ധനുമാസം പൂരം നാളിൽ കൊങ്ങന്നൂർ ഭഗവതിയുടെ ആറാട്ടു്. തലേന്നാൾ പള്ളിവേട്ട. അന്നു രാത്രി കിഴക്കോട്ടെഴുന്നള്ളത്തു്. ‘തീവെട്ടി’യുടെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന നെറ്റിപ്പട്ടം ചാർത്തിയ ആന. ആനപ്പുറത്തു ഭഗവതിയുടെ തിടമ്പു്. ആനയ്ക്കു മുമ്പിൽ, പട്ടുടുത്തു തെച്ചിമാല ചാർത്തി, പള്ളിവാളേന്തി നടക്കുന്ന വെളിച്ചപ്പാടു്. ‘നടത്തം’ ചൊല്ലി നീങ്ങുന്ന അനേകം ഭക്തജനങ്ങൾ. ഇടുങ്ങിയ ഇടവഴികളിലൂടെ, ‘പള്ളിവേട്ട’യ്ക്കുള്ള പുറപ്പാടു് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കിഴക്കോട്ടു നീങ്ങുന്നു. കിഴക്കാണു ‘പുറക്കാടു്’, അവിടെയാണു് പള്ളി വേട്ട. ഇടവഴികൾക്കിരുവശവുമുള്ള വീട്ടുപറമ്പുകളുടെ പടിക്കൽ പന്തലിട്ടലങ്കരിച്ചു്, നിലവിളക്കും നിറപറയുമായി, പലപല കുടുംബങ്ങൾ കാത്തുനില്ക്കുന്നു. ഭഗവതിയുടെ വെളിച്ചപ്പാട് എല്ലാടവും ഒരുപോലെ സന്ദർശിച്ചു് അനുഗ്രഹം ചൊരിയുന്നു.
എഴുന്നള്ളത്തു് അവസാനിക്കുന്നതു് ‘നരിയംപുള്ളി’ വയലിലാണു്. കന്നിക്കൊയ്ത്തു കഴിഞ്ഞു് ഈർപ്പമൊതുങ്ങിയ വയലിൽ എഴുന്നള്ളത്തു് എത്തുമ്പോൾ അവിടമൊരു ജനസമുദ്രമാവും. അവിടെ വെച്ചാണു് പള്ളി വേട്ടയ്ക്കുള്ള മുന്നൊരുക്കങ്ങൾ. വയലിന്റെ പടിഞ്ഞാറുവശം ‘മംഗലശ്ശേരി’ തറവാടു്. അവിടത്തെ കാരണവർ വ്രതശുദ്ധിയോടെ വന്നു ‘നായാട്ടുവിളി’ നടത്തുന്നു. നായാട്ടിൽ ആചരിക്കേണ്ട നിയമങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ’വിളി’യിലടങ്ങിയിരിക്കും.
“നാലുപുറവുമൊന്നിച്ചുനില്ലോ…”
മൂന്നു തവണ ഉച്ചത്തിലങ്ങനെ വിളിക്കുമ്പോൾ ജനം നിശ്ശബ്ദരായി കേൾക്കുകയും ‘വിളി’യിലെ പൊരുൾ വഴിയാംവണ്ണം മനസ്സിലാക്കിയതിന്റെ അടയാളമായി ഒടുവിൽ ഒന്നിച്ചു കൂവുകയും ചെയ്യുന്നു. വേട്ടക്കാർക്കുള്ള നിർദ്ദേശങ്ങളോടെ ‘വിളി’ വീണ്ടും തുടരുന്നു.
