ജയിൽവിമുക്തരായി യുവക് സംഘം പ്രവർത്തകർ ഒത്തുകൂടി നാടകത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നല്ല ഒരു നാടകമായിരിക്കണം. തമിഴ് നാടകസംഘത്തിന്റെ ചുവടുപിടിച്ചു് ഒരു പുതിയ സമിതിയുണ്ടാക്കണം. സമിതിക്കു ഉചിതമായൊരു പേരു വേണം. പറ്റിയ നാടകം തിരഞ്ഞെടുക്കണം. പ്രവർത്തകരുടെ മുമ്പിലുള്ള പ്രശ്നങ്ങൾ ഇതൊക്കെയായിരുന്നു. അന്നു് നാടകം തിരഞ്ഞെടുക്കുക അത്ര വളരെ പ്രയാസമുള്ള കാര്യമായിരുന്നില്ല. പുസ്തക ശാലകളിൽ നാടക ഗ്രന്ഥങ്ങൾ വിരളമായിരുന്നു. എങ്കിലും കിട്ടാവുന്നത്ര ഗ്രന്ഥങ്ങൾ ശേഖരിച്ചു് കൂട്ടായിരുന്നു വായിച്ചു; ചർച്ചചെയ്തു. വളരെ പ്രയാസപ്പെട്ടാണെങ്കിലും ഒടുവിൽ തൃപ്തികരമായൊരു തീരുമാനമെടുക്കാൻ കഴിഞ്ഞു. ’സ്യമന്തകം സംഗീതനാടകം’ വിയോജനക്കുറിപ്പു കൂടാതെ തന്നെ തിരഞ്ഞെടുപ്പു നടന്നു.
‘ഗാന്ധി-ഇർവിൻ സന്ധി’ പ്രാബല്യത്തിലുള്ള കാലമാണെന്നു പറഞ്ഞുവല്ലോ. നിയമവിധേയമായ പ്രവർത്തനങ്ങളല്ലാതെ വേറിട്ടൊന്നും അന്നു ചെയ്യാൻ പാടില്ല. ഭരണകൂടത്തെ ആക്ഷേപിക്കുംവിധം വല്ലതും സംഭവിച്ചുപോയാൽ സംഘട്ടനമുണ്ടാവും. സന്ധി പൊളിയും. അതുകൊണ്ടു് അച്ചടക്കമുള്ള പ്രവർത്തകരെന്നനിലയിൽ ചെയ്യുന്നതെന്തും വളരെ ആലോചിച്ചും സൂക്ഷിച്ചും വേണം.
സ്യമന്തകം സംഗീത നാടകം ആർക്കും ഒരു കുഴപ്പവും വരുത്തില്ല. ദ്വാപരയുഗത്തിൽ സംഭവിച്ച കഥ. ഏതോ ഒരു യാദവൻ തപസ്സു ചെയ്തു് സൂര്യഭഗവാനിൽനിന്നും ഒരു രത്നം കൈവശപ്പെടുത്തുന്നു. ദിനംതോറും ടൺ കണക്കിൽ സ്വണ്ണം പെറ്റു കൂട്ടുന്ന രത്നമായിരുന്നു അതു്. അതിന്റെ പേരിൽ ചില സംഘട്ടനങ്ങളെല്ലാം നടക്കുന്നു. പാട്ടിലൂടെ, സംഭാഷണത്തിലൂടെ സ്യമന്തകത്തിന്റെ ചരിത്രം ജനങ്ങളെ ധരിപ്പിക്കുമ്പോൾ നാടുഭരിക്കുന്ന ജോർജ്ജ് ഭൂപനു് എന്തുണ്ടൊരു ദോഷം വരാൻ? ജോർജ്ജ് ഭൂപന്റെ പ്രതിപുരുഷനായ വൈസ്രോയിക്കോ അതിനു കീഴോട്ടു്, സത്യസന്ധമായി സാമ്രാജ്യസേവയനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിനോ പരുക്കൊന്നുമേല്പിക്കാത്ത പരിശുദ്ധമായ കഥയല്ലേ ’സ്യമന്തകം’ ഉദ്ഘോഷിക്കുന്നതു്. എപ്പോൾ എവിടെ വേണമെങ്കിലും അവതരിപ്പിക്കാം. അങ്ങനെ ആദ്യത്തെ കടമ്പ കടന്നു വീണു.
