images/hugo-43.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.7.4
വെളുപ്പിക്കാൻമാത്രം കഴിഞ്ഞ ഒരു കുപ്പിമഷി

അന്നേ ദിവസം കുറേക്കൂടി ശരിയാക്കിപ്പറഞ്ഞാൽ, അന്നേദിവസം വൈകുന്നേരം, മരിയുസ് ഭക്ഷണമേശയ്ക്കൽനിന്നു പോയി. ഒരു കേസ്സു നോക്കാനുള്ളതുകൊണ്ടു വായനമുറിയിലേക്കു കടക്കാൻ തുടങ്ങുമ്പോൾ, ബസ്ക് ഇങ്ങനെ പറഞ്ഞും കൊണ്ട് ഒരു കത്ത് കൈയിൽക്കൊടുത്തു: ഈ എഴുത്തെഴുതിയ ആൾ തളത്തിലുണ്ട്.’

കൊസെത്ത് മുത്തച്ഛന്റെ കൈയും പിടിച്ചു തോട്ടത്തിൽ ലാത്തുകയാണ്.

ഒരാൾക്കെന്നപോലെതന്നെ ഒരു കത്തിനും കാഴ്ചയിൽ അനിഷ്ടം തോന്നിക്കുന്ന ഒരു മട്ടുണ്ടാവാം, പരുക്കൻകടലാസ്സ് പരുക്കൻമട്ടിൽ മടക്കി—ചില കത്തു കണ്ടാൽത്തന്നെ ഒരു രസമില്ലായ്മ തോന്നും.

ബസ്ക് കൊണ്ടുവന്ന കത്ത് ഇത്തരത്തിലായിരുന്നു.

മരിയുസ് അതു വാങ്ങി, അതിനു പുകയിലനാറ്റമുണ്ട്. നാറ്റംപോലെ ഓർമ്മയെ ഉണർത്തിവിടുന്ന മറ്റൊന്നുമില്ല. മരിയുസ്സിന് ആ പുകയില മനസ്സിലായി. അയാൾ മേൽവിലാസം നോക്കി. ‘മൊസ്യു ല് ബാറൺ പൊമ്മേർസീ അവർകൾക്കു് സ്വന്തം ഹോട്ടലിൽ.’ പുകയില മനസ്സിലായതോടുകൂടി കൈയക്ഷരവും അയാൾ കണ്ടറിഞ്ഞു. അമ്പരപ്പിന്റെ വകയായി മിന്നലാട്ടങ്ങളുണ്ടെന്നു പറയട്ടെ.

മരിയുസ് അത്തരം ഒരു മിന്നൽ തട്ടിത്തെളിഞ്ഞു എന്നു തോന്നും.

ആ നാറ്റം, സ്മരണയുടെ ആ നിഗൂഢമിത്രം ഒരു ലോകത്തെ മുഴുവനും അയാളുടെ ഉള്ളിൽ തുറന്നുകാട്ടി. കടലാസ്സു, മടക്കിന്റെ രീതി, മഷിയുടെ മങ്ങിയ നിറം, എല്ലാം അതുതന്നെ, സംശയമില്ല; ആ നല്ലറിവുള്ള കൈയക്ഷരംതന്നെ; വിശേഷിച്ചു പുകയിലയും അതുതന്നെ.

ഴൊൻദ്രെത് തട്ടിൻപുറം അയാളുടെ മനസ്സിലുദിച്ചു.

അങ്ങനെ, യദൃച്ഛാസംഭവത്തിന്റെ അത്ഭുതഗതി! അയാൾ അത്രമേൽ സശ്രദ്ധമായന്വേഷിക്കുന്ന രണ്ടു വിവരങ്ങളിലൊന്ന്, വളരെയധികം ശ്രമം ചെയ്തിട്ടു നേരെയാവുന്നൊന്നല്ലെന്നു കരുതിയിരിപ്പായിരുന്ന ആ ഒന്ന്, അതിന്റെ സ്വന്തം മനസ്സാലെ, അതാ, അയാളുടെ മുൻപിൽ വന്നു നില്ക്കുന്നു.

അയാൾ ഉൽക്കണ്ഠയോടുകൂടി അരക്കു പൊട്ടിച്ചു വായിച്ചു:

‘മൊസ്യു ല് ബാറൺ: ജഗതീശ്വരൻ എനിക്കു സാമർത്ഥ്യം തന്നിരുന്നുവെങ്കിൽ ഞാൻ, ബാറൺ തെനാർ, പണ്ഡിതയോഗാംഗം (പ്രകൃതിശാസ്ത്രപണ്ഡിതയോഗം) ആയേനേ; പക്ഷേ, അതുണ്ടായില്ല. എനിക്കദ്ദേഹത്തിന്റ പേരുണ്ടെന്നു മാത്രമേയുള്ളു; ഈ ഓർമ്മ എന്നെ താങ്കളുടെ ദെയക്ക് അർഹനാക്കിയെങ്കിൽ ഭാഗ്യം. താങ്കൾ എനിക്ക് അതുകൊണ്ടു ചെയ്യുന്ന ഉപകാരം അന്ന്യോന്ന്യമായിരിക്കും. ഒരാളെപ്പറ്റി എനിക്കു ചില ഗൂഢകാര്യങ്ങളറിയാം. ആ ആൾ താങ്കളുടെയാണ്. താങ്കൾക്ക് ഒരു ഉപകാരിയാവുക എന്ന ബെഹുമതി കിട്ടാൻ ആ രെഹസ്യകാര്യം ഞാൻ അങ്ങയുടെ കാല്ക്കൽ വെക്കുന്നു. മദാം ലബരോന്ന് ഒരു വലിയ കുലീനയായതുകൊണ്ടു താങ്കളുടെ ബെഹുമാനപ്പെട്ട കുടുംബത്തിൽ കൂടാൻ ഒരവകാശവുമില്ലാത്ത ആ മനുഷ്യനെ അവിടെനിന്നാട്ടിയയക്കാനുള്ള എളുപ്പവഴി ഞാനുണ്ടാക്കിത്തരും. വാഴ്ചയൊഴിയേണ്ടിവരാതെ സൗശീല്യത്തിന്റെ ദിവ്യസ്താനത്തിനു ദുഷ്പ്രവർത്തിയോടു സംസർഗ്ഗം ചെയ്യാൻ സാധിക്കില്ല!

അവിടുത്തെ കല്പന കേൾക്കാൻ ഞാൻ തളത്തിൽ കാത്തിരിക്കുന്നു ബഹുമതിയോടുകൂടി.’

കത്തിൽ ഒപ്പിട്ടിരുന്നതു ‘തെനാർ’ എന്നാണ്.

ഒപ്പു കള്ളൊപ്പല്ല. നീളം അല്പം കുറച്ചു എന്നേയുള്ളു.

പിന്നെ വേണ്ടാത്ത വാക്കുകളും ലിപിന്യാസത്തിന്റെ മട്ടുംകൂടി ആളെ തികച്ചും വെളിപ്പെടുത്തി. ജനനസർട്ടിഫിക്കെറ്റ് മുഴുമിച്ചു.

മരിയുസ് കലശലായി ക്ഷോഭിച്ചു. ആദ്യത്തെ അമ്പരപ്പിനുശേഷം അയാൾക്കൊരു സുഖം തോന്നി. ഇനി അയാൾ അന്വേഷിച്ചുവരുന്ന മറ്റാളെക്കൂടി—അയാളെ. മരിയുസ്സിനെ രക്ഷപ്പെടുത്തിയ ആ ഒരാളെക്കൂടി— കണ്ടുകിട്ടിയാൽ പിന്നെയൊന്നും കൈവരേണ്ടതില്ല.

അയാൾ തന്റെ മേശപ്പെട്ടിയുടെ വലിപ്പു തുറന്നു, കുറേ നോട്ടെടുത്തു കീശയിലിട്ടു. മേശപ്പെട്ടിയടച്ചു, മണിയടിച്ചു. ബസ്ക് വാതിൽ പകുതി തുറന്നു.

‘ആ വന്നാളെ ഇങ്ങോട്ടു വിളിക്ക്,’ മരിയുസ് പറഞ്ഞു.

ബസ്ക് അറിയിച്ചു; ‘മൊസ്യു തെനാർ.’

ഒരു മനുഷ്യൻ അകത്തേക്കു കടന്നു.

മരിയുസ്സിനു മറ്റൊരത്ഭുതം, ആ വന്ന മനുഷ്യൻ അയാൾക്കു തീരെ അപരിചിതൻ

എന്നല്ല, വയസ്സനായിരുന്ന ആ മനുഷ്യന്ന് ഒരു തടിച്ച മൂക്കാണ്, കവിൾ ഒരു കണ്ഠവസ്ത്രംകൊണ്ടു ചുറ്റിയിരിക്കുന്നു, പച്ചപ്പട്ട് ഇരട്ട മടക്കാക്കി മറയിട്ട ഒരു പച്ചക്കണ്ണട വെച്ചിട്ടുണ്ട്. ‘അവസ്ഥക്കാരു’ടെ ഇടയിലുള്ള ഇംഗ്ലീഷ് വണ്ടിക്കാരുടെ പാഴ്മുടിപോലെ പുരികത്തിനൊപ്പം നെറ്റിയിൽ തലമുടി എണ്ണയിട്ടു പരത്തിവെച്ചിരിക്കുന്നു. അയാളുടെ തലമുടി നരച്ചിരുന്നു. അയാൾ അടിമുതൽ മുടിവരെ കറുത്ത വേഷത്തിലാണ്. ശീല പിന്നിപ്പൊളിഞ്ഞിരുന്നുവെങ്കിലും വൃത്തിയുള്ള ഉടുപ്പ്, ഗഡിയാൾക്കീശയിൽനിന്നു തൂങ്ങിക്കിടക്കുന്ന മുദ്രക്കൂട്ടം ഒരു ഗഡിയാളുണ്ടാവാമെന്നു സൂചിപ്പിക്കുന്നു. അയാൾ ഒരു പഴയ തൊപ്പി കൈയിൽപ്പിടിച്ചിട്ടുണ്ട്! കൂന്നിട്ടായിരുന്നു നടത്തം; നട്ടെല്ലിന്റെ വളവ് അയാളുടെ വണക്കത്തിന്നുള്ള അഗാധതയെ വർദ്ധിപ്പിച്ചു.

കാണുന്നവർക്ക് ഒന്നാമതായി തോന്നുക, സനിഷ്കർഷമായി കുടുക്കിട്ടു മുറുക്കിയിട്ടുണ്ടെങ്കിലും വലുപ്പക്കൂടുതലുള്ള ആ മനുഷ്യന്റെ പുറംകുപ്പായം അയാൾക്കായി തുന്നിച്ചതല്ലെന്നുള്ളതാണ്.

ഇവിടെ ഒരു കാര്യം പറഞ്ഞുവെക്കേണ്ടിവരുന്നു.

അക്കാലത്ത് റ്യൂ ബോത്രേല്ലിറിൽ, ആയുധശാലയ്ക്കടുത്തായി, ഒരു സമർത്ഥനായ യഹൂദൻ താമസിച്ചിരുന്നു; അയാളുടെ ഉദ്യോഗം കള്ളന്മാരെ മര്യാദക്കാരായി വേഷം മാറ്റുകയാണ്. അധികനേരത്തേക്ക് ആ മാറ്റം നില്ക്കില്ല; കള്ളന്ന് അത് സംഭ്രമകരമായിരുന്നു. മാറ്റം കാഴ്ചയിലേ ഉള്ളു. ഒന്നോ രണ്ടോ ദിവസത്തേക്ക്; ഒരു ദിവസത്തേക്കു മുപ്പതു സൂ ചെലവ്; എന്നാൽ ലോകത്തിൽ സാമാന്യമായുള്ള മര്യാദയുടെ ഛായ കഴിയുന്നതും കൈവരുത്തുന്ന ഒരുടുപ്പും കൊടുക്കും. ആ ഉടുപ്പുപണിക്കാരന്നു പേർ ‘വേഷംമാറ്റി’ എന്നാണ്; പാരിസ്സിലെ കീശത്തപ്പികൾ അയാൾക്ക് ഈ പേരു കൊടുത്തു; അതുകൊണ്ടു മാത്രമേ അവർക്കയാളെ അറിയാവു. അയാളുടെ പക്കൽ സാമാന്യം കൊള്ളാവുന്ന ഒരു ചമയലളുമാറിയുണ്ട്. അയാൾ ആളുകളെ ഉടുത്തുകെട്ടിച്ചയച്ചിരുന്ന കീറത്തുണികൾ ഏതാണ്ട് വിശ്വാസജനകങ്ങളാണ്. അയാളുടെ വശം സവിശേഷസാധനങ്ങളും വർഗ്ഗഭേദങ്ങളുമുണ്ട്; അയാളുടെ പീടികയിലെ ഓരോ ആണിമേലും ഒരു സാമുദായികസ്ഥാനം ഇഴപിഞ്ഞി ഉപയോഗിച്ചു പഴകി തൂങ്ങിനില്ക്കുന്നു; ഇവിടെ ഒരു ന്യായാധിപന്റെ വേഷം, അവിടെ ഒരു മതാചാര്യന്റെ ഉടുപ്പ്, അപ്പുറത്ത് ഒരു ഉണ്ടികക്കച്ചവടക്കാരന്റെ ഉടുപ്പ്, ഒരു മൂലയിൽ ഉദ്യോഗത്തിൽനിന്നു പിരിഞ്ഞ ഒരു പട്ടാളക്കാരന്റെ ഉടുചമയം, മറ്റൊരിടത്ത് ഒരു സാഹിത്യകാരന്റെ ഭംഗിവേഷം, കുറേക്കൂടി അപ്പുറത്ത് ഒരു രാജ്യതന്ത്രജ്ഞന്റെ വേഷാഡംബരം.