”വായ്പ്പിടിയിൽ വീണ ദിക്കറിയോ?” നായാട്ടുവിളിയുടെ അവസാനം എഴുന്നള്ളത്തു പിന്നേയും കിഴക്കോട്ടു നീങ്ങി. ‘നരിയംപുള്ളി’ വയലിന്റെ കിഴക്കേ അറ്റത്തു് ‘കമ്മനക്കുള’ത്തിന്റെ കരയിലെത്തി നില്ക്കുന്നു. കുളക്കരയിലുള്ള കൽമണ്ഡപത്തിൽ ഭഗവതിയുടെ തിടമ്പെഴുന്നള്ളിച്ചു വെക്കുന്നു. തുടർന്നു മേളം, കരിമരുന്നുപ്രയോഗം, പിന്നെ മടക്കെഴുന്നള്ളത്തു്. ഇരുണ്ട, ഇടുങ്ങിയ ഇടവഴികളിലൂടെ പുരുഷാരം എഴുന്നള്ളത്തോടൊപ്പം ഞെങ്ങിഞെരുങ്ങി നടക്കുമ്പോൾ, ഉന്തും കശപിശയും അടികലശലും ചിലപ്പോഴുണ്ടായെന്നുവരും. പക്ഷേ, വളരെ വളരെ വിരളമായിരുന്നു. കാരണം എഴുന്നള്ളത്തു നീങ്ങുമ്പോൾ അടികലശലുണ്ടാക്കുന്നവൻ, പിന്നീടൊരിക്കലും ഉത്സവം കാണില്ലെന്നൊരു വിശ്വാസം നിലവിലുണ്ടായിരുന്നു. വരും കാലത്തെ ഉത്സവത്തിനു മുമ്പ് ഒന്നുകിലവൻ മരിക്കും. അല്ലെങ്കിൽ നാടുവിട്ടും. ഈ വിശ്വാസമുണ്ടായിട്ടും, ചിലപ്പോൾ ചില അക്രമങ്ങളൊക്കെ നടക്കാറുണ്ടു്.
കരുമനക്കണ്ടിയിലെ ഗോപാലൻ നായർ എന്തിനും പോരുന്നവനായി, എടുത്തു ചാട്ടക്കാരനായി, ധീരനായി വാഴുന്ന കാലം. ഉഗ്രശരീരിയായ ഗോപാലൻ നായരെ എതിരിടാൻ ദേശത്തന്നൊരാളുമില്ല. രണ്ടാമത്തെ വാക്കിനു ഗോപാലൻ നായർ കയർക്കും. കയർത്താൽ തല്ലും. തല്ലുകൊള്ളുന്നവൻ വീഴും. ചന്ദനത്തടിയിൽ കടഞ്ഞെടുത്തപോലുള്ള ശരീരം. പൗരുഷം തുളുമ്പുന്ന മുഖം. ആരുടെ മുമ്പിലും തലകുനിക്കാത്ത, ഏതു സാഹസകൃത്യത്തിനും ഒരുമ്പെടുന്ന സ്വഭാവം. എഴുന്നള്ളത്തിനിടയിൽ പലവട്ടം ഗോപാലൻനായർ തല്ലുണ്ടാക്കിയതായി പറഞ്ഞു കേട്ടിട്ടുണ്ടു്. അതിലെത്ര സത്യമുണ്ടെന്നറിഞ്ഞുകൂടാ. അദ്ഭുത കഥകൾ പലതും ഗോപാലൻനായരെ സംബന്ധിച്ച് അന്നു പ്രചാരത്തിലുണ്ടായിരുന്നു.
ഒരുനാൾ അമ്പലച്ചിറയിലിറങ്ങി കാലും മുഖവും കഴുകി പടവുകൾ ചവിട്ടിക്കയറുമ്പോൾ അവിടെ ഒരു ജോഡി പുതിയ ചെരിപ്പു കാണുന്നു. പിന്നെ സംശയമുണ്ടായില്ല. അതു കാലിലിട്ടു് ഗോപാലൻ നായർ നടന്നു. അപ്പോൾ ചിറക്കടവിൽ കുളിക്കുകയായിരുന്ന അമ്പലത്തിലെ ശാന്തിയുടേതായിരുന്നു ചെരിപ്പെന്നു കേട്ടിട്ടുണ്ടു്. ശാന്തി താണുകേണപേക്ഷിച്ചിട്ടും ഗൗനിക്കാതെ, ചെരിപ്പ് തിരിച്ചേൽപ്പിക്കാതെ ഗോപാലൻനായർ പോയത്രേ. പുതിയ ചെരിപ്പും ചവുട്ടിപ്പോകുന്ന ഗോപാലൻനായർ ഒരു പരിചയക്കാരനെ വഴിയിൽ കണ്ടുമുട്ടുന്നു. അയാൾ, തന്റെ വീട്ടിനു മുകളിൽ വീഴാറായ നിലയിൽ ചാഞ്ഞു നില്ക്കുന്ന ഒരു തെങ്ങു് മുറിച്ചുനീക്കാനുള്ള ശ്രമത്തിലായിരുന്നു. വെട്ടുകാരനെ വരുത്തിയപ്പോൾ, കമ്പകെട്ടി വലിക്കാൻ മൂന്നുനാലാളെങ്കിലും വേണ്ടിവരുമെന്നു മനസ്സിലാക്കി, ആളെ സംഘടിപ്പിക്കാനിറങ്ങിയതായിരുന്നു ആ പരിചയക്കാരൻ. ആവശ്യം കേട്ടറിഞ്ഞ ഗോപാലൻ നായർ പറഞ്ഞു:
“ഒരു തെങ്ങു വലിച്ചു മാറ്റാൻ നാലഞ്ചാളുകളൊന്നും വേണ്ടടോ. നീ ഇങ്ങു വാ. ഞാനൊരുത്തൻ മതി. ഉം. എന്താടാ സംശ്യം?”