അഭിനേതാക്കളെ നിർണ്ണയിക്കുന്ന പ്രശ്നമാണിനിയുള്ളതു്. സത്രാജിത്തു്, പ്രസേനൻ, ശ്രീകൃഷ്ണൻ, ജാംബവാൻ, സൂര്യൻ–ഇല്ല; സൂര്യഭഗവാൻ രംഗത്തു വരുന്നില്ല. ഒരു അശരീരി ശ്ലോകത്തിലൂടെ സൂര്യഭഗവാന്റെ കാര്യം നാടകത്തിൽ ഒതുക്കീട്ടുണ്ട്. എന്നിട്ടും ഒരു നൂലാമാല, സ്റ്റേജ് മാനേജർ വരുത്തിവെച്ചു. നാടകപരിശീലനവും അരങ്ങേറ്റവും ഒക്കെ വരുമ്പോൾ സംഗതിക്കു പിരിമുറുക്കം കൂടും. നൂലാമാലയുടെ കാര്യം അപ്പോൾ മറന്നുപോയെങ്കിലോ എന്നു കരുതി. അതിവിടെ പറഞ്ഞു കളയാം. സത്രാജിത്തിനെ സംബോധന ചെയ്തനുഗ്രഹിച്ചുകൊണ്ടു് രത്നം നല്കുന്നതാണ് അശരീരിശ്ലോകത്തിലുള്ളതു്. സ്റ്റേജ് മാനേജർ പറഞ്ഞു, നമുക്കു് സൂര്യനെ കാണിക്കണമെന്നു്. അതെങ്ങനെ തരപ്പെടുമെന്നായി മറ്റു ചിലർ. മാനേജർക്കു സംഗതി നിസ്സാരം. “ഒരു പീഞ്ഞപ്പലക വൃത്താകൃതിയിൽ കോണുകളോടു കൂടി മുറിച്ചെടുക്കുക; പിന്നെ, വെള്ളിത്തകിടുകൊണ്ടു പൊതിയുക. എന്നിട്ടതൊരു തിരിക്കുറ്റിയിൽ ഉറപ്പിക്കുക. തിരിക്കുറ്റിയുടെ അറ്റത്തു ചരടു ചുറ്റുക. ഒരാൾ കീഴെ നിന്നു ചരടു പിടിച്ചു വലിക്കുക. അപ്പോൾ തകിടു പൊതിഞ്ഞ സൂര്യൻ കറങ്ങും. ജനം അന്തം വിട്ടു കൈയടിക്കും.”
മാനേജരുടെ അഭിപ്രായം സ്വീകരിക്കുകയും ഇതു പലപ്പോഴായി പ്രയോഗിച്ചു നോക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ ചില്ലറക്കുഴപ്പങ്ങൾ നേരിടാതിരുന്നിട്ടില്ല. ചിലപ്പോൾ ചരടു പൊട്ടും. സൂര്യൻ പിറകോട്ടു തിരിയും. മറ്റു ചിലപ്പോൾ, ചരടു വലിക്കുമ്പോൾ തിരിക്കുറ്റി അനങ്ങാൻ കൂട്ടാക്കില്ല. അപ്പോൾ സൂര്യൻ നിശ്ചലനാവും. സൂര്യൻ തിരിഞ്ഞാലും തിരിഞ്ഞില്ലെങ്കിലും പ്രേക്ഷകർക്കൊരുപോലെ. അവരനങ്ങില്ല. നാടക വേദിയിൽ അപ്പഴപ്പോഴായി സംഭവിക്കാറുള്ള തെറ്റുകളും വങ്കത്തങ്ങളുമൊക്കെ അവർ മാപ്പാക്കുക പതിവാണ്. അതു കൊണ്ടു് ഏതു പരീക്ഷണം നടത്താനും ഭയപ്പെടേണ്ടതില്ല. പക്ഷേ, നാടകം കഴിയുമ്പോൾ എന്നും സ്റ്റേജ് മാനേജരെ മറ്റുള്ളവരൊറ്റക്കെട്ടായി നിന്നു് കശക്കിവിടാറുണ്ടു്. കാരണം, എന്നും ചരടുവലിക്കു ന്നതു് മാനേജരാണു്, തന്റെ കണ്ടുപിടുത്തമായതുകൊണ്ടു് അതു കൈകാര്യം ചെയ്യേണ്ടതു താനാണെന്ന ഭാവത്തിൽ.
