ഗതാഗത സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു നാട്ടിൻപുറം. പാടവും തോടും കടന്നു നടന്നുതന്നെ എത്തേണ്ട സ്ഥലം. അവിടെ, നാടക പ്രദർശനത്തിനു വേണ്ടി ഒരു വലിയ കൊട്ടക കെട്ടിയുണ്ടാക്കുക. നിത്യേനയെന്നോണം നാടകപ്രദർശനം നടക്കുക. സന്ധ്യയാകുമ്പോൾ ജനം കൊട്ടകയ്ക്കു മുമ്പിൽ തടിച്ചുകൂടുക. ടിക്കറ്റെടുത്തു് അകത്തു കയറി നാടകം കാണുക. ഇതു സംഭവിച്ചതു് പത്തമ്പതു കൊല്ലങ്ങൾക്കു മുമ്പാണെന്നു പറഞ്ഞാൽ ഇന്നാരും അത്രവേഗത്തിൽ വിശ്വസിക്കുകയില്ല. വിശ്വസിച്ചേ പറ്റൂ. ‘ഭഗവതീവിലാസം നാടകക്കമ്പനി’. എന്റെ ഗ്രാമത്തിൽ അങ്ങനെയൊരു ചരിത്രം സൃഷ്ടിച്ചിരുന്നു. ചിങ്ങപുരം മൈതാനിയുടെ ഓരത്തുണ്ടായിരുന്ന ആ കൊട്ടകയിൽ നിന്നു് രാവും പകലുമൊരുപോലെ, അന്നു് സംഗീതം ഒഴുകിയിരുന്നു. ഹാർമോണിയത്തിന്റെയും മൃദംഗത്തിന്റെയും ശബ്ദം ഉയർന്നിരുന്നു. നാടക പ്രവത്തകരെല്ലാവരും കൊട്ടകയിൽത്തന്നെ താമസം. അമ്പലച്ചിറയിൽ കുളി. അതൃമാൻകുട്ടിയുടെ കടയിൽ ഭക്ഷണം. നിരന്തരമായ സംഗീതാഭ്യസനം.
നാടകത്തിൽ അന്നു് പാട്ടിനാണു പ്രാമുഖ്യം. പ്രേമാഭ്യർത്ഥന നടത്തുന്നതും പോർവിളി മുഴക്കുന്നതും കുശലപ്രശ്നം നടത്തുന്നതുമെല്ലാം പാട്ടിലാണു്. രംഗവേദിക്കു പിറകിൽ ടെയ്പ്പ് റിക്കാർഡർവെച്ച് പ്രവർത്തിപ്പിച്ചു്, അതിൽനിന്നു പുറത്തുവരുന്ന പാട്ടിനൊപ്പം വാപിളർന്നും ചുണ്ടുകൾ ചലിപ്പിച്ചും അപസ്മാര ചേഷ്ട കാണിച്ചു്, താനൊരു ഗായകനാണെന്നു സദസ്സിനെ തെറ്റിദ്ധരിപ്പിക്കാനുള്ള കൗശലമൊന്നും അന്നുണ്ടായിരുന്നില്ല. വേഷമിട്ടവനാക്കെ പാടണം. സ്വരശുദ്ധിയും താളബോധവുമുണ്ടായാൽ വളരെ നന്നു. അതെല്ലാം കുറവായാലും ഒപ്പിക്കാം. കാരണം, അഭിനയ ശേഷിയും സംഗീതാഭിരുചിയും ഒത്തിണങ്ങിയവരെ കിട്ടാൻ പലപ്പോഴും വിഷമമായിരിക്കും. അതുകൊണ്ടു് അപാകത ഏറെയില്ലാത്ത മട്ടിൽ രണ്ടും ഒത്തുചേർന്നവരെക്കൊണ്ടു കാര്യം ഒപ്പിച്ചെടുക്കുകയാണു പതിവു്. നാടകത്തിലെ പാട്ടിനെപ്പറ്റി പറയുമ്പോൾ രസകരമായ ഒരു സംഭവം ഓർത്തുപോവുകയാണു്. സന്ദർഭത്തിനു നിരക്കില്ലെങ്കിൽക്കൂടി അതിവിടെ പറഞ്ഞു കൊള്ളട്ടെ.