അയാളോടൊപ്പം ഗോപാലൻനായർ നടന്നു. വീടെത്തി. തെങ്ങിൽ കമ്പ കെട്ടിയപ്പോൾ കമ്പയുടെ ഒരറ്റം ഗോപാലൻ നായർ പിടിച്ചു. വെട്ടു തുടങ്ങി. തെങ്ങ് ആടിയുലഞ്ഞു വീഴാൻ തുടങ്ങിയപ്പോൾ ഗോപാലൻനായർ പിടി മുറുക്കി. പിറകോട്ടു വലിച്ചു. തെങ്ങു ചരിഞ്ഞു ഗോപാലൻനായരുടെ നേർക്കു വരുന്നു. ഗോപാലൻ നായർ, ക്രമത്തിൽ പിന്നോട്ടു നടക്കുന്നു. അപ്പോൾ കഷ്ടകാലം പോലെ പിറകിലൊരു എലിമട. ഒരു കാൽ എലിമടയിൽ താഴുന്നു. പിന്നോട്ടു നീങ്ങാൻ വയ്യ. ഉഗ്രവേഗതയിൽ താണുവരുന്ന തെങ്ങു കാത്തു നിന്നില്ല. അതു ഭയങ്കരശബ്ദത്തോടെ ഗോപാലൻനായരുടെ ശരീരത്തിൽ വീഴുന്നു. കണ്ടു നിന്നവർ ഉറക്കെ നിലവിളിക്കുന്നു. ഒരു കനത്ത തല്ലു തടുക്കുംപോലെ ഇടത്തുകൈകൊണ്ടു ഗോപാലൻ നായർ തെങ്ങിനെ തട്ടിമാറാൻ ശ്രമിക്കുന്നു. ശ്രമത്തിനിടയിൽ എലിമടയിൽ കുടുങ്ങിയ കാലു പൊട്ടുന്നു. തട്ടിമാറ്റാൻ ശ്രമിച്ച കൈ തകരുന്നു. തെങ്ങുവീഴാതെ വീടു രക്ഷപ്പെട്ടെങ്കിലും തെങ്ങു വീണു കരുമനക്കണ്ടിയിലെ ഗോപാലൻ നായരുടെ ശരീരത്തിന്റെ പകുതിഭാഗം നഷ്ടപ്പെടുന്നു. മഞ്ചലിൽ ഏറ്റി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചു. ഗോപാലൻ നായർ സുഖം പ്രാപിച്ചപ്പോൾ ഒരു കാലില്ല. ഒരു കൈ ദുർബ്ബലവും. ആ സംഭവത്തെത്തുടന്നാണു് ഗോപാലൻനായർ, രാമയോഗിയുടെ ശിഷ്യത്വം സ്വീകരിച്ചതും ഗോപാലദാസായി മാറിയതും. ഒരു കൈയും ഒരു കാലും മാത്രം അവശേഷിച്ച നിലയിലും ഗോപാലദാസ് കരുത്തനായിരുന്നു.