അഭിനേതാക്കളെ നിർണ്ണയിക്കുന്ന കാര്യത്തിൽ കടക്കാൻ പ്രയാസമുള്ള വലിയൊരു കടമ്പ! ‘സ്യമന്തക’ത്തിൽ രണ്ടു സ്ത്രീ കഥാപാത്രങ്ങളുണ്ട്. രുൿമിണിയും ജാംബവതിയും. രുൿമിണി സുന്ദരിയാണെന്നു നമുക്കു നേരത്തെ അറിയാം. ജാംബവതിയോ? അവൾ സുന്ദരിയാണോ? ഒരു തന്തക്കുരങ്ങിന്റെ മകൾ സുന്ദരിയാവുന്നതെങ്ങനെ? ഇതിത്രയൊന്നും ആലോചിക്കേണ്ട വിഷയമല്ല. ജാംബവതി പരമ സുന്ദരിയാണെന്ന സൂചന നാടകത്തിലുണ്ട്. ശ്രീകൃഷ്ണൻ സ്യമന്തകവും തേടി കാട്ടിലെത്തുന്നു. പ്രസേനന്റെ മൃതശരീരം കാണുന്നു. പ്രസേനൻ കഴുത്തിൽ ചാർത്തിക്കൊണ്ടുപോയ മാല കാണാനില്ല. മാലയുടെ പതക്കമായി സ്യമന്തകമുണ്ടായിരുന്നു. അന്വേഷണം ആകെ അട്ടിമറിയുന്നു. ആരാണു് പ്രസേനനെ കൊന്നു സ്യമന്തകം മോഷ്ടിച്ചതു്? ആലോചിച്ചു നില്ക്കുമ്പോൾ ഒരു സിംഹത്തിന്റെ കാലടിപ്പാടുകൾ. ശ്രീകൃഷ്ണൻ കാലടിപ്പാടുകൾ നോക്കി നോക്കി സഞ്ചരിക്കുന്നു അപ്പോൾ വഴിയരികിലൊരു തലമുടിനാരു്. ഇവിടെ നാടകത്തിനൊരപസർപ്പക രീതി കൈവരുന്നു. ശ്രീകൃഷ്ണൻ ആ മുടിനാരെടുക്കുന്നു. അതിലൂടെ കുറ്റാന്വേഷണത്തിന്റെ പിരികൾ ഉടച്ചെടുക്കാൻ ശ്രമിക്കുന്നു—ഇങ്ങനെ ഒരു ശ്ലോകത്തിലൂടെ:
ചുറ്റിക്കെട്ടിയപാടുമിശ്ശിരസിജം ദീർഘം പരം കോമളം.
കറ്റക്കാറണിവേണിയാളൊരുവൾതൻ ലോലാംഗുലീലാളനം
പറ്റിക്കൊണ്ടു സുഖിച്ചതാണിതു, ബലാലറ്റിങ്ങു വീണു ദൃഢം.