ഗോവിന്ദേട്ടന്റെ കൈയും പിടിച്ചു്, ഒരു നാടകം കാണാൻ പോയപ്പോഴുണ്ടായതാണു്. കടൽത്തീരത്തു് തെങ്ങിൻതോപ്പിനിടയിൽ ഒരിടത്താണു് വേദി കെട്ടിയൊരുക്കിയതു്. പൂഴിപ്പരപ്പിൽ ജനം അടിഞ്ഞു കൂടിയിരിക്കുന്നു. നാടകം സീതാദുഃഖമാണ്. സീതാദുഃഖമെന്നു പറയുമ്പോൾ നാടകത്തിന്റെ ഇതിവൃത്തം വിവരിക്കേണ്ട ആവശ്യമില്ലല്ലോ. നാടകാരംഭത്തിൽ സൂത്രധാരനും നടിയും പ്രവേശിക്കുന്നു. സദസ്സിനെ വന്ദിക്കുന്നു. നടി സൂത്രധാരനോടു പാട്ടിൽ ചോദിക്കുന്നു: “ആര്യപുത്രാ, ഈ മഹാസദസ്സിനെ എങ്ങനെ എന്തുകൊണ്ടു നാം സന്തോഷിപ്പിക്കണം?” അപ്പോൾ സൂത്രധാരൻ മറുപടി പറയുന്നു: “നമുക്കു് സീതാദുഃഖം എന്ന നാടകം കൊണ്ടു ഇവരെ മതിമറന്നു സന്തോഷിപ്പിച്ചു കളയാം.” നടിക്കു് ചെറിയൊരു സംശയം: “ആരുടെ നാടകമാണിത്?” “ആരാണിതിന്റെ കർത്താവു്?” സൂത്രധാരന്റെ മറുപടി വരുന്നു. ഈ ഭാഗം മാത്രം ഗാനമായി ഇവിടെ പകർത്താം:
ആണ്ടി മാസ്റ്റരാൽ കൃതം.
ഗാനം ഇവിടെയെത്തുമ്പോൾ നാടകകൃത്തു് സൈഡ് കർട്ടന്റെ അരികിലൂടെ രംഗത്തു വരികയും ഗ്യാസ് ലൈറ്റിന്റെ വെളിച്ചം പാകമാണോ എന്നു പരിശോധിക്കുകയും അതിന്റെ തിരി ചെറുതായൊന്നു നീട്ടി, വന്നവഴിയെ തിരിച്ചുപാവുകയും ചെയ്യുന്നു. അപ്പോൾ നാടക കൃത്തിനെ കണ്ടറിഞ്ഞ ജനം കൈയടിച്ചും ചൂളംവിളിച്ചും അഭിനന്ദനം രേഖപ്പെടുത്തുന്നു. തന്റെ ആസ്വാദകരെ നേരിലൊന്നു കാണാനും ആസ്വാദകരുടെ മുമ്പിൽ തന്നെ പ്രദശിപ്പിക്കാനും നാടകകൃത്തു സ്വീകരിച്ച നടപടിക്രമം എത്ര നിർദ്ദോഷമാണ്. മൈക്രോഫോണിന്റെ കഴുത്തിൽ കേറിപ്പിടിച്ചു വെളിച്ചപ്പാടിനെപ്പോലെ അലറിവിളിക്കുന്ന ഇന്നത്തെ നാടകകൃത്തും സീതാദുഃഖത്തിന്റെ സൃഷ്ടി കർത്താവും തമ്മിൽ എന്തൊരന്തരം! തന്റെ സൃഷ്ടിക്കുള്ള പ്രേരകമായ വസ്തുതയെക്കുറിച്ചോ കഥാബീജം തനിക്കു വീണു കിട്ടിയ സ്ഥലത്തെക്കുറിച്ചോ നാടകം പരുവപ്പെടുത്തിയെടുക്കുമ്പോൾ താനനുഭവിച്ച ‘ഗർഭപ്രസവാദി’ ദുഃഖത്തെപ്പറ്റിയോ ഒരക്ഷരം അദ്ദേഹം പറയുന്നുണ്ടോ? ചുമ്മാ, ഒരു പാവത്താനെപ്പോലെ, കടന്നുവരുന്നു. വെളിച്ചത്തിലാണു നോട്ടം. വിളക്കിലാണു ശ്രദ്ധ. വിളക്കിന്റെ തിരി സാവകാശം നീട്ടി ഒന്നും സംഭവിക്കാത്തപോലെ തിരിച്ചുപോകുന്നു. അട്ടഹാസമില്ല; വാചാടോപമില്ല. നാടക കലയെപ്പറ്റി ആധികാരിക ഭാഷണമില്ല. നാടകം കാണാൻ വന്നവരെ നാടകം കാണിക്കുന്നു. അത്രതന്നെ. അതിൽക്കവിഞ്ഞൊന്നുമില്ല.
