കൊങ്ങന്നൂർ ഭഗവതിക്ഷേത്രത്തിന്റെ പടിഞ്ഞാറും വടക്കും ഓരോ കുളം. പടിഞ്ഞാറു് ‘പുത്തൻകുളം’. വടക്കു ‘കൊങ്ങിണിക്കുളം’. പുത്തൻകുളം അതിന്റെ പേരു പോലെ പുത്തനായിത്തന്നെ നില്ക്കുന്നു. കൊങ്ങിണിക്കുളമാവട്ടെ, ഏതോ വിദൂരഭൂതകാലത്തിന്റെ നഷ്ടാവശിഷ്ടം പോലെ പടവുകളിടഞ്ഞും തകർന്നും കിടപ്പാണു്. എങ്കിലും ‘കൊങ്ങന്നൂർ ക്ഷേത്ര’മെന്നും ’കൊങ്ങിണി’ക്കുളമെന്നും പറഞ്ഞുകേൾക്കുമ്പോൾ, ചരിത്രഗവേഷകന്മാർക്കു കണ്ടെത്താൻ പറ്റിയതെന്തോ ആ പേരിൽ അടങ്ങിയിട്ടുണ്ടെന്നു തോന്നും.” ക്ഷേത്രദർശനത്തിനു വരുന്നവർ കൂടുതലും കുളിക്കുന്നതു് കൊങ്ങിണിക്കുളത്തിലാണു്. ‘പുത്തൻകുളം’ ബ്രാഹ്മണർക്കും ബ്രാഹ്മണവൃത്തി സ്വീകരിച്ചിട്ടുള്ളവർക്കും നീക്കിവെച്ചിരിക്കുകയാണു്. ഇതു് അന്നത്തെ കാര്യം.
അന്നൊരു ദിവസം ഉച്ചപ്പൂജയ്ക്കടുത്തു ഒരാൾ കൊങ്ങിണിക്കുളത്തിൽ കുളിച്ചു് ക്ഷേത്രദർശനം നടത്തി പുറത്തു കടക്കുന്നു. നിവർത്തിപ്പിടിച്ച ശീലക്കുടയുടെ പുറത്തു നനഞ്ഞ തോർത്തുമുണ്ടു് തോരാനിട്ട് അയാൾ അമ്പലപ്പുറവഴിയിലൂടെ, പടിഞ്ഞാട്ടു നടക്കുന്നു. ചിങ്ങപുരത്തു പറമ്പത്തെത്തുന്നു. അതൃമാൻകുട്ടിയുടെ ചായപ്പീടികയിൽ കയറുന്നു. അപ്പോൾ അവിടെ കൂടിയിരുന്നു വെടി പറയുന്ന നാടകപ്രവർത്തകർ അയാളെ ശ്രദ്ധിക്കുന്നു. കേവലം അപരിചിതൻ. അന്യദേശക്കാരൻ. ആരായിരിക്കും അതെന്ന ചിന്തയായി. അന്വേഷിച്ചറിയാൻ തന്നെ തീരുമാനമെടുത്തു. ഊരും പേരും തിരക്കി. പേരു ഗോവിന്ദ മേനോൻ. ജോലി നാടകസംഘങ്ങൾക്കു കർട്ടൻ വരച്ചുകൊടുക്കൽ. സ്വദേശം അല്പം തെക്കു്. സ്ഥലപ്പേരു്, ഞാൻ മറന്നു. കർട്ടൻ വരപ്പിനു പുറമെ, ‘മെയ്ക്കപ്പും’ അറിയാം. കുറേശ്ശെ മൃദംഗം വായിക്കും. പാടാനും കഴിവുണ്ടു്. എല്ലാറ്റിനും പുറമെ നാടക സംഘക്കാർക്ക് ആവശ്യമുണ്ടെങ്കിൽ ബഫൂൺ വേഷം ധരിക്കാനും തയ്യാർ.