പള്ളിക്കൂടത്തിനകത്തു നാടക പരിശീലനം നടക്കുമ്പോൾ രാമയോഗിയും ഗോപാലദാസും യോഗിമഠത്തിൽ ഉണ്ടായിരുന്നില്ല. എങ്കിലും, യോഗിമഠവുമായി ബന്ധപ്പെട്ട്, പ്രഭാതസ്നാനവും ചന്ദനക്കുറിയും കുറച്ചു ഭക്തിയും മുറയ്ക്കു കഞ്ചാവ് വലിയുമായി, ചിലരവിടെ അവശേഷിച്ചിരുന്നു. മഠത്തിൽനിന്ന് ആദ്യം പോയതു രാമയോഗിയായിരുന്നു. പതിവു യാത്രയാണെന്നേ ജനം വിചാരിച്ചുള്ളു. എന്നെങ്കിലും യോഗി മടങ്ങിയെത്തുമെന്നവർ ധരിച്ചു. അങ്ങനെ കാലം കഴിയുമ്പോൾ ഒരു ദിവസം ഗോപാലദാസും മഠംവിട്ടിറങ്ങി. ഗോപാലദാസും താമസിയാതെ തിരിച്ചെത്തുമെന്നു തന്നെ ജനം ധരിച്ചു. ആ ധാരണ മാറാതെ അവരൊക്കെ മരിച്ചു മണ്ണടിഞ്ഞു.
അവിടെയൊരു യോഗിമഠം ഉണ്ടായിരുന്നെന്നു പറഞ്ഞാൽ ആരും ഇന്നതു വിശ്വസിക്കില്ല.
രാമയോഗിയുടെയും ഗോപാലദാസിന്റെയും അഭാവത്തിൽ മഠത്തിന്റെ കാര്യം ശ്രദ്ധിച്ചതു ഗോപാലദാസിന്റെ മരുമകനായിരുന്നു. നിത്യപൂജയും വിളക്കുവെപ്പുമെല്ലാം അദ്ദേഹത്തിന്റെ വകയായിരുന്നു. ഏറെനാൾ അതും നടന്നില്ല. ഒരു ദിവസം നേരം പുലർന്നപ്പോൾ മഠത്തിന്റെ വാതിൽ തുറന്നു കണ്ടില്ല. പൂജയും നടന്നില്ല. അന്വേഷണത്തിൽ അറിവായതു് മരുമകനും നാടുവിട്ടെന്നാണ്. ഇന്നോളം ഇവരാരും തിരിച്ചെത്തീട്ടില്ല. അവരെ സ്മരിക്കാനും അവരുടെ തിരിച്ചുവരവു പ്രതീക്ഷിക്കാനും അവിടെയിന്നാരുമില്ല.
മഠത്തിന്റെ മുമ്പിലൊരു നല്ല ആൽത്തറയുണ്ടായിരുന്നു. എന്നും സന്ധ്യയ്ക്കു മഠത്തിലെ വിളക്കു കാണാൻ ഏറെപ്പേർ ആ തറയിൽ വന്നിരിക്കും. തെളിഞ്ഞ ആകാശത്തിനു കീഴിൽ തണുത്ത കാറ്റേറ്റു് അരയാലിലകളുടെ നാമജപം കേട്ടുകൊണ്ടു് ആൽത്തറയിലിരിക്കുന്നതു നല്ലൊരനുഭവമായിരുന്നു. രാമയോഗിയേയും ഗോപാലദാസിനേയും മരുമകനേയും പ്രതീക്ഷിച്ചുകൊണ്ട് അവിടെയിന്നുള്ളതു് പഴകിപ്പൊളിഞ്ഞാരു ഇലഞ്ഞിത്തറ മാത്രം.
യോഗിമഠം എന്നോ തകർന്നു വീണു പോയി. മഠത്തിന്റെ സ്ഥാനത്തു് വെറ്റിലക്കൊടി വളർന്നു നില്ക്കുന്നതു്, അല്പനാൾ മുമ്പ് അതിലെ കടന്നുപോകുമ്പോൾ, ദുഃഖത്തോടെ കണ്ടു. സായം സന്ധ്യകളിലെ തണുപ്പു കാറ്റിന്റെ സുഖകരമായ ഓർമ്മയോടെ തിരിഞ്ഞു നോക്കിയപ്പോൾ ആൽത്തറയും അവിടെയില്ല. മൈതാനത്തിന്റെ മുക്കാൽഭാഗവും ഒരു സ്കൂളിന്റെ കെട്ടിടങ്ങൾ കൈയേറിയിരിക്കുന്നു. ആകാശം നക്ഷത്രപ്പൊട്ടു തൊടാൻ മുഖം നോക്കുന്ന വാൽക്കണ്ണാടിപോലെ തെളിമയാർന്ന ആ മൈതാനത്തിന്റെ നാശം ഒരു ഗ്രാമത്തിന്റെ മുഴുവൻ സാംസ്കാരിക ജീവിതത്തിനേറ്റ തകർച്ചയായി അനുഭവപ്പെട്ടു. വേദനിക്കാൻ തുടങ്ങിയപ്പോൾ ഉള്ളിൽനിന്നാരോ ഉപദേശിക്കുമ്പോലെ തോന്നി.
