ഞങ്ങളുടെ ഗ്രാമം ഏതോ ഉണർത്തു പാട്ടിനു വേണ്ടി കാതോർത്തു കിടന്നു. ചലനമില്ല, ചൈതന്യമില്ല. കലാസാംസ്കാരിക പ്രവർത്തകരത്രയും ഇരുമ്പഴിക്കു പിറകിൽ. ദേശീയബോധമുള്ള യുവാക്കളെ പോലീസ് വേട്ടയാടുന്നു. വാർത്തകളിലൂടെ വന്നെത്തുന്നതു മുഴുവനും അറസ്റ്റിന്റെ, മർദ്ദനത്തിന്റെ, കുറ്റവിചാരണയുടെ കഥകൾ. ശക്തിമന്ദിരത്തിലെ കശുമാവിൻ തണലിൽ അരിവെപ്പുകാരൻ ചാപ്പൻ നായർ ഇടയ്ക്കൊരാശ്ചര്യ ചിഹ്നം പോലെ നില്ക്കുന്നതു കാണാം. അദ്ദേഹത്തെ പോലീസും ഉപേക്ഷിച്ച മട്ടാണു്. മന്ദിരത്തിൻറ പ്രധാന ഗേറ്റ് എപ്പോഴും അടഞ്ഞു കിടക്കും. കളരിയിൽ ചുവടുവെപ്പിന്റെ, വായ്ത്താരിയുടെ, വാളും പരിചയും കൂട്ടിമുട്ടുന്നതിൻറ ശബ്ദമില്ല.
അന്നു് വിദ്യാത്ഥികളായ ഞങ്ങൾ ഒഴിവുകിട്ടുമ്പോഴൊക്കെ തീവണ്ടിയാപ്പീസിൽ ഓടിയെത്തും. തീവണ്ടിക്കു് ഒട്ടും ക്ഷാമമില്ലാത്ത കാലം. രാവിലെയും ഉച്ചയ്ക്കുമുമ്പും പിമ്പുമുള്ള ഇടനേരത്തും വൈകീട്ടും രാത്രിയുമൊക്കെ വണ്ടികളുണ്ടായിരുന്നു. എന്തൊക്കെ കുറ്റം പറയാനുണ്ടെങ്കിലും തീവണ്ടിക്കാര്യത്തിൽ ബ്രിട്ടീഷുകാരെ ആക്ഷേപിക്കാൻ വയ്യ. ലാഭചേതം നോക്കീട്ടല്ല. അവർ വണ്ടി ഓടിച്ചിരുന്നതു്. പിന്നെ, എല്ലാ പ്രദേശങ്ങളും അവർക്ക് ഒരു പോലെയായതുകൊണ്ടു പക്ഷഭേദത്തിന്റെയോ അവഗണനയുടെയോ പ്രശ്നം ഉദ്ഭവിക്കുന്നില്ല. ഗവർണർമാർക്കിവിടെ ഭാര്യവീടില്ലാത്തതുകൊണ്ടും അവരെ സമ്മതിദാനത്തിലൂടെ തിരഞ്ഞെടുക്കുന്ന സമ്പ്രദായമില്ലാത്തതുകൊണ്ടും ചില പ്രത്യേക പ്രദേശത്തോടു മമത പുലർത്തി അവിടം വൈകുണ്ഠമാക്കേണ്ട കാര്യവും അവർക്കില്ലായിരുന്നു. അതുകൊണ്ടായിരിക്കണം അന്നു മലബാറുകാരായ ഞങ്ങൾക്കു സമൃദ്ധമായി തീവണ്ടി കിട്ടിക്കൊണ്ടിരുന്നതു്.
