images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
നിയമലംഘനത്തിനു രണ്ടു സ്ത്രീകൾ

അരങ്ങു വിട്ട് അരങ്ങന്വേഷിക്കുന്ന ബദ്ധപ്പാടിൽ വഴിമാറി അല്പം സഞ്ചരിക്കേണ്ടിവന്നു. കാരണമില്ലാതല്ല. അന്നു നാടു മുഴക്കെ മറ്റൊരു മഹാനാടകത്തിനു് അരങ്ങൊരുങ്ങുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നാടകം. സംവിധാനച്ചുമതല മഹാത്മജി ഏറ്റെടുത്തിരിക്കുന്നു. ആദ്യരംഗം ഉപ്പുനിയമ ലംഘനമാണ്. പാവപ്പെട്ടവന്റെ കഞ്ഞിയിലെ ഉപ്പു്. അതിനും നികുതി കൊടുക്കണം. ഉടമാവകാശം സ്ഥാപിക്കാനും വാദിക്കാനും ആർക്കും അർഹതയില്ലാത്ത സമുദ്രം. സമുദ്രമുൾക്കൊള്ളുന്ന വെള്ളം. വെള്ളത്തിലടങ്ങിയിരിക്കുന്ന ഉപ്പു്. ഉപ്പുവെള്ളം കുറുക്കി ഉപ്പുണ്ടാക്കുക. ആർക്കും ചെയ്യാവുന്നതാണു്, തടുക്കാനാർക്കും അവകാശമില്ല. മഹാത്മജിയുടെ പ്രഖ്യാപനമുണ്ടായി. പരസ്യമായി ഉപ്പുനിയമം ലംഘിക്കണം. അധികൃതസ്ഥാനത്തുനിന്നു വരുന്ന എതിർപ്പുകളെന്തും സഹിക്കണം. അക്രമം കാട്ടാതെ, സമാധാനശീലരായി ജനങ്ങൾ മുമ്പോട്ടു വരണം. തങ്ങൾക്കുള്ള അവകാശം സ്ഥാപിച്ചെടുക്കണം. തല്ലോ തടവോ തൂക്കു മരമായാൽപ്പോലും സന്തോഷത്തോടെ സ്വീകരിക്കണം. അഭിഭാഷകർ, കലാശാലാ അദ്ധ്യാപകർ, കലാകാരന്മാർ, ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർ, സ്ഥാനമാനങ്ങളും പദവികളുമില്ലാത്ത സാധാരണക്കാർ, എന്തും സഹിക്കാനുള്ള തയ്യാറെടുപ്പോടെ രംഗത്തിറങ്ങി.

‘ശക്തിമന്ദിരം’ ഇരമ്പി. ചുകപ്പുകുപ്പായമണിഞ്ഞ സന്നദ്ധ ഭടന്മാർ ഉത്സാഹത്തോടെ നിയമലംഘനത്തിനൊരുങ്ങി. കടൽത്തീരത്തേയ്ക്കു കുറച്ചു ദൂരമേയുള്ള. എളുപ്പം നടന്നെത്താം. രാവിലെ കുളിയും പ്രാർത്ഥനയും പ്രാതലും കഴിഞ്ഞാൽ, മൂവർണ്ണക്കൊടിയുമേന്തി മുദ്രാവാക്യം വിളിച്ചുകൊണ്ടു യുവസംഘം കടൽത്തീരത്തേക്കു പുറപ്പെടും. ക്യാപ്റ്റൻ കുഞ്ഞനന്തൻനായർ മുമ്പിൽ. അന്നദ്ദേഹത്തിനൊരു ചെറിയ സംശയമുണ്ടായിരുന്നു; സുഹൃദ് സമ്മേളനങ്ങളിൽ രഹസ്യമായി പറയുന്ന ഒരു സംശയം. തടുക്കാതെ, പകരം കൊടുക്കാതെ തല്ലുവാങ്ങുന്ന രീതി അത്ര സുഖമുള്ളതല്ല. പോലീസായാലും ഒന്നിങ്ങട്ട് കിട്ടുമ്പോൾ പലിശകൂട്ടി രണ്ടങ്ങട്ടു കൊടുക്കുന്നതല്ലേ ആണത്തം. അതായിരുന്നു കുഞ്ഞനന്തൻനായരുടെ സംശയം. അതു സംശയം മാത്രമായിരുന്നു. യൂണിഫാറമണിഞ്ഞാൽ, മൂവർണ്ണക്കൊടിയേന്തിയാൽ ഒരു മാൻകിടാവിനെപ്പോലെ അദ്ദേഹം ശാന്തശീലനാകുമായിരുന്നു.