കള്ളത്തരം പാരിസ്സിൽവെച്ചു നടത്തിപ്പോരുന്ന വമ്പിച്ച നാടകത്തിനു വേഷമൊരുക്കിക്കൊടുക്കുന്നത് ഈ സത്ത്വമാണ്. മോഷണം പുറത്തേക്കു വരികയും വികൃതിത്തം മടങ്ങിച്ചെല്ലുകയും ചെയ്യുന്ന അണിയറ അയാളുടെ മടയാണ്. ഒരു കീറത്തുണിവേഷക്കാരൻ കുള്ളൻ അയാളുടെ ചമയൽമുറിയിലേക്കു ചെല്ലും, മുപ്പതു സു മേശപ്പുറത്തു വെയ്ക്കും, അവൻ എന്തു വേഷം അഭിനയിക്കാനാണോ വെച്ചിട്ടുള്ളത് അതിനു പറ്റിയ ചമയലുടുപ്പ് തിരഞ്ഞെടുക്കും, ഇറങ്ങിപ്പോരും—അതാ ആൾ മാറിക്കഴിഞ്ഞു. പിറ്റേ ദിവസം ആ ഉടുപ്പു കണിശമായി തിരിച്ചെത്തിക്കും. കള്ളന്മാരുടെ കൈയിൽ സകലവും വിശ്വസിച്ചേല്പിച്ചിട്ടുള്ള ‘വേഷം മാറ്റി’യെ ആരും തോല്പിച്ചിട്ടില്ല. ഈ ഉടുപ്പുകൾക്ക് ഒരു തകരാറുമാത്രമുണ്ട്, ‘പാകമാവില്ല’. ഉപയോഗിക്കുന്നവർക്കുവേണ്ടി ഉണ്ടാക്കപ്പെട്ടവയല്ലാത്തതുകൊണ്ട്, അവ ചിലർക്കു കുടുക്കായിരിക്കും, ചിലർക്കേറിയിരിക്കും, ഒരാൾക്കും യോജിക്കില്ല. മനുഷ്യരുടെ സാമാന്യമായ ഉയരത്തിൽനിന്നു കുറയുകയോ ഏറുകയോ ചെയ്യുന്ന ഏതു കീശതപ്പിയും ‘വേഷം മാറ്റി’ യുടെ ഉടുപ്പിടാൻ ഞെരുങ്ങിപ്പോവും. ആരും അധികം തടിച്ചു എന്നോ അധികം മെലിഞ്ഞു എന്നോ വരാൻ പാടില്ല. ‘വേഷംമാറ്റി’ സാധാരണജനങ്ങളുടെ കാര്യം മാത്രമേ കരുതിയിട്ടുള്ളു. ആദ്യം കൈയിൽക്കിട്ടിയ ഒന്നാമത്തെ കള്ളനെ പിടിച്ചുനിർത്തി—അവൻ തടിച്ചവനോ മെലിഞ്ഞവനോ നീണ്ടവനോ കുറിയവനോ അല്ല—അവനെക്കൊണ്ട് ആ വർഗ്ഗത്തിന്റെ മുഴുവനും അളവെടുത്തിരിക്കയാണ്. അതുകൊണ്ട് യോജിപ്പിച്ചു പോവാൻ പ്രയാസമായി; ‘വേഷംമാറ്റി’യുടെ കക്ഷികൾ വല്ലവിധത്തിലും അതൊപ്പിച്ചുമാറും, അത്രയേ ഉള്ളു. അതുകൊണ്ട് വ്യത്യസ്തരുടെ കാര്യം കുഴപ്പത്തിലായി. ഉദാഹരണത്തിന്, കഴുത്തുമുതൽ കാലടിവരെ കറുപ്പുനിറത്തിലുള്ളതും അതുകൊണ്ട യോജിപ്പുള്ളതുമായ ഒരു രാജ്യതന്ത്രജ്ഞന്റെ ഉടുപ്പു പിറ്റിനു വലുപ്പം കൂടുകയും കസ്തെലിക്കലയ്ക്കു വലുപ്പം കുറയുകയും ചെയ്യുന്നു. ഒരു രാജ്യത്രന്തജ്ഞന്റെ ഉടുപ്പ് ‘വേഷം മാറ്റി’യുടെ സാമാനവിവരപ്പട്ടികയിൽ ഇങ്ങനെ വിവരിച്ചിട്ടുണ്ട്; ഞങ്ങൾ പകർക്കാം:

‘ഒരു കറുപ്പുതുണിപ്പുറംകുപ്പായം, കറുത്ത രോമത്തുണിക്കാലുറ, ഒരു പട്ടുമാർക്കുപ്പായം, ബൂട്ടുസ്സുകൾ, അടിക്കുപ്പായം.’ വക്കത്തെഴുതിയിട്ടുണ്ട്. പണിയിൽ നിന്നു പിരിഞ്ഞ രാജപ്രതിനിധി അതോടുകൂടി ഒരു കുറിപ്പും— അതു ഞങ്ങൾ പകർത്താം: ‘വേറേ ഒരു പെട്ടിയിൽ, വൃത്തിയിൽ ചുരുളിട്ട പാഴ്മുടി, പച്ചക്കണ്ണടകൾ, മുദ്രക്കൂട്ടം, ഒരിഞ്ചുനീളത്തിൽ പരുത്തിയിൽ ചുറ്റിപ്പൊതിഞ്ഞ രണ്ടു ചെറുതൂവലുകളും.’ ഇതെല്ലാം രാജ്യതന്ത്രജ്ഞന്നു, പണിയിൽനിന്നു പിരിഞ്ഞ രാജപ്രതിനിധിക്ക്, ഉള്ളതാണ്. ഈ ചമയലുടുപ്പു മുഴുവനും, ഞങ്ങൾക്കങ്ങനെ പറയാമെങ്കിൽ പ്രായം ചെന്നതാണ്; തുന്നുകൾ വെളുത്ത്, ഒരു മങ്ങിയ കുടുക്കിൻദ്വാരം കൈമുട്ടുകളിലൊന്നിൽ വായുംപിളർന്നു നില്ക്കുന്നുണ്ട്; എന്നല്ല, പുറംകുപ്പായക്കുടുക്കുകളിൽ മാറത്തുള്ള ഒന്നു കാണാനില്ല; പക്ഷേ, ഇതൊരു ചില്ലറക്കാര്യം മാത്രമാണ്; രാജ്യതന്ത്രജ്ഞന്റെ കൈ എപ്പോഴും കുപ്പായത്തിനുള്ളിൽ തിരുകിയിരിക്കുകയോ മാറത്തു വെച്ചിരിക്കുകയോ ആകകൊണ്ട് അതിന്റെ പ്രവൃത്തി ആ പോയ കുടുക്കിനെ മറയ്ക്കുകയാണല്ലോ. പാരിസ്സിലെ ഗോപ്യസ്ഥാനങ്ങളുമായി മരിയുസ് പരിചയപ്പെട്ടിരുന്നുവെങ്കിൽ ബസ്ക് ആ വിളിച്ചുകൊണ്ടുവന്ന മനുഷ്യന്റെ മേലുള്ളതു ‘വേഷംമാറ്റി’യുടെ ആ തോന്നിയതാക്കുന്ന പീടികയിൽനിന്നു കടം മേടിച്ച രാജ്യതന്ത്രജ്ഞ വേഷമാണെന്നു ക്ഷണത്തിൽ മനസ്സിലായേനേ.

കാണുമെന്നു വിചാരിച്ചിരുന്ന ആളെയല്ലാതെ മറ്റൊരാളെ കണ്ടതുകൊണ്ടുണ്ടായ മരിയുസ്സിന്റെ ആശാഭംഗം പുതുതായി വന്ന ആളുടെ ദോഷത്തിന്നായി

ആ മനുഷ്യൻ കലശലായ ഉപചാരം ഭാവിക്കുന്നതിനിടയ്ക്കു മരിയുസ് അയാളെ അടിമുതൽ മുടിവരെ സൂക്ഷിച്ചുനോക്കി. ഒരു മുഷിഞ്ഞ സ്വരത്തിൽ ചോദിച്ചു ‘എന്തു വേണം?’

ഒരടുപ്പം കാണിക്കുന്ന ഇളിയോടുകൂടി—ഒരു ചീങ്കണ്ണിയുടെ ഓമനിക്കുന്ന പുഞ്ചിരി അതിന്റെ ഏതാണ്ടൊരു ഛായ കാണിക്കും—ആ മനുഷ്യൻ മറുപടി പറഞ്ഞു: മൊസ്യു ല് ബാറനെ മുൻപ് ഒരു ഭേദപ്പെട്ട ഏതോ സ്ഥലത്തുവെച്ചു കാണാൻ എനിക്കു ഭാഗ്യമുണ്ടായിട്ടില്ലെന്നു വരാൻ വയ്യാ. വളരെക്കൊല്ലങ്ങൾക്കു മുൻപ് ഞാൻ മൊസ്യുവിനെ ബഗ്രഷിയോൺ രാജകുമാരിയുടെ താമസസ്ഥലത്തുവെച്ചും ഫ്രാൻസിലെ പ്രഭുവായ വിക്കോംത് ദംബ്രെ തിരുമനസ്സിലെ ഇരിപ്പു മുറികളിൽവെച്ചും നിശ്ചയമായും കണ്ടിട്ടുണ്ട്.

അറിയാത്ത ആളെ കണ്ടറിഞ്ഞു എന്നു ഭാവിക്കുന്നതു കള്ളത്തരത്തിന്റെ യുക്തിപ്പയറ്റുകളിൽ എപ്പോഴും എണ്ണംപറഞ്ഞ ഒന്നാണ്.

ആ മനുഷ്യന്റെ സംസാരത്തിന്റെ രീതി മരിയുസ് ശ്രദ്ധിച്ചു. ഉച്ചാരണവും ആംഗ്യവും അയാൾ മനസ്സിരുത്തി നോക്കി; പക്ഷേ, അയാളുടെ ആശാഭംഗം കൂടിയതേയുള്ളു; ഉച്ചാരണം മൂക്കിലുടെയാണ്, അയാൾ കരുതിയിരുന്ന പരുക്കൻതുളയനൊച്ചയ്ക്കു നേരെ വിരുദ്ധം.

അയാൾ തികച്ചും തോറ്റു.

‘ഞാൻ മദാം ബഗ്രഷിയോണിനെയോ മൊസ്യു ദംബ്രെയേയോ അറിയില്ല, അയാൾ പറഞ്ഞു. ‘ഞാൻ എന്റെ ജീവിതകാലത്തിന്നുള്ളിൽ അതിൽ ആരുടേയും വീട്ടിൽ ചവുട്ടിയിട്ടില്ല.’

മറുപടി നീരസത്തോടുകൂടിയായിരുന്നു. ആ വന്ന ആൾ എന്തായാലും നീരസപ്പെടില്ലെന്ന് ഉറച്ചിരുന്നതുകൊണ്ടു കിണഞ്ഞുകൂടി.

‘എന്നാൽ ഷതോബ്രിയാങ്ങിന്റെ വീട്ടിൽവെച്ചാവണം ഞാൻ അങ്ങയെ കണ്ടിട്ടുള്ളത്! ഞാൻ ഷതോബ്രിയാങ്ങിനെ നല്ലവണ്ണമറിയും അദ്ദേഹം നല്ല മര്യാദക്കാരനാണ്. അദ്ദേഹം ചിലപ്പോൾ എന്നോടു പറയും: ‘ഹേ ചങ്ങാതീ തെനാർ… നമുക്ക് ഒരു ഗ്ലാസ് വീഞ്ഞു കുടിക്കുകയല്ലേ?’

മരിയുസ്സിന്റെ ഭാവം അധികമധികം സഗൗരവമായി വന്നു.

‘ഞാൻ മൊസ്യു ദ് ഷതോബ്രിയാങ്ങിന്റെ വീട്ടിൽച്ചെല്ലുകയുണ്ടായിട്ടില്ല അതു നില്ക്കട്ടെ. എന്തു വേണം?’

ആ പരുഷസ്വരത്തിനു മുൻപിൽ ആ മനുഷ്യൻ ഒന്നുകൂടി കിഴിഞ്ഞു തലകുനിച്ചു.

‘മൊസ്യു ല് ബാറൺ, ദയചെയ്തു ഞാൻ പറയുന്നതു കേൾക്കു. അമേരിക്കയിൽ പനാമയ്ക്കടുത്തു ലഴോയ എന്നു പേരായ ഒരു ഗ്രാമമുണ്ട്. ആ ഗ്രാമത്തിൽ ഒരൊറ്റ വീടു മാത്രമേയുള്ളു—വെയിലത്തുവെച്ചു ചുട്ടെടുത്ത ഇഷ്ടികകൊണ്ടു പടുത്തുണ്ടാക്കിയ ഒരു വലിയ മൂന്നുനില ചതുരം വീട്; ആ ചതുരത്തിന്റെ ഓരോ ഭാഗവും അഞ്ഞൂറടി നീളമുണ്ട്; ചുവട്ടിലെ നിലയിൽനിന്നു പന്ത്രണ്ടടി പിന്നോക്കം വാങ്ങിയിട്ടാണ് ഓരോ മുകൾനിലയും; അപ്പോൾ ആ കെട്ടിടത്തിന്റെ നെടുനീളമെത്തുന്ന ഒരു നിലാമുറ്റം ഓരോ നിലയുടേയും മുൻപിലുണ്ട്; നടുക്കുള്ളമുറ്റത്തു നിറച്ചും സാമാനങ്ങളും മരുന്നുകലവറയുമാണ്; ജനാലയില്ല സുഷിരങ്ങളാണ്; വാതിലില്ല കോണിയാണ്; നിലത്തുനിന്ന് ഒന്നാംനിലയിലേക്കും അതിൽനിന്നു രണ്ടാംനിലയിലേക്കും അതിൽനിന്നു മൂന്നാംനിലയിലേക്കും ചെല്ലാൻ കോണികളാണ്; നടുമുറ്റത്തേക്കിറങ്ങാനും കോണി; മുറികളിലേക്കു കടക്കാൻ വാതിലില്ല, ചാരുപടി; മുകൾനിലകളിലേക്കൊന്നും കോണിപ്പടിയില്ല, കോണി; രാത്രി ചാരുപടിയടയ്ക്കും, കോണികൾ എടുത്തുമാറ്റും, സുഷിരങ്ങളിലൂടെ ചെറു തോക്കുകളും മുണ്ടംതോക്കുകളും തിരുകിശ്ശരിപ്പെടുത്തും; അകത്തേക്കു കടക്കാൻ മാർഗ്ഗമില്ല; പകൽ വീട്, രാത്രി കോട്ട; എണ്ണൂറു പേർ അതിൽ താമസിക്കും. ഇങ്ങനെയാണ്. എന്തിനാണ് ഇത്രയധികം മുൻകരുതൽ? രാജ്യം അപകടം പിടിച്ചതാണ്; നിറച്ചും നരഭുക്കുകളാണ്. അപ്പോൾ എന്തിനങ്ങോട്ട് ആളുകൾ പോകുന്നു? രാജ്യം അത്ഭുതകരമാണ്; അവിടെ സ്വർണ്ണമുണ്ട്.

