നാടകനിരോധനത്തിനു പിറകിൽ ഏതോ കറുത്ത കൈയുണ്ടെന്നു ജനസംസാരം. ഭരണചക്രം തിരിക്കാൻ മുകളിൽ വൈസ്രോയിയുടെ കൈ. ഇങ്ങുതാഴെ അധികാരിയുടെ കൈയും. ക്രിമിനലായും സിവിലായുമുള്ള എല്ലാ അത്യാഹിതങ്ങൾക്കും ശരണം പ്രാപിക്കേണ്ടതു അധികാരിയെ. ആരെങ്കിലും കെട്ടിത്തൂങ്ങി മരിച്ചാൽ, കിണറിലോ, കുളത്തിലോ വീണു മരിച്ചാൽ, അധികാരിയുടെ യാദാസ്ത് ചെല്ലണം. എങ്കിലേ അന്വേഷണത്തിനു പോലീസെത്തുകയുള്ളു. പോലീസ്, അധികാരിയിൽ പ്രവേശിച്ചും അധികാരി പോലീസിൽ പ്രവേശിച്ചും ‘കൂടുവിട്ടു കൂടുമാറും’ ശൈലിയിലാണ് അന്നു ഭരണം നടന്നതു്. അതു കൊണ്ടു തന്നെ അധികാരിയെ ജനം പുറമെ സ്നേഹിക്കും പോലെ, ആദരിക്കും പോലെ, ഭാവിച്ചും അകമെ വെറുത്തും ശപിച്ചും കഴിഞ്ഞു കൂടി. നാടകനിരോധനത്തിന്റെ പേരിലും ജനം അധികാരിയെത്തന്നെ പഴിച്ചു. അധികാരിയല്ല, വൈസ്രോയിതന്നെ ഇടപെട്ടാലും കീഴടങ്ങുന്ന പ്രശ്നമില്ലെന്നു പ്രവർത്തകർ തീരുമാനിച്ചു. നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റു വരിച്ചു ജയിലിൽ പോകണോ? അതോ, നാടക പ്രവർത്തനമുപേക്ഷിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ ഒതുങ്ങിക്കൂടണോ? എന്താണു വേണ്ടതെന്നാലോചിച്ചു. വിഷമിക്കുമ്പോൾ കേളുനായരുടെ അഭിപ്രായം വരുന്നു:
“കേസ്സു കൊടുക്കണം.”
ബ്രിട്ടീഷുകാരുടെ കോടതി ബഹിഷ്കരിച്ച്, നിയമം ലംഘിച്ചു കഴിയുന്നവർ കോടതി കയറുകയോ? ഒരിക്കലും സാധ്യമല്ലെന്നു പ്രവത്തകർ.
“മറ്റു വഴിയില്ല.”
കേളുനായർ ഉറപ്പിച്ചും തറപ്പിച്ചും ആവർത്തിക്കുന്നു.
“കേസ്സ് കൊടുത്തേ പറ്റൂ. നല്ലൊരു വക്കീലിനെവെച്ചു വാദിക്കണം. അനുകൂലമായ വിധി കിട്ടും. അതിനുള്ള ലോ പോയന്റ് ഇതിലുണ്ട്.”
ഈ കേളുനായർ ഒരു അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു. കണ്ടാൽ വെറും നാടൻകൃഷിക്കാരൻ. കുടുമപോലും മുറിച്ചിട്ടില്ല. അതു നീട്ടിക്കെട്ടിവെച്ച മട്ടിലാണ്. മുഖ്യ തൊഴിൽ വെറ്റിലക്കൃഷി. പുറമെ അല്പം കോടതിക്കാര്യവും. മെലിഞ്ഞു്, അധികം ഉയരമില്ലാത്ത ശരീരപ്രകൃതിയാണ്. കോടതിക്കാര്യങ്ങൾക്കു പുറത്തിറങ്ങുമ്പോൾ മാത്രം കുപ്പായം ധരിക്കും. അല്ലാത്തപ്പോൾ തോളിലൊരു രണ്ടാംമുണ്ടു് കാണും; മഞ്ഞു കാലത്ത് തൊപ്പിയായും ഉഷ്ണ കാലത്തു വിശറിയായും കുളിക്കുമ്പോൾ തോർത്തായും രൂപം മാറുന്ന രണ്ടാം മുണ്ടു്. നാടകപ്രവർത്തനത്തിന്റെ ആരംഭകാലം മുതല്ക്കെ അത്യുത്സാഹിയായി കേളുനായർ അതിനൊപ്പമുണ്ടായിരുന്നു. കുഴപ്പമുള്ള പ്രശ്നങ്ങൾക്കു അപായമില്ലാത്ത പരിഹാരം നിർദ്ദേശിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു.