യുവക് സംഘം മുദ്രാവാക്യം മുഴക്കിക്കൊണ്ടു കടൽത്തീരത്തേക്കു പുറപ്പെടുമ്പോൾ കാഴ്ചക്കാരായി നാട്ടുകാരനേകം പേരുണ്ടാവും. ഇടവഴിക്കിരുപുറവും വേലിക്കെട്ടിനപ്പുറം നിന്നു്, സ്ത്രീകൾ ചുകപ്പുകുപ്പായക്കാരുടെ യാത്ര കൗതുകത്തോടെ നോക്കിക്കാണും. ഉപ്പു കുറുക്കാനുള്ള ചട്ടിയും തീയെരിക്കാനുള്ള ചിരട്ടയും മടലുമൊക്കെ ആദ്യമാദ്യം വാളണ്ടിയർമാർ ചുമന്നു കൊണ്ടുപോവുക പതിവായിരുന്നു. പിന്നെപ്പിന്നെ ഉത്സാഹഭരിതരായ ജനങ്ങൾ, വാളണ്ടിയർമാരെ സഹായിച്ചു. അവർതന്നെ സമീപപ്രദേശങ്ങളിൽനിന്നും വിറകു ശേഖരിച്ചെത്തിക്കും. അവിടം കൊണ്ടും അവരുടെ ആവേശം അടങ്ങുന്നില്ല. അവരിൽ പലരും അന്നു സ്വന്തമായി ഉപ്പു കുറുക്കിയിരുന്നു. നിയമലംഘനമാണെങ്കിലും പോലീസ് അറച്ചുനിന്നു; ആരും വന്നില്ല. നടപടി ഒന്നുമുണ്ടായില്ല. ബ്രിട്ടീഷ് മേൽക്കോയ്മയുടെ ഔദാര്യമാണെന്നു ധരിക്കരുതു്. ഭാരതഭൂഖണ്ഡത്തെ ചുറ്റിവളഞ്ഞു കിടക്കുന്ന കടൽത്തീരം മുഴുവനുമായി എങ്ങുമെന്നോണം തീയും പുകയും ജനത്തിരക്കും നിയമലംഘനവുമായാൽ എവിടെയൊക്കെ പോലീസെത്തും? എല്ലാടവുമെത്താൻ എത്ര മാത്രം പോലീസു വേണം! കുഴപ്പം പിടിച്ച പ്രശ്നമായിരുന്നു. പക്ഷേ, പോലീസിന്റെ സംഖ്യ കുറഞ്ഞതുകൊണ്ടു മാത്രം നടപടിയൊന്നുമില്ലാതെ നിയമലംഘനം കൈയും കെട്ടി കണ്ടു നില്ക്കാൻ മാത്രം വിഡ്ഢികളാണോ സായ്പന്മാർ? അല്ലെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു.

ഇന്ത്യയൊട്ടുക്കും ഉപ്പുനിയമലംഘനം ഒരു വമ്പിച്ച ബഹുജനപ്രസ്ഥാനമായി വളരുന്നു. എങ്ങും ഉത്സാഹഭരിതരായ ജനങ്ങൾ. കുറുക്കിയെടുക്കുന്ന ഉപ്പു് വീടുവീടാന്തരം സത്യാഗ്രഹികൾ കയറിയിറങ്ങി വില്പന നടത്തുന്നു. ഏതു വീട്ടിലുമവർ കയറിച്ചെല്ലും. ഉദ്യോഗസ്ഥനെന്നോ അനുദ്യോഗസ്ഥനെന്നോ നോട്ടമില്ല. വൈകീട്ട് എന്നും പൊതുയോഗമുണ്ടാവും. പല ഭാഗങ്ങളിൽനിന്നും മാറിമാറി നേതാക്കന്മാർ വന്നു പ്രസംഗിക്കും. പൊതു യോഗങ്ങളിൽ സംബന്ധിക്കുന്ന ജനങ്ങൾക്കിടയിലും ഉപ്പുവില്പന നടക്കും. ഓരോ ചെറിയ പൊതി ഉപ്പിലും ബ്രിട്ടീഷ് വിരോധമുണ്ടായിരുന്നു. അതായിരുന്നു ആ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വിജയം.

