി തിരിച്ചുവന്ന്, ആ കുരിശുമേശപ്പുറത്തു വെയ്ക്കെ ഇങ്ങനെ ഉച്ചത്തിൽ പറഞ്ഞും: ‘ധർമ്മാർത്ഥമായി പീഡയനുഭവിച്ച ലോകമഹാത്മാവിനെ നോക്കൂ.’

ഉടനേ അയാളുടെ മാറിടം കുനിഞ്ഞു. ശവക്കല്ലറയിലെ ലഹരി ബാധിക്കാൻ തുടങ്ങിയിട്ടെന്നപോലെ, അയാളുടെ തല ചാഞ്ചാടി.

കൈമുട്ടിന്മേൽ ഇരുന്നിരുന്ന അയാളുടെ കൈകൾ കാലുറയുടെ ശീലയിലേക്കു നഖം പായിക്കാൻ തുടങ്ങി.

കൊസെത്ത് അയാളുടെ ചുമൽ താങ്ങി; അവൾ തേങ്ങിക്കരഞ്ഞു; അയാളോടു സംസാരിക്കാൻ നോക്കി, കഴിഞ്ഞില്ല.

കണ്ണുനീരോടുകൂടി കാണാറുള്ള ആ വ്യസനകരമായ ഉമിനീർ കലർന്നുവന്ന വാക്കുകൾക്കിടയിൽ അവർ ഇങ്ങനെ ചിലതു കേട്ടു:

‘അച്ഛാ, ഞങ്ങളെ വിട്ടുപോവരുത്. വിട്ടുപിരിയാൻവേണ്ടി മാത്രമാണ് ഞങ്ങൾ അച്ഛനെ കണ്ടുപിടിച്ചതെന്നു വരുമോ?’

മരണവേദന ഉഴയ്ക്കുമെന്നു പറയാം. അതു നീങ്ങുന്നു, പോകുന്നു, ശവക്കുഴിയിലേക്കു ചെല്ലുന്നു, ഉടനേ ജീവിതത്തിലേക്കുതന്നെ മടങ്ങുന്നു. മരിക്കലിൽ ഒരു തപ്പിനടക്കലുണ്ട്.

ഈ അർദ്ധമോഹാലസ്യത്തിനു ശേഷം ഴാങ് വാൽഴാങ്ങിനു ബോധം വെച്ചു; നിഴൽപ്പാടുകളെ കുടഞ്ഞുകളയാനാണെന്നപോലെ അയാൾ നെറ്റിത്തടം ഇളക്കി; ഒരിക്കൽക്കൂടി സ്വബോധസ്ഥനായി.

അയാൾ കൊസെത്തിന്റെ ഒരു കുപ്പായക്കൈഞെറി പിടിച്ചു ചുംബിച്ചു.

‘അദ്ദേഹത്തിനു ബോധം വന്നു! ഡോക്ടർ, അദ്ദേഹത്തിനു ബോധം വന്നു!’ മരിയുസ് ഉറക്കെപ്പറഞ്ഞു.

‘നിങ്ങൾ നന്ന്, രണ്ടുപേരും,’ ഴാങ് വാൽഴാങ് പറഞ്ഞു.