എന്തിന്നു ദുഃഖിക്കണം? ഇന്നെല്ലാം കച്ചവടമല്ലേ? മരവും മൈതാനവും ആരാധനാലയങ്ങളും യോഗിമഠങ്ങളും സ്കൂളുകളും കലാസാംസ്കാരിക പ്രവർത്തനങ്ങളുമെല്ലാം വ്യാപാരകേന്ദ്രങ്ങളല്ലേ. ഗ്രാമങ്ങൾ തോറും പണ്ടുള്ളവരുണ്ടാക്കിവെച്ച കുളങ്ങളിന്നെവിടെ? എല്ലാം തൂർത്തു് മണിമന്ദിരങ്ങളുണ്ടാക്കിയില്ലേ? അവിടവിടെ പച്ചപ്പ് നിലനിർത്താൻ ആസൂത്രണം ചെയ്തുവെച്ച, സർപ്പക്കാവുകൾ ഇന്നെവിടെയുണ്ടു്? എല്ലാം വെട്ടിത്തെളിയിച്ച്, മരത്തടികൾകൊണ്ടു വ്യാപാരം നടത്തിയില്ലേ? സർപ്പക്കാവും മഠവും ആരാധനാലയങ്ങളുമെല്ലാം അന്ധവിശ്വാസമാണെന്നു പ്രചരിപ്പിച്ച വ്യാപാരികൾക്ക് ശാസ്ത്രപുരോഗതിയുടെ പേരിൽ വാദ്യസംഗീതം മുഴക്കി ഇന്നു് ‘ഇക്കോളജി’യുടെ പേരിൽ മുതലക്കണ്ണീർ പൊഴിച്ചിട്ടെന്തു പ്രയോജനം? അരനേരത്തെ ആഹാരത്തിന്നു വകയൊരുക്കിത്തന്ന നെൽപ്പാടങ്ങളോടു കാണിച്ച ക്രൂരത. മാപ്പർഹിക്കുന്നുണ്ടോ? പാടങ്ങളിലും വ്യാപാരം കയറിയില്ലേ? അവിടമിന്നു് മുക്കാലും ’കമേഴ്സ്യൽ ക്രോപ്പി’ന്റെ വിളയാട്ടമല്ലേ? റബ്ബറും യൂക്കാലിപ്റ്റസും അക്കേഷ്യയും വളന്നു് ആകാശം മൂടിനില്ക്കുകയല്ലേ? നീലാകാശം കണ്ടു നിർവൃതിയടയാനുള്ള സൗകര്യം നശിച്ചുകൊണ്ടിരിക്കുകയല്ലേ? ഇങ്ങനെ ചോദ്യങ്ങൾ ഇനിയുമെത്ര ബാക്കി കിടക്കുന്നു. ആരോടാണിതു ചോദിക്കേണ്ടതു്? ആരോടാണീ വ്യഥ പറയേണ്ടതു്?
ഓ! പറഞ്ഞു പറഞ്ഞു കാടുകയറി. ഭഗവതീവിലാസം നാടകക്കമ്പനിയിലാണല്ലോ തുടക്കമിട്ടത്. ‘സ്യമന്തകം’ തിരഞ്ഞെടുത്തതും റിഹേഴ്സൽ ആരംഭിച്ചതും പറഞ്ഞു കഴിഞ്ഞു. അതു പറയാൻ തുടങ്ങിയപ്പോഴാണ് യോഗിമഠവും ഗോപാലദാസും ഇടയ്ക്കു കയറിവന്നതു്. ശിലാരേഖപോലെ മനസ്സിൽ പതിഞ്ഞ ആ ഓർമ്മകൾ മാറ്റി നിർത്താൻ കഴിഞ്ഞില്ല. നാടകത്തിന്റെ റിഹേഴ്സൽ തുടങ്ങിയപ്പോൾ പല അഭിപ്രായങ്ങൾ പൊങ്ങി വന്നു. മംഗളഗാനത്തിനുപയോഗിക്കുന്ന ‘പാവനമധുരാനിലയെ’ മാറ്റണം. പകരം, കൊങ്ങന്നൂർഭഗവതിയെ സ്തുതിക്കുന്നൊരു ഗാനമാവണം. ഈ അഭിപ്രായത്താടാർക്കും എതിർപ്പുണ്ടായില്ല. അപ്പോൾ ഒരു പ്രശ്നമുത്ഭവിച്ചു: മംഗളഗാനം രചിക്കാനാരുണ്ട്? ഏകാഭിപ്രായത്തിൽ എല്ലാവരും ഒരേ ഒരു പേരുച്ചരിച്ചു: ‘രാമൻനായര് മാഷ്’. അദ്ദേഹം ദേശത്തിന്റെ മുഴുവൻ മാഷായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യത്വം വരിക്കാത്ത ആരും ഞങ്ങളുടെ, പ്രദേശത്തുണ്ടായിരുന്നില്ല. ഭാഷാപരമായ ഏതു കാര്യത്തിനും സമീപിക്കാവുന്ന രാമൻനായരുമാഷ് ഒരു നല്ല കവികൂടിയായിരുന്നു, മാഷെ സമീപിച്ചപ്പോൾ. അദ്ദേഹം വളരെ സന്തോഷത്തോടെ അപേക്ഷ സ്വീകരിക്കുകയും മംഗളഗാനം എഴുതുകയും ചെയ്തു.