ഇന്നു കേട്ടാൽ അതീവ അദ്ഭുതമായി തോന്നുന്ന ഒരു കാര്യംകൂടി പറയട്ടെ. ഗ്രാമീണഭാഷയിൽ പറഞ്ഞാൽ ‘കണ്ടംവണ്ടി’ എന്നൊരേർപ്പാടുകൂടി അന്നുണ്ടായിരുന്നു. എന്നുവെച്ചാൽ മീഡിയം സൈസിലുള്ളാരു വണ്ടി. അവൻ അതിരാവിലെ കൂവിക്കൊണ്ടു കോഴിക്കോട്ടു നിന്നു വടക്കോട്ടു പുറപ്പെടുന്നു. വടകരയിലെത്തി, അല്പമൊന്നു വിശ്രമിച്ചു തിരിച്ചു കോഴിക്കോട്ടേക്കു തന്നെ വരുന്നു. ഈ പ്രക്രിയ രാത്രി പത്തു മണിവരെ തുടരുന്നു. യാത്രക്കാർക്കു സുഭിക്ഷം! കൂലിയോ പരമ തുച്ഛം. കോഴിക്കോട്ടു നിന്നു തിക്കോടിക്കു കൊടുക്കേണ്ട കൂലി ആറണ മൂന്നു പൈ. ഇന്നത്തെ കണക്കിൽ 40 പൈസ തികയില്ല. ഒരു കൂടു ബീഡിക്ക് ഇന്ന് അതിന്റെ നാലിരട്ടി ചെലവാക്കേണ്ടിവരുന്നില്ലേ? അതു പോട്ടെ. അതൊക്കെ ഇനി പറഞ്ഞിട്ടെന്തു കാര്യം? ഞങ്ങൾ സൗകര്യം കിട്ടുമ്പോഴൊക്കെ തീവണ്ടിയാപ്പീസ്സിൽ പോകുന്ന കാര്യമാണല്ലോ പറഞ്ഞു വന്നതു്. അതൊരു പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയായിരുന്നു. എന്നും ഏതു വണ്ടിയിലും സ്വാതന്ത്ര്യഭടന്മാരുണ്ടാവും. സംഗതി, ജയിൽ മാറ്റമാണ്. കണ്ണൂർ ജയിലിൽനിന്ന് ബല്ലാരി ജയിലിലേക്കും അവിടെനിന്നു കണ്ണൂർക്കും, അതുപോലെ മദിരാശിയിലേക്കും അവിടന്നിങ്ങോട്ടും തടവുകാരെ മാറ്റിക്കൊണ്ടിരിക്കും. ഒന്നിച്ചൊരിടത്തു പലകാലം വെച്ചാൽ തടവുകാർ വല്ല ഗൂഢാലോചനയിലും ഏർപ്പെടുമെന്ന ഭയം കൊണ്ടാവാം അത്തരമൊരു സമ്പ്രദായം അധികൃതർ കൈക്കൊണ്ടത്.
ഞങ്ങൾ പ്ലാറ്റ്ഫോമിൽ അലയുന്നു. തീവണ്ടി വരുന്നു. നില്ക്കുന്നു. കമ്പാർട്ടുമെന്റുകളിൽ കണ്ണെറിഞ്ഞു കൊണ്ടു ഞങ്ങൾ തിരക്കിട്ടു നടക്കുന്നു. അപ്പോൾ യാത്രക്കാർക്കിടയിൽ ഗാന്ധിത്തൊപ്പി കാണുന്നു. ഞങ്ങൾ ഒന്നിച്ചു ചേർന്നു മുദ്രാവാക്യം വിളിക്കുന്നു–
“മഹാത്മാഗാന്ധി കീ –ജേ”
“വന്ദേ മാതരം.”