കൊയിലാണ്ടിയിലെ സമരസമിതി ആപ്പീസുമായി ബന്ധപ്പെട്ടായിരുന്നു മോയാരത്ത് ശങ്കരൻ അന്നു പ്രവർത്തിച്ചിരുന്നതു്. സത്യാഗ്രഹികൾക്കു നേതൃത്വം കൊടുത്തുകൊണ്ടു്, അവരോടൊപ്പം ഉപ്പുവില്പന നടത്തിക്കൊണ്ടു്, അന്നു സജീവമായി അദ്ദേഹം രംഗത്തുണ്ടായിരുന്നു. ഒരു ദിവസം ഹൈസ്കൂൾ മൈതാനിയിൽ പ്രചരണയോഗം നടക്കുന്നു. മുഖ്യപ്രാസംഗികൻ മോയാരമായിരുന്നു. അന്നവിടെ ജോലിയിലുണ്ടായിരുന്ന പോലീസ് സബ് ഇൻസ്പെക്ടറുടെ പെരുമാറ്റത്തെക്കുറിച്ചു് നിശിതമായ ഭാഷയിൽ മോയാരം പ്രസംഗിക്കുകയുണ്ടായി. ചില പോലീസുദ്യോഗസ്ഥന്മാർ സത്യാഗ്രഹികളെ നീചമായ ഭാഷയിൽ ശകാരിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ട് ബ്രിട്ടീഷ് യജമാനന്മാരുടെ പ്രീതി സമ്പാദിക്കാൻ അന്നു ശ്രമിക്കാറുണ്ടായിരുന്നു. ഒരുപക്ഷേ, ആ വകുപ്പിൽപ്പെട്ട ആളായിരിക്കണം അന്നത്തെ സബ്ഇൻസ്പെക്ടർ.

പിറ്റേന്നു രാവിലെ ഉപ്പുകുറുക്കൽ കഴിഞ്ഞു വില്പനയ്ക്കിറങ്ങിയ ‘മോയാരം’ നേരെ കയറിച്ചെന്നതു് സബ് ഇൻസ്പെക്ടറുടെ വീട്ടിലായിരുന്നു. ഇൻസ്പെക്ടർ അസഭ്യവർഷംകൊണ്ടു മോയാരത്തെ സ്വീകരിക്കുകയും സ്വന്തം വീട്ടിന്റെ പൂമുഖത്തിട്ടു തല്ലുകയുംചെയ്തു. നിമിഷം കൊണ്ടു വാർത്ത പ്രചരിച്ചു. വൈകീട്ട് പല ഭാഗങ്ങളിലും പ്രതിഷേധ യോഗങ്ങൾ നടക്കുകയുണ്ടായി. ഇന്ത്യയിലാകമാനമുള്ള സംഭവങ്ങൾ പരിശോധിച്ചാൽ ഒരുപക്ഷേ, ഉപ്പനിയമലംഘനത്തിന്റെ പിരടിയിൽ വീണ ആദ്യത്തെ തല്ലു് അതായിരിക്കണമെന്നു വിചാരിക്കാൻ ന്യായമുണ്ടു്. ഒന്നു തീർച്ച: കേരളത്തിലെ ആദ്യത്തെ തല്ലു് അതുതന്നെ.