എന്താണ് നിങ്ങൾ പറഞ്ഞുവരുന്നത്?’ ആശാഭംഗത്തിൽനിന്നു അക്ഷമതയിലേക്കു കടന്ന മരിയുസ് തടഞ്ഞു.

‘ഇതാണ് മൊസ്യു. ഞാൻ ക്ഷീണിച്ചുപോയ കിഴവൻ രാജ്യതന്ത്രജ്ഞനാണ്. പുരാതനപരിഷ്കാരം എന്നെ പാടുനോക്കിക്കൊള്ളാനിട്ടു. എനിക്കു കാടന്മാരെ ഒന്നു പരീക്ഷിച്ചുനോക്കണം.’

‘എന്നിട്ട്?’

‘മൊസ്യു ല് ബാറൺ, അഹംബുദ്ധിയാണ് ലോകത്തിലെ നിയമം. പകൽ മുഴുവൻ അധാനിക്കുന്ന സാധു കൃഷിക്കാരി വണ്ടി കടന്നുപോകുമ്പോൾ തിരിഞ്ഞു നോക്കുന്നു; വയലിൽ പണിയെടുക്കുന്ന കൃഷിക്കാരിയുടമസ്ഥ തിരിഞ്ഞുനോക്കുന്നില്ല. ദരിദ്രന്റെ നായ ധനവാന്റെ നേരെ കുരയ്ക്കുന്നു; ധനവാന്റെ നായ ദരിദ്രന്റെ നേരെ കുരയ്ക്കുന്നു. ഓരോരുത്തനും അവനവന്ന്. സ്വാർത്ഥസിദ്ധി—ഇതാണ് മനുഷ്യരുടെ പുരുഷാർത്ഥം. സ്വർണ്ണം, ഇതാണ് കാന്തക്കല്ല്’.

‘എന്നിട്ട് അവസാനിപ്പിക്കൂ’.

‘ഞാൻ ലഴോയയിൽച്ചെന്നു താമസമാക്കാൻ വിചാരിക്കുന്നു. ഞങ്ങൾ മൂന്നുപേരുണ്ട്. എന്റെ ഭാര്യയും എന്റെ ചെറുപ്പക്കാരി മകളും; നല്ല സൗന്ദര്യമുള്ള ഒരു പെൺകിടാവ്. യാത്രയ്ക്കു ചെലവും ബുദ്ധിമുട്ടും കൂടും. എനിക്കു കുറച്ചു പണംവേണം.’

‘അതിനു ഞാനെന്തു വേണം?’

ആ അപരിചിതൻ കഴുത്തുപട്ടയ്ക്കുള്ളിൽനിന്നു കഴുത്തു മുൻപോട്ടു നീട്ടി—കഴുകന്റേതായ ഒരാംഗ്യവിശേഷം; എന്നിട്ട് ഒന്നു ചട്ടിച്ച പുഞ്ചിരിയോടുകൂടി പറഞ്ഞു: ‘മൊസ്യു ല് ബാറൺ എന്റെ കത്തു വായിച്ചുവോ?’

ഇതിലല്പം സത്യമുണ്ട്; വാസ്തവമെന്തെന്നാൽ, എഴുത്തിലെ കാര്യം മരിയുസ്സിന്റെ മനസ്സിൽനിന്നു പോയി. അയാൾ കത്തു വായിക്കുകയല്ല, എഴുത്തു കാണുകയാണുണ്ടായത്. അയാൾ അതു മറന്നു. ഒരു നിമിഷം മുൻപ് അയാൾ മറ്റൊരു ഞെട്ടൽ കൂടി ഞെട്ടി; അയാൾ ഈ വിവരം ശ്രദ്ധിച്ചു; ‘എന്റെ ഭാര്യയും ചെറുപ്പക്കാരി മകളും.’

അയാൾ ആ അപരിചിതനെ സൂക്ഷിച്ചുനോക്കി. ഒരു വിചാരണജഡ്ജിക്ക് അതിലധികം നന്നായി നോക്കാൻ വയ്യാ, അയാൾ പതിയിരിക്കുകയാണ്

അയാൾ ഈ മറുപടിമാത്രം പറഞ്ഞു: ‘കാര്യം ശരിക്കു പറയു.’

അപരിചിതൻ കൈ രണ്ടും രണ്ടു ഗഡിയാൾക്കീശകളിലും തിരുകി, പുറത്തെയെല്ലു നിവരാതെ ഒന്നു നീണ്ടുനിന്നു, തന്റെ കണ്ണടയിലെ പച്ചച്ചില്ലിലൂടെ മരിയുസ്സിനെ അങ്ങോട്ടും സൂക്ഷിച്ചുനോക്കിക്കണ്ടു.

അങ്ങനെയാവട്ടെ മൊസ്യു. ഞാൻ ചുരുക്കി കാര്യം പറയാം. എന്റെ പക്കൽ നിങ്ങൾക്കു വില്ക്കാനുള്ള ഒരു ഗൂഢകാര്യമുണ്ട്.

‘ഒരു ഗൂഢകാര്യം?’

‘ഒരു ഗൂഢകാര്യം.’

‘എന്നെസ്സംബന്ധിച്ചതോ?’

‘ഏതാണ്ട്.’

‘എന്താണ് ഗൂഢകാര്യം?’

പറയുന്നതു ശ്രദ്ധിച്ചുകേൾക്കുന്നതോടുകൂടി അപരിചിതനെ മരിയുസ് സൂക്ഷിച്ചുനോക്കിപ്പഠിച്ചു.

‘ഞാൻ സൗജന്യമായി തുടങ്ങാം.’ അപരിചിതൻ പറഞ്ഞു. ‘ഞാൻ തരക്കേടില്ലെന്നു നിങ്ങൾ കാണുന്നുണ്ടല്ലോ.’

‘പറയു.’

‘മൊസ്യു ല് ബാറൺ, നിങ്ങളുടെ വീട്ടിൽ ഒരു കള്ളനും കൊലപാതകിയുമായ മനുഷ്യൻകൂടി താമസമുണ്ട്.’ മരിയൂസ് വിറച്ചു.

‘എന്റെ വീട്ടിലോ? ഇല്ല.’ അയാൾ പറഞ്ഞു.

അക്ഷോഭ്യനായ അപരിചിതൻ കൈമുട്ടുകൊണ്ടു തൊപ്പിയിലെ പൊടി തട്ടി, പറഞ്ഞുതുടങ്ങി: ഒരു കൊലപാതകിയും കള്ളനുമായ മനുഷ്യൻ. നോക്കു, ഞാൻ പഴയ കാലത്തെ പ്രവൃത്തികളെപ്പറ്റിയല്ല പറയുന്നത്; രാജ്യ നിയമത്തിന്റെ മുൻപിൽ കാലഹരണംകൊണ്ടും ഈശ്വരന്റെ മുൻപിൽ പശ്ചാത്താപംകൊണ്ടും മാഞ്ഞുകഴിഞ്ഞിട്ടുള്ള പണ്ടത്തെ ക്രിയകളെപ്പറ്റിയല്ല ഞാൻ പറയുന്നത്. ഇയ്യിടത്തെ പ്രവൃത്തികളെപ്പറ്റിയാണ്, ഇന്നേവരെ നീതിന്യായത്താൽ സംശയിക്കപ്പെട്ടിട്ടില്ലാത്ത വാസ്തവസംഗതികളെപ്പറ്റിയാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ തുടരട്ടെ, ഈ മനുഷ്യൻ നിങ്ങളുടെ വിശ്വാസത്തിന്നുള്ളിലും ഒരു കള്ളപ്പേരിൽ നിങ്ങളുടെ കുടുംബത്തിനകത്തും കടന്നുകൂടിയിരിക്കുന്നു. ഞാനയാളുടെ വാസ്തവപ്പേരു പറയാൻ പോകുന്നു. യാതൊരു പ്രതിഫലവും കിട്ടാതെ ഞാനതു പറയുന്നു.’

‘ഞാൻ കേൾക്കുന്നുണ്ട്.’

‘ആ മനുഷ്യന്റെ പേർ ഴാങ് വാൽഴാങ്ങെന്നാണ്.’

‘എനിക്കറിയാം.’

‘അതുപോലെതന്നെ ഒരു പ്രതിഫലവും കിട്ടാതെ അയാളാരാണെന്നും ഞാൻ പറയാൻ പോകുന്നു.’

‘പറഞ്ഞോളു.’

‘തടവിൽനിന്നു പോന്ന പുള്ളി.’

‘എനിക്കറിയാം.’

‘ഞാൻ പറഞ്ഞുതന്നതുകൊണ്ടു നിങ്ങളറിഞ്ഞു.’

‘അല്ല. അതിനുമുമ്പേ അറിയും.’

മരിയുസ്സിന്റെ ഉദാസീനസ്വരം, ‘എനിക്കറിയാം’ എന്നുള്ള രണ്ടു പ്രാവശ്യത്തെ മറുപടി, സംഭാഷണത്തിന്നനുകൂലമല്ലാത്ത അയാളുടെ വാചകച്ചുരുക്കം, അപരിചിതനിൽ കുറച്ചു ദേഷ്യത്തെ ഊതിപ്പിടിപ്പിച്ചു. അയാൾ മരിയുസ്സിന്റെ നേരെ ഉപായത്തിൽ ഒരു നിഷ്ഠുര നോട്ടംനോക്കി; ഉടനെത്തന്നെ അതു കെട്ടു. വേഗത്തിൽ കഴിഞ്ഞുവെങ്കിലും ആ നോട്ടം, ഒരിക്കൽ കണ്ടിട്ടുള്ളവർ പിന്നെ കണ്ടാൽ അറിയാതിരിക്കില്ലെന്നുള്ള തരത്തിൽ ഒന്നാണ്. ചില നോട്ടങ്ങൾ ചില ആത്മാക്കളിൽ നിന്നു മാത്രമേ പുറപ്പെടു; ആലോചനയുടെ തോക്കിൻകാതായ കണ്ണ് ആ വെളിച്ചംകൊണ്ടു മിന്നുന്നു; കണ്ണടകൾ യാതൊന്നിനേയും മറയ്ക്കുന്നില്ല; നരകത്തിന്റെ മീതെ ഒരു കണ്ണാടി വെച്ചുനോക്കൂ!

അപരിചിതൻ ഒരു പുഞ്ചിരിയോടുകൂടി ആരംഭിച്ചു: ‘ഞാൻ, മൊസ്യു ല് ബാരൺ പറയുന്നതിനെ എതിർക്കാൻ ഭാവമില്ല. ഏതായാലും, എനിക്ക് എല്ലാ കാര്യത്തിലും നല്ല അറിവുണ്ടെന്നു നിങ്ങൾ മനസ്സിലാക്കണം. ഞാനിപ്പോൾ പറയാൻ പോകുന്നകാര്യം എനിക്കുമാത്രമേ അറിവുള്ളൂ. അത് അങ്ങയുടെ ഭാവിസുഖത്തെ സംബന്ധിച്ചതാണു്. അതൊരത്ഭുതകരമായ ഗൂഢകാര്യമാണ്. അതു വില്ക്കാൻ പോകുന്നു—ഒന്നാമതു നിങ്ങളോടു ചോദിക്കാം. ആദായമുണ്ട്. ഇരുപതിനായിരം ഫ്രാങ്ക്.

‘ആ ഗൂഢകാര്യം എനിക്കു മറ്റുള്ളവപോലെതന്നെ അറിയാം.’ മരിയുസ് പറഞ്ഞു.

വില കുറച്ചു കുറയ്ക്കുകയാണ് നല്ലതെന്നു ആ മനുഷ്യന്നു തോന്നി.

‘മൊസ്യു ല് ബാറൺ, പതിനായിരം ഫ്രാങ്ക് തരാം എന്നുവെയ്ക്കു, ഞാൻ കാര്യം പറയാം.’

‘ഞാൻ ഒരിക്കൽക്കൂടി പറയുന്നു, എനിക്കു യാതൊന്നും നിങ്ങൾ പറഞ്ഞു തരാനില്ല. നിങ്ങൾ പറയാൻ പോകുന്നത് എനിക്കറിയാം.’

ആ മനുഷ്യന്റെ കണ്ണിൽ ഒരു പുതിയ മിന്നൽ മിന്നി, അയാൾ കുറച്ചുറക്കെപ്പറഞ്ഞു: ‘ഏതായാലും എനിക്കിന്നു ഭക്ഷണം കഴിക്കണം. ഞാൻ പറയുന്നു, അതൊരത്ഭുതകരമായ ഗൂഢകാര്യമാണ്. മൊസ്യു ല് ബാറൺ, ഞാൻ പറയാം. ഞാനിതാ പറയുന്നു, ഇരുപതു ഫ്രാങ്ക് തരൂ.’

മരിയൂസ് ആ മനുഷ്യനെ നിഷ്കർഷിച്ചു നോക്കി: ‘എനിക്കു നിങ്ങളുടെ അത്ഭുതകരമായ ഗൂഢകാര്യമറിയാം; ഴാങ് വാൽഴാങ്ങിന്റെ പേരറിയാവുന്നതു പോലെ, നിങ്ങളുടേയും പേരറിയാവുന്നതുപോലെ, അതും എനിക്കറിയാം!’

‘എന്റെ പേർ?’

‘അതേ.’

‘അതു ഞെരുക്കമില്ല. ഞാൻ അങ്ങയ്ക്കെഴുതിയിരുന്നു, അതിൽ പറഞ്ഞിട്ടുണ്ട്. തെനാർ.’

‘-ദി യെർ.’

‘ഏ?’

‘തെനാർദിയെർ.’

‘അതാരാണ്?’

അപകടത്തിൽ മുള്ളൻപന്നി രോമമെടുത്തു പിടിക്കുന്നു, വണ്ടു ചത്തപോലെ കിടക്കുന്നു, പഴയ രക്ഷിസംഘം ചതുരത്തിൽ അണിനിരക്കുന്നു; ഈ മനുഷ്യൻ പൊട്ടിച്ചിരിച്ചു.