പാഹി, മൂകാംബിക…
മംഗളഗാനം എല്ലാവക്കും ഇഷ്ടപ്പെട്ടു. ‘പാവനമധുരാനിലയെ’ മാറി നിന്നു. പകരം കൊങ്ങന്നൂരംബ വന്നു.
ഒരഭിപ്രായം കൂടി ഉണ്ടായി. അതു് ആസ്വാദകരുടെ പക്ഷത്തുനിന്നായിരുന്നു. നാടകാരംഭത്തിൽ സൂത്രധാരനും നടിക്കും പകരം ബാലപ്പാർട്ടായിരിക്കണം. നാടകാവതരണത്തിൽ പുത്തനായി വന്നുചേന്ന പരിഷ്കാരമാണ്. അതുകൊണ്ടു് ആ രീതി സ്വീകരിച്ചേ പറ്റൂ എന്നായി. അതു സ്വീകരിക്കുമ്പോഴുള്ള വിഷമം, കൊള്ളാവുന്ന രണ്ടു കുട്ടികളെ കണ്ടുപിടിക്കണമെന്നതാണ്. പുതിയ പരിഷ്കാരമല്ലേ, അല്പം ബുദ്ധിമുട്ടിയാലും വേണ്ടില്ലെന്നായി തീരുമാനം. അങ്ങനെ പലപല അന്വേഷണങ്ങൾക്കു ശേഷം പറ്റിയ രണ്ടു ബാലനടന്മാരെ കിട്ടി. രണ്ടുപേരും പാടാൻ കഴിവുള്ളവരായിരുന്നു. അടുത്ത കാര്യം ബാലപ്പാർട്ടിന്റെ പ്രവേശനപ്പാട്ടായിരുന്നു. അന്നു് കുട്ടികളായാലും മുതിർന്നവരായാലും അഭിനേതാക്കൾ പ്രവേശനപ്പാട്ടു പാടണം. അതു നിർബ്ബന്ധമാണ്. ആസ്വാദക പക്ഷവും ഈ അഭിപ്രായക്കാരായിരുന്നു. ഏതു പാട്ടു വേണമെന്നായി പിന്നത്തെ ചിന്ത, ഏതെങ്കിലും പാട്ടു പാടിയാൽ പോരാ. അല്പമൊരു പുരോഗമനം വേണം. പാട്ടിലൊരു സന്ദേശവും ഉണ്ടായിരിക്കണം. ഈ വഴിക്കുള്ള അന്വേഷണത്തിൽ മഹാകവി കുട്ടമത്തിന്റെ ഒരു ഗാനമാണ് കണ്ടത്തിയതും സ്വീകരിച്ചതും:
നിവൻ ശൂദ്രൻ–ഇത്യാദി
ജാതി ഭ്രമം…
എന്നു തുടങ്ങുന്ന ജാതിവ്യത്യാസത്തിനും അയിത്താചരണത്തിനുമെതിരായ ആ ഗാനം തെരഞ്ഞെടുക്കുമ്പോൾ, വരാനിരിക്കുന്ന ആപത്തു് നാടകപ്രവർത്തകർ ഒട്ടും അറിഞ്ഞിരുന്നില്ല.