നാടകത്തിലെ പാട്ടിനെപ്പറ്റിയാണല്ലോ പറഞ്ഞുവന്നതു്. ഇടയിൽ വിട്ടു പോയൊരു കാര്യമിവിടെ സൂചിപ്പിക്കട്ടെ. നാടക പ്രദർശനം നടത്തുമ്പോൾ സംഭവിച്ച ചില വിപത്തുകളെപ്പറ്റി മുമ്പേ പറഞ്ഞിട്ടുണ്ടു്. രുൿമിണിയും കൃഷ്ണനും മണിമഞ്ചത്തിൽനിന്നു വീണതും രുൿമിണിക്കു് അസാരമായ പരിക്കുപറ്റിയതും. ഇതു സംഭവിച്ചത് നാടക പ്രദർശനം നടക്കുമ്പോഴല്ല. റിഹേഴ്സലിന്റെ സമയത്താണ്. പകിട കൈയിലിട്ട് ഉരുട്ടിക്കൊണ്ട് ശ്രീകൃഷ്ണൻ പാടുന്നു:
പകിടകളിച്ചിട്ടുമളവിൽ
ഓരോന്നിവണ്ണം, നീ
പറയരുതേ, അയി സുമുഖീ… (ഈരാ.)
കളിയിലുണ്ടാവുന്ന അല്പമായൊരു പിണക്കത്തിന്റെ സൂചനയോടെയാണു പാട്ടു തുടങ്ങുന്നതും പകിട ശക്തിയായി നിലത്തെറിയുന്നതും ഏറിന്റെ ഊക്കിലായിരിക്കണം മണിമഞ്ചത്തിന്റെ കാലുകളിൽ ഒന്നു തകരുന്നതും മണിമഞ്ചത്തോടൊപ്പം അഭിനേതാക്കൾ ഭൂസ്പർശം നടത്തുന്നതും.
ഇതുപോലെ വേറൊരു സംഭവം. ജാംബവാനു വേണ്ടി ഒരു വലിയ ‘ഗുഹ’ തയ്യാറാക്കിയിരുന്നു. അതിന്റെ കാരണം ഇന്നും എനിക്കു പിടികിട്ടിയിട്ടില്ല. ജാംബവാൻ ഗുഹയിലാണു താമസമെന്നു നാടക പ്രവർത്തകരെ ആരാണു ധരിപ്പിച്ചതെന്നു് എനിക്കറിഞ്ഞുകൂടാ. നാടകകൃത്ത് അങ്ങനെ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടോ എന്നും ഓർക്കുന്നില്ല: ഏതു നിലയിലായാലും വളരെയേറെ ബുദ്ധിമുട്ടി സ്റ്റേജ് മാനേജർ അച്യുതൻനായരുടെ മേൽനോട്ടത്തിൽ ഒരു ‘ഗുഹ’ ഒരുക്കിയിരുന്നു. ഈ ഗുഹയെ ചുറ്റിപ്പറ്റിയാണ് അടുത്ത അത്യാഹിതം. ഈ കാലഘട്ടമാവുമ്പോഴേക്കും ‘സ്യമന്തകം’ ഊരുവിട്ട് ഊരിലേക്കു പ്രദർശനം നടത്താനാരംഭിച്ചിരുന്നു. വടകര, കൊയിലാണ്ടി മുതലായ പട്ടണങ്ങളിലേക്കും ‘ഭഗവതീവിലാസം നാടകക്കമ്പനി’ എത്തിച്ചേർന്നിരുന്നു.
വടകരയിലാണ് സംഭവിച്ചത്. റെയിൽവേ സ്റ്റേഷനു സമീപമാണ് കൊട്ടക ഒരുക്കിയതു്. ആസ്വാദകർ അനേകമെത്തിച്ചേർന്നിരുന്നു. വലിയ സദസ്സ്. സാമാന്യം ഭേദപ്പെട്ട നിലയിൽ തന്നെ നാടകം മുന്നേറുന്നു. ജനം നിശ്ശബ്ദമായി ആസ്വദിക്കുന്നു. അങ്ങനെ കാടു് വരുന്നു. ജാംബവാന്റെ ഗുഹ പ്രത്യക്ഷപ്പെടുന്നു. ശ്രീകൃഷ്ണൻ പാടിക്കൊണ്ടു പ്രവേശിക്കുന്നു. ശ്രീകൃഷ്ണന്റെ കാല്പെരുമാറ്റം കേട്ട് ജാംബവാൻ ക്ഷുബ്ധനാവുന്നു. തന്റെ അനുമതികൂടാതെ ഒരു പ്രാണിപോലും വാസസ്ഥലത്തു പ്രവേശിക്കാറില്ല. ആരാണീ ധിക്കാരി? ജാംബാവാൻ പാടുന്നു. ക്ഷോഭം വന്നാലും അന്നു് പാട്ടിലൂടെയാണു് അതു പ്രദർശിപ്പിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. ജാംബവാൻ പാട്ടിലൂടെ അരങ്ങേറി:
“നില്ലുനില്ലെടാ, നില്ലുനില്ലെടാ.”
പാട്ടു മുഴുവനിവിടെ പകർത്തണ്ടതില്ല. തുടക്കമിങ്ങനെയാവുമ്പോൾ അതിനപ്പുറമെന്തായിരിക്കുമെന്നു് ഊഹിക്കാൻ പ്രയാസമില്ലല്ലോ. അങ്ങനെ പാടിക്കൊണ്ടു് പരമമായ ശുണ്ഠിയോടെ ജാംബവാൻ ഗുഹയിലൂടെ മുമ്പോട്ടു വരുമ്പോൾ ഗുഹയുടെ നിർമ്മാണത്തിനുപയോഗിച്ച കയർ ജാംബവാന്റെ കാലിൽ കുടുങ്ങുന്നു. മുമ്പോട്ടുള്ള പ്രയാണം തടയപ്പെടുന്നു. നിന്നേടത്തു നിന്നുതന്നെ പാടേണ്ടിവരുന്നു. മുന്നരങ്ങിൽ വെച്ചു് ശ്രീകൃഷ്ണനുമായി ഏറ്റുമുട്ടാതെ നാടകം മുമ്പോട്ടു നീങ്ങില്ല. രംഗം അവസാനിക്കില്ല. ആകെ കുഴപ്പം.