എന്നിട്ട് അയാൾ കുപ്പായത്തൊങ്ങലിൽനിന്ന് ഒരു മണ്ണിൻതരി എറ്റിത്തെറിപ്പിച്ചു.

മരിയുസ് തുടർന്നു: ‘നിങ്ങൾ കൂലിക്കാരൻ ഴൊൻദ്രെത്തും, നാടകക്കാരൻ ഫബന്തുവും, കവി ഗെങ്ഫ്ളോവും, സ്പെയിൻകാരൻ ദൊൻ അൽവാരെസ്സും, മിസിസ് ബലിസാറും കൂടിയാണ്.’

‘മിസിസ് ആര്?’

‘എന്നല്ല നിങ്ങൾ മൊങ്ഫേർമിയയിൽ ഒരു ചാരായക്കടയും വെച്ചിരുന്നു.’

‘ഒരു ചാരായക്കട! ഒരിക്കലുമില്ല.’

‘ഞാൻ പറയുന്നു നിങ്ങളുടെ പേർ തെനാർദിയെർ എന്നാണ്.’

‘ഞാനതു നിഷേധിക്കുന്നു.’

‘പിന്നെ നിങ്ങളൊരു തെമ്മാടിയുമാണ്. ഇതാ.’

മരിയൂസ് കീശയിൽനിന്ന് ഒരു നോട്ടെടുത്ത് അയാളുടെ മുഖത്തേക്കിട്ടു.

‘നന്ദി പറയുന്നു! മാപ്പ്! അഞ്ഞൂറു ഫ്രാങ്ക്! മൊസ്യു ല് ബാറൺ!’

ആ മനുഷ്യൻ അമ്പരന്നു, താണുപചരിച്ചു, നോട്ടെടുത്തു പരീക്ഷണം ചെയ്തു.

‘അഞ്ഞുറു ഫ്രാങ്ക്!’ അത്ഭുതപ്പെട്ടുപോയ അയാൾ വീണ്ടും തുടങ്ങി.

‘ഒരു ശരിക്കുള്ള ഒച്ചക്കാരൻ!’ [1]

എന്നിട്ടു പരുഷതയോടുകൂടി: ‘ശരി, അങ്ങനെയാവട്ടെ!’ അയാൾ പറഞ്ഞു, ‘നമുക്കു കാര്യം പറഞ്ഞുതീർക്കുക.’

ഉടനെ ഒരു മൊച്ചയുടെ ചുറുചുറുക്കോടുകൂടി, തലമുടി പിന്നോക്കം തട്ടി, കണ്ണട വലിച്ചെടുത്തു, മുൻപു സൂചിപ്പിക്കുകയുണ്ടായ രണ്ടു തൂവലും—ഈ പുസ്തകത്തിൽത്തന്നെ മറ്റൊരു ഭാഗത്തു വായനക്കാർ ഇതു കണ്ടിട്ടുണ്ട് —മൂക്കിനുള്ളിൽ നിന്നെടുത്തു, തൊപ്പി മാറ്റുന്നപോലെ അയാൾ മുഖം മാറ്റി.

അയാളുടെ കണ്ണു മിന്നി; ചില ദിക്കിൽ കുഴികളോടും മറ്റു ചില ദിക്കിൽ മുഴകളോടുംകൂടി, മുകളിൽ ചുക്കിച്ചുളിഞ്ഞു നെറ്റിത്തടത്തിന്റെ മറവു നീങ്ങി; മുക്ക് ഒരു കൊക്കുപോലെ കൂർത്തിട്ടായി; ഒരു ദുഷ്ടമനുഷ്യന്റെ ഭയങ്കരവും കപടമയവുമായ മുഖഭാവം വീണ്ടും പ്രത്യക്ഷീഭവിച്ചു.

‘മൊസ്യു ല് ബാറന്നു തെറ്റുപറ്റിയിട്ടില്ല’, മുക്കുചിലപ്പു തീരേ മറഞ്ഞ ഒരു സുവ്യക്തസ്വരത്തിൽ അയാൾ പറഞ്ഞു, ‘ഞാൻ തെനാർദിയറാണ്.’

എന്നിട്ടു പുറത്തെ കുനിവു മാറ്റി നിവർന്നുനിന്നു.

തെനാർദിയെർ—അതയാൾതന്നെയായിരുന്നു—വല്ലാതെ, അത്ഭുതപ്പെട്ടു; അസ്വസ്ഥതയെന്നൊന്നുണ്ടാവാൻ കഴിയുമെങ്കിൽ, അയാൾ അസ്വസ്ഥനായേനെ. അത്ഭുതപ്പെടൽ കൊടുക്കാൻവേണ്ടി വന്ന ആൾ സ്വയം അത്ഭുതപ്പെട്ടു. ഈ അവമാനത്തിന് അയാൾക്ക് അഞ്ഞുറു ഫ്രാങ്ക് വില കിട്ടി; ആകപ്പാടെ അതയാൾ സ്വീകരിച്ചു; പക്ഷേ, അതുകൊണ്ട് അയാളുടെ അമ്പരപ്പു തീർന്നില്ല.

അയാൾ ഈ ബാറൺ പൊങ്മേർസിയെ ഒന്നാമതായിട്ടാണ് കാണുന്നത്; എന്നാൽ അത്രതന്നെ വേഷം മാറിയിട്ടും അയാളെ ഈ ബാറൺ പൊങ്മേർസി കണ്ടറിഞ്ഞു എന്നല്ല, തികച്ചും കണ്ടറിഞ്ഞു. പിന്നെയോ, ഈ പ്രഭുവിനു തെനാർദിയെരെപ്പറ്റി വിവരമുണ്ടെന്നു മാത്രമല്ല, ഴാങ് വാൽ ഴാങ്ങിനെസ്സംബന്ധിച്ചേടത്തോളവും നല്ല ചുവടുറപ്പുണ്ട്. ഈ ഏതാണ്ട് മീശമുളയ്ക്കാത്ത ചെറുപ്പക്കാരനാരാണ്—ഇത്രമേൽ കണിശക്കാരനും ഇത്രമേൽ ദയാലുവും, ആളുകളുടെ പേരറിയുന്നവനും, എല്ലാവരുടേയും പേർ മുഴുവനുമറിയുന്നവനും, അവർക്കു തന്റെ പണസ്സഞ്ചി തുറന്നിട്ടുകൊടുക്കുന്നവനും, ഒരു നീതിന്യായാധിപനെപ്പോലെ തെമ്മാടികളെ മൂക്കു കുത്തിക്കുന്നവനും, ഒരു വങ്കനെപ്പോലെ അവർക്കു സമ്മാനം കൊടുക്കുന്നവനും ആയ ഇയാൾ ആരാണ്?

വായനക്കാർ ഓർമ്മിക്കുന്നവിധം, തെനാർദിയെർ മരിയുസ്സിന്റെ അയൽപക്കക്കാരനായിരുന്നുവെങ്കിലും, അയാളെ അറിഞ്ഞുകണ്ടിട്ടില്ല—ഇതു പാരീസ്സിൽ അസാധാരണമല്ല; മരിയുസ്സെന്നു പേരായി ആ വീട്ടിൽ താമസമുള്ള ഒരു പരമദരിദ്രയുവാവിനെപ്പറ്റി അയാളുടെ പെൺമക്കൾ അല്പാല്പം സംസാരിച്ചുകേട്ടിട്ടില്ലെന്നില്ല. ആളേയറിയാതെ, അയാൾ ആ യുവാവിന്ന് എഴുതുകയുണ്ടായിട്ടുണ്ട്—അതു വായനക്കാർക്കറിവുള്ളതാണല്ലോ.

അയാൾ ആലോചിച്ചതിൽ ആ മരിയുസ്സും ബാറൺ പൊങ്മേർസിയുമായി ഒരു സംബന്ധത്തിന്നും വഴിയില്ല.

പൊങ്മേർസി എന്ന പേരിനെസ്സംബന്ധിച്ചേടത്തോളം വാട്ടർലു യുദ്ധക്കളത്തിൽവെച്ച് അതിന്റെ ഒടുവിലത്തെ ഒന്നുരണ്ടക്ഷരം മാത്രമേ അയാൾ കേൾക്കുകയുണ്ടായിട്ടുള്ളു; ഒരു നന്ദിപറയൽ മാത്രമായിട്ടുള്ള ഒന്നോട് ആളുകൾക്കുണ്ടാകേണ്ടതായ ആ ഒരു ന്യായമായ പുച്ഛം അയാൾക്ക് എന്നും അതിനോടുണ്ടായിരുന്നു.

ഏതായാലും, ആ പുതുദമ്പതികളെ കണ്ടുപിടിക്കാൻ ഫെബ്രവരി 16-നു മുതൽ ഏല്പിക്കപ്പെട്ടിരുന്ന അസെൽമ വഴിയായും സ്വന്തം അന്വേഷണങ്ങൾ കൊണ്ടും അയാൾക്കു പലതും മനസ്സിലാക്കാൻ പറ്റി; തന്റെ അന്ധകാരത്തിനുള്ളിൽ നിന്നുംകൊണ്ട് അയാൾക്ക് ഒന്നിലധികം കെട്ടിൻതുമ്പുകൾ കൈയിലാക്കാൻ കഴിഞ്ഞു. ഒരു ദിവസം വലിയ ഓവുചാലിന്നുള്ളിൽവെച്ച് അയാൾ കണ്ടുമുട്ടുകയുണ്ടായ ആൾ ആരായിരുന്നു എന്ന് അയാൾ ബുദ്ധിമുട്ടി കണ്ടുപിടിച്ചു. അല്ലെങ്കിൽ തലയിട്ടടിച്ച് ഊഹിച്ചുപിടിച്ചു. ആളെ കിട്ടിയപ്പോൾ ക്ഷണത്തിൽ പേരായി. ബാറൺ പൊങ്മേർസിയുടെ നവോഢ കൊസെത്താണെന്ന് അയാൾ മനസ്സിലാക്കി. പക്ഷേ, ആ വിവരം അയാൾ അപ്പോൾ ഒളിച്ചുവെച്ചതേയുള്ളൂ.

കൊസെത്ത് ആരായിരുന്നു? അയാൾക്കുതന്നെ ശരിക്കറിഞ്ഞുകൂടാ. ഒരച്ഛനില്ലാത്ത കുട്ടിയാവണമെന്ന് അയാൾ അല്പമൊന്ന് മനസ്സിലാക്കിയിട്ടുണ്ട്, ഫൻതീന്റെ ചരിത്രം അയാൾക്ക് അത്ര പിടിച്ചിരുന്നില്ല. പക്ഷേ, അതിനെപ്പറ്റി സംസാരിച്ചിട്ടു കാര്യമെന്ത്? തന്നെ മിണ്ടാതാക്കിക്കാൻവേണ്ടി അതു വല്ല സംഖ്യയും പുറത്തുവരുത്തുമോ? അതിലും നല്ല ചരക്കുകൾ വില്പനയ്ക്ക് തന്റെ കൈവശമുണ്ട്; അല്ലെങ്കിൽ ഉണ്ടെന്ന് അയാൾ വിചാരിച്ചു. പിന്നെ അയാൾ കടന്നുവന്ന ബാറൺ പൊങ്മേർസിയോടു—യാതൊരു തെളിവുമില്ലാതെ— ‘നിങ്ങളുടെ ഭാര്യ തന്തയില്ലാത്തവളാണ്’ എന്നു പറഞ്ഞുകൊടുത്താൽ, ഭർത്താവിന്റെ ബുട്ടൂസ്സും പറഞ്ഞ ആളുടെ നടുപ്പുറവും തമ്മിൽ ഒരു കൂടിക്കാഴ്ച കഴിയുകമാത്രമേ ഫലമുണ്ടാവു.

തെനാർദിയെരുടെ അഭിപ്രായത്തിൽ മരിയുസ്സുമായുള്ള സംസാരം ആരംഭിച്ചിട്ടേയില്ല. അയാൾ പിന്നോക്കം വാങ്ങണം. സൂത്രമൊന്നു കുറയ്ക്കണം, നിലയൊന്നു മാറണം, ചുവടൊന്നു തിരിക്കണം; കാര്യമായിട്ടുള്ളതൊന്നും പുറത്തെടുക്കുക കഴിഞ്ഞിട്ടില്ല; അപ്പൊഴേയ്ക്കും അഞ്ഞൂറു ഫ്രാങ്ക്: കീശയിൽ വന്നു എന്നല്ല, അയാൾക്കു കുറച്ചു ഗൗരവപ്പെട്ട കാര്യം പറയാനിരിക്കുന്നു; ഈ സർവ്വജ്ഞനും സർവ്വായുധധാരിയുമായ ബാറൺ പൊങ്മേർസിയുടെ മുൻപിൽക്കൂടിയും അയാളുടെ കാലുറച്ചു. തെനാർദിയെരെപ്പോലുള്ളവർക്ക് ഏതു സംഭാഷണവും ഓരോ ലയന്പയുദ്ധമാണ്. അയാൾ അപ്പോൾ ഏർപ്പെടാൻ പോകുന്ന ആ ഒന്നിൽ അയാളുടെ നിലയെന്താണ്? താൻ സംസാരിക്കുന്നതാരോടാണെന്നറിഞ്ഞുകൂടാ; പക്ഷേ, താൻ സംസാരിക്കുന്നതെന്തിനെപ്പറ്റിയാണെന്ന് അയാൾക്കു തികച്ചുമറിയാം; അയാൾ തന്റെ ആന്തരശക്തികളെയെല്ലാം ഒന്നോടിച്ചു നോക്കിക്കണ്ടതിന്നുശേഷം, ‘ഞാൻ തെനാർദിയെരാണ്’ എന്നും പറഞ്ഞ്, അവിടെ നിലകൊണ്ടു.

മരിയുസ് ആലോചനയിൽപ്പെട്ടു. അപ്പോൾ ഒടുവിൽ അയാൾക്ക് തെനാർദിയരെ പിടികിട്ടി. അയാൾ അത്രമേൽ കാണാനാഗ്രഹിച്ചിരുന്ന മനുഷ്യൻ അതാ മുൻപിൽ അയാൾക്കു് കേർണൽ പോങ്മേർസിയുടെ ശിപാർശിയെ ആദരിക്കാം.