ഇനി സംശയിക്കാനുണ്ടോ? ജാംബവതി പരമസുന്ദരിതന്നെയല്ലേ? ജാംബവതി സുന്ദരിയായതിൽ ആർക്കുമൊരു പരാതിയുമുണ്ടാകേണ്ട ആവശ്യമില്ല. നാടകക്കാരുടെ കാര്യം അങ്ങനെയാണോ? എവിടെ കിട്ടും ഒരു സുന്ദരിയെ? പെൺപള്ളിക്കൂടത്തിൽ കുട്ടികളെ പഠിപ്പിക്കാൻ ഒരു വാദ്ധ്യാരമ്മയെ പോലും കിട്ടാനില്ലാത്ത കാലം. പിന്നെങ്ങനെ നാടക വേദിയിലേക്കൊരു സുന്ദരിയെ കിട്ടും? എന്തു ഗതി? ‘മാലേയം വിറകാക്കുന്നു, മലയത്തിൽ പുളിന്ദികൾ’ എന്നുണ്ടല്ലോ. ഇഷ്ടം പോലെ എടുത്തു പെരുമാറാൻ പുരുഷന്മാരെത്രയെങ്കിലുമുണ്ടു്. അവരിലാരയെങ്കിലും പരീക്ഷിക്കാം. ഒത്തുകിട്ടിയാൽ ഭാഗ്യം. ജയിൽ വിമുക്തരിൽ സ്ത്രീ വേഷത്തിനു കൊള്ളാവുന്നവർ ചുരുക്കം. അല്പസ്വല്പം പറ്റിക്കാമെന്ന പരുവത്തിലുള്ളവർ മീശ കളയാൻ തയ്യാറല്ല. കുഴഞ്ഞില്ലേ പ്രശ്നം. ‘ഓ! രുൿമിണി ഞാനാവാം. പക്ഷേ, മീശയെടുക്കാൻ വയ്യാ’ എന്ന പിടിവാശിക്കാരോടെന്തു പറയാൻ?
അനേഷണം സംഘത്തിനു പുറത്തേക്കു നീണ്ടു. നല്ല കെട്ടിക്കാഴ്ച വേണം. സ്വരശുദ്ധിയുണ്ടാവണം. പാടാൻ കഴിയണം. കെട്ടിക്കാഴ്ചയുള്ളവർക്കു് ഹാവഭാവാദികളില്ലെങ്കിൽ കുഴപ്പം. ഇതു രണ്ടുമുള്ളവർക്കു സ്വരശുദ്ധിയില്ലെങ്കിലോ? ഏറെ കുഴപ്പം. നല്ല സാരിയും ചുറ്റി, പൂചൂടി, കണ്ണഴുതി, തിലകവും തൊട്ട് വേദിയിൽ പ്രത്യക്ഷപ്പെട്ട് പരുക്കൻ ശബ്ദത്തിൽ പാടാൻ തുടങ്ങിയാൽ പ്രേക്ഷകർ കൂവില്ലേ? തുടർച്ചയായ അന്വേഷണങ്ങളിലൂടെ കെട്ടിക്കാഴ്ചയും സ്വരശുദ്ധിയും സംഗീത ജ്ഞാനവും ഉള്ള രണ്ടു ചെറുപ്പക്കാരെ ഒടുവിൽ കണ്ടു കിട്ടുന്നു. കുഞ്ഞിക്കേള പണിക്കരെന്ന ഒരു സഹൃദയൻ രുൿമിണിയുടെ വേഷമെടുക്കാൻ സന്നദ്ധൻ. കൃഷ്ണൻനായരെന്ന മറ്റൊരു സഹൃദയൻ ജാംബവതിയാവാനാരുക്കം. എല്ലാ പ്രശ്നങ്ങളും അവസാനിച്ചു് നാടകപരിശീലനത്തിനുള്ള തുടക്കമിട്ടു.
