വിക്തോർ യൂഗോവിന്റെ വിശ്രുത ഫ്രഞ്ച് നോവലായ ‘പാവങ്ങൾ’ ഇറ്റാല്യൻ ഭാഷയിൽ പ്രസിദ്ധീകരിച്ച മൊസ്സ്യു ഡെയിലിക്കു് ഗ്രന്ഥകാരൻ അയച്ച കത്തിൽ നിന്നും ആദ്യഭാഗം ‘പാവങ്ങ’ളെ എക്കാലത്തേയും വായനക്കാർക്കു പരിചയപ്പെടുത്താൻ ഏറ്റവും യുക്തമായതാണു്:
‘പാവങ്ങൾ’ എന്ന പുസ്തകം എല്ലാ രാജ്യക്കാർക്കും വേണ്ടി എഴുതപ്പെട്ടതാണെന്നു നിങ്ങൾ പറയുന്നതു ശരിയാണു്. അതു എല്ലാവരും വായിച്ചു നോക്കുമോ എന്നെനിക്കറിഞ്ഞുകൂടാ; പക്ഷേ, ഞാൻ അതു് എല്ലാവർക്കുംകൂടി എഴുതിയിട്ടുള്ളതാണു്. അതു ഇംഗ്ലണ്ട് എന്നപോലെ സ്പെയിനും, ഇറ്റലി എന്നപോലെ ഫ്രാൻസും, ജർമ്മനി എന്നപോലെ ഐർലാണ്ടും, അടിമകളുള്ള പ്രജാധിപത്യരാജ്യം എന്നപോലെ അടിയാരുള്ള ചക്രവത്തിഭരണരാജ്യങ്ങളും ഒരേവിധം കേൾക്കണമെന്നുവച്ച് എഴുതപ്പെട്ടിട്ടുള്ളതാണു്. സാമുദായികങ്ങളായ വിഷമതകൾ രാജ്യസീമകളെ കവച്ചുകടക്കുന്നു. മനുഷ്യജാതിക്കുള്ള വ്രണങ്ങൾ, ഭൂമണ്ഡലം മുഴുവനും വ്യാപിച്ചു കിടക്കുന്ന ആ വമ്പിച്ച വ്രണങ്ങൾ, ഭൂപടത്തിൽ വരയ്ക്കപ്പെട്ട ചുകന്നതോ നീലിച്ചതോ ആയ ഓരോ അതിർത്തിയടയാളം കണ്ടതുകൊണ്ട് നിൽക്കുന്നില്ല. മനുഷ്യൻ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനു വേണ്ടി സ്ത്രീകൾ എവിടെ വിൽക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം “പാവങ്ങൾ” എന്ന പുസ്തകം വാതിൽക്കൽ മുട്ടി വിളിച്ചുപറയും: ‘എനിക്കു വാതിൽ തുറന്നു തരിക; ഞാൻ വരുന്നതു നിങ്ങളെ കാണാനാണു്.’ നാമിപ്പോൾ കടന്നുപോരുന്നതും ഇപ്പോഴും അത്രമേൽ ദുഃഖമയവുമായ പരിഷ്കാരഘട്ടത്തിൽ പാവങ്ങളുടെ പേർ “മനുഷ്യൻ” എന്നാണു്; അവൻ എല്ലാരാജ്യത്തും കിടന്നു കഷ്ടപ്പെടുന്നു; എന്നല്ല, അവൻ എല്ലാ ഭാഷകളിലും നിലവിളിക്കുന്നു.”
1862-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ കൃതികളിലൊന്നായി കരുതപ്പെടുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഇതു് ഫ്രഞ്ച് പേരായ ലേ മിസേറാബ്ല് എന്നു തന്നെ അറിയപ്പെടുന്നു, എങ്കിലും ദ റെച്ച്ഡ്, ദ മിസറബിൾ വൺസ്, ദ പുവർ വൺസ്, ദ റെച്ച്ഡ് പുവർ, ദ വിക്റ്റിംസ് ആൻഡ് ദ ഡിസ്പൊസെസ്സ്ഡ് എന്നും മലയാളത്തിൽ ‘പാവങ്ങൾ’ എന്ന പേരിലും അറിയപ്പെടുന്നു. 1815-ൽ ആരംഭിച്ച്, 1832-ലെ ജൂൺ വിപ്ലവത്തിൽ അവസാനിക്കുന്ന നോവൽ ഴാങ്ങ് വാൽ ഴാങ്ങ് എന്ന കുറ്റവാളിയുടെ ജീവിതസമരത്തെയും മാനസാന്തരത്തേയും പ്രധാനമായി വിവരിക്കുന്നതാണു്.
ഈ വിശ്വവിഖ്യാതമായ നോവൽ, നാലപ്പാട്ട് നാരായണ മേനോൻ ആണു് 1925-ൽ മലയാളത്തിലേയ്ക്കു് വിവർത്തനം ചെയ്തതു്. മലയാള വിവർത്തനരംഗത്തെ മഹാസംഭവമായിരുന്ന ഈ പരിഭാഷ, മലയാളഗദ്യശൈലിയെ കാര്യമായി സ്വാധീനിച്ച ഒന്നായി വിലയിരുത്തപ്പെടുന്നു.
- പാവങ്ങൾ: വിഷയവിവരം
- പാവങ്ങൾ: മുഖചിത്രം
- വിക്തോർ യൂഗോ
- നാലപ്പാട്ട് നാരായണമേനോൻ
- പാവങ്ങൾ ഇറ്റാല്യൻ ഭാഷയിൽ പ്രസിദ്ധീകരിച്ച മൊസ്സ്യു ഡെയിലിക്കു മൂലഗ്രന്ഥകാരൻ അയച്ചത് — ഒരു കത്തു്
- പാവങ്ങൾ: പങ്കെടുത്തവർ