കോളണി ഭരണവും തുടർന്നുള്ള സാംസ്കാരിക പരിണാമങ്ങളുമാണു് നവോത്ഥാനത്തിന്റെയും ജ്ഞാനോദയത്തിന്റെയും ഭാഗമായ യൂറോപ്യൻ അറിവുകൾ ലോകഭാഷകളിലെത്താൻ വഴിതെളിച്ചതു്. സാഹസികരും യാത്രികരും മിഷണറികളും കോളണിയൽ ഉദ്യോഗസ്ഥരും മറ്റും നിരന്തരം നടത്തിയ വിവർത്തന പ്രക്രിയയാണു്. വിവർത്തനം എന്ന ആശയം തന്നെ കൊളോണിയൽരാജ്യങ്ങളിലെത്താൻ കാരണമായതു്. മലയാള വിവർത്തനങ്ങളുടെ ചരിത്രത്തിൽ സാഹിത്യചരിത്രത്തിന്റെ നെടുംതൂണുകളായ രാമചരിതം, നിരണംകൃതികൾ, എഴുത്തച്ഛൻ കൃതികൾ, കൃഷ്ണഗാഥ തുടങ്ങിയവ വിവർത്തനങ്ങളെന്നു് പരാമർശിക്കാതെ ഭാഷാ സാഹിത്യ വികാസത്തിന്റെ സ്വാഭാവിക രീതിയെന്ന നിലയിൽ അടയാളപ്പെടുത്തുകയാണു് ചെയ്തുപോന്നതു്. അക്കാലത്തു് വിവർത്തനമെന്ന ആശയത്തിൽ പ്രാചീന മധ്യകാല സാഹിത്യമെന്നും മഹാകാവ്യമെന്നും ഖണ്ഡകാവ്യങ്ങളെന്നും വ്യവഹരിക്കപ്പെട്ടവയിൽ മണിപ്രവാളമൊഴികെയുള്ള ബഹുഭൂരിപക്ഷ രചനകളും മഹാഭാരത-രാമായണാദികളുടെ പൂർണമോ ഭാഗികമോ പദാനുപദമോ ആയ വിവർത്തനങ്ങളോ ആശയാനുവാദമോ ആണു്. ഇതു് മലയാളത്തിന്റെ മാത്രം പ്രത്യേകതയല്ല, ലോകഭാഷകൾ ഭൂരിപക്ഷവും തങ്ങളുടെ ലിഖിത സാഹിത്യത്തിനു് വിത്തുപാകിയതു് വിവർത്തനങ്ങളിലൂടെയാണു് എന്നു കാണാം.
കല്ലിലും കളിമൺ ഫലകങ്ങളിലും മറ്റും നടത്തിരുന്ന മനുഷ്യാവിഷ്കാരങ്ങളുടെ രേഖപ്പെടുത്തൽ പ്രക്രിയ കടലാസിന്റെയും അച്ചടിയുടെയും പ്രചാരത്തോടെ ലളിതവും ജനകീയവുമായി മാറി. എഴുത്തും വായനയും സജീവമായതോടെ മനുഷ്യവംശത്തിൽ (പരി) ഭാഷയിലൂന്നിയ സാംസ്കാരിക പരിവർത്തന പ്രക്രിയയ്ക്കു് തുടക്കം കുറിച്ചു. ബഹുഭാഷകളുപയോഗിക്കുന്ന മനുഷ്യ സമൂഹത്തിൽ പരസ്പരം ആശയ വിനിമയത്തിനു് വിവർത്തനം [1] പ്രധാന മാർഗ്ഗമായി മാറി. മനുഷ്യരുടെ അറിവും ഭാവനയും പരസ്പര വിനിമയം ചെയ്യാനും സാംസ്കാരിക പരിണാമത്തിനു് ചുക്കാൻ പിടിക്കാനും വിവർത്തന പ്രക്രിയയ്ക്കു് ആദ്യകാലം മുതൽ കഴിഞ്ഞിട്ടുണ്ടു്. ലിഖിത രൂപത്തിലുള്ള പാഠനിർമ്മിതിക്കു് ചരിത്രപരമായ അംഗീകാരം ലഭിച്ചതോടെ മൂലഭാഷയും സ്രോത, ലക്ഷ്യപാഠങ്ങളും മറ്റും ഈ പ്രക്രിയയുടെ ഭാഗമായി. ബൈബിളിൽ പരാമർശിക്കുന്ന പ്രാചീന ഈജിപ്തിലെ വിവർത്തന പ്രവർത്തനങ്ങളും [2] ബാബിലോണിയൻ രാജാവായിരുന്ന ഹമ്മുറാബിയുടെ നിയമങ്ങൾ പരിഭാഷ ചെയ്തതും [3] മൂലഭാഷയായ ഹീബ്രുവിൽനിന്നു് ഗ്രീക്ക് ഭാഷയിലേക്കു് അലക്സാണ്ട്രിയയിലെ പണ്ഡിതർ നടത്തിയ ബൈബിൾ വിവർത്തനവും [4] ഉദാഹരണമാണു്. മധ്യകാലഘട്ടങ്ങളിൽ ഗ്രീക്ക്, പേർഷ്യൻ, ഇന്ത്യൻ കൃതികൾ അറബിയിലേക്കു് വിവർത്തനം ചെയ്തിരുന്നതായും രേഖകളുണ്ടു്. [5] ആദ്യകാലം മുതൽ ഇന്നുവരെ പരസ്പരാമുള്ള ആശയ, വിവര വിനിമയത്തിനും ജീവിതത്തിനാവശ്യമായ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും ഭിന്നഭാഷാ സമൂഹങ്ങൾ വിവർത്തനമെന്ന ഉപാധി ഉപയോഗിച്ചുപോന്നു. ഭാഷാപരിധികൾ കടന്നു് വിജ്ഞാനവും വിനോദവും സംസ്കാരവും പ്രചരിപ്പിക്കുന്നതിനും മനുഷ്യരെ ലോകമെങ്ങും ഒരുമിപ്പിക്കുന്നതിലും വിവർത്തന പ്രക്രിയ വഹിക്കുന്ന പങ്കു് എല്ലാവരും അംഗീകരിക്കുന്നതുമാണു്. വിവർത്തനമാണെന്നു് സൂചിപ്പിക്കാതെ രാമചരിതം മുതൽ പത്തൊമ്പതാം നൂറ്റാണ്ടു് അല്ലെങ്കിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള പല ജനുസ്സുകളിൽ ഉൾപ്പെട്ട രചനകളെ നമ്മുടെ സാഹിത്യ ചരിത്രങ്ങൾ പരാമർശിച്ചതു് ഉദാഹരണമാണു്. കണ്ടെത്തിയ ലിഖിത രേഖകളുടെ കാലം, കർത്താവു്, ദേശം തുടങ്ങിയവ അന്വേഷിക്കുന്ന സാഹിത്യ ചരിത്ര ഗവേഷണ പ്രക്രിയ നടന്ന കാലത്തു് വിവർത്തനങ്ങളെന്നതു് പ്രസക്തമായിരുന്നില്ല. രേഖപ്പെടുത്തപ്പെട്ട സാഹിത്യമെല്ലാം ദേശത്തിന്റെ ഭാഷാ സാഹിത്യ ചരിത്രമായി അക്കാലത്തു് അംഗീകരിച്ചു.
ഏതൊരു സിദ്ധാന്തവും പോലെ വിവർത്തനത്തെ കുറിച്ചുള്ള ആശയങ്ങളും ലോകത്തെ കുറിച്ചുള്ള പുതിയൊരു കാഴ്ച നൽകുന്നു, മനസ്സു വിശാലമാക്കുന്നു. മലയാളത്തിൽ ഇരുപതാം നൂറ്റാണ്ടുവരെയുള്ള സാഹിത്യ രചനകൾക്കും ജനുസ്സുകൾക്കും വിവർത്തന കാഴ്ചപ്പാടിലുള്ള വിശദീകരണം കൂടി ആവശ്യമാണു്. ഓരോ കാഴ്ചപ്പാടും സത്യം വെളിപ്പെടുത്തുന്ന പ്രക്രിയയാണു്. അതു് വസ്തുക്കൾക്കു് പുതിയമുഖം നൽകുന്നു. വിവർത്തനത്തിന്റെ കാഴ്ചയിൽ ആ പരിധിക്കുള്ളിൽ നിന്നുള്ള ലോകത്തെ കാണാൻ കഴിയും. അതേ ലോകം മുമ്പുകണ്ടതുപോലെയല്ല, മറഞ്ഞിരുന്ന കുറേ യാഥാർത്ഥ്യങ്ങൾ തെളിഞ്ഞുവരും. എല്ലാ സിദ്ധാന്തങ്ങളും ഇത്തരത്തിൽ സർഗ്ഗാത്മകമായി നിർമ്മിച്ച കണ്ണാടികളാണു്. മാർക്സിസം, സ്ത്രീ, ദളിത്, കീഴാള, പരിസ്ഥിതി, ഭിന്നശേഷി തുടങ്ങിയ ആശയങ്ങൾ നമ്മുടെ ലോകക്കാഴ്ചയിൽ വെളിപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങൾ ഇതിനകം അറിഞ്ഞതാണു്. മനുഷ്യവംശത്തിന്റെ അനുഭവ, വൈകാരിക ചരിത്രം (emotional history) വെളിപ്പെടുത്തുന്ന ലോകമെങ്ങുമുണ്ടായ സർഗ്ഗാത്മക കൃതികൾ വിവർത്തനം ചെയ്യേണ്ടതു് സമൂഹത്തിന്റെ ആവശ്യമാണു്. മനുഷ്യരുണ്ടാക്കിയ അറിവും ആവിഷ്കാരങ്ങളുമെല്ലാം സമൂഹത്തിന്റെ പൊതുവായ സാംസ്കാരിക സമ്പത്താണു്. അതു് തിരിച്ചറിയുന്നതിനു് ഭാഷാവൈവിധ്യം തടസ്സമാകാൻ പാടില്ല. ജീവിതത്തിൽ മാറ്റം വരുത്താൻ കഴിയുന്നവയാണു് ഓരോ അറിവും ആവിഷ്കാരങ്ങളും. എന്തുകൊണ്ടാണു് ഒരു കൃതി വിവർത്തനം ചെയ്യാൻ വിവർത്തകർ തീരുമാനിക്കുന്നതു് എന്ന അടിസ്ഥാന ചോദ്യത്തിൽ തന്നെ വിവർത്തനങ്ങളുടെ പ്രസക്തി തുടങ്ങുന്നു. വിവർത്തന പ്രക്രിയ, മൂലകൃതി, വിവർത്തകർ, സ്രോത-ലക്ഷ്യ ഭാഷകൾ തുടങ്ങി വിവർത്തന സംബന്ധിയായ ചിന്തകൾ രൂപപ്പെടുത്തിയതാണു് വിവർത്തന പഠനങ്ങൾ (translation studies).
നാലാം നൂറ്റാണ്ടിലെ ബൈബിൾ വിവർത്തകനായ സെന്റ് ജെറോമി ന്റെ [6] വിവർത്തനത്തിന്റെ വിശ്വസ്തതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണു് വിവർത്തന പഠനത്തിനു തുടക്കം കുറിച്ചതു്. [7] ബൈബിൾ പോലുള്ള മതഗ്രന്ഥങ്ങളും നിയമരേഖകളും സാഹിത്യ കൃതികളുമാണു് ആദ്യകാല വിവർത്തന പഠനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതു്. ബൈബിളിലെ ‘വെളിപാടു പുസ്തകം’ ഇരുപത്തിരണ്ടാം അധ്യായത്തിൽ

പറയുന്നതുപോലെ ഒന്നും ‘കൂട്ടിച്ചേർക്കാതെയും’ ‘നീക്കംചെയ്യാതെ’യുമാകണമായിരുന്നു [8] വിവർത്തന പ്രക്രിയ എന്നതാണു് വിവർത്തന വിമർശനത്തിന്റെ ആദ്യകാല സ്വഭാവം. സ്രോത ഭാഷാ കൃതിയിൽ എഴുതിയ വചനങ്ങളിൽ എന്തെങ്കിലും ലക്ഷ്യ ഭാഷാ കൃതിയിൽ കൂട്ടിച്ചേർക്കുന്നതോ നീക്കിക്കളയുന്നതോ വിവർത്തന വിമർശകർ ഉരച്ചു് പരിശോധിച്ചുനോക്കി. വിവർത്തകർ എല്ലായ്പോഴും സ്രോത ഭാഷാ രചനയോടും വിശ്വസ്തത പാലിക്കുകയും സമമൂല്യമായ വാക്കും ആശയവുമുള്ള ലക്ഷ്യ ഭാഷാ കൃതി ഉറപ്പുവരുത്തുകയും ചെയ്യേണ്ടിവന്നു. വിശ്വസ്തത (fidelity), സത്യസന്ധത (faithfulness) തുടങ്ങിയ വാക്കുകൾ ആദ്യകാല വിവർത്തന സിദ്ധാന്തങ്ങളിൽ പ്രധാനമായതു് ഇങ്ങനെയാണു്. മൂലപാഠത്തിന്റെ സമഗ്രമായ അർത്ഥത്തെ (semantic fidelity) കൂടാതെ അതിന്റെ സ്വരം (tone), സ്റ്റൈൽ തുടങ്ങിയവയും വിശ്വസ്തതയോടെ ലക്ഷ്യപാഠത്തിൽ സംരക്ഷിക്കേണ്ടിവന്നു. സ്രോത-ലക്ഷ്യ പാഠങ്ങളിലെ സാംസ്കാരികവും ഭാഷാപരവും സാഹചര്യ ബന്ധിതവുമായ വ്യത്യസ്തതകൾ വിവർത്തകർക്കു് എപ്പോഴും വെല്ലുവിളിയായിരുന്നു. ഭാഷകൾ തമ്മിലുള്ള ഘടനാപരവും പദപരവുമായ വ്യത്യാസങ്ങൾ (linguistic fidelity), ലക്ഷ്യ ഭാഷാ വായനക്കാർക്കു് അനുസൃതമായി നടത്തുന്ന വിവർത്തന ശ്രമങ്ങൾ (pragmatic fidelity) തുടങ്ങിയവ വിശ്വസ്തതയുമായി ബന്ധപ്പെട്ട ആശയങ്ങളാണു്. വായനാക്ഷമതയും സ്വാഭാവികതയും നിലനിർത്തുക എന്നതും വിവർത്തകർ ലക്ഷ്യം വെക്കുന്നുന്നുണ്ടു്.
15-ാം നൂറ്റാണ്ടിൽ അച്ചടിയന്ത്രങ്ങൾ വ്യാപകമായതിനുശേഷം പുസ്തകങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണു് വിവർത്തനങ്ങളും ധാരാളം ചെയ്തുതുടങ്ങിയതു്. ജോൺ ഡ്രൈഡൻ (John Dryden 1631–1700) [9] അലക്സാണ്ടർ ഫ്രേസർ (Alexander Fraser Tytler, 1747–1813) [10] തുടങ്ങിയ വിവർത്തകരുടെ അനുഭവക്കുറിപ്പുകളിലാണു് വിവർത്തനത്തെക്കുറിച്ചുള്ള ആദ്യകാല ആശയങ്ങൾ കണ്ടെത്താൻ കഴിയുന്നതു്. മൂലകൃതി, ഗ്രന്ഥകർത്താവു്, വിവർത്തകർ എന്നീ

ഘടകങ്ങളിൽ ഊന്നിയതാണു് ഈ കുറിപ്പുകളിലധികവും. കവിതയാണു് ഈ പ്രപഞ്ചത്തിൽ ഏറ്റവും പ്രധാനമെന്നും കവിതാ വിവർത്തനം ഉന്നതമായ സർഗ്ഗശക്തി ആവശ്യമുള്ളതാണെന്നും; അതു് കവികൾതന്നെ ചെയ്യുന്നതാണു് നല്ലതു് എന്നുമുള്ള ആശയങ്ങളുമായി വരുന്ന കാല്പനികകാലമാണു് [11] തുടർന്നു വരുന്നതു്. ഫെഡറിക് ഷെഗലും (Karl Wilhelm Fredric Schlegal, 1772–1829) പി. ബി. ഷെല്ലി യുമാണു് (Percy Bysshe Shelly, 1792–1822) വിവർത്തനാശയങ്ങൾ പങ്കുവെച്ചവരിൽ പ്രമുഖർ. ഫെഡറിക് ഷെയ്മാക്കൽ (Friedrich Schleiemacher, 1768–1834), ഡി ജി റോസെറ്റി (Dante Gabriel Rossetti, 1828–1882) തുടങ്ങിയവർ കാല്പനികാനന്തര കാലത്തു് വിവർത്തനം ചെയ്യുകയും വിവർത്തന പ്രക്രിയയെക്കുറിച്ചു് ചിന്തിക്കുകയും ചെയ്തവരാണു്. വിവർത്തകർക്കു് രണ്ടു മാർഗ്ഗങ്ങളേയുള്ളൂ; ഒന്നുകിൽ എഴുത്തുകാരെ വിട്ടു് വായനക്കാരെ ചേർത്തുനിർത്തുക, അല്ലെങ്കിൽ വായനക്കാരെ വിട്ടു് എഴുത്തുകാരെ ചേർത്തുനിർത്തുക—ഇതാണു് ഷെയ്മാക്കലിന്റെ അഭിപ്രായം. നിരവധി ധ്വനികളുള്ള ‘original’ വിവർത്തനങ്ങൾ ചെയ്ത റോസെറ്റിയുടെ കവിത്വം വിവർത്തനങ്ങളിലാണു് കൂടുതൽ കാണാൻ കഴിയുന്നതു്. ദാന്തെ ഉൾപ്പെടെയുള്ളവരുടെ ആദ്യകാല ഇറ്റാലിയൻകവിതകൾ ഇംഗ്ലീഷിലേക്കു് വിവർത്തനം (The Early Italian Poets, 1861) ചെയ്തതു് റോസെറ്റി യാണു്. വായനക്കാരെ മൂലകൃതിയുമായി ചേർത്തുനിർത്തുകയാണു് വിവർത്തനത്തിന്റെ ദൗത്യം എന്നു് അദ്ദേഹം വിശ്വസിച്ചു.

കോളനി ഭരണത്തിന്റെ ഏറ്റവും തീവ്രതയുള്ള കാലമാണു് വിക്ടോറിയൻ കാലഘട്ടം (1885–1903). വിവർത്തനങ്ങൾ യൂറോപ്യൻ കൊളോണിയലിസത്തിന്റെ ചട്ടക്കൂടിലാണു് അക്കാലത്തു് പ്രവർത്തിച്ചതു്. കോളണി ദേശങ്ങളിലെ ധാരാളം പുസ്തകങ്ങൾ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. വിവർത്തന ചിന്തകൾ വൈവിധ്യവും സങ്കീർണ്ണതയും നിറഞ്ഞതായി. ഫെഡറിക് ഷെയ്മാക്കലി ന്റെ സ്വാധീനം ഇക്കാലത്തും തുടർന്നു. വിവർത്തന ചിന്തകളിൽ മാത്യു ആർനോൾഡ് (1822–1888) [12], ഫിറ്റ്സ്ജറാൾഡ് (Edward FitzGerald, 1809–1883) [13], ഫ്രാൻസിസ് ന്യൂമാൻ (1805–1897) [14] തുടങ്ങിയവരാണു് ഇക്കാലത്തെ വിവർത്തന ചിന്തകരിൽ പ്രമുഖർ. വിവർത്തനം പണ്ഡിതദൗത്യമെന്ന ധാരണ, ബോധപൂർവ്വമുണ്ടാക്കുന്ന വൈദേശികത്വം, ലക്ഷ്യ ഭാഷാ വായനക്കാർക്കു് യോജിച്ച വിവർത്തന രീതി, മൂലകൃതിയുടെ അന്തസ്സു് വിവർത്തനത്തിലൂടെ ഉയരുന്നു തുടങ്ങിയ ആശയങ്ങൾ ഉയർന്നുവന്നു. വിക്ടോറിയൻ കാലഘട്ടം ബൗദ്ധികവും സാംസ്കാരികവും സാഹിതീയവുമായ ചിന്തകൾ സംവാദാത്മകമായി ഉയർന്നുവന്ന കാലമായിരുന്നു. മൂലകൃതിയുടെ ആത്മാവും അർത്ഥവും നിലനിർത്തുന്നതോടൊപ്പം രൂപവും ഉള്ളടക്കവും ഉൾക്കൊണ്ടുള്ള ‘സ്വതന്ത്ര’വിവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഉണ്ടായി. സ്രോത-ലക്ഷ്യ ഭാഷകളുടെ ചരിത്ര, സാംസ്കാരിക പരിസരങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. സർഗ്ഗാത്മക കൃതികളുടെ വിവർത്തനത്തിൽ പദാനുപദത്തെക്കാൾ സാംസ്കാരിക വിവർത്തനത്തിന്റെ ആവശ്യകത മനസ്സിലാക്കി. എഴുത്തുകാരെ വായനക്കാരിലേക്കു് എത്തിക്കുക (domestication), വായനക്കാരെ എഴുത്തുകാരിലേക്കു് എത്തിക്കുക (foreignization) എന്നീ രണ്ടു വിവർത്തന പ്രക്രിയകൾ അംഗീകരിക്കപ്പെട്ടു. കാല്പനികതയുമായി ചേർന്നു് വ്യക്തിയുമായി ബന്ധപ്പെട്ട സർഗ്ഗാത്മകത, ഉദാത്തത എന്നീ ആശയങ്ങൾ വന്നതോടെ വിവർത്തകർ ആർട്ടിസ്റ്റുകളെന്ന നിലയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അതേസമയം സത്യസന്ധത, സുതാര്യത എന്നിവയ്ക്കൊപ്പം പരിഭാഷകരുടെ അടയാളങ്ങൾ അവശേഷിപ്പിക്കുന്ന പുനരാവിഷ്കാരങ്ങളെന്ന നിലയിൽ വിവർത്തനങ്ങൾ ഉയർന്നുവരുന്നതും ഇക്കാലത്താണു്. എലിസബത്ത് ബാരറ്റ് ബ്രൗണിങ് (1806–1861), സാറാ ഓസ്റ്റിൻ (1793–1867) തുടങ്ങി സ്ത്രീകൾ വിവർത്തന രംഗത്തു് സജീവമായ കാലം കൂടിയാണിതു്. ചുരുക്കത്തിൽ, മൂലകൃതിയുടെ അപ്രമാദിത്തം നിലനിന്നെങ്കിലും പദാനുപദ വിവർത്തനം, പ്രാചീനത നിലനിർത്തൽ, വിവർത്തകരുടെ പദവി തുടങ്ങി വിവർത്തനത്തിന്റെ അടിസ്ഥാനആശയങ്ങളിൽ ഇളക്കം സംഭവിച്ചു എന്നതാണു് വിക്ടോറിയൻ കാലത്തിന്റെ സവിശേഷത.

വിവർത്തനങ്ങളെന്നു സൂചിപ്പിക്കാതെ സാഹിത്യപാഠങ്ങളെ പഠന വിധേയമാക്കുന്നതു് മലയാള വിമർശനത്തിന്റെ ആദ്യകാലം മുതൽ ആരംഭിച്ചിരുന്നു. മൂലകൃതിയുമായി താരതമ്യം ചെയ്തു് പാഠങ്ങളുടെ ഗുണദോഷങ്ങൾ അന്വേഷിക്കുന്ന രീതിയിൽ തുടങ്ങി, സംസ്കാര പഠനങ്ങളുടെ വർത്തമാന കാലത്തു് വിവർത്തന പഠനങ്ങളെന്ന (translation studies) നിലയിൽ വരെ മലയാളത്തിലെ വിവർത്തന വിമർശനം എത്തിനിൽക്കുന്നതായി കാണാം. മലയാള വിമർശന ചരിത്രത്തിലെ പ്രധാനികളായ കേസരി ബാലകൃഷ്ണപിള്ള, കുട്ടികൃഷ്ണമാരാര്, മുണ്ടശ്ശേരി, സുകുമാർ അഴീക്കോടു് എന്നിവരെല്ലാം വിവർത്തന വിമർശനം നടത്തുകയും വിവർത്തനങ്ങളെക്കുറിച്ചുള്ള തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടു്. മലയാളത്തിലെ വിവർത്തന വിമർശനം മൂന്നു ഘട്ടങ്ങളിലാണു് വികസിച്ചതു്.
- ആദ്യത്തേതു്, വിവർത്തനങ്ങളെക്കുറിച്ചുള്ള ചിന്തകൾ വരുന്നതിനു മുമ്പേ നടന്ന പഠനങ്ങളാണു്.
- വിവർത്തന പ്രക്രിയയുടെ പ്രായോഗികവും ഭാഷാശാസ്ത്രപരവുമായ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും വിവരിക്കുന്ന പുസ്തകങ്ങളും ചിന്തകളും കടന്നുവന്ന രണ്ടാംഘട്ടം,
- വിവർത്തന പഠനങ്ങൾ എന്ന വിജ്ഞാന ശാഖയുടെ കടന്നുവരവും തുടർന്നുണ്ടായ പഠനങ്ങളും നടന്ന മൂന്നാംഘട്ടം.
ആദ്യകാലഘട്ടത്തിൽ വിവർത്തന വിമർശനം ധാരാളം നടത്തിയവരിൽ പ്രധാനി കുട്ടികൃഷ്ണമാരാരാ ണു്. അദ്ദേഹം ആറ്റൂരിന്റെ കേരളശാകുന്തളത്തിനെഴുതിയ പഠനം പ്രഖ്യാതമാണു്. കേരളശാകുന്തളത്തിലെ ഗദ്യഭാഗങ്ങളുടെ വിവർത്തനത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു. [15] ‘സംസ്കാരലോപ’മെന്ന വിധത്തിൽ നമ്പ്യാർ കൃതികളെ കുട്ടികൃഷ്ണമാരാര് വിമർശിച്ചതും ചരിത്രത്തിന്റെ ഭാഗമാണു്.

“മഹാഭാരതകഥ അതിനു മുമ്പും മലയാളത്തിൽ വന്നിട്ടുണ്ടു്. നിരണം പണിക്കന്മാർ, തുഞ്ചത്തെഴുത്തച്ഛൻ മുതലായവർ, തന്മൂലം നമുക്കാരാദ്ധ്യരുമാണു്. എന്നാൽ അവരുടെ രചനകൾ സുസംക്ഷിപ്തങ്ങളും അതുകൊണ്ടുതന്നെ തുലോം വികലങ്ങളുമായിരുന്നു. അതിനൊന്നിനും ഇടവെയ്ക്കാതെ ആ മഹേതിഹാസത്തെ അതേപടി നമുക്കു ഭാഷയിലാക്കിതന്ന കുഞ്ഞിക്കുട്ടൻതമ്പുരാന്റെ പൂജനീയതയെപ്പറ്റി ഞാനെന്തുപറയട്ടെ?” [16]
മൂലഗ്രന്ഥ പക്ഷപാതിയായ വിവർത്തന വിമർശകനാണു് കുട്ടികൃഷ്ണമാരാരെന്നു വ്യക്തം. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരത തർജ്ജമയോടാണു് ഏ. ആർ. രാജരാജവർമ്മ യ്ക്കും താല്പര്യം. [17] സംസ്കൃത ക്ലാസ്സിക്കുകളായ രാമായണ മഹാഭാരതങ്ങളോടു് ആഭിമുഖ്യം കാട്ടിയിരുന്ന മാരാരും മറ്റും ഇവയുടെ ഏതുതരത്തിലുള്ള വിവർത്തനത്തെയും മൂലകൃതിയോടു ചേർത്തുവെച്ചു താരതമ്യ വിശകലനം ചെയ്യുകയാണു് ചെയ്തതു്.

“ക്ലാസിക്കുകളിൽ അഭിരമിക്കുന്ന മാരാര് ആ കാവ്യങ്ങളെ ഉപജീവിച്ചെഴുതിയ കൃതികൾ വിലയിരുത്തുമ്പോൾ, മൂലത്തിന്റെ ദാർശനിക ഗൗരവം നഷ്ടപ്പെടുന്നുവെന്നു തോന്നുന്ന സന്ദർഭങ്ങളിൽ, അത്യന്തം അസഹിഷ്ണുവാകുന്നതു കാണാം. പുരാണ കഥാസന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും ഉപജീവിക്കുന്ന കവികൾ അവർക്കു ഹിതകരമായ മാറ്റങ്ങൾ വരുത്തുന്നതും വ്യാഖ്യാനങ്ങൾ നൽകുന്നതും കടുത്ത അക്രമമായേ അദ്ദേഹത്തിനു കാണാനാവൂ”. [18]
നളചരിതം ആട്ടക്കഥയും ചിന്താവിഷ്ടയായ സീതയുമാണു് ഇതിഹാസങ്ങളെ ഉപജീവിച്ചെഴുതിയതിൽ മാരാര് അംഗീകരിക്കുന്ന രണ്ടു രചനകൾ. മഹാഭാരതത്തിലെ ‘ശകുന്തളോപാഖ്യാന’ത്തിനു കാളിദാസൻ വരുത്തിയ മാറ്റങ്ങളെപ്പോലും അദ്ദേഹം അംഗീകരിക്കുന്നതു് വൈമനസ്യത്തോടെയാണു്.