ചിങ്ങപുരത്തൊരു ചെറിയ മൈതാനമുണ്ടു്. ചെറുതെങ്കിലും നല്ല ഭംഗിയുള്ള മൈതാനം. ഒരുകാലത്ത് കാരകളിക്കവിടം പ്രസിദ്ധമായിരുന്നു. ഓണക്കാലത്ത് അമ്പെയ്ത്തിന്റെ വേദിയും അവിടം തന്നെ. അവിടവിടെ അരിമ്പാറപോലെ പൊന്തി നില്ക്കുന്ന കറുത്ത പാറ. അതിനപ്പുറം, ഒരു ഇലഞ്ഞിത്തറയും കാഞ്ഞിരത്തറയും. തറയ്ക്കു തൊട്ട് പാഴ്ച്ചെടികൾ മുളച്ചുപൊങ്ങി മുക്കാലും മൂടിക്കിടക്കുന്നൊരു കിണർ. വെള്ളിയാഴ്ച ഉച്ചയ്ക്കു് ആ കിണറിലേക്കാരും നോക്കാൻ പാടില്ല. നോക്കിയാൽ വെള്ളത്തിനു പകരം രക്തം കാണുമത്രേ. അങ്ങനെയൊരു വിശ്വാസം പ്രചരിച്ചതിനു പിറകിൽ പണ്ടുപണ്ടു് ഏതോ കാലത്തു നടന്നാരു കഥയുണ്ട്. കഥ ഇങ്ങനെയാണു്:
മൈതാനത്തു നിന്നു് എട്ടോ പത്തോ പറമ്പിട കിഴക്കോട്ടു മാറിയാണു് കൊങ്ങന്നൂർ ദേവീക്ഷേത്രം. നാട്ടുകാരത്രയും അകമഴിഞ്ഞാരാധിക്കുന്ന ദേവിയാണ്. ധനുമാസത്തിൽ അവിടെ ഉത്സവം നടക്കുന്നു. അന്നും ഇന്നും ഒരുപോലെ ആഘോഷപൂർവ്വം നടക്കുന്ന ഉത്സവമാണ്. ആറാട്ടോടുകൂടി അഞ്ചുദിവസത്തെ ഉത്സവം അവസാനിക്കുന്നു. അന്നു്, ആറാട്ടുദിവസം രാത്രി നടക്കുന്ന ഒരു പ്രത്യേക ചടങ്ങുമായി ബന്ധപ്പെട്ടതാണു കഥ. ദേവി, ഭദ്രകാളിയായി രൂപം മാറി ദാരികനുമായി ഏറ്റുമുട്ടുന്നു. പരസ്പരം വെട്ടിയും തടുത്തും മുന്നേറിയും പിന്മാറിയും അതിഭയങ്കരമായ പോരു തന്നെ നടക്കുന്നു. പോരിന്റെ അന്ത്യത്തിൽ ദാരികന്റെ തലവെട്ടി, ദേവി ദുഷ്ടനിഗ്രഹം നിർവ്വഹിക്കുന്നു. ഈ ചടങ്ങു് ‘കൊറ’ എന്ന പേരിലാണറിയപ്പെടുന്നതു്. ഉത്സവത്തിന്റെ ഭാഗമെന്ന നിലയിലാണിതു് ആചരിക്കുന്നതെങ്കിലും പെണ്ണുങ്ങൾക്കും കുട്ടികൾക്കും ഈ ചടങ്ങു കാണാൻ പാടില്ലെന്നാണു് വെപ്പ്.
കൊറ കഴിഞ്ഞു പിറ്റേന്നു രാവിലെ ഭഗവതിയുടേയും ദാരികന്റെയും ഉടുപുടവകൾ അലക്കുകാരൻ വീട്ടിലെത്തിക്കുന്നു. അടുത്ത ഉത്സവനാൾവരെ അതു് അലക്കി സൂക്ഷിക്കുകയാണു പതിവ്. അങ്ങനെ ഒരു തവണ ഉത്സവം കഴിഞ്ഞു് ഉടുപുടവകൾ അലക്കുകാരകന്റെ വീട്ടിലെത്തിച്ചപ്പോൾ അവിടെ രണ്ടു കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. മുതിർന്നവരൊക്കെ അലക്കാൻ പോയിരുന്നു. ഒരു നേരമ്പോക്കെന്ന നിലയിൽ കുട്ടികൾ ഉടുപുടവകൾ എടുത്തണിയുന്നു. വീട്ടിലെ അരിവാളും മടവാളും ആയുധമാക്കുന്നു. അവർ കളിച്ചുകൊണ്ടു് അങ്കം വെട്ടാൻ തുടങ്ങുന്നു. വെട്ടിവെട്ടി, കുട്ടികളിൽ ആവേശം പടർന്നു കയറുന്നു. അവരിറങ്ങിയോടുന്നു. മൈതാനത്തുള്ള കിണറിന്നടുത്തെത്തുന്നു. കിണറ്റിൻ കരയിൽ വെച്ച് അങ്കംവെട്ടു പാരമ്യത്തിലെത്തുന്നു. ഭഗവതിയുടെ ഉടയാടയണിഞ്ഞ കുട്ടി ദാരികന്റെ തലയറുത്തു കിണറ്റിൽ നിക്ഷേപിക്കുന്നു. കഥ അവസാനിക്കുന്നു. ഇതുമായി ബന്ധപ്പെടുത്തിയായിരിക്കണം വെള്ളിയാഴ്ച ഉച്ചയ്ക്കു കിണറ്റിലാരും നോക്കാൻ പാടില്ലെന്നു നിയമമായതു്. ഈ കഥയിൽ കഴമ്പുണ്ടായാലും ഇല്ലെങ്കിലും ഇന്നും പലരുമിതു വിശ്വസിച്ചുപോരുന്നു.