‘എന്നെ വേദനപ്പെടുത്തിയതെന്താണെന്നു ഞാൻ നിങ്ങളെ മനസ്സിലാക്കാൻ പോകുന്നു. മൊസ്യു പൊങ്മേർസി, നിങ്ങൾ ആ പണം തൊടാതിരുന്നതാണ് എന്നെ വേദനിപ്പിച്ചത്. ആ പണം വാസ്തവമായി നിങ്ങളുടെ ഭാര്യയ്ക്കവകാശപ്പെട്ടതാണ്. എന്റെ കുട്ടികളേ, ഞാൻ നിങ്ങളോടു പറയാം, ഈ കാരണംകൊണ്ടും നിങ്ങളെ ഇപ്പോൾ കാണാറായതു നന്നായി. കറുത്ത അമ്പർ ഇംഗ്ലണ്ടിൽ നിന്നാണ് വരുന്നത്; വെളുത്തതു നോർവെയിൽനിന്നും, അതൊക്കെ ഈ കടലാസ്സിലുണ്ട്, ഇനി വായിച്ചുനോക്കാം. വളയുണ്ടാക്കാൻ വിളക്കിയ ഇരിമ്പുതകിടു ചില്ലിന്റെ സ്ഥാനത്ത് ഇരിമ്പുചില്ലു കൂട്ടിവെയ്ക്കുക എന്നൊരു സമ്പ്രദായം ഞാൻ കണ്ടുപിടിച്ചു. അതിനു ഭംഗി കൂടും, നന്മ കൂടും, വില കുറയും. അങ്ങനെ എത്ര പണമുണ്ടാക്കാമെന്നറിയാമോ? അപ്പോൾ കൊസെത്തിന്റെ പണം അവൾക്കുള്ളതുതന്നെയാണ്. നിങ്ങളുടെ മനസ്സിനു ശങ്കയില്ലാതിരിക്കാനാണ് ഞാനിപ്പറയുന്നത്.’ വാതില്ക്കാവല്ക്കാരി മുകളിലേക്കു കയറിവന്നു വാതില്പഴുതിലൂടെ നോക്കിയിരുന്നു; വൈദ്യൻ അവളോടു പോവാൻ പറഞ്ഞു. പക്ഷേ, ആ ഹൃദയാലുവായ സ്ത്രീയെക്കൊണ്ടു മരിക്കുന്ന ആളെ നോക്കി ഇങ്ങിനെ പറയിക്കാതാക്കാൻ അയാളെക്കൊണ്ടു കഴിഞ്ഞില്ല: ഒരു മതാചാര്യനെ കാണണമെന്നുണ്ടോ?’

‘എനിക്കൊരാളുണ്ടായിരുന്നു,’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു. എന്നിട്ട് അയാൾതന്നെ തലയ്ക്കുമീതെ ഒരിടത്തേക്കു ചൂണ്ടിക്കാണിച്ചു; അവിടെ അയാൾ ആരെയോ കാണുന്നുണ്ടെന്നു തോന്നും. വാസ്തവത്തിൽ മെത്രാൻ ഈ മരണക്കിടക്കയ്ക്കരികിൽ ഉണ്ടായിരുന്നിരിക്കാം.

കൊസെത്ത് പതുക്കെ അയാളുടെ അരക്കെട്ടിലേക്ക് ഒരു തലയിണ തിരുകിവെച്ചു. ഴാങ് വാൽഴാങ് തുടർന്നു; ‘ഭയപ്പെടേണ്ടാ, മൊസ്യു പൊങ്മേർസി, ഞാൻ ഏറ്റുപറയുന്നു. ആറു ലക്ഷം ഫ്രാങ്ക് വാസ്തവമായി കൊസെത്തിന്നവകാശപ്പെട്ടതാണ്. നിങ്ങൾ അതനുദവിക്കുന്നില്ലെങ്കിൽ എന്റെ ജീവിതം വൃഥാവിലായി. ഞങ്ങൾ ആ ചില്ലുസാമാനംകൊണ്ടു നല്ല ആദായമുണ്ടാക്കി. ബേർലിൻപണ്ടങ്ങളെന്നു പറയുന്നവയോടു ഞങ്ങൾ എതിർനിന്നു. എങ്കിലും, ഇംഗ്ലണ്ടിലെ കറുത്ത ചില്ലുകളോടു മത്സരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. മിനുസക്കൊത്തുള്ള ആയിരത്തിരുനൂറു നെന്മണിത്തൂക്കത്തിനു മൂന്നു ഫ്രാങ്ക് മാത്രമേ വില വന്നിരുന്നുള്ളൂ.’