ഇതൊക്കെയാണു്, ഇതു മാത്രമാണു് കേളു നായരെന്നു ധരിച്ചിരിക്കുമ്പോഴാണു് അതു സംഭവിക്കുന്നതു്. ഒരു മഹാദ്ഭുതം, റിഹേഴ്സൽ നടക്കുമ്പോൾ രാമൻ മേനോൻ എന്നും മൃദംഗംവായനയ്ക്കുണ്ടാവും. ഒരുദിവസം ഏതോ കാരണത്താൽ രാമൻ മേനോൻ വന്നില്ല. മൃദംഗം വായിക്കാൻ ആരുണ്ടന്നു അന്വഷണമായപ്പോൾ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ടു കേളുനായർ മുന്നോട്ടു വന്നു മൃദംഗമെടുക്കുന്നു. തകർത്തു വായിക്കുന്നു. ആ നല്ല മനുഷ്യനോടു് എനിക്കു പരമമായ ആദരവു് തോന്നി. എനിക്കാണെങ്കിൽ അന്നോളം ഒന്നും നേടാനോ പഠിക്കാനോ കഴിഞ്ഞിട്ടില്ല. അഭിനയത്തിന്റെയും പാട്ടിന്റെയും കാര്യം പോട്ടെ. സൈഡ് കർട്ടന്റെ പിറകിൽ മറഞ്ഞുനിന്നു പ്രോംപ്ട് ചെയ്യാൻ പോലും കഴിവുനേടാത്ത ഞാൻ ആരാധനാഭാവത്തിൽ അദ്ദേഹത്തെ സമീപിച്ചു. എവിടെവെച്ച് എങ്ങനെ മൃദംഗം വായന വശത്താക്കിയെന്നാണെനിക്ക് അറിയേണ്ടതു്. ഉടനെ വിശദീകരണം വരുന്നു:
“നീ നിന്റെ മുത്തച്ഛനെ കണ്ടിട്ടുണ്ടോ?”
എങ്ങനെ മറുപടി പറയും? എന്നെ കൊച്ചുന്നാളിലെടുത്തുവളർത്തിയ മുത്തച്ഛനെ കണ്ടിട്ടില്ലെന്നു പറയാൻ എങ്ങനെ കഴിയും? ഏറെ പരുങ്ങേണ്ടിവന്നില്ല. കേളു നായർ തുടന്നു പറയുന്നു:
”നിന്നെ എടുത്തുവളർത്തിയ മുത്തച്ഛനല്ല, അച്ഛന്റെ അച്ഛനെപ്പറ്റിയാണു പറയുന്നതു്. കോയിത്തിനാരി രൈരുകിടാവു്.”