തീവണ്ടിക്കുള്ളിലെ തടവുകാർ ആവേശത്തോടെ മുദ്രാവാക്യം ഏറ്റു വിളിക്കുന്നു. അപ്പോൾ കാവൽ പോലീസ്, ജാലകപ്പഴുതിലൂടെ ബയണറ്റ് പുറത്തേക്കു നീട്ടുന്നു. സാമ്രാജ്യത്വത്തിന്റെ രാക്ഷസ ജിഹ്വപോലുള്ള ആ വസ്തു വെയിലിൽ വെട്ടിത്തിളങ്ങുന്നു. വണ്ടി പതുക്കെ നീങ്ങുന്നു. വണ്ടിക്കകത്തും പുറത്തുമുള്ള എല്ലാവരും മുദ്രാവാക്യത്തിൽ പങ്കെടുക്കുന്നു. വണ്ടി കണ്ണിൽനിന്നു മറയുവോളം മുദ്രാവാക്യം വിളിച്ച് സംതൃപ്തിയോടെ ഞങ്ങൾ മടങ്ങുന്നു.
അക്കാലത്തൊരു ദിവസം രാവിലെ പത്തരമണിക്കു തെക്കുനിന്നു വരുന്ന വണ്ടി. പ്ലാറ്റ്ഫോമിൽ പതിവിലേറെ ജനങ്ങൾ. മിക്കവരും വാർത്തകളറിയാൻ വന്നതാണ്. കോഴിക്കോട്ടു കടപ്പുറത്തു് അതിഭീകരമായ പോലീസ് മർദ്ദനം നടന്നെന്നും നേതാക്കളിൽ പലർക്കും മാരകമായ പരിക്കേറ്റെന്നും വാർത്തയുണ്ടായിരുന്നു. ആരോടെങ്കിലുമന്വേഷിച്ചു സത്യാവസ്ഥ മനസ്സിലാക്കാനുള്ള ബദ്ധപ്പാടായിരുന്നു എല്ലാവർക്കും. ആർക്കും പരസ്പരം ഒന്നും സംസാരിക്കാനില്ല. ഉൽക്കണ്ഠ കൊണ്ടു വിങ്ങിപ്പൊട്ടാറായ നിമിഷത്തിനു വിരാമമിട്ടുകൊണ്ടു് തീവണ്ടി വന്നു നിന്നു. ജനം തിരക്കിട്ട് അങ്ങുമിങ്ങും ഓടി. അപ്പോൾ പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തുനിന്നു മുദ്രാവാക്യം മുഴങ്ങുന്നു. നിമിഷം കൊണ്ടെല്ലാവരും അവിടെയെത്തി. പതിവുപോലെ തിളങ്ങുന്ന ബയണറ്റ് പുറത്തേക്കു തള്ളി നില്ക്കുന്നുണ്ട്. എന്താണു സംഭവിക്കുന്നതു്? വണ്ടിക്കകത്താരെല്ലാമാണുള്ളതു്? ചെവിയടപ്പിക്കുംവിധമാണു മുദ്രാവാക്യം. തീവണ്ടിക്കടുത്തു ചെല്ലാൻ വിഷമം. അത്രയ്ക്കു തിരക്കു്. ഒരുവിധം ഞെരുങ്ങി ആൾക്കൂട്ടത്തിൽ പഴുതുണ്ടാക്കി, തീവണ്ടിയുടെ ചവിട്ടു പടികൾ കയറിനിന്നു് അകത്തേക്കു നോക്കി. ആദ്യമായി കണ്ണിൽ പെട്ടത്, കേരള സിംഹമെന്ന പേരിൽ വിഖ്യാതനായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മുഖമായിരുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത കാഴ്ച! തേജസ്സുറ ആ മുഖം ആകെ കരുവാളിച്ചിരിക്കുന്നു. കഴുത്തിൽ ചോരപ്പാടും കല്ലിപ്പുമുണ്ടു്. മർദ്ദനത്തിന്റെ ഭീകര മുദ്ര! ഭൗതിക ശരീരത്തിലേറ്റ മർദ്ദനപ്പാടുകൾ, അദ്ദേഹത്തിന്റെ ആത്മാവിൽ നിഴൽ വീശിയിരുന്നില്ല. കറുത്തു മുറ്റിയ മീശയ്ക്കു കീഴെ പൂനിലാവിന്റെ നിറമുള്ള ചിരി അപ്പോഴും പ്രകാശം പൊഴിച്ചിരുന്നു. തൊട്ടടുത്തു് കേളപ്പജിയുണ്ടു്. അതിനപ്പുറം കൃഷ്ണപിള്ള. അന്ന് ഏറ്റവും ക്രൂരമായ മർദ്ദനത്തിനു വിധേയനായതു കൃഷ്ണപിള്ളയായിരുന്നു. പോലീസുകാരുടെ കൈയിൽപ്പെട്ട ഒരു ത്രിവർണ്ണപതാക കൃഷ്ണപിള്ള പിടിച്ചെടുത്തു. പോലീസുകാർക്കതു സഹിക്കുമോ? അവർ പതാക വീണ്ടെടുക്കാൻ ശ്രമിച്ചു. പതാക മാറോടു ചേർത്തു പിടിച്ചു കൃഷ്ണപിള്ള കടപ്പുറത്തെ പൂഴിയിൽ കമിഴ്‌ന്നു കിടന്നു. പത്തുമുന്നൂറു പൊലീസുകാരുണ്ടു്. അവരെല്ലാം ചേർന്നു മൽപ്പിടുത്തം നടത്തി. ആവുമ്പോലെ മർദ്ദിച്ചു. എങ്കിലും തീവണ്ടിമുറിയിൽ കണ്ട കൃഷ്ണപിള്ള ഊർജ്ജസ്വലനായിരുന്നു. അദ്ദേഹം മുദ്രാവാക്യം വിളിയിൽ സജീവമായി പങ്കുചേർന്നു.
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനോടും കേളപ്പജിയോടും കൃഷ്ണപിള്ളയോടും ഒപ്പം മാധവനാരും കൃഷ്ണസ്വാമി അയ്യരും ഉണ്ടായിരുന്നു. പിന്നെ ആരൊക്കെയുണ്ടായിരുന്നുവെന്നു് ഓർക്കുന്നില്ല. അന്നത്തെ മർദ്ദനം നേതാക്കന്മാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച്, ദേശീയപ്രസ്ഥാനങ്ങളിൽനിന്നു അവരെ അകറ്റാനുള്ള ശ്രമം. പക്ഷേ, ഫലം മറിച്ചാണുണ്ടായതു്. വിദേശമേൽക്കോയ്മയോടും അവർക്കു വിടുപണിചെയ്യുന്ന ഉദ്യോഗസ്ഥന്മാരോടും പോലീസിനോടും അതികഠിനമായ വിദ്വേഷമാണു് ആ സംഭവം സൃഷ്ടിച്ചതു്.
ഉപ്പുസത്യാഗ്രഹവും നിയമലംഘനവും പോലീസ് മർദ്ദനവും കുറ്റവിചാരണയും തടവു ശിക്ഷയുമെല്ലാം ഗാന്ധി-ഇർവിൻ സന്ധിയോടെ അവസാനിക്കുന്നു. അങ്ങനെ ഒന്നാം അങ്കത്തിനു തിരശ്ശീല വീഴുന്നു. ചുകപ്പുകുപ്പായക്കാരായ യുവക് സംഘം ജയിൽ വിമുക്തരാവുന്നു. എന്റെ ഗ്രാമം ആഹ്ലാദത്തിമർപ്പോടെ അവരെ സ്വീകരിക്കുന്നു. ഒരു ചെറിയ അദ്ഭുതം. എല്ലാവരും മീശ വളർത്തിയിരിക്കുന്നു. കുഞ്ഞനന്തൻനായർക്കു മീശയുണ്ടു്. അച്യുതൻ നായർക്കു മീശയുണ്ടു്. കൃഷ്ണൻകിടാവിനു മീശയുണ്ടു്. ഗോവിന്ദേട്ടനുമുണ്ടു മീശ. ഞങ്ങൾക്കതിശയമായിരുന്നു. ഞങ്ങളുടെ ദേശത്തന്നോളം നായന്മാരാരും മീശ വെച്ചു കണ്ടിട്ടില്ല. മുതിർന്നവരുടെയിടയിൽ മുറുമുറുപ്പുണ്ടായി. ചിലർ മുഖത്തുനോക്കി മടികൂടാതെ മീശക്കാരോടു ചോദിച്ചു:
”എന്തിനാ ഈ വൃത്തികേടു്? നമ്മളു തറവാട്ടുകാരല്ലേ? മാനക്കേടല്ലേ മീശവെച്ചു നടക്കുന്നതു്?”