ആ ധീരോദാത്തന്ന് ഈ കാട്ടുകള്ളനോടു അല്പമെങ്കിലും കടപ്പാടു വന്നു പോയല്ലോ എന്നും, തന്റെ അച്ഛൻ തനിക്കു, മരിയുസ്സിന്, ശവക്കുഴിയുടെ ഉള്ളിൽവെച്ചു എഴുതിയയച്ച കടപ്പത്രിക കൊടുത്തുതീർക്കാൻ ഈ ദിവസംവരെ താമസിക്കേണ്ടിവന്നുവല്ലോ എന്നും അയാൾ ലജ്ജിച്ചു. തെനാർദിയെരെസ്സംബന്ധിച്ചേടത്തോളമുള്ള അയാളുടെ അസ്വസ്ഥവിചാരങ്ങൾക്കിടയിൽ, ഇങ്ങനെയുള്ള ഒരു പരമവഞ്ചകനാൽ രക്ഷിക്കപ്പെടേണ്ടിവരിക എന്ന ദൗർഭാഗ്യത്തിനു കേർണൽക്കുവേണ്ടി പകരം ചെയ്യാൻ സംഗതി വന്നുവല്ലോ എന്നും അയാൾക്കു തോന്നാതിരുന്നില്ല. ഏതായാലും സമാധാനമായി. ഈ കൊള്ളരുതാത്ത മുതലാളിയുടെ കൈയിൽനിന്ന് അയാൾ കേർണലിനെ കടംതീർത്തു വീണ്ടെടുക്കുകയായി; കടക്കാരുടെ തടവുമുറിയിൽനിന്നു സ്വന്തം അച്ഛന്റെ സ്മരണയെ രക്ഷപ്പെടുത്തിക്കൊണ്ടുപോരികയാണ് താൻ ആ ചെയ്യാൻ പോകുന്നതെന്നു കരുതി. ഈ ചുമതലയുടെ അടുത്തുതന്നെ മറ്റൊന്നുകൂടിയുണ്ട്—കൊസെത്തിന്റെ സ്വത്ത് എവിടെ നിന്നുണ്ടായിയെന്നും പക്ഷേ, മനസ്സിലാക്കാം. അതിന്നുള്ള തഞ്ചം തനിയേ വന്നു. ഒരു സമയം തെനാർദിയെർക്കറിവുണ്ടാവാം. ഈ മനുഷ്യനെ അടിവരെ ചെനക്കി നോക്കുന്നതുകൊണ്ടു പ്രയോജനമുണ്ട്.

അയാൾ ഇങ്ങനെ തുടങ്ങിവെച്ചു.

തെനാർദിയെർ ആ ‘ശരിക്കുള്ള ഒച്ചക്കാരനെ’ ഗഡിയാൾക്കീശയിൽ ഒളിപ്പിച്ചുവെച്ചു, മരിയുസ്സിനെ ഏതാണ്ടു വാത്സല്യത്തോടടുക്കുന്ന ഒരു സമ്യമട്ടോടുകൂടി നോക്കിക്കാണുകയാണ്.

മരിയുസ് ആദ്യം മിണ്ടി.

‘തെനാർദിയെർ, ഞാൻ നിങ്ങളുടെ പേർ നിങ്ങൾക്കു പറഞ്ഞുതന്നു. ഇനി നിങ്ങൾ എനിക്കു പറഞ്ഞുതരാൻ വന്ന കാര്യമെന്താണെന്നും ഞാൻ നിങ്ങൾക്കു പറഞ്ഞുതരട്ടെ? എനിക്കും ചില വിവരങ്ങൾ കിട്ടിയിട്ടുണ്ട്. നിങ്ങൾക്കുള്ളതിലധികം അറിവ് അക്കാര്യത്തിൽ എനിക്കുണ്ടെന്നു നിങ്ങൾ കാണും. നിങ്ങൾ പറഞ്ഞപോലെ ഴാങ് വാൽഴാങ് ഒരു കൊലപാതകിയും ഒരു കള്ളനുമാണ്. ഒരു സമ്പന്നനായ വ്യവസായക്കാരനെ കട്ടുമുടിച്ചതുകൊണ്ട് ഒരു കള്ളൻ; പൊല്ലീസ്സുദ്യോഗസ്ഥനായ ഴാവേറെ കൊലപ്പെടുത്തിയതുകൊണ്ട ഒരു കൊലപാതകി.’

‘സേർ, എനിക്കു നിങ്ങൾ പറയുന്നതു മനസ്സിലാകുന്നില്ല,’ തെനാർദിയെർ പറഞ്ഞുവിട്ടു.

ഞാൻ മനസ്സിലാക്കിത്തരാം. പാദ് കലെയ് എന്നു പേരായ ഒരംശത്തിൽ 1822-ൽ തടവിൽനിന്നു ചാടിപ്പോന്ന ഒരു പുള്ളിയുണ്ടായിരുന്നു. ആ മനുഷ്യൻ മൊസ്യു മദലിയെൻ എന്ന പേരിൽ വീണ്ടും പ്രമാണിയായി, മുൻസ്ഥിതിയെടുത്തു. ഈ മനുഷ്യൻ വാസ്തവത്തിലുള്ള ഒരുത്തമമനുഷ്യനായിരുന്നു. കറുത്ത ചില്ലുസാമാനങ്ങളുണ്ടാക്കി കച്ചവടം ചെയ്ത് അദ്ദേഹം ഒരു പട്ടണം മുഴുവനും സമ്പന്നമാക്കി. സ്വന്തം സമ്പാദ്യമാണെങ്കിൽ അതും അദ്ദേഹമുണ്ടാക്കിയിരുന്നു; പക്ഷേ, അതപ്രധാനമായിട്ടാണ്; അതങ്ങനെ വന്നുചേർന്നുവെന്നു പറയാം. അദ്ദേഹം സാധുക്കളുടെയെല്ലാം വളർത്തച്ഛനായിരുന്നു. അദ്ദേഹം ആസ്പത്രികളുണ്ടാക്കി, വിദ്യാലയങ്ങളേർപ്പെടുത്തി, രോഗികളെച്ചെന്നുകണ്ടു, പെൺകുട്ടികളെ കെട്ടിച്ചുകൊടുത്തു, വിധവകളെ സംരക്ഷിച്ചു, അനാഥശിശുക്കളെ വളർത്തിപ്പോന്നു; അദ്ദേഹം രാജ്യത്തിന്റെ ഈശ്വരനായിരുന്നു. അദ്ദേഹം ബഹുമതി ചിഹ്നം വാങ്ങിയില്ല. മെയറായി നിയമിക്കപ്പെട്ടു. തടവിൽനിന്നു പോന്ന ഒരു പുള്ളിക്ക് ഈ മഹാൻ മുൻപെന്നോ ചെയ്തുപോയിട്ടുള്ള ഒരു കുറ്റം അറിവുണ്ടായിരുന്നു. അദ്ദേഹത്തെ പൊല്ലീസ്സിനെക്കൊണ്ടു പിടിപ്പിച്ചു; ആ തഞ്ചത്തിൽ ആ പഴയ തടവുപുള്ളി പാരിസ്സിൽ വന്നു ലത്തീഫ് ബാങ്കുടമസ്ഥന്റെ കൈയിൽനിന്ന് —ഇതു ആ ബാങ്കിലെ കാഷിയറിൽനിന്നു ഞാൻ മനസ്സിലാക്കിയതാണ്—കള്ളൊപ്പിട്ടുകൊടുത്തു മൊസ്യു മദലിയെന്നു ചെല്ലേണ്ടതായിരുന്ന അഞ്ചുലക്ഷത്തിലധികം ഫ്രാങ്ക് കൈയിലാക്കി. മൊസ്യു മദലിയെനെ തോല്പിച്ച ഈ തടവുപുള്ളിയാണ് ഴാങ് വാൽഴാങ്. മറ്റേ കാര്യത്തെപ്പറ്റിയാണെങ്കിൽ, അതിൽ നിങ്ങൾ എനിക്കൊന്നും പറഞ്ഞുതരേണ്ടതില്ല. ഴാങ് വാൽഴാങ് പൊല്ലീസ്സുദ്യോഗസ്ഥനായ ഴാവേറെ കൊലപ്പെടുത്തി; അയാൾ ഒരു കൈത്തോക്കുകൊണ്ട് ആ ഒറ്റുകാരന്റെ കഥകഴിച്ചു. നിങ്ങളോടു പറയുന്ന ഈ ഞാൻ അവിടെ ഹാജരുണ്ടായിരുന്നു.’

ഒരിക്കൽക്കൂടി വിജയത്തിന്മേൽക്കൈചെന്ന ഒരു പരാജിതന്റെ, ഒരു ക്ഷണനേരംകൊണ്ടു പൊയ്പോയ ചുവടെല്ലാം വീണ്ടുകിട്ടിയ ഒരു ഗുസ്തിക്കാരന്റെ, അന്തസ്സുകൂടിയ നോട്ടം തെനാർദിയെർ മരിയുസ്സിന്റു മേൽ വ്യാപരിപ്പിച്ചു. പക്ഷേ, ഉത്തരക്ഷണത്തിൽ വീണ്ടും പുഞ്ചിരിക്കൊണ്ടു. മേലാളിയുടെ മുൻപിൽ നില്ക്കുന്ന കീഴാളിയുടെ വിജയഹർഷം മുഖസ്തുതി പറയലായിരിക്കണം.

തെനാർദിയെർ മരിയുസ്സോട് ഇങ്ങനെ പറഞ്ഞതുകൊണ്ട് തൃപ്തിപ്പെട്ടു: ‘ബാറണവർകൾ, നമ്മുടെ വഴി പിഴച്ചിരിക്കുന്നു.’

മുദ്രക്കൂട്ടങ്ങളെ സാഭിപ്രായമായി ഒന്നു ചുറ്റിത്തിരിച്ചുകൊണ്ട് ഈ പറഞ്ഞതിന് അയാൾ ചുവട്ടിൽ ഒരു വരകൂടിയിട്ടു.

‘എന്ത്!’ മരിയുസ് പറയുകയുണ്ടായി, ‘നിങ്ങൾ അതില്ലെന്നു വാദിക്കുന്നോ. ഇതുകൾ വാസ്തവസംഗതികളാണ്.’

‘കമ്പങ്ങളാണ്. ബാറണവർകൾ എന്നോടു കാണിക്കുന്ന വിശ്വാസംമൂലം, ഞാനതൂന്നിപ്പറയേണ്ടിയിരിക്കുന്നു. എന്തുതന്നെയായാലും സത്യവും ന്യായവും കൈവിട്ടുകൂടാ. അന്യായമായി ആളുകളെ കുറ്റപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല, അല്ലയോ ബാറണവരകൾ, ഴാങ് വാൽഴാങ് മൊസ്യു മദലിയെന്റെ പണം തോല്പിച്ചിട്ടില്ല; ഴാങ് വാൽഴാങ് ഇൻസ്പെക്ടർ ഴാവേറെ കൊല്ലുകയുണ്ടായിട്ടില്ല.’

‘ഇതേറിപ്പോവുന്നു! എങ്ങനെ?’

‘രണ്ടു കാരണങ്ങളെക്കൊണ്ട്.’

‘എന്താണ്? പറയൂ.’

‘ഒന്നാമത്തത്: അയാൾ മൊസ്യു മദലിയെനെ പണം തോൽപിച്ചിട്ടില്ല; എന്തുകൊണ്ടെന്നാൽ ഴാങ് വാൽഴാങ്ങ് തന്നെയായിരുന്നു മൊസ്യു മദലിയെൻ.’

‘എന്തു കെട്ടുകഥയാണ് നിങ്ങൾ എനിക്കു പറഞ്ഞുതരുന്നത്?’

‘പിന്നെ രണ്ടാമത്തത്: അയാൾ ഴാവേറെ കൊലപ്പെടുത്തിയിട്ടില്ല; എന്തുകൊണ്ടെന്നാൽ ഴാവേറെ കൊന്നുകളഞ്ഞത് ഴാവേർ തന്നെയാണ്’

‘എന്താണീ പറയുന്നതിന്റെ അർത്ഥം?’

‘ഴാവേർ ആത്മഹത്യചെയ്തു എന്ന്.’

‘തെളിയിക്കു! തെളിയിക്കു!’ മരിയുസ് അന്തംവിട്ട് ഉച്ചത്തിൽ പറഞ്ഞുപോയി.

വൃത്തം പഠിക്കുന്നവർ ഗണം തിരിച്ചു ചൊല്ലുന്നതുപോലെ വാക്കുകളെ മുറിച്ചകത്തിക്കൊണ്ടു തെനാർദിയെർ ആരംഭിച്ചു;

‘പൊല്ലീസ്സിൻ-സ്പെക്ടർ-ഴാ-വേർ പൊങ്തോ-ഴാങ്ങിലെ-ഒരു തോ-ണിക്കടിയിൽ-മുങ്ങിച്ച-ത്തതായി-കണ്ടു.’

‘പക്ഷേ, തെളിവ്?’

തെനാർദിയെർ ഒരു കീശയിൽനിന്നു പല വലുപ്പത്തിലായി മടക്കിയിട്ടുള്ള ഒരു കൂറ്റൻ നരയൻലക്കോട്ടു പുറത്തേക്കു വലിച്ചെടുത്തു.

‘എനിക്കു രേഖകളുണ്ട്.’ അയാൾ ശാന്തമായി പറഞ്ഞു.

ഇങ്ങനെയും: ബാറണവർകൾ, നിങ്ങൾക്കുവേണ്ടി ഞാൻ ഴാങ് വാൽഴാങ്ങിനെ തികച്ചും നോക്കിപ്പഠിച്ചിട്ടുണ്ട്. ഞാൻ പറയുന്നു, ഴാങ് വാൽഴാങ്ങും മൊസ്യു മദലിയെനും ഒരാളാണ്, പിന്നെ ഴാവേറെ കൊലപ്പെടുത്തിയതു ഴാവേറല്ലാതെ മറ്റാരുമല്ല. ഞാനങ്ങനെ പറയുന്നുണ്ടെങ്കിൽ, എനിക്കതിന്നു തെളിവുകളുണ്ട്. കയ്യെഴുത്തുരേഖകളല്ല —കയ്യെഴുത്തു വിശ്വസിച്ചുകൂടാ, എഴുത്തു തഞ്ചക്കാരനാണ്—അച്ചടിച്ച രേഖകൾ.’