തേടിയവള്ളി കാലിൽ തടഞ്ഞപ്പോഴുണ്ടാവുന്ന സന്തോഷം. അപ്പോൾ ശ്രോതാക്കൾ അനുഭവിച്ചു. അന്നു വൈകീട്ട് റിഹേഴ്സലിനു മേനോൻ മൃദംഗം വായിച്ചു. എല്ലാവർക്കും തൃപ്തി. ഭഗവതീവിലാസം നാടകക്കമ്പനിക്കു് കർട്ടൻ വേണം. ‘മെയ്ക്കപ്പി’നു ആളു വേണം. ഒരു ബഫൂണിനെ കിട്ടുന്നതും വളരെ സന്തോഷം. എല്ലാം തികഞ്ഞ മേനവനെ നിയമിക്കാൻ പിന്നെ താമസമുണ്ടായില്ല. ഗോവിന്ദ മേനോന്റെ വരവും ഭാവിശ്രേയസ്സിന്റെ ലക്ഷണമായി എല്ലാവരും കൊണ്ടാടി. മേനോനു് താമസിക്കാനും കർട്ടൻ വരയ്ക്കാനും സൗകര്യമുള്ളൊരു വീടു കണ്ടുപിടിച്ചു. താമസിയാതെ അദ്ദേഹത്തിന്റെ കുടുംബമെത്തി. അനുജൻ രാമൻമേനോൻ മൃദംഗം വായനയിൽ വിദഗ്ദ്ധൻ. ഭേഷ്! അത്യാവശ്യം അഭിനയിക്കാനും ചുരുങ്ങിയമട്ടിൽ മെയ്ക്കപ്പും വേണ്ടി വന്നാൽ ഒരു പാട്ടുപാടാനും രാമൻമേനോനു് കഴിവുണ്ടായിരുന്നു. അതും നല്ലതു്.
തുടർന്നു് മറ്റൊരു ഭാഗ്യം കൂടി വരുന്നു. വടക്ക്, എടക്കാടുനിന്നു് ഒരു ഭാഗവതരെത്തുന്നു; ഗോപാലൻ നമ്പ്യാർ, ഒന്നാന്തരം ഹാർമോണിസ്റ്റ്. ശാസ്ത്രീയ സംഗീതത്തിൽ അഗാധജ്ഞാനമുള്ള മനുഷ്യൻ. പരമ ശാന്തനും നല്ല കവിയും ഗാനരചയിതാവും കൂടിയായിരുന്നു ഗോപാലൻ നമ്പ്യാർ. എല്ലാവരും അദ്ദേഹത്തെ വളരെയേറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തു. അപ്പോൾ പുതിയൊരു കുഴപ്പം നേരിടുന്നു. മദിരാശിയിലും മറ്റുമുള്ള വലിയ വലിയ നാടകക്കമ്പനികളിൽ ഹാർമോണിസ്റ്റായിരുന്നു പരിചയവും പ്രശസ്തിയും നേടിയ ഗോപാലൻനമ്പ്യാർക്കു വായിക്കാൻ നല്ലൊരു ‘ചവിട്ടാർമോണിയം’ വേണ്ടതല്ലേ? അതെങ്ങനെയുണ്ടാക്കും? പുതിയൊരെണ്ണം വാങ്ങാൻ കാശെവിടെ? ഗോപാലൻ നമ്പ്യാർ ഏതു പെട്ടി വായിക്കാനും ഒരുക്കമാണ്. ഇന്നതേ വായിക്കൂ എന്ന ശാഠ്യമോ ദുരഭിമാനമോ അദ്ദേഹത്തിനില്ല. എങ്കിലും നാടകക്കമ്പനിക്കൊരന്തസ്സൊക്കെയില്ലേ? അദ്ദേഹം വായിക്കുന്നതു് ‘ചവിട്ടാർമോണിയം’ തന്നെയാവണം. അതിനുള്ള വഴിയപ്പറ്റി ചിന്തിച്ചപ്പോൾ ഒരു കുറുക്കുവഴി കിട്ടി. അപ്പോൾ കമ്പനി ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു ചെറിയ ഹാർമോണിയം ഒന്നു പരിഷ്കരിക്കുക. ഒരാശാരിയെ വിളിച്ച് അതിനൊരു ‘ചവിട്ടു്’ ഘടിപ്പിക്കുക. താൽക്കാലികാവശ്യത്തിനതു മതിയാവും. പിന്നെ, കമ്പനിയുടെ ധനസ്ഥിതി മെച്ചപ്പെടുമ്പോൾ പുതിയൊരെണ്ണം വാങ്ങുകയും ചെയ്യാം. അങ്ങനെ ആശാരി വന്നു, ‘ചവിട്ടു്’ ഘടിപ്പിച്ചു. ബലം പരിശോധിക്കാൻ കുഞ്ഞനന്തൻനായർ തന്നെ. അദ്ദേഹം ‘ചവുട്ടി’ വായിച്ചു. കൊള്ളാം. കുഞ്ഞനന്തൻനായരുടെ ‘ചവിട്ടു്’ താങ്ങുന്ന പെട്ടി മറ്റാരു ചവുട്ടിയാലും തകരാൻപോകുന്നില്ല, തീർച്ച.