അപ്പോൾ സ്ഥലകാലബോധം കൈ വെടിഞ്ഞു പോയ ഒരു ജോലിക്കാരൻ മടവാളുമായി ജാംബവാനെ സമീപിക്കുന്നു. മുണ്ടു് മാടിക്കെട്ടി തലയിലൊരു കെട്ടും കെട്ടിയാണു് നാടകത്തിലില്ലാത്ത ഈ നടൻ രംഗപ്രവേശം ചെയ്തതു്. ഒരു കുരങ്ങന്റെ വേഷത്തിലായിരുന്നുവെങ്കിൽ ജനം സഹിച്ചേനേ. അസ്ഥാനത്തു വന്ന നടനെ ജനം സ്വീകരിച്ചതു കൂവലോടെയാണു്. കൂവൽ കേട്ടമ്പരന്ന ശ്രീകൃഷ്ണൻ ഒന്നും ചെയ്യാനാവാതെ നിന്നു. അപ്പോൾ സ്റ്റേജ് മാനേജരുടെ പ്രതിഭയുണർന്നു. അദ്ദേഹത്തിന്റെ കൈയിലെ വിസിൽ ഉഗ്രമായി ശബ്ദിച്ചു. അവിടെയും അവസാനിപ്പിക്കാതെ മാനേജർ അലറിവിളിച്ചു: ‘കർട്ടേൻ’. വിസിലും വിളിയും കേട്ട് മുൻകർട്ടൻ ബോധംകെട്ടു് മൃദംഗവായനക്കാരന്റെ തലയിൽ ഉഗ്രശബ്ദത്തോടെ വന്നുവീഴുന്നു. ആ വീഴ്ചയെപ്പറ്റി മൃദംഗവിദ്വാൻ പിന്നീടു പറഞ്ഞതിങ്ങനെയാണ്:
“അതൊരു വീഴ്ചയായിരുന്നു. നല്ല തറവാട്ടുകാരന്റെ വീഴ്ച. തലമണ്ട പിച്ചളക്കുടം പോലെ മുഴങ്ങി. കണ്ണിൽനിന്നു പൊന്നീച്ച പറന്നു.”
മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ വടകരയിലെ നാടകം അവസാനിച്ചു. നാടകമെന്ന കലാരൂപം, വെട്ടിമുറിച്ചു്, ഏച്ചുകൂട്ടി, എഡിറ്റ് ചെയ്യാൻ പറ്റിയതല്ലല്ലോ. അപ്പോൾ ഇങ്ങനെ ചില ചെറിയ ന്യൂനതകളും പാകപ്പിഴകളും പോരായ്മകളുമൊക്കെ കണ്ടെന്നുവരും. ഇങ്ങനെ ചിലതില്ലെങ്കിൽ നാടകത്തിന്റെ ആസ്വാദ്യത പൂർണ്ണമാകുമോ?
പ്രേമാഭ്യർത്ഥനയ്ക്കും പോർവിളിക്കും കുശലപ്രശ്നത്തിനുമൊക്കെ അന്നു പാട്ടാണെന്നു പറഞ്ഞല്ലോ. അതിനുമാത്രമല്ല, മദ്ധ്യസ്ഥതയ്ക്കും അന്നു പാട്ടു തന്നെയായിരുന്നു. ‘തിലോത്തമ’ നാടകത്തിലെ ഒരു പാട്ട് ഇതിനെ ന്യായീകരിക്കുന്നു. സുന്ദനും ഉപസുന്ദനും തിലോത്തമയിൽ കലശലായ ഭ്രമം. സുന്ദരീ, പരമസുന്ദരീ എന്നു വിളിച്ചുകൊണ്ടു അവളെ സ്വന്തമാക്കാൻ രണ്ടുപേരും കിണഞ്ഞു പരിശ്രമിക്കുന്നു. പരിശ്രമം മൂത്തു വക്കാണത്തിലെത്തുന്നു. രണ്ടുപേരും മുറയ്ക്കൊരു യുദ്ധം തന്നെ നടത്തിക്കളയുമെന്നു വന്നപ്പോൾ തിലോത്തമ മധ്യസ്ഥത പറയുന്നു; പാട്ടിലൂടെ:
തങ്ങളിൽ പോരു പോരുമേ,
ഭംഗിയല്ലീ നില
എങ്ങുമേ കാണ്മീലാ…
അതാണു മട്ട്, സത്രാജിത്തിനൊരിക്കൽ പറ്റിയ അമളി രസമുള്ളതാണു്.