ഇനിയൊരു കൂട്ടം തറവാടികൾ ന്യായം കണ്ടെത്തി തന്നത്താൻ ആശ്വസിക്കുകയാണു ചെയ്തതു്:
”ഓ! ഇനി മീശവെച്ചാലെന്തു് വടിച്ചാലെന്തു്? ജയിലിൽ കിടന്നു പറയനോ പുലയനോ ഉണ്ടാക്കിക്കൊടുത്ത മുത്താറിപ്പുട്ടും തിന്നല്ലേ, വരുന്നതു്. ഇവർക്കിനി തറവാടുണ്ടോ, ജാതിയുണ്ടോ?”
ഈ മുറുമുറുപ്പം പ്രതിഷേധവും ആക്ഷേപവും വകവെക്കാതെ മീശപിരിച്ചു മുറുക്കിക്കൊണ്ടും ഓമനിച്ചു മിനുക്കി തലോടിക്കൊണ്ടും അവർ നടന്നു. അങ്ങനെ പലതുകൊണ്ടും വിജയികളായി നടക്കുന്നുണ്ടെങ്കിലും അവരെ അലട്ടാൻ ഒരു പ്രത്യേക പ്രശ്നമുണ്ടായി: തൊഴിലില്ലായ്മ. സന്ധിയുള്ളതുകൊണ്ടു നിയമം ലംഘിക്കാനോ ജയിലിൽ പോകാനോ വയ്യ.
സന്ധിപ്രകാരം സമാധാനപരമായി മദ്യഷാപ്പുകൾ പിക്കറ്റുചെയ്യാനും അതുപോലുള്ള മറ്റു പരിപാടികൾ നിർവ്വഹിക്കാനും അനുവാദമുണ്ടായിരുന്നു. പക്ഷേ, എന്തുകാര്യം? പോലീസ് ഇടപെടാത്ത പിക്കറ്റിങ് പിക്കറ്റിങ്ങാണോ? അതിലെന്തുണ്ടൊരു രസം? എന്നിട്ടും ചിലരതിനു മുതിർന്നു. ചില ദിവസങ്ങളിൽ കള്ളുഷാപ്പിന്റെ മുന്നിൽ ചെന്നുനിന്നു് ‘സഹോദരരെ, മദ്യം വിഷമാണു്. അതു കഴിക്കുന്നവൻ നശിക്കുന്നു; അവന്റെ കുടുംബം നശിക്കുന്നു. അതുകൊണ്ടു് കള്ളു ചോദിക്കരുതു്, വാങ്ങരുതു്, കുടിക്കരുതു്?’ എന്നൊക്കെ ഉപദേശിച്ചുനോക്കി. ചിലർ ഉപദേശം കേട്ടു തിരിച്ചുപോയി. മറ്റു ചിലർ ‘നശിക്കുന്നതു് ഞാനല്ലേ, എന്റെ കുടുംബമല്ലേ, നിനക്കെന്തെടാ ഇതിൽ കാര്യ’മെന്ന മട്ടിൽ ഷാപ്പിനകത്തു കടന്നു് മതിവരുവോളം കുടിച്ച് സത്യാഗ്രഹിയേയും കളിയാക്കി തിരിച്ചുപോകുന്നു. ഇതുകൊണ്ടാക്കെ, സമാധാനപരമായ പിക്കറ്റിങ് എന്ന പരിപാടി ക്രമേണ പരാജയപ്പെട്ടു. ബ്രിട്ടീഷ് ഗവണ്മെന്റ് ഇതിനിടെ, ഒരു സൂത്രവിദ്യ പ്രയോഗിച്ചു. കള്ളുഷാപ്പും ചാരായഷാപ്പും ബ്രാണ്ടിഷാപ്പമൊക്കെ മുറയ്ക്ക് ലേലംചെയ്തുകൊടുക്കുകയും മദ്യം കഴിക്കുന്നതു നന്നല്ലെന്നു ചുമ്മാ ഒരു രസത്തിനുവേണ്ടി ഗവൺമെന്റ് ചെലവിൽ പ്രചാരവേലനടത്തുകയും ചെയ്തു. പട്ടണത്തിലും നാട്ടിൻ പുറങ്ങളിലുമുള്ള മർമ്മ സ്ഥാനങ്ങളിൽ വലിയ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു:
”ഗവണ്മെന്റു് ഉപദേശിക്കുന്നു, മദ്യം കഴിക്കരുതെന്നു്.”