ഗോപാലൻ നമ്പ്യാരും ‘ചവിട്ടാർമോണിയ’വും ചേർന്നപ്പോൾ റിഹേഴ്സലിന്നു കൊഴുപ്പുകൂടി. പ്രേക്ഷകർ വർദ്ധിച്ചു. സന്ധ്യയ്ക്കു മുമ്പു തന്നെ സ്കൂൾഹാൾ നിറയും. പിന്നീടു വരുന്നവർ വാതിൽപ്പഴുതിലും ജാലകപ്പഴുതിലും തടിച്ചുകൂടും. ബാക്കിയുള്ളവർ വരാന്തയിലും മൈതാനത്തിലുമായി നിലയുറപ്പിച്ചു് ശ്രോതാക്കളായി റിഹേഴ്സൽ ആസ്വദിക്കും. ചിലപ്പോൾ പാതിരവരെയും അതിനപ്പുറവും റിഹേഴ്സൽ നീണ്ടുനില്ക്കും. മുഖ്യകഥാപാത്രമായ ശ്രീകൃഷ്ണന്റെ ഭാഗം രണ്ടുപേരാണു് അഭിനയിക്കുന്നതു്. ആദ്യത്തെ പകുതിയിൽ ശ്രീകൃഷ്ണനാവുന്നതു് സി. ടി. പത്മനാഭൻനായരെന്ന അദ്ധ്യാപകൻ. രണ്ടാമത്തെ പകുതിയിൽ കുഞ്ഞനന്തൻനായരും. ഓരോ അഭിനേതാവിനെക്കുറിച്ചും പ്രേക്ഷകർക്കു വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു.
“പത്മനാഭൻനായരുമാഷുടെ ശ്രീകൃഷ്ണൻ കൊള്ളാം. നല്ല കെട്ടിക്കാഴ്ചയുണ്ടാവും. തലയിൽ പീലിക്കിരീടം വരുമ്പോൾ മുഖത്തൊരു പുതിയ തേജസ്സാക്കെ വരും.”
“അതൊക്കെ സമ്മതിച്ചു. പക്ഷേ, കുഞ്ഞനന്തൻനായരുടെ ശ്രീകൃഷ്ണനോടു കിടപിടിക്കാനാവില്ല. എന്തൊരു ശരീരം. ആ നടത്തത്തിന്റെ ആനച്ചന്തം ഒന്നു മതി ജനങ്ങളുടെ കൈയടി വാങ്ങാൻ.”
“സമ്മതിച്ചു. സത്യം പറഞ്ഞാൽ കുഞ്ഞനന്തൻനായരുടെ ശ്രീകൃഷ്ണൻ ഭാരത യുദ്ധത്തിൽ തേർതെളിക്കുന്ന ശ്രീകൃഷ്ണനെപ്പോലിരിക്കും.”
”എന്നാൽ മാഷുടെ ശ്രീകൃഷ്ണൻ രാസക്രീഡയിൽ ഗോപസ്ത്രീകളുടെ നടുവിൽ നൃത്തംവെക്കുന്ന ശ്രീകൃഷ്ണനെപ്പോലിരിക്കും.”