അച്ഛനെപ്പോലും കാണാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ഞാൻ വാസ്തവത്തിൽ നെടുവീർപ്പിടേണ്ടതാണ്. പക്ഷേ, അതുണ്ടായില്ല. ഒരിക്കലും കാണാനിടവരാത്തവരെച്ചൊല്ലി നെടുവീർപ്പിട്ടിട്ടെന്തു കാര്യം? കേളുനായർ തുടരുന്നു:
“അദ്ദേഹം വലിയൊരു മനുഷ്യനായിരുന്നു. സ്വന്തം തറവാട്ടു മുറ്റത്തു് ഒരു സ്ഥിരം നാടക വേദിയുണ്ടാക്കി, ദിവസങ്ങളോളം മാസങ്ങളോളം ശാകുന്തളം പ്രദർശിപ്പിച്ചിരുന്നു. നാട്ടുകാർ നിരന്തരമായി വന്നു നാടകം കണ്ടു രസിച്ചിരുന്നു. സ്വന്തം തറവാട്ടിലെ ആദായമെടുത്താണു് അദ്ദേഹമിതൊക്കെ ചെയ്തതു്. ഇന്നു നിനക്കെന്തു തോന്നുന്നു? നമ്മൾ ഈ ’സ്യമന്തകം’ പ്രദർശിപ്പിക്കാൻ ടിക്കറ്റടിച്ചു വിറ്റില്ലേ, എന്നാൽ, അന്നിങ്ങനെയൊന്നുമായിരുന്നില്ല. ശാകുന്തളം അവതരിപ്പിച്ചതു് വെള്ളരിനാടകമായിട്ടല്ല. എല്ലാ ചട്ടവട്ടങ്ങളോടും കൂടി. ദുഷ്യന്തൻ നായാട്ടിനു വന്നത് തേരിലാണ്. കുതിരയെ പൂട്ടി, സാരഥി തെളിച്ചുകൊണ്ടു വരുന്ന തേരു്. മനസ്സിലായോ? സ്വന്തം പെട്ടിയിലെ പണമെടുത്തും തറവാടു് കടംവരുത്തിയും നാടകം പ്രദർശിപ്പിക്കാൻ ഇന്നെത്രപേരെ കിട്ടും? എടോ, ഞാനദ്ദേഹത്തിന്റെ ഒരാശ്രിതനായിരുന്നു. അന്നവിടെ മൃദംഗം പഠിപ്പിക്കാനും വയലിൻ പഠിപ്പിക്കാനും സംഗീതം പഠിപ്പിക്കാനും വിദ്വാന്മാരെ നിയമിച്ചിരുന്നു. ആ തിരക്കിനിടയിൽ കണ്ടും കേട്ടും ഞാനും കുറച്ചൊക്കെ മനസ്സിലാക്കി.”
ഇപ്പോൾ ഞാൻ നെടുവീർപ്പിടുന്നു. കാരണം, കേളുനായർ പറഞ്ഞു കേട്ട ബദ്ധപ്പാടിലും തിരക്കിലുമൊക്കെ ഞാനുണ്ടായിരുന്നെന്നു വെക്കുക. പാട്ടു പഠിക്കാനോ മൃദംഗം വായിക്കാനോ എനിക്കു കഴിഞ്ഞെന്നുവരില്ല. അതിനുള്ള ജന്മസിദ്ധമായ വാസനയെനിക്കില്ല. അതല്പം വേണമല്ലോ കൈവശം.
കേസുകൊടുക്കണമെന്ന കേളുനായരുടെ അഭിപ്രായം മനമല്ലാമനസ്സോടെയാണെങ്കിലും എല്ലാവരും സ്വീകരിച്ചു. പ്രൊപ്രൈറ്റർ ചെറിയോമന നായർ പ്രത്യേകിച്ചും. അദ്ദേഹം വലിയ വാശിക്കാരനായിരുന്നു. എന്തു സംഭവിച്ചാലും വേണ്ടില്ല, നാടകം കളിക്കണം. എത്ര പണം ചെലവായാലും, സർവ്വവും മുടിഞ്ഞു പോയാലും കെട്ടിയൊരുക്കിയ കൊട്ടകയിൽ ഒരു ദിവസമെങ്കിലും സ്യമന്തകം അവതരിപ്പിക്കണം. അങ്ങനെ കേളുനായരും ചെറിയോമനനായരും കേസു നടത്താനുള്ള പരിപൂർണ്ണമായ ചുമതല ഏറ്റെടുക്കുന്നു.
നാടകം കോടതികയറുന്നു. സത്രാജിത്തും പ്രസേനനും ശ്രീകൃഷ്ണനും ജാംബവാനും മറ്റും അഭിഭാഷക ശബ്ദത്തിലൂടെ ന്യായാധിപന്റെ മുന്നിൽ അണിനിരക്കുന്നു. കോടതി നാടകവേദിയാവുന്നു. പ്രോസിക്യൂട്ടർ പാടുന്നു:
നിവൻ ശൂദ്രൻ, ഇത്യാദി ജാതിഭ്രമം…
പാട്ടിനു പിറകെ വാദം വരുന്നു. ജാതിഭ്രമമോ? ജാതിയൊരു ഭ്രമമാണോ? ഒരു വ്യവസ്ഥയല്ലേ? പണ്ടു പണ്ട് ഉള്ള ഒരു വ്യവസ്ഥയല്ലേ? നൂറ്റാണ്ടുകളായി നിലനിന്നു പോരുന്നതല്ലേ? അതിനെ ഭ്രമമെന്നു പറയാമോ? അതു നിഷേധിക്കാൻ, അതിനെ ആക്ഷേപിക്കാൻ, ഇവിടത്തെ നിയമവ്യവസ്ഥ ആർക്കെങ്കിലും അധികാരം കൊടുത്തിട്ടുണ്ടോ? ഇതു് ചക്രവർത്തി തിരുമനസ്സിലേക്കെതിരായുള്ള ഒരു ഗൂഢാലോചനയാണു്. വേദ കാലത്തേതോ ഒരു മഹാൻ ജനക്ഷേമം മുൻനിർത്തി രൂപ കല്പനനല്കിയ ’ചാതുർവർണ്യം’ ഭ്രാന്തെന്നും ഭ്രമമെന്നും പറഞ്ഞു നിരാകരിക്കാൻ ആക്കും അവകാശമില്ല.