അതുകൊണ്ടുമായില്ല. അവിടേയുമിവിടേയുമായി പ്രതിഫലം കൊടുത്തു് ചിലരെ നിയമിച്ചു. എന്തിനു്? ചന്തസ്ഥലത്തും ഉത്സവ സ്ഥലത്തുമൊക്കെ ചെന്നു് മദ്യത്തിനെതിരായി പ്രസംഗിക്കാൻ. ഗവണ്മെന്റിന്റെ ഈ അടവു് സമാധാനപരമായ കള്ളു ഷാപ്പ് പിക്കറ്റിങ് തകർക്കാനായിരുന്നു. അല്ലെങ്കിൽ, ഇതുപോലൊരു വിരോധാഭാസമുണ്ടോ? കള്ളു കുടിക്കരുതെന്നുപദേശിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ്! ഈ ചതിപ്രയോഗത്തിന്റെ സാരസ്യമോർത്തു ഗവണ്മെന്റു തന്നെ പലവട്ടം ആർത്തട്ടഹസിച്ചു ചിരിച്ചിട്ടുണ്ടാവും.
പറഞ്ഞുവന്നതു് യുവക് സംഘം വാളണ്ടിയർമാരുടെ തൊഴിലില്ലായ്മയാണല്ലോ. അതിനൊരു പ്രതിവിധി കാണാൻ കുഞ്ഞനന്തൻ നായരുടെ നേതൃത്വത്തിൽ ഏതാനും പേർ ഒത്തു കൂടി. പല പരിപാടികളും ആലോചിച്ചു. ഒടുവിൽ ഒരു നാടകം പഠിച്ച് അരങ്ങേറിയാൽ എന്തെന്നായി. അതിനുള്ള സ്ഥലം, സമയം, അതിൽ പങ്കെടുക്കാൻ കഴിവുള്ളവരുടെ പേരുവിവരം തുടങ്ങിയവയും ആലോചനയ്ക്കു വിഷയമായി. പ്രശ്നങ്ങളോരോന്നിനും പ്രതിവിധി കണ്ടത്തിയപ്പോൾ അരങ്ങേറാനുള്ള നാടകമേതെന്നു് ആലോചനയായി. അല്പം വിഷമമുള്ള കാര്യം. ചരിത്രമായാലും പുരാണമായാലും—അന്നു കൂടുതലും അത്തരം നാടകങ്ങളാണുള്ളതു്—പ്രത്യക്ഷമായോ പരോക്ഷമായോ നിലവിലുള്ള ഭരണവ്യവസ്ഥയ്ക്കു പ്രതികൂലമാവുന്ന ഒന്നുംതന്നെ നാടകത്തിൽ വരാൻ പാടില്ല. അതുകൊണ്ടു് നാടകം, തിരഞ്ഞെടുക്കാൻ ഒരു ഉപസമിതിയെ നിയമിച്ചുകൊണ്ടു് ആദ്യത്തെ കൂടിയാലോചന അവസാനിപ്പിക്കുകയാണുണ്ടായതു്.