രണ്ടു വിഭാഗത്തിന്റെ വാദവും കുറച്ചൊക്കെ സത്യത്തോടു് അടുത്തുനില്ക്കുന്നതായിരുന്നു. രണ്ടു പേരുടെയും ശരീരഘടനയിലുള്ള അന്തരമാണു് ഈ അഭിപ്രായങ്ങളിലൊക്കെ മുഴച്ചുനിന്നതു്. പ്രേക്ഷകരുടെ പ്രശംസ മുഴുവനും പിടിച്ചെടുത്തതു് സ്ത്രീകഥാപാത്രങ്ങളായിരുന്നു. യൗവ്വനത്തിലേക്കു കാലെടുത്തുവെച്ച പ്രായം—പുരുഷചൈതന്യം വെട്ടിത്തെളിഞ്ഞു വരുന്ന കാലം. ആ കാലത്താണ് കുഞ്ഞിക്കേളുപ്പണിക്കരെന്ന ചെറുപ്പക്കാരൻ രുക്മിണിയുടെ വേഷമെടുക്കുന്നതു്. അത്രയോ അതിലധികമോ യുവത്വം തുളുമ്പുന്ന കൃഷ്ണൻനായർ ജാംബവതിയുടെ വേഷമെടുക്കുന്നു. രണ്ടുപേരും ഒന്നിനൊന്നു മത്സരിച്ചു കൊണ്ടാണു് എന്നും അഭിനയിച്ചതു്. സാധാരണവേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ച് ഒരു യുവതിയുടെ ഹാവഭാവങ്ങൾ പ്രദർശിപ്പിച്ച് പ്രശംസ പറ്റുന്നതു് അത്ര എളുപ്പമുള്ള കാര്യമല്ല. പണിക്കരുടെ രുൿമിണി ഒരു കൊച്ചുസുന്ദരിയായിരുന്നു. പിണക്കത്തിലും ഇണക്കത്തിലും ഒരു യുവതി പ്രദർശിപ്പിക്കുന്ന മുഴുവൻ അടവുകളും പണിക്കരുടെ അഭിനയത്തിൽ ഇണങ്ങിച്ചേർന്നിരുന്നു.
എന്നാൽ, കൃഷ്ണൻനായരുടെ ജാംബവതിയാകട്ടെ തികഞ്ഞ ഗൗരവക്കാരിയും. അയാളുടെ ശരീരപ്രകൃതിയും അതിനൊത്തതായിരുന്നു. ഇടയ്ക്കു് ഞങ്ങളിൽ ചിലർ ‘ഹെഡ് മിസ്ട്രസ്സ്’ എന്നു വിളിച്ച് കൃഷ്ണൻ നായരെ പരിഹസിക്കുമായിരുന്നു. പാവം കൃഷ്ണൻ നായർ. അകാലത്തുതന്നെ ഈ ലോകത്തോടു വിടപറയേണ്ടിവന്നു. സ്വകാര്യ ജീവിതത്തിൽ പരമ ശുദ്ധനുംരസികനും ഫലിതപ്രിയനുമായ കുഞ്ഞിക്കേളുപ്പണിക്കർ വടകരയ്ക്കടുത്തു് മണിയൂരുള്ള സ്വന്തം വീട്ടിൽ സുഖമായിക്കഴിയുന്നു. അതുപോലെ പില്ക്കാലത്ത് ഭഗവതീവിലാസം നാടകക്കമ്പനിയുടെ ഹാർമോണിസ്റ്റായിരുന്ന പി. കെ. അച്യുതൻ നായരും കുടുംബ സമേതം സുഖമായി കഴിയുന്നു. അല്പനാൾ മുമ്പേ അദ്ദേഹത്ത കാണാനും പൂർവ്വപരിചയം പുതുക്കാനും കുശലപ്രശ്നം നടത്താനും പഴയ കാലങ്ങൾ അയവിറക്കാനും ഒരു ഫോട്ടോ എടുക്കാനും അവസരമുണ്ടായതു് വലിയൊരു സൗഭാഗ്യമായി ഞാൻ കരുതുന്നു.
ഭഗവതീവിലാസം നാടകക്കമ്പനിയിൽ വേറെയും പ്രമുഖരായ പലരുമുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരഭടനായിരുന്ന അച്യുതൻ നായർ. അദ്ദേഹമായിരുന്നു സ്റ്റേജ് മാനേജർ. നല്ല ആരോഗ്യവും ചുറുചുറുക്കുമുണ്ടായിരുന്ന അച്യുതൻ നായർക്കു് അന്നു നാടകമെന്ന ഒരേയൊരു ചിന്തയായിരുന്നു എപ്പോഴും. അതുപോലെ മറ്റൊരു സ്വാതന്ത്ര്യഭടനായിരുന്നു ടി. പി. കൃഷ്ണൻകിടാവു്. നന്നായി പാടും. പുല്ലാങ്കുഴൽ വായിക്കും. മൂളിപ്പാട്ടില്ലാതെ കൃഷ്ണൻ കിടാവിനെ കാണാൻ കഴിയില്ല. നടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം പാട്ടു മൂളിക്കൊണ്ടിരിക്കും. അല്ലെങ്കിൽ പുല്ലാങ്കുഴൽ വായിക്കും, സത്രാജിത്തെന്ന യാദവന്റെ ഭാഗമായിരുന്നു കിടാവു് അഭിനയിച്ചതു്.
പിന്നെയുള്ള ഒരു പ്രധാന വേഷം ജാംബവാന്റേതാണു്. ആ ഭാഗം എം. പദ്മനാഭൻ നായർക്കുള്ളതായിരുന്നു. സ്യമന്തകം നാടകത്തിനുവേണ്ടി ഏറ്റവും വലിയ ത്യാഗമനുഭവിച്ചതു് അദ്ദേഹമായിരുന്നു. എങ്ങനെയെന്നുവെച്ചാൽ, മനുഷ്യനെ കുരങ്ങാക്കാനും മറ്റും പറ്റിയ ഉപകരണങ്ങൾ അന്നെവിടെയും കിട്ടാനുണ്ടായിരുന്നില്ല. നാടൻമട്ടിലുള്ള മെയ്ക്കപ്പ് കൊണ്ടു വേണം കുരങ്ങനെ സൃഷ്ടിക്കാൻ. അതിനുള്ള ഉപായം കണ്ടുപിടിച്ചത് സ്റ്റേജ് മാനേജരെന്നാണ് എന്റെ ഓർമ്മ. ചടങ്ങ് ഇങ്ങനെയായിരുന്നു: ഒരു പാത്രത്തിൽ ഗോതമ്പപ്പശ കാച്ചിയെടുക്കും. ആറിക്കഴിഞ്ഞാൽ അതു വേഷക്കാരന്റെ ശരീരത്തിൽ സവ്വാംഗം തേക്കും. തേപ്പിനുമേലെ പഞ്ഞിയെടുത്തു് ഒട്ടിക്കും ഈ പ്രക്രിയ സവ്വാംഗമാണന്നോക്കണം. അങ്ങനെ പശതേച്ചു് പഞ്ഞിപറ്റിച്ച്, നടനെ അണിയറയുടെ ഒരു മൂലയിൽ ഒരു സ്റ്റൂളിൽ ഇരുത്തും. വസ്ത്രമെന്നു പറയാൻ ഒരു ലങ്കോട്ടിയും ലങ്കോട്ടിക്കു പിറകിൽ തുന്നിപ്പിടിപ്പിച്ച ഒരു വാലും. കഴിഞ്ഞു. ജാംബവാൻ സ്റ്റൂളിൽ ഇരിക്കുന്നു. പശയും പഞ്ഞിയും നല്ല പോലെ ഉണങ്ങി ശരീരത്തിൽ ഒട്ടിപ്പിടിക്കണ്ടതുകൊണ്ടു മണിക്കൂറുകൾക്കുമുമ്പുതന്നെ ജാംബവാന്റെ മേയ്ക്കപ്പു തുടങ്ങും. മറ്റുള്ളവർ നേരമ്പോക്കു പറഞ്ഞും ചിരിച്ചും രസിച്ചും അണിയറയിൽ ബഹളം വെക്കുമ്പോൾ ജാംബവാൻ ദുഃഖിതനായി, മൗനിയായി മൂലയിൽ കഴിയണം. ഒന്നനങ്ങിയാൽ പഞ്ഞി അടർന്നു വീഴുമെന്ന ഭയം. പശ ഉണങ്ങാൻ തുടങ്ങുമ്പോൾ ശരീരമാകെ വലിഞ്ഞു പിടിക്കും. ചുണ്ടും കവിളുമൊക്കെ ഏതോ ലോഹത്തകിടു കൊണ്ടു പൊതിഞ്ഞ പോലെ തോന്നും. മടുക്കുമ്പോൾ ഒരു ബീഡി ചോദിച്ചു വാങ്ങി വലിക്കാൻ പോലും ആ നടനു കഴിഞ്ഞിരുന്നില്ല. ആരെയെങ്കിലും വിളിക്കണമെന്നു തോന്നിയാൽ, എന്തെങ്കിലും ചോദിച്ചുവാങ്ങണമെന്നു തോന്നിയാൽ ലോഹത്തകിടുകൊണ്ടുള്ള ചുണ്ടിലൂടെ പുറത്തുവരുന്ന അക്ഷരങ്ങൾക്കു വ്യക്തതയുണ്ടാവില്ല. കേൾക്കുന്നവർക്കു് ആശയം പിടികിട്ടില്ല. അങ്ങനെ മണിക്കൂറുകളോളം കഴിയേണ്ടി വന്നതുകൊണ്ടാണ് അദ്ദേഹം നാടകത്തിലെ ഏറ്റവും വലിയ ത്യാഗിയാണന്നുാ ആദ്യമേ പറഞ്ഞു വെച്ചതു്.