അവകാശമുണ്ടായാലും ഇല്ലെങ്കിലും മുഴുവൻ വാദവും ശ്രദ്ധാപൂവ്വം കേട്ടു് ബഹുമാനപ്പെട്ട കോടതി, നാടകനിരോധം നിലനില്ക്കത്തക്കതല്ലെന്നു വിധിച്ചു. ആഹ്ലാദത്തോടെ, ജയഭേരിയോടെ ചെറിയോമന നായരും കേളുനായരും കോടതിവിട്ട് പുറത്തിറങ്ങി. പിന്നെ നാടക പ്രദർശനത്തിനുള്ള ഒരുക്കങ്ങൾ ധൃതിപിടിച്ചു നടന്നു. പുതിയ നോട്ടീസുകളും ടിക്കറ്റുകളും തയ്യാറായി. രംഗസജ്ജീകരണങ്ങൾ നിരന്നു. പ്രദർശനദിവസമെത്തി. എല്ലാം ഭദ്രം. എവിടെയുമൊരു വീഴ്ചയില്ല. കാത്തിരുന്ന മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ കൊട്ടക നിറച്ചും ജനങ്ങൾ വന്നുകൂടി. സ്റ്റേജ് മാനേജരുടെ ആദ്യവിസിൽ മുഴങ്ങി. മംഗളഗാനം തുടങ്ങി. മുൻകർട്ടൻ ഉയർന്നു. തപസ്സിരിക്കുന്ന സത്രാജിത്തിനെ ജനം കണ്ടു. സൂര്യന്റെ അശരീരി ശ്ലോക രൂപത്തിൽ മുഴങ്ങി. സ്റ്റേജ് മാനേജർ അച്യുതൻനായരുടെ മേൽനോട്ടത്തിൽ, ഒരു പാകപ്പിഴവുമില്ലാതെ സൂര്യൻ കറങ്ങി. കറങ്ങുന്ന സൂര്യൻ മദ്ധ്യത്തിൽ നിന്നു് സാവകാശം സ്യമന്തക രത്നം താഴോട്ടു താഴോട്ടുവരുമ്പോൾ. സത്രാജിത്ത് ആദരവോടെ അതു സ്വീകരിച്ചു. ജനം കൈയടിച്ച് അഭിനന്ദനം രേഖപ്പെടുത്തി. ചുരുക്കത്തിൽ, അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം ജനസമ്മതി നേടിക്കൊണ്ടു് സ്യമന്തകം പരിപൂർണ്ണമായ വിജയം കൈവരിച്ചു. എല്ലാവർക്കും സന്തോഷം. അതൃമാൻകുട്ടിക്കും അബ്ദുള്ളയ്ക്കും പരമ സന്തോഷം. അന്നു് ചായപ്പീടികയിൽ തകർത്ത വില്പനയായിരുന്നു.