നമുക്കു പ്രിയപ്പെട്ട ഒരാൾ മരിക്കാൻ കിടക്കുമ്പോൾ പിടച്ചിലോടുകൂടി അയാളെ പറ്റിപ്പിടിക്കുന്നതും അയാളെ ഒന്നു തടഞ്ഞുനിർത്തുന്നതുമായ നോട്ടംകൊണ്ട് നാം അവരെ സൂക്ഷിച്ചുനോക്കുന്നു. ഴാങ് വാൽഴാങ് നിമിഷംപ്രതി അധികമധികം ക്ഷീണിച്ചിരുന്നു. അയാൾ മരിക്കുകയായി; വ്യസനമയമായ ആകാശാന്തത്തിലേക്ക് അയാൾ അടുത്തെത്തിത്തുടങ്ങി. അയാളുടെ ശ്വാസം ഇടവിട്ടായി; ഇടയ്ക്ക് ഒരു ചെറിയ എക്കിട്ടം വന്നുതിരക്കി കൈയനക്കാൻ അയാൾക്കു ഞെരുക്കമായി, കാലുകൾ അനങ്ങാതായി, കൈകാലുകളുടെ ക്ഷീണവും ദേഹത്തിന്റെ തളർച്ചയും വർദ്ധിക്കുന്നതോടുകൂടി അയാളുടെ ആത്മാവിലെ പ്രാഭവം മുഴുവനും നെറ്റിത്തടത്തിൽ വ്യാപിച്ചു പ്രകാശിച്ചു. അജ്ഞാതലോകത്തിലെ വെളിച്ചം അയാളുടെ കണ്ണുകളിൽ കണ്ടുതുടങ്ങി.

അയാളുടെ മുഖം വിളർക്കുകയും പുഞ്ചിരിക്കൊള്ളുകയും ചെയ്തു ജീവിതം അവിടെയില്ലാതായി, അവിടെ മറ്റെന്തോ ഒന്നായി. അയാളുടെ ശ്വാസം നേർത്തു; അയാളുടെ നോട്ടം പൂർവ്വാധികം തിളങ്ങി. ചിറകുകൾ വെച്ചുവന്ന ഒരു ശവമായി അയാൾ.

അയാൾ കൊസെത്തോട് അടുത്തു വരാൻ ആംഗ്യം കാണിച്ചു. പിന്നെ മരിയുസ്സോടും; ഒടുവിലത്തെ മണിക്കൂറിലെ ഒടുവിലത്തെ നിമിഷം അടുത്തുപോയി, സംശയമില്ല.

ദൂരത്തുനിന്നു വരികയാണെന്നു തോന്നുമാറ് അത്രമേൽ നേർത്ത ഒരു സ്വരത്തിൽ അയാൾ അവരോടു പറയാൻ തുടങ്ങി; അവരുടേയും അയാളുടേയും നടുക്ക് ഒരു ചുമരുണ്ടായി എന്നു പറയാം.