റഹേഴ്സലിന്റെ കാലത്ത് ഒരു ദിവസം പൊതുജനാഭിപ്രായത്തെ മാനിച്ച് മേനോന്റെ ബഫൂൺ രംഗപ്രവേശം ചെയ്തു.
കതകില്ലാത്ത സങ്കടം
കതക് ക്കീഴെ നായ് പട്ക്ക്ത്
വടിയില്ലാത്ത സങ്കടം.
ബഫൂൺ പ്രവേശനപ്പാട്ടോടെ രംഗത്തെത്തിയപ്പോൾ ജനം ആർത്തട്ടഹസിച്ചു ചിരിച്ചു് കൈകൊട്ടി മേനവനെ സ്വീകരിച്ചു. പ്രോത്സാഹന പ്രകടനത്തിൽ ആവേശം കൊണ്ടു മേനോൻ തുടർന്നൊരു ശ്ലോകം ചൊല്ലുന്നു. അതു ചൊല്ലിക്കേട്ടപടി, ഞാൻ ഇവിടെ പകർത്തുന്നു:
വിഷ്ണുരൂപായ വ്യാസവേ,
നമോസ്തു ബ്രഹ്മനിധയേ,
വാസിഷ്ഠായ നമോ നമഃ.
ശ്ലോകത്തിനു പിറകെ വ്യാഖ്യാനം വരുന്നു: ’വ്യാസായ വിഷ്ണു രൂപായ’. വ്യാസൻ വിഷ്ണുവിനോടു് ഒരു രൂപ കടം വാങ്ങുന്നു. ‘വിഷ്ണു രൂപായ വ്യാസവേ’. വിഷ്ണു ആ രൂപ വ്യാസനു തിരിച്ചു കൊടുക്കുന്നു. പക്ഷേ, ’നമോസ്തു ബ്രഹ്മനിധയേ’, ബ്രഹ്മാവിന്റെ അടുത്ത് വിഷ്ണു പരാതി ബോധിപ്പിക്കുന്നു. എന്നിട്ടോ? ’വാസിഷ്ഠായ നമോ നമഃ’ വസിഷ്ഠനെ തൂക്കിക്കൊല്ലാൻ വിധിയാവുന്നു. ഈ വ്യാഖ്യാനം പരമാവധിയായിരുന്നു. പിന്നങ്ങോട്ടു ദീർഘനേരത്തേക്കു റിഹേഴ്സൽ നടത്താൻ കഴിയാതെ വന്നു. അത്രയ്ക്ക് ആഹ്ലാദമായിരുന്നു ജനത്തിനു്; അതിനൊത്ത പ്രകടനവും.