കൊച്ചുകൊച്ച് അത്യാഹിതങ്ങളില്ലാതെ, ഈ ദുനിയാവിൽ ഇന്നോളം ഒരു നാടകവും അവതരിപ്പിച്ചിട്ടുണ്ടാവുകയില്ലെന്നാണു് അനുഭവത്തിൽനിന്നു മനസ്സിലാക്കേണ്ടതു്. സ്യമന്തകത്തെ സംബന്ധിച്ച് ഇതെത്രയും പരമാർത്ഥമായിരുന്നു, ആദ്യത്തെ അത്യാഹിതം ആദ്യ മുഹൂർത്തത്തിൽ തന്നെ സംഭവിക്കുന്നു. അന്നു നിലവിലുണ്ടായിരുന്ന മുൻകർട്ടൻ പരമദ്രോഹിയായിരുന്നു. അനായാസമായി ചുരുണ്ടു ചുരുണ്ടു് മേലോട്ടു കേറിപ്പോകേണ്ടതിനു പകരം അവൻ പാതിയോളം കയറി ഒരു നില്പുണ്ടു്. അനങ്ങാംപാറ പോലെ. പിന്നെ, ചരടുവലിച്ചാൽ, ബലംപ്രയോഗിച്ചാൽ, വലിക്കാരന്റെ മറുവശമാണു് പൊങ്ങുക. അപ്പോൾ അവനൊരു ചീനവല യുടെ ഛായ കൈവരും. ആ നില്പിൽ അല്പം വൈരൂപ്യമുണ്ടെന്നല്ലാതെ അത്യാഹിതമൊന്നുമില്ല. പക്ഷേ, രംഗം അവസാനിച്ചു കർട്ടൻ വീഴേണ്ട സമയത്തു് അവൻ തെങ്ങോ കവുങ്ങോ വീഴുംപോലെ ശക്തിയായി താഴോട്ടു വരുന്നു. അപ്പോൾ ഹാർമോണിസ്റ്റിന്റെ സമീപം മേശപ്പുറത്തിരുന്നു് മൃദംഗം വായിക്കുന്ന ആളുടെ തലയില്ലാതെ മറ്റെങ്ങും അവൻ വീഴില്ല. അങ്ങനെ മുൻകർട്ടൻ ശക്തിയായി വീണു് രോമം മുഴുവനും നശിച്ചു് തഴമ്പുകട്ടിയ തലയുടെ ഉടമസ്ഥനായിത്തീർന്ന ഒരാൾ ഞങ്ങളുടെ ഇടയിൽ അന്നുണ്ടായിരുന്നു. അയാൾക്കതിൽ പരിഭവമോ പരാതിയോ, ഉണ്ടായിരുന്നില്ല. മുൻകർട്ടന്റെ കൈയേറ്റത്തിൽനിന്നു രക്ഷ നേടാൻ വേണ്ടി അയാൾക്കു സ്ഥലംമാറി ഇരിക്കാമായിരുന്നു. പക്ഷേ, ഒരിക്കലും അങ്ങനെ ചെയ്യില്ല. അങ്ങനെ ചെയ്താൽ സദസ്സയാളെ കാണില്ല. ഹാർമോണിസ്റ്റിനെപ്പോലെ അദ്ദേഹത്തെയും സദസ്സു കാണേണ്ടതല്ലേ? അതെ, കണ്ടേ പറ്റൂ. അതുകൊണ്ടദ്ദേഹം മൗനമായി ഓരോ വീഴ്ചയും സഹിക്കുന്നു.
സ്യമന്തകത്തിന്റെ വിജയം പ്രവർത്തകരിൽ ആവേശമുണർത്തി. കൊട്ടക മിക്കവാറും ഒരു സ്ഥിരം നാടകവേദിയായി. അവിടെ വീണ്ടും വീണ്ടും സ്യമന്തകം പ്രദർശിപ്പിച്ചു. ഒറ്റനാടകത്തിലൊതുങ്ങി നില്ക്കാതെ സ്യമന്തകത്തിനു പിന്തുടർച്ചക്കാരെ കണ്ടെത്താനുള്ള ശ്രമവും നടന്നു. അങ്ങനെ, ഉഷാനിരുദ്ധം വരുന്നു. തിലോത്തമ വരുന്നു. ഇതു പരിശീലിച്ചുകൊണ്ടിരിക്കുമ്പോഴും സ്യമന്തകം ഇടയ്ക്കിടയ്ക്കു് പ്രദർശിപ്പിക്കേണ്ടിവരും. അത്തരമൊരവസരത്തിലാണു് രണ്ടാമത്തെ അത്യാഹിതം.