സ്ത്രീകഥാപാത്രങ്ങൾക്കു പറ്റിയ രണ്ടു പേരെ കിട്ടിയപ്പോൾ നാടകസമിതി എന്നു വേണമെങ്കിലും ഉദ്ഘാടനം ചെയ്യാമെന്നായി. സമിതിക്കൊരു പേരുവേണമല്ലോ. അതത്രയൊന്നും ചിന്തിക്കേണ്ടി വന്നില്ല. ദേശത്തിന്റെ ദേവി, കൊങ്ങന്നൂർ ഭഗവതി. ഭഗവതി അടുത്തുള്ളപ്പോൾ മറ്റൊരു പേരന്വേഷിക്കുന്നതെന്തിനു്?—‘ഭഗവതീവിലാസം നാടകക്കമ്പനി’. സമിതിയല്ല. കമ്പനി. തമിഴ് നാട്ടിൽ നിന്നു വരുന്ന സംഘങ്ങളെല്ലാം തന്നെ കമ്പനിപ്പേരിലാണു്. എന്തിനു കുറയ്ക്കണം. കിടക്കട്ടെ കമ്പനി തന്നെ. അങ്ങനെ കമ്പനിയും രൂപം പൂണ്ടു.
ഇനിയുള്ളതു പരിശീലനമാണ്. അതിനു തെരഞ്ഞെടുത്ത സ്ഥലം ഒരു പെൺപള്ളിക്കൂടമാണു്. മൈതാനത്തിന്റെ തെക്കെ അതിരിൽ അന്നൊരു പെൺ പള്ളിക്കൂടമുണ്ടായിരുന്നു. നാടക പരിശീലനത്തിനു രാത്രി തോറും സ്കൂൾ കെട്ടിടം വിട്ടുകൊടുക്കാൻ മാനേജർക്കു സന്തോഷം. അങ്ങനെ ആഴ്ചയും പക്കവും നോക്കി—രാത്രിയായതുകൊണ്ടു രാഹുകാലം നോക്കേണ്ടിവന്നില്ല—നല്ലൊരു നേരത്തു പരിശീലനം ആരംഭിച്ചു. ശ്രീകൃഷ്ണന്റെ വേഷത്തിനു രണ്ടു പേർ. നാടകപ്പകുതിയോളം ശ്രീകൃഷ്ണനായി രംഗത്തു വരുന്നതു സ്ഥലത്തെ അദ്ധ്യാപകനായിരുന്ന സി. ടി. പത്മനാഭൻനായർ. പാതിക്കു ശേഷം ശ്രീകൃഷ്ണന്റെ വേഷമെടുക്കുന്നതു കുഞ്ഞനന്തൻനായർ. സത്രാജിത്തായിട്ടു കൃഷ്ണൻ കിടാവും ജാംബവാനായിട്ടു പത്മനാഭൻനായരും. തിരക്കിട്ടു പാത്രദാനം നടക്കുമ്പോൾ, പിറകിലൊരാൾ ശ്രദ്ധാപൂർവ്വം നില്പുണ്ടായിരുന്നു: പേരുവിളിക്കുമോ വിളിക്കുമോ എന്ന ജിജ്ഞാസയോടെ. അതു ഞാനായിരുന്നു. എനിക്കരങ്ങിൽ കേറാനുള്ള സൗകര്യം കിട്ടണേ ഭാഗവതീ.