മൂലകൃതിയോടു് ഉരച്ചുനോക്കി നടത്തുന്ന വിവർത്തന വിമർശനത്തിനു് ഏറ്റവും മികച്ച ഉദാഹരണങ്ങളാണു് രാജാങ്കണത്തിലെ ‘നമ്മുടെ സംസ്കാരലോപം’, ‘പഴയ മൂന്നു കൃതികൾ’ എന്നീ പ്രബന്ധങ്ങൾ. ‘പരിപാവനതകൊണ്ടും പ്രകൃതി സൗഭഗംകൊണ്ടും സമൃദ്ധികരത്വംകൊണ്ടും ഭാരതവർഷത്തിലെ കുലാചലങ്ങളായ’ ശ്രീ മഹാഭാരതവും ശ്രീമദ് വാല്മീകി രാമായണവും സംഭരിച്ചുവെച്ച സംസ്കാര സമ്പത്തു് അവയെ ഉപജീവിച്ചെഴുതിയ കൃതികളിൽ ചോർന്നു പോയതെങ്ങനെ എന്ന അന്വേഷണമാണു് ആദ്യലേഖനത്തിലെ വിഷയം. ഈ രീതിയിൽ വിശകലനം ചെയ്താൽ തുളസീദാസൻ, കമ്പർ, തുഞ്ചത്താചാര്യപാദർ തുടങ്ങിയ മഹനീയരായ മഹാകവികൾപോലും ആക്ഷേപ വിഷയങ്ങളായിപ്പോകുമെന്നും അദ്ദേഹത്തിനറിയാം. പാണ്ഡവമധ്യമനായ ഭീമസേനൻ സൗഗന്ധിക ഹരണത്തിനായി പോകുമ്പോൾ വഴിവിലങ്ങി കിടന്നുറങ്ങുന്ന വാനരനെ കാണുന്ന സന്ദർഭത്തെ മുൻനിർത്തിയുള്ള മലയാള കാവ്യഭാഗങ്ങളാണു് ലേഖനം വിശകലന വിധേയമാക്കുന്നതു്. തുഞ്ചത്തെഴുത്തച്ഛന്റെ പൈങ്കിളി പാടിയതിനെക്കുറിച്ചു് “മഹാഭാരതകഥയുടെ സംക്ഷിപ്തതരമായ വർണ്ണനയാണല്ലോ എഴുത്തച്ഛന്റെ കിളിപ്പാട്ടു്; ആ നിലയ്ക്കു് സംഗ്രഹമൂലകമായ ന്യൂനതകളെല്ലാം അപരിഹാര്യമാണു്. എന്നാൽ, ആർഷഭൂമിയിലെ ജീവിതത്തിലെങ്ങും പരിലസിക്കുന്ന ആ സംസ്കാരം—ജീവികളെ കവച്ചുകടക്കുന്നതു സർവന്തര്യാമിയായ പരമാത്മാവിനെ അനാദരിക്കലാണെന്ന ബോധം—കൈരളിയുടെ തത്ത്വാചാര്യനായ തുഞ്ചത്തെഴുത്തച്ഛന്റെ ഈ ഗാഥയിൽ വെറും ചാർച്ചവീഴ്ചകളെ സംബന്ധിച്ച ബോധമായി ചുരുങ്ങിപ്പോയതെങ്ങനെ?” [19]
മഹാഭാരതത്തെ ഉപജീവിച്ചു് വിവിധ ജനുസ്സുകളിൽ രൂപമെടുത്ത പാഠങ്ങളെല്ലാം ഒരുമിച്ചു് വിമർശനം ചെയ്യാൻ മാരാര് മടിച്ചില്ല. ഭാരതചമ്പു, കല്യാണസൗഗന്ധികം (കൊ. വ. എട്ടാംശതകം), കോട്ടയത്തുതമ്പുരാന്റെ കഥകളി, കാർത്തികതിരുന്നാളിന്റെ ആട്ടക്കഥ, കുഞ്ചൻനമ്പ്യാരു ടെ ശീതങ്കൻതുള്ളൽ എന്നിവ മാരാര് വിശകലന വിധേയമാക്കുന്നു. മഴമംഗലം നമ്പൂതിരിയുടെ ഭാഷാനൈഷധചമ്പു, കുഞ്ചൻ നമ്പ്യാരുടെ നളചരിതം കിളിപ്പാട്ടു്, ഉണ്ണായിവാരിയരു ടെ നളചരിതം ആട്ടക്കഥ എന്നിവ താരതമ്യം ചെയ്യുന്ന ‘പഴയ മൂന്നുകൃതികൾ’ എന്ന ലേഖനവും ഇതിഹാസ സന്ദർഭങ്ങളോടു് ഉരച്ചുനോക്കുന്ന വിശകലന രീതിയാണു് സ്വീകരിച്ചതു്. ഇതിഹാസ കഥയിൽ ചെയ്യുന്ന കുറ്റമറ്റ പരീക്ഷണം, ഇതിഹാസോക്തിയെ ഏറ്റുപാടുക മാത്രം ചെയ്യുന്നു തുടങ്ങിയ നിരീക്ഷണങ്ങളാണു് നടത്തുന്നതു്. ഉണ്ണായിവാരിയരെ കുറിച്ചു് “അദ്ദേഹത്തിനറിയാം, താൻ ആരുടെയടുത്താണു് പെരുമാറുന്നതെന്നും, അവരെ സൃഷ്ടിച്ചുവെച്ച ആ ഋഷി ആരാണെന്നും തന്റെ കർത്തവ്യമെന്താണെന്നുമെല്ലാം”. മൂലകൃതിയുടെ അപ്രമാദിത്വത്തിനും പ്രഭാവത്തിനും മുന്നിൽ കാവ്യഗുണം നഷ്ടപ്പെടുമോ എന്ന ഭീതിയിൽ പരമാവധി വിശ്വസ്തത പാലിച്ചുനിൽക്കുന്ന വിവർത്തന പ്രക്രിയയുമാണു് ഇവിടെ കാണുന്നതു്.

മനുഷ്യചിന്തയുടെ വിവർത്തനമാണു് എഴുതപ്പെടുന്ന പാഠ [20] മെന്ന അടിസ്ഥാന തലങ്ങളിൽ നിന്നു് തുടങ്ങി മൂലപാഠത്തെകുറിച്ചുള്ള പടിഞ്ഞാറൻ ആശയത്തോടു ചേർന്നുപോകുന്ന ചർച്ചകൾ മലയാളത്തിലെ വിവർത്തന പഠനങ്ങളുടെ ആദ്യകാലം തൊട്ടേ സജീവമാണു്. എന്നാൽ, ‘വിവർത്തു്’ എന്ന വേദാന്തത്തിലെ പദത്തിൽ നിന്നാണു് വിവർത്തനം രൂപപ്പെട്ടതു്. ലോകം ബ്രഹ്മത്തിന്റെ വിവർത്തനമാണു്. ഒരുസ്ഥിരസത്തയുടെ പല പ്രതിഭാസങ്ങളാണു് വിവർത്തനങ്ങൾ എന്നർത്ഥം. അപ്പോൾ മൂലവും വിവർത്തനവും തത്തുല്യമല്ല. ഒന്നിനു് സാധ്യമായ അനേകം പ്രതിഭാസങ്ങളിൽ, അവതാരങ്ങളിൽ ഒന്നു മാത്രമാണു് വിവർത്തനം. [21]
എന്നിങ്ങനെയുള്ള ഇന്ത്യൻ സംജ്ഞകളും ആശയങ്ങളും ഇരിക്കെയാണു് മൂലപാഠത്തിന്റെ അപ്രാപ്യതയിലേക്കുവരെ ആ ചർച്ചകൾ നീണ്ടതു്. ഏതാണു് മൂലപാഠമെന്നതു് പല വിവർത്തന പാഠങ്ങൾക്കും ഒരു പ്രശ്നമാണു്. മൂലപാഠത്തിന്റെ സ്രോത ഭാഷയും (sourse language) ലക്ഷ്യ ഭാഷാവിവർത്തനത്തിനു് അടിസ്ഥാനമാക്കിയ ഭാഷാപാഠവും ഒന്നാവണമെന്നുമില്ല. [22]
ഇന്ത്യയിലെ രാമായണ- മഹാഭാരത പരിഭാഷകൾ കൊണ്ടാടപ്പെട്ടതും അവ ജന്മമെടുത്ത ഭാഷകളിൽ മൗലിക രചനകളായിത്തന്നെ വാഴ്ത്തപ്പെട്ടതും അവയ്ക്കു് വാല്മീകി യുടെയോ വ്യാസന്റെ യോ മറ്റോ ‘മൂലകൃതി’കളുമായുള്ള സാമ്യങ്ങൾ കൊണ്ടല്ല, പ്രാദേശികഭേദങ്ങളും സമീപനഭേദങ്ങളും ഭാവനയുടെ മൌലിക രീതികളും ശൈലീ വൈശിഷ്ട്യങ്ങളും കൊണ്ടാണു്. [23]

വിവർത്തന പ്രക്രിയയിൽ പലരീതിയിൽ സ്വാധീനിക്കുന്ന ഒരു കേന്ദ്രമാണു് മൂലപാഠമെന്നും വിവർത്തകരുടെ സ്വാതന്ത്ര്യത്തിൽ അതു് കൈകടത്തുമെന്നുമുള്ള വാദങ്ങൾ യൂറോപ്പിൽ ഘടനാവാദാനന്തര ചിന്തകളോടെയാണു് കടന്നുവന്നതു്. ഈ പരിസരത്തിലാണു് വിവർത്തനം ലക്ഷ്യ ഭാഷാ വായനക്കാരെ മുൻനിർത്തിയുള്ള വ്യാഖ്യാനമായും (interpretation) പുനർസൃഷ്ടിയായും (transcreation) മാറിയതു്. [24]
കൃതികൾ വിവർത്തനങ്ങളാണെങ്കിൽ അങ്ങനെതന്നെ പരാമർശിച്ച വിമർശകനാണു് ജോസഫ് മുണ്ടശ്ശേരി. വിവർത്തനം, പരിഭാഷ, തർജ്ജമ, ആശയാനുവാദം, ഭാഷാന്തരീകൃതം, മലയാളീകരണം തുടങ്ങിയ സാങ്കേതിക പദങ്ങൾ അത്തരം കൃതികളെ പരാമർശിക്കാൻ അദ്ദേഹം ഉപയോഗിച്ചു. വള്ളത്തോൾകവിത ഒരു പഠനം (1971) എന്ന പുസ്തകത്തിൽ വള്ളത്തോളിന്റെ വാല്മീകി രാമായണം മുതൽ ഋഗ്വേദം വരെയുള്ള വിവർത്തനങ്ങളും മറ്റു രചനകളും പഠന വിധേയമാക്കുന്നുണ്ടു്.

“വള്ളത്തോൾ കൃതികൾ എന്നു വിളിക്കാവുന്നവയല്ല ഈ തർജ്ജമകൾ. വേറെയും കവികൾ സംസ്കൃതത്തിൽ നിന്നും പുരാണാദികൾ ചെയ്തിട്ടില്ലെന്നില്ല. അവയിൽ പലർക്കും ആ തർജ്ജമകളേ സ്വന്തം കൃതികളായവകാശപ്പെടാനുണ്ടാവൂ. വള്ളത്തോളിനു് സ്വന്തം കൃതികൾ വേണ്ടുവോളമുണ്ടല്ലോ… ഭാഷാസാഹിത്യത്തിന്റെ അടിത്തറ കെട്ടിയുറപ്പിക്കാൻ തീർച്ചയായും വേണ്ടതുമായ പ്രാമാണിക കൃതികൾ എല്ലാം തന്നെയും സ്വന്തം കൈയാൽ പരിഭാഷപ്പെടുത്തി എന്നതു് വള്ളത്തോളി നു് അഭിമാനിക്കത്തക്കതാണു്”. [25]
സ്വകൃതികളെന്നും വിവർത്തന കൃതികളെന്നും വേർതിരിക്കാൻ മലയാള സാഹിത്യം ആരംഭിച്ചതു് ഇക്കാലത്താണു്. സാഹിത്യ പഠനങ്ങളിൽ വിവർത്തനങ്ങളെ വേർതിരിച്ചുകാണുന്ന രീതിയും വിവർത്തന സാഹിത്യം മറ്റു് സർഗ്ഗാത്മക രൂപങ്ങളിൽനിന്നു് ഭിന്നമാണെന്ന കാഴ്ചപ്പാടും ഇക്കാലത്തോടെ സാംസ്കാരിക രംഗത്തുണ്ടായി. കവി, വിവർത്തകൻ എന്നീ രണ്ടുതരത്തിലും വ്യക്തിസത്ത (identity) നേടാൻ വള്ളത്തോളിനു കഴിയുന്നു. കവിത്വവും വിവർത്തനവും രണ്ടുതരം സർഗ്ഗാത്മക നൈപുണികളാണെന്നു് സാംസ്കാരികരംഗം അംഗീകരിക്കാൻ തുടങ്ങി. വിവർത്തകർ എന്ന എഴുത്തുകാരുടെ ഗണം വേർതിരിക്കപ്പെട്ടു. പില്കാലത്തു് ഭാഷയും സാഹിത്യവും പുഷ്ടിപ്പെടുത്തുകയെന്ന വിവർത്തനങ്ങളുടെ ദൗത്യം അംഗീകരിക്കുകയും അത്തരത്തിൽ പഠനങ്ങളുണ്ടാകുകയും ചെയ്യുന്നു. [26]
മലയാളത്തിൽ വിവർത്തനങ്ങളെയും വിവർത്തന പഠനങ്ങളെയും കുറിച്ചു് ചരിത്രപരവും സൈദ്ധാന്തികവുമായ അന്വേഷണം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണു് തുടങ്ങുന്നതു്. മലയാളത്തിലെ വിവർത്തന ചിന്തകളിൽ ഗുണ്ടർട്ട് തൊട്ടുള്ളവരുടെ ചരിത്രം ഡോ. ജയാ സുകുമാരൻ അടയാളപ്പെടുത്തുന്നുണ്ടു്. [27] 1973-ൽ ഒരു സംഘം ലേഖകർ ചിട്ടപ്പെടുത്തി കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘വിവർത്തനം മലയാളത്തിൽ’ ഈ മേഖലയിലുണ്ടായ ആദ്യകാല പുസ്തകങ്ങളിൽ പ്രധാനപ്പെട്ടതാണു്. [28] സാഹിത്യ-സാഹിത്യേതര മേഖലകളിലെ വിവർത്തനങ്ങൾ, വിവർത്തനങ്ങളുടെ ചരിത്രം, വിവർത്തനത്തിലെ പ്രശ്നങ്ങൾ, ഭാഷാശാസ്ത്ര തലം തുടങ്ങിയവ ഈ സമാഹാരത്തിൽ അവതരിപ്പിച്ചു. നിരൂപകനും കവിയുമായ എൻ. വി. കൃഷ്ണവാരിയർ എഴുതിയ അവതാരിക അക്കാലംവരെയുള്ള വിവർത്തന പഠനത്തിന്റെ സൈദ്ധാന്തികതലം പ്രതിപാദിച്ചു് മലയാളത്തിലെ വിവർത്തന വിമർശനത്തെ സമകാലികമാക്കിത്തീർത്തു. 1965-ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ജെ. സി. ക്യാറ്റ്ഫോർഡി ന്റെ ഭാഷാശാസ്ത്രത്തെ മുൻനിർത്തി വിവർത്തനത്തെ വിശകലനം ചെയ്യുന്ന A Linguistic Theory of Translation: An Essay on Applied Linguistics അവലംബമാക്കിയാണു് ഈ അവതാരിക എൻ. വി. തയ്യാറാക്കിയതു്. സ്രോത ഭാഷ (source language), ലക്ഷ്യ ഭാഷ (target language) തുടങ്ങിയ സാങ്കേതികപദങ്ങൾ, വിവർത്തനചരിത്രം, ക്യാറ്റ്ഫോർഡിന്റെ ഭാഷാശാസ്ത്രാധിഷ്ഠിതമായ വിവർത്തന നിർവചനം, പ്രയുക്ത ഭാഷാശാസ്ത്രത്തിന്റെ (applied linguistics) ഭാഗമായി മാറിയ വിവർത്തനശാസ്ത്രം, ലിപ്യന്തരണം (transliteration) തുടങ്ങിയവ ഈ അവതാരിക ചർച്ചചെയ്തു. ഭാഷാശാസ്ത്രവുമായി ബന്ധിപ്പിച്ചു് വിവർത്തന പഠനങ്ങളിലെ ലോകമെമ്പാടുമുള്ള ചിന്തയോടു ചേർന്നുപോകാൻ മലയാളത്തിലെ വിവർത്തന വിമർശനത്തിനു സാധിച്ചതു് ഇതോടുകൂടിയാണു്. മൂലകൃതിയുടെയും ഗ്രന്ഥകാരന്റെയും അപ്രമാദിത്വത്തിനപ്പുറം മൊഴിമാറ്റം ചെയ്യുന്നതു് ഒരു ഭാഷാവസ്തുവാണു് എന്ന യാഥാർത്ഥ്യത്തിലേക്കു് വിവർത്തന വിചാരത്തെ എത്തിക്കാൻ കൃഷ്ണവാരിയർക്കു് കഴിഞ്ഞു. അർഥവിജ്ഞാനം, സാമൂഹിക ഭാഷാശാസ്ത്രം, ആശയവിനിമയ സിദ്ധാന്തങ്ങൾ (communication theories) തുടങ്ങിയ ഭാഷാശാസ്ത്ര ശാഖകളുടെ വികാസം വിവർത്തന ചിന്തകളിൽ മാറ്റം വരുത്തിയതും അധികം വൈകാതെ മലയാളത്തിലെ വിവർത്തന വിമർശനം സ്വീകരിച്ചു. [29]

യൂജിൻ എ. നൈഡ യും (Eugene Nida 1914–2011) ജെ. സി. ക്യാറ്റ്ഫോർഡു മാണു് ഇക്കാലഘട്ടത്തിലെ വിവർത്തന ചിന്തകർ. മൂലകൃതിയെ ലളിതവും അർത്ഥപ്രസക്തിയുമുള്ള കെർണലുകൾ (kernels) ആക്കുക, ഘടനാപരമായി ലളിതമായ രീതിയിൽ അർത്ഥം ലക്ഷ്യ ഭാഷയിലേക്കു മാറ്റുക, ലക്ഷ്യ ഭാഷയിൽ അർത്ഥതലത്തിലും ഘടനാതലത്തിലും തുല്യമായ വാക്യം രൂപപ്പെടുത്തുക—ഇങ്ങനെയാണു് കെർണൽ നിർമ്മിതിയിലെ വിവർത്തന പ്രക്രിയ. ലോകത്തിലെ എല്ലാ ഭാഷകളുടെയും കെർണലുകൾ സമാനമാണെന്നു് നൈഡ കരുതി. ഇരുപതാം നൂറ്റാണ്ടിൽ വിവർത്തന ചിന്തയിലും പ്രയോഗത്തിലുമുണ്ടായ വിപ്ലവം എന്നാണു് ജോർജ് സ്റ്റെയ്നർ ഇക്കാലത്തെ വിശേഷിപ്പിക്കുന്നതു്. [30] കെർണൽ രീതി (kernel method) ഉപയോഗിച്ചു് നൈഡ തയ്യാറാക്കിയ വിവർത്തനതന്ത്രം മെഷീൻ ട്രാൻസ്ലേഷന്റെ പുതിയ കമ്പ്യൂട്ടർ കാലത്തിലേക്കു വരെ എത്തിച്ചു. [31]

ഭാഷാശാസ്ത്രം, അർത്ഥവിജ്ഞാനീയം, ബൈബിൾ വിവർത്തനം എന്നിവയുമായി ബന്ധപ്പെട്ടാണു് അമേരിക്കൻ ഭാഷാശാസ്ത്രജ്ഞനായ യൂജിൻ നൈഡ യൂജിൻ നൈഡ സങ്കല്പനങ്ങൾ രൂപീകരിച്ചതു്. വിശ്വസ്തതയുമായി ബന്ധപ്പെട്ടു് സമമൂല്യതയെക്കുറിച്ചാണു് (equivalence) അദ്ദേഹം സംസാരിച്ചതു്. സ്രോതപാഠത്തിന്റെ ഘടനയും ഉള്ളടക്കവുമായി ബന്ധപ്പെട്ട രൂപപരമായ സമമൂല്യതയെ (“formal equivalence tends to emphasize fidelity to the language structure of the original language”) കൂടാതെ അദ്ദേഹം മുന്നോട്ടുവെച്ച ലക്ഷ്യ ഭാഷാ വായനക്കാരെ മുൻനിർത്തിയുള്ള ചലനാത്മക സമമൂല്യത (dynamic equivalence -“the relationship between receptor and message should be substantially the same as that which existed between the original receptors and the message”) എന്ന സങ്കല്പനം ഏറെ ശ്രദ്ധ നേടി. മൂലപാഠത്തോടുള്ള വിശ്വസ്തതയേക്കാൾ ലക്ഷ്യപാഠത്തിന്റെ വായനക്കാർക്കു് അതു് പ്രാധാന്യം നൽകി. സ്രോതപാഠം എങ്ങനെയാണോ ഫലമുണ്ടാക്കിയതു് അതേ അനുഭവത്തെ പുനരുല്പാദിപ്പാക്കാനുള്ള ശ്രമമാണു് ചലനാത്മക സമമൂല്യതയുള്ള വിവർത്തനത്തിലുള്ളതു്. നൈഡ വിശ്വസ്തത എന്ന ആശയത്തിനു് നൽകിയ കൂടുതൽ സാധ്യതകൾക്കു് പില്ക്കാല വിവർത്തന പഠന ചിന്തകളിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞു.
വിവർത്തനത്തെ ആശയവിനിമയ മാർഗ്ഗം എന്ന നിലയിലാണു് നൈഡ കണ്ടതു്. ഭാഷാപരവും സാംസ്കാരികവുമായി വൈവിധ്യമുള്ള ജനവിഭാഗങ്ങൾ തമ്മിലുള്ള വിടവു് ഇല്ലാതാക്കാനാണു് വിവർത്തനം ലക്ഷ്യമാക്കുന്നതു്. പദങ്ങളുടെ വെച്ചുമാറ്റമല്ല, സ്രോത ഭാഷാ പാഠത്തിന്റെ സമാനാർത്ഥം ലക്ഷ്യ ഭാഷയിലും കൈമാറ്റം

ചെയ്യുന്നുവെന്നതാണു് ഉറപ്പുവരുത്തേണ്ടത് (semantic transfer). സ്രോതപാഠത്തിലെ ആശയ പരിസരങ്ങളും സാംസ്കാരിക സൂചനകളും ലക്ഷ്യപാഠത്തിന്റെ വായനക്കാർക്കു് ലഭിക്കേണ്ടതുണ്ടു് (cultural transfer) എന്നീ ആശയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. പാഠപരിസരം എന്ന ആശയത്തിനു് പ്രാധാന്യം നൽകി. ഓരോ പദവും ശൈലിയും പാഠപരിസരത്തെ സംബന്ധിച്ചു് പ്രധാനമാണു്. വിവർത്തനത്തിലും ഇതു് പരമപ്രധാനമാണു്. പദങ്ങളിലും ശൈലികളിലും അർത്ഥം ഉള്ളടങ്ങിയതെങ്ങനെയെന്നു് ഭാഷാപരിസരത്തിലാണു് (linguistic context) അന്വേഷിക്കേണ്ടതു്. പാഠം എങ്ങനെ വായിക്കുന്നു, വ്യാഖ്യാനിക്കുന്നു എന്നതിന്റെ സാംസ്കാരികപരിസരവും (cultural context) പ്രധാനമാണു്. സ്രോതപാഠം എത്തരത്തിലാണോ വായനക്കാർക്കു് അനുഭവപ്പെട്ടതു് അത്തരത്തിലുള്ള ഫലം ലക്ഷ്യ ഭാഷാ വായനക്കാർക്കു് ലഭിക്കുമ്പോഴാണു് സമമൂല്യതയുള്ള വിവർത്തനമെന്നു പറയാൻ കഴിയുന്നതു്. ഇരുഭാഷകളിലും സംസ്കാരത്തിലുമുള്ള പാണ്ഡിത്യം വിവർത്തകർക്കു് ഇവിടെ സഹായകരമാകും.
സ്രോതപാഠത്തിന്റെ വിവർത്തനക്ഷമതയും (translatability) വിവർത്തകർ നേരിടുന്ന പരിമിതിയും നൈഡ ചർച്ച ചെയ്തിട്ടുണ്ടു്. ഒരു വാക്യത്തിലെ തന്നെ എല്ലാ ഘടകങ്ങളും വിവർത്തനത്തിനു് വഴങ്ങണമെന്നില്ല എന്നു് നൈഡ സമ്മതിക്കുന്നു. സ്രോതലക്ഷ്യ ഭാഷകൾ തമ്മിലുള്ള വ്യാകരണപരമായ വ്യത്യാസങ്ങൾ,

പദാവലി, വാക്യഘടന തുടങ്ങിയവയിൽ നിന്നും ഭാഷാപരമായ പരിമിതികളും സാംസ്കാരിക സമ്പ്രദായങ്ങൾ ജീവിത മനോഭാവങ്ങൾ തുടങ്ങിയവയിലെ വ്യത്യാസങ്ങൾ സാംസ്കാരിക പരിമിതിയും വാചകത്തിന്റെ രൂപം, തരം, ശൈലി തുടങ്ങിയ പാഠവുമായി ബന്ധപ്പെട്ട പരിമിതികളും അദ്ദേഹം പരിഗണിക്കുന്നു. ഇത്തരം പരിമിതികൾ മറികടന്നു് വിശ്വസ്തത നിലനിർത്താൻ പല മാർഗ്ഗങ്ങൾ സ്വീകരിക്കാൻ വിവർത്തകർ നിർബന്ധിതരാകുന്നു. ഭാഷാശാസ്ത്രം കൂടാതെ ചിഹ്നശാസ്ത്രം, ആശയവിനിമയ സിദ്ധാന്തങ്ങൾ, സാംസ്കാരിക പഠനം എന്നിങ്ങനെ വിവർത്തനത്തെ നിരവധി ജ്ഞാനശാഖകളുമായി ബന്ധിപ്പിച്ച നൈഡയുടെ സമീപനരീതി പില്ക്കാലത്തു് വിവർത്തന പഠനത്തിൽ വളരെ സ്വാധീനം ചെലുത്തി. മൂലപാഠവുമായുള്ള താരതമ്യം എന്ന പഠനരീതിയിൽ നിന്നും വിവർത്തന പഠനങ്ങൾ വികസിക്കാൻ കാരണമായതു് നൈഡയുടെ ഈ അന്തർവൈജ്ഞാനിക സമീപനമാണു്. [32]
നൈഡയോടൊപ്പം തന്നെ പരിഗണിക്കേണ്ട വ്യക്തിയാണു് റഷ്യൻ ഭാഷാശാസ്ത്രജ്ഞനും ചിഹ്നസൈദ്ധാന്തികനുമായ റോമൻ ജാക്കോബ്സൻ (Roman Jacobson, 1896–1982). ഭാഷ സൂചകങ്ങളുടെ ഘടനയാണു് എന്ന ചിഹ്നശാസ്ത്ര ആശയങ്ങൾ തിരിച്ചറിയുന്നതു് വിവർത്തർക്കു് പ്രയോജനകരമാണെന്നു് അദ്ദേഹം

വാദിച്ചു. [33] പാഠത്തിന്റെ സാംസ്കാരിക പരിസരവും അതു് സ്രോത ഭാഷാ സമൂഹത്തിൽ ഉളവാക്കിയ ഫലങ്ങളും തിരിച്ചറിയുന്ന സാംസ്കാരികാവബോധമാണു് (cultural sesitivity) വിവർത്തകർക്കു് ആവശ്യം. പില്ക്കാലത്തു് വിവർത്തന പഠനത്തിൽ സാംസ്കാരിക പഠനത്തിന്റെ സ്വാധീനത്തിനു് ഇതു് കാരണമായി. [34] സ്രോത ഭാഷാ പാഠത്തിന്റെയും പാഠഭാഗങ്ങളുടെയും സാംസ്കാരിക സാഹചര്യം മനസ്സിലാക്കുന്നതിലാണു് (contextual understanding) വിവർത്തകർ ശ്രദ്ധിക്കേണ്ടതു്. സാഹിത്യ വിവർത്തനത്തിൽ പ്രായോഗികവും സൗന്ദര്യാത്മകവുമായ സർഗ്ഗാത്മക അനുവർത്തനമാണു് (creative adaptation) ജാക്കോബ്സൻ നിർദ്ദേശിക്കുന്നതു്. സ്രോത ഭാഷാ പാഠത്തിന്റെ വൈകാരിക, വൈചാരിക, സൗന്ദര്യാത്മക പ്രവർത്തനങ്ങൾ വിവർത്തകർ ഗ്രഹിച്ചിരിക്കണം.
ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്കുള്ള പരമ്പരാഗത വിവർത്തന സങ്കല്പനങ്ങളെ (inter lingual translation) കൂടാതെ പാഠത്തിന്റെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും പുനരുല്പാദനങ്ങളുമായി ഒരേ ഭാഷയിൽ തന്നെ നടക്കുന്ന വിവർത്തനങ്ങൾ (Intra lingual translation), ഭാഷയിൽ നിന്നും സംഗീതം, ചിത്രം, ശില്പം, സിനിമ, നൃത്തം, നാടകം എന്നിങ്ങനെ ഒരു ചിഹ്നവ്യവസ്ഥയിൽ നിന്നും മറ്റൊരു ചിഹ്നവ്യവസ്ഥയിലേക്കു് നടത്തുന്ന വിവർത്തനങ്ങൾ (inter semiotic translation) തുടങ്ങി വിവർത്തനമെന്ന മേഖല വിപുലപ്പെടുത്തിയതു് ജാക്കോബ്സനാണു്. ചിഹ്നശാസ്ത്രത്തിന്റെ ആശയങ്ങൾ മുൻനിർത്തി ഭാഷകൾ സ്വാഭാവികമായും ഘടനാപരമായും വ്യത്യസ്തങ്ങളായതിനാൽ തുല്യമായ വിവർത്തനത്തിനു് സാധ്യതയില്ല എന്നു് അദ്ദേഹം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. സമമൂല്യപാഠത്തെ

നിർമ്മിക്കലാണു് സാധ്യമായതു്. ഭാഷാശാസ്ത്രത്തെ അടിസ്ഥാനമാക്കി പദങ്ങളും അവയുടെ അർത്ഥവും തമ്മിലുള്ള ബന്ധം, ഭാഷയുടെ കാവ്യാത്മകതയും സൗന്ദര്യാത്മകതയും സർഗ്ഗാത്മക വിവർത്തനത്തിൽ പ്രസക്തമാകുന്നതെങ്ങനെ തുടങ്ങിയവ ജാക്കോബ്സൻ വിശദീകരിച്ചു. പാഠത്തിന്റെ രൂപവും ശബ്ദവും സൗന്ദര്യാത്മകതയും ഉള്ളടക്കത്തോളം തന്നെ പ്രധാനമാണു്. വ്യത്യസ്ത ഭാഷകൾക്കു് വ്യത്യസ്തമായ ആവിഷ്കരണരീതികളാണു് ഉള്ളതു്. രൂപകങ്ങളും ഉപമകളും അതിനു ഭംഗി നൽകുന്നു. ഓരോ ഭാഷയുടെയും ആവിഷ്കാരത്തിലെ മുൻഗണനകൾ തിരിച്ചറിയുന്നതിലാണു് വിവർത്തനക്ഷമത (translatability) നിലകൊള്ളുന്നതു്. അർത്ഥം പദത്തിനുള്ളിൽ ഒളിച്ചിരിക്കുന്നില്ല. അതു് ഉപയോഗിക്കുന്ന പരിസരം അഥവാ സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വാക്കും അടുത്തവാക്കും തമ്മിലുള്ള ബന്ധം, ക്രമം, താനം തുടങ്ങിയവയും അർത്ഥത്തെ നിർണ്ണയിക്കുന്നു. ഇത്തരത്തിൽ ലക്ഷ്യപാഠ നിർമ്മിതി അഥവാ വിവർത്തന പ്രക്രിയ പാഠത്തിൽ നിന്നും അതിന്റെ പരിസരത്തിലേക്കു് മാറ്റുകയാണു് റോമൻ ജാക്കോബ്സൻ ചെയ്തതു്. [35] വിവർത്തന പഠനം സംസ്കാര പഠനമായി മാറുന്നതാണു് പില്ക്കാലത്തെ കാഴ്ച.

സാഹിത്യമുൾപ്പെടെയുള്ള കലകൾ സാംസ്കാരിക രൂപങ്ങളെന്ന (cultural form) നിലയിലാണു് അക്കാദമിക മേഖലയിൽ ഇന്നു് പരിഗണിക്കുന്നതു്. കലകളിലടങ്ങിയ സാംസ്കാരിക വ്യവഹാരങ്ങളുടെ കാരണവും അർത്ഥവും മൂല്യവും പ്രാധാന്യവും പരസ്പരബന്ധവും കണ്ടെത്തുന്നതാണു് അക്കാദമിക പഠനങ്ങളുടെ പൊതുരീതിശാസ്ത്രം. സാംസ്കാരിക പാഠങ്ങളിലെ ഭാഷ, പഴഞ്ചൊല്ലുകൾ, പുരാവൃത്തങ്ങൾ, തത്വസംഹിതകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പ്രതീകങ്ങൾ, സംഘടിത സ്മരണകൾ, ഫലിതങ്ങൾ, ആശംസാ രീതികൾ, സ്ഥാപനങ്ങൾ, ജീവിത വീക്ഷണം തുടങ്ങിയവയിലൂടെ അവയുടെ സാമൂഹിക സാംസ്കാരിക തലത്തെ വേർതിരിച്ചെടുക്കാനാവും. സാമൂഹിക പ്രത്യയശാസ്ത്രം വെളിപ്പെടുത്തുന്ന സൂചനകളും അർത്ഥതലങ്ങളും ഈ സൂചകങ്ങളിൽ ഉള്ളടങ്ങിയിരിക്കും. മലയാളത്തിൽ കുമാരനാശാനും നാരായനും സാറാജോസഫും രചനകളിൽ ഉപയോഗിക്കുന്ന സൂചകങ്ങളുടെ കാലികവും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ വ്യതിരിക്തതകൾ ഉദാഹരണമാണു്. ഈ തിരിച്ചറിവിൽ നിന്നാണു് വിവർത്തനങ്ങളെയും വിവർത്തന പ്രക്രിയയെയും പരിഗണിക്കേണ്ടതു്. ഭാഷാവിനിമയമെന്ന നിലയിൽ വിവർത്തനം ആദ്യം പരിഗണിക്കപ്പെടുന്നതു് ഒരു സാംസ്കാരിക പ്രതിനിധാന പ്രക്രിയ ആയാണു്. സാംസ്കാരിക പഠനങ്ങളുടെ (cultural studies) ജ്ഞാനമണ്ഡലത്തിൽ വിവർത്തനങ്ങളുടെ സാംസ്കാരിക വിനിമയ പ്രക്രിയ കൂടുതൽ സൂക്ഷ്മവും രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതുമായി മാറിയിരിക്കുന്നു. അതായതു്, മൂലപാഠത്തിനും (original text) അതു് പ്രതിനിധാനം ചെയ്യുന്ന സാമൂഹിക,സാംസ്കാരിക തലങ്ങൾക്കുമുള്ള പ്രസക്തിയെ കുറിച്ചു് പുനർവിചിന്തനം ആവശ്യമായി വന്നിരിക്കുന്നു. റോമൻ ജാക്കോബ്സന്റെ ചിന്തകളിൽ നിന്നാണു് സാംസ്കാരിക പഠനത്തിന്റെ വിശാലതയിലേക്കു് കടക്കാനുള്ള സൈദ്ധാന്തികത വിവർത്തന പഠനങ്ങൾക്കു് ലഭിച്ചതു്.
സാംസ്കാരിക പഠനം മനുഷ്യ ജീവിതത്തിന്റെ സമഗ്രമായ അനുഭവങ്ങളെയാണു് വിശകലനം ചെയ്യുന്നതു്. സാംസ്കാരികപ്രതിഭാസങ്ങൾ, ആചാരങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങി വിവിധ സന്ദർഭങ്ങളിൽ സംസ്കാരം ഉല്പാദിപ്പിക്കപ്പെടുന്നതും ഉപഭോഗം ചെയ്യുന്നതും അനുഭവിക്കുന്നതുമായ രീതികൾ വിശകലനം ചെയ്യുന്ന രീതിശാസ്ത്രമാണതു്. പ്രത്യയശാസ്ത്രം, ജാതി, വർഗ്ഗഘടനകൾ, ദേശീയരൂപീകരണങ്ങൾ, വംശീയത, ലൈംഗികാഭിമുഖ്യം, ലിംഗഭേദം, തലമുറകൾ തുടങ്ങിയവ സംസ്കാരം ഉല്പാദിപ്പിക്കുന്നതും അനുഭവിക്കുന്നതുമായ ചില ഇടങ്ങളാണു്. ഇത്തരത്തിൽ സമൂഹത്തിൽ മനുഷ്യർ നടത്തുന്ന എല്ലാവിധ പ്രവർത്തനങ്ങളുടെയും ഇടപെടലുകളുടെയും സ്വഭാവ രൂപീകരണത്തിന്റെയും ചിന്തകളുടെയും പിന്നിൽ പ്രവർത്തിക്കുന്ന ആശയങ്ങളെ, അതായതു് വ്യക്തികളുടെ സാംസ്കാരിക രൂപീകരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണു് സാംസ്കാരിക പഠനത്തിലുള്ളതു്. [36] സ്ഥിരവും പരിമിതവും സുസ്ഥിരവും വ്യതിരിക്തവുമായ അസ്തിത്വങ്ങളായല്ല, മറിച്ചു് നിരന്തരം ആശയവിനിമയം ചെയ്യുന്ന, വ്യക്തികളിൽ മാറ്റങ്ങളുണ്ടാക്കുന്നതുമായ സമ്പ്രദായങ്ങളും പ്രക്രിയകളും ആയിട്ടാണു് സാംസ്കാരിക പഠനം ഇവയെ കാണുന്നതു്. പ്രാദേശികമായും ആഗോളമായും അധികാരത്തിന്റെ രൂപീകരണത്തിലും വിതരണത്തിലും സംസ്കാരം വഹിക്കുന്ന പങ്കു് അന്വേഷിക്കാനാണു് ശ്രമിക്കുന്നതു്. ചരിത്രം, അധികാര ഘടനകൾ, പ്രത്യയശാസ്ത്രം, സമ്പദ്വ്യവസ്ഥ, രാഷ്ട്രീയം, അറിവു്, സാങ്കേതിക വിദ്യ, പരിസ്ഥിതി എന്നിവയുമായി വ്യക്തിയുടെ ദൈനംദിന ജീവിതം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു് സാംസ്കാരിക പഠനം പരിശോധിക്കുന്നു. ഭാഷയ്ക്കും ആശയവിനിമയ പ്രക്രിയയും അതുവഴി വിവർത്തനവും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണു്. വിവർത്തനങ്ങൾ സാംസ്കാരിക വിനിമയങ്ങളെയും ധാരണകളെയും ഭാവുകത്വത്തെയും എങ്ങനെ സ്വാധീനിക്കുന്നു, വിവർത്തന ഗ്രന്ഥങ്ങൾ സാംസ്കാരിക ചലനാത്മകതയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നെല്ലാമുള്ള വിശകലനത്തിലാണു് വിവർത്തന പഠനങ്ങൾ സാംസ്കാരിക പഠനങ്ങളായി മാറുന്നതു്.

വ്യക്തി, ഭാഷ, സംസ്കാരം, കാലം തുടങ്ങി ജീവിതത്തിന്റെ വ്യത്യസ്തതകളെ പ്രതിനിധാനം ചെയ്യാൻ വിവർത്തനം ഉൾപ്പെടെയുള്ള സാംസ്കാരിക രൂപങ്ങൾക്കു് കഴിയും. ഇത്തരത്തിൽ സാഹിത്യപാഠം പ്രതിനിധാനം ചെയ്യുന്ന സാമൂഹിക-സാംസ്കാരിക തലം സ്രോതഭാഷാ സംസ്കാരത്തിൽ നടത്തുന്ന ഇടപെടലുകൾ വളരെ പ്രാധാന്യമർഹിക്കുന്നു. കുമാരനാശാനും സാറാജോസഫും നാരായനും മലയാള സാഹിത്യത്തിലും കേരളീയസമൂഹത്തിലും നടത്തിയ സാംസ്കാരികവും രാഷ്ട്രീയവുമായ ഇടപെലുകൾ അവയുടെ വിവർത്തനങ്ങൾക്കും ബാധകമാണു്. കുമാരനാശാന്റെ കവിതകൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യുമ്പോൾ പലതരത്തിലുള്ള പ്രതിനിധാന പ്രക്രിയയാണു് അവിടെ നടക്കുന്നതു്. പ്രാഥമികമായി, ഒരു മലയാള രചനയുടെ മൊഴിമാറ്റമാണതു്. കേവലം ലളിതമായ ഭാഷാ കൈമാറ്റ പ്രക്രിയയല്ല. വായനാ സമൂഹം മാറുന്നു; ആശാൻ കവിത തികച്ചും അപരിചിതമായ സാംസ്കാരിക, രാഷ്ട്രീയ ഇടത്തിൽ/കാലത്തിൽ വായിക്കാനിടയാകുന്നു. കുമാരനാശാൻ എഴുതിയ കേരളീയ ചരിത്ര, സാമൂഹിക, സാഹിതീയ പരിസരങ്ങൾ അറിയാത്തവരാണു് ലക്ഷ്യ ഭാഷാ വായനക്കാർ. അവിടെ ആശാൻ കവിത പുനർവായിക്കപ്പെടുകയാണു്. വിവർത്തകരുടെ ജോലി പാഠത്തിന്റെ അർത്ഥം പരിഭാഷപ്പെടുത്തുകയല്ല, സ്രോത ഭാഷാ ജീവിതത്തെ ലക്ഷ്യ ഭാഷയിലേക്കു് പുനർസൃഷ്ടിക്കുകയാണു്. വാൾട്ടർ ബഞ്ചമിൻ (Walter Benjamin) പറയുന്നതുപോലെ കവിതയുടെ ‘ശേഷജീവിതം’ (afterlife) [37] ആണതു്. മലയാളത്തിൽ ആശാൻ കവിത വിനിമയം ചെയ്ത വസ്തുതകളോ ആശയങ്ങളോ ആവണമെന്നില്ല പരിഭാഷയിൽ വിനിമയം ചെയ്യുന്നതു്.

“വിവർത്തനം ഒരു രൂപമാണു്. ഒരു രൂപമെന്ന നിലയിൽ ഇതിനെ മനസ്സിലാക്കണമെങ്കിൽ നമ്മൾ മൂലകൃതിയിലേക്കു് പോകേണ്ടതുണ്ടു്… ഒരു കൃതി വിവർത്തന ക്ഷമമാണോ അല്ലയോ എന്നതിനു് രണ്ടർത്ഥങ്ങളുണ്ടു്. ഒന്നു്: അതിന്റെ വായനക്കാരുടെ കൂട്ടത്തിലെവിടെയെങ്കിലും അതു വിവർത്തനം ചെയ്യാൻ പ്രാപ്തിയുള്ള ഒരാൾ ഉണ്ടോ? രണ്ടു്, ഒരുപക്ഷേ, കൂടുതൽ പ്രസക്തമായതു്: അതിന്റെ പ്രകൃതം വിവർത്തനത്തിനു് വഴങ്ങുമോ, രൂപത്തിന്റെ സവിശേഷത കൊണ്ടു് അതു് വിവർത്തനം ആവശ്യപ്പെടുന്നുണ്ടോ? ആദ്യത്തേതിന്റെ ഉത്തരം സന്ദർഭാനുസരണം മാത്രം ലഭിക്കുന്നതാണെങ്കിൽ രണ്ടാമത്തേതു് താത്വികമായി ഉരുത്തിരിയേണ്ട ഒന്നാണു്… വിവർത്തനം ഒരു സർഗ്ഗരൂപമാണെങ്കിൽ വിവർത്തന ക്ഷമത ചില കൃതികളുടെ സവിശേഷ ഗുണമായിരിക്കും.” [38]
എഴുതിയ കാലമല്ല വിവർത്തനത്തിന്റെ കാലം. കാലമാണു് രൂപം നിർമ്മിച്ചതു്. കുമാരനാശാന്റെ ശില്പചാതുരിയും പ്രശക്തിയും പ്രസക്തിയും മലയാള സാഹിത്യചരിത്രത്തിൽ ഇന്നോളമുള്ള ശേഷജീവിതവും പ്രധാനമാണു്. സമീപകാലത്തു് നടക്കുന്ന ആശാൻ കൃതികളുടെ പരിഭാഷാ ശ്രമത്തിൽ ഇക്കാലമത്രയും നടന്ന പഠനങ്ങളും ഗവേഷണങ്ങളും ചർച്ചകളും ഉൾപ്പെടാതിരിക്കില്ല. ‘നൂറ്റാണ്ടുകളിലൂടെ യാത്രചെയ്യുമ്പോൾ ഒരു കൃതിയുടെ ഇനവും തരവും മാറും’ [39] എന്നതും ബഞ്ചമിൻ ഓർമ്മിപ്പിക്കുന്നു. രാമചരിതവും അദ്ധ്യാത്മ രാമായണവും നമ്പ്യാർ കൃതികളും ഓർക്കുക. വസ്തുതകളും ആശയങ്ങളും മൂലകൃതിയിൽ നിന്നും പരിഭാഷപ്പെടുത്തുക എന്നതാണു് വിവർത്തനത്തിന്റെ ധർമ്മമായി സ്വീകരിക്കുന്നതെങ്കിൽ അത്തരം വിവർത്തനങ്ങൾക്കു് കാര്യമില്ല എന്നതാണു് ബഞ്ചമിന്റെ അഭിപ്രായം. [40]

“ഉള്ളടക്കമല്ല രൂപമാണു് പരിഭാഷ… ഭാഷ രൂപമാണു് എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം ഭാഷയുടെ സൂചക തലത്തിനു്, അതിന്റെ ഭൗതിക ഘടനയ്ക്ക്, അർത്ഥ തലത്തെക്കാൾ പ്രാധാന്യം ലഭിക്കുക എന്നു കൂടിയാണു്. ഭാഷയുടെ ഭൌതികതയുടെ അടിസ്ഥാനം തന്നെ അതിന്റെ സൂചക തലമാണു്… മൂലഭാഷയിലെ സൂചകങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെ വളർന്നു വരുന്നതാണു് ഭാഷയുടെ രൂപഘടന. ഒരേ വസ്തുവിനെ വിവിധ വാക്കുകളിലൂടെ സൂചിപ്പിക്കുന്ന ഭാഷാഭേദങ്ങൾ അർത്ഥ സൂചനകൾ വിവക്ഷിക്കുന്ന ഭാഷയുടെ കഴിവിനെയാണു് പ്രതീകവൽക്കരിക്കുന്നതു്. ഇതു് പരിഭാഷയുടെ മാത്രമല്ല, ഭാഷയുടെ തന്നെ പ്രത്യേകതയായാണു് ബഞ്ചമിൻ കാണുന്നതു്. വിവർത്തനീയത (translatability) എന്നാണു് ഈ ഭാഷാഗുണത്തെ അദ്ദേഹം വിളിക്കുക. വിവർത്തനീയതയാണു് ഒരു കൃതിയെ—അതു് മറ്റു ഭാഷകളിലേക്കു് വിവർത്തനം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ പോലും—ഇതര ഭാഷകൾക്കു കൂടി ഉൾക്കൊള്ളാവുന്ന പാഠമാക്കി പരുവപ്പെടുത്തുന്നതു്. വിവർത്തനീയമായ കൃതികൾക്കു് സഹജമായിത്തന്നെ ഒരുതരം വൈദേശികതയോ സാർവലൌകികതയോ ഉണ്ടെന്നു വേണമെങ്കിൽ പറയാം” [41]

സ്രോതഭാഷാ വായനക്കാർ മുൻവിധിയോടെയും ആരാധനയോടും വീക്ഷിക്കുന്ന കുമാരനാശാനോ സാമൂഹികവും സാംസ്കാരികവുമായ കാവ്യരചനാ കാരണങ്ങളോ അവിടെയില്ല. ഇത്തരം സാഹിതീയ പരിസരത്തിലാണു് വിവർത്തകർ സ്വാതന്ത്ര്യം അനുഭവിക്കുന്നതു്. മൂലരചനയെ അതേപടി പകർത്താനാവാത്തതിനാൽ ഏതൊരു സാഹിതീയ വിവർത്തനവും പുനർസൃഷ്ടിയായി മാറും.
ഇന്ത്യൻ ഭാഷകളിലല്ലാതെ ഇംഗ്ലീഷ് പോലുള്ള മറുനാടൻ ഭാഷകളിലേക്കു് വിവർത്തനം ചെയ്യുമ്പോൾ അതിനൊരു സംവാദത്തിന്റെ സ്വഭാവം കൂടിയുണ്ടു്. സാംസ്കാരിക നിർമ്മിതി എന്ന നിലയിൽ വിവർത്തനം ഭാഷയും സംസ്കാരവും തമ്മിലുള്ള ഗുണപരമായ സംവാദത്തിനു് ഇടം നല്കുന്നുണ്ടു്. ഇത്തരത്തിൽ സംവാദത്തിനായി തിരഞ്ഞെടുക്കുന്ന ഏറ്റവും ഗുണമേന്മയേറിയ നിർമ്മിതി ഏതു് എന്നതാണു് പ്രധാനം. ഈ വിവർത്തന ഉല്പന്നമാണു് മലയാള സാഹിത്യവുമായി ബന്ധപ്പെട്ടു് ഭാഷ, സംസ്കാരം, കാലം എന്നിവ പ്രതിനിധാനം ചെയ്യുന്നതു്. ഇംഗ്ലീഷ് ഭാഷയിൽ മലയാള സാഹിത്യം പ്രതിനിധാനം ചെയ്യാൻ ഏതൊക്കെ രചനകൾക്കാണു് കഴിയുക, കഴിഞ്ഞതു് എന്നതു പ്രധാനമാണു്. എന്തുകൊണ്ടു് സാഹിത്യ വിവർത്തനം? എന്തുകൊണ്ടു് കുമാരനാശാൻ? എന്നീ ചോദ്യങ്ങൾക്കാണു് പ്രസക്തി. ലക്ഷ്യ ഭാഷയിലും സാഹിതീയ സംസ്കാരത്തിലും ഗ്രാഹ്യമുള്ള വിവർത്തകർ വിവർത്തന കൃതികളുടെ തിരഞ്ഞെടുപ്പിലും വിവർത്തന രീതിയിലും ഇടപെടുന്നുണ്ടു്. സാംസ്കാരികമായ, രാഷ്ട്രീയമായ ഇടപെടലാണതു്. ഓരോ വാക്കും സാംസ്കാരികമാണു്. മൂലരചയിതാവു് രൂപപ്പെടുത്തിയ സാംസ്കാരിക യാഥാർത്ഥ്യത്തിൽ നിന്നും വിവർത്തകർ തങ്ങളുടേതായ സാംസ്കാരിക യാഥാർത്ഥ്യം രൂപപ്പെടുത്തുന്നു. സാറാജോസഫ്, നാരായൻ തുടങ്ങിയവരുടെ രചനകൾ പ്രബല സംസ്കാരത്തിൽ നിന്നു് ഭിന്നമായ പ്രാന്തവത്കൃത സമൂഹത്തിന്റെ ജീവിത വീക്ഷണങ്ങളും വ്യവഹാരങ്ങളും ശൈലികളുമാണു് പ്രതിനിധാനം ചെയ്യുന്നതു്. സാംസ്കാരിക വിനിമയം എന്ന ലക്ഷ്യത്തിനപ്പുറത്തു് ചില രാഷ്ട്രീയ സാധ്യതകൾ കൂടി ഇത്തരം രചനകളുടെ വിവർത്തന പ്രക്രിയയ്ക്കുണ്ടു്. സമൂഹത്തിലെ ഏകപക്ഷീയമായ നിലപാടുകളും ശരികളും പ്രതിരോധിക്കുന്ന സാമൂഹിക പ്രക്രിയയാണു് ഈ എഴുത്തുകാരുടേതു്. ഇവരുടെ രചനകൾ വിവർത്തനം ചെയ്യുമ്പോൾ അവ പ്രതിനിധാനം ചെയ്യുന്ന സാമൂഹികതലം, പ്രതിചരിത്രമെഴുത്തു്, പ്രത്യധീശത്വം, മുഖ്യധാരാ സാഹിത്യത്തിൽ നടത്തുന്ന ഇടപെടൽ തുടങ്ങിയ സൂക്ഷ്മരാഷ്ട്രീയ തലം കൂടി ലക്ഷ്യപാഠ നിർമ്മിതിയിൽ പ്രധാനമാണു്. ഈ തിരിച്ചറിവും തെരഞ്ഞെടുപ്പുമാണു് വിവർത്തനമെന്ന ശേഷജീവിതത്തെ ശ്രേഷ്ഠമാക്കുന്ന പ്രധാന ഘടകം.

സവിശേഷമായ സാമൂഹിക രാഷ്ട്രീയതലം പ്രതിനിധാനം ചെയ്യുന്ന മൂലപാഠത്തിന്റെ തെരഞ്ഞെടുപ്പിൽ തന്നെ വിവർത്തന പ്രക്രിയയിലെ രാഷ്ട്രീയതലം ആരംഭിക്കുന്നു. സംസ്കാര പഠനത്തിൽ രാഷ്ട്രീയം എന്ന പദം അധികാരത്തെക്കുറിച്ചുള്ള പഠനം എന്നാണർത്ഥം. സാംസ്കാരിക തലത്തിൽ മൂലപാഠം വെറും ‘കൃതി’യല്ല (work); അതു് പ്രതിനിധാനം ചെയ്യുന്ന പരിസരമാണു്, ‘ഇട’മാണു് (space) എന്നർത്ഥം. ഇംഗ്ലീഷ് പോലുള്ള അധികാരഭാഷയിലേക്കുള്ള (language of power) വിവർത്തനമാകുമ്പോൾ [42] ശ്രദ്ധേയമായ മറ്റൊരു തലം കൂടിയുണ്ടു്. മലയാള സാഹിത്യ ചരിത്രത്തിന്റെ പ്രതിനിധാനമെന്ന നിലയിൽ ഇംഗ്ലീഷ് വിവർത്തന ശേഖരത്തിൽ അതു് വിനിമയം ചെയ്യുന്നു. ലോകഭാഷകളിലെ റൊമാന്റിക് പ്രസ്ഥാനത്തോടും നവോത്ഥാന ആശയങ്ങളോടും ചേർത്തു് കുമാരനാശാൻ കൃതികൾ സംവേദനം ചെയ്യപ്പെടുന്നു. ഇതിനിടയിൽ മധ്യസ്ഥത (agency) വഹിക്കുന്ന വിവർത്തകർ നിഷ്ക്രിയരല്ല, മറിച്ചു് അവരുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പുകളും നിലപാടുകളുമാണു് വിവർത്തനമെന്ന അന്തിമ ഉല്പന്നം രൂപപ്പെടുത്തുന്നതു്. ലോകമെങ്ങുമുള്ള അധീനവർഗ്ഗ ബൗദ്ധിക രാഷ്ട്രീയ സംഘങ്ങളോടു് ചേർന്നുനിൽക്കണോ എന്ന നിലപാടു് വിവർത്തനത്തിൽ പ്രധാനമാവുന്നു. വിവർത്തനത്തിലൂടെ ഒരു കൃതിക്കു് ലഭിക്കുന്ന മൂല്യവർദ്ധിത (value addition) പ്രക്രിയയാണു്. കീഴാള സാഹിത്യത്തിൽ (subaltern literature) നാരായനും സ്ത്രീരചനകളിൽ (women writing) സാറാജോസഫും കണ്ണിചേരുന്നതു് മൊഴിമാറ്റത്തിലൂടെയാണു്.

ഭാഷാശാസ്ത്രവും സാഹിത്യ സിദ്ധാന്തങ്ങളും സാമൂഹിക ശാസ്ത്രവും സാംസ്കാരിക പഠനങ്ങളും വിവർത്തനത്തിന്റെ വിശകലന പ്രക്രിയയിൽ ഇടപെടുന്നതാണു് പിന്നീടുള്ള വിവർത്തന പഠനത്തിന്റെ ചരിത്രം. സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ പരിപ്രേക്ഷ്യത്തിൽ വിവർത്തനത്തിലെ വിശ്വസ്തത എന്ന സങ്കല്പനത്തെ വിശദീകരിച്ച സൈദ്ധാന്തികനാണു് ലോറൻസ് വെനുറ്റി (Lawrence Venuti). നിരവധി വിമർശന പഠനങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹം വിവർത്തകർക്കു് പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി വാദിച്ചു. [43] വിവർത്തകർ അദൃശ്യരായി വിവർത്തനത്തിൽ സ്രോതപാഠത്തിന്റെ വൈദേശികത്വം (foreignness) നിലനിർത്തുന്നതിനെക്കുറിച്ചു് അദ്ദേഹം വിശദീകരിക്കുന്നു. ലക്ഷ്യപാഠം കൂടുതൽ ദൃശ്യമാകുന്നതരത്തിൽ അതു് സ്രോതസംസ്കാരത്തിന്റെ വ്യതിരിക്തതകൾ നിലനിർത്തുന്നു. സ്രോത പാഠത്തിന്റെ സാംസ്കാരികവും ഭാഷാപരവുമായ പ്രത്യേകതകൾ ലക്ഷ്യ ഭാഷാ വായനക്കാർക്കു് ലഭിക്കുന്നു. ലക്ഷ്യ പാഠത്തിനു പിന്നിൽ പ്രവർത്തിക്കുന്ന സങ്കീർണ്ണവും സർഗ്ഗാത്മകവുമായ വിവർത്തന പ്രക്രിയയ്ക്കാണു് പ്രാധാന്യം. വിവർത്തകർ ദൃശ്യത (visibility) നേടി അംഗീകരിക്കപ്പെടണമെന്നും അദ്ദേഹം വാദിച്ചു. സംസ്കാര വിനിമയത്തിന്റെ മധ്യവർത്തികൾ എന്ന നിലയിൽ വിവർത്തകരുടെ പദവി, വിവർത്തനത്തിന്റെ സങ്കീർണതയും സർഗ്ഗാത്മകതയും, സ്രോതപാഠത്തിന്റെ ആസ്വാദനത്തിൽ നിന്നും ലക്ഷ്യപാഠരൂപീകരണത്തിൽ വിവർത്തകരുടെ പങ്കു് തുടങ്ങിയവ അദ്ദേഹത്തിന്റെ ചർച്ചകളിൽ പ്രാധാന്യം നേടി.
‘Foreignization’ കൂടാതെ അദ്ദേഹം മുന്നോട്ടുവെച്ച സങ്കല്പനമാണു് ‘Domestication’. അതു് സ്രോതപാഠത്തിന്റെ വൈദേശികത്വം നിലനിർത്തുന്നതിനു ഭിന്നമായി ഭാഷാപരവും സാംസ്കാരികവുമായ അപരിചിതത്വം ഇല്ലാതാക്കി ലക്ഷ്യ ഭാഷയ്ക്കിണങ്ങും വിധം വിവർത്തനം ചെയ്യുന്നതാണു്. ഇതു് വിവർത്തകരുടെ അദൃശ്യതയ്ക്കു് (Translator’s invisibility) വഴിതെളിക്കുന്നു എന്നാണു് വെനുറ്റിയുടെ വാദം. [44] വിവർത്തകരുടെ ധാർമ്മികമായ ഉത്തരവാദിത്തത്തെക്കുറിച്ചു് അദ്ദേഹം സംസാരിച്ചു. സ്രോത ഭാഷാ സംസ്കാരത്തിനും ഭാഷാപ്രകടന രീതിക്കും മുൻഗണന കൊടുക്കുന്ന വിവർത്തനത്തിനു വേണ്ടിയുള്ള ശ്രമമാണതു്. വൈദേശിക പാഠത്തിന്റെ അപരിചതത്വം കളയുന്ന ‘Domestication’ രീതി വിവർത്തന പ്രക്രിയ ലഘൂകരിക്കും. അതേസമയം സ്രോതപാഠത്തിന്റെ യഥാർത്ഥ സാംസ്കാരിക പശ്ചാത്തലം ലക്ഷ്യ ഭാഷാ വായനക്കാർക്കു് തിരിച്ചറിയുന്നതിനു വേണ്ടി വൈദേശിക ഘടകങ്ങൾ അക്ഷരാർത്ഥത്തിൽ നിലനിർത്തുന്നതു് ലക്ഷ്യ ഭാഷയുടെ ഭാഷാപരവും സാംസ്കാരികവുമായ മാനദണ്ഡങ്ങൾക്കു് വിരുദ്ധമായി വന്നേക്കാം. ലക്ഷ്യ ഭാഷയുടെ സ്വാഭാവികതയും ഭംഗിയും ഒഴുക്കും തടസ്സപ്പെടുത്തുന്ന വാക്യഘടനയും പദാവലിയും വിവർത്തനത്തെ വൈകൃതമാക്കും. സാംസ്കാരികമായ പൊരുത്തക്കേടുകൾ ലക്ഷ്യപാഠ വായനയ്ക്കു് അരോചകമോ അസംബന്ധമോ ആകും. വിവർത്തനത്തിലെ കാടത്തം (barbarism in translation) എന്നാണു് വെനുറ്റി ഇതു് പരാമർശിക്കുന്നതു്. വിശ്വസ്തത നിലനിർത്താനുള്ള അമിത ശ്രമങ്ങൾ വിവർത്തനം പാടേ പരാജയപ്പെടുത്തുന്ന നിലയിലെത്തിക്കും. മികച്ച ഭാഷാവബോധം, സാംസ്കാരികമായ അനുവർത്തനം (cultural adaptation), സർഗ്ഗാത്മകമായ പ്രശ്നപരിഹാര ശ്രമങ്ങൾ (creative problem-solving) എന്നിവയിലൂടെ ഈ പ്രശ്നങ്ങൾ മറികടക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ലക്ഷ്യസംസ്കാരത്തിലെ പ്രബലമായ ആശയങ്ങളിലും ധാരകളിലും വിള്ളലുകളുണ്ടാക്കാൻ വിവർത്തനങ്ങൾക്കു് സാധിക്കും. തുടങ്ങി വിശ്വസ്തതയിൽ ഒതുങ്ങിനിന്ന വിവർത്തന പഠനത്തെ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ വിമർശമാക്കാൻ വെനുറ്റിക്കു് കഴിഞ്ഞു. വിമർശനാത്മക സാംസ്കാരിക പഠനത്തിന്റെ ഭാഗമായി വിവർത്തന പഠനവും മാറിയതു് ഇക്കാലത്താണു്. [45] വിവർത്തകരുടെ തന്ത്രങ്ങളും തീരുമാനങ്ങളും, സാംസ്കാരിക ചരിത്രപരമായ പരിസരത്തിൽ വിവർത്തനം എങ്ങനെ പ്രവർത്തിക്കുന്നു, സാമ്പത്തികവും സ്ഥാപനപരവുമായ ഇടപെടലുകൾ വിവർത്തനങ്ങളിൽ സ്വാധീനം ചെലുത്തുന്നതു്, തുടങ്ങിയ മേഖലകൾ തുറന്നതു് വിവർത്തനത്തെ സാംസ്കാരിക വിഭവമെന്ന നിലയിൽ വിശകലനം ചെയ്യുന്നതിനു് സഹായകമായി. ചുരുക്കത്തിൽ വിമർശനാത്മകവും ധാർമ്മികവും സാംസ്കാരിക പ്രാധാന്യമുള്ളതുമായ ഒന്നായി വിവർത്തന പഠനം മാറിയതു് വെനുറ്റിയുടെ ഇടപെടലിലാണു്.

ഒരു ജ്ഞാനമേഖല എന്ന നിലയിൽ വിവർത്തന പഠനങ്ങൾ വളരുന്നതിൽ ബൈബിൾ വിവർത്തനങ്ങളെക്കുറിച്ചു് വന്ന അന്വേഷണങ്ങൾക്കു് വലിയ പങ്കുണ്ടു്. മുമ്പു സൂചിപ്പിച്ചതുപോലെ, ന്യായപ്രമാണത്തിൽ നിന്നും വള്ളിയോ പുള്ളിയോ മാറ്റം വരരുതു് എന്ന കല്പനയ്ക്കു മേൽ വിവർത്തനം ചെയ്ത ബൈബിൾ മാതൃകകളിൽ നിന്നാണു് വിവർത്തന വിമർശനം അതിന്റെ രീതികളും രൂപങ്ങളും വികസിപ്പിച്ചെടുത്തതു് എന്നു് ജെയിംസ് ഹോംസും [46] മറ്റും രേഖപ്പെടുത്തിയിട്ടുണ്ടു്. മികച്ചതു്/മോശം, വിശ്വസ്തം/അവിശ്വസ്തം, പദാനുപദ വിവർത്തനം, ഇരുപാഠങ്ങളുടെ സമതുലനം, സ്വതന്ത്രം, വിവർത്തകരുടെ പ്രത്യയശാസ്ത്രം, വിവർത്തന തന്ത്രങ്ങൾ, സാംസ്കാരിക വിനിമയം, വിവർത്തനങ്ങൾ തമ്മിലുള്ള താരതമ്യപഠനം, അനുവർത്തനം, കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ, ഫെമിനിസ്റ്റ് വിവർത്തനം തുടങ്ങി ആദ്യകാലം തൊട്ടുള്ള വിവർത്തന പഠനങ്ങളിലും സിദ്ധാന്തങ്ങളിലും ബൈബിൾ വിവർത്തനങ്ങൾ കാര്യമായി ഇടപെടുകയുണ്ടായി. [47] ഉദാഹരണമായി, Jesus said to them, ‘I am the bread of life; he who comes to me shall not hunger, and he who belives in me shall never thirst and him who come to me I shall not throw out’ John 6: 35–37 [48] എന്ന ഭാഗം Joann Haugerud വിവർത്തനം ചെയ്തതു് നോക്കുക.
Jesus said to them, ‘I am the bread of life; anyone to comes to me shall not hunger, and anyone belives in me shall never thirst and those who come to me I shall not throw out’ [49] ഭാഷയിലെ ലിംഗഭേദത്തെ പൊളിച്ചുകളഞ്ഞ ഫെമിനിസ്റ്റ് വിവർത്തനങ്ങൾ ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണു്.

ബൈബിൾ വിവർത്തനവുമായി ബന്ധപ്പെട്ടു് മലയാളത്തിലും ധാരാളം പഠനങ്ങൾ ഉണ്ടായിട്ടുണ്ടു് [50] ‘ബൈബിൾ വിവർത്തനം’ [51], ‘ബൈബിൾ വിവർത്തനം ചില പ്രശ്നങ്ങൾ’ [52], ‘ബൈബിൾ തർജ്ജമകൾ മലയാളത്തിൽ’ [53], ‘മാണിക്കത്തനാരുടെ ബൈബിൾ പരിഭാഷാശൈലി’ [54] —മലയാളത്തിലെ വിവർത്തന വിമർശനത്തിന്റെ സൈദ്ധാന്തികമായ വളർച്ച ഈ ലേഖനങ്ങളിൽ നിന്നു കണ്ടെടുക്കാൻ കഴിയും. ഇന്ത്യൻ ഭാഷകളിലെ ബൈബിൾ വിവർത്തനങ്ങളെ കുറിച്ചു് പൊതുവെ പരാമർശിക്കുന്ന എൻ. സാമിന്റെ ലേഖനം 1811-ൽ ബോംബെയിലെ കൂരിയർ പ്രസിൽ അച്ചടിച്ച ആദ്യമലയാള ബൈബിൾ വിവർത്തനം, 1822-ൽ കോട്ടയം സി. എം. എസ്. പ്രസ്സിൽ അച്ചടിച്ച ബെയ്ലി യുടെ പുതിയനിയമ പരിഭാഷ, 1842-ൽ സമ്പൂർണ്ണ ബൈബിൾ വിവർത്തനം, 1868-ൽ മംഗലാപുരത്തു നിന്നും ഗുണ്ടർട്ടി ന്റെ പുതിയ നിയമ പരിഭാഷ, 1905-ൽ എറണാകുളത്തുനിന്നും പ്രസിദ്ധീകരിച്ച മഞ്ഞുമ്മൽ ആശ്രമത്തിലെ വൈദികർ ചെയ്ത പരിഭാഷ എന്നിവ പദതലത്തിലും പ്രധാനമായും വാക്യതലത്തിലും താരതമ്യ പഠന വിധേയമാക്കുന്നു. സത്യവേദ പുസ്തകം (1910), മലയാളം ബൈബിൾ (ഓശാന പബ്ലിക്കേഷൻ, 1983) എന്നിവയിലെ സംജ്ഞാനാമങ്ങളിലും പദഘടനയിലും വാക്യഘടനയിലും വന്ന മാറ്റങ്ങളാണു് ഡോ. കെ. രഗു പരിശോധിക്കുന്നതു്. ക്രൈസ്തവമത രൂപീകരണത്തിൽ ബൈബിൾ തർജ്ജമകൾ വഹിച്ച പങ്കിനെക്കുറിച്ചുള്ള അന്വേഷണത്തിനു് ഊന്നൽ കൊടുക്കുന്നതാണു് സ്കറിയ സക്കറിയ മുന്നോട്ടു വെയ്ക്കുന്ന വിമർശനപാഠം.
“കേരളത്തിൽ ബൈബിൾ തർജമയ്ക്കു് ഇറങ്ങിപ്പുറപ്പെടുന്നവരെ കഴിഞ്ഞകാലത്തും ഇന്നും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമുണ്ടു്. ഭാരതത്തിലെ മറ്റൊരു പ്രദേശത്തും അനുഭവപ്പെടാത്ത ഒരു പ്രശ്നം. മലയാളത്തിൽ ബൈബിൾ തർജമ ഉണ്ടാകുന്നതിനു

നൂറ്റാണ്ടുകൾ മുമ്പുതന്നെ മലയാളനാട്ടിൽ ക്രിസ്തുമതം വേരുറച്ചിരുന്നു. ക്രൈസ്തവർ ഒരു സമുദായമായി വളർച്ച പ്രാപിക്കുകയും ചെയ്തിരുന്നു. അവരുടെ മതജീവിതത്തോടു ബന്ധപ്പെട്ട ഒരു മതഭാഷയും പ്രചരിച്ചിരുന്നു. ഏതു് ഉപഭാഷയെപ്പോലെയും ക്രൈസ്തവരുടെ മതഭാഷയും തനിമയുള്ളതായിരുന്നു. മതസംബന്ധമായ കാര്യങ്ങളെ കുറിക്കുന്ന നിരവധി പദങ്ങൾ ആ ഭാഷയിൽ സുലഭമായിരുന്നുതാനും… കേരള ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കുർബാന, ഈശോ, ഉപവി, അരൂപി, റൂഹാദുക്കുദിശ, മിശിഹ തുടങ്ങിയ പദങ്ങൾക്കെല്ലാം വൈകാരികാർത്ഥമുണ്ടു്. ബൈബിൾ തർജമയ്ക്കു് ഇറങ്ങിപ്പുറപ്പെടുന്നവർ ഒന്നുകിൽ ഈ പദാവലി സ്വീകരിക്കണം. അല്ലെങ്കിൽ സർവജനങ്ങൾക്കും മനസ്സിലാകുന്ന ജനകീയശൈലി സ്വീകരിക്കണം.” [55]
തർജ്ജമ പഠനത്തിൽ ലക്ഷ്യ ഭാഷയിലെ വായനക്കാർ, സംസ്കാരം, ചരിത്രം തുടങ്ങിയവ കൂടി പരിഗണിക്കണമെന്ന സൂചനയാണിതു്. ‘തർജ്ജമ പഠനവും ക്ലാസ്സിക് മലയാള പഠനവും സമകാലിക വിജ്ഞാന വ്യവസ്ഥയിൽ’ എന്ന മറ്റൊരു ലേഖനത്തിൽ ‘കോട്ടയം ജില്ലയിൽ ബൈബിൾ വിവർത്തനത്തിൽ പുരോഹിതാധികാരികൾ ഒറ്റപ്പെട്ട നിലയിൽ നടത്തുന്ന തിരുത്തലുകൾ വലിയ സ്വത്വസംഘർഷത്തിന്റെ ഭാഷാചിഹ്നങ്ങളായി വേണം മനസ്സിലാക്കാൻ’ [56] എന്നിങ്ങനെ വിവർത്തന പഠനത്തെ സ്വത്വപഠനത്തിന്റെ (identity studies) സൈദ്ധാന്തിക പരിസരത്തിലെത്തിക്കുന്നു.
“ബൈബിളിലെ പ്രളയകഥ ഭാഷയ്ക്കുള്ളിലെ തർജ്ജമയും അന്തർഭാഷാ തർജ്ജമയും ചിഹ്നതർജമയും പിന്നിട്ടാണു് നോഹ (Noah) എന്ന തട്ടുപൊളിപ്പൻ സിനിമയാകുന്നതു്. ബൈബിളും തിരക്കഥയും സിനിമയും തമ്മിലുള്ള ബന്ധത്തെ ശ്രേണീകൃതമായി മനസ്സിലാക്കാനാവില്ല. ഓരോ വ്യവസ്ഥയിലും തനിമയോടെ പ്രവർത്തിക്കുകയാണു് തർജമകൾ. അവയെ മൂലം/ലക്ഷ്യം എന്നു വിപരീതത്തിലാക്കുന്നതു ശരിയല്ല. ശ്രേണീകൃതമായ ഒരു ഭാഷാവ്യവഹാരമല്ല തർജമ എന്ന തിരിച്ചറിവു നിർണ്ണായകമാണു്. എന്നാൽ ഓരോ തർജമയിലും യുഗചൈതന്യവും പ്രകരണബലവും കണ്ടറിയാൻ സമകാലിക തർജമ പഠനത്തിനു കഴിയും” [57]
“തർജമ പഠനം തർജമയിൽ പ്രത്യക്ഷപ്പെടുന്ന കർതൃത്വത്തെക്കുറിച്ചുള്ള അന്വേഷണമായി വികസിക്കണം. തർജമയുടെ മൂല്യനിർണയം തന്നെ തർജമക്കാരന്റെ ലക്ഷ്യങ്ങൾ മുൻനിർത്തിയാകണം… ഒരു തർജമയും ചീത്ത തർജമയല്ല. ഓരോ തരം ബുദ്ധിവിസ്താരങ്ങൾ എന്ന നിലയിൽ തർജമകളെ വിലയിരുത്താൻ അവസരമുണ്ടാകുന്നു.” [58]

എന്നിങ്ങനെ വിവർത്തന പഠനത്തിലെ പുതിയ നിലപാടുകൾ മലയാളത്തിലേക്കു കൊണ്ടുവന്നതു് സ്കറിയ സക്കറിയയാണു്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലെത്തുമ്പോൾ മാനവിക വിജ്ഞാന മേഖലയിൽ താരതമ്യ സാഹിത്യ പഠനത്തിന്റെയും സാഹിത്യ ചരിത്ര വിജ്ഞാനത്തിന്റെയും മർമ്മമായി സംസ്കാര പഠനം മാറുന്നതിനെക്കുറിച്ചും സ്കറിയ സക്കറിയ വിശദീകരിക്കുന്നുണ്ടു്. [59] വിമർശന പഠനം (critical study) എന്ന നിലയിലേക്കു് വിവർത്തന പഠനം മാറുന്നതു് സമീപ കാലത്തു മാത്രമാണു്. ഹോംസിന്റെ ചിന്തകളിൽ നിന്നും വിവർത്തനത്തിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കുന്ന സ്കോപ്പോസ് തിയറി, റഷ്യൻ ഫോർമലിസവുമായി ബന്ധപ്പെട്ട ആശയങ്ങൾ, ഇറ്റാമർ ഇവൻസൊഹറും ഗിദയോൻ ടൂറിയും ആവിഷ്കരിച്ച ബഹുവ്യവസ്ഥാ സിദ്ധാന്തം (polysystem theory) തുടങ്ങി അന്തർവൈജ്ഞാനികമായ (ആധുനിക ഭാഷകളും ഭാഷാശാസ്ത്രവും താരതമ്യ സാഹിത്യം, സാംസ്കാരിക പഠനം, തത്വചിന്ത, സാമൂഹികശാസ്ത്രം, തുടങ്ങിയവ) വിവർത്തന പഠനങ്ങൾ മലയാളത്തിൽ കടന്നുവന്നതിനു പിന്നിൽ പ്രൊഫ. സ്കറിയ സക്കറിയയുടെ ഇടപെടലുകൾ [60] ഏറെ പ്രധാനപ്പെട്ടതാണു്.

മാനവികമായ കാര്യങ്ങളാണു് വിവർത്തന പ്രക്രിയയ്ക്കു് പിന്നിലുള്ളതു്. വ്യക്തികൾ അവരവർക്കു വേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും വിവർത്തന പ്രക്രിയയിലേർപ്പെടുന്നു. ജീവിതത്തിൽ സംതൃപ്തി ലഭിക്കുന്ന പ്രവർത്തനങ്ങളിലാണു് മനുഷ്യർ ഏർപ്പെടുന്നതു്. സർഗ്ഗാത്മക രചനയെ സംബന്ധിച്ചിടത്തോളം ലോകസാഹിത്യത്തിലെ അതുല്യ രചനകൾ സ്വന്തം ഭാഷയിലെത്തിക്കാനാണു് വിവർത്തരുടെ ശ്രമം. സ്വന്തം വായനാനുഭവം മറ്റുള്ളവരിലേക്കു് എത്തിക്കാനുള്ള ശ്രമമാണവർ നടത്തുന്നതു്. വിവർത്തനത്തെ കൃതിയുടെ ശേഷജീവിതമെന്നു് (afterlife) വിശേഷിപ്പിച്ച വാൾട്ടർ ബഞ്ചമിൻ തന്റെ വിഖ്യാതമായ ‘The task of the Translator’ (1923) എന്ന പ്രബന്ധത്തിൽ സ്വന്തം വായനാനുഭവത്തിന്മേലുള്ള ആത്മീയമായ പ്രവർത്തനം/പരിശ്രമം (spiritual endeavour) എന്നും ഏറ്റവും മഹത്തായതു്/പാവനമായതു് എത്തിപ്പിടിക്കാനുള്ള ശ്രമമാണു് ഓരോ വിവർത്തനത്തിലും നടക്കുന്നതു് എന്നും വിവരിക്കുകയുണ്ടായി. സാഹിത്യ വിവർത്തനത്തിൽ മൂലപാഠത്തിനും ഭാഷയ്ക്കും അധീശത്വ സങ്കല്പനത്തിൽ നിന്നും മാറി ഭാഷകളെല്ലാം ശുദ്ധവും ഉന്നതവും സാർവ്വത്രികവുമാണെന്ന ആശയം (The concept of pure language) അദ്ദേഹം കൊണ്ടുവന്നു. വിവർത്തന പ്രക്രിയ ഇരുഭാഷകളുടെയും വിനിമയത്തിനും പ്രകാശനത്തിനും കാരണമാകുന്നു. വിവർത്തനം സ്രോത-ലക്ഷ്യ ഭാഷകളുടെ അഭിവൃദ്ധിക്കാണു് ആത്യന്തികമായി വഴിവെക്കുന്നതെന്നാണു് ബഞ്ചമിന്റെ വാദം. വിവർത്തനം സ്രോതപാഠത്തിനു് പുതുജീവിതം നൽകുന്നു. വിവർത്തനത്തെ പുനരുല്പാദനം എന്ന തരത്തിലല്ല കാണേണ്ടതു്, സ്രോതപാഠത്തിന്റെ സാംസ്കാരികവും ധ്വന്യാത്മകവുമായ സവിശേഷതകൾക്കും സാധ്യതകൾക്കും കുറച്ചുകാലം കൂടി ആയുസ്സു ലഭിക്കുകയാണു് ചെയ്യുന്നതു്. വിവർത്തന പ്രക്രിയയിൽ വിശ്വസ്തതയോടൊപ്പം സർഗ്ഗാത്മകമായ സ്വാതന്ത്ര്യമാണു് പാഠത്തിന്റെ അർത്ഥപൂർണ്ണവും സൗന്ദര്യാത്മകവുമായ വിവർത്തനത്തിനു് ആവശ്യമെന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്രോതപാഠത്തിന്റെ അവിവർത്തനീയമായ (untranslatable) അംശങ്ങളിൽ വിവർത്തകരുടെ സർഗ്ഗാത്മകമായ പ്രശ്നപരിഹാരമാണു് മാർഗ്ഗം. ‘ഇംഗ്ലീഷ് പ്രസാധകർ തന്റെ ചെറുകഥകൾ translate ചെയ്യാനല്ല, rewrite ചെയ്യാനാണു് പറഞ്ഞതു്’ എന്ന രവീന്ദ്രനാഥടാഗോറിന്റെ പരാമർശവും വിവർത്തന ചിന്തകളിൽ ചർച്ചാവിഷയമായി. Translate, rewrite, Creative translation, interpretation, recreation തുടങ്ങിയ പദങ്ങളെല്ലാം നിരന്തരം പ്രശ്നവൽക്കരിച്ചവരിൽ ലെഫവെർ (Andre Lefevere, 1945–1996), സൂസൻ ബാസ്നെറ്റ് (Susan Bassnett, 1945-) തുടങ്ങിയവരും ഉൾപ്പെടുന്നു.

വിവർത്തനത്തെക്കുറിച്ചുള്ള വാൾട്ടർ ബഞ്ചമിന്റെ ചിന്തകൾ ദറിദയുടെ ഘടനാവാദനന്തര, അപനിർമ്മാണ ആശയങ്ങളെ സ്വാധീനിച്ചു. സ്രോത, ലക്ഷ്യ പാഠദ്വന്ദ്വത്തിൽ അന്തർലീനമായ original (മൂലം), secondary (ദ്വിതീയം) ആശയങ്ങളെ മങ്ങലേല്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വിവർത്തന പഠനങ്ങളിലെ സമമൂല്യത, വിശ്വസ്തത തുടങ്ങിയ അംഗീകൃത സങ്കല്പനങ്ങളെ പൊളിച്ചുകൊണ്ടാണു് ഘടനാവാദാനന്തര വിവർത്തന പഠനങ്ങൾ വന്നതു്. ഒരു പദത്തിന്റെ സ്ഥിരവും നിശ്ചിതവുമായ അർത്ഥം എന്ന ധാരണയ്ക്കു് ഫൂക്കോ (Michel Foucault), ദറിദ (Jacques Darrida), ബാർത്ത് (Roland Barthes) തുടങ്ങിയവരുടെ ആശയങ്ങൾ മാറ്റം വരുത്തി. ലോറൻസ് വെനുറ്റി യുടെ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ ചിന്തകളും ഇക്കാലത്തു് വിവർത്തന ചിന്തകളിൽ ഇടപെട്ടു.
സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ ആശയങ്ങൾ നിരവധി ഘടനാവാദാനന്തര വിവർത്തന സിദ്ധാന്തങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടു്. [61] 1990-കളോടെ വിവർത്തക ചിന്തകനായ ആന്ദ്രേ ലെഫവറെ മൂലകൃതിയോടുള്ള വിശ്വസ്തതതയല്ല, കൃത്യമായ പ്രത്യയശാസ്ത്ര, സൗന്ദര്യശാസ്ത്രനിലപാടുള്ള പുനർരചനയോ പൊളിച്ചെഴുത്തോ ആണു് വിവർത്തനമെന്നു് വ്യക്തമാക്കി. ആന്ദ്രേ ലെഫവെറും സൂസൻ ബാസ്നെറ്റും മുന്നോട്ടുവെച്ച ‘പുനർരചനയുടെ സാംസ്കാരികതല’മെന്ന (Rewriting—Culture school of Translation Studies) ആശയവും പ്രധാനമാണു്. സൂസൻ ബാസ്നെറ്റ് അവതരിപ്പിച്ച (Translation Studies, 1991) വിവർത്തന ചരിത്ര നിർമിതിയെ ഉപജീവിക്കുന്ന പഠനങ്ങളാണു് മലയാള വിവർത്തന പഠനങ്ങളിൽ പിന്നീടുണ്ടായതു്. ബാസ്നെറ്റ് മാത്രമല്ല, തിയോ ഹെർമ്മൻസ് (Theo Hermans), മേരി സ്നൈൽ ഹോൺബി (Mary Snell Hornby), മൈക്കൽ ക്രോണിൻ (Michael Cronin), ഹരീഷ് ത്രിവേദി (Harish Trivedi) തുടങ്ങി നിരവധിപ്പേർ സംസ്കാര പഠനത്തിന്റെ പുതുവഴികളുമായിച്ചേർന്നു് നവീകരിച്ച വിവർത്തന പഠനരീതി ലോകമെമ്പാടും പ്രയോഗത്തിൽവന്നു.

വിവർത്തനം ഭാഷകൾ തമ്മിലല്ല, സംസ്കാരങ്ങൾ തമ്മിലാണു് എന്നായിരുന്നു ഇവർ പൊതുവിൽ ചൂണ്ടിക്കാണിച്ചതു്. വിവർത്തകർ സ്വയം നവീകരിച്ച പ്രത്യയശാസ്ത്ര—സൗന്ദര്യശാസ്ത്ര സങ്കല്പനങ്ങളെയോ ലക്ഷ്യ സംസ്കാരത്തിൽ അധീശത്വം പുലർത്തുന്ന പ്രത്യയശാസ്ത്ര—സൗന്ദര്യശാസ്ത്ര സങ്കല്പനങ്ങളെയോ ഉപജീവിച്ചു് നടത്തുന്ന പുനർരചനകളായിരുന്നു ഇവർക്കു് വിവർത്തനം. [62]
മലയാളത്തിലുണ്ടായ ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും വിവർത്തനങ്ങളെ പുനരന്വേഷിക്കുന്ന ലേഖനങ്ങളിലും ചർച്ചകളിലും ഈ ആശയങ്ങളുടെ പ്രതിഫലനം കണ്ടെത്താം.
എത്ര രാമന്മാരുണ്ടോ അത്രയും രാമായണങ്ങളുമുണ്ടു് ഏഷ്യയിലെമ്പാടും. എല്ലാ പരിഭാഷകളും എല്ലാ സ്വതന്ത്രകൃതികളും രാമായണം ഭാവനയുടെ ഒരു പാരമ്പര്യമാണെന്നു് സ്ഥാപിക്കുന്നു… രാമായണത്തെയും പലതരം ഭാവനകൾക്കു് വിഹരിക്കാനുള്ള ഇടമായിത്തന്നെയാണു് ഏഷ്യക്കാർ കണ്ടുപോന്നിട്ടുള്ളതു്. ഭിന്നലിംഗങ്ങൾക്കും വർഗ്ഗങ്ങൾക്കും ലിംഗവിഭാഗങ്ങൾക്കും ഭാഷാവിഭാഗങ്ങൾക്കും സ്വന്തം സാമൂഹ്യാഭിലാഷങ്ങളും പ്രത്യയശാസ്ത്ര ഉല്കണ്ഠകളും തീർക്കാനുള്ള വലിയ ഒരരങ്ങ്. വിവർത്തനം, അനുവർത്തനം, സ്വതന്ത്രകൃതി ഇവ തമ്മിലുള്ള അതിർവരമ്പുകൾ മുമ്പുണ്ടായ രാമായണങ്ങൾക്കു് വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയിലെ തുളു, ഭീലി, സന്താളി, ഭോജ്പുരി തുടങ്ങിയവ ഉൾപ്പെട്ട ഭാഷകൾ കൂടാതെ തായ്, ടിബറ്റൻ, ആസമീസ്, ബാലിനീസ്, കംബോഡിയൻ, ചൈനീസ്, ജാവനീസ്, ലാവോനീഷൻ, മലേഷ്യൻ ഭാഷകളിലും കഥകളി, രാംലീല, രാമനാട്ടം, പാവക്കൂത്തു്, യക്ഷഗാനം, നിഴൽക്കുത്തു്, പലതരം നടോടിനാടകങ്ങൾ, ചുവർച്ചിത്രങ്ങൾ, ചിത്രതയ്യൽ, ഗുഹാചിത്രങ്ങൾ, ശില്പങ്ങൾ ഇവയുടെയൊക്കെ മുദ്രയോ രേഖയോ നിറമോ ആകാരമോ കൊണ്ടു സംസാരിക്കുന്ന ഭാഷകളിലും നൂറുകണക്കിനു രാമായണങ്ങൾ കാണാം. സംസ്കൃതത്തിൽ ഇരുപത്തിയഞ്ചിലേറെ പാഠങ്ങളുണ്ടെങ്കിൽ മലയാളത്തിലും രാമചരിതവും കണ്ണശ്ശരാമായണവും അദ്ധ്യാത്മരാമായണവും ഇരുപത്തിനാലു വൃത്തവും കേരളവർമ്മ രാമായണവും രാമചന്ദ്രവിലാസവും രാമായണം ആട്ടക്കഥയും രാമായണ മഞ്ജരിയും ഭാഷാരാമായണ ചമ്പുവും പാതാള രാമായണവും മാപ്പിള രാമായണവും വയനാടൻ ആദിവാസി രാമായണവുമുൾപ്പെടെ ഒട്ടേറെ രാമായണങ്ങളും രാമായണാധിഷ്ഠിതമായ ഇരുന്നൂറിലേറെ കൃതികളുമുണ്ടു്… ഇതിലേതെങ്കിലും ഒരു രാമായണം ആധികാരികം എന്നു വാദിക്കാനാവില്ല. [63] എന്നു് സച്ചിദാന്ദൻ വിശദീകരിക്കുന്നതു് വിവർത്തന പഠനത്തിന്റെ പുത്തൻ കാഴ്ചപ്പാടുകളിലാണു്.
മലയാളത്തിൽ വിവർത്തന പഠനത്തിൽ വന്ന പരിണാമങ്ങൾ ഗീതാഞ്ജലി തർജ്ജമയെക്കുറിച്ചു് വന്ന ലേഖനങ്ങൾ ഉദാഹരിച്ചു് വെളിപ്പെടുത്താൻ കഴിയും. ‘ഗീതാഞ്ജലി—മൂലവും പരിഭാഷകളും’ [64] എന്ന ലേഖനം മൂലകൃതിയായ ബംഗാളി പാഠത്തിലെ ഒരു ഗാനത്തോടു് ടാഗോറിന്റെ തന്നെ ഇംഗ്ലീഷ് പരിഭാഷയും എൻ. ഗോപാലപിള്ള നടത്തിയ സംസ്കൃത വിവിർത്തനവും കെ. സി. പിള്ളയും വി. എസ്. ശർമ്മയും ചേർന്നു് ചെയ്ത ഗദ്യവിവർത്തനവും ജി. ശങ്കരക്കുറുപ്പി ന്റെ പദ്യവിവർത്തനവും തമ്മിൽ നടത്തുന്ന താരതമ്യപഠനമാണു്.
“മൂലകൃതിയിലെ പ്രയോഗങ്ങളുടെ സ്വാരസ്യം സംവേദനം ചെയ്യാൻ ഓരോ തരത്തിൽ വിവർത്തകർ ശ്രമിക്കുന്നു… വിവർത്തനങ്ങൾ എത്ര എണ്ണം വെച്ചു് താരതമ്യം ചെയ്തു് തൃപ്തിയോ അതൃപ്തിയോ പ്രകടിപ്പിച്ചാലും ഒന്നു് പ്രത്യേകം പറയാം. ‘ഏക്ടി നമസ്കാരേ പ്രഭു’ എന്ന ഗീതത്തിന്റെ സംഗീതാത്മകതയിലടങ്ങുന്ന ഭാവസൗന്ദര്യം ഏതു വിവർത്തനത്തിനും പൂർണ്ണമായി ലഭിച്ചില്ലെന്നു വരും… ഉദാഹരിച്ച വിവർത്തനങ്ങളിലൊന്നും അപകടകരമായി യാതൊന്നും സംഭവിച്ചിട്ടില്ല എന്നും സംഭവിക്കാവുന്ന സ്വാഭാവിക പരിണാമമേ ഉണ്ടായിട്ടുള്ളൂ എന്നും കൂടി പറയട്ടെ” [65] എന്ന നിഗമനമാണു് ഈ ലേഖനത്തിനുള്ളതു്. എന്നാൽ, മൂലവും പരിഭാഷയും തമ്മിലുള്ള താരതമ്യപഠനത്തിൽ നിന്നും ഭിന്നമാണു് ‘ഗീതാഞ്ജലീതർജ്ജമ’ എന്ന ഡോ. വി. ദേവിപ്രസാദിന്റെ ലേഖനം. [66] മലയാളത്തിൽ വന്ന പന്ത്രണ്ടോളം പരിഭാഷകളെ പരിചയപ്പെടുത്തുന്നതിനു മുമ്പെ ലേഖകൻ മൂലകൃതിയുടെ അനന്യതയും രചനാപരിസരവും വിവരിച്ചു് ‘എന്തുകൊണ്ടു് ഗീതാഞ്ജലി വിവർത്തനം’ എന്ന ചോദ്യത്തിനു് ഉത്തരം തേടുന്നു.
“ഇരുഭാഷകൾക്കും സംസ്കാരങ്ങൾക്കും തമ്മിലുള്ള ജൈവഘടകമാണു് അതിന്റെ പ്രചോദനഘടകങ്ങളിൽ ഒന്നു്. ബംഗാളി സാഹിത്യ ഭാഷയിൽ കാണുന്ന സംസ്കൃത പദ പ്രാചുര്യം ആ ഭാഷ എളുപ്പത്തിൽ മനസ്സിലാക്കാൻ മലയാളിയെ സഹായിച്ചു. എന്നാൽ എന്തുകൊണ്ടാണു് ഗീതാഞ്ജലി മറ്റു ഭാഷകളിലേക്കു് ഇത്രയധികം വിവർത്തനം ചെയ്യപ്പെടാൻ കാരണമായതു്. ടാഗോർ ഒരു മതസ്ഥനല്ല. ഏതെങ്കിലും പുതിയ ശാസ്ത്രതത്വങ്ങളുടെ പ്രോദ്ഘാടകനുമല്ല. വശ്യവചസ്സായ ഒരു കവിയുടെ സൃഷ്ടി, നോബൽ സമ്മാനാർഹമായ ഏക ഭാരതീയ കൃതി എന്നീ ഉത്തരങ്ങളും തൃപ്തികരമല്ല, പിന്നെയോ വളരെക്കാലമായി നമ്മുടെ ദൃഷ്ടിപഥത്തിൽ പെടാതെ കിടന്നിരുന്ന അമൂല്യങ്ങളായ ആർഷസൂക്തികളെ അതിന്റെ നിയതാർത്ഥത്തിൽ ആവിഷ്കരിച്ചു ഫലിപ്പിച്ചു എന്നതാകണം അതിനു കാരണം.”
ഓരോ കൃതിയും വിവർത്തനം ചെയ്യാനുള്ള സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങൾ അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു് വിർത്തന പഠനങ്ങൾ മാറുന്നു. ഇക്കാരണങ്ങൾ കൂടുതൽ സൂക്ഷ്മവും വിപുലവുമായി അന്വേഷിക്കുകയാണു് ‘ഗീതാഞ്ജലി: പരിഭാഷയുടെ ജീവിതത്തുടർച്ചകൾ’ [67] എന്ന ലേഖനം.
മലയാള സാഹിത്യചരിത്രത്തിലെ സവിശേഷമായ ദിശാവ്യതിയാനം അടയാളപ്പെടുത്തുന്നവയാണു് ടാഗോർകൃതികളുടെ പരിഭാഷകൾ… ഇന്ത്യൻ നവോത്ഥാനത്തിന്റെ ദൈവരൂപങ്ങളായി വംഗ ദേശത്തെയും അവിടെയുള്ള സാഹിത്യത്തെയും തിരിച്ചറിയുന്ന പ്രവണതയുടെ തുടർച്ചയായിരുന്നു ടാഗോർകേന്ദ്രിതമായ ആരാധന. ബംഗാളിലെ ദേശീയ/സാംസ്കാരിക പ്രസ്ഥാനങ്ങളെ പരിഷ്കൃതിയുടെ ചിഹ്നങ്ങളായാണു് അന്നൊക്കെ മലയാളം എതിരേറ്റിരുന്നതു്. ക്രമേണ മലയാള സംസ്കാര മണ്ഡലത്തിന്റെ നിർമ്മിതിയിലും പരിണതിയിലും അവയുടെ ഇടപെടലുകൾ നിർണായകമായി. സാമൂഹിക പ്രക്രിയ എന്ന നിലയ്ക്കു് മലയാള സാംസ്കാരികതയുടെ പ്രത്യയശാസ്ത്ര രൂപീകരണത്തിലും സാഹിത്യ ചരിത്രത്തിന്റെ ആധുനികീകരണത്തിലും നിരന്തര സാന്നിധ്യമാവുന്ന തർജ്ജമകളെ രാഷ്ട്രീയ വിവക്ഷകളുള്ള സർഗ്ഗ പ്രവർത്തനമെന്ന നിലയിൽ മനസ്സിലാക്കേണ്ടതുണ്ടു് (അതിൽത്തന്നെ, പു. 169) എന്ന തുടക്കംതന്നെ, മാറിയ വിവർത്തന വിമർശനത്തെ വെളിപ്പെടുത്തുന്ന വിധത്തിലാണു്. [68] വിവർത്തന രചനകളെ അവ പ്രസിദ്ധീകരിക്കുന്ന സ്ഥലം, കാലം, വ്യവഹാരിക മണ്ഡലം എന്നിവയെ കൂടി പരിഗണിച്ചുകൊണ്ടു് വിലയിരുത്തേണ്ടതുണ്ടു്;

ഏതൊരു സ്വതന്ത്ര സാഹിത്യ സൃഷ്ടിയും പോലെതന്നെ. ആരു്, ഏതുഭാഷയിൽ, ഏതുകൃതി, എപ്പോൾ, ഏതു ഭാഷയിലേക്കു് വിവർത്തനം ചെയ്യുന്നു എന്നതു് ഒരു രാഷ്ട്രീയ സാംസ്കാരിക ചോദ്യത്തിനാണു് [69] പ്രസക്തിയുള്ളതു്. സാംസ്കാരിക ചരിത്ര കാലാവസ്ഥയിലെ നിർണായക സന്ധികളിലും പ്രതിസന്ധികളിലുമാണു് തർജ്ജമകൾ ഇടതടവില്ലാതെ ഉണ്ടായിക്കൊണ്ടിരുന്നതെന്ന ഇറ്റാമർ ഇവൻ സൊഹറി [70] ന്റെ ആശയത്തെ ചേർത്തുവെച്ചുകൊണ്ടാണു് ഗീതാഞ്ജലി പരിഭാഷയുടെ സാംസ്കാരികതലം പി. എസ്. രാധാകൃഷ്ണൻ അന്വേഷിക്കുന്നതു്.
ഒന്നുകിൽ സാഹിത്യത്തിന്റെ വികാസദശയുടെ ആദിമകാലത്തോ അല്ലെങ്കിൽ സാഹിത്യം ഉപരിപ്ലവവും താൻപോരിമയില്ലാത്തതെന്നും സ്വയം വിലയിരുത്തുമ്പോഴോ ആയിരിക്കുമതു്. ഇതിലില്ലെങ്കിൽ പിന്നെ സാഹിത്യ മണ്ഡലത്തിൽ ഏതെങ്കിലും വിധത്തിലുള്ള ദിശാവ്യതിയാനമോ പ്രതിസന്ധിയോ ഭീകരമായ ശൂന്യതയോ സംഭവിച്ചിരിക്കണം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ബംഗാളി സാഹിത്യത്തെയും ടാഗോറിനെയും കേന്ദ്രീകരിച്ചുണ്ടായ സങ്കല്പനങ്ങളിൽ ഇവ മൂന്നും മാറിയും മറിഞ്ഞും ഇടകലർന്നിട്ടുണ്ടെന്നു കാണാം. താമസിയാതെ ഇതു് ടാഗോറിലേക്കു് മാത്രമായി ചാലുമാറുകയായിരുന്നു” (170).
ജയദേവനും ചൈതന്യനും ചണ്ഡീദാസനും ഉൾപ്പെട്ട വൈഷ്ണവ കാവ്യസമുച്ചയത്തിൽ നിന്നും ബൌൾ ഗാനങ്ങളുടെയും ഉപനിഷത്തുകളുടെയും ആശയ ലോകത്തിൽ നിന്നും പൂർണ്ണസ്വാതന്ത്ര്യം നേടിയ കൃതിയല്ല ഗീതാഞ്ജലിയും മറ്റു് ടാഗോർകൃതികളും എന്ന തിരിച്ചറിവാണു് ലേഖനം നൽകുന്നതു്. “പൂർവപാഠങ്ങളിൽ നിന്നും പൂർണ്ണസ്വാതന്ത്ര്യം അവകാശപ്പെടാവാത്ത ഗീതാഞ്ജലിയുടെ ജീവിതത്തുടർച്ചകൾ അതിനുണ്ടായ തർജ്ജമകളാണു് സാധ്യമാക്കുന്നതു്”. [71] മൂലത്തിൽ നിന്നു ഭിന്നമായ സർഗപ്രക്രിയയായി തർജ്ജമയെ പരിഗണിക്കുന്ന ഘട്ടത്തിലേക്കാണു് ഈ വിമർശനം നീങ്ങുന്നതു്. വാൾട്ടർ ബഞ്ചമിന്റെയും ദറിദയുടെയും ആശയങ്ങൾ വാദങ്ങളുറപ്പിക്കാൻ യുക്തിയുക്തം ഉപയോഗിക്കുന്നുണ്ടു്.

വിവർത്തകരുടെ പങ്കാളിത്തം കുറേക്കൂടി ദൃശ്യമാകാൻ തുടങ്ങിയതു് ഇക്കാലത്താണു്. വാക്കുകൾ മാറ്റിവെയ്ക്കുന്ന പ്രവർത്തന രഹിതമായ (passive) ക്രിയയല്ല, മറിച്ചു് അർത്ഥനിർമ്മിതിയും പാഠരൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തന ഭരിതമായ (active) ഒന്നാണു് വിവർത്തനം. പരമ്പരാഗത ‘വിശ്വസ്തതാ’ സങ്കല്പനത്തിൽ നിന്നും ഏറെ വ്യത്യാസം വിവർത്തകരുടെ മധ്യസ്ഥതയ്ക്കുണ്ടു് (agency). വിവർത്തകർ അദൃശ്യതയിൽ നിന്നും ദൃശ്യതയിലേക്കെത്തുന്നതു് ഘടനാവാദാനന്തര ചിന്തകളിലാണു്. [72] ഏജൻസി എന്ന സങ്കല്പനത്തിലൂടെ വിവർത്തന പ്രക്രിയയിൽ വിവർത്തകരുടെ സജീവ പങ്കാളിത്തം ഉറപ്പിക്കാൻ ഘടനാ വാദാനന്തര കാലത്തിനു് കഴിഞ്ഞു. വിവർത്തകരുടെ നിഷ്ക്രിയത്വമല്ല, മറിച്ചു് അവരുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പുകളും നിലപാടുകളുമാണു് അന്തിമ ഉല്പന്നം രൂപപ്പെടുത്തുന്നതു്. [73] സ്വന്തം ധാരണ, വ്യാഖ്യാനം, ഉദ്ദേശ്യം, പരിമിതികൾ, നൈപുണി, അനുഭവങ്ങൾ, ഇരുഭാഷകളും സംസ്കാരങ്ങളുമായുള്ള പരിചയം എല്ലാം വിവർത്തനം ഉൾക്കൊള്ളുന്നുണ്ടു്. വിവർത്തകർ പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക പരിസരം, ചരിത്ര സന്ദർഭങ്ങൾ, മൂല്യങ്ങൾ, സ്ഥാപനങ്ങൾ, വിശ്വാസങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, വിവർത്തനത്തിലേർപ്പെടാനുള്ള കാരണം (Skopos) തുടങ്ങിയവയെല്ലാം വിവർത്തനത്തിൽ ഇടപെടുന്നു. ഈ തിരിച്ചറിവുകൾ വിവർത്തകരുടെ ദൃശ്യതയിലേക്കു് മാത്രമല്ല, പോസ്റ്റ് കൊളോണിയൽ, സ്ത്രീവാദ വിവർത്തന സിദ്ധാന്തങ്ങളുടെയും മറ്റും ആശയങ്ങൾക്കു് ബലിഷ്ഠമായ അടിത്തറ നൽകുന്നു.
അർത്ഥവും അറിവും രൂപപ്പെടുത്തുന്നതിനു പിന്നിൽ അധികാര ഘടനകൾ പ്രവർത്തിക്കുന്നതു് എങ്ങനെ എന്നാണു് ഡിസ്കോഴ്സ് (discourse) എന്ന സങ്കല്പനത്തിൽ ഫൂക്കോ വിശദീകരിക്കുന്നതു്. [74] വിവർത്തനത്തെ വെറും ഭാഷാപരമായ പ്രവർത്തനം എന്നല്ല ഫൂക്കോ കാണുന്നതു്. വാക്കുകളിൽ ഉൾക്കൊള്ളുന്ന അധികാര ബന്ധങ്ങളും അവയുൾക്കൊള്ളുന്ന ഒരു വ്യവഹാരമാണു്. പ്രബല, പാർശ്വവൽകൃത ഭാഷകൾ, കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ പരിസരങ്ങൾ, പ്രാദേശികവും ആഗോളവുമായ പരിസരം തുടങ്ങിയ അധികാര ബന്ധങ്ങൾ വിവർത്തനത്തിൽ ഇടപെടുന്നുണ്ടു്. വിവർത്തന പാഠങ്ങൾ തിരഞ്ഞെടുക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും ഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിലും ഒഴിവാക്കുന്നതിലും ഊന്നിപ്പറയുന്നതിലും ഈ അധികാര ബന്ധങ്ങൾ പ്രവർത്തിക്കുന്നുണ്ടു്. വിവർത്തനങ്ങൾ പഠനത്തിനെടുക്കുമ്പോൾ ഇത്തരം വ്യവഹാരങ്ങളിലാണു് ശ്രദ്ധ പുലർത്തേണ്ടതു്. സ്ത്രീ, ദളിത്പക്ഷ വിവർത്തനങ്ങളിൽ പർശ്വവൽകൃത ശബ്ദങ്ങൾക്കു് ഊന്നൽ കൊടുക്കുന്നതും പ്രബലാധികാരത്തെ വെല്ലുവിളിക്കുന്നതും ഉദാഹരണമാണു്. ലക്ഷ്യപാഠത്തിൽ അറിവു നിർമ്മിക്കുന്നതിൽ വിവർത്തകർക്കാണു് മുഖ്യപങ്കു്. ചരിത്രപരമായ സന്ദർഭങ്ങൾ വിവർത്തനത്തെ സ്വാധീനിക്കും. ഗീതാഞ്ജലിയുടെയും റുബയ്യാത്തിന്റെയും ശാകുന്തളത്തിന്റെയും വിവർത്തനചരിത്രം ഉദാഹരണമായി എടുക്കാം. വിവർത്തന മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും വികസിച്ചതിനു പിന്നിലും അധികാരവും അറിവും പ്രവർത്തിക്കുന്നുണ്ടു്. സാമൂഹികവും രാഷ്ട്രീയവുമായ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ആക്ടിവിസ്റ്റു് എന്ന തരത്തിലുള്ള വിവർത്തന പ്രവർത്തനമാണു്. കൊളോണിയൽ അധികാരത്തെ വിവർത്തനത്തിലൂടെ ഉല്പാദിക്കുന്നതും പ്രതിരോധിക്കുന്നതും പുനർനിർമ്മിക്കുന്നതുമായ ഉദാഹരണങ്ങൾ ധാരാളം കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ സന്ദർഭങ്ങളിലെ വിവർത്തനങ്ങളിലും വിവർത്തന പഠനങ്ങളിലും ധാരാളമുണ്ടു്. ജെൻഡർ വ്യവഹാരങ്ങൾ എങ്ങനെ രൂപപ്പെടുന്നു, ശക്തിപ്പെടുത്തുന്നു, വെല്ലുവിളിക്കുന്നു എന്നതു് ബൈബിൾ വിവർത്തനം തൊട്ടുള്ള പാഠങ്ങൾ തെളിവാണു്.
വിവർത്തനവും ലിംഗഭേദവും തമ്മിലുള്ള വിഷയങ്ങൾ ഫെമിനിസത്തിന്റെ പ്രായോഗിക പരിസരത്തിൽ വളരെയധികം ചർച്ചയ്ക്കു വന്നിട്ടുണ്ടു്. [75] ‘എന്താണു് സ്ത്രീ’യെന്ന ഉത്തമബോധ്യത്തോടെയും സ്ത്രീയെന്ന നിലയിൽ വായന നടത്തിയുമാണു് ഫെമിനിസ്റ്റു ചിന്തകർ അക്കാദമിക മേഖലയിൽ പ്രവർത്തിക്കുന്നതു്. പിതൃകേന്ദ്രിത സാംസ്കാരിക വീക്ഷണത്തിലാണു് വിവർത്തന പഠനത്തിൽ മൂലകൃതിയും വിവർത്തനവും പ്രതിനിധാനം ചെയ്തതു്. ‘സ്ത്രീകളെപ്പോലെ വിവർത്തനം ഒന്നുകിൽ മനോഹരമാണു് അല്ലെങ്കിൽ വിശ്വസ്തമാണു്’ (like women,…, translations should be either beautiful or faithfull) വിവാഹത്തിനും വിവർത്തനത്തിനും ഒരുപോലെ പ്രയോഗിക്കുന്ന ഈ പരാമർശം പതിനേഴാം നൂറ്റാണ്ടിലെ ഫ്രാൻസിൽ രൂപമെടുത്തതാണു്. തികച്ചും സ്ത്രീവിരുദ്ധമായ ഈ ആശയം മൂലകൃതിയുടെ ആണത്തത്തിനും കർതൃത്വാധികാരത്തിനും (authorship) മൂല (original) പ്രഭാവ മനോഭാവത്തിനും തുടങ്ങി വിവർത്തനവുമായി ബന്ധപ്പെട്ട എല്ലാവിധ ലിംഗഭേദ ചിന്തകൾക്കും വിരാമമിടാൻ ഘടനാവാദാനന്തര കാലത്തു് സ്ത്രീവാദ ചിന്തകൾ ഉപയോഗിച്ചു. രാഷ്ട്രീയ ആക്ടിവിസം എന്ന നിലയിൽ സ്ത്രീവിവർത്തന ചിന്തകൾ വികസിക്കുന്നതു് പില്ക്കാലത്താണു് [76] യൂറോസെൻട്രിക് അഥവാ പാശ്ചാത്യാശയങ്ങളുടെ സങ്കുചിതത്വത്തെ മറികടക്കാൻ ശ്രമിച്ചും വ്യത്യസ്ത ദേശങ്ങളിലും കാലങ്ങളിലും അജണ്ടകളിൽ വേണ്ട മാറ്റം വരുത്തിയും രാഷ്ട്രീയ ശബ്ദങ്ങൾ ഉയർത്തിയും ഫെമിനിസ്റ്റ് ചിന്തകൾ ശ്രദ്ധേയമായി. [77] സാംസ്കാരിക പാരമ്പര്യം ഉൾപ്പെടെ സാഹിതീയവും അല്ലാത്തതുമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതും ഫെമിനിസ്റ്റ് ആശയങ്ങളിൽ അവ ഏറ്റവും പ്രധാനമാകുന്നതും ഇക്കാലത്താണു്. ലാറി ചേംബർലൈൻ (Lori Chamberlain) വിവർത്തന പഠനത്തിലെ ‘ലിംഗഭേദ’, ‘സ്ത്രീവിരുദ്ധ’, ‘രണ്ടാംകിട’ പരാമാർശങ്ങൾ പ്രത്യേകമായെടുത്തു് പഠനം നടത്തിയതാണു് ‘Gender and the metaphorics of translation’ (1988) എന്ന ലേഖനം. [78] പിതൃകേന്ദ്രിത അധികാര ഘടന മുൻനിർത്തി സാഹിത്യ, വിവർത്തന പഠനങ്ങളിലെ സ്ത്രീപക്ഷ ആശയങ്ങൾ ഉയർന്നുവന്നതു് 1970-80കളിൽ അഥവാ ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിന്റെ അവസാനത്തിലാണു്. ഭാഷയിലെ ആണധികാരത്തെക്കുറിച്ചും Gender and Language വിഷയത്തിൽ ലോകഭാഷകളെ മുൻനിർത്തിയും ചർച്ചകളും സംവാദങ്ങളും നടന്നു. വിവർത്തനത്തിലൂടെ ആണധികാര സ്വഭാവമുള്ള ഭാഷയെ മറികടക്കാൻ (hijacking) കഴിയും. [79] ആധിപത്യത്തിന്റെ എല്ലാ രൂപങ്ങൾക്കും എതിരായ ചെറുത്തുനില്പു് എന്ന ആശയം വിവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധകൊടുക്കാൻ ഫെമിനിസ്റ്റ് ചിന്തകരെ പ്രേരിപ്പിച്ചു. ലാറി ചേംബർലൈൻ കൂടാതെ Sherry Simon, Barbara Godard, Susanne de Lotbiniere എന്നിവരും ഫെമിനിസ്റ്റ് വിവർത്തന ചിന്തകരിൽ പ്രധാനികളാണു്. [80] ഷെറി സൈമണിന്റെ [81] Gender in Translation: Cultural Identity and the Politics of Transmission എന്നതിലൂടെ [82] വിവർത്തനത്തിലെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾക്കു് കൂടുതൽ അംഗീകാരം കിട്ടി. ഫെമിനിസ്റ്റ് വിവർത്തനത്തിനു് പുതിയ സാംസ്കാരികാർത്ഥങ്ങൾ നിർമ്മിക്കാനും സാമൂഹിക മാറ്റങ്ങൾക്കു് കാരണമാകാനും കഴിയും.

വിവർത്തനം എന്നതു് ഭാഷയെക്കുറിച്ചോ പാഠത്തെക്കുറിച്ചോ മാത്രമുള്ളതല്ല, അധികാരം, സ്വത്വം, സാംസ്കാരിക ഇടങ്ങൾ, ആഗോള മുതലാളിത്തം തുടങ്ങി നിരവധി ആശയങ്ങളുമായി ചേർന്നാണു് നിൽക്കുന്നതു്. [83] The Cambridge Handbook of Translation [84] -ന്റെ പതിനാലാം അധ്യായം വിവർത്തനവും ലൈംഗികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണു്. [85] The Routledge Handbook of Translation and Sexuality [86] വിവർത്തന പഠനങ്ങളും ക്വീർ പഠനങ്ങളും ചേരുന്ന ഇന്റർ ഡിസിപ്ലിനറി സമീപനങ്ങൾ ചർച്ചചെയ്യുന്നതോടൊപ്പം ലൈംഗികതയെക്കുറിച്ചുള്ള സാംസ്കാരികാശയങ്ങൾ ലോകഭാഷകളിലുടനീളം വിവർത്തനം ചെയ്യുന്നതിന്റെ രീതികളും അന്വേഷിക്കുന്നു. ഗായത്രി ചക്രവർത്തി സ്പിവാക് സൂചിപ്പിക്കുന്ന ‘ഉത്തരവാദിത്ത വിവർത്തന’മെന്ന (responsible translation) ആശയം ടാഗോറിന്റെ കൃതികൾ ഉദാഹരണമാക്കി വിശദീകരിക്കുന്ന ‘A Manifesto for Postcolonial Queer Translation Studies’ (Rahul K. Gairola), ആഗോളാനന്തര കാലത്തിലെ വിവർത്തനങ്ങളിൽ LGBT പോലുള്ള വ്യത്യസ്തമായ അന്തർസ്വത്വങ്ങൾ വെളിപ്പെടുത്തേണ്ടതിന്റെ പ്രസക്തി വിശദമാക്കുന്ന ‘Displacing LGBT: Global Englishes Activism and Translated Sexualities’ (Serena Bassi) എന്നീ ലേഖനങ്ങൾ ഉൾപ്പെടുന്ന Feminist Translationl Studies: Local and Transnational Perspectives (2017) [87] എന്നീ ലിംഗഭേദവുമായി ബന്ധപ്പെടുന്ന പുതിയ പുസ്തകങ്ങളെല്ലാംതന്നെ ലൈംഗിക സ്വത്വങ്ങളെയും ഉൾപ്പെടുത്തുന്ന ചർച്ചകൾ നടത്തുന്നുണ്ടു്.
പോസ്റ്റ് സ്ട്രക്ചറലിസം പാഠത്തിനുള്ള ബഹുത്വം (multiplicity), ശിഥില രൂപം (fragmentation) തുടങ്ങിയവ വെളിപ്പെടുത്തിയതു് വിവർത്തന പഠനത്തിലും പ്രധാനമായി. എല്ലാ പാഠങ്ങളും സങ്കീർണ്ണമാണു്. ഏകശിലാരൂപമല്ല അതിനുള്ളതു്. വിവിധതരം ശബ്ദങ്ങളും ഘടകങ്ങളും ചേർന്നതാണു് ഓരോ പാഠവും. ഒന്നിലധികം സാധുവായ വ്യാഖ്യാനങ്ങളും ശരികളുമാണു് ഓരോ പാഠത്തിലുമുള്ളതു്. ഈ സങ്കീർണ്ണതയിലും ബഹുത്വത്തിലുമാണു് വിവർത്തകർ ഇടപെടുന്നതു്. വിവർത്തകർ നടത്തുന്ന പൊളിച്ചെഴുത്തുകളുടെ ചരിത്രം ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളെ മുൻനിർത്തി കെ. എം. ഷെറീഫ് വിശദമാക്കുന്നതു് ശ്രദ്ധേയമാണു്. [88] ഒരു വാക്യത്തിൽ ഒന്നിലധികം ശബ്ദങ്ങളുടെയും വ്യവഹാരങ്ങളുടെയും സാന്നിധ്യവും പരസ്പരബന്ധവും ഉണ്ടെന്നു് മിഖായേൽ ബക്തിനാ ണു് ബഹുസ്വരത (polyphony) എന്ന സങ്കല്പനത്തിലൂടെ വ്യക്തമാക്കിയതു്. ദസ്തയേവ്സ്കി യുടെ നോവലുകളുടെ പഠനത്തിലാണു് ബഹുസ്വരതയെക്കുറിച്ചുള്ള ആശയം വികസിപ്പിച്ചതു്. സ്വതന്ത്രവും പരസ്പര ബന്ധമില്ലാത്തതുമായ ഒന്നിലധികം ശബ്ദങ്ങളും ബോധങ്ങളും ദസ്തയേവ്സ്കി കൃതികളിൽ സഹവർത്തിത്വത്തോടെ വർത്തിക്കുന്നതു് അദ്ദേഹം കാണിച്ചു. വാക്യത്തിനുള്ളിലെ ബഹുസ്വരത സംരംക്ഷിക്കുന്നതിനാണു് സർഗ്ഗാത്മക കൃതികളുടെ വിവർത്തകർ പരിഗണന നൽകേണ്ടതു്. സ്രോത പാഠത്തിലെ വ്യത്യസ്ത ശബ്ദങ്ങളും വീക്ഷണങ്ങളും ലക്ഷ്യ പാഠത്തിലും പരിപാലിക്കേണ്ടതുണ്ടു്. രചയിതാവിന്റെ സ്വരം, ആഖ്യാതാവിന്റെ സ്വരം, വിവിധ കഥാപാത്രങ്ങളുടെ തനതു സംഭാഷണരീതികൾ, ഭാഷാഭേദങ്ങൾ, വ്യതിരിക്തതകൾ തുടങ്ങിയ ഭാഷാവൈവിധ്യം എന്നിങ്ങനെ വ്യത്യസ്ത ആഖ്യാന സ്വരങ്ങൾ വിവർത്തനത്തിലും നിലനിർത്തേണ്ടതുണ്ടു്. പാഠത്തിൽ ഉൾച്ചേർന്ന സാംസ്കാരിക സൂക്ഷ്മശബ്ദങ്ങളും പ്രധാനമാണു്. ലക്ഷ്യ ഭാഷയുടെ ഭാഷാപരവും ശൈലീപരവുമായ സവിശേഷതകൾ ചേർത്തുവെച്ചാണു് സ്രോത ഭാഷാ പാഠം പുനർനിർമ്മിക്കേണ്ടതു്. ധാർമ്മികവും പ്രത്യയശാസ്ത്രപരവുമായ പരിഗണനകൾക്കു് മുൻഗണന നൽകി സ്രോത പാഠ സമഗ്രത വിവർത്തനത്തിലെത്തിക്കാനാണു് ശ്രമിക്കേണ്ടതു്. ഇവിടെ വാക്യത്തിന്റെ ബഹുസ്വരതയും മൂലഗ്രന്ഥത്തിന്റെ സാംസ്കാരിക സമ്പന്നതയും ഒഴിവാക്കുന്ന വിവർത്തന പ്രക്രിയയിലെ തദ്ദേശവൽക്കരണ (domestication) പരിപാടി അത്ര വിജയിക്കില്ല.

ഘടനാവാദാനന്തര ചിന്തകളാണു് വിവർത്തന പ്രക്രിയയുടെ പ്രാധാന്യത്തെക്കുറിച്ചു് ചിന്തിക്കാൻ ഇടയാക്കിയതു്. [89] പാഠത്തിന്റെ സാംസ്കാരികവും സാന്ദർഭികവുമായ സംവേദനക്ഷമതയുടെ പ്രാധാന്യം, വിവർത്തനത്തിനു് ഇടയാക്കിയ സാഹചര്യം (context), സംസ്കാരം, അധികാര ബന്ധങ്ങൾ തുടങ്ങിയവ വിവർത്തന പ്രക്രിയയിൽ ഇടപെടുന്നുണ്ടു്. മലയാളത്തിലേക്കു് രാമചരിതവും അധ്യാത്മ രാമായണവും നമ്പ്യാർകൃതികളും വന്നതു് ഓരോരോ സാംസ്കാരിക സാഹചര്യത്തിലാണു്. സ്രോതപാഠത്തിന്റെ അർത്ഥത്തെ സ്വാധീനിക്കുന്ന സാംസ്കാരിക സൂചനകളും പരിസരങ്ങളും മനസ്സിലാക്കുന്നതു പോലെ ലക്ഷ്യ സംസ്കാരത്തിന്റെ സന്ദർഭം വിവർത്തന തിരഞ്ഞെടുപ്പുകളെ എങ്ങനെ ബാധിക്കുന്നുവെന്നതും പ്രധാനമാണു്. ഇന്ത്യൻ പ്രാചീന രചനകളുടെയും ഇന്ദുലേഖയുടെയും മഹാശ്വേതാദേവിയുടെ ‘സ്തനദായിനി’യുടെയും മറ്റും കൊളോണിയൽ കാലത്തെ ഇംഗ്ലീഷ് വിവർത്തനങ്ങൾ തെളിവാണു്. [90] കൊളോണിയൽ ആധിപത്യത്തെ നിലനിർത്തുന്നതിനും ചെറുക്കുന്നതിനും അട്ടിമറിക്കുന്നതിനുമുള്ള ഉപകരണമായി വിവർത്തനം വർത്തിക്കുന്നതു് ഇത്തരത്തിലാണു്. പാഠത്തിന്റെ സങ്കരസ്വഭാവം (hybridity) എങ്ങനെ വിവർത്തനത്തിൽ ഉപയോഗിക്കുന്നു എന്നതാണു് ശ്രദ്ധിക്കേണ്ടതു്. എപ്പിക്യൂറിയനിസം എന്ന ആശയത്തിൽ ആത്മീയ ദർശനമുള്ള ഒമർഖയാമിന്റെ റുബയ്യാത്തിനു് ഇംഗ്ലീഷ് വിവർത്തനം നടത്തിയതിനു് പിന്നിൽ അധികാര ഘടനയിൽ വിവർത്തകർ എടുത്ത സ്വാതന്ത്ര്യമാണു്. വിട്ടുകളയണോ വിളക്കിച്ചേർക്കണോ മാറ്റിഎഴുതണോ എന്ന സ്വാതന്ത്ര്യം വിവർത്തകർക്കു് നൽകുന്നതു് നിലവിലുള്ള അധികാരഘടനയാണു്. വില്യം ജോൺസ് ചെയ്ത അഭിജ്ഞാന ശാകുന്തളത്തിന്റെ വിവർത്തനം കോളണിയധികാരത്തിൽ നടത്തിയ തദ്ദേശവൽക്കരണത്തിനു് മറ്റൊരുദാഹരണമാണു്. [91] വിവർത്തനവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമാണു് പ്രധാനം. ഘടനാവാദാനന്തര, കോളോണിയനന്തര, ഫെമിനിസ്റ്റ് സൈദ്ധാന്തിക, പ്രായോഗിക ചട്ടക്കൂടുകൾ [92] ഉപയോഗിച്ചാണു് വിവർത്തനങ്ങളുടെ നൈതികവും രാഷ്ട്രീയവുമായ തലങ്ങൾ പഠന വിധേയമാക്കുകയാണു് The Politics of Translation (1993) എന്ന പുസ്തകത്തിൽ ഗായത്രി ചക്രവർത്തി സ്പിവാക്ക് ചെയ്തതു്.
ഭാഷ അധികാരത്തിന്റെയും പോരാട്ടത്തിന്റെയും നിർമ്മിതിയാണു്. അധികാരം, സാംസ്കാരിക വ്യത്യാസം, പ്രാതിനിധ്യം തുടങ്ങിയ ആശയങ്ങളാണു് സ്പിവാക്കിന്റെ ചിന്തകളിൽ മുഴങ്ങിക്കേട്ടതു്. ഭാഷാപരമായ ഒന്നു് എന്നതിൽക്കവിഞ്ഞു് സ്രോത പാഠത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ സന്ദർഭങ്ങളെ ബഹുമാനിക്കുന്ന ധാർമ്മിക പ്രവർത്തിയാണു് വിവർത്തനം. ഒരു കൊളോണിയൽ ഉല്പന്നമാണു് വിവർത്തനമെന്നു് അവർ ഓർമ്മിപ്പിക്കുന്നു. കോളനി ജനതയുടെ മേൽ കൊളോണിയൽ ഭാഷകളും സംസ്കാരങ്ങളും അടിച്ചേല്പിക്കാനും തദ്ദേശിയ ഭാഷകളും സംസ്കാരങ്ങളും ഇല്ലാതാക്കാനുമാണു് വിവർത്തനങ്ങൾ ശ്രമിച്ചതു്. അടിച്ചമർത്തലിന്റെ മാത്രമല്ല, ശാക്തീകരണത്തിന്റെ ഉപകരണമാകാനും വിവർത്തനത്തിനു് കഴിയും. ചിത്ര പണിക്കർ താൻ ചെയ്ത യുലീസസ് വിവർത്തന പ്രക്രിയ എങ്ങനെ പോസ്റ്റ് കൊളോണിയൽ വിവർത്തനമായി മാറുന്നു എന്നു് ‘യുലീസസിനു് മലയാളത്തിൽ ഒരു മൊഴിമാറ്റം: വിവർത്തന പ്രക്രിയയിൽ സൈദ്ധാന്തീകരണത്തിനുള്ള സ്ഥാനം’ എന്ന ലേഖനത്തിൽ വിവരിക്കുന്നതു് കോളനിയനന്തര വിവർത്തനത്തിന്റെ ഭാഗമായാണു്. [93] ആധിപത്യത്തെ ചെറുക്കുന്നതും പാർശ്വവല്കൃതർക്കു് ശബ്ദം കൊടുക്കുന്നതുമായ പ്രത്യധീശത്വ (counter—hegemonic) വിവർത്തനങ്ങളാണു് ആവശ്യം. സ്രോത പാഠത്തിൽ അന്തർലീനമായ അധികാര ഘടനകളെയും സാംസ്കാരിക മാനങ്ങളെയും വെളിപ്പെടുത്തുന്ന അപനിർമ്മാണ സമീപനമാണു് ആവശ്യം. ലക്ഷ്യ ഭാഷാ സംസ്കാരത്തിലെ പ്രബലാഖ്യാനങ്ങളിൽ വെല്ലുവിളി ഉയർത്താനും സാമൂഹിക നീതി പ്രത്സാഹിപ്പിക്കാനും കഴിയുന്ന ആക്ടിവിസമാണു് വിവർത്തനമെന്നാണു് സ്പിവാക്ക് വാദിക്കുന്നതു്. കൊളോണിയൽ പാഠങ്ങളും കീഴാളപാഠങ്ങളും വിവർത്തനം ചെയ്യുന്നതു് സാംസ്കാരിക സാമ്രാജ്യത്തിനെതിരായ ചെറുത്തുനില്പാണു്. പാഠത്തിന്റെ ലിംഗപരത ഉയർത്തിപ്പിടിക്കുകയും ലക്ഷ്യപാഠത്തിൽ സംരക്ഷിക്കുകയും ചെയ്യേണ്ടതു് സ്പിവാക്ക് ഓർമ്മിപ്പിച്ചു…
മനുഷ്യരാശിയുടെ തുടക്കം മുതലുള്ള ആഖ്യാനങ്ങളോടു ചേർന്നുനിൽക്കുന്ന വലിയൊരു ശൃംഖലയ്ക്കുള്ളിലാണു് എല്ലാ സാഹിത്യ സൃഷ്ടികളും എന്നു് തിരിച്ചറിയുന്ന അനുവർത്തന പഠനങ്ങൾ (adaptation studies) [94] എന്ന ജ്ഞാനശാഖയിലേക്കു് വിവർത്തനമുൾപ്പെടുള്ള ആവിഷ്കാര രൂപങ്ങൾ മാറുന്നതു് സമീപകാലത്താണു്. ചലച്ചിത്ര, സ്ക്രീൻ പഠനങ്ങൾ, സാഹിത്യ നിരൂപണം, ദൃശ്യപ്രകടന കലകൾ, നവമാധ്യമങ്ങൾ, ട്രാൻസ്മീഡിയ കഥപറച്ചിൽ എന്നിങ്ങനെ പരിമിതപ്പെടുത്താനാവാത്തവിധം വിഷയങ്ങളെ ഈ മേഖല ഉൾക്കൊള്ളുന്നു. സിനിമയും നോവലും അരങ്ങും പോലെയുള്ള പരിചിത രൂപങ്ങൾ ഇന്റർഡിസിപ്ലിനറി സ്വഭാവമുള്ള റീമേക്കുകൾ, ഫാൻ ഫിക്ഷൻ, തീം അനുഭവങ്ങൾ തുടങ്ങി ഡിജിറ്റൽ മാനവികതയുടെ എണ്ണിയാലൊതുങ്ങാത്ത വരാനിരിക്കുന്ന ഉള്ളടക്കങ്ങളെല്ലാം ഉൾക്കൊള്ളാൻ തക്കവിധം രീതിശാസ്ത്ര ഭദ്രതയുള്ളതാണു് അഡാപ്റ്റേഷൻ പഠനങ്ങൾ. [95]

നേർവിവർത്തനങ്ങൾക്കു് പുറമേ ഒരേ ഭാഷയ്ക്കകത്തു് നടക്കുന്ന പലതരം പരാവർത്തനങ്ങളെയും (നോവലിൽ നിന്നും നാടകം, കവിതയിൽ നിന്നും മിനിക്കഥ, കുട്ടികൾക്കു് വേണ്ടിയുള്ള പുനരാഖ്യാനങ്ങൾ തുടങ്ങി പുറന്താൾക്കുറിപ്പു് വരെ) വിവിധങ്ങളായ മാധ്യമാന്തര പുനർരചനകളെയും (നോവൽ റേഡിയോ നാടകമോ സിനിമയോ ചിത്രകഥയോ ടി വി സീരിയലോ ആകുന്നതു്, പുരാവൃത്തം ഓപ്പറയാകുന്നതു് തുടങ്ങി) അവർ വിശകലനം ചെയ്തു… യക്കോബ്സൻ എല്ലാ പുനർരചനകളെയും വിവർത്തനം എന്നു വിളിച്ചതിൽ സംജ്ഞാപരമായ പ്രശ്നം ഉണ്ടായിരുന്നു. വിവർത്തനത്തെ പുനർരചനാ രൂപങ്ങളിൽ ഒന്നായിക്കാണുമ്പോഴാണു് ഈ പ്രശ്നം പരിഹരിക്കുന്നതു്. വിവർത്തനത്തെ മറ്റു പുനർരചനാ രൂപങ്ങളോടൊപ്പം ഒരു കുടക്കീഴിൽ കൊണ്ടുവന്ന… ആന്ദ്രേ ലെഫവർ ആകട്ടെ സാഹിത്യ വിമർശനത്തെപ്പോലും വിവർത്തനം പോലെ പുനർരചനാ രൂപമായിട്ടാണു് കണ്ടതു്… കഥകളും മറ്റും ഉപയോഗിച്ചു തയ്യാറാക്കുന്ന വീഡിയോ ഗെയിമുകളെപ്പോലും adaptaion എന്നു് ലിൻഡ ഹച്ചിയൻ (Linda Hutcheon) വിളിച്ചു. [96]
ഇതിഹാസ കാവ്യങ്ങൾ മാത്രമല്ല, പാശ്ചാത്യ സാഹിത്യ കൃതികളും സ്വതന്ത്രമായി പുനർരചിച്ച ചരിത്രം മലയാള സാഹിത്യത്തിനുണ്ടു്. ഓസ്കാർ വൈൽഡി ന്റെ Lady Windermere’s Fan നാലപ്പാട്ടു് നാരായണമേനോൻ വേശുവമ്മയുടെ വിശറിഎന്ന പേരിൽ സ്വതന്ത്രമായി വിവർത്തനം ചെയ്യുകയായിരുന്നു… പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ ദസ്തോവ്സ്കി യുടെ പല കൃതികളെയും അദ്ദേഹത്തിന്റെ കാമുകി അന്നയുടെ ആത്മകഥയെയും ഉപജീവിക്കുന്ന ഒരു ബഹുപാഠാന്തര ആഖ്യായികയാണു്. [97] എന്നുതുടങ്ങി, കഥകളിയും ചവിട്ടുനാടകവും സിനിമ, നാടകങ്ങൾ, ബാലസാഹിത്യം, ചിത്രകഥകൾ, തുടങ്ങി സീരിയലുകൾ, ഇന്റർനെറ്റ് വ്യവഹാരങ്ങൾ വരെ വ്യാപിച്ചു കിടക്കുന്ന അനുവർത്തനങ്ങളെക്കുറിച്ചു് കെ. എം. ഷെറീഫ് വിശദീകരിക്കുന്നുണ്ടു്.
ഇത്തരത്തിൽ മലയാളത്തിലെ വിവർത്തന വിമർശനത്തിന്റെ ചരിത്രവും രീതിശാസ്ത്രവും അന്വേഷിച്ചാൽ വിവർത്തന ചിന്തകൾ വരുന്നതിനു മുമ്പുനടന്ന പഠനങ്ങളിൽ നിന്നു തുടങ്ങി സംസ്കാര പഠനത്തിന്റെ പുതിയ സാഹചര്യത്തിൽ നടത്തിയ പഠനങ്ങൾ വരെയുണ്ടു്. മൂലകൃതിയുമായി ചേർത്തുവെച്ചു് താരതമ്യപഠനത്തിന്റെ സൈദ്ധാന്തിക പരിസരങ്ങൾ ഉപയോഗപ്പെടുത്തിയാണു് ആദ്യകാലങ്ങളിൽ അന്വേഷണങ്ങൾ നടന്നതു്. വിവർത്തന പ്രക്രിയയുടെ പ്രായോഗികവും ഭാഷാശാസ്ത്രപരവുമായ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും വിവരിക്കുന്ന പുസ്തകങ്ങളും ചിന്തകളും കടന്നുവന്ന രണ്ടാംഘട്ടത്തിൽ (1970–2000) നിരവധി പഠനങ്ങളുണ്ടായി. അന്വേഷണത്തിന്റെ കേന്ദ്രം മൂലകൃതിയിൽ നിന്നും വിവർത്തന പാഠങ്ങളിലേക്കു് മാറിവന്നു. വിവർത്തനത്തിന്റെ വർത്തമാനകാലം ആഗോളവൽക്കരണവും സാങ്കേതികവിദ്യയും കൊണ്ടുവന്ന കമ്പ്യൂട്ടർ-ഡിജിറ്റൽ സാധ്യതകളുടേതാണു്. ലോകഭാഷകളെല്ലാം യുനിക്കോഡിലെത്തി, ഡിജിറ്റലൈസേഷൻ നടത്തി വിവർത്തന പ്രക്രിയ സോഫ്റ്റ്വെയറുകൾ ഏറ്റെടുത്തു് വേഗത്തിലാക്കിയ കാലമാണു് ഇന്നുള്ളതു്. കേരളത്തിന്റെ വ്യാവഹാരിക മണ്ഡലത്തിൽ വിവർത്തന സാഹിത്യം വരുത്തിയ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു. മലയാളത്തിൽ വിവർത്തന കൃതികൾ പഠന വിധേയമാകുന്നതുതന്നെ വിരളമാണു്. ധാരാളം വിവർത്തകരും വിവർത്തനങ്ങളും വിമർശനത്തിന്റെയോ സാഹിത്യചരിത്രത്തിന്റെയോ ഭാഗമാകാതെ പോകുന്നു. വിവർത്തന പ്രക്രിയയുടെ സർഗ്ഗാത്മകതയും [98] സാംസ്കാരിക, സംവേദന പ്രാധാന്യവും തിരിച്ചറിഞ്ഞു് അവയെ സാഹിത്യചരിത്രത്തിന്റെ ഭാഗമായി വിശകലനം ചെയ്യേണ്ടതുണ്ടു്. വിവർത്തകരും വിവർത്തനവും സർഗ്ഗരചനയിലെ രണ്ടാംതരക്കാരല്ല. അവരും അവരുടെ രചനകളും സാമൂഹിക വ്യവഹാര മണ്ഡലത്തിൽ ചലനങ്ങളുണ്ടാക്കുന്നുണ്ടു്. ആ ഇടപെടലുകളും സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കേണ്ടതുണ്ടു്. ഏറ്റവും പുതിയ സംവേദന പഠനങ്ങൾ [99] വരെ ഉപയോഗിച്ചു് മലയാളത്തിലെ വിവർത്തന പഠനങ്ങൾക്കു് ദിശാബോധം നൽകിയ പ്രൊഫ. സ്കറിയ സക്കറിയ യുടെ ലേഖനങ്ങൾ വഴികാട്ടിയാണു്.
Translation എന്ന ഇംഗ്ലീഷ് പദം trans, latum എന്നീ ലാറ്റിൻ പദങ്ങളിൽ നിന്നു രൂപമെടുത്തതാണു്. ‘a carrying across’ എന്നാണു് അർത്ഥം. അതായതു് എഴുതിവെച്ച ഒരാശയം ഒരു ഭാഷയിൽ നിന്നു (സ്രോത ഭാഷ/sourse language) മറ്റൊരു ഭാഷയിലേക്കു് (ലക്ഷ്യ ഭാഷ/ target language) മാറ്റുന്നു.
വിവർത്തന ചരിത്രത്തിൽ ബൈബിളിലെ പഴയ നിയമത്തിൽ നിന്നുള്ള ബൈബേൽ ഗോപുരവും ഈജിപ്തിലെ ജീവിതത്തെക്കുറിച്ചുള്ള സൂചനകളും ഉപയോഗിക്കുന്നതു് പതിവാണു്. ‘ഭൂമിയിൽ ഒരു ഭാഷയും സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിഴക്കു നിന്നു വന്നവർ ഷീനാറിൽ ഒരു സമതല പ്രദേശം കണ്ടെത്തി. അവിടെ പാർപ്പുറപ്പിച്ചു. ‘നമുക്കു് ഇഷ്ടികയുണ്ടാക്കി ചുട്ടെടുക്കാം’ എന്നു് അവർ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം കളിമണ്ണും അവർ ഉപയോഗിച്ചു. അവർ പരസ്പരം പറഞ്ഞു: ‘നമുക്കു് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീർത്തു് പ്രശസ്തി നിലനിർത്താം. അല്ലെങ്കിൽ നാം ഭൂമുഖത്താകെ ചിതറിപ്പോകും.’ മനുഷ്യർ നിർമ്മിച്ച നഗരവും ഗോപുരവും കാണാൻ കർത്താവു് ഇറങ്ങിവന്നു. അവിടുന്നു പറഞ്ഞു. ‘അവരിപ്പോൾ ഒരു ജനതയാണു്. അവർക്കു് ഒരു ഭാഷയും. അവർ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ ആയിട്ടുള്ളൂ. ചെയ്യാനൊരുമ്പിടുന്നതൊന്നും അവർക്കിനി അസാധ്യമായിരിക്കുകയില്ല. നമുക്കു് ഇറങ്ങിച്ചെന്നു് അവരുടെ ഭാഷ, പരസ്പരം ഗ്രഹിക്കാനാകാത്തവിധം ഭിന്നിപ്പിക്കാം.’ ഇങ്ങനെ കർത്താവു് അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവർ പട്ടണംപണി ഉപേക്ഷിച്ചു. അതുകൊണ്ടാണു് ആ സ്ഥലത്തിനു് ബാബേൽ എന്നു പേരുണ്ടായതു്. അവിടെ വെച്ചാണു് കർത്താവു് ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ചതും അവരെ നാടാകെ ചിതറിച്ചതും’. (ഉല്പത്തി 11: 1–9) ‘തങ്ങൾ പറഞ്ഞതു് ജോസഫിനു് മനസ്സിലായെന്നു് അവർ അറിഞ്ഞില്ല. കാരണം ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണു് അവർ ജോസഫുമായി സംസാരിച്ചതു്’ (ഉല്പത്തി 42: 23).
The Babylon of Hammurabi’s day (2100 B. C.)
300 B. C.-യിൽ പഴയ നിയമത്തിനു് ഹീബ്രുവിൽ നിന്നും ഗ്രീക്കിലേക്കു് പരിഭാഷയുണ്ടായതായി പറയപ്പെടുന്നു. പുതിയനിയമം ഗ്രീക്കിൽ നിന്നും ലാറ്റിനിലേക്കു് എഡി 382 സെന്റ് ജെറോമിന്റെ വിവർത്തനത്തോടെയാണു് ആരംഭിച്ചതു്.
ഇസ്ലാമിക് സുവർണ്ണകാലമെന്നു് അറിയപ്പെടുന്ന (Abbasid period) എട്ടാം നൂറ്റാണ്ടുമുതൽ ബാഗ്ദാദ് കേന്ദ്രമാക്കി വൈദ്യശാസ്ത്ര, തത്വശാസ്ത്രമുൾപ്പെടെയുള്ള ക്ലാസിക്കൽ ഗ്രീക്ക് കൃതികൾ, ഇന്ത്യൻ ശാസ്ത്രകൃതികൾ, പേർഷ്യൻ സാഹിത്യ കൃതികൾ തുടങ്ങിയവ അറബിയിലേക്കു് പരിഭാഷപ്പെടുത്താൻ തുടങ്ങിയതായി രേഖകളുണ്ടു്. വിവർത്തനത്തിന്റെ സുവർണ്ണകാലമെന്നും ഇതു് അറിയപ്പെടുന്നു. ഇക്കാലത്തെക്കുറിച്ചുള്ള അറിവുകളും തെളിവുകളും കണ്ടെത്തിയാൽ യൂറോകേന്ദ്രിത വിവർത്തന ചരിത്രംതന്നെ മാറ്റി എഴുതേണ്ടിവരും.
St. Jerome എഡി 383-നും 404-നും ഇടയിൽ ഗ്രീക്കിൽ നിന്നും ലാറ്റിനിലേക്കു് ബൈബിൾ വിവർത്തനം ചെയ്തതായി രേഖകൾ പറയുന്നു.
From Rome to Renaissance എന്ന ഒറ്റവാക്കിൽ ഈ യൂറോപ്യൻ വിജ്ഞാനം ഒതുക്കാൻ കഴിയില്ല. അറബ്, ചൈനീസ് വിവർത്തനങ്ങളെക്കുറിച്ചുള്ള രേഖകളും തെളിവുകളും അതിനുള്ള അംഗീകാരവും ലഭിക്കുന്നതുവരെയാണു് ഈ യൂറോകേന്ദ്രിത ചരിത്രത്തിനു് ആയുസ്സുള്ളതു്.
‘ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന എല്ലാവരോടും ഞാൻ സാക്ഷീകരിക്കുന്നതു് അവയോടു് ആരെങ്കിലും എന്തെങ്കിലും കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ എഴുതിരിക്കുന്ന ബാധകൾ ദൈവം അവനു് വരുത്തും. ആരെങ്കിലും ഈ പ്രവചനപുസ്തകത്തിലെ വാക്കുകൾ നീക്കംചെയ്താൽ ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ള ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള ഓഹരി ദൈവം നീക്കിക്കളയും.’ വെളിപാടു് 22: 18–19.
പതിനഞ്ചു കവിതകളുടെ സമാഹാരമായ Preface to Ovid’s Epistles-ൽ Mataphrase, Paraphrase, imitation എന്നീ മൂന്നുതരം വിവർത്തനങ്ങളെക്കുറിച്ചു് ഡ്രൈഡൻ വിശദീകരിക്കുന്നുണ്ടു്.
ഇംഗ്ലീഷിൽ വിവർത്തനത്തെക്കുറിച്ചുണ്ടായ ആദ്യപുസ്തകം ഫ്രേയ്സറുടെ The Principles of Translation ആണു്. 1. The translation should be recreate the original, 2. It should resemble the original in style and manner, 3. It should be read easly like the original. എന്നിങ്ങനെ മൂന്നു് തത്വങ്ങൾ മുന്നോട്ടു വെച്ചെങ്കിലും വിവർത്തകരുടെ സ്വാതന്ത്ര്യം അദ്ദേഹം അംഗീകരിച്ചിരുന്നില്ല.
ഡ്രൈഡന്റെ യും ടൈറ്റ്ലറി ന്റെയും ആശയങ്ങളിൽ നിന്നുതന്നെയാണു് വിവർത്തനവുമായി ബന്ധപ്പെട്ട കാല്പനികകാലചിന്തകൾ തുടങ്ങുന്നതു്. “… not to translate a poet literally” എന്ന ഡ്രൈഡന്റെ ആശയമാണു് ഈ കാലത്തിനു് പ്രധാനം. എഴുത്തുകാരുടെ ആത്മനിഷ്ഠത, വാക്കുകളുടെ ലാവണ്യാത്മകത കാവ്യപ്രചോദനം, കാവ്യാനുഭവം, ദൈവികാനുഭൂതി, തുടങ്ങിയവ ഇംഗ്ലീഷ് കാല്പനികകവികളായ വേർഡ്സവർത്തി ന്റെയും കോളറിഡ്ജി ന്റെയും കാലത്തു് സാഹിത്യരംഗത്തു മുഴങ്ങി. കാവ്യവിവർത്തനത്തെ സംബന്ധിച്ച പുതിയ ധാരണകൾ ഇക്കാലത്തു രൂപമെടുത്തു. Lord Byron, Claire clairmount, Felicia Hemans, Sir William Johns, John Keats എന്നിവരാണു് ഇക്കാലത്തു് പ്രമുഖർ. സർഗ്ഗാത്മക വിവർത്തനം (creative translation) എന്ന പ്രയോഗിക വിവർത്തനം രൂപമെടുത്തതു് ഇക്കാലത്താണു്. “two confliting tendencies” എന്നാണു് സൂസൻ ബാസ്നെറ്റ് (Translation Studies, p. 65)കാല്പനികാല വിവർത്തനത്തെ വിശേഷിപ്പിക്കുന്നതു്.
On Translating Homer (1861) ആണു് വിവർത്തനവുമായി ബന്ധപ്പെട്ട പ്രധാന കൃതി. ഇലിയഡ് (Illiad), ഒഡീസി (Odyssey) എന്നീ ഇതിഹാസരചനകളുടെ അതുവരെയുണ്ടായ ഇംഗ്ലീഷ് വിവർത്തനങ്ങളെ അദ്ദേഹം പഠനവിധേയമാക്കി.
1859-ൽ പേർഷ്യനിൽ നിന്നും Rubaiyat (Omar Khayyam) ഇംഗ്ലീഷിലേക്കു് പരിഭാഷപ്പെടുത്തിയതു് ഫിറ്റ്സ്ജറാൾഡാണു്. മൂലകൃതിയുടെ സ്വതന്ത്ര വിവർത്തനമാണു് അദ്ദേഹം നടത്തിയതു്. My translation will interest you from its form, and also in many respect in its detail: very un-literal as it is. Many quartrains are matched together: and something lost, I doubt, of Omar’s simplicity.which is so much a virtue in him (letter to E B Cowell 9/3/58) I suppose very few people have ever taken such pians in Translation as I have: though certainly not to be literal. But at all costs, a Thing must live: with a transfusion of one’s own worse Life if one can’t retain the Originals better. Better a live Sparrow than a stuffed Eagle. (letter to E B Cowell 4/27/59) (https://en.m.wikipedia.org/wiki/Rubaiyyat-of-omar-khyyam) ഒമർഖയ്യാം പരിഭാഷകളെക്കുറിച്ചുള്ള ലേഖനം—‘പരിഭാഷയ്ക്കുള്ളിലെ കോളനി’ (ഡോ. ഉമർ തറമേൽ, വിവർത്തന താരതമ്യ പഠനത്തിലെ നൂതന പ്രവണതകൾ, എഡി. മഹമ്മദ് റാഫി എൻ വി, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല പ്രസിദ്ധീകരണം, പു. 168–177).
On Translating Homer (1861) എന്ന രചനയുമായി ബന്ധപ്പെട്ടു് മാത്യൂ ആർനോൾഡു മായി നടത്തിയ സംവാദത്തിലാണു് ന്യൂമാൻ വിവർത്തന പഠനരംഗത്തു് എത്തുന്നതു്. ന്യൂമാൻ നടത്തിയ ഇലിയഡ് വിവർത്തനത്തെ ആർനോൾഡ് വിമർശിച്ചു. ഇലിയഡിന്റെ വൈദേശികത്വത്തെ തിരിച്ചറിയത്തക്ക വിധത്തിൽ “Un-English” അഥവാ മൂലാനുസാരിയായിരുന്നു ന്യൂമാന്റെ വിവർത്തനം (Theory of faithful translation).
കുഞ്ഞിക്കുട്ടൻതമ്പുരാന്റെ പദാനുപദവിവർത്തനരീതിയോടാണു് കുട്ടിക്കൃഷ്ണമാരാര് ആഭിമുഖ്യം പുലർത്തിയതു്. സാഹിത്യ വിമർശനത്തിൽ വലിയ സംവാദങ്ങൾക്കാണു് കേരളശാകുന്തളത്തെക്കുറിച്ചുള്ള ലേഖനം വഴിവെച്ചതു്. മാരാർ തന്റെ പക്ഷപാത സിദ്ധാന്തം അവതരിപ്പിച്ചതു് ഈ ലേഖനത്തിനു വന്ന നിശിതമായ എതിർപ്പിനെ തുടർന്നാണു്.
രാജാങ്കണം, സാഹിത്യപ്രവർത്തകസഹകരണസംഘം, കോട്ടയം, 1975: 123.
രാജരാജവർമ്മ, 1987.
ഡി. ബഞ്ചമിൻ, വിമർശനത്തിന്റെ സഞ്ചാരപഥങ്ങൾ, മാളൂബൻ പബ്ലിക്കേഷൻസ്, 2019 പു. 96–97.
രാജാങ്കണം, പു. 18–19.
മനുഷ്യസംസ്കൃതിയുടെ തുടക്കം മുതൽക്കുതന്നെ വിവർത്തന ശ്രമങ്ങളുണ്ടു്. നമ്മുടെ ചിന്തയുടെയും ആശയങ്ങളുടെയും സങ്കേതരൂപമാണു് ഭാഷയെന്ന ചിഹ്നങ്ങളിലും പ്രതീകങ്ങളിലുംകൂടി വിനിമയം ചെയ്യുന്നതു്. ഈയർത്ഥത്തിൽ നിമിഷംപ്രതി വിവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. വിവിധഭാഷകൾ സംസാരിക്കുന്ന മനുഷ്യർ ഈ ഭാഷകൾ തമ്മിൽ നടത്തുന്ന വിനിമയ പ്രക്രിയയ്ക്കാണു് വിവർത്തനം (translation) എന്ന പദം പൊതുവെ ഉപയോഗിക്കുന്നതു്.
സച്ചിദാനന്ദൻ, ‘വിവർത്തനം സംസ്കാരം അധികാരം’, വിവർത്തനവും സംസ്കാരപഠനവും, എഡി. എ. എം ശ്രീധരൻ, സാഹിതി മലയാളവിഭാഗം കൂട്ടായ്മ, ശ്രീശങ്കരാചാര്യസംസ്കൃതസർവകലാശാല, പയ്യന്നൂർ കേന്ദ്രം, 2012, പു. 12
മലയാള സാഹിത്യ ചരിത്രത്തിൽതന്നെ ഭാവുകത്വമാറ്റങ്ങൾക്കു കാരണമായ പാവങ്ങളും (നാലപ്പാട്ടു് നാരായണമേനോൻ) കാറംസോവ് സഹോദരന്മാരും (കെ. ദാമോദരൻ) പ്രസ്തുത കൃതികളുടെ ഇംഗ്ലീഷ് വിവർത്തനങ്ങളിൽ നിന്നും മൊഴിമാറ്റം ചെയ്തവയാണു്. ലോകക്ലാസിക്കുകളിൽ പലതും മലയാളത്തിലെത്തിയതു് രണ്ടോമൂന്നോ വിവർത്തന ശ്രമങ്ങൾക്കു ശേഷമാണു്.
സച്ചിദാനന്ദൻ, ‘വിവർത്തനം സംസ്കാരം അധികാരം’, വിവർത്തനവും സംസ്കാരപഠനവും, എഡി. എ. എം ശ്രീധരൻ, സാഹിതി മലയാളവിഭാഗം കൂട്ടായ്മ, ശ്രീശങ്കരാചാര്യസംസ്കൃതസർവകലാശാല, പയ്യന്നൂർ കേന്ദ്രം, 2012, പു. 13.
വിവർത്തനത്തിനു് നിരവധി നിർവചനങ്ങളുണ്ടു്. “… the interpretation of verbal signs by means of some other language” Roman Jakonson. The Process of translating words or text from one language into another—Oxford University. This can mean the word to word rendering of the text in one language to another or replacing the equivalents of the words or phrases in one text to another. The translated text may have formal equilance when the sourse text and the translated text look alike in form. It may have functional equivalence when the sourse text and the target text or translated text convey the same sense or perform the same function, though they have formal differences. It is often seen that the idioms and usage of the source language creep into the target language through translations which enrich and shape the target language—The Cambridge Dictionary.
മുണ്ടശ്ശേരിക്കൃതികൾ, വാല്യം 2 2004, പു. 666.
ചങ്ങമ്പുഴ കൃഷ്ണപിള്ള തന്റെ വിവർത്തനങ്ങളെയും വിവർത്തന രീതികളെയും കുറിച്ചു് സൈദ്ധാന്തികമായി വിലയിരുത്തുന്നതിനു് സുധാംഗദ(1937)യുടെ അവതാരികയിൽ ശ്രമിച്ചു. അയ്യപ്പപ്പണിക്കരെ ക്കുറിച്ചു് സമീപകാലത്തുണ്ടായ സമഗ്രപഠനത്തിൽ വിവർത്തകനായ അയ്യപ്പപ്പണിക്കരെ സവിശേഷമായി പരിഗണിക്കുന്നുണ്ടു്. ഇത്തരത്തിലുള്ള ധാരാളം ശ്രമങ്ങൾ മലയാള സാഹിത്യ വിമർശന രംഗത്തു് ഇതിനോടകം നടന്നിട്ടുണ്ടു്.
ഡോ. ജയാ സുകുമാരൻ 2011, പു.
തൊഴിലധിഷ്ഠിത കോഴ്സിനെ മുൻനിർത്തി രൂപപ്പെടുത്തിയ പാഠപുസ്തകം എന്ന നിലയിലാണു് ഈ പുസ്തകം തയ്യാറാക്കിയതു്. മൂന്നു മാസത്തെ കോഴ്സിൽ നൂറോളം പഠിതാക്കൾ പങ്കെടുത്തു. പിൽക്കാലത്തു്, ഭാഷാപഠിതാക്കൾക്കു് തൊഴിൽ സാധ്യതയുള്ള കോഴ്സ് എന്ന നിലയിൽ സർവകലാശാല സിലബസുകളിൽ വിവർത്തനം സജീവമായ വിഷയമായി മാറി. തൊഴിൽ ലഭിച്ചാലും ഇല്ലെങ്കിലും വിവർത്തന പഠന മേഖലയിൽ മലയാളത്തിൽ പുസ്തകങ്ങളുണ്ടാകാൻ ഇതു കാരണമായി.
ഭാഷാശാസ്ത്രജ്ഞനായ പ്രൊഫ. വി. ആർ. പ്രബോധചന്ദ്രൻനായരു ടെ ‘വിവർത്തനത്തിന്റെ ഭാഷാശാസ്ത്രഭൂമിക’ എന്ന പുസ്തകം 1974-ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. കാറ്റ്ഫോർഡിന്റെ ആശയങ്ങൾക്കു പുറമെ, യൂജിൻ നൈഡയുടെ പുസ്തകങ്ങളും (Bible Translation—1947, Learning a Foreign Language—1957, Towards a Science of Translating—1969, Theory and Practice of Translating—1969) ഭാഷാശാസ്ത്രവുമായി ബന്ധപ്പെടുത്തി പുറത്തിറങ്ങിയ ലഭ്യമായ മറ്റു പുസ്തകങ്ങളും വി. ആർ. പ്രബോധചന്ദ്രൻ ഇതിൽ ഉപയോഗിച്ചു. വിവർത്തനവുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക പദങ്ങൾ മലയാളത്തിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിനു് കഴിഞ്ഞു. 1994-ൽ വിവർത്തന ചിന്തകൾ (എഡി. ഡോ. വി. ആർ. പ്രബോധചന്ദ്രൻ) എന്ന പുസ്തകം കേരളസർവകലാശാലയിൽ നടന്ന സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണു്. 1996-ൽ പ്രസിദ്ധീകരിച്ച വിവർത്തന വിചാരത്തിൽ ഡോ. എൻ. വി. വിശ്വനാഥയ്യർ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) ലോകമെമ്പാടും വിവർത്തനരംഗത്തുണ്ടായ സൈദ്ധാന്തികവും പ്രായോഗികവുമായ മാറ്റങ്ങൾ ക്രോഡീകരിക്കുന്നുണ്ടു്. എറ്റിയൻ ഡോലെറ്റ്, ഡ്രൈഡൻ, അലക്സാണ്ടർ ഫ്രേസർ ടൈറ്റ്ലർ, ഫ്രാൻസിസ് ന്യൂമാൻ, മാത്യു ആർണോൾഡ് മാത്യു ആർണോൾഡ്, ജെ. സി. ക്യാറ്റ്ഫോർഡ് എന്നിവരുടെ സിദ്ധാന്തങ്ങൾ അദ്ദേഹം ചരിത്രപരമായി അവതരിപ്പിച്ചു. നോം ചോംസ്കി യുടെ വ്യാകരണസിദ്ധാന്തങ്ങൾ പ്രയോജനപ്പെടുത്തി യൂജിൻ നൈഡ യും ഫെഡറക് വിൽസും രൂപീകരിച്ച വിവർത്തന ചിന്തകൾ മലയാളത്തിലേക്കു വന്നു. ഭാഷാശാസ്ത്രജ്ഞനായ ഡോ. എ. പി. ആൻഡ്രൂസുകുട്ടി ‘നവീന തർജ്ജമസിദ്ധാന്തങ്ങളെക്കുറിച്ചു്’ (തർജ്ജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ, (എഡി.) ജയ സുകുമാരൻ, താരതമ്യപഠന സംഘം, 1997) എന്ന ലേഖനത്തിൽ ആധുനിക ഭാഷാശാസ്ത്ര സിദ്ധാന്തങ്ങൾ വിവർത്തന ചിന്തകളിൽ വരുത്തിയ മാറ്റം വിശദീകരിക്കുന്നുണ്ടു്. ഫെർഡിനന്റ് ഡി. സൊസൂറിന്റെ യും ബ്ലൂംഫീൽഡിന്റെ യും ചിന്തകളും യൂജിൻ നൈഡ യുടെ വിവർത്തന ചിന്തകളും അദ്ദേഹം വിവരിച്ചു. പാഠവിശകലനവുമായി ബന്ധപ്പെട്ട ഭാഷാശാസ്ത്രചിന്തകൾ (text linguistics), ഭാഷക-ശ്രോതാവിന്റെ മാനസിക വ്യാപാരങ്ങളുമായി ബന്ധപ്പെട്ട മനോഭാഷാശാസ്ത്രമേഖല (psycholinguistics) തുടങ്ങിയവ വിവർത്തന മേഖലയെ പരിവർത്തനത്തിലേക്കു നയിച്ചതു് ഈ ലേഖനത്തിൽ ആൻഡ്രൂസുകുട്ടി വിശദീകരിക്കുന്നുണ്ടു്.
George Steiner, After Babel: Aspects of Language and Translation (1975) 274.
Toward a Science of Translating എന്ന പുസ്തകത്തിൽ നൈഡ മുന്നോട്ടുവെച്ച 1. ഫെർഡിനൻഡ് ഡി സൊസൂർ നേതൃത്വം നൽകുന്ന ഘടനാവാദ ഭാഷാശാസ്ത്രത്തിനു് പ്രചാരം, 2. ഘടനാവാദ ഭാഷാശാസ്ത്രത്തിന്റെ പ്രയോഗ രീതികൾക്കു് ബൈബിൾ വിവർത്തനങ്ങളിൽ ഇടപെടാൻ കഴിയും, 3. 1950-കളിൽ യുനൈറ്റഡ് ബൈബിൾ സൊസൈറ്റീസ് The Bible Translator എന്ന ജേർണൽ അരംഭിച്ചതു് 4. UNESCO of Babel (1955) എന്ന പ്രസിദ്ധീകരണം. 5. യന്ത്രവിവർത്തനം തുടങ്ങിയ വികാസങ്ങൾ ലോകമെമ്പാടും ഇതിനോടകം മാറ്റം വരുത്തിയതാണെന്നും തിരിച്ചറിയാൻ കഴിയും പു. 21.
വിവർത്തനത്തെക്കുറിച്ചുള്ള നൈഡയുടെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകമാണു് Toward a Science of Translating (1964). സ്രോത ഭാഷയിൽ ലഭിച്ച ഫലം കിട്ടത്തക്കവിധം ലക്ഷ്യ ഭാഷാവിവർത്തനം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചലനാത്മവിവർത്തന ചിന്തകൾ വിവരിക്കുന്നതു് ഈ പുസ്തകത്തിലാണു്. Charles R. Taber-മായി ചേർന്നു് എഴുതിയ The Theory and Practice of Translation (1969) വിവർത്തകർക്കുള്ള പ്രായോഗിക നിർദ്ദേശങ്ങളാണു്. വിവർത്തന പ്രക്രിയയിൽ ഭാഷാ,സാംസ്കാരിക പരിസരങ്ങൾ ഗ്രഹിക്കുന്നതു് കൃത്യതയും അർത്ഥപൂർണ്ണവുമായ വിവർത്തനത്തിനു സഹായകമാകുമെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഭാഷയും അർത്ഥവും തമ്മിലുള്ള ബന്ധവും പ്രവർത്തനരീതിയും വിശദീകരിക്കുന്ന ഗ്രന്ഥമാണു് Exploring Semantic Structures (1975). അർത്ഥത്തിന്റെ സങ്കീർണ്ണതയും വിവർത്തന പാഠം ആവശ്യപ്പെടുന്ന വിശ്വസ്തതയും വിവർത്തകരിൽ സൃഷ്ടിക്കുന്ന സംഘർഷവും അദ്ദേഹം വിശദീകരിക്കുന്നു. Jan De Waard-മായി ചേർന്നു് എഴുതിയ From one Language to another: Functional equivalence in Bible Translating (1986) ബൈബിൾ വിവർത്തനങ്ങളെ മുൻനിർത്തിയുള്ള ചിന്തകളാണു്. വിശുദ്ധഗ്രന്ഥങ്ങളുടെ വിവർത്തനത്തിൽ വന്നുചേരുന്ന വെല്ലുവിളികൾ ഉദാഹരണസഹിതം വ്യക്തമാക്കുന്നു. Language Culture and Translating (1990) സാംസ്കാരിക പരിസരം വിവർത്തനത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു് വിവരിക്കുന്ന പുസ്തകമാണു്. നൈഡയും മറ്റും എഡിറ്റു ചെയ്ത പുസ്തകമാണു് Meaning Across Cultures (1981).
“it may be translated into other signs of the same language (intralingual translation), into another language (interlingual translation), or into another, nonverbal system of symbols (intersemiotic translation)” On Linguistic Aspects of Translation (1959)
“All five external senses carry semiotic functions in human society” Roman Jacobson (1971)” The study of communication must distinguish between homogeneous messages which use a single semiotic system and syncretic messages based on merger of different sign patterns” Roman Jacobson.
വിവർത്തനത്തിലെ വിശ്വസ്തതയിൽ ഊന്നൽകൊടുത്തു് വിവർത്തന പഠനങ്ങൾ വികസിപ്പിച്ച സൈദ്ധാന്തികനാണു് പീറ്റർ ന്യുമാർക്ക് (Peter Newmark). സ്രോതപാഠത്തിന്റെ അർത്ഥവും ലക്ഷ്യവും വിശവസ്തതയോടെയും കൃത്യതയോടെയും നിലനിർത്തേണ്ടതു് അദ്ദേഹം ഓർമ്മപ്പെടുത്തി. ആശയത്തിന്റെ മൊഴിമാറ്റത്തിൽ (communicative translation) പാഠത്തിന്റെ രൂപം പോലും പ്രസക്തമല്ല. വിവർത്തനത്തിന്റെ പ്രായോഗിക വിമർശകൻ എന്നാണു് ന്യൂമാർക്ക് അറിയപ്പെടുന്നതു്. അദ്ദേഹത്തിന്റെ Manual of Translation (1974), Approaches to Translation (1981), The Translation Texts (1982), A Textbook of Translation (1988), About translation (1991), Paragraph on Translation (1993), More paragraphs on Translation (1998) എന്നീ പുസ്തകങ്ങൾ വിവർത്തനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. വിവർത്തന പഠനത്തിന്റെ ടെകസ്റ്റ് ബുക്കുകളായി ഇവ ഇക്കാലത്തും നിലനിൽക്കുന്നു.
സംസ്കാര പഠനത്തിന്റെ പുതുവഴികൾ, കേരള സർവകലാശാല, പു. 10.
‘വിവർത്തകന്റെ ദൗത്യം’, പരിഭാഷ അരുൺകുമാർ മൊകേരി അന്യോന്യം ത്രൈമാസിക, പ്രണത ബുക്സ്, കൊച്ചി, ഏപ്രിൽ 2021, പു. 78–88. The process of translation, if we can call it a process, is one of change and of motion that has the appearance of life, but as life as an afterlife, because translation also reveals the death of the original. ‘The task of the translator’, Illuminations. പരിഭാഷയെക്കുറിച്ചു് ബഞ്ചമിന്റെ ചിന്തകൾ ഉൾക്കൊള്ളുന്ന ലേഖനമാണു് ‘The task of the translator’. ബോദ്ലയറുടെ തിന്മയുടെ പൂക്കൾ (The Flower of Evil, 1857) എന്ന കാവ്യസമാഹാരത്തിലെ പാരീസ് ചിത്രങ്ങൾ എന്ന ഭാഗം പരിഭാഷപ്പെടുത്തി 1923-ൽ പ്രസിദ്ധീകരിച്ച സമാഹാരത്തിന്റെ ആമുഖമായാണു് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചതു്.പരിഭാഷയിലാണു് “ഭാഷയുടെ വിനിമയദൌത്യം കൃത്യമായി സാക്ഷാത്കരിക്കപ്പെടുന്നതു് എന്നതുകൊണ്ടാണു് ഭാഷയുടെ ധർമ്മത്തെ സംബന്ധിച്ച തന്റെ നിലപാടുകൾ വിസ്തരിക്കാൻ ഒരു പരിഭാഷാസമാഹാരത്തിന്റെ ആമുഖം തന്നെ ബഞ്ചമിൻ തിരഞ്ഞെടുത്തതു് എന്നു് തോന്നുന്നു” (‘വാൾട്ടർ ബഞ്ചമിൻ: കാഴ്ചയുടെ അകത്തളം’, പി. പി. രവീന്ദ്രൻ, അന്യോന്യം ത്രൈമാസിക, പ്രണത ബുക്സ്, കൊച്ചി, ഏപ്രിൽ 2021, പു. 52).
‘വിവർത്തകന്റെ ദൗത്യം’, പരിഭാഷ: അരുൺകുമാർ മൊകേരി, അന്യോന്യം ത്രൈമാസിക, പ്രണത ബുക്സ്, കൊച്ചി, ഏപ്രിൽ 2021, പു. 79–80.
‘വിവർത്തകന്റെ ദൗത്യം’, പരിഭാഷ: അരുൺകുമാർ മൊകേരി, അന്യോന്യം ത്രൈമാസിക, പ്രണത ബുക്സ്, കൊച്ചി, ഏപ്രിൽ 2021, പു. 82
സാഹിത്യം ശരിക്കും മനസ്സിലാകുന്നവരോടു് കൃതിക്കു് പറയാൻ അധികമൊന്നും ഉണ്ടാവില്ല. പറയുക അല്ലെങ്കിൽ ആശയങ്ങൾ പങ്കുവെയ്ക്കുക എന്നതാണു് പരിഭാഷയുടെ ലക്ഷ്യം എന്നു വിചാരിക്കുന്നവർക്കു് വിവരമല്ലാതെ മറ്റൊന്നും ഉണ്ടാവില്ല വിവർത്തനത്തിനു് പകർന്നുകൊടുക്കാനായി— (‘വാൾട്ടർ ബഞ്ചമിൻ: കാഴ്ചയുടെ അകത്തളം’, പി പി രവീന്ദ്രൻ, അന്യോന്യം ത്രൈമാസിക, പ്രണത ബുക്സ്, കൊച്ചി, ഏപ്രിൽ 2021, പു. 52).
വാൾട്ടർ ബഞ്ചമിൻ: കാഴ്ചയുടെ അകത്തളം’, പി. പി. രവീന്ദ്രൻ, അന്യോന്യം ത്രൈമാസിക, പ്രണത ബുക്സ്, കൊച്ചി, ഏപ്രിൽ 2021, പു. 53.
ഇംഗ്ലീഷിനെ Globish ആക്കുന്നതിൽ തർജമക്കുള്ള പങ്കും സവിശേഷ പരിഗണന നേടിയിട്ടുണ്ടു്. ഡോ. സ്കറിയ സക്കറിയ ‘തർജമപഠനം സംസ്കാര പഠനമാകുമ്പോൾ’, വിവർത്തനവും സംസ്കാരവും, പു. 24.
The Translator’s Visibility: A History of Translation (1995) ആണു് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം.
The Scandals of Translation: Towards an Ethics of Difference (1998)-ലാണു് വിവർത്തനത്തിന്റെ നൈതികതയെക്കുറിച്ചു് അദ്ദേഹം സംസാരിക്കുന്നതു്. Translation Changes Everything: Theory and Practice (2013) വിവർത്തനവുമായി ബന്ധപ്പെട്ട സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങളുടെ സമാഹാരമാണു്. 2000-ത്തിൽ പ്രസിദ്ധീകരിച്ചു് 2004-ലും 2012-ലും പരിഷ്കരിച്ച The Translation Studies Reader വിവർത്തന പഠനത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥമാണു്. വിവർത്തന പ്രക്രിയയും വിവർത്തനം പൊതുമണ്ഡലത്തിൽ സ്വീകരിക്കപ്പെടുന്ന രീതിയും പ്രശ്നവൽക്കരിക്കുന്നതിൽ ലോറൻസ് വെനുറ്റിയുടെ ആശയങ്ങൾ വലിയ പങ്കുവഹിച്ചു. വിവർത്തനം ഒരു പ്രധാന വൈജ്ഞാനിക മേഖലയായി സംവാദാത്മകമായി നിലനിർത്തുന്നതിൽ വെനുറ്റിയുടെ ചിന്തകൾക്കു് വലിയ പങ്കുണ്ടു്.
വിവർത്തന പഠനങ്ങൾ (translation studies) എന്ന വിജ്ഞാനശാഖ മലയാളത്തിലെത്തിയതു് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലാണു്. തർജ്ജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ (1997) എന്ന പുസ്തകത്തിലെ എ. പി. ആൻഡ്രൂസുകുട്ടിയുടെയും സ്കറിയ സക്കറിയ യുടെയും ലേഖനങ്ങൾ, ബംഗാളി നോവലുകൾ മലയാളത്തിൽ: വിവർത്തന പഠനത്തിന്റെ സിദ്ധാന്തവും പ്രയോഗവും (2011), വിവർത്തനവും സംസ്കാര പഠനവും (2012, എ. എം. ശ്രീധരൻ (എഡി.) പുസ്തകഭവൻ, പയ്യന്നൂർ) എന്നീ പുസ്തകങ്ങൾ മലയാളത്തിലെ വിവർത്തന പഠനങ്ങളെ ദിശ മാറാൻ പ്രേരിപ്പിച്ചു. ആന്ദ്രേ ലഫേവെർ (Andre Lefevere), ജെയിംസ് ഹോംസ് (James Holmes), സൂസൻ ബാസ്നെറ്റ്, ഇറ്റാമർ ഇവൻ സൊഹർ (Itamar Even-Zohar), ഗിദൻ ടൂറി (Gideon Touri) തുടങ്ങിയവരുടെ ചിന്തകളും അപനിർമാണത്തെ മുൻനിർത്തിയുള്ള ദറിദയുടെ വിവർത്തന ചിന്തകളും മലയാളത്തിലെത്തി. വിവർത്തന ക്ഷമത, സമമൂല്യത തുടങ്ങിയ സങ്കല്പനങ്ങൾ പുനർവിവരിക്കുകയും ഭാഷ, കൊള്ളക്കൊടുക്കകൾ, വിവർത്തനം, സാഹിത്യ സംവേദനം എന്നിവയെക്കുറിച്ചുള്ള ആശയാവലികൾ കൂടുതൽ വ്യക്തമാകുകയും ചെയ്തു. വിവർത്തന പഠനങ്ങളെ വൈവിധ്യത്തിലേക്കു് നയിക്കാൻ തക്കവിധം ഈ ചിന്തകൾ ശക്തമാണു്.
James Holmes-ന്റെ ‘The Name and Nature of Translation Studies’ എന്ന ലേഖനമാണു് വിവർത്തന പഠനങ്ങൾ എന്ന ജ്ഞാനശാഖയുടെ തുടക്കം. വിവർത്തനമെന്ന ഉല്പന്നവും പ്രക്രിയയും മുൻനിർത്തി ബഹുവൈജ്ഞാനികമായി പരിധികളില്ലാതെ മുന്നോട്ടു് പോകാൻ സാധിക്കുന്ന വിവർത്തന ഗവേഷണത്തെക്കുറിച്ചു് ഹോംസ് ചർച്ചചെയ്തു.
മതപ്രചാരണത്തിനു വേണ്ടിയാണെങ്കിലും ബൈബിൾ പരിഭാഷകൾ മലയാള ഗദ്യശൈലി രൂപപ്പെടുത്തുന്നതിലും സാംസ്കാരിക രൂപീകരണത്തിലും കേരളീയ പൊതുമണ്ഡലം രൂപീകരിക്കുന്നതിലും വഹിച്ച പങ്കു് അന്വേഷിക്കാം. സച്ചിദാനന്ദൻ, വിവർത്തനവും സംസ്കാരപഠനവും പു. 21.
Rivised standard version.
Joann Haugerud, 1977; 14. The Word for Us The Gospels of John and Mark, Epistles to the Romans and the Galatians Restated in Inclusive Language by Joann Haugerud, Coalition on Women and Religion: Seattle 1977 http://bibles.wikidot.com/sample- haugerud ഇംഗ്ലീഷ് വിവർത്തനം ലഭ്യമാണു്.
ബൈബിളും പ്രാചീനമലയാള സാഹിത്യവും, ബൈബിളും മലയാള ഭാഷയും, ബൈബിൾ തർജമകൾ മലയാളത്തിൽ, മിഷണറി ഗദ്യം, തർജമ പഠനത്തിലെ മലയാള മാതൃക, തർജമ പഠനവും ക്ലാസിക് മലയാള പഠനവും സമകാലിക വിജ്ഞാന വ്യവസ്ഥയിൽ, തർജമ പഠനത്തിലെ പുത്തൻ പുതുമകൾ, മാണിക്കത്തനാരുടെ ബൈബിൾ പരിഭാഷാശൈലി എന്നിങ്ങനെയുള്ള ലേഖനങ്ങളിൽ പ്രൊഫ. സ്കറിയ സക്കറിയ സാമാന്യമായും വിശേഷമായും ബൈബിൾ വിവർത്തനങ്ങളെ പഠനവിധേയമാക്കിയിട്ടുണ്ടു്. മലയാളവഴികൾ സ്കറിയ സക്കറിയയുടെ തെരഞ്ഞെടുത്ത പഠനങ്ങൾ, സാ.പ്ര.സ.സം, 2019, പു. 231–322.
ഡോ. എൻ. സാം, വിവർത്തന ചിന്തകൾ, പു. 148–161.
ഡോ. കെ. രഗു, വിവർത്തന ചിന്തകൾ, പു. 162–170.
മലയാളവഴികൾ സ്കറിയ സക്കറിയയുടെ തെരഞ്ഞെടുത്ത പഠനങ്ങൾ, പു. 253–259
മലയാളവഴികൾ സ്കറിയ സക്കറിയയുടെ തെരഞ്ഞെടുത്ത പഠനങ്ങൾ പു. 307–322.
2019, പു. 318–319.
അതിൽത്തന്നെ, പു. 283.
2019, പു. 300.
2019, പു. 300.
ബംഗാളിനോവലുകൾ മലയാളത്തിൽ വിവർത്തന പഠനത്തിന്റെ സിദ്ധാന്തവും പ്രയോഗവും, താരതമ്യ പഠനസംഘം, 2011 പു. 7.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജയാ സുകുമാരൻ ഉൾപ്പെടെയുള്ള ഗവേഷകർ നടത്തിയ പഠനങ്ങളും പ്രധാനമാണു്.
ബംഗാളി നോവലുകൾ മലയാളത്തിൽ: വിവർത്തന പഠനത്തിന്റെ സിദ്ധാന്തവും പ്രയോഗവും എന്ന പുസ്തകത്തിന്റെ അവതാരികയിൽ പ്രൊഫ. സ്കറിയ സക്കറിയ ചൂണ്ടിക്കാട്ടിയിട്ടുള്ളതു പോലെ “ഭാഷാശാസ്ത്രത്തിന്റെ പിൻബലത്തിലുണ്ടായ ഭാഷാകേന്ദ്രിത സിദ്ധാന്തങ്ങളിൽ അടിയുറച്ചുപോയിരിക്കുന്നു സമകാലിക മലയാള വിവർത്തന വിചാരം… സമകാലിക വിവർത്തന വിചാരത്തിൽ പോസ്റ്റ് മോഡേൺ ആശയാവലികളും ദർശനങ്ങളും സ്വാധീനം ചെലുത്തുന്നു. കൃതികളുടെ കൊളോണിയൽ/കോളനിയനന്തര/സ്ത്രീവാദ വിവർത്തനങ്ങളെക്കുറിച്ചുള്ള ധാരാളം പഠനങ്ങൾ ലഭ്യമാണു്. ഭാഷയ്ക്കുള്ളിലെ വിവർത്തനം, ഭാഷകൾ തമ്മിലുള്ള വിവർത്തനം, ചിഹ്നവ്യവസ്ഥകൾ തമ്മിലുള്ള വിവർത്തനം എന്ന വർഗ്ഗീകരണത്തിലൂടെ വിവർത്തന സങ്കല്പം തന്നെ ഊതിവീർത്തു. സാഹിത്യ കൃതി സിനിമയാകുന്നതും കവിത മോഹിനിയാട്ടമാകുന്നതും നോവൽ തിരക്കഥയാകുന്നതും വിവർത്തന പഠനത്തിന്റെ അതിർത്തിക്കുള്ളിലായി” (പു. 6).
‘അനുവർത്തന പഠനം മലയാളത്തിൽ’—ഒരാമുഖം, ഡോ. കെ. എം. ഷെറീഫ്, സംസ്കാര പഠനത്തിന്റെ പുതുവഴികൾ, (എഡി) ഡോ. ഷീബ എം. കുര്യൻ, പ്രകാശനവിഭാഗം, കേരള സർവകലാശാല പു. 204.
വിവർത്തനവും സംസ്കാരവും, പു. 9–11.
ഡോ. വി. എസ്. ശർമ്മ, വിവർത്തന ചിന്തകൾ, (എഡി.) ഡോ. വി. ആർ. പ്രബോധചന്ദ്രൻ, 1994, പു. 118–123.
ഡോ. വി. ആർ. പ്രബോധചന്ദ്രൻ, 1994, പു. 122–123.
തർജ്ജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ, 1997, പു. 39–50.
എതിർദിശകൾ: സാഹിത്യചരിത്രത്തിലെ പക്ഷപാത(ം)ങ്ങൾ, പി. എസ്. രാധാകൃഷ്ണൻ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2017, പു. 169–178.
ബംഗാളി ഗീതാഞ്ജലിയെ അവലംബമാക്കി തർജ്ജമ ചെയ്ത കെ. സി. പിള്ളയും വി. എസ്. ശർമ്മയും ചേർന്നെഴുതിയ തർജ്ജമയെക്കുറിച്ചുള്ള വിമർശനം; ‘ബംഗാളിഭാഷയ്ക്കു് ചേർന്നവിധം മലയാളത്തെ പരുവപ്പെടുത്തിയെടുക്കാനാണു് ഇവരുടെ ശ്രമം. അതിലേക്കു് ഇടക്കണ്ണിയാകുന്നതു് സംസ്കൃതവും. എന്നാൽ ബംഗാളി ഗീതാഞ്ജലിയുടെ സംസ്കൃത ശബ്ദങ്ങൾ മലയാളത്തിലേക്കു് പുനഃസ്ഥാപിക്കുന്നതു കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയേയുള്ളൂ’ എന്ന ഭാഷാബോധത്തിലേക്കാണു് വികസിക്കുന്നതു്. ‘ഭാഷ ഉപയോഗിക്കപ്പെടുന്ന ഓരോ ചരിത്രസന്ദർഭവും അർത്ഥബോധന ക്ഷമങ്ങളായ സൂക്ഷ്മഘടകങ്ങളെ—ചിഹ്നങ്ങളെ ഉല്പാദിപ്പിക്കുന്നുണ്ടു്. സാഹിത്യ-സാംസ്കാരിക മാതൃകകളെന്ന പോലെ അവയെ പ്രത്യക്ഷീകരിക്കുന്ന ചിഹ്നങ്ങളുടെയും ചിഹ്നാത്മകതയുടെയും നില ആപേക്ഷികമാണു്’ (173) എന്ന ഘടനാവാദാനന്തര ഭാഷാബോധമാണു് ഈ വിശകലനത്തിലുള്ളതു്. ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് മൂലത്തിലെ ഗാർലൻഡ് (Garland) എന്ന പദത്തിനു പകരം ‘വനമാല’യെന്നു് നിത്യചൈതന്യയതി പ്രയോഗിച്ചതു് തർജ്ജമ പുനർരചനയാണെന്ന ആന്ദ്രെ ലെഫവെറെ യുടെ നിരീക്ഷണവുമായി ചേർത്തുവെച്ചു് പി. എസ്. രാധാകൃഷ്ണൻ വിശകലനം ചെയ്യുന്നു. ഗീതാഞ്ജലിയുടെ ഭാഷാന്തരണമെന്നതു് പദങ്ങളുടെ സംസ്ഥാപനത്തിലോ പുനഃസ്ഥാപനത്തിലോ ഒതുങ്ങുന്ന കാര്യമല്ല.
സച്ചിദാനന്ദൻ, വിവർത്തനവും സംസ്കാരവും, പു. 18.
ഒരു ബഹുവ്യവസ്ഥയുടെ ഭാഗമാണു് വിവർത്തനം എന്നു് വിശദീകരിക്കുന്ന പോളിസിസ്റ്റം തിയറി അവതരിപ്പിച്ച ഇവൻ സൊഹറിനെ ജയാസുകുമാരൻ വിശദമായി മലയാളത്തിൽ പരിചയപ്പെടുത്തിയിട്ടുണ്ടു്. ബംഗാളി നോവലുകൾ മലയാളത്തിൽ വിവർത്തന പഠനത്തിന്റെ സിദ്ധാന്തവും പ്രയോഗവും താരതമ്യ പഠനസംഘം, 2011 (പു. 53–58).
പി. എസ്. രാധാകൃഷ്ണൻ, എതിർദിശകൾ: സാഹിത്യ ചരിത്രത്തിലെ പക്ഷപാത(ം)ങ്ങൾ, പി. എസ്. രാധാകൃഷ്ണൻ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2017, പു. 175.
വിവർത്തകർക്കു് പ്രാധാന്യമുണ്ടു്, അവരുടെ തിരഞ്ഞെടുപ്പാണു് വിവർത്തനങ്ങളുടെ രൂപവും ഭാവവും നിർണ്ണയിക്കുന്നതു്. ഓഥർ അഥവാ ഗ്രന്ഥകർത്താവു് മുന്നേ നിശ്ചയിച്ചുറപ്പിച്ച അർത്ഥമല്ല പാഠത്തിലുള്ളതു് എന്നു് ബാർത്ത് ഓഥറിന്റെ മരണം (1967) എന്ന ലേഖനത്തിൽ വിശദീകരിച്ചതു് വിവർത്തന ചിന്തകളിൽ മാറ്റം വരാൻ കാരണമായി. പാഠത്തിന്റെ ഉടമസ്ഥതയും (authority) അവകാശവും ( (authership) എന്നതിനെ കുറിച്ചുള്ള പരമ്പരാഗത ധാരണകൾക്കു് മങ്ങലേറ്റു. എഴുത്തുകാർ വിചാരിച്ചതോ അനുഭവിച്ചതോ വൈയക്തിക സന്ദർഭമോ പാഠസൃഷ്ടിക്കു ശേഷം അതിന്റെ അർത്ഥമാകണമെന്നില്ല. പാഠഭാഗവും വായനക്കാരും തമ്മിലാണു് ബന്ധം. അവർ തമ്മിലാണു് ഭാഷയിലൂടെ ഇടപെടുന്നതു്. ഈ ബന്ധമാണു് അർത്ഥ വിനിമയവും വ്യാഖ്യാനവും നിർമ്മിക്കുന്നതു്. വിവർത്തനത്തിലും വിവർത്തകർക്കാണു് പ്രധാനപങ്കു്. ദറിദ യുടെ ആശയങ്ങൾ പോലെ ഇവിടെയും വിവർത്തകരുടെ പ്രാധാന്യം ഊന്നിപ്പറയാൻ റൊളാങ് ബാർത്തിനു് കഴിഞ്ഞു. പാഠത്തിനുമേൽ എഴുത്തുകാരുടെ ഉടമസ്ഥത മാത്രമല്ല പ്രവർത്തിക്കുന്നതെങ്കിൽ, അഥവാ അർത്ഥത്തിന്റെ ഏക ഉറവിടം എഴുത്തുകാരല്ലെങ്കിൽ ഓരോ വാചകവും വ്യാഖ്യാനിക്കാനും പുനർനിർമ്മിക്കാനും വിവർത്തകർക്കു് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. സ്രോത ഭാഷാ കൃതിയുടെ അർത്ഥം കൃത്യമാകണമെന്നില്ല, എല്ലയ്പോഴും അതു് അസ്ഥിരമാണു്. അതു് വിവർത്തകരുടെ വ്യാഖ്യാനത്തിന്റെയും ലക്ഷ്യ ഭാഷയിലെ ആഖ്യാന രീതിയുടെയും അടിസ്ഥാനത്തിലാണു് വിനിമയം ചെയ്യുന്നതു്. വ്യാഖ്യാനവും ആഖ്യാനവും നടത്തുന്നതു് സർഗ്ഗാത്മക നിർവാഹകർ എന്ന നിലയിൽ വിവർത്തകരാണു്. ആധികാരികമായ ഒറ്റ അർത്ഥത്തിലാക്കാവില്ല, ഒരു വീക്ഷണ ഗതിയിലുള്ള അർത്ഥത്തിലേക്കാണു് വിവർത്തന പ്രക്രിയ പോകുന്നതു്.
വിവർത്തനങ്ങളെല്ലാം ആത്മനിഷ്ഠങ്ങളാണു്. വിവർത്തകരുടെ കാലം, അറിവുകൾ, സാംസ്കാരിക പശ്ചാത്തലം, ഭാഷാശേഷി, തിരഞ്ഞെടുപ്പുകൾ തുടങ്ങിയവയെല്ലാം അതിലുണ്ടാവും. സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ മാനദണ്ഡങ്ങൾ പ്രവർത്തിക്കുന്നുണ്ടു്. ഒരു പാഠത്തിനു് പല വിവർത്തനങ്ങൾ വരുന്നതു് അതിനാലാണു്. രാമായണ-മഹാഭാരതാദി ഇതിഹാസങ്ങൾക്കും ഷേയ്ക്സ്പിയർ പോലുള്ള കൊളോണിയൽ പാഠങ്ങൾക്കും വന്ന വിവർത്തനങ്ങളിൽ വ്യത്യസ്ത സാംസ്കാരിക, കാലിക സന്ദർഭങ്ങളുടെ പ്രതിഫലനം കണ്ടെത്താം. പാഠത്തിനു് ഉണ്ടാകാവുന്ന പരമാവധി അർത്ഥ സാധ്യതകൾ വിവർത്തനത്തിനും പരമാവധി സാധ്യതയാകുന്നു. സൂസൽ ബാസ്നെറ്റ്, ആൻഡ്രെ ലഫവെറെ തുടങ്ങിയ പില്ക്കാല വിവർത്തന ചിന്തകർ വിവർത്തനത്തെ പുനരെഴുത്തു് (rewriting) ആയിട്ടാണു് പരിഗണിക്കുന്നതു്. ഉടമസ്ഥയുമായി ചേർത്താണു് പറയുന്നതെങ്കിൽ വിവർത്തനത്തിൽ വിവർത്തകർക്കു് പാഠത്തിന്മേൽ തുല്യ ഉടമസ്ഥത (co-author) ഉണ്ടു്. ഇത്തരത്തിൽ വിവർത്തകരെ ശാക്തീകരിക്കുക മാത്രമല്ല, വ്യാഖ്യാനപരവും നിർമ്മാണപരവുമായ വിവർത്തന പ്രക്രിയ കൂടുതൽ വെളിച്ചം കാണുകയും വിവർത്തന പഠനങ്ങൾ വൈജ്ഞാനിക രംഗത്തു് പ്രാധാന്യം കൈവരിക്കുകയും ചെയ്തു.
ദറിദയുടെ ഡിഫറാൻസ് (Differance), ഫൂക്കോയുടെ വ്യവഹാരം (ഡിസ്കോഴ്സ്), ദറിദയുടെ ഓഥറിന്റെ മരണം (death of the author) എന്നീ സങ്കല്പനങ്ങളാണു് വിവർത്തനത്തിലെ സങ്കീർണ്ണതകൾ വെളിപ്പെടുത്തിയ സൈദ്ധാന്തിക സങ്കേതങ്ങൾ. അർത്ഥത്തിന്റെ അസ്ഥിരതയും കൃത്യതയില്ലായ്മയും ബഹുസ്വരതയും ചർച്ചാവിധേയമായി. പാഠത്തിനു് സ്ഥിരമായ ഒരർത്ഥം ഇല്ല, അതു് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു, അതുമാകാം ഇതുമാകാം എന്ന മട്ടിൽ പരമാവധി സാധ്യതകളിലേക്കു് അർത്ഥം നീട്ടിവെച്ചുകൊണ്ടിരിക്കുന്നു. വിവർത്തന പ്രക്രിയയിൽ സമമൂല്യമായ പദം വ്യത്യസ്ത ഭാഷയിൽ കണ്ടെത്തുക എന്നതിന്റെ അപ്രായോഗികത ഡിഫറാൻസ് വെളിപ്പെടുത്തി. വിവർത്തന പ്രക്രിയയിലും സമമൂല്യമായ വാക്കുകളുടെ അർത്ഥം വഴുതി മാറിക്കൊണ്ടിരിക്കും. സമമൂല്യമായ അർത്ഥത്തിനു വേണ്ടി ശ്രമിക്കുന്ന വിവർത്തകർക്കു് അർത്ഥത്തിന്റെ ഏതെങ്കിലും ഒരു സാധ്യതയാണു് ലക്ഷ്യ ഭാഷയിൽ എത്തിക്കാൻ കഴിയുന്നതു്. അർത്ഥം എല്ലായ്പോഴും മറ്റു പാഠങ്ങളുമായും പാഠ സന്ദർഭങ്ങളുമായും ബന്ധപ്പെട്ടാണു് നിൽക്കുന്നതു്. വാക്കുകളുടെ വിനിമയം മാത്രമല്ല വിവർത്തനം സ്രോതപാഠത്തിലെ പാഠാന്തര (intertextuality) ബന്ധങ്ങൾ കൂടി ലക്ഷ്യപാഠത്തിലെത്തിക്കേണ്ടതു് വിവർത്തകരുടെ കടമയാണു്.
സംഘടിത (അന്വേഷി പ്രസിദ്ധീകരണം, കോഴിക്കോടു്) മാസികയുടെ ‘സ്ത്രീയും വിവർത്തനവും’ എന്ന സവിശേഷ ലക്കത്തിൽ (2015 ജൂലൈ) മലയാളത്തിലെ മുപ്പതിലധികം സ്ത്രീ വിവർത്തകർ അവരുടെ വിവർത്തനാനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ലീലാസർക്കാർ, വാസന്തി ശങ്കരനാരായണൻ, രമാമേനോൻ എന്നിവർ തൊട്ടു് പ്രഭാ സക്കറിയാസ്, മിനിപ്രിയ ആർ., ബിന്ദു വി. എസ്. വരെയുള്ളവർ അതിലെഴുതി. ജെ. ദേവിക ‘ഫെമിനിസ്റ്റ് ജാഗ്രതയും പരിഭാഷയും: പ്രാദേശിക ഫെമിനിസത്തെക്കുറിച്ചുള്ള ചില ചിന്തകൾ’ പു. 23–25) കബനി (‘വിവർത്തനം, സ്ത്രീ… ’ പു. 32–35) എന്നിവർ ഫെമിനിസ്റ്റ് വിവർത്തനത്തെക്കുറിച്ചും എഴുതി. വിവർത്തന പുസ്തകങ്ങളിൽ തീരെ ചെറിയ ഫോണ്ട് സൈസിൽ അച്ചടിച്ചിരുന്ന വിവർത്തകരുടെ പേരുകൾ ഇക്കാലമായപ്പോഴേക്കും അല്പസ്വല്പം വലുതായിത്തുടങ്ങി. പുസ്തകങ്ങളിൽ അനുഭവങ്ങൾ എഴുതാനുള്ള ഒന്നോ രണ്ടോ പുറങ്ങളും വിവർത്തകർക്കു് അനുവദിക്കുന്ന അവസരങ്ങളുമുണ്ടായി.
Feminist Translational Studies: Local and Transnational Perspectives, ed. by Olga Castro and Emek Ergun, Routledge, NewYork, 2017.
ജെ. ദേവിക (‘ഫെമിനിസ്റ്റ് ജാഗ്രതയും പരിഭാഷയും: പ്രാദേശിക ഫെമിനിസത്തെക്കുറിച്ചുള്ള ചില ചിന്തകൾ’ പു. 23–25) സംഘടിത (അന്വേഷി പ്രസിദ്ധീകരണം, കോഴിക്കോടു്) മാസിക.
For les belles infidels, fidelity is defined by an implicit contract between translation (as women) and original (as husband, father, or author). However, the infamous “double standared” operates here as it might have in traditional marriages: the “unfaithful” wife/translation is publicily പൊളിച്ചെഴുതിried for crimes the husband/original is by law incapable of committing. This contract, in short, make it impossible for the original to be guilty of infidelity. Such an attuttude betrays real anxiety about the problem of paternity and translation; it mimics the patrilineal kinship system where paternity-not maternity ligitimises an offspring Lori Chamberline, The Translation Studies Reader, Ed. Lawrence Venuti, Chapter 23.
Feminist Translation: Contexts Practices and Theories, Luise Von Flotov, www.erudit.org, 1991.
സ്ത്രീപക്ഷവിവർത്തന ചിന്തകളുടെ കനേഡിയൻ സ്കൂൾ എന്നു് ഇതു് അറിയപ്പെടുന്നു
കനേഡിയൻ വിവർത്തന പണ്ഡിതയും ഫ്രഞ്ച് പഠനത്തിലെ പ്രൊഫസറുമാണു്.
Routledge, 1996. https://sayahna.net/58pb4wun
ക്വീർ പ്രവർത്തനമായി വിവർത്തനം മാറുന്നതിനെക്കുറിച്ചു് കേംബ്രിഡ്ജ് ഹാൻഡ്ബുക്കിലെഴുതിയ Brian James Baer-ന്റെ ‘Queer Theory and Translation Studies: Language, Politics, Desire’ എന്ന ലേഖനം വിശദീകരിക്കുന്നുണ്ടു്.
Ed. by, Kirsten Malmkaer, Cambridge University Press, 2022.
‘Translation, Gender and Sexuality’, By Brian James Baer, pp. 277–297.
Routledge, 2024.
Ed. By Olga Castro and Emek Ergun, Routledge, 2017.
‘വിവർത്തനം മലയാളത്തിൽ’, കെ. എം. ഷെറീഫ്, വിവർത്തന താരതമ്യ പഠനത്തിലെ നൂതന പ്രവണതകൾ, എഡി. മുഹമ്മദ് റാഫി എൻ വി, തുഞ്ചത്തെഴുച്ഛൻ മലയാളസർവകലാശാല പ്രസിദ്ധീകരണം, പു. 110–131.
വിവർത്തന പഠനങ്ങൾ (ഡോ. പി. സോമനാഥൻ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2014) എന്നതു് ഘടനാവാദനന്തര വിവർത്തന ചിന്തകൾ, ബഹുവ്യവസ്ഥാ സിദ്ധാന്തം, കോളനിയനന്തര വിവർത്തന സിദ്ധാന്തങ്ങൾ എന്നിവ വിവരിക്കുന്ന പുസ്തകമാണു്.
മഹാശ്വേതാദേവിയുടെ ‘സ്തനദായിനി’ എന്ന കഥയ്ക്കു് നൽകിയ wet nurse തർജ്ജമയ്ക്കു് breast giver എന്നു് നൽകി. രണ്ടിന്റെയും കൊളോണിയൽ ആശയപരമായ വ്യത്യസ്തതകൾ ഗായത്രി ചക്രവർത്തി സ്പിവാക് വിവരിക്കുന്നുണ്ടു്. Devi, Mahasweta. Breast Stories, Translated by Gayatri Chakravorty Spivak, Seagull Books, 1995.
അദ്ദേഹം ശാകുന്തളത്തിന്റെ ബംഗാളി പരിഭാഷ വായിച്ചു് ലാറ്റിനിലേക്കു് തർജ്ജമ ചെയ്തു. പിന്നീടു് അതിനെ ഇംഗ്ലീഷിലേക്കു് Sacontala or The Fatal Ring എന്ന പേരിൽ ഗദ്യത്തിൽ പുനർവിവർത്തനം ചെയ്തു. പിന്നീടു് ഈ വിവർത്തനത്തിൽ നിന്നും Monier Williams Sakoontala or The Lost Ring: An Indian Drama by Kalidasa എന്ന പേരിൽ 1855-ൽ നാടകമാക്കി മാറ്റി. ഈ വിവർത്തനങ്ങളുടെ ഓറിയന്റലിസ്റ്റ് കാഴ്ചപ്പാടും വിക്ടോറിയൻ ധാർമ്മികതയും ചർച്ചയ്ക്കു് വിധേയമായി. Sakunthala: Texts, Readings, Histories, Romila Thapar, Penguin, 2010. ആറും ഏഴും അധ്യായങ്ങൾ വിവർത്തനങ്ങളെക്കുറിച്ചാണു്.
ഹോമി കെ. ഭാഭ, ഗായത്രി സ്പിവാക് തുടങ്ങിയവരുടെ സിദ്ധാന്തങ്ങളിലൂടെ തർജമയെന്ന സാമൂഹിക പ്രവർത്തിയെ വിശദീകരിക്കുക, തർജമക്കാരുടെ കർതൃത്വം, അറിവു്, അധികാര ബന്ധങ്ങൾ തുടങ്ങിയവ വിവർത്തനങ്ങളുടെ പഠനത്തിൽ കടന്നുവരേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തി. വിവർത്തന പഠനത്തിലെ പോസ്റ്റ് കൊളോണിയൽ, ഫെമിനിസ്റ്റ് വിവർത്തന സിദ്ധാന്തങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ മാർഗനിർദ്ദേശത്തിൽ നടന്ന ബംഗാളി നോവലുകൾ മലയാളത്തിൽ വിവർത്തന പഠനത്തിന്റെ സിദ്ധാന്തവും പ്രയോഗവും ( ജയാ സുകുമാരൻ) എന്ന ഗവേഷണപ്രബന്ധം വിവർത്തന പഠനത്തിൽ അന്നോളമുണ്ടായ സൈദ്ധാന്തികവും പ്രായോഗികവുമായ വികാസങ്ങൾ വിവരിച്ചു.
സംഘടിത (അന്വേഷി പ്രസിദ്ധീകരണം, കോഴിക്കോടു്) മാസികയുടെ ‘സ്ത്രീയും വിവർത്തനവും’ എന്ന സവിശേഷ ലക്കം, 2015 ജൂലൈ, പു. 16–19).
വിവിധ വ്യവഹാരങ്ങളിലെ അനുവർത്തനങ്ങളെയും അവയെക്കുറിച്ചു് നടന്ന ചർച്ചകളെയും ക്രോഡീകരിച്ചു് പുതിയ പഠനമേഖയുടെ ആവിർഭാവം അറിയിച്ചതു് ജോൺ മിൽറ്റനാണു് (‘Translation Studies and Adaptation Studies’ എന്ന 2006-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ). അതേ വർഷം പുറത്തിറങ്ങിയ ജൂലി സാൻഡേഴ്സിന്റെ (Julie Sanders) Adaptation and Appropriation എന്ന പുസ്തകത്തിലാണു് അനുവർത്തനത്തിന്റെ സൈദ്ധാന്തിക പരിസരം കൃത്യമായി ചർച്ചചെയ്യുന്നതു്. 2006-ൽ പുറത്തിറങ്ങിയ ലിൻഡ ഹാച്ചിയന്റെ A Theory of Adaptation എന്ന പുസ്തകത്തിൽ കൃതികളെ അനുവർത്തനവുമായി ബന്ധപ്പെടുത്തി പുതിയ രീതിയിൽ വർഗ്ഗീകരിക്കാൻ ശ്രമിക്കുന്നുണ്ടു്. 1999-ൽ പുറത്തിറങ്ങിയ ഡേവിഡ് ബോൾട്ടർ (David J. Bolter) റിച്ചഡ് ഗ്രൂസിൻ (Rechard Grusin) എന്നിവർ ചേർന്നു് എഴുതിയ Remediations: Understanding New Media എന്ന പുസ്തകത്തിൽ അനുവർത്തന സങ്കല്പനങ്ങൾ രൂപപ്പെട്ടുവരുന്നതിനു മുമ്പുതന്നെ ഇന്റർനെറ്റിലും അതുവഴി പ്രക്ഷേപിക്കപ്പെടുന്ന കൃതികളുടെ വിനിമയത്തിലും നടക്കുന്ന അനുവർത്തനത്തിന്റെ സ്വഭാവത്തെക്കുറിച്ചു് ചർച്ച ചെയ്തിരുന്നു. ‘അനുവർത്തന പഠനം മലയാളത്തിൽ’—ഒരാമുഖം, ഡോ. കെ. എം. ഷെറീഫ്, സംസ്കാരപഠനത്തിന്റെ പുതുവഴികൾ, (എഡി.) ഡോ. ഷീബ എം. കുര്യൻ, പ്രകാശനവിഭാഗം, കേരള സർവകലാശാല പു. 206–207.
The Oxford Handbook of Adaptation Studies, Ed. Thomas Laitch, OUP, 2017.ഓക്സ്ഫോർഡ് സർവകലാശാലയുടെ Journal of Adaptation Studies എന്നിവ നോക്കുക.
‘അനുവർത്തന പഠനം മലയാളത്തിൽ’—ഒരാമുഖം, ഡോ. കെ. എം. ഷെറീഫ്, സംസ്കാരപഠനത്തിന്റെ പുതുവഴികൾ, (എഡി.) ഡോ. ഷീബ എം. കുര്യൻ, പ്രകാശനവിഭാഗം, കേരള സർവകലാശാല പു. 204–205.
അതിൽത്തന്നെ പു. 210.
ഇക്കാലത്തു് Translation and Creativity (Kristen Malmkjaer,Routledge, 2020) എന്നിങ്ങനെ പുസ്തകങ്ങൾ തന്നെ പുറത്തുവരുന്നുണ്ടു് Immanual Kant -ന്റെ Critique of Pure Reason (1787), Critique of Judgement (1790) എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കി സർഗ്ഗാത്മഭാവനയ്ക്കു് (creative imagination) ആധാരമായ
- Creativity is one thing,
- Creativity is a special talent or gift,
- Creativity is an attribute of individulas,
- Creativity is an attribute of artists,
- Originality is a prerequisite of creativity
- Creativity cannot be taught
- there is no rules of creativity
- Creativity produces fine art
- Creativity occurs spontaneously
- Creativity is innate
‘സംവേദനവും മലയാളവും’, പ്രൊഫ. സ്കറിയ സക്കറിയ, വിവർത്തന താരതമ്യ പഠനത്തിലെ നൂതന പ്രവണതകൾ, എഡി. മുഹമ്മദ് റാഫി എൻ. വി., തുഞ്ചത്തെഴുച്ഛൻ മലയാളസർവകലാശാല പ്രസിദ്ധീകരണം, പു 52–62.