‘അടുത്തു വരു. അടുത്തു വരു, രണ്ടാളും. ഞാൻ നിങ്ങളെ അത്യന്തം സ്നേഹിക്കുന്നു. ഹാ! ഇങ്ങനെ മരിക്കാൻ പറ്റുന്നത് എത്ര നന്ന്! നിനക്ക് എന്നേയും സ്നേഹമുണ്ട്, ഇല്ലേ, കൊസെത്ത്? നിന്റെ സാധുക്കിഴവനോടു നിനക്ക് ഇപ്പോഴും ഇഷ്ടം തോന്നുന്നുണ്ടെന്ന് എനിക്കറിയാം. ആ തലയിണ എന്റെ അരക്കെട്ടിലേക്കു നീക്കിവെച്ചു തന്നത് എത്ര നന്നായി! എന്നെപ്പറ്റി നീ കുറച്ചു കരയും, ഇല്ലേ? അധികം കരയരുത് നീ യാതൊരു ദുഃഖവും അനുഭവിക്കരുതെന്നാണെനിക്ക്. എന്റെ കുട്ടികളേ, നിങ്ങൾ ധാരാളം സുഖിക്കണം. നാക്കില്ലാത്ത പട്ടകളെക്കൊണ്ട് ഇപ്പോഴും മറ്റെല്ലാറ്റിനെക്കാളുമധികം ആദായമുണ്ടാക്കാം; അതു ഞാൻ പറയാൻ വിട്ടു. പന്ത്രണ്ടു ഡജന്നു പത്തു ഫ്രാങ്കേ വില വരു, അറുപതിനു വിറ്റിരുന്നു. അതു നല്ല കച്ചവടമായിരുന്നു. അപ്പോൾ ആറു ലക്ഷം ഫ്രാങ്കുണ്ടായതിൽ മൊസ്യു പൊങ്മേർസി, നിങ്ങൾ ഒട്ടും അത്ഭുതപ്പെടേണ്ടാ. അതു ശുദ്ധമായ പണമാണ്. നിങ്ങൾക്കു മനസ്സമാധാനത്തോടുകൂടി അനുഭവിക്കാം. കൊസെത്ത്, നിനക്കു സ്വന്തം ഒരു വണ്ടി വേണം, ഇടയ്ക്കൊക്കെ നാടകശാലയിൽ ഇരിപ്പറ ഏർപ്പെടുത്തണം. നല്ല വിലപ്പെട്ട ഉടുപ്പിടണം. പിന്നെ സുഹൃത്തുക്കൾക്കു നല്ല സദ്യ കഴിക്കണം, സുഖമായി കഴിയണം. ഞാൻ കൊസെത്തിന് ഒരെഴുത്തെഴുതിയിരുന്നു. എന്റെ കത്തു കാണാം. ആ പുകക്കുഴൽത്തിണ്ണമേലുള്ള രണ്ടു മെഴുതിരിക്കാലുകൾ ഞാനവൾക്കു കൊടുക്കുന്നു. അവ വെള്ളിയാണ്; പക്ഷേ, എനിക്കവ സ്വർണ്ണംകൊണ്ടുള്ളവയാണ്, അല്ല വൈരക്കല്ലുകൊണ്ട്, അവ അവയിൽ ഇറക്കിക്കൊടുക്കുന്ന മെഴുതിരികളെ വിളക്കുകളാക്കുന്നു. അവയെ എനിക്കു തന്ന ആ മുകളിൽ നില്ക്കുന്നാൾക്ക് എന്നെപ്പറ്റി സന്തോഷംതന്നെയാണോ തോന്നിയിട്ടുള്ളതെന്ന് എനിക്കറിഞ്ഞുകൂടാ. എന്നെക്കൊണ്ടു കഴിയുന്നതു ഞാൻ ചെയ്തു. എന്റെ കുട്ടികളേ. ഞാനൊരു ദരിദ്രനാണെന്നുള്ള കഥ നിങ്ങൾ മറന്നുപോകരുത്; ആദ്യം കണ്ടേടത്ത് എവിടെയെങ്കിലും എന്നെ കുഴിച്ചുമൂടുക; സ്ഥലം കണ്ടുപിടിക്കാൻ ഒരു കല്ലു നാട്ടിയേടത്ത്. ഇതാണ് എന്റെ ആഗ്രഹം. കല്ലിന്മേൽ പേരൊന്നും വേണ്ടാ. കൊസെത്ത് ഇടയ്ക്കിടയ്ക്ക് അങ്ങോട്ടു വരുമെങ്കിൽ, അതെനിക്കു സന്തോഷമായിരിക്കും. നിങ്ങളും, മൊസ്യു പൊങ്മേർസി. നിങ്ങളെ എപ്പോഴും ഞാൻ സ്നേഹിക്കുകയുണ്ടായിട്ടില്ലെന്നു ഞാൻ സമ്മതിക്കുന്നു. ഞാനതിനു മാപ്പു ചോദിക്കുന്നു. ഇപ്പോൾ അവളും നിങ്ങളും എനിക്ക് ഒന്നായി. എനിക്കു നിങ്ങളോടു വളരെ നന്ദിയുണ്ട്. നിങ്ങൾ കൊസെത്തിനെ സുഖിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്. മൊസ്യു പൊങ്മേർസി, അവളുടെ പനിനീർപ്പുപോലുള്ള കവിളുകൾ എന്റെ സർവ്വസ്വമായിരുന്നു എന്നറിയാമോ? അവൾക്ക് അല്പമെങ്കിലും അസുഖം തട്ടിയാൽ എനിയ്ക്കു വ്യസനമായി. വലിപ്പുമേശയിൽ അഞ്ഞുറു ഫ്രാങ്കിന്റെ നോട്ടുണ്ട്. ഞാനതു തൊട്ടിട്ടില്ല. പാവങ്ങൾക്കുള്ളതാണ്. കൊസെത്ത്, നിന്റെ ഉടുപ്പ് ഇതാ, കട്ടിലിന്മേൽ കിടക്കുന്നതു കണ്ടുവോ? നിനക്കതു കണ്ടിട്ടു മനസ്സിലായോ? അതിപ്പോൾ പത്തുകൊല്ലം മുൻപത്തെയാണ്. കാലം എങ്ങനെ പാഞ്ഞുകളയുന്നു. നമ്മൾ വളരെ സുഖിച്ചു. ഒക്കെക്കഴിഞ്ഞു. കുട്ടികളേ കരയാതിരിക്കൂ; ഞാൻ വളരെ ദൂരത്തെക്കൊന്നും പോകുന്നില്ല; ഞാൻ അവിടെനിന്നു നിങ്ങളെ നോക്കിക്കാണും; രാത്രിയായാൽ നിങ്ങൾ നോക്കിക്കൊള്ളു, ഞാൻ നിങ്ങളോടു പുഞ്ചിരിയിടുന്നുണ്ടാവും. കൊസെത്ത്, നീ മൊങ്ഫേർമിയയെ ഓർമ്മിക്കുന്നുണ്ടോ? നീ കാട്ടിലായിരുന്നു; നീ വല്ലാതെ ഭയപ്പെട്ടു; വെള്ളത്തൊട്ടിയുടെ കൈപ്പിടി ഞാൻ വന്നു മേടിച്ചത് നിനക്കിപ്പോൾ ഓർമ്മയുണ്ടോ? നിന്റെ കുഞ്ഞിക്കയ്യ് ഞാൻ ഒന്നാമതായി തൊട്ടത് അപ്പോളാണ്; അത്രമേൽ തണുത്തിരുന്നു. ഹാ, നിന്റെ കൈയന്നു ചുകന്നിരുന്നു; മദാംവ്വസേല്ലു്, ഇന്നതു വെളുത്തിട്ടായി. പിന്നെ ആ വലിയ കളിപ്പാവ! നിനക്കോർമ്മയുണ്ടോ, നീയതിന് കാതറിൻ എന്നു പേരിട്ടു. അതു കന്യകാമഠത്തിലേക്കു കൊണ്ടുപോന്നില്ലല്ലോ എന്നായിരുന്നു നിനക്കു വ്യസനം. എന്റെ ഓമനക്കുട്ടി, നീ ചിലപ്പോൾ എന്നെ ചിരിപ്പിച്ചിരുന്നു; മഴയുള്ള സമയത്ത് നീ വെള്ളച്ചാലിൽ വൈക്കോൽക്കൊടിയിട്ട് അതൊലിച്ചുപോകുന്നതു നോക്കിക്കാണും. ഒരു ദിവസം ഞാൻ നിനക്കു മഞ്ഞച്ചും നീലച്ചും പച്ചച്ചും തൊപ്പകളുള്ള ഒരു തൂവൽപ്പന്തും അതടിച്ചുകളിക്കാൻ അലറിപ്പൂനിറത്തിലുള്ള ഒരു പന്തടിക്കോരികയും വാങ്ങിത്തന്നു. നീയതുമറന്നു. വിരുതും കാട്ടി നടക്കുമാറ് നീയത്ര ചെറുകുട്ടിയായിരുന്നു. നീ കളിച്ചു. നീ ചെകിട്ടിൽ മുളകിൻമണിയെടുത്തിട്ടു. അതൊക്കെ പഴങ്കഥയാണ്. സ്വന്തം കുട്ടിയോടുംകൂടി നടന്നുപോയ കാടുകളും ലാത്തിക്കൊണ്ടിരുന്ന മരച്ചുവടുകളും ഒളിച്ചുപാർത്ത കന്യകാമഠങ്ങളും, കളികളും, കുട്ടിക്കാലത്തെ പൊട്ടിച്ചിരികളും, എല്ലാം നിഴലുകളായി. അതൊക്കെ എനിക്കുള്ളതാണെന്നു ഞാൻ കരുതി. അതായിരുന്നു എന്റെ വങ്കത്തം. ആ തെനാർദിയെർമാർ ദുഷ്ടന്മാരാണ്. നീ അവർക്കു മാപ്പുകൊടുക്കണം. കൊസെത്ത്, നിന്റെ അമ്മയുടെ പേരു ഞാൻ നിനക്കു പറഞ്ഞുതരേണ്ട സമയമായി. അവളുടെ പേർ ഫൻതീൻ എന്നാണ്. ആ പേരോർമ്മിക്കണേ— ഫൻതീൻ. അതു പറയുമ്പോൾ നീ മുട്ടുകുത്തണം. അവൾ വളരെ കഷ്ടപ്പെട്ടു. അവൾക്കുനിന്നെ വലിയ ഇഷ്ടമായിരുന്നു. നിനക്കു സുഖമുള്ളതിനൊപ്പം അവൾക്കു ദുഃഖമായിരുന്നു. അങ്ങനെയാണ് ഈശ്വരൻ കാര്യങ്ങളെ ശരിപ്പെടുത്തുന്നത്. അവിടുന്ന് അവിടെ മുകളിലുണ്ട്. അവിടുന്നു നമ്മെയെല്ലാം കാണുന്നു. അവിടുത്തെ മഹത്തരങ്ങളായ നക്ഷത്രങ്ങൾക്കിടയിൽവെച്ച് അവിടുന്നെന്താണ് ചെയ്യുന്നതെന്ന് അവിടെയ്ക്കറിയാം. എന്റെ കുട്ടികളേ, ഞാനിതാ പോവുകയായി. നിങ്ങൾ അന്യോന്യം എപ്പോഴും സ്നേഹിക്കുക. അതല്ലാതെ മറ്റൊന്നും ഭൂമിയിലില്ല: അന്യോന്യമുള്ള സ്നേഹം, ഇവിടെവെച്ചു മരിച്ച സാധുക്കിഴവനെപ്പറ്റി നിങ്ങൾ ചിലപ്പോൾ ആലോചിക്കും. ഹാ, എന്റെ കൊസെത്ത്, ഇതുവരെ ഞാൻ നിന്നെ വന്നു കാണാതിരുന്നത് എന്റെ കുറ്റമല്ല; അതെന്റെ മർമ്മം പിളർത്തി; ഞാൻ തെരുവിന്റെ മൂലവരെ വന്നു; ഞാൻ പോകുന്നതു കണ്ടിട്ടുള്ളവർക്കു നേരമ്പോക്കു തോന്നിയിട്ടുണ്ടാവും. ഞാനൊരു ഭ്രാന്തനെപ്പോലെയായിരുന്നു, ഒരിക്കൽ ഞാനെന്റെ തൊപ്പിയെടുക്കാതെ പുറത്തേക്കു പോയി. എന്റെ കാഴ്ച കുറയുന്നു; എന്റെ കുട്ടികളേ, എനിക്കിനിയും പലതു പറയാനുണ്ടായിരുന്നു. ആട്ടെ സാരമില്ല. എന്നെപ്പറ്റികുറച്ചാലോചിക്കണേ. കുറേക്കൂടി അടുത്തുവരു. ഞാൻ സുഖത്തോടുകൂടി മരിക്കുന്നു. നിങ്ങളുടെ ആ നല്ല ഓമനശ്ശിരസ്സുകളെ ഒന്നിങ്ങോട്ടടുപ്പിക്കുവിൻ. ഞാനെന്റെ കൈ വെയ്ക്കട്ടെ അവയ്ക്കുമീതേ.’