ഇങ്ങനെ പറയുന്നതോടുകൂടി ലക്കോട്ടിൽനിന്ന് അയാൾ മഞ്ഞച്ചു നിറംകെട്ടുവല്ലാതെ പുകയിലനാറ്റംപിടിച്ച രണ്ടു വർത്തമാനപ്പത്രപ്പായകൾ പുറത്തേക്കെടുത്തു. ആ രണ്ടു പത്രങ്ങളിൽ ഒന്നു, മടക്കുന്തോറും കീറിപ്പൊടിഞ്ഞു പഴന്തുണിപോലായിട്ടുള്ളതു, മറ്റതിനെക്കാൾ പ്രായം കൂടിയതാണെന്നു തോന്നി.

രണ്ടു വാസ്തവസംഗതികൾ, രണ്ടു തെളിവുകൾ, തെനാർദിയെർ അഭിപ്രായപെട്ടു. അയാൾ ആ രണ്ടു പത്രങ്ങളും നിവർത്തിക്കൊണ്ടു മരിയുസ്സിനെ ഏല്പിച്ചു.

ഈ രണ്ടു പത്രങ്ങളും വായനക്കാർക്കു പരിചിതങ്ങളാണ്. ഒന്ന്, ഏറ്റവും പഴക്കം കൂടിയത്, 1823 ജൂലായി 25-ാംനു-ത്തെ ദ്രാപ്പോബ്ലാങ് പത്രത്തിന്റെ ഒരു പ്രതിയാണ്; അതിലെ വരികൾ ഒന്നാം ഭാഗത്തു കാണാം; അതു മൊസ്യു മദലിയെനും ഴാങ് വാൽഴാങ്ങും ഒരാളാണെന്നു തെളിയിക്കുന്നതാണ്.

മറ്റേത് 1832 ജൂൺ 15-ാംനു-ത്തെ മൊനിത്തയ്യെ പത്രമാണ്; അതിൽ ഴാവേരുടെ ആത്മഹത്യയെ രേഖപ്പെടുത്തിയിട്ടുണ്ട്; എന്നല്ല, പൊല്ലീസ്സുമേലുദ്യോഗസ്ഥനോടു ഴാവേർ നേരിട്ടു പറഞ്ഞിട്ടുള്ളതിൽ നിന്നു, റ്യൂ ദ് ല ഷങ് വ്രെറിയിലെ വഴിക്കോട്ടയിൽവെച്ചു തടവുകാരനായി പിടിക്കപ്പെട്ടിട്ട് അയാൾ ഒരു ലഹളക്കാരന്റെ ഉദാരബുദ്ധി കാരണമാണ് ജീവനോടുകൂടി പോന്നതെന്നും ആ ലഹളക്കാരൻനിറച്ച കൈത്തോക്കിന്നു മുൻപിൽ അയാളെ നിർത്തിയിട്ടു തലയ്ക്കു നേരെവെടിവെയ്ക്കുന്നതിന്നു പകരം ആകാശത്തേക്കു തോക്കൊഴിക്കുകയാണ് ചെയ്തതെന്നും കാണുന്നു എന്നുകൂടി എടുത്തുപറഞ്ഞിരുന്നു.

മരിയുസ് വായിച്ചു. അയാൾക്കു തെളിവായി, ഒരു തീയതി അതിലുണ്ട്, തട്ടിക്കളയാൻ വയ്യാത്ത തെളിവു, തെനാർദിയെർ പറഞ്ഞത് ശരിയാണെന്നു വരുത്താൻവേണ്ടി ആ രണ്ടു പത്രങ്ങളും കല്പിച്ചുകൂട്ടി അച്ചടിപ്പിച്ചതാവാൻ വയ്യാ; മൊന്നിത്യെ പത്രത്തിൽ അച്ചടിച്ചിട്ടുള്ള ആ കുറിപ്പു പൊല്ലീസ്സുമേലുദ്യോഗസ്ഥൻ ഭരണാധികാരത്തിലേക്കയച്ചുകൊടുത്തിട്ടുള്ള വിവരണക്കുറിപ്പിന്റെ ഒരു പകർപ്പാണ്. മരിയുസ്സിനു സംശയിക്കാൻ വയ്യാ.

ബാങ്ക് ഗുമസ്തനിൽനിന്ന് കിട്ടിയ വിവരം ശരിയല്ല; അയാൾക്കു തെറ്റിപ്പോയി.

പെട്ടെന്നു മഹാനായിത്തീർന്ന ഴാങ് വാൽഴാങ് അന്ധകാരത്തിൽനിന്നു പുറത്തേക്കു പ്രവേശിച്ചു. മരിയുസ്സിനു ആഹ്ലാദസൂചകമായ ഒരൊച്ച പുറപ്പെടുവിക്കാൻ കഴിഞ്ഞില്ല.

‘അപ്പോൾ ഈ ഭാഗ്യംകെട്ട ദുഷ്ടൻ ഒരു വന്ദനീയനായ മനുഷ്യനാണ്. ആ സ്വത്തുമുഴുവനും വാസ്തവത്തിൽ അദ്ദേഹത്തിന്റെതന്നെയാണ്! അദ്ദേഹമാ മദലിയെൻ, ഒരു രാജ്യത്തിന്റെ മുഴുവനും ദൈവം! അദ്ദേഹമാണ്, ഴാങ് വാൽ ഴാങ്ങാണ്, ഴാവേറുടെ ജീവനെ രക്ഷിച്ച ആളും; അദ്ദേഹം ഒരു മഹാത്മാവാണ്! അദ്ദേഹം ഒരു ഋഷിയാണു്!’

‘അയാൾ ഒരു ഋഷിയുമല്ല, ഒരു മഹാത്മാവുമല്ല’, തെനാർദിയെർ പറഞ്ഞു.‘അയാൾ ഒരു കൊലപാതകിയും ഒരു തട്ടിപ്പറിക്കാരനുമാണ്.’

കുറച്ചധികാരശക്തിയുണ്ടെന്നു സ്വയം തോന്നിത്തുടങ്ങിയ ഒരാളുടെ സ്വരത്തിൽ അയാൾ തുടർന്നു: ‘നമുക്കു പരിഭ്രമിക്കാതിരിക്കുക.’

തട്ടിപ്പറിക്കാരൻ, കൊലപാതകി—മറഞ്ഞുകഴിഞ്ഞു എന്നു മരിയുസ് കരുതിയിരുന്ന ഈ രണ്ടു വാക്കുകൾ വീണ്ടും തിരിച്ചെത്തി, മഞ്ഞിൻതണുപ്പുള്ള ധാരാജലംപോലെ അയാളുടെ മേൽ വന്നുവീണു.

‘ഇനിയും?’ അയാൾ ചോദിച്ചു.

‘എപ്പോഴും’, തെനാർദിയെർ തിരിച്ചടിച്ചു. ഴാങ് വാൽഴാങ് മദലിയെന്റെ പണം തട്ടിയെടുത്തിട്ടില്ല. എങ്കിലും അയാൾ കള്ളനാണ്. അയാൾ ഴാവേറെ കൊന്നിട്ടില്ല. എങ്കിലും കൊലപാതകിയാണ്.’

‘നിങ്ങൾ പറയുന്നത്’, മരിയുസ് അങ്ങോട്ടടിച്ചു. ‘ആ നാല്പതു കൊല്ലം മുൻപിലത്തെ പറയാൻ മാത്രമില്ലാത്ത കളവിനെപ്പറ്റിയാണോ?—ഒരു ജീവിതദശയിലെ പശ്ചാത്താപംകൊണ്ടും സൗശീല്യംകൊണ്ടും സ്വാർത്ഥത്യാഗംകൊണ്ടും, നിങ്ങളുടെ പത്രങ്ങൾതന്നെ പറയുന്നവിധം, വേണ്ടതിലധികം പ്രായശ്ചിത്തം ചെയ്തുകഴിഞ്ഞ ആ ഒരു മോഷണത്തെപ്പറ്റി?’

‘ഞാൻ പറഞ്ഞു, കൊലപാതകവും മോഷണവുമെന്ന്; ഹേ ബാറണവർകൾ, ഞാൻ വാസ്തവസംഗതികളെപ്പറ്റിയാണ് പറയുന്നതെന്ന് ആവർത്തിക്കട്ടെ. ഞാനിപ്പോൾ പറയാൻ പോകുന്നത് ആരും അറിഞ്ഞിട്ടുള്ളതല്ല. അതു പ്രസിദ്ധീകരിക്കപ്പെടാത്ത സംഗതിയാണ്. ഴാങ് വാൽഴാങ്ങ് അവിടുത്തെ ഭാര്യയ്ക്കു സാമർത്ഥ്യത്തോടുകൂടി സമ്മാനിച്ചിട്ടുള്ള സ്വത്തിന്റെ ആഗമം ഒരു സമയം അതിൽനിന്നറിയാം. സാമർത്ഥ്യത്തോടുകൂടി എന്നു ഞാൻ പറകയുണ്ടായി; എന്തുകൊണ്ടെന്നാൽ, അങ്ങനെയൊരു സമ്മാനം സമ്മാനിച്ചതുകൊണ്ട് ഒരു മാന്യമായ തറവാട്ടിലേക്ക് അതിലെ സുഖാനുഭവങ്ങളിൽ പങ്കുകൊള്ളാറാവുകയും, ആ ഒരടികൊണ്ടുതന്നെ, തന്റെ ദുഷ്പ്രവൃത്തിയെ മറച്ചുവെയ്ക്കാനും, മോഷ്ടിച്ചെടുത്തതിനെ അനുഭവിക്കാനും, സ്വന്തം പേരിനെ കുഴിച്ചുമുടാനും, സ്വന്തമായി ഒരു കുടുംബമുണ്ടാക്കിവെയ്ക്കാനും കഴിയുകയും ചെയ്ക എന്നത് അത്ര സാമർത്ഥ്യം കുറഞ്ഞ പണിയല്ലല്ലോ.’

‘ഞാൻ നിങ്ങളെ ഇവിടെവെച്ചുതന്നെ തടയേണ്ടതാണ്, മരിയുസ് പറഞ്ഞു. ‘പക്ഷേ, മുഴുവനാക്കു.’

‘ഞാൻ മുഴുവനും പറയാം, പ്രതിഫലം നിങ്ങളുടെ ഔദാര്യംപോലെ. ഈ ഗൂഢസംഗതിക്കു കട്ടിസ്വർണ്ണം തരേണ്ടതാണ്. നിങ്ങൾ എന്നോട് ചോദിക്കും ‘നിങ്ങൾക്കു ഴാങ് വാൽഴാങ്ങിനോടു ചോദിച്ചുകൂടേ? കാരണം സാരമില്ല: അയാളുടെ കൈയിൽ ഇനി യാതൊന്നുമില്ല, ഉണ്ടായിരുന്നതെല്ലാം നിങ്ങൾക്കു തന്നുകഴിഞ്ഞു എന്നെനിക്കറിയാം; ആ വിദ്യ വളരെ സമർത്ഥമായെന്നു ഞാൻ കരുതുന്നു. എന്നാൽ ഇനി അയാളുടെ പക്കൽ ഒരു കാശുമില്ല; അയാൾ കൈ മലർത്തിക്കാണിക്കും; എനിക്കാണെങ്കിൽ, ലഴോയയിലേക്കു പോവാൻ കുറച്ചു പണം ആവശ്യമുള്ള സ്ഥിതിക്ക്, ഒരു കാശുമില്ലാത്ത ആ മനുഷ്യനെക്കാൾ എല്ലാം കൈയിൽ വന്നിരിക്കുന്ന നിങ്ങളെയാണ് ഞാനിഷ്ടപ്പെട്ടത്. എനിക്കു കുറച്ചു ക്ഷീണമുണ്ട്: ഞാൻ ഒരിടത്തിരിക്കട്ടെ.’

മരിയുസ് ഒരു കസാലയിൽ ഇരുന്നു. മറ്റേ ആളോട് ഇരിക്കാൻ ആഗ്യം കാണിച്ചു.

തെനാർദിയർ ഒരു പൊടിപ്പുകസാലയിൽ ചെന്നുകൂടി, തന്റെ രണ്ടു പത്രങ്ങളും പെറുക്കിയടുത്തു. വീണ്ടും അവയുടെ ലക്കോട്ടിലേക്കുതന്നെയാക്കി. ‘ദ്രാപ്പോബ്ലാങ്’ നഖംകൊണ്ടു കുത്തിത്തുളയ്ക്കെ ഇങ്ങനെ പിറുപിറുത്തു; ‘ഈ ഒന്നു കൈയിലാക്കാനാണ് ഞാൻ ബുദ്ധിമുട്ടിയതൊക്കെ.’

എന്നിട്ടു കാലിന്മേൽ കാലേറ്റി കസാലച്ചാരിലേക്കു മലർന്നുകിടന്നു—പറയാൻ പോകുന്നതെന്താണെന്നു തീർച്ചയുള്ള ആളുകൾ സാധാരണമായി അവലംബിക്കുന്ന നില; എന്നിട്ടു വാക്കുകളെ ഉറപ്പിച്ചുച്ചരിച്ചുകൊണ്ടു ഗൗരവത്തോടുകൂടി വിഷയത്തിലേക്കിറങ്ങി:

‘മൊസ്യു ബാറൺ, ഏകദേശം ഒരു കൊല്ലം മുൻപ് 1832-ൽ, ജൂൺ 6-ാംനു, അതായത് ലഹളദിവസം, പാരീസ്സിലെ ഒരു വലിയ ഓവുചാലിൽ പൊങ്ങ് ദ് ആൻ വലീദിനും പൊങ് ദ് യനായിക്കും നടുക്ക് ഓവുചാൽ സെയിൻ നദിയിൽ ചെന്നു ചാടുന്നേടത്ത്, ഒരു മനുഷ്യനുണ്ടായിരുന്നു.’