അങ്ങനെ ഒരു സമ്പൂണ്ണ നാടകത്തിന്റെ വീറോടെ മുറയ്ക്കു റിഹേഴ്സൽ നടക്കുകയും ഒടുവിൽ അരങ്ങേറാൻ തീയതി കുറിക്കുകയും ചെയ്തു. മൈതാനത്തിന്റെ കിഴക്കേയറ്റത്തു് പട്ടർമഠത്തിന്റെ തൊടിയിൽ വലിയ നെടുമ്പുര കെട്ടിയൊരുക്കി, പല വർണ്ണങ്ങളിലുള്ള ഒന്നാന്തരം നോട്ടീസ് അച്ചടിപ്പിച്ചു. റിസർവ്ഡ് സീറ്റ്, കസേര, ബെഞ്ച്, തറ എന്നിങ്ങനെ നാലു തരം ടിക്കറ്റുകൾ നാലു വർണ്ണങ്ങളിൽ തയ്യാറാക്കി. മുൻകൂർ ടിക്കറ്റുകൾ ചെലവഴിച്ചു. അങ്ങനെ ആ ദിവസവും വന്നെത്തി. അരങ്ങേറ്റത്തിന്റെ തീയതി നിശ്ചയിച്ച ദിവസംതൊട്ടുതന്നെ എങ്ങും ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. എന്നാൽ, അരങ്ങേറ്റ ദിവസം ഒരു മഹോത്സവത്തിന്റെ മേളക്കൊഴുപ്പാണുണ്ടായിരുന്നതു്. ഉച്ച മുതൽ മൈതാനത്തു് ജനങ്ങൾ വന്നുചരാൻ തുടങ്ങി. രാത്രി കൃത്യം ഒൻപതര മണിക്കാണു നാടകം തുടങ്ങുന്നത്. എന്നാൽ, സന്ധ്യയോടൊപ്പംതന്നെ ഫുൾഹൗസ്. ബൂത്തിനു മുമ്പിൽ, ടിക്കറ്റിനുവേണ്ടി പരമമായ ബഹളം. അകത്തു നില്ക്കാൻ പോലും പഴുതില്ല
ഒൻപതരമണി. സ്റ്റേജ് മാനേജർ ജാംബവാന്റെ ശരീരം പരിശോധിച്ചു. കുഴപ്പമില്ല. പഞ്ഞി നല്ലപോലെ പറ്റിപ്പിടിച്ചിരിക്കുന്നു. പശ പാകത്തിനു് ഉണങ്ങിയിരിക്കുന്നു. നാടകം തുടങ്ങുന്നതു സത്രാജിത്തിന്റെ തപസ്സോടുകൂടിയാണ്. തപസ്സിൽ ഒരു പാട്ടുണ്ടു്. ആ പാട്ടിന്റെ അവസാനം ഒരു അശരീരിയുണ്ടു്. അതു ശ്ലോകമാണു്. അശരീരി സൂര്യന്റേതാണെന്നാണു വെപ്പ്. അശരീരിയുടെ അന്ത്യത്തിൽ സൂര്യൻ തിരിയണം. വട്ടത്തിൽ വെട്ടി കോണുകളുണ്ടാക്കി ഗിൽട്ട് കടലാസ് ഒട്ടിച്ച് നിറം പിടിപ്പിച്ച സൂര്യനാണു്. സൂര്യന്റെ പിറകിൽ നീണ്ടുനിന്ന ആക്സിലിൽ നൂലും ചുറ്റിയിട്ടുണ്ടു്. അതു പിടിച്ചു വലിക്കുമ്പോൾ സൂര്യൻ കറങ്ങും. സ്റ്റേജ് മാനേജർ ജാംബവാനെ വിട്ടു നേരെ ചെന്നതു് സൂര്യനെ പരിശോധിക്കാനാണു്. ചരടു പിടിച്ചു വലിച്ചു. കറങ്ങുന്നുണ്ടു്. കൊള്ളാം. പരിശോധന മുഴുവനും കഴിഞ്ഞപ്പോൾ സമയം ഒമ്പതരയിൽനിന്നു നീങ്ങിയിരിക്കുന്നു. മാനേജരുടെ വിസിൽ. പൂജാമണിയുടെ കിലുക്കം. സദസ്സിലെ അസ്വസ്ഥതയും പിറുപിറുപ്പും അവസാനിക്കുന്നു. അഷ്ടഗന്ധപ്പുക ചുരുളുകളായി പൊങ്ങി സൈഡ് കർട്ടനിലൂടെ ഇഴഞ്ഞു് സദസ്യരുടെ ഇടയിലേക്കു കടന്നു. രണ്ടാമത്തെ വിസിൽ. മംഗളഗാനത്തിന്റെ ആരംഭം കുറിച്ചുകൊണ്ടു് ഹാർമോണിയം ശബ്ദിച്ചു. സദസ്സ് ശ്വാസമടക്കിപ്പിടിച്ച് ഇരിക്കുന്നു. മംഗളഗാനം തുടങ്ങി. അഭിനേതാക്കൾ മുഴവൻ, അതിൽ പങ്കെടുക്കണം. എന്നാണു നിയമം. പല്ലവി പാടിക്കഴിഞ്ഞു. അനുപല്ലവിയിലേക്കു കടക്കാൻ തുടങ്ങുമ്പോൾ പുറത്തു കൊടും ബഹളം. ബഹളത്തിന്റെ അലയടിയിൽ മംഗളഗാനം മുഴങ്ങുന്നു. എന്താണു സംഭവിക്കുന്നതു്?