ശ്രീകൃഷ്ണനും സത്രാജിത്തുമൊക്കെ അന്നു കോട്ടു ധരിക്കുമായിരുന്നു. കോട്ടെന്നു പറഞ്ഞാൽ സാധാരണ കോട്ടല്ല, അതിനു് ‘ജിംകി’ കോട്ടെന്നു പേരു്. ആ പേരു് എങ്ങനെ വന്നുവെന്നറിഞ്ഞു കൂടാ, എല്ലാവരും പറയുന്നതു കേട്ട് ഞാനും അങ്ങനെ പറയാൻ തുടങ്ങിയതാണു്. അതിവിടെയും പറഞ്ഞെന്നു മാത്രം. തെറ്റോ ശരിയോ എന്നറിഞ്ഞു കൂടാ. എന്തെങ്കിലുമൊരു പദം കൊണ്ടതിനെ സൂചിപ്പിക്കണമല്ലോ. അതുകൊണ്ടു മാത്രം പറഞ്ഞതാണ്.
നാടകം കഴിഞ്ഞാൽ കോട്ടഴിച്ച് ഒരു പെട്ടിയുള്ളതിൽ എല്ലാവരും സൂക്ഷിക്കും. പിന്നെ പുറത്തെടുക്കുന്നതു് അടുത്ത നാടകത്തിന്റെ മേക്കപ്പു് തുടങ്ങുമ്പോഴാണു്, ഒരു ദിവസം മേക്കപ്പ് കഴിഞ്ഞു കോട്ടും ധരിച്ചു സത്രാജിത്ത് തപസ്സിരുന്നു. സൂര്യൻ പ്രത്യക്ഷപ്പെടണം. സ്യമന്തകം നല്കണം. അതുവരെ തപസ്സിരിക്കണം. അന്നും അതുപോലിരുന്നു. അപ്പോഴാണ് കോട്ടിനടിയിൽ ഏതോ ‘ജന്തു’ സഞ്ചരിക്കുന്നതായി അനുഭവപ്പെട്ടതു്. അനങ്ങാൻ വൈക്യോ? മുമ്പിൽ ഉറ്റു നോക്കിയിരിക്കുന്ന സദസ്സല്ലേ? ജന്തു പതുക്കെ പുറത്തുവന്നു അല്പമൊന്നു വിശ്രമിച്ചു്, പിന്നെ നല്ല കണക്കിനൊരു കുത്തുകൊടുത്തു. ഒന്നനങ്ങാനോ എഴുന്നേറ്റു് ഓടാനോ പാടുണ്ടോ? എട്ടെട്ടു ഭാരം കനകത്തെ നിത്യേന പെറ്റുകൂട്ടുന്ന രത്നമല്ലെ കിട്ടാൻ പോകുന്നതു്. കടിച്ചു പിടിച്ചു സർവം സഹിച്ച് അനങ്ങാതിരുന്നു. ഒടുവിൽ സൂര്യനിൽ നിന്നു് രത്നം വാങ്ങി എഴുന്നേറ്റു ചുറ്റിനടക്കുന്നതിനു പകരം സത്രാജിത്ത് നേരെ അണിയറയിലേക്കോട്ടമാണ്. അണിയറയിലെത്തി കോട്ടഴിച്ച് വലിച്ചെറിഞ്ഞപ്പോൾ അതാ കിടക്കുന്നു ഒരു വലിയ കരിന്തേൾ. ശിവ! ശിവ! എന്താ ഇതു കഥയെന്നു കണ്ടുനിന്നവരനുതപിക്കുമ്പോൾ സത്രാജിത്ത് വേദനകൊണ്ടു പുളയുകയായിരുന്നു. സ്റ്റേജ് മാനേജർ മാത്രം അനുതപിക്കാൻ നില്ക്കാതെ അങ്ങുമിങ്ങും ഓടിനടന്നു അടുത്ത രംഗത്തിനുള്ള ഒരുക്കങ്ങൾ ചെയ്തുകൊണ്ടിരുന്നു.
ഒരു അത്യാഹിതംകൂടി രേഖപ്പെടുത്താതെ വയ്