മോയാരം അന്നു ചെറുപ്പക്കാരുടെ സ്നേഹഭാജനമായിരുന്നു. സ്വാതന്ത്ര്യസമരഭടനെന്ന നിലയിൽ മാത്രമല്ല; ’പേരുകേട്ട ഒരു സാഹിത്യകാരൻ എന്ന നിലയിലും. നോവലിസ്റ്റാണു്, ഉപന്യാസകാരനാണു്, പത്രപ്രവർത്തകനുമാണു്. വടകരയിൽനിന്നു പ്രസിദ്ധീകരിച്ച ഒരു പത്രത്തിൽ–പേരോർമ്മയില്ല—ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തേയും, വെള്ളക്കാരന്റെ കൊള്ളരുതായ്മകളേയും തുറന്നു കാട്ടുന്ന ലേഖനങ്ങളിലൂടെ വായനക്കാരുടെ ആദരവു നേടാനദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അദ്ദേഹം അന്നു് ആ പത്രത്തിൽ വിമർശനരൂപത്തിലെഴുതുമ്പോൾ ‘ഉലക്കഭടൻ’ എന്ന തൂലികാനാമമാണു് സ്വീകരിച്ചിരുന്നതു്.

ഞാനദ്ദേഹത്തെ ആദ്യമായി കാണുന്നതു് ശക്തിമന്ദിരത്തിനു സമീപം അന്നു കേളപ്പജിയുടെ മരുമകൾ താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ്. ഇടയ്ക്കിടെ കേളപ്പജിയുടെ സാന്നിധ്യമുണ്ടാവുന്ന ആ വീട്ടിൽ നേതാക്കന്മാരും സാഹിത്യകാരന്മാരും സദാ വന്നുകൊണ്ടിരിക്കും. അവരെ കണ്ടാൽ ജന്മസാഫല്യം കിട്ടിയ പോലെയാണു്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോടു പൊരുതുന്നവർ. പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കുന്നവർ. മരണഭയമില്ലാത്തവർ. പോലീസിനെ ബഹുമാനിക്കാത്തവർ. പാവങ്ങൾക്കു വേണ്ടി, അധഃസ്ഥിതർക്കു വേണ്ടി പ്രയത്നിക്കുന്നവർ. അവരെയൊക്കെ എല്ലാവർക്കും അന്നു സ്നേഹമായിരുന്നു. ബഹുമാനമായിരുന്നു. ഇന്ന് കാലം മാറിയതുകൊണ്ടാവാം, മഹാത്മജിയെപ്പോലും ആക്ഷേപിച്ചു സംസാരിക്കുന്ന മഹാന്മാരുണ്ടു്. ‘തന്ത’യെന്നു വിശേഷിപ്പിച്ച് കഥയെഴുതുന്ന അവാർഡ് ജേതാക്കളായ വലിയ എഴുത്തുകാരുണ്ടു്. ഇതൊന്നും പാടില്ലെന്നു പറയുകയല്ല. അങ്ങനെ പറയാൻ ഞാനാരാണു്? ഒരു കാലഘട്ടത്തിന്റെ കഥ പറയുമ്പോൾ അന്നത്തെ ജനങ്ങളുടെ മനഃസ്ഥിതിയെക്കുറിച്ചും അല്പം പറഞ്ഞു പോയതാണു്. പാക്കിസ്ഥാനടക്കമുള്ള ഈ ഉപഭൂഖണ്ഡത്തിൽ അന്നു മുപ്പത്തഞ്ചുകോടി ജനങ്ങളേ ഉണ്ടായിരുന്നുളളു. തോന്നിയവരെ മുഴുവനും കേറി തെറിവിളിക്കാനുള്ള ‘അഭിപ്രായ സ്വാതന്ത്ര്യം’ അന്നാർക്കുമുണ്ടായിരുന്നില്ല. ഭരിക്കാനിരിക്കുന്ന വെള്ളക്കാരന്റെ സ്വഭാവം വേറെയായിരുന്നു.

അതിരിക്കട്ടെ, ‘മോയാര’ത്തിനെ കണ്ട കഥയാണല്ലോ പറഞ്ഞു വന്നതു്. ഈ പരമ്പരയുടെ തുടക്കത്തിൽ ഒന്നുരണ്ടു പ്രാവശ്യം പരിചയപ്പെടുത്തിയ അനുഗൃഹീത കലാകാരനായിരുന്ന ശ്രീ. ടി. കെ. സി. കിടാവാണു് ഗൃഹനാഥൻ. ഞാൻ ചെന്നുകേറുമ്പോൾ മോയാരം അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. കുറിയൊരു മനുഷ്യൻ. മുറിയൻകൈയുള്ള ഖദറിന്റെ കുപ്പായവും, കരയും കുറിയുമില്ലാത്ത മുണ്ടും–ദേശാഭിമാനികളായ പലരുടേയും വസ്ത്രധാരണ രീതി അന്നതായിരുന്നു. പറ്റെ വെട്ടിനിർത്തിയ മുടിയിൽ അവിടവിടെ അല്പസ്വല്പം നര കേറിയിരുന്നു. വിടവുകൾ കൂടുതലുള്ള കുറിയ പല്ലുകൾ പുറത്തു കാട്ടി ചിരിക്കുമ്പോൾ അദ്ദേഹത്തെ കാണാൻ നല്ല ചന്തമായിരുന്നു. ആ ചിരി കുട്ടികളുടേതുപോലെ നിഷ്കളങ്കമായിരുന്നു. സദാ കവിത ചൊല്ലിക്കൊണ്ടിരിക്കും.

അന്നു് ആ വീട്ടിൽ സദാ പ്രസരിപ്പോടെ ഓടിനടന്ന, ഒരു വിദ്യാത്ഥിനി—‘ദേവി’, കിടാവിന്റെ മകൾ, പില്ക്കാലത്തു് മിസ്സിസ് സി. എച്ച്. കുഞ്ഞപ്പ—ഇന്ന് കോഴിക്കോട്ടു കൃഷ്ണപിള്ള മന്ദിരത്തിനു സമീപമുള്ള ‘പർണ്ണകുടി’യിൽ ഏകാന്തജീവിതം നയിക്കുന്ന ദേവകിയമ്മ—അവരെ ഇന്നും എന്റെ ഗ്രാമം അഭിമാനത്തോടെ സ്മരിക്കുന്നു. വിദ്യാത്ഥിനിയായ കാലത്ത് നിയമം ലംഘിച്ച് അവർ അറസ്റ്റ് വരിക്കുകയുണ്ടായി. ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

സംഭവത്തിന്റെ തുടക്കം ഏതാണ്ടിങ്ങനെയാണു്. കൊയിലാണ്ടിയിൽ ഒരു സ്വീകരണമഹായോഗം നടക്കുന്നു. ഹൈസ്കൂൾ മൈതാനിയിൽ അലങ്കരിച്ച പന്തൽ ഒരുങ്ങിയിരിക്കുന്നു. സ്വീകരണത്തിൽ പങ്കെടുക്കുന്നതു് മദിരാശിയിലെ ജസ്റ്റിസ് പാർട്ടി നേതാവു് കൂർമ്മവെങ്കിടറെഡ്ഡി യാണെന്നു ഞാനോക്കുന്നു. ഓർമ്മ മുഴുവനും ശരിയായിക്കൊള്ളണമെന്നില്ല. ജസ്റ്റിസ് പാർട്ടിയുടെ ഒരു നേതാവിനാണു സ്വീകരണമെന്നു തീർച്ച. സ്വീകരണത്തിനു മുൻകയ്യെടുത്തു പ്രവർത്തിച്ചതു് അഭിഭാഷകപ്രമുഖനായ ശ്രീ. വി. വി. രാമയ്യരായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികളെക്കൊണ്ടു പന്തൽ നിറഞ്ഞു. സമാധാനപരിപാലനത്തിനു പോലീസുകാർ നിരന്നു. മുഖ്യാതിഥി വന്നുചേർന്നു. സമ്മേളന നടപടികൾ ആരംഭിച്ചു. സ്വാഗത പ്രസംഗ വേളയിലോ അതോ മുഖ്യാതിഥിയുടെ പ്രഭാഷണത്തിന്റെ ആരംഭത്തിലോ എന്നു തീർത്തുപറയാൻ വയ്യ. സദസ്സിൽ ആകെ ഒരിളക്കം. ചിലർ പിന്നിലേക്കു തിരിഞ്ഞു നോക്കുന്നു. മറ്റു ചിലർ പിൻതിരിഞ്ഞിരിക്കുന്നു. പിന്നിലതാ ‘കേളപ്പജി’. അദ്ദേഹം സദസ്സിനെ അഭിമുഖീകരിച്ചു സംസാരിക്കുകയാണു്. ആകെ ബഹളം. പോലീസ് പറന്നെത്തി കേളപ്പജിയെ അറസ്റ്റ് ചെയ്തു മാറ്റി. ഒപ്പമുണ്ടായിരുന്ന കുഞ്ഞിക്കണ്ണൻ നമ്പ്യാരെ ഭീകരമായി മർദ്ദിച്ചു. അദ്ദേഹത്തിന്റെ കൈയ്ക്കു സാരമായ പരിക്കേറ്റെന്ന വിവരം ക്ഷണനേരംകൊണ്ട് ജനങ്ങളറിയുന്നു. ആകെ ക്ഷുബ്ധമായ അന്തരീക്ഷം. എങ്ങും പോലീസ് മർദ്ദനത്തെക്കുറിച്ചുള്ള സംസാരം.

തുടർന്നുള്ള ദിവസങ്ങൾ, അറസ്റ്റിന്റെയും പോലീസ് മർദ്ദനത്തിന്റെയും കഥകൾ നിറഞ്ഞതായിരുന്നു. കുപ്രസിദ്ധിയാർജ്ജിച്ച പോലീസ് ഭരണമായിരുന്നു അന്നു കൊയിലാണ്ടിയിൽ. കേളപ്പജിയെ അറസ്റ്റ് ചെയ്തു മാറ്റിയതും കുഞ്ഞിക്കണ്ണൻ നമ്പ്യാരെ മർദ്ദിച്ചതും ദേശാഭിമാനികളായ യുവാക്കളെ ക്ഷോഭിപ്പിച്ചു. ആജ്ഞാലംഘനത്തിനു പിന്നെ ക്ഷാമമുണ്ടായില്ല. ദിവസമെന്നോണം അതു നടന്നു. അന്നൊരു ദിവസം നാട്ടുകാരേയും പോലീസിനേയും അമ്പരപ്പിച്ചുകൊണ്ടു് നിയമം ലംഘിക്കാനെത്തിയതു രണ്ടു സ്ത്രീകളായിരുന്നു. ഞങ്ങളുടെ ബോർഡ് ഗേൾസ് സ്കൂളിലെ ഹെഡ്മിസ്ട്രസ് മെറ്റിൽഡ കല്ലനായിരുന്നു. ആ സ്ത്രീകളിലൊരാൾ. അവരുടെ നേതൃത്വത്തിൽ നിയമലംഘനത്തിനെത്തിയതു വിദ്യാർത്ഥിനിയായ ദേവിയും. രണ്ടുപേരെയും അറസ്റ്റ്ചെയ്തു ശിക്ഷിച്ചു. ഒന്നോർക്കണം: ഒരു സ്കൂൾ ടീച്ചറുടെ ജോലിക്കുപോലും സ്ത്രീകൾ മുമ്പോട്ടുവരാത്ത കാലം. അക്കാലത്തു് നിയമം ലംഘിക്കാൻ രണ്ടു സ്ത്രീകൾ മുമ്പോട്ടു വരുന്നു. അതും മർദ്ദനത്തിനു കുപ്രസിദ്ധിനേടിയ കൊയിലാണ്ടി പോലീസിനെ എതിരിട്ടുകൊണ്ടു്.

പിന്നീടുള്ള ദിവസങ്ങളിൽ ഉപ്പുനിയമലംഘനത്തെ അതിശക്തിയായിത്തന്നെ ഭരണകൂടം നേരിട്ടു. യുവക് സംഘത്തിലെ ചുകപ്പുകുപ്പായക്കാർ മുഴുവനും ഇരുമ്പഴിക്കുള്ളിലായി. ശക്തിമന്ദിരം ശൂന്യം. സത്യാഗ്രഹികൾക്കു വെച്ചുവിളമ്പി അവരെ സ്നേഹപൂർവ്വം ഊട്ടിയ ചാപ്പൻനായർ ഏകനായി മൂകനായി അടുത്ത രംഗവും പ്രതീക്ഷിച്ച് മന്ദിരത്തിന്റെ വാതിൽപ്പടിയിൽ ഇരുന്നു.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.