ശ്രീകൃഷ്ണന്റെ വേഷം ധരിച്ച കുഞ്ഞനന്തൻ നായർ ഈർഷ്യയോടെ ശ്രദ്ധിക്കുന്നു. ഏതു വലിയ ബഹളമായാലും കുറഞ്ഞനന്തൻ നായരുടെ തല കണ്ടാൽ അവസാനിക്കും. അതിനുള്ള വഴിയില്ല. ഇപ്പോൾ തലയിൽ പീലിക്കിരീടമാണു്. ആലോചിച്ചിരിക്കാനിടയില്ല. അതിനു മുമ്പേ കുഞ്ഞനന്തൻനായരേയും അന്വേഷിച്ച് ഒരു സബ് ഇൻസ്പെക്ടറും ഹെഡ്കോൺസ്റ്റബിളും ഏതാനും പോലീസുകാരും അണിയറയിൽ എത്തി.
“എവിടെ പ്രൊപ്രൈറ്റർ?”
ഇൻസ്പെക്ടറുടെ ചോദ്യം. കുഞ്ഞനന്തൻനായർ ക്ഷോഭംകൊണ്ടു വിറയ്ക്കുകയാണ്, എന്തും സംഭവിക്കാം. എന്തു സംഭവിച്ചാലും കുഴപ്പം നാടകസംഘത്തിനാണ്. ഭഗവതീവിലാസം നാടകക്കമ്പനിയുടെ ആരംഭം മുതൽ സാമ്പത്തികമായും മറ്റുവിധത്തിലും സഹായിച്ചുകൊണ്ടിരുന്ന കീളത്ത് ചെറിയോമനനായർ—അദ്ദേഹം പേരും പ്രസിദ്ധിയുമുള്ള ഒരു തറവാട്ടിലെ അംഗമാണ്—മുമ്പോട്ടു വന്നു് നാടകത്തിന്റെ പ്രൊപ്രൈറ്റർ താനാണെന്നു് ഇൻസ്പെക്ടറോടു പറഞ്ഞു. ഉടനെ പ്രൊപ്രൈറ്ററുടെ പേരിൽ നിരോധനാജ്ഞ നടത്തി ഇൻസ്പെക്ടർ മടങ്ങി. ജനം അന്തം വിട്ടിരുന്നു. നാടകം നിരോധിച്ചെന്നു കേട്ട് അകാലമൃത്യു കടന്നുവന്ന ഒരു വീട്ടിൽ നിന്നെന്നപോലെ അവർ തലയും താഴ്ത്തി മിണ്ടാതെ കടന്നുപോയി. അന്നു കല്ലേറിന്റെയും തീവെപ്പിന്റെയും കാലമായിരുന്നില്ല.
എന്താണു നാടകം നിരോധിക്കാൻ കാരണം? എന്തിനും കാരണം വേണമല്ലോ. മഹാകവി കുട്ടമത്തിന്റെ ഗാനം—ജാതിവ്യത്യാസത്തിനെതിരെ ജനങ്ങളെ പ്രബുദ്ധരാക്കാനെഴുതിയ ഗാനം—
നിവൻ ശൂദ്രൻ, ഇത്യാദി ജാതിഭ്രമം…