images/rnp-2-cover.jpg
The forest distant views, an oil on canvas painting by Ivan Shishkin (1831–1898).
ശ്രീ രാമാനുജൻ എഴുത്തച്ഛൻ
(തുടർച്ച)

മഹാത്മാക്കൾ സൂര്യചന്ദ്രമസ്സുകളെപ്പോലെ കാലകൃത്തുകളാണെന്നു് സാധാരണ പറയാറുണ്ടു്. ഇതിൽ പരമാർത്ഥമില്ലെന്നില്ല. അവർ മഹാഗിരികൾ എന്നോണം സ്വസ്വശിരസ്സുകളെ ഉയർത്തിപ്പിടിച്ചുകൊണ്ടു് നിമ്നശ്രോണിയിലുള്ള സാധാരണ ജനങ്ങൾക്കു താങ്ങായി നില്ക്കുന്നു. ലോകത്തിനു ശ്രേയസ്കരങ്ങളായ സകല പ്രവണതകളും അവർൽനിന്നാണുത്ഭവിക്കുന്നതു്.

‘യദ്യദാ ചരതിശ്രേഷ്ഠസ്തത്തദേവേതരോ ജനഃ
സ യൽ പ്രമാണം കുരുതേ ലോകസ്തദനുവർത്തതെ.’

എന്നു് ശ്രീകൃഷ്ണഭഗവാൻ അരുളിച്ചെയ്തിട്ടുള്ളതു് എത്രയോ പരമാർത്ഥമാകുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അവരുടെ ആവിർഭാവത്തിനു കാലവും ഹേതുവായിരിക്കുന്നു. അതുകൊണ്ടു് മഹാത്മാക്കളുടെ ചരിത്രം പൂർണ്ണമായി ഗ്രഹിക്കണമെങ്കിൽ അന്നത്തെ കാലദേശസ്ഥിതികളെ പരിശോധിക്കാതിരിക്കാൻ തരമില്ല.

കേരളഭൂമി എല്ലാവിധത്തിലും ഒരു വീരപ്രസുവാണു്. കുമാരബുദ്ധൻ, ശ്രീശങ്കരാചാര്യർ, കുലശേഖരാൾവാർ, ശ്രീ രാമാനുജനെഴുത്തച്ഛൻ എന്നീ പുണ്യപുരുഷന്മാരുടെ ജനനീത്വം ഏതു രാജ്യത്തിനാണു് അഭിമാനകരമല്ലാത്തതു്? ഇവരിൽ കുമാരബുദ്ധൻ, ഗൌതമബുദ്ധന്റെ ഒരു അവതാരമായി ഗണിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ബുദ്ധമതം ബ്രാഹ്മണമതത്തിൽ ലയിച്ചപ്പോൾ, കുമാരബുദ്ധൻ വിസ്മൃതിയിലും ലയിച്ചുപോയി. അദ്ദേഹത്തിന്റെ വിഹാരമത്രേ ഇന്നു് ‘കുമാരകോവിൽ’ എന്ന പേരിൽ അറിയപ്പെടുന്നതു്. ശ്രീശങ്കരാചാര്യർ പരമശിവന്റെയും കുലശേഖരാൾവാർ മഹാവിഷ്ണുവിന്റെയും അവതാരങ്ങളായിരുന്നുവെന്നാണു് ഹിന്ദുക്കളുടെ വിശ്വാസം. കാലഗതികൊണ്ടു്, ഈ രണ്ടു് മഹാത്മാക്കളും കേരളത്തിനു നഷ്ടപ്പെട്ടുപോയി. ഇന്നു് കുലശേഖരനെപ്പറ്റി അറിയാവുന്ന കേരളീയർ നന്നേ ചുരുങ്ങുന്നു. അദ്ദേഹം തമിഴ് ദേശീയനായിരുന്നുവെന്നു സ്ഥാപിക്കുന്നതിനുപോലും ചില തമിഴർ ശ്രമിക്കുന്നുണ്ടു്. അതുപോലെ തന്നെ അനാചാരങ്ങളെ പ്രതിഷ്ഠിച്ചു് മലയാളനാട്ടിനെ വാതുലാലയമാക്കിത്തീർത്ത ഒരു ദുരാത്മാവെന്നനിലയിലാണു് ശ്രീശങ്കരൻ കേരളത്തിൽ പ്രതിഭാസിക്കുന്നതു്. ശ്രീശങ്കരനും ശ്രീകുലശേഖരനും തങ്ങളുടെ ആധ്യാത്മികജ്ഞാനസമ്പത്തിനെ വിദേശീയർക്കു നൽകി കൃതകൃത്യതപൂണ്ടു. കേരളത്തിൽ ജനിച്ചു്, കേരളീയരുടെ സുഖദുഃഖങ്ങളിൽ പങ്കുകൊണ്ടു്, കേരളത്തിനായി ആത്മജീവിതത്തെ സമർപ്പിച്ച ശ്രീരാമാനുജൻ എഴുത്തച്ഛൻ നമ്മുടെ പ്രാണങ്ങൾക്കും പ്രാണനായിരിക്കുന്നതിൽ അത്ഭുതപ്പെടാനെന്തുള്ളു? എഴുത്തച്ഛനിൽ മലയാളികളുടെ സർവസുഖക്ഷേമൈശ്വര്യങ്ങളും അന്തർഭവിച്ചിരിക്കുന്നു. കേരളഭൂമി എഴുത്തച്ഛന്റെ മാതൃത്വം കൂടി വഹിച്ചപ്പോൾ പരമധന്യയായിത്തീർന്നു.

പന്ത്രണ്ടാം ശതകത്തിനും പതിനേഴാം ശതകത്തിനും ഇടയ്ക്കു ഭാരതഖണ്ഡം ധർമ്മവിഷയകമായ പലേ ആന്ദോളനങ്ങൾക്കു രംഗഭൂവായിത്തീർന്നു. ശ്രീരാമാനുജാചാര്യർ, ശ്രീചൈതന്യൻ, ബസവൻ, മധ്വാചാര്യർ, വിദ്യാരണ്യർ എന്നീ മഹാന്മാരുടെ ആവിർഭാവം ഈ കാലഘട്ടത്തിലായിരുന്നു. ക്രൈസ്തവധർമ്മം, ഇസ്ലാംധർമ്മം മുതലായ വിദേശീയധർമ്മങ്ങൾ ക്രമേണ ഭാരതഖണ്ഡത്തിൽ അടിയുറച്ചു. അവർ ശാന്തരായി മതപ്രചാരണം ചെയ്തുകൊണ്ടിരുന്നിടത്തോളംകാലം ഹിന്ദുക്കളുടെ ഇടയ്ക്കു വലിയ ക്ഷോഭമൊന്നും ഉണ്ടായില്ല. എന്നാൽ പോർത്തുഗീസ്സുകാരുടെ ഭീകരമായ മതപരിവർത്തനം അവരെ ഭയവിഹ്വലരാക്കിത്തീർത്തു. പന്ത്രണ്ടാംശതകത്തോടുകൂടി ആരംഭിച്ച ജൈനമതപ്രബോധനവും അർദ്ധനിദ്രയിൽ ലയിച്ചിരുന്ന ഹൈന്ദവ ധർമ്മത്തെ ഉണർത്തുന്നതിനു പര്യാപ്തമായിരുന്നു. ജൈനന്മാർക്കു സുന്ദരപാണ്ഡ്യന്റെ കാലംമുതല്ക്കു് തമിഴ്‌നാട്ടിൽ ‘ഇരിക്കപ്പൊറുതി’യില്ലാതെയായെങ്കിലും, കന്നടദേശം അവർക്കു അഭയംനൽകി. പന്ത്രണ്ടാംശതകത്തിന്റെ ആരംഭത്തിൽ അവർക്കു എങ്ങനെയോ ഒരു ഉണർച്ച ഉണ്ടായെന്നു് അക്കാലത്തുത്ഭവിച്ച ജൈന സാഹിത്യത്തിൽനിന്നു ഗ്രഹിക്കാം. രാമചന്ദ്രചരിതം (1105) അഗ്ഗലനിർമ്മിതമായ ചന്ദ്രപ്രഭാപുരാണം (1189) ജന്നവിരചിതമായ അനന്തനാഥപുരാണം (1209) ഗുണവർമ്മകൃതമായ പുഷ്പദന്തപുരാണം (1235), മധുരനിർമ്മതമായ ധർമ്മനാഥപുരാണം (1385) ഇവയൊക്കെ കന്നടദേശത്തുണ്ടായവയത്രേ. ഈ ജൈനമതപ്രവാഹം കേരളത്തേയും സ്പർശിക്കാതിരുന്നില്ല.

പന്ത്രണ്ടാംശതകത്തിൽ വൈഷ്ണവ ശൈവമതങ്ങൾക്കും അഭൂതപൂർവമായ ഉണർച്ചയുണ്ടായി. ശ്രീരാമാനുജാചാര്യർ ജീവിച്ചിരുന്നതു് 1107-നും 1137-നും മദ്ധ്യേ ആയിരുന്നുവെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹമായിരുന്നു വൈഷ്ണവമതത്തെ പുരനുജ്ജീവിപ്പിച്ചതു്. അസംഖ്യം ജൈനന്മാരെ അദ്ദേഹം വൈഷ്ണവമതാനുയായികളാക്കി. രാമാനുജാചാര്യരുടെ ഉപദേശങ്ങളും ഗ്രന്ഥങ്ങളും സംസ്കൃതഭാഷയിലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ശിഷ്യന്മാർ ദേശഭാഷ വഴിക്കു് ധർമ്മതത്വങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഈ വിഷയത്തിൽ വംഗദേശീയനായ രാമാനന്ദന്റെ പേരു പ്രത്യേകം സ്മരണീയമാകുന്നു. രാമാനന്ദശിഷ്യപരമ്പരയിൽ കബീർദാസ്, തുളസീദാസൻ തുടങ്ങിയ നിരവധി ദേശഭാഷാകവികൾ ഉൾപ്പെട്ടിരുന്നു. തമിഴ് ഭാഷയിലും ഇക്കാലത്തു ഉണ്ടായിട്ടുള്ള വൈഷ്ണവഗ്രന്ഥങ്ങൾക്കു അവസാനമില്ല. കന്നടത്തിൽ കുമാരവ്യാസൻ ‘ഗഡഗിന ഭാരതവും’ (1508-1530) കുമാരവാല്മീകി ‘തൊറവെ’ രാമായണവും ‘നിത്യാത്മശുകാ’ഭിധാനനായ വിഠലനാഥൻ ഭാഗവതവും രചിച്ചു. മധ്വാചാര്യരുടെ ആവിർഭാവത്തോടുകൂടി വൈഷ്ണവദാസന്മാർ എന്നപേരോടുകൂടിയ ഒരു കൂട്ടം ഭിക്ഷുക്കൾ ശ്രീകൃഷ്ണകഥകളെ ഭാഷാഗാനങ്ങളായി രചിച്ചു് പാടിക്കൊണ്ടു നടന്നതിനാൽ ശ്രീകൃഷ്ണാരാധനയ്ക്കു പൂർവാധികം അഭിവൃദ്ധിയുണ്ടായി. ഡാക്ടർ മോഗലിങ് എന്ന പാതിരി ഏകദേശം നാനൂറോളം കന്നടപ്പാട്ടുകൾ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. വിഠലദാസൻ, വെങ്കിടദാസൻ, വിജയദാസൻ, പുരന്ദരദാസൻ, കനകദാസൻ എന്നിങ്ങനെ അനേക ഗായകകവികൾ, കന്നടത്തിൽ വൈഷ്ണവഗാനങ്ങൾ രചിച്ചു. ഈ ഭാഗവതന്മാരിൽ വിവിധജാതിക്കാർ ഉൾപ്പെട്ടിരുന്നു. കനകദാസൻ ഒരു വേടനായിരുന്നെങ്കിലും, പരമഭാഗവതനായിരുന്ന ഇദ്ദേഹത്തിന്റെ മോഹനതരംഗിണി, കൃഷ്ണചരിത്രം, വിഷ്ണുഭക്തിസാരം ഇവയെപ്പറ്റി കന്നടദേശക്കാർക്കു വളരെ ബഹുമാനമുണ്ടു്. എന്നാൽ പുരന്ദരദാസന്റെ ഭക്തിരസായനരൂപങ്ങളായ ഗാനങ്ങൾ, രാഗാദിരോഗശമനത്തിനു ഒരു കൈകണ്ട ഔഷധംതന്നെയാണു്.

പന്ത്രണ്ടാംശതകത്തിൽ കമ്പരിൽനിന്നു തമിഴർക്കും ഒരു രാമായണം സിദ്ധിച്ചു. നന്ദപ്പകൃതമായ തെലുങ്ക് മഹാഭാരതവും ആ ശതകത്തിൽതന്നെയാണുണ്ടായതു്.

വംഗദേശീയരിൽ രാമാനന്ദശിഷ്യപരമ്പര അതി വിപുലമായിരുന്നു. അവർ ഉത്തരഭാരതം മുഴുവനും രാമഭക്തി പ്രചരിപ്പിച്ചു. വിവിധജാതീയരായ ഈ ഗായക കവികളിൽ കബീർദാസ് ഉർദ്ദുവിലും, തുളസീദാസ് വ്രജഭാഷയിലുമാണു് ഗാനങ്ങൾ രചിച്ചതു്. തുളസിയുടെ രാമചരിതമാനസം ഏഷ്യാ ഭൂഖണ്ഡത്തിലെ വിശിഷ്ടതമമായ നാലുഗ്രന്ഥങ്ങളിൽ ഒന്നാകുന്നു. ശ്രീവല്ലഭ മതസ്ഥാപകനായ വല്ലഭാചാര്യരുടെ ശിഷ്യനായ ‘സൂർദാസ്’ ഹിന്ദിയിൽ ‘സൂർ സാഗരം’ എന്ന ഗ്രന്ഥം രചിച്ചു് ശ്രീകൃഷ്ണാരാധന പ്രചരിപ്പിച്ചതും ഇക്കാലഘട്ടത്തിലായിരുന്നു. കുരുടനെങ്കിലും ജ്ഞാനദൃഷ്ടികൊണ്ടു് ഈ മഹാകവി ശ്രീകൃഷ്ണനെ കണ്ടിരുന്നുവെന്നു പ്രസ്തുതകാവ്യത്തിലേ ഏതു ഭാഗവും നല്ലപോലെ വിളിച്ചുപറയുന്നു. കവിത്വശക്തിയിൽ അദ്ദേഹം തുളസീദാസനെപ്പോലും അതിശയിക്കുന്നുവെന്നു നിസ്സംശയം പറയാം.

ശ്രീചൈതന്യൻ പതിനാറാം ശതകത്തിൽ ശ്രീകൃഷ്ണാരാധനയ്ക്കു ഒരു പുതിയ ജീവൻ നൽകി. അദ്ദേഹം ഭാരതഖണ്ഡം ഒട്ടുക്കു നടന്നു ശ്രീകൃഷ്ണാരാധനയുടെ മാഹാത്മ്യത്തെ വെളിപ്പെടുത്തി. ചൈതന്യദേവൻ കേരളത്തിലും വന്നിട്ടുണ്ടു്.

പതിനേഴാം ശതകത്തിന്റെ ആരംഭത്തിലാണു് മഹാരാഷ്ട്ര കവികുലതിലകനും ജാത്യാ ശൂദ്രനും ആയ ‘തുക്കാറാംജി’ ‘അഭംഗസ്തവങ്ങൾ’ രചിച്ചതു്. അദ്ദേഹം കൃഷ്ണഭക്തന്മാരിൽ അഗ്രഗണ്യനായിരുന്നു. അതേ ശതകത്തിൽതന്നെ ശ്രീധരൻ എന്ന കവി ഭാഗവതപുരാണവും മറാട്ടിയിൽ തർജ്ജമചെയ്തു. ഉറിയാഭാഷയിലും ഇതേ കാലത്തു ജഗന്നാഥകൃതമായ ഒരു ഭാഗവതവും ബലരാമനിർമ്മിതമായ ഒരു രാമായണവും സരളാദാസവിരചിതമായ ഒരു ഭാരതവും ഉണ്ടായതായിക്കാണുന്നു.

പതിനഞ്ചാംശതകത്തിന്റെ ആരംഭത്തിൽ കാശീരാമദാസ് മഹാഭാരതവും അതിനോടടുത്തു് കൃത്തിവാസൻ രാമായണവും വംഗഭാഷാഗാനങ്ങളായിച്ചമച്ചു. അവയെ ഇന്നും വംഗദേശീയർ ഭക്തിപൂർവം പാടിക്കൊണ്ടിരിക്കുന്നു.

ശൈവമതത്തിനും ഇതേ കാലത്തു ഒരു നവജീവനുദിച്ചു. തമിഴിൽ മാണിക്കവാചകരുടെ തിരുവാചകത്തെത്തുടർന്നു അതിമനോഹരങ്ങളായ ശൈവഗാനങ്ങൾ ഒട്ടുവളരെ ഉണ്ടായിട്ടുണ്ടു്. ജ്ഞാനസംബന്ധർ, അപ്പർ, സുന്ദരർ ഇവരെല്ലാം ശിവാരാധകന്മാരായിരുന്നു. കന്നടത്തിൽ പന്ത്രണ്ടാംശതകത്തിന്റെ ഉത്തരാർദ്ധത്തോടുകൂടി ബസവൻ എന്നൊരാൾ വീരശൈവമതത്തെ പുനരുജ്ജീവിപ്പിച്ചു. അദ്ദേഹം കലച്ചൂരി രാജാവായ ബിജ്ജലന്റെ മന്ത്രിയായിരുന്നതിനാൽ പ്രസ്തുതമതത്തെ പ്രചരിപ്പിക്കുന്നതിനു് നിഷ്പ്രയാസം സാധിച്ചുവെന്നു പറയാം. ലിംഗായിത മതഗ്രന്ഥങ്ങളായ ഷട്സ്ഥലവചനം, കാലജ്ഞാനവചനം, മന്ത്രഗോപ്യം, ഘടചക്രവചനം, രാജയോഗവചനം മുതലായ ഗദ്യകൃതികളെല്ലാം ബസവകൃതങ്ങളാണെന്നു വിശ്വസിക്കപ്പെട്ടിരിക്കുന്നു. പതിന്നാലാം ശതകത്തിൽ ബസവപുരാണവും പതിനഞ്ചാം ശതകത്തിൽ മഹാബസവ പുരാണവും രചിക്കപ്പെട്ടു. ലിംഗായതന്മാർ ഇന്നും മൈസൂർ തുടങ്ങിയ കന്നട ദേശങ്ങിളിൽ ധാരാളമുണ്ടു്.

വംഗദേശത്തിലാണു് ശിവാരാധനയ്ക്കു കൂടുതൽ ശക്തി ലഭിച്ചതു്. പതിനാറാം ശതകത്തിനു ശേഷം അവിടെ ശൈവമതക്കാരുടെ സംഖ്യ പൂർവാധികം വർദ്ധിച്ചു.

ശൈവവൈഷ്ണവമതങ്ങൾ തമ്മിലുണ്ടായ മത്സരം ഭീകരമായിരുന്നെങ്കിലും, വിദേശീയ ധർമ്മങ്ങളുടെ ആക്രമണം അവയെ യോജിപ്പിക്കുന്നതിനു വളരെ സഹായിച്ചു. തൽഫലമായി പല ദിക്കുകളിൽ ഹരിഹര ക്ഷേത്രങ്ങൾ ഉണ്ടാവുന്നതിനിടയായിട്ടുണ്ടു്.

ഇസ്ലാംമതം ഇതിനിടയ്ക്കു് ദക്ഷിണേന്ത്യയിൽ ഒരു വിധം വ്യാപിച്ചു കഴിഞ്ഞിരുന്നു. ബിജപ്പൂർ, ഗോൽക്കൊണ്ട എന്നീ രാജ്യങ്ങൾ മഹമ്മദീയരുടെ കീഴിലായിരുന്നതിനാൽ, ഇസ്ലാംമതത്തിനു ദക്ഷിണഭാരതത്തിലും പ്രചുരപ്രചാരമുണ്ടാകാനിടവന്നു. എന്നാൽ രാജാക്കന്മാരിൽ പലരും വിശാലഹൃദയന്മാരായിരുന്നതുകൊണ്ടു്, ഹിന്ദുക്കളും മഹമ്മദീയരും വളരെ സൌഹാർദ്ദപൂർവമാണു് തങ്ങളിൽ പെരുമാറിവന്നതു്. റായിച്ചൂർയുദ്ധത്തിൽ ബീജപ്പൂർ സൈന്യം വിജയ നഗരാധിപതിയാൽ പരാജിതമായതിനു ശേഷവും ഈ രണ്ടു വർഗ്ഗക്കാർ പരസ്പരം സ്നേഹപൂർവമാണു് വർത്തിച്ചു വന്നതെന്നു കാണുന്നു. മഹമ്മദീയ സന്യാസിമാർക്കു് ദക്ഷിണേന്ത്യാരാജാക്കന്മാർ കരമൊഴിവായി വസ്തുക്കൾ ദാനം ചെയ്കയും പള്ളികൾ പണിയിച്ചു കൊടുക്കയും ചെയ്തുവന്നു എന്നുള്ളതിന്നു രേഖകൾ ഉണ്ടു്. ഇങ്ങനെഒക്കെ ഇരുന്നാലും ഈ വിദേശീയമതത്തിന്റെ പ്രചാരം വൈദികധർമ്മത്തിനെ ഒന്നു് ഉണർത്തി വിടുന്നതിനും വളരെ സഹായിച്ചുകാണണം. പോർത്തുഗീസ്സുകാർ മൃഗീയമായവിധത്തിൽ മതപ്രചാരണ ജോലികൂടിത്തുടങ്ങിയപ്പോൾ ഹിന്ദുക്കൾ നല്ലപോലെ ഉണർന്നുവെന്നേയുള്ളു.

കേരളം സഹ്യാദ്രി പർവതത്താൽ തെന്നിന്ത്യയിൽ നിന്നു് വേർതിരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും, ചോളപാണ്ഡ്യാദി രാജാക്കന്മാർ കൂടെക്കൂടെ കേരളത്തെ ആക്രമിച്ചുകൊണ്ടാണിരുന്നതു്. കൊല്ലവർഷം ഒൻപതാം ശതകംവരെ ദക്ഷിണതിരുവിതാംകൂറിന്റെ പ്രധാനമായ ഒരു ഭാഗം തമിഴർക്കു് കീഴടങ്ങിയിരുന്നുവെന്നു ഇപ്പോൾ തെളിയുന്നുണ്ടു്. അതുകൊണ്ടു് കേരളത്തിനു വെളിയിൽ ഉണ്ടായ ധർമ്മപ്രബോധനങ്ങൾ കേരളീയരേ സ്പർശിക്കാതിരുന്നില്ല. അതിനാലത്രേ പന്ത്രണ്ടാംശതകത്തിനും പതിന്നാലാം ശതകത്തിനും ഇടയ്ക്കു നമ്മുടെ നാട്ടിലും ഭഗവദ്ഭക്ത്യുത്തേജകങ്ങളായ ഗ്രന്ഥങ്ങൾ ഉണ്ടാവാനിടയായതു്. ചെറുശ്ശേരി നമ്പൂരിമുതൽക്കു എഴുത്തച്ഛന്റെ കാലംവരെയുള്ള പ്രധാന കൃതികളിൽ ഭൂരിഭാഗവും വൈഷ്ണവഗ്രന്ഥങ്ങളാകുന്നു. ചെറുശ്ശേരി തുടങ്ങിയതു എഴുത്തച്ഛൻ പൂരിപ്പിച്ചുവെന്നേയുള്ളു. അതല്ലാതെ, അക്കാലത്തു് മലയാളികൾ അക്ഷരജ്ഞാനം ഇല്ലാത്ത ഒരു കൂട്ടരായിരുന്നെന്നും പൂർണ്ണമായ അക്ഷരമാലപോലും അവർക്കില്ലായിരുന്നെന്നും പറയുന്നതു് പരമാബദ്ധമാണു്.

എഴുത്തച്ഛന്റെ ജീവിതകാലം

എഴുത്തച്ഛന്റെ ജീവചരിത്രത്തെപ്പറ്റി വളരെയൊന്നും നമുക്കു അറിഞ്ഞുകൂട. ജീവിതകാലത്തേ സംബന്ധിച്ചുപോലും വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ജനനദശ അറുനൂറാം നൂറ്റാണ്ടിനിടയ്ക്കായിരുന്നുവെന്നാണു് കേരളകൌമുദീകർത്താവു പറഞ്ഞിരിക്കുന്നതു്. ഗുണ്ടർട്ടു, ബർണ്ണൽ തുടങ്ങിയ പശ്ചാത്യ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ ജീവിതകാലം ക്രിസ്ത്വാബ്ദം പതിനേഴാം ശതകത്തിലാണു്. മി. പി. ഗോവിന്ദപ്പിള്ളയാകട്ടേ ഇങ്ങനെ പറയുന്നു:

“മേല്പത്തൂർ നാരായണഭട്ടതിരിയുടെ യൌവനകാലത്തു എഴുത്തച്ഛനു മദ്ധ്യവയസ്സായിരുന്നു. ഈ ഭട്ടതിരിപ്പാട്ടിലെ പ്രധാന കവിതയായ നാരായണീയം കുറതീർത്തതു് 762 വൃശ്ചികം 28-നു ആകുന്നു എന്നു് അതിൽ ഒടുവിലത്തെ ശ്ലോകത്തിൽ ‘ആയുരാരോഗ്യസൌഖ്യം’ എന്ന കലികൊണ്ടു നിശ്ചയിക്കാം. ഉത്തരദേശത്തുനിന്നും ഒരു വിരാഗി ബ്രാഹ്മണൻ അദ്ധ്യാത്മമൂലരാമായണം അമ്പലപ്പുഴ രാജാവിന്റെ അടുക്കൽകൊണ്ടുവന്നതു് 787-ാമതു കൊല്ലം തുടങ്ങുന്ന ചിങ്ങമാസത്തിലാണെന്നും അന്നത്തെ കലി ‘പവിത്രകരഃസൂര്യഃ’ എന്നാണെന്നും അദ്ധ്യാത്മമൂലത്തിന്റെ വ്യാഖ്യാനം കട്ടയാട്ടു ഗോവിന്ദമേനോൻ മലയാള അക്ഷരത്തിൽ തർജമ ചെയ്തിട്ടുള്ളതിൽ കാണുന്നു. അതിനാൽ എഴുത്തച്ഛന്റെ കാലം 700-നും 800-നും മദ്ധ്യേ തന്നെ ആയിരിക്കണം.”

എഴുത്തച്ഛൻ ശ്രീമന്നാരായണ ഭട്ടതിരിയുടെ സമകാലികനായിരുന്നു എന്നുള്ള സംഗതി സർവസമ്മതമാകയാൽ, ഭട്ടതിരിയുടെ കാലം അറിഞ്ഞാൽ, എഴുത്തച്ഛന്റെ കാലവും ഏകദേശം നിർണ്ണയിക്കാം. ഭട്ടതിരിയുടെ കാലം ഖണ്ഡിതമായി അറിവാൻ മാർഗ്ഗമുണ്ടുതാനും നെടുമ്പയിൽ കൃഷ്ണനാശാൻ എന്ന പ്രസിദ്ധ ദൈവജ്ഞന്റെ വക ഒരു ഗ്രന്ഥവരിയിൽ, ഭട്ടതിരി ജനിച്ചതു് 735–ാം ആണ്ടും മരിച്ചുതു് 841-ലും ആയിരുന്നുവെന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു. കൃഷ്ണനാശാന്റെ കൃതിയായി എന്റെ കൈവശമുള്ള ആറന്മുള സ്ഥലപുരാണത്തിൽ ഭട്ടതിരിയേയും മറ്റും പറ്റി ഇപ്രകാരം പ്രസ്താവിച്ചിട്ടുമുണ്ടു്.

“രാമനെന്നെല്ലാടവും വിശ്രുതമായിട്ടഭി-
രാമനാമാശാസിതാവെന്നുള്ള കീർത്തിയോടും
ഗുരു ദൈവജ്ഞന്മാർക്കും ഗുരുഭൂതനാമെന്റെ
ഗുരുവാം പിതാവിന്റെ ചരണാംബുജം വന്ദേ.
ഗുരുവിൻഗുരു വ്യാഘ്രമുഖമന്ദിരവാസി
ഗുരുകാരുണ്യശാലിതന്നെയും വണങ്ങുന്നേൻ.
തൽഗുരുഭൂതനായിട്ടെത്രയും മനീഷിയായ്,
ഹൃദ്ഗതഭാവജ്ഞനായ് ഗണിതത്ത്വജ്ഞനായ്,
താഴാതെ കീർത്തിയോടും നാവായിക്കുളത്തുള്ളോ-
രാഴാതിപ്രവരനാം ഗുരുവേ വന്ദിക്കുന്നേൻ.
ആയവൻതന്റെ ഗുരുഭൂതനായുള്ളദേഹ-
മായതമതികളാൽ പൂജിതനായുള്ളവൻ,
കോലത്തുനാട്ടിൽ കൃപാണിക്കരപ്പൊതുവാള
ക്കാലത്തെഗ്ഗണിതജ്ഞന്മാരിൽ വച്ചഗ്രേസരൻ,
എന്നുടെ ഗുരുവിന്റെ ഗുരുവിൻ ഗുരുഭൂതൻ
തന്നുടെഗുരുവാകും തൽപദം വണങ്ങുന്നേൻ.
പൊതുവാളിന്റെ ഗുരുവച്യുതപ്പിഷാരടി
അതിമാനുഷനവൻ സകലവിദ്യാത്മകൻ,
അമ്പത്തിമൂന്നുവയസ്സിരട്ടിയിരുന്നുള്ള
മേല്പത്തൂർ പട്ടേരിക്കും ഗുരുവായുള്ളദേഹം.

ഈ ഗുരുപരമ്പരയെ ഒരു പട്ടികയായി ചേർക്കുന്നു.

മറ്റുചില വിവരങ്ങളും ഗ്രന്ഥവരിയിൽ കാണുന്നുണ്ടു്.

  1. 762–ാം ആണ്ടു് വൃശ്ചികം 28-ാംനു ഞായറാഴ്ചയും കൃഷ്ണചതുർദ്ദശിയും കൂടിയ ദിവസം ഗുരുവായൂർ ഇരുന്നു് നാരായണീയം ഉണ്ടാക്കി. ആയുരാരോഗ്യസൌഖ്യമെന്നു് അന്നത്തെക്കലി. ‘കാമാസന്നസ്സഃ’ എന്നു് അന്നത്തേ വാക്യം. ‘ഗ്ലൌരാർദ്ധോയം പൂജ്യഃ’ വാക്യധ്രുവം. സായകഃ സംക്രമധ്രുവം.
  2. 786–ാം ആണ്ടു് മിഥുനം ൨൨-ാംനു ഭാരതപ്പുഴ പെരുകി. അന്നത്തേക്കലി,
    “നദീപുഷ്ടിരസഹ്യാനു നഹ്യസാരം പയോജനി;
    നിജാൽ കുടീരാൽ സായാഹ്നേ നഷ്ടാർത്ഥാഃ പ്രയയുർജ്ജനാഃ”

    എന്നു പേരിട്ടു.

  3. 791–ാം ആണ്ടു് മകരമാസം 27-ാനു ‘സർവസ്വം’ ഉണ്ടാക്കിത്തുടങ്ങി. മീനം ൩-ാം തീയതി കുറതീർത്തു.

    ഈ ഗ്രന്ഥവരിയെ നമുക്കു പൂർണ്ണമായി വിശ്വസിക്കാം.

ഇനി ഇവരിൽ പ്രായക്കൂടുതൽ ആർക്കാണെന്നാണു് നോക്കാനുള്ളതു്. ഭട്ടതിരിയുടെ യൌവനകാലത്തു എഴുത്തച്ഛനു മദ്ധ്യവയസ്സായിരുന്നുവെന്നാണു് ഭാഷാചരിത്രകാരൻ അഭിപ്രായപ്പെട്ടിരിക്കുന്നതു. നേരെ മറിച്ചും ചിലർ പറയുന്നുണ്ടു്.

മി. ഗോവിന്ദപ്പിള്ളയുടെ അഭിപ്രായത്തെയാണു് അധികം ആളുകൾ സ്വീകരിച്ചിരിക്കുന്നതു്. എന്നാൽ അവരാരും തങ്ങളുടെ ഊഹത്തിനു് ആധാരമായ തെളിവുകൾ എടുത്തുകാണിച്ചിട്ടില്ലെന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു. മി. ഗോവിന്ദപ്പിള്ളയ്ക്കു ഈ വിഷയത്തിൽ വളരെ നോട്ടക്കുറവു കാണുന്നുമുണ്ടു്. നമുക്കു് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പലേ വീക്ഷണകേന്ദ്രങ്ങളിൽ നിന്നു പരിശോധിച്ചു നോക്കാം.

എഴുത്തച്ഛൻ രാമായണം രചിച്ചതു് 787-നു ശേഷമാണെന്നും അന്നു് അദ്ദേഹത്തിനു് മദ്ധ്യവയസ്സായിരുന്നുവെന്നും അദ്ദേഹം ഒരിടത്തു പറഞ്ഞുകാണുന്നു. ഈ അഭിപ്രായം സംഗതമല്ലെന്നു നിഷ്പ്രയാസം തെളിയിക്കാം. 787-ൽ ഭട്ടതിരിക്കു തന്നേ അമ്പത്തിരണ്ടു വയസ്സുണ്ടായിരുന്നു. ആ സ്ഥിതിക്കു് എഴുത്തച്ഛൻ പടുവൃദ്ധനായിരിക്കണ്ടേ?

കടിയങ്കുളം ശുപ്പു മേനവൻ എന്നൊരു കവിയേപ്പറ്റി പറയുന്നിടത്തു് ഇങ്ങനെ കാണുന്നു:

“പാലക്കാട്ടു താലൂക്കിൽ പൊൽപ്പള്ളിയിൽ കടിയംകുളത്തുവീട്ടിൽ ശുപ്പുമേനവന്റെ ജനനം ൯൨൦–ാം ആണ്ടിടയ്ക്കത്രേ.”

കാവേരി മാഹാത്മ്യത്തിൽ “പേരായിരത്തിലേറ്റം പേരാളും തിരുനാമം” എന്ന പദത്താലും, തേനാരിമാഹാത്മ്യത്തിൽ “പേരായിരത്തിലേറ്റം പേരിയന്നീടും ഗുരു” എന്ന പദം കൊണ്ടും സൂചിപ്പിച്ചുകാണുന്ന ഗുരു ഒന്നു തന്നെ. അദ്ദേഹം സൂര്യനാരായണൻ എഴുത്തച്ഛന്റെ ശിഷ്യനാകുന്നു.

ശുപ്പുമേനോന്റെ പരമഗുരു സൂര്യനാരായണൻ എഴുത്തച്ഛനായിരുന്നു എന്നുള്ളതിനു സംശയമില്ല.

സൂര്യനാരായണാചാര്യാന്തേവാസീന്ദ്രന്മാരിൽ
പേരായിരത്തിലേറ്റം പേരിയന്നീടും ശ്രീമാൻഗുരുനാഥൻ.

എന്നുള്ള പ്രസ്താവം നോക്കുക. എന്നാൽ ശുപ്പുമേനവന്റെ മറ്റൊരു ഗുരുവായ രാഘവപ്പിഷാരടിയുടെ ജനനം ൯൧൦–ാം ആണ്ടിടയ്ക്കാണു്. ‘പേരായിരത്തിലേറ്റം പേരിയന്നീടുന്ന’ അജ്ഞാതനാമാവായഗുരുവിനു വാദത്തിനുവേണ്ടി ഒരു മുപ്പതുവയസ്സുകൂടി ഉണ്ടായിരുന്നുവെന്നു സമ്മതിക്കാം. അപ്പോൾ അദ്ദേഹത്തിന്റെ ജനനം ൮൮൦–ാം ആണ്ടായിരുന്നുവെന്നു വരും. പരമഗുരുവിനു് അദ്ദേഹത്തിനേക്കാൾ കൂടിയപക്ഷം ൬൦ വയസ്സുപ്രായമുണ്ടായിരുന്നു എന്നു വന്നാൽ തന്നെയും ആ എഴുത്തച്ഛന്റെ ജനനം ൮൨൦-നു അപ്പുറം പോകയില്ല. സൂര്യനാരായണനു ൧൬ വയസ്സു പ്രായമുള്ളപ്പോൾ രാമാനുജൻ എഴുത്തച്ഛൻ സമാധിസ്ഥനായെന്നാണല്ലോ മി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളതു്. ആ സ്ഥിതിക്കു് അതു ൮൩൬–ാം ആണ്ടിനിപ്പുറം ആയിരിക്കാനേ തരമുള്ളു. സൂര്യനാരായണനെഴുത്തച്ഛനും അദ്ദേഹത്തിന്റെ ശിഷ്യന്റെ ശിഷ്യനും തമ്മിൽ ൧൨൦ കൊല്ലത്തെ അന്തരം ഒരിക്കലും വരികയില്ല. അതുകൊണ്ടു് മി. ഗോവിന്ദപ്പിള്ളയുടെ ഈ അഭിപ്രായം ഗുണ്ടർട്ടിന്റേയും, ലോഗൻ സായ്പിന്റേയും അഭിപ്രായത്തിനു ഉപോൽബലകമായിട്ടാണു് പര്യവസാനിച്ചിരിക്കുന്നതു്.

ഇനി നമുക്കു് മറ്റൊരു വീക്ഷണകേന്ദ്രത്തിൽ നിന്നു കൊണ്ടു നോക്കാം. എഴുത്തച്ഛന്റെ ഗുരുക്കന്മാരിൽ ഒരാൾ ഒരു ശ്രീനീലകണ്ഠനായിരുന്നുവെന്നു നമുക്കു ഹരിനാമകീർത്തനത്തിൽനിന്നു ഗ്രഹിക്കാം. ഈ ശ്രീനിലകണ്ഠനും പൂന്താനത്തിന്റെ ഗുരുവായ ശ്രീ നീലകണ്ഠനും ഒരാൾ ആയിരിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം മനുഷ്യാലയ ചന്ദ്രികയിൽ സംസ്തുതനായ ശ്രീ നീലകണ്ഠനിൽനിന്നു ഭിന്നനായിരിക്കാൻ സാംഗത്യമില്ലെന്നും അന്യത്ര പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം നാരായണീയാദി ചമ്പുക്കളുടെ കർത്താവായ നീലകണ്ഠകവി തന്നെ ആണെന്നു വന്നാൽ എഴുത്തച്ഛന്റെ കാലനിർണ്ണയം സുഗമമായിത്തീരും. കഴിഞ്ഞ അദ്ധ്യായം അച്ചടിച്ചു തീർന്നപ്പോൾ കിട്ടിയ ഒരു രേഖയിൽ നിന്നും നാരായണീയകർത്താവു് ഒരു ശില്പാഗമജ്ഞൻ കൂടി ആയിരുന്നുവെന്നു ഒരു അഭ്യൂഹത്തിനു വഴി ലഭിച്ചിരിക്കുന്നു. ഈ രേഖ തൃപ്പൂണിത്തുറെ സന്താന ഗോപാലകൃഷ്ണക്ഷേത്രത്തിന്റെ അകത്തേ പ്രകാരത്തിൽ ശ്രീകോവിലിനു് അഭിമുഖമായി കൊടുത്തിട്ടുള്ളതാണത്രേ. അതിൽനിന്നു ഒരു പദ്യം ഉദ്ധരിക്കാം.

സ്വസ്തി,

“ലക്ഷ്മീഗ്രാമവരാത്സനാമഗുണിനാ ശ്രീരാമവർമ്മാഭിധേ-
നാനായ്യ പ്രഭുണാ മുകുന്ദകരുണാ സഞ്ചോദിതേനാന്തികം
സംസൽ കല്പിതധന്യ…കൃതിഃപൂർണ്ണത്രയീമംഗല-
ക്ഷേത്രം കൃഷ്ണശിലാനിബദ്ധമകരോൽ ശ്രീനീലകണ്ഠഃകൃതീ”

അദ്ദേഹം ഒരു കവികൂടി ആയിരുന്നു എന്നു ഈ രേഖയിൽ നിന്നു കാണുന്നുണ്ടു്. പ്രസ്തുതപദ്യത്തിൽ പറഞ്ഞിരിക്കുന്ന ശ്രീരാമവർമ്മ തമ്പുരാൻ കാശിയ്ക്കെഴുന്നള്ളിയ തമ്പുരാനായിരിക്കണം. അവിടുന്നു് ‘പൂർണ്ണത്രയീമംഗലക്ഷേത്രം കൃഷ്ണശിലാനിബദ്ധ’മാക്കി ചെയ്ത ശേഷം അതിന്റെ പണി നടത്തിയ ശ്രീനീലകണ്ഠനോടു് തൽക്ഷേത്രമാഹാത്മ്യത്തെ പുരസ്കരിച്ചു് ഒരു ചമ്പുനിർമ്മിക്കുന്നതിനു് ആജ്ഞാപിച്ചതായ്വരാം. തൽക്കവി ഒരു ശില്പാഗമജ്ഞൻകൂടി ആയിരിക്കുന്നു എന്നുള്ള സംഗതിയാണു് നമ്മുടെ ഊഹത്തിനു ആണിയായി നില്ക്കുന്നതു്. ശിവപര്യായമായ നീലകണ്ഠൻ എന്നു പേരും അദ്ദേഹം ശിവദ്വിജനായിരുന്നു എന്നു സൂചിപ്പിക്കുന്നു. ഈ ഊഹം സംഗതമാണെങ്കിൽ, അദ്ദേഹത്തിന്റെ ശിഷ്യനായ എഴുത്തച്ഛന്റെ കാലം നിർണ്ണയിക്കാൻ പ്രയാസമില്ല.

“വിദ്യാവല്ലഭ നീലകണ്ഠസുകവേ! ചെല്ലൂരനാഥോദയം
ഹൃദ്യപണ്ടുകൃതം”

എന്ന പദ്യഖണ്ഡത്തിൽനിന്നു്, കവി തെങ്കൈലനാഥോദയം രചിക്കുന്നതിനു് വളരെ കാലത്തിനു മുമ്പാണു് ചെല്ലൂരനാഥോദയം നിർമ്മിച്ചിട്ടുള്ളതെന്നു വ്യക്തമാകുന്നു. അല്ലെങ്കിൽ ‘പണ്ടു്’ എന്ന ക്രിയാവിശേഷണം പ്രയോഗിക്കുമായിരുന്നില്ല. തെങ്കൈലനാഥോദയം വീരകേരളവർമ്മതമ്പുരാന്റെ ആജ്ഞാനുസാരം 776-നു ശേഷം രചിച്ചതാണെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചെല്ലൂരനാഥോദയം നേരെ മറിച്ചു് രാമവർമ്മതമ്പുരാന്റെ കിരീടധാരണത്തോടു് അടുത്തു് അതായ്തു് 740–ാം ആണ്ടിടയ്ക്കു് ഉണ്ടാക്കിയതായ്വരാം. അങ്ങനെ ആണെങ്കിൽ അദ്ദേഹത്തിന്റെ ജനനം 700–ാം ആണ്ടിനപ്പുറമാവാൻ ഇടയില്ല. ഗുരുശിഷ്യന്മാർക്കു കുറഞ്ഞപക്ഷം 25 കൊല്ലത്തെ അന്തരം കല്പിച്ചാൽ, എഴുത്തച്ഛന്റെ ജനനം എട്ടാം ശതകത്തിന്റെ ദ്വിതീയപാദത്തിനു മുമ്പാവുകയില്ലെന്നു സിദ്ധിക്കുന്നു.

ഇനി ചിറ്റൂർ ഗുരുമഠത്തിലെ രേഖകളെ പരിശോധിച്ചുനോക്കാം. അവയുടെ കൂട്ടത്തിൽ നാലു പദ്യങ്ങൾ കാണുന്നുണ്ടു്.

“ആചാര്യഃപ്രഥമം നദീം വനമിദം ദൃഷ്ട്വാ…പ്രാപ്തവാൻ
നദ്യാസ്തീര…വസതിം നിശ്ചിത്യ ശിഷ്യൈസ്സമം.
ലബ്ധ്വാതദ്വനമത്ര ദേശപതിഭിശ്ഛിത്വാ…
‘രാമാനന്ദപുരാ’ഭിധം ദ്വിജഗൃഹൈർ ഗ്രാമം ചകാരാലയൈഃ. 1
പൂർവേചിഞ്ചാഖ്യകുല്യാവരുണദിശി തഥാ പത്രചര്യാപഥാന്തം
യാമ്യേനദ്യുത്തരാദുത്തരദിശിനിധനക്രോഡകേദാരകാന്തം
അസ്മിൻ ദേശേ മഹാത്മാ…ജന…സൂര്യനാരായണാഖ്യഃ
സമ്പദ്വേശ്മാധിനാഥാദുദകമ…ജ…ഹ കാരുണ്യസിന്ധുഃ. 2
രാമാനന്ദാഗ്രഹാരേ പ്രഥമമിഹശിവം സാംബമൂർത്തിം സവർഗ്ഗം
സാക്ഷാദ്വിഷ്ണും ച രാമം ദ്വിജകുലനിപുണൈ…സൂര്യഃ
–ദ്ധ്നാ–ന്തം സസർപ്പിഃ സധനഗൃഹഗണം ഭൂസുരേഭ്യോദദൌ–
നാകസ്യാനൂനസൌഖ്യം ധ്രുവമിതിമനനസ്യാസ്പദം ഭൂമി…3

മൂന്നാമത്തെ പദ്യത്തിൽ കാണുന്ന ‘നാകസ്യാനൂനസൌഖ്യം’ കലിദിനമാണെന്നു് സരസകഥാകൃത്തായ മി. സി. എസ്സു്. ഗോപാലപ്പണിക്കർ, ചിറ്റൂർ മഠത്തിൽനിന്നു പ്രചരിപ്പിച്ച ഒരു ലഘുപത്രികയിൽ പ്രസ്താവിച്ചിട്ടുള്ളതു് സ്വീകാരയോഗ്യമായിരിക്കുന്നില്ല. അതു് എഴുത്തച്ഛൻ 729-ൽ ചെയ്ത ഭൂദാനത്തെ രേഖപ്പെടുത്തുന്നു എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രസ്തുതപദ്യം സൂര്യനാരായണൻ നടത്തിച്ച സാംബശിവാദിപ്രതിഷ്ഠകളേയും ഭൂദാനത്തെയും ആണു് വിവരിക്കുന്നതു്. സാക്ഷാൽ എഴുത്തച്ഛന്റെ പേരു സൂര്യനാരായണൻ എന്നായിരുന്നു എന്നു വിചാരിക്കുന്ന കാര്യം വളരെ പ്രയാസവുമാണു്. അതേ പദ്യത്തിൽ കാണുന്ന ‘ദധ്നാത്യന്നം സസർപ്പിഃ’ കലിദിനമാണെന്നു പറയുന്നവരും ഉണ്ടു്. ആ അഭിപ്രായം സ്വീകരിക്കുന്നപക്ഷം രാമാനുജൻ എഴുത്തച്ഛന്റെ കാലം ഗുണ്ടർട്ടു് പറയും പോലെ ക്രിസ്താബ്ദം പതിനേഴാംശതകത്തിലാണെന്നു വരും. ചിലർ ഗുണ്ടർട്ടിന്റെ അഭിപ്രായത്തെ തള്ളികളഞ്ഞിട്ടു് ഈ മതത്തെ സ്വീകരിക്കുന്നതു കൂറേ അത്ഭുതമായിരിക്കുന്നു. ശുപ്പുമേനോൻ തേനാരി മാഹാത്മ്യം എഴുതിയ കാലത്തു് സൂര്യനാരായണൻ എഴുത്തച്ഛന്റെ അന്തേവാസികളിൽ ഒരുവനായ അജ്ഞാതനാമാവു് രാമാദി ശിഷ്യന്മാരോടുകൂടി ജീവിച്ചിരുന്നു എന്നു വന്നാലും ഇല്ലെങ്കിലും, ആ വിശിഷ്ടപുരുഷന്റെ ജനനം ഒൻപതാം ശതകത്തിന്റെ തൃതീയപാദത്തിനു അപ്പുറം ആയിരിക്കാൻ ഇടയില്ല. അങ്ങനെ ആകുമ്പോൾ സൂര്യനാരായണൻ എഴുത്തച്ഛന്റെ കാലം ഒൻപതാംശതകത്തിനു് അപ്പുറം പോകയില്ലെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ? രാമാനുജൻ എഴുത്തച്ഛൻ അന്ത്യസമാധി അടയുന്ന കാലത്തു് സൂര്യനാരായണാചാര്യർക്കു കുറഞ്ഞപക്ഷം പതിനാറുവയസ്സെങ്കിലും ഉണ്ടായിരുന്നുവെന്നു വന്നാൽ രാമാനുജാചാര്യരുടെ കാലം 750-നും 825-നും മദ്ധ്യേ ആയിരുന്നുവെന്നു വരും. അതിനു മുമ്പായിരുന്നു എന്നു വിചാരിക്കാൻ ഒരു നിവൃത്തിയും ഇല്ല.

എഴുത്തച്ഛന്റെ ജാതി

രാമാനുജൻ ചക്കാല നായരായിരുന്നു എന്നാണു് ഐതിഹ്യം. ഏതു ജാതിയിൽപ്പെട്ട ആളായിരുന്നാലും, ആ പുണ്യപുരുഷൻ സർവജനസംപൂജ്യനായ ഒരു യോഗീശ്വരനായിരുന്നു എന്നുള്ളതിനു സംശയം ഇല്ല. അദ്ദേഹത്തിന്റെ തിരുനാമസ്മരണമാത്രത്താൽ അസ്മാദൃശന്മാർ രോമാഞ്ചകഞ്ചുകിതരായി ഭവിക്കുന്നു. ആ ദിവ്യഗുരുവിന്റെ ചരണസരോജത്തിലെ മഞ്ജൂപരാഗസ്പർശം ഏൽക്കുവാൻ ഭാഗ്യമുണ്ടായ തുഞ്ചൻ പറമ്പിലെ മണൽത്തരികൾ പോലും ശിരസ്സിലണിയുന്നതു പരമശ്രേയോനിദാനമാണെന്നാണു് മലയാളികളുടെ വിശ്വാസം. ആ സ്ഥിതിക്കു് അദ്ദേഹത്തിന്റെ ജാതിയേപ്പറ്റി അന്വേഷിക്കേണ്ട ആവശ്യമേ നമുക്കില്ല. അദ്ദേഹം മനുഷ്യജാതിയായ സുരദ്രുമത്തിൽ ഉദിച്ച ഒരു സുരഭിലകുസുമമായിരുന്നു എന്നു വിചാരിച്ചാൽ മതി. എന്നുവരികിലും അദ്ദേഹത്തിനേപ്പറ്റി പറഞ്ഞുവരുന്ന ഐതിഹ്യങ്ങൾ തന്നേ, അദ്ദേഹം ചക്കാലനായരായിരുന്നോ എന്നുള്ള വിഷയത്തിൽ പ്രബലമായ സംശയം ജനിപ്പിക്കുന്നുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ചക്കാലനായന്മാരുടെ തൊഴിൽ ശൂദ്രനായന്മാരുടെ ദാസ്യവൃത്തിയേക്കാൾ ഉൽകൃഷ്ടവും സ്വതന്ത്രവും ആയിരുന്നെങ്കിലും പുരാതനകാലങ്ങളിൽ ആയുധവൃത്തിയും കൃഷിയും ഒഴിച്ചുള്ള സകല തൊഴിലുകളും നികൃഷ്ടമായിട്ടാണു് ഗണിക്കപ്പെട്ടിരുന്നുത്. ശൂദ്രനായന്മാരെ കിരിയത്തു നായന്മാരും സ്വരൂപക്കാരും പുച്ഛിച്ചു വന്നിരുന്നു. ചക്കാലനായന്മാർക്കു വിശേഷിച്ചു് ക്ഷേത്രപ്രവേശം അനുവദിച്ചിരുന്നുമില്ല. അടുത്തകാലത്താണു് അവർക്കു ക്ഷേത്രപ്രവേശം ആകാമെന്നു് ഒരു വിധിയുണ്ടായതു്. എന്നാൽ എഴുത്തച്ഛനാകട്ടെ ക്ഷേത്രപ്രവേശം ഉണ്ടായിരുന്നുവെന്നാണല്ലോ ഐതിഹ്യം. അദ്ദേഹം ശിശുപ്രായത്തിൽ ക്ഷേത്രദർശനം ചെയ്യാറുണ്ടായിരുന്നെന്നും ‘അപ്പോഴൊക്കെ നമ്പൂരിമാർ വേദോച്ചാരണം ചെയ്യുന്നതുകേട്ടു്, കാടു് കാടു്’ എന്നു പറയാറുണ്ടായിരുന്നെന്നും, അതു കേട്ടു് കാര്യം മനസ്സിലാക്കിയ ഓതിക്കോൻ മന്ത്രം ജപിച്ചു കൊടുത്തു് അദ്ദേഹത്തിനെ മൂകനാക്കിയെന്നും ഇന്നും മലയാളികൾ വിശ്വസിച്ചു വരുന്നു. നാലമ്പലത്തിനുള്ളിൽ കടക്കാതെ വേദോച്ചാരണം കേൾക്കുന്നതെങ്ങനെ? ആട്ടില്ലാത്ത ചക്കാലവന്മാരുടെ കൂട്ടത്തിൽപ്പെട്ട ആളായതുകൊണ്ടു് എഴുത്തച്ഛനു ക്ഷേത്രപ്രവേശം ഉണ്ടായിരുന്നു എന്നു് വാദിക്കുന്ന പക്ഷവും മറ്റൊരു ഐതിഹ്യം ആ വാദത്തിനു ബാധകമായി നില്ക്കുന്നു. എഴുത്തച്ഛൻ ചെമ്പകശ്ശേരി രാജാവിനോടു് അപേക്ഷിച്ചു് അമ്പലപ്പുഴക്കു വടക്കോട്ടുള്ള ചക്കുകൾ പറിപ്പിച്ചു കളഞ്ഞുവെന്നു ഒരു കഥയുണ്ടല്ലോ. ഇങ്ങനെ പൂർവാപരവിരുദ്ധങ്ങളായ ഐതിഹ്യങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുത്തച്ഛന്റെ ജാതി നിർണ്ണയിക്കാവുന്നതല്ല. സ്പർദ്ധാലുക്കളിൽ ചിലർ അദ്ദേഹത്തിനെ ചക്കാലനായർ എന്നു വിളിച്ചു പുച്ഛിക്കാറുണ്ടായിരുന്നുവെന്നു മാത്രമേ ഇത്തരം കഥകളിൽനിന്നു നാം ഗ്രഹിക്കേണ്ടതായിട്ടുള്ളു. അതുകൊണ്ടു് അദ്ദേഹം എഴുത്താശാന്മാരുടെ വർഗ്ഗത്തിൽപ്പെട്ട ആളായിരുന്നുവെന്നേ നമുക്കു ഖണ്ഡിതമായി അറിയാവൂ. എഴുത്താശാന്മാർക്കു പുരാതനകാലത്തു മറ്റു നായന്മാരോളം കുലീനത്വം കല്പിക്കാറില്ലാതിരുന്നതിനാൽ, ചില നമ്പൂരിമാർ എഴുത്തച്ഛനെ ചക്കാലവൻ എന്നുവിളിച്ചു ആക്ഷേപിക്കാറുണ്ടായിരുന്നിരിക്കാം. അതല്ലാതെ ‘ജാതി നാമാദികൾക്കല്ല ഗുണഗണം’ എന്നു പാടിയ പരമസാത്വികനായ കവി ആത്മാഭിമാനവിജൃംഭിതനായി നാടുതോറും നടന്നു് ചക്കു പറിപ്പിച്ചു കളഞ്ഞിട്ടു് അനേകം സാധുക്കളുടെ കാലക്ഷേപമാർഗ്ഗം ഇല്ലാതാക്കി എന്നു വിശ്വസിക്കുന്ന കാര്യം കുറേ പ്രയാസമാണു്. എന്നു മാത്രമല്ല ചെമ്പകശ്ശേരി രാജാവിന്റെ കല്പന അനുസരിച്ചു് മറ്റുനാട്ടുകാരും ചക്കു പിഴുതുകളയുമായിരുന്നോ എന്ന കാര്യം സന്ദിഗ്ദ്ധവുമാകുന്നു.

എഴുത്തച്ഛന്റെ ജനനവും ബാല്യദശയും

എഴുത്തച്ഛന്റെ മാതാപിതാക്കന്മാരെപ്പറ്റി നമുക്കു യാതൊന്നും അറിഞ്ഞുകൂടെന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി ചില കഥകൾ പറയാറുള്ളതു് തീരെ അടിസ്ഥാനരഹിതമാണെന്നു ആർക്കും നിഷ്പ്രയാസം ഗ്രഹിക്കാം.

വടക്കേ മലയാളത്തുകാരനായ ഒരു മലയാളബ്രഹ്മണൻ തിരുവനന്തപുരത്തുനിന്നും മുറജപം കഴിഞ്ഞു് വഞ്ചിമാർഗ്ഗം വെട്ടത്തുനാട്ടിൽവന്നു ചേർന്നു. അദ്ദേഹം അസാമാന്യ വ്യുൽപ്പന്നനും ജ്യൌതിഷിയും ആയിരുന്നത്രേ. രാത്രി അസമയം ആകയാൽ അദ്ദേഹം അന്നു് അവിടെ എവിടെയെങ്കിലും കഴിച്ചുകൂട്ടണമെന്നു വിചാരിച്ചു് ഒരു ചക്കാലനായരുടെ വീട്ടിൽ കയറിക്കിടന്നു. ആ വീട്ടിൽ ഒരു വൃദ്ധയും പുത്രിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ അദ്ദേഹത്തിനെ യഥായോഗ്യം സൽക്കരിച്ചു് കിടക്കാൻ ഒരു സ്ഥലവും കൊടുത്തിട്ടു് നിദ്രയെ പ്രാപിച്ചു. രാത്രിയിൽ അവർ ഉണർന്നു നോക്കിയപ്പോൾ നമ്പൂരി സ്വസ്ഥനല്ലാത്തവിധത്തിൽ വെളിയിലിറങ്ങി നക്ഷത്രങ്ങൾ നോക്കുന്നതും പിന്നീടു് കേറിക്കിടക്കുന്നതും കണ്ടുപോലും. തത്സമയം പുത്രി അദ്ദേഹത്തിന്റെ അടുക്കൽചെന്നു് ഈ ജാഗരണത്തിനുള്ള ഹേതു ചോദിച്ചുവെന്നും അത്യുത്തമനായ ഒരു പുത്രൻ ജനിക്കാനുള്ള യോഗം നഷ്ടമാകാൻ പോകുന്നതിനെപ്പറ്റി താൻ ദുഃഖിക്കയാണെന്നു് അയാൾ മറുപടി പറഞ്ഞുവെന്നും, അപ്പോൾ അവൾ ആ പുത്രസന്താനത്തെ തനിക്കു നൽകണമെന്നു് അഭ്യർത്ഥിച്ചുവെന്നും മറ്റുമാണു് ഒരു കഥ. ഈ ഐതിഹ്യം ആപാദചൂഡം അസംബന്ധമായിരിക്കുന്നു. [1] മുറജപം ഇല്ലാതിരുന്ന കാലത്തു് നമ്പൂരി മുറപത്തിനു പോയതും, വഞ്ചിമാർഗ്ഗം സഞ്ചരിക്കുന്നതിനു സൌകര്യമില്ലാതിരുന്ന ഒരു കാലത്തു് അയാൾ വള്ളം വഴി തൃക്കണ്ടിയൂർ വന്നു ചേർന്നതും, ബ്രാഹ്മണരുടെ ഗൃഹം ധാരാളമുണ്ടായിരുന്നിട്ടും അവിടെങ്ങും കേറിക്കിടക്കാതെ ഒരു ചക്കാലനായരുടെ വീട്ടിൽ രാത്രി കഴിച്ചുകൂട്ടാമെന്നുവെച്ചതും, നക്ഷത്രം നോക്കാൻ അയാൾ എഴുന്നേറ്റ സമയത്തുതന്നെ ചക്കാലയുവതി ഉറക്കത്തിൽനിന്നുണർന്നു് അവിടെ വന്നുചേർന്നതും, എല്ലാം അത്ഭുതമത്ഭുതമത്ഭുതമേ! എന്ന മട്ടിലിരിക്കുന്നു.

വേറൊരു കൂട്ടർ നമ്പൂരിയുടെ സ്ഥാനത്തു് ഒരു പട്ടരേ പ്രവേശിപ്പിച്ചിരിക്കുന്നു. മറ്റു സംഗതികളിൽ ഇരുപാട്ടുകാരും യോജിക്കുന്നുണ്ടു്. ഒരു നമ്പൂരിയെ ചക്കാലവീട്ടിൽ പ്രവേശിപ്പിക്കുന്നതു ഭംഗിയല്ലെന്നു കണ്ടിട്ടു്, എന്തിനും തയ്യാറുള്ള ഒരു പട്ടരെ അങ്ങോട്ടേയ്ക്കുവിട്ടവർ ആരായിരുന്നാലും മലയാളബ്രാഹ്മണരെപ്പറ്റി ഭക്തിയുള്ളവരായിരിക്കണം.

വെട്ടത്തുനാട്ടുകാർ പറയാറുള്ള ഐതിഹ്യത്തിൽ അല്പം വ്യത്യാസം ഉണ്ടെന്നേയുള്ളു. നമ്പൂരി കേറിക്കിടന്നതു് തൃക്കണ്ടിയൂർ ക്ഷേത്രത്തിനടുത്തുള്ള ‘തട്ടാരമ്പറമ്പത്തു്’ എന്ന ഒരു മൂസ്സിന്റെ ഗൃഹത്തിലായിരുന്നത്രേ. അവിടെ ദാസിയായി താമസിച്ചിരുന്ന ചക്കാലയുവതി, അസ്വസ്ഥനായി നക്ഷത്രം നോക്കിക്കൊണ്ടിരുന്ന നമ്പൂരിയുടെ അടുക്കൽ ചെന്നു് ആ അസ്വസ്ഥതയുടെ കാരണം ചോദിക്കയും വിവരം എല്ലാം ഗ്രഹിച്ചപ്പോൾ ആ സന്താനം തനിക്കു നൽകാൻ കനിവുണ്ടാകണമെന്നു പ്രാർത്ഥിക്കയും ചെയ്തുവെന്നാണു് വെട്ടത്തുനാട്ടിലെ ഐതിഹ്യം.

എന്തായിരുന്നാലും ഈ മാതിരി അപവാദങ്ങൾ കെട്ടിച്ചമച്ച പാപിഷ്ഠന്മാർ നിത്യനരകം അനുഭവിച്ചു കഷ്ടപ്പെടുകതന്നെ ആയിരിക്കണം. എഴുത്തച്ഛനെപ്പോലുള്ള ദിവ്യപുരുഷന്മാർ ജീവിതശുദ്ധിയില്ലാത്ത കുടുബങ്ങളിൽ ജനിക്കയേ ഇല്ല. അദ്ദേഹത്തിനേക്കാൾ ധിഷണാശക്തിയും കവനചാതുരിയും ഉള്ളവർ നീചകുടുംബത്തിൽ ജനിച്ചുവെന്നു വരാവുന്നതാണു്. എന്നാൽ എഴുത്തച്ഛൻ പടുധിഷണനായ ഒരു കവി മാത്രമായിരുന്നില്ലെന്നു നാം ഓർക്കേണ്ടതാകുന്നു. അദ്ദേഹം ലോകശ്രേയസ്സിനുവേണ്ടി ആത്മജീവിതത്തെ സമർപ്പിച്ച ഒരു പരമയോഗിയായിരുന്നു. പക്ഷേ മാതാപിതാക്കന്മാരുടെ ഗുണങ്ങൾ സന്താനങ്ങളിൽ പകരേണമെന്നില്ലെന്നു വാദിക്കുന്നവരും ഉണ്ടായേക്കാം. ‘അച്ഛൻ ആന കേറിയാൽ മകന്റെ ആസനത്തിൽ തഴമ്പുകാണുകയി’ല്ലെന്നു ഒരു പഴമൊഴിയും ഉണ്ടല്ലോ. എന്നാൽ കേവലം വാച്യാർത്ഥത്തെസംബന്ധിച്ചിടത്തോളം ആ പഴമൊഴി പരമാർത്ഥമാണെന്നു് സമ്മതിക്കാം. സ്വജീവിതകാലത്തു ആപാദിതമായ വിശിഷ്ടഗുണങ്ങൾ തന്റെ സന്താനങ്ങളിലേക്കു സംക്രമിക്കയില്ലെന്നു മിക്ക പ്രാണിശാസ്ത്രജ്ഞന്മാരും പറയുന്നുണ്ടു്. എന്നാൽ പൂർവികന്മാരുടെ ആത്മികജീവിതം നമ്മെ ബാധിക്കയില്ലെന്നു പറയുന്ന കാര്യം കുറേ ആലോചിച്ചു വേണ്ടതാണു്. നമ്മുടെ മാനസികലോകം ബഹിർല്ലോകത്തിന്റെ ഒരു പ്രതിബിംബം മാത്രമാണെന്നും മുമ്പു് ഇന്ദ്രിയപ്രത്യക്ഷീഭാവമുണ്ടായിട്ടില്ലാത്ത യാതൊന്നും മനസ്സിൽ കാണുന്നതല്ലെന്നും ലാക്കു് മുതലായ തത്വശാസ്ത്രജ്ഞന്മാർ വാദിച്ചിട്ടുണ്ടെങ്കിലും, ഗാൽട്ടോണിയന്മാരുടെ അന്വേഷണഫലമായി വംശപാരമ്പര്യത്തിന്റെ അഖണ്ഡശക്തി ഏറെക്കുറെ സ്ഥാപിതമായിട്ടുണ്ടു്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം സംസ്കാരം എന്നൊന്നു് ഉണ്ടെന്നു സമ്മതിക്കാത്തവർ ചുരുക്കവുമാകുന്നു. സൽസംഗത്താൽ ദുർവാസനകളെ അകറ്റിനിർത്താൻ സാധിച്ചേക്കാം. തുളസീദാസജി അരുളിച്ചെയ്തിട്ടുള്ളതുപോലെ,

“ധൂമ ഉത ജഇസഹജ കടുആഈ
അഗരുപ്രസംഗ സുഗന്ധ ബസാഈ”

“ധൂമം അഗരുപ്രസംഗത്താൽ സുഗന്ധിതമായിട്ടു് അതിന്റെ നൈസർഗ്ഗികമായ കടുതയെ കൈവെടിയുന്നു.” എന്നാലും അഗരുസംസർഗ്ഗം വിടുന്ന മാത്രയിൽ അതു പൂർവദശയെ പ്രാപിക്കുന്നുണ്ടല്ലോ. തുളസി തന്നെ വേറൊരിടത്തു പറഞ്ഞിട്ടുള്ളതു ഇങ്ങനെ ആകുന്നു.

“ഖലഉ കരഹിം ഭലപാഇ സുസംഗ്രു
മിടഇ ന മലിന സുഭാഉ അഭാഗ്രു”

“ഖലന്മാരും സത്സംഗശക്തിയാൽ സൽക്കർമ്മം ചെയ്യുന്നു. എന്നാൽ അവരുടെ മലിനസ്വഭാവം ഒരിക്കലും അവരെ നിശ്ശേഷം വിട്ടുമാറുന്നില്ല.”

എഴുത്തച്ഛൻ ബാല്യദശമുതൽക്കേ സംസാരസുഖങ്ങളെ കൈവെടിഞ്ഞു് തപശ്ചര്യ അനുഷ്ഠിച്ചതായിട്ടാണു് നമ്മുടെ അറിവു്. അദ്ദേഹത്തിനെ ദുർവികാരങ്ങൾ തീണ്ടുകപോലും ചെയ്തിട്ടില്ല. അങ്ങനെയുള്ള ഒരു വിശിഷ്ടപുരുഷന്റെ മാതൃഭാവം ലഭിക്കുന്നതിനു് ഭാഗ്യമുണ്ടായ സ്ത്രീരത്നം സുശീലയും സാധ്വിയും ആയിരുന്നിരിക്കണമെന്നു് നിസ്സംശയം പറയാം. ശിശുവിന്റെ സ്വഭാവരചനാവിഷയത്തിൽ മാതാവാണു് കൂടുതൽ ശക്തി പ്രയോഗിക്കുന്നതു്. എത്രയോ ശിശുക്കളുടെ സദ്വാസനകൾ മാതൃജനങ്ങളുടെ ദുശ്ശീലംകൊണ്ടു് ക്ഷയം പ്രാപിച്ചുപോകുന്നു. നേരെ മറിച്ചു് എഴുത്തച്ഛന്റെ മാതാവു് തന്റെ ശിശുവിന്റെ ശ്രേയസ്സിനുവേണ്ടി നിരന്തരം സനിഷ്കർഷം പ്രവർത്തിച്ചു വന്നുവെന്നുള്ളതിനു ഐതിഹ്യങ്ങളും അദ്ദേഹത്തിന്റെ പിൽക്കാല ജീവിതവും സാക്ഷ്യം വഹിക്കുന്നു. ഇങ്ങനെ ഇരിക്കെ എഴുത്തച്ഛന്റെ ജനനത്തിൽ കളങ്കം ആരോപിക്കാൻ ഒരുമ്പെട്ടവർ, ഒരു നിലയിൽ ‘ആത്മവൽ സർവഭൂതങ്ങളേയും ദർശി’ക്കുന്നവർതന്നെ.

എഴുത്തച്ഛനെ ഗർഭം ധരിച്ച കാലത്തു് അദ്ദേഹത്തിന്റെ മാതാവു് എതിഹ്യങ്ങളിൽ കാണുമ്പോലെ ഒരു കന്യക ആയിരുന്നെങ്കിൽ എഴുത്തച്ഛനു് ‘വിദുഷാമഗ്രേസരനായ ഒരു അഗ്രജൻ എങ്ങനെ ഉണ്ടായി?’ ആ ജ്യേഷ്ഠനെ അദ്ദേഹം രാമായണത്തിൽ എത്ര ഭക്തിപൂർവം സ്മരിച്ചിരിക്കുന്നു.

രാമാനുജപ്പൈങ്കിളിയുടെ പിതാവു് ഹരിനാമകീർത്തനത്തിൽ സംസ്മരിക്കപ്പെട്ടിരിക്കുന്ന ശ്രീനീലകണ്ഠഗുരുവാണെന്നു ചിലർ വിശ്വസിക്കുന്നു. തിരുമംഗലത്തു [2] ശ്രീനീലകണ്ഠൻ മൂസ്സതു് ചെമ്പകശേരിയ്ക്കൊ തൃപ്പൂണിത്തുറയ്ക്കൊ പോയിട്ടു് മടങ്ങുംവഴി എഴുത്തച്ഛന്റെ ജന്മദേശമായ തൃക്കണ്ടിയൂരിലെ ക്ഷേത്രത്തിനു സമീപം തട്ടാരമ്പറമ്പിൽ മൂസ്സതിന്റെ ഗൃഹത്തിൽ കേറി താമസിക്കയും എഴുത്തച്ഛന്റെ മാതാവായിത്തീർന്ന സുശീലയെ യദൃച്ഛയാ കണ്ടു് അനുരക്തനായിത്തീരുകയും അന്നത്തെ മര്യാദ അനുസരിച്ചു് അവരെ വിവാഹം കഴിക്കയും ചെയ്തു എന്നു വരാവുന്നതാണു്. ആ വിവാഹത്തിന്റെ പ്രഥമസന്താനം ‘വിദുഷാം അഗ്രേസരനായ’ ജ്യേഷ്ഠനും രണ്ടാമത്തെ സന്താനം എഴുത്തച്ഛനും ആയിരുന്നു എന്നു വരാം. എന്നാൽ ഇങ്ങനെ ഒരു ഊഹത്തിനും ബാധകമായി നിൽക്കുന്ന ചില സംഗതികൾ കാണുന്നു. രാമായണത്തിൽ വിദുഷാമഗ്രേസരനായ ജ്യേഷ്ഠനെ ഭക്തിപൂർവം സ്മരിച്ച കവി അദ്ദേഹത്തിനെക്കാൾ വിദ്വാനായ തന്റെ പിതാവിനെ പേർപറഞ്ഞു സ്തുതിക്കാതെ വിട്ടുകളയുമായിരുന്നോ? അതുകൊണ്ടു് എഴുത്തച്ഛന്റെ പിതാവു് സാമാന്യം വിദ്യാഭ്യാസം മാത്രം സിദ്ധിച്ചിട്ടുണ്ടായിരുന്ന ഒരു നായരായിരുന്നു എന്നാണു് എനിക്കു തോന്നുന്നതു്. അദ്ദേഹത്തിനു് ഒരു സഹോദരിയും ഉണ്ടായിരുന്നു എന്നു തോന്നുന്നു. ചിന്താരത്നം തന്റെ മരുമകളെ പഠിപ്പിക്കുന്നതിനായി അദ്ദേഹം രചിച്ചതായിട്ടാണല്ലോ അറിവു്.

എഴുത്തച്ഛന്റെ ജനനസ്ഥലം

എഴുത്തച്ഛന്റെ ജനനീജനകന്മാരെപ്പറ്റി നമുക്കു പരിച്ഛിന്നമായ ഒരു വിവരവും ലഭിച്ചിട്ടില്ലെങ്കിലും ജന്മഭൂമിയേപ്പറ്റി പൂർണ്ണമായ അറിവുണ്ടു്. തുഞ്ചൻപറമ്പു് കേരളീയർക്കു വൃന്ദാവനംപോലെ പാവനമായി ഇന്നും വിളങ്ങുന്നു. ആ പുരയിടം ബ്രിട്ടീഷ് മലബാറിൽ പൊന്നാനിത്താലൂക്കിന്റെ ഒരു അംശമായ തൃക്കണ്ടിയൂർ എന്ന സ്ഥലത്താണു് സ്ഥിതിചെയ്യുന്നതു്. അവിടെ ഇപ്പോൾ ഒരു ഗുരുമഠവും അതിനോടുചേർന്നു് ഒരു കുളവും കിണറും കാണ്മാനുണ്ടു്. കുളത്തിൽ വേനൽകാലത്തു് ജലം കാണുകയേ ഇല്ല. എന്നാൽ കിണറ്റിന്റെ സ്ഥിതി അങ്ങനെ അല്ല. അതിലേ ജലം ഒരുകാലത്തും വറ്റുകയില്ലത്രേ. രാമാനുജാചാര്യരുടെ ആരാധനാവിഗ്രഹങ്ങളും നാരായവും മറ്റും അതിൽ കിടപ്പുണ്ടെന്നാണു് ജനങ്ങളുടെ വിശ്വാസം. കുളത്തിന്റെ സമീപത്തായി നില്ക്കുന്ന കാഞ്ഞിരവൃക്ഷത്തെ അന്നാട്ടുകാർ ഇന്നും പൂജിച്ചുവരുന്നു. അതിന്റെ ചുവട്ടിൽ ഇരുന്നാണത്രേ എഴുത്തച്ഛൻ ധ്യാനംനടത്തിവന്നതു്. അതുകൊണ്ടു് അതിന്റെ ഇലയ്ക്കു കയ്പുരസംപോലും ഇല്ലെന്നു ആളുകൾ പറയുന്നു. ഏതായിരുന്നാലും ഇലകളൊക്കെ പറിച്ചു തിന്നുതീർത്തു കഴിഞ്ഞിരിക്കുന്നുപോലും. ഇപ്പോഴും അതിന്റെ ചുവട്ടിൽ വിളക്കുവെയ്പുനടത്തിവരുന്നുമുണ്ടു്. തുഞ്ചൻപറമ്പിലെ മണ്ണിനും മാഹാത്മ്യം കല്പിച്ചുവരുന്നു. സമീപസ്ഥന്മാർ അവിടത്തെ മണ്ണുകൊണ്ടുപോയിട്ടാണു് വിജയദശമിദിവസം വിദ്യാരംഭം നടത്താറുള്ളതു്. ഇത്ര വിശേഷപ്പെട്ട ഈ സ്ഥലത്തു് തിരുവീതാകൂർ, കൊച്ചി, കോഴിക്കോടു് മുതലായ രാജ്യങ്ങളിലെ അധിപതികൾ ചേർന്നു് ശരിയായ ഒരു സ്മാരകം സ്ഥാപിക്കാഞ്ഞതിനേപ്പറ്റി മി. ഗോവിന്ദപ്പിള്ള വ്യസനിച്ചുകാണുന്നു. എന്നാൽ എഴുത്തച്ഛനു ഒരു സ്മാരകം ഉണ്ടാക്കേണ്ട ആവശ്യമുണ്ടോ എന്നു എനിക്കു സംശയമാണു്. വിസ്മൃതിയിൽ ലയിച്ചുപോകാവുന്ന വസ്തുക്കൾക്കല്ലേ സ്മാരകങ്ങൾ വേണ്ടതു്? അനശ്വരകീർത്തിശാലിയായ എഴുത്തച്ഛനു് സ്മാരകമുണ്ടാക്കാൻ ശ്രമിക്കുന്നതു്, അദ്ദേഹത്തിനെ അവമാനിക്കുന്നതിനു തുല്യമാണു്. ലക്ഷക്കണക്കിനു സമസൃഷ്ടികളെ നിഹനിച്ചു് പേരും പെരുമയും സമ്പാദിക്കുന്ന വീരപുരുഷന്മാർക്കും വിജാതീയ ജനമണ്ഡലങ്ങളെ താഴ്ത്താവുന്നിടത്തോളം അടിച്ചു താഴ്ത്തീട്ടു് സ്വരാജ്യസേവനം സാധിക്കുന്ന രാജ്യതന്ത്രജ്ഞന്മാർക്കും സ്മാരകങ്ങൾ ആവശ്യമുണ്ടായിരിക്കാം. എഴുത്തച്ഛനു സ്മാരകമെന്തിനു്? കാലശക്തിയെ ക്ഷണനേരംപോലും നിരോധിക്കുന്നതിനു ശക്തിയില്ലാത്ത കല്ലും മരവുംകൊണ്ടു് നിർമ്മിക്കപ്പെടുന്ന എടുപ്പുകളാണോ എഴുത്തച്ഛന്റെ ശാശ്വതകീർത്തിയെ നിലനിർത്തുവാൻ പോകുന്നതു്?

എഴുത്തച്ഛന്റെ പേരു്

എഴുത്തച്ഛന്റെ പേരു എന്തായിരുന്നു എന്നുള്ള വിഷയത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടു്. അദ്ദേഹത്തിന്റെ സാക്ഷാൽ പേരു ശങ്കരൻ എന്നായിരുന്നുവെന്നും ‘രാമൻ’ എന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നതുകൊണ്ടു് രാമാനുജൻ എന്നപേർ വന്നുചേർന്നതാണെന്നും ആണു് ഒരു സിദ്ധാന്തം. ‘ശങ്കരൻ’ എന്ന പേർ ഈയിടയ്ക്കുണ്ടായ ഒരു ‘കണ്ടുപിടിത്ത’മാണു്. ചന്ദ്രോത്സവത്തിൽ ശങ്കരാദ്യന്മാരായ കവികളേ സ്തുതിച്ചിരിക്കയും എഴുത്തച്ഛനേപ്പറ്റി ഒന്നും മിണ്ടാതിരിക്കയും ചെയ്തിരിക്കുന്നതുകൊണ്ടാണു് ഇങ്ങനെ ചിലർ ഊഹിക്കുന്നതു്. എന്നാൽ ആ ശങ്കരകവി കോലത്തു നാട്ടുരാജാവിന്റെ ആശ്രിതനും ഒരു രാഘവപ്പിഷാരടിയുടെ ശിഷ്യനും ആയിരുന്നുവെന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്. അദ്ദേഹം രചിച്ചിട്ടുള്ള ശ്രീകൃഷ്ണവിജയം കാവ്യം ഈ സംഗതിയിൽ അവ്യഭിചരിതമായ സാക്ഷ്യം വഹിക്കുന്നു. സൂര്യനാരായണൻ സാക്ഷാൽ എഴുത്തച്ഛനായിരുന്നു എന്നു പറയുന്നവരും ഉണ്ടു്. എന്നാൽ ആ അഭിപ്രായം സാധുവല്ലെന്നു അന്യത്ര തെളിയിക്കാം.

എഴുത്തച്ഛന്റെ പേരു നിർണ്ണയിക്കുന്നതിനു വലിയ പ്രയാസമില്ലെന്നാണു് എനിക്കു തോന്നുന്നതു്. അദ്ദേഹത്തിന്റെ നാലു ശിഷ്യന്മാരെയും അദ്ദേഹത്തിനേയും ചേർത്തു ഒരു പ്രസിദ്ധശ്ലോകമുണ്ടല്ലോ. ആ ശ്ലോകം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.

“വന്ദേഹം ഗുരുസംപ്രദായമനിശം തുഞ്ചത്തെഴും ശ്രീ ഗുരും
വന്ദേ ശ്രീ കരുണാകരഞ്ച പരമം ശ്രീ സൂര്യനാരായണം
വന്ദേ ദേവഗുരും പരാപരഗുരും ഗോപാലശ്രീമദ്ഗുരും
വന്ദേ നിത്യമനന്തപൂർണ്ണമമലം വന്ദേ സമസ്താൻ ഗുരൂൻ”

ഈ പദ്യത്തിൽ പറഞ്ഞിരിക്കുന്ന കരുണാകരൻ എഴുത്തച്ഛന്റെ കൃതിയാണു് ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു്. അതിൽ ഇങ്ങനെ കാണുന്നു.–

“ധാത്രീദേവേന്ദ്രശ്രേഷ്ഠനാകിയ തപോനിധി
നേത്രനാരായണൻതന്നാജ്ഞയാ വിരചിതം
രാമഭക്താഢ്യനായ രാമശിഷ്യനാലിദം”

ഇവിടെ രാമഭക്താഢ്യനായ രാമശിഷ്യനാൽ എന്നതിനു് രാമഭക്താഢ്യനായ രാമന്റെ ശിഷ്യനാൽ എന്നാണർത്ഥം. ഇത്തരം പ്രയോഗങ്ങൾ ആക്കാലത്തേ കൃതികളിൽ ധാരാളം കാണ്മാനുമുണ്ടല്ലോ. രാമശിഷ്യൻ എന്നതു് രാമാനുജന്റെ ശിഷ്യൻ എന്നാകുന്നു എന്നു മി. പി ഗോവിന്ദപ്പിള്ള പറയാനിടയായതു് എഴുത്തച്ഛനു് രാമനെന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നു എന്ന മിഥ്യാബോധം നിമിത്തമാണു്.

“അഗ്രജൻ മമ സതാം വിദുഷാമഗ്രേസര-
നുൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചര്യനും.”

എന്ന ഈരടിയ്ക്കു്, “വിദുഷാമഗ്രേസരനായ എന്റെ അഗ്രജനും രാമനാമാച്യനും എന്റെ ഉൾക്കുരുന്നിങ്കൽ വാഴുക” എന്നേ അർത്ഥമുള്ളു. ഗ്രന്ഥാരംഭത്തിൽ തന്നെ ഈ മഹാകവി ദൂരാന്വയദുഷ്ടമായ ഒരു പ്രയോഗം ചെയ്തുവെന്നു വിശ്വസിക്കാൻ തരമില്ല. അതുകൊണ്ടു് സതാം വിദുഷാം അഗ്രേസരനായ ജ്യേഷ്ഠൻ രാമാചാര്യനിൽനിന്നു വിഭിന്നനായിരിക്കണം. ജ്യേഷ്ഠനും അനുജനും ഒരേപേരു നൽകാറില്ലെന്നുള്ള ന്യായമായ വിചാരത്താലായിരിക്കണം മി. ഗോവിന്ദപ്പിള്ള രാമശിഷ്യൻ എന്നതിനു് രാമാനുജശിഷ്യൻ എന്നർത്ഥം പറഞ്ഞതു്. അതുകൊണ്ടു് എഴുത്തച്ഛന്റെ യഥാർത്ഥനാമം രാമനെന്നായിരുന്നു എന്നു പറയുന്നതാണു് യുക്തിക്കു് അധികംയോജിക്കുന്നതു്. ബ്രാഹ്മാണ്ഡപുരാണകർത്താവു് എഴുത്തച്ഛനെപ്പോലെ ഒരു മഹാകവി ആയിരുന്നില്ലെങ്കിലും രാമാനുജശിഷ്യനെന്നതിനു പകരം രാമശിശ്യൻ എന്നു പ്രയോഗിക്കത്തക്കവണ്ണം അത്ര പദദാരിദ്ര്യമുള്ള ആളായിരുന്നില്ല. ഇവിടെ ന്യായമായ ഒരു സംശയത്തിനു അവകാശമുണ്ടു്. അദ്ദേഹത്തിന്റെ യഥാർത്ഥനാമം രാമൻ എന്നായിരിക്കെ രാമാനുജൻ എന്നപേർ എങ്ങനെ വന്നുകൂടി? ഇതിനു ചിലർ പറയുന്ന സമാധാനം ഇങ്ങിനെയാണു്: എഴുത്തച്ഛൻ വിദേശങ്ങളിൽ സഞ്ചരിക്കുന്ന കാലത്തു് രാമാനുജാചാര്യർ എന്ന പ്രസിദ്ധ പണ്ഡിതന്റെ അടുത്തു വിദ്യാഭ്യാസം ചെയ്കയും ആ മഹാഗുരുവിന്റെ പേരിൽ തനിക്കുള്ള ഭക്തിബഹുമാനങ്ങളുടെ ലക്ഷ്യമായി അദ്ദേഹത്തിന്റെ പേർ തന്നെ സ്വീകരിക്കുകയും ചെയ്തു. ഈ അഭിപ്രായം സാധുവാണെന്നു തോന്നുന്നില്ല. ഗുരുത്വമുള്ള ശിഷ്യന്മാരാരും ഗുരുവിന്റെ പേർ സ്വീകരിക്കയില്ല. അങ്ങനെ സ്വീകരിക്കുന്നതു ഗുരുത്വത്തിന്റെയല്ല, ഗുരുത്തക്കേടിന്റെ ലക്ഷണമാണു്. ഗുരുവിന്റെ നാമം ഈശ്വരനാമംപോലെ സദാ ജപ്യമായിട്ടുള്ളതാകുന്നു. അതിനെ സ്വയം കൈക്കൊള്ളുകയൊ? ശാന്തം പാപം! ഇവിടെ എനിക്കുള്ള വിനീതമായ അഭിപ്രായംകൂടി രേഖപ്പെടുത്തിക്കൊള്ളട്ടെ. എഴുത്തച്ഛൻ വിദേശവാസം ചെയ്യുന്നകാലത്തു് രാമാചാര്യർ എന്ന വിശിഷ്ടദ്വൈതപണ്ഡിതന്റെ ശിഷ്യനായി പാർക്കയും ആ ഗുരു എഴുത്തച്ഛന്റെ ധിഷണാശക്തിയും വിശുദ്ധജീവിതവും ഭക്തിപാരവശ്യവും കണ്ടിട്ടു് ‘ഇവൻ രാമനല്ല; രാമാനുജൻ തന്നെയാണു്’ എന്നു് അരുളിചെയ്യുകയും സതീർത്ഥ്യന്മാർ വഴിക്കു് ആ പേരു പ്രചരിക്കുകുയം ചെയ്തിരിക്കാം. അഥവാ രാമഭക്താഗ്രണിയായ കവി, രാമൻ എന്ന പേരു വെച്ചുകൊണ്ടിരുന്നതു് യുക്തമല്ലെന്നു വിചാരിച്ചു് രാമഭക്തോത്തമനായ ലക്ഷ്മണന്റെ പേർ സ്വയം സ്വീകരിച്ചതായും വരാം.

ബാല്യദശ

ശ്രീരാമാനുജൻ എഴുത്തച്ഛന്റെ ബാല്യദശയേപ്പറ്റിയും നമുക്കു് ചില ഐതിഹ്യങ്ങളല്ലാതെ മറ്റൊരു വിവരവും ലഭിച്ചിട്ടില്ല. സൗഭാഗ്യവതിയായ മാതാവു് ബാലപരിചരണത്തിൽ അസാമാന്യമായ ദൃഷ്ടിപതിപ്പിച്ചിരുന്നു എന്നു നമുക്കു് ഊഹിക്കാം. കുട്ടിയെ എന്നും ക്ഷേത്രത്തിൽ കൊണ്ടുപോയി തൊഴീക്കുന്ന വിഷയത്തിൽ അവർക്കു വലിയ നിഷ്ഠയായിരുന്നു. ഈശ്വരപരമായ കഥകളും ദിവസേന പറഞ്ഞു കൊടുത്തുവന്നു. മാതാവിന്റെ തീവ്രമായ ഈശ്വരഭക്തി അചിരേണ ബാലനിലും പകർന്നു. മത്സ്യമാംസാദികളൊന്നും കുട്ടിയ്ക്കു കൊടുക്കാറുണ്ടായിരുന്നില്ലെന്നും ഐതിഹ്യമുണ്ടു്.