മരിയുസ് പെട്ടെന്നു തന്റെ കസാല തെനാർദിയെരിരിക്കുന്നതിനോട് അടുപ്പിച്ചു. തെനാർദിയെർ അതു സൂക്ഷിച്ചു; തൽക്കാലവിധി കൈയിലാകയും എതിരാളി തന്റെവാക്കുകൾക്കു മുൻപിൽ ദീർഘശ്വാസമിടുകയും ചെയ്യുന്ന ഒരു പ്രാസംഗികന്റെ ആലോചനയോടുകൂടി അയാൾ തുടർന്നു; ‘രാഷ്ട്രീയങ്ങളല്ലാത്ത കാരണങ്ങളെക്കൊണ്ട് ഒളിച്ചുതാമസിക്കാതെ ഗത്യന്തരമില്ലെന്നായ ആ മനുഷ്യൻ ഓവുചാൽ തന്റെ പാർപ്പിടമായെടുത്തു; അയാളുടെ പക്കൽ അതിന്റെ താക്കോലുണ്ടായിരുന്നു. ഞാനാവർത്തിക്കുന്നു, അതു ജൂൺ 6-ാംനാണ്; വൈകുന്നേരം എട്ടുമണിക്കായിരിക്കണം. അയാൾ ഓവുചാലിൽനിന്ന് ഒരു ശബ്ദം കേട്ടു. വല്ലാതെ പകച്ചുപോയി, അയാൾ ഒരിടത്ത് ഒളിച്ചു ചെവിയോർത്തു നിലവായി. ആ കേട്ടതു ചവുട്ടടിശബ്ദമായിരുന്നു; ആരോ ഇരുട്ടത്തു അങ്ങോട്ട് നടന്നുവരികയാണ്. അത്ഭുതാത്ഭുതം, രണ്ടാമതൊരാൾകൂടി ഓവുചാലിലുണ്ട്. ഓവുചാലിന്റെ പുറത്തേക്കുള്ള അഴിവാതിൽ അധികം അകലെയല്ല. ആ അഴികളിലൂടേ വന്നിരുന്ന ചെറുവെളിച്ചംകൊണ്ട് അങ്ങോട്ട് വന്നതാരാണെന്ന് അയാൾക്കു മനസ്സിലായി; ആ പുതിയ ആൾ പുറത്ത് എന്തോ ഒന്നിനെ ഏറ്റിയിട്ടുണ്ട്. അയാൾ കൂന്നിട്ടാണ് നടന്നിരുന്നത്. ആ കൂന്നുനടന്നിരുന്ന ആൾ തടവിൽനിന്നു ചാടിപ്പോന്ന ഒരു പുള്ളിയാണ്, ആ മനുഷ്യൻ പുറത്തേറ്റിക്കൊണ്ടുപോകുന്നത് ഒരു ശവവും. കൊലപാതകം എന്നു വെച്ചിട്ടൊന്നുണ്ടെങ്കിൽ, അതാ കയ്യോടെ. മോഷണമാണെങ്കിൽ, അതസ്പഷ്ടം; ധർമ്മമായിട്ട് ആരും ഒരു മനുഷ്യനെ കൊല്ലില്ലല്ലോ. ആ തടവുപുള്ളി ശവം പുഴയിലെറിയാനുള്ള പോക്കാണ്. ഒരു കാര്യം ഓർമ്മിക്കേണ്ടതുണ്ട്; പുറത്തെയ്ക്കുള്ള അഴിവാതില്ക്കലെത്തുന്നതിനു മുൻപ് ഓവുചാലിലൂടേ വളരെ ദൂരംപോന്നു കഴിഞ്ഞിട്ടുള്ള ആ തടവുപുള്ളി നിശ്ചയമായും ഒരു വല്ലാത്ത ചളിക്കുണ്ടു കണ്ടെത്തിയിരിക്കണം; ആ മനുഷ്യന്നു ശവത്തെ അങ്ങോട്ടെറിയാമായിരുന്നു; പക്ഷേ, പിറ്റേ ദിവസംതന്നെ ഓവുചാൽപ്പണിക്കാർ ചളിക്കുണ്ടിൽ പണിയെടുക്കുമ്പോൾ ആ ശവം കണ്ടെത്തിക്കളയും; അത് ആ കൊലപാതകിയുടെ ആലോചനയ്ക്കു യോജിച്ചിരുന്നില്ല. ആ ഭാരവും പേറി ചളിക്കുണ്ടു പിന്നിടുകയാണ് നല്ലതെന്ന് അയാൾ നിശ്ചയിച്ചു; അയാൾ വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ടാവണം; ആ ചളിക്കുണ്ടിൽവെച്ചുള്ളതിലധികം തികച്ചും ആയുസ്സു പണയംവെയ്ക്കാൻ വയ്യാ. എങ്ങനെയാണ് ആ മനുഷ്യൻ അതിൽനിന്നു് പുറത്തു കടന്നതെന്ന് എനിക്കു മനസ്സിലാവുന്നില്ല’

‘മരിയുസ് കുറേക്കൂടി അടുക്കലേക്കു കസാല വലിച്ചിട്ടു. തെനാർദിയെർ ആ തഞ്ചത്തിൽ ദീർഘശ്വാസമിട്ടു. അയാൾ തുടർന്നു:

മൊസ്യു ബാറൺ, ഒരോവുചാൽ എന്നുവെച്ചാൽ രാജവീഥിയല്ല. അവിടെ യാതൊന്നും കിട്ടില്ല. നടക്കാൻ പഴുതുകൂടിയില്ല. രണ്ടുപേർ ഒന്നിച്ച് അതിൽപ്പെട്ടാൽ തമ്മിൽ കൂട്ടിമുട്ടണം. അതാണുണ്ടായതും. അവിടെ പാർപ്പുറപ്പിച്ചിട്ടുള്ള മനുഷ്യനും അതിലെ വന്ന വഴിപോക്കനും തമ്മിൽ കണ്ടു സലാം കൊടുക്കാതെ നിവൃത്തിയല്ലെന്നായി; അതു രണ്ടു കൂട്ടർക്കും ഇഷ്ടമുള്ള കാര്യമായിരുന്നില്ലതാനും. വഴിപോക്കൻ പാർപ്പുകാരനോടു പറഞ്ഞു: ‘എന്റെ പുറത്തുള്ള ഭാരം കണ്ടുവല്ലോ; എനിക്കു പുറത്തേക്കു പോവണം; നിങ്ങളുടെ പക്കൽ താക്കോലുണ്ടല്ലോ, അതിങ്ങോട്ടു തരൂ.’ ആ തടവുപുള്ളി ഒരു വല്ലാത്ത ശക്തനാണ്. ഇല്ലെന്നു പറയാൻ നിവൃത്തിയുമില്ല. എങ്കിലും, താക്കോൽ കൈയിലുള്ളവൻ ഇടകിട്ടാൻവേണ്ടി പിശകിനിന്നു. അയാൾ ശവത്തെ പരിശോധിച്ചു; അതൊരു ചെറുപ്പക്കാരനാണെന്നും, നല്ല ഉടുപ്പിട്ടിട്ടുണ്ടെന്നും, ഏതാണ്ടൊരു ധനവാന്റെ മട്ടുണ്ടെന്നും, ചോരകൊണ്ടു വൈകൃതപ്പെട്ടിരിക്കുന്നുവെന്നുമല്ലാതെ മറ്റൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. സംസാരിക്കുന്നതിനിടയ്ക്ക് കൊലപാതകി കാണാതെ ആ കൊലചെയ്യപ്പെട്ട മനുഷ്യന്റെ പുറംകുപ്പായത്തിന്റെ പിന്നിൽനിന്ന് ഒരു കഷണം കത്തിരിച്ചെടുക്കാൻ അയാൾക്കു തഞ്ചം കിട്ടി. ആളെ കണ്ടുപിടിക്കാനുള്ള ഒരു തെളിവുരേഖ, മനസ്സിലായല്ലോ; കാര്യങ്ങളെ അന്വേഷിച്ചു പിടിക്കാനും കുറ്റക്കാരങ്കൽ കൈ ചെല്ലാനും പറ്റിയ ഒരു പണി. അയാൾ തെളിവുരേഖ കീശയിലാക്കി, അതു കഴിഞ്ഞ് അയാൾ വാതിൽ തുറന്നുകൊടുത്തു, മുതുകത്തു ഗ്രഹപ്പിഴച്ചുമടുമായി ആ മനുഷ്യനെ പുറത്തേക്കാക്കി, അഴിവാതിൽ വീണ്ടും അടച്ചുപൂട്ടി, അവിടുന്നങ്ങോട്ടുള്ള കഥയിൽ പങ്കുകൊള്ളാതിരിക്കാനും കൊലപാതകി കൊലചെയ്യപ്പെട്ട ആളെ പുഴയിലേക്കു വലിച്ചെറിയുമ്പോൾ അവിടെ ഇല്ലാതിരിക്കാനുംവേണ്ടി ഒരു പാച്ചിൽ പാഞ്ഞു. ഇപ്പോൾ മനസ്സിലായല്ലോ. ശവവുംകൊണ്ടു പോയിരുന്ന മനുഷ്യൻ ഴാങ് വാൽഴാങ്ങാണു്; താക്കോൽ കൈയിലുണ്ടായിരുന്ന ആൾ ഇപ്പോൾ നിങ്ങളോടു സംസാരിക്കുന്നു; പുറംകുപ്പായത്തിന്റെ കഷ്ണം…’

തെനാർദിയെർ തന്റെ കീശയിൽനിന്ന് ആകെ കറുത്ത പുള്ളി വീണ ഒരു കറുത്തതുണിക്കഷ്ണം കണ്ണിനുനേർക്കുയർത്തി രണ്ടു തള്ളവിരൽകൊണ്ടും രണ്ടു ചൂണ്ടാണിവിരൽകൊണ്ടും’ അമർത്തിപ്പിടിച്ചു നിവർത്തിക്കാണിച്ച് തന്റെ വാചകം മുഴുമിപ്പിച്ചു.

മരിയുസ് ചാടിയെണീറ്റു, വിളർത്തു, ശ്വാസം കിട്ടാതെ, ആ കറുത്ത തുണിക്കഷ്ണത്തിയ്മേൽ കണ്ണൂന്നിക്കൊണ്ട്, ഒരക്ഷരവും മിണ്ടാതെ, ആ കുപ്പായത്തുണ്ടത്തിൽനിന്നു കണ്ണെടുക്കാതെ, ചുമരിന്റെ അടുക്കലേക്കു വാങ്ങിവാങ്ങി ചെന്നു, പുകക്കുഴലോടടുത്തുള്ള ഒരു ചുമരളുമാറിയുടെ പൂട്ടിലുണ്ടായിരുന്ന ഒരു താക്കോൽ വലത്തെ കൈകൊണ്ടു തപ്പിനോക്കി.

അയാൾ താക്കോൽ കണ്ടെത്തി, ചുമരളുമാറി തുറന്നു, നോക്കാതെയും അപ്പോഴും തെനാർദിയെർ പിടിച്ചുകാണിക്കുകതന്നെയായിരുന്ന കീറത്തുണിയിൽനിന്നു തന്റെ അമ്പരന്ന നോട്ടമെടുക്കാതെയും അതിന്നുള്ളിലേക്കു കൈയിട്ടു.

പക്ഷേ, തെനാർദിയെർ തുടർന്നു; ‘ബാറണവർകൾ, ആ കൊല്ലപ്പെട്ട ചെറുപ്പക്കാരൻ ഴാങ് വാൽഴാങ്ങിന്റെ കെണിയിൽപ്പെട്ടുപോയ ഒരു ധനികയുവാവും ഒരുപാടു പണം അപ്പോൾ കൈയിൽ വെച്ചിരുന്ന ആളുമായിരിക്കണമെന്നാണ് എന്റെ ദൃഢബോധം’

‘ആ ചെറുപ്പക്കാരൻ ഞാനായിരുന്നു; ആ പുറംകുപ്പായം ഇതാ! മരിയുസ് വിളിച്ചുപറഞ്ഞു. എന്നിട്ട് ആകെ ചോര നിറഞ്ഞ ഒരു കറുത്ത പഴങ്കുപ്പായം അയാൾ നിലത്തേക്കു വലിച്ചെറിഞ്ഞു.

എന്നിട്ടു തെനാർദിയെർ കൈയിൽപ്പിടിച്ചിരുന്ന തുണിക്കഷ്ണം തട്ടിപ്പറിച്ചു, പുറംകുപ്പായത്തിനുമീതേ കുനിഞ്ഞിരുന്ന് ആ കീറത്തുണി കുപ്പായത്തൊങ്ങലിന്റെ പഴുതിൽ ചേർത്തു പതിച്ചു. ആ കഷ്ണം അവിടെ ശരിക്കു ചേർന്നു; ആ കഷ്ണം കൂടിയൊത്തപ്പോൾ കുപ്പായം മുഴുവനായി.

തെനാർദിയെർ നിലത്തോടു ചേർത്താണിതറയ്ക്കപ്പെട്ടു.

അയാൾ ഇങ്ങനെ വിചാരിച്ചു. ‘ഞാൻ ആകെ മറിഞ്ഞു.’

വിറച്ചുകൊണ്ടു, നിരാശനായി, പ്രകാശമാനനായി മരിയൂസ് അവിടെനിന്നെഴുന്നേറ്റു

അയാൾ കീശയിൽ കൈയിട്ടു തപ്പി തെനാർദിയെരുടെ അടുക്കലേക്കു ഭയങ്കരമട്ടിൽ നടന്നുചെന്ന് അഞ്ഞൂറു ഫ്രാങ്കിന്റെ നോട്ടുകളും ആയിരം ഫ്രാങ്കും കൈമുഷ്ടിയിൽ വാരിപ്പിടിച്ചിരുന്നത് ആ മനുഷ്യന്റെ മുഖത്തേക്ക് ഒരേറുകൊടുത്തു.

‘നിങ്ങൾ ഒരറയ്ക്കത്തക്ക ദുഷ്ടനാണ്! നിങ്ങൾ നുണയനാണ്, പരദൂഷകനാണ്, തെമ്മാടിയാണ്. നിങ്ങൾ ആ മനുഷ്യനെ കുറ്റപ്പെടുത്താൻ വന്ന്, അദ്ദേഹത്തെ മര്യാദക്കാരനാക്കി, നിങ്ങൾക്ക് അദ്ദേഹത്തെ ചീത്തപ്പെടുത്തേണ്ടിയിരുന്നു, നിങ്ങൾ അദ്ദേഹത്തെ ബഹുമാന്യനാക്കി; അപ്പോൾ നിങ്ങളാണ് കള്ളൻ! നിങ്ങളാണ് കൊലപാതകി! ഞാൻ നിങ്ങളെ തെനാർദിയെർ ഴൊൻദ്രെത്തായ നിങ്ങളെ, റ്യു ദ് ലോപ്പിത്താലിലെ ആ മടയിൽവെച്ചു കണ്ടിട്ടുണ്ട്. നിങ്ങളെ തണ്ടുവലിശിക്ഷസ്ഥലത്തേക്കല്ല വേണമെങ്കിൽ അതിന്നപ്പുറത്തേക്കുതന്നെയും പറഞ്ഞയയ്ക്കാൻ വേണ്ട വിവരങ്ങൾ ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. അധികപ്രസംഗി, ഇതാ, ആയിരം ഫ്രാങ്ക്!’

ഒരായിരം ഫ്രാങ്കിന്റെ നോട്ടുകൂടി അയാൾ വലിച്ചെറിഞ്ഞുകൊടുത്തു.

‘ഹാ, തെനാർദിയെർ ഴൊൻദ്രെത്, ആനക്കള്ള, പഴയ ഗൂഢകാര്യങ്ങളെക്കൊണ്ടുകച്ചവടം നടത്തുന്ന മനുഷ്യാ, ഗൂഢസംഗതികളെക്കൊണ്ടുള്ള വാണിഭക്കാര, ഇരുൾപ്രദേശങ്ങളെ വാരിനോക്കി നടക്കുന്ന ദുഷ്ട, ഇത് ഒരു പാഠമായിരിക്കട്ടെ! ഈ അഞ്ഞൂറു ഫ്രാങ്കും പെറുക്കിയെടുത്ത് ഇവിടെനിന്നു പോവു! വാട്ടർലൂ നിങ്ങളെ രക്ഷിക്കുന്നു.’

‘വാട്ടർലൂ!’ മുൻപുള്ളവയോട് ആ അഞ്ഞുറു ഫ്രാങ്കും എടുത്തുകൂട്ടിക്കൊണ്ടുതെനാർദിയെർ മുരണ്ടു.

‘അതേ, ആളെക്കൊല്ലി! നിങ്ങൾ അവിടെവെച്ച് ഒരു കേർണലിന്റെ ജീവൻരക്ഷിച്ചു…’

‘ഒരു ജനറലിന്റെ’ തലയുയർത്തിക്കൊണ്ടു തെനാർദിയെർ പറഞ്ഞു.

‘ഒരു കേർണലിന്റെ!’ മരിയുസ് ശുണ്ഠിയെടുത്തു പറഞ്ഞു, ഒരു ജനറൽക്കുവേണ്ടി ഞാൻ ഒരു കാശും തരുമായിരുന്നില്ല. നിങ്ങൾ ഇവിടെ കടന്നുവന്നതു ദോഷാരോപണത്തിന്നാണ്. ഞാൻ പറയുന്നു, നിങ്ങൾ എല്ലാത്തരം പാപകർമ്മങ്ങളും ചെയ്തിരിക്കുന്നു. പോവൂ! ഇനി ഇവിടെ കാണരുതു്. ഒന്നുമാത്രമേ എനിക്കു പറയാനുള്ളു, സുഖിക്കു. ഹാ! പരമദുഷ്ട! ഇതാ, ഒരു മുവ്വായിരം ഫ്രാങ്കു കൂടി. എടുത്തോളൂ നാളെ നിങ്ങൾ മകളോടുകൂടി അമേരിക്കയിലേക്കു കപ്പൽ കയറണം; എന്തെന്നില്ലാത്ത നുണയ, നിങ്ങളുടെ ഭാര്യ മരിച്ചിരിക്കുന്നുവല്ലോ നിങ്ങൾ പോകുന്നുണ്ടോ എന്നു ഞാനന്വേഷിക്കും; പോകുന്ന സമയ ഇരുപതിനായിരം ഫ്രാങ്ക്കൂടി ഞാൻ തരും. എവിടെയെങ്കിലുംപോയി കഴുകയറൂ!’

‘മൊസ്യു ബാറൺ’, നിലത്തോടു തല മുട്ടുമാറു താണുപചരിച്ചികൊണ്ടു് തെനാർദിയെർ മറുപടി പറഞ്ഞു, ‘എന്നെന്നേക്കും ഞാൻ നന്ദിയുള്ളവനായിരിക്കും.’ എന്നിട്ടു യാതൊന്നും മനസ്സിലാകാതെ, അമ്പരന്ന്, ആ സ്വർണ്ണച്ചാക്കിനു ചുവടിൽ രസമായരഞ്ഞും നോട്ടുകളെ ചിന്നിക്കൊണ്ടു തലയ്ക്കു മുകളിൽ വെച്ച് ഇരമ്പിവെട്ടിയ ഇടിവെട്ടേറ്റും ആഹ്ലാദഭരിതനായി, തെനാർദിയെർ ആ മുറിയിൽനിന്നു പോയി.

അയാൾ ഇടിവെട്ടേറ്റപോലെയായിരുന്നു, എങ്കിലും തൃപ്തനായി; ഇത്തരമുള്ള ഒരിടിമിന്നൽ തട്ടാതെയാക്കുന്ന യന്ത്രം അയാളുടെ കൈയിലുണ്ടായിരുന്നുവെങ്കിൽ അയാൾ വല്ലാതെ ശുണ്ഠിയെടുത്തേനേ.

നമുക്ക് ഈ മനുഷ്യനെപ്പറ്റിയുള്ളതു പറഞ്ഞുകഴിക്കുക.

ഈ സമയത്തു ഞങ്ങൾ പറഞ്ഞുവരുന്ന കാര്യം നടന്നിട്ടു രണ്ടു ദിവസത്തിനുശേഷം അയാൾ തന്റെ മകൾ അസെൽമയുമൊന്നിച്ചു—മരിയുസ്സിന്റെ സശ്രദ്ധമായ അന്വേഷണത്തിനു നാം നന്ദി പറയുക—ഒരു കള്ളപ്പേരിൽ കൈയിൽ ന്യൂയോർക്ക് നഗരത്തിലെ ഒരു ബാങ്കിലേക്ക് ഇരുപതിനായിരം ഫ്രാങ്കിന്റെ ചെക്കുമായി അമേരിക്കയിലെക്കു യാത്രതിരിച്ചു.

തെനാർദിയെരുടെ മനസ്സിന്റെ ചീത്തത്തം എന്തായാലും മാറാത്തതാണ്; അയാളെ ചട്ടുകമാക്കിക്കിട്ടാൻ കഴിയാതെപോയ പ്രമാണികളുടെ നഷ്ടവും തീരാത്തതുതന്നെ. അയാൾ അമേരിക്കയിൽച്ചെന്നിട്ടും യൂറോപ്പിലെ പണിയാരംഭിച്ചു. ഒരു ദുഷ്ടനുമായുള്ള സമ്പർക്കം ചിലപ്പോൾ ഒരു സൽപ്രവൃത്തിയെക്കൂടി ചീത്തപ്പെടുത്തും; അതിൽനിന്നു പാപകർമ്മങ്ങൾ മുളച്ചുണ്ടായി എന്നു വരും. മരിയുസ്സിന്റെ പണംകൊണ്ടു തെനാർദിയെർ അടിമക്കച്ചവടം നടത്തി.

തെനാർദിയെർ വീട്ടിൽനിന്നു പോയ ഉടനെ മരിയുസ് തോട്ടത്തിലേക്കു പാഞ്ഞു; കൊസെത്ത് അവിടെ ലാത്തുകയായിരുന്നു.

‘കൊസെത്ത്! കൊസെത്ത്!’ അയാൾ വിളിച്ചു; ‘വരൂ! വേഗം വരു! നമുക്കു പോവുക. ബസ്ക്, ഒരു വണ്ടി! കൊസെത്ത്, വരൂ! ഹാ! എന്റെ ഈശ്വരാ! അദ്ദേഹമാണ് എന്റെ ജീവനെ രക്ഷിച്ചത്. നമുക്കിനി ഒരു നിമിഷം വൈകിച്ചുകൂടാ. സാൽവയെടുത്തു മേലിടൂ.’

കൊസെത്തിന് അയാൾക്കു ഭ്രാന്താണെന്നു തോന്നി; അവൾ ആ പറഞ്ഞവിധംചെയ്തു.

അയാൾക്കു ശ്വാസം കിട്ടുന്നില്ല; നെഞ്ഞിടിപ്പു കുറയ്ക്കാൻവേണ്ടി അയാൾ മാറത്തു കൈവെച്ചു. അയാൾ നീണ്ട കാൽവെപ്പുകളോടുകൂടി നടന്നു; അയാൾ കൊസെത്തിനെ പിടിച്ചു പൂട്ടി.

‘ഹാ! കൊസെത്ത്! ഞാനൊരു ഭാഗ്യംകെട്ട കഴുവാണ്!’ അയാൾ പറഞ്ഞു.

മരിയുസ് അമ്പരന്നിരിക്കുന്നു. ഴാങ് വാൽഴാങ് മരിയുസ്സിന്റെ കണ്ണിൽ അനിർവചനീയമായവിധം ഉയരത്തിലുള്ള ഒരു വ്യസനമയമായ രൂപമെടുത്തു. വിശിഷ്ടവും മനോഹരവും അപാരതകൊണ്ടു വിനീതവുമായ ഒരു മനോഗുണം അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിച്ചു. തടവുപുള്ളി ക്രിസ്തുവായി മാറി.

ഈ മാഹാത്മ്യവിശേഷത്തിനുമുൻപിൽ മരിയുസ്സിന്റെ കണ്ണഞ്ചി. എന്താണ് കാണുന്നതെന്ന് അയാൾക്ക് മനസ്സിലായില്ല; എങ്കിലും അതു മഹത്തരമായിരുന്നു.

ഒരു നിമിഷംകൊണ്ട് ഒരു കൂലിവണ്ടി പടിക്കലെത്തി.

മരിയുസ് കൊസെത്തിനെ അതിലേറ്റി താനും ചാടിക്കയറി.

‘വണ്ടിക്കാരൻ,’ അയാൾ പറഞ്ഞു, ‘റ്യൂ ദ് ലോം അർമെ, 7-ാം നമ്പർ വീട്’

വണ്ടി പറപറന്നു.

‘ഹാ! എന്തു സുഖം!’ കൊസെത്ത് ഉച്ചത്തിൽ പറഞ്ഞു. ‘റ്യൂ ദ് ലോം അർമെ, എനിക്കതിനെപ്പറ്റി അങ്ങോട്ടു പറയാൻ ധൈര്യമുണ്ടായില്ല. അപ്പോൾ നമ്മൾ മൊസ്യു ഴാങ്ങിനെ കാണാൻ പോകയാണ്!’

‘നിന്റെ അച്ഛനെ! കൊസെത്ത്, എന്നെന്നും നിന്റെ അച്ഛനെ. കൊസെത്ത്, ഞാനങ്ങിനെ ഊഹിക്കുന്നു: ഗവ്രോഷിന്റെ പക്കൽ ഞാനയച്ച കത്തു കിട്ടുകയുണ്ടായില്ലെന്നു പറഞ്ഞുവല്ലോ. അതദ്ദേഹത്തിന്റെ കൈയിൽച്ചെന്നിരിക്കണം. കൊസെത്ത്, എന്നെ രക്ഷപ്പെടുത്താൻവേണ്ടി അദ്ദേഹം വഴിക്കോട്ടയിലേക്കു വന്നു. ഒരു ദേവനായിരിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവമായതുകൊണ്ട് അദ്ദേഹം വേറേയും ആളുകളെ രക്ഷിച്ചു; അദ്ദേഹം ഴാവേറെ രക്ഷിച്ചു. എന്നെ നിനക്കുകൊണ്ടുവന്നു തരാൻവേണ്ടി അദ്ദേഹം എന്നെ ആ അഗാധക്കുഴിയിൽനിന്നു രക്ഷപ്പെടുത്തി. ആ വല്ലാത്ത ഓവുചാലിലൂടെ അദ്ദേഹം എന്നെയും പുറത്തേറ്റിപോന്നു. ഹാ! ഞാനൊരു നന്ദികെട്ട പിശാചാണ്. കൊസെത്ത്, നിന്റെ ഈശ്വരനായിരുന്നതിനുശേഷം, അദ്ദേഹം എന്റെ ഈശ്വരനുമായി. നോക്കൂ, ഒരു നൂറു പ്രാവശ്യം ആളുകൾക്കു മുങ്ങിച്ചാവാൻ മാത്രമുള്ള ഒരു ഭയങ്കരച്ചളിക്കുഴിയുണ്ട്; ചളിയിൽ ആണ്ടുചാവും. കൊസെത്ത്, അദ്ദേഹം എന്നെയുംകൊണ്ട് അതിലേ പോന്നു. എനിക്കു ബോധമില്ലായിരുന്നു; ഞാനൊന്നും കണ്ടില്ല, ഞാനൊന്നും കേട്ടില്ല, എന്തേ എനിക്കുണ്ടായതെന്നുതന്നെ ഞാനറിഞ്ഞില്ല. നമ്മൾ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ പോകയാണ്, നമ്മുടെ കൂടെ താമസിപ്പിക്കാൻ; അദ്ദേഹം ഇഷ്ടപ്പെട്ടാലുംശരി, ഇല്ലെങ്കിലും ശരി, നമുക്കദ്ദേഹത്തെ ഇനിവിട്ടുകൂടാ. അദ്ദേഹം വീട്ടിലുണ്ടായാൽ മതിയായിരുന്നു! നമുക്കദ്ദേഹത്തെ കാണാൻ പറ്റട്ടെ, ഞാൻ ഈ ജന്മം മുഴുവനും അദ്ദേഹത്തെ പൂജിക്കും. അതേ, അതാണ് വേണ്ടത്, കൊസെത്ത് മനസ്സിലായോ? ഗവ്രോഷ് നിനക്കുള്ള കത്ത് അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തിരിക്കണം. ഒക്കെത്തെളിഞ്ഞു, മനസ്സിലായല്ലോ.’

കൊസെത്തിന്ന് ഒരക്ഷരമെങ്കിലും മനസ്സിലായില്ല.

‘ശരിയാണ്.’ അവൾ അയാളോടു പറഞ്ഞു.

ഈയിടയ്ക്കു വണ്ടി പാഞ്ഞു.

കുറിപ്പുകൾ

[1] മടക്കുമ്പോഴത്തെ ഒച്ചകാരണം നോട്ടിന് ഒച്ചക്കാരൻ എന്നർത്ഥത്തിലുളള ഒരു വാക്ക് ഫ്രഞ്ച് കന്നഭാഷയിൽ നടപ്പുണ്ട്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 7; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.