സ്യമന്തകത്തിൽ ഒരിടത്തു് നാടകകൃത്തിന്റെ ഒരു നിർദ്ദേശമുണ്ട്. രുൿമിണിയും ശ്രീകൃഷ്ണനും മണിമഞ്ചത്തിലിരുന്നു പകിടകളിക്കുന്നു എന്നാണു നിർദ്ദേശം. ഈ നിർദ്ദേശം, അല്പമാരാശയക്കുഴപ്പത്തിനു വഴിവെച്ചു. എന്താണ് മണിമഞ്ചം? അതെങ്ങനെ സൃഷ്ടിച്ചെടുക്കും? ദീർഘമായ ചർച്ചയ്ക്കു ശേഷം ഒരു തീരുമാനത്തിലെത്തി. സ്റ്റേജിന്റെ പിറകിൽ നാലു മുളങ്കാലുകൾ നാട്ടുക. അതിനു മുകളിൽ പലകകൾ ആണിയടിച്ചു ചേർക്കാനുള്ള സൗകര്യമുണ്ടാക്കുക. അതിനു മാളികപ്പുറത്തുള്ള ‘സിററൗട്ടി’ന്റെ ചന്തം വരുത്തുക. അവിടെ യിരുന്നു് രുൿമിണിയും ശ്രീകൃഷ്ണനും പകിട കളിക്കട്ടെ. നിർദ്ദേശം അംഗീകരിച്ചു കഴിഞ്ഞാൽ ബാക്കിയുള്ള ചുമതല സ്റ്റേജ് മാനേജർക്കാണു്. അദ്ദേഹം അതു് ഭംഗിയായി നിർവ്വഹിച്ചു. തന്റെ മനോധർമ്മം പ്രയോഗിച്ചു പല നിറത്തിലുള്ള ഏതാനും വിളക്കുകളും അവിടെ ഘടിപ്പിച്ചു. സംഗതി കൊള്ളാം. നല്ല ചന്തം.
നാടകം തുടങ്ങി. കോണിവെച്ചു കയറുന്ന മണിമഞ്ചമാണ്. കയറേണ്ടതു് കുഞ്ഞനന്തൻനായരെപ്പോലെ ഒരു വലിയ മനുഷ്യൻ. രുൿമിണിയുടെ വേഷമെടുക്കുന്ന കുഞ്ഞിക്കേളപ്പണിക്കർ അത്ര കനമുള്ള ആളൊന്നുമല്ല. ഒപ്പിക്കാം. രണ്ടുപേരും മണിമഞ്ചത്തിൽ കയറിപ്പറ്റി, മുൻ കർട്ടൻ മനമില്ലാമനസ്സോടെ പൊങ്ങി, മൃദംഗക്കാരൻ മുകളിലേക്കു നോക്കി മൂർധാവിൽ തടവി. രംഗം ആരംഭിക്കുന്നു. പാട്ടിലാണു തുടക്കം:
കളിച്ചിടുമളവിൽ
ഓരോന്നിവണ്ണം…
ശ്രീകൃഷ്ണൻ രുൿമിണിയോടു പരിഭവിച്ചു സംസാരിക്കുന്ന പാട്ടാണു്. പാടുമ്പോൾ പകിട ഉരുട്ടിക്കാണ്ടിരിക്കും. ഉരുട്ടിയുരുട്ടി ഊക്കോടെ നിലത്തറിയും. അങ്ങനെയാണു പതിവു്. അന്നും അതു ചെയ്തു. അപ്പോൾ മണിമഞ്ചത്തിന്റെ ഏതോ ഭാഗത്തു് എന്തോ പൊട്ടുമ്പോലൊരു ശബ്ദം. പൊട്ടിയതു് മുളങ്കാലാണു്. താമസമുണ്ടായില്ല. ഭൂമിയുടെ ആകർഷണശക്തി തെളിയിച്ചുകൊണ്ട്, മണിമഞ്ചം നിലം പൊത്തി; ഒപ്പം ശ്രീകൃഷ്ണനും രുക്മിണിയും! ശ്രീകൃഷ്ണൻ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. രുക്മിണിയുടെ കാര്യത്തിൽ മറിച്ചാണു സംഭവിച്ചത്. വലിയ ആപത്തൊന്നും പറ്റിയില്ലെങ്കിലും ചില്ലറ പരിക്കുകൾ ഏറ്റുവാങ്ങേണ്ടിവന്നു—ഇതുപോലെ ആപത്തധികമില്ലാത്ത എത്രയെത്ര അത്യാഹിതങ്ങൾ!