കൊസെത്തും മരിയുസ്സും ഹൃദയം തകർന്നു കണ്ണുനീർകൊണ്ടു ശ്വാസംമുട്ടി.

ഓരോരുത്തരും ഴാങ് വാൽഴാങ്ങിന്റെ ഓരോ കൈയ്ക്കടുയ്ക്കലായി മുട്ടുകുത്തി; ആ വിശിഷ്ടങ്ങളായ കൈകൾ അനങ്ങാതായി. അയാൾ പിന്നോക്കം വീണിരുന്നു; മെഴുതിരിവെളിച്ചം അയാളെ തിളങ്ങിച്ചു;

അയാളുടെ വിളർത്ത മുഖം ആകാശത്തേക്കു നോക്കി; അയാൾ കൊസെത്തിനേയും മരിയുസ്സിനേയും തന്റെ കൈകൾ ചുംബനങ്ങളെക്കൊണ്ടു മൂടിക്കൊൾവാൻ അനുവദിച്ചു.

അയാൾ മരിച്ചു.

അന്നത്തെ രാത്രി നക്ഷത്രങ്ങളില്ലാത്തതും വല്ലാതെ കറുത്തിരുണ്ടതുമായിരുന്നു നിശ്ചയമായും ആ അന്ധകാരത്തിനുള്ളിൽ ഏതോ ഒരു വിശിഷ്ടദേവൻ തന്റെ ചിറകുകളും വിരുത്തി ആ ആത്മാവിനെ എതിരേറ്റു കൊണ്ടുപോവാൻ കാത്തുനില്ക്കുന്നുണ്ടായിരിക്കണം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 7; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.