ഒരിക്കൽ തൃക്കണ്ടിയൂർ ക്ഷേത്രത്തിലോ തിരുനാവായ ക്ഷേത്രത്തിലോ നമ്മുടെ ബാലൻ ഭഗവദ്ദർശനം ചെയ്വാൻ ചെന്നിരുന്നപ്പോൾ നമ്പൂരിമാർ തെറ്റായി വേദോച്ചാരണം ചെയ്തുകൊണ്ടിരുന്നതു കേൾക്കാൻ ഇടയായെന്നും അതുകേട്ടു് അദ്ദേഹം ‘കാടു കാടു’ എന്നു പറഞ്ഞുവെന്നും കാര്യം ഗ്രഹിച്ച ഓതിക്കോൻ നമ്പൂരി മലരും പഴവും ജപിച്ചുകൊടുത്തു അദ്ദേഹത്തിനെ മൂകനും മന്ദബുദ്ധിയും ആക്കിത്തീർത്തുവെന്നും വേറൊരു ഐതിഹ്യവും കാണുന്നു. പിന്നീടു് തൽപരിഹാരമായി മദ്യം നിയമേന കൊടുക്കുന്നതിനു് അച്ഛൻ ഉപദേശിച്ചതനുസരിച്ചുകൊടുത്തു വന്നതിനാലാണത്രേ രാമാനുജർ മദ്യപാനിയായിത്തീർന്നതു്.

ലോകത്തിൽ ഉണ്ടായിട്ടുള്ള എല്ലാ മഹാപുരുഷന്മാരെപ്പറ്റിയും ഈ വിധം അത്ഭുതകഥകൾ പ്രചരിച്ചിട്ടുണ്ടു്. ശ്രീവിവേകാനന്ദസ്വാമികൾ കഴിയുന്നത്ര ശ്രമിച്ചിട്ടും, അദ്ദേഹത്തിന്റെ ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസരെപ്പറ്റി എന്തെല്ലാം കഥകൾ തച്ഛിഷ്യന്മാരും തത്ഭക്തന്മാരും പറഞ്ഞുണ്ടാക്കിയിരിക്കുന്നു. പരമാർത്ഥത്തിൽ എഴുത്തച്ഛന്റെ മഹത്വം സ്ഥാപിക്കുന്നതിനു് ഇത്തരം കെട്ടുകഥകളുടെ ആവശ്യമൊന്നുമില്ല. അദ്ദേഹം മദ്യപാനിയായിരുന്നുവെന്നുള്ളതും വിശ്വാസയോഗ്യമല്ലെന്നാണു് എന്റെ അഭിപ്രായം. സുരാപാനത്തെ മഹാപാതകമായി വർണ്ണിച്ചിട്ടുള്ള ഈ മഹാത്മാവു് മദ്യപാനാസക്തനായിരുന്നുവെന്നു എങ്ങനെ വിശ്വസിക്കും? നമ്മുടെ ഇന്നത്തേ നേതാക്കന്മാർ പറയുന്നതിനും പ്രവർത്തിക്കുന്നതിനും തമ്മിൽ പൊരുത്തം കാണുന്നില്ലെന്നു വന്നേയ്ക്കാം. എഴുത്തച്ഛൻ വലിയ പേരിനുവേണ്ടി വേഷം കെട്ടി ആടിയ ഒരു നേതാവായിരുന്നില്ലല്ലോ. മന്ത്രംകൊണ്ടു മൂകത്വം വന്നു ചേരാമെങ്കിൽ മന്ത്രംകൊണ്ടു തന്നെ അതിനെ നീക്കാനും കഴിയുകയില്ലേ? ആ സ്ഥിതിക്കു് മഹാവിദ്വാനും ജ്യൌതിഷകനും ആയി പറയപ്പെടുന്ന ആ ബ്രാഹ്മണൻ മദ്യം സേവിക്കണമെന്നു് ഉപദേശിച്ചുവെന്നു എങ്ങനെ വിശ്വസിക്കാം. പക്ഷേ എഴുത്തച്ഛൻ ബാല്യത്തിലെ തന്നെ അന്തർമുഖനായിരുന്നതുകൊണ്ടു് മറ്റുള്ളവർ അതിനെ ബുദ്ധിമാന്ദ്യമായി വ്യാഖ്യാനിക്കയും, കാര്യത്തിന്റെ യാഥാർത്ഥ്യം ഗ്രഹിച്ച ബുദ്ധിമാനായ പിതാവു് അതിന്റെ ശമനത്തിനായി ഹരിഭക്തിയാകുന്ന ആസവം കഴിയുന്നത്രേ സേവിപ്പിക്കുന്നതിനു തന്റെ പത്നിയോടു ഉപദേശിക്കയും ചെയ്തുവെന്നു വരാവുന്നതാണു്. ഒരു കാര്യം തീർച്ചയാകുന്നു. എഴുത്തച്ഛൻ മദ്യം സേവിച്ചിട്ടില്ലെങ്കിലും പലപ്പോഴും ലഹരിപിടിച്ചു പാടാറുണ്ടായിരുന്നു. ആസവത്തിനെന്നപോലെ ഭക്തിക്കും ഏതാണ്ടൊരു ഉന്മാദജനകത്വം ഉണ്ടെന്നു പറയാതെ കഴികയില്ല. എഴുത്തച്ഛനോടുള്ള ബഹുമാനാധിക്യം കൊണ്ടു് അദ്ദേഹത്തിനുണ്ടായിരുന്ന ദോഷാംശങ്ങളെ മറച്ചുവയ്ക്കാൻ ഇവിടെ ശ്രമിക്കുന്നു എന്നു വായനക്കാർ തെറ്റിദ്ധരിക്കരുതു്. വംഗഭാഷാ നാടകകർത്താക്കളിൽ അദ്വിതീയനും ശ്രീരാമകൃഷ്ണദേവന്റെ ഗൃഹസ്ഥശിഷ്യനും ആയിരുന്ന ഗിരിശചന്ദ്രഘോഷ് വലിയ കുടിയനായിരുന്നിട്ടും ആ വാസ്തവത്തെ ആരും മറയ്ക്കാൻ ശ്രമിച്ചില്ലല്ലോ. “അവൻ കുടിച്ചുകൊള്ളട്ടെ. കുടികഴിയുമ്പോൾ പുറപ്പെടുന്നതു് ഉത്തമകാവ്യങ്ങളല്ലേ!” എന്ന അർത്ഥത്തിൽ ഭഗവാൻ രാമകൃഷ്ണൻ അരുളിച്ചെയ്തതായി പറയപ്പെടുന്നു. ഏതായിരുന്നാലും അദ്ദേഹത്തിന്റെ ‘പ്രറുല്ല’ തുടങ്ങിയ ഒന്നുരണ്ടു നാടകങ്ങൾ വായിക്കുന്നതിനു് എനിക്കും ഭാഗ്യമുണ്ടായി. ഷേക്സ്പീയർ മഹാകവിയോടു കിട പിടിക്കത്തക്ക നാട്യരചനാകൌശലം അവയിൽ തെളിഞ്ഞു കാണാം. അതുപൊലെ എഴുത്തച്ഛനും മദ്യപാനി ആയിരുന്നു എന്നു വന്നതുകൊണ്ടു്, അദ്ദേഹത്തിനു ഒരു വലിയ കുറവു കല്പിക്കാവുന്നതല്ല. അതിനാൽ കേവലം ഐതിഹ്യത്തെ വിശ്വസിച്ചു് അദ്ദേഹം കുടിയനായിരുന്നു എന്നു് പറയുന്നതു സാഹസമാണെന്നേ എനിക്കു് അഭിപ്രായമുള്ളു. അദ്ദേഹത്തിന്റെ നന്ദകന്മാരെന്നപോലെ നിന്ദകന്മാരും ഓരോ കഥകൾ പറഞ്ഞുണ്ടാക്കി. കാലക്രമേണ അവയെ എല്ലാം ജനങ്ങൾ വിശ്വസിച്ചുതുടങ്ങി. ഇങ്ങനെ ആയിരിക്കണം അദ്ദേഹത്തിനെപ്പറ്റി ഒന്നോടെന്നു യോജിക്കാത്ത പല ഐതിഹ്യങ്ങൾ ഉണ്ടാവാൻ ഇടയായതു്.

എഴുത്തച്ഛന്റെ ഗുരുജനങ്ങളിൽ പ്രഥമസ്ഥാനം മാതാവിനുതന്നെയായിരുന്നു. എല്ലാ ശിശുക്കളും ഏതാനും സംസ്കാരവിശേഷങ്ങളോടുകൂടി ജനിക്കുന്നു. മാതൃജനങ്ങൾ ശിഷ്ടകളല്ലെങ്കിൽ, ശിശുക്കളുടെ ശുഭസംസ്കാരങ്ങൾ ദുർബലങ്ങളായിത്തീരുകയും അശുഭസംസ്കാരങ്ങൾ പരിപുഷ്ടമാകയും ചെയ്യും. അതുകൊണ്ടു് കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തിൽ ഗൃഹത്തിനാണു് പ്രഥമസ്ഥാനം നൽകേണ്ടതു്. എഴുത്തച്ഛന്റെ അദ്ധ്യാത്മജീവിതതരുവിന്റെ വളർച്ച അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ നല്ലപോലെ കാണാവുന്നതാണു്. അതിനു വേണ്ട വളങ്ങൾ യഥാകാലം ഇട്ടുകൊടുത്തതു് മാതാവു തന്നെ ആകുന്നു. ‘സതാം വിദുഷാമഗ്രേസര’നായ ജ്യേഷ്ഠനും ശ്രീനീലകണ്ഠനും ആയിരിക്കണം മറ്റുഗുരുക്കന്മാർ. ജ്യേഷ്ഠനിൽനിന്നു കാവ്യാലങ്കാരപര്യന്തവും നീലകണ്ഠഗുരുവിൽനിന്നു തർക്കം വ്യാകരണം ജ്യോതിഷം, മുതലായ ശാസ്ത്രങ്ങളും അഭ്യസിച്ചു കാണണം. എല്ലാ ശാസ്ത്രങ്ങളും എഴുത്തച്ഛനു വശമായിരുന്നെന്നു് അദ്ദേഹത്തിന്റെ കൃതികൾ വിളിച്ചു പറയുന്നുണ്ടല്ലോ.

യൌവനാരംഭത്തോടുകൂടി അദ്ദേഹം വിദേശസഞ്ചാരത്തിനു് ഒരുമ്പെട്ടു. നമ്പൂരിമാർ അദ്ദേഹത്തിന്റെ ഉപരി വിദ്യാഭ്യാസത്തിനു പ്രതിബന്ധമായിനിന്നുവെന്നും തന്മൂലം വിദേശങ്ങളേ അഭയം പ്രാപിക്കാതെ നിവൃത്തിയില്ലാതായെന്നും ആണു് കേൾവി. നമ്പൂരിമാർക്കു് ഒട്ടുക്കു് എഴുത്തച്ഛനോടു് ഈർഷ്യയുണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന കാര്യം വളരെ പ്രയാസമാണു്. മലയാളബ്രാഹ്മണർ പൊതുവേ വിശാലമതികളും പൂജ്യപൂജകന്മാരും ആയിരുന്നുവെന്നു കേരളീയ ചരിത്രം ശ്രിദ്ധിച്ചു വായിച്ചിട്ടുള്ളവർക്കു എളുപ്പത്തിൽ ഗ്രഹിക്കാം. എന്നു മാത്രമല്ല നമ്പൂരിമാരും നായന്മാരും സുവർണ്ണമൈത്രീശൃംഖലയാൽ പരസ്പര ബദ്ധരായിട്ടാണു് കഴിഞ്ഞു കൂടിയതും. മലയാളബ്രാഹ്മണരുടെ വക മഠങ്ങളെ കാത്തുരക്ഷിച്ചു വന്നതുപോലും അന്നത്തേ നായന്മാരായിരുന്നു. ഉദാഹരണാർത്ഥം വേന്ദനാട്ടുഗ്രാമത്തിൽ പാട്ടുമയ്യാണ്ടു കോവിലിന്റെ അവരോധത്തെപ്പറ്റി പ്രസിദ്ധചരിത്രകാരനായ മി. പത്മനാഭമേനോൻ പറഞ്ഞിട്ടുള്ള ഭാഗത്തെ ഇവിടെ ഉദ്ധരിക്കാം.

“പാട്ടുമയ്യാണ്ടുകോവിലിന്റെ അവരോധം ഒരു വിശേഷ സമ്പ്രദായത്തിലായിരുന്നു. വേന്ദനാട്ടു ഗ്രാമം എന്നു പറയുന്നതു് 361 നമ്പൂതിരി ഇല്ലങ്ങൾ ഉള്ളതായ ഒരു ഗ്രമമായിരുന്നു. ഈ ഇല്ലക്കാർ കൂടുന്നതു വേന്ദനാട്ടു യോഗമാണു്. യോഗത്തിന്റെ പ്രതിനിധികളായ 5 പേരെ അവരുടെ ജീവകാലത്തോളം പ്രമാണികളായി കല്പിക്കും. സഭയുടെ കൈക്കാരായി രണ്ടുപേരുണ്ടു്. അതായതു പുതുവാ നമ്പൂതിരിപ്പാടും, മപ്പാട്ടു ഭട്ടതിരിയും. പിന്നെ നാലുപതികളുണ്ടു് (1) ചക്കനാട്ടുകയ്മൾ (2) പുല്ലനാട്ടുകയ്മൾ (3) ചിലാവീട്ടിൽകയ്മൾ (4) കടപ്പിള്ളിക്കയ്മൾ. സഭയുടെ രക്ഷാധികാരികളായി മൂന്നു കോയ്മമാരുണ്ടു് (1) പെരുമ്പടപ്പിൽ തമ്പുരാൻ (2) ഇടപ്പിള്ളി എളങ്ങള്ളൂർ തമ്പുരാൻ (3) പറവൂർ തമ്പുരാൻ. ഇങ്ങനെ രക്ഷിക്കുന്നതിനു് അവർക്കു സഭയിൽ നിന്നു് കൊല്ലം തോറും ജീവിതവും വെച്ചിട്ടുണ്ടു്. പ്രമാണികൾ അഞ്ചുപേരും കൈക്കാരും പതികളും കോയ്മമാരും കൂടി വേന്ദനാട്ടു ഗ്രാമത്തിൽ ഒരു നമ്പൂരിയെ അഞ്ചുകൊല്ലംകാലത്തേക്കു് ‘പാട്ടുമയ്യാണ്ടുകോവിലായി’ മന്ത്രപൂർവം അവരോധിക്കും. ഗണപതിപൂജയും നിവേദ്യവും കഴിഞ്ഞ ഉടനെ അവരോധ മന്ത്രം ജപിച്ചു് 5 ഭട്ടതിരിമാരും രണ്ടു കൈക്കാരും കൂടി കൈകൊട്ടിക്കൊണ്ടു് ഇന്നേടത്തു ഇന്നാളെ ‘പാട്ടുമയ്യാണ്ടുകോവിലായി അവരോധിച്ചു’ എന്നു വിളിച്ചുപറയും. ഇവർ ഏഴുപേരുംകൂടി പതികളിൽ മുന്നാളായ ചക്കാനാട്ടുകയ്മൾക്കു് അവരോധിച്ച ആളെ ഇക്കര എറക്കിക്കൊണ്ടുവന്നു കാര്യങ്ങൾ നടത്തിക്കുവാനായി ഒരു നീട്ടു് എഴുതി അവരും പതികളും ഒപ്പിട്ടു നീട്ടും 32 പുത്തനും കൂടി ചക്കനാട്ടു കയ്മൾ പക്കൽ കൊടുക്കും. നീട്ടും പുത്തനും പുഴക്കക്കരേ പനങ്ങാടു് ദേശത്തു വന്നിരിക്കുന്ന പാട്ടുമയ്യാണ്ടുകോവിൽ പക്കൽ കൊടുക്കും. അദ്ദേഹത്തെ അവിടെ നിന്നു് വാദ്യഘോഷത്തോടുകൂടി വഞ്ചിയിൽ കയറി കുമ്പളം കരയ്ക്കു കൊണ്ടുവരും.

വഞ്ചി കരയ്ക്കടുത്താൽ ചക്കാട്ടുകയ്മൾ തറ്റുടുത്തു് ഉത്തരീയവുമിട്ടു് ‘പാട്ടുമയ്യാണ്ടുകോവിലിനെ’ കൈക്കുപിടിച്ചു കരയ്ക്കു് എറക്കണം.”

ഇരിങ്ങാലക്കുട തച്ചുടയ കയ്മളുടെ അവരോധം മറ്റൊരുലക്ഷ്യമാകുന്നു. ആ സ്ഥാനത്തിൽ അവരോധിക്കപ്പെടുന്ന നായർ ഉൽകൃഷ്ടബ്രാഹ്മണർക്കു മാത്രം വിധിച്ചിട്ടുള്ള പല സ്ഥാനങ്ങളും വഹിക്കുന്നു. തറ്റുടുക്കുക, കുത്തുവിളക്കുപിടിപ്പിക്കുക, ശംഖു് വിളിപ്പിക്കുക, അകമ്പടിക്കാരു് ആയുധപാണികളായി മുൻപും പിറകും നടക്കുക, തീർത്ഥത്തിൽ സ്നാനംചെയ്യുക, സോപാനത്തുകേറി മണിഅടിച്ചുതൊഴുക, കൈയ്യിൽ തീർത്ഥപ്രാസദം വാങ്ങുക മുതലായവ ഒക്കെ തച്ചുടയ കയ്മൾക്കു ആകാവുന്നതാണു്. ‘കേരളത്തിൽ ശൂദ്രനെ ഇങ്ങനെ അവരോധിക്കുന്നതു് ഇവിടെ മാത്രമേയുള്ളു’ എന്നു മി. പത്മനാഭമേനോൻ പറഞ്ഞിരിക്കുന്നു. എന്നാൽ ശൂദ്രനെ ഒരിടത്തും ആരും ഇങ്ങനെ അവരോധിച്ചിട്ടുമില്ല; അവരോധിക്കയുമില്ല. നായന്മാരെ അക്കാലത്തു് ശൂദ്രരായി ആരും ഗണിച്ചിരുന്നില്ലെന്നേ ഇതിനു അർത്ഥമുള്ളു. രാജാക്കന്മാർപോലും നായർസ്ഥാനം കൈക്കൊണ്ടിരുന്നുവെന്നു പുരാണതത്വസംരക്ഷണവകുപ്പുകാർ പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകൾ നോക്കിയാൽ കാണാവുന്നതാണല്ലോ.

നായന്മാരെ ശൂദ്രരാക്കിതീർക്കുന്ന വിഷയത്തിൽ നമ്പൂരിമാരല്ല പ്രധാനമായി ശ്രമിച്ചതു്. നായന്മാരുടേയും നമ്പൂരിമാരുടേയും അധഃപതനം ആരംഭിച്ചതു് ഒരേ കാലത്തുതന്നെ ആയിരുന്നു. നായന്മാരുടെ ശക്തിക്ഷയിച്ചപ്പോഴാണു് കേരളീയ രാജാക്കന്മാർ യോഗംവക വസ്തുക്കളിലും ക്ഷേത്രങ്ങളിലും അധികാരം നടത്തിത്തുടങ്ങിയതെന്നു് കണ്ണുള്ളവർക്കൊക്കെ കാണാം. തിരുവിതാംകൂറിൽ എട്ടുവീട്ടിൽപിള്ളമാർ രാജദ്രോഹികളായിത്തീർന്നതു യോഗക്കാരുടെ വശം ചേർന്നു നിന്നു്, പത്മനാഭസ്വാമികോവിലിനെ സംബന്ധിച്ചു് വർദ്ധിച്ചു വന്ന രാജശക്തിയെ നിരോധിച്ചതുകൊണ്ടുമാത്രമാകുന്നു. പോർത്തുഗീസുകാരുടേയും ഡച്ചുകാരുടേയും കാലങ്ങളിൽ യോഗക്കാരുടെ കൈവശമിരുന്ന അനേകം ദേവസ്വങ്ങൾ കാലക്രമേണ കോയ്മകളുടെ അധീനത്തിൽപ്പെട്ടു പോയെന്നു വിദേശീയർ എഴുതീട്ടുള്ള വിവരണങ്ങൾ വായിച്ചാലറിയാം. വൈക്കം, ചെങ്ങന്നൂർ, അടൂർ, ശാർക്കര, തിരുവല്ല ഇത്യാദി മിക്ക പ്രധാനക്ഷേത്രങ്ങളും നമ്പൂരിമാർ നായർപ്രഭുക്കന്മാരുടെ ഒത്താശയോടുകൂടി ഭരിച്ചു വന്നിരുന്നവയാണു്. ഇങ്ങനെ ഒക്കെ ഇരിക്കേ മലയാള ബ്രാഹ്മണരുടെ പേരിൽ അപരാധം ചുമത്തുന്നതു സാഹസമാകുന്നു. കേരളമാഹാത്മ്യാദി ഗ്രന്ഥങ്ങളുടെ കർത്താക്കൾ, അപവാദം ഉത്സർഗ്ഗസ്ഥാപകമാകുന്നു എന്നുള്ള പഴമൊഴിയെ ഉദാഹരിക്കുന്നതേയുള്ളു.

നമ്പൂരിമാർ മറ്റുള്ള ജാതിക്കാരുടെ വിദ്യാഭ്യാസകാര്യത്തിൽ ഏറ്റവും സശ്രദ്ധന്മാരായിരുന്നു എന്നു രസികരഞ്ജിനി 4-ാം പുസ്തകം 599-ാം ഭാഗത്തു പറഞ്ഞിട്ടുള്ളതിനെ ഉദ്ധരിച്ചിട്ടു് മിസ്റ്റർ പത്മനാഭമേനോൻ അതത്ര ശരിയോ എന്നു സംശയിക്കുന്നു. അദ്ദേഹം തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛനു മലയാള ബ്രാഹ്മണരിൽനിന്നുണ്ടായതായി പറയപ്പെടുന്ന അനുഭവങ്ങളെ മനസ്സിൽ വച്ചു കൊണ്ടു തന്നെയാണു് അങ്ങനെ എഴുതിയതു്. “ശൂദ്രമക്ഷരസംയുക്തം ദൂരതഃപരിവർജ്ജയേൽ’ എന്നും മറ്റുമുണ്ടായിരുന്ന നിയമം പരദേശബ്രാഹ്മണരുടെ എടയിൽ മാത്രമല്ല നമ്പൂരാരുടെ എടയിലും ഉണ്ടായിരുന്നു” എന്നു് ഒരിടത്തും “അമ്പലവാസികൾ സംസ്കൃതം അഭ്യസിച്ചിരുന്നതായും അവരിൽ പല പണ്ഡിതന്മാരുണ്ടായിരുന്നതായും അറിയുന്നുണ്ടു്. നായന്മാരിൽ അങ്ങനെ കാണുന്നില്ല” എന്നു മറ്റൊരിടത്തും പ്രസ്താവിച്ചിരിക്കുന്നതു നോക്കുക. ഇവിടെ മി. പത്മനാഭമേനോന്റെ ചരിത്രദൃഷ്ടി അതിനു നിസർഗ്ഗജവും അഭ്യാസജവുമായുള്ള കൂർമ്മകൈവെടിഞ്ഞുകാണുന്നതിൽ വ്യസനിക്കേയ തരമുള്ളു. കേരളത്തിലല്ലാതെ മറ്റെവിടെ അബ്രാഹ്മണർ ജ്യോതിഷം, വ്യാകരണം, തർക്കം മുതലായ വേദാംഗങ്ങളിൽ പ്രമാണ ഗ്രന്ഥങ്ങൾ ചമച്ചിട്ടുണ്ടു്? അമ്പലവാസികൾ മാത്രമല്ല മറ്റു വർഗ്ഗക്കാരും സംസ്കൃതം പഠിച്ചും ഗ്രന്ഥനിർമ്മാണം ചെയ്തിട്ടുണ്ടെന്നു് അദ്ദേഹത്തിനു കാണാൻ കഴിയാഞ്ഞതു് അത്ഭുതം തന്നെയാണു്. എഴുത്തച്ഛന്റെ കാലത്തിനു എത്രയോ മുമ്പു് കുമാരഗണകൻ രണജ്യോതിഷം എന്ന ഗ്രന്ഥം നിർമ്മിച്ചിരിക്കുന്നു. ആ ഗ്രന്ഥത്തിനു് പെരുമാക്കന്മാരുടെ കാലത്തോളം പുരാതനത്വം ഉണ്ടെന്നു തോന്നുന്നു. തമിഴകത്തുള്ളവർ ഇന്നും വിഗ്രഹം വച്ചു പൂജിച്ചു വരുന്ന അറുപത്തിനാലു നായനാരന്മാരിൽ രണ്ടുപേർ ചെങ്ങന്നൂർ ദേശീയരായ നായന്മാരായിരുന്നു. പ്രധാന നായർ കുടുംബങ്ങളിലെല്ലാം പ്രാചീന സംസ്കൃത ഗ്രന്ഥങ്ങളുടെ പകർപ്പുകൾ കാണ്മാനുണ്ടു്. അവയെ വെറുതേ പകർത്തിച്ചു വച്ചതായിരിക്കാൻ ഇടയില്ലല്ലോ. കണ്ണശ്ശന്മാർ നാലുപേരും സംസ്കൃതഭാഷാഭിജ്ഞന്മാരല്ലായിരുന്നുവെന്നു പറയാമോ? വിശേഷിച്ചും അവരിൽ ഒരാളെ ഉഭയകവീശ്വരൻ എന്നാണല്ലോ രാമപ്പണിക്കർ വർണ്ണിച്ചുകാണുന്നതും. വാഴുമാവേലിപ്പോറ്റി തന്റെ മകനായ നായർക്കു് ജ്യോതിശ്ശാസ്ത്രം മുഴുവനും ഉപദേശിച്ചുകൊടുത്തതു് മലയാളത്തിലായിരുന്നോ? ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാം. “ശൂദ്രമക്ഷരസംയുക്തം ദൂരതഃപരിവർജ്ജയേൽ” എന്ന പാലക്കാടൻ ചരക്കിനെ മലയാള ബ്രാഹ്മണരുടെ തലയ്ക്കു കെട്ടിവയ്ക്കുകയാണു് ആധുനിക ചരിത്രകാരന്മാർ ചെയ്തിട്ടുള്ളതു്.

ഇക്കാരണങ്ങളാൽ എഴുത്തച്ഛന്റെ ഉപരിവിദ്യാഭ്യാസ വിഷയത്തിൽ മലയാള ബ്രാഹ്മണർ പ്രതിബന്ധികളായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നില്ല. നേരെ മറിച്ചു് അദ്ദേഹത്തിന്റെ ഉത്തമബന്ധുക്കളിൽ മലയാള ബ്രാഹ്മണരും ഉൾപ്പെട്ടിരുന്നുവെന്നാണു് തെളിയുന്നതു്. മേല്പത്തൂർ ഭട്ടതിരിയും ചെമ്പകശേരി രാജാവും നമ്പൂരിമാരായിരുന്നില്ലേ? അദ്ദേഹത്തിന്റെ ശിഷ്യനായ കരുണാകരാചാര്യർ ബ്രഹ്മാണ്ഡപുരാണം രചിച്ചതു് “നേത്രനാരായണൻ തന്നാജ്ഞയാ” ആയിരുന്നു. അഴുവാഞ്ചേരി തമ്പുരാക്കൾ ബ്രാഹ്മണനല്ലായിരുന്നു എന്നു വരുമോ? വല്ല “സാസൂ” നമ്പൂരിമാരും അദ്ദേഹത്തിനെ പുച്ഛിച്ചിരിക്കാമെന്നു് വേണമെന്നുണ്ടെങ്കിൽ വിശ്വസിച്ചേയ്ക്കാം. എന്നാൽ അത്തരക്കാർ ഏതു സമുദായത്തിലാണില്ലാത്തതു്. അവരെ ആരു വകവയ്ക്കുന്നു? അതുകൊണ്ടു് എഴുത്തച്ഛന്റെ വിദേശയാത്രയ്ക്കു മറ്റു കാരണങ്ങൾ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.

ദുരുപശമമായ ജ്ഞാനതൃഷ്ണ ആയിരിക്കണം അദ്ദേഹത്തിനെ വിദേശങ്ങളിലേക്കു നയിച്ചതു്. ഈ സഞ്ചാരത്തിനിടയിൽ അദ്ദേഹം ഒരു വിശിഷ്ടാദ്വൈതഗുരുവിന്റെ ശിഷ്യസ്ഥാനം വഹിച്ചുകാണണമെന്നു തോന്നുന്നു. അധ്യാത്മരാമായണത്തിലേ പല ഘട്ടങ്ങളിൽ വിശിഷ്ടാദ്വൈതപക്ഷപാതം കാണ്മാനുണ്ടു്. മറ്റു ഭാഷകളിലെല്ലാം വാല്മീകിരാമായണത്തിനു പ്രാധാന്യം കല്പിച്ചിരിക്കേ എഴുത്തച്ഛൻ അധ്യാത്മരാമായണത്തെ ഭാഷാന്തരം ചെയ്തതു തന്നെ രാമാനുജമതപക്ഷപാതം കൊണ്ടായിരിക്കണം. എഴുത്തച്ഛനും തദ്വാരാ മലയാളികൾക്കും ഈ വിദേശസഞ്ചാരം പല വിധത്തിൽ ഗുണപ്രദമായിത്തീർന്നു. തമിഴ്, തെലുങ്കു മതലായ ഭാഷകൾ അദ്ദേഹം നല്ലപോലെ പഠിച്ചു. അധ്യാത്മരാമായണം മൂലം ഒരു തെലുങ്കു ബ്രാഹ്മണന്റെ കൃതിയാണെന്നാണു് ഇപ്പോൾ വിശ്വസിക്കപ്പെട്ടിരിക്കുന്നതു്. തെലുങ്കു ഭാഷാഭ്യാസം നമ്മുടെ കവികുലഗുരുവിനെ അധ്യാത്മരാമായണവുമായി പരിചയപ്പെടുത്തുകയും അതിനെ ഭാഷയിലേക്കു വിവർത്തനം ചെയ്യണമെന്നു് ഒരു ആഗ്രഹം അങ്കുരിപ്പിക്കയും ചെയ്തു കാണും. എന്നാൽ അദ്ദേഹം പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി എന്നീ തമിൾവൃത്തങ്ങളെ പരിഷ്കരിച്ചു് കിളിപ്പാട്ടു എന്ന പ്രസ്ഥാനത്തെ നിർമ്മിച്ചു എന്നു ചിലർ പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.

എഴുത്തച്ഛൻ ഉപയോഗിച്ചുവന്ന വൃത്തങ്ങളെല്ലാം കേരളത്തിൽ പണ്ടേ നടപ്പിലിരുന്നവയാണു്. ഈ വിഷയത്തേപ്പറ്റി അന്യത്ര സവിസ്തരം പ്രതിപാദിക്കാം.

പത്തു കൊല്ലത്തോളം അദ്ദേഹം വിദേശവാസം ചെയ്തിട്ടുണ്ടെന്നാണു് കേൾവി. അതിനിടയ്ക്കു അദ്ദേഹത്തിന്റെ അഥവാ മലയാളികളുടെ സുകൃതതരു തഴച്ചു വളർന്നു. പലേ പുണ്യക്ഷേത്രങ്ങൾ ദർശിച്ചും തപശ്ചര്യകൾ അനുഷ്ഠിച്ചും അദ്ദേഹം വിപുലമായ ആത്മജ്ഞാനസമ്പത്തു സമാർജ്ജിച്ചതു ഇക്കാലത്തായിരുന്നു. വിദേശത്തുനിന്നു മടങ്ങി വന്ന ശേഷം കുറേക്കാലം കുലക്രമാഗതമായ എഴുത്താശായ്മസ്ഥാനം വഹിച്ചു കാണണമെന്നു നമുക്കു ഊഹിക്കാം. മനക്കോട്ടച്ഛന്റെ സഹായത്തോടുകൂടി അദ്ദേഹം അനേകം എഴുത്തുപള്ളികൾ സ്ഥാപിച്ചുവെന്നു് ചിലർ അഭിപ്രായപ്പെട്ടു കാണുന്നുണ്ടു്. എന്നാൽ മനക്രോഡനാഥന്നും എഴുത്തച്ഛന്നും തമ്മിൽ ആശ്രയാശ്രിതഭാവം ഉണ്ടായിരുന്നു എന്നുള്ളതിനു് ലക്ഷ്യമായി പറഞ്ഞു വരുന്നതു്, ശിവപുരാണത്തിലേ

“മനക്കോട്ട വാഴും മഹാമാനശാലീ
മനക്കാമ്പിലേറ്റം കൃപാവാരിരാശി
എനിക്കാശ്രയം ബാലരാമാഭിധാനൻ
നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ”

ഇത്യാദി വരികളെയാക്കുന്നു. ശിവപുരാണം എഴുത്തച്ഛന്റെ കൃതിയാണെങ്കിൽ മാത്രമേ ഇതിനെ ഒരു ലക്ഷ്യമായി അംഗീകരിക്കാൻ നിവൃത്തിയുള്ളു. എന്നാൽ ആന്തരമായലക്ഷ്യങ്ങളേ പരിശോധിച്ചു് ശിവപുരാണം നമ്പ്യാരുടേയോ മറ്റോ കൃതിയായിരിക്കണമെന്നു പണ്ഡിതന്മാർ മിക്കവാറും തീർച്ചപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടു്.

എഴുത്തച്ഛന്റെ ജീവതക്രമം

എഴുത്തച്ഛന്റെ ജീവിത ക്രമത്തേപ്പറ്റി നമുക്കു് ചിലതെല്ലാം ഊഹിക്കാം. അദ്ദേഹം ഐഹികസുഖങ്ങളിൽ വിരക്തനായിരുന്നെന്നു എല്ലാ കൃതികളും ഒരുപോലെ വിളിച്ചു പറയുന്നു. അധ്യയനാധ്യാപനങ്ങൾ, ഗ്രന്ഥരചന, ഈശ്വരധ്യാനം, ക്ഷേത്രദർശനം ഇവകൊണ്ടു് അദ്ദേഹം തന്റെ സമയം മുഴുവനും കഴിച്ചുകൂട്ടിക്കാണണം. ഏതായിരുന്നാലും അചിരേണ അദ്ദേഹത്തിന്റെ കീർത്തി നാടെങ്ങും പൊങ്ങി. ശ്രീനീലകണ്ഠനായിരിക്കാം അദ്ദേഹത്തിനെ ചെമ്പകശേരി രാജാവുമായി പരിചയപ്പെടുത്തിയതു്. ആ വിശിഷ്ടപുരുഷൻ ദേവനാരായണന്റെ ആശ്രിതനായിരുന്നെന്നുള്ളതിനു്,

“ശ്രൂയതേ നീലകണ്ഠോക്തീ രാജഹംസശ്ച രാജതേ
കഃ കാല ഇതി നോ ജാനേ വാർഷികശ്ശാരദോപി വാ”

എന്ന പദ്യം സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ. അഴുവാഞ്ചേരിത്തമ്പുരാക്കൾക്കും തുഞ്ചത്തു ഗുരുക്കളോടു അളവറ്റ ബഹുമതിയുണ്ടായിരുന്നു. മേല്പത്തൂർ അദ്ദേഹത്തിന്റെ മിത്രമായിരുന്നുവെന്നു പ്രത്യേകിച്ചു പറയേണ്ടതുമില്ലല്ലോ.

എഴുത്തച്ഛന്റെ സ്വഭാവം

എഴുത്തച്ഛൻ ഒരു ഗംഭീരാശയനായിരുന്നു. ഇതാ! ഈ ഭാഗം എഴുതിക്കൊണ്ടിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ സാത്വികതേജോനിർഭരവും ഗംഭീരവും ആയ മുഖത്തെ സാധാരണ ചാക്ഷുഷപ്രത്യക്ഷത്താലുണ്ടാകാവുന്നതിൽ കൂടുതൽ വൈശദ്യത്തോടും സ്ഫുടതയോടും കൂടി എനിക്കു കാണാൻ കഴിയുന്നു. ഈ അനുഭവം തന്നെ രാമായണാദി ഗ്രന്ഥങ്ങൾ നിഷ്കർഷിച്ചു വായിച്ചിട്ടുള്ളവർക്കു എല്ലാവർക്കും ഉണ്ടാകുമെന്നാണു് എന്റെ ദൃഢമായ വിശ്വാസം. അദ്ദേഹം അർത്ഥമില്ലാതെ ഒരു ഒറ്റവാക്കുപോലും പറയുന്ന ആളായിരുന്നില്ലാ. അദ്ദേഹത്തിന്റെ വാക്കുകൾ രാമാസ്ത്രംപോലെ ഹൃദയത്തിൽ പാഞ്ഞുകേറി അവിടെ ലഗ്നമായിരുന്നു പോകുന്നു. ഭംഗി വാക്കു പറയുന്നതിനും മറ്റും അദ്ദേഹം ശീലിച്ചിട്ടേ ഇല്ലായിരുന്നു. ഫലിതം ചിലപ്പോഴൊക്കെ പറഞ്ഞു പോയിട്ടുണ്ടു്. എന്നാൽ ആ സമയത്തും അദ്ദേഹത്തിന്റെ മുഖത്തു് സ്മിതപ്രഭയുടെ ഒരു മങ്ങിയ രേഖയെങ്കിലും കാണാൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാകുന്നു. ഗംഭീരഭാവത്തിൽ തന്നെയായിരുന്നു ഫലിതം പറയുന്നതും. ശ്രോതാക്കൾ അതു കേട്ടാൽ പൊട്ടിച്ചിരിക്കയില്ലെന്നു തീർച്ചയാണു്. എന്നാൽ അതു അവരുടെ മനസ്സിൽനിന്നു ഒരിക്കലും മാഞ്ഞുപോകയില്ല; അവർ ഓർത്തോർത്തു ചിരിക്കും. നോക്കുക: സഞ്ജയൻ ധൃതരാഷ്ട്രരുടെ സന്ദേശവുംകൊണ്ടു് ധർമ്മപുത്രരുടെ അടുക്കൽ വരുന്നു. പ്രൌഢാശയനായ ധർമ്മപുത്രർ സഞ്ജയനേക്കണ്ടപ്പോഴേ കാര്യം ഗ്രഹിച്ചുകഴിഞ്ഞു. “എന്താണു് വലിയച്ഛൻ പറഞ്ഞു വിട്ടിരിക്കുന്നതു്?” എന്നായിരുന്നു അദ്ദേഹത്തിന്റെ ഒന്നാമത്തെ ചോദ്യം. “എല്ലാവരും സ്വൈരമായിരുന്നാൽ കൊള്ളാമെന്നു് അവിടത്തേയ്ക്കു മോഹമുണ്ടു്.” എന്നു് സന്ദേശവാഹി പറഞ്ഞപ്പോൾ ധർമ്മാത്മജന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

“സ്വൈരമെൻജനകനു ഞാൻ തന്നെ വരുത്തണം
സ്വൈരക്കേടുണ്ടിങ്ങതിനെത്തായ്ക നിമിത്തമായ്,
സന്യസിക്കേണം ഞങ്ങളെങ്കിലേ സുഖം വരൂ.
മന്നവനുള്ളിലെന്നു ഞാനറിഞ്ഞിരിക്കുന്നു,
വൈഷമ്യമതിനുണ്ടു രാജസൂയം ചെയ്തോൻ ഞാൻ
ദോഷമുണ്ടഗ്നിത്യാഗം ചെയ്താലുമെന്നു കേൾപ്പൂ.
എന്നാലും ഞാനോ ചെയ്യാം സന്യാസമെന്നാകിലും
പിന്നെയും വൈഷമ്യമുണ്ടെന്തതെന്നുരചെയ്യാം
ഞാൻ തന്നെ സന്യസിച്ചാൽ താതനുപോരായല്ലോ,
കൌന്തേയൻ ഭീമൻ കൂടെ സന്യസിക്കിലേപോരൂ,
എന്നതിനഷ്ടഗ്രാസിസന്യാസി ഭീമസേനൻ
ഇന്നുള്ള ജനങ്ങളിലെത്രയും ബഹുഭോക്താ”

ഇതാണു് എഴുത്തച്ഛന്റെ ഫലിതം.

സഞ്ജയൻ പിന്നെയും പറയുന്നു:

“അങ്ങു് ഭീഷ്മദ്രോണാദി ഗുരുജനങ്ങളേ നിഗ്രഹിച്ചിട്ടു് എന്തു സുഖത്തെയാണു് ഇച്ഛിക്കുന്നതു്. ക്ഷണഭംഗുരമായ ഐഹികസുഖങ്ങൾക്കുവേണ്ടി ഈ മഹാവിപ്ലവങ്ങൾക്കു് ഇടവരുത്തുന്നതു നന്നോ?”

ഇതു കേട്ടിട്ടു്, ധർമ്മപുത്രർ പറഞ്ഞ മറുപടി എത്ര ഗംഭീരമായിരിക്കുന്നു എന്നുനോക്കുക. എന്നാൽ ഫലിതം പറഞ്ഞപ്പോഴുണ്ടായിരുന്ന മുഖഭാവംതന്നെയാണു് ഇപ്പോഴും. ഇങ്ങനെയാണു് മറുപടി.

“വെള്ളയിൽ പറഞ്ഞൊരു നിർമ്മലവാക്കു തന്റെ
യുള്ളിൽ നീ സംഗ്രഹിച്ചോരർത്ഥമൊട്ടറിഞ്ഞു ഞാൻ
കേൾക്ക സഞ്ജയ! എങ്കിലൂക്കുള്ള ഭീഷ്മാദികൾ
പോർക്കളം തന്നിൽ വീണു മരിക്കും മടിയാതെ.”

എഴുത്തച്ഛന്റെ മറ്റൊരു ഗുണം ഈശ്വരഗതമായ പരമഭക്തിയായിരുന്നു. രാമൻ എന്നോ കൃഷ്ണനെന്നോ വല്ല സ്ഥലത്തും പ്രയോഗിക്കേണ്ടിവന്നാൽ, ഭഗവാന്റെ അനന്തകല്യാണഗുണങ്ങളേ സൂചിപ്പിക്കുന്ന ഒട്ടുവളരെ പദങ്ങളും അതിനേ അനുഗമിക്കുന്നതു കാണാം. രാമകൃഷ്ണന്മാരെ സാക്ഷാൽ പരമാത്മാവായിട്ടും, തന്നെ ഒരു കിങ്കരനായിട്ടുമായിട്ടാണു് എഴുത്തച്ഛൻ കാണുന്നതു്. അദ്ദേഹം കേവലം ശുഷ്ക്കവേദാന്തിയേ അല്ല. രാമകൃഷ്ണാദികളെ ശത്രുക്കൾ ഉപദ്രവിച്ചിട്ടുള്ളതിനേ വർണ്ണിക്കുന്നതുപോലും അദ്ദേഹത്തിനു ദുസ്സഹമാണു്. ആ അവസരങ്ങളിൽ എല്ലാം അദ്ദേഹത്തിന്റെ സമാഹിതചിത്തതയ്ക്കു ചലനം സംഭവിക്കുന്നു. അദ്ദേഹം അറിയാതെ തിരശ്ശീലയ്ക്കു വെളിയിൽ വന്നു പോകുന്നു. കാളിയൻ ശ്രീകൃഷ്ണനെ ഒന്നു രണ്ടു ദംശിച്ചു. കവിയ്ക്കു അതു കണ്ടപ്പോൾ കോപവും താപവും താനേ ഉളവായിപ്പോയി. അദ്ദേഹം പറയുന്നു:

“താരാർമകൾ നിജപാണിയുഗളത്താൽ
ആരൂഢമോദം തലോടി നിറന്നുള്ള
ചാരുകഴലിണതന്മേൽ മടിയാതെ
ഘോരനാം കാളിയനോരോന്നു ദംശിച്ചാൻ. ഏതുമതിനൊരു പീഡയില്ലായ്കയാൽ
ഏറെയടുത്തുടൻ പിന്നെയും മേല്ക്കുമേൽ
മർമ്മങ്ങൾതോറും കടിച്ചു തുടങ്ങിനാൻ
നിർമ്മലനായോരു നന്ദതനയനെ.”

“നിർമ്മലനായോരു നന്ദതനയനേ” ഇങ്ങനെ ആർക്കെങ്കിലും ഉപദ്രവിക്കുവാൻ തോന്നുമോ? കവിക്കതു കണ്ടപ്പോൾ ദുസ്സഹമായ കോപവും താപവും ഉണ്ടായതു നിമിത്തം അദ്ദേഹം,

“കന്മഷന്മാർക്കതു തോന്നുമല്ലോ തെളി-
ഞ്ഞെന്മനഃപങ്കജേ വാഴ്ക പോകായ്കേതും”

എന്നു ഭഗവാനോടു അറിയാതെ പറഞ്ഞു പോകുന്നു. ഭക്തന്മാർക്കു കൃഷ്ണനും യുക്തന്മാർക്കു രാമനും എന്നാണല്ലോ വൃദ്ധവചനം. നമ്മുടെ കവി ഭക്തനെന്നപോലെ യുക്തനും ആയിരുന്നു. അദ്ദേഹത്തിന്റെ ആധ്യാത്മികമായ വളർച്ച രാമായണാദികൃതികൾ വായിക്കുന്നവർക്കു കാണ്മാൻ കഴിയും.

എഴുത്തച്ഛന്റെ മറ്റൊരു ഗുണം യഥാർത്ഥമഹാന്മാരിൽ മാത്രം കാണുന്ന വിനയം ആകുന്നു. ഇന്നത്തേ പണ്ഡിതന്മാർക്കു നിമ്നസ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന സാധുക്കളോടു തോന്നുന്ന ജുഗുപ്സയ്ക്കു കൈയ്യും കണക്കുമില്ല. തങ്ങൾ പറഞ്ഞു പോകുന്ന അബദ്ധങ്ങൾ പോലും പ്രമാണത്വേന അംഗീകാര്യമാണെന്നാണു് അവരുടെ വിശ്വാസം. പരമാർത്ഥത്തിൽ ഏതാനും നട്ടെല്ലില്ലാത്ത ആശ്രിതന്മാരുടേയോ കണ്ണടച്ചു എന്തും വിശ്വസിക്കാൻ തയ്യാറുള്ള ചില പരപ്രത്യയനേയബുദ്ധികളുടേയോ സ്തുതിപാഠങ്ങളിൽ രമിച്ചും തങ്ങളുടെ മഹിമാനങ്ങളേപ്പറ്റി നിരന്തരം ധ്യാനിച്ചും ഒരുമാതിരി ‘ആത്മാരാമന്മാരായി’ ജീവിക്കുന്ന ഇക്കൂട്ടരുടെ കീർത്തിസ്തംഭം എത്ര ക്ഷണഭംഗുരമാണെന്നു അവർ മനസ്സിലാക്കുന്നതേ ഇല്ല. നേരേ മറിച്ചു് സാരസ്വതപാരാവാരമായ കാളിദാസൻ “മന്ദഃ കവിയശഃപ്രാർത്ഥിയും” “എഴുത്തച്ഛൻ അജ്ഞാനിനാമാദ്യനും” ആയിട്ടാണു് തങ്ങളുടെ ദൃഷ്ടിയിൽ കാണപ്പെട്ടതു്. കവികുലസാർവഭൌമനായ തുളസീ തന്നേപ്പറ്റി പറഞ്ഞിട്ടുള്ളതു നോക്കുക.

“ഭനിതി മോരി സിവകൃപാ ബിഭാതീ
സസിസമാജ മിലി മൻഹും സുരാതീ”

“ചന്ദ്രമസ്സും താരാഗണങ്ങളും ചേർന്നു കാളരാത്രിയേ എങ്ങനെയോ അതുപോലെ ശിവകൃപാ എന്റെ ഭണിതിയേയും ശോഭിപ്പിക്കും.”

വിരക്തനായിരുന്നതിനാൽ രാമാനുജനു് മനുഷ്യസ്തുതിയിൽ ലേശം പ്രതിപത്തിയുണ്ടായിരുന്നില്ല. അദ്ദേഹം ഒരിടത്തും നരസ്തുതി ചെയ്തിട്ടില്ലെന്നു തൽകൃതിതല്ലജങ്ങൾ വായിച്ചിട്ടുള്ളവരോടു പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ. കുസുമം എന്നപോലെ കാവ്യകലയും ഈശ്വരാർച്ചനയ്ക്കുള്ള ഒരു വിശിഷ്ടസാധനമായിട്ടാണു് അദ്ദേഹം കരുതിപ്പോന്നതു്.

എഴുത്തച്ഛന്റെ സമാധി

എഴുത്തച്ഛന്റെ സമാധിദിനത്തെ ഇന്നും കൊണ്ടാടിവരുന്നുണ്ടെങ്കിലും അതു് നടന്നതു് ഒരു ധനുമാസം ഉത്രം നക്ഷത്രത്തിലായിരുന്നു എന്നു മാത്രമേ നമുക്കു അറിവുള്ളു.

എഴുത്തച്ഛനും മലയാളഭാഷയും

എഴുത്തച്ഛനെ ‘മലയാളഭാഷയുടെ പിതാവു്’ ‘കിളിപ്പാട്ടുവൃത്തത്തിന്റെ ഉപജ്ഞാതാവു്’ ‘മണിപ്രവാളത്തിന്റെ കർത്താവു്’ എന്നൊക്കെ ഓരോരുത്തർ മനോധർമ്മംപോലെ പറഞ്ഞുവരാറുണ്ടു്. ഈ അഭിപ്രായങ്ങളെ യഥാസ്ഥിതമായി സ്വീകരിക്കാൻ നിവൃത്തിയില്ല. മലയാളഭാഷ ഇന്നോ, ഇന്നലെയോ ഉണ്ടായതല്ലെന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. എഴുത്തച്ഛന്റെ കാലത്തിനു മുമ്പുതന്നെ നമ്മുടെ ഭാഷാദേവി ഉത്തമസാഹിതീ രത്നമാല്യം അണിഞ്ഞു ശോഭിച്ചുകൊണ്ടാണിരുന്നതു്. എന്നാൽ ആധുനികസാഹിത്യത്തിൽ കാണുന്ന ഉൽകൃഷ്ടങ്ങളായ മിക്ക പ്രവണതകളുടേയും ഉൽപ്പത്തിസ്ഥാനം എഴുത്തച്ഛനായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയ്ക്കുള്ള പുതുമ ഇതേവരെ അവസാനിച്ചിട്ടില്ല; അവസാനിക്കുന്നതുമല്ല. അതു് അന്നത്തെപ്പോലെ ഇന്നും പുത്തനായിത്തന്നെ ഇരിക്കുന്നു. അതിനാൽ ആധുനികഭാഷയുടെ പിതൃസ്ഥാനം എഴുത്തച്ഛനു നൽകുന്നതിൽ യാതൊരു ആക്ഷേപത്തിനും വഴിയില്ല. എന്നാൽ പ്രാചീനപദങ്ങളെ നിശ്ശേഷം ഉപേക്ഷിച്ചുകളഞ്ഞതുകൊണ്ടാണു് ഈ പുതുമ വന്നുചേർന്നതെന്നു ആരും ഭ്രമിച്ചുപോകരുതു്. ചമ്പുക്കളിൽ കാണുന്ന മിക്ക പ്രാചീനപദങ്ങളേയും എഴുത്തച്ഛൻ പ്രയോഗിച്ചുകാണുന്നുണ്ടു്. പുതുമ രീതിയെ സംബന്ധിച്ചു മാത്രമേയുള്ളു. ‘സന്ദർഭ സംസ്കൃതീകൃതാച’ എന്ന സൂത്രമനുസരിച്ചു് ‘മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ’ എന്നിങ്ങനെയുള്ള കോമാളിരൂപങ്ങളും അദ്ദേഹത്തിന്റെ കാലത്തിനുമുമ്പെ നിന്നു പോയിട്ടുള്ളവയാണു്. പുനത്തിന്റെയും മറ്റും കൃതികളിൽ അത്തരം വികൃതരൂപങ്ങൾ കാണ്മാനേ ഇല്ലല്ലോ. എന്നുമാത്രമല്ല മണിപ്രവാളശബ്ദത്തിനു ലീലാതിലകത്തിന്റെ തിരപുറപ്പാടോടുകൂടി അർത്ഥവ്യാപ്തിയും ചുരുങ്ങിപ്പോയിട്ടുണ്ടു്. ‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം (2) സന്ദർഭേസംസ്കൃതീകൃതാച (3) ‘ദ്രാവിഡസംഘാതാക്ഷരനിബദ്ധമെതുകമോനവൃത്തവിശേഷയുക്തം പാട്ടു’ എന്നീ ലീലാതിലക സൂത്രങ്ങൾ അനുസരിച്ചു നോക്കിയാൽ എഴുത്തച്ഛന്റെ കൃതികൾക്കു മണിപ്രവാളം എന്ന പേരിനു അവകാശമില്ലെന്നു കാണാം.

‘തമിൾമണി സംസ്കൃതം പവിഴം
കോക്കിന്റെ വൃത്തമാനനന്നുന്മേൽ’

എന്നു് ലീലാതിലകകാരന്റെ കാലത്തിനു മുമ്പുതന്നെ മണിപ്രവാളലക്ഷണം വ്യവസ്ഥപ്പെട്ടുപോയിരുന്നു. സംസ്കൃതവൃത്തങ്ങളിൽ എഴുതപ്പെടാത്ത പദ്യകൃതികൾക്കു മണിപ്രവാളമെന്ന പേരിനു് അർഹതയില്ലായിരുന്ന സ്ഥിതിക്കു് എഴുത്തച്ഛൻ മണിപ്രവാളത്തിന്റെ ഉപജ്ഞാതാവാകുന്നതെങ്ങനെ? അദ്ദേഹം സംസ്കൃതവൃത്തങ്ങളിൽ ഒരു കാവ്യവും രചിച്ചിട്ടില്ലല്ലോ.

  1. ‘ഭാഷാദ്വയസങ്കരത്തിൽ സംസ്കൃതപ്രകൃതികളേ മലയാളവിഭക്തികൾ ചേർത്തു പ്രയോഗിക്കുന്നതു ശരിയായ വഴി; നേരേമറിച്ചു മലയാളപ്രകൃതികളെ സംസ്കൃതവിഭക്തി ചേർത്തു ‘മാടമ്പീനാം പിന്നിടേഥാഃ’ ഇത്യാദി പോലെ പ്രയോഗിക്കുന്ന വിലോമസമ്പ്രദായം തെറ്റു്’. [3]
  2. ‘മണിപ്രവാളത്തിൽ എന്നപോലെ പാട്ടുകളിലും ആവശ്യം അനുസരിച്ചു് ലളിതസംസ്കൃതവിഭക്ത്യന്തങ്ങളെ ഉപയോഗിക്കാം’.
  3. ‘സംസ്കൃതച്ഛന്ദശ്ശാസ്ത്രത്തിലെ വർണ്ണനിയമത്തേയും മാത്രാനിയമത്തെയും തമിഴ് വൃത്തങ്ങളിൽ കൂടി പ്രവേശിപ്പിച്ചു പുതുതായ കിളിപ്പാട്ടു മുതലായ മലയാളവൃത്തങ്ങളെ നടപ്പിൽ വരുത്തി’.

ഈ പരിഷ്കാരങ്ങളെല്ലാം എഴുത്തച്ഛനു മുമ്പു ജീവിച്ചിരുന്ന കവികൾ നടപ്പിൽ വരുത്തീട്ടുള്ളവ തന്നെയാണു്. മലയാള പ്രകൃതികളോടു് സംസ്കൃതപ്രത്യയം ചേർത്തു ‘കോമാളിരൂപങ്ങൾ’ സൃഷ്ടിക്കുന്ന പതിവു് കണ്ണശ്ശന്മാരും നിശ്ശേഷം കൈവെടിഞ്ഞു കഴിഞ്ഞിരുന്നു. പാട്ടുകളിൽ ലളിതസംസ്കൃതവിഭക്ത്യന്തങ്ങളെ കണ്ണശ്ശന്മാർ ധാരാളമായി ഉപയോഗിച്ചിട്ടുണ്ടുതാനും. സംസ്കൃതച്ഛന്ദശ്ശാസ്ത്രത്തിലെ നിയമത്തെയും മാത്രാനിയമത്തേയും തമിഴ് വൃത്തങ്ങലിൽ പ്രവേശിപ്പിച്ചതും ആദ്യമായിട്ടല്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ പരിഷ്കാരങ്ങൾക്കു പ്രചാരപ്രാചുര്യം വന്നതു് എഴുത്തച്ഛൻ നിമിത്തമാകുന്നു. അദ്ദേഹത്തിന്റെ കൃതികളെ നിത്യവും വായിക്കാതെ ജീവിക്കാൻ ഒരു മലയാളിക്കും കഴിയാതെ ആവുകയാൽ, അവ ഭാഷയുടെ ഗതിയെ സാരമായ വിധത്തിൽ സ്പർശിച്ചുവെന്നു പറയാം.

എഴുത്തച്ഛനും അക്ഷരമാലയും

അക്ഷരമാലയെ പുതുക്കിയതും എഴുത്തച്ഛനാണെന്നു് ഒരു അഭിപ്രായം എങ്ങനെയൊ നമ്മുടെ നാട്ടിൽ പ്രചരിച്ചിട്ടുണ്ടു്. കേരളപാണിനി തിരുമനസ്സുകൊണ്ടും ആ അഭിപ്രായത്തെ അംഗീകരിച്ചിരിക്കുന്നു. എന്നാൽ ഇത്തരം പരിഷ്കാരങ്ങൾക്കു കാരണഭൂതൻ എഴുത്തച്ഛനാണോ എന്നു സംശയമാണു്. എഴുത്തച്ഛനു മുമ്പുതന്നെ മലയാള അക്ഷരമാല പരിപൂർണ്ണമായിരുന്നുവെന്നു കണ്ണശ്ശന്റെയും പുനത്തിന്റെയും ചെറുശേരിനമ്പൂരിയുടേയും മറ്റും കൃതികൾ വായിച്ചാലറിയാം. സംശയനിവാരണാർത്ഥം ഏ. ഡി. 1275-ാം ആണ്ടിടയ്ക്കും എഴുത്തച്ഛന്റെ കാലശേഷവും പ്രചാരത്തിലിരുന്ന അക്ഷരമാലയുടെ പട്ടികകൾ ഇവിടെ ചേർക്കുന്നു. അവയേ താരതമ്യം ചെയ്തു നോക്കുന്നവർക്കു ലിപി വിന്യാസത്തിൽ മാത്രമേ പരിഷ്കാരം ഉണ്ടായിട്ടുള്ളുവെന്നും അതിനു കാരണഭൂതന്മാർ ലിപികാരന്മാരായിരുന്നുവെന്നു നിഷ്പ്രയാസം കാണാം.

എഴുത്തച്ഛനും ഭാഷാവൃത്തങ്ങളും

കിളിപ്പാട്ടുവൃത്തം എന്നൊന്നില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടെല്ലോ. കിളി, ഹംസം, വണ്ടു്, കുയിൽ ഇവയുടെ ശബ്ദത്തിനു മാധുര്യമുള്ളതിനാൽ, കവികൾ അവയെക്കൊണ്ടു പാടിച്ചുവെന്നല്ലാതെ ആ വൃത്തങ്ങൾക്കു തമ്മിൽ യാതൊരു വ്യത്യാസവുമില്ല. വരിവണ്ടിൻ പാട്ടിന്റെയും കിളിപ്പാട്ടിന്റെയും വൃത്തബന്ധം ഒന്നു തന്നെയാണെന്നു അന്യത്ര കാണിച്ചിട്ടുണ്ടല്ലോ. വിദേശ സഞ്ചാരത്തിനിടയ്ക്കു് പരിചിതമായ പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി എന്നീ വൃത്തങ്ങളേ എഴുത്തച്ഛൻ പരിഷ്ക്കരിച്ചു് കിളിപ്പാട്ടു വൃത്തങ്ങൾ നിർമ്മിച്ചു എന്നാണു് കേരളകൗമുദീകർത്താവു പറയുന്നതു്.

“പൈങ്കിളിക്കണ്ണിയേനോക്കിത്തങ്കിളിപ്പാട്ടുതുഞ്ചനും
തങ്കലാണ്ടൊരു ശീലിൽതാന്തങ്കുമീരടി പാടിനാൻ.”

അദ്ദേഹം പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി ഇവയുടെ ഓരോ ഉദാഹരണവും കൊടുത്തിട്ടുണ്ടു്.

പൈങ്കിളിക്കണ്ണി
‘അകമേവുമണ്ണുലകെൻറല്ലലെല്ലാം ചൊല്ലി
ചുകമാനനീപോയ് ചുകംകൊടുവാ പൈങ്കിളിയേ’
പരാപരക്കണ്ണി
‘ചീരാറുതൈവതിരുവരുളാം പൂമിമുതൽ
പാരാതിയാണ്ടു പതിയേ പരാപരമേ 1
ചുടരൊളിമാടന്തോറും ചുരുങ്കിടമാർവന്തു
മടുമലർ കളവാമാലേയമിവമൊഴിന്താർ’ 2

ഇരുപത്തിനാലുവൃത്തത്തിലെ ‘സർപ്പിണി’ വൃത്തത്തിനും അദ്ദേഹം ‘പൊന്നമാതരു’ എന്ന തമിഴ് മാതൃക കാണിച്ചിരിക്കുന്നു.

‘പൊന്ന മാതരൈ പൂമിയെ നാടിടേൽ
എന്നുനാടിയവന്നുയിർതാതനൈ
ഉന്നെനാടു വന്തന്നുരുട്ടുവെളി
തന്നനാടുവന്തന്നന്തനിയനെ.’

ശാകസംവത്സരം 1560-ലെ വരതുംഗരാമപാണ്ഡ്യന്റെ ദളവാ അഗ്രഹാരശാസനത്തിന്റെ ഒരു ഭാഗം.

കേസരിവർമ്മയുടെ ശാസനത്തിന്റെ അന്ത്യഭാഗം.

ഈ മാതിരി സാദൃശ്യങ്ങൾ കാണുന്നതിൽ യാതൊരു അത്ഭുതത്തിനും വഴിയില്ല. നേരെ മറിച്ചു് മൂലദ്രവിഡഭാഷാകുടുംബത്തിലെ ഏറ്റവും അടുത്ത ശാഖകളായ തമിഴിനും മലയാളത്തിനും തമ്മിൽ ഇത്തരം സാദൃശ്യങ്ങൾ കാണാതിരുന്നാലെ ആശ്ചര്യത്തിനു അവകാശമുള്ളു. എന്നാൽ അതുകൊണ്ടു് എഴുത്തച്ഛൻ തമിഴ് മാതൃകകൾ നോക്കിയാണു് വൃത്തങ്ങൾ നിർമ്മിച്ചതെന്നു വരുന്നില്ല. അദ്ദേഹം പണ്ടേക്കുപണ്ടേ കേരളത്തിൽ നടപ്പിലിരുന്ന വൃത്തങ്ങളെ കണ്ടാലറിയാത്ത വിധത്തിൽ ഒന്നു തേച്ചു മിനുസപ്പെടുത്തിയെന്നേയുള്ളു. തമിഴരുടെ വൃത്തബന്ധത്തിനും മലയാളികളുടെ വൃത്തബന്ധത്തിനും തമ്മിൽ ഇപ്പോൾ സാദൃശ്യത്തേക്കാൾ കൂടുതൽ വ്യത്യാസമാണുള്ളതു്. തമിഴു പരിചയമില്ലാത്തവരുടെ സുഖബോധനത്തിനായി തമിഴരുടെ വൃത്തശാസ്ത്രത്തിലെ ചില സാമാന്യ നിയമങ്ങളെ ഇവിടെ സംക്ഷേപിച്ചു പറയാം.

I. ഉയിർ (സ്വരം)
(1) കുറിൽ (ഹ്രസ്വം) അ ഇ ഉ എ ഒ
(2) നെടിൽ (ദീർഘം) ആ ഈ ഊ ഏ ഐ ഓ ഔ
(3) കുറിയമൂവുയിർ (1) കുറ്റിയലികരം ഉം. കാടിയതു
(2) കുറ്റിയലുകരം. ഉം. കാതു
(3) ഐകാരക്കുറുക്കം. ഉം. ഐപ്പചി
(4) ആയ്തം ക. പു.
II. മെയ് (വ്യഞ്ജനം)
(1) മൂവിനം വല്ലിനം; ക ച ട ത പ റ
മെല്ലിനം; ങ ഞ ണ ന മ ബ
ഇടൈയിനം; യ ര ല വ ഴ ള
(2) ഉയിർമെയ്.
III. അളപു (അളപെടൈ)
  1. ഉയിരളപെടൈ; ആഇ; ഈഇ; ഊഉ ഇത്യാദി. ഉം: പടാഅകൈ; പരീഇയം; കഴൂമണി.
  2. ഒറ്റളപെടൈ; മങ്ങലം; പൻന്തു.
IV. മാത്ര
  1. മകരക്കുറുക്കിനും ആയ്തക്കുറുക്കിനും കാൽ മാത്രവീതം.
  2. ആയ്തത്തിനും മെയ്യിനും കുറ്റിയലികരത്തിനും കുറ്റിയലുകരത്തിനും അര മാത്രവീതം.
  3. കുറ്റെഴുത്തിനും ഒറ്റളപെടയ്ക്കും ഓരോ മാത്രവീതം.
  4. നെട്ടെഴുത്തിനു രണ്ടുമാത്രവീതം.
  5. ഉയിരളപെടയ്ക്കു മൂന്നു മാത്ര.
V. അചൈ (Metrical Syllable)
  1. നേരചൈ; (അശ) കുറ്റെഴുത്തു തനിയെ വന്നാലും നെട്ടെഴുത്തു തനിയെ വന്നാലും നെടിലും കുറിലും ഒറ്റടുത്തു വന്നാലും നേരശ. നേ ര ശ (നാലുവിധം) ഉം: ആ–ഴി (നെടിലും കുറിലും തനിച്ചു്) ആ–മ്പൽ (നെടിലും കുറിലും ഒറ്റടുത്തു്)
  2. നിരൈയചൈ; കുറിൽ ഇണയായി വന്നാലും, കുറിൽ നെടിൽ ഇണയായി വന്നാലും, കുറിൽ നെടിൽ ഇവ ഇണയായി ‘ഒറ്റ’ടുത്തു വന്നാലും നിരയശ,
    ഉം: വെറി (കുറിൽ ഇണയായി വരുന്നതു്).
    ചുറ്റാ (കുറിൽ നെടിൽ ഇണയായിരിക്കുന്നതു്).
    നിറം (കുറിൽ ഇണയായി ഒറ്റടുത്തുവരുന്നതു്).
    വിളാം (കുറിൽ നെടിൽ ഇണയായി ഒറ്റടുത്തിരിക്കുന്നതു്).
VI. ചീർ (Metrical feet)
നേരചൈച്ചീർ; നേർ നാൾ.
(1) അചൈച്ചീർ നിരൈയചൈച്ചീർ; നിരൈ, മലർ.
നേർനേർ; തേമാ;
(2) ഇയർച്ചീർ നിരൈനേർ; പുളിമാ
നിരൈനിരൈ; കരുവിളം
നേർനിരൈ; കൂവിളം
നേരീറ്റു 1. നേർ നേർ നേർ;– തേമങ്കോയ്.
രിച്ചീർ. 2. നിരൈ നേർനേർ;– പുളിമാങ്കായ്.
3. നിരൈനിരൈനേർ;– കുരുവിളങ്കായ്.
4. നേർനിരൈ നേര്;– കൂവിളങ്കായ്.
(3) ഉരിച്ചീർ
നീരൈയീറ്റു 1. നേർ നേർനീരൈ;– തേമാങ്കുനി.
രിച്ചീർ. 2. നിരൈ നേർനീരൈ;– പുളിമാങ്കുനി.
3. നിരൈനിരൈനീരൈ;– കുരുവിളങ്കുനി.
4. നേർനിരൈ നീരൈ;– കൂവിളങ്കുനി.
തേമാന്തണ്ണിഴൽ, പുളിമാന്തണ്ണിഴൽ, കുരുവിളന്തണ്ണിഴൽ, കൂവിളന്തണ്ണിഴൽ.
തേമാന്തൺപൂ, പുളിമാന്തൺപൂ, കുരുവിളന്തൺപൂ, കൂവിളന്തൺപൂ.
4. പൊതുചീർ തേമാനറുമ്പൂ, പുളിമാനറുമ്പൂ, കുരുവിളനറുമ്പൂ, കൂവിളനറുമ്പൂ.
തേമാനറുനിഴൽ, പുളിമാനറുനിഴൽ, കുരുവിളനറുനിഴൽ, കൂവിളനറുനിഴൽ.

ഇവയിൽ ഇയർചീരിനു് ആരിയവൂയീർചീരെന്നും പേരുണ്ടു്. ചീരുസംസ്കൃതത്തിലെ ഗണത്തിന്റെയും ഇംഗ്ലീഷിലെ(foot)ഫ്, ട്ടിന്റെയും സ്ഥാനം വഹിക്കുന്നു.

എന്നാൽ സംസ്കൃതത്തിൽ

ല ഗുഗു, ഗുലഗു ഗുഗുല, (യരതങ്ങൾ)
ഗു ല ല, ലഗുല, ലലഗു (ഭജസങ്ങൾ)
ഗുഗുഗു, ല ല ല, (മനങ്ങൾ)

എന്നു എട്ടു ഗണങ്ങളേയുള്ളു.

1. യഗണം — ◦ ◦ Bacchius
2. രഗണം ◦ — ◦ Amphimacer
3. തഗണം ◦ ◦ — Antibacehius
4. ഭഗണം ◦ — — Dactylus
5. ജഗണം — ◦ — Amphibrachys
6. സഗണം — — ◦ Anapaestus
7. മഗണം ◦ ◦ ◦ Molossus
8. നഗണം — — — Tribrachys

ഇവയിൽ ഇംഗ്ലീഷിൽ നാലാമത്തെയും ആറാമത്തേതും മാത്രമേ വളരെ പ്രചാരത്തിലിരിക്കുന്നുള്ളു. അതിനോടുകൂടി Tambic (ല ഗു) എന്നും Trochee (ഗു ല) എന്നു ഇംഗ്ലീഷിൽ രണ്ടു ഗണങ്ങൾ കൂടിയുണ്ടു്.

VII. തള (Metrical connection)

നേർ, നിര എന്നീ രണ്ടുമാതിരി അശകൾ തനിച്ചും ഈരണ്ടീ രണ്ടായിച്ചേർന്നും ചീരുകൾ ഉണ്ടാകുന്നതുപോലെ പലേ ചീരുകൾ ഒന്നോടൊന്നു തൊടുക്കപ്പെട്ടിട്ടു് തളയും ഉണ്ടാകുന്നു. തള ഏഴുവിധമുണ്ടു്. അവയെ ഇവിടെ വിവരിക്കുന്നില്ല.

VIII. അടി (Metrical line)

രണ്ടു ചീരുകളോടുകൂടിയതു കുറളടി; മൂന്നു ചീരുകളോടുകൂടിയതു ചിന്തടി; നാലുചീരുകളോടുകൂടിയതു അളവടി; അഞ്ചുചീരുകൾ ഉള്ളതു് നെടിലടി; അതിനു കൂടുതലുള്ളതു് കഴിനെടിലടി; ഇങ്ങനെ അടികളും പലവിധത്തിലാണു്. ഒന്നു രണ്ടു ഉദാഹരണം കൂടി ചേർക്കാം.

വഞ്ചിത്തുരൈ
“തിരൈത്ത ചാലികൈ
നിരൈത്ത പോനിരൈ-
ന്തിരൈപ്പത്തേൻകളേ
വിരൈക്കൊൺമാലൈയായ്.

ഇതു കുറളിയായ വൃത്തം.

“കുയിൽ മരുട്ടിയ കോൺമൊഴി
യയിൽ മരുട്ടിയ വമ്പക
മയിൽ മരുട്ടിയ മാൺപുടൈ-
ക്കുയിൽ മരുട്ടിയ കൂന്തലാൾ.

ഇതു ചിന്തടികളോടു കൂടിയ വൃത്തമാകുന്നു. ഇതുപോലെ മറ്റടികളേയും എളുപ്പത്തിൽ നോക്കിക്കാണാവുന്നതാകുന്നു.

IX. തൊടൈ (Rhyme)

ഒന്നാംഭാഗത്തിൽ ഏതുക, മോന മുതലായി പ്രാസങ്ങളുടെ സ്വഭാവം വിവരിച്ചിട്ടുള്ളതു നോക്കുക.

X. പാവു് (Metres)

തമിഴു വൃത്തങ്ങൾ പ്രധാനമായ വെൺപാ, ആചിരിയപ്പാ, കലിപ്പാ, വഞ്ചിപ്പാ, മരുട്പാ എന്നിങ്ങനെ അഞ്ചു തരത്തിലാണു്. അവയ്ക്കു് അനേകം ഉൾപ്പിരിവുകളുമുണ്ടു്. അവയെപ്പറ്റി ഇവിടെ സവിസ്തരം പ്രതിപാദിക്കാൻ തരമില്ല.

ആധുനിക മലയാളവൃത്തങ്ങൾക്കു തമിഴിനോടുള്ളതിലധികം വേഴ്ച സംസ്കൃതത്തോടാകുന്നു. സംസ്കൃതവൃത്തങ്ങളിൽ ചിലതു പോലും മലയാളികൾ ഗാനോചിതമായ മാത്രാവൃത്തങ്ങളാക്കി രൂപാന്തരപ്പെടുത്തീട്ടുണ്ടു്. ഈ മാതിരി പരിഷ്ക്കാരങ്ങളെല്ലാം വരുത്തിയതു എഴുത്തച്ഛനാണെന്നു പറയാവുന്നതല്ല. അദ്ദേഹം തന്റെ കൈവശത്തിൽ വന്നുചേർന്ന കരുക്കളെക്കൊണ്ടു പെരുമാറിയതല്ലാതെ, പുതിയകരുക്കൾ വാർത്തെടുക്കാൻ ശ്രമിച്ചിട്ടേയില്ലെന്നു യാതൊരു സംശയവും കൂടാതെ പറയാം.

എഴുത്തച്ഛന്റെ കൃതികൾ
ഇരുപത്തിനാലുവൃത്തം

ഇതു് അദ്ദേഹത്തിന്റെ പ്രഥമ കൃതിയാണെന്നു ചിലർ പറയുന്നു. എന്നാൽ ചമ്പുക്കളോടു അതിനുള്ള വേഴ്ച ഒരു നോട്ടത്തിൽ കാണാവുന്നതാണു്. ചമ്പൂകാരന്മാരെപ്പോലെ വിവിധ സംസ്കൃത കാവ്യങ്ങളിൽനിന്നു് പദ്യങ്ങളെ അല്പാല്പം ഭേദപ്പെടുത്തിയും അല്ലാതെയും ഇതിൽ ചേർത്തിട്ടുണ്ടു്. കവിയുടെ സ്വതസ്സിദ്ധമായ ഭാവനാശക്തിയുടെ സന്താനങ്ങളിൽ ഒന്നായി സഹൃദയാഗ്രണിയായ ശ്രീമാൻ കെ. ആർ. കൃഷ്ണപ്പിള്ള അവർകൾ സുന്ദരകാണ്ഡത്തിന്റെ അവതാരികയിൽ ഒരിടത്തുചൂണ്ടികാണിച്ചിട്ടുള്ള,

“സീതയായൊരു കല്പവല്ലിപടർന്നു രാമസുരദ്രുമ-
ച്ഛായതന്നിൽ വസിച്ചുമാമുനി പക്ഷിമണ്ഡലമാകവേ;
രാവണാക്ക മഹാതപത്തിനൊരാതപത്രമുദാരവാങ്-
മാധുരീഫലമാസ്വദിച്ചുനടന്നു രാമഹരേ ഹരേ!”

എന്ന മനോഹരപദ്യംപോലും ഒരു സംസ്കൃതശ്ലോകത്തിന്റെ ഭാഷാന്തരമാകുന്നു.

“ഖണ്ഡനായ ധരാവിരോധമിയറ്റിമേവിന വൈരിണാം
പുണ്ഡരീകവിലോചനൻ മദനാന്തകാന്തകസന്നിഭൻ
ദണ്ഡകാവനമിന്ദുമണ്ഡലചുംബിഭൂരുഹമണ്ഡിതം
ചണ്ഡഭാനുരിവാഭ്രമണ്ഡലമാപ രാമ ഹരേ ഹരേ.”

എന്ന പദ്യം.

“ഖണ്ഡനായ വസുധാവധൂമനഃ
പുണ്ഡരീകതുഹിനത്വിഷാം ദ്വിഷാം
ദണ്ഡകാവനമവാപ രാഘവ-
ശ്ചണ്ഡഭാനുരിവമേഘമണ്ഡലം.”

എന്ന ഭോജകൃതമായ ചമ്പൂരാമായണശ്ലോകത്തിന്റെ സ്വതന്ത്രാനുവാദമാണെന്നു പറയേണ്ടതില്ലല്ലോ.

“മഹാരാജ! ശ്രീമൻ ജഗതിയശസാ തേ ധവളിതേ
പയഃപാരാവാരം പരമപുരുഷോയം മൃഗയതേ
കപർദ്ദീ കൈലാസം സുരപതിരപി തൽ കരിവരം
കലാനാഥം രാഹുഃ കമലഭവനോ ഹംസമധുനാ”

എന്ന സുപ്രസിദ്ധപദ്യത്തെ നമ്മുടെ കവി,

“കീർത്തിവിശ്വം വെളുപ്പിച്ചിരിക്കും വിധൌ
മൂർത്തിമൂവർക്കുമുണ്ടായിപോൽ വിഭ്രമം
സ്വാബ്ധിമാരാഞ്ഞുഴന്നിട്ടു നാരായണ-
നാർത്തനായിച്ചിരം രാമരാമഹരേ
പക്ഷിയേതെന്നറിഞ്ഞിടരുതാ ത്മഭൂ
ദിക്ഷുനീളെത്തിരഞ്ഞു നിജം പക്ഷിണം
ദക്ഷഹന്താപി കൈലാസബുദ്ധ്യാ ഗിരീൻ
നോക്കിയാരായ്കയും രാമരാമഹരേ!

എന്നു രണ്ടു പദ്യങ്ങളായി വിവർത്തനം ചെയ്തിരിക്കുന്നു.

“സദ്യഃ പുരീപരിസരേഷു ശിരീഷമൃദ്വീ
സീതാ ജവാൽ ത്രിചതുരാണി പദാനി ഗത്വാ
ഗന്തവ്യമദ്യ കിയദിത്യസകൃൽ ബ്ര വാണാ
രാമാശ്രുണാം കൃതവതീ പ്രഥമാവതാരം.”

എന്ന ഹനൂമന്നാടക ശ്ലോകത്തിലെ ആശയം

“ഇന്നെത്രദൂരം നടക്കേണമാര്യാ
എന്നങ്ങു ഭൂയോപി ഭൂയോപി ചൊല്ലും.
വാമാക്ഷി സീതാ ജനിപ്പിച്ചു കണ്ണീർ
പ്രാഥമ്യമായന്നു ശ്രീരാമരാമ”

എന്ന പദ്യത്തിൽ കാണുന്നു. ഇങ്ങനെ രഘുവംശം മാഘം നൈഷധം മുതലായ പല കൃതികളിലെ ആശയങ്ങളുടെ ഛായ ഇരുപത്തിനാലു വൃത്തത്തിൽ കാണ്മാനുണ്ടു്.

ഭാഷാചമ്പുക്കളിലെ ആശയങ്ങളും അതിൽ അവിടവിടെ പകർത്തീട്ടുള്ളതായും കാണാം. രാമായണ ചമ്പുവിൽനിന്നു കൂടി രണ്ടു മൂന്നു ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. സീതാപരിത്യാഗ ചമ്പുവിലെ 76-ാമത്തേയും 77-ാമത്തേയും ശ്ലോകത്തിനെ വലിയ വ്യത്യാസമൊന്നും വരുത്താതെ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.

“വിമലഗുണകീർത്തേ! മമ ജനനിമാരോ-
ടിതി ബത വിശേഷിച്ചവരൊടുപറഞ്ഞീ-
ട്ടുദരധരഗർഭം മമ പതിനിഷേകം
തദപി വചനീയം പരമപുരുഷ വിഷ്ണോ!
മമ വചനഹേതോരവനിപതിതന്നോ-
ടിതു പറക നീ താനനലനിൽ വിശുദ്ധാം
അഹിതവചനാൽ മാം കളകകുലയോഗ്യം
ശ്രുതിസദൃശമെന്നോ പരമപുരുഷ വിഷ്ണൊ!”

രാവണോത്ഭവചമ്പുവിൽ രാവണന്റെ ധിക്കാരങ്ങളെ വർണ്ണിക്കുന്ന പദ്യങ്ങളുടെ ഏകദേശവിവർത്തനമാണു്.

“കൊല്ലുവതിനൊക്കെയമനങ്ങുമരിപ്പാൻ
വല്ലഭമെഴും നിരതിപാശി കഴുകാനും”.

ഇത്യാദി പദ്യങ്ങൾ.

ഇങ്ങനെ വേറെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിപ്പാനുണ്ടു്. ഭാഷാരീതിയിലും ഇരുപത്തിനാലുവൃത്തത്തിനു് ചമ്പുക്കളോടാണു് അധികം അടുപ്പം. ഈ കാരണങ്ങളാലായിരിക്കാം. പ്രകൃതകൃതി എഴുത്തച്ഛന്റേതല്ലെന്നു ചിലർ അഭിപ്രായപ്പെട്ടുകാണുന്നതു്. മറ്റു ചിലർ ഒരു പടികൂടികടന്നു് ഇതു നാരായണഭട്ടതിരിയുടെ കൃതിയായിരിക്കണമെന്നുകൂടി ഊഹിക്കുന്നുണ്ടു്.

ഇങ്ങനെയൊക്കെയാണെങ്കിലും ഇരുപത്തിനാലുവൃത്തം എഴുത്തച്ഛന്റെ കവിതാവനിത പ്രൌഢദശയെ പ്രാപിക്കുന്നതിനുമുമ്പുണ്ടായ ഒരു കൃതി ആയിരിക്കാമെന്നു ഒന്നുരണ്ടാഴ്ച മുമ്പുവരെ ഞാൻ വിശ്വസിച്ചിരുന്നു. പലസംസ്കൃതകൃതികളിൽനിന്നു് ആശയങ്ങൾ പകർത്തീട്ടുള്ളതുകൊണ്ടുമാത്രം, അതു എഴുത്തച്ഛന്റെതല്ലെന്നു പറയാൻ എനിക്കു ധൈര്യമുണ്ടായില്ല. കവിസാമാന്യനല്ലെന്നുള്ളതിനു് അതിലെ പലഭാഗങ്ങൾ പ്രത്യക്ഷസാക്ഷ്യം വഹിക്കുന്നുമുണ്ടല്ലോ. എന്നാൽ ഈയിടയ്ക്കു് ഞാൻ അതിനെ രാമായണചമ്പുവുമായി ചേർത്തുവച്ചു വായിച്ചു നോക്കിയപ്പോൾ അതു് ആ ചമ്പുവിന്റെ ഏറക്കുറെ സ്വാതന്ത്ര്യമായ വിവർത്തനമാണെന്നു നല്ലപോലെ തെളിഞ്ഞു. കഥാവിഭാഗം പോലും മിക്കവാറം ചമ്പുവിനെ അനുസരിച്ചുതന്നെയാണു് ചെയ്തിരിക്കുന്നതു്. എഴുത്തച്ഛൻ ഇങ്ങനെ മറ്റൊരു ഭാഷാകൃതിയെ വിവർത്തനം ചെയ്യാൻ ഒരുങ്ങിക്കാണുകയില്ലെന്നു തീർച്ചയാണു്. അതുകൊണ്ടു് ഇരുപത്തിനാലുവൃത്തം പുനത്തിന്റെ കൃതിതന്നെ ആയിരിക്കാൻ ഇടയുണ്ടു്. എന്നാൽ വേറെ ആരെങ്കിലും പുനത്തിനെ അനുകരിച്ചതായ്‍വരരുതോ എന്നു ചിലർ ചോദിച്ചേക്കാം. അതിനും ഒരു സമാധാനം പറായാനുണ്ടു്. ഇരുപത്തിനാലുവൃത്തത്തിൽ കാണുന്നതും ചമ്പുവിൽ ഇല്ലാത്തതുമായ അംശങ്ങൾ വായിച്ചു നോക്കിയാൽ കവി നല്ല കാവ്യകലാകുശലനായിരുന്നു എന്നു തെളിയും. സ്വതന്ത്രകാവ്യം രചിക്കാൻ ശക്തിയുള്ള ഒരു കവി മറ്റൊരു ഭാഷാകവിയെ ഇങ്ങനെ അനുകരിച്ചുകാണുമെന്നു് എങ്ങനെ വിശ്വസിക്കാം? രാമകഥയെ എല്ലാവരും സന്ധ്യാകാലത്തു ചൊല്ലി പഠിച്ചുകൊള്ളട്ടേ എന്നു വിചാരിച്ചു പുനം കീർത്തനരൂപത്തിൽ എഴുതിയതായിരിക്കാം ഇരുപത്തിനാലുവൃത്തം.

ആരുടെ കൃതിയായിരുന്നാലും ഇരുപത്തിനാലുവൃത്തം ഒരു ഉത്തമകാവ്യമാകുന്നു. അതിനോടു മലയാളികൾക്കു പ്രത്യേക പക്ഷപാതവുമുണ്ടു്. പാഠപുസ്തകക്കമ്മറ്റിക്കാരുടെ സാചീവിലോകത്തിനു പാത്രമായിട്ടും അതു് വിറ്റഴിഞ്ഞുകൊണ്ടാണല്ലൊ ഇരിക്കുന്നതു്. എന്നാൽ ശുദ്ധമായ പാഠം കിട്ടാൻ വളരെ പ്രയാസമായിരിക്കുന്നതു് ഇന്നത്തെ പണ്ഡിതകേസരികൾക്കു അഭിമാനകരമായിരിക്കുന്നില്ല. ഭാഷാരാമായണചമ്പുവും ഒന്നു രണ്ടു് ആദർശഗ്രന്ഥങ്ങളും ചേർത്തുവച്ചു് പരിശോധിക്കുന്ന പക്ഷം ശുദ്ധപാഠങ്ങൾ കണ്ടുപിടിക്കാൻ ഒരു പ്രയാസവുമില്ലെന്നാണു് തോന്നുന്നതു്.

ഇരുപത്തിനാലുവൃത്തത്തിൽ എല്ലാംകൂടി ‘25’ വൃത്തങ്ങളും എണ്ണൂററിൽ പരം പദ്യങ്ങളും കാണുന്നു. വൃത്തങ്ങളെല്ലാം ദേശീയങ്ങളാണു്.

ഒന്നാം വൃത്തത്തിൽ രാവണന്റെ പീഡനിമിത്തം ദേവകൾ മഹാവിഷ്ണുവിനോടു സങ്കടം പറയുന്നതും, അതുകേട്ടു് വിഷ്ണുഭഗവാൻ അവരെ സമാധാനപ്പെടുത്തി അയയ്ക്കുന്നതുമാണു് വിഷയം.

“സൂര്യവംശേ പിറന്നഭൂപാലനാം കോസലവിഷയങ്ങളിലുണ്ടായി
നാമധേയമയോധ്യയെന്നിങ്ങനെ രാജധാനി പുരാ ഹരി ഗോവിന്ദ-
നാലുപാടും വളഞ്ഞൊഴുകീടുന്ന നീലതോയ സരയൂനദികൊണ്ടു
സാരമായ കിടങ്ങുണ്ടുതീർത്തിട്ടു ചാരത്താമ്മാറുമേളത്തിൽ ഗോവിന്ദ.
ഇന്ദ്രസമ്പത്തിനെകൂടെത്താഴ്ത്തീടുന്ന ഭദ്രസമ്പത്തങ്ങുണ്ടതിലെത്രയും
ചന്ദ്രമണ്ഡലത്തോടുരുമ്മീടുന്ന രത്നമാടങ്ങളുമുണ്ടതിൽ ഗോവിന്ദ.
ദിവ്യരത്നങ്ങളേക്കൊണ്ടുദീപങ്ങൾസവ്യസാചികൾ വില്ലാളിവീരന്മാർ
ഹവ്യഗവ്യങ്ങളേക്കൊണ്ടുനിത്യവും ദിവ്യദേവതാ പൂജനം ഗോവിന്ദ.
പത്തുമാറ്റിൻപൊന്നുകൾരത്നത്താൽ വിസ്താരത്തിൽ ചുമച്ചുകിടക്കുന്ന
പത്തനങ്ങളും പത്തുനൂറായിരം ചിത്തരമ്യമിതെത്രയും ഗോവിന്ദ.
മന്ദിരന്തോറുമിന്ദിന്ദിരങ്ങളും മന്ദം മന്ദം മുരണ്ടുനടകൊണ്ടു.
സുന്ദരാംഗിമാരാനനത്തെകണ്ടിട്ടംബുജാതങ്ങളെന്നോർത്തു ഗോവിന്ദ.
മന്നീരേഴും കടക്കണ്ണുകൊണ്ടുടൻ രത്നമാക്കിച്ചമച്ചരികത്താക്കു-
കന്നൽക്കണ്ണിമാരുണ്ടായി പണ്ടതിൽ മിന്നൽപോലെ വിളങ്ങീട്ടു ഗോവിന്ദ.”

ഇങ്ങനെ അയോധ്യാപുരിയുടെ വർണ്ണനയോടുകൂടിയാണു് രണ്ടാം വൃത്തം ആരംഭിക്കുന്നതു്. ഈ ഭാഗത്തെ രാമായണചമ്പുവുമായി സാദൃശ്യപ്പെടുത്തി നോക്കുക. മേദിനീതിലകംപോലെ മേവുന്ന രാജധാനിയിൽ ദശരഥരാജാവു് ‘ഏഴ കോഴകൾ’ കൂടാതെ രാജ്യപരിപാലനം ചെയ്തുകൊണ്ടിരിക്കവെ,

“കളളരെന്നുള്ള ശബ്ദമരിപ്പമാ
യ്വെള്ളരേ പുനരുള്ളൂധരിത്രിയിൽ
ഉള്ളിലാധി മഹാവ്യാധി ലോകനാം
തള്ളിനീങ്ങിപ്പോയക്കാലം ഗോവിന്ദ.”

അദ്ദേഹം ‘അശ്വങ്ങൾ പെരുമാറ്റി’ പലേ അശ്വമേധങ്ങൾ നടത്തി ‘വിശ്വദേവതാമോദം വളർത്തി’യെങ്കിലും, സന്തതിയില്ലായ്കയാൽ ദുഃഖിതനായിത്തീർന്നു. അനന്തരം സുമന്ത്രവചനാനുസാരേണ പുത്രകാമേഷ്ടി നടത്തുന്നതും തത്സമയം,

“ഹവ്യവാഹനകുണ്ഡത്തിൽനിന്നുണ്ടായ്
ദിവ്യനായൊരു പുരുഷനന്നേരം
കയ്യിൽമേവിനപായസം ഭൂപന്റെ
കയ്യിൽവെച്ചിട്ടു്”

മറയുന്നതും ആ പായസത്തെ രാജാവിന്റെ ഭാര്യമാർക്കായി പങ്കിടുന്നതും വളരെ ചുരുക്കിയെങ്കിലും സരസമായി വർണ്ണിച്ചിരിക്കുന്നു. രാജ്ഞിമാർ പായസം ഉണ്ട മാത്രയിൽ ഗർഭം ധരിച്ചു. കാലക്രമേണ,

[4] “പൊന്മണി കുംഭംപോലെ വിളങ്ങുന്ന
നന്മുലയിണചാഞ്ഞു കൌസല്യേടെ
ഇമ്മൂന്നുലോകംപെറ്റ ഹരജന്മം
കാണ്മാനെന്നപോലെ ഹരിഗോവിന്ദ.”

രാമാവതാരം ആസന്നമായപ്പോൾ, നവഗ്രഹങ്ങളെല്ലാം ഭദ്രരാശികളിൽ സ്ഥിതിചെയ്തു. നാകഭേരികൾ താനേ മുഴങ്ങി; ലോകമാനസജാലം തെളിഞ്ഞു; നാകനാരികൾ ആടുകയും പാടുകയും ചെയ്തു.

“നക്ഷത്രങ്ങൾ തെളിഞ്ഞു ഗഗനത്തിൽ
ദിക്കുകൾ പത്തുമൊക്കെപ്രകാശിച്ചു;
അർക്കസോമനും സുപ്രഭ കൈക്കൊണ്ടു;
ലക്ഷ്മിവർദ്ധിച്ചു ഭൂമിയിൽ ഗോവിന്ദ.
സൂതികാലമണഞ്ഞതറിയിപ്പാൻ
ദൂതനെപ്പോലെ നീളേ നടന്നുടൻ,
പൂതിഗന്ധം കളഞ്ഞുസുഗന്ധവാ-
നായി വീശീ തദാ വായു ഗോവിന്ദ.
[5] “യാതുകൂരിരുൾ നീക്കിക്കളവാനും
ലോകകൈരവബോധം വളർത്താനും
കൌസല്യാദേവിപൂർവാചലേ രാമ-
ചന്ദ്രൻ ജാതനായമ്പോടു ഗോവിന്ദ.”

ചന്ദ്രൻ കർക്കടകത്തിലും പഞ്ചഗ്രഹങ്ങൾ ഉച്ചസ്ഥാനങ്ങളിലും നില്ക്കവേ ആയിരുന്നു രാമചന്ദ്രന്റെ ജനനം.

[6] “ഉണ്ണിയുണ്ടായ സന്തോഷം കൊണ്ടുടൻ
പുണ്യലോകായ ഭൂതികൊടുക്കയാൽ”

ദശരഥമഹാരാജാവിനു ‘ആലവട്ടം കുടതഴയെന്നിയേമറ്റൊന്നും ശേഷിച്ചി’ല്ലത്രേ. മറ്റുദേവിമാരും ഭരതാദികളെ പ്രസവിച്ചു. ഇവിടെ രണ്ടാം വൃത്തം അവസാനിക്കുന്നു.

സീതാപരിണയംവരെയുള്ള ഭാഗമാണു് മൂന്നാം വൃത്തത്തിൽ സംഗ്രഹിച്ചിരിക്കുന്നതു്.

‘അഖിലനയനാമോദകര’നായ ശ്രീരാമചന്ദ്രൻ മൂന്നു സഹോദരന്മാരോടുകൂടി “പ്രതിപദുഡുനാഥൻ” എന്നപോലെ വളർന്നുവന്നു. അക്കാലത്തു ഒരു ദിവസം വിശ്വാമിത്രമുനി അയോദ്ധ്യയിൽചെന്നു്,

‘ബാലകനെത്തരികയെന്നുടെ യാഗക്രിയ കഴിച്ചുകൊൾവാൻ’ എന്നു് ദശരഥനോടു അപേക്ഷിച്ചു.

“മുനിപ്രവരകുശികസുത ചെറുപ്പമത്രേ മമ മകനു
നമുക്കിവനെപ്പിരിഞ്ഞിരുന്നാലരക്ഷണം പൊറുക്കയില്ല
സമസ്തകർമ്മപ്രതിപക്ഷികൾ കഴുത്തറുത്തു സവനരക്ഷ
വരുത്തുന്നുണ്ടു വയമപി ച രാമ രഘുനാഥജയ.”

എന്നു പറഞ്ഞു് ദശരഥൻ ഒഴിയുവാൻ നോക്കി. എന്നാൽ,

“ചെറുപ്പമല്ല തവ മകനു ജഗത്ത്രിതയപരമഗുരു
വലിപ്പവുമിന്നവനെത്രയെന്നറിഞ്ഞതില്ലയൊരുപുരുഷൻ.
വലിപ്പമെഴുമസൃക്പവനമഹാ പാവകനവനതിനു
വികല്പമില്ല നൃപതിവര…”

എന്നു് പറഞ്ഞിട്ടു് വിശ്വാമിത്രൻ കോപത്തോടുകൂടി പോവാൻ ഭാവിക്കവേ, മഹാരാജാവു് വസിഷ്ഠോപദേശമനുസരിച്ചു് രാമലക്ഷ്മണന്മാരെ അദ്ദേഹത്തിനോടുകൂടി അയച്ചു. വിശ്വാമിത്രൻ അവർക്കു ബലയും അതിബലയും ഉപദേശിച്ചുകൊടുത്തു. ഈ ഘട്ടത്തെ കവി വളരെ ചുരുക്കിക്കളഞ്ഞുവെങ്കിലും താടകയുടെ വരവിനെ ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്. രാക്ഷസിയെങ്കിലും സ്ത്രീജനമായതുകൊണ്ടു് അവളെ കൊല്ലുന്നതിനു രാഘവൻ മടിച്ചു. എന്നാൽ മുനിയുടെ ഉപദേശമനുസരിച്ചു്,

“പെൺകൊലയിലുദിച്ച കൃപശരത്തിൽ മുനമുകളിൽവച്ചിട്ടു് അമ്പിനോടു വലിച്ചൊന്നെയ്തു.” ആ ശരമേറ്റിട്ടു, താടക ‘വമ്പിച്ചൊരു മലകണക്കെ’ നിലത്തു പതിച്ചു. അനന്തരം വിശ്വാമിത്രൻ സിദ്ധാശ്രമം പ്രാപിച്ചിട്ടു്, ശുദ്ധികർമ്മം തുടങ്ങിയപ്പോൾ ഉദ്ധതന്മാരായ നിശിചരർ പലവിധ വിഘ്നങ്ങൾ ചെയ്തുതുടങ്ങി. എന്നാൽ സുബാഹുപ്രമുഖന്മാരെ കൊന്നൊടുക്കീട്ടു്, രാമചന്ദ്രൻ അദ്ദേഹത്തിന്റെ യാഗരക്ഷ ചെയ്തയാൽ, മുനി സന്തുഷ്ടനായി. അഹല്യമോക്ഷത്തെ കവി ഒരു പദ്യത്തിൽ കഴിച്ചുകൂട്ടിയിരിക്കുന്നു. പിന്നീടു് രാമചന്ദ്രൻ മിഥിലാപുരിക്കു ചെന്നു് പുരഹരചാപം ഭഞ്ജിച്ച് സീതയെ പാണിഗ്രഹണം ചെയ്തു. വിവാഹത്തിനു ദശരഥാദികളെയും ക്ഷണിച്ചുവരുത്തിയിരുന്നു. അനന്തരം അയോധ്യയിലേയ്ക്കു തിരിച്ചു പോകും വഴിക്കു് ‘പുരത്രയത്തെപ്പൊരിച്ച മമ പരമഗുരുപുരഹരന്റെ കുലവില്ലിനെയൊടിച്ച നിന്റെ കരമൊടിപ്പൻ’ എന്നു പറഞ്ഞുകൊണ്ടു് പരശുരാമൻ എതിരിട്ടു. തത്സമയം, പടജനങ്ങൾ എല്ലാം ആക്ഷത്രതേജോനിധിയായ മുനിയുടെ കനൽക്കണ്ണുകൾകണ്ടു് ഭയപ്പെട്ടു ഓടിക്കളഞ്ഞുവത്രേ. എന്നാൽ,

“ജഗൽപവിത്രതര പുരുഷരെത്തിർപ്പതിന്നു തുനിഞ്ഞളവിൽ
രവിപ്രഭകളടലിൽ ജനനയനങ്ങളിലടിപ്പിച്ചുടൻ
പതുപ്പിൽവിളിച്ചനുസരിച്ചു സമർപ്പിച്ചുതൽകുലചിലയും
മുനിപ്രവരൻ നടന്നു”വത്രേ.

രാമചന്ദ്രന്റെ യൌവരാജ്യാഭിഷേകത്തിനുള്ള ഒരുക്കവും കൈകയി നിമിത്തം നേരിട്ട വിഘ്നവും നാലാം വൃത്തത്തിൽ സംക്ഷിപ്തമായി പ്രതിപാദിച്ചിരിക്കുന്നു. അഞ്ചാംവൃത്തം ആപാദചൂഡം അകൃത്രിമരമണീയമായിട്ടുണ്ടു്. രാമചന്ദ്രൻ വനത്തിലേയ്ക്കു പുറപ്പെടാൻ ഭാവിക്കുന്നതു കണ്ടു് സീതയുംകൂടെ പുറപ്പെട്ടു. തത്സമയം ഭഗവാൻ,

“കാന്താരവിന്ദായതാക്ഷീ മനോജ്ഞേ!
കാന്താരവാസം നിനക്കാവതല്ലേ.
ശാന്തേ! കുടുംബപ്രിയേ! താതപാദം
കാന്തേ! ഭജിച്ചീടു ശ്രീരാമരാമ.
വൈദേഹി! പോരേണ്ട പോരേണ്ട ബാലേ!
പൈദാഹശാന്തിക്കുപായങ്ങളില്ലേ
ഹേദേവി! കല്ലുണ്ടു മുള്ളുണ്ടു കാട്ടിൽ
പാദവ്യഥയ്ക്കങ്ങു ശ്രീരാമരാമ.”

എന്നിങ്ങനെ തടസ്സം പറഞ്ഞപ്പോൾ,

“എന്നാര്യപുത്രൻ വനത്തിന്നുപോയാൽ
പിന്നെപ്പുരീവാസമെന്തിന്നുവേണ്ടി?
നിന്നോടുകൂടീട്ടു പോരുന്നുഞാനും
എന്നാൾമനോജ്ഞാംഗി…”

സൌമിത്രിയും അദ്ദേഹത്തിനോടുകൂടെ പുറപ്പെട്ടു. മാലോകരോ,

‘ഗാഢംവളർന്നോരുദുഃഖേനലോകർ
ചാടിച്ചുകണ്ണീരുമാബാലവൃദ്ധം’

ചാടിപ്പുറപ്പെട്ടു്, രാമന്റെ വനയാത്രയെ തടയാൻ നോക്കി.

“കാണിക്ഷണം നിന്നെ വേർവിട്ടിരുന്നാൽ
ദീനത്വമുൾക്കൊണ്ടു ദുഃഖിക്കുമസ്മാൻ
കാണാതെവേർവിട്ടു നീ പോകിലിപ്പോൾ
പ്രാണങ്ങൾ പോകുന്നു…”

എന്നു അവർ വിലപിച്ചു. രഘുരാമനാകട്ടെ ‘പാരിച്ച കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന താതനെ’ ചാരുസ്മിതം തൂകി വന്ദിച്ചുകൊണ്ടാണു് വനത്തിലേക്കു പോയതു്. എന്നാൽ സീതയുടെ വനസഞ്ചരണഖേദം കണ്ടപ്പോൾ ആ ഗംഭീരാശയനുകൂടി കണ്ണീരു വന്നുപോയത്രേ. ദേവിയോ,

“രാമാംഘ്രിതട്ടുന്ന പാഷാണവുംപോയ്
സ്ത്രീരൂപമായ്‍വന്നുവെന്നോർത്തുതാനോ?
സീതാ ന സസ്മാര പാദവ്യഥാന്താം
സഞ്ചാരഖിന്നാപി ശ്രീരാമ രാമ!”

ഭരതപ്രതിജ്ഞാവരെയുള്ള ഭാഗത്തെ വളരെ സംക്ഷേപിച്ചിരിക്കുന്നു.

ദണ്ഡകാരണ്യപ്രവേശത്തോടുകൂടി 6-ാം വൃത്തം തുടങ്ങുന്നു. രാമചന്ദ്രൻ ദണ്ഡകാരണ്യത്തിൽ ‘പുഷ്പതദ്രുമ രാജിദത്ത വിലോചന’നായി നടക്കവേ, വിരാധൻ എന്ന രാക്ഷസൻ ‘പുഷ്പസായക ദേവത’യായ സീതാദേവിയെ അപഹരിച്ചുകൊണ്ടു് ആകാശത്തിലേക്കു ഉൽപ്പതിച്ചു. എന്നാൽ രാമശരാഗമനത്താൽ അവൻ ദേവിയെ ഉപേക്ഷിച്ചുകളഞ്ഞിട്ടു് ഉഗ്രന്മാരായ രാമലക്ഷ്മണന്മാരെ തോളിൽ എടുത്തുകൊണ്ടു മേല്പോട്ടുയർന്നുവത്രേ. ഇങ്ങനെ പല സ്ഥലങ്ങളിൽ കവി വാല്മീകിയെ അനുസരിക്കാതെ ചമ്പൂകാരന്മാരെ അനുസന്ധാനം ചെയ്തു കാണുന്നു.

വിരാധനെ വധിച്ചതിനുശേഷം അഗസ്ത്യാശ്രമപ്രാപ്തിവരെയുള്ള ഭാഗത്തെ ചമ്പൂകാരന്മാരെപ്പോലും തോല്പിക്കുന്ന സംസ്കൃതപ്രധാനമായ മണിപ്രവാളത്തിൽ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.

“പ്രാണധാരണഗാത്രവാൻ ശരഭംഗമാമുനി മൈഥിലീ-
പ്രാണനാഥസമാഗമേ പരലോകമാപ സുഖാവഹം;
പ്രീണനായ നടന്നു ദണ്ഡകവാസിനാം യമിനാന്ധനുർ
ബാണപാണിരഗസ്ത്യവാസമവാപ രാമ ഹരേ ഹരേ.”

മഹർഷി രാവണൻനിമിത്തം നേരിട്ട സങ്കടങ്ങളെ വിവരിച്ചു കേൾപ്പിക്കുന്ന ഭാഗം ഹൃദയംഗമമായിരിക്കുന്നു.

“ഉണ്ണിരാഘവാ! നിയടുത്തടുത്തിങ്ങുപോരിക ബാലക
കണ്ണൊരിത്രയെനിക്കുകാണ വയസ്സനേകമതീതമായ്;
എണ്ണുകിൽശതമല്ല രാമ! പിടിച്ചു രാക്ഷസഭക്ഷിതം [7] ഉണ്ണിദണ്ഡജിനാദികാണിതു രാമ രാമ ഹരേ ഹരേ.
ഹന്തരാക്ഷസ കുന്തപാതാൽ മദീയദന്തമടന്നുപോയ്
ചിന്തനീയമിതല്ലി? രാമ മദീയവേദനമെന്നിയേ;
മന്ഥരാഗമിയായിമാമക ഗാത്രമേക നടിക്കയാ-
ലന്തരാളസമാഗമേ ഹരി…
ദണ്ഡപാണിരിവാത്രവന്നൊരു രാക്ഷസൻ മടിയാതുടൻ
ദണ്ഡുകൊണ്ടുകുമച്ചുനമ്മുടെ കണ്ണുമൊന്നുപൊടിഞ്ഞുപോ
ചണ്ഡഭാനുകുലാവതംസ! മദീയദണ്ഡമിതിൽപ്പരം
ദണ്ഡതാഡനമെത്ര രാഘവ! …
ഊക്കനാകിയരാഘവൻ പുനരൂക്കുകൂടി മുടക്കിനാൻ
വാക്കുകേൾക്കിലതിപ്പൊഴും മമ മൂത്രപാതമുടൻവരും,
സാക്ഷിദൈവമൊഴിഞ്ഞു മറ്റൊരുഭൂതരില്ലനമുക്കുകേൾ
തീർക്ക നമ്മുടെ സങ്കടങ്ങളെ രാമ രാമ ഹരേ ഹരേ.”

അഗ്നിസമനായ മുനിയുടെ വാക്കു കേൾക്കയാൽ “ശർവഫാലവിലോചനോപമലോചന’നായിത്തീർന്ന രാമചന്ദ്രൻ ‘സർവരാക്ഷസവീരവംശപ്രതിജ്ഞ’ ചെയ്തിട്ടു്, ‘ഉർവരാമൃതം നൽകി’. അനന്തരം അദ്ദേഹം അഗസ്ത്യദത്തമായ ശാർങചാപവും ശരധിയും വാളും വാങ്ങി കൊണ്ടു് ‘തീർത്ഥഭൂതജലപ്രവാഹ മഹാനദീനികട’സ്ഥമായ ചിത്രപഞ്ചപടി പ്രാപിച്ചു് അവിടെ പാർത്തു.

ഏഴാം വൃത്തത്തിൽ സീതാപഹരണംവരെയുള്ള കഥ ചേർത്തിരിക്കുന്നു.

രാവണാനുജയായ ശൂർപ്പണഖ, ‘മനോഭിരാമചാരുരൂപധാരിണി’യായിട്ടു് അംബരത്തിൽനിന്നു ഇറങ്ങിവന്നു്,

“എനിക്കുകാന്തനില്ല രാമ! നീയെനിക്കു കാന്തനായ്
ഭവിക്കവേണമംഗജാതുരയ്ക്കു സുന്ദരാനന!
മരിക്കുമല്ലയായ്കിൽഞാനരക്ഷണേന മാരമാൽ
മുഴുക്കകൊണ്ടു രാഘവ! മുകുന്ദരാമ പാഹിമാം.

എന്നു സപ്രഗല്ഭം രാമചന്ദ്രനോടു പറഞ്ഞു.

രാമനാകട്ടെ, ‘പതുപ്പിൽവച്ചു സുന്ദരീം ചിരിച്ചുകൊണ്ടു്’ ഇങ്ങനെ അരുളിച്ചെയ്തു.

“വരിച്ചുകൊൾക നീ ജഗൽപ്രസിദ്ധമാത്മസോദരം
സമസ്തകാമപൂരണം മുകുന്ദരാമ പാഹിമാം.’

ലക്ഷ്മണൻ അവളെ അനാദരിക്കയാൽ, അവൾ അദ്ദേഹത്തിനെ എടുത്തുകൊണ്ടു് ആകാശത്തിലേയ്ക്കു ഉയർന്നു. ഗത്യന്തരമില്ലാതെ ലക്ഷ്മണൻ അവളുടെ ‘കർണ്ണനാസികാം’ അരികയും അവൾ ‘മുറിച്ചചീനിപോലെ’ നിലത്തു പതിക്കയും ചെയ്തു.

ഇവിടെയെല്ലാം കവി ഭാഷാരാമായണം ചമ്പുവിനെയാണു് അനുസന്ധാനം ചെയ്തിരിക്കുന്നതു്.

‘ക്ഷോണീതലത്തിൽ ചീനികണക്കെ വീണു’ എന്നു ചമ്പുവിലും,

‘മുറിച്ചു ചീനിപോല ഭൂതലത്തിൽ വീണു രാക്ഷസി’ എന്നു ഇരുപത്തിനാലുവൃത്തത്തിലും കാണുന്നതു നോക്കുക.

ഖരദൂഷണ ത്രിശിരാക്കളുമായുള്ള യുദ്ധത്തിന്റെ വർണ്ണന അനതിവിസ്തരമെങ്കിലും സുന്ദരമായിരിക്കുന്നുണ്ടു്.

ശൂർപ്പണഖയുടെ സങ്കടം കേട്ടു് ഖരൻ ‘ചതുർദ്ദശാശരാധിപ’രെ അയച്ചു. എന്നാൽ,

“തനിച്ചുപോരിനാഞ്ഞു വന്നെതിർത്തകണ്ടു രാഘവൻ
കുലച്ചുവില്ലുസായകം തൊടുത്തയച്ചുസത്വരം.
ശരപ്രഭിന്നകന്ധരാശ്ചതുർദ്ദിശം പതിച്ചുപോയ്
ച്ചതുർദ്ദശാശരാധിപാഃ…”

അതു കണ്ടു് അയാൾ ‘ഉരത്തരോഷവാ’നായിട്ടു് ‘ദൂഷണത്രിമൂർദ്ധനാ’ദിരാക്ഷസന്മാരെ സസൈന്യം അയച്ചു. ഈ യുദ്ധം വളരെ ഘോരമായിരുന്നു.

“തുരംഗതുംഗകണ്ഠബദ്ധകിങ്കിണീഘണാഘണ-
ധ്വനിപ്രതിധ്വനിപ്രഘോഷിതാംബരം നിരന്തരം;
മദംമുഴുത്തുയർന്നു ഹസ്തിവൃന്ദബദ്ധശൃംഖലാഝലദ്
ഝലൽപ്രഘോഷിതം മുകുന്ദ…”

“സമന്തതസ്സമുദ്രമങ്ങിരച്ചുവന്നു മുക്കുവാൻ”

വരുന്നപോലെ രാക്ഷസസൈന്യം വരുന്നതുകണ്ടു് ശ്രീരാമൻ ലക്ഷ്മണനെ വിളിച്ചു് ജാനകീദേവിയെ രക്ഷിച്ചുകൊള്ളണമെന്നു് ആജ്ഞാപിച്ചതിന്റെ ശേഷം ‘അരക്ഷണേനരക്ഷസാംകുലം’ അറുതിവരുത്താനായി പുറപ്പെട്ടു.

[8] “ദ്വിസപ്തകംസഹസ്രമുള്ള രാക്ഷസർക്കു സംഗരേ
എനിക്കെനിക്കിതേകനുണ്ടിതെന്നുതോന്നുമാറുടൻ”

എതിർത്ത രാമചന്ദ്രന്റെ വിക്രമത്തെ പുകൾത്താൻ പണിയാണത്രേ.

“പ്രവൃദ്ധയുദ്ധരാമപത്രികൃത്തകണ്ഠനിർഗ്ഗളൽ
പ്രവൃദ്ധരക്തപാനമത്തചിത്തകങ്കഭീഷണം
മുഴുത്തയുദ്ധവിക്രമം”

നിരീക്ഷിക്കുന്നതിനായി സുരാവലി വിയത്തിൽ വന്നു തിങ്ങിനിന്നു. എന്തിനധികം വിസ്തരിക്കുന്നു.

“ത്രിലോകനാഥപത്രികൊണ്ടു ചത്തുവീണുദൂഷണൻ
ത്രിലോകനാഥദൂഷണം ദുരുക്തികൊണ്ടു രാമനും
ത്രിഭിശ്ശരൈരറുത്തുടൻ ത്രിമൂർദ്ധകംജിതശ്രമ-
മബാധയായ് ജഗത്ത്രയം…”

അനന്തരം ഖരൻ എതിരിട്ടു. എന്നാൽ രാമചന്ദ്രൻ അരക്ഷണത്തിൽ, ‘കനത്തവില്ലെടുത്തുടൻ കുലച്ചുബാണവും തൊടുത്തയച്ചു്’ ‘രഥദ്ധ്വജപതാകയും രഥം തുരംഗമങ്ങളും’ ധനുസ്സും മുറിച്ചു നിലത്തുവീഴ്ത്തി. ഖരനാകട്ടെ,

“രവിപ്രഭം ചതുർഭുജം സശംഖചക്രസംഭൃതം
ജ്വലൽകിരീടകുണ്ഡലം പുരാണപൂരുഷം ഹരിം”

ഉദിച്ചു കാണുകയാൽ ‘തൽക്ഷണം മരിക്കനല്ലു’വെന്നുറച്ചുകൊണ്ടു് രാമചന്ദ്രനെ എതിർത്തു.

“ഖരസ്യ തസ്യ കണ്ഠവുംമുറിച്ചു വിശ്വനായകൻ
പരംപുരത്തിലാക്കിനാൻ സുഖിച്ചിരിപ്പതിന്നുതാൻ
സുരപ്രമുക്തപുഷ്പവൃഷ്ടിയേറ്റുയുദ്ധഭൂമിയിൽ
ധനുസ്സുമുന്നിനിന്ന രാമചന്ദ്രരാമപാഹിമാം.”

ഈ ഭാഗത്തെ രാമായണചമ്പുവുമായി ചേർത്തുവച്ചു വായിച്ചു നോക്കുക. ഖരവധാനന്തരം ശൂർപ്പണഖ രാവണന്റെ അടുക്കൽ പരാതി പറഞ്ഞു. രാവണൻ മാരീചനെ പറഞ്ഞയക്കുന്ന ഘട്ടംമുതൽക്കു സീതാപഹരണം വരെയുള്ള ഭാഗത്തേയും വളരെ ചുരുക്കിയിരിക്കുന്നു.

എട്ടാംവൃത്തത്തിൽ രാമചന്ദ്രന്റെ വിലാപവും സുഗ്രീവസഖ്യവും ആണു് വർണ്ണിച്ചിരിക്കുന്നതു്. ശ്രീരാമവിലാപം ശിലയുമലിയുമാറുകരുണമായിരിക്കുന്നു.

“മമ തരുണീസീതേ! പുനരെവിടെനീപോ-
യരികിൽ മമ വാവാ സകലഗുണപൂർണ്ണേ!
തവമുഖസരോജം തരളമിഴികാണാ-
ഞ്ഞഴൽമനസി പാരം പരമശിവശംഭോ.
കനകമൃശതൃഷ്ണാ പെരുതുപുനരെങ്കിൽ
കഴിവതിനുമുണ്ടെന്നറിക മമ സീതേ! [9] കമലമുഖി! ചന്ദ്രേ ഹരിണമിത വാവാ
കലഹമിഹപോരും…
മൃഗതരുണിമാലേ! വരികരികിൽ ബാലേ
മൃഗനയനമാരാഭരണമണി സീതാ
കമലമുഖിദീനാ പുനരെവിടെ ലീനാ?
പറകപരമാർത്ഥം…
കുരരി! ബത! നീയും വയമിവ ചമഞ്ഞോ?
പ്രലപസി നിതാന്തം തനുരുചികുറഞ്ഞും;
പ്രിയതമയെയും ഞാൻ വനഭുവിതിരഞ്ഞ-
ങ്ങുഴലുവതിനാഞ്ഞു…
തുളസിനറുമുല്ലേ! മൃദുലതനുവല്ലീ
പരിലസിതചില്ലീയുഗചലിതമല്ലീ;
ലതകളുലകെല്ലാമഴകിനൊടുവെല്ലു-
ന്നവളരികിലില്ലേ?…
ഫലഭരണനമ്രാ ബകുളപനസാമ്രാ
മധുരതരമാമ്രാതക പറക കമ്രാ
കുചഭരണനമ്രാ മമ തരുണി താമ്രാ-
ധരിയെവിടെ ലീനാ?…
സ്ഥിരചരജനിത്രീ വദവദ ധരിത്രീ
തവ മഹിതപുത്രീ മധുരതരഗാത്രീ
മമ സുഖജനിത്രീ സുചരിതകളത്രീ
കൃതിയെവിടെ ലീനാ?…

ദുഃഖാതിരേകത്താൽ രാമചന്ദ്രൻ കേവലം ഉന്മത്തനായിച്ചമഞ്ഞു.

‘കമലമിഴിഘോരേ പയസിമുഴുകിപ്പോയ്
കരമിതിഹ കാണായനുജി കരയേറ്റീ-’
‘ടറിക രഘുനാഥ കരകമലമല്ലേ
ജലകമലമത്രേ’…
‘കമലവനമദ്ധ്യേ കളമൊഴിചിലമ്പിൻ
കളകളനിനാദം ചെവിയിലിതകേൾക്കായ്,
‘പദകമലമഞ്ജീരജനിനദമല്ലേ
കരകയരയന്നം’… [10]
‘തരുതടമിതല്ലോ തണലിലിഹപോരെ’
‘ശശികിരണമത്രേ കടുവെയിലിതല്ലേ’;
‘ഹിമകരനുദിച്ചാൽ വപുഷിചുടുമോ മേ?’
‘അതുമദനതാപം പരമശിവശംഭോ.’
വിരഹമപി വിദ്രാവയസി സഹവാസാ-
ദതികലഹമുദ്രേ വരിക വരികനിദ്രേ;
സകലജനഭദ്രേ മയിതവ ഹൃദാർദ്രം
കുരു കൃപ വിനിദ്രേ…”

‘രഘുവരനിവണ്ണം വിരഹതുയിർപൂണ്ടും’ ‘ജനകനൃപപുത്രീമിടയിടെ വിളിച്ചും’ ‘വിളിയവളുകേളാഞ്ഞരിശമകതാരിൽ പെരുകിയും’ ചുറ്റിനടന്നു.

“കമലനിരകാണുന്നളവരിയകണ്ണും
പരിചിനൊടുചേർത്തും തെരുതെരെനടന്നു.
മലയപവമാനൻ വരുമളവിലയ്യോ
മരണമുടനെന്നും…
വനഭുവി നടന്നും ദിശി ദിശി തിരഞ്ഞും
അനുജനെ മറന്നും പലവഴിയലഞ്ഞും
ചിലകുറികരഞ്ഞും നിജതനുമെലിഞ്ഞും
വിവശതപിണഞ്ഞും…

നടക്കവേ രാമചന്ദ്രൻ കബന്ധനുമായി എതിരിട്ടു് അദ്ദേഹത്തിനു സൽഗതി നൽകയും ശബര്യാശ്രമത്തിൽ ചെന്നു് ആ ദേവിയുടെ സപര്യ ഏൾക്കുകയും ചെയ്തു. അനന്തരം ഹനുമാനെ കണ്ടു മുട്ടിയിട്ടു് അദ്ദേഹം വഴിക്കു് സുഗ്രീവനുമായി സഖ്യം ചെയ്തശേഷം കുറേക്കാലം കിഷ്കിന്ധയിൽ പാർത്തു.

ഒൻപതാം വൃത്തത്തിൽ ബാലിവധമാണു വിഷയം. കഥയെ വളരെ ചുരുക്കിയിട്ടുണ്ടെങ്കിലും സ്വഭാവരചനയിൽ കവിയ്ക്കുള്ള പാടവം ഇവിടെ നല്ലപോലെ പ്രത്യക്ഷപ്പെടുന്നു. സുഗ്രീവൻ ബാലിയെ യുദ്ധത്തിനു വിളിച്ചു. പേടിച്ചു് ഓടിപ്പോയ ശത്രു യുദ്ധത്തിനു വന്നു വിളിക്കണമെങ്കിൽ ഏതോ ഒരു നല്ല പിന്തുണ ഉണ്ടായിരിക്കണമെന്നു പറഞ്ഞു് താര ബാലിയേ തടഞ്ഞുനിർത്താൻ നോക്കി. എന്നാൽ ബാലി പറഞ്ഞതിങ്ങനെയാണു്.

“ക്ഷീരസാഗരം പണ്ടുകടഞ്ഞനാൾ
നാരായണനേയും വിസ്മയിപ്പിച്ചു,
താരേ! നിന്നെയുംകൊണ്ടുവന്നീടിന
വീര്യം നീയറിഞ്ഞീലയോ? ഗോവിന്ദ.
ശത്രുവിനിന്നു ശുക്രൻതുണയ്ക്കിലും
ഉഗ്രനുഗ്രനായ്‍വന്നു തുണയ്ക്കിലും;
വിഷ്ണു, താമരനേത്രൻ തുണയ്ക്കിലും
നില്ക്കയില്ലെന്റെ സംഗരേ ഗോവിന്ദ.”

എന്തൊരു ഔദ്ധത്യം! നോക്കുക. ബാലി യുദ്ധത്തിനു പുറപ്പെടുകതന്നെ ചെയ്തു. സുഗ്രീവനെ കണ്ടപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു.

“മുന്നെനിന്നെക്കൊലചെയ്യാഞ്ഞിട്ടല്ലോ
പിന്നെയും പോരിനെന്നേ വിളിക്കുന്നു:
ഇന്നി യുദ്ധത്തിനായ് വിളിച്ചീടുവാൻ
നിന്നെമീളുന്നോനല്ലഞാൻ ഗോവിന്ദ.”

ഇതുകേട്ടപ്പോൾ സാധു സുഗ്രീവൻ കൈകൂപ്പി വന്ദിച്ചിട്ടു് ബാലിയുടെ പാദത്തിൽ വീഴുകയാണു് ചെയ്തതു്. പാദം പണിഞ്ഞ സഹോദരനെ രക്ഷിക്കാതെ അദ്ദേഹം ‘ഉടൽ പൊട്ടുമാറു ചവുട്ടുകയാൽ’ സുഗ്രീവൻ ജാതകോപം യുദ്ധത്തിനു തുടങ്ങി. പിന്നീടു നടന്ന സമരം ജീവലോകങ്ങൾ വിസ്മയിക്കുമാറു ഘോരമായിരുന്നു.

“മുഷ്ടികൊണ്ടുടൻ പൊട്ടിസുഗ്രീവന്റെ
വട്ടക്കണ്ണുമിഴിക്കുന്ന നേരത്താ”

ണു് ശിഷ്ടപാലകനായ രാമചന്ദ്രൻ ശരം പ്രയോഗിച്ചു ബാലിയെ നിഗ്രഹിച്ചതു്. ഇങ്ങനെ പല സ്ഥലങ്ങളിൽ കവി കഥാഗതിയെ സാരമായ വിധത്തിൽ മാറ്റീട്ടുണ്ടു്. ആ ഭേദഗതികളെല്ലാം ഉചിതമായിരിക്കയും ചെയ്യുന്നു.

പത്താംവൃത്തത്തിൽ, ഹനൂമാൻ സമുദ്രലംഘനത്തിനു ഒരുങ്ങുന്നതുവരെയുള്ള കഥ ഉൾപ്പെട്ടിരിക്കുന്നു.

രാമചന്ദ്രൻ ‘കോടക്കാർകൂന്തലാൾ സീതാവിയോഗത്താൽ ആടൽപ്പെട്ടു്’ വസിക്കുന്നകാലത്തു് ‘കോടക്കാർ വന്നു ചേരുകയാൽ വിരഹച്ചുടു പിടിപെട്ടു്’ അദ്ദേഹത്തിന്റെ ശരീരം വാടിയത്രേ. നാലുമാസകാലം അദ്ദേഹത്തിനു ‘ നാലായിരത്താണ്ടാ’യി തോന്നി. സുഗ്രീവൻ വാഗ്ദത്തമനുസരിച്ചു് സീതാന്വേഷണത്തിനു് ആളയച്ചതുമില്ല. അതുകൊണ്ടു് ശ്രീരാമൻ സൌമിത്രിയെ തത്സന്നിധിയിലേക്കയച്ചു.

“എന്തെന്തുസുഗ്രീവ മൈത്ര്യംമറന്നിങ്ങു
ചിന്തുപാട്ടും കേട്ടിരിക്കുന്നുനീ?
ബന്ധംമുറിഞ്ഞു നടകൊള്ളുമെന്നേടം
ചിന്തിക്ക രാമാഹരേശരണം.
ബാലി കുലപ്പെട്ടു പോയവഴിയിന്നു–തൂർന്നീല”

എന്നു പറഞ്ഞപ്പോൾ സുഗ്രീവൻ,

“വെട്ടുമിടികേട്ടു ഞെട്ടുമരയന്ന
കറ്റക്കിടാവുപോലെ’ ഒന്നുഞെട്ടി.

അനന്തരം കപീന്ദ്രൻസൌമിത്രിയെ സമാധാനപ്പെടുത്തി അയച്ചിട്ടു് സീതാന്വേഷണത്തിനായി കപികളെനിയോഗിച്ചു. തെക്കോട്ടുപുറപ്പെട്ട വാനരന്മാരുടെ കൂട്ടത്തിൽ സുഗ്രീവന്റെ സചിവനായ ഹനൂമാനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയ്യിലായിരുന്നു ഭഗവാൻ തന്റെ അംഗുലീയം കൊടുത്തയച്ചതു്. ഈ വാനരസൈന്യം ‘ഇക്ഷോണിമണ്ഡലമൊക്കെത്തിരഞ്ഞി’ട്ടും ‘ആ ക്ഷോണിപുത്രി’യെ കണ്ടില്ല. അങ്ങനെ നിരാശപ്പെട്ടിരിക്കവെയാണു് സമ്പാതിയെന്ന ഗൃധ്രരാജനിൽനിന്നു്, സീതാദേവി,

“അംബുധിതൻ നടുവിൽവിളങ്ങുന്ന
ലങ്കാനഗരിയിൽ”

ഇരിക്കുന്നു എന്നു് അവർ ഗ്രഹിച്ചതു ഉടൻതന്നെ അവർ അങ്ങോട്ടുതിരിച്ചു് സമുദ്രതീരത്തു എത്തി. എന്നാൽ

“വില്പാടൊരുത്തനരക്കാതമന്യനു-
മപ്പോലെ ഏകനുകാതം ചാടാം.”

അപ്പാരാവാരത്തെ ലംഘിപ്പാൻ ഒരുത്തനും കെല്പില്ലായിരുന്നു. അംഗദനാകട്ടെ,

“ഒന്നുകുതിക്കിൽ മറുകരെച്ചാടുവൻ
ഇങ്ങോട്ടുദണ്ഡം നമുക്കനേകം”

എന്നുപറഞ്ഞു. ഒടുവിൽ ജാംബവാൻ ഹനൂമാന്റെ ഉൽപ്പത്തിമുതല്ക്കുള്ള അത്ഭുതചരിത്രങ്ങളെ പറഞ്ഞു കേൾപ്പിച്ചപ്പോൾ ആ ഭക്താഗ്രണിക്കു് “പത്തിരട്ടിച്ചു പണ്ടേതിൽ ബലവിസ്താരം”. അതിനാൽ അദ്ദേഹം ‘പൂർവാചലത്തിലാദിത്യനെപ്പോലെ മഹേന്ദ്രപർവതത്തിൻ മുകളേറി’ ധനുർബാണധരനായ രാമചന്ദ്രന്റെ പൊല്പാദപങ്കജത്തെ ധ്യാനിച്ചുകൊണ്ടു് സമുദ്രലംഘനത്തിനൊരുങ്ങുന്നതിനോടുകൂടി ഈ വൃത്തം അവസാനിക്കുന്നു.

ഇന്ദ്രനെ പേടിച്ചു് ആഴിയിൽ താണു കിടന്നിരുന്ന മൈനാകപർവതം ഹനുമാൻ പോകുംവഴി ‘ഖലദമനവിശ്രമത്തിനായി’ മേൽപ്പോട്ടു പൊങ്ങി. എന്നാൽ ആ രാമഭക്തൻ,

“പെരുകിനനിജോരസസ്തട്ടുകൊണ്ടഞ്ജസാ
ഗിരിലവണവാരിഘൂർണ്ണോപിവീഴും വിധൌ”

ഗുരുമപിച വിസ്മയനായിട്ടു് ഉയർന്നു. തന്നിമിത്തം പർവതം വീണ്ടും വിപ്രവേഷത്തിൽ ചെന്നു്,

“പവനസുത! വിശ്രമിച്ചീടുകിന്നിക്ഷണം
തവഗതിതടുപ്പതിന്നല്ലവന്നൂസഖേ.”

എന്നു അപേക്ഷിച്ചുവെങ്കിലും ഹനുമാൻ യാത്രമുടക്കാതെ ‘യാത്രചൊല്ലി’യിട്ടു് അവിടെനിന്നു് ത്വരിച്ചതേയുള്ളു. പിന്നീടുണ്ടായ ചില പ്രതിബന്ധങ്ങളേയും ജയിച്ചിട്ടു് ഹനൂമാൻ,

“വിശദതരകൌമുദീ പൂരിതാശാമുഖേ
പ്രഥമഗിരമൂർദ്ധനി ചന്ദ്രനുദിക്കുംവിധൌ”

ലങ്കാപുരീ ഗോപുരത്തിൽ എത്തി. അവിടെ വച്ചു്

“അലമലമിതത്രവാസം നിനക്കിന്നുകേൾ
ഇതിഗിരമുടീര്യതന്മാർഗ്ഗസാരോധിനി”

യായി വന്ന ലങ്കാലക്ഷ്മിയെ ‘കവികളുടെയു മാറുതാഡിച്ചു യാത്രയാക്കി’യത്രേ. അനന്തരം അദ്ദേഹം വളഭികളിലും പൊന്മാളികാഗ്രങ്ങളിലും മണിയറകളിലും മച്ചിലും വെണ്മാടങ്ങളിലുമൊക്കെ ഒരു അന്വേഷണം നടത്തി.

[11] “തലമുടിപിടിച്ചഴിച്ചുഗ്രരാത്രിഞ്ചരാ-
വലിഝടിതികൊണ്ടുപോന്നൊരു നാഗാംഗനാ
കലുഷതയിൽ ദീർഘനിശ്വാസകോഷ്ണംതകും
ഗൃഹതതി”

യും അദ്ദേഹം പരിശോധിച്ചു. രാവണന്റെ അന്തഃപുരത്തിൽ ഉളിഞ്ഞു നോക്കിയപ്പോൾ, മണ്ഡോദരി കിടന്നുറങ്ങുന്നതു കണ്ടു്, അവളായിരിക്കുമോ സീതാദേവി എന്നു ആദ്യം സംശയം തോന്നിയെങ്കിലും, അവളെ ‘പതിമരണലക്ഷണ’യായി കാൺകയാൽ അതു ദേവിയല്ലെന്നു തീർച്ചയാക്കികൊണ്ടു് അവിടെ നിന്നു പോയി. ഇങ്ങനെ പല ദിക്കുകളിലും നോക്കിയശേഷം ഒടുവിൽ,

[12] ‘പരമമുനിസേവിതാനന്ദ സംവിൽകലാം
പലതിരയിൽമെല്ലെ കാണുന്നപോലെ കപി-
പ്രവരനിഹസീതയെക്കണ്ടിതു ശിംശപാ
നികടഭുവിവാസിനീം നൌമി നാരായണം’

അവിടെ, ‘ഘനവിടപിജാലശാഖാലതാപഞ്ജരേ’ ‘ദശവദന വർത്തമാനം ധരിച്ചു വിടുവാനാ’യി ഹനൂമാൻ മറഞ്ഞിരിക്കവേ,

“ഝടിതി എഴുന്നേല്ക്ക പോകെന്നുടൻ മേൽക്കുമേൽ
അലസധൃതികേൾക്കുമാറായി കോലാഹലം”

നോക്കിയപ്പോൾ, രാവണന്റെ എഴുന്നള്ളത്താണെന്നു മനസ്സിലായി.

“വലിയ ചിലകൈവിളക്കും പിടിപ്പിച്ചവൻ
നലമൊടെഴുന്നള്ളിനാൻ നൌമി നാരായണം.
വെടിപടഹമദ്ദളം കൊമ്പുതാളങ്ങളും
കുടതഴകളാലവട്ടങ്ങളയ്യായിരം
പുടവകൾ ദുകൂലശയ്യാദിമുക്തൌഘവും
നട നട നടത്തിയും…
ഭുവനമെരിയിക്കുമാറത്തിരിപ്രൌഢികൊ-
ണ്ടുലകിൽ നിശി തിങ്ങുമക്കൂരിരുട്ടാകവേ
ദശവദനമാനസേ ചേർന്നുപോൽ കേവലം
പറകിലതിവിസ്മയം…
ഭുവനമപി പൂരയാമാസ ഭേരീരവൈ-
രവനതസുരാംഗനാനന്ദഗാനങ്ങളും
സവിധഭുവി നാരദൻ വീണവായിക്കയും
നവസരസമാട്ടവും…
സരസമപിരാവണോല്ലാസമാം ഗ്രന്ഥവും
കരതളിരിലങ്ങുടൻ വച്ചുകൊണ്ടന്തികേ
തരളമിഴിസീത കേട്ടീടുമാറാദരാൽ
പൊരുളുബത ചൊല്ലിയും…
പെരിയചിലകാഴ്ചയും വച്ചുവന്നന്തികേ
പരിചിനൊടു നിന്നു മന്ദസ്മിതം ചെയ്തവൻ”

പലേവിധം പ്രാർത്ഥിച്ചു. രാവണന്റെ ശൃംഗാരപ്രാർത്ഥന വളരെ ഹൃദയംഗമമായിരിക്കുന്നു. സാധാരണ സ്ത്രീജനങ്ങളെ വശീകരിക്കാൻ സമർത്ഥമായവിധത്തിൽ അയാൾ പലതും പറഞ്ഞു.

“ഒരു പുരുഷനന്തികേ വന്നു നിന്നിങ്ങനേ
പെരുകിയ മനോജസന്താപമോതീടിനാൽ
അതുമനുസരിക്കയെന്നുള്ളതോ യോഷിതാം
സമുചിതമിതെത്രയും”

എന്നായിരുന്നു രാവണന്റെ ധർമ്മശാസ്ത്രത്തിലെ പ്രധാനവിധി. ഈ പ്രാർത്ഥനയെ ദേവി തിരസ്കരിച്ചപ്പോൾ, രാവണൻ വെട്ടുവാൻ വാളെടുത്തു. അതു കണ്ടിട്ടും ദേവി പറഞ്ഞതു്

“തവമധുരവാക്കുകേട്ടീടുകേക്കാളിനി-
ക്കഹിത! ബത! വെട്ടുവാൻവന്നതത്രേ സുഖം”

ദുർവൃത്തനായ രാവണന്റെ ‘വരഗുണവതീവധാരംഭം’ കണ്ടു് ഉത്തമയായ മണ്ഡോദരി വാൾ പറിച്ചു് ദൂരത്തെറിഞ്ഞുകളഞ്ഞു. എന്നുമാത്രമല്ല,

“ഇരുപതുകവിൾത്തടം പൊട്ടുമാറുച്ചകൈ
രുടനുടനടിച്ചടിച്ചാശുമണ്ഡോദരീ
തലമുടിപിടിച്ചിഴച്ചാത്മനാഥം രുഷാ
മണിയറയിലാക്കിനാൾ…” ദേവിയാകട്ടെ,
ശരണമിനിനീയൊഴിഞ്ഞാരിനിക്കീശ്വരാ!
രമണ! കരുണാകര! പാഹി ലോകേശ മാം
കരുണയിനിയില്ലയെന്നെക്കുറിച്ചെങ്കിലോ
മരണമുടനുണ്ടുമേ നൌമി നാരായണം.
ഇതിദശരഥാത്മജം ചിന്തയന്തീ നിജം
[13] വപുരതി ജൂഹൂഷതീ യോഗിനീവാമലാ
വിരഹകൃശമാത്മവഹ്നൌതദാ ലോചനേ
കമനി നിമിമീല സാ നൌമി നാരായണം.

തൽക്ഷണം

[14] “ജയതു രഘുനായകസ്വാമിനീതിദ്രുതം തിരുവിടപിപഞ്ജരാൽ കാപി സാ വാഗഭൂൽ കിമിദമിതി കൺമിഴിച്ചത്ര കണ്ടീടിനാൾ നതമനിലനന്ദനം…”

അനന്തരം ഹനൂമദൃത്താന്തങ്ങളെല്ലാം ദേവിയെ അറിയിച്ചതിന്റെ ശേഷം അംഗുലീയം കൊടുത്തു് ചൂഡാമണി വാങ്ങിയിട്ടു്,

“വിരവിനൊടൊരാഴ്ചവട്ടത്തിലിങ്ങോട്ടുഞാൻ
മധുരമൊഴികാന്തനെക്കൊണ്ടുവന്നീടുവൻ”

എന്നു പറഞ്ഞു ആ സതീരത്നത്തെ ആശ്വസിപ്പിച്ചു വിടവാങ്ങിക്കൊണ്ടു്,

“സപദി കരണീയമെന്തത്രയെന്നങ്ങുത-
ന്മനസി സ വ്യചിന്തയൽ…”

അതിനോടുകൂടി പതിനൊന്നാം വൃത്തവും അവസാനിക്കുന്നു.

ലങ്കാദഹനം നടത്തിയിട്ടു് ഹനൂമാൻ തിരിച്ചുചെന്നു് രാമചന്ദ്രനെ കാണുംവരെയ്ക്കുള്ള കഥാഭാഗത്തെയാണു് പന്ത്രണ്ടാംവൃത്തത്തിൽ സംഗ്രഹിച്ചിരിക്കുന്നതു്.

“രാക്ഷസരെക്കണ്ടുപോയീലനാമെങ്കിൽ
ആക്ഷേപിക്കും നമ്മെ രാക്ഷസരും
മർക്കടവീരന്മാരങ്ങു നാംചെല്ലുമ്പോൾ
ധിക്കരിക്കുംനമ്മെ നാരായണ”

അതിനുംപുറമേ,

“ജാനകീ ചോരനെത്തേജോവധം ചെയ്തു
ഞാനിപ്പുരി ചുട്ടുപോയില്ലെങ്കിൽ
ജാനകീവല്ലഭനുള്ളിലുണ്ടാം ബഹു
മാനക്ഷയം നമ്മിൽ…”

ഈ വിചാരങ്ങളോടുകൂടി ഹനുമാൻ,

“ഉത്തമവൃക്ഷങ്ങൾ പെട്ടെന്നുപൊട്ടിച്ചു
പുത്തൻപൂവല്ലിയും നാരായണ.
തെച്ചിമലരൊക്കത്തച്ചുപൊട്ടിച്ചിട്ടു-
മുച്ചമലരി പറിച്ചെറിഞ്ഞും,
പിച്ചകവല്ലി പറിച്ചുതിരുമ്മിയു-
മൊച്ചകൊള്ളിപ്പിച്ചും…
ആനകണക്കേ മദിച്ചുതിമർത്തവൻ
കാനകനാറി പറിച്ചെറിഞ്ഞും,
ഊനംവരുത്തിനാൻ ചെമ്പകംചേമന്തി
ചെമ്പരത്തിയേയും…
ഒപ്പത്തിൽനട്ടു നനച്ചുയർത്തീടുന്ന
കല്പകവൃക്ഷം പറിച്ചെറിഞ്ഞും,
ശില്പംപെരുകിന പൂവല്ലിവൃന്ദങ്ങൾ
എപ്പേരും ഭഞ്ജിച്ചു…”

ഉദ്യാനപാലന്മാർ വഴിക്കു് ഈ വിവരങ്ങൾ അറിഞ്ഞു രാക്ഷസന്മാർ ‘ഉദ്യാനവൈരായിതന്മാരായിട്ടെത്തി മരിച്ചു’. പഞ്ചസേനാഭടന്മാരും മന്ത്രിസുതന്മാരും ‘യാതുമതംഗജ പാഞ്ചാസ്യനോ’ടേറ്റു പഞ്ചത്വം പ്രാപിച്ചു. അതിനാൽ രാവണപുത്രനായ അക്ഷകുമാരൻ യുദ്ധത്തിനെത്തി.

“വന്മാരിമേഘം ചൊരിഞ്ഞപോലേയണ-
ഞ്ഞുന്മാദിബാണങ്ങളെയ്യുന്നേരം
ചെമ്മേ ഭയപ്പാടു കാണിച്ചുകൊണ്ടവൻ
ചുമ്മാ ചുരുങ്ങിനാൻ നാരായണ.
ബാണങ്ങളൊക്കെക്കുടഞ്ഞുകളഞ്ഞവൻ
കാണെന്നു ചൊല്ലിക്കുതിച്ചുതേരിൽ
ചേണുറ്റവാഹങ്ങൾ സൂതനേയും കൊന്നു
കേതനം പൊട്ടിച്ചു നാരായണ.
പെട്ടെന്നു കാക്കൂട്ടിലിട്ടമർത്തക്ഷനേ
മുഷ്ടികൾ കൊണ്ടുകൊടുക്കുന്നേരം
കട്ടിയാം പാഥേയം കെട്ടിയവൻ യമ-
പട്ടണത്തിന്നുപോയ് നാരായണ.” [15]

അനന്തരം മേഘനാദൻ യുദ്ധത്തിനണഞ്ഞു്, നാഗാസ്ത്രത്താൽ ഹനൂമാനെ ബന്ധിച്ചു രാവണുനു കാഴ്ചവച്ചു.

രാവണൻ ചോദിച്ച ചോദ്യങ്ങളും കവി പറഞ്ഞ മറുപടിയും മറ്റു പല സ്ഥലങ്ങളിലെന്നപോലെ രാമായണചമ്പുവിലുള്ളതുതന്നെ.

[16] “എന്തെടോ! കപികീടമേ! ചൊല്ലുനീ
എന്തു നിനക്കിതു തോന്നീടുവാൻ?
സന്താനപൂരിതമെന്റെ മലർക്കാവെ-
ന്നെന്തേ ധരിക്കാഞ്ഞൂ? നാരായണ.
നാകാധിനാഥൻ നിയോഗത്താലോ നീയു-
മേകാകിയായ്പ്പോന്നിങ്ങു വന്നു?
ആകാംക്ഷ ജീവനിലില്ലാഞ്ഞാലേവർക്കും
ചെയ്യാമിതിൽപ്പരം നാരായണ.
ദിക്പാലകന്മാരയച്ചൂട്ടതെന്നാകിൽ
കല്പാന്തകാലം വരുത്തുവൻ ഞാൻ”

ഈ വാക്കുകൾ കേട്ടിട്ടു് ഹനൂമാനു് ലേശംപോലും ഭയം ഉണ്ടായില്ല. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.

[17] “കേൾക്ക ദശാനന! വാനോരയച്ചൂട്ട
പേക്കുരങ്ങല്ല ഞാനെന്നറിഞ്ഞോ?
രാക്ഷസക്കാട്ടിൽ പിടിപെട്ടുകത്തുന്ന
രാമാഗ്നിദൂതൻ ഞാൻ നാരായണ
എന്നോടെതിർപ്പാനൊരുത്തരില്ലെന്നുണ്ടു
നിന്നുള്ളിലേറിയ ശൌര്യമോഹം
നിന്നെപ്പോലെ നൂറു രാവണൻവന്നാലും
മെന്നോടെതിർത്തിടാ നാരായണാ.
ലങ്കയാകുന്നൊരു പങ്കജിനിക്കൊരു
ഭംഗഹേമന്തം ഞാനെന്നറിഞ്ഞൊ?
ശങ്കാഹീനം പത്തുമൂന്നാളകം
ലങ്കേശമുളിപ്പൻ…”

ഹനൂമാൻ നിർഭയം പറഞ്ഞ ഈ വാക്കുകൾ കേട്ട മാത്രയിൽ രാവണൻ,

“കൊള്ളട്ടേ താഡനം കള്ളക്കുരങ്ങിന്റെ
എല്ലൊടിഞ്ഞിട്ടു നുറുങ്ങുവോളം
നല്ല നിശാചരന്മാർ നമ്മെ സേവിച്ചി-
ട്ടുള്ളവരെങ്ങുപോയ്?…”

എന്നു അട്ടഹസിച്ചു. എന്നാൽ രാവണാനുജന്മാവായ വിഭീഷണൻ,

“കൊല്ലേണ്ടപാപമവദ്ധ്യരത്രേ ദൂതർ
കൊല്ലാക്കൊല ചെയ്തയക്കേയാവു”

എന്നു ഉപദേശിക്കയാൽ, രാമദൂതന്റെ വാലിൽ തീ കൊളുത്തിവാടാൻ രാക്ഷസാധിപതി നിശ്ചയിച്ചു.

രാക്ഷസന്മാർ ഹനൂമാന്റെ വാലിനു തീകൊളുത്തിയ മാത്രയിൽ,

“കീശപ്പെരുമാളു ബാലാഗ്നികൊണ്ടുട-
നാശരാധീശൻ മുഖത്തുഴിഞ്ഞാൻ
മീശക്കൊമ്പൊക്കെക്കരിച്ചവനെത്രയും
നാശപ്പെടുത്തിനാൻ നാരായണ.”

“മാളിക മച്ചുകൾ മാടങ്ങൾ, ഗോപുരപാളികൾ കേളിനികേതങ്ങൾ” ഇവയൊക്കെ അദ്ദേഹം ചുട്ടു പൊട്ടിച്ചു.

തുള്ളിമുലച്ചികൾ പിള്ളകളേച്ചെന്നു
തുള്ളിത്തുള്ളി പ്പാഞ്ഞെടുക്കുന്നേരം
വെള്ളപ്പുടവമേൽ തീ പിടിപെട്ടുപോയ്
വെള്ളത്തിൽ ചാടിനാർ…”

കുംഭകർണ്ണന്റെ കാര്യത്തിലാണു് വൈഷമ്യം നേരിട്ടതു്.

“കുംഭകർണ്ണനുറങ്ങീടും മണിയറ
വെന്തുതുടങ്ങീതങ്ങയ്യോ പാവം
കുംഭകർണ്ണങ്ങളിൽ തീയുതിരുന്നേരം
വമ്പനുണരുമോ? നാരായണ”
നാസികയുടെ പടുതീ പിടിപെട്ടു
ദാസികളുള്ളവരെങ്ങുപോയി?
കാസാരവെള്ളം മുറിച്ചൊഴിക്കീടുവാൻ
നാസാകുഹരത്തിൽ നാരായണ.
മാരിപെയ്യിക്കട്ടെ വാസവനെങ്ങുപോയ്?
മാരിപെയ്യിക്കുമോ പാർത്താലവൻ
വാരിധിനാഥനും ചാരായിവിടേക്കു
പാരം മനോദോഷി നാരായണ.”

‘പങ്കജലോചനാ സീതാവസിക്കുന്ന സങ്കേതഭൂമിയൊഴിഞ്ഞുള്ളേട’മൊക്കെ ദഹിപ്പിച്ചതിന്റെ ശേഷം ഹനൂമാൻ സമുദ്രം കടന്നു വാനരന്മാരോടുകൂടി രാമചന്ദ്രനെച്ചെന്നു കണ്ടു. സീതയെ സദാപി ധ്യാനിച്ചുകൊണ്ടിരുന്ന ഭഗവാനോടു് അദ്ദേഹം ഔചിത്യപൂർവ്വം,

[18] “കണ്ടേൻ ഞാൻ സീതയാം തണ്ടാരിൽമാതിനേ
കൊണ്ടാടുവാൻ യോഗ്യയത്രേ പാർത്താൽ”

എന്നാണു് ആദ്യമായി അറിയിച്ചതു്. ‘കണ്ടേൻ’ എന്ന പദം തന്നെ രാമചന്ദ്രന്റെ മനം കുളിർപ്പിച്ചു കാണണം. എന്നാൽ അതു കൊണ്ടു് ഹനൂമാൻ തൃപ്തിപ്പെട്ടില്ല. ദേവി രാക്ഷസഗൃഹത്തിൽ പാർക്കുകയാണെങ്കിലും ‘കൊണ്ടാടുവാൻ യോഗ്യ’തന്നെ എന്നുകൂടിയറിവിച്ചു.

അതുകേട്ടപ്പോൾ രാമചന്ദ്രനു് അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തതായ ഒരുസുഖോല്ലാസം ഉണ്ടായി. ഹനൂമാനു് ഇനി എന്തുപ്രത്യുപകാരം ആണു് ചെയ്യേണ്ടതു്? എന്നായി അദ്ദേഹത്തിന്റെ ചിന്ത.

“ദൂതനാശ്ലേഷത്തിനെക്കാൾപരം നല്ല-
തൊന്നില്ലെന്നതറിഞ്ഞൂ രാമൻ
ആലിംഗനംചെയ്തു വീരൻ ഹനൂമാനെ
പ്രീതാത്മാവായിട്ടു നാരായണ”

കവിയ്ക്കു് അതുകണ്ടപ്പോൾ അല്പം അസൂയ തോന്നിയിരിക്കുമോ എന്നൊരു ശങ്ക നമുക്കു് ജനിക്കുന്നു. എന്തുകൊണ്ടെന്നാൽ അദ്ദേഹം പറയുന്നു.

“ആദിതേയാദികൾക്കെത്താതനുഗ്രഹം
വാനരജാതിയിലായതിനാൽ
ആദിനാഥൻ തിരുവുള്ളമാരെക്കുറി-
ച്ചെന്നറിയാവതോ നാരായണ.”

സമുദ്രലംഘനോദ്യമംവരെയുള്ള ഘട്ടത്തെ അടുത്തവൃത്തത്തിൽ വർണ്ണിച്ചിരിക്കുന്നു.

“പ്ലവഗകുലപതി വരുത്തും പെരുമ്പടജ്ജന”ങ്ങളോടുകൂടി രഘുനാഥൻ പടയ്ക്കുപുറപ്പെട്ടു് ‘സമുദ്രതടഭുവി’ ഒരു ദിവസം താമസിച്ചു.

“കടലിലുടനുടനടിയും തിരമാല
നടുവേ വളയുന്ന ഭുജഗങ്ങൾ
തടിച്ചമുതലകൾ തിരണ്ടതിമിംഗല
മടുത്തുനിന്നു കണ്ടു…”

ഹരിസേന,

“തുടുത്തപവിഴങ്ങളെടുത്തുമണിമുത്തു
കൊടുത്തുമവരവർ കരങ്ങളിൽ
അടുത്തദരങ്ങളെത്തടുത്തു പിടിപെട്ടും”

തിമിർത്തുവത്രേ. അങ്ങനെ ഇരിക്കെ ദിനകരൻ ചരമ ജലധിയിൽ മറയുകയും ‘അരിയപനിമതി’ ഉദിക്കയും ചെയ്തു. നാലുപാടും ചന്ദ്രിക പരന്നു.

“കുസുമപരിമളം തടവിപ്പവമാന-
നരികിൽ മെല്ലെ മെല്ലെ വരികയും
കുസുമശരനണി പവഴിതൊടുത്തുട-
നരികിലണകയും…”

ചെയ്കയാൽ, രാമചന്ദ്രന്റെ വിരഹാഗ്നി പൂർവാധികം കത്തിക്കാളി. ഇതിനിടയ്ക്കു് വിഭീഷണൻ ജ്യേഷ്ഠനെക്കണ്ടു് സീതയെ രാമചന്ദ്രനു തിരിച്ചു കൊടുത്തില്ലെങ്കിൽ രാക്ഷസകുലത്തിനു് നാശമുണ്ടാകും എന്നും മറ്റും ഉപദേശിക്കവേ ആ ദുഷ്ടൻ കോപിച്ചു്,

“ചെവികൾക്കഹിതമാം വചനം പറയുകിൽ
ചെകിടെപ്പൊളിപ്പനെന്നടുത്തപ്പോൾ.”

ഇനി ഇവിടെ നിന്നിട്ടു കാര്യമില്ലെന്നുറച്ചുകൊണ്ടു രാമസന്നിധിയിൽ വന്നു അഭയം പ്രാപിച്ചു. രഘുവരൻ അദ്ദേഹത്തിനു ലവണജലം കൊണ്ടു് ഉടൻതന്നെ അഭിഷേകവും ചെയ്തു. അനന്തരം എല്ലാവരുംകൂടി സമുദ്രം കടപ്പാനുള്ള മാർഗ്ഗം എന്തെന്നു് ആലോചിച്ചു. ഭഗവാൻ വിഭീഷണോപദേശം അനുസരിച്ചു് വരുണനോടു ഇങ്ങനെ യാചിച്ചു നോക്കി.

[19] “ഇരവുപകൽ മൂന്നുകഴിഞ്ഞു നമുക്കത്ര
ചരലിൽകിടന്നിട്ടു ജലനിധേ!
പരവതാനി വിരിച്ചരിയ പദവിയി-
ലിരിപ്പുനിനക്കുണ്ടു ഹരനംബോ.
സഗരൻകുഴിച്ചതിൽ നിറച്ചു ഭഗീരഥ-
നമർത്ത്യതടിനീടെ ജലംകൊണ്ടു
കുലത്തിൽപിറന്നു ഞാനറിക സമുദ്രമേ
തരികവഴി നമുക്ക രിനംബോ
പെരിയസമുദ്രമേ തരികവഴി നമു-
ക്കരിയ നിശിചര പുരിയോളം
തരുണിമണിചോരൻ തലകൾപത്തുമൊപ്പം
വിരവിൽമുറിപ്പതിന്നരി നംബോ”

എന്നിട്ടും വരുണൻ അനങ്ങിയില്ല.

“പറഞ്ഞതവയൊന്നു മറിഞ്ഞീലതുകൊണ്ടു
നിറഞ്ഞുമനക്കാമ്പിൽ കൊടുംകോപം
അരിയതിരുമിഴി ചുവന്നിതധരവും
വിറച്ചു രഘുനാഥന്നരി നംബോ.”

ഇവിടെ പതിമൂന്നാം വൃത്തം അവസാനിക്കുന്നു. ലങ്കാപ്രവേശം വരെയുള്ള കഥാഭാഗമാണു് അടുത്ത വൃത്തത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്.

രാമചന്ദ്രന്റെ രൌദ്രഭാവത്തെ ഒന്നു രണ്ടു പദ്യങ്ങൾകൊണ്ടു് കവി ഹൃദ്യമായി വർണ്ണിച്ചിരിക്കുന്നതു് നോക്കുക.

“കൊണ്ടാലക്ഷ്മണ! വില്ലുംശരവും
കണ്ടില്ലേതും വരുണമിദാനീം
കണ്ടാലും മമ വീര്യം ജലനിധി
മണ്ടിവരുന്നതും നാരായണ ജയ
പണ്ടാർക്കും വഴിതന്നിട്ടില്ലെ-
ന്നുണ്ടഭിമാനം വരുണനുമുള്ളിൽ
കണ്ടേ മാമക ഭുജബലമറിവൂ
കണ്ഠാത്മാവുകൾ…
മൂന്നുദിനങ്ങൾ കഴിഞ്ഞാറെയുമപി
തോന്നീലവനിഹ വഴിതരുവാൻമേ
മാഞ്ഞീടേണം ജലനിധിശബ്ദം
പ്രാക്തനമിദമപി നാരായണ ജയ.”

എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം ഹുതവഹാസ്ത്രം വാങ്ങിത്തൊടുത്തു് അഭിമന്ത്രിച്ചയച്ചു. ‘വമ്പുകലർന്നൊരു വരുണൻ’ അമ്പുകൊണ്ടമാത്രയിൽ ‘തൻപതിചരണേ’ പതിച്ചു. അല്ലാതെന്തു ചെയ്യും?

“ഝലഝലഘോഷം ജലനിധിതിളയും
ഭുജഗാവലികളുരുണ്ടു തിരണ്ടും
ജലമാനുഷഗജതിമികൾ തിമിംഗില
മലറിയുമധുനാ…”

വരുണൻ വല്ലാതെ വലഞ്ഞു. എന്നാൽ ഭഗവാൻ അദ്ദേഹത്തിനു അഭയം നൽകി. അനന്തരം വാനരപാളികൾ സമുദ്രത്തിൽ ചിറയിടാൻ മുതിർന്നു.

“സകനകധാതുചയാമലപല്ലവ
വിടപിഗുഹാമുഖ ഭാരി ഗിരീന്ദ്രൻ
പ്രഥമന്നളനാൽ നമിതോ മംഗല
കലശമിവാബ്ധിയിൽ നാരായണ ജയ.
അംബരമാർഗ്ഗമുരുമ്മിപ്പൊങ്ങിന
തുംഗതരംഗ പരമ്പരയാഴിയിൽ
മുങ്ങിച്ചെന്നൂ കപിവീരന്മാ-
രുന്മദശാലികൾ നാരായണ ജയ.
നീളത്തിൽചിലർ ചരടുപിടിച്ചും,
നീളക്കതിചന കുറ്റിതറച്ചും,
വാലതുകൊണ്ടെ മലകൾ പറിച്ചും
നാലുദിഗന്തേ നാരായണ ജയ.
ബന്ധുരജലനിധി സേതുമുദാരം
ബന്ധും പർവതനികരമെടുത്തും
ധുന്ധുന്നെന്നങ്ങിട്ടു കപീശ്വരൻ
സിന്ധുവിൽ നടുവേ നാരായണ ജയ.
സപ്തസമുദ്രസമുദ്രിതധരണീ-
ചക്രമഹീധര ചക്രമെടുത്തും
ദീപ്തകപീശ്വരമണ്ഡലമധുനാ
വച്ചസമുദ്രേ നാരായണ ജയ.
മഹിതമഹീന്ദ്രൻ സാനോരുച്ചൈ-
രരിയ സുബേലത്തോളം മുട്ടി.
നളകൃതകുസുമം നാരായണ ജയ.
പന്നഗശായി തനിക്കുശയിപ്പാൻ
പന്നഗരാജൻ പാതാളതലാൽ
ഉന്നതനായിപ്പൊങ്ങിയപോലെ
തോന്നുന്നിതുചിറ നാരായണജയ.”

ഇങ്ങനെ അചിരേണ ചിറയും തീർന്നു. ഇവിടെ പതിനഞ്ചാം വൃത്തം ആരംഭിക്കുന്നു.

“വൻപ്രളയ വാരിനിധി ഘോഷമിവഘോര-
ഹുംകൃതിതുടർന്നു കപി സേനയുടെ ഘോഷം”

കേട്ടു് രാവണൻ പോലും കമ്പനമിയന്നുപോയി. അയാൾ ശുക്രൻ, സാരണൻ എന്നു രണ്ടു ദൂതന്മാരെ രാമചന്ദ്രന്റെ അടുക്കലേക്കയച്ചു. അവർ ‘ഖരാതിപൃതനാസു’ വിലസവേ, കപികൾ കണ്ടുപിടിച്ചു ഞെരിച്ചു് രാമന്റെ മുമ്പിൽ കൊണ്ടുചെന്നു വിട്ടു.

‘ദൂതവധമെന്നതു നമുക്കനുചിതം കേൾ’ എന്നു രാമചന്ദ്രൻ അരുളിച്ചെയ്കയാൽ, കപികൾ ശുകസാരണന്മാരെ വെറുതെവിട്ടു. എന്നാൽ, രാവണസന്നിധിയിൽച്ചെന്നു് അവർ രണ്ടുപേരും ‘ഉത്തമന്റെ കീർത്തി’കളെ വാഴ്ത്തിയതിനാൽ, രാവണൻ അവരെ ആട്ടിവിട്ടുകളഞ്ഞു. അനന്തരം ദശാസ്യൻ,

“താർത്തരുണിസീതയുടെ വാർത്തയറിവാനാ-
യാത്തമദമാഞ്ഞു നടകൊണ്ടു…”

അവൻ ദേവിയുടെ മുമ്പിൽ രാമശിരസ്സു കാഴ്ചവച്ചിട്ടു് ‘ഏണമിഴിമാം തഴുകുക’ എന്നു പ്രാർത്ഥിച്ചു. പതിഗതപ്രാണനായ ശ്രീ സീത അതുകണ്ടു് ‘കമ്പിതഹൃദയ’യായിട്ടു്,

“അമ്പുകൊണ്ടു ഭൂതലത്തിൽവീണു് പിടഞ്ഞീടും
കമ്പമൃഗിപോലെ കിടന്നുറങ്ങു്”

പിടഞ്ഞിട്ടു് കുരരി പോലെ മുറയിട്ടു. അതിനാൽ,

[20] “തുള്ളിയൊഴുകീടിന വളർന്നതടിനീനാം.
വെള്ളമൊഴുകീല കരിങ്കല്ലുകളലിഞ്ഞു;
ഫുല്ലതരുജാലങ്ങളും വല്ലികളുമെല്ലാം
ഉള്ളമലർച്ചാർത്തുകളുതിർന്നു ഹരി രാമ.” “അർക്കനുമടങ്ങി ഗതി വായുബതവീയീ-
ലൊക്കമുറയിട്ടു സുരനാരികളുമെല്ലാം;
ദുഃഖമതുകണ്ടഥ മറഞ്ഞു ദശകണ്ഠൻ
വെക്കമവിടന്നു നടകൊണ്ടു ഹരി രാമ.”

സരമ എന്ന സൽഗുണവതിയായ രാക്ഷസി ദേവിയെ വാരിയെടുത്തു് കുളുർവാരി മുഖസരോജത്തിൽ തളിച്ചും വാരിജദളംകൊണ്ടു് വീശിയും ഉണർത്തീട്ടു് രാമചന്ദ്രൻ മരിച്ചില്ലെന്നും ദേവി കണ്ടതെല്ലാം രാവണമായയാണെന്നും പറഞ്ഞു സമാശ്വസിപ്പിച്ചു.

ഇവിടംമുതല്ക്കു അടുത്ത വൃത്തത്തിന്റെ അവസാനംവരെ യുദ്ധവർണ്ണനയാണു്.

പതിനാറാം വൃത്തത്തിന്റെ ചമൽക്കാരാതിശയം വാചാംവിദൂരമായിരിക്കുന്നു. [21] രാവണൻ പുത്തന്മണിസ്യന്ദനത്തിന്മേലേറി ‘യുദ്ധായനേരേ പുറപ്പെട്ടു’. അപ്പോൾ ‘വൃത്രാരിനിൽക്കുന്ന പോൽത്തേരുദാരം ചിത്രം ധരായാമങ്ങിറങ്ങുകയാൽ’ രാമചന്ദ്രൻ അതിൽ കയറി.

“സംഗ്രാമഭേരീം മുഴുക്കിച്ചു വീരൻ
സംഗ്രാമഭൂമൌ വരുന്നോരുനേരം
പൌലസ്ത്യഗീതം മഹാസാമഗാനം
കേൾക്കായിരാമന്നു ശ്രീരാമ രാമ.
രണ്ടാംവിരിഞ്ചൻ പുലസ്ത്യൻമുനിക്ക-
ങ്ങുണ്ടായദിവ്യൻ മഹാത്മാവിവൻതാൻ
കൊണ്ടാടുവാൻ യോഗ്യനെന്നായ് നിനച്ചാ-
ലുണ്ടാം വിചാരങ്ങൾ ശ്രീരാമ രാമ.
കൊല്ലുന്നതില്ലെന്നു ഞാനിന്നിവനെ
ക്കൊന്നാൽ നമുക്കിന്നു ദുഷ്കീർത്തിയുണ്ടാം
ദുഷ്ക്കീർത്തിയെക്കാൾ മരിക്കല്ലൊ നല്ലൂ
വിക്ഷത്ത്രിയർക്കിന്നു ശ്രീരാമ രാമ”
“പണ്ടില്ല സൂര്യാന്വയത്തിൽകളങ്കം;
ഉണ്ടാമിവനെക്കഴിക്കിലിദാനീം
തണ്ടാരിൽമാതായ സീതാം നമുക്കോ
വേണ്ടീല…”

എന്നുപറഞ്ഞിട്ടു് രാമചന്ദ്രൻ പോർവില്ലുമമ്പും ലക്ഷ്മണന്റെ കൈയിൽ കൊടുത്തതിന്റെ ശേഷം പോകാൻ ഭാവിച്ചുവത്രേ. ഈ ഒരുക്കം കണ്ടപ്പോൾ [22] ഭാവിലങ്കേശ്വരൻ ‘മന്നോർമണിപ്പൂൺപു’തന്നോടു ഇപ്രകാരം പറഞ്ഞു.

[23] “മാന്യൻ ദശാസ്യനിതെന്നോർത്തു നീ താൻ
മുന്നേ നടന്നീടിലെൻപോറ്റി ചൊല്ലാം
ഇന്നും മുടിഞ്ഞീടുമിപ്പാരിടം കേൾ
ഒന്നിങ്ങുനോക്കീടു ശ്രീരാമ രാമ
പത്താനനൻ തന്റെ പത്താനനത്തെ
പ്രത്യേകമോരോന്നു നോക്കീടവേണം
ഉദ്യോഗമുൾക്കൊണ്ടു വിദ്യോതമാനം
പ്രദ്യോതപ്രൌഢി കണ്ണും മിഴിച്ചു്
മദ്യം കുടിച്ചിട്ടു് സദ്യോമരിക്കും
ആദ്യം മുഖം കാൺക…
[24] “കണ്ടാൽ തൊഴേണ്ടുന്ന കഞ്ചിൽ ദ്വിജേന്ദ്രം
മണ്ടിപ്പിടിച്ചിട്ടടിച്ചുഗ്രവേഗം
കൊണ്ടെന്നു പച്ചേ കടിച്ചങ്ങു തിന്നും
രണ്ടാംമുഖം കാൺക ശ്രീരാമ രാമ.
[25] പൊന്നിന്മണിത്തേരു തന്നോരു മൂലം
കുന്നിച്ച കോപേന കണ്ണും ചുവത്തി
ഉന്നിദ്ര വിണ്ണോർ വരനെപ്പഴിക്കും
മൂന്നാം മുഖം കാൺക ശ്രീരാമ രാമ.
[26] ബാലാ!തിരിഞ്ഞെന്തു മണ്ടുന്നതിപ്പോൾ
ആൾ പോരവാളിന്നു നീയെന്നു നൂനം
ചാലത്തിരഞ്ഞിങ്ങു നില്ലെന്നു ചൊല്ലും
നാലാം മുഖം കാൺക ശ്രീരാമ രാമ.
[27] അഞ്ചമ്പവേഗേനസദ്ധർമ്മദാരാൻ
തേഞ്ചോരിവായും മുലക്കുന്നു രണ്ടും
കിഞ്ചിൽ കൊതിച്ചിട്ടു പൂണ്മാനടുക്കും
അഞ്ചാം മുഖം കാൺക ശ്രീരാമ രാമ.
[28] ആറാമതേഴാമതെട്ടാമതും കാ-
ണോരോവിശേഷങ്ങൾ വെവ്വേറെ ചൊല്ലാം
വീരോത്തരപ്രൌഢിനിന്ദാ ഗുരുണാം
ശ്രീപാദപത്മേപി ശ്രീരാമ രാമ.
[29] ദൃഷ്ടിപ്രഹാരേണപൊട്ടിത്തെറിക്കും
ചെന്തീക്കനൽക്കട്ട ചിന്തിച്ച നേരം
പൊട്ടിത്തെറിച്ചിട്ടു പാരെട്ടു പാരം
മുട്ടക്കുലുങ്ങുന്നു ശ്രീരാമ രാമ.
[30] “കൊട്ടിച്ചു നിൽക്കും രിപുപ്രാഭവം കേൾ
കൊറ്റക്കുടപ്രൌഢിയെണ്ണാവതോമേ?
വട്ടത്തിൽ നിന്നാലവട്ടങ്ങളെക്കൊ
ണ്ടിഷ്ടത്തിൽ വീയിച്ചു ശ്രീരാമ രാമ
പെട്ടെന്നിളക്കുന്ന വാൾകൊണ്ടു പാരം
ഞെട്ടിത്തെറിയ്ക്കുന്ന വിണ്ണോർവരന്മാർ
ചട്ടറ്റ പച്ചത്തഴപ്രൌഢിതന്മേൽ
മുട്ടുന്നു മേഘങ്ങൾ ശ്രീരാമ രാമ.”

ഇപ്രകാരം വിഭീഷണൻ പറഞ്ഞതു കേട്ട മാത്രയിൽ രാമചന്ദ്രൻ ഉൾത്തൂർന്ന കോപേന വാളെടുത്തു. യുദ്ധം ഭയങ്കരമായിരുന്നു.

[31] കാകുൽസ്ഥ നക്തഞ്ചരേന്ദ്രപ്രഭാവം
കണ്മാൻവരും ദിവ്യപാളീവിമാനം
ആകാശമാശാകദംബങ്ങളെല്ലാം
ആപൂരയാമാസ ശ്രീരാമ രാമ.

രാവണനും ശ്രീരാമനും തമ്മിൽ ഒരു വാക്സമരം കൂടെ ഇതിനിടയ്ക്കുനടത്തി. അവിടെയും കവി ഭാഷാരാമായണത്തെത്തന്നെ അനുവർത്തിച്ചിരിക്കുന്നു. ആശയങ്ങൾ മാത്രമല്ല പദങ്ങൾപോലും അതിലുള്ളതുതന്നെയാണു് പ്രയോഗിച്ചിരിക്കുന്നതു്. ആകപ്പാടെ നോക്കിയാൽ ഈ വൃത്തത്തിൽ സ്വതന്ത്രമായ അംശം തെല്ലുപോലും ഇല്ലെന്നു പറയാം. ഇതിൽ കൂടുതൽ ഉദ്ധരിക്കാൻ നിവൃത്തിയില്ലാത്തതിൽ വ്യസനിക്കുന്നു. (രാവണവധം ചമ്പു വായിച്ചുനോക്കുക) രാവണവധത്തോടുകൂടി ഈ വൃത്തം അവസാനിക്കുന്നു.

അഗ്നിപ്രവേശം ചമ്പുവിന്റെ സംക്ഷേപമത്രേ പതിനേഴുമുതൽക്കു പത്തൊൻപതുവരെയുള്ള വൃത്തങ്ങൾ. ഇരുപതാം വൃത്തത്തിൽ അയോധ്യാപ്രവേശവും ശേഷം വൃത്തങ്ങളിൽ ഉത്തരകാണ്ഡകഥയും സംഗ്രഹിച്ചിരിക്കുന്നു. ചമ്പൂകാരൻ ഉത്തരകാണ്ഡത്തെ മൂന്നു ചമ്പുക്കളായി വിഭജിച്ചിട്ടുള്ളതു പോലെ തന്നെ ഇരുപത്തിനാലുവൃത്തത്തിന്റെ കർത്താവും അങ്ങിനെ ചെയ്തിരിക്കുന്നതു നോക്കുക.

ഈ വിവരണത്തിൽനിന്നു കവി വാല്മീകി രാമായണത്തെ അല്ല, ഭാഷാരാമായണ ചമ്പുവിനെയാണു് അനുസന്ധാനം ചെയ്തിരിക്കുന്നതെന്നു വായനക്കാർ ഗ്രഹിച്ചിരിക്കുമല്ലോ. ഇവിടെ ചില സാദൃശ്യങ്ങൾ മാത്രമേ ചൂണ്ടിക്കാണിച്ചിട്ടുള്ളു.

ദേവീമാഹാത്മ്യം

ഈ കൃതി എഴുത്തച്ഛന്റേതാണെന്നാണു് പരക്കെ വിശ്വാസം ‘രാമനാമാചാര്യനുമാവോളം തുണക്കണം’ എന്നു് അതിലും ‘ഉൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചാര്യനും’ എന്നു രാമായണത്തിലും കാണുന്നതു് ആ വിശ്വാസത്തിനു് ഉപോദ്ബലകമായിരിക്കുന്നുമുണ്ടു്. കാവ്യം ചെറുതെങ്കിലും നന്നായിരിക്കുന്നുതാനും. എന്നാൽ ബ്രഹ്മാണ്ഡപുരാണത്തിൽനിന്നു് എഴുത്തച്ഛന്റെ പേരും രാമനെന്നായിരുന്നു എന്നു കാണുന്നതിനാൽ, ദേവീമാഹാത്മ്യം അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ആരുടെ എങ്കിലും കൃതി ആയിരിക്കയില്ലയോ എന്നു സംശയത്തിനു വഴിയില്ലാതില്ല. അതു കൊണ്ടു് ആന്തരമായ ഇതരലക്ഷ്യങ്ങളുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

ഒരിക്കൽ സുരഥൻ എന്ന രാജാവു് ശത്രുപീഡിതനായി രാജ്യവും പിഴുകി, മൃഗയാവ്യാജേന സഞ്ചരിക്കവേ, സുമേധസ് എന്ന താപസൻ അധിവസിക്കുന്ന വനത്തിൽ ചെന്നുചേർന്നു. ആ താപസപ്രവരനെ പൂജിച്ചുകൊണ്ടു് അവിടെത്താമസിക്കവേ, അദ്ദേഹം ചിന്ത തുടങ്ങി.

“എന്നുടെരാജ്യം മുന്നം കഴിഞ്ഞ രാജാക്കന്മാർ
നന്നായിപ്പരിപാലിച്ചീടിനാർ ധർമ്മത്തോടെ;
ഞാനുമവ്വണ്ണം രക്ഷിച്ചേൻ പലകാലം
ദാനധർമ്മാദികളും വഴിയേ ചെയ്തേനല്ലോ.
ഇക്കാലമസദ്യത്തന്മാരായോരമാത്യന്മാർ
സൽക്കാരപൂർവം വഴിയേ പരിപാലിക്കയോ?
നിഷ്കൃപന്മാരെത്രയുമെന്തറിയാവതയ്യോ,
ശൂരനാം കരിവരനെന്തു ചെയ്യുന്നോനിപ്പോൾ?
വൈരികളുടെ വശത്തായ്‍വന്നു വിധിവശാൽ.
ആരുള്ളതെന്നപ്പോലെ ലാളിപ്പാനവനുമ-
റ്റാരാനും കൊടുത്താലും ഭുജിക്കയില്ലമുന്നം.
എന്നെസ്സേവിച്ചു പൊറുത്തീടിന ജനങ്ങൾക്കു-
മന്യഭൂപാലന്മാരെസ്സേവിച്ചാൽ പൊറുതിയോ
പുത്രനും പത്നിതാനുമെന്തുചെയ്യുന്നോരിപ്പോൾ
വൃത്തിയേ രക്ഷിക്കയോ ദുർവൃത്തികൾ കൈക്കൊൾകയോ?
സ്വർഗ്ഗതുല്യങ്ങളായ ഭവനനികരവും,
സ്വർഗ്ഗസ്ത്രീകൾക്കു തുല്യമാരായ നാരിമാരും;
എന്തുചെയ്‍വതു പാർത്താലേതുമൊന്നറിഞ്ഞീല,
സന്തതമസദ്വ്യയം ചെയ്കയോ ധനമെല്ലാം?
ഇത്തരം പലവസ്തുക്കൾ ചിന്തിച്ചുള്ളി-
ലെത്രയും പീഡയോടും വർത്തിക്കും ദശാന്തരേ”

അദ്ദേഹം ഒരു വൈശ്യനെ കണ്ടെത്തി. അയാളുടെ പേരു സമാധി എന്നായിരുന്നു. തന്റെ പുത്രദാരാദികളെല്ലാം, അർത്ഥലോഭികളായിത്തീർന്നതുകൊണ്ടു് ‘നിരർത്ഥ’നായി പുറപ്പെട്ട അയാളോടു രാജാവിനു് അനുകമ്പ തോന്നിയതിൽ അത്ഭുതപ്പെടാനില്ലല്ലോ. രാജാവിന്റെ ഹൃദയത്തിലുദിച്ച മാതിരി ചിന്തകൾ തന്നെ വൈശ്യനുമുണ്ടായി. അയാൾ തന്റെ പുത്രദാരാദികളെപ്പറ്റി ഓർത്തു ദുഃഖിക്കുന്നതു കണ്ടപ്പോൾ രാജാവു് ഇങ്ങനെ ചോദ്യം ചെയ്തു;-

“ലുബ്ധന്മാരായ തവ പുത്രദാരാദികളാൽ
ത്യക്തനാകിയ ഭവാനവരെക്കുറിച്ചുള്ളിൽ
പിന്നെയുംസ്നേഹം വർദ്ധിച്ചീടുവാനെന്തുമൂലം?”

ആ പ്രശ്നത്തിനു് വൈശ്യൻ,

“സ്നേഹമില്ലാതപുത്രദാരാദി ബന്ധുക്കളിൽ
സ്നേഹം മേ വിടുന്നീല മാനസത്തിങ്കലൊട്ടും”

എന്നു മറുപടി പറഞ്ഞു.

“ഗുണമില്ലാത്ത വിഷയങ്ങളിലനുദിനം
പ്രണയം ഭവിപ്പതിനെന്തു കാരണമോർത്താൽ?”

എന്നു സംശയം തീർപ്പാനായി അവർ രണ്ടുപേരും കൂടി താപസന്റെ സമീപത്തെത്തി. ഈ സംശയനിവാരണാർത്ഥം അദ്ദേഹം വിഷ്ണുമായാശക്തിയുടെ ചരിത്രം പറഞ്ഞു കേൾപ്പിച്ചു. അതാണു് ദേവീ മാഹാത്മ്യകഥ.

‘കല്പാന്തലോകമേകാർണ്ണവമായ്’ ചമഞ്ഞ കാലത്തു് വിഷ്ണു സർപ്പേന്ദ്രതല്പത്തിൽ യോഗനിദ്രയും പൂണ്ടിരുന്നുവത്രേ. അക്കാലത്തു് വിഷ്ണുവിന്റെ കർണ്ണമലസംഭൂതന്മാരായിട്ടു്, മധു കൈടഭന്മാരെന്നു് രണ്ടു അസുരന്മാരുണ്ടായി. അവർ ഭഗവാന്റെ നാഭികമലത്തിലിരുന്ന ബ്രഹ്മാവിനെ കാണുകയാൽ കൊല്ലാനായി പാഞ്ഞടുത്തു. ബ്രഹ്മാവിനു ഭയമായി. ലോകനായകൻ ഈ കോലാഹലത്തിനിടയ്ക്കു് ഉണരായ്കയാൽ അദ്ദേഹം യോഗനിദ്രയെ സ്തുതിച്ചുതുടങ്ങി.

“നിന്തിരുവടിയല്ലോ ലോകത്തെ സൃഷ്ടിച്ചുടൻ
സന്തതംരക്ഷിച്ചു സംഹരിച്ചീടുന്നതോർത്താൽ
നിന്തിരുവടി ജഗത്തൊക്കവെ ധരിപ്പതും
ചിന്തിച്ചാലറിഞ്ഞുകൂടാതൊരു മഹാമായേ!
സന്ധ്യയും സാവിത്രിയും വേദമാതാവും നീയെ
ബന്ധമോക്ഷങ്ങൾ നല്കീടുന്നതും നീതാനല്ലോ
ത്രിഗുണാത്മികയാം പ്രകൃതിയാകുന്നതും,
സകലേശ്വരി മഹാവിദ്യയായീടുന്നതും,
ശ്രുതിയായീടുന്നതും മഹാമേധയായീടുന്നതും,
സ്മൃതിയായീടുന്നതും നിന്തിരുവടിയല്ലോ
… … …
… … …”

ഇങ്ങനെ സംസ്തുതയായ ദേവി സന്തുഷ്ടയായിട്ടു്,

[32] ‘നേത്രാസ്യനാസാബാഹുഹൃദയവക്ഷോദേശാൽ സത്വം വേർവി’ട്ടു നിന്നു. തൽക്ഷണം വിഷ്ണുവും ഉണർന്നെണീറ്റു. മധു കൈടഭന്മാർ വേധാവിനെ കൊല്ലാനായി അടുത്തപ്പോൾ വിഷ്ണു അവരെ കണ്ടു് എതിർത്തു. [33] ‘അയ്യായിരം ദിവ്യവത്സരകാലം ലാഘവം വന്നീടാതെ യുദ്ധം ചെയ്തോരുശേഷം’ മധുകൈടഭന്മാർ

‘നീയിനി ഞങ്ങളോടുവരം വാങ്ങികൊൾക’

എന്നു ഭഗവാനോടു പറകയും, ഭഗവാൻ,

‘എന്നാലെ വദ്ധ്യന്മാരായ് വന്നീടേണം നിങ്ങൾ’

എന്നു് അപേക്ഷിക്കയുംചെയ്തു. ഇങ്ങനെ വഞ്ചിതരായ അസുരന്മാർ,

[34] “യുദ്ധവൈദഗ്ദ്ധ്യംകണ്ടു സന്തുഷ്ടന്മാരായ് ഞങ്ങൾ
മൃത്യുവന്നീടുന്നതുമെത്രയും ശ്ലാഘ്യം നിന്നാൽ
വെള്ളത്തിൽനിന്നു കൊന്നീടരുതുഭവാനെന്നാ-
ലുള്ളിലില്ലൊരുഭയം ഞങ്ങൾക്കെന്നറിഞ്ഞാലും”

എന്നു പറഞ്ഞിട്ടു് വരം നൽകി. അനന്തരം ഭഗവാൻ അവരുടെ തല തന്റെ തുടമേൽ വച്ചിട്ടു് ചക്രത്താൽ ഛേദിച്ചു. ബ്രഹ്മാവിന്റെ ഭയവും നീങ്ങി. ഇവിടെ പ്രഥമാദ്ധ്യായം അവസാനിക്കുന്നു.

പണ്ടു് മഹിഷൻ എന്നൊരു അസുരൻ ഉണ്ടായി. അദ്ദേഹം ദേവന്മാരെയെല്ലാം തോല്പിച്ചു് ഇന്ദ്രനായി വാണുതുടങ്ങി. അതുകൊണ്ടു് ദേവന്മാർ ‘ധാതാവുതന്നെ മുന്നിട്ടു് ‘ഭൂതേശനാരായണന്മാരെ വണങ്ങിയിട്ടു് ഇങ്ങനെ സങ്കടം ഉണർത്തിച്ചു.

[35] “ഇന്ദ്രാനിലയമവരുണാനലസൂര്യാദീനാം
മന്ദിരങ്ങളുമധികാരങ്ങളുമടക്കിനാൻ
സ്വർഗ്ഗവുമുപേക്ഷിച്ചു മർത്ത്യരായവനിയിൽ
ദുഃഖിച്ചു നടക്കുന്നു ഞങ്ങളെന്താവതയ്യോ
ഇല്ലൊരു ശരണം മറ്റവനേ വൈകീടാതെ
കൊല്ലുവാനുപായമെന്തിതിനേ ചിന്തിക്കേണം.”

[36] ഈ വാക്കുകേട്ട മാത്രയിൽ മഹാദേവന്റേയും മുകുന്ദന്റേയും വക്ത്രപത്മങ്ങളിൽനിന്നു ഘോരമായ ഒരു തേജസ്സു പുറപ്പെട്ടു. മറ്റു ദേവന്മാരുടെ മുഖങ്ങളിൽനിന്നും അതുപോലെ മഹാതേജോരാശി ഉത്ഭവിച്ചു. ഇങ്ങനെ സർവദേവതാശരീരോത്ഥങ്ങളായ തേജസ്സുകളെല്ലാം ഒന്നിച്ചുകൂടിയപ്പോൾ, അതു്,

“ഉർവിയുമാകാശവും നിറഞ്ഞു പരന്നൊരു
പർവതമെന്നപോലെ വിളങ്ങി”

ആ തേജോരാശി,

“ഔർവാഗ്നിതന്നെക്കാളും ഘോരമായ്ജ്ജ്വലിച്ചിതു
സർവഥാപ്രാപ്യമായ കല്പാന്തവഹ്നിപോലെ
സർവദേവന്മാരുടെ തേജസ്സുമൊന്നായ് ചേർന്നു
സർവലോകവ്യാപ്തമായ് കാണായ് ദേവന്മാർക്കു”
“ഔർവാഗ്നിജ്വാലാമാലയോടുമുജ്വലിച്ചോരു
പർവതാകാരം പൂണ്ടുനിൽക്കുന്നപോലെ കണ്ടാൻ”

ഇവിടെയെങ്ങും എഴുത്തച്ഛനാൽ സാധാരണ കാണാറുള്ള ഭാഷാന്തരീകരണ പടുതയും സ്വാതന്ത്ര്യവും കാണുന്നില്ല. ‘അതീവ തേജസഃ കൂടം’ ഇത്യാദി പദ്യത്തെ എത്രവലിച്ചു നീട്ടിയിരിക്കുന്നു എന്നുനോക്കുക. എഴുത്തച്ഛൻ എന്തെങ്കിലും ഒരു അംശം കൂട്ടിയാൽ അത്രയ്ക്കു സ്വാരസ്യവും കൂടും.

ഈ ദിവ്യതേജസ്സു് ഒരു സ്ത്രീ രൂപം കൈക്കൊണ്ടു.

[37] “ശങ്കരതേജസ്സിനാലുണ്ടായി മുഖാംബുജം
പങ്കജേക്ഷണനുടെ തേജസാ ബാഹുക്കളും
ബ്രഹ്മമാ തേജസ്സിനാലുണ്ടായി പദങ്ങളും,
കാമ്യമാം നിതംബവും ഭൂമിതൻ തേജസ്സിനാൽ,
സൌമ്യതേജസാ പുനരുണ്ടായി തലകളും,
യാമ്യതേജസാ കേശഭാരവുമാണ്ടായ്വന്നു.
ചാരുമദ്ധ്യവും പുനരൈന്ദ്രമാം തേജസ്സിനാൽ
വാരുണതേജസ്സിനാൽ ജംഘകളൂരുക്കളും;
കൈവിരലുകളെല്ലാമാദിത്യ തേജസ്സിനാൽ
കാൽവിരലുകളെല്ലാം വസുക്കൾ തേജസ്സിനാൽ,
കൌബേരതേജസ്സിനാൽ നാസികയുണ്ടായ്‍വന്നു.
പാവകതേജസ്സിനാലുണ്ടായി നേത്രദ്വയം;
ദന്തങ്ങളെല്ലാം പ്രാജാപത്യമാം തേജസ്സിനാൽ;
സന്ധ്യകൾ തേജസ്സിനാൽ ഭ്രൂക്കളുമാണ്ടായ്‍വന്നു;
മാരുതതേജസ്സിനാൽ ശ്രവണങ്ങളുമുണ്ടായ്
ചാരുതചേർന്നു രൂപം പൂർണ്ണമായ്‍ക്കാണായ്‍വന്നു.”

ഈ തേജോരൂപിണിയത്രേ മഹിഷാസുരമർദ്ദിനി. ദേവന്മാരിൽ ഓരോരുത്തരും ദേവിയ്ക്കു ഓരോ ആയുധവിശേഷവും നൽകി. ഇങ്ങനെ സകല ദേവതമാരാലും സംഭാവിതയായ ജഗദംബ,

[38] “സത്വരമുച്ചൈസ്തരമട്ടഹാസവും ചെയ്തു
വിദ്രുതം നഭസ്തലം പൊട്ടുമാറതുനേരം,
സപ്തവാരിധികളും സപ്തപർവതങ്ങളും
സപ്തദ്വീപുകളോടുമിളകി ഭൂമണ്ഡലം.
നിർജ്ജരന്മാരെല്ലാം ദേവീ ഗർജ്ജനം കേട്ടനേരം
വിജ്വരന്മാരായ്സ്തുതിച്ചീടിനാർ മുനികളും.”

അസുരന്മാരുമായുള്ള യുദ്ധവർണ്ണനയിലും എഴുത്തച്ഛന്റെ തൂലികാവിലാസം കാണ്മാനില്ലെന്നു പറയേണ്ടിയിരിക്കുന്നു. എന്നാൽ കവി മൂലത്തെ അർത്ഥഹാനി വരുത്താതെ തർജ്ജമ ചെയ്തിട്ടുണ്ടെന്നു ആരും സമ്മതിക്കും.

[39] “മഹിഷാസുരവിരനഹിതബലത്തോടു-
മ്മഹിഷാന്തകിയോടും സമരം തുടങ്ങിനാൻ.
ഖഡ്ഗപട്ടസബാണപരശു ശക്തികളും,
മുൽഗരം ഭിണ്ഡിപാലതോമരപാശങ്ങളും,
പരിഘമുസലങ്ങളം കുശകുന്തങ്ങളാദി
ശരങ്ങൾകൊണ്ടു തൂകിത്തുടങ്ങി മഹാരണേ.
ദേവിയും ശസ്ത്രാസ്ത്രങ്ങൾ വർഷിച്ചങ്ങുടനുടൻ
ദേവവൈരികൾ ദേഹം ഭേദിച്ചുതുടങ്ങിനാൾ.”

ഇവിടെ തർജ്ജമയ്ക്കു വലിയ ന്യൂനതയും പറ്റിയിട്ടുണ്ടു്. എഴുത്തച്ഛൻ ‘ലീലയൈവ’ എന്ന പദത്തെ വിട്ടുകളയുമായിരുന്നോ എന്നും സംശയമാണു്.

“സോപി ക്രൂദ്ധോദ്ധതസ്സദ്യോ ദേവ്യാ വാഹനകേസരി
ചചാരാസുരസൈന്യേഷു വിനേഷ്വിവ ഹുതാശനഃ”

എന്നതിനെ തർജ്ജമചെയ്തിരിക്കുന്നതു് എങ്ങനെയെന്നു നോക്കുക:

“ദേവിതൻ വാഹനമാം കേസരിവീരനപ്പോൾ
ദേവിതൻ സൈന്യമധ്യേപുക്കു സഞ്ചരിക്കുന്നു.
കാനനമധ്യേ വഹ്നിസഞ്ചരിച്ചീടുംവണ്ണം
സേനയേ ദഹിപ്പിച്ചു സത്വരം രോഷത്തോടെ.”

അപ്പോൾ ദേവിയുടെ വാഹനമായ കേസരിവീരൻ വനങ്ങളിൽ ഹുതാശനൻ എന്നപോലെ, അസുരസൈന്യങ്ങളുടെ ഇടയ്ക്കു ക്രോധപൂർവം ചരിച്ചു എന്നു പറഞ്ഞാൽ മതിയായിരുന്നു. അങ്ങനെ പറയാതെ വളച്ചു നീട്ടി, തർജ്ജമയെ ദുഷിപ്പിച്ചിരിക്കുന്നു. മിതവാക്കായ എഴുത്തച്ഛനു ഇത്തരം അപകടം പറ്റിയിട്ടുള്ളതായി അറിവില്ല.

അസുരസൈന്യം ദാവാഗ്നിയിൽ വനം എന്നപോലെ ദഹിച്ചുതുടങ്ങി. ദേവീനിശ്വാസങ്ങളിൽനിന്നു പ്രാദുർഭവിച്ച ഗണങ്ങൾ അസുരന്മാരെ കൊന്നൊടുക്കയാൽ,

[40] “കുണപങ്ങളെക്കൊണ്ടു മറഞ്ഞു ചമഞ്ഞിതു
രണഭൂമിയും തത്ര രുധിരനദികളും
ഓരോവഴിയേപോയ് വേഗത്തിലൊഴുകുന്ന
നാരദൻ കൊതൂഹലം പൂണ്ടുടൻ കൊണ്ടാടുന്നു”

ഇവിടെ ‘കൌതൂഹലം പൂണ്ടുടൻ കൊണ്ടാടുന്നു’ എന്നുള്ള ഭാഗം മാത്രം കവിടുയേതാണു്. എന്നാൽ,

‘നിന്യേ ക്ഷയം യഥാവഹ്നിസ്തൃണദാരു മഹാചലം’

എന്ന സ്ഥലത്തു്,

“ഘോരദാവാഗ്നിവനം ദഹിച്ചീടുന്നപോലെ
വീരന്മാരായ മഹാദൈത്യന്മാർ ദഹിക്കുന്നു.”

എന്നാണു് തർജ്ജമ.

ദേവന്മാർ പുഷ്പവൃഷ്ടിചെയ്തു് ദേവിയെ സന്തോഷിപ്പിക്കുന്നതിനോടുകൂടി രണ്ടാമദ്ധ്യായം അവസാനിക്കുന്നു.

[41] പിന്നീടു് ചിക്ഷുരൻ എന്ന സേനാനായകൻ ദേവിയോടു യുദ്ധത്തിനടുത്തിട്ടു്, “മേരു മൂർദ്ധനിഘനം പാനീയം പെയ്യുമ്പോലെ ഘോരബാണങ്ങൾ വർഷിച്ചിതു ലഘുതരം” [42] ദേവിയാകട്ടെ ‘ശീതാംശൂദയേ സിന്ധുതരംഗങ്ങളെയെല്ലാം മേദുരമായമിട്ടാൽ തടുത്തു നിറുത്തുംവണ്ണം’ അവയെല്ലാം മുറിച്ചുകളഞ്ഞിട്ടു് തുരംഗങ്ങളെയും സാരഥിയേയും കൊന്നു. ഇവിടെ കാണുന്ന ഉപമ കവിയുടെ സ്വന്തമാണെങ്കിലും മൂലത്തിലെ ആശയത്തിനു് അനുരൂപമായിരിക്കുന്നില്ല. ചന്ദ്രോദയത്തിൽ സമുദ്രം ജൃംഭിക്കുമ്പോൾ അതിനെ ഒരു വലിയ മുട്ടിട്ടു നിർത്തുന്നതിനു കുറെ ശ്രമമുണ്ടല്ലോ. എന്നാൽ ദേവി അസുരസേനയെ തടുത്തു നിർത്തിയതു് ‘ലീലയൈവ’ ആയിരുന്നു. അതിനും പുറമെ, ഉപമാനത്തിൽ തടഞ്ഞു നിർത്തുകയും ഉപമേയത്തിൽ മുറിക്കയും ആണു് ക്രിയ. എന്നു മാത്രമല്ല ഉപമാനത്തിലെ സമുദ്രത്തിന്റെ സ്ഥാനത്തു അസുരസൈന്യമുണ്ടെങ്കിലും, ശീതാംശുവിന്റെ സ്ഥാനത്തു ഉപമേയത്തിലൊന്നുമില്ല. ഈ മാതിരി ന്യൂനതകൾ എഴുത്തച്ഛന്റെ കൃതികളിൽ മഷിയിട്ടു നോക്കിയാലും കാണുമോ എന്നു സംശയമാണു്. ചിക്ഷുരനെ ദേവിയും ചാമരനെ കേസരിയും കരളാദികളെ ഗണങ്ങളും നിഗ്രഹിച്ചു. മറ്റു സേനാനായകന്മാരും ചിക്ഷുരാദികളെ പിന്തുടർന്നു. ഒടുവിൽ മഹിഷൻതന്നെ മാഹിഷവേഷം കൈക്കൊണ്ടു് ദേവിയോടെതിരിട്ടു.

[43] തുണ്ഡപ്രഹരംകൊണ്ടു ദേവിതൻ ഗണങ്ങളെ
ഖണ്ഡിച്ചുകളകയും ഖുരക്ഷേപണങ്ങളാൽ
ചിലരെ ലാഗ്രുല പാദങ്ങളാൽ മർദ്ദിക്കയും,
ചിലരെ നിശിത ശൃഗങ്ങളാൽ ഭേദിക്കയും
ചിലരെമഹാനിനാദങ്ങളാൽ മോഹിപ്പിച്ചും,
ചിലരെ ഭ്രമണവേഗംകൊണ്ടു ധൂളിപ്പിച്ചും,
ചിലരെ നിശ്വാസവാതങ്ങളാൽ പതിപ്പിച്ചും,
പേടിപ്പിച്ചതു ദേവീഗണത്തെയെല്ലാമവൻ.
ഓടിയെത്തിനാൻ മൃഗേന്ദ്രൻതന്നെത്താഡിപ്പാനായ്
രംഗമാക്കിയും പാരമലറിച്ചുരമാന്തി
ക്രൂരമായുള്ളഖുരക്ഷേപണംകൊണ്ടുതന്നെ-
പ്പാരിടമെല്ലാമൊക്കെപിളർന്നു ചമയ്ക്കയും,
ചണ്ഡശൃംഗാഗ്രഭിന്നങ്ങളാം ഘനങ്ങളെ
ഖണ്ഡിച്ചു ഖണ്ഡിച്ചുടൻ ഭൂമിയിൽപതിക്കയും.”

ഇങ്ങനെ കോപിച്ചു് അസുരേശ്വരൻ അടുത്തപ്പോൾ മംഗലയായ ചണ്ഡികാദേവി പാശക്ഷേപണംകൊണ്ടു് അവനെ ബന്ധിച്ചുകളഞ്ഞു. ഉടനെ തന്നെ അവൻ സിംഹാകൃതിയെ പ്രാപിച്ചു് പാശത്തെ ശിഥിലീകരിച്ചു. ദേവി സിംഹത്തിന്റെ കഴുത്തു അറുത്തപ്പോൾ അവൻ ഖഡ്ഗവും ധരിച്ചു പുരുഷാകാരത്തോടുകൂടി ദേവിയോടു എതിരിട്ടു. അവനെ ദേവി ബാണങ്ങൾകൊണ്ടു മൂടിയപ്പോൾ അവൻ ഗജരൂപം കൈക്കൊണ്ടു. അംബിക അവന്റെ കരത്തെ ഖഡ്ഗംകൊണ്ടു് അറുത്തപ്പോൾ, അവൻ മഹിഷരൂപം പൂണ്ടു.

“ഒക്കെയൊന്നിളകീ ലോകങ്ങൾ മൂന്നുമപ്പോൾ
ക്രൂദ്ധയാം ജഗന്മാതാവായ ചണ്ഡികാദേവി
ഉത്തമമായ മധുപാനവും തുടങ്ങിനാൾ
ചണ്ഡികാദേവി പൊട്ടിച്ചിരിച്ചും പാനംചെയ്തും
മണ്ഡലാകാരം പൂണ്ടു ചുവന്നു നയനങ്ങൾ”

ബലവീര്യ മദഗവിതനായ അസുരൻ പാഷാണങ്ങൾകൊണ്ടു് ദേവിയെ പ്രക്ഷേപിച്ചു. ദേവി അവന്റെ ശരീരത്തെ സായകങ്ങൾ കൊണ്ടു് ചൂർണ്ണമാക്കിയിട്ടു്,

[44] “അട്ടഹാസവുമിടിവെട്ടീടുംവണ്ണമപ്പോൾ
നിഷ്ഠരതരംദേവി ദുഷ്ടനോടരുൾചെയ്തു.
ഗർജനംചെയ്തുകൊൾക മൂഢ കിഞ്ചിൽക്കാല-
മിജ്ജനം മധുപാനംചെയ്വോളം ദുരാത്മാവേ.
നിർജ്ജരാദികളെല്ലാം ഗർജ്ജനംചെയ്തീടുവോർ
ദുർജ്ജനശ്രഷ്ഠഭവാനെന്നാലേഹതനായാൽ”

ദേവി മഹിഷാസുരനെ വധിക്കുന്നതിനോടുകൂടി ഈ അദ്ധ്യായം അവസാനിക്കുന്നു.

ദേവന്മാരാൽ സംസ്തുതയായ ദേവി സന്തുഷ്ടയായിട്ടു്, ആ സ്തോത്രംകൊണ്ടു തന്നെ സ്തുതിക്കുന്നവർക്കു സർവാഭീഷ്ടങ്ങളും സിദ്ധിക്കുമെന്നു് അരുളിച്ചെയ്തിട്ടു് മറയുന്നു. ഇതാണു് നാലാം അദ്ധ്യായത്തിലെ വിഷയം.

അഞ്ചുമുതൽ പത്തുവരെ അദ്ധ്യായങ്ങളിൽ സുംഭനിസുംഭന്മാരോടുള്ള യുദ്ധവും അവരുടെ നിഗ്രഹവും വർണ്ണിച്ചിരിക്കുന്നു.

സുംഭൻ, നിസുംഭൻ എന്നു രണ്ടു അസുരന്മാർ ബ്രഹ്മാവിൽ നിന്നു ലഭിച്ച വരബലത്താൽ പതിന്നാലു ലോകങ്ങളേയും അടക്കിഭരിച്ചു. ദേവന്മാർ ചാതുർയ്യുഗകാലം മർത്ത്യാകാരേണ ഭൂമിയിൽ സഞ്ചരിച്ചു കഴിച്ചുകൂട്ടേണ്ടതായിവന്നു. ബ്രഹ്മാവിനെ മുന്നിൽ നടത്തിക്കൊണ്ടു് ദേവന്മാർ ഹിമാലയത്തിൽ ചെന്നു് സാക്ഷാൽ വിഷ്ണുമായയെ ഇങ്ങനെ സ്തുതിച്ചു.

“ദേവീ ശിവേ! മഹാദേവി നമോ നമഃ
ദേവി പ്രകൃതി ഭദ്രേ! തേ നമോ നമഃ
രൌദ്രേ! നമോ നമോ ഗൌരി നമോ നമോ
ധാത്രീ നമോ നമോ ജ്യോൽസ്നേ നമോ നമോ
ചന്ദ്രസ്വരൂപിണി ദേവീ നമോ നമഃ
കല്യാണി തേ പ്രണതാർത്തിഹരേ നമഃ
ത്രൈവിക്രമീ നമോ ദേവി! നമോ നമഃ
നൈഭൃതി ഭൂഭൃതാം ലക്ഷ്മീ! നമോ നമഃ
ശർവാണി! തേ നമോ ദുർഗ്ഗേ! നമോ നമഃ
ദുർഗ്ഗേ! പരേ ദേവി! സാരേ നമോ നമഃ
സർവകാരീ നമഃ ഖ്യാതീ നമോ നമഃ
കൃഷ്ണേ നമോ നമഃ ധൂമ്രേ നമോ നമഃ
സൌമ്യേ പുനരപി സൌമ്യേ നമോ നമഃ
നിത്യം ജഗൽപ്രതിഷ്ഠേ തേ നമോ നമഃ
ഭൂതിപ്രദേ നമോ ഭൂതിനമോ നമഃ”

ഈ സംസ്കൃതസ്തോത്രത്തെത്തുടർന്നു അതിദീർഘമായ ഭാഷാസ്തോത്രവും ഉണ്ടു്.

“യാതൊരുദേവീ സകലഭൂതങ്ങളിൽ
വിഷ്ണുമായേതി ചൊല്ലപ്പെടുന്നൂ സദാ
അങ്ങനെയുള്ള ദേവിക്കു നമസ്കാരം
മംഗലംനല്കുവാൻ ദേവി നമോ നമഃ
യാതൊരുദേവി സകലഭൂതങ്ങളിൽ
ശക്തിസ്വരൂപിണിയായ്വസിക്കുന്നതും
യാതൊരുദേവി സകലഭുതങ്ങളിൽ
ബുദ്ധിസ്വരൂപിണിയായ്വസിക്കുന്നതും.” ഇത്യാദി

ഈ ഹൈമവതി ‘പാവനയാകിയ ദേവതടിനിയിൽ’ കുളിക്കാൻ പുറപ്പെട്ടപ്പോൾ ആണു് ഈ ദേവസ്തുതി കേട്ടതു്.

“ദേവകളേ! നിങ്ങളാൽ സ്തുതിക്കപ്പെട്ട
ദേവി ഗിരിജാശരീരകോശത്തിൽനി-
ന്നാവിർഭവിക്കുമെന്നാലസുരന്മാരെ
നിഗ്രഹിച്ചമ്പോടനുഗ്രഹിക്കും?”

എന്നു ദേവി അരുളിച്ചെയ്തു. കോശത്തിൽനിന്നാവിർഭവിക്കയാൽ ദേവിക്കു കൌശികി എന്ന പേരും സിദ്ധിച്ചു. ഈ കൌശികി,

[45] “സമ്പൂർണ്ണയൌവനത്തോടുനൽ ഷോഡശ
സംവത്സരം വയസ്സും ധരിച്ചങ്ങനെ;
പൊന്നുഴിഞ്ഞാലുമാടിപ്പാടി നല്ലൊരു
തന്വിയായ്വന്നുവളർന്നൂ ചിരകാലം”

ദേവി ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കവേ, ‘കാമരൂപന്മാരായ’ സുംഭനിസുംഭഭൃത്യന്മാർ കണ്ടു്, [46]

“പ്രാലേയശൈലശിഖരദേശേ പുന-
രാലോലമായൊരു പൊന്നൂയലുമാടി
നല്ലരൂപമവളെപ്പോലെ കാണ്മതി
നില്ല ലോകങ്ങളിലെങ്ങുമന്വേഷിച്ചാൽ.
‘സ്ത്രീരത്നമായോരിവളെവഹിക്കുന്ന
പൂരുഷനല്ലയോ ജഗത്ത്രയനായകൻ’
ചെന്നവളെക്കാണ്ങ്കവേണം ഭവാനിനി
മന്നവ! കാലം കളയരുതേതുമേ.
ദേവിയുമല്ലവൾ ഗന്ധർവിയുമല്ലവൾ
കേവലം യക്ഷിയും പന്നഗിയുമല്ല.
താതനുമില്ല ബന്ധുക്കളുമില്ലൊരു-
ഭ്രാതാക്കളുമില്ലരക്ഷിപ്പാനാരുമേ.
ഏകാകിനിയായിരിക്കുന്നു നിർജ്ജനേ
രാകാശശിമുഖീ സമ്പൂർണ്ണയൌവനാ
യോഗ്യയാകുന്നവളിന്നിനക്കെത്രയും
ഭാഗ്യവതാം വര വീരശിഖാമണേ!
രത്നഭൂതങ്ങളായുള്ള പദാർത്ഥങ്ങൾ
കൃൽസ്നമാർജ്ജിച്ചു പുരിയിലാക്കീലയോ?”

എന്നു് സുംഭനോടു പറഞ്ഞു. ഉടൻതന്നെ അവൻ നയജ്ഞനായ സുഗ്രീവനെ വരുത്തി, അവിടെചെന്നു് അനുനയിച്ചു് ആദരവോടെ അവളെ കൊണ്ടു പോരുന്നതിനു ആജ്ഞാപിച്ചു. സുഗ്രീവൻ രാജാജ്ഞ കൈക്കൊണ്ടു് ത്രൈലോക്യമോഹിനിയായ ദേവിയെ കണ്ടു് ചതുരോക്തികളാൽ വശീകരിക്കാൻ നോക്കി. എന്നാൽ ദേവി ‘ഗാംഭീര്യമന്ദസ്മിതം’ ചെയ്തു് ഇങ്ങനെ മറുപടി പറഞ്ഞു:

“സത്യമത്രേ നീ പറഞ്ഞഥു നിർണ്ണയം
മിഥ്യയല്ലേതുമിനിയിതു കേൾക്ക നീ.
സുംഭനത്രേ ലോകനാഥനാകുന്നതു
വമ്പൻ നിസുംഭനുംതാൻ ഭൃശം നിർണ്ണയം.
കല്പിതമെന്നാൽ പുരൈവ പ്രതിജ്ഞയൊ-
ന്നിപ്പോളതെങ്ങിനെ മിത്ഥ്യയാക്കീടുന്നു?
എത്രയും പാർത്താലസാരമായുള്ളൊരു
സത്യപ്രതിജ്ഞയാകുന്നതും ദൃഢം.
എന്നെ യുദ്ധേ ജയിക്കുന്ന പൂരുഷ-
നെന്നുടെ ദർപ്പമടക്കുന്നതാരെടോ!
ഭർത്താവിനിക്കവനാകുന്നതെന്നൊരു
സത്യമെനിക്കുണ്ടതും ധരച്ചീടു നീ”

അതു കേട്ടപ്പോൾ സുഗ്രീവൻ പറഞ്ഞു:

“നന്നു നന്നിപ്രബന്ധം നിരൂപിച്ചോളം
സുംഭനിസുംഭന്മാരോടിന്നിവരുടെ
മുമ്പിൽനിൽക്കുന്നതാരായോധനത്തിനു?
നീയൊരു കന്യകയല്ലോ വിശേഷിച്ചും.
പേയായ വാക്കുകൾ ചൊല്ലുന്നതെന്തു നീ?
നിന്നത്തലമുടി ചുറ്റിപ്പിടിച്ചിഴ-
ച്ചിന്നു ഞാൻ കൊണ്ടു പോയാലെന്തു വേണ്ടതും.”

ഇത്തരം തർജ്ജമ എഴുത്തച്ഛനൊഴിച്ചു മറ്റേതു കവിക്കും അത്യന്തമഭിമാനകരമാണു്. ഭാഷാന്തരം അത്രയ്ക്കു സരളവും ഹൃദയംഗമവുമായിരിക്കുന്നുണ്ടു്.

സുഗ്രീവന്റെ വാക്കുകൾക്കു ദേവിയുടെ മറുപടി ഇങ്ങനെയായിരുന്നു.

“എങ്കിലോ നന്നല്ലോ നീ തന്നെ വല്ലഭൻ
സങ്കടമേതുമെനിക്കില്ലതിനെടൊ.”

നയജ്ഞനായ സുഗ്രീവൻ ഈ വിവരം നിസുംഭനെ അറിയിച്ചു. ഇവിടെ അഞ്ചാം അദ്ധ്യായവും അവസാനിക്കുന്നു.

സുംഭൻ ധൂമ്രലോചനനെ വിളിച്ചു “ചെന്നു തലമുടി ചുറ്റിപ്പിടിച്ചിഴച്ചെന്നുടെ സന്നിധൌ കൊണ്ടുവന്നീടുനീ” എന്നു ആജ്ഞാപിച്ചു. അവൻ ചെന്നു് പിടിക്കാൻ ഭാവിച്ചപ്പോൾ ദേവി അവനേ ‘ഹുങ്കാരഗബ്ദേന ഭസ്മമാക്കീടിനാൾ’. ധൂമ്രാക്ഷനും പടയും നഷ്ടമായെന്നു കേട്ടപ്പോൾ സുംഭൻ കോപം കൊണ്ടു തമ്രാക്ഷനായത്രേ. അനന്തരം അവൻ ചണ്ഡമുണ്ഡന്മാരെ അയച്ചു. ഇവിടെ ആറാം അധ്യായം അവസാനിക്കുന്നു.

“ശൈലേന്ദ്ര ശൃംഗേ മഹാസിംഹകന്ധരേ
നീലോൽപ്പലാക്ഷിയേക്കണ്ടു്.”

അസുരന്മാർ യുദ്ധത്തിനായി അടുത്തു. തൽസമയം.

“കോപം മുഴുത്തു മുഖവും കറുത്തപ്പോൾ
ശോഭയാം നെറ്റിത്തടത്തിങ്കൽ നിന്നുടൻ
ഉത്ഭവിച്ചീടിനാൾ കാളിയുമെത്രയും
ദുഷ്പ്രേക്ഷ്യമായ കരാളമുഖത്തൊടും,
പാശവും ഖൾഗവും ഖട്വാംഗവും ധരി-
ച്ചാശകളൊക്കെ നിറഞ്ഞനാദത്തൊടും,
വൃത്തവിസ്താരമാം വക്ത്രവുമെത്രയും
രക്തനേത്രങ്ങളും ചഞ്ചലജിഹ്വയും
മുണ്ഡമാലാഭരണഴ്‌വിപചർമ്മവും
കുണ്ഡലവും കുംഭികൊണ്ടണിഞ്ഞങ്ങനെ”

ദേവി ‘ഘോരാസുരപ്പടതൻ നടുവിൽ പുക്കു് വാരിവിഴുങ്ങി വിഴുങ്ങിത്തുടങ്ങി. ചണ്ഡാർ ഇതു കണ്ടു് മണ്ഡലാകാരധനുസ്സുമായി അടുത്തു. കാളിയേ ബാണങ്ങൾകൊണ്ടു മൂടിക്കളഞ്ഞു. മുണ്ഡൻ ആ തക്കം നോക്കി ചക്രങ്ങളും പ്രയോഗിച്ചു. എന്നാൽ കാളികാദേവി ചണ്ഡശിരസ്സു ഖഡ്ഗംകൊണ്ടും മുണ്ഡശിരസ്സു ഖട്വാംഗപാതം കൊണ്ടും മുറിച്ചു ഭൂമണ്ഡലം തന്നിലിട്ടു. അനന്തരം അവയെ എടുത്തു് കാളി ചണ്ഡികയുടെ മുമ്പിൽ കൊണ്ടു വന്നപ്പോൾ,

“ചണ്ഡമുണ്ഡന്മാരെ നീ നിഗ്രഹിക്കയാൽ
ദണ്ഡം കുറഞ്ഞിന്നിനിക്കതു കാരണം
ചാമുണ്ഡിയെന്നു ചൊല്ലി സ്തുതിച്ചീടുവോർ
ഭൂമണ്ഡലത്തിങ്കലുള്ള ജനമെല്ലാം.”

എന്നിങ്ങനെ ദേവി കാളിയെ അനുഗ്രഹിച്ചു. ഇവിടെ ഏഴാം അധ്യായം അവസാനിക്കുന്നു.

ചണ്ഡമുണ്ഡന്മാർ പെരുമ്പടയോടു ‘മദ്ദണ്ഡധാരാലയം’ പ്രാപിച്ച വൃത്താന്തം കേട്ട നിമിഷത്തിൽ സുംഭൻ സേനാദികളൊടു ‘പടയൊക്കെവരുവാൻ’ ആജ്ഞാപിച്ചു. ഈ സൈന്യത്തോടുകൂടി സുംഭൻ പുറപ്പെട്ടപ്പോൾ,

[47] “കല്പാന്തമേഘങ്ങൾ ശോണിതകർദ്ദമ-
മപ്പോൾ വരിഷിച്ചിതസ്ഥി ഗണത്തൊടും
ക്രവ്യാദജാതികളോടും ശിവകളു-
മവ്യാജതുഷ്ട്യാ കരഞ്ഞുതുടങ്ങിനാർ”

ഈ ദുർന്നിമിത്തങ്ങളൊന്നും വകവയ്ക്കാതെ അസുരസൈന്യം ഹിമാ ചലോപാന്തത്തിൽ ചെന്നുനിറഞ്ഞു. ദേവി അവരെക്കണ്ടു് ഒന്നു ചെറുഞാണൊലി ഇട്ടപ്പോൾ ‘നന്നായ്വിറച്ചിതു ലോകത്രയാന്തരം.’

“കാളീനിനാദവും ഘണ്ടാനിനാദവും
വ്യാളീനിനാദവും ശംഖനിനാദവും
കേട്ടു ലോകങ്ങളുമൊക്കെ വിറയ്ക്കുന്നു
പാട്ടും തുടങ്ങിനാൻ നാരദൻ വീണയും”

ഈ യുദ്ധകോലാഹലത്തെക്കണ്ടു് ‘ചിത്രം വിചിത്രം! എന്നിങ്ങനെ എല്ലാവരും വാഴ്ത്തവേ, ‘ദേവകൾക്കഭ്യുദയത്തിനായിക്കൊണ്ടും ദേവികൾക്കു വിനാശത്തിനായിക്കൊണ്ടും,’ ബ്രഹ്മാവിഷ്ണുമഹേശന്മാരും ശക്രനും നരസിംഹാവതാരവും നരകാരാതിയും [48] സപ്തമാതാക്കളെ നിർമ്മിച്ചു. ബ്രഹ്മശക്തി, [49] ‘അക്ഷസൂത്രേണ കമണ്ഡലുസ്ഥജലം’ കൈക്കൊണ്ടു ഹംസസംയുക്തയായും [50] ശിവശക്തി, ‘വൃഷഭമേറിക്കൊണ്ടു് ബാഹുക്കളിൽ ശൂലപാശാദി കൈക്കൊണ്ടു ചന്ദ്രക്കലയുമണിഞ്ഞും’ [51] കൌമാരശക്തി, ‘മയിലേറിവേലും ധരിച്ചാമോദമോടും’ [52] വൈഷ്ണവീശക്തി “ചക്രശംഖഗദാശാർങ്ങ പത്മങ്ങളും കൈക്കൊണ്ടും” യുദ്ധത്തിനെത്തിയപ്പോൾ അസുരസേന ചത്തൊടുങ്ങിത്തുടങ്ങി.

ഈ ഭാഗത്തു തർജ്ജമയ്ക്കു വളരെ ന്യൂനത കാണ്മാനുണ്ടു്.

സപ്തമാതാക്കളോടു് യുദ്ധത്തിൽ തോറ്റു് അസുരസൈന്യം ഓടിത്തുടങ്ങിയപ്പോൾ, സുംഭനിസുംഭന്മാർ തങ്ങളുടെ ഭാഗിനേയനായ രക്തബീജനെ യുദ്ധത്തിനയച്ചു. അംബ, ‘ചക്രശൂലാസിബാണാദിശസ്ത്രങ്ങളെ വിക്രമത്തോടു പ്രയോഗിച്ചു്’ അവനെ വധിക്കുന്നതിനോടുകൂടി എട്ടാം അധ്യായം അവസാനിക്കുന്നു.

അനന്തരം സുംഭനിസുഭന്മാർ പോരിനടുത്തു. ദേവി മായാപ്രയോഗത്താൽ സഹസ്രബാഹുവായി തന്നോടെതിരിട്ട സുംഭനെ വധിച്ചപ്പോൾ സുംഭൻ വർദ്ധിതവീര്യത്തോടു യുദ്ധം ചെയ്തുതുടങ്ങിയത്രേ. അവന്റെ സൈന്യത്തെ കൊന്നൊടുക്കുന്നതുവരെയുള്ള കഥയാണു് ഒൻപതാം അധ്യായത്തിൽ സംക്ഷേപിച്ചിരിക്കുന്നതു്.

“എന്തൊരു വമ്പു നിനക്കു ലഭിച്ചതും?
മറ്റുകണ്ടോരുടെ ശക്തികൊണ്ടല്ലയോ
മുറ്റുമെന്നോടു ഗർവിക്കുന്നതു ശഠേ!”

എന്നു് സുംഭൻ ദേവിയെ അധിക്ഷേപിക്കവേ, അംബിക,

[53] ‘എന്നുടെ ശക്തിനീയെന്തറിഞ്ഞു ഖല?
ഞാനൊഴിഞ്ഞാരുള്ളതിത്രിലോകത്തിങ്ക-
ലൂനമൊഴിഞ്ഞില്ല രണ്ടാമതാരുമേ”

എന്നു പറഞ്ഞിട്ടു് തന്റെ വിഭൂതികളായ ബ്രാഹ്മി തുടങ്ങിയ സർവശക്തികളേയും തന്നിൽ ഒതുക്കിക്കൊണ്ടു് ഏകാകിനിയായി വിളങ്ങി.

സുംഭനോടുള്ള യുദ്ധം ആയിരം ദിവ്യവർഷം നിലനിന്നു. യുദ്ധമദ്ധ്യേ സുംഭൻ ദേവിയേ എടുത്തുകൊണ്ടു് ‘കെല്പോടുയർന്നീടിനാനംബരേ.’ ദേവിയാകട്ടെ കൈകൊണ്ടു ചുഴറ്റി അവനെ ഭൂമിയിലേക്കെറിഞ്ഞു. ഇങ്ങനെ ഒരു യുദ്ധം ഭൂമിയിൽ ഇതേവരെ ഉണ്ടായിട്ടില്ലെന്നു ദേവന്മാർ വാഴ്ത്തി. ഒടുവിൽ ദേവി ശൂലംകൊണ്ടു് അവനെ പിളർന്നു ഭൂമിയിൽ പതിപ്പിച്ചു. സുംഭൻ വീണതിനാൽ,

[54] “ദിക്കുകളൊക്കെ പ്രസന്നമായ്വന്നിതു
പുഷ്കരമാർഗ്ഗേ തെളിഞ്ഞിതാദിത്യനും
പാടിത്തുടങ്ങിനാരപ്സരസ്ത്രീകളും
ലോകത്ത്രയത്തിങ്കലുള്ളവരൊക്കവെ
ശോകമകന്നു തെളിഞ്ഞുവിളങ്ങിനാർ”

ഇങ്ങനെ പത്താം അധ്യായവും അവസാനിക്കുന്നു.

ദേവന്മാർ സന്തുഷ്ടചിത്തരായ് ഭവിച്ചു് ജഗദംബികയെ സ്തുതിച്ചു.

“സർവേശ്വരീ! സർവമംഗലേ! മാംഗല്യ-
സർവാത്മികേ! ശിവേ! സർവാർത്ഥസാധകേ!
ഗൌരീ! ശരണ്യപരേ! ത്ര്യംബികേ! ദേവി
നാരായണീ മഹാമയേ നമോസ്തുതേ-”

ഇത്യാദി സ്തോത്രങ്ങളാൽ പ്രീണിതയായ ഭഗവതി,

“ഉണ്ടാമിരുപത്തെട്ടാം യുഗത്തിങ്കലും
കണ്ടകന്മാരായ സുഭനിസുംഭന്മാർ
അന്നു ഞാൻ നന്ദഗോപാലയേ ജാതയാ-
യ്വന്നീടുമല്ലോ യശോദാതനൂജയായ്.
ഹന്തവ്യന്മാരാമവരുമെന്നാലന്നു
വിന്ധ്യാചലേ വസിച്ചീടുവാൻ പിന്നെ ഞാൻ.
എത്രയും രൌദ്രമായുള്ള രൂപം പൂണ്ടു
പൃത്ഥീതലത്തിങ്കൽ വന്നുടൻ ജാതയാം.
രൌദ്രചിത്തന്മാരാം ദാനവന്മാരെയും
താൽപ്പര്യമുൾക്കൊണ്ടു ഭക്ഷിച്ചൊടുക്കുവാൻ.
രക്തങ്ങളായ്വരുമന്നു ദന്തങ്ങൾ മേ
ഭക്തന്മാരും രക്തദന്തികയെന്നെല്ലാം
ചൊല്ലിസ്തുതിച്ചു സേവിച്ചീടുവോരെന്നെയും.
അല്ലലുണ്ടായ്വരും പിന്നെയും ഭൂതലേ.
നൂറുസംവത്സരം പെയ്കയില്ലാ മഴ;
വാരിയുമില്ലാഞ്ഞു സങ്കടമായ്വരും;
താപസന്മാരുമെന്നെ സ്തുതിച്ചീടുവോർ;
താപം കളവാനയോനിജയായ് മുദാ
നേത്രശതംകൊണ്ടു നോക്കി മുനികളെ
തീർത്തിടുവാൻ പരിതാപമശേഷവും
കീർത്തിക്കുമെന്നെ ശതാക്ഷിയെയും ചൊല്ലി
സ്തോത്രേണ താപസന്മാരുമനുദിനം”

പിന്നീടു് എന്റെ ശരീരത്തിൽനിന്നുണ്ടാക്കിയ ശാകോപദംശംകൊണ്ടു് വർഷം ഉണ്ടാകുംവരെ സർവജീവികളും ജീവിക്കും. അതിനാൽ എനിക്കു് ശാകംഭരീ എന്നു പേരും സിദ്ധിക്കും. അക്കാലത്തുതന്നെ ദുർഗ്ഗമൻ എന്ന അസുരനെ കൊല്ലുകയാൽ ദുർഗ്ഗ എന്നും ഋഷികളെ രക്ഷിക്കുന്നതിനായി ഭീമരുപംധരിച്ചു് അസുരരെ ഭക്ഷിക്കയാൽ ഭീമയെന്നും, അരുണനെന്ന അസുരനെ ഭ്രമരരൂപം ധരിച്ചു് കൊല്ലുകയാൽ ഭ്രാമരിയെന്നും, പ്രത്യേകം പ്രത്യേകം പേരുകൾ ഉണ്ടാകും” എന്നിങ്ങനെ അരുളിച്ചെയ്തു. ഇവിടെ പതിനൊന്നാം അധ്യായം അവസാനിക്കുന്നു.

ഈ സ്തോത്രങ്ങൾ ചൊല്ലി സ്തുതിക്കുന്നവർക്കും മധുകൈടഭാദികളുടെ വധത്തെപ്പറ്റി വർണ്ണിക്കുന്നവർക്കും യാതൊരനർത്ഥങ്ങളും ഉണ്ടാകയില്ലെന്നും മറ്റും അരുളിച്ചെയ്തിട്ടു് ദേവി അന്തർദ്ധാനം ചെയ്യുന്ന കഥയാണു് പന്ത്രണ്ടാം അദ്ധ്യായത്തിലെ വിഷയം.

മഹർഷി സുരഥനോടു് ദേവീമാഹാത്മ്യത്തെപ്പറ്റി പ്രശംസിച്ചു തീരുന്നതിനോടുകൂടി പതിമൂന്നാം അധ്യായവും തീരുന്നു.

“ഇന്നു മഞ്ചാധ്യായ മുണ്ടു ചൊല്ലീടുവാൻ
ഇന്നല്ലയെന്നു, പറഞ്ഞു കിളിമകളും.”

ഇവിടെ വിരമിയ്ക്കുന്നു.

എഴുത്തച്ഛന്റെ ശൈലിയോടു് പരിചയപ്പെട്ടിട്ടുള്ളവർക്കു് ഈ കൃതി അദ്ദേഹത്തിന്റെതല്ലെന്നു ഒരു നോട്ടത്തിൽതന്നെ കാണ്മാൻ കഴിയും. സിംഹം എത്ര ശാന്തനായിരുന്നാലും അവന്റെ മൃഗരാജത്വം പോകയില്ലല്ലോ. ആ ദശയിലും അവന്റെ ഗർജ്ജനം ഗംഭീരമായേ ഇരിക്കൂ. കവികുലരാട്ടായ എഴുത്തച്ഛന്രെ ഗാംഭീര്യം ദേവീമാഹാത്മ്യത്തിൽ ഒരിടത്തും കാണ്മാനില്ല; എന്നുമാത്രമല്ല എഴുത്തച്ഛൻ ഈ ഗ്രന്ഥത്തെ ഭാഷാന്തരം ചെയ്തിരുന്നെങ്കിൽ അറിയാതെ എങ്കിലും ചില മനോധർമ്മങ്ങൾ അതിൽ കടന്നുകൂടുകയും ചെയ്യുമായിരുന്നു. പരമഭക്തനായ ആ കവിയ്ക്കു് ദേവീനാമങ്ങളെ ഇത്ര ഉദാസീനമായ മട്ടിൽ ഉച്ചരിക്കാൻ കഴിയുമായിരുന്നോ എന്നും സംശയമാണു്. എല്ലാറ്റിനും പുറമെ എഴുത്തച്ഛൻ മിതവാക്കാണു്. മിതമായ വാക്കുകൾ കൊണ്ടു് മനോഹരമായ ചിത്രങ്ങൾ നിർമ്മിക്കാൻ അദ്ദേഹത്തിനെപ്പോലെ മറ്റൊരു ഭാഷാകവിയ്ക്കു ഇതേവരെ സാധിച്ചിട്ടില്ല. ആ മിതവാക്ത്വവും ഈ തർജ്ജിമയിൽ അദൃശ്യമായിരിക്കുന്നു. അതുകൊണ്ടു അനേകം എഴുത്തച്ഛന്മാരുള്ളതിൽ, ദേവ്യുപാസകനായ ഒരാൾ ആയിരിക്കണം ദേവീമാഹാത്മ്യം രചിച്ചതു്. ശതമുഖരാമായണവും ആ കവിയുടെ കൃതി തന്നെ ആയിരിക്കാം.

സാക്ഷാൽ എഴുത്തച്ഛന്റെ കൃതികളുടെ സംഖ്യ ചുരുങ്ങിപ്പോയതുകൊണ്ടു് ചിലർ പരിഭ്രമിച്ചേക്കാം. എന്നാൽ അദ്ദേഹം പുണ്ണാക്കുകച്ചവടക്കാരനായിരുന്നില്ല; ഒരു ഒന്നാംതരം രത്നവ്യാപാരിയായിരുന്നു. അതുകൊണ്ടു കൃതികളുടെ എണ്ണവും വണ്ണവും നോക്കിയല്ല എഴുത്തച്ഛന്റെ യോഗ്യത നിർണ്ണയിക്കേണ്ടതു്. അദ്ദേഹം ഒരു കൃതിയും രചിച്ചിരുന്നില്ലെങ്കിൽ തന്നെയും, രാമകൃഷ്ണദേവനേപ്പോലെ സകല ജനാരാദ്ധ്യനായ്ത്തീരുമായിരുന്നു.

ഇത്രയും പറഞ്ഞതുകൊണ്ടു് ദേവീമാഹാത്മ്യം ഒരു ക്ഷുദ്രകൃതിയാണെന്നു് എനിക്കു് അഭിപ്രായമുള്ളതായി വയനക്കാർ തെറ്റിദ്ധരിച്ചുപോകരുതു്. എഴുത്തച്ഛനൊഴിച്ചു് മറ്റു് ഏതു കവിയ്ക്കും അതിന്റെ കർത്തൃത്വം അഭിമാനജനകമാണെന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. പ്രകൃത കൃതി യോഗശാസ്ത്രത്തെ കഥാരൂപേണ പ്രതിപാദിക്കുന്ന ഒരു പ്രൌഡഗ്രന്ഥമാണു്. അതിലെ ആശയങ്ങളെ വലിയ കേടുപാടൊന്നും കൂടാതെ ലളിതമായി തർജ്ജിമചെയ്തിട്ടുമുണ്ടു്.

ശതമുഖരാമായണം

വസിഷ്ഠൻ ശതാനന്ദനു ഉപദേശിക്കുന്ന സീതാവിജയം ആണു് പ്രതിപാദ്യവസ്തു.

“മംഗലപ്രദം സീതാവിജയം പൂർണ്ണാനന്ദം
സംഗനാശനകരം കൈവല്യ പ്രദമല്ലോ”

എന്നു് ആദ്യവും,

“ഇങ്ങനെ സീതാവിജയാഖ്യമാം കഥാസാരം
നിങ്ങളൊട്ടൊട്ടു ചൊന്നാനെന്നാളേ കിളിമകൾ”

എന്നു് അവസാനത്തിലും കാണുന്നതുകൊണ്ടു് ഗ്രന്ഥകർത്താവു നൽകിയ പേരു സീതാവിജയം ആണെന്നു തോന്നുന്നു.

“പങ്ക്തിസ്യന്ദനനൃപനന്ദനനായ രാമൻ
പങ്ക്തികന്ധരൻ തന്നെ കൊന്നതിനനന്തരം”

അയോദ്ധ്യയിൽ ചെന്നു് രാജ്യാഭിഷിക്തനായതിന്റെ ശേഷം ഒരിക്കൽ

“…ആ സ്ഥാനത്തിങ്കലാമ്മാ–
റഭിമാനേന വസിഷ്ഠാദി താപസരോടും
രത്നശോഭിതമായ സുവർണ്ണസിംഹാസനേ
പത്നിയെ വാമോത്സംഗേ ചേർത്തിരുന്നരുളുമ്പോൾ
അംഭോജേക്ഷണനോടു രാക്ഷസോൽപത്തിയെല്ലാം
കുംഭസംഭവനരുൾ ചെയ്തു കേട്ടൊരുശേഷം
രാവണവൃത്താന്തവും തൽസുതൻ മേഘനാദൻ
ദേവേന്ദ്രൻതന്നെ പോരിൽ ബന്ധിച്ച ശൌര്യങ്ങളും
കേട്ടു വിസ്മയം പൂണ്ടു മരുവീടിനനേരം.”

മേൽഭാഗത്തുനിന്നു് ഒരു അശരീരിയുണ്ടായി.

“എത്രയും പരാക്രമിയാകിയ ദശാസ്യനെ
യുദ്ധേ നീ വധിച്ചതുകൊണ്ടു സന്തോഷിക്കേണ്ട
ത്രൈലോക്യഭയങ്കരനാകിയ ശതമുഖൻ
പൌലസ്ത്യനവനുടെ കാൽനഖത്തിനു പോലാ.”

ഈ അശരീരികേട്ട മാത്രയിൽ കുംഭസംഭവനോടു്,

“എന്തോരത്ഭുതമശരീരി തന്നുടെ വാക്യം
നിന്തിരുവടിയരുൾ ചെയ്യണം പരമാർത്ഥം.”

എന്നു ചോദ്യം ചെയ്തു. ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു.

കാശ്യപനു പതിമ്മൂന്നു പത്നിമാരുള്ളതിൽ, ദനു എന്നവൾക്കു മാതൃദോഷേണ ശതാനനൻ എന്ന രാക്ഷസൻ ജനിച്ചുവത്രേ.

അവൻ,

“ഘോരമാമാസുരഭാവം പരിഗ്രഹിച്ചു്
ആരാലുമേ ജയിക്കാനരുതാതൊരു
ശൌര്യം ധരിച്ചു വളർന്നവനെത്രയും
ധൈര്യം ഭജിച്ചു തപസ്സു തുടങ്ങിനാൻ.
കാലകേയാദ്യസുരപ്പടയോടുമ
ക്കാലമസുരവരപരിസേവിതൻ,
ത്രൈലോക്യവും പരിപാലിക്കും ദേവക-
ളാലോക്യഭീതികലർന്നൊളിച്ചീടിനാർ
… … …
ചൂടുമവനില്ല ശീതവുമില്ലല്ലോ
കുണ്ഡലദ്വന്ദ്വസമാനം രവിശശി
മണ്ഡലദ്വന്ദ്വമവനു മഹാമതേ”

അവൻ കാശീപുരവാസിയായ പരമേശ്വരനെ പൂജിച്ചു് അമരത്വം കൈയ്ക്കലാക്കിയിട്ടു്,

“നിർഭയനായവൻ നീളേ നടന്നോരോ
സൽപ്രജാധ്വംസനം ചെയ്യുന്നതിന്നിപ്പോൾ.
മായാപുരിയിൽ വാഴുന്നിതവൻ മഹാ-
മായാവി താനവനൊന്നുമറിക നീ.
കാലേയവനെ വധിച്ചു ലോകത്രയം
പാലനം ചെയ്ക ഭവാനിനി വൈകാതെ”

ഇപ്രകാരമുള്ള അഗസ്ത്യസുഭാഷിതം കേട്ടു്, കാകുൽസ്ഥൻ ചിന്തതുടങ്ങി. ഒടുവിൽ കുംഭസംഭവനോടുതന്നെ ഇങ്ങനെ അദ്ദേഹം ചോദിച്ചു.

“ഞാനവനെ കൊലചെയ്യുന്നതെങ്ങനെ?
ദീനദയാനിധേ തത്വമരുൾചെയ്ക.
ദാനവവീരൻ മഹാബലവാൻ തുലോം
മാനവന്മാർ ഞങ്ങൾ ദുർബലന്മാരല്ലോ.”

അതിനു് അഗസ്ത്യൻ മന്ദഹാസം പൂണ്ടു് ഇങ്ങനെ മറുവടി പറഞ്ഞു.

“…നന്നു നന്നെത്രയും
രാമ! രഘൂപതേ! രാജശിഖാമണേ!
കാമപ്രദ! പ്രഭോ! കാമദേവോപമ!
എങ്ങുമേ ചെല്ലരുതായ്കയുമില്ലലോ-
കങ്ങങ്ങളിൽ നിന്നുടെ ശസ്ത്രത്തിനോർക്കനീ.”

അനന്തരം

“ആനതേർ കാലാൾ കുതിരപ്പടയുമായ്
മനവവീരരും വാനരവീരരും
മാനമേറീടുന്ന കൌണപവീരരും
മാനവശ്രേഷ്ഠസഹോദരവീരരും
ജാനകീദേവിയും ശ്രീരാമദേവനും.”

വാനരേന്ദ്രോപരി കേറി ശതമുഖനിരിക്കുന്ന ദിക്കിലേക്കു യാത്രയായി. മാരുതി മേല്പോട്ടു പൊങ്ങിയപ്പോൾ,

“……………വാരിധി-
കല്ലോലജാലങ്ങൾ കണ്ടുകണ്ടാദരാൽ
ക്ഷാരസമുദ്രവും ശർക്കരയബ്ധിയും
ഘോരസുരാബ്ധിയുമാജ്യസമുദ്രവും
ജംബുദ്വീപം പ്ലക്ഷദ്വീപം കുശദ്വീപം
സംബാധിത ക്രൌഞ്ചദ്വീപവുമെന്നിവ
പിന്നീടു ശാകദ്വീപവുമുൾപ്പുക്കു
നിന്നനേരം ദധിസാഗരവും കണ്ടു
വന്നോരു വിസ്മയം പൂണ്ടു മഹാബലൻ”

അന്യോന്യമാലാപവും ചെയ്തു ചെയ്തു് അഞ്ജനാനന്ദനനെ പുകൾത്തിയത്രേ.

ഈ വർണ്ണനയിൽ എഴുത്തച്ഛനു സ്വതസ്സിദ്ധമായുള്ള ഗാംഭീര്യം കാണുന്നതേയില്ല. ‘ശർക്കരയബ്ധി’ എന്നു് അദ്ദേഹം പ്രയോഗിക്കുമായിരുന്നോ എന്നും സംശയമാണു്. ഇന്നത്തേ പണ്ഡിതമഹാഗിരികളിൽ പലരും ചുണ്ടെലികളെ പ്രസവിച്ചേയ്ക്കാം. എഴുത്തച്ഛനാകുന്ന മഹാമേരു ഗർഭം ധരിച്ചാൽ മേരുക്കുട്ടന്മാരല്ലാതെ ചുണ്ടെലികളുണ്ടാവാൻ തരമില്ല. കാകുൽസ്ഥൻ, ലോകങ്ങൾ ഇത്യാദി പദങ്ങളെ കാ–കുൽസ്ഥൻ, ലോ–കങ്ങൾ എന്നിങ്ങനെ പദച്ഛേദം ചെയ്തു കാണുന്നതും സംശയജനകമായിരിക്കുന്നു.

രാമാദികൾ അചിരേണ, ‘ശതാനനപാലിത’വും ‘നന്ദനം നിന്ദിക്കുമുദ്യാനദേശമാനന്ദ പ്രദം കാഞ്ചനദ്രുമശോഭിത’വും ആയ മായാപുരിയിൽ എത്തി. ഉടനേ രാമചന്ദ്രൻ

“കൂട്ടമൊരുമിച്ചു നില്പിനെല്ലാവരും
കോട്ടയഴിപ്പിൻ; കിടങ്ങു തൂർത്തീടുവിൻ”

എന്നു് ആജ്ഞ നൽകി. അതനുസരിച്ചു്, ‘അർക്കജനാദിയായ കപിപ്രവീരരും’ ‘രക്ഷോവരരും വിഭീഷണവീരനും’ ‘ഇക്ഷ്വാകുവംശപരിവൃഢസേനയും’ ‘മായാപുരമതിലും കിടങ്ങും തർത്തു്’ ആയോധനത്തിനടുത്തു.

എഴുത്തച്ഛന്റെ യുദ്ധവർണ്ണന വായിച്ചാൽ യുദ്ധം നമ്മുടെ മുമ്പിൽ നടക്കുന്നോ എന്നു തോന്നും. യുദ്ധരംഗത്തിലേ ശബ്ദകോലാഹലങ്ങളും ആർത്തനാദവും എല്ലാം നമുക്കു കേൾക്കാം. എന്നാൽ ഈ വർണ്ണന നോക്കുക.

“ശാസ്ത്രങ്ങളസ്ത്രങ്ങൾ, നാരായപങ്ക്തികൾ,
മുൾത്തടി, ശൂലം, മുസലം, ഗദകളും,
ഭാണ്ഡങ്ങൾ, വാളും, ചുരിക, കുടുത്തില,
ഭിണ്ഡിപാലങ്ങൾ, പരിഘങ്ങ, ളീട്ടികൾ,
ശക്തിയും, ചക്രവും, വെണ്മഴു, വീർച്ചവാൾ
കൈക്കത്തിയും, കന്നക്കത്തിയും, ചോട്ടയും,
കുന്തം, കുറിയവാൾ, ചന്തമേറും പീലി-
ക്കുന്തം, ചവിളം, ചരട്ടുകുന്തങ്ങളും,
കൈക്കൊണ്ടടുത്തു തൂകിത്തുടങ്ങിനാർ”

ഇങ്ങനെ രണ്ടുമാസം യുദ്ധം നടന്നതിനുശേഷമാണു് ശതമുഖൻ പോരിനിറങ്ങിയതു്. രാവണന്റെ വരവു കണ്ടപ്പോൾ, ഹനുമാൻ വിസ്മതനായ രാമചന്ദ്രനോടു്,

“ചിന്തയുണ്ടാകൊലാ കാരുണ്യവാരിധേ!
ചിന്തയാകുന്നതു കാര്യവിനാശിനി
കിന്തയാ ചിന്തയാ യന്മയാ ഹന്തവ്യ-
നന്തരമില്ല ശതാനനൻ ഭൂപതേ”

എന്നു പറഞ്ഞുവത്രേ. രാമചന്ദ്രനുപോലും ഭീതി പ്രദനായിരുന്ന രാവണന്റെ വരവിനെ എഴുത്തച്ഛൻ വർണ്ണിച്ചു കേട്ടാൽ, ശ്രോതാക്കൾക്കും ഭയം ജനിക്കാതിരിക്കയില്ല. ഇവിടെയാകട്ടെ,

“ശതവക്ത്രൻ മഹാബലൻ
നൂറായിരം യോജനോന്നതമുള്ളവൻ
നൂറായിരം തലയുമിരുന്നൂറു കൈയുമായ്
തന്നുടെ സേനാപതികളും സേനയും
മത്തമായ്വന്നതറിഞ്ഞു കോപിച്ചുടൻ
സന്നദ്ധമായ് പുറപ്പെട്ടു രണത്തിനായ്”

എന്നാണു് വർണ്ണിച്ചിരിക്കുന്നതു്. എലിയെപ്പിടിക്കാനായി കൊറ്റിപ്പൂച്ച എഴുന്നള്ളുമ്പോൾ ഇതിനേക്കാളും ശബ്ദമുണ്ടായേക്കും. പോരെങ്കിൽ അതിനിടയ്ക്കു ‘യോജനോന്നതമുള്ളവൻ’ എന്നൊരു അബദ്ധപ്രയോഗവും കടന്നുകൂടിയിരിക്കുന്നു. എല്ലാറ്റിനും പുറമേ, രാമനു ഭയം ജനിച്ചതായി എഴുത്തച്ഛൻ പറയുകയോ? ലോകത്തിൽ മറ്റാരെല്ലാം അങ്ങനെ പറഞ്ഞാലും, എഴുത്തച്ഛനും തുളസിയും വ്യംഗഭംഗിയിൽപോലും അങ്ങനെ പറയുകയില്ലെന്നു തീർച്ചയാണു്.

ഹനൂമാൻ ഇപ്രകാരം പറഞ്ഞിട്ടു്, ‘മധ്യാഹ്നമാർത്താണ്ഡമണ്ഡല’തുല്യമാം വക്ത്രവും മേരുസമാനശരീരവും കൈക്കൊണ്ടു് അസ്തഭീത്യാരുഷാ’ സഞ്ചരിച്ചു. ഇതിനോടുകൂടി ദ്വിതീയപാദം അവസാനിക്കുന്നു.

ഹനുമാനും രാവണനുമായിട്ടാണു് പിന്നീടു് യുദ്ധമുണ്ടായതു്.

“കരികളഭകരസദൃശകരയുഗളശോഭയും
കാഠിന്യമേറുന്ന ദംഷ്ട്രാകരാളവും
തരുണരവികിരണരുചി സമരുചിരകാന്തിയും
താരകാകാരഹൃദയസരോജവും
കനകഗിരിശിഖരുചിസമഗുരു കിരീടവും
കാലാനലാഭായും കാണായിതന്തികേ.”

എന്നിങ്ങനെ താരകബ്രഹ്മവർണ്ണനയോടുകൂടി രണ്ടാംപാദം ആരംഭിക്കുന്നു. പവനതനയനെ അടുത്തു കണ്ടപ്പോൾ ശതാനനുപോലും വിസ്മയം തോന്നിപ്പോയത്രേ. എന്നു മാത്രമല്ല ഹനൂമാന്റെ ഒരു താഡനമേറ്റ മാത്രയ്ക്കു് അയാൾക്കു് മോഹാലസ്യവും വന്നുപോയി. അങ്ങനെ അയാൾ അർദ്ധപ്രഹരം കിടന്നിട്ടു് ഒടുവിൽ ഉണരുകയും ഹനൂമാനെ മാനിച്ചു വാഴ്ത്തുകയും ചെയ്തു. എന്നാൽ പിന്നീടുള്ള ബലപരീക്ഷയിൽ, രാവണൻ ഹനൂമാന്റെ നേർക്കു ശൂലം പ്രയോഗിക്കയും അതുകൊണ്ടു അദ്ദേഹം മോഹിച്ചു നിലംപതിക്കയുമാണുണ്ടായതു്.

“പതിതമഥ പവനസുതമമിതബലമീർഷയാ
പാദങ്ങൾകൊണ്ടു ചവിട്ടിനാൻ പിന്നെയും.
ശുഭചരിതനനിലസുതനമിതബലനാധിപൂ-
ണ്ടയ്യോ ശിവ ശിവ! എന്നുമാൽ തേടിനാൻ.”

ഇങ്ങനെ പതിതനായ ഹനൂമാൻ.

“വാസുദേവായ ശാന്തായ രാമായ തേ
വാസവമുഖ്യവന്ദ്യായ നമോ നമഃ
പ്രദ്യുമ്നായാനിരുദ്ധായ ഭരതായ
ധന്വിനേ സംകർഷണായ രുദ്രായ തേ
ശ്രീലക്ഷ്മണായ മഹാത്മനേ സത്വായ
ശ്രീരാഘവായ ശത്രുഘ്നായ തേ നമഃ
നിർമ്മലായാക്ലിഷ്ടകർമ്മണേ ബ്രഹ്മണേ
നിർമ്മമായാഖിലാധാരായ തേ നമഃ
അച്യുതായാനന്ദരൂപായ രാമായ
സച്ചിൽസ്വരൂപായ സത്യായ തേ നമഃ”

എന്ന സ്തോത്രം ചൊല്ലി സ്തുതിച്ചു് ഭഗവാനെ ധ്യാനിച്ചു.

“പാവനനാകിയ പാർവതിതന്നുടെ
ഭാവനയാലേ തെളിഞ്ഞു വിളങ്ങിനാൻ.”

അക്കാലത്തും പ്രദ്യുമ്നാദികളും സങ്കർഷണനുമൊക്കെ ഉണ്ടായിരുന്നോ എന്തോ? പക്ഷേ ആ പദങ്ങൾക്കു വിഷ്ണുപരമായ അർത്ഥങ്ങൾ പറയാവുന്നതാണെന്നൊരു സമാധനമുണ്ടു്.

പിന്നീടുണ്ടായ യുദ്ധം രാമചന്ദ്രനുമായിട്ടാണു്. ശതമുഖൻ, ‘കരകമലധൃതവിശിഖചാപനാം രാഘവനെ’ കണ്ടപ്പോൾ, ക്രോധം മുഴുത്തു്,

“ജ്വലദനലതുലിതശതവദനസഹിതം മുദാ
ജ്യാനാദവും സിംഹനാദവും ചെയ്തുടൻ.”

പരമപുരുഷനോടു് രണംതുടങ്ങി.

“ദശവദനസഹജനും അരുണപുത്രനും ദാനവ പാദപ്രഹര”മേറ്റു് ലങ്കാപുരദ്വാരത്തിൽ ചെന്നു വീണുപോയി. ഹനൂമാൻ അതുകൊണ്ടു് തന്റെ വാൽ നീട്ടികൊടുത്തു. എന്നാൽ,

“അജിതനഥ ജിതപവനനനിലസുതനാദരാ-
ലാജ്യമദ്യേക്ഷുലവണാംബുധികളും
ഗിരിഗഹന നഗനഗരനദനദികൾ ചേർന്നെഴും
ക്രൌഞ്ചകുശപ്ലക്ഷജംബുദ്വീപങ്ങളും
ഘനഘടിതപവന ലഘുമാർഗ്ഗേണ നീണ്ടവാൽ”

കണ്ടിട്ടു്, സുഗ്രീവനും വിഭീഷണനും അതിനെ അവലംബിച്ചു് തിരിച്ചുപോന്നു. പിന്നീടും കപികൾ യുദ്ധംചെയ്തുവെങ്കിലും, ‘അങ്ങുമിങ്ങും ചെന്നു പതിച്ചീടിനാരേവരും.’ അതിനുശേഷം, “അസുരകുലപതി ചരണപരിപതനഭീതികൊണ്ടു്” അവരാരും യുദ്ധാങ്കണത്തിൽ എതിരിടാതെയായി. രാമസഹോദരന്മാർ മാത്രം നാലു മാസകാലം യുദ്ധം ചെയ്തതിന്റെ ഫലമായി കാലകേയാദികളെല്ലാം കാലാലയം പ്രാപിച്ചു. ഒടുവിൽ അവരും ക്ഷീണിച്ചു. ‘അമിതപരവശത’യോടു നിലംപതിച്ചു. പിന്നീടു് ‘താരകബ്രഹ്മരൂപനായ രാമചന്ദ്രൻ’ രാക്ഷസനോടേറ്റു. എന്നാൽ ദീർഘകാലം പൊരുതിട്ടും രാവണനെ കൊല്ലാൻ സാധിയ്ക്കായ്കയാൽ കാർമുകത്തെ ‘ജനകമകൾ’ കൈയിൽ കൊടുത്തിട്ടു്,

“ദശവദനമതിചതുരമുരുഭയദസംഗരേ
ദണ്ഡമൊഴിഞ്ഞു ഞാൻ കൊന്നേൻ പ്രിയതമേ!
വിബുധപരിജിതമരിയ ദശമുഖതനൂജനെ
വീരനാംസൌമിത്രി കൊന്നൂ ജിതശ്രമം
മധുതനയമമിതബലമപി ലവണനെത്തഥ,
മാനിയാം ശത്രുഘ്നനും വധിച്ചീടിനാൻ
ഗഗനചരപരിവൃഢരൊടധിരണമനന്തരം
ഗന്ധർവവീരരെക്കൊന്നു ഭരതനും.
ശതവദനനിവരിലുമധികബലവാനികം
ശാരദാംഭോജവക്ത്രേ! വധിച്ചീടു നീ.
നിഹതനിവനിഹ സമരഭുവി ഭവതിയാലതു
നിശ്ചയം, യുദ്ധം തുടങ്ങു നീ വല്ലഭേ!”

എന്നു അരുളിച്ചെയ്തു. അതുകേട്ടു്, ‘ദേവി താരകബ്രഹ്മസംജ്ഞം രാമനാമകം കരളിലുറപ്പിച്ചുകൊണ്ടു് ഒരു ശരം പ്രയോഗിച്ചു. തത്സമയം,

“അയുതരവികിരണരുചിതടവിനശരം ദ്രുത-
മാഹന്തകൊണ്ടുവീണൂ ശതവക്ത്രനും.
കമലമകളതു പൊഴുതുനിജപതിപുരോഭുവി
കാളരാത്രീവ നിന്നീടിനാളശ്രമം
ലവണജലനിധി കലശകർണ്ണപാതേയഥാ
ലാഘവംകൈക്കൊണ്ടു പൊങ്ങീപുരോ; തഥാ
ദധിജലധി ശതവദനപതനസമയേചെന്നു
ദേവലോകത്തു വൃത്താന്തമറിയിച്ചു.
യുവതികളൊടമിതസുഖമദിതിതനയൌഘവു-
മുണ്ടായ സന്തോഷവിസ്മയം ചൊല്ലിനാർ
വിബുധതരുവരകുസുമവൃഷ്ടിയുംപെയ്തിതു
വിദ്യാധരാദികളത്യാദരാത്മനാ
മനുജപരിവൃഢ ജനകദുഹിതൃമരുദാത്മജ-
ന്മാരുടെ മൂർദ്ധനി സാദ്ധ്യസിദ്ധ്യാ മുദാ.
ദശവദനശമനവചനേന ചാപാസ്ത്രങ്ങൾ
ദേവി സൌമിത്രി കൈയ്യിൽ കൊടുത്തീടിനാൾ.
ദശവദനസഹജസമരജനിചര വൃന്ദവും
ദേവേന്ദ്രപുത്രാനുജാദികപികളും
അതിവിനയമൊടു ഭരതനവരജന്മാരുമാ
യാനന്ദരൂപിണിയെത്തൊഴുതീടിനാർ.
മുഹുരപിച മുഹുരപിചപരമഹർഷംപൂണ്ടു
മൂലപ്രകൃതിയെ വന്ദിച്ചിതേവരും”

രാമചന്ദ്രൻ ദേവിയ്ക്കു് രത്നമയമായി തന്റെ ഹാരം സമ്മാനിച്ചു. ദേവി ക്ഷണനേരം ആലോചിച്ചിട്ടു്,

“നിജരമണവദനസരസീരുഹമനന്തരം
നിർമ്മലഹാരവും മാരുതിവക്ത്രവും”

കണ്ടു് ‘ഉടമയൊടുമുടനുടനെയിടകലരെ നോക്കി’. ഇംഗിതജ്ഞനായ ഭഗവാൻ

“വിമലതരശശിമുഖി! തവാന്തർഗതത്തിന്നു
വിഘ്നംവരുത്തുവാനാരുമില്ലത്രേ കേൾ.
തവ ഹൃദയനിഹിതമിഹ കുരു കുരു യഥേപ്സിതം
തൻകാര്യമിപ്രപഞ്ചത്തിനു സമ്മതം”

എന്നു അരുളിച്ചെയ്കയാൽ, സീതാദേവി ഹനൂമാനെ വിളിച്ചു് ആ ഹാരത്തെ അദ്ദേഹത്തിനു നൽകി. അദ്ദേഹം അതു ധരിച്ചുകൊണ്ടു് ആനന്ദമൂർത്തിയെ താണു വണങ്ങി. ഇവിടെ മൂന്നാം പാദം അവസാനിക്കുന്നു.

നാലാംപാദം ഉപസംഹാരമാണു്. വിണ്ണവരെല്ലാവേരുകൂടി ‘താരകാധീശകുലശേഖര’നായ മഹേശ്വരനെ കാണുന്നതും പരമേശ്വരൻ പാർവതീസഹിതനായി രാമചന്ദ്രനെ സന്ദർശിക്കുന്നതും ഭഗവാൻ ശങ്കരപ്രീത്യർത്ഥം വിശ്വരൂപം കാട്ടികൊടുക്കുന്നതും മറ്റുമാണു് അതിൽ സംഗ്രഹിച്ചിരിക്കുന്നതു്.

ആകപ്പാടെ നോക്കുമ്പോൾ കവിത ഒരുവിധം നന്നായിട്ടുണ്ടു്. ഇതു മൂലകൃതിയുടെ ഒരു സ്വതന്ത്ര വിവർത്തനമാകുന്നു. ചില അനൌചിത്യങ്ങളും, അബദ്ധപ്രയോഗങ്ങളും, എഴുത്തച്ഛന്റെ കൃതികളിലെല്ലാം ഒരുപോലെ കാണുന്ന ഗാംഭീര്യത്തിന്റെ അഭാവവും മാത്രമാണു്. ഇതു അദ്ദേഹത്തിന്റെ കൃതി ആയിരിക്കുമോ എന്നുള്ള വിഷയത്തിൽ സംശയം ജനിപ്പിക്കുന്നതു്. ഉപരിലക്ഷ്യങ്ങൾ കിട്ടുന്നതുവരെ നമുക്കു് ഖണ്ഡിതമായ ഒരു അഭിപ്രായവും പറവാൻ തരമില്ല എന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു.

ശിവപുരാണം

ശിവപുരാണം എഴുത്തച്ഛകൃതിയല്ലെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെട്ടുതുടങ്ങീട്ടു് കുറച്ചുകാലം ആയി. പ്രഥമവായനയിൽതന്നെ, അതു അദ്ദേഹത്തിന്റെ കൃതിയായിരിക്കില്ലെന്നുള്ള ബോധം ആർക്കും ഉണ്ടാവാതിരിക്കയില്ല. ഒന്നാമതായി എഴുത്തച്ഛൻ മറ്റുകൃതികളെയെല്ലാം കിളിയെക്കൊണ്ടു പാടിച്ചിരിക്കെ ശിവപുരാണത്തിൽ മാത്രം അങ്ങനെ കാണാത്തതു സംശയജനകമായിരിക്കുന്നു. രണ്ടാമതായി ഉമേശാനവ്രതമാഹാത്മ്യം, ശംബരമാഹാത്മ്യം, രുദ്രാക്ഷമാഹാത്മ്യം ഇവയുടെ അവസാനത്തിൽ മനക്കോട്ടച്ഛനെ പ്രശംസിച്ചുകാണുന്നുണ്ടു്. എഴുത്തച്ഛൻ മറ്റൊരിടത്തും നരസ്തുതിയ്ക്കു് സ്ഥലം അനുവദിച്ചിട്ടില്ലാത്ത സ്ഥിതിക്കു് ഈ കൃതി അദ്ദേഹത്തിന്റെതല്ലെന്നു് ന്യായമായി വാദിക്കാവുന്നതാണു്. പ്രസ്തുത സ്തുതികളിൽ കാണുന്ന മനഃസ്ഥിതി എഴുത്തച്ഛനു് ഒരിക്കലും ഉണ്ടായിരുന്നിരിക്കയില്ല.

“ചന്ദ്രചൂഡപ്രസാദത്തെച്ചന്തമോടെ ലഭിക്കുന്ന
ചന്ദ്രബിംബസമാനൻ വീരൻ മനക്കോട്ടുബാലരാമൻ
നന്ദിപൂണ്ടു ചിരകാലം നാടുവാണു വസിക്കേണം” ഉമേശാനവ്രതം.
“ചൊല്ലെഴുന്ന മനക്കോട്ടുമേവിടും ബാലരാമൻതാൻ
നല്ലസൌഭാഗ്യവാനാകും നായകൻ നാരിമാർക്കിഷ്ടൻ
മുല്ലബാണാരിയേച്ചിത്തേ ചേർത്തുകൊണ്ടു വസിക്കുന്നോൻ
വല്ലഭമോടനേകം നാൾവാണുകൊണ്ടു വിളങ്ങേണം.” ശംബരമാഹാത്മ്യം.
“മനക്കോടുവാഴും മഹാമാനശാലി
മാനക്കാമ്പിലേറ്റം കൃപാവാരിരാശി
ഇനിക്കാശ്രയം ബാലരാമാഭിധാനൻ
നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ.” രുദ്രാക്ഷമാഹാത്മ്യം.

ഈ തെളിവുകളെ വകവയ്ക്കാതെ ഇരുന്നാലും പിന്നെയും സംശയത്തിനു ധാരാളം വഴി കാണുന്നു. എഴുത്തച്ഛന്റെ വൃത്തബന്ധത്തിനുള്ള പ്രൌഢഗംഭീരമായ ഗതി ശിവപുരാണത്തിലെ വൃത്തബന്ധത്തിനു കാണുന്നതേ ഇല്ല. നേരെ മറിച്ചു് ശിവപുരാണത്തിലെ വൃത്തങ്ങൾ തുള്ളൽ വൃത്തങ്ങൾപോലെ തുള്ളിക്കുതിച്ചുകൊണ്ടിരിക്കുന്നു.

“മഹാദേവൻ ജഗൽകർത്താ മഹാദേവൻ ജഗൽഭർത്താ
മഹാദേവൻ ജഗദ്ധർത്താ മഹാദേവൻ ജഗത്സർവം
… … …
ഫലിക്കും ശ്രദ്ധയാചെയ്യും തപസ്സും നിഷ്ഠയുംനിത്യം
ജ്വലിക്കും കാന്തിയുംപിന്നെസ്സമസ്തഭ്രാന്തിയും തീരും.
ശമിക്കും സർവസന്താപം ഗമിക്കും രാഗദോഷങ്ങൾ
രമിക്കും മാനസഭക്ത്യാ നമിക്കും മാനുഷന്മാർക്കും
യമിക്കും ഭക്തിയില്ലാഞ്ഞാൽ ഭ്രമിക്കും ചിത്തമെന്നോർപ്പിൻ.
വിടന്മാരും ഭടന്മാരും ജടന്മാരും ശഠന്മാരും
നടന്മാരും ദ്വിജന്മാരും ഭുജോരുപാദജന്മാരും
ശ്വപചന്മാർ കിരാതന്മാരവർക്കെല്ലാം സമംതന്നെ
കപാലശ്രീപദാംഭോജം പണികൊണ്ടേ ലഭിച്ചീടൂ”
“സൂര്യദേവനുദിക്കുമ്പോൾ ജലംകൂടിദ്ധരിക്കേണം
സൂര്യനങ്ങസ്തമിക്കുമ്പോൾ ജലംകൂടാതെയും വേണം.
… … …
പുത്രസൌഖ്യം മിത്രയോഗം ദ്രവ്യലാഭം ദീർഘഭോഗം
ഗാത്രസൌഖ്യം കീർത്തിലാഭം മുക്തിയും സിദ്ധമാം നൂനം”
[55] “ചാർക്കുംപലതരം വാക്കുംഭയപ്പെട്ടു
നോക്കുംപിടിച്ചുന്തിനീക്കും വിധങ്ങളും
ഏൾക്കുംചിലർചെന്നു തോൽക്കുംചിലർചെന്നു
കൂടുംചിലർനിന്നു പാടും പടജ്ജനം
വീടുംഭരിച്ചങ്ങു കൂടുന്നഭീരുക്ക-
ളോടും ചിലരടുത്തീടും പിണങ്ങുവാൻ.
നാടുംനഗരവും തോടുംപുഴകളും
കാടുംപൊടികൊണ്ടു മൂടുന്നുതൽക്ഷണം.”

ഇങ്ങനെ ഈ ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ വൃത്തങ്ങൾക്കും തുള്ളൽ വൃത്തങ്ങളോടുള്ള സാദൃശ്യം പ്രകടമാണു്.

എഴുത്തച്ഛന്റെ ശൈലിയും ഈ ഗ്രന്ഥത്തിൽ സർവത്രാദൃഷ്ടമായിരിക്കുന്നു. ഈശ്വരനാമം ഉച്ചരിക്കേണ്ടി വരുന്നിടത്തെല്ലാം നിത്യൻ, നിരാമയൻ, നിർവികല്പൻ ഇത്യാദി ഭഗവദ് ഗുണവർണ്ണനം, കൂടിച്ചെയ്യാതെ അദ്ദേഹം വിടുകയില്ല. രണ്ടാമതായി അദ്ദേഹത്തിനു എല്ലാ രസങ്ങളേയും തത്തദ്രസാനുഗുണമായ പദങ്ങൾകൊണ്ടു് പ്രതിപാദിപ്പാൻ ശക്തിയുണ്ടു്. മിതമായ വാക്കുകളാൽ സജീവചിത്രങ്ങൾ രചിക്കുന്നതിനും അദ്ദേഹത്തിനു കഴിയും. ഈ ഗുണങ്ങളൊന്നും ശിവപുരാണത്തിനില്ലെന്നു പറയേണ്ടിയിരിക്കുന്നു. പ്രകൃതകൃതിയിലെ സ്ത്രീവർണ്ണനകൾ നോക്കുക. നമ്പ്യാരെപ്പോലെ ഈ കവിയും സ്ത്രീകളിൽ ചില അവയവങ്ങളുടെ സമീചീനമായ സന്നിവേശമല്ലാതെ ചൈതന്യമെന്നൊന്നു ഉള്ളതായി കാണുന്നില്ല.

ഇവയ്ക്കെല്ലാറ്റിനും പുറമേ ശിവപുരാണത്തിലെ ചില ഭാഗങ്ങൾക്കു നമ്പ്യാരുടെ കൃതികളോടു അത്ഭുതാവഹമായ സാദൃശ്യങ്ങളും കാണ്മാനുണ്ടു്. അവയിൽ ചിലതു മാത്രം ചൂണ്ടികാണിക്കാം.

“രണ്ടുപണം കൈയ്യിലുള്ള പുരുഷനെ
ക്കണ്ടാലയക്കയില്ലിന്ദീവരാക്ഷിമാർ”

ഈ ആശയം തുള്ളലുകളിൽ പലേടത്തും കാണ്മാനുണ്ടു്.

“വിദ്വാൻവിവേകീ വിനീതൻ വിശുദ്ധിമാൻ
വിദ്വേഷ്യഭീഷണൻ വീരൻ വിശാംപതി” ശിവപുരാണം.
“…വീരൻ വിശാംപതി
ധീരൻ ജഗത്ത്രയസാരൻ ഗുണാകരൻ
വിദ്വാൻ വിനീതൻ വിശാലവിലോചനൻ
വിദ്യോതമാനൻ വിദഗ്ദ്ധൻ വിമത്സരൻ” നളചരിതം.
“പുഞ്ചിരിക്കൊഞ്ചലും കണ്മയക്കങ്ങളും
നെഞ്ചിൽതറച്ചാലൊഴിച്ചുകൊൾവാൻപണി.
ചില്ലീവിലാസവും നല്ലോരുഹാസവും
സല്ലാപസൌജന്യ കല്യാണലീലയും
എല്ലാംനിരൂപിച്ചു മല്ലാക്ഷിമാരുടെ
വല്ലാത്തകൺമുനത്തല്ലാൽവശംകെടും.” ശിവപുരാണം.
“നല്ലോരുഹാസവും ചില്ലീവിലാസവും
കല്ലോലിതങ്ങളാം തല്ലോചനങ്ങളും
ഫുല്ലാംബുജപ്രൌഢിവെല്ലും മുഖാബ്ജവും
സല്ലാപഭംഗിയും ചൊല്ലേറുമാകാര
പല്ലവാംഭോജവും നല്ലസൌന്ദര്യവും” (ഇത്യാദി) നളചരിതം.

ഈ സാദൃശ്യങ്ങൾ തുച്ഛങ്ങളാണെങ്കിൽ ഇനിയും നോക്കുക.

“ഊട്ടിനുപുറപ്പെട്ട കൂട്ടമെന്നുറച്ചവൾ
പെട്ടെന്നുപുറപ്പെട്ടു വടിയും കുത്തികുത്തി”
“അടിച്ചു പൽപൊഴിക്കേണം ചെവിചെത്തീട്ടയക്കേണം
മുടിയൊക്കെച്ചിരച്ചഞ്ചും കുടുമ്മവച്ചയക്കേണം.
മുടിപ്പാനിങ്ങനെ വന്നുപിറന്നുള്ള സ്വരൂപത്തെ”
“കുതിരകളുമൊരുമകളുമനവധി ഖരങ്ങളും
കൂടെഗ്ഗമിക്കുന്ന ചെട്ടികോമട്ടികൾ”

ഇവയ്ക്കു തുള്ളൽപ്പാട്ടുകളോടുള്ള സോദര്യമെന്നപോലെ എഴുത്തച്ഛന്റെ രീതിയിൽനിന്നുള്ള വൈദൂര്യവും പ്രകടമായിരിക്കുന്നു. ഇതുകൊണ്ടും പോരെന്നു വരികിൽ,

“രാജസേവയ്ക്കു നടന്നുകൊൾവാൻമാത്ര-
മോജസ്സുമിച്ഛയുമില്ല ഞങ്ങൾക്കെടോ
അയ്യോ! മഹാദുഃഖമർത്ഥവാന്മാരുടെ
ശയ്യാഗൃഹദ്വാരിചെന്നു നില്ക്കുന്നതും”
“സ്ത്രീകൾക്കു സർവാധികാരംകൊടുക്കുന്ന
മൂഢപ്രഭുക്കളുമന്നില്ല ഭൂതലേ
നാരിയെച്ചൊല്ലി ഗൃഹംമുടിച്ചീടുന്ന
നീരസപൂരുഷന്മാരുമില്ലെങ്ങുമേ.”
“ദ്രവ്യംകൊതിക്കയാലിഷ്ടം കഥിക്കുന്ന
ദിവ്യൻ മഹാസമക്ഷത്തു നാണംകെടും ദൃഢം,
തന്നിഷ്ടമോതുന്ന ദുഷ്ടർക്കു നല്കുവാൻ
മന്നവർക്കു വിചാരമില്ലേതുമേ.”

ഇത്യാദി ഭാഗങ്ങളിലും നമ്പ്യാരുടെ ശൈലി തെളിഞ്ഞുകാണാം. സർവോപരി

“ജ്യോതിഷക്കാരനും മന്ത്രവാദിക്കുമ-
ച്ചാതുര്യമേറുന്ന വൈദ്യനും വേശ്യർക്കും
ഏതും മടിക്കാതെ വേണ്ടതു നല്കുവാൻ
ഭൂതലസ്വാമികൾക്കില്ലൊരു സംശയം
മറ്റുള്ള ശാസ്ത്രങ്ങളെല്ലാം പണിപ്പെട്ടു
പറ്റിച്ചുകൊണ്ടു നടക്കുന്ന ഭോഷനു
കൊറ്റുമാത്രം പോലുമെങ്ങും കഴിവരാ
മറ്റുള്ള സംസാരമെന്തു ചിന്തിപ്പതും?”

ഈ ഭാഗം ശിവപുരാണത്തിലും ഹരിണീസ്വയംവരം ശീതങ്കനിലും കാണുന്നുമുണ്ടു്. ഭൂതലസ്വാമികൾ എന്ന സ്ഥാനത്തു ‘ഭൂതലവാസികൾ’ എന്നൊരു മാറ്റം മാത്രമേ തുള്ളലിൽ വരുത്തീട്ടുള്ളു. (തുള്ളൽ പാട്ടുകൾ ൩൯൨-ാം വശം നോക്കുക)

ഇത്തരം പലേ ലക്ഷ്യങ്ങൾ ഇരിക്കുന്നതിനാൽ പ്രകൃതകൃതി എഴുത്തച്ഛന്റെ വകയല്ലെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു.

അധ്യാത്മരാമായണം

മലയാളികളുടെ ഇടയ്ക്കു് കുടിൽമുതൽ കൊട്ടാരംവരെ പ്രവേശമുള്ള ഏകഗ്രന്ഥം അധ്യാത്മരാമായണമാകുന്നു. മറ്റെല്ലാഭാഷകളിലും വാല്മീകിരാമായണം ഭാഷാന്തരം ചെയ്വാൻ മഹാകവികൾ ശ്രമിക്കേ, എഴുത്തച്ഛൻ അധ്യാത്മരാമായണതർജ്ജമയ്ക്കൊരുങ്ങിയതെന്തുകൊണ്ടാണെന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ സംഗതിയേപ്പറ്റി ഒരു ഐതിഹ്യവുമുണ്ടു്. ഒരു ബ്രാഹ്മണൻ, അധ്യാത്മരാമായണം രചിച്ചിട്ടു്, അതിനേ കഴിയുന്നത്ര പ്രചരിപ്പിക്കുന്നതിനു ശ്രമിച്ചുവത്രേ. എന്നാൽ ആദികവിയായ ശ്രീ വാല്മാകി മഹർഷിയുടെ ബഹിരന്തഃസ്ഫുരദ്രസവത്തായ രാമായണം ഇരിക്കേ ഈ കൃതിക്കു് എങ്ങനെ പ്രചാരം ലഭിക്കുന്നു? ആ കവികുലത്തരചന്റെ വാങ്മയം ആസ്വദിച്ചിട്ടുള്ളവർക്കുണ്ടോ മറ്റു രാമായണം രുചിക്കുന്നു! അതുകൊണ്ടു് ഭഗ്നാശനായ ബ്രാഹ്മണൻ ദുഃഖിതനായി സഞ്ചരിക്കവേ, ഒരു ഗന്ധർവനെ കണ്ടുമുട്ടുകയും അദ്ദേഹം പ്രച്ഛന്നവേഷനായി നടന്ന ഒരു ബ്രാഹ്മണനെ ചൂണ്ടിക്കാണിച്ചിട്ടു്, ആ മഹാത്മാവിനോടു സങ്കടം പറഞ്ഞാൽ, കാര്യസാധ്യം വരുമെന്നു ഉപദേശിക്കുയും ചെയ്തുപോലും. ഇങ്ങനെ തന്റെ ഉദ്ദേശ്യത്തിനു വിപരീതമായി തന്നെ ചൂണ്ടിക്കാണിച്ചുകൊടുത്തതിനാൽ, കുപിതനായ വ്യാസൻ ‘നീ ശൂദ്രനായി ജനിക്ക’ എന്നു ഗന്ധർവനെ ശപിച്ചതായിട്ടാണു് കഥ. ഇപ്രകാരം ഒരു ഐതിഹ്യം എഴുത്തച്ഛനെ അധ്യാത്മരാമായണത്തോടു് അഭേദ്യമായ വിധത്തിൽ ബന്ധിച്ചിരിക്കുന്നു. ഇത്തരം വേറേ കഥകളും വളരെയുണ്ടെങ്കിലും, അവയെക്കൊണ്ടു് നമുക്കു് ഒരു പ്രയോജനവുമില്ല. വിശ്വസിക്കുന്നവർ വിശ്വസിച്ചുകൊള്ളട്ടെ.

അധ്യാത്മരാമായണം കേവലം ഒരു ഭാഷാന്തരീകരണമല്ലെന്നു് ഇതിനുപരിചെയ്യുന്ന വിചാരണയിൽനിന്നു തെളിയും. അപൂർവവാസനാബലത്തോടുകൂടാത്ത ഒരു കവിയ്ക്കു് ഇത്ര മനോഹരമായ കാവ്യം രചിക്കാൻ ഒരുകാലത്തും സാധിക്കയില്ല. എല്ലാഭാഗങ്ങളും കവിയുടെ മനോധർമ്മകുസുമത്തിന്റെ പരിമളധോരണിയാൽ ഘുമുഘുമിതമായിരിക്കുന്നു.

അധ്യാത്മരാമായണം മൂലത്തിലെ,

“യഃ പൃഥ്വീഭരവാരണായ ദിവിജൈഃ സമ്പ്രാർത്ഥിതശ്ചിന്മയഃ
സഞ്ജാതഃ പൃഥിവീതലേ രവികുലേ മായാമനുഷ്യോഽവ്യയഃ;
നിശ്ചക്രം ഹതരാക്ഷസഃ പുനരഗാദ് ബ്രഹ്മത്വമാദ്യം സ്ഥിരാം
കീർത്തിം പാപഹരാം വിധായ ജഗതാം താം ജാനകീശം ഭജേ.”

എന്ന പദ്യത്തിന്റെ ഭാഷാന്തരത്തോടുകൂടിയാണു് ഈ ഭാഷാഗാനം ആരംഭിക്കുന്നതു്. പ്രസ്തുതപദ്യത്തെ എഴുത്തച്ഛൻ തർജ്ജമചെയ്തിരിക്കുന്നതെങ്ങനെയെന്നു നോക്കുക.

“ധാത്രീഭാരത്തെത്തീർപ്പാൻ ബ്രഹ്മാദിദേവഗണം
പ്രാർത്ഥിച്ചു ഭക്തിപൂർവം സ്തോത്രം ചെയ്തതു മൂലം,
ദുഗ്ദ്ധാബ്ധിമധ്യേഭോഗിസത്തമനായീടുന്ന
മെത്തമേൽ യോഗനിദ്രചെയ്തീടും
ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്
ധാത്രീമണ്ഡലംതന്നിൽ മാർത്താണ്ഡകുലത്തിൽ
രാത്രിചാരികളായ രാവണാദികൾ തമ്മേ
മാർത്താണ്ഡപുരത്തേജപുരം പ്രാപിപ്പിച്ചോരു ശേഷം
ആദ്യമാം ബ്രഹ്മതത്വം പ്രാപിച്ച വേദാന്തവാക്യ-
വേദ്യനാം സീതാപതിശ്രീപദം വന്ദിക്കുന്നേൻ.”

ഈ തർജ്ജമയിൽ ‘കീർത്തിംപാപഹരാം വധായജഗതാം’ എന്ന അംശത്തെ വിട്ടുകളഞ്ഞിട്ടു് കീഴ്‌വരഞ്ഞിട്ടുള്ള ഭാഗങ്ങളെ കൂട്ടിയിരിക്കുന്നു.

മൂലം:
“പാർവത്യു വാച
നമോസ്തു തേ ദേവ! ജഗന്നിവാസ!
സർവാത്മദൃക് ത്വം പരമേശ്വരോഽസി
പൃച്ഛാമി തത്വം പുരുഷോത്തമസ്യ
സനാതനം ത്വം ച സനാതനോഽസി
ഗോപ്യം യദത്യന്തമനന്യവാച്യം
വദന്തി ഭക്തേഷു മഹാനുഭാവാഃ
തദപ്യഹോഽഹം തവ ദേവ! ഭക്തൊ
പ്രിയോഽസി മേ ത്വം വദ യത്തു പൃഷ്ടം.”
ഭാഷ:
“സർവാത്മാവായ നാഥ! പരമേശ്വരാ പോറ്റി!
സർവലോകാവാസ! സർവേശ്വര! മഹേശ്വര!
ശിവശങ്കര! ശരണാഗതജനപ്രിയ!
സർവദേവേശ! ജഗന്നായക കാരുണ്യാബ്ധേ!
അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
മെത്രയും മഹാനുഭാവന്മാരായുള്ള ജനം
ഭക്തിവിശ്വാസശുശ്രൂഷാദികൾ കാണുന്തോറും
ഭക്തന്മാർക്കുപദേശം ചെയ്തീടുമെന്നു കേൾപ്പൂ.
ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടി തന്നോ-
ടാകാങ്ക്ഷാപരവശ ചേതസാ ചോദിക്കുന്നു
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ
ശ്രീരാമദേവതത്വമുദേശിച്ചീടണം.”

ഈ ഭാഗം ഏറെക്കുറെ തർജ്ജമയിങ്ങന്നു. കഥാരംഭത്തിലേ ഉമാമഹേശ്വരസംവാദരൂപമായ സംക്ഷേപത്തെ എഴുത്തച്ഛൻ വളരെ സംക്ഷേപിച്ചു കളഞ്ഞുവെങ്കിലും, അതുകൊണ്ടു് അർത്ഥലോപമൊന്നും വന്നു പോയിട്ടില്ല. എന്നാൽ, അതിന്റെ പ്രാരംഭത്തിൽ ആധ്യാത്മികതത്വപ്രദർശനാർത്ഥം ചേർത്തിരിക്കുന്ന സീതാരാമമരുൽസുതസംവാദത്തെ അദ്ദേഹം മൂലത്തിലുള്ളതിൽ കവിഞ്ഞു വിസ്തരിച്ചിരിക്കുന്നതു് ഉചിതമായിട്ടുണ്ടെന്നു് ആരും സമ്മതിക്കും.

മൂലം:
“…പരിവൃതെ വസിഷ്ഠാദ്യൈർമ്മഹാത്മഭിഃ;
സിംഹാസനേ സമാസീനഃ കോടിസൂര്യസമപ്രഭം”

എന്നതിനെ വിവർത്തനം ചെയ്തിരിക്കുന്നതു നോക്കുക:

“…വസിഷ്ഠാദികളാലും സേവിതനായ്
സൂര്യകോടി തുല്യതേജസാ ജഗൽശ്രാവ്യമാം രാമചരിതവും
കേട്ടുകേട്ടാനന്ദിച്ചു നിർമ്മലമണിലസൽകാഞ്ചന സിംഹാസനേ
തന്മായാദേവിയായ ജാനകിയോടുംകൂടി സാനന്ദമിരുന്നരുളീടുന്നേരം”

എന്നും,

മൂലം:
“ദൃഷ്ട്വാ തം ഹനൂമന്തം പ്രാഞ്ജലിം പുരതഃ സ്ഥിതം
കൃതകാര്യം നിരാകാംക്ഷം ജ്ഞാനാപേക്ഷം മഹാമതിം
രാമഃ സീതാമുവാചേദം ‘ബ്രൂഹി തത്വം ഹനൂമതേ!
നിഷ്ക്കന്മഷോയം ജ്ഞാനസ്യ പാത്രം തേ നിത്യഭക്തിമാൻ”

എന്ന പദ്യങ്ങളെ,

“വന്ദിച്ചു നില്ക്കുന്നേരം ഭക്തനാം ജഗൽപ്രാണ-
നന്ദനൻ തന്നെ ത്തൃക്കൺ പാർത്തു കാരുണ്യമൂർത്തി
മന്ദഹാസവും പൂണ്ടു സീതയോടരുൾചെയ്തു
സുന്ദരരൂപേ! ഹനൂമാനെ നീ കണ്ടായല്ലി!
നിന്നിലുമെന്നിലുമുണ്ടെല്ലാ നേരവുമവൻ
തന്നിലുള്ളഭേദയായുള്ളൊരു ഭക്തിനാഥേ!
ധന്യേ സന്തതം പരമാത്മജ്ഞാനത്തെയൊഴി
ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ
നിർമ്മലനാത്മജ്ഞാനത്തിന്നിവൻ പാത്രമത്രെ
നിർമ്മമൻ നിത്യബ്രഹ്മചാരികൾക്കു മുമ്പനല്ലോ.”

എന്നും ഭാഷാന്തരപ്പെടുത്തിയിരിക്കുന്നു. പാരദസ്പർശമാത്രയിൽ കൃഷ്ണലോഹംപോലും സ്വർണ്ണമാവുംപോലെ എഴുത്തച്ഛന്റെ മനോധർമ്മസ്പർശംകൊണ്ടു് മൂലത്തിലെ ശുഷ്കപദ്യങ്ങൾ എത്ര ഹൃദ്യമായിച്ചമഞ്ഞിരിക്കുന്നു. ഭക്തന്മാരോടു സംസാരിക്കുമ്പോൾ ഒരു മന്ദഹാസം ഭഗവന്മുഖത്തു കളിയാടിക്കൊണ്ടിരിക്കുമെന്നാണു് കവിയുടെ നിശ്ചയം. അതിനാൽ ഇങ്ങനെയുള്ള എല്ലാഘട്ടങ്ങളിലും ആ മന്ദഹാസത്തേപ്പറ്റി പ്രസ്താവിക്കാതിരിക്കയില്ല. ഭഗവാൻ കാരുണ്യമൂർത്തിയല്ലേ? തർജ്ജമ വായിക്കുമ്പോൾ, അവ കരുണയാൽ ഉള്ളം അഴിഞ്ഞു അരുളിച്ചെയ്ത വാക്കുകളല്ലെന്നു ആർക്കെങ്കിലും പറവാൻ ധൈര്യമുണ്ടാകുമോ? ഹനൂമാനെപ്പറ്റി രാമചന്ദ്രനെക്കൊണ്ടു്,

“നിന്നിലുമെന്നിലുമുണ്ടെല്ലോ നേരവുമവൻ
തന്നിലുള്ള ഭേദയായുള്ളൊരു ഭക്തിനാഥേ”

എന്നു പറയിക്കുന്നിടത്തു്, കവി തന്റെ മനഃസ്ഥിതിയേക്കൂടി അല്പം പ്രതിഫലിപ്പിച്ചിട്ടുണ്ടു്.

സീതയുടെ ഉപദേശത്തെ കവി ഒട്ടുംവിടാതെ ഭാഷാന്തരം ചെയ്തിട്ടുണ്ടെന്നു് മൂലഗ്രന്ഥത്തോടു ചേർത്തു വായിച്ചാലറിയാം.

മൂലം:
“രാമം വിദ്ധി പരം ബ്രഹ്മസച്ചിദാനന്ദമദ്വയം
സർവോപാധിവിനിർമ്മുക്തം സത്താമാത്രമഗോചരം
ആനന്ദം നിർമ്മലംനിത്യം നിർവികാരം നിരഞ്ജനം
സർവവ്യാപിനമാത്മാനം സ്വപ്രകാശമകല്മഷം.”
ഭാഷ:
“സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം
സർവോപാധിവിനിർമ്മുക്തം സത്താമാത്രം
നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
നിശ്ചയിച്ചാലുമുള്ളിൽ ശ്രീരാമദേവനേ നീ
നിർമ്മലം നിരഞ്ജനം നിർഗ്ഗുണം നിർവികാരം
സന്മയം ശാന്തം പരമാത്മാനം സദാനന്ദം
ജന്മനാശാദികമില്ലാതൊരു വസ്തുപര-
ബ്രഹ്മമിശ്ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ.
സർവകാരണം സർവവ്യാപിനം സർവാത്മാനം
സർവജ്ഞം സർവേശ്വരം സർവസാക്ഷിണം നിത്യം
സർവദാ സർവാധാരം സർവദേവതാമയം
നിർവികാരാത്മാ രാമദേവനെന്നറിഞ്ഞാലും.”
മൂലം:
“മാം വിദ്ധി മൂലപ്രകൃതിം സർഗ്ഗസ്ഥിത്യന്തകാരിണീം
തസ്യ സന്നിധിമാത്രേണ സൃജാമീദമതന്ദ്രിതം
തത്സാന്നിധ്യാന്മയാ സൃഷ്ടം തസ്മിന്നാരോപ്യതേ ബുധൈഃ.”
ഭാഷ:
“എന്നുടെ തത്വമിനിച്ചൊല്ലീടാമുള്ളവണ്ണം
നിന്നോടു ഞാൻ താൻ മൂലപ്രകൃതിയായതെടോ
എന്നുടെ പതിയായ പരമാത്മാവു തന്റെ
സന്നിധിമാത്രം കൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു
തത്സാന്നിദ്ധ്യം കൊണ്ടെന്നാൽ സൃഷ്ടമാമവയെല്ലാം
തത്സ്വരൂപത്തിങ്കലാക്കീടുന്ന ബുധജനം
തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു
തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ.”

അച്ചടിച്ച പ്രതികളിലെല്ലാം ‘ആക്കീടുന്നു ബുധജനം’ എന്നു കാണുന്നു. [56] അതിനെ ചിലർ ആ നിലയിൽതന്നേ വ്യാഖ്യാനിച്ചിട്ടുമുണ്ടു്. എന്നാൽ അതു പിശകാണെന്നു് പ്രത്യക്ഷത്തിൽ ആർക്കും കാണാവുന്നതാമു്. ഒന്നാമതായി ഇന്ദ്രിയഗോചരങ്ങളായ സർവവും കേവലം മായാസൃഷ്ടങ്ങളായിരിക്കേ, മൂഢന്മാരാണല്ലോ അതിനെ പരമാത്മാവിൽ ആരോപിക്കുന്നതു്. രണ്ടാമതായി കവി അടുത്ത വരിയിൽ തന്നെ അവരെ ‘അറിഞ്ഞവരോടു്’ താരതമ്യം ചെയ്തിരിക്കയും ചെയ്യുന്നു. ഈ പദ്യങ്ങളിലാണു് രാമായണത്തിന്റെ ശുദ്ധതത്വം ഇരിക്കുന്നതു്. രാമായണം വായിക്കുമ്പോൾ രാമനെ വെറും രാജാവായിട്ടും സീതയെ തദ്ഗൃഹിണിയായിട്ടും അല്ല നാം കാണേണ്ടതെന്നത്രേ ഇവിടെ സൂചിപ്പിച്ചിരിക്കുന്നതു്. മായാശബളനായ ഈശ്വരനിൽ മാത്രമേ ജഗദുപാദാനത്വവും നിമിത്തത്വവും ഉള്ളു.

“ജഗതസ്തദുപാദാനം മായാമാദായ താമസീം
നിമിത്തം ശുദ്ധസത്വാം താമുച്യതേ ബ്രഹ്മതദ് ഗിരാ”

എന്നാണല്ലോ അഭിയുക്തവചനം. വാല്മീകീയ രാമായണത്തിലും,

“സംക്ഷിപ്യേഹ പരാൻ ലോകാനേകസ്ത്വം മായയാ സഹ
ഭാര്യയാ ശുഭയാ ദേവ്യാ മാം ത്വം പൂർവമജീജനഃ”

എന്നിങ്ങനെ ദേവീഗതജഗൽസൃഷ്ടികർത്തൃത്വാദിയെ ഭഗവാനിൽ ആരോപിച്ചിട്ടുണ്ടു്.

“ഭൂമിയിൽ ദിനകരവംശത്തിലയോദ്ധ്യയിൽ
രാമനായ് സർവേശ്വര! ഞാൻ വന്നു പിറന്നതും”

ഇത്യാദി രാമാവതാരം മുതല്ക്കുള്ള കഥ പ്രകൃതപദ്യങ്ങളെ ഉദാഹരിക്കാനായിമാത്രം പറഞ്ഞിട്ടുള്ളതാണെന്നു സാരം. സീതാമരുൽസൂനു സംവാദത്തിന്റെ അവസാനത്തിൽ ഈ തത്ത്വത്തെ കുറേക്കൂടി വ്യക്തമാക്കീട്ടുണ്ടു്.

“ഏവമാദികളായ കർമ്മങ്ങൾ തന്റെ മായാ–ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം” എന്നു തൊട്ടു് “പരമാത്മാവാം മമ ഹൃദയം രഹസ്യം” എന്നതുവരെയുള്ള ഭാഗം നോക്കുക. അധ്യാത്മരാമായണം എന്ന പേരു പ്രകൃത ഗ്രന്ഥത്തിനു നൽകാനുള്ള കാരണത്തേയും കവി ഇവിടെ കാണിച്ചിരിക്കുന്നു.

പങ്ക്തികന്ധരപ്രമുഖന്മാരുടെ ഉപദ്രവം നിമിത്തം ദുഃഖിതയായ ഭൂദേവി ബ്രഹ്മാവിനോടു സങ്കടം പറയുന്നതും ബ്രഹ്മാവു് ദേവന്മാരോടും ഭൂമിയോടും കൂടി പാലാഴിയിൽ ചെല്ലുന്നതും മറ്റും പദാനുപദ തർജ്ജമ തന്നെയാണു്. ബ്രഹ്മാദിദേവന്മാർ ‘ഭാവനയോടുകൂടി’ പുരുഷസൂക്തംകൊണ്ടു് ദേവനെസ്സേവിച്ചപ്പോൾ,

[57] “…പതിനായിരമാദിത്യന്മാർ
ഒന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവൻ തനിയ്ക്കമ്പോടു കാണായ്വന്നു
പത്മലോചനനായ പത്മനാഭനെ മോദാൽ
മുഗ്ധന്മാരായുള്ള സിദ്ധയോഗികളാലും
ദുർദ്ദശമായ ഭഗവദ്രൂപം മനോഹരം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹരം
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം
വത്സലാഞ്ഛനവത്സം പാദപങ്കജഭക്ത-
വത്സലം സമസ്തലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യൽ കുണ്ഡലമുക്താ-
ഹാരകേയൂരാംഗദകടകകടി സൂത്ര-
വലയാംഗുലീയകാദ്യഖിലവിഭൂഷണ-
കലിതകളേബരം കമലാമനോഹരം
കരുണാകരം കണ്ടു് പരമാനന്ദം പൂണ്ടു
സരസീരുഹഭവന്മധുരസ്ഫുടാക്ഷരം
സരസപദങ്ങളാൽ സ്തുതിച്ചു തുടങ്ങിനാൻ.”

ഈ ഭാഗത്തെ മൂലത്തോടു സാദൃശ്യപ്പെടുത്തി നോക്കിയാൽ കവിയുടെ വശ്യവാക്ത്വവും, കാവ്യധർമ്മമർമ്മജ്ഞതയും, ഭക്തിപാരവശ്യവും വെളിപ്പെടും. പറയത്തക്കമാറ്റമൊന്നും ഇവിടെ ചെയ്തിട്ടില്ല. ‘കഥഞ്ചിൽ ദൃഷ്ടവാൻ’ എന്ന സ്ഥലത്തു ‘കഥഞ്ചിൽ’ ശബ്ദത്തെ വിട്ടു കളഞ്ഞിട്ടു എഴുത്തച്ഛൻ ‘അമ്പോടു കണ്ടു്’ എന്നും ‘ഹർഷഗദ്ഗദയാ വാചാ’ എന്നിടത്തു ‘മധുരസ്ഫുടാക്ഷരം’ എന്നും മാറ്റിയിരിക്കുന്നു.

“ശംഖചക്ര ഗദാപത്മവനമാലാവിരാജിതം
സ്വർണ്ണയജ്ഞോപവീതേന സ്വർണ്ണവർണ്ണാംബരേണ ച
ശ്രിയാ ഭൂത്യാ ച സഹിതം ഗരുഡോപരി സംസ്ഥിതം”

ഇത്യാദി വിശേഷണങ്ങളെ വിട്ടുകളഞ്ഞിട്ടുണ്ടെങ്കിലും സ്തുതിയിൽ ചില അംശങ്ങൾ കൂട്ടിയിട്ടുമുണ്ടു്.

“മരണമോർത്തു മമ മനസി പരിതാപം
കരുണാമൃതനിധേ! പെരികെ വളരുന്നു
മരമകാലേ തവ തരുണാരുണസമ
ചരണ സരസിജസ്മരണമുണ്ടാവാനായ്
തരിക വരം നാഥ”

ഇത്യാദി സ്തുതി പരമാർത്ഥത്തിൽ എഴുത്തച്ഛന്റേതു തന്നെയാണു്. എന്നാൽ പ്രകൃതത്തിൽ യോജിപ്പിക്കുന്നതിനും പ്രയാസമില്ല. ബ്രഹ്മാവിനു മരണമുണ്ടോ? എന്നു ആരെങ്കിലും ആക്ഷേപിക്കുന്ന പക്ഷം, ഉണ്ടെന്നു തന്നെ സമാധാനം പറയാം. നാശമില്ലാത്തതായി സാക്ഷാൽ പരമാത്മാവല്ലാതെ മറ്റൊന്നുമില്ലല്ലോ. ബ്രഹ്മാവു് സ്തുതിച്ചു തീർന്നപ്പോൾ ‘കിംകരോമി?’ എന്നു ഭഗവാൻ ചോദിക്കയും അതുകേട്ടു് ബ്രഹ്മാവു്,

“ഭഗവാൻ! രാവണോ നാമ പൌലസ്ത്യതനയോ മഹാൻ
രാക്ഷസാനാമധിപതിർമ്മദ്ദത്തവരദർപ്പിതഃ
ത്രിലോകീം ലോകപാലാംശ്ച ബാധതേ വിശ്വബാധനഃ
മാനുഷേണ മൃതിസ്തസ്യ മയാ കല്യാണ കല്പിതാ
അതസ്ത്വം മാനുഷോ ഭൂത്വാ ജഹി ദേവരിപും പ്രഭോ!”

എന്നു മറുപടി പറയുകയും ചെയ്തതായിട്ടാണു് മൂലം. എന്നാൽ എഴുത്തച്ഛന്റെ ഭാഷ ഇങ്ങനെയാണു്.

“നിന്തിരുവടി തിരുവുള്ളത്തിലേറാത ക-
ണ്ടെന്തൊരു വസ്തുലോകത്തിലുള്ളതു പോറ്റി!
എങ്കിലുമുണർത്തിക്കാം മൂന്നുലോകത്തിങ്കലും
സങ്കടം മുഴുത്തിരിക്കുന്നതിക്കാലം നാഥ
പൌലസ്ത്യതനയനാം രാവണൻ തന്നാലിപ്പോൾ
ത്രൈലോക്യം നശിച്ചതു മിക്കതും ജഗൽപതേ!
മദ്ദത്തവരബലദർപ്പിതനായിട്ടതി
നിർദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!
ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-
നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.
പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു
നാകശാസനവും ചെയ്തീടിനാൻ ദശാനനൻ.
യാഗാദികർമ്മങ്ങളും മുടക്കിയത്രയല്ല
യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു.
ധർമ്മപത്നികളെയും പിടിച്ചുകൊണ്ടുപോയാൻ.
ധർമ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.
മർത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
മൃത്യുവെന്നതുമെന്നാൽ കല്പിതം ജഗൽപതേ
നിന്തിരുവടി തന്നെ മർത്ത്യനായ്പ്പിറന്നിനി
പങ്ക്തികന്ധരൻ തന്നെക്കൊല്ലണം ദയാധിദേ!”

ദശരഥന്റെ പുത്രലാഭാലോചനയും അശ്വമേധവും പുത്രകാമേഷ്ടിയും കവി മൂലത്തിൽ നിന്നു വലിയ വ്യത്യാസമൊന്നും വരുത്താതെ തന്നെ ഭാഷാന്തരം ചെയ്തിരിക്കുന്നു.

“ഉപഭുജ്യ ചരും സർവാഃ സ്ത്രിയോ ഗർഭസമന്വിതാഃ
ദേവതാ ഇവ രേജുസ്താ സ്വഭാസാ രാജമന്ദിരേ”

എന്നിങ്ങനെ മൂലഗ്രന്ഥകാരൻ രാജ്ഞിമാരുടെ ഗർഭകാലത്തേ ‘ശ്ലോകത്തിൽ കഴിച്ചുകൂട്ടി. എഴുത്തച്ഛനാകട്ടെ,

“തൽപ്രജകൾക്കു പരമാനന്ദം വരുമാറു
ഗർഭവും ധരിച്ചിതു മൂവരുമതുകാലം.
അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥൻ
വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാൻ.
ഗർഭരക്ഷാർത്ഥം ജപഹോമാദി കർമ്മങ്ങളും,
ഉൽപ്പലാക്ഷികൾക്കനുവാസരം ക്രമത്താലേ
ഗർഭചിഹ്നങ്ങളെല്ലാം വർദ്ധിച്ചു വരുന്തോറു-
മുൾപ്രേമം കൂടക്കൂടെ വർദ്ധിച്ചു നൃപേന്ദ്രനും
തൽപ്രണയിനിമാർക്കുള്ളാഭരണങ്ങൾപോലെ
വിപ്രാദിപ്രജകൾക്കും ഭൂമിക്കും ദേവകൾക്കും
അല്പമായ്ച്ചമഞ്ഞിതു സന്താപം ദിനംതോറു-
മല്പഭാഷിണിമാർക്കും വർദ്ധിച്ചു തേജസ്സേറ്റം
സീമന്തപുംസവനാദി ക്രിയകളും
കാമാന്തദാനങ്ങളും ചെയ്തിതു നരവരൻ”

എഴുത്തച്ഛൻ വെറും തർജ്ജമക്കാരനാണെന്നു പറയുന്നവർ ഇങ്ങനെ അദ്ദേഹം അവിടവിടെ സ്വതന്ത്രമായിച്ചേർത്തിട്ടുള്ള ഭാഗങ്ങൾ വായിച്ചു നോക്കട്ടെ. രാമചന്ദ്രന്റെ അവതാരത്തേ മൂലകവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“ആവിരാസീജ്ജഗന്നാഥഃ പരമാത്മാ സനാതനഃ
നീലോൽപ്പലദളശ്യാമഃ പീതവാസാശ്ചതുർഭുജഃ
ജലജാരുണനേത്രാന്തഃ സ്ഫുരൽകുണ്ഡലമണ്ഡിതഃ
സഹസ്രാർക്കപ്രതീകാശഃ കിരീടീ കുഞ്ചിതാളകഃ
ശംഖചക്രഗദാപത്മവനമാലാവിരാജിതഃ
അനുഗ്രഹാഖ്യഹൃൽസ്ഥേന്ദുസൂചകസ്മിതചന്ദ്രികഃ
കരുണാരസസമ്പൂർണ്ണവിശാലോൽപ്പലലോചനഃ
ശ്രീവത്സഹാരകേയൂരനൂപുരാദിവിഭൂഷണഃ”

നമ്മുടെ കവി സമ്രാട്ടു് ഇതിനെ തർജ്ജമ ചെയ്തിരിക്കുന്നതെങ്ങനെയെന്നു നോക്കുക.

“സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം
സഹസ്രായുതമുദിച്ചുയരുന്നതുപോലെ
സഹസ്രപത്രോത്ഭവനാരദസനകാദി
സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും,
വന്ദ്യമായിരുപ്പൊരു നിർമ്മലമകുടവും
സുന്ദരചികുരവുമളകസുഷമയും,
കാരുണ്യാമൃതരസസമ്പൂർണ്ണനയനവു-
മാരുണ്യാംബരപരിശോഭിതജഘനവും.
ശംഖചക്രാബ്ജഗദാശോഭിതഭുജങ്ങളും
ശംഖസന്നിഭഗളരാജി കൌസ്തുഭവും
ഭക്തവാത്സല്യം ഭക്തന്മാർക്കു കണ്ടറിവാനായ്
വ്യക്തമായിരിപ്പൊരു പാവന ശ്രീവത്സവും
കുണ്ഡലമുക്താഹാര കാഞ്ചിനൂപുരമുഖ
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും
പണ്ടു ലോകങ്ങളെല്ലാമളന്ന പാദാബ്ജവും.” ഇത്യാദി

ഇവിടെ തർജ്ജമ മൂലാതിശായിയായിരിക്കുന്നുവെന്നു് ആരാണ് സമ്മതിക്കാത്തതു്? ഇങ്ങനെ രാമാനുജഗുരു ആവശ്യമില്ലാത്ത ഭാഗങ്ങലെ ചുരുക്കിയും, അല്ലാതുള്ള ഘട്ടങ്ങളെ പരത്തിയും എന്നാൽ കവി ധർമ്മത്തെ ഒരിടത്തും വിസ്മരിക്കാതെയും ആണു് എല്ലാ ദിക്കിലും തർജ്ജമ ചെയ്തുകാണുന്നതു്. മൂലഗ്രന്ഥകാരൻ രാമചന്ദ്രനെ ബാല്യദശയിൽ ഒരു ‘കുസൃതിക്കുടുക്ക’യായി കാണിച്ചിരിക്കുന്നെങ്കിലും എഴുത്തച്ഛൻ അതിന്റെ അനൌചിത്യമോർത്തു്, ആ ഭാഗം വിട്ടുകളഞ്ഞിരിക്കുന്നതു് നോക്കുക. മൂലകാരൻ പറയുന്നു:

“ഏകദാ രഘുനാഥോഽസൌ ഗതോ മാതരമന്തികേ
ഭോജനം ദേഹിമേ മാതർന്ന ശ്രുതം കാര്യസക്തയാ
തതഃ ക്രോധേന ഭാണ്ഡാനി ലഗുഡേനാഹനത്തദാ
ശിക്യസ്ഥം പാതയാമാസ ഗവ്യം ച നവനീതകം
ലക്ഷ്മണായ ദദൌ രാമോ ഭരതായ യഥാക്രമം
ശത്രഘ്നായ ദദൌ പശ്ചാദ്ദധി ദുഗ്ദ്ധം തഥൈവച
സൂതേന കഥിതേ മാത്രേ ഹാസ്യം കൃത്വാ പ്രധാവതി”

എഴുത്തച്ഛനാകട്ടേ, ഈ ഘട്ടത്തെ വർണ്ണിച്ചിരിക്കുന്നതു് ഇങ്ങനെയാണു്.

“കോമളന്മാരായോരു സോദരന്മാരുമായി
ശ്യമളനിറം പൂണ്ട ലോകാഭിരാമദേവൻ
കാരുണ്യാമൃതപൂർണ്ണാപാംഗവീക്ഷണംകൊണ്ടും,
സാരസ്യവ്യക്തവർണ്ണാലാപപീയൂഷംകൊണ്ടും,
വിശ്വമോഹനമായ രൂപസൌന്ദര്യംകൊണ്ടും,
നിശ്ശേഷാനന്ദപ്രദദേഹമാർദ്ദവംകൊണ്ടും,
ബന്ധൂകദന്താംബരചുംബനരസംകൊണ്ടും,
ബന്ധുരദന്താംകുരസ്പഷ്ടാഹാസാഭകൊണ്ടും,
ഭൂതലസ്ഥിതി പാദാബ്ജദ്വയയാനംകൊണ്ടും,
ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെകൊണ്ടും,
താതനുമമ്മമാർക്കും നഗരവാസികൾക്കും
പ്രീതിനല്കിനാൻ സമസ്തേന്ദ്രിയങ്ങൾക്കും”

ഈ ഭാഗം അദ്ദേഹത്തിന്റെ സ്വന്തമാകുന്നു.

“ഫാലേ സ്വർണ്ണമയാശ്വത്ഥപർണ്ണമുക്താഫലപ്രഭം
കണ്ഠേ രത്നമണിവ്രാതം മദ്ധ്യേ ദ്വീപിനഖാഞ്ചിതം
കർണ്ണയോഃ സ്വർണ്ണസമ്പന്നരത്നാർജ്ജുനസടാലുകം
ശിഞ്ജാനമണിമഞ്ജീരകടിസൂത്രാംഗദൈർവൃതം
സ്മിതവക്ത്രാല്പദശനമിന്ദ്രനീലമണിപ്രഭം
അംഗണേ രിംഖമാണം തം തർണ്ണകാനനു സർവതഃ
ദൃഷ്ട്വാ ദശരഥോ രാജാ കൌസല്യാ മുമുദേ തദാ”

എന്ന പദ്യങ്ങളുടെ തർജ്ജമ കവിയുടെ മനോധർമ്മത്തിനും ചിത്രനിർമ്മാണചാതുരിക്കും ഔചിത്യദീക്ഷയ്ക്കും ഉത്തമലക്ഷ്യമാകുന്നു.

“ഫാലദേശാന്തേ സ്വർണ്ണാശ്വത്ഥപർണ്ണാകാരമായ്
മാലേയമണിഞ്ഞതിൽ പറ്റീടും കുരളവും
അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ
കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും,
കർണ്ണാലങ്കാര മണികുണ്ഡലം മിന്നീടുന്ന
സ്വർണ്ണദർപ്പണസമഗണ്ഡമണ്ഡലങ്ങളും,
ശാർദ്ദൂലനഖങ്ങളും വിദ്രുമമണികളും
ചേർത്തുടൻ കാർത്തസ്വരമണിയും മധ്യേ മധ്യേ
കോർത്തു ചാർത്തീടുന്നൊരു കണ്ഠകാണ്ഡോദ്ദ്യോതവും,
മുത്തുമാലകൾ വനമാലകളോടും പൂണ്ടു
വിസ്തൃതോരസി ചാർത്തും തുളസീമാല്യങ്ങളും,
അംഗദങ്ങളും വലയങ്ങൾ കങ്കണങ്ങളും
അംഗുലീയംകൊണ്ടു ശോഭിച്ച കരങ്ങളും
കാഞ്ചനസദൃശപീതാംബരോപരി ചാർത്തും
കാഞ്ചികൾ നൂപുരങ്ങളെന്നിവ പലതരം
അലങ്കാരങ്ങൾ പൂണ്ട സോദരന്മാരോടുമാ-
യലങ്കാരത്തെച്ചേർത്താൻ ഭൂമിദേവിക്കൂനാഥൻ.”

രാമചന്ദ്രൻ ബാല്യദശയേ അതിക്രമിക്കുന്നതിനു മുമ്പുതന്നെ വിശ്വാമിത്രൻ അയോദ്ധ്യാപുരിയിൽ എഴുന്നള്ളിയിട്ടു് യാഗരക്ഷാർത്ഥം അദ്ദേഹത്തിനെ സലക്ഷ്മണം തന്നോടുകൂടി അയക്കണമെന്നു് അപേക്ഷിച്ചു.

“എത്രയും കൊതിച്ച കാലത്തിങ്കൽ ദൈവവശാൽ
സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോൾ
നിർണ്ണയം മരിക്കും ഞാൻ, രാമനെ നൽകീടാഞ്ഞാൽ
അന്വയനാശം കൂടെ വരുത്തും വിശ്വാമിത്രൻ”

ഈ ദുർഘടഘട്ടത്തിൽ എന്താണു് ചെയ്യേണ്ടതു് എന്നു ദശരഥമഹാരാജാവു് വസിഷ്ഠനോടു ചോദിച്ചപ്പോൾ, രാമചന്ദ്രൻ കേവലം മനുഷ്യനല്ലെന്നും ഭൂഭാരത്തെ ശമിപ്പിക്കാനായി അവതരിച്ച മഹാവിഷ്ണുവാണെന്നും അതുകൊണ്ടു മഹർഷിയോടു അയക്കുന്നതിൽ സംശയിപ്പാൻ യാതൊന്നും ഇല്ലെന്നും അദ്ദേഹം ഉപദേശിയ്ക്കയാൽ രാജാവു്,

“ആഹൂയ രാമരാമേതി ലക്ഷ്മണേതി ച സാദരം
ആലിംഗ്യ മൂർദ്ധ്വ്യവഘ്രായ കൌശികായ സമാർപ്പയൽ”

എഴുത്തച്ഛൻ രാമായണം രചിച്ചതു മലയാളികളുടെ അജ്ഞാനമായ രാമായണം എന്നു വിചാരിച്ചാണല്ലോ. അതുകൊണ്ടു് സദാചാരവിഷയകങ്ങളായ ആദർശങ്ങൾ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നതിനു് ഏതെങ്കിലും അവസരം ലഭിച്ചാൽ അദ്ദേഹം അതിനെ വിട്ടുകളയുകില്ല. അതിനാൽ മൂലത്തിൽ ‘രാമലക്ഷ്മണന്മാരെ’ കൌശികന്റെ പക്കൽ സമർപ്പിച്ചു എന്നു മാത്രമേ പറഞ്ഞിട്ടുള്ളുവെങ്കിലും എഴുത്തച്ഛൻ രാജാവിനെക്കൊണ്ടു് കൌശികനേ യഥാവിധി പൂജിപ്പിക്കയും ഭക്തിപൂർവം നമിപ്പിക്കയും ചെയ്തുവെന്നു മാത്രമല്ല, പുത്രന്മാരോടു്, ‘ഗുണങ്ങൾ വരുവാനായ് പോവിൻ’ എന്നു പറയിക്കയും ചെയ്തിരിക്കുന്നു. ഇത്ര മാത്രമോ? മൂലത്തിൽ, രാമലക്ഷ്മണന്മാർ, “ഗൃഹീത്വാചാപതൂണീരബാണഖഡ്ഗധരൌ യയൌ” എന്നേ പ്രസ്താവിച്ചിട്ടുള്ളു. എന്നാൽ ഭാഷയിൽ അങ്ങനെയല്ല. അവർ, ജനകജനനിമാർ ചരണാംബുജം കൂപ്പി മുനിനായകൻ ഗുരുപാദം വന്ദിച്ചിട്ടേ പുറപ്പെടുന്നുള്ളു. ഈ സദാചാരനിഷ്ഠ എഴുത്തച്ഛന്റെ ഏതു കൃതികൾ നോക്കിയാലും കാണാം. തുളസീദാസജിയും ഇതേ വിധത്തിൽ തന്നെ പറഞ്ഞരിക്കുന്നു.

“ജനനീഭവന ഗയേ പ്രഭു ചലേ നാഇ പദസീസ”

താടകാവധത്തെ വർണ്ണിക്കുന്നിടത്തു മൂലകാരൻ,

“അത്രാസ്തി താടകാനാമ രാക്ഷസീ കാമരൂപിണീ
ബാധതേ ലോകമഖിലം ജഹി താമവി ചാരയൻ.
തഥേതി ധനുരാദായ സഗുണം രഘുനന്ദനഃ
ടംകാരമകരോത്തേന ശബ്ദേനാപൂരയദ്വനം
തച്ശ്രുത്വാസഹമാനോ സാ താടകാ ഘോരരൂപിണീ
ക്രോധേന മൂർച്ഛിതാ രാമമഭിദുദ്രാവ മേഘവൽ
താമേകേന ശരേണാശു താഡയാമാസ വക്ഷസി
പപാത വിപിനേ ഘോരാ വമന്തീ രുധിരം ബഹു.”

എന്നു സംക്ഷിപ്തമായി പറഞ്ഞിട്ടുള്ളതിനെ നമ്മുടെ കവി, അല്പം പരത്തി ഇങ്ങനെ വിവരിച്ചിരിക്കുന്നു.

“രാഘവാ! സത്യപരാക്രമവാരിധേ! രാമ!
പോകുമാറില്ലീവഴിയാരുമേയിതുകാലം
കാടിതു കണ്ടായോ നീ! കാമരൂപിണിയായ
താടകാ ഭയങ്കരി വാണീടും ദേശമല്ലോ.
അവളെപ്പേടിച്ചാരും നേർവഴി നടപ്പീല
ഭുവനവാസീജനം ഭുവനേശ്വര പോറ്റി!
കൊല്ലേണമവളെ വീ വല്ലജാതിയുമതി-
നില്ലൊരു ദോഷമെന്നു മാമുനി പറഞ്ഞപ്പോൾ
മെല്ലവേയൊന്നു ചെറുഞാണൊലി ചെയ്തു
രാമൻ–എല്ലാ ലോകവുമൊന്നു വിറച്ചിതതുനേരം.”

രാമന്റെ ഞാണൊലി വനത്തിൽ മാത്രമല്ല പരന്നതു്. ചെറുഞാണൊലിയായിരുന്നിട്ടും അതുകേട്ടു് ലോകമാസകലം വിറപൂണ്ടുവത്രേ.

“ചെറുഞാണൊലി കേട്ടുകോപിച്ചു നിശാചരി
പെരികേവേഗത്തോടുമടുത്തു ഭക്ഷിപ്പാനായി
അന്നേരമൊരുശരമയച്ചു രാഘവനും
ചെന്നു തടാകമാറിൽ കൊണ്ടിതു രാമബാണം
പാരതിൽ മലചിറകറ്റുവീണതുപോലെ
ഘോരരൂപിണിയായ താടകവീണാളല്ലോ.”

താടകാനിഗ്രഹാനന്തരം മാരീചസുബാഹുക്കൾ രുധിരാസ്ഥികൾ വർഷിച്ചു യാഗവിഘ്നം വരുത്താൻ ശ്രമിച്ചു. രാമൻ രണ്ടു ബാണങ്ങൾ അയക്കവേ, അതിലൊന്നു മാരീചനെ ശതയോജന ദൂരെത്തെറിപ്പിച്ചു സമുദ്രത്തിൽ വീഴ്ത്തി. അഗ്നിമയമായ രണ്ടാമത്തെ ബാണം സൂബാഹുവിനെക്കൊന്നു. ഇങ്ങനെയാണു് മൂലം.

തർജ്ജമയോ,

“പാരാതെ രണ്ടുശരം തൊടുത്തു രാമദേവൻ
മാരീചസുബാഹുപ്രവരന്മാരെ പ്രയോഗിച്ചാൻ.
കൊന്നിതു സുബാഹുവാമവനെയൊരു ശര-
മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാൻ
ചെന്നിതു രാമബാണം പിന്നാലെ കൂടക്കുടെ
ഖിന്നനായേറിയൊരു യോജനപാഞ്ഞാനവൻ
അർണ്ണവംതന്നിൽ ചെന്നു വീണിതു മാരീചനു-
മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്
പിന്നെ മറ്റെങ്ങുമൊരു ശരണമില്ലാഞ്ഞവ-
നെന്നെ രക്ഷിക്കണമെന്നഭയം പുക്കീടിനാൻ.
ഭക്തവത്സലനഭയം കൊടുത്തതുമൂലം
ഭക്തനായ്വന്നാനന്നുതുടങ്ങി മാരീചനും”

വരയിട്ടിരിക്കുന്ന ഭാഗം എഴുത്തച്ഛന്റെ മനോധർമ്മഫലമാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. വാല്മീകിയും തുളസിയും അധ്യാത്മരാമായണത്തിൽ പറഞ്ഞിട്ടുള്ളതുപോലെ തന്നെയാണു് അരുളിച്ചെയ്തിട്ടുള്ളതു്.

“…ജലധൌ തത്സമീപേസമ്പൂർണ്ണ സതയോജനം
ക്ഷിപ്തഃ സാഗരരോധസി”

എന്നു വാല്മീകി.

“ബിനുഫിര ബാന രാമതേ ഹമാരാ
സതയോജന ഗാ സാഗരപാരാ”

എന്നു തുളസി.

യാഗസമാപ്തിക്കുശേഷം വിശ്വാമിത്രൻ രാജകുമാരന്മാരോടുകൂടി മിഥിലാപുരിയിലേക്കു പുറപ്പെട്ടു. പോകുംവഴിക്കു് ‘ദിവ്യപാദപലതാകുസുമഫലങ്ങളാൽ സർവമോഹനതര’വും ‘ജന്തുസഞ്ചയഹീന’വും ആയ ഒരു ആശ്രമം കണ്ടിട്ടു്, അതിന്റെ പുരാവൃത്തത്തേപ്പറ്റി ഭഗവാൻ മുനിയോടു ചോദിക്കയും അദ്ദേഹം ചുരുക്കിപ്പറകയും ചെയ്തു.

“തയാ സാർദ്ധമിഹാവാത്സീദ് ഗൌതമസ്തപതാം വരഃ
ശക്രസ്തു താം ധർഷയിതുമന്തരം പ്രേപ്സുരന്വഹം”

എന്നു മൂലം. എന്നാൽ തർജ്ജമ,

“തന്നുടെ പത്നിയായോരഹല്യയോടും ചേർന്നു
പർണ്ണശാലയിലത്ര വസിച്ചു ചിരകാലം.
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദുശ്ച്യവനനും കുസുമായുധവശനായാൻ.
ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചു ശതമുഖൻ
ചെന്താർ ബാണാർത്തി”

യിൽ മുഴുകി എന്നാണു്.

എഴുത്തച്ഛൻ ഇവിടെ ഇന്ദ്രന്റെയും തദ്ദ്വരാ വിടന്മാരുടെയും ദുഷിച്ച മനോവൃത്തിയെ ശാന്തമായി ഉപഹസിച്ചിരിക്കുന്നു. വിടന്മാർക്കു സ്ത്രീകളെ കേവലം കാമകലവിയ്ക്കുള്ള സാധനങ്ങളായിട്ടേ കാണ്മാൻ കഴിയൂ. അതിനാൽ അവരുടെ ദൃഷ്ടി ആ സാധുക്കളുടെ രൂപലാവണ്യത്തിൽ മാത്രമേ പതിയുന്നുള്ളു. അവർക്കു ഹൃദയം എന്നൊന്നുണ്ടു് എന്നുള്ള ചിന്തപോലും ആ ദുഷ്ടന്മാർക്കില്ല. തങ്ങളുടെ ക്ഷണികമായ സുഖത്തിനുവേണ്ടി അവർ എത്ര സ്ത്രീകളുടെ സ്വർഗ്ഗകവാടം ബന്ധിച്ചുകൊണ്ടിരിക്കുന്നു. ഇക്കാരണത്താൽ എഴുത്തച്ഛൻ അഹല്യാപുരാവൃത്തത്തെ സാമാന്യം ദീർഘമായിട്ടാണു് വിവരിച്ചിരിക്കുന്നതു്.

രാമായണത്തിലെ അടുത്ത ഘട്ടം സീതാസ്വയംവരമാണു്. കുമാരന്മാരാൽ അനുഗതനായിട്ടു് വിശ്വാമിത്രൻ മിഥിലാപുരിയിൽ എത്തി. ഗംഗ കടക്കുന്ന അവസരത്തിൽ നാവികനുമായുള്ള സംവാദത്തെയും മറ്റും വിട്ടുകളഞ്ഞിരിക്കുന്നു. ജനകമഹാരാജാവു് ചന്ദ്രസൂര്യന്മാരെപ്പോലെ ഇരിക്കുന്ന രാജകുമരന്മാരെ കണ്ടിട്ടു് അവരാരെന്നു് മഹർഷിയോടു ചോദിക്കയും അദ്ദേഹം ഏതൽപര്യന്തമുള്ള കഥ പറഞ്ഞുകേൾപ്പിച്ചിട്ടു്,

“പാരമേശ്വരമായ ചാപത്തെ കാണ്മാനുള്ളിൽ
പാരമാഗ്രഹമുണ്ടു നീയതു കാട്ടീടണം.”

എന്നു അറിവിച്ചു. ജനകാജ്ഞയാ ‘മന്ത്രവതാംവര’നായ ജനകമന്ത്രി ‘ഘണ്ടാസാഹസ്രമണിവസ്ത്രാദി വിഭൂഷിത’മായ ശൈവചാപത്തെ അയ്യായിരം കിങ്കരന്മാരെ കൊണ്ടു് എടുപ്പിച്ചു കൊണ്ടുവന്നു് രാമചന്ദ്രനെ കാണിച്ചപ്പോൾ, അദ്ദേഹം അതിനെ [58] ഭക്തിപൂർവം വന്ദിച്ചു. “വില്ലെടുക്കാമോ? കുലച്ചീടാമോ? വലിക്കാമോ?” എന്നൊക്കെ മന്ത്രിമാർ ചോദിക്കവേ, വിശ്വാമിത്രൻ,

“എല്ലാമാമാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ.”

എന്നു് അർത്ഥഗർഭമായി പറയുകയാൽ ഭഗവാൻ മന്ദഹാസപൂർവം അതിനെ എടുത്തു ജിതശ്രമം മുറിച്ചു. ഇവിടെയും കവി അല്പം ഔചിത്യം പ്രദർശിപ്പിച്ചിരിക്കുന്നു. ‘എടുക്കാമോ മുറിക്കാമോ’ എന്നൊക്കെ ചോദിച്ചതുകേട്ടമാത്രയിൽ രാമൻ ഇടത്തുകൈകൊണ്ടു് അതിനെ നിഷ്പ്രയാസം പൊക്കിയിട്ടു്, അതിവേഗത്തിൽ ഭഞ്ജിച്ചുവെന്നാണു് മൂലം. എന്നാൽ നമ്മുടെ മഹാകവിയ്ക്കു് അതു് അത്ര മര്യാദയായി തോന്നിയില്ല. രാമചന്ദ്രൻ സാക്ഷാൽ പരമാത്മാവു തന്നെയെങ്കിലും, മനുഷ്യനായി അവതരിച്ച സ്ഥിതിക്കു് ലോകമര്യാദയേ അനുസരിച്ചു് ഗുരുവിന്റെ അനുജ്ഞയോടുകൂടിയേ ഇങ്ങനെയുള്ള മഹാകർമ്മങ്ങൾ ചെയ്യാവൂ എന്നാണു് എഴുത്തച്ഛന്റെ നിശ്ചയം. ഋഷിയുടെ കല്യാണശബ്ദപ്രയോഗവും ഭഗവാന്റെ മന്ദഹാസവും കവിയുടെ രസികതയ്ക്കു അനുയോജിച്ചു ഇരിക്കുന്നുമുണ്ടു്.

“ഏകശ്ശബ്ദഃ സമ്യഗ്ജ്ഞാതഃ സുഷ്ഠുപ്രയുക്തഃ സ്വർഗ്ഗേ ലോകേകാമധുഗ് ഭവതി” എന്ന ആപ്തവാക്യത്തിന്റെ സാരം നമ്മുടെ കവി കോകിലം നല്ലപോലെ ഗ്രഹിച്ചിരുന്നു എന്നുള്ളതിനു് യാതൊരു സംശയവും ഇല്ല.

“മന്ദഹാസവും പൂണ്ടു രാഘവനതു കേട്ടു
മന്ദമ്മന്ദംപോയ് ചെന്നു നിന്നു കണ്ടിതു ചാപം
ജ്വലിച്ചു തേജസ്സോടുമെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം.”

ഇനി ഈ വരികളിലേ വൃത്തബന്ധം നോക്കുക. ആദ്യത്തെ ഈരടി രാമന്റെ ഗതിയ്ക്കു അനുരൂപമായി മന്ദം മന്ദം തന്നെ ഗമിയ്ക്കുന്നു. മൂന്നാമത്തെ വരിയെ അല്പം ഒന്നു ത്വരിപ്പിച്ചിരിക്കുന്നു. ‘കുലച്ചു’ ‘വലിച്ചു’ ‘മുറിച്ചു’ എന്നീ പദങ്ങളെ അടുത്തടുത്തു പ്രയോഗിച്ചപ്പോൾ നാലാമത്തെ പാദത്തിനു് അതിശയമായ ത്വരയും വന്നുചേർന്നു.

“ഇടിവെട്ടീടുംവണ്ണം വിൽ മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയിൽപേടപോലെ സന്തോഷം പൂണ്ടാൾ”

ഈ ആശയം നിരണത്തു കവിയിൽനിന്നു എഴുത്തച്ഛൻ സ്വീകരിച്ചതാണെങ്കിലും, അതു് അദ്ദേഹത്തിന്റെ കൈയിൽ വന്നുചേർന്നപ്പോൾ കുറേക്കൂടെ ചമൽക്കാരജനകമായി തീർന്നുവെന്നു പറയാതെകഴിയില്ല. ഇടിവെട്ടലും, നടുക്കവും ഒക്കെ ഇവിടെ കേൾക്കാനും കാണാനും നമുക്കു കഴിയുന്നു. സീതാസ്വയംവരച്ചടങ്ങുകളൊക്കെ അദ്ധ്യാത്മരാമായണം മൂലത്തിലുള്ളതുപോലെതന്നെ. ചില ചില്ലറ വ്യത്യാസങ്ങൾ മാത്രമേ വരുതിതീട്ടുള്ളു; “സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദം മന്ദമർണ്ണോജനേത്രേൻ മുമ്പിൽ സത്രപംവിനീതയായ് വന്നുടൻ നേത്രേൽപ്പലമാലയുമിട്ടാൾ മുന്നേ, പിന്നാലേ വരണാർത്ഥമാലയുമിട്ടീടിനാൾ” ഈ ഹൃദ്യമായ ആശയം കവിയുടെ സ്വന്തമാണു്.

അടുത്ത സരസഘട്ടം പരശുരാമനുമായുണ്ടായ സംഘട്ടനമാണു്. വിവാഹാന്തരം ദശരഥൻ പുത്രമിത്രാദികളോടുകൂടി,

[59] വെൺകൊറ്റക്കുടതഴവെൺചമരികളോടും
തിങ്കൾ മണ്ഡലം തൊഴുമാലവട്ടങ്ങളും,
ചെങ്കൊടിക്കൂറകൾ കൊണ്ടങ്കിതദ്ധ്വജങ്ങളും,
കുങ്കുമമലയജകസ്തൂരിഗന്ധത്തൊടും
നടന്നു വിരവൊടു മൂന്നു യോജനവഴി”

കടന്നനേരം ദുർന്നിമിത്തങ്ങൾ കണ്ടു തുടങ്ങി.

“നീലനീരദനിഭനിർമ്മലവർണ്ണത്തോടും
നീലലോഹിതശിഷ്യൻ ബഡവാനലസമൻ
ക്രൂദ്ധനായ് പരശുബാണാസനങ്ങളുംപൂണ്ടു
പരശുരാമൻ പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ”

ദശരഥ മഹാരാജാവു്,

“ബദ്ധസാധ്വസംവീണു നമസ്കാരവും ചെയ്താൻ
ബുദ്ധിയും കെട്ടു നിന്നു മറ്റുള്ള ജനങ്ങളും”
“കാർത്തവീര്യാരേ! പരിത്രാഹിമാം”

ഇത്യാതിദീർഘമായ സോത്രം മൂലത്തിലുള്ളതല്ല. ദശരഥൻ ഇങ്ങനെ കാൽത്തളിർ പണിഞ്ഞിട്ടും, പരശുരാമൻ,

“ബദ്ധരോഷേണ വഹ്നിജ്വാലപൊങ്ങീടുംവണ്ണം
വക്ത്രവും മദ്ധ്യാഹ്നാർക്കമണ്ഡലംപോലെ ദീപ്ത്യാ”

ഇങ്ങനെ അട്ടഹസിച്ചു

“ത്വം രാമ ഇതി നാമ്നാ മേ ചരസി ക്ഷത്രിയാധമ!
ദ്വന്ദ്വയുദ്ധം പ്രയച്ഛാശുയദിത്വം ക്ഷത്രിയോസി വൈ
അസ്മിംസ്തു വൈഷ്ണവേ ചാപേ ആരോപയസി ചേദ് ഗുണം
തദാ യുദ്ധം ത്വയാ സാർദ്ധം കരോമി രഘുവംശജ!
നോചേത്സർവം ഹനിഷ്യാമി ക്ഷത്രിയാന്തകരോഹ്യഹം.”

ഇവിടെയെങ്ങും എഴുത്തച്ഛൻ ഒരു മാറ്റവും ചെയ്തിട്ടില്ല. എന്നാൽ അടുത്ത വർണ്ണന സ്വന്തമാണു്.

രേണുകാത്മജൻ ഇപ്രകാരം പറഞ്ഞ ഉടനേ,

[60] “ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും;
അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും;
സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു;
എന്തോന്നു വരുന്നതെന്നോർത്തു ദേവാദികളും;
ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും;
പങ്ക്തിസ്യന്ദനൻ ഭീതികൊണ്ടു വേപഥുപൂണ്ടു
സന്താപമുണ്ടായ്വന്നു വിരിഞ്ചതനയനും”

എന്നാൽ രാമനാകട്ടെ മുഗ്ദ്ധമാം ഭാവത്തോടുകൂടി ഇപ്രകാരം അരുളിചെയ്തു:

“ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൌഢാത്മാക്കൾ
വല്ലാതബാലന്മാരോടിങ്ങനെ തുടങ്ങിയാൽ
ആശ്രയമവർക്കെന്തോന്നുള്ളതു? തപോനിധേ!
സ്വാശ്രയകാലധർമ്മമെങ്ങനെ പാലിക്കുന്നു?
നിന്തിരുവടി തിരുവുള്ളത്തിലേറുന്നതി-
നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ,
അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-
ബന്ധനം ഭവിക്കുന്നു? സന്തതം ചിന്തിച്ചാലും
ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്തേൻ.
ശസ്ത്രാസ്ത്രപ്രയോഗസാമർത്ഥ്യമില്ലല്ലോതാനും.
ശത്രുമിത്രോദാസീനഭേവുമെനിക്കില്ല
ശത്രുസംഹാരം ചെയ്വാൻ ശക്തിയുമില്ലയല്ലോ”

മൂലത്തിലാകട്ടെ,

“രാമോ ദാശരഥിവീരോ വീക്ഷ്യ തം ഭാർഗ്ഗവം രൂഷാ
ധനുരാച്ഛിദ്യ തദ്ധസ്താദാരോപ്യ ഗുണമഞ്ജസാ
തൂണീരാദ് ബാണമാദായ സന്ധായാകൃഷ്യ വീര്യവാൻ
ഉവാ ച ഭാർഗ്ഗവം രാമഃ ശൃണു! ബ്രഹ്മൻ! വചോ മമ
ലക്ഷ്യം ദർശയ ബാണസ്യ ഹ്യമോഘോ മമ സായകഃ”

എന്നു മാത്രമേ പറഞ്ഞു കാണുന്നുള്ളു.

“സുന്ദരൻ സുകുമാരനിന്ദിരാപതി രാമൻ
കന്ദർപ്പകളേബരൻ കഞ്ജലോചനൻ പരൻ
ചന്ദ്രചൂഡാരവിന്ദമന്ദിരമഹേന്ദ്രാദി
വൃന്ദാരകേന്ദ്രമുനിവൃന്ദവന്ദിതൻ ദേവ
മന്ദഹാസവും പൂണ്ടു വന്ദിച്ചാ”

ണത്രേ വില്ലു വാങ്ങിക്കുലച്ചതു്. ഇവിടെ നമ്മുടെ കവികുലചക്രവർത്തി രാമചന്ദ്രന്റെയും ഭാർഗ്ഗവരാമന്റെയും സ്വഭാവങ്ങൾക്കുള്ള വ്യത്യാസം എത്ര ഭംഗിയായി കാണിച്ചിരിക്കുന്നു!

“മാർഗ്ഗമം നിഷ്ഫലമായ്വരികയില്ല മമ
ഭാർഗ്ഗവരാമ! ലക്ഷ്യം കാട്ടിത്തന്നീടവേണം”

എന്നു ഭഗവാൻ അരുളിച്ചെയ്ത മാത്രയിൽ പരശുരാമൻ,

“രാമ രാമ! മഹാബാഹോ! ജാനകീപതേ”

എന്നിങ്ങനെ സ്തുതിച്ചുതുടങ്ങി.

രാമാദികൾ അയോധ്യാപുരിയിൽ ചെന്നെത്തുന്നതുവരെയുള്ള കഥാഭാഗമാണു് ബാലകാണ്ഡത്തിൽ വിവരിച്ചിരിക്കുന്നതു്.

രാഘവനാരദസംവാദത്തോടുകൂടി ആണു് അയോദ്ധ്യാകാണ്ഡപ്രാരംഭം. നാരദസ്തുതി പ്രായേണ നേർ തർജ്ജമ തന്നെ. ശ്രീരാമാഭിഷേകാരംഭത്തെ വർണ്ണിക്കുന്നിടത്തും കവി പറയത്തക്ക ഭേദഗതികളൊന്നും ചെയ്തിട്ടില്ല.

മൂലം:
“ശ്വഃ പ്രഭാതേ മദ്ധ്യകക്ഷേ കന്യകാഃ സ്വർണ്ണഭൂഷിതാഃ
തിഷ്ഠന്തു ഷോഡശ; ഗജഃ സ്വർണ്ണരത്നാദിഭൂഷിതഃ
ചതുർദ്ദന്തഃ സമായാതു ഐരാവതകുലോത്ഭവഃ
നാനാതീർത്ഥോദകൈഃ പൂർണ്ണാഃ സ്വർണ്ണകുംഭാഃ സഹസ്രശഃ
സ്ഥാപ്യന്താം തത്രവൈയാഘ്രചർമ്മാണി ത്രീണി ചാനയ
ശ്വേതച്ഛത്രം രത്നദണ്ഡം മുക്താമണിവിരാജിതം
ദിവ്യമാല്യാനി വസ്ത്രാണി ദിവ്യാന്യാഭരാണാനി ച
മുനയഃ സൽകൃതാസ്തത്ര വിഷ്ഠന്തു കുശപാണയഃ
നർത്തക്യോ വാരമുഖ്യാശ്ച ഗായകാ വേണുകാസ്തഥാ
നാനാവാദിത്രകശലാ വാദയന്തു നൃപാംഗണേ
ഹസ്ത്യശ്വരഥപാദാതാ ബഹിസ്തിഷ്ഠന്തു സായുധാഃ
നഗരേ യാനി തിഷ്ഠന്തി ദേവതായതനാനിച
തേഷു പ്രവർത്തതാം പൂജാ നാനാബലിഭിരാവൃതാ
രാജാനഃ ശീഘ്രമായാന്തു നാനോപായനപാണയഃ”
ഭാഷ:
“കേൾക്ക നാളെപ്പുലർകാലേചമയിച്ചു
ചേൽക്കണ്ണിമാരായ കന്യകമാരെല്ലാം
മദ്ധ്യകക്ഷ്യേപതിനാറു പേർനില്ക്കണം;
മത്തഗജങ്ങളെപ്പൊന്നണിയിക്കണം;
ഐരാവതകുലജാതനാം നാല്ക്കൊമ്പ-
നാരാൽവരേണമലങ്കരിച്ചന്തികേ.
ദിവ്യനാനാതീർത്ഥവാരിപൂർണ്ണങ്ങളായ്
ദിവ്യരത്നങ്ങളമിഴ്ത്തി വിചിത്രമായ്
സ്വർണ്ണകലശസഹസ്രം മലയജ-
പർണ്ണങ്ങൾകൊണ്ടുവായ് കെട്ടിവെച്ചീടണം;
പുത്തൽ പുലിത്തോൽ വരുത്തുക മൂന്നിഹ-
ഛത്രം സുവർണ്ണദണ്ഡമണിശോഭിതം
മുക്താമണിമാല്യരാജിതനിർമ്മല-
വസ്ത്രങ്ങൾ മാല്യങ്ങളാഭരണങ്ങളും
സൽകൃതന്മാരാം മുനിജനം വന്നിഹ-
നില്ക്ക കുശപാണികളായ് സഭാന്തികേ.
നർത്തകിമാരോടു വാരവധൂജനം
നർത്തകഗായക വൈണികവർഗ്ഗവും
ദിവ്യവാദ്യങ്ങളെല്ലാം പ്രയോഗിക്കണം;
ഉർവീവരാങ്കണേ നിന്നു മനോഹരം
ഹസ്ത്യശ്വപത്തിരഥാദിമഹാബലം.
വസ്ത്രാദ്യലങ്കാരമോടു വന്നീടണം
ദേവാലയങ്ങൾതോറും ബലിപൂജയും
ദീപാവലികളും വേണം മഹോത്സവം
ഭൂപാലരേയും വരുവാൻ നിയോഗിക്ക
ശോഭയോടെ രാഘവാഭിഷേകാർത്ഥമായ്.”

നേർ തർജ്ജമയ്ക്കു് ഇതു ഒരു ഉദാഹരണമാകുന്നു.

അഭിഷേകവിഘ്നകഥനത്തിലും എഴുത്തച്ഛൻ പ്രസ്താവാർഹമായ മാറ്റങ്ങളൊന്നും വരുത്തീട്ടില്ല. എന്നാൽ,

“കൌസല്യാം മാം സമം പശ്യൻ സദാ ശുശ്രൂഷതേ ഹി മാം”

എന്നതിനെ,

“രാമനും കൌസല്യാദേവിയെക്കാളെന്നെ
പ്രേമമേറും നൂനമില്ലൊരു സംശയം.
ഭക്തിയും വിശ്വാസവും ബഹുമാനവു-
മിത്രമറ്റാരെയുമില്ലെന്നറിക നീ.
നല്ലവസ്തുക്കളെനിക്കു തന്നേമറ്റു
വല്ലവർക്കും കൊടക്കൂ മമ നന്ദനൻ.
ഇഷ്ടമല്ലാതൊരു വാക്കുപറകയി-
ലൊട്ടുമേ ഭേദമവനില്ലൊരിക്കലും
അശ്രാന്തമെന്നെയെത്ര മടികൂടാതെ
ശുശ്രൂഷചെയ്തു ഞായം പ്രീതിപൂർവകം.”

എന്നും,

“ധീരോത്യന്തദയാന്വിതോപി സുഗുണാചാരാന്വിതോ വാഥവാ
നീതീജ്ഞോ വിധിവാദദേശികപരോ വിദ്യാവിവേകോഥവാ
ദുഷ്ടനാമതിപാപഭാവിതധിയാം സംഗം സദാചിദ്ഭജേ-
ത്തദ്ബുദ്ധ്യാ പരിഭാവിതോ പ്രജതി തൽസാമ്യം ക്രമേണ സ്ഫുടം.”

എന്നതിനെ,

“ധീരനായേറ്റം ദായാന്വിതനായ് ഗുണാ-
ചാരസംയുക്തനായ് നീതിജ്ഞനായ് നിജ-
ദേശികവാക്യസ്ഥനായ് സുശീലനാ-
യാശയശുദ്ധനായ്വിദ്യാനിരതനായ്
ശിഷ്ടനായുള്ളവനെന്നങ്ങിരിക്കിലും
ദുഷ്ടസംഗംകൊണ്ടു കാലാന്തരത്തിനാൽ
സജ്ജനനിന്ദ്യനായ്വന്നുകൂടും ദൃഢം.
ദുർജ്ജനസംസർഗ്ഗമേറ്റമകലവേ
വർജ്ജിക്കവേണം പ്രയത്നേന സൽപുമാൻ
കജ്ജളംപറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം.”

എന്നും യഥോചിതം വിസ്താരമായി ഭാഷാന്തരം ചെയ്തിട്ടുണ്ടു്.

ക്രോധാലയം പ്രവേശിച്ചു് വെറും പൊടിയണിഞ്ഞു കിടന്ന കൈകേയിയേ ‘മന്ദംമന്ദം തലോടിത്തലോടി’ അനുനയ വാക്കുകളാൽ പ്രീണിപ്പിച്ചു് ഈ കോപഭാവത്തിനു കാരണം എന്തെന്നു ദശരഥൻ ചോദിച്ചതിനു് മറുപടിയായി ആ ദേവി,

“…പണ്ടു സുരാസുരായോധനേ
സങ്കടംതീർത്തുരക്ഷിച്ചേൻ ഭവാനെ ഞാൻ
സന്തുഷ്ടചിത്തനായന്നു ഭവാൻ മമ
ചിന്തിച്ചു രണ്ടുവരങ്ങൾ നല്കീലയോ.
… … …
വച്ചിരിക്കുന്നു ഭവാങ്കലതുരണ്ടു-
മിച്ഛയുണ്ടിന്നു വാങ്ങീടുവാൻ ഭൂപതേ!
എന്നതിലൊന്നു രാജ്യഭിഷേകം ഭവാ
നിന്നു ഭരതനു ചെയ്യണമെന്നതും.
പിന്നെ മറ്റേതു രാമൻ വനവാസത്തി
നിന്നുതന്നെ ഗമിക്കേണമെന്നുള്ളതും.”

എന്നിങ്ങനെ പറഞ്ഞപ്പോൾ, അദ്ദേഹം [61] ‘വജ്രമേറ്റദ്രിപതിച്ചപോലെഭൂവി’ സജ്വരചേതസാ വീണുപോയി. മുഹൂർത്തമാത്രം കഴിഞ്ഞു് രാജാവു് ഇങ്ങനെ വിലപിച്ചു:

“ദുസ്സഹവാക്കുകൾ കേൾക്കായതെന്തയ്യോ!
ദുഃസ്വപ്നമാഹന്ത കാൺകയോ ഞാനിഹ
ചിത്തഭ്രമം ബലാലുണ്ടാകയോ മമ
മൃത്യുസമയമുപസ്ഥിതമാകയോ?
കിംകിമേതൽകൃതം ശങ്കര! ദൈവമേ!
പങ്കജലോചന! ഹാ! പരബ്രഹ്മമേ”

അദ്ദേഹം,

“വ്യാഘ്രിയെപ്പോലെ സമീപേ വസിക്കുന്ന
മൂർഖമതിയായ കൈകയിതൻമുഖം
നോക്കിനോക്കിബ്ഭയംപൂണ്ടു
ദീർഘമായ് വീർത്തുവീർത്തു്”

ഇങ്ങനെ ഭത്സിച്ചുതുടങ്ങി.

“എന്തിവണ്ണം പറയുന്നതുഭദ്രേ! നീ?
എന്തു നിന്നോടു പിഴച്ചിതു രാഘവൻ?
മൽപ്രാണഹാനികരമായവാക്കുനീ
യിപ്പോളുരചെയ്തതിനെന്തുകാരണം?
എന്നോടു രാമഗുണങ്ങളെ വർണ്ണിച്ച
മുന്നമെല്ലാം നീ പറഞ്ഞിരുന്നൂനിന-
ക്കിന്നിതുതോന്നുവാനെന്തൊരുകാരണം?
നിന്നുടെപുത്രനു രാജ്യംതരാമല്ലോ.
ധന്യശീലേ! രാമൻ പോകേണമെന്നുണ്ടോ!
രാമനാലേതും ഭയംനിനക്കുണ്ടാകാ
ഭൂമീപതിയായ് ഭരതനിരുന്നാലും”

വർണ്ണ്യവസ്തുവിന്റെ പൂർണ്ണപ്രതീതി ജനിപ്പിക്കുന്നതിനു നമ്മുടെ കവിക്കു് അലങ്കാരങ്ങളുടെ അപേക്ഷയൊന്നുമില്ല. ശബ്ദശക്തികൊണ്ടു് അദ്ദേഹം കാര്യം സാധിക്കുന്നു. “നോക്കി നോക്കി” “വീർത്തു വീർത്തു്” ഇത്യാദിദ്വിരുക്തികളുടെ സ്വാരസ്യം സഹൃദയന്മാർക്കു് അനുഭവഗോചരമാണല്ലോ.

ഈ വരങ്ങൾരണ്ടും തന്നില്ലെങ്കിൽ, താൻ ജീവത്യാഗം ചെയ്യുന്നതാണെന്നു കൈകെയി ശഠിച്ചപ്പോൾ ദശരഥൻ,

“കൈകേയിതന്നുടെ നിർബന്ധവാക്യവും
രാഘവനോടു വിയോഗം വരുന്നതും,
ചിന്തിച്ചു ദുഃഖസമുദ്രനിമഗ്നനായ്
സന്താപമോടു മോഹിച്ചു വീണീടിനാൻ.
പിന്നെയുണർന്നിരുന്നും കിടന്നുമ്മകൻ
തന്നെയോർത്തും പറഞ്ഞും കരഞ്ഞും സദാ
രാമരാമേതി രാമേതി പ്രലാപേന
യാമിനി പോയിതു സംവത്സരതുല്യമായ്”

ഈ ഭാഗം,

“മൂർച്ഛിതഃ പതിതോ ഭൂമൌ വിസംജ്ഞോ മൃതകോ യഥാ
ഏവം രാത്രിർഗതാ തസ്യ ദുഃഖാൻ സംവത്സരോപമാ”

എന്നതിന്റെ എത്ര ഹൃദ്യമായ പരിഭാഷയായിരിക്കുന്നു!

“സ്ത്രിയോ ബാലാശ്ചവൃദ്ധാശ്ചരാത്രൌനിദ്രാം ന ലേഭിരേ
കദാ ദ്രക്ഷ്യാമഹേ രാമം പീതകൌശേയവാസസും
സർവാഭരണസമ്പന്നം കിരീടകടകോജ്ജ്വലം
കൌസ്തുഭാഭരണം ശ്യാമം കന്ദർപ്പശതസുന്ദരം
അഭിഷിക്തം സമായാതം ഗജാരൂഢം സ്മിതാനനം
ശ്വേതച്ഛത്രധരം തത്രലക്ഷ്മണം ലക്ഷണാന്വിതം
രാമം കദാ വാ ദ്രക്ഷ്യാമഃ പ്രാഭാതം വാ കദാ ഭവേൽ
ഇത്യുത്സുകധിയഃ സർവേ ബഭൂവുഃ പുരവാസിനഃ”

എഴുത്തച്ഛൻ ഈ പദ്യങ്ങളെ നേരെ തർജ്ജമചെയ്യാതെ തന്റെ ഹൃദയസ്ഥിതനായ ഭഗവാന്റെ ഒരു സജീവചിത്രം വരയ്ക്കയാണു് ചെയ്തിട്ടുള്ളതു്.

“സ്ത്രീബാലവൃദ്ധാവധിപുരവാസിക-
ളാബദ്ധകൌതൂഹലാബ്ധിനിമഗ്നരായ്
രാത്രിയിൽനിദ്രയും കൈവിട്ടു മാനസേ
ചീർത്തപരമാനന്ദത്തോടുമേവിനാർ.
നമ്മുടെജീവനാം രാജകുമാരനെ-
നിർമ്മലരത്നകിരീടമണിഞ്ഞതി-
രമ്യകരായിതമണികുണ്ഡല
സമ്മുഗ്ധശോഭിതഗണ്ഡസ്ഥലങ്ങളും
പുണ്ഡരീകച്ഛദലോചനഭംഗിയും
പുണ്ഡരീകാരാതി മണ്ഡലതുണ്ഡവും
ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും
കുന്ദമുകുള സമാനദന്തങ്ങളും
ബന്ധൂകസൂനസമാനാധരാഭയും
കന്ധരരാജിതകൌസ്തുഭരത്നവും
ബന്ധുരാഭം തിരുമാറുദരവും
സന്ധ്യാഭ്രസന്നിഭപീതാംബരാഭയും
പൂഞ്ചേലമീതെ വിളങ്ങിനിന്നീടുന്ന
കാഞ്ചനകാഞ്ചികളും തനുമധ്യവും
കുംഭികുലോത്തമൻ തുമ്പിക്കരംകണ്ടു
കുമ്പിട്ടുകൂപ്പീടുമൂരുകാണ്ഡങ്ങളും
കുംഭീന്ദ്രമസ്തക സന്നിഭജാനുവും
അംഭോജബാണനിഷംഗാഭജംഘയു-
മംഭോജതുല്യമാമം ഘ്രിതലങ്ങളും
ജംഭാരിരത്നം തൊഴും തിരുമേനിയും
ഹാരകടകവലയാംഗുലീയാദി
ചാരുതരാഭരണാവലിയും പൂണ്ടു
വാരണൻവീരൻ കഴുത്തിൽതിറമോടു
ഗൌരാതപത്രം ധരിച്ചരികേ നിജ
ലക്ഷ്മണനാകിയ സോദരൻതന്നോടും
ലക്ഷ്മീനിവാസനാം രാമചന്ദ്രം മുദാ
കാണായ്വരുന്നു നമുക്കിനിയെന്നിദം
മാനസതാരിൽ കൊതിച്ചനമുക്കെല്ലാം
ക്ഷോണീപതിസുതനാകിയരാമനെ
കാണായ് വരും പ്രഭാതേ ബത നിർണ്ണയം
രാത്രിയാം രാക്ഷസി പോകുന്നതില്ലെന്നു
ചീർത്തവിഷാദമോടൌൽസുക്യമുൾകൊണ്ടു
മാർത്താണ്ഡദേവനെ കാണാഞ്ഞു നോക്കിയും
പാർത്തുപാർത്താനന്ദ പൂർണ്ണാമൃതാബ്ധിയിൽ
വിണുമുഴുകിയും പിന്നെയും പൊങ്ങിയും
വാണീടിനാർ പുരവാസികളാദരാൽ.”

ഇതു തർജ്ജമയും എഴുത്തച്ഛൻ വെറും തർജ്ജമക്കാരനും ആണെങ്കിൽ ഇതുപോലൊരു തർജ്ജമയേയും എഴുത്തച്ഛനെപ്പോലെ ഒരു തർജ്ജമക്കാരനേയും കിട്ടിയാൽ ധന്യധന്യയാകാത്ത ഏതു ഭാഷായോഷയാണു് ഉള്ളതു്?

ആദിത്യനുദിച്ചിട്ടും മന്നവൻ പള്ളിക്കുരിപ്പുണരായ്കയാൽ, മന്ത്രിപ്രവരനായ സുമന്ത്രൻ അന്തഃപുരത്തിൽചെന്നു് “രാജീവഗോത്രോദ്ഭൂതഭൂപതേ! രാജരാജേന്ദ്രപ്രവര! ജയ! ജയ!” എന്നൊക്കെ സ്തുതിക്കവേ,

“എത്രയും ഖിന്നനായ് കണ്ണുനീരും വാർത്തു
പൃത്ഥ്വിയിൽതന്നെ കിടക്കും നരേന്ദ്രനെ”

കണ്ടു് ഈ ഭാവഭേദത്തിനുള്ള കാരണം എന്തെന്നു കൈകേയിയോടു ചോദിച്ചു.

“രാമനെകാണാഞ്ഞു ദുഖം നൃപേന്ദ്രനു
രാമനെച്ചെന്നു വരുത്തുക വൈകാതെ”

എന്നു ദേവി മറുപിപറഞ്ഞപ്പോൾ, സുമന്ത്രൻ ‘അതിനെന്തുപ്രയാസം; എന്നാൽ രാജാജ്ഞകൂടാതെ ഞാൻ എങ്ങനെ ഇവിടെ നിന്നു പോകും?’ എന്നു സംശയിച്ചു നിൽക്കവേ, ദശരഥൻ,

“ചെന്നുനീതന്നെ വരുത്തുക രാമനെ
സുന്ദരനായൊരു രാമകുമാരനാം
നന്ദനൻതൻമുഖം വൈകാതെകാണണം”

എന്നു ആജ്ഞാപിച്ചു. രാമചന്ദ്രൻ വന്നു്, പിതാവിന്റെ പാദപങ്കജത്തെ താണുകൂപ്പിയപ്പോൾ, അദ്ദേഹത്തിനെ ആലിംഗനം ചെയ്വാനായി മഹാരാജാവു് എണീറ്റു് കൈനീട്ടാൻ ഭാവിക്കവേ, മോഹിച്ചു വീണുപോയി. ഭഗവാൻ വേഗത്തിൽ താതനെച്ചെന്നെടുത്തു് മടിയിൽ കിടത്തീട്ടു് ഈ ദുഃഖത്തിനു കാരണമെന്തെന്നു ചോദിച്ചു. അതുകേട്ടു് കൈകേയി,

“രണ്ടുവരംമമ ദത്തമായിട്ടുണ്ടു്
പണ്ടുനിൻതാതനാൽ സന്തുഷ്ടചേതസാ
നിന്നാലെ സാദ്ധ്യമായുള്ളൊന്നതു, രണ്ടു-
മിന്നു തരേണമെന്നർത്ഥിക്കയും ചെയ്തേൻ.
നിന്നോടതു പറഞ്ഞീടുവാൻ നാണിച്ചു
ഖിന്നനായ്വന്നിതു താതനറിക നീ
സത്യപാശേന സംബദ്ധനാം താതനെ
സത്വരം രക്ഷിപ്പതിന്നു യോഗ്യൻ ഭവാൻ”

എന്നു പറഞ്ഞതു ശൂലം തറയ്ക്കുന്നതുപോലെ രാമചന്ദ്രനിൽകൊണ്ടു.

“ഇത്രയെല്ലാം പറയേണമോ മാതാവേ
താതാർത്ഥമായിട്ടു ജീവനെത്തന്നെയും
മാതാവു തന്നെയും സീതയെത്തന്നെയും
ഞാൻ ഉപേക്ഷിപ്പൻ; അതിനില്ല സംശയം
മാനസേ ഖേദമതിനില്ലിനിക്കേതും
രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ
ത്യാജ്യമെന്നാലെന്നറിക നീ മാതാവേ
ആകയാൽ താതനിയോഗമനുഷ്ഠിപ്പാൻ
ആകുലമേതുമെനിക്കില്ല നിർണ്ണയം
സത്യം കരോമ്യഹം സത്യം കരോമ്യഹം
സത്യം മയോക്തം മറിച്ചു രണ്ടായ്വരാ”

എന്നു രഘുനാഥൻ ശപഥം ചെയ്തപ്പോൾ, കൈകയികാര്യമെല്ലാം തുറന്നു പറഞ്ഞു.

“താതൻ നിനക്കഭിഷേകാർത്ഥമായുട-
നാദരാൽ സംഭരിച്ചോരു സംഭാരങ്ങൾ
കൊണ്ടഭിഷേകം ഭരതനു ചെയ്യണം.
രണ്ടാംവരം പിന്നെയൊന്നുണ്ടു വേണ്ടുന്നു,
നീ പതിന്നാലുസംവത്സരം കാനനേ
താപസവേഷേണ വാഴുകയും വേണം”

ഈ വാക്കുകൾ കേട്ടപ്പോൾ ഭഗവാൻ, ഒരു ഭാവഭേദവും കൂടാതെ

“ഇന്നതിനെന്തൊരു വൈഷമ്യമായതും
ചെയ്കഭിഷേകം ഭരതനു ഞാനിനി
വൈകാതെ പോവൻ വനത്തിനു മാതാവേ
എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു്
ചിന്തിച്ചു ദുഃഖിപ്പതിനെന്തു കാരണം?”

ഇതുവരെയുള്ള ഭാഗം ശരിതർജ്ജമയാകുന്നു. ഇവിടെ കവി ഒന്നു രണ്ടു വാക്യങ്ങൾ കൂടി സ്വതന്ത്രമായ് ചേർത്തിട്ടുള്ളതു് രാമചന്ദ്രന്റെ സ്വഭാവത്തെ പൂർണ്ണമായി വെളിപ്പെടുത്തുന്നതിനു പര്യാപ്തവുമായിരിക്കുന്നു.

“രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ
രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി
ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേറ്റമെളുതല്ലോ.
സ്നേഹമെന്നെക്കുറിച്ചേറുമമ്മയ്ക്കു
മദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാൽ;
ആകാശഗംഗയെപ്പാതാളലോകത്തു
വേഗേനകൊണ്ടു ചെന്നാക്കി ഭഗീരഥൻ
തൃപ്തിവരുത്തിപ്പിതൃക്കൾക്കു; പൂരുവും
തൃപ്തനാക്കീടിനാൻ താതനുതന്നുടെ
യൌവനം നല്കിജരാനരയും വാങ്ങി
ദിവ്യന്മാരായാർ പിതൃപ്രസാദത്തിനാൽ
അല്പമായുള്ളൊരു കാര്യം നിരൂപിച്ചു
മൽപിതാദുഃഖിപ്പതിനില്ലവകാശം”

ഇതെല്ലാം കവി കല്പിതമാകുന്നു. ഈ വാക്കുകൾ കവിയുടെ ആശയഗാംഭീര്യത്തിനു സാക്ഷ്യം വഹിക്കുന്നു. ദശരഥന്റെ വിലാപവും മറ്റും മൂലഗ്രന്ഥത്തിലുള്ളതിനേക്കാൾ ഹൃദയ ദ്രവീകരണചണമായിരിക്കുന്നുണ്ടു്.

“ഹാരാമ! ഹാ! ജഗന്നാഥ! ഹാ! മമ പ്രാണവല്ലഭ!
മാം വിസൃജ്യ കഥം ഘോരം വിപിനം ഗന്തുമഹർസി
ഇതി രാമം സമാലിംഗ്യ മുക്തകണ്ഠോ രുരോദാഹഃ,

എന്നേ മൂലത്തിലുള്ളു.

“ഹാ! രാമ! ഹാ! ജഗന്നാഥ! ഹാ! രാമ
ഹാഹാ മമപ്രാണവല്ലഭ!
നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ
എന്നെപ്പിരിഞ്ഞുനീ ഘോരമഹാവനം
തന്നിൽഗമിക്കുന്നതെങ്ങിനെ നന്ദന!
എന്നിത്തരം പല ജാതിപറകയും
കണ്ണുനീരാലോല വാർത്തുകരകയും
നന്നായ് മുറുകെ മുറുകെത്തഴുകിയും
പിന്നെച്ചുടുചുടെ ദീർഘമായ് വീർക്കയും”

ഖിന്നനായോരുപിതാവിനെക്കണ്ടു്, രാമചന്ദ്രൻ,

“തന്നുടെകൈയാൽ കുളുർത്തജലംകൊണ്ടു
കണ്ണും മുഖവും തുടച്ചു”

‘ആശ്ലേഷനീതിവാഗ്വൈഭവങ്ങളാൽ’ ആശ്വസിപ്പിച്ചു.

ഇതിനിടയ്ക്കു് കൌസല്യാദേവി സ്വപുത്രന്റെ അഭ്യുദയത്തിനുവേണ്ടി ഹോമപൂജാദികൾ ചെയ്യിക്കയും ബ്രാഹ്മണർക്കു വളരെ ധനം നൽകയും ചെയ്തു.

“കൌസല്യാപി ഹരേഃ പൂജാം കുരുതേ രാമകാരണാൽ
ഹോമം ച കാരയാമാസ ബ്രാഹ്മണേഭ്യോ ദദൌ ധനം
ധ്യായതേ വിഷ്ണുമേകാഗ്രം മനസാ മൌനമസ്ഥിതാ
അന്തസ്ഥമേകം ഘനചിൽപ്രകാശം നിരസ്തസർവാതിശയസ്വരൂപം
വിഷ്ണും സദാനന്ദമയം ഹൃദബ്ജേ സംഭാവയന്തീ ന ദദർശ രാമം
തതഃ സുമിത്രാ ദൃഷ്ട്വൈനം രാമം രാജ്ഞീം സസംഭൂമാ
കൌസല്യാം ബോധയാമാസ രാമോയം സമുപസ്ഥിതഃ
ശ്രുത്വൈവ രാമനാമൈഷാ ബഹിർദൃഷ്ടി, പ്രവാഹിതാ
രാമം ദൃഷ്ട്വാവിശാലാക്ഷമാലിംഗ്യാങ്കേ ന്യവേശയൽ
മൂർദ്ധ്ന്യവഘ്രായ പസ്പർശ ഗാത്രം നീലോൽപ്പലച്ഛവിഃ
ഭുങ്ങ്ക്ഷ്വ പുത്രേതി ച പ്രാഹ മിഷ്ടമന്നം ക്ഷുധാർദ്ദിതഃ
രാമഃ പ്രാഹ ന മേ മാതർഭോജനാവസരഃ കൃതഃ
ദണ്ഡകാഗമനേ ശീഘ്രം രമ കാലോദ്യ നിശ്ചിതഃ”

ഈ പദ്യങ്ങൾ എഴുത്തച്ഛന്റെ മനോധർമ്മക്കണ്ണാടിയിൽ കൂടി കടന്നപ്പോൾ, ഒരു ഉജ്ജ്വലചിത്രമായ് ചമഞ്ഞു.

“ധാർമ്മികയാകിയ മാതാ സസംഭ്രമം
ബ്രാഹ്മണരെക്കൊണ്ടു ഹോമപൂജാദികൾ
പുത്രാഭ്യുദയത്തിനായ്കൊണ്ടു ചെയ്യിച്ചു
വിത്തമതീവ ദാനങ്ങൾ ചെയ്താദരാൽ
ഭക്തികൈക്കൊണ്ടേ ഭഗവൽപദാംബുജം
ചിത്തത്തിൽ നന്നായുറപ്പിച്ചിളകാതെ
നന്നായ് സമാധിയുറച്ചിരിക്കുന്ന നേരം
ചെന്നൊരു പുത്രനെയും കണ്ടതില്ലല്ലോ.
അന്തികേ ചെന്നു കൌസല്യയോടന്നേരം
സന്തോഷമോടു സുമിത്ര ചൊല്ലീടിനാൾ.
രാമനുപഗതനായതു കണ്ടീലേ?
ഭൂമിപാലപ്രിയേ നോക്കീടുകെന്നപ്പോൾ,
വന്ദിച്ചു നില്ക്കുന്ന രാമകുമാരനെ
മന്ദേതരം മുറുകെപ്പുണർന്നീടിനാൾ
പിന്നെ മടിയിലിരുത്തി നെറുകയിൽ
നന്നായ് മുകർന്നു മുകർന്നു കുതൂഹലാൽ
ഇന്ദീവരദളശ്യാമ കളേബരം
മന്ദമന്ദം തലോടിപ്പറഞ്ഞീടിനാൾ
‘എന്തെന്മകനേ മുഖാംബുജം വാടുവാൻ
ബന്ധമുണ്ടായതുപാരം വിശക്കയോ?
വന്നിരുന്നീടു ഭുജിപ്പതിന്നാശു നീ’
എന്നു മാതാവു പറഞ്ഞോരനന്തരം
വന്നശോകത്തേയടക്കിരഘുവരൻ
തന്നുടെ മാതാവനോടരുളിച്ചെയ്തു.
ഇപ്പോൾ ഭുജിപ്പാനവസരമില്ലമ്മേ
ക്ഷിപ്രമരണ്യവാസത്തിനു പോകണം”

കൌസല്യാദുഃഖവർണ്ണനയും മറ്റും മൂലകവിയെ അനുസരിച്ചുതന്നെ ചെയ്തിരിക്കുന്നു. ദേവിയുടെ വിലാപം കേട്ട ലക്ഷ്മണൻ, ശോകരോഷങ്ങൾ കൊണ്ടു് നിറഞ്ഞിട്ടു് “നേത്രാഗ്നിനാ ലോകങ്ങളെല്ലാം ദഹിച്ചുപോകുംവണ്ണം രാഘവൻതന്നെ” നോക്കി ഇങ്ങനെ പറഞ്ഞു:

“ആകുലമെന്തിതു കാരണമുണ്ടാവാൻ?
ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം
ശാന്തേതരം ത്രപാഹീനം ശഠാപ്രിയം
ബന്ധിച്ചു താതനെയും പിന്നെ ഞാൻ പരി-
പന്ഥികളായുള്ളവരെയുമൊക്കവേ
അന്തകൻ വീട്ടിന്നയച്ചഭിഷേകമൊ-
രന്തരം കൂടാതെ സാധിച്ചുകൊള്ളുവൻ.
ബന്ധമില്ലേതുമതിന്നു ശോകിപ്പതി-
നന്തർമുദാ വസിച്ചീടുക മാതാവേ!
ആര്യപുത്രാഭിഷേകം കഴിച്ചീടുവാൻ
ശൌര്യമിനിക്കതിനുണ്ടെന്നു നിർണ്ണയം
കാര്യമല്ലാത്തതു ചെയ്യുന്നതാകിലാ-
ചാര്യനും ശാസനം ചെയ്കെന്നതേ വരൂ”

ഇവിടെ ഒടുവിലത്തേ രണ്ടു വരികൾ മാത്രമേ കവിയുടെ സ്വന്തമായിട്ടുള്ളു. ലക്ഷ്മണോപദേശത്തിലും കവി വലുതായ വ്യത്യാസം വരുത്തീട്ടില്ല.

“ദേഹോഽഹംഭാവമാപന്നോ രാജാഹം ലോകവിശ്രുതഃ
ഇത്യസ്മിൻ മനുതേ ജന്തുഃ കൃമിവിഡ്ഭസ്മസംജ്ഞിതേ”

എന്ന പദ്യത്തിന്റെ തർജ്ജമ ഭാഷാന്തരീകർത്താക്കന്മാർക്കു ഒന്നാന്തരം മാതൃകയായിരിക്കുന്നു.

“ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു
മോഹം കലർന്ന ജന്തുക്കൾ നിരൂപിക്കും
ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ-
ന്നാമ്രേഡിതം കലർന്നീടും ദശാന്തരേ
ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചുപോകിലാം
വെന്തുവെണ്ണീറായ്ച്ചമഞ്ഞുപോയീടിലാം
മണ്ണിനു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹംനിമിത്തം മഹാമോഹം”

‘ബ്രാഹ്മണോഹം’ ഇത്യാദി ഭാഗത്തു നമ്മുടെ കവികുലഗുരു ദുരഭിമാനികളായ ആഢ്യബ്രാഹ്മണരെ മന്ദമായി ഒന്നു ഉപഹസിച്ചിരിക്കുന്നു. അവരേപ്പറ്റി മൂലത്തിൽ പ്രസ്താവമൊന്നുമില്ലല്ലോ.

ലക്ഷ്മണൻ ക്രോധത്തിനു വശപ്പെട്ടു പിതൃനിന്ദ ചെയ്തതുകൊണ്ടാണല്ലോ ഭഗവാൻ അദ്ദേഹത്തിനെ ഉപദേശിക്കാൻ തുടങ്ങിയതു്. അതുകൊണ്ടു് ക്രോധത്തേപ്പറ്റി പറയുന്ന ഭാഗത്തെ എഴുത്തച്ഛൻ കുറേയൊക്കെ പ്രപഞ്ചിച്ചു കാണുന്നതിൽ അത്ഭുതപ്പെടാനില്ല.

സൌമിത്രിയുടെ കോപത്തെ ശമിപ്പിച്ചതിനു ശേഷം രാമചന്ദ്രൻ അമ്മയെ സമാധാനപ്പെടുത്താൻ നോക്കി. ഇവിടെയും മൂലത്തിൽ ഇല്ലാത്ത ചില അംശങ്ങളെ കവി കൂട്ടീട്ടുണ്ടു്. ധർമ്മനിഷ്ഠനായ കവിയ്ക്കു് രാമചന്ദ്രനേക്കൊണ്ടു്,

“അച്ഛനെന്തുള്ളിലിച്ഛയെന്നാലതെ-
ന്നിച്ഛയെന്നങ്ങുറച്ചീടെണമമ്മയും
ഭർത്തൃകർമ്മാനുകരണമത്രേ പാതി-
വ്രത്യനിഷ്ഠ വധൂനാമെന്നു നിർണ്ണയം”

എന്നുകൂടി പറയിക്കാതിരിക്കാൻ മനസ്സുവന്നില്ല. ഇപ്രകാരം ഉപദേശഗർഭിതമായ വാക്കുകൾ പറഞ്ഞിട്ടു് അനുവാദത്തിനും അനുഗ്രഹത്തിനുമായി ദണ്ഡനമസ്കാരം ചെയ്ത പുത്രനെ ദേവി, പിടിച്ചെഴുന്നേല്പിച്ചു ആശ്ലേഷിച്ചിട്ടു സർവദേവതകളെയും വിളിച്ചു്,

[62] “എന്മകനാശു നടക്കുന്നനേരവും
കല്മഷം തീർന്നിരുന്നീടുന്ന നേരവും
തന്മതികെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ”

എന്നു പ്രാർത്ഥിച്ചു. ഇങ്ങനെ സ്വമാതാവിന്റെ അനുവാദം കിട്ടിയപ്പോൾ ഭഗവാൻ സന്തുഷ്ടനായി.

“ത്വൽപാദസേവർത്ഥമായിന്നടിയനു-
മിപ്പോൾ വഴിയേ വിടകൊൾവതിന്നുമേ
മോദാലതിനായനുവദിച്ചീടണം
… … …
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായ്കിൽ”

എന്നു ലക്ഷ്മണൻ നിർബന്ധിച്ചതിനാൽ ‘എങ്കിൽ നീ പോന്നുകൊണ്ടാലും’ എന്നു് അദ്ദേഹം സമ്മതിച്ചു. അനന്തരം സീതാദേവിയോടു യാത്ര ചോദിപ്പാനായി അദ്ദേഹം അവിടെ എഴുന്നള്ളിയപ്പോൾ ദേവി ‘വേഗേന സസ്മിതമുത്ഥാനം ചെയ്തിട്ടു’ കാഞ്ചനപാത്രസ്ഥമായ തോയംകൊണ്ടു വാഞ്ഛയാ തൃക്കാൽ കഴുകിച്ചശേഷം’ മന്ദാക്ഷപൂർവം ഇങ്ങനെ ചോദിച്ചു.

[63] “ആരുമകമ്പടി കൂടാതെ ശ്രീപാദ-
ചാരേണ വന്നതുമെന്തു? കൃപാനിധേ!
വാരണവീരനെങ്ങു? മമ വല്ലഭ!
ഗൌരാതപത്രവും താലവൃന്താദിയും,
ചാമരദ്വന്ദ്വവും വാദ്യഘോഷങ്ങളും,
ചാമീകരാഭരണാദ്യലങ്കാരവും
സാമന്തഭൂപാലരേയും പിരിഞ്ഞതി-
രോമാഞ്ചമോടെഴുന്നള്ളിയതെന്തയ്യോ?”

അതിനു മറുപടിയായി മൂലഗ്രന്ഥത്തിൽ

‘രാജ്ഞാ മേ ദണ്ഡകാരണ്യേ രാജ്യം ദത്തം ശുഭേ ഖിലം
അതസ്തൽപാലനാർത്ഥയ ശീഘ്രം യാസ്യാമി ഭാമിനി’

എന്നു ഹാസ്യഗർഭിതമായ വാക്കുകളാണു് രാമനെക്കൊണ്ടു പറയിച്ചിരിക്കുന്നതു്. അവിടെ ഗുരുജനനിന്ദയുടെ ഈഷൽസ്ഫുരണം ഇല്ലയോ എന്നു ശങ്കിച്ചിട്ടായിരിക്കാം, എഴുത്തച്ഛൻ,

“തന്നിതു ദണ്ഡകാരണ്യരാജ്യം മമ
പുണ്യം വരുത്തുവാൻ താതനറികടോ”

എന്നു അല്പം ഒരു ഭേദഗതി വരുത്തിയിരിക്കുന്നതു്. ‘രാജ്യഭാരം ക്ലേശവഹമാണെന്നു മാത്രമല്ല, പ്രജകളുടെ പാപത്തിൽ ഒരു ഓഹരി രാജാവിൽ പകരുകയും ചെയ്യും. എന്നാൽ എനിക്കു പിതാവുതന്നിരിക്കുന്ന രാജ്യത്തിൽ പാപശങ്കയ്ക്കൊരു അവകാശവുമില്ല. നേരേമറിച്ചു പുണ്യം നേടുവാൻ മാർഗ്ഗവുമുണ്ടു്.’ എന്നു സാരം.

വനത്തിലേക്കു പോകുന്നതിനു തടസ്സം പറയരുതെന്നും ദേവമാതാവിനോടുകൂടി വസിച്ചുകൊള്ളണമെന്നും രാമചന്ദ്രൻ അരുളിച്ചെയ്തപ്പോൾ,

“മുന്നിൽ നടപ്പൻ വനത്തിനു ഞാനിന്നു
പിന്നാലെ വേണമെഴുന്നള്ളുവാൻ ഭവാൻ”

എന്നു ഭർത്തൃഗതപ്രാണയായ ആ വനിതാകുലമൌലിഭൂഷ മറുപടി പറഞ്ഞു. രഘുവരൻ എന്തെല്ലാം പറഞ്ഞിട്ടും ശ്രീജാനകീ ദേവി സമ്മതിച്ചില്ല.

“രാമസ്യവചനം ശ്രുത്വാ സീതാ ദുഃഖസമന്വിതാ-
പ്രത്യുവാച സ്ഫുരദ്വക്ത്രാ കിഞ്ചിൽ കോപസമന്വിതാ
കഥം മാമിച്ഛസേ ത്യക്തും ധർമപത്നീം പതിവ്രതാം
ത്വദനന്യാമദോഷാം മാം? ധർമ്മജ്ഞോഽസി ദയാപരഃ
ത്വത്സമീപേ സ്ഥിതാം രാമ! കോ വാ മാം ഘർഷയേദ്വനേ.
ഫലമൂലാദികം യദ്യത്തവഭുക്താവശേഷിതം
തദേവാമൃതതുല്യം മേ തേന തുഷ്ടാ രമമ്യേഹം
ത്വയാസഹ ചരന്ത്യാ മേ കുശാഃ കാശാശ്ച കങ്കടാഃ
പുഷ്പാസ്തരണതുല്യം മേ ഭവിഷ്യന്തി ന സംശയഃ
അഹം ത്വാം ക്ലേശയേ നൈവ ഭവേയം കാര്യസാധിനീം
ബാല്യേ മാം വീക്ഷ്യ കശ്ചിദ്വൈ ജ്യോതിശ്ശാസ്ത്രവിശാരദഃ
പ്രാഹ തേ വിപിനേ വാസഃ പത്യാ സഹ ഭവിഷ്യതി
സത്യവാദീ ദ്വിജോ ഭൂയാദ്ഗമിഷ്യാമി ത്വയാസഹ
അന്യൽകിഞ്ചിദ് പ്രവക്ഷ്യാമി ശ്രുത്വാ മാം നയ കാനനം.
രാമായണാനി ബഹുശഃ ശ്രുതാനി ബഹുഭിർദ്വിജൈഃ
സീതാം വിനാ വനം രാമോ ഗതഃ കിം കത്രചിദ്വദ
അതസ്ത്വയാ ഗമിഷ്യാമി സർവഥാ ത്വൽസഹായിനീ”

ഈ പദ്യങ്ങളുടെ തർജ്ജമ അത്യന്തം സുന്ദരമായിട്ടുണ്ടു്. എന്നാൽ ഇവിടെയും ഉചിതജ്ഞനായ കവി ചില മാറ്റങ്ങൾ വരുത്താതിരുന്നിട്ടില്ല. ‘കിഞ്ചിൽ കോപസമന്വിതൌ’ എന്ന വിശേഷണത്തെ വിട്ടുകളഞ്ഞിരിക്കുന്നു. സീതയ്ക്കു് ഒരുകാലത്തും ഭഗവാനോടു കോപം ഉണ്ടായിട്ടില്ലല്ലോ. പരിത്യാഗകാലത്തുപോലും ‘രഘുനന്ദന ഈ കൃത്യം അങ്ങേയ്ക്കു യോജിച്ചതുതന്നേ’ എന്നു സ്വഭർത്താവിനെ അഭിനന്ദിച്ച സീതാദേവിയ്ക്കു് കോപംവന്നുകാണുകയില്ലെന്നു് എഴുത്തച്ഛൻ വിധിച്ചതിൽ ആർക്കും വിസ്മയത്തിനു വഴിയില്ല.

‘സീതാംവിനേത്യാദി’ പദ്യത്തേയും അദ്ദേഹം,

“ഉണ്ടോപുരുഷൻ പ്രകൃതിയെവേറിട്ടു്
രണ്ടുമൊന്നത്രേ വിചാരിച്ചുകാൺകിലോ”

എന്നിങ്ങനെ ഒന്നു വ്യാഖ്യാനിച്ചിരിക്കുന്നു.

“പാണിഗ്രഹണമന്ത്രവുമോർക്കുകിൽ
പ്രാണാവസാനകാലത്തും പിരിയുമോ”

ഇതു മൂലത്തിൽ ഉള്ളതേ അല്ല.

രാമനോടുകൂടി പോവാൻ ഒരുമ്പെട്ട ലക്ഷ്മണനോടു സുമിത്ര

“അഗ്രജൻതന്നെപ്പരിചരിച്ചെപ്പൊഴു-
മഗ്രേ നടന്നുകൊള്ളണം പിരിയാതെ
രാമനേ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം.
എന്നെ ജനകാത്മജയെന്നുറച്ചു കൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ”

എന്നു ഉപദേശിച്ചു. ഈ ഉപദേശം,

‘രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകത്മജാം
അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത! യഥാസുഖം’

എന്ന വാല്മീകീയ പദ്യത്തിന്റെ വിവർത്തനമാണു്. മറ്റു ചില സ്ഥലങ്ങളിലും കവിവാല്മീകിയെ അനുസന്ധാനം ചെയ്തിട്ടുണ്ടു്.

രാമാദികൾ പിതുരാജ്ഞവാങ്ങാനായി ചെന്നു്, കൈകേയിയോടു്,

“സൌമിത്രിയും ജനകാത്മജയും ഞാനും
സൌമുഖ്യമാർന്നു പോവാമായ്പുറപ്പെട്ടു.
ഖേദമകലക്കളഞ്ഞിനി ഞങ്ങളെ
താതനാജ്ഞാപിക്ക വേണ്ടതുവൈകാതെ”

എന്നു പറഞ്ഞമാത്രയിൽ, കൈകേയി സന്തോഷിച്ചു് മൂന്നുപേർക്കും ഓരോ ചീരങ്ങൾ നൽകി. രാമലക്ഷ്മണന്മാർ അതു ഉടലിൽ ധരിച്ചു. എന്നാൽ ‘ലക്ഷ്മീഭഗവതിയാകിയ ജാനകി’ അതിനെ എങ്ങനെ ഉടുക്കേണ്ടു എന്നറിയാതെ, കൈയിൽ പിടിച്ചുകൊണ്ടു് സലജ്ജം ഭർത്തൃമുഖാംബുജത്തെ ഗൂഢമായി നോക്കി. ഇംഗിതജ്ഞനായ രാഘവൻ ദേവിയുടെ ‘ദിവ്യാംബരോപരി’ അതിനെ ചുറ്റിക്കൊടുത്തു. കണ്ടുനിന്നവരെല്ലാം കരഞ്ഞുപോയി. വസിഷ്ഠൻ കൈകേയിയേ ഒട്ടുവളരെ ഭർത്സിച്ചു.

“രാമൻ വനത്തിനുപോകണമെന്നല്ലോ
താമസശീലേ! വരത്തേ വരിച്ചു നീ
ജാനകീദേവിക്കു വൽക്കലം നൽകുവാൻ
മാനസേ തോന്നിയതെന്തൊരു കാരണം?”

രാമാദികൾ വനത്തിനു പുറപ്പെട്ടപ്പോൾ പുരവാസികളും സ്ത്രീബാലവൃദ്ധാവധി അവരുടെകൂടി പുറപ്പെട്ടു.

“രാമനെ വേറിട്ടു ജീവിച്ചു ഞാനിനി
ഭൂമിയിൽ വാഴ്കെന്നതില്ലെന്നു നിർണ്ണയം”

എന്നു പറഞ്ഞുകരഞ്ഞ ദശരഥനെ എടുത്തു് ഭൃത്യജനങ്ങൾ കൌസല്യയുടെ ഗൃഹത്തിൽ ആക്കി.

“പൌരജനത്തിൻ പരിദേവനംകണ്ടു്” ശ്രീരാമദേവൻ ഇങ്ങനെ ചിന്തിച്ചു.

“സൂര്യനുദിച്ചാലയക്കയുമില്ലവർ
കാര്യത്തിനും വരും വിഘ്നമെന്നാലിവർ
ഖേദംകലർന്നു തളർന്നുങ്ങുന്നിതു
ബോധമില്ലിപ്പോളിനിയുണരുമുമ്പേ പോകണം.”

അവരിൽനിന്നു തെറ്റി, രാഘവൻ ഗംഗാതീരം പ്രാപിച്ചു. ഗുഹൻ എന്ന നിഷാദൻ,

“പക്വമനസ്സോടു ഭക്ത്യൈവ സത്വരം
പക്വഫലമധുപുഷ്പാദികളെല്ലാം
കാഴ്ചവെച്ചിട്ടു്”

ദണ്ഡനമസ്കാരം ചെയ്തു. രാമചന്ദ്രൻ ആ ഭക്തനെ ‘പെട്ടെന്നെടുത്തെഴുനേല്പിച്ചു് വക്ഷസി തുഷ്ട്യാ, ദൃഢമണച്ചു്, ആശ്ലേഷിച്ചു. ചിത്രകൂടപ്രവേശംവരെയുള്ള കഥാഭാഗത്തിൽ കവി മൂലകൃതിയെ ഏറ്റക്കുറവുകൂടാതെ ഭംഗിയായി തർജമചെയ്തിരിക്കുന്നു.

എന്നാൽ ദശരഥന്റെ ചരമഗതിയേയും നാരീജന വിലാപത്തേയും വർണ്ണിക്കുന്നിടത്തു് എഴുത്തച്ഛൻ ചില സ്വാതന്ത്ര്യങ്ങൾ കാണിച്ചിട്ടുണ്ടു്.

ഭരതൻ കേകയപുരത്തുനിന്നു തിരിച്ചുവന്നപ്പോൾ, അമ്മയെ തനിച്ചുകണ്ടിട്ടു്,

“താതനെവിടെ വസിക്കുന്നു മാതാവേ?”

എന്നു ചോദിക്കവേ,

“…കിം ദുഃഖേന തവാനഘ!
യാ ഗതിർദ്ധർമ്മശീലാനാമശ്വമേധാദിയാജിനാം
താം ഗതിം ഗതവാനദ്യപിതാ തേ പിതൃവത്സല!”

എന്നു ദേവി മറുപടിപറഞ്ഞു. ഇവിടെ ‘കിം ദേഃഖേന തവാ നഘ!’ എന്ന ഭാഗത്തെ എഴുത്തച്ഛൻ തർജ്ജമചെയ്തിരിക്കുന്നതു്

‘എന്മകനെന്തു ദുഃഖിപ്പാനവകാശം?
നിന്മനോവാഞ്ഛിതമൊക്കെ വരുത്തി ഞാൻ’

എന്നാണു്. ചപലയും രാജ്യലോഭിനിയുമായ കൈകേയി തന്റെ പുത്രനിലും ആ ചാപല്യത്തെ ആരോപിച്ചതു സ്വാഭാവികമായിട്ടുണ്ടു്.

വസിഷ്ഠൻ ഭരതനു നൽകിയ ഉപദേശകത്തിന്റെ തർജ്ജമ വായിക്കുമ്പോൾ, എഴുത്തച്ഛൻ ഭഗവദ്ഗീതകൂടി തർജ്ജമ ചെയ്തില്ലല്ലോ എന്നു ആർക്കും കുണ്ഠിതം തോന്നാതിരിക്കയില്ല. [64]

“പിതാ വാ തനയോ വാപി യദി മൃത്യുവശംഗതഃ
മൂഢാസ്തമനുശോചന്തി സ്വാത്മതാഡനപൂർവകം”

എന്നതിന്റെ ഭാഷാന്തരം എത്ര മനോഹരമായിരിക്കുന്നു എന്നു നോക്കുക.

“താതനെന്നാകിലും പുത്രനെന്നാകിലും
പ്രേതരായാലതി മൂഢരായുള്ളവർ
മാറത്തലച്ചു തൊഴിച്ചു മുറവിളി
ച്ചേറത്തളർന്നു മോഹിച്ചു വീണീടുവോർ”

സകല ഗുരുജനങ്ങളും, ഉപദേശിച്ചു നോക്കീട്ടും, ഭരതൻ രാമനെ വിളിച്ചു കൊണ്ടുവരാനായി വനത്തിലേക്കു തിരിച്ചു് ചിത്രകൂടം ചലം പ്രാപിച്ചു. താപസന്മാർ ഭരതനു രാമസദനം ചൂണ്ടി കാണിച്ചു കൊടുത്തു. ആ ഘട്ടത്തെ മൂലഗ്രന്ഥകാരൻ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“വിവിക്തം രാമസദനം ചാരുകാനനമണ്ഡിതം
സഫലൈരാമ്രപനസൈഃ കദളീഷണ്ഡസംവൃതം
ചമ്പകൈഃ കോവിദാരൈശ്ച പുന്നാഗൈർവിപുലൈസ്തദാ
ഏവം ദർശിതമാലോക്യ മുനിഭിർഭരതോഽഗ്രതഃ
ഹർഷാദ്യയൌ രഘുശ്രേഷ്ഠഭവനം മന്ത്രിണാ സഹ
ദദർശ ദൂരാദതിഭാസുരം ശൂഭം
രാമസ്യ ഗേഹം മുനിവൃന്ദസേവിതം
വൃക്ഷാഗ്രസംലഗ്നസൂവല്ക്കലാജിനം
രാമാഭിരാമം ഭരതഃ സഹാനുജഃ
അഥ ഗത്വാശ്രമപദസമീപം ഭരതോ മുദാ
സീതാരാമപദൈർയുക്തം പവിത്രമതിശോഭനം.
സ തത്ര വജ്രാംകുശവാരിജാഞ്ചിത
ധ്വജാദിചിഹ്നാനി പദാനി സർവതഃ
ദദർശ രാമസ്യ ഭുവോ തി മംഗളാ-
ന്യചേഷ്ടയൽ പാദരജസ്സു സാനുജഃ.
അഹോ! സുധന്യോഹമമൂനി രാമ
പാദാരവിന്ദാങ്കിതഭൂതലാനി
പശ്യാമിയൽ പാദരജോ വിമൃഗ്യം
ബ്രഹ്മാദിദേവൈഃ ശ്രുതിഭിശ്ച നിത്യം.”

ഈ പദ്യങ്ങളെ രാമാനുജാചാര്യർ എങ്ങനെ തർജ്ജമചെയ്തിരിക്കുന്നു എന്നു നോക്കുക.

“തത്രൈവചെന്നനേരത്തുകാണായ്വന്നിതത്യത്ഭുതമായരാമചന്ദ്രാശ്രമം
പുഷ്പഫലലദല പൂർണ്ണവല്ലീതരുശഷ്പരമണീയ കാനനമണ്ഡലേ.
ആമ്രകദളീ ബകുളപനസങ്ങളാമ്രാതഖർജ്ജുരനാഗപുന്നാഗങ്ങൾ
കേരപുഗങ്ങളും കോവിദാരങ്ങളുമേരണ്ഡചമ്പകാശോകതാലങ്ങളും
മാലതീജാതിപ്രമുഖലതാവലീ ശാലികളായ തമാലസാലങ്ങളും
ഭൃംഗാദിനാനാവിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗക-
രംഗാദിനാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരേ ഭരതനും
വൃക്ഷാഗ്രസംലഗ്നവല്ക്കലാലംകൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവനങ്ങിനാൻ
ഭാഗ്യവാനായ ഭരതനതുനേരം മാർഗ്ഗരജസിപതിഞ്ഞു കാണായ്വന്നു.
സീതാരഘുനാഥപാദാരവിന്ദങ്ങൾ നൂതനമായതിശോഭനം പാവനം
അങ്കശാബ്ജദ്ധ്വജവജ്രമത്സ്യാദികൊണ്ടങ്കിതം മംഗലമാനന്ദമഗ്നനായ്.
വീണുരുണ്ടും പതിഞ്ഞും കരഞ്ഞും തദാരേണുതൻ മൌലിയിൽ കോരിയിട്ടീടിനാൻ.
ധന്യോഹമിന്നഹോ ധന്യോഹമിന്നഹോ മൂന്നം മയാ കൃതം പുണ്യപൂരം പരം
ശ്രീരാമപാദപത്മാഞ്ചിതം ഭൂതലമാരാലെനിക്കു കാണ്മാനവകാശവും
വന്നിതില്ലോ മുഹുരിപ്പാദപാംസുക്കളന്വേഷണം ചെയ്തുഴലുന്നിതേറ്റവും
വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും”

ഇവിടെ ‘അചേഷ്ടയൽ’ എന്ന പദത്തെ കവി എങ്ങനെ വികസിപ്പിച്ചിരിക്കുന്നുവെന്നു കാൺക.

“സ തത്ര ദൃഷ്ട്വാ രഘുനാഥമാസ്ഥിതം
ദൂർവാദളശ്യാമളമായതേക്ഷണം
ജടാകിരീടം നവവല്ക്കലാംബരം
പ്രസന്നവക്ത്രം തരുണാരുണദ്യുതിം”

എന്ന പദ്യത്തേയും ഒട്ടൊന്നു പരത്തിയാണഉ് തർജ്ജമ ചെയ്തിരിക്കുന്നതു്.

“സുന്ദരം രാമചന്ദ്രം പരമാനന്ദമന്ദിര-
മിന്ദ്രവേരജമിന്ദീവരലോചനം;
ദൂർവാദളനിഭശ്യമാളം കോമളം
പൂർവജം നീല നളിനദളേക്ഷണം
രാമം ജടാമകുടം വല്ക്കലാംബരം
സോമബിംബാഭപ്രസന്നവക്ത്രാംബുജം
ഉദ്യത്തരുണാരുണായുത ശോഭിതം
വിദ്യുത്സമാംഗിയാം ജാനകിയായൊരു
വിദ്യയുമായി വിനോദിച്ചിരിക്കുന്നോരു
വിദ്യോതമാനമാത്മാനമവ്യാകുലം
വക്ഷസിശ്രീവത്സ ലക്ഷണമവ്യയം
ലക്ഷ്മീനിവാസം ജഗന്മയമച്യുതം
ലക്ഷ്മണസേവിതപാദപങ്കേരുഹം
ലക്ഷണാലക്ഷ്യസ്വരൂപം പുരാതനം
ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം
രക്ഷോവിനാശനം രക്ഷാവിചക്ഷണം
ചക്ഷുഃശ്രവണ പ്രവരപല്യങ്കഗം
കുക്ഷിസ്ഥിതാനേക പത്മജാണ്ഡം പരം
കാരുണ്യപൂർണ്ണം ദശരഥനന്ദന-
മാരണ്യവാസരസികം മനോഹരം”

ഭരതൻ തന്റെ ജ്യേഷ്ഠനെ കണ്ടു. എന്നാൽ, നമ്മുടെ കവിയൊ മഹാവിഷ്ണുവിനെയാണു് അവിടെ ദർശിച്ചതു്. അതനുസരിച്ചുതന്നെ വർണ്ണിക്കയും ചെയ്തിരിക്കുന്നു.

“തഥാഽഭിദുദ്രാവ രഘൂത്തമം ശുചാ
ഹർഷാച്ച തൽപാദയുഗം തദാഗ്രഹീൽ”

എന്നേ മൂലത്തിലുള്ളു. എന്നാൽ,

“രാമനവനെയും ശത്രുഘ്നനെയു-
മാമോദാലെടുത്തു നിവർത്തി”

എന്ന പദങ്ങളാൽ എഴുത്തച്ഛൻ, ശത്രുഘ്നൻകൂടി നമസ്കരിച്ചതായി വ്യക്തമാക്കിയിരിക്കുന്നു.

“സത്സംഗമേറെയുള്ളോരു സൌമിത്രിയും
തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ.
ശത്രുഘ്നനുമതിഭക്തികലർന്നു സൌ-
മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ”

എന്നുകൂടി സദാചാര തൽപരനായ മഹാകവി പ്രത്യേകം എടുത്തുപറയാൻ മറന്നുപോയിട്ടില്ല.

“രാമഃ സ്വമാതരം വീക്ഷ്യ ദ്രുതമുത്ഥായ പദായോഃ
വവന്ദേ സാശ്രു സാ പുത്രമാലിംഗ്യാതീവ ദുഃഖിതാ”

എന്ന പദ്യത്തിന്റെ വിവർത്തനത്തെ എത്ര വാഴ്ത്തിയാലും മതിയാവുകയില്ല.

“രോദനം ചെയ്യുന്ന മാതാവിനെക്കണ്ടു
പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും
എത്രയുമാർത്തി കൈക്കൊണ്ടു കൌസല്യയും
പുത്രനു ബാഷ്പധാരാഭിഷേകം ചെയ്തു.
ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട-
നൂഢമോദം മൂലയും ചുരന്നൂ തദാ.”

പുത്രഗതമായ മാതൃസ്നേഹവാരിധിയുടെ ആഴം നമ്മുടെ കവി കണ്ടിട്ടുണ്ടെന്നും ഈ വാക്യത്തിൽനിന്നു വ്യക്തമാകുന്നു.

ശ്രീരാമപാദുകവും വാങ്ങികൊണ്ടു് ഭരതൻ തിരിച്ചു പോകുന്നതുവരെയുള്ള കഥാഭാഗമാണു് അയോദ്ധ്യാകാണ്ഡത്തിൽ അടങ്ങിയിരിക്കുന്നതു്.

രാമചന്ദ്രന്റെ മഹാരണ്യപ്രവേശത്തോടുകൂടി ആരണ്യകാണ്ഡം ആരംഭിക്കുന്നു. ‘ഝില്ലിഝംകാരനാദമണ്ഡിത സിംഹവ്യാഘ്രശല്യാദിമൃഗഗണനിഷേവിതമായ’ ഘോരകാനനത്തിൽ ലക്ഷ്മണൻ മുന്നിലും മദ്ധ്യേ സീതയും എല്ലാർക്കും പുറകെയായ് ശ്രീരാമനും നടന്നു. ഇവിടെ,

അഗ്രേഗച്ഛാമ്യഹം പശ്ചാൽത്വമന്വേഹിധനുർദ്ധരഃ
ആവയോർമധ്യഗാ സീതാ മായേവാത്മ പരാത്മനോഃ

എന്ന മൂലശ്ലോകത്തെ,

“മുന്നിൽനീ നടക്കേണം വഴിയേ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവൻഗതഭയം
ജീവാത്മാ പരമാത്മാക്കൾക്കു മദ്ധ്യസ്ഥയാകും
ദേവിയാം മഹാമായാശക്തിയെന്നതുപോലെ”

എന്നു മാറ്റിയിരിക്കുന്നു. ഇതു് ഒരു വലിയ പ്രമാദമാണെന്നു ജല്പിക്കുന്നവർ പലരുമുണ്ടു്. എന്നാൽ ഇതു എഴുത്തച്ഛൻ മനഃപൂർവമായി ചെയ്തിട്ടുള്ള മാറ്റമാണെന്നു തെളിയിക്കാൻ പ്രയാസമില്ല. സുമിത്രയെക്കൊണ്ടു്,

അഗ്രജൻതന്നെപ്പരിചരിച്ചെപ്പൊഴു-
മഗ്രേ നടന്നുകൊള്ളണം പിരിയാതെ”

എന്നു് മുമ്പു് ലക്ഷ്മണനോടു പറയിച്ചിട്ടുള്ളതു നോക്കുക. മായേ വാത്മപരാത്മനോഃ എന്ന ഉപമാനത്തിൽ ആത്മാ, മായാ, പരമാത്മാവു് ഇങ്ങിനെയാണല്ലൊ ക്രമം കാണിച്ചിട്ടുള്ളതും. അതുകൊണ്ടു് ജീവാത്മസ്ഥാനീയനായ ലക്ഷ്മണൻ മുമ്പിലും, മായാദേവിയായ സീത മദ്ധ്യത്തിലും രാമപരമാത്മാവു പുറകിലും നടന്നില്ലെങ്കിൽ ഉപമാനത്തിലെ ക്രമം തെറ്റിപ്പോകുന്നതിനാൽ ഈ മാറ്റം വരുത്തിയതായും ഒരു അഭിപ്രായമുണ്ടു്. അങ്ങനെയാണെങ്കിൽ ആ രീതിയിൽതന്നെ അർത്ഥവ്യത്യാസം വരുത്താതെ തർജ്ജമചെയ്വാൻ എഴുത്തച്ഛനു സാധിക്കുമായിരുന്നില്ലേ? ഇവിടെ ‘ഗതഭയം’ എന്ന പദം ഒരു ഊഹത്തിനു വഴിനല്കുന്നു. വനത്തിൽ മായാവികളും ദുഷ്ടന്മാരുമായ രാക്ഷസന്മാരുടെ ശല്യം ഉണ്ടായേക്കാൻ എളുപ്പമാണു്. മുമ്പിൽവന്നെതിർത്താൽ ലക്ഷ്മണൻ പോരാടിക്കൊള്ളും. പിന്തുണയ്ക്കു രാമചന്ദ്രനുമുണ്ടല്ലോ. പുറകിൽനിന്നുള്ള ആക്രമണമാണു് വളരെ ഭയപ്പെടാനുള്ളതു്. അതുകൊണ്ടു ലക്ഷ്മണൻ മുമ്പിലും സീത മദ്ധ്യത്തിലും ആയി നടന്നാൽ രാമചന്ദ്രനു ഭയംകൂടാതെ പോവാൻ സാധിക്കും എന്നു സാരം.

“അഗ്രതോ ഗച്ഛ സൌമിത്രേ സീതാ ത്വാ മനുയാസ്യതു
പൃഷ്ഠതോഽഹം ഗമിഷ്യാമി സീതാം ത്വാം പരിപാലയൻ”

എന്നിങ്ങനെ ഈ അർത്ഥത്തെതന്നെ കുറിക്കുന്നതായി ഒരു പ്രസിദ്ധപദ്യം ഉണ്ടെന്നു് മിസ്റ്റർ ശങ്കരമേനോൻ പറയുന്നു.

വിരാധനുമായി എതിരിട്ടതിനെ വർണ്ണിക്കുന്നിടത്തു് ‘അട്ടഹാസം തതഃ കൃത്വാ ഭീഷയന്നിദമബ്രവീൽ’ എന്ന മൂലഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളതിനെ,

“നിഷ്ഠരതരമവനെട്ടാശ പൊട്ടുംവണ്ണ-
മട്ടഹാസം ചെയ്തിടിവെട്ടിടും നാദം പോലെ
ദൃഷ്ടിയിൽനിന്നു കനൽക്കട്ടകൾ വീഴുംവണ്ണം
പുഷ്ടകോപേന ലോകംഞെട്ടുമാറുരചെയ്താൻ.”

എന്നാണു് വിവർത്തനം ചെയ്തിരിക്കുന്നതു്. എത്ര മനോഹരമായ വാങ്മയചിത്രം!

“കോ വാ ദയാലുഃ സ്മൃതകാമധേനു
മന്യോജഗത്യാം രഘു നായകാദഹോ!
സ്മൃതോ മയാ നിത്യമനന്യഭാജാ
ജ്ഞത്വാ സ്മൃതിം മേ സ്വയമാഗതോയഃ”
“പശ്യത്വിദാനിം ദേവേശോ രാമോ ദശരഥിഃ പ്രഭുഃ
ദഗ്ദ്ധ്വാ സ്വദേഹം ഗച്ഛാമി ബ്രാഹ്മലോകമകല്മഷഃ
അയോധ്യാധിപതിർമേസ്തു ഹൃദയേ രാഘവസ്സദാ
യദ്വാമാംകേ സ്ഥിതാ സീതാ മേഘസ്യേവ തടില്ലതാ”

എന്ന പദ്യങ്ങളെ,

“ശ്രീരാമരാമ! രാമ! ഞാനൊരു വിദ്യാധരൻ
കാരുണ്യമൂർത്തേ കമലാപതേ ധരാപതേ!
ദുർവാസാവായ മുനിതന്നുടെ ശാപത്തിനാൽ
ഗർവിതനായൊരു രാത്രിഞ്ചരനായേനല്ലോ
നിന്തിരുവടിയുടെ മഹാത്മ്യംകൊണ്ടു ശാപ-
ബന്ധവുംതീർന്നു മോക്ഷം പ്രാപിച്ചതിന്നു നാഥ!
സന്തതമിനിച്ചരണാംബുജയുഗം തവ
ചിന്തിക്കായ്വരേണമേ മാനസത്തിനുഭക്ത്യാ
വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകണം
പാണികൾകൊണ്ടു ചരണാർച്ചനം ചെയ്യാകണം
ശ്രോതങ്ങൾകൊണ്ടു കഥാശ്രവണം ചെയ്യാകണം
നേത്രങ്ങൾകൊണ്ടു രാമലിംഗങ്ങൾ കാണാകണം
ഉത്തമാംഗേന നമസ്കരിക്കായ്വന്നീടണം
ഉത്തമഭക്തന്മാർക്കു ഭൃത്യനായ്വരേണം ഞാൻ.
നമസ്തേ! ഭഗവതേ ജ്ഞാനമൂർത്തയേ നമോ
നമസ്തേ! രാമായാത്മാരാമായ നമോ നമഃ
നമസ്തേ രാമായ സീതഭിരാമായ നിത്യം
നമസ്തേ രാമായ ലോകാഭിരാമായ നമഃ
ദേവലോകത്തിനു പോവാനനുഗ്രഹിക്കേണം
ദേവദേവേശ പുനരൊന്നപേക്ഷിച്ചീടുന്നേൻ
നിന്മഹാ മായാദേവിയെന്നെ മോഹിപ്പിച്ചിടാ-
യ്ക്കംബുജവിലോചന! സന്തതം നമസ്കാരം.”

എന്ന ഭാഗത്തോടു സാദൃശ്യപ്പെടുത്തി നോക്കേണ്ടതാണു്. ഇതു തർജ്ജമയാണെന്നു ആരെങ്കിലും പറയുമോ? പാഷണ്ഡന്മാർക്കുകൂടി ഈ വരികൾ വായിക്കുമ്പോൾ ഭക്തി ജനിക്കാതിരിക്കുമോ എന്നു സംശയമാണു്. ഇവിടെയും വിരാധസ്തുതിയല്ല നാം കാണുന്നതു്. പരമഭക്തനായ കവിയുടെസ്തുതിയാണു്. ഭക്തന്മാരുടെ ദാസ്യംകൊണ്ടു് അദ്ദേഹം പരമസംതൃപ്തി അടയുന്നതായി ഇവിടെ വ്യക്തമായിരിക്കുന്നു. സീതാദേവി സദാ ഹൃദയത്തിൽ ഇരിക്കേണമേ എന്നാണു് മൂലത്തിൽ പറഞ്ഞിരിക്കുന്നതു്. വിരക്തനായ നമ്മുടെ കവിയാകട്ടെ,

‘നിന്മഹാമായാദേവി എന്നെ മോഹിപ്പിച്ചീടരുതേ’ എന്നത്രേ പ്രാർത്ഥിക്കുന്നതു്.

ശരഭംഗാശ്രമ പ്രാപ്തിമുതൽക്കു സുതീക്ഷ്ണാശ്രമപ്രവേശനം വരെയുള്ള ഭാഗം ഏറെക്കുറെ ശരിതർജ്ജമയാണു്. സുതീക്ഷ്ണസ്തോത്രം വളരെ ഹൃദയംഗമമായിരിക്കുന്നു.

വേദാന്തപരമായ അഗസ്ത്യസ്തുതിയെ ഇതിൽപരം ഭഗിയായി മറ്റാർക്കും ഭാഷാന്തരം ചെയ്വാൻ സാധിക്കയില്ല. ഒരു ഭാഗം മാത്രം ഉദ്ധരിച്ചുകൊള്ളട്ടെ.

മൂലം:
“സാധവഃ സമചിത്താ യേ നിസ്പൃഹാ വിഗതൈഷിണഃ
ദാന്താഃ പ്രശാന്താസ്ത്വദ് ഭക്താ നിവൃത്താഖിലകാമനാഃ
ഇഷ്ടപ്രാപ്തിവിപത്ത്യാശ്ച സമാഃ സംഗവിവർജ്ജിതാഃ
സന്യസ്താഖിലകർമ്മാണഃ സർവദാ ബ്രഹ്മതൽപരാഃ
യമാദിഗുണസമ്പന്നാഃ സന്തുഷ്ടാ യേനകേനചിൽ
സത്സംഗമോ ഭാവേത്തർഹി ത്വൽകഥാശ്രവണേ രതിഃ
സമുദേതി തതോ ഭക്തിസ്ത്വയാ രാമ സനാതനേ
ത്വദ ഭക്താവുപപന്നായാം വിജ്ഞാനം പിപുലം സ്ഫുടം.
ഉദേതി മുക്തിമാർഗ്ഗോയമാദ്യശ്ചതുരസേവിതഃ
തസ്മാദ്രാഘവ സദ്ഭക്തിസ്ത്വയി മേ പ്രേമലക്ഷണാ.
സദാഭൂയാദ്ധരേ സംഗസ്ത്വദ് ഭക്തേഷുവിശേഷതഃ”
ഭാഷ:
“സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ
ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാർക്കായ്
നിസ്പൃഹന്മാരായ് വിഗതൈഷണന്മാരായ് സദാ
ത്വത്ഭക്തന്മാരായ് നിവൃത്താഖിലകാമന്മാരായ്
ഇഷ്ടാനിഷ്ടപ്രാപ്തികൾ രണ്ടിലും സമന്മാരായ്
നഷ്ടസംഗന്മാരുമായ് സന്യസ്തകർമ്മാക്കളായ്
ഇഷ്ടമാനസന്മാരായ് ബ്രഹ്മതൽപരന്മാരായ്
ശിഷ്ടാചാരൈകപരായണന്മാരായി നിത്യം
യോഗാർത്ഥം യമനിയമാദിസമ്പന്നന്മാരാ-
യേകാന്തേ ശമദമസാധനയുക്തന്മാരായ്,
സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോൾ
ചേതസി ഭവൽക്കഥാശ്രവണേ രതിയുണ്ടാം
ത്വൽക്കഥാശ്രവണേന ഭക്തിയും വർദ്ധിച്ചീടും
ഭക്തിവർദ്ഥിച്ചീടുമ്പോൾ വിജ്ഞാനമുണ്ടായ്വരും.
വിജ്ഞാനജ്ഞാനാദികൊണ്ടു മോക്ഷവും വരും.
ആകയാൽ ത്വൽഭക്തിയും നിങ്കലേ പ്രേമവായ്പും
രാഘവ സദാ ഭവിക്കേണമേ ദയാനിധേ!
ത്വൽപദാംബുജങ്ങളിലും ത്വൽഭക്തന്മാരിലുമെ-
ന്നുൾപ്പൂവിൽ ഭക്തിപുനരെപ്പൊഴുമുണ്ടാകണം.”

അഗസ്ത്യോപദേശത്തിലെന്നപോലെ ലക്ഷ്മണോപദേശത്തിലും കവി മാറ്റം ഒന്നും ചെയ്തിട്ടില്ല. അടുത്ത സുന്ദരഘട്ടം ശൂർപ്പണഖയുടെ പുറപ്പാടാണു്.

രാമന്റെ വാക്കുകേട്ടു് ലക്ഷ്മണന്റെ അടുക്കൽ ചെന്നിട്ടു് ഭഗ്നാശയായി വീണ്ടും വന്ന ശൂർപ്പണഖ,

“ക്രോധദ്രാമ! കിമർത്ഥം മാം ഭ്രാമയസ്യനവസ്ഥിതാം
ഇദാനീമേവ താം സീതാം ഭക്ഷയാമി തവാഗ്രതഃ”

എന്നു പറഞ്ഞതായിട്ടാണു് മൂലം. എന്നാൽ എഴുത്തച്ഛനാകട്ടെ,

“പിന്നെയും രഘുകുലനായകനോടുചൊന്നാ
ളെന്നെനീ പരഗ്രഹിച്ചീടുക നല്ലൂനിന-
ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്വരാ
മന്നവ! ഗിരിവരഗ്രാമദേശങ്ങൾ തോറു-
മെന്നോടുകൂടെ നടന്നോരോരോഭോഗമെല്ലാ-
മന്യോന്യംചേർന്നു ഭുജിക്കായ് വരുമനാരതം.
ഇത്തരമവളുരചെയ്തതു കേട്ടനേരം.
മുത്തരമരുൾചെയ്തു രാഘവൻ തിരുവടി.
ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ-
നൊരുത്തിവേണമതിനിവളുണ്ടിനിക്കിപ്പോൾ.
ഒരുത്തിവേണമവനതിനാരെന്നു തിര-
ഞ്ഞിരിക്കും നേരമിപ്പോൾ നിന്നെയും കണ്ടുകിട്ടി.
വരുത്തും ദൈവമൊന്നു കൊതിച്ചാലിനിനിന്നെ-
വരിച്ചുകൊള്ളുമവനില്ല സംശയമേതും.
തെരിക്കെന്നിനിക്കാലം കളഞ്ഞിടാതെചെന്നാൽ
കരത്തെഗ്രഹിച്ചീടും കടുക്കെന്നവനെടോ”

എന്നുകൂടി പറഞ്ഞിരിക്കുന്നു. ഈ ഭാഗം കവിയുടെ സ്വന്തം മനോധർമ്മമാണെന്നു പരയേണ്ടതില്ലല്ലോ. എഴുത്തച്ഛന്റെ ഫലിതത്തിനുള്ള വിശിഷ്ടസ്വഭാവം ഈ വരികളിൽനിന്നു ഗ്രഹിക്കാം. കവിത്വപ്രകടനത്തിനു് അവസരംകിട്ടിയാൽ അദ്ദേഹം അതിനെ വ്യർത്ഥമാക്കുകയില്ല. നോക്കുക.

“ഇദാനീമേവ താം സീതാം ഭക്ഷയാമി തവാഗ്രതഃ
ഇത്യുക്ത്വാ വികടാകാരാ ജാനകിമനുധാവതീ.
തതോ രാമാജ്ഞയാ ഖഡ്ഗമാദാ യ പരിഗൃഹ്യ താം
ചിച്ഛേദ നാസാം കർണ്ണൌ ച ലക്ഷ്മണോഽലഘുവിക്രമഃ.
തതോ ഘോരദ്ധ്വനിം കൃത്വാ രുധിരാക്തവപുർദ്രുതം
ക്രന്ദമാനാ പപാതാഗ്രേ ഖരസ്യ പരുഷാക്ഷരം”

എന്നതിനെ നമ്മുടെ പരമഗുരു ഇങ്ങനെയാണു് തർജ്ജമ ചെയ്തിരിക്കുന്നതു്.

“കാമവുമാശാഭംഗംകൊണ്ടു കോപവുമതി-
പ്രേമവുമാലസ്യവും പൂണ്ടു രാക്ഷസിയപ്പോൾ,
മായാരൂപവും വേർപെട്ടഞ്ജനശൈലംപോലെ
കായാകാരവും ഘോരദംഷ്ട്രവുംകൈക്കൊണ്ടുറ്റം,
കമ്പമുൾക്കൊണ്ടു സീതാദേവിയോടടുത്തപ്പോൾ
സംഭ്രമത്തോടെ രാമൻ തടുത്തുനിർത്തും നേരം
ബാലകൻകണ്ടു ശീഘ്രം കുതിച്ചു ചാടിച്ചെന്നു
വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം
ഛേദിച്ചനേരമവളലിറിമുറയിട്ട
നാദത്തെക്കൊണ്ടു ലോകം മാറ്റൊലികൊണ്ടു.
നീലപവർതത്തിന്റെ മുകളിൽനിന്നുചാടി
നാലഞ്ചുവഴിവരുമരുവിയാറുപോലെ
ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ
ഘോരയാം നിശാചരി വേഗത്തിൽ നടകൊണ്ടു.
രാവണൻതന്റെ വരവുണ്ടിനിയിപ്പോളെന്നു
ദേവദേവനുമരുൾചെയ്തിരുന്നരുളിനാൻ.
രാക്ഷസപ്രവരനായീടിന ഖരൻ മുമ്പിൽ
പക്ഷമറ്റവനിയിൽ പർവതംവീണപോലെ
രോദനംചെയ്തുമുമ്പിൽ പതനംചെയ്തു…”

മൂലഗ്രന്ഥത്തിലെ ശുഷ്കപദ്യങ്ങൾ എഴുത്തച്ഛന്റെ ഐന്ദ്രജാലികപ്രയോഗത്താൽ അതിശയചമൽക്കാരിയായ ഒരു മനോഹരചിത്രമായിച്ചമഞ്ഞിരിക്കുന്നു. രാമന്റെ ആജ്ഞാനുസാരം ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കും കാതും അറുത്തതായിട്ടാണല്ലോ മൂലം. എന്നാൽ എഴുത്തച്ഛൻ അതു ഭംഗിയായില്ലെന്നു കണ്ടിട്ടു്, അവിടം അല്പം മാറ്റിയിരിക്കുന്നു. സീതാദേവിയെ രാക്ഷസി ഭക്ഷിക്കാൻ ഒരുമ്പെടുന്നതു കണ്ടു് ഭക്താഗ്രണീയായ ലക്ഷ്മണൻ താനേ അങ്ങനെ ചെയ്തതായി വർണ്ണിച്ചതു ഉചിതമായിട്ടുണ്ടു്.

ചതുർദ്ദശാശരാധിപന്മാരുമായുള്ള യുദ്ധത്തിന്റെ വർണ്ണന മൂലത്തിലുള്ളതുപോലെയല്ല. ശൂർപ്പണഖയോടുകൂടിപ്പോയ അവരെ രാമചന്ദ്രൻ ഹനിച്ചതിനാൽ, അവൾ ബാഷ്പവും തൂകിക്കൊണ്ടു് തിരിച്ചുവന്നപ്പോൾ ഖരാദികൾ,

“എങ്ങുപോയ്ക്കളഞ്ഞിതു നിന്നോടുകൂടിപ്പറ-
ഞ്ഞിങ്ങുനിന്നയച്ചവർ പതിന്നാൽവരും ചെൽനീ”

എന്നു ചോദിക്കവേ, ആ ദുഷ്ട പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

“അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾകൊ-
ണ്ടിങ്ങിനി വരാതവണ്ണം പോയാർ തെക്കോട്ടവർ”

ഖരദൂഷണ ത്രിശിരാക്കളുമായുള്ള യുദ്ധത്തിന്റെ അതിദീർഘമായ വർണ്ണനയും സ്വതന്ത്രമാണു്. യുദ്ധവർണ്ണനയിൽ എഴുത്തച്ഛനുള്ള പാടവം അദ്വിതീയമാകുന്നു. മൂലകവി നാലു പദ്യങ്ങളിൽ സംഗ്രഹിച്ചിട്ടുള്ളതിനെയാണു് എഴുത്തച്ഛൻ നൂറിൽപരം പാദങ്ങൾ കൊണ്ടു് വർണ്ണിച്ചിരിക്കുന്നതു്.

യുദ്ധത്തിൽമരിച്ച പതിന്നാലായിരം രാക്ഷസന്മാരും ദിവ്യവിഗ്രഹങ്ങൾ കൈക്കൊണ്ടു് രാമചന്ദ്രനെ സ്തുതിക്കുന്നതും മറ്റും എന്റെ കൈവശമുള്ള മൂലഗ്രന്ഥത്തിൽ കാണുന്നതേ ഇല്ല. “രാവണഭഗിനിയും രോദനംചെയ്തു പിന്നെ, രാവണനോടു പറഞ്ഞീടുവാൻനടകൊണ്ടാൾ” എന്നു മുതൽക്കുള്ള ഭാഗമേ മൂലത്തിലുള്ളു.

മാരീചനിഗ്രഹണകഥ മൂലത്തെ അനുസരിച്ചുതന്നെ ഭാഷാന്തരം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ രാവണനോടു സീത പറഞ്ഞ വാക്കുകളെ കവി നേരേ തർജ്ജമചെയ്യാതെ കല്പിതമായ ചില അംശങ്ങൾകൂടി കൂട്ടിയിരിക്കുന്നു.

‘തൊട്ടുകൂടുമോ ഹരിപത്നിയേശ്ശശത്തിനു്’ എന്ന വാക്യം കവിയുടേതാണു്. അതുപോലെതന്നെ രാവണനും ജടായുവും തമ്മിലുള്ള സമരത്തിന്റെ വർണ്ണനയിലും സരസമായ അംശങ്ങളൊക്കെ എഴുത്തച്ഛന്റെ സ്വന്തമാകുന്നു.

“അബ്ധിയും പത്രാനിലക്ഷുബ്ധമായ് ചമയുന്നി-
തദ്രികളിളകുന്നു വിദ്രുതമതുനേരം”

എന്നിങ്ങനെ ഒരു പശ്ചാദ്ഭൂമി ഒരുക്കിയതിന്റെ ശേഷമേ അദ്ദേഹം ആ ഭയങ്കരയുദ്ധത്തിന്റെ ചിത്രം ഉല്ലേഖനം ചെയ്തിട്ടുള്ളു.

“കാൽനഖങ്ങളെക്കൊണ്ടു ചാപങ്ങൾ പൊടിപെടു-
ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ടു.
തീക്ഷണതുണ്ഡാഗ്രം കൊണ്ടുകുത്തി,ത്തകർത്തിതു
കാൽക്ഷണംകൊണ്ടു കൊന്നുവീഴ്ത്തിനാനശ്വങ്ങളെ.
രൂക്ഷതപെരുകിയ പക്ഷപാതങ്ങളേറ്റു
രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്വന്നു.
യാത്രയും മുടങ്ങി മൽകീർത്തിയുമൊടുങ്ങീതെ-
ന്നാർത്തിപൂണ്ടുഴന്നോരു രാത്രിചാരീന്ദ്രരപ്പോൾ” ഇത്യാദി

വർണ്ണനയിൽ അധികപക്ഷവും മൂലത്തിലുള്ളതേയല്ല.

സീതയെക്കാണാഞ്ഞു രാമചന്ദ്രൻ ദുഃഖിക്കുന്ന ഘട്ടത്തെ മൂലകാരനും എഴുത്തച്ഛനും വർണ്ണിച്ചിട്ടുള്ളതു താരതമ്യപ്പെടുത്തിനോക്കിയാൽ, ഭാഷാന്തരം കർത്താവിന്റെ കവിതാപാടവം സവിശേഷം വെളിപ്പെടും.

മൂലം:
“ഹാ പ്രിയേ ക്വ ഗതാസി ത്വം? നാസി പൂർവവദാശ്രമേ
അഥവാ മദ്വിമോഹാർത്ഥം ലീലയാ ക്വ വിലീയസേ?
വനദേവ്യഃ കുതഃ സീതാ? ബ്രൂവന്തു മമ വല്ലഭാം
മൃഗാശ്ച പക്ഷിണോ വൃക്ഷാഃ കഥയന്തു മമ പ്രിയാം.”
ഭാഷ:
ഹാ ഹാ! വല്ലഭേ സീതേ! ഹാ ഹാ മൈഥിലീ നാഥേ!
ഹാ ഹാ ജാനകീദേവീ ഹാ ഹാ മൽപ്രാണേശ്വരി!
എന്നെ മോഹിപ്പിപ്പാനായ് മറഞ്ഞങ്ങിരിക്കയോ?
ധന്യേ നീ വേളിച്ചത്തുവന്നീടുമടിയാതെ.
ഇത്തരം പറകയും കാനനംതോറും നട-
ന്നത്തൽപൂണ്ടന്വേഷിച്ചു കാണാഞ്ഞു വിവശനായ്,
വനദേവതമാരെ! നിങ്ങളുമുണ്ടോകണ്ടു?
വനജേക്ഷണയായ സീതയെ സത്യം ചൊൽവിൻ.
മൃഗസഞ്ചയങ്ങളെ! നിങ്ങളുമുണ്ടോകണ്ടു
മൃഗലോചനയായ ജനകപുത്രിതന്നെ?
പക്ഷിസഞ്ചയങ്ങളെ! നിങ്ങളുമുണ്ടോ കണ്ടു
പക്ഷ്മളാക്ഷിയെ മമ? ചൊല്ലുവിൻ പരമാർത്ഥം.
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിൻ പരമാർത്ഥം
പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോകണ്ടു?”

ഈ ഭാഗത്തെ തൊണ്ടയിടറാതെ വായിക്കാൻ ആർക്കും സാധിക്കുമെന്നു തോന്നുന്നില്ല. ജടായുസ്തുതി, കബന്ധഗതി ഇവയുടെ ഭാഷാന്തരം അതിശയേന ചമൽകൃതമായിട്ടുണ്ടു്. ശബര്യാശ്രമം പ്രാപിച്ചു് ആ തപസ്വിനിയുടെ സപര്യ ഏൾക്കുന്ന ഘട്ടംവരെയാണു് ആരണ്യകാണ്ഡത്തിൽ വിവരിച്ചിരിക്കുന്നതു്.

കിഷ്കിന്ധാകാണ്ഡത്തിൽ സുഗ്രീവസഖ്യവും മറ്റും കവി അധികം പ്രപഞ്ചിച്ചിട്ടില്ല. എന്നാൽ അവിടെയും ചില സരസഘട്ടങ്ങൾ ഉണ്ടു്. സുഗ്രീവൻ സീതാദേവിയുടെ ആഭരണങ്ങളെ ഭഗവാനെ കാണിച്ചപ്പോഴത്തെ അവസ്ഥയെ മൂലകവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“വിമുച്യ രാമസ്താദ്ദൃഷ്ട്വാ ഹാ സീതേതി മുഹുർമ്മുഹുഃ
ഹൃദി നിക്ഷിപ്യ തത്സർവം രുരോദ പ്രാകൃതോ യഥാ.”

അതിന്റെ വിവർത്തനം ഇങ്ങനെയാണു്:

“അർണ്ണോജനേത്രനെടുത്തു നോക്കുന്നേരം
കണ്ണുനീർതന്നേ കുശലം വിചാരിച്ചു.
എന്നെക്കണക്കെ പിരിഞ്ഞിതോ നിങ്ങളും
തന്വംഗിയാകിയ വൈദേഹിയോടയ്യോ?
സീതേ! ജനകാത്മജേ! മമ വല്ലഭേ!
നാഥേ! നളിനദലായതലോചനേ!
രോദനംചെയ്തു വിഭൂഷണസഞ്ചയ-
മാധിപൂർവം തിരുമാറിലമുഴ്ത്തിയും
പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ
ലോകൈകനാഥൻ കരഞ്ഞുതുടങ്ങിനാൻ”

സുഗ്രീവനും ബാലിയും തമ്മിലുണ്ടായ യുദ്ധത്തെ മൂലകാരൻ,

“മുഷ്ടിഭ്യാം താഡയാമാസ ബാലിനം സോ പിതം തഥാ?
അഹൻ ബാലീ ച സുഗ്രീവം സുഗ്രീവോ ബാലിനം തഥാ”

എന്ന ശുഷ്ക്കപദ്യത്തിൽ സംഗ്രഹിച്ചിരിക്കുന്നതിനെ എഴുത്തച്ഛൻ ഇങ്ങനെ വിവരിച്ചിരിക്കുന്നു.

“മുഷ്ടികൾ കൊണ്ടു താഡിച്ചിതു ബാലിയെ
രുഷ്ടനാം ബാലി സുഗ്രീവനേയും തഥാ
മുഷ്ടിചുരുട്ടി പ്രഹരിച്ചിരിക്കവേ
കെട്ടിയും കൈകാൽ പരസ്പരം താഡനം
തട്ടിയും മുട്ടുകൊണ്ടും തലതങ്ങളിൽ
കൊട്ടിയുമേറ്റം പിടിച്ചു കടിച്ചുമ-
ങ്ങൂറ്റത്തിൽ വീണും പുരണ്ടു മുരുണ്ടുമുൾ-
ച്ചീറ്റം കലർന്നു നഖം കൊണ്ടുമാന്തിയും,
ചാടിപ്പതിക്കയും കൂടെക്കുതിക്കയും,
മാടിത്തടുക്കയും കൂടെക്കൊടുക്കയും,
ഓടിക്കഴിക്കയും വാടി വിയർക്കയും,
മാടി വിളിക്കയും കോപിച്ചടുക്കയും,
ഊടെ വിയർക്കയും നാഡികൾ ചീർക്കയും,
മുഷ്ടിയുദ്ധ പ്രയോഗംകണ്ടു നില്പവർ
ദൃഷ്ടികുളുർക്കയും വാഴ്ത്തിസ്തുതിക്കയും
കാലനും കാലകാലൻതാനുമുള്ളപോർ
ബാലിസുഗ്രീവയുദ്ധത്തിനൊവ്വാദൃഢം.
രണ്ടുസമുദ്രങ്ങൾ തമ്മിൽ പൊരും പോലെ
രണ്ടുശൈലങ്ങൾ തമ്മിൽ പൊരും പോലെയും
കണ്ടവരാർത്തു കൊണ്ടാടിപ്പുകൾത്തിയും
കണ്ടീലവാട്ടമൊരുത്തനുമേതുമേ” ഇത്യാദി.

സുഗ്രീവരാജ്യാഭിഷേകം കഴിഞ്ഞു് ലക്ഷ്മണന്റെ അപേക്ഷപ്രകാരം രാമചന്ദ്രൻ ചെയ്തതായ ക്രിയോപദേശത്തിൽ പല അംശങ്ങളും നമ്മുടെ കവിയുടെ സ്വന്തമാണെന്നു നിസ്സംശയം പറയാം. എഴുത്തച്ഛന്റെ യോഗശാസ്ത്രപരിജ്ഞാനത്തിനേപ്പറ്റി ഏതാണ്ടല്പം നമുക്കു് ഈ വിവരണത്തിൽനിന്നു ഗ്രഹിക്കാൻ കഴിയും.

“മൽക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം
ഹൃൽക്കമലേ ദൃഢം ധ്യാനിച്ചു കൊള്ളണം.
പിന്നെ സ്വദേഹമഖിലം തയാ വ്യാപ്ത-
മെന്നുറയ്ക്കണമിളക്കവും കൂടാതെ
ആവാഹയേൽ പ്രതിമാദിഷു മൽക്കലാം
ദേവസ്വരൂപമായ് ധ്യാനിക്ക കേവലം”

ഇത്യാദി വരികൾ മൂലഗ്രന്ഥത്തിൽ നിന്നു എടുത്തിട്ടുള്ളതല്ല.

ശരൽക്കാലം വന്നിട്ടും സുഗ്രീവൻ സീതാന്വേഷണത്തിനു പുറപ്പെടാഞ്ഞതിനാൽ അദ്ദേഹത്തിനെ ഒന്നു ഭയപ്പെടുത്തുന്നതിനായി ഭഗവാൻ ലക്ഷ്മണനെ അയച്ചു. രാമാനുജൻ വാനരപുരിയിൽ പ്രവേശിച്ച ഘട്ടത്തേ മൂലകാരൻ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“ലക്ഷ്മണോഽപി തദാ ഗത്വാ കിഷ്കിന്ധാനഗരാന്തികം
ജ്യാഘോഷമകരോത്തീവ്രം ഭീഷയൻ സർവവാനരാൻ.
തം ദൃഷ്ട്വാ പ്രാകൃതാസ്തത്ര വാനരാ വപ്രമൂർദ്ധനി
ചക്രുഃ കിലകിലാ ശബ്ദം ധൃതപാഷാണപാദപാഃ
താൻ ദുഷ്ട്വാ ക്രോധതാമ്രാക്ഷോ വാനരാൻ ലക്ഷ്മണസ്തദാ
നിർമൂലാൻ കർത്തുമുദ്യുക്തോ ധനുരാനമ്യ വീര്യവാൻ”

ഇതിന്റെ തർജ്ജമ എത്ര സരസമായിരിക്കുന്നു!

“കിഷ്കിന്ധയാം നഗരാന്തികം പ്രാപിച്ചു
ലക്ഷ്മണനും ചെറുഞാണൊലിയിട്ടിതു.
മർക്കടന്മാരവനെക്കണ്ടുപേടിച്ചു
ചക്രുഃ കിലുകിലശബ്ദം പരവശാൽ
വപ്രോപരി വീണു കല്ലും മരങ്ങളും
വിഭ്രമത്തോടു കൈയ്യിൽ പിടിച്ചേവരും
പേടിച്ചു മൂത്രമലങ്ങൾ വിസർജ്ജിച്ചു
ചാടിത്തുടങ്ങിനാരങ്ങുമിങ്ങുംദ്രുതം.
മർക്കടകൂട്ടത്തെയൊക്കെയൊടുക്കുവാ-
നുൾക്കാമ്പിലഭ്യുദ്യുതനായിതു സൌമിത്രി
വില്ലി കുഴിയെ ക്കുലച്ചു വലിച്ചിതു
ഭല്ലൂകവൃന്ദവും വല്ലാതെയായിതു”

ഇതുപോലെ തന്നെ സ്വയം പ്രഭാഗതി സമ്പാദിവാക്യം മുതലായവയിലും എഴുത്തച്ഛന്റെ മനോധർമ്മം വേണ്ടുവോളം കാണാവുന്നതാണു്.

ഹനൂമാൻ സമുദ്രലംഘനത്തിനു് ഒരുങ്ങുന്ന ഘട്ടംവരെ കിഷ്കിന്ധാകാണ്ഡത്തിൽ വിവരിച്ചിരിക്കുന്നു.

രാമായണകഥ സർവാംഗ സുന്ദരമെങ്കിലും സുന്ദരകാണ്ഡം മറ്റെല്ലാകാണ്ഡങ്ങളെക്കാളും സുന്ദരമായിരിക്കുന്നു. എഴുത്തച്ഛൻ ഈ കാണ്ഡത്തെ പരമസുന്ദരമായി എഴുതീട്ടുണ്ടു്.

ഈ കാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും കവി വരുത്തീട്ടുള്ള ഭേദഗതികളും സ്വതന്ത്രമായി ചേർത്തിട്ടുള്ള അർത്ഥകല്പനകളും കണ്ടുപിടിക്കുന്നതിനുള്ള ചുമതല വായനക്കാർക്കു വിട്ടുതരികയേ നിവൃത്തിയുള്ളു. ചില ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.

മൂലം:

“ത്യജൈനാം മാനുഷീം ദീനാംദുഃഖിതാം കൃപണാം കൃശാം.”

ഭാഷ:
“ത്യജമനുജ തരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ്
പതിവിരഹപരവശതയൊടുമിഹപരാലയേ
പാർത്തുപാതിവ്രത്യമാലംബ്യ രാഘവം
പകലിരവു നിശിചരികൾ പരുഷവചനംകേട്ടു
പാരം വശംകേട്ടിരിക്കുന്നതുമിവൾ
ദുരിതമിതിലധികമിഹ നഹി നഹി സുദുർമ്മതേ!
ദുഷ്കീർത്തി ചേരുമോ വീരപുംസാം വിഭോ!”
മൂലം:
“ന മേ സമാ രാവണകോടയോഽധമ!
രാമസ്യ ദൂതോഽഹമപാരവിക്രമഃ”
ഭാഷ:
“നിനവു തവ മനസിപെരുതെത്രയും നന്നു തേ
നിന്നോടെതിരൊരു നൂറുനൂറായിരം
രജനിചരകുലപതികളായ് ഞെളിങ്ങുള്ളോരു
രാവണന്മാരൊരുമിച്ചെതിർത്തീടിലും
നിയതമിതു മമ ചെറുവിരല്ക്കു പോരാ പിന്നെ
നീയെന്തു ചെയ്യുന്നതെന്നോടു കശ്മല?

ഈ തർജ്ജമകളിൽ കവി മൂലത്തിലെ അർത്ഥങ്ങൾക്കു് എത്രമാത്രം വൈശദ്യവും സ്ഫുടതയും വരുത്തിയിരിക്കുന്നുവെന്നു നോക്കുക.

മൂലം:
“ഇത്യുക്ത്വാ ഹനൂമാൻ ബാഹു പ്രസാര്യായതവാലധിഃ
ഋജൂഗീവോർദ്ധ്വദൃഷ്ടിസ്സന്നാകുഞ്ചിത പദദ്വയഃ
ദക്ഷിണാഭിമുഖസ്തുർണ്ണം ഭല്ലൂകോഽനിലവിക്രമഃ”
ഭാഷ:
“ഇതിപവനതനയനുരചെയ്തു വാലും നിജ-
മേറ്റമുയർത്തിപ്പരത്തിക്കരങ്ങളും
അതിവിപുലഗളതലവുമാർജ്ജവമാക്കിനി
ന്നാകുഞ്ചിതാംഘ്രിയായൂർദ്ധ്വനയനനായ്
ദശവദനപുരിയിൽ നിജ ഹൃദയവുമുറപ്പിച്ചു
ദക്ഷിണദിക്കുമാലോക്യ ചാടീടിനാൻ”
മൂലം:
“ഇത്യാലിംഗ്യ സമാകൃഷ്യഗാഢം വാനരപുംഗവം
സാർദ്രനേത്രോ രഘുശ്രേഷ്ഠഃ പരം പ്രിയമുവാച സഃ”
ഭാഷ:
“പുനരപിരമാവരൻ മാരുതപുത്രനെ-
പ്പൂർണ്ണമോദം പുണർന്നീടിനാനാദരാൽ
ഉരസി മുഹുരപി മുഹുരണച്ചു പുൽകീടിനാ-
നോർക്കടോ മാരുതപുത്രഭാഗ്യോദയം
ഭുവനതലമതിലൊരുവനിങ്ങനെയില്ലഹോ
പൂർണ്ണപുണ്യൌഘ സൌഭാഗ്യമുണ്ടായെടോ”
മൂലം:
“ഉൽപ്ലുത്യോൽപ്ലുത്യ സന്തപ്തപുച്ഛേനസ മഹാകപിഃ
ദദാഹ ലങ്കാമഖിലാം സാട്ടപ്രാസാദതോരണാം
ഹാ താത! പുത്രനാഥേതി ക്രന്ദമാനാ സ്സമന്തരാ
വ്യാപ്താഃ പ്രസാദശിഖരേഽപ്യാരൂഢാ ദൈത്യയോഷിതഃ
ദേവതാ ഇവ ദൃശ്യന്തേ പതന്ത്യഃ പാവകേഽഖിലാഃ
വിഭീഷണഗൃഹം ത്യക്ത്വാ സർവം ഭസ്മീകൃതം പുരം
തത ഉൽപ്ലുത്യ ജലധൌ ഹനൂമാൻ മാരുതാത്മജഃ
ലാംഗൂലം മജ്ജയിത്വാന്തഃ സ്വസ്ഥചിന്തോ ബഭൂവ സഃ”
ഭാഷ:
“ ഉദവസിതനികരമുടനുടനുപരിവേഗമോ-
ടുൽപ്ലുത്യപിന്നെയുമുൽപ്ലുത്യസ്ത്വരം
കനകമണിമയനിലയമഖിലമനിലാത്മജൻ
കത്തിച്ചു കത്തിച്ചു വർദ്ധിച്ചിതഗ്നിയും
പ്രകൃതിചപലതയൊടവനചലമോരോമണി-
പ്രസാദജാലങ്ങൾ ചുട്ടുതുടങ്ങിനാൻ.
ഗജതുരഗരഥബലപദാതികൾപങ്ക്തിയും,
ഗമ്യങ്ങളായുള്ള രമ്യഹർമ്മ്യങ്ങളും,
അനലശിഖകളുമനില സുതഹൃദയവും തെളി-
ഞ്ഞാഹന്ത വിഷ്ണുപദം ഗമിച്ചൂ തദാ
വിബുധപതിയൊടു നിശിചരാലയം വെന്തൊരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
അഹമഹമികാധിയാ പാവകജ്വാലക-
ളംബരത്തോളമുയർന്നുചെന്നൂ മുദാ
ഭുവനതലഗത ചിമലദിവ്യ രത്നങ്ങളാൽ
ഭൂതി പരിപൂർണ്ണമായുള്ളലങ്കയും
പുനരനലസുതനിതി ദഹിപ്പിച്ചിതെങ്കിലും
ഭൂതിപരിപൂർണ്ണമായ് വന്നിതത്ഭുതം.
ദശവദനസഹജഗൃഹമെന്നിയേ മറ്റുള്ള
ദേവാരിഗേഹങ്ങൾ വെന്തുകൂടീ ജവം
രഘുകുലപതിപ്രിയ ഭൃത്യനാം മാരുതി
രക്ഷിച്ചുകൊണ്ടാൻ വിഭീഷണമന്ദിരം.
കനകമണിമയനിലയനികരമതു വെന്തോരോ
കാമിനീവർഗ്ഗം വിലാപം തുടങ്ങിനാർ.
ചികുരഭരവസനചരണാദികൾ വെന്താശു
ജീവനും വേർപെട്ടു ഭൂമൌ പതിക്കയും,
ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു-
മുന്നതമായ സൌധങ്ങളിലേറിയും,
ദഹനനുടനവിടയുമടുത്തു ദഹിപ്പുച്ചു
താഴത്തുവീണു പിടഞ്ഞുമരിക്കയും,
മമ തനയ! രമണ! ജനക! പ്രാണനാഥ! ഹാ
മാമകം കർമ്മയ്യോ വിധിദൈവമേ
മരണമുടനുടലുരുകി മുറുകിവരികെന്നതു
മാറ്റുവാനാരുമില്ലയ്യോ ശിവ ശിവ!
ദുരിതമിതുരജനിചരവരവിരചിതം ദൃഢം
മറ്റൊരു കാരണമില്ലിതിനേതുമേ
പരധനവുമമിതപരദാരങ്ങളും ബലാൽ
പാപി ദശാസ്യൻ പരിഗ്രഹിച്ചൂതുലോം
അറികിലനുചിതമിതിമദേന ചെയ്തിടായ്വി
നാരുമതിന്റെ ഫലമിതു നിർണ്ണയം.
മനുജതരുണിയെയൊരു മഹാപാപികാമിച്ചു
മറ്റുള്ളവർക്കുമാപത്തായിതിങ്ങനെ.
സുകൃതദുരിതങ്ങളും കാര്യമകാര്യവും
സൂക്ഷിച്ചുചെയ്തുകൊള്ളേണം ബുധജനം.
മദനശരപരവശതയൊടു ചപലനായിവൻ
മാഹാത്മ്യമുള്ള പതിവ്രതമാരെയും,
കരബലമൊടനുദിനമണഞ്ഞു പിടിച്ചതി
കാമി ചാരിത്രഭംഗം വരുത്തീടിനാൻ
അവർ മനസി മരുവിന തപോമയ പാവക-
നദ്യ രാജ്യേ പിടിപെട്ടിതു കേവലം.
നിശചരികൾ ബഹുവിധമൊരോന്നെ പറകയും
നില്ക്കുംനിലയിലേ വെന്തുമരിക്കയും
ശരണമിഹകിമിതി പലവഴിയുമുടനോടിയും
ശാഖികൾ വെന്തുമുറിഞ്ഞുടൻ വീഴ്കയും
രഘുകുലവാരേഷ്ടദൂതൻ ത്രിയാമാചര-
രാജ്യമെഴുന്നൂറുയോജനയും ക്ഷണാൽ
സരസബഹുവിഭവയുതഭോജനം നൽകിനാൻ
സന്തുഷ്ടനായിതു പാവകദേവനും
ലഘുതരമനിലതനയനമൃതനിധിതന്നിലേ
ലംഗൂലവും തച്ചു തീപൊലിച്ചീടിനാൻ.”

എഴുത്തച്ഛൻ അധ്യാത്മരാമായണത്തിന്റെ പ്രാരംഭത്തിൽ ‘ഭാരതീ പദാവലീ തോന്നേണം കാലേകാലേ’ എന്നു പ്രാർത്ഥിച്ചിട്ടുള്ളതു് ഇവിടെ സർവഥാ സഫലമായിരിക്കുന്നു.

‘വിബുധപതിയൊട്’ ഇത്യാദി വരികളിൽ അദ്ദേഹത്തിന്റെ ഫലിതവും’ മദനശരേതിവരികളിൽ” സ്ത്രീജനങ്ങളെക്കുറിച്ചുള്ള ബഹുമതിയും സവിശേഷം പ്രകാശിക്കുന്നു.

എഴുത്തച്ഛന്റെ ഭാഷ സന്ദർഭാനുസാരം ചിലപ്പോൾ ലളിതകോമളമായും, ചിലപ്പോൾ പ്രൌഢോജ്വലമായും വേറൊരിക്കൽ സരസഗംഭീരമായും ഇരിക്കുന്നു. സരസഘട്ടങ്ങളെ വർണ്ണിക്കുന്നിടത്തു ഭാഷ മധുരവും പ്രസന്നവുമാണെങ്കിൽ, ഗഹനങ്ങളായ ആധ്യാത്മികതത്വങ്ങൾ പ്രതിപാദിക്കുന്നിടത്തു് അതിഗംഭീരമാണെന്നുകാണാം. വർണ്ണ്യവസ്തുവിന്റെ പരിപൂർണ്ണമായ പ്രതീതിയ്ക്കു് ആവശ്യമുള്ളിടത്തു മാത്രമേ ശാബ്ദികമൊ, ആർത്ഥികമൊ ആയ അലങ്കാരങ്ങൾ പ്രയോഗിക്കൂ. ഈ വിഷയത്തിൽ തീക്ഷ്ണമായ ഔചിത്യം അദ്ദേഹം സർവത്ര പ്രദർശിപ്പിച്ചു കാണുന്നു. ഉചിതമായ ശബ്ദാർത്ഥങ്ങളുടെ പ്രയോഗത്തിലും തന്മയത്വത്തോടുകൂടിയ വർണ്ണനയിലും അദ്ദേഹത്തിനോടു് അരക്കാതമെങ്കിലും അടുത്തു വരുന്നതിനു സാധിച്ചിട്ടുള്ള മറ്റു കവികൾ കേരളത്തിൽ ഉണ്ടായിട്ടില്ല. ഭാഷാസംസ്കൃത ശബ്ദങ്ങളുടെ സമീചിനമായ സമ്മേളനംകൊണ്ടു് അത്യന്ത സുരഭിലവും അമൃതനിഷ്യന്ദിയും ആയ രാമാനുജഭാരതി അധ്യാത്മരാമായണത്തിൽ സർവോൽക്കർഷേണവർത്തിക്കുന്നു.

ഉത്തരരാമായണം

ഉത്തരരാമായണം എഴുത്തച്ഛന്റെ കൃതിയല്ലെന്നു മി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുകയും അതിനെ മിസ്റ്റർ പി. കെ. നാരായണപിള്ള ഖണ്ഡിക്കയും ചെയ്തിരിക്കുന്നു. പ്രസ്തുതഗ്രന്ഥത്തിന്റെ കർത്തൃത്വം എഴുത്തച്ഛനിൻതന്നെ ഇരിക്കേണ്ടതാണെന്നു തെളിയിപ്പാൻ പര്യാപ്തമായി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ള തെളിവുകൾ താഴെ ചേർക്കുന്നു.

  1. “ദേവിയുമനുജനും വാനരപ്പടയുമായ്” ഉത്തരരാമായണം “ദേവിയുമനുജനും വാനരപ്പടയുമായ്” അദ്ധ്യാത്മരാമായണം
  2. “ഉത്സാഹമുണ്ടു നിനക്കെങ്കിലവ്വണ്ണം.” (ഉ) “ഉത്സാഹമുണ്ടു നിനക്കെങ്കിലക്കാലം” (അ)
  3. “ബന്ധുസൽക്കാരം പരിഗ്രഹിച്ചാദരാൽ” (ഉ) “ബന്ധുസൽക്കാരം പരിഗ്രഹിച്ചേനഹം.” (അ)
  4. “ഗത്വാപിതാമഹം നത്വാസസംഭ്രമം” (ഉ) “ഗത്വാമുഹുർ നമസ്കൃത്വാ സസാദരം” (അ)
  5. “അഗ്രജൻ തന്നെ പരിചരിച്ചീടുക നിത്യം” (ഉ) “അഗ്രജൻതന്നെ പരിചരിച്ചെപ്പൊഴും” (അ)
  6. “പാന്ഥന്മാർ പെരുവഴിയമ്പലം തന്നിൽവന്നു” (ഉ) “താന്തരായിരുന്നുടൻ പിരിഞ്ഞുപോകുംപോലെ” (അ) “പാന്ഥർപെരുവഴി യമ്പലംതന്നിലേ” (ഉ) “താന്തരായ്കൂടി വിയോഗം വരുമ്പോലെ” (അ)
  7. “ചതുരാനനനിതി സ്തുതിചെയ്തതുനേരം” (ഉ) “ചതുരാനനി നിസ്തുതിചെയ്തതുനേരം” (അ)

ഉത്തരരാമായണത്തിനും, ഭാഗവതം, ഇരുപത്തിനാലുവൃത്തം ഈ ഗ്രന്ഥങ്ങൾക്കും ഉള്ള ചില ആശയസാദൃശ്യങ്ങളെ കൂടി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. എന്നാൽ ഇരുപത്തിനാലുവൃത്തം എഴുത്തച്ഛന്റെ കൃതിയല്ലെന്നു് അന്യത്ര തെളിയിച്ചിട്ടുണ്ടല്ലോ. ഭാഗവതം രാമാനുജ കൃതിയല്ലെന്നു സ്ഥാപിക്കുന്നതിനു മി. പി. കെ. നാരായണപിള്ള തന്നെ ശ്രമിച്ചു കാണുകയും ചെയ്യുന്നു. ആ സ്ഥിതിക്കു് ഈ സാദൃശ്യങ്ങളെ ഒരു തെളിവായി സ്വീകരിക്കാൻ പ്രയാസമായിട്ടാണിരിക്കുന്നതു്. അധ്യാത്മരാമായണത്തിലേയും ഉത്തരരാമായണത്തിലേയും സാദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി, അവരണ്ടും ഒരാളുടെ കൃതിയാണെന്നു് പറയുന്നപക്ഷം അതേമാതിരിയുള്ള സാദൃശ്യങ്ങളെത്തന്നെ അടിസ്ഥാനപ്പെടുത്തി ഭാഗവതവും എഴുത്തച്ഛന്റെ കൃതിയാണെന്നു് വാദിക്കേണ്ടേ? ആ വിഷയത്തിൽ മി. പി. കേ. നാരായണപിള്ളയ്ക്കു സമ്മതം കാണുന്നുമില്ലല്ലോ. അതിനാൽ നമുക്കു് മറ്റു ലക്ഷ്യങ്ങൾ വല്ലതുമുണ്ടോ എന്നുകൂടി നോക്കേണ്ടതാണു്.

ഒന്നാമതായി ഉത്തരരാമായണം അധ്യാത്മരാമായണം ഉത്തരയുടെ തർജ്ജമയേയല്ലെന്നു തോന്നുന്നു. കവി വാത്മീകിരാമായണത്തെയാണു് പിന്തുടർന്നു കാമുന്നതു്. രണ്ടാമതായി അതു് കണ്ണശ്ശരാമായണം ഉത്തരകാണ്ഡത്തിന്റെ ഒരു വിവർത്തനം പോലെ കാണപ്പെടുന്നുമുണ്ടു്. ഉദാഹരണാർത്ഥം ആ ഗ്രന്ഥങ്ങളിൽനിന്നും ഏതാനുംഭാഗം ഉദ്ധരിക്കാം.

“ചൊല്ലേറും മനുവംശ പരമ്പര ശൂരനിരാമ നരേന്ദ്രനിവണ്ണം
പൊല്ലാനിശിചരരെ ക്കൊലചെയ്തേ ഭൂപരിപാലനം ചെയ്തഴകോടെ
നല്ലാർ ജാനകിയോടുമയോദ്ധ്യയിൽ നാനാസുഖമോടിരുന്നതുകാല-
ത്തെല്ലാമുനിവരുമന്നരവീരനെഹിതമൊടു കാണ്മാനായേ വന്നാർ
ആരണരാകിയ കണ്വനളാദികളന്നുകിഴക്കൻ ദിക്കതിൽ നിന്നേ
ധീരതരൻ കൌശികനോടേവന്നാർ തേറിയസ്ത്യനുമായതു കാലം
കാരണനംഗിരസാസഹ താപസർ കനിവൊടുതെക്കൻദിക്കതിൽ നിന്നും
സാരതചേർ ധൌമ്യാദികൾവന്നാർ പശ്ചിമദിക്കതിൽനിന്നും
യതിവരനായ വസിഷ്ഠൻ കാശ്യപനത്രിഭരദ്വാജൻ ജമദഗ്നിയു
മിതവിയവിശ്വാമിത്രൻ ഗൌതമനിവരേഴുവരു മതുകാലത്തവിടെ
മതിനിലമിടിയ ശിഷ്യരുമായേ വന്നാരുത്തരദിക്കതിൽനിന്നും
കതിരവനോടെതിരാമെളിപൊടിവർ കനിവൊടു ഗോപുര ദേശമണഞ്ഞാർ”
കണ്ണശരാമായണം
രാവണാഖില രാക്ഷോഗണവധംചെയ്തു
ദേവകളാലുമഭിപൂജതനായ രാമൻ;
ദേവിയുമനുജനും വാനരപ്പടയുമായ്
സേവകജനവുമായ് പുഷ്പകംകരയേറി
വേഗമോടയോദ്ധ്യപുക്കഭിഷേകവും ചെയ്തു.
ലോകങ്ങൾപതിന്നാലും പാലിച്ചുവാഴുംകാലം
നാനാദേശങ്ങൾതോറും വാണീടും മുനിജനം
മാനവവീരൻതന്നെ കാണ്മാനായ്വന്നാരല്ലോ
വാസവദിക്കിൽനിന്നുവന്നിതു കണ്വാദികൾ
കൌശികാഗസ്ത്യാദികൾ ദക്ഷിണദിക്കിൽനിന്നും
പശ്ചിമദിക്കിൽനിന്നുവന്നിതു ധൌമ്യാദികൾ
വിശ്വാമിത്രനും ജമദഗ്നിയും ഗൌതമനും
അത്രികാശ്യപൻ ഭരദ്വാജനും വസിഷ്ഠനും
ഉത്തരദിക്കിൽനിന്നു വന്നിതൊന്നിച്ചുതന്നെ
ദ്വാരപാലകനോടു കുംഭസംഭവൻചൊന്നാ
നാരണരാകിയ ഞങ്ങൾവന്നതങ്ങറിയിച്ചു. ഇത്യാദി
ഉ. രാ. ഭാഷ
രാക്ഷസാനാം വധംകൃത്വാ രാജ്യംരാമ ഉപസ്ഥിതേ
ആയയുർമുനയഃ സർവേശ്രീരാമഭിവന്ദിതും
വിശ്വാമിത്രോഽസിതഃ കണ്വോദുർവാസാ ഭൃഗുരംഗിരാഃ
കശ്യപോവാമദേവോഽത്രിസ്തഥാ സപ്തർഷയോഽമലാഃ
അഗസ്ത്യഃ സഹശിഷ്യൈശ്ചമുനിഭിഃ സഹിതോഭ്യാഗാൽ
ദ്വാരമാസാദ്യരാമസ്യ ദ്വാരപാലമഥാബ്രവീൽ അ. രാ. മൂലം
പ്രാപ്തരാജ്യസ്യ രാമസ്യ രാക്ഷസാനാം വധേ കൃതേ
ആജഗ്മുർമുനയസ്സർവേ രാഘവം പ്രതിനന്ദിതും.
കൌശികോഽഥയവക്രീതൊ ഗാർഗ്യോഗാലവ ഏവച
കണ്വോമേധാതിഥേഃ പുത്രഃ പൂർവസ്യാംദിശി യേ ശ്രിതാഃ
സ്വസ്ത്യാത്രേയശ്ച ഭഗവാൻ സുമുഖോവിമുഖസ്തഥാ
ആജഗ്മുസ്തേസഹാഗത്യ യേ ശ്രിതാ ദക്ഷിണാംദിശം
നൃഷങ്ഗുഃ കവഷോധൌമ്യഃ കൊഷേയശ്ചമഹാനൃഷിഃ
തേഽപ്യാജഗ്മുഃ സശിഷ്യാവൈ യേ ശ്രിതാ പശ്ചിമാംദിശം
വസിഷ്ഠഃ കശ്യപോഽഥാത്രിവിശ്വാമിത്രഃ സഗൌതമഃ
ജമദഗ്നിർഭരദ്വാജ സ്തേപി സപ്തർഷയസ്തഥാ
ഉദീച്യാം ദിശിസപ്തൈതേ നിത്യമേവ നിവാസിനഃ
സംപ്രാപ്യൈതേ മഹാത്മനോ രാഘവസ്യ നിവേശനം
ഇത്യാദി
വാ-രാമായണം
അവരവരേസന്തോഷിക്കും പരിചനുജന്മാരോടുകൂടവയോദ്ധ്യയി-
ലവനിപതീശ്വര നന്ദനനായ്‍വന്നവതാരംചെയ്തവനേ ജയ ജയ!
ഭുവനഭയാപഹ! രാമാ! സുരവധപൊലിവൊടുചെയ്തേ വിശ്വാമിത്ര-
ന്നവശത വാരാതെ യാഗത്തെയുമാദിയിലേ പാലിച്ചവനേ ജയ!
അവനൊടുകൂടെപ്പോയേ വഴിയിലഹല്യാശാപംതീർത്തവനേ ജയ!
ശിവനുടെ വില്ലുംവലിച്ചുമുറിച്ചേ സീതാവല്ലഭനായവനേ ജയ!
തപമിയലുമ്മുനി ഭാർഗ്ഗവരാമൻതന്നോടെതിർത്തു ജയിച്ചവനേ ജയ!
ശിവകരമായവയോദ്ധ്യാപുരിയിൽചെന്നു പുകിന്തുവസിച്ചവനേ ജയ!
… … …
… … …ഇത്യാദി
കണ്ണശരാമായണം.
ഇക്കാലം ദശരഥപുത്രനായയോദ്ധ്യയിൽ
വിഖ്യാതകീർത്ത്യാ രാമനായ മാധവജയ!
വിശ്വരരക്ഷാർത്ഥം പിന്നെ ലക്ഷ്മണനോടുംകൂടി
വിശ്വാമിത്രന്റെ പിൻപെപോയ രാഘവജയ!
കാടകംപുക്കശേഷം വിശ്വാമിത്രന്റെചൊല്ലാൽ
താടകതന്നെക്കൊലചെയ്ത രാഘവ ജയ!
വേഗേനസിദ്ധാശ്രമംപുക്കു കൌശികനുടെ
യാഗവുംപരിപാലിച്ചിരുന്ന നാഥ ജയ!
വിശ്വാമിത്രോക്ത്യാ പുനരഹല്യാശാപം തീർത്തു
വിശ്വനായകശാപം ഖണ്ഡിച്ച നാഥ ജയ!
സീതാവല്ലഭനായ്പ്പോരുമ്പോൾ മദ്ധ്യേമാർഗ്ഗം
പ്രീതനായ് ഭാർഗ്ഗവനെ ജയിച്ചരാമ ജയ! ഇത്യാദി
ഉത്തരരാമായണം

കണ്ണശ്ശൻ വാല്മീകിരാമായണത്തിലെ ഉത്തരകാണ്ഡത്തെയാണെല്ലൊ സംഗ്രഹിച്ചിരിക്കുന്നതു്. എന്നാൽ എഴുത്തച്ഛൻ അദ്ധ്യാത്മരാമായണത്തിന്റെ ഉത്തരഭാഗത്തെ തർജ്ജമചെയ്യാതെ കണ്ണശ്ശകൃതമായ വാല്മീകീയ സംഗ്രഹത്തെ വിവർത്തനം ചെയ്യാൻ ഉദ്യമിച്ചുവെന്നുള്ള അഭിപ്രായം വിചാരസഹമേ അല്ല. ശൈലിയെ സംബന്ധിച്ചിടത്തോളം ഉത്തരരാമായണത്തിനു അദ്ധ്യാത്മരാമായണത്തിലെ മറ്റു ഭാഗങ്ങളോടു അല്പം സാദൃശ്യമുണ്ടുതാനും. ആ സ്ഥിതിക്കു് മി. ഗോവിന്ദപ്പിള്ളയുടെ അഭിപ്രായം സ്ഥാപിതമോ ഖണ്ഡിതമോ എന്നു നിർണ്ണയിക്കുന്ന കാര്യം തൽക്കാലം വിഷമമായിട്ടാണിരിക്കുന്നതു്.

ഭാരതം

മഹാഭാരതമാകുന്ന കലശാബ്ധി കടഞ്ഞെടുത്തിട്ടുള്ള പീയൂഷയൂഷമാണു് ഭാരതം കിളിപ്പാട്ടെന്ന വ്യാജേന എഴുത്തച്ഛൻ കൈരളിക്കു നൽകിയിരിക്കുന്നതു്. പ്രകൃതഗ്രന്ഥം അദ്ദേഹത്തിന്റെ കവിതാവനിതയുടെ വിലാസലാസ്യത്തിനു് ഏകരംഗമായി വിലസുന്നു. വാഗ്ദേവിയുടെ കണ്ഠാഭരണങ്ങളിൽവെച്ചു് ഏറ്റവും അനർഘമായിട്ടുള്ളതു് പ്രസ്തുതകാവ്യരത്നമാണെന്നു ആരും സമ്മതിക്കാതിരിക്കയില്ല. കവിയുടെ കല്പനാചതുരിക്കും ഔചിത്യദീക്ഷയ്ക്കും ഉദാഹരണമായി ചില ഭാഗങ്ങൾ മാത്രമേ ഇവിടെ എടുത്തു കാണിക്കാൻ സാധിക്കയുള്ളു.

ആസ്തികപർവം ഭാഷയിലെ സർപ്പസത്രവർണ്ണനയേ മൂലഗ്രന്ഥത്തിലെ ആസ്തികപർവം ൫൮–ാം അദ്ധ്യായത്തിലെ വർണ്ണനയോടു സാദൃശ്യപ്പെടുത്തി നോക്കുക. പത്തു അനുഷ്ടുപ്പുശ്ലോകങ്ങൾകൊണ്ടു് വിവരിച്ചിരിക്കുന്ന ഭാഗത്തെ എഴുത്തച്ഛൻ അറുപതിൽപരം വരികളിൽ സവിസ്തരം ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു. അതിൽ മിക്ക ഭാഗങ്ങളും സ്വതന്ത്രകവി കല്പനതന്നെയാണു്.

‘കത്തിയെഴുന്നൊരു പാവകജ്വാലയാ
ദഗ്ദ്ധഗാത്രാത്മനാ ഗർത്താന്തരങ്ങളിൽ
എങ്ങുമിരിക്കരുതാതേ തളർന്നവർ
തങ്ങളിൽ ചുറ്റി ഞെളിഞ്ഞു പിരിഞ്ഞവ-
രഗ്നിയിൽ വീണു പൊരിഞ്ഞുതുടങ്ങിനാ-
രഗ്നിയുമേറ്റം തെളിഞ്ഞു വിളങ്ങിനാൻ.
അഞ്ചുമേഴും മൂന്നും മസ്തകമുള്ളവ-
രഞ്ചുമാറും തമ്മിലൊന്നിച്ചു വീഴ്കയും
വാതാശനകുല ഹാഹാനിനാദവും
വാതസഖി ഹേതി ഹൂഹൂനിനാദവും
ഭൂദേവസത്തമ വേദനിനദവും
ഓദനതോമനഃ സ്വാദുനിനാദവും
ദിവ്യ ഗവ്യ ദ്രവ്യ ഹവ്യ ദാഹക്രിയാ
സവ്യ ചാരാഗ്നി കീലാഗ്രധൂമാഭയും
സർവലോകം പരന്നോരു സൌരഭ്യവും
ഗർവദവീകരന്മാർ വിലാപങ്ങളും

***


ഘോരഘോരം കേട്ടു വാരാന്നിധികളും
പാരമിളകി മറിഞ്ഞു കലങ്ങുന്നു;
ധാരാധരങ്ങളുമെന്തന്നറിയാഞ്ഞു
ധീരതരമിടവെട്ടി മുഴങ്ങുന്നു;
സാരതചേരും ഗിരികൾ കുലുങ്ങുന്നു;
ശൂരനാം സിംഹികാസൂനു മുറുകുന്നു;
സ്വർഗ്ഗനിവാസികൾ കണ്ണു കലങ്ങുന്നു
ദിഗ്ഗജേന്ദ്രന്മാർ ഭയേന നടുങ്ങുന്നു;
സന്താപമുൾകൊണ്ടനന്തനും ചിന്തിച്ചു
സന്തതം മാധവൻതന്നെ വണങ്ങുന്നു;
ശങ്കരൻ ഭൂഷണനാശം വരുമെന്നു
ശങ്കിച്ചുഴന്നു ഭവാനിയേ നോക്കുന്നു;
പാരേഴു രണ്ടു മമന്ദം മുഴങ്ങുന്നു;
വാരിജസംഭവനും ചെവി വാർക്കുന്നു.
നാരായണനു മുറുക്കമുണരുന്നു;
നാരായണഹരേ! വിസ്മയമെത്രയും.

ഇതിൽപരം ഭംഗിയായി ഭയാനകരസം പ്രതിപാദിക്കാൻ ആർക്കു കഴിയും. എഴുത്തച്ഛനു് എല്ലാ രസങ്ങളേയും ഒരുപോലെ ഹൃദ്യമായി വർണ്ണിക്കാൻ സാമർത്ഥ്യമുണ്ടായിരുന്നുവെന്നുള്ളതിനു് ഭാരതം സാക്ഷ്യം വഹിക്കുന്നു.

പരാശരമുനി മത്സ്യഗന്ധിനിയെ പ്രാപിക്കുന്നിടത്തു സംഭോഗശൃംഗാരവർണ്ണന ചെയ്യുന്നതിനു് നമ്മുടെ കവിയ്ക്കു് ഒരു നല്ല അവസരംകിട്ടി. സരസഘട്ടങ്ങൾ കിട്ടിയാലുണ്ടോ അദ്ദേഹം വിട്ടുകളയുന്നു. മത്സ്യഗന്ധിനിയായ കാളി പരാശരനെ കണ്ടിട്ടു് തുഴയുമായി ദൂരത്തു നിന്നതേയുള്ളു. എന്നാൽ അവളുടെ രൂപലാവണ്യംകണ്ടപ്പോൾ, മുനിയുടെ മനോധൈര്യം അകന്നു. അദ്ദേഹം അവളോടിങ്ങനെ പറയുന്നു:

“ചാരത്തുവരിക നീ മറ്റാരുമില്ലയിപ്പോൾ
നേരത്തുകടക്കണം നീക്കണം തോണി മറു-
തീരത്തുചെന്നു പുനരൂക്കണമിനിക്കെടോ.
മാരച്ചൂടകതാരിൽ പൂരിച്ചമൂലംനിന്നിൽ
ഭാരിച്ചൊരാശവന്നു കൂറൊത്തു ചമഞ്ഞിതു.
ചോരിച്ചോർവായും നിന്റെ ചീരൊത്തമുലകളും
വേരിച്ചൊല്ലാളേ ഞാൻ വിചാരിച്ചുകണ്ടനേരം
കാറൊത്തകുഴലാളെ മാരത്തീയാറുമാറു-
മാറത്തുചേർന്നീടുവാൻ യോഗമുണ്ടിപ്പോൾതന്നെ”

നമ്മുടെ കവിക്കു മാതൃഭാഷ എത്രത്തോളം വശമായിരുന്നു എന്നു നോക്കുക. ഈ ഒമ്പതുവരികളിലെല്ലാം കൂടി രണ്ടു മൂന്നു സംസ്കൃതപദങ്ങളേ ഉള്ളു. ഈ വാക്കുകൾ വഴിക്കു്, കവി കാമകിങ്കരന്മാരെ ഒന്നു കളിയാക്കീട്ടുമുണ്ടു്. പ്രസ്തുത കൈവർത്തനാരിക്കു് തോന്നിയിടത്തോളമെങ്കിലും സൽബുദ്ധി പരാശര മുനിക്കു് ആ അവസരത്തിൽ തോന്നിയില്ല. കവിയുടെ ധർമ്മബോധം അതിതീക്ഷ്ണമായിരുന്നതിനാൽ, അദ്ദേഹം അതിനെ ലേശംപോലും സാധൂകരിച്ചിട്ടില്ലെന്നു് താഴെ ചേർത്തിരിക്കുന്ന ഹാസ്യഗർഭിതമായ വാക്യത്തിൽ നിന്നു ഗ്രഹിക്കാം.

“എന്തിനുപറയുന്നു വെറുതേ ബഹുവിധം?
ബന്ധമോക്ഷങ്ങളുടെ ഭേദം കണ്ടോരുമുനി
നല്ലോരുതീർത്ഥഭൂതയാകിയ യമുനയി-
ലെല്ലാരും കുളിച്ചൂത്തു സന്ധ്യയേ വന്ദിക്കുമ്പോൾ
മത്സ്യഗന്ധിനിയായ കൈവർത്തകന്യകയെ
മത്സ്യകേതനശരമേറ്റു പുൽകിനാന്മുനി”

ഈ വരികളിലെ ഓരോ വാക്കും ഹാസ്യാർത്ഥഗർഭമായിരിക്കുന്നു.

ശർമ്മിഷ്ഠ ഋതുസ്നാനം കഴിഞ്ഞു് സ്വകാമുകനെച്ചിന്തിച്ചു നില്ക്കുന്നതിനെ മൂലകവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“ശുദ്ധാ സ്നാതാ തു ശർമ്മിഷ്ഠാ സർവാലങ്കാരശോഭിതാ
അശോകശാഖാ മാലംബ്യസുപുഷ്പസ്തബകൈർവൃതാം
ആദർശേ മുഖമുദ്വീക്ഷ്യ ദർത്ത്യദശനലാലസാ
ലോകമോഹസമാവിഷ്ടാ വചനം ചേദമബ്രവീൽ’
ഭാഷ:
“അന്നവൾ ഋതുധർമ്മം പ്രാപിച്ചു കുളിച്ചവ-
ന്നുന്നതസ്തനങ്ങളെ മെല്ലവേ നോക്കി നോക്കി,
ദന്തശോധനം ചെയ്തു ബന്ധൂകസമാധരി
പന്തൊക്കും കൊങ്കത്തടത്തിൽ കുങ്കുമം ചാർത്തി,
ഭംഗിയിൽ കുറിയിട്ടു കുങ്കുമതിലകം തൊ-
ട്ടംഗജൻ തഴപോലെ പൂങ്കുഴലഴിച്ചിട്ടു,
നിർമ്മലമാകുമൊരു വസ്ത്രവുമുടുത്തുംകൊ-
ണ്ടംബുജമിഴികളിലഞ്ജനമതും ചാർത്തി,
കുണ്ഡലഷണ്ഡംമിന്നും ഗണ്ഡമണ്ഡലത്തിങ്കൽ
കുണ്ഡലീഫണംപോലെ പത്തിക്കീറ്റതും ചേർത്തു,
സ്വർണ്ണഭൂഷണങ്ങളുമൊക്കവേയണിഞ്ഞൊരു
കണ്ണാടിതന്നിൽ മുഖപത്മവും നോക്കി നോക്കി,
നല്ലൊരു പുരുഷനെച്ചിന്തിച്ചു ചിന്തിച്ചള്ളി-
ലുല്ലാസം ചേർന്നൊരശോകത്തെയും ചാരി”

നിൽക്കുന്ന ആ നായികയുടെ ചിത്രം എത്ര രമണീയമായിരിക്കുന്നു.

ശർമ്മിഷ്ഠയ്ക്കു ഒരു പുത്രൻ ജനിച്ചതായി അറിഞ്ഞു് ദേവയാനി അവളോടു് ‘പെറ്റവാറെങ്ങനെ നീ’ എന്നു ചോദിക്കയും, അവൾ ഒരു കള്ളം പറഞ്ഞു് ഒഴികയും ചെയ്തു. അങ്ങനെ ഇരിക്കേ ഒരു ദിവസം യയാതി ദേവയാനിയുമായി ക്രീഡ ചെയ്തുകൊണ്ടിരുന്നു. ആ ഘട്ടത്തെ മൂലകവിയും എഴുത്തച്ഛനും വർണ്ണിച്ചിട്ടുള്ളതിനെ നമുക്കു് താരതമ്യപ്പെടുത്തി നോക്കാം. [65]

മൂലം:
തസ്മിൻ കാലേതു രാജർഷിര്യയാതിഃ പൃഥിവീപതിഃ
മാധ്വീകരസസംയുക്താംമദിരാം മദവർദ്ധിനീം
പായയാമാസശുക്രസ്യ തനയാം രക്തപിംഗളാം
പീത്വാ പീത്വാ ച മദിരാം ദേവയാനീ മുമോഹ സാ
രുദതീ ഗായമാനാ ച നൃത്യതീ ച മുഹുർമ്മുഹുഃ
ബഹു പ്രലപതീദേവീ രാജാനമിദമബ്രവീൽ
രാജവദ്രൂപ വേഷെണ കിമർത്ഥംത്വ മിഹാഗതഃ?
കേന കാര്യേണ സമ്പ്രാപ്തോ നിർജ്ജനം ഗഹനം വനം” ഇത്യാദി
ഭാഷ:
“അങ്ങനെചെല്ലും കാലംക്ഷോണീന്ദ്രനൊരുദിന-
മംഗനാരത്നമായ ദേവയാനിയും താനും
ഒന്നിച്ചു മധുപാനംചെയ്തുമധരപാനംചെയ്തും,
മദനൻ തെരുതെരെവലിച്ചു കൂരമ്പെയ്തും,
കനിവിനോടു ഗാഢംവാർ കൊങ്കതഴുകിയും
ആനന്ദാമൃതവാരിധിയിൽ മുഴുകിയു-
മാനനാദനംഗസ്വേദാമൃതമൊഴുകിയും,
മാനസത്തിങ്കാലേറ്റമാനന്ദം പെരുകിയും,
ചേതസ്സുകനിഞ്ഞുടൻ പുല്കിയും പലതരം
ആടിയും പാടിയും കൊണ്ടാടിയും നയനങ്ങൾ
വാടിയും കൊതുഫലം തേടിയും മാരപ്പട-
കൂടിയും മദനന്റെ ചാപമാം ചില്ലീവല്ലീ-
കോടിയുമിരുവരുംകൂടി വാണീടുന്നേരം,
ഭൂപതിവീരനോടു ദേവയാനിയും ചൊന്നാൾ
താപസബുദ്ധ്യാ മദ്യവ്യാകുലചേതസ്സോടു-
മന്തണനായ ഭവാനെന്തിനു വന്നിതപ്പോൾ?
ബന്ധമെന്തടവിയിൽ വരുവാൻ പറഞ്ഞാലും”

ദേവയാനി ശർമ്മിഷ്ഠയുടെ രഹസ്യം അറിയുന്നതും കോപാവിഷ്ടയായിട്ടു് അവൾ പിത്യഗൃഹത്തിലേയ്ക്കു പോകുന്നതും മറ്റും എഴുത്തച്ഛൻ സംക്ഷിപ്തമായിട്ടാണു് വിവരിച്ചിട്ടുള്ളതെങ്കിലും ഹൃദയംഗമമായിട്ടുണ്ടു്.

മൂലം:
“തതഃ കാലേ തു കസ്മിംശ്ചിദ്ദേവയാനീ ശുചിസ്മിതാ
യയാതിസഹിതാ രാജൻ ജഗാമ രഹിതം വനം
ദദശ ച തദാ തത്ര കുമാരാൻ ദേവരൂപിണഃ
ക്രീഡമാനാൻ സുവിശ്രബ്ധാൻ വിസ്മിതാ ചേദമബ്രവീൽ
‘കസ്യൈതേ ദാരകാ രാജൻ ദേവപുത്രോപമാഃശുഭാഃ
വർച്ചസാ രൂപതശ്ചൈവ സദൃശാ മേ മതാസ്തവ’
… … …
തസ്മിൻകാലേ തു തച്ശ്രുത്വാ ധാത്രീ തേഷാംവചോഽബ്രവീൽ
കിം ന ബ്രൂത കുമാരാഃ വഃ പിതരംവൈ ദ്വിജർഷഭം
കുമാരാ ഊചുഃ
ഋഷിശ്ച ബ്രാഹ്മണശ്ചൈവ ദ്വിജാതിശ്ചൈവ നഃ പിതാ
ശർമ്മിഷ്ഠാ നാനൃതം ബ്രുതേ ദേവയാനി ക്ഷമസ്വ നഃ
… … …
തേ ദർശയൻ പ്രദേശിന്യാ തമേവ നൃപസത്തമം
ശർമ്മിഷ്ഠാം മാതരം ചൈവ തഥാചഖ്യുശ്ചദാരകാഃ
… … …
ശ്രുത്വാതു തേഷാം ബാലാനാം സവ്രീഡഇവപാർത്ഥിവഃ
പ്രതിവക്തുമശക്തോഽഭൂൽതൂഷ്ണീം ഭൂതോഽഭവന്ന്യപഃ
ദൃഷ്ട്വാ തു തേഷാം ബാലാനാം പ്രണയം പാർത്ഥിവംപ്രതി
ബുദ്ധ്വാ തു തത്വതോ ദേവീ ശർമ്മിഷ്ഠാമിദമബ്രവീൽ
“അഭ്യാഗച്ഛതി മാം കശ്ചിദൃഷിരിത്യേവമബ്രവീൽ
യയാതിമേവം രാജാനാം ത്വം ഗോപയസി ഭാമിനി
പൂർവമേവ മയാ പ്രോക്തം ത്വയാ തു വൃജിനം കൃതം
… … …”

ശർമ്മിഷ്ഠസമാധാനം പലതും പറഞ്ഞുനോക്കി. എന്നിട്ടും ദേവയാനി,

“രമസ്വേഹ യഥാകാമംദേവ്യാ ശർമ്മിഷ്ഠയാ സഹ
രാജന്നാദ്യേഹ വത്സ്യാമി വിപ്രിയം മേ കൃതംത്വയാ
ഇതിജ്ജ്വാല കോപേന ദേവയാനീ തതോ ഭൃശം
നിർദ്ദഹന്തീവ സവ്രീഡാം ശർമ്മിഷ്ഠാം സമു ദീക്ഷ്യച
അപവിധ്യ ച സർവാണി ഭൂഷണാന്യസിതേക്ഷണാ
സഹസോൽപതിതാം ശ്യാമാം ദൃഷ്ട്വാ താം സാശ്രൂലോചനാം
തൂർണ്ണം സകാശം കാവ്യസ്യ പ്രസ്ഥിതാം വ്യഥിതസ്തദാ
അനുവവ്രാജ സംഭ്രാന്തഃ പൃഷ്ഠതഃ സാന്ത്വയന്നൃപഃ.”
ഭാഷ:
“പോകേണം വനക്രീഡയ്ക്കെന്നിതു ദേവയാനി
ഭോഗാർത്ഥം ഭൂപാലനും കൂടവേ പുറപ്പെട്ടാൻ.
ചെന്നിതു ശർമ്മിഷ്ഠതന്നാശ്രമത്തിങ്കലപ്പോൾ
നന്നായിക്രീഡിക്കുന്ന പൈതങ്ങൾതമ്മെക്കണ്ടു.
അച്ഛനെക്കണ്ടു ചിരിച്ച കുമാരന്മാരെല്ലാ-
മർച്ചനാദികൾചെയ്തു ചാരത്തുവരുന്നേരം
അച്ചിരിപൂണ്ടുനിന്ന ഭൂപതിതിലകനു-
മച്ചരിതങ്ങൾകണ്ടു ചോദിച്ചു ദേവയാനി
അച്ഛനെങ്ങോട്ടുപോയി? ചൊല്ലുവിൻ പൈതങ്ങളേ!
പിച്ചകളുണ്ടാക്കുവാൻ പോയിതോ വനങ്ങളിൽ?
മെല്ലവേ ചൂണ്ടിക്കാട്ടികൊടുത്തു പൈതങ്ങളു-
മല്ലൽപൂണ്ടൊരു ദേവയാനിയും കോപത്തോടെ,
ദൃഷ്ടിയുംചുവപ്പിച്ചു ദേഹവുംവിറപ്പിച്ചു
പൊട്ടിച്ചങ്ങെറിഞ്ഞിതു ഭൂഷണങ്ങളുമെല്ലാം
കല്പിച്ചവണ്ണം വരുമിനിക്കുമിനി നിങ്ങൾ
കല്പിച്ചവണ്ണംതന്നെ വാണാലുമിരുവരും.
പൊട്ടക്കൂപത്തിൽ തള്ളിയിട്ടന്നേയുള്ള വൈര-
മൊട്ടുമേ പോയീല ശർമ്മിഷ്ഠിയ്ക്കെന്നോടു ഞാനോ
പെട്ടെന്നുമറന്നിതു പൊട്ടിയായതുമൂലം
പൃഷ്ടഭോഗത്തോടേറ്റം തുഷ്ട്യാവാഴുവിൻ നിങ്ങൾ.
ഭൂമിയിൽവീണ്ടും കേണുമുരുണ്ടും നടകൊണ്ടാൾ
മാമുനിശുക്രൻതന്നെ ക്കാണ്മാനായ് വേഗത്തോടെ
ഭൂമിപാലനുമതിവ്യാകുല ചേതസ്സോടും
ഭാമിനീ കോപംകണ്ടു ഭാവവൈവർണ്ണ്യംപൂണ്ടു
പേടിച്ചു സരഭസം പിന്നാലെനടകൊണ്ടു
മാടൊത്തമുലയാളേയെത്തീല യയാതിയും.”

ഈ വർണ്ണന കേവലം തർജ്ജമയാണെങ്കിൽ, ഭാഷാഗ്രന്ഥങ്ങൾ മിക്കതും തർജ്ജമകൾതന്നെയെന്നു പറയാം.

ദുഷ്ഷ്യന്തനാൽ പരിത്യക്തയായ ശകുന്തള അദ്ദേഹത്തിനോടു പറയുന്ന വാക്കുകൾ മൂലഗ്രന്ഥത്തിലേതിനേക്കാൾ തീവ്രവും നിശിതവുമായിരിക്കുന്നു. (൯൯-ാം അദ്ധ്യായം സംഭവപർവം മൂലം)

പാണ്ഡുവും പത്നിമാരുംകൂടി ഒരിക്കൽ വനക്രീഡയ്ക്കായി പുറപ്പെട്ടു. ആ ഭാഗത്തെ രണ്ടു കവികളും വർണ്ണിച്ചിട്ടുള്ളതു രണ്ടു വിധത്തിലാണു്.

മൂലം:
“സ ചരൻ ദക്ഷിണം പാർശ്വം രമ്യം ഹിമവതോ ഗിരേഃ
ഉവാസ ഗിരിപൃഷ്ഠേഷു മഹാശാലവനേഷു ച
രരാജ കുന്ത്യാ മാദ്ര്യാച പാണ്ഡുസ്സഹ വനേചരൻ
കരേണ്വോരിവ മദ്ധ്യസ്ഥഃ ശ്രീമാൻ പൌരന്ദരോഗജഃ
ഭാരതഃ സഹ ഭാര്യാഭ്യാം ഖഡ്ഗബാണധനുർദ്ധരഃ
വിചിത്രകവചംവീരം പരമാസ്ത്രീവിധം നൃപം
ദേവോയുമിത്യമന്യന്ത ചരന്തം വനവാസിനഃ
തസ്യ കാമാശ്ചഭോഗംശ്ച നരാ നിത്യമതന്ദ്രിതാഃ
ഉപജഹ്രുർവനാന്തേഷു ധൃതരാഷ്ട്രേണ ചോദിതാഃ
തദാസാദ്യമഹാരണ്യം മൃഗവ്യാളനിഷേവിതം
തത്രമൈഥുനകാലസ്ഥം ദദർശ മൃഗയൂഥപം
തതസ്തം ച മൃഗീം ചൈവ രുക്മപുംഖൈഃ പാണ്ഡുഃപഞ്ചഭിരാശു-
സ ച രാജൻ! മഹാതേജാ ഋഷിപുത്രസ്തപോധനഃ [ഗൈഃ
ഭാര്യയ്യാ സഹ തേജസ്വീ മൃഗരൂപേണ സംഗതഃ
സസംയുക്തസ്തയാ മൃഗ്യാമാശിഷീം വാചമീരയൻ
ക്ഷണേനപതിതോ ഭൂമൌ വിലലാപാതുരോ മൃഗഃ”

എഴുത്തച്ഛന്റെ വർണ്ണന ഇതിൽ പതിന്മടങ്ങു മനോഹരമായിരിക്കുന്നു.

“മുഖ്യഭോഗേന സുഖിച്ചിരിക്കും കാലത്തിങ്ക-
ലുൾക്കാമ്പിലൊന്നു തോന്നിപാണ്ഡുവിനാപത്തിനായ്.
കാന്തിയേറീടുന്നൊരു കാന്തമാരോടുംകൂടി-
ക്കാന്താരംതന്നിൽപുക്കു നന്നായിരമിക്കണം.
വാട്ടമെന്നിയേ മമ നായാട്ടിൻ വൈദഗ്ദ്ധ്യവും
കാട്ടണമിവർക്കെന്ന കൌതുകത്തോടുകൂടി
ദ്യുമണിതന്റെ രശ്മിപോലുമങ്ങണയാതെ
ഹിമവാൻതന്റെ തെക്കേപ്പുറപ്പെരും കാട്ടിൽ
പെരികേ രസം പൂണ്ടു കളിച്ചുമരുവിനാൻ
ഗിരിശൃംഗങ്ങൾതോറുമതികൌതുകത്തോടെ
കരിണീയുഗമദ്ധ്യഗതനായ് മദിച്ചൊരു
കരിവീരനെപ്പോലെ മദനവിവശനായ്
കരിണീഗമനമാരാകിയ ഭാര്യമാരാം
തരുണീമണികളാം കുന്തിയും മാദ്രിതാനും
സരസീരുഹശരസമനാം കാന്തൻതന്നെ-
ശ്ശരതൂണീരകരാളോജ്ജ്വലൽ കരവാള-
ധരനായ് ശരാസനകരനായ് കാണുന്തോറും
സരസീരുഹശരനികരപരവശ
തര മാനസമാരായ്മരുവീടിന നേരം
ഹരിണഹരി കരികിടിശാർദൂലാദിക-
ളരികേ ദരീമുഖഗതങ്ങളായ് കാണുമ്പോൾ
ശരങ്ങൾകൊണ്ടു വീണും മരണഭയംകൊണ്ടും
മരങ്ങൾമറഞ്ഞുപോയ് നിന്നു നോക്കീടുന്നതും,
നിഷ്കുടത്തിങ്കൽ മുന്നമിരുന്നീടിനപോലെ
മർക്കടക്രീഡകൾ കണ്ടുൾക്കൌതൂഹലം പൂണ്ടും,
കുക്കുടരതിക്രീഡാദികൾ കണ്ടാനന്ദിച്ചും,
പൊൽക്കുടങ്ങൾക്കു നേരാം തൈക്കൊങ്കനോക്കിക്കണ്ടും,
കോകില കോകകേകി ചാതകശുകാദിസം-
ഭോഗഭേദങ്ങൾ കണ്ടുരസിച്ചു മതിൻമദ്ധ്യേ
വേഗമോടമ്പുകൊണ്ടു മാഴ്കി വീണീടുന്നതും,
ശോകമോടിണകൂടിക്കേണുവീണോടുന്നതും,
കരടിക്കുലംതമ്മിൽ കടിച്ചു കളിപ്പതും,
കരിണികളെപ്പൂണ്ടു കരികൾ പുളപ്പതും,
കിടികൾ പിടികളെപ്പിടിച്ചു പുല്കുന്നതും,
പിടകളോടുചേർന്നു പക്ഷികൾ കളിപ്പതും
കണ്ടുകൌതുകംപൂണ്ടു കണ്ടിവാർ കുഴലികൾ
കണ്ടാശ്ലേഷവുംചെയ്തു കാന്തനും തങ്ങളുമായ്
കണ്ടകാനനംതോറും രമിച്ചു വസിക്കയും,
മാകന്ദമകരന്ദബിന്ദുപാനവുംചെയ്തു
കൂകുന്നപികകുല പഞ്ചമം കേട്ടുകേട്ടും,
വണ്ടുകൾ മധുപാനം ചെയ്തുമത്തതപൂണ്ടു
കൊണ്ടാടിമുരണ്ടുടൻ കണ്ടപുഷ്പങ്ങൾതോറും
കുണ്ഠഭാവവുംനീക്കിസ്സംഭ്രമിച്ചീടുന്നതും,
കണ്ടോരാനന്ദംപൂണ്ടു മധരപാനംചെയ്തും,
മന്മഥലീലകൊണ്ടു കൺമുന ചാമ്പിച്ചാമ്പി
സമ്മോദംവളർന്നുള്ളിൽ സമ്മോഹം പെരുകിയും,
വന്മലമുകളേറി നിർമ്മലശിലാതലേ
നന്മലർമെത്ത തന്മേലുന്മേഷംപൂണ്ടുവാണും,
ഭാമിനിമാരുമായിസ്സാനന്ദമിരിക്കുമ്പോൾ
കാമനുസമനായ പാണ്ഡുവാം നൃപവിരൻ
കലയുംമാനുംകൂടിക്കമലശരമേറ്റു
കളിക്കുന്നതുകണ്ടു കൊടുത്തു ശരംകൊണ്ടു
ശരമേറ്റതുനേരം മൃഗവും മുനിയായി
നരപാലകൻതന്നെശ്ശപിച്ചു…” ഇത്യാദി

ഇതുപോലെ മറ്റു പർവങ്ങളിൽനിന്നും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാവുന്നതാണു്. അവയേ ഒക്കേ ഉദ്ധരിച്ചുതുടങ്ങിയാൽ ഈ അദ്ധ്യായംതന്നെ ഒരു ഭാരതമായിത്തീർന്നേക്കാം. എഴുത്തച്ഛനു വീരരൌദ്രാദിരസങ്ങളെ വിശദീകരിക്കുന്ന വിഷയത്തിലുള്ള നൈപുണിയേയും ബാഹ്യാഭ്യന്തര പ്രകൃതികളെ യാഥാർത്ഥ്യത്തോടുകൂടി ചിത്രണം ചെയ്യുന്നതിനുള്ള പാടവത്തേയും പ്രകാശിപ്പിക്കുന്ന ചില ഭാഗങ്ങൾ മാത്രം ഉദ്ധരിക്കുന്നു.

വീരാഗ്രണിയായ അഭിമന്യൂ യുദ്ധത്തിൽ വീര്യസ്വർഗ്ഗം പ്രാപിച്ചു. ആ വിവരമറിഞ്ഞപ്പോൾ,

‘ഹാ ഹാ ശിവ ശിവ യെന്നു മഹാജനം
ഹാ ഹാ ഹരി ഹരിയെന്നുരച്ചീടിനാർ.”

മറ്റൊന്നും പറവാൻ അവർക്കു ശക്തിയുണ്ടായില്ലത്രേ. ഈ വാക്കുകൾ എത്ര ഭാവഗർഭിതമായിരിക്കുന്നുവെന്നു നോക്കുക. ദുഃഖാതിശയത്തിൽ നാവിൽനിന്നും വാക്കുകൾ പൊങ്ങുകയില്ലല്ലോ. ഗാന്ധാരിപോലും കുമാരനെ കണ്ടിട്ടു്,

“വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ലമരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മവോഹരൻ,
ചൊല്ലെഴുമർജ്ജുനൻ തന്റെ തിരുമകൻ,
വല്ലവീ വല്ലഭൻ തന്റെ മരുമകൻ”

എന്നു വിലപിച്ചുപോയി. യുധിഷ്ഠരുടെ വിലാപം മർമ്മഭേദകമായിരിക്കുന്നു.

“ഉണ്ണീ! ചതിച്ചോകുമാര! മനോഹര!
എന്നുടെ ചൊൽകേട്ടു പോയിമരിച്ചിതോ?
നിന്നെ ഞാനെന്നിനിക്കാണുന്നു? നന്ദന!
അർജ്ജുനനോടും മുകുന്ദനോടും പുന-
രിജ്ജനമെന്തു പറയുന്നതീശ്വര!
രാജ്യവുംവേണ്ട മതിമതി യുദ്ധവും
പൂജ്യനാമീശനെ സേവിക്കവേണ്ടതും.”

അർജ്ജുനൻ വീണു മുറയിട്ടതുകണ്ടു്, അദ്ദേഹത്തിന്റെ സ്വഭാവം നല്ലപോലെ ഗ്രഹിച്ചിരുന്ന ശ്രീകൃഷ്ണൻ,

“പെണ്ണുങ്ങളെപ്പോലെ ദുഃഖിച്ചിരിയാതെ
തിണ്ണമടുത്തു ജയദ്രഥൻ തന്നുടെ
കണ്ഠം മുറിപ്പതു തക്കതിനിയെന്നു്”

അരുളിചെയ്തപ്പോൾ, അർജ്ജുനന്റെ,

‘ചാരുനയനങ്ങൾ ചെങ്ങിമറിഞ്ഞിതു
ഘോരം വിറച്ചു ചമഞ്ഞു തിരുവുടൽ
ശൂരനായുള്ള കിരീടി കിരീടവും
സൂര്യപ്രഭമായെരിഞ്ഞുരുകീതുലോം.’

കരുണത്തിൽ രൌദ്രത്തിലേക്കുള്ള ഈ പകർച്ച എത്ര സ്വാഭാവികവും ഹൃദ്യവും ആയിരിക്കുന്നു.

ശ്രീകൃഷ്ണഭഗവാൻ കൌരവന്മാരുടെ അടുക്കൽ ദൂതിനായി പുറപ്പെടുന്നതു കണ്ടപ്പോൾ, ഭീമസേനനുണ്ടായ രൌദ്രഭാവത്തെ ഇങ്ങനെ വർണ്ണിക്കുന്നു.

“കണ്ണുകൾ ചുവന്നു കൈഞെരിച്ചു പല്ലും കടി-
ച്ചർണ്ണോജനേത്രനോടു ഭീമസേനനും ചൊന്നാൻ.
എന്തിനുതുടങ്ങുന്നു? ചൊല്ലുകെന്നോടുകൂടി-
ച്ചിന്തിച്ചേനടക്കാവൂ കാര്യങ്ങളിനിമേലിൽ.
ധൃഷ്ടനാം ധൃതരാഷ്ട്രപുത്രന്റെ തുടതച്ചു
കൊട്ടിക്കൊന്നൊക്കെ പ്പൊടിപെടുത്തുകളകയും,
ദുഷ്ടനാ ദുശ്ശാസനൻ തന്നുടെ മാറുപിള-
ർന്നിഷ്ടനായ് രക്തം കുടിച്ചീടുകയെന്നുള്ളതും,
പൊട്ടനാംഭീമൻ ചെയ്കയില്ലെന്നുണ്ടോതോന്നീ?
പെട്ടെന്നു സന്ധിചെയ്തുകൊണ്ടാലും യുധിഷ്ഠിര-
നൊട്ടുമേ വിരോധമില്ല തിനിന്നെന്നാൽ നൂനം”

അർജ്ജുനനും ഭഗദത്തനുമായുള്ള യുദ്ധവർണ്ണനയിൽനിന്നു് വീരരസത്തെ ഉദാഹരിക്കുന്ന ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളട്ടെ.

“പിന്നെയും പിന്നെയും തങ്ങളിലിങ്ങനെ
ഖിന്നതയോടു പൊരുതോരനന്തരം
കുത്തുകൊള്ളാഞ്ഞു കോപിച്ചു മദകരി-
യെത്തിപ്പിടിച്ചുമേല്പോട്ടെറിഞ്ഞീടിനാൻ.
കൊമ്പുതന്മേൽവന്നു വീഴുവാനായിട്ടു
കൊമ്പുമുയർത്തിനിന്നാനതു കണ്ടിട്ടു,
സംഭ്രമത്തോടൊരു ബാണം പ്രയോഗിച്ചാ-
നുമ്പർകോൻ തന്നുടെ നന്ദനനർജ്ജുനൻ.
വാരണവീരൻ തലയറ്റു വില്ലറ്റു
വീരൻ ഭഗദത്തൻ തന്റെ തലയറ്റു
നാലാമതാനതൻ വാലുമരിഞ്ഞിട്ടു്
കോലാഹലത്തോടു പോയിതുബാണവും.” ഇത്യാദി

ശൃംഗാരത്തിനു ഉദാഹരണം മുമ്പു ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ. ഹാസ്യരസം സ്ഫുരിപ്പിക്കുന്ന ഘട്ടങ്ങളും ഭാരതത്തിൽ ധാരാളമുണ്ടു്.

കീചകനെ നിഗ്രഹിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി, ഭീമസേനൻ പാഞ്ചാലി കാണിച്ചുകൊടുത്ത മെത്തമേൽ കേറി മൂടിപ്പുതച്ചുക്കിടന്നു.

അപ്പോൾ,

“ചീർത്തകൌതുഫലം കൈക്കൊണ്ടു കീചകൻ
മത്തനായ് കൂത്തരംഗത്തു പൂക്കീടിനാൻ.
ചിത്തജന്മാവു തന്നസ്ത്രങ്ങളേല്ക്കയാൽ
പുത്തൻകുളുർമുലത്തൊത്തുപുൽകിടിനാൻ.
തങ്ങളിൽ തിങ്ങിവിങ്ങിക്കനം പൊങ്ങിനി-
ന്നങ്ങനേകണ്ട കുളുർമുലക്കോരകം
വിസ്താരമാഞ്ഞ നിരക്കേപ്പരുപരെ
ക്കുത്തുന്ന രോമങ്ങൾ കൊണ്ടുകാണായി.
എങ്കിലതുമൊരു കൌതുകമെന്നോർത്തു
പങ്കജബാണമാൽ കൊണ്ടുപൊറാഞ്ഞവൻ,
നന്നായ് മുറുകേ മുറുകേത്തഴുകിനാൻ
മുൻനടന്നീടിനാൻ ഭീമനുമന്നേരം.
എത്തിമുറുക മുറുകപ്പുണർന്നവ-
നസ്ഥിനുറുക്കിഞെരിച്ചിതുപിന്നെയും
ചിത്തഭ്രമത്തൊടു പത്തുനൂറായിരം
കുത്തിനാൻ മുഷ്ടിചുരുട്ടിത്തെരുതെരേ.
പ്രേമമില്ലെന്നു വരുമെന്നുശങ്കിച്ചു
ഭീമൻ നഖങ്ങളുമേല്പിച്ചിദാദരാൽ”

ഈ ഒടുവിലത്തേ രണ്ടു പാദങ്ങളിൽനിന്നു ഊറിവരുന്ന ഹാസ്യരസം എത്ര അനപലപനീയമായിരിക്കുന്നു!

കൌരവയുദ്ധത്തിന്റെ അവസാനദിവസം സ്വസൈന്യനാശത്താൽ ദയനീയാവസ്ഥയെ പ്രാപിച്ച സുയോധനൻ ഓടി ഒളിച്ചതിനെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.-

“ദുഃഖിച്ചുമുന്നം വിദുരർപറഞ്ഞതു-
മൊക്കെനിനച്ചു നിനച്ചു സുയോധനൻ
കാൽനടേ തന്റെ ഗദയുമെടുത്തുകൊ-
ണ്ടാനനം കുമ്പിട്ടു വീർത്തുവശംകെട്ടു,
പേടിച്ചു പേടിച്ചു നോക്കിനോക്കിത്തുലോം
ദുഃഖിച്ചു ദുഃഖിച്ചു നാണിച്ചു നാണിച്ചു
ദുഷ്കർമ്മശക്തികൾ ചിന്തിച്ചു ചിന്തിച്ചു
കേണുകേണന്തരാ വീണു വീണൂഴിയിൽ
പ്രാണഭയത്തൊടും പാഞ്ഞുപാഞ്ഞെത്രയും
ദീനനായ് മാനിയായോരു സുയോധനൻ”

വർണ്യവസ്തുവിന്റെ സാക്ഷാത്തായ സ്വഭാവത്തെ പരിപൂർണ്ണമായും വിശദമായും പ്രകാശിപ്പിക്കുന്നതിനുള്ള സകലകൌശലങ്ങളും ഈ വാക്ശില്പി ഇവിടെ പ്രയോഗിച്ചിട്ടുണ്ടു്.

“എത്രയും ദുർഗ്ഗമാർഗ്ഗം ദുർഗ്രാവോഗ്രാഗ്രാഗ്രാഹ്യം
പൃത്ഥ്വീശോത്തമ! മഹൽ പൃത്ഥ്വീധ്രശൃംഗോദ്ദേശം.”

ഇവിടെ ‘ഗ്ര’ എന്ന അക്ഷരത്തിന്റെ ആവർത്തനം കല്ലുകളിൽകൂടി നടക്കുമ്പോൾ ഉണ്ടാകുന്ന ‘കിരുകിര’ ശബ്ദത്തേകൂടി പ്രതിബോധിപ്പിക്കുന്നു.

“ഇത്തരം പറഞ്ഞുതൻ മത്തേൻ കഴുത്തേറി-
സ്സത്വരം വജ്രമോങ്ങി ക്രുദ്ധനാം വൃത്രാരാതി
കെല്പോടു പുറപ്പെട്ടു സേനാനായകനോടും
കല്പാന്തവരിഷവും തുടങ്ങിയതുനേരം.
നിഷ്ഠരതരമിടിവെട്ടിയും ത്രിഭുവനം
ഞെട്ടിയും മരം വെന്തു പൊട്ടിയും തെരുതെരെ-
ദൃഷ്ടികൾ മിന്നൽകൊണ്ടു നഷ്ടമായ് ചമകയും,
വൃഷ്ടികൾ കരികരാകാരമായ് ചൊരികയും.
ഘോരമാരുതവേഗാലോരോരോ ദിക്കുകളും
വാരിധിപൂരങ്ങളുമിളകി മറിയുന്നു;
വിഭ്രമം പൂണ്ടു ജഗദ്വാസികൾ മുറുകുന്നു;
ശ്വഭ്രങ്ങൾതോറുമുഷ്ണ മുൾപ്പുക്കുപിടയുന്നു.”

ഇവിടെ കവി ഇടിവെട്ടലിന്റെയും മഴച്ചാറ്റലിന്റേയും ശബ്ദം നാം കേൾക്കത്തക്കവണ്ണം തന്നേ പദഘടന ചെയ്തിരിക്കുന്നു.

“ചുവട്ടിൽ മാറിനിന്നടിരണ്ടും വാരി-
ചുവട്ടിലാക്കി മേൽ കരയേറിക്കര-
മമർത്തുനന്നായിച്ചവിട്ടിനിന്നു കൊ-
ണ്ടമർത്ത്യമർത്ത്യന്മാർ പലരും കാണവേ
ചളിപ്പുകൈവിട്ടങ്ങെടുത്തു കൈവാളാൽ
പൊളിച്ചുമാറിടം നഖങ്ങളെക്കൊണ്ടും,
പൊടുപെടപ്പൊടിച്ചുടനുടൻ
ചുടുചുടത്തിളച്ചരുവിയാർപോലെ
തുടതുടവന്നരുധിരപൂരത്തെ
കുടുകുടക്കുടിച്ചലറിച്ചാടിയും
പെരുവെള്ളം പോലെ വരുന്ന ശോണിത-
മൊരുതുള്ളിപോലും പുറത്തുപോകാതെ
കവിണ്ണുനന്നായിക്കിടന്നു കൊണ്ടുടൻ
കവിൾത്തടം നന്നായ് നിറച്ചിറക്കിയും
മദിച്ചു മാരുതി ചിരിച്ചുചൊല്ലിനാൻ
മദിർത്തിതു നാവുമുദരവുമെല്ലാം
കുടർമാല മെല്ലെന്നെടുത്തു കൊണ്ടുടൻ
തുടർമാലപോലെ കഴുത്തിലിട്ടു കൊ-
ണ്ടടൽക്കളമെല്ലാം പൊടിപെടും വണ്ണ-
മുടനുടൻ ചാടിത്തുടമേലെ തച്ചും
പശുസമർ പാണ്ഡുസുതന്മാരെന്നല്ലോ
പറഞ്ഞിതു മുന്നം പലരും കേൾക്കവേ?
പരിഹാസത്തോടുമദിച്ചു കൈകൊട്ടി-
ച്ചിരിച്ചു കൂത്താടി നടന്നു നിങ്ങളും.
പശുസമന്മാർ കൌരവരെന്നിക്കാലം
പറഞ്ഞു ഞാൻ താനുമിതാകൂത്താടുന്നേൻ”

ഇങ്ങനെ തന്മയത്വത്തോടുകൂടി വീരരസം വർണ്ണിക്കാൻ കഴിവുള്ള കവികൾ തുലോം വിരളമാകുന്നു. വർണ്ണനയ്ക്കു വിഷയമായ കാലദേശാദികളേയും മറ്റു പരിതസ്ഥിതികളേയും അദ്ദേഹം വിസ്മരിച്ചു കളയാത്തതുനിമിത്തം അതാതവസ്ഥകളേക്കുറിച്ചു് അതിസൂക്ഷ്മമായ ഒരു ബോധം ആ വർണ്ണന വായിക്കുമ്പോൾ നമുക്കുണ്ടാകുന്നു. വിവക്ഷിതാർത്ഥത്തിന്റെ സ്ഫുടപ്രതീതി ജനിപ്പിക്കുന്നതിനു് പര്യാപ്തമായ ശബ്ദങ്ങൾ സദാപി ഈ മഹാകവിയേ പിന്തുടരുന്നു. ആശയഗതിക്കു് അനുരൂപമായ ശബ്ദപ്രവാഹംകൂടി ഉള്ളതുകൊണ്ടു് ഒരു മുഴപ്പോ ആ വഴിക്കുണ്ടാകുന്ന ശ്രവണകടുതയോ ഒരിടത്തും കാണ്മാനില്ല. ആധുനിക മഹാകവികളും അവരുടെ പാർഷദന്മാരും എഴുത്തച്ഛനിൽനിന്നു പലതും പഠിക്കേണ്ടതായിട്ടുണ്ടു്. നിർമ്മലമായ ഹൃദയങ്ങളിൽനിന്നു് മാത്രമേ ഉത്തമകാവ്യങ്ങൾ പുറപ്പെടുകയുള്ളൂ. മനുഷ്യസ്വഭാവത്തെപ്പറ്റിയുള്ള അത്യഗാധമായ ജ്ഞാനം അതിതീവ്രമായ പ്രകൃതിനിരീക്ഷണശക്തി, അപ്രതിഹതമായ കല്പനാവൈഭവം, കുശാഗ്രബുദ്ധി, വിപുലമായ ധർമ്മനിഷ്ഠ, മനുഷ്യലോകത്തോടുള്ള വിശാലമായ അനുകമ്പ, സർവോപരി [66] “ഈശ്വരചൈതന്യംകൊണ്ടു് സ്ഫുരിക്കുന്ന ലോകവൈചിത്ര്യത്തിൽ താൻ നിസ്സാരൻ സജ്ജനങ്ങൾ മാനനീയന്മാർ എന്നിങ്ങനെ ഒരു മനോഗതി” ഇത്യാദി ഉദാരഗുണങ്ങൾക്കു വിളനിലമായിരുന്ന ഈ കവി കോകിലത്തിന്റെ കളകൂജിതങ്ങൾ ജീവിതയാത്രയിൽ ശ്രാന്തചേതസ്സുകളായിരിക്കുന്ന എത്ര എത്ര ജനങ്ങൾക്കു പരമനിർവൃതി അരുളിക്കൊണ്ടിരിക്കുന്നു!

ഈ ദിവ്യകവി ഭഗവൽഗീത ഭാഷാന്തരം ചെയ്യാതിരുന്നതു് ബ്രാഹ്മണരേ പേടിച്ചാണെന്നു പറയുന്നവർ ഇപ്പോഴും ഉള്ളതാണു അത്ഭുതം. എഴുത്തച്ഛനു പേടിയോ? അദ്ദേഹത്തിനെക്കുറിച്ചു ബ്രാഹ്മണർക്കു പേടിയുണ്ടായിരുന്നതായിട്ടാണല്ലോ പല ഐതിഹ്യങ്ങളിൽനിന്നു് കാണുന്നതു്. പരമാർത്ഥത്തിൽ ഭാരതസംക്ഷേപത്തിൽ ഭഗവദ്ഗീതയ്ക്കു സ്ഥാനമെവിടെ? അക്കാലത്തെ ജനതയ്ക്കു് ഭക്തിസംവർദ്ധകങ്ങളായ ഗ്രന്ഥങ്ങളായിരുന്നു അത്യാവശ്യകമായിരുന്നതു്. പോരെങ്കിൽ സംസാരരോഗാർത്തന്മാർക്കു ആവശ്യമുള്ള ആധ്യാത്മികതത്വഗുളികകൾ അദ്ദേഹം കഴിയുന്നതും ഹൃദ്യമാക്കി രാമായണാദി ഗ്രന്ഥങ്ങളിൽ വേണ്ടുവോളം സംഭരിച്ചിട്ടുമുണ്ടു്. ഈ ഭാരതകഥാസംക്ഷേപത്തിൽ, ഭഗവദ്ഗീത തർജ്ജമ ചെയ്തു ചേർത്തിരുന്നുവെങ്കിൽ, അതു് ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായംപോലെ മുഴച്ചു നില്ക്കുമായിരുന്നു.

രാമായണത്തിലേയും ഭാരതത്തിലേയും ഭാഷാരീതികൾക്കു തമ്മിൽ ശ്രീരാമനും ശ്രീകൃഷ്ണനും തമ്മിലോ; ത്യാഗവും പ്രേമവും തമ്മിലോ ഉള്ള അന്തരമുണ്ടു്. ശ്രീരാമൻ ഒരു ഗാംഭീര്യവാരാന്നിധിയാണു്. അദ്ദേഹത്തിന്റെ സന്നിധിയിൽ നാം ഭയഭക്തി പരവശരായിച്ചമയുന്നു. അദ്ദേഹത്തിന്റെയും നമ്മുടേയും മദ്ധ്യേ ദുസ്തരമായ ഒരു മഹാസമുദ്രം സ്ഥിതിചെയ്യുന്നു. ശ്രീകൃഷ്ണനാവട്ടെ പ്രേമരസാർദ്രമായ മുരളീഗാനത്താലും സർവലോകാകർഷകമായ സ്മിതചന്ദ്രികയാലും നമ്മേ അദ്ദേഹത്തോടു അടുപ്പിക്കുന്നു; അദ്ദേഹത്തിന്റെ സന്നിധിയിൽ നാം ഭയശോകതാപാദികളൊന്നും അറിയുന്നില്ല. ഭയവുമല്ല ഭക്തിയുമല്ല നമുക്കുണ്ടാകുന്നതു്. പ്രേമം-പ്രപഞ്ചത്തിനു ആണിയായി നിൽക്കുന്ന പരിശുദ്ധവും ആത്മവിസ്മാരകവുമായ പ്രേമം-ഒന്നു മാത്രമേ ഉണ്ടാകുന്നുള്ളു. രാമായണവും തന്നായകനേപ്പോലെ പ്രൗഢ ഗംഭീരമാണു്. അതിലെ പാത്രങ്ങളെല്ലാം മാതൃകാപുരുഷന്മാരുമാകുന്നു. ശ്രീരാമൻ, സീത,ലക്ഷ്മണൻ,ഭരതൻ, ശത്രുഘ്നൻ, ഹനൂമാൻ, രാവണൻ, ഇന്ദ്രജിത്തു്, ഈ പാത്രങ്ങളെല്ലാം ഓരോവിധത്തിലുള്ള ജീവിത മാതൃകകൾ തന്നെ. അതുകൊണ്ടു രാമായണത്തിലെ ഭാഷാരീതിയും പ്രൌഢമായിരിക്കുന്നു. നേരെമറിച്ചു് ഭാരതത്തിലെ ഭാഷാരീതി ലളിതവും മധുരവും പ്രസന്നവുമാണു്. ശ്രവണദശയിൽ തന്നെ ഹൃദയാവഗാഹം വരുത്തി അർത്ഥബോധം ജനിപ്പിക്കുന്നതിനു പര്യാപ്തമായ ശക്തി അതിനു വേണ്ടുവോളമുണ്ടു്. ചുരുക്കിപ്പറഞ്ഞാൽ എഴുത്തച്ഛന്റെ സാർവപഥീനമായ ഭാവനാശക്തിയുടെ ഉന്മേഷവും, നവരസങ്ങളേയും യഥോചിതം സ്ഫുരിപ്പിക്കുന്നതിനുള്ള അപാരനൈപുണിയും, ഭാഷാസംസ്കൃത ശബ്ദങ്ങളെ നീരക്ഷീരന്യായേന കലർത്തി ശ്രവണസുഖം സമ്പാദിക്കുന്നതിനുള്ള ചാതുരിയും, സർവോപരി അദ്ദേഹത്തിന്റെ ഉല്ലേഖന സാമർത്ഥ്യവും, ചിത്രനിർമ്മാണ കൌശലവും എല്ലാം അവയുടെ പരാകാഷ്ഠയെ പ്രാപിച്ചു കാണുന്നതു് മഹാഭാരതത്തിലാകുന്നു.

ഭാഗവതം കിളിപ്പാട്ടു്

മഹാഭാഗവതം എഴുത്തച്ഛന്റെ കൃതിയല്ലെന്നു് ഈയിടെ ചിലർ പറഞ്ഞുതുടങ്ങിയിരിക്കുന്നു. മദ്രാസ്കൃസ്ത്യൻകാളേജ് പണ്ഡിതരായിരുന്ന മി. സത്യാർത്ഥിയുടെ സത്യാർത്ഥപ്രകാശനലൌല്യത്തിൽ നിന്നാണു് ഇങ്ങനെ ഒരു അഭിപ്രായം ഇദം പ്രഥമമായി പൊട്ടിപ്പുറപ്പെട്ടതു്. “സംസ്കൃതസാഹിത്യത്തിൽ ഗ്രന്ഥകർത്താവു് ഇന്നവനെന്നു് നിർണ്ണയം ഇല്ലാത്ത അനേകംകൃതികളുടെ കർത്തൃത്വം എന്ന അനർത്ഥം കാളിദാസപ്രഭൃതികളിൽ ആരോപിക്കാറുള്ളതുപോലെ, നമ്മുടെ സാഹിത്യത്തിൽ എഴുത്തച്ഛൻ മുതൽപേർക്കും ചില ആളും പേരും ഇല്ലാത്ത ഉരുപ്പടികൾ വന്നു കൂടിയിട്ടുണ്ടു്. ആ കൂട്ടത്തിലാണു് ഭാഗവതം” എന്നു നമ്മുടെ വിമർശകകേസരിയായ മി. പി. കെ. നാരായണപ്പിള്ളയും സത്യാർത്ഥിയോടു പരിപൂർണ്ണമായി യോജിച്ചിരിക്കുന്നു. അവർക്കു രണ്ടുപേർക്കും എഴുത്തച്ഛനോടു തോന്നീട്ടുള്ള അളവറ്റ ബഹുമാനമായിരിക്കാം, ഇങ്ങനെ ഒരു അഭിപ്രായം പറവാൻ അവരേ പ്രേരിപ്പിച്ചതു്.

ഭാഗവതം എഴുത്തച്ഛകൃതിയല്ലെന്നു് സ്ഥാപിക്കുന്നതിനുവേണ്ടി മി. പി. കെ. നാരായണപ്പിള്ള അവലംബിക്കുന്ന കാരണങ്ങൾ താഴെ പറയുന്നവയാണു്.

  1. മൂലത്തിനും ഭാഷയ്ക്കും മദ്ധ്യേ മഹത്തായ ഒരു ഉൾക്കടൽ കാണുന്നു. ശ്രുതിഗീതാദ്ധ്യായം, ഏകദേശം, ദ്വാദശം ഇവയിൽ പലേടങ്ങളിലും ഭാഷാന്തരം മൂലാർത്ഥത്തോടു യോജിക്കാതിരിക്കുന്നു.
  2. സംസ്കൃതഭാഷയിൽ സാമാന്യം പരിചയമുള്ളവർക്കു പോലും വരാത്ത ഭീമമായ അബദ്ധങ്ങൾ കിളിപ്പാട്ടിൽ വന്നു പോയിട്ടുണ്ടു്. ഉദാഹരണം: ‘കലിംസഭാജയന്ത്യാര്യാഃ’ എന്നതിനെ “കലികാലത്തു സഭയെ ജയിച്ചിട്ടു്” എന്നും, ‘പദാപി യുവതീം ഭിക്ഷുർന്നസ്പൃശേദ്ദാരവീമപി’ എന്നതിനെ,
    “അർക്കനജ്ജഗത്തെല്ലാം സ്പർശിച്ചിട്ടിരുന്നലും
    അർക്കനെത്തൊടുന്നീല ലോകങ്ങളെന്നപോലെ”

    എന്നും ഭാഷാന്തരം ചെയ്തിരിക്കുന്നു.

  3. അനന്വിതങ്ങളായ വാക്യങ്ങളും ശുഷ്കങ്ങളായ വർണ്ണനകളും അതിൽ ധാരാളമുണ്ടത്രേ.

ഭാഗവതം എഴുത്തച്ഛന്റെ കൃതിയാണെന്നു തെളിയിക്കുന്നതിനു് കേവലം ഐതിഹ്യം മാത്രമേ അവലംബമായിരിക്കുന്നുള്ളു എന്നും അദ്ദേഹം പറയുന്നു.

മൂലത്തിനും തർജ്ജമയ്ക്കും മദ്ധ്യേ ഒരു വലുതായ ഉൾക്കടലുണ്ടെന്നു പറയുന്നതിനേ അന്ധമായി വിശ്വസിക്കാൻ നിവൃത്തിയില്ല. രാമായണത്തിലും ഭാരതത്തിലും ഒക്കെ, മൂലാർത്ഥത്തിൽ നിന്നുമുള്ള വ്യതിയാനങ്ങൾ ധാരാളം കാണ്മാനുണ്ടു്. പ്രമാദങ്ങളും നോക്കിയാൽ വേണ്ടുവോളം കണ്ടേയ്ക്കാം. തെറ്റുപറ്റാത്ത മനുഷ്യനെ കവികൾക്കുപോലും സൃഷ്ടിക്കാൻ കഴിയുമോ എന്നു സംശയമാണു്. കാളിദാസകൃതികളിലും തെറ്റുകളുണ്ടെന്നാണു് പണ്ഡിതന്മാർ പറഞ്ഞുകേട്ടിട്ടുള്ളതു്. സരസ്വതീദേവി തന്നെ മനുഷ്യരൂപം കൈക്കൊണ്ടു് ദിവ്യവാണിയെന്നു പണ്ഡിതലോകം അഭിമാനിക്കുന്ന ഗീർവാണിയിൽ കാവ്യം രചിച്ചാലും കുറ്റം കണ്ടുപിടിക്കാൻ കൌതുകമുള്ളവർക്കു് ചില പഴുതുകളൊക്കെ കണ്ടുകിട്ടാതിരിക്കയില്ല. തെറ്റു പറ്റാത്ത പണ്ഡിതന്മാരെ എനിക്കു കാണാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. അവർ അന്യന്മാരുടെ സർഷപാകാരമായ പ്രമാദങ്ങളെ പർവതാകാരമാക്കിക്കാണിച്ചു്, കൃതകൃത്യന്മാരായി തൽക്കാലം ജീവിച്ചാലും, പ്രകൃതിശക്തിയ്ക്കു അവരും വിധേയർ തന്നെയാണു്. പരമാർത്ഥത്തിൽ മഹാന്മാരുടെ തെറ്റുകൾക്കും ഒരു മഹത്വമുണ്ടു്. ഒരു കൃഷീവലൻ അബദ്ധത്തിൽ ഒരുവന്റെ ജീവഹാനി വരുത്തിയെന്നു വന്നേക്കാം. പക്ഷേ ഭയങ്കരമായ ശിക്ഷ അനുഭവിച്ചിട്ടു് അവൻ കാലയവനികയ്ക്കുള്ളിൽ എന്നെന്നേയ്ക്കുമായി മറഞ്ഞു പോകുന്നു. അവനെ അവിടെ നിന്നു കുത്തിപ്പൊക്കുവാൻ ആർക്കും–ഈശ്വരനുപോലും –കഴിയുമോ എന്നു് സംശയമാണു്. നേരേ മറിച്ചു് ഒരു മഹാസാമ്രാജ്യത്തിന്റെ ഭരണയന്ത്രത്തെനയിക്കുന്ന ഒരു രാജ്യതന്ത്രജ്ഞന്റേയോ സ്വേച്ഛാപ്രഭുവായ ഒരു രാജാധിരാജന്റേയോ ചിന്താസ്ഖലനത്താൽ ഉണ്ടാകുന്ന മഹാവിപത്തു് ലോകത്തെ മുഴുവനും ബാധിക്കയും അയാൾ ഭാവിതലമുറകളുടെ താപകോപശാപാദികൾക്കു് പാത്രമായി ലോകചരിത്രത്തിൽ എന്നേയ്ക്കും ജീവിക്കയും ചെയ്യുന്നു. എഴുത്തച്ഛകൃതികളിൽ തെറ്റുകണ്ടുപിടിയ്ക്കാൻ ഇന്നു ഈയുള്ളോർക്കു സൌകര്യം ലഭിച്ചതു തന്നെ ആ പുണ്യാത്മാവിന്റെ മഹത്വംകൊണ്ടാണല്ലോ. അദ്ദേഹത്തിനുമുമ്പും പിമ്പും എത്ര കവികളും കൃതികളും ഉണ്ടായിരുന്നു! അവരും അവരുടെ കൃതികളും എവിടെ? അവയിൽ ചിലതിനെ തേടിപ്പിടിച്ചു് ബ്രഹ്മാണ്ഡാകാരമായ അവതാരികയോടുകൂടി പ്രസിദ്ധീകരിച്ചാലും അവയ്ക്കു ജനതയുടെ ഇടയ്ക്കു പ്രതിഷ്ഠ ലഭിക്കുന്ന കാര്യം സന്ദിഗ്ദ്ധമാണു്. എഴുത്തച്ഛനു പ്രമാദം പറ്റീട്ടില്ലെന്നു ആരും വിശ്വസിക്കുന്നില്ല. ‘ഭവാൻ ശൃണു’ ‘ഭവാനിഹതൽ കുരു ധർമ്മ്യാ’ ഇത്യാദി ചില സ്ഖലിതങ്ങളെ പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നുമുണ്ടല്ലോ. മാദൃശന്മാരായ സാധാരണ ജനങ്ങൾ ആ പുണ്യശ്ലോകന്റെ കൃതികളിൽ തെറ്റു കണ്ടുപിടിപ്പാനായി അണുദർശിനിയും കൊണ്ടു നടക്കാത്തതു് അതിനേക്കാൾ പ്രയോജനകരമായ വിധത്തിൽ അവയെ ഉപയോഗിക്കാൻ കഴിയുമെന്നുള്ള വിചാരം നിമിത്തവും ത്ര്യക്ഷരീ മന്ത്രമാഹാത്മ്യത്തേ ഓർത്തീട്ടും ആണു്.

“കലിം സഭാജയന്ത്യാര്യാ ഗുണജ്ഞാഃ സാരഭാഗിനഃ
യത്ര സങ്കീർത്തനേനൈവ സർവഃ സ്വർത്ഥേഽഭിലഭ്യതേ”

ഈ പദ്യത്തിന്റെ തർജ്ജമയാണല്ലോ ന്യൂനത കല്പിച്ചിരിക്കുന്നതു്. ഇതു് ഏകാദശസ്ക്കന്ധത്തിലെ അഞ്ചാം അദ്ധ്യായത്തിലെ ഒരു ശ്ലോകമാണു്. പ്രതിയുഗം ഭഗവൽപൂജ ചെയ്യേണ്ടതെങ്ങനെ എന്നു വർണ്ണിക്കവേ, കരഭാജനൻ പറയുന്നതാണിതു്.

“കലികാലത്തു കലിസഭയെ ജയിച്ചീടിൽ
ചലനഹീനന്മാരായ ഗുണവാന്മാരായതി
സാരജ്ഞന്മാരായാര്യന്മാരായ മനുജന്മാർ
സാരമാം ഭഗവൽ കീർത്തനങ്ങൾ കൊണ്ടുതന്നെ
സർവധർമ്മാർത്ഥ കാമമോക്ഷങ്ങൾ സാധിക്കുന്നു.”

എന്നു് മിസ്റ്റർ, റെഡ്യാരുടെ ഭാഗവതത്തിൽ കാണുന്ന പാഠം തീർച്ചയായും ‘കലിംസഭാജയന്തീ’തി ശ്രീധരീയപാഠത്തിന്റെ തർജ്ജമയാണെങ്കിൽ പിശകു തന്നെ. എന്നാൽ സഭാജനശബ്ദത്തിന്റെ അർത്ഥം അറിയാൻ പാടില്ലാത്ത ഒരാൾ ഭാഗവതതർജ്ജമയ്ക്കു ഒരുങ്ങിക്കാണുമോ എന്നു വായനക്കാർ തന്നെ തീർച്ചപ്പെടുത്തിക്കൊള്ളുവിൻ. അതിദുരവഗാഹങ്ങളായ പല ഘട്ടങ്ങൾ ഏകാദശസ്ക്കന്ധത്തിലുണ്ടു്. അവയ്ക്കു ശരിയായ അർത്ഥം ഗ്രഹിക്കത്തക്കവണ്ണം ശാബ്ദബോധവും വേദാന്തശാസ്ത്ര പരിജ്ഞാനവും ഉണ്ടായിരുന്ന പ്രസ്തുത കവിയ്ക്കു് ‘സഭാജയന്തി’ എന്ന പ്രസിദ്ധ ശബ്ദത്തിന്റെ അർത്ഥം മനസ്സിലായില്ലെന്നു വിശ്വസിക്കുന്ന കാര്യം എനിക്കു വളരെ പ്രയാസമാണു്. അതോ പോകട്ടെ. ‘കലിം’ എന്നതു ദ്വിതീയാ വിഭക്തിയാണെന്നുപോലും അറിഞ്ഞുകൂടാത്ത ഒരു കവി ഭാഗവത തർജ്ജമ എന്ന പരമസാഹസത്തിനു ഒരുമ്പെട്ടു എന്നു എങ്ങനെ വിശ്വസിക്കും? തർജ്ജമ വായിച്ചുനോക്കിയതിൽ പല ഭാഗങ്ങളിലും കവി ശ്രീധരപാഠത്തെ അനുസരിക്കാതെ ‘വിജയദ്ധ്വജ’ പാഠത്തെയാണു് അംഗീകരിച്ചുകാണുന്നതു്. അതുകൊണ്ടു് അനുവാദകന്റെ കൈവശം ഉണ്ടായിരുന്ന ഗ്രന്ഥത്തിലെ പാഠം എന്തായിരുന്നു എന്നു നിർണ്ണയിക്കുന്നതിനു മുമ്പു് തർജ്ജമ തെറ്റിപ്പോയെന്നു പറയാവുന്നതല്ല. ‘കലിസഭാം ജയന്ത്യാര്യാഃ’ എന്നൊരു പാഠം ഇല്ലെന്നു ഇപ്പോൾ എങ്ങനെ ഖണ്ഡിച്ചുപറയാം? അതിനും പുറമേ ‘കലിസഭയെ ജയിച്ചിട്ടുടൻ’ എന്ന പാഠം തന്നെ ശുദ്ധമാണോ എന്നും നാം അന്വേഷിക്കേണ്ടതാകുന്നു.

“പദാപി യുവതീം ഭിക്ഷുർന്ന സ്പൃശേദ്ദാരവീമപി” എന്ന പദ്യവും ഏകാദശസ്കന്ധത്തിലുള്ളതാണു്. ആ ശ്ലോകത്തെ മുഴുവനും ഉദ്ധരിക്കാം.

“പദാപി യുവതീം ഭിക്ഷുർന സ്പൃശേദ്ദാരവീമപി
സ്പൃശൻ കരീവ ബധ്യേത കരിണ്യാ അങ്ഗസംഗതഃ
നാധിഗച്ഛേൽ സ്ത്രീയം പ്രാജ്ഞഃ കർഹിചിൻ മൃത്യുമാത്മനഃ”

തർജ്ജമ ഇങ്ങനെയാണു്.

“ഭിക്ഷുനാരിയേ സ്പർശിക്കരുതെന്തുപോലെന്നാൽ
അർക്കനീജഗത്തെല്ലാം സ്പർശിച്ചങ്ങിരുന്നാലും
അർക്കനെത്തൊടുന്നീല ലോകങ്ങളെന്നപോലെ.
യോഗിനാരിയെസ്പർശിച്ചീടുകിലാനപോലെ
ശോകിയായ് ബന്ധിക്കുന്നു മാനസമറിഞ്ഞാലും.
ബുദ്ധിമാൻസ്ത്രീയേ സ്പർശിച്ചീടിലുമാനപോലെ
ബദ്ധനായ് മൃത്യു ഭവിച്ചീടുന്നിതെന്നുനൂനം”

ഇവിടെ ‘ദാരവീം’ എന്ന പദത്തെ കവി തെറ്റിദ്ധരിച്ചിരിക്കയോ അല്ലെങ്കിൽ അദ്ദേഹത്തിനു കിട്ടിയ പാഠം ഈ അർത്ഥം വരത്തക്കവിധത്തിൽ ഇരിക്കയോ ചെയ്തുകാണണം. ‘ദാരവീം’ എന്ന പ്രസിദ്ധ പദത്തിന്റെ അർത്ഥം മനസ്സിലാകാത്ത ഒരുവനാണു് ഭാഗവതം ഭാഷയുടെ കർത്താവെന്നു വിചാരിക്കുന്നതിൽഭേദം പാഠഭേദം കാണുമെന്നു ഊഹിക്കയല്ലേ? ഏതായിരുന്നാലും ആശയത്തിനു അസ്വരസം ഉണ്ടെന്നു പറഞ്ഞേതീരൂ. പക്ഷേ ലേഖകപ്രമാദത്തല്ലോ മറ്റോ മലിനീഭൂതമായ ഒരു പാഠത്തെ വെച്ചുകൊണ്ടു അർത്ഥമുണ്ടാക്കാൻ ശ്രമിച്ചതിൽ അബദ്ധം പറ്റിപ്പോയെന്നു വിചാരിക്കാനേ ഉള്ളു.

ദശമംവരെയുള്ള ഭാഗങ്ങൾ മാത്രമേ എഴുത്തച്ഛൻ തർജ്ജമ ചെയ്തിട്ടുള്ളു എന്നൊരു അഭിപ്രായവുമുണ്ടു്.

“ബാദരായണ മുഖനിർഗ്ഗതം ഭാഗവതം
സ്കന്ധങ്ങളതിലേഴുമഞ്ചുമുള്ളതിലിഹ
തുഞ്ചത്തുമേവും രാമദാസനാമെഴുത്തച്ഛൻ
അച്യുതങ്കൽ ഭക്തിമുഴുക്ക നിമിത്തമായ്
നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം
ഭാഷയിലൊരു ഗീതമായുരചെയ്താൻ മുന്നം.”

എന്നു് പത്താം ശതകത്തിൽ ജീവിച്ചിരുന്ന പുന്നശ്ശേരി ശ്രീധരൻനമ്പി അദ്ദേഹത്തിന്റെ ഏകാദശം കിളിപ്പാട്ടിൽ പ്രസ്താവിച്ചിരിക്കയും ചെയ്യുന്നു. നവമ സ്കന്ധാവസാനം വരെയെങ്കിലും എഴുത്തച്ഛന്റെ കൃതിയാണെന്നുള്ളതിനു ഇതു് ഒരു തെളിവാണു്. സൂര്യനാരായണൻ എഴുത്തച്ഛന്റെ പ്രഥമശിഷ്യനായ ശൂപ്പുമേനവനും ശ്രീധരൻനമ്പിയും സമകാലികന്മാരായിരുന്ന സ്ഥിതിയ്ക്കു്, നമ്പി അങ്ങനെ പറഞ്ഞിട്ടുള്ളതു് കേവലം ഐതിഹ്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കയില്ല. ദശമം മുതൽക്കുള്ള ഭാഗം വേറൊരാളുടെ ആണെന്നു ഊഹിക്കുന്നതിനു മറ്റൊരു സംഗതികൂടി അനുകൂലമായിരിക്കുന്നുമുണ്ടു്. എന്തുകൊണ്ടെന്നാൽ ഗ്രന്ഥാരംഭത്തിലെന്നപോലെ ദശമത്തിന്റെ ആരംഭത്തിലും കവി ഇഷ്ടദേവതയേയും ഗുരുജനങ്ങളേയും മറ്റും ദീർഘമായി സ്തുതിച്ചുകാണുന്നു. ഈ ഊഹം സംഗതമാണെങ്കിൽ, മുമ്പു ചൂണ്ടിക്കാണിച്ച തെറ്റുകളെല്ലാം ഏകാദശത്തിലുള്ളവയായതുകൊണ്ടു് അവ എഴുത്തച്ഛനെ ബാധിക്കുന്നതേ ഇല്ലല്ലോ.

ഭാഗവതം മുഴുവനും എഴുത്തച്ഛന്റെ യൌവനകാലത്തെ കൃതി ആണെന്നാണു് എന്റെ വിനീതമായ അഭിപ്രായം. മനുഷ്യസാധാരണമായ ചില പിശകുകൾ വന്നുപോയിട്ടുണ്ടെങ്കിൽ, അവ ക്ഷന്തവ്യമാണു്. ശാകുന്തളവ്യാഖ്യാകാരനായ ശ്രീനിവാസശാസ്ത്രികൾ പറഞ്ഞിട്ടുള്ളതുപോലെ അലഘുപീനപയോധരകളായ അലസഗാമിനികളുടേയും രസകവീന്ദ്രന്മാരുടേയും പദവിഹ്വലത സ്പൃഹണീയമായേ ഇരിക്കൂ. എഴുത്തച്ഛന്റെ ശൈലിയും ഗാംഭീര്യവും ഭാഗവതത്തിലേ പലേ ഭാഗങ്ങളിൽ കാണ്മാനുണ്ടു്. തർജ്ജമയുടെ സ്വഭാവം കാണിപ്പാനായി ഏതാനും ഭാഗങ്ങൾ മാത്രം ഉദ്ധരിക്കാം.

“ജന്മാദ്യസ്യ യതോഽന്വയാദിതരതശ്ചാർത്ഥേഷ്വഭിജ്ഞഃ സ്വരാട്
തേനേ ബ്രഹ്മഹൃദായ ആദികവയേ മുഹ്യന്തി യംസൂരയഃ
തേജോവാരിമൃദാം യഥാ വിനിമയോ യത്ര ത്രിസർഗ്ഗോമൃഷാ
ധാമ്‍നാ സ്വേന സദാ നിരസ്കുകുഹകം സത്യം പരം ധീമഹി.”

എന്നിങ്ങനെ ‘ജന്മാദ്യസ്യ യതഃ’ എന്ന വേദാന്തസൂത്രവും കൊണ്ടാണു് ഭാഗവതം മൂലത്തിന്റെ പ്രാരംഭം. അർത്ഥജടിലമായ ഈ പദ്യത്തെ നമ്മുടെ കവി സാധാരണന്മാരായ മലയാളികൾക്കു് ഗ്രഹിക്കുന്നതിനുവേണ്ടി,

“സർവജ്ഞനായ് സർവജഗൽക്കാരണനായ്
സർവഭൂതങ്ങൾക്കെല്ലാം ജ്ഞാനദസ്വരൂപനായ്
അപരിച്ഛിന്നമായിപ്പരമാനന്ദമായ
പരമാത്മാവുതന്നെ ധ്യാനിക്കായ് വരേണമേ.”

എന്നിങ്ങനെ വെറും ഒഴുക്കൻ മട്ടിൽ തർജ്ജമ ചെയ്തിരിക്കുന്നു.

മൂലം:
“നിഗമകല്പതരോർഗ്ഗളിതം ഫലം ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം മുഹുരഹോ! രസികാ ഭുവി ഭാവുകഃ”

ഭാഷ:
“വേദമായീടുന്നൊരു കല്പകവൃക്ഷത്തിന്റെ
മോദമാർന്നെഴും ഫലമാദരപൂർവം ഭക്ത്യാ
വീണിതു ശുകമുഖത്തിങ്കൽ നിന്നുടൻ ഭൂവി-
ലാനന്ദംവരുമാറു പീയുഷദ്രവത്തോടും
അങ്ങനെയുള്ള മഹാഭാഗവതാഖ്യരസം
മംഗലംവന്നുപരന്തങ്കലേ ലയിപ്പോള-
മാവോളംപാനംചെയ്തുകൊള്ളുകരസികന്മാ-
രായുള്ള ഭാഗവതമുഖ്യന്മാർ നിരന്തരം.

ഇതു ശരി തർജ്ജമയാണെന്നു പറയേണ്ടതില്ലല്ലോ.

“ഈശനും പ്രപഞ്ചവുമേകമെന്നുറച്ചുഞാൻ
ഈശനെദ്ദേശികനെന്നറിഞ്ഞു തെളിഞ്ഞപ്പോൾ
ദേശികപാദപത്മമെന്നുള്ളിലുറപ്പിച്ചേൻ
ദേശികാജ്ഞയാ പരമാനന്ദസമന്വിതം
ഈശനും പ്രപഞ്ചവും ദേശികൻതാനുംഞാനും
ഈശന്റെ കാരുണ്യത്താൽ കേവലമൊന്നായ്ക്കണ്ടേൻ
അന്നേരം മായാമയമായുള്ള ബഹുത്വങ്ങൾ
ഒന്നുമേ കാണ്മാനില്ല ഞാനൊഴിഞ്ഞൊരേടത്തും.”

ഈ ഭാഗം കവിയുടെ സ്വന്തമാണു്, അതിൽ നിന്നു നമുക്കു കവിയുടെ മനഃസ്ഥിതി ഏതാണ്ടൂഹിക്കാം.

ഭാഗവതം ഭാഷ ഒരു പദാനുപദ തർജ്ജമയല്ല. മനോഹരമായ പല ഘട്ടങ്ങൾ അതിൽ വിട്ടുകളഞ്ഞിട്ടുണ്ടു്. മൂലത്തിൽ ദക്ഷപ്രജാപതിയുടെ കഥ ഏഴദ്ധ്യായങ്ങൾകൊണ്ടാണു് വിവരിച്ചിരിക്കുന്നതു്. ഭാഷയിലാകട്ടെ കഥയുടെ ഒരു സ്ഥൂല വിവരണം മാത്രമേയുള്ളു. ശ്രീമഹാഭാഗവതം വേദാന്തതത്വങ്ങളെ കഥാരൂപേണ പ്രതിപാദിക്കുന്ന ഒരു പ്രൌഢഗ്രന്ഥമാണെങ്കിലും, യഥാർത്ഥകവിത്വത്തിന്റെ പരാകോടിയെ ഉദാഹരിക്കുന്ന പല ഭാഗങ്ങൾ അതിലുണ്ടെന്നു നിസ്സംശ്ശയം പറയാം. ചതുർത്ഥസ്ക്കന്ധം ആറാം അദ്ധ്യായത്തിലെ കൈലാസവർണ്ണന നോക്കുക.

“ജന്മൌഷധിതപോമന്ത്രയോഗസിദ്ധൈർന്നതേതരൈഃ
ജൂഷ്ടം കിന്നരഗന്ധർവൈരപ്സരോഭിർവൃതം സദാ
നാനാമണിമയൈഃ ശൃംഗൈർന്നാനാധാതുവിചിത്രിതൈഃ
നാനാദ്രു മലതാഗുലൈമർന്നാനാ മൃഗഗണാവൃതൈഃ
നാനാമലപ്രസ്രവണൈർന്നാനകേന്ദരസാനുഭിഃ
രമണം വിഹരന്തീനാം രമണൈഃ സിദ്ധയോഷിതാം
മയൂരകേകാഭിരുതം മദാന്ധാഹി വിമൂർച്ഛിതം
പ്ലാവിതൈരക്തകണ്ഠാനാം കൂജിതൈശ്ച പതത്രിണാം
ആഹ്വയന്തമിവോദ്ധസ്തൈർദ്വിജാൻ കാമദുഘൈർദ്രുമൈഃ
വ്രജന്തമിവ മാതംഗൈർ ഗൃണന്തമിവനിർഝരൈഃ
മന്ദാരൈഃ പാരിജാതൈശ്ച സരലൈശ്ചോപശോഭിതം
തമാലൈഃ ശാലതാലൈശ്ച കോവിദാരാസനാർജ്ജുനൈഃ
ചൂതൈഃ കദംബൈർന്നീപൈശ്ച നാഗപുന്നാഗചമ്പകൈഃ
പാടലാശോകബകുളൈഃ കുന്ദൈഃ കുരവകൈരപി
സ്വർണ്ണാർണ്ണശതപത്രൈശ്ച വീരവേണുകജാതിഭിഃ
കുബ്ജകൈർമ്മല്ലികാഭിശ്ച മാധവീഭിശ്ച മണ്ഡിതം
പനസോദുംബരാശ്വത്ഥപ്ലക്ഷന്യഗ്രോധഹിംഗുഭിഃ
ഭൂർജൈരോഷധിഭിഃ പൂഗൈ രാജപൂഗൈശ്ച ജംബുഭിഃ
ഖർജ്ജൂരാമ്രാതകാമ്രാദ്യൈഃ പ്രിയാലമധുകേംഗുദൈഃ
ദ്രുമജാതിഭിരന്യൈശ്ച രാജിതം വേണുകീചകൈഃ”

ഇത്യാദി വർണ്ണനകളൊന്നും കവി തർജ്ജമ ചെയ്തിട്ടേ ഇല്ല. എന്നാൽ അദ്ദേഹം അവിടവിടെ ചില മനോധർമ്മങ്ങൾ പ്രയോഗിച്ചിട്ടുമുണ്ടു്.

“ജായേ ഉത്താനപാദസ്യസുനീതിഃ സുരുചിസ്കയോഃ
സുരുചിഃ പ്രേയസീ പത്യുർന്നേതരാ യൽ സുതോ ധ്രുവഃ
ഏകദാ സുരുചേഃ പുത്രമങ്കമാരോപ്യ ലാലയൻ
ഉത്തമം നാരുരുക്ഷന്തം ധ്രുവം രാജാഭ്യനന്ദത
തഥാ ചികീർഷമാണം തം സപത്ന്യസ്തനയം ധ്രുവം
സുരുചിഃ ശൃണ്വതോ രാജ്ഞഃ സേർഷ്യമാഹാതിഗർവിതാ

ഭാഷ,

“തന്നുടെ പത്നിസുനീതിമുന്നേവൾ പോൽ
പിന്നേവൾ സുന്ദരിയായ സുരുചിയും
തന്വീമണികളിരുവരും പെറ്റോരോ
നന്ദനന്മാരുമുണ്ടായ്ച്ചമഞ്ഞീടിനാർ
പുത്രൻ സുരുചിജനുത്തമനായവന-
ത്യുത്തമനാംധ്രുവനസ്സുനീതിസുതൻ
പൃത്ഥ്വീപതിയ്ക്കുസുരുചിയും പുത്രനു-
മെത്രയുമിഷ്ടരായുള്ളു നിരന്തരം
തൽസുതന്മാർ ചെറുതായി കളിക്കുന്ന നാൾ
ഉത്താനപാദനാമുത്തമഭൂവരൻ
രത്നസിംഹാസനേ രാരജസഭാന്തരേ
പത്നീസുരുചിയുമായിരിക്കും വിധൌ
വന്നു നൃപൻമടി തന്നിലേറിടിനാൻ
അന്യൂനകൌതുകമോടും സുരുചിജൻ
തന്നുള്ളഴിഞ്ഞു കുഴഞ്ഞു നൃപതിയും
നന്ദനനെപ്പരിലാളിച്ചിരിക്കുമ്പോൾ
ചെമ്മേ കളിച്ചു നടക്കും സുനീതിജൻ
നിർമ്മലനാം ധ്രുവനും പോന്നു വന്നുടൻ
മന്നവൻ തന്മടി തന്നിലേറീടുവാൻ
തന്നുള്ളിലൂടെഴുമാശയാ സന്നിധൌ
നിന്നുഴലുന്നവൻ തന്നെ നൃപവരൻ
അന്നേരമാദരിയായ്കയാലങ്ങവൻ
മന്ദാക്ഷമുൾക്കൊണ്ടിളിഭ്യം കലർന്നു ഭൂ-
മണ്ഡലം കാൽനഖംകൊണ്ടു മൂന്നിത്തുലോം
ഖിന്നനായ് വന്നു തിരുമ്മിത്തിരുമ്മിയ-
ക്കണ്ണീർ പൊഴിഞ്ഞു കരഞ്ഞു തുടങ്ങിനാൻ
ചൊന്നാളതു കണ്ടിരുന്ന സുരുചിയും”
മൂലം:
“തപസാരാധ്യ പുരുഷം തസ്യൈവാനുഗ്രഹേണ മേ
ഗർഭേ ത്വം സാധയാത്മാനം യദീച്ഛസി നൃപാസനം”
ഭാഷ:
“നിന്നുള്ളിലുമതിനാഗ്രഹമെങ്കിലോ
ചെന്നു നാരായണന്തന്നെബ്ഭജിക്ക നീ
സാക്ഷാൽ ജഗന്മയനായ നാരായണൻ
സാക്ഷി ഭൂതൻ പദപങ്കജം മാനസേ
ചേർത്തു നിരന്തരം ധ്യാനിച്ചിരിക്ക സ-
ർവാത്മാജഗൽഗുരു താൻ പ്രസാദിപ്പോളം
തൽപ്രസാദത്താലനുഗ്രഹിച്ചീടുകിൽ
അപ്പോഴുടനിങ്ങുപോന്നുവന്നെന്നുടെ
ഗർഭാശയത്തിങ്കൽ നിന്നിഹ ഭൂമിയി-
ലുത്ഭവിക്കേണമെന്നാലിദമായ് വരും
പോകപുനരതല്ലാതെ നൃപാസനേ-
വാഴ്കയിലാശയുണ്ടാകിലതു വരാ.”
മൂലം:
“മാതുഃ സപത്ന്യാഃ സുദുരുക്തിവിദ്ധഃ
ശ്വസൻ രുഷാ ദണ്ഡഹതോയഥാഹിഃ
ഹിത്വാമിഷന്തം പിതരം ഹ്യവാചം
ജഗാമ മാതുഃ പ്രരുദൻ സകാശം
തം നിശ്വസന്തം സ്ഫുരിതാധരോഷ്ഠം
സുനീതിരുത്സംഗ ഉദൂഹ്യ ബാലം
നിർഗ്ഗമ്യതൽ പൌരമുഖാന്നിതാന്തം
സാ വിവ്യഥേ യദ്ഗദിതം സപത്ന്യാഃ”

ഇവിടെ ഒക്കെ നമ്മുടെ കവി ചില വലിയ മാറ്റങ്ങൾ ചെയ്തിരിക്കുന്നു.

‘ദൂരെനില്ക്കെന്നവളാശു ചൊല്ലുന്നൊരു
ക്രൂരവചസ്സുകൾ കേട്ടു ഭൂപാലനും
പാരമകംനൊന്തു സാരസ്യവാണിയിൽ
ചേരുമനുരാഗവുമുരുരോഷവും
കൂടിക്കലർന്നു നിന്മാനസതാരിന്റെ
കാഠിന്യമെത്രയെന്നു നോക്കീടിനാൻ
മാൻനേർമിഴിത്തയ്യലാളതേതും ബഹു-
മാനിയാതെ മരുവീടിനാൾ കൂടവേ.
ബാലൻ ധ്രുവനും പിതാവിൻ വിവശങ്ങ-
ളാലോകയന്നായ് സുരുചിപ്രഭാവമാം
ശൂലമുനകളേറ്റാശുതിരിഞ്ഞുതൽ-
ക്കാലേ പുനരതിദീനഭാവത്തൊടും
കണ്ണുനീരാലേക്കരഞ്ഞു കരഞ്ഞുപോയ്
ച്ചെന്നു മാതാവു തൻമുന്നിൽ വീണീടിനാൻ’

ഇതൊരു തർജ്ജമയാണെന്നു ആരെങ്കിലും പറയുമോ? മൂലാർത്ഥത്തെ കവി പാടേ മാറ്റിയിരിക്കുന്നു. അതുകൊണ്ടു് സ്വാരസ്യം കൂടുതലോ കുറവോ വന്നിട്ടുള്ളതെന്നു വായനക്കാർ തന്നെ തീർച്ചപ്പെടുത്തിക്കൊള്ളുവിൻ.

“നന്ദനനെക്കണ്ടു മാതാസുനീതിയും
ചെന്നുടനേറ്റം പരിഭ്രാന്ത ചേതസാ
നന്ദനനമ്മതൻ പാദേനമിച്ചപ്പോൾ
മന്നിടത്തിങ്കേന്നു വാരിയെടുത്തഹോ
മാറിലണച്ചു പുണർന്നു പുണർന്നു ത-
ച്ചേറും പൊടിയും നയനസലിലവും
പാരാതെമന്ദമന്ദം തുടച്ചേറ്റവും
ചാരുതരാങ്കുമരോപ്യ തം സാദരം
മൂർദ്ധ്നിമുകർന്നു ചോദിച്ചപ്പോൾ പരവശാ.”

എന്നു തുടങ്ങി ഒട്ടുവളരെ വരികൾ കവി സ്വതന്ത്രമായി ചേർത്തിട്ടുണ്ടെങ്കിലും ആകപ്പാടെ നോക്കുമ്പോൾ, ധ്രുവചരിതവും ഒരു സംഗ്രഹം തന്നെയാണു്.

സപ്തമസ്ക്കന്ധത്തിൽ നരസിംഹം അവതരിച്ചു് പ്രഹ്ലാദനെ രക്ഷിക്കുന്ന ഘട്ടം വായിച്ചു നോക്കിയാൽ കവി എഴുത്തച്ഛൻ തന്നെയാണെന്നു ആരും പറയാതിരിക്കയില്ല.

“പുത്രൻപറഞ്ഞതുകേട്ടസുരേശ്വരൻ
പെട്ടെന്നു വാളുമെടുത്തെഴുനീറ്റുല-
കൊട്ടൊഴിയാതെ നിറഞ്ഞവൻ തൂണതിൽ
നില്പവൻവന്നു രക്ഷിക്കേണമിത്തരം
ദുർഭാഷണംചെയ്തു നില്ക്കുന്ന നിന്നെഞാൻ
വെട്ടിക്കളവനെന്നോടിയടുത്തുതൻ
മുഷ്ടികൊണ്ടൊന്നു കുത്തീടിനാൻ തൂണിന്മേൽ
വട്ടംതിരിഞ്ഞു വിറച്ചിതസ്ഥൂണവും
പൊട്ടിഞെരിഞ്ഞമർന്നൂതൽപ്രദേശവും
വെട്ടുമിടക്കുരൽ ഞെട്ടുമാറാശകൾ
പൊട്ടുമാറണ്ഡകടാഹം വിറച്ചഹോ
കഷ്ടംനടുങ്ങുമാറട്ടഹാസത്തോടും
വട്ടത്തൂൺമദ്ധ്യം പിളർന്നു നൃസിംഹമായ്
പുഷ്ടാതിഭീഷണാത്യുഗ്രഭയങ്കരം
മദ്ധ്യാഹ്നമാർത്താണ്ഡനുൽപതിയ്ക്കുംവണ്ണം
ചാടിപ്പുറപ്പെട്ടു ഭക്തനാം ബാലനോ-
ടോടിയടുത്തുചെന്നീടുമസുരനെ
ക്കൂടെത്തുടർന്നു ചെറുത്തുതടുത്തള-
വാടലൊഴിഞ്ഞുതൻ വാളും പരിചയും
കൈക്കൊണ്ടുദാനവനും ചെറുത്തീടിനാൻ”

കവിയ്ക്കു ഭാഗവതകഥാസാരം മലയാളികളെ ധരിപ്പിക്കണമെന്നു മാത്രമേ ഉദ്ദേശമുണ്ടായിരുന്നുള്ളു. ഗജേന്ദ്രമോക്ഷം വായിച്ചു നോക്കുക. അഷ്ടമസ്ക്കന്ധം ൨-ാം അദ്ധ്യായത്തിൽ ഗജേന്ദ്രൻ മദാന്ധനായി ക്രീഡിച്ചു നടക്കവേ ഗ്രാഹഗ്രസ്തനായിത്തീർന്നു് ഹരിയെ സ്തുതിക്കുന്നതും മൂന്നാം അദ്ധ്യായത്തിൽ ഹരിയാൽ വിമുക്തനാവുന്നതും വിവരിക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം നാലാം അദ്ധ്യായത്തിലാണു് ഇന്ദ്രദ്ര്യുമ്‍നൻ എന്ന രാജാവു് അഗസ്ത്യശാപത്താൽ ഗജമായി പരിണമിക്കാനുണ്ടായ കാരണത്തെ വിവരിച്ചിരിക്കുന്നതു്. എന്നാൽ, ഭാഷാകവിയാകട്ടെ ഇന്ദ്രദ്ര്യുമ്‍നനു അഗസ്ത്യശാപം വന്നുചേരാനുണ്ടായ ഹേതുവിനെ പ്രസ്താവിച്ചശേഷമേ ഗജേന്ദ്രമോക്ഷകഥനത്തിനു ആരംഭിക്കുന്നുള്ളു.

“മത്തവാരണവേഷമായ്ച്ചമഞ്ഞരചനും
വിദ്രുതംകാട്ടിൽ കടന്നീടിനാൻ കാട്ടാനകൾ
കൂട്ടത്തോടൊരുമിച്ചുപോയാനങ്ങൊരു ദിക്കിൽ
പുക്കുടൻ മരനിരകുത്തിയും പുഴുക്കിയും
മുഷ്കരതരം ഞെരിച്ചൊടിച്ചും ചീന്തിത്തിന്നും
തക്കത്തിൽ പിടികളെപ്പിടിച്ചു വൃക്ഷാന്തരം
പുക്കുഭോഗിച്ചും മദപുഷ്കരമൊഴുകിയും,
പൃത്ഥീചക്രത്തെക്കുത്തിപ്പൊടിച്ചങ്ങാരാധിച്ചും,
തൽക്ഷണം പാംസുസ്നാനംകൊണ്ടേറ്റം സന്തോഷിച്ചും,
പുഷ്കരിണികൾ പുക്കുകുളിച്ചുകുടിച്ചുമ-
ത്യുഗ്രവേഗേനവനംപുക്കുടൻ വിഹരിച്ചും
മുഷ്ക്കരൻ വനങ്ങളെല്ലാം തകർത്തചലങ്ങ-
ളൊക്കവേ കുത്തിപ്പൊടിച്ചങ്ങോടിങ്ങോട്ടുപാഞ്ഞും
കൂട്ടത്തോടൊരുമിച്ചും കാനനമകംപുക്കു
വാട്ടമെന്നിയെ നാട്ടിലിറങ്ങിപ്പാഞ്ഞും ദ്രു തം
ഭൂപ്രദക്ഷിണംചെയ്തെങ്ങുമേ നടപ്പവൻ”
ഇത്യാദി

ഈ ഭാഗം സ്വന്തവുമാകുന്നു.

മൂലം:
“ആസീദ് ഗിരിവരോ രാജംസ്ത്രികൂട ഇതി വിശ്രുതഃ
ക്ഷീരോദേനാവൃതഃ ശ്രീമാൻ യോജനായുതമുച്ഛ്രിതഃ
താവതാ വിസ്തൃതഃ പര്യക്‍ത്രിഭിഃ ശൃംഗൈഃ പയോനിധിം
ദിശഃ ഖം രോചയന്നാസ്തേ രൌപ്യായസഹിരണ്മായൈഃ
അന്യൈശ്ച കകുഭഃ സർവാ രത്നധാതുവിചിത്രിതൈഃ
നാനാദ്രുമലതാഗുല്മൈനിർഘോഷൈർനിർജ്ജിതാംഭസാ
സ ചാവനിജ്യമാനാങ്ഘ്രിഃ സമന്താൽ പയ ഊർമ്മിഭിഃ
കരോതി ശ്യാമളാം ഭൂമിം ഹരിന്മരകതാശ്മഭിഃ
സിദ്ധചാരണഗന്ധർവവിദ്യാധരമഹോരഗൈഃ
കിന്നരൈരപ്സരോഭിശ്ച ക്രിഡദ്ഭിർജ്ജുഷ്ടകന്ദരഃ
യത്ര സങ്ഗീതസന്നാദൈർന്നദദ്ഗുഹമമർഷയാ
അഭിഗർജ്ജന്തി ഹരയശ്ലോഘിനഃ പരശങ്കയാ
നാനാരണ്യപശുവ്രാതസങ്കുലദ്രോണ്യാലംകൃതഃ
ചിത്രദുമസുരോദ്യാനകളകണ്ഠീവിഹംഗമൈഃ
സരിത്സരോഭിരച്ഛോദൈഃ പുളിനൈർമ്മണിവാലുകൈഃ”

ഇത്യാദി ഇരുപത്തിനാലിൽപരം പദ്യങ്ങളെ നമ്മുടെ കവി ഇങ്ങനെ ഭംഗിയായി സംഗ്രഹിച്ചിരിക്കുന്നു.

“ദുഗ്ദ്ധാബ്ധിചുഴന്നതിന്മദ്ധ്യേ മംഗലനായോ
രദ്രീന്ദ്രൻ ത്രികൂടമെന്നെത്രയും പ്രസിദ്ധനായ്
വർത്തിപ്പോന്നുയർന്നതി മുഖ്യനായനാരത-
രൂപ്യകാഞ്ചനമയശോഭിതം സുഭിക്ഷദം
യക്ഷകിന്നരഗന്ധർവോരനിഷേവിത-
മക്ഷയപ്രഭം നിഖിലാനന്ദദിവ്യസ്ഥലം
ക്ഷീരവാരിധൌ നിന്നു പൊങ്ങിടും തിരകളാൽ
മാരുതാനന്ദം ഗിരിഗുഹയിങ്കലുണ്ടപാം പതി-
ക്കെത്രയും ശോഭിച്ച ്യതുമത്തെന്നൊരുദ്യാനവും
സർവത്തുഗുണഗണപൂർണ്ണമായനുദിനം
സർവമോഹനതരമാകിയ ദിവ്യസ്ഥലം
നന്ദനസമാനമാനന്ദധനാഢ്യം ഹരി-
ചന്ദനാദ്യഖിലവൃക്ഷാന്വിതം ദിനാധിപ-
തുന്ദിലകരഹരമംബുവാഹാഭം പരം
മന്ദമാരുതശീതസുഗന്ധ പരിപൂർണ്ണം
ഭൃംഗാദിവിഹംഗനാനാവിധകളരവ-
മംഗലപ്രദം ഭുജംഗാദിഭിർന്നിഷേവിതം
തുംഗമാതംഗസിംഹകു രംഗവൃകാദിമൃ-
ഗങ്ങൾ വൈരങ്ങൾ വെടിഞ്ഞന്വഹം ലീലകളും
ഇത്ഥമാനർന്ദാതിസാന്ദ്രമാമുദ്യാനത്തിൽ
മധ്യേയുണ്ടല്ലോ വളർന്നോരുപുഷ്കരണിയും.
നിർമ്മലായതാഗാധവിസ്തൃതമുരുതര-
പൊന്മയാംബുജകുമുദോൽപ്പലകൽ ഹാരങ്ങൾ
പൊങ്ങിനിന്നതിശയമുജ്ജ്വലിച്ചനുദിന-
മങ്ങളിഹംസാദിഭിർമ്മംഗലരവാന്വിതം
സ്വർന്നടിയോടും കൂടിനന്ദനോദ്യാനം ശോഭി-
ക്കുന്നതു പോലെ വിളങ്ങീടിനോരുദ്യാനവും
തുംഗമംഗലഗിരിപ്രസ്ഥരംഗവും
സംഗനാശനകരിയാകിയോരിന്ദ്രദ്യുമ്‍നൻ
കണ്ടതി സുഖകരമിവിടമിനിക്കിനി-
കുണ്ഠതയൊഴിഞ്ഞു വാണീടുവാനൊന്നോർത്തുടൻ
ദന്തിവൃന്ദത്തോടൊരുമിച്ചു ചെന്നകംപുക്കാൻ.”

പാലാഴിമഥനകഥയിലും ഒട്ടുവളരെ ഭാഗം നമ്മുടെ കവി കല്പിതമാണു്.

“മലയിന്നതിദിവ്യമെന്നറിഞ്ഞഥ നിജ
മൌലൌചേർപ്പതിനുള്ളിലാശയാ പുനരപ്പോൾ
ഹസ്തീന്ദ്രകുംഭദ്വന്ദമേദ്ധ്യേമാലയും വച്ചു
സ്വസ്ഥനായ് കചഭാരമഴിച്ചു കുടഞ്ഞുടൻ
ഹസ്താഗ്രനഖനികരങ്ങളാൽ ചിന്തിച്ചീകി
സത്വരം പരിചാക്കി വർത്തിക്കുന്നളവിങ്കൽ
കല്പകമധുതെണ്ടും ഷഡ്പദനികരങ്ങൾ
പുഷ്പസൌഗന്ധ്യം പാർത്തുമത്തനായ് പരിഭ്രമാൽ
വന്നുവന്നടുത്ത ഷഡ്ജങ്ങളും പാടിപ്പാടി
നിന്നു സംഭ്രമിച്ചെഴുമാരാവപൂരത്തോടും
കണ്ണുകൾ കർണ്ണങ്ങളും വക്ത്രവും മൂടിക്കൂടി
മുന്നളവുപദ്രവമെന്നായിക്കരീന്ദ്രനും
മസ്തകമദ്ധ്യത്തിങ്കൽ നിന്നെടുത്തുടൻ മാല
പൃത്ഥ്വിയിലിട്ടു ചവിട്ടീടിനാൻ കരിവരൻ.”

ഈ വർണ്ണനയിൽ എഴുത്തച്ഛന്റെ ശൈലിതന്നെയാണു് നാം കാണുന്നതു്.

മുദ്രിതമായ ഭാഗവതത്തിൽ പ്രമാദങ്ങൾ പലതും കാണുന്നുണ്ടെന്നുള്ളതിനെ ആരം വിസംവദിക്കുന്നില്ല. കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നു ആദർശഗ്രന്ഥങ്ങൾ വരുത്തി ഒരു ശുദ്ധപാഠം തയ്യാറാക്കാൻ പണ്ഡിതന്മാർ ശ്രമിക്കേണ്ടതാണു്. അങ്ങനെ ഒരു പാഠം കിട്ടുംവരെ, കേവലം ചില പ്രമാദങ്ങളെമാത്രം അടിസ്ഥാനപ്പെടുത്തി പ്രസ്തുതകൃതി എഴുത്തച്ഛന്റേതല്ലെന്നു പറയുവാൻ എനിക്കു വളരെ മടിയുണ്ടു്. അതിൽ കാണുന്ന പിഴകളിൽ പലതും മുദ്രാലയക്കാർ വഴിവന്നു ചേർന്നതാണെന്നു് ആർക്കും ഒരു നോട്ടത്തിൽ കാണാൻ കഴിയും. ചിലവ്യതിയാനങ്ങൾ കവി തന്നെ വരുത്തിയിരിക്കും. മറ്റുള്ളവ അദ്ദേഹത്തിന്റെ അനവധാനതയാലൊ കൈവശം ഇരുന്ന ഗ്രന്ഥത്തിന്റെ ന്യൂനതയാലോ, വന്നു ചേർന്നതും ആയിരിക്കണം.

ചിന്താരത്നം

സ്ത്രീ ജനങ്ങൾക്കു പഠിക്കാനായി എഴുത്തച്ഛൻ എഴുതിയ ഒരു ചെറിയ യോഗശാസ്ത്രഗ്രന്ഥമാണിതു്. അദ്ദേഹം സ്വന്തമരുമകൾക്കു വായിക്കുന്നതിനു വേണ്ടി രചിച്ചതാണെന്നാണു് ഐതിഹ്യം. ഏതായാലും സ്ത്രീ വിദ്യാഭ്യാസവിഷയത്തിൽ എഴുത്തച്ഛന്റെ അഭിപ്രായം എന്തായിരുന്നു എന്നു ഈ ഗ്രന്ഥത്തിൽ നിന്നറിയാം. യോഗശാസ്ത്രഗ്രന്ഥമായതിനാൽ അതിനു് വലിയ സാഹിത്യഗുണമുണ്ടെന്നു പറയാനില്ല. ചിന്താരത്നം എന്നു പേരുനൽകുവാനുള്ള കാരണത്തെ കവി തന്നെ ഇങ്ങനെ പാടിയിരിക്കുന്നു.

“യോഷമാർക്കറിവാനായ് കൊണ്ടു ഞാൻ ചുരുക്കമായ്
ഭാഷയായുരചെയ്തേൻ ക്ഷമിക്ക സമസ്തരും
ചിന്തിക്കും തോറും സാരമുണ്ടതിലതുമൂലം
ചിന്താരത്നമെന്നു പേരിടുന്നു ഭക്തിയോടെ”
ഹരിനാമകീർത്തനം

ആകൃതിയിൽ ചെറുതെങ്കിലും, പ്രകൃത്യാ അത്യുൽകൃഷ്ടമാണു ഈ കൃതി. തമിഴർക്കു തിരുക്കുറൾപോലെ, മലയാളികൾക്കു ഹരിനാമകീർത്തനവും പ്രീതിപാത്രമായിരിക്കുന്നു. അതിനു് ഇതേവരെ നല്ല വ്യാഖ്യാനത്തോടുകൂടിയ ഒരു ശുദ്ധമായ പതിപ്പ് ഉണ്ടാകാഞ്ഞതിൽ വ്യസനിക്കയേ തരമുള്ളു. എന്തുചെയ്യാം? പണ്ഡിതന്മാർക്കു ‘സലജ്ജോഹം’ അഭിനയിക്കാനും പരന്മാരെ പുച്ഛിക്കാനും അല്ലേ പ്രയാസമുള്ളു. എന്നാൽ അതിവിപുലമായ ഒരു തമിഴ് വ്യാഖ്യാനത്തോടുകൂടി അതിനെ ഈയിടെ ഒരു ദ്രാവിഡപണ്ഡിതൻ പ്രസിദ്ധീകരിച്ചിട്ടുള്ളതായി അറിയുന്നു.

പാതാളരാമായണവും കൈവല്യനവനീതവും എഴുത്തച്ഛന്റെ കൃതികളാണെന്നു ചിലർ അഭിപ്രായപ്പെട്ടു കാണുന്നതു് അത്ഭുതമായിരിക്കുന്നു. ആ ഗ്രന്ഥങ്ങളെ ഒരാവർത്തി എങ്കിലും വായിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു അഭിപ്രായം പറകയില്ലായിരുന്നു. കൈവല്യ നവനീതത്തിന്റെ അവസാനത്തിൽ തൽകവിയേപ്പറ്റിയും പ്രസ്താവം ഉണ്ടു്. പാതാളരാമായണം കോട്ടയം കേരളവർമ്മരാജാവിന്റെ കൃതിയുമാകുന്നു.

എഴുത്തച്ഛന്റെ ഭാഷാരീതി

മലയാളഭാഷയെ പോഷിപ്പിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ അഗ്രഗണ്യൻ എഴുത്തച്ഛൻ ആയിരുന്നു എന്നുള്ള വിഷയത്തിൽ മാത്രം ആർക്കും വിപരീതാഭിപ്രായമില്ല. അദ്ദേഹത്തിന്റെ ഹൃദയം സംഗീതമയമായിരുന്നു. ആ ഹൃദയ വിപഞ്ചികയുടെ മാധുര്യധുരീണമായ ധ്വനിയത്രേ രാമായണാദി കൃതികൾ. ആശയത്തിന്റെ ഗതിക്കനുരൂപമായ ശബ്ദപ്രവാഹവും ഛാന്ദാബന്ധവും എഴുത്തച്ഛന്റെ കൃതിയ്ക്കുള്ള വിശിഷ്ടഗുണങ്ങളാകുന്നു. ചിലരുടെ കവിത കർണ്ണങ്ങൾക്കു ഇമ്പം നൽകുന്നു; എന്നാൽ ആശയഗാംഭീര്യമേ കാണുകയില്ല. മറ്റുചിലരുടെ കൃതികൾക്കു അർത്ഥപുഷ്ടിവേണ്ടുവോളമുണ്ടായിരിക്കും. എന്നാൽ ശബ്ദമാധുര്യം തീരേ ശൂന്യമായിരിക്കുന്നു. ഇനി ഒരു കൂട്ടരുണ്ടു്. അവരുടെ കവിതാനതാംഗി അടിമുതൽ മുടിവരെ സമലംകൃതയായി ശോഭിക്കുന്നു. പക്ഷേ ഹൃദയം ശുഷ്കമായിരിക്കും. എഴുത്തച്ഛന്റെ വാഗ്ദേവിയ്ക്കാകട്ടെ, അലങ്കാരങ്ങളിൽ കലശലായ ഭ്രമമൊന്നുമില്ല. കഷ്ടിച്ചാവശ്യമുള്ള അലങ്കാരംകൊണ്ടു് അവൾ തൃപ്തിപ്പെടുന്നു. എന്നാൽ അന്തസ്സാരം കൂടും. സാധാരണക്കാർ പത്തുവാക്കുകൊണ്ടു് പറയുന്നതിനെ അവൾ അഞ്ചു വാക്കുകൊണ്ടു് നമ്മെ ഗ്രഹിപ്പിക്കും. സൂത്രങ്ങൾക്കുള്ള ദുരവഗാഹത കാണുകയുമില്ല. അവൾ പ്രകൃത്യാ ഓജോ മാധുര്യപ്രസാദാദി ഗുണസമ്പന്നയാണു്. ഒരിക്കൽ ഊർജ്ജസ്വലയാണെങ്കിൽ, മറ്റൊരിക്കൽ സുകുമാരപ്രകൃതിയും വേറൊരിക്കൽ ലളിതകോമളയുമായിരിക്കും. ഒരിക്കലും അലസയായോ വിരസയായോ കാണപ്പെടുകയില്ല. ഗാനകലയിലും ചിത്രനിർമ്മാണത്തിലും അവൾക്കുള്ള പാടവം അന്യാദൃശമാണു്. എന്നാൽ ഉജ്ജ്വലവർണ്ണങ്ങളായ ചിത്രങ്ങളിലല്ല അവൾക്കു പ്രതിപത്തി. അവളുടെ ചിത്രങ്ങൾ പ്രായേണ ആദർശപരങ്ങളാണു്.

എഴുത്തച്ഛന്റെ വൃത്തങ്ങൾ

ഭാഷാവൃത്തങ്ങളെ അവലംബിക്കാതെ ഒരു ഭാഷയും അഭിവൃദ്ധിയെ പ്രാപിച്ചിട്ടില്ല. ബംഗാളി, ഹിന്ദി, മറാത്തി എന്നീ ഭാഷകൾ ആര്യഭാഷകളായിരുന്നിട്ടും അവ സംസ്കൃതവൃത്തങ്ങളെ അവലംബിച്ചിട്ടില്ല. ദ്രാവിഡ ഭാഷകളിൽ കന്നടവും മലയാളവും മാത്രമേ ആര്യവൃത്തങ്ങളെ ആശ്രയിച്ചിട്ടുള്ളു. കന്നടത്തിലും പ്രധാന കൃതികളെല്ലാം ദ്രാവിഡ വൃത്തങ്ങളിൽ തന്നെ എഴുതപ്പെട്ടിരിക്കുന്നു. ജൈമിനീയ ഭാരതം നോക്കുക.

“ശ്രീവധുവിനംബകചാകാരകംപൊരെയെഭ-
ക്താവലിഹൃൽ കുമുദകോരകം വിരിയെജഗ-
തീവലയദമല സൌഭാഗ്യരത്നാകരം
പേർച്ചിനീം മെരെവരിയ…” ഇത്യാദി.

ഇതുപോലെതന്നെ പമ്പരാമായണാദികളിലേയും വൃത്തങ്ങൾ ദ്രാവിഡവൃത്തങ്ങളാകുന്നു. വംഗഭാഷയിലെ ഏറ്റവും പ്രസിദ്ധമായ പയാരവൃത്തം സ്വകീയമാണു്. പതിന്നാലക്ഷരം വീതമുള്ള ഈരടിയാണു് പയാരവൃത്തം. എട്ടാമക്ഷരത്തിൽ യതിയും കാണും. അന്ത്യപ്രാസവും ഉണ്ടായിരിക്കും.

“നവീനഭാബുക ഏകഭ്രമണകാരണ
ഭാരതേര നാനാദേശകരി പര്യടന
അബശേഷേ ഉപനീതരാജപുതനായ
ബസുധാബിശിഷ്ഠയാരകീർത്തിമേഖലായം.”

ത്രിപദീഛന്ദസ്സിനു ആറുപാദങ്ങൾ കാണുന്നു. ഒന്നാമത്തേയും രണ്ടാമത്തേയും പാദങ്ങൾക്കും നാലുമഞ്ചും പാദങ്ങൾക്കും അവസാനത്തിൽ പ്രാസമുണ്ടായിരിക്കണം. ഓരോ പാദത്തിലും ആറോ എട്ടോ വീതം അക്ഷരങ്ങൾകാണും.

വംഗരാമായണം മഹാഭാരതം ഇവ ഈ വൃത്തങ്ങളിൽ ആണു് എഴുതപ്പെട്ടിരിക്കുന്നതു്.

“യദ്യപിയതന, കരേ ശതജന
ജീബന ഹരിതേ ഛലേ!
തുമിസഖായാര, ബലഹേതാഹാര
‘കിഭയജഗതീ–തലേ
അല്പേ അല്പേ നിരന്തരേ, കാലബിഭാകരകരേ,
ദ്രബഹയജീബന, തുഷാര;
യബേ ജ്ഞാന–നേത്രേചാ ഈ തഖനി ദേഖിതേ പാഈ
അബശേഷേ അല്പ ആച്ഛേ ആര.”

മൈക്കേൽ മധുസൂദനദത്തൻ പയാരവൃത്തത്തെ പരിഷ്ക്കരിച്ചു് ‘അമിത്രാക്ഷരഛന്ദസു്’ (Blankverse) എന്നൊന്നു നടപ്പാക്കി. ഹേമചന്ദ്രൻ സംസ്കൃത ഛന്ദോവിധികൾ അനുസരിച്ചു്, വംഗഭാഷാവൃത്തങ്ങളിൽ പല പരിഷ്കാരങ്ങൾ വരുത്തിയെങ്കിലും, അവ ഇന്നും വംഗഭാഷാവൃത്തങ്ങളായിത്തന്നെ ഇരിക്കുന്നതേ ഉള്ളു. ഹേമചന്ദ്രന്റേയും നവീനചന്ദ്രന്റേയും കൈയിൽ ആ വൃത്തങ്ങൾ അതീവമധുരങ്ങളും സംഗീതാത്മകങ്ങളും വിവിധാശയങ്ങളെ പൂർണ്ണമായി പ്രകാശിപ്പിക്കുന്നതിനു പര്യാപ്തങ്ങളും ആയി ഭവിച്ചു. ഉദാഹരണാർത്ഥം രവീന്ദ്രനാഥടാഗൂറിന്റെ ഒരു പ്രസിദ്ധ പദ്യം ഉദ്ധരിക്കാം.

“അന്ധകാരബനച്ഛായേ സരസ്വതീതീരേ
അസ്തഗേച്ഛേ സന്ധ്യാസൂര്യ; ആസിയാച്ഛേ ഹിരേ
നിസ്തബ്ധ ആശ്രമമാഝേ ഋഷിപുത്രഗണ-
മസ്തകേ സമിധഭാര കരി ആഹരണ.
ബനാന്തര ഹ’തേ; ഫിരായേം തേഛേ, ഡാകി
തപോനഗോഷ്ഠഗൃഹേ സ്നിഗ്ധശാന്ത ആംഖി
ശ്രാന്തഹോമധേനുഗണേ; കരി സമാപന
സന്ധ്യാസ്നാന, സബേ മിലിയച്ഛേ ആസന
ഗുരഗൌതമേരേ, ഘിരികടീര പ്രാങ്ഗണേ
ഹോമാഗ്നിആലോകേ ശൂന്യേ അനന്തഗഗനേ
ധ്യാനമഗ്നമഹാശാന്തി, നക്ഷത്രമണ്ഡലീ
സാത സാത ബസിയാച്ഛേ സ്തബ്ധകുതൂഹലീ
നിശ്ശബ്ദശിഷ്യേരമത നിഭൃതആശ്രമ
ഉലേ ചകിതഹ’യേ! മഹർഷി ഗൌതമ
കഹിലേന-ബത്സഗണ, ബ്രഹ്മവിദ്യാകഹി കര അബധാന.”

എഴുത്തച്ഛൻ ഒരു പുതിയ വൃത്തവും കണ്ടുപിടിച്ചിട്ടില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെല്ലാം ചമ്പുക്കൾ, കണ്ണശ്ശൻപാട്ടുകൾ, ഇരുപത്തിനാലുവൃത്തം ഇത്യാദി കൃതികളിൽ കാണുന്ന ദേശീയ വൃത്തങ്ങൾ തന്നെയാണു്. എന്നാൽ അദ്ദേഹത്തിന്റെ മനോധർമ്മമാകുന്ന മാന്ത്രികദണ്ഡിന്റെ സ്പർശമാത്രത്താൽ അവ കണ്ടാലറിയാത്തമാതിരി രൂപാന്തരപ്പെട്ടുപോയി. വംഗസാഹിത്യത്തിൽ ഹേമ ചന്ദ്രാദികൾ ചെയ്ത പരിഷ്ക്കാരമാണു് എഴുത്തച്ഛൻ കേരളഭാഷാ സാഹിത്യത്തിലും വരുത്തിയതു്. പ്രാചീനവൃത്തങ്ങൾക്കു് തമിഴ്‍വൃത്തങ്ങളോടുള്ള സാജാത്യം പ്രകടമായിരിക്കുന്നു. ഇരുപത്തിനാലുവൃത്തത്തിലെ മിക്ക വൃത്തങ്ങളും തമിഴ്‍വിരുത്തങ്ങൾ പോലിരിക്കുന്നു. മഞ്ജരിപോലും തമിൾവൃത്തമാണെന്നു തോന്നും. [67]

“ഇന്ദിരതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യിൽ, പരക്കയാലേ.”

എന്ന ഈരടി നോക്കുക.

ഇന്ദിര; നേർ. നിര (കൂവിളം)
തന്നുടെ. നേർ. നിര (കൂവിളം)
പുഞ്ചിരി. നേർ. നിര (കൂവിളം)
ആയൊരു. നേർ. നിര (കൂവിളം)
ചന്ദ്രിക. നേർ. നിര (കൂവിളം)
മെയ്യിൽ പ-നേർ. നേർ. തേമാങ്കായ്–ഇങ്ങനെ
രക്കയാലേ നേർ. നിരനേർ. കൂവിളങ്കായ്

വെൺചീരുകൾ കലർന്ന ഒരു വൃത്തമായതിനാൽ, ഇതു വെൺപ്രാവിന്റെ ഒരു വകമേദമാണെന്നു വേണമെങ്കിൽ പറയാം. അതുപോലെ തന്നെ,

കാണാകോമളവല്ലികളാകിയ കന്യകമാരേ നടം ചെയ്യിർച്ചേ
വീണാനാദമെനും നവഭൃംഗമനോഹരഗീതത്തോടെ.

എന്ന നിരണവൃത്തത്തിലും. തേമാ, കൂവിളം കൂവിളം കൂവിളം എന്നിങ്ങനെ വെൺചീരുകൾ മാത്രം കലർന്നിരിക്കുന്നു. നിരണത്തു കവികൾ രാമചരിതാദി കൃതികളിൽ കാണുന്ന വൃത്തങ്ങളെ സംസ്കൃതരീത്യാ ഒന്നു പരിഷ്കരിച്ചുവെന്നേ വ്യത്യാസമുള്ളു.

ഇരുപത്തിനാലുവൃത്തത്തിലും മറ്റും സംയുക്താക്ഷരങ്ങൾക്കു മുമ്പിൽവരുന്ന ഹ്രസ്വാക്ഷരത്തെ പ്രായേണ ലഘുവായിട്ടേ ഗണിച്ചുകാണുന്നുള്ളു.

ഉദാഹരണം:

“ചാലെ മുല പുണർന്നിരുന്ന കാലമഥകുശികസുതൻ”

എന്ന പാദത്തിൽ ‘ണ’യും.

“വില്ലുമമ്പുമായടവിതന്നിലെഴുന്നള്ളി”

എന്ന പാദത്തിൽ ‘മ’യും.

“വാരെഴുന്നലങ്കയിലകത്തു പുക്കുനേരേ”

എന്ന പാദത്തിൽ, ‘ഴ’ ‘ക’ ‘പു’ ഇവയും തമിഴ്‍രീത്യാ ലഘുവായ് ഗണിക്കപ്പെട്ടിരിക്കുന്നതു നോക്കുക.

എഴുത്തച്ഛൻ ഇങ്ങനെയുള്ള ദിക്കുകളിലൊക്കെ സംസ്കൃതരീതിയെ സാർവത്രീകമായി അവലംബിക്കയും യതിയുടെ കാര്യത്തിൽ കൂടുതൽ ദൃഷ്ടിപതിപ്പിക്കയും ചെയ്തു.

രാമായണാദികൃതികളിൽ എല്ലാംകൂടി, കാകളി, കളകാഞ്ചി, മണികാഞ്ചി, മാത്രകാകളി, ഊനകാകളി, ദ്രുതകാകളി, കേക, അന്നനട എന്നിങ്ങനെ എട്ടു വൃത്തങ്ങളേ ഉപയോഗിച്ചിട്ടുള്ളു,

  1. “വാരണ മുഖന്മമ പ്രാരബ്ധവിഘ്നങ്ങളെ വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ”
  2. “ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ- ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു”
  3. “മുഗ്ധന്മാരായുള്ളൊരു സിദ്ധയോഗികളാലും ദുർദശമായ ഭഗവദ്രൂപം മനോഹരം.”
  4. “കൈലാസാചലേ സൂര്യകോടിശോഭിതേ വിമ- ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം.” ബാലകാണ്ഡം

ഇതു കേകാവൃത്തമാകുന്നു.

ഓരോ അടിയേയും രണ്ടു ഖണ്ഡങ്ങളാക്കിയിരിക്കുന്നു. ആദ്യത്തെ ഉദാഹരണത്തിൽ, യതികളുടെ ആദിക്കും സ്വരവ്യഞ്ജനപ്പൊരുത്തം വരുത്തിയിരിക്കുന്നു. രണ്ടും മൂന്നും ഉദാഹരണങ്ങളിൽ പാദാദി സ്വരപ്പൊരുത്തം മാത്രമേയുള്ളു. ഈ സംഗതികളിൽ പ്രകൃതവൃത്തത്തിനു തമിഴിനോടുള്ള സാജാത്യം വെളിപ്പെടുന്നു. ഹ്രസ്വദീർഘസ്വരങ്ങളുടെ കലർപ്പുകൊണ്ടാണു് കവി പ്രായേണ വൃത്തവൈചിത്ര്യം വരുത്തുന്നതു്. നാലാമത്തേ ഉദാഹരണം നോക്കുക. ദീർഘസ്വരങ്ങളുടെ ആധിക്യം വൃത്തബന്ധത്തിനു ദാർഢ്യം വരുത്തിയിരിക്കുന്നു. വർണ്യവസ്തുവിന്റെ പൂർണ്ണ പ്രതീതിയ്ക്കു ഉപകരിക്കത്തക്കവണ്ണം വൃത്തബന്ധത്തെ ദൃഢമാക്കുകയോ ശ്ലഥമാക്കുകയോ ചെയ്യുന്നതു ഉത്തമകവികളുടെ ഒരു കൌശലമാകുന്നു. ഹ്രസ്വദീർഘസ്വരങ്ങളുടെ സമീചീനമായ സമ്മേളനം കർണ്ണസുഖപ്രദമാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

  1. സാപത്ന്യജാതപരാഭവം കൊണ്ടുള്ള താപവും പൂണ്ടുധരണിയിൽ വാൾകയിൽ
  2. ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു ദണ്ഡകവാസത്തിനേറ്റമെളുതല്ലോ.
  3. ആകാശഗംഗയെ പ്പാതാളലോകത്തു വേഗേനകൊണ്ടു ചെന്നാക്കീ ഭഗീരഥൻ (അയോദ്ധ്യാകാണ്ഡം)

ഇതു കാകളീവൃത്തമാത്ര. ഇതിനു പാദമദ്ധ്യേ യതിയുണ്ടു്. യതിയുടെ ആദിക്കു് അവിടവിടെ സ്വരവ്യഞ്ജനപ്പൊരുത്തവും കാണാം. ആദ്യഖണ്ഡം ഹ്രസ്വാക്ഷരംകൊണ്ടും തുടങ്ങിയാൽ രണ്ടാം ഖണ്ഡവും അങ്ങനെതന്നെ വേണമെന്നാണു് നിയമം. ഈ വൃത്തത്തിന്റെ ഓരോ അടിയ്ക്കും അന്ത്യവർണ്ണം ഒന്നു കുറച്ചാൽ പാനവൃത്തമായി. രണ്ടാമത്തെ അടിയ്ക്കുമാത്രം അവസാനത്തെ ഒരു വർണ്ണം കുറച്ചാൽ ഊനകാകളിയായി. ആ വൃത്തമത്രേ ഭാരതം സഭാപർവത്തിൽ കാണുന്നതു്.

“നിർമ്മലനാകിയ ധർമ്മതനയനും
ധർമ്മം പിഴയാതെ ഭൂമിയേരക്ഷിച്ചു
കർമ്മങ്ങളുംചെയ്തു കീർത്തിയെപ്പൊങ്ങിച്ചു
രമ്യങ്ങളായ ഭോഗങ്ങളോടും മുദാ. സഭാപർവം
‘സോദരന്മാരോടു മാത്മജൻമാരോടു-
മാദരവേറിയ ഭാമിനിതന്നൊടും’

ഈ വൃത്തത്തിലും ഓരോ അടിയും ഈരണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മറ്റു വൃത്തങ്ങൾക്കു പറഞ്ഞ പൊരുത്തങ്ങളെല്ലാം ഇതിനും ഉണ്ടായിരിക്കേണ്ടതാണു്.

ഇതേവൃത്തത്തേ ലഘു പ്രചുരമാക്കിയാൽ മിശ്ര കാകളിയായി. കാകളിവൃത്തത്തിന്റെ ആദ്യത്തെ പ്രഥമസ്വരം നിയമേന ലഘുവായും രണ്ടാമത്തെ അടിയുടെ ആദ്യസ്വരം ദീർഘമായും ഇരിക്കുന്നു. രണ്ടടികൾക്കും പാദാദിസ്വര വ്യഞ്ജനപ്പൊരുത്തവും വേണ്ടതാകുന്നു. എന്നാൽ എഴുത്തച്ഛൻ അവയിൽ സ്വരപ്പൊരുത്തം മാത്രമേ സാർവത്രികമായി അനുഷ്ഠിച്ചിട്ടുള്ളു.

  1. വിബുധനദിയുടെ തനയനടിമലരിണയ്ക്കൽ നീ വീഴ്ക യുധീഷ്ഠിര വേണം ജയമെങ്കിൽ
  2. ത്രിദശപതിസുതനുമഥ വിൽ മുറിച്ചീടിനാൻ വീരനാം ഭീഷ്മർ മറ്റൊന്നെടുത്തീടിനാൻ.

അന്നനട പരമാർത്ഥത്തിൽ ഒരു ശുദ്ധ തമിൾവൃത്തംതന്നെയാണു്. കർണ്ണപർവം ഈ വൃത്തത്തിൽ എഴുതപ്പെട്ടിരിക്കുന്നു.

എഴുത്തച്ഛന്റെ ശിഷ്യന്മാർ
കരുണാകരനെഴുത്തച്ഛൻ

ഇദ്ദേഹം എഴുത്തച്ഛന്റെ പ്രഥമശിഷ്യനാണത്രേ. രാമാനുജാചാര്യരുടെ കാലശേഷം പാഠശാല നടത്തിക്കൊണ്ടിരുന്നതു് ഈ മഹാനുഭാവനായിരുന്നു. ബ്രഹ്മാണ്ഡപുരാണത്തിന്റെ കർത്താവും അദ്ദേഹമാണെന്നു വിശ്വസിക്കപ്പെട്ടിരിക്കുന്നു.

“നേത്രനാരായണന്തന്നാജ്ഞയാ വിരചിതം
രാമഭക്താഢ്യനായ രാമശിഷ്യനാലിദം”

എന്നു് അതിൽ പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു്, അഴുവാഞ്ചേരി തമ്പ്രാക്കളുടെ ആജ്ഞാനുസാരം തുഞ്ചത്തു രാമാനുജാചാര്യരുടെ ഒരു ശിഷ്യൻ രചിച്ചതാണു് പ്രകൃതകൃതിയെന്നു വ്യക്തമാകുന്നു. കവിത സാമാന്യം നന്നായിട്ടുണ്ടു്.

സൂര്യനാരായണൻ എഴുത്തച്ഛൻ

സൂര്യനാരായണൻ എഴുത്തച്ഛൻ രാമാനുജഗുരുവിന്റെ രണ്ടാമത്തെ ശിഷ്യനായിരുന്നു. ചിറ്റൂർമഠത്തിന്റെ സ്ഥാപകൻ അദ്ദേഹമത്രേ. അദ്ദേഹവും ഒരു വലിയ യോഗിയായിരുന്നു. എഴുത്തച്ഛനെപ്പോലെ ശ്രീസൂര്യനാരായണനും വിപുലമായ ശിഷ്യസമ്പത്തുണ്ടായിരുന്നു. സ്കാന്ദപുരാണം അദ്ദേഹത്തിന്റെ കൃതിയാണത്രേ. കരുണാകരാചാര്യരും സൂര്യനാരായണാചാര്യരും കോഴിക്കോട്ടു സാമൂതിരിയുടെ ഗുരുക്കന്മാരായിരുന്നെന്നും അറിയുന്നു.

ഗോപാലൻ എഴുത്തച്ഛൻ

ഇദ്ദേഹം കരുണാകരാചാര്യരുടേയും സൂര്യനാരായണാചാര്യരുടേയും ശിഷ്യനാണു്. അദ്ദേഹവും യോഗിയായിരുന്നെന്നാണു് അറിവു്. പാർവതീ സ്വയംവരാദി പല കിളിപ്പാട്ടുകളും അദ്ദേഹത്തിന്റെ കൃതികളായി പറയപ്പെടുന്നു. അവയിൽ പാർവതീസ്വയംവരം കിളിപ്പാട്ടിനെ ശ്രീമൂലം ഗ്രന്ഥാവലിയിലെ ഒരു അങ്കമായി പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്.

“സാനന്ദരൂപം സകലപ്രബോധം
ആനന്ദദാനാമൃതപാരിജാതം
മനുഷ്യപത്മേഷു രവിസ്വരൂപം
പ്രണൌമി തുഞ്ചത്തെഴുമാര്യപാദം”
“വെട്ടത്തുനാട്ടിൻ നിത്യസൌഭാഗ്യ സത്സിന്ദൂര-
പ്പൊട്ടുപോലെഴും തുഞ്ചൻപറമ്പേ, നമസ്കാരം!
കളഗാനത്തോടൊരു തത്തപ്പെണ്മണി തത്തി-
ക്കളിച്ച തളിർച്ചെടിപ്പടർപ്പേ, നമസ്കാരം!!
ചേണൊക്കും പുതുമലയാണ്മതൻ മഹേശ്വരൻ
വാണരുളിയ പുണ്യക്ഷേത്രമേ, നമസ്കാരം!!!”
കുറിപ്പുകൾ
[1]

മുറജപം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണു് നടപ്പിൽവന്നതു്. കനോൽസായ്പ് പൊന്നാനിയിൽനിന്നു് ചാവക്കാട്ടേയ്ക്കുള്ള തോടുവെട്ടിച്ചതും പിൽക്കാലത്താണു്.

[2]

ചിലർ മംഗലപ്പള്ളി മൂസ്സാണെന്നും പറയുന്നുണ്ടു്. മംഗലപ്പള്ളി തിരുവല്ലാത്താലൂക്കിലാണെന്നു തോന്നുന്നു. ആ കുടുംബക്കാരും ശില്പാഗമജ്ഞന്മാരായിരുന്നു.

[3]

കേരളപാണിനീയം പീഠിക.

[4]

രാമായണചമ്പുവിലെ

കനകകലശശോഭാംകാൽ പിടിപ്പിച്ചുവായ്ക്കും
കുളുർമുലയിണ ചാഞ്ഞുപുണ്ഡരീകേക്ഷണായഃ
കനിവൊടുലകുമൂന്നും പെറ്റവിശ്വംഭരന്തൻ
ജനനകല നികാമം കാണ്മതിന്നെന്നപോലെ
[5]

കൌസല്യാദേവിയെന്നും പ്രഥമഗിരിമഹാധിത്യകായാം വിലാസം
പെയ്തിടും ഗാത്രലക്ഷ്മ്യാനിഖിലമപി സമുന്മീലയൻ ദിഗ്വിഭാഗം
മീതേമീതേ ജനാനാം മിഴികളിലമൃതം കോരിയൂത്തുത്തുദാര
സ്വാതന്ത്ര്യം ബാലനായ്‍വോന്നരമൊരു പരമാനന്ദചന്ദ്രൻ പിറന്നൂ. രാമായണം ചമ്പു
[6]

അദേയമാസീൽത്രയമേവഭൂപതേഃ
ശശിപ്രഭം ഛത്രമുബേ ച ചാമരേരഘുവംശം
[7]

“പശ്യൈതൽപാണിപാദം മമ തു മൃദിതവാൻ കൌണപഃകോപി കോപാൽ
കേനാപ്യുൽഖാതമക്ഷിദ്വയമിഹ ഹഹഹാ വക്രിതഃ കണ്ഠ ഏഷഃ
സന്താഡൈർഘോരഘോരൈശ്ചിപിടിതമധുനാകർണ്ണയുഗ്മംവിലോകേ
സർവാംഗേനസ്തഭംഗം കതരദിഹ വിഭോ യർന്ന ഭഗ്നം ന ഭുഗ്നം. രാമായണം ഭാഷാചമ്പു
[8]

“പൂരേവാഴ്ത്തീടവല്ലേൻ നിശിചരസുഭടന്മാർക്കു തങ്ങൾക്കു തങ്ങൾ-
ക്കോരോകാകത്സഥമഗ്രേ കരധൃതധനുഷും തത്രകാണായ്‍ ചമഞ്ഞു.”രാമായണം ചമ്പു
[9]

Cf യദ്യസ്തികൌതുകമപൂർവ മൃഗേ മൃഗാക്ഷി!
ചന്ദ്രംഹരാമിഹരിണം മമ സന്നിധേ ഹി. രാമായണചമ്പൂ
[10]

“സൌമിത്രേ! നന്മ സേവ്യതാംതരുതടം ചണ്ഡാംശൂരുജ്ജ്യം ഭതേ.
ചണ്ഡാംശോർനിശി കാ കഥാ? രഘുപതേ! ചന്ദ്രോയമുന്മീലതി.”
ഹാഹാ പൊയ്കയിൽമുങ്ങിപ്പോയതു കൈകാൽ കാട്ടനതയ്യൊ പാപം.
ചെന്നുകരേറ്റീടം ബുജനേത്രാം കൈത്തളിരില്ലിതു കന്ദളകുസുമം
മുല്ലയിൽമെല്ലെ നോക്കിക്കണ്ടൊരു മുറുവലതിങ്കൽ കാണപ്പെട്ടു.
മുറുവലുമല്ലിതു മലർനിരയത്രേ ചാരുചിലമ്പിൻ കളകള മുണ്ടി-
ക്കമലവനത്തിൽ കേൾക്കാകുന്നു നൂപുരനങ്ങവുമല്ലിതുചൊല്ലാം.
കളഹംസത്തിൻ കോഞ്ചലറിഞ്ഞേൻ”
രാമായണം ചമ്പു
[11]

“ലങ്കാനഗരീഗോപുരവാതിലകം പുക്കീടും പൊഴുതിലകാണ്ഡേ
വന്നുതടുത്ത നിശാചരനഗരീ പരദേവതയേക്കവിളുടയുമ്മാ-
റൊന്നുകൊടുത്തു പുറത്തോട്ടോടിച്ചുനടക്കുന്നേരം തലമുടിചുറ്റിയി-
ഴച്ചുനിശാചരൻകൊണ്ടുവരുംചില വിബുധവധൂടീ ദീർഘൈഃശ്വാസൈ
രൂഷ്മളഭാവം വായ്പിയലുന്ന സുവർണ്ണഗൃഹങ്ങളിൽ വീക്ഷം വീക്ഷം.രാമായണചമ്പു
[12]

“താപമറുപ്പാനമൃതമയീമൊരു പരിചിതകലയെ പരമമുനീന്ദ്രൻ
മദ്ധ്യമനാഡീമൂലത്തിങ്കൽ കാണുമ്പോലെ ശിംശപതൻകീഴ
നിമിവംശത്തിൻമംഗലമാലാമയമദ്രാക്ഷീദ്രഘുവരദൂതൻ” രാമായണം ചമ്പു
[13]

മോഹമാർന്നിതിവിലാപിനീ തദാ
രാഘവസ്യമഹിതാ കുടുംബിനീ
ദേഹമാത്മദഹനേ ജൂഹൂഷതീ
യോഗിനീവ നിമിമീല ലോചനേ രാമായണം ചമ്പു
[14]

മേലേ തസ്യാസ്തദാനീം തരുവരവിടപാൽ ഭാരതീ കർണ്ണേ
പാലോലും മാറുകേൾക്കായിതു ജയതു മമ സ്വാമിനീതിപ്രസന്നാ.രാമായണം ചമ്പു
[15]

തദനുപരിഭൂതനായ് പോന്നു വന്നക്ഷനെ-
ന്നാഖ്യകൈക്കൊണ്ട രക്ഷഃ പ്രകാണ്ഡം പ്രച-
ണ്ഡോഷ്മശാലീ കടുംകോപമാർന്നന്തികേ
വന്നു കാളാംബുദം പയോബിന്ദുവൃന്ദംപൊഴി-
ക്കുന്നപോലെ പൊഴിക്കും പൃഷൽക്കങ്ങളാ-
പാദചൂഡം നിജംമെയ്യിലൊക്കെച്ചൊരി-
ഞ്ഞീടുവോളം പതിഞ്ഞങ്ങിരുന്നേറ്റവും
ഭയപ്പെട്ടു ബാണങ്ങളൊക്കെക്കുടഞ്ഞും കള-
ഞ്ഞമ്മഹാരാക്ഷസൻ തൻമണിത്തേർത്തട-
ത്തിൽക്കുതം കൊണ്ടു ചാടിക്കരേറിക്കഠോ-
രത്വമാളും ചപേടാർപ്പണത്തെത്തുരം-
ഗങ്ങൾ തന്മേലരങ്ങേറ്റിവേഗേന സൂ-
താ വിനിർഭിദ്യ ശതൈർന്നഖാഗ്രൈർദ്ധ്വജം
കൈക്കൂട്ടിലാമ്മാറു രക്ഷഃകുമാരം പിടി-
ച്ചിട്ടു പെട്ടന്നമർത്തൊന്നു മുഷ്ട്യാ കന-
ത്തോരു പാഥേയഷഭാരം ഗളേ കെട്ടിയേ-
റ്റിക്കൃതാന്താലയത്തിന്നയച്ചീടിനാൻ. രാമായണം ചമ്പു
[16]

എന്തിത്തോന്നനിയതിന്നിനക്കു പരമില്ലാഞ്ഞോ? കപേ! കാനനം
ചിന്തിച്ചിട്ടുടനൊക്കവേ മമ മലർക്കാവെന്നു ചൊല്ലഞ്ജസാ
മന്ദപ്രജ്ഞ! ഫലം പറിച്ചു ഫലവും തിന്നുന്നതല്ലെങ്കിൽ നി-
ന്നന്തഃകാര്യമതെന്തു കേവലമഹോ! കേൾക്കട്ടെടോ വാനര!
ഇന്ദ്രൻ താനല്ലയല്ലീ കഥയ തവ നിയോക്ത? കണക്കില്ലപാർത്താ-
ലിന്നാളും ചെറററിഞ്ഞാൽ പവി തരിപെടുമച്ചന്ദ്രഹാസപ്രഭാവം
വിണ്ണോരിൽപിന്നെ മറ്റാരിനിയ പവനനോ വഹ്നിയോ കാലനോ ചേ-
ലെന്നോടൊന്നെന്നിയേ നിന്നൊരു കൊടുവഴി തല്ലിച്ച തേവൻ ത്രിലോക്യാം” രാമായണം ചമ്പു
[17]

കേട്ടാലും ദശകണ്ഠ! വാസവമുഖാൽ നാം ചൊല്ലുകേട്ടീദൃശം
കാട്ടും പാഴ്കപിയല്ല മറ്റൊരുവനല്ലാസ്താം വചസ്താദൃശം,
വാട്ടം കൈതുടരാതെ ശൌര്യജലധേർന്നക്തഞ്ചരശ്രേണിയാം
കാട്ടിന്നുൾപ്പിടിപെട്ട ഘോരശിഖിനോ രാമസ്യ ദൂതോസ്മി ഞാൻ
എന്നോടെതിർക്കരുതൊരുത്തനുമിത്രിലോക്യാ-
മെന്നോമതം? പെരുതെടോ തവ ശൌര്യമോഹം
ഇന്നും വളർന്നു ദശകണ്ഠശതങ്ങൾ പോന്നു
വന്നാലുമെൻ ചെറുവിരല്ക്കു കളിക്കുപോരാ. രാമായണം ചമ്പു
[18]

കണ്ടേൻഞാൻ ദേവ! ദേവീം ജയ ശുഭചരിതാ-
മെന്നു നത്വാ ഹനൂമാൻ…ഇത്യാദി രാമായണം ചമ്പു
[19]

ഖാതം ത്വം സഹരേണ സാഗര! പുര ഭാഗീരഥീവാരിഭി-
സ്സമ്പൂർണ്ണഞ്ച ഭഗീരഥേന ഭഗവാൻ തദ്വംശജോ രാഘവഃ
രാമോ ദാശരഥിർജ്ജിഗീഷുരധുനാ ജായാമുഷം രാവണം
കോദണ്ഡീ ശരണം പ്രപദ്യ പദവീം ലങ്കോൻമുഖീം യാചതേ രാമായണം ചമ്പു
[20]

വീയും കാറ്റൊട്ടടങ്ങീ തരുനികരമുതിർന്നൂ മലർച്ചാർത്തുനിന്നൂ
പായും തോയംനദീ നാം ദശമുഖനുമഹോ കഷ്ടമെന്നേതുടങ്ങി
സൂര്യോപി സ്വൈരചാരീ പുനരരനിമിഷം നിന്നുപോയീ മനക്കേ-
ടായിസ്സീതാപ്രലാപാകുല ദശയിലലിഞ്ഞൂ കരിങ്കല്ലുപോലും. രാമായണം ചമ്പു
[21]

തദനു നിശാചരാധിനാഥൻ പടക്കോപ്പുമിട്ടാശു പെട്ടെന്നൊരുമ്പെട്ടു ചെല്ലുന്നനേരത്തു് മർത്ത്യേന്ദ്രവാചാ ധരിത്രീതലാന്തേ നഭോമദ്ധ്യഭാഗാലിറങ്ങുന്ന പുത്തന്മണിസ്യന്ദനം മാതലിപ്രേരിതാശ്വം മുദാ രാമചന്ദ്രസ്സമാരുഹ്യസംഗ്രമേഭേരി മുഴുക്കിച്ചണഞ്ഞോരുനേരം ദശാസ്യോപഗീതം മഹാസാമഗാനം നിശമ്യാദരാലേനമേതാ ദൃശംബാണമൊയ്തഷ കൊല്ലുന്നതില്ലേതുമേ മൈഥിലീംതന്നെ വേണ്ടീല വേദജ്ഞനാ മിമ്മഹാത്മാവിനെത്തൊട്ടു ശസ്ത്രം തൊടുത്തീടിനാൽകീർത്തികേടേന്തുമെന്നേയ്ക്കുമാകാ. രാമായണം ചമ്പു

[22]

“പിന്തിരിഞ്ഞാത്മരാഷ് പ്രയാണായ സന്നദ്ധനാം
കാലമേറ്റം ഭയാൽ ഭാവിലുങ്കേശ്വരൻ
ചെന്നുണർത്തീടിനാൻ.
[23]

കടക്കൺ കൊടുക്കണമോരോന്നിലേ പത്തിലും
തരൂവക്ത്രേഷ്മപാനോൽസുകം നാഥ മുന്നേതിലല്ലോ.
[24]

കഞ്ചിന്മഹാവിപ്രനേത്തച്ചു കൊന്നിച്ഛയാപച്ചമാംസം
കടിച്ചും മുറിക്കുന്നിതന്യേന വക്ത്രേണ.
[25]

യുദ്ധഭവാനിമ്മണിത്തേരിദാനീം
മഹേന്ദ്രാജ്ഞയാ വന്നിറങ്ങുന്നതാലോക്യവായ്ക്കുന്ന
കോപേന കണ്ണും ചുവത്തി…
ഈശ്വരന്മാരെ പേപറഞ്ഞിങ്ങനെ.
[26]

നാലാം മുഖം കൊണ്ടു കാൺക…നില്ലെടാ
രാഘവ നിന്നെ ഞാനോ മച്ചന്ദ്രഹാസത്തിയാക്കുവാൻ
…തിരിഞ്ഞങ്ങു
നില്ലെന്തുമണ്ടുന്നതിപ്പോൾ…നിന്നെ
നോക്കിത്തൂലോം ദുർവചോഗർവിതം
[27]

അഞ്ചാം മുഖം കാൺക ധർമ്മദാരങ്ങൾ തന്നെത്തൊടാഞ്ഞുള്ള ചെന്താർശരോന്മാദകന്മാഷിതത്മാ തദീയാൻ ഗുണാനോർത്തു് പൂഞ്ചായൽ വായ്പെത്രനന്നു്! എത്ര നന്നാനനം! കൊങ്കമൊട്ടെത്രയും നന്നു് …സർവത്രകണ്ടോളവും കൺകുളുർപ്പോന്നു പൂമേനി കണ്ടാവിതെന്നും പുണർന്നാവിതെന്നും …ഏവമാദിപ്രലാപങ്ങൾ കൈക്കൊണ്ടതിവ്യാകുലം.

[28]

കഷ്ടമായൊന്നിതേഴാമതെട്ടാമതത്യന്തവും.

[29]

നിഷ്ഠൂരാലോകനം കൊണ്ടു ചെന്തീക്കനൽക്കട്ട ചിന്നിച്ചു മാറ്റാർ കുലത്തിന്നൊരുൾപേടി നൽകീടുമാറുദ്യമാലംകൃതം പാർത്തുകാൺ.

[30]

പിന്നെരിപുപ്രഭാവം കാൺക ഗീർവാണഗംഗാതരംഗങ്ങൾ മിന്നിക്കളിക്കുന്ന പോലെ മിളൽക്കാന്തിവെൺചാമരശ്രേണി വീയുന്നതാലോക്യതാം പാണ്ഡുരച്ഛത്രജാലങ്ങളെണ്ണീടുവാൻ വേല പച്ചത്തഴപ്രൌഢികൊണ്ടംബരേ നീലമേഘങ്ങൾ മങ്ങുന്ന പോലെ വിളങ്ങുന്നു. രാമായണചമ്പു

[31]

കാകൽസ്ഥനക്തഞ്ചരേന്ദ്ര പ്രഭാവങ്ങൾ കാണ്മാൻ ദിവ്യ പാളീവിമാനങ്ങൾ കൊണ്ടു നിറഞ്ഞബരം. രാമായണചമ്പു

[32]

‘നേത്രാസ്യനാസികാബാഹുഹൃദയേഭ്യസ്തദോർസഃ
നിർഗ്ഗമ്യദർശനേ ബ്രഹ്മണോവ്യക്ത്യ ജന്മനഃ.
[33]

സമുത്ഥായ തതസ്താഭ്യാം യുയുധേ ഭഗവാൻ ഹരിഃ
പഞ്ചവർഷസഹസ്രാണി ബാഹുപ്രഹരണോ വിഭുഃ.
യുദ്ധ്യമാനാവതീവാസൌ ദൃഷ്ട്വാ താവസുരോത്തമൌ
താവപ്യതിഖലോന്മത്തൌ മഹാമായാവിമോഹിതൌ.
നിജവിദ്യാമുഖലോക സമുൽഭൂതമഹോത്സവഃ
[34]

ഉചാവ മത്തോ പ്രിയതാം വരോ വാം യോഭിവാഞ്ഛിതഃ.
പ്രീതൌ സ്വസ്തവയുദ്ധേന ശ്ലാഘ്യസ്ത്വം മൃത്യുരാവയോഃ
ആവാംജഹിന യത്രോർവീ സലിലേന പരിപ്ലാതാ.
[35]

സൂര്യേന്ദ്രാഗ്ന്യനിലേന്ദൂനാം യമസ്യ വരുണസ്യ ച
അന്യേഷാഞ്ചാധികാരാൻ സസ്സ്വയമേവാധിതിഷ്ഠതി.
സ്വർഗ്ഗാന്നിരാകൃതാസ്സർവേ തേന ദേവഗണാ ഭുവി
വിചരന്തി യഥാമർത്ത്യാമഹിഷേണ ദുരാത്മനാ.
ഏതദ്വാം കഥിതം സർവമമരാരിവിചേഷ്ഠിതം.
[36]

“ഇതഥം നിശമ്യ ദേവാനാം വചാംസി മധുസൂദനഃ
ചകാര കോപം ശംഭുശ്ച ഭ്രു കുടീകുടിലാനനൌ.
തതോതി കോപപൂർണ്ണസ്യ ചക്രിണോവദനാത്തദാ
നിശ്ചക്രാമ മഹാതേജോ ബ്രഹ്മണശ്ശകരസ്യ ച.
അന്യേഷാം ചൈവ ദേവാനാം ശക്രാദീനാം ശരീരതഃ
നിർഗ്ഗതം സുമഹത്തേജസ്തച്ചൈവ്യാസമഗച്ഛത.
അതീവതേജസഃകൂടം ജ്വലന്തമിഹമിതം
ദദൃശുസ്തേസുരാസ്തേത്ര ജ്വലനാപൂദാന്തം
[37]

“അതുലം തത്രയത്തേജസ്സർവദേവശരീരജം
ഏകസ്ഥംതദഭൂന്നാരീ വ്യാപ്തലോകത്രയത്വിഷാ.
യദഭ്രച്ഛാംഭവന്തേജസ്തേനാജായതതൻമുഖം
യാമ്യേനചാഭവൻ കേശാ ബാഹവോ വിഷ്ണുതേജസാ.
സൌമ്യേന സ്തനയോർ യാഗ്മമ്മദ്ധ്യഞ്ചൈന്ദ്രേണചാഭവൽ
വാരുണേന ച ജംഘോരൂ നിതംബസ്തേജസാ ഭുവഃ.
ബ്രഹ്മണസ്തേജസാ പാദൌ തദംഗുല്യോർക്കുതേജസാ
നയനത്രിതയം ജജ്ഞേ തഥാ പാവകതേജസാ.
ഭു വൌ ച സന്ധ്യയോസ്തേജഃ ശ്രവണാവ നിലസ്യച
അന്യേഷാമപി ദേവനാമഭവത്തേജസാ ശിവാ.
[38]

സമ്മാനിതാ നനാദോച്ചൈസ്സാട്ടഹാസംമുഹൂർമ്മുഹുഃ
തസ്യാ നാദേന ഘോരേണ കൃൽസ്നമാപൂരിതം ജഗൽ.
അഥനാദേനമഹതാ പ്രതിശബ്ദോ മഹാനഭൂൽ
ചുക്ഷുഭൂസ്സകലാ ലോകാസ്സമുദ്രാശ്ചചകംപിരേ.
ചചാല വസുധാ ചേലുസ്സകലശ്ചേ മഹീധരാഃ
[39]

…തത്രാഭൂന്മഹിഷാസുരഃ
തോമരൈ ഭിണ്ഡിപാലൈശ്ചശക്തിഭിർമ്മുസലൈസ്തഥ
യുയുധുസ്സംയുഗേ ദേവ്യാഃ ഖഡ്ഗം പരശുപട്ടസൈഃ.
കേചിച്ചചിക്ഷിപുശ്ശക്തിം കേചിൽപാശാം സ്തഥാപരേ
ദേവീം ഖഡ്ഗപ്രഹാരൈശ്ച തേതാം ഹന്തും പ്രചക്രമുഃ.
സാപി ദേവീ തതസ്താനി ശസ്ത്രാണ്യസ്ത്രാണി ചണ്ഡികാ
ലീലയൈവ പ്രചിച്ഛേദ നിജസസ്ത്രാസ്ത്രവർഷിണീ.
[40]

ശോണിതൌഘവഹാനദ്യസ്സദ്യസ്തത്ര വിസുസ്രുവുഃ
സനാനീശ്ചിക്ഷുരഃ കോപാദ്യയൌ രോദ്ധുമഥാംബികാം
[41]

സ ദേവീം ശരവർഷേണ വവർഷ സമരേ സുരഃ
യഥാ മേരുഗിരേശ് ശ്രംഗം തോയവർഷേണ തേയേദഃ.
[42]

തസ്യഛിത്വാ തതോ ദേവീ ലീലയൈവ ശരോൽക്കരാൻ
ജഘാന തുരഗാൻ ബാണൈര്യന്താരഞ്ച സവാജിനം.
[43]

ഏവം സംക്ഷീയമാണേ തു സ്വസൈന്യേ മഹിഷാസുരഃ
മാഹിഷേണ സ്വരൂപേണ ഭ്രാമയാമാസ താൻ ഗണാൻ.
കാശ്ചിത്തുണ്ഡപ്രഹാരേണ ഖുരക്ഷേപൈസ്തഥാപരാൻ
ലാംഗുലതാഡിതാംശ്ചാന്യാൻ ശൃംഗാഭ്യാഞ്ച വിദാരിതാൻ
വേഗേന കാംശ്ചിദപരാൻ നാദേന ഭ്രമണേനച
നിശ്വാനപവനേനാന്യാൻ പാതയാമസ ഭൂതലേ
നിപാത്യ പ്രഥമാനീകമഭ്യധാവത സോസുരഃ
സിംഹംഹന്തും മഹാദേവ്യാഃ കോപഞ്ചക്രേ തതോബികം
സോപികോപാന്മഹാവീര്യഃ ഖുരക്ഷുണ്ണമഹീതലം
ശൃംഗാഭ്യാം പർവതാനുച്ചാംശ്ചിക്ഷേപ ച നനാദ വൈ
വേഗഭ്രമണവിക്ഷുണ്ണാ മഹീ തസ്യ വ്യശീര്യത
ലാംഗ്രുലാത്താഡിതശ്ചാബ്ധിഃ പ്ലാവയാമാസ പർവതം
ധൃതശൃംഗവിഭിന്നാശ്ച ഖണ്ഡം ഖണ്ഡം യയുഘനാഃ.
[44]

സാ ച താൻ പ്രഹിതാംശ്ചൈവ ചൂർണ്ണയന്തീ ശരോൽക്കരൈ;
ഉവാചച മദോദ്ധൂ തമുഖരാഗാകലാക്ഷരം
ഗർജ്ജ ഗർജ്ജ ക്ഷണം മൂഢ മധു യാവൽ പിതാമ്യഹം
മയാ ത്വയി ഹതൈവാത്ര ഗർജ്ജിഷ്യന്ത്യാശ്ച ദേവതാഃ
[45]

തസ്മിൻഗിരിവരേരമ്യേ ഡോളാമാരുഹ്യ കാഞ്ചനീം;
ഗായന്തീവ പാസന്തീവ ബിഭ്രാണാ രൂപമുത്തമം
ഇലാസ സാ ചിരം കാലം മേഹിനാം ഹിതകാമ്യയാഃ
ദദർശ ചണ്ഡോ മുണ്ഡശഅച ഭൃത്യൌ സുംഭനി സുംഭയോഃ
[46]

യദൃച്ഛയാ പര്യടന്തോ മേദിനീം കാമരൂപിണൌ-
താം ദൃഷ്ട്വാ തത്ര ചാർവംഗീം വിസ്മയാവിഷ്ടചേതസേന
ജഗമരുസ്സ്വപുരം രാജൻ സുംഭദർശനലാലസൌ;
താഭ്യാം സുംഭായ ചാഖ്യാതാ സാതീവ സുമനോഹരാ.
[47]

യുഗാന്തമേഘാ വപുഷുരസ്ഥിശോണിതകർദ്ദമാൻ.

[48]

ബ്രാഹ്മീ, വൈഷ്ണവീ, മാഹേശ്വരീ, കൌമാരീ, ഐന്ദ്രീ, വാരാഹി, നാരസിംഹീ ഇവരത്രേ സപ്തമാതാക്കൾ.

[49]

ഹംസയുക്ത വീമാനസ്ഥാ സാക്ഷസൂത്രകമണ്ഡലു;
ആയാതാ ബ്രഹ്മണഃ ശക്തിഃ ബ്രഹ്മാണീ സംഭിധീയതേ.
[50]

മാഹേശ്വരീ വൃഷാരേവാം ത്രിശൂലവരധാരിണീ
മഹാഹിവലയം പ്രാപ്രതചന്ദ്രലേഖാവ ഭൂഷണാ
[51]

കൌമാരീ ശക്തിഹസ്താചമയൂരവരവദേനോ.

[52]

ശംഖചക്രഗദാർഖഡ്ഗഹസ്തേ ഭ്യുപായയൌ.

[53]

ഏകൈവാഹം ജഗത്യത്ര ദ്വിതീയാകാ മമാപരാ?
പശ്യൈതാം ദുഷ്ട! മയ്യേവ വിശന്ത്യോ മദ്വി ഭൂതയഃ
[54]

തതോ ദേവഗണാസ്സർവേ ഹർഷനിർഭരമാനസാഃ
ബഭൂവുർന്നിഹതേ തസ്മിൻ ഗന്ധർവാ ലളിതം ജഗുഃ
അവാദയംസ്താഥൈവാന്യേ നനൃതുശ്ചാപ്സരോഗണാഃ
വവഃപുണ്യ ശിവാ വാതാ സുപ്രഭോഭൂർദ്ദിവാകരഃ
ജജ്വലൂശ്ചാഗ്നയശ്ശന്തോശ്ശാന്തോദിഗ്ഗജനിസ്വനഃ
[55]

“തിക്കും വലിയ തിരക്കും പലപല വാക്കും ചിലരുടെമുഷ്കും ചുടർമിഴി നോക്കും.
വിരവൊടുവായ്ക്കും വികൃതികളാർക്കും പറവതിനാക്കും പോരാ
ആടുകയും ചിലർപാടുകയും ചിലരോടുകയും ചിലർ ചാടുകയും ചിലർ” (ഇത്യാദി)
[56]

ശ്രീരാമവിലാസം പ്രസ്സുകാർ മാത്രം ബുധജനം എന്നതിനെ ‘മൂഢജനം’ എന്നാക്കീട്ടുണ്ടു്. ആ തിരുത്തു ഭംഗിയായിട്ടില്ല. ‘ആക്കീടുന്ന ബുധന്മാർ’ എന്നായിരിക്കുമോ എന്തോ?

[57]

തതഃസ്ഫുരൽസഹസ്രാംശുസഹസ്ര സദൃശപ്രഭഃ
ആവിരാസീദ്ധരിഃ പ്രാച്യാം ദിശാം വ്യാപനയംസ്തമഃ
കഥഞ്ചിദ്ദൃഷ്ടവാൻ ബ്രഹ്മാ ദുർദ്ദർമകൃതാത്മനാം.
[58]

രാമൻ ശൈവചാപത്തെ വന്ദിച്ചതായി മൂലത്തിൽ ഇല്ല. കണ്ടമാത്രയിൽ പ്രഹൃഷ്ടാത്മാവായിട്ടു് അതിനെ ഭഞ്ജിക്കാൻ ബദ്ധപരികരനായെന്നാണു മൂലം.

[59]

അഥ ഗച്ഛതി ശ്രീരാമ മൈഥിലാദ്യോജനത്രയം
നിമിത്താന്യതി ഘോരാണി ദദർശനൃപസത്തമഃ.
[60]

ഇതിബ്രുവതി വൈ തസ്മിശ്ചചാല വസുധാ ഭൃശം
അന്ധകാരാ ബഭൂവാഥ സർവേഷാമപി ചക്ഷുഷാം

എന്നുമാത്രമേ മൂലത്തിലുള്ളു.
[61]

നിപപാത മഹീപാലോ വജ്റാഹത ഇവാചലഃ

[62]

രക്ഷന്തു ത്വാം സദായാന്തം തിഷ്ഠന്തം നിദ്രയാ യുതം.

[63]

ആഗതോഽസാ കതഃ കത്ര ശ്വേതച്ഛത്രാണി തേ കതഃ
വാദിത്രാണി വാദ്യന്തേ കിരീടാദി വിവർജ്ജിതഃ
സാമന്തരാജസാഹിതഃ സംഭ്രമാന്നാഗതോസികിം?
[64]

ഭഗവദ്ഗീതകൂടി എഴുത്തച്ഛൻ തർജ്ജമചെയ്തിരുന്നുവെന്നും ആ ഗ്രന്ഥം ഇപ്പോഴും ചില ദിക്കുകളിൽ അന്വേഷിച്ചാൽ കിട്ടിയേക്കുമെന്നും ചിലർ പറയുന്നുണ്ടു്.

[65]

ആദിപർവാന്തർഗതമായ സംഭവപർവത്തിലെ സപ്തസപ്തതിതമോധ്യായം (77 അദ്ധ്യായം).

[66]

സാഹിത്യ പഞ്ചാനനൻ മി. പി. കേ. നാരായണപിള്ള.

[67]

എന്നാൽ ഒരു വലിയ വ്യത്യാസമുണ്ടു്. തമിഴിൽ അക്ഷരക്കണക്കില്ല.

Colophon

Title: Kēraḷa bhāṣāsāhitya caritṛam (ml: കേരള ഭാഷാസാഹിത്യചരിത്രം).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; Vol. 2; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The forest distant views, an oil on canvas painting by Ivan Shishkin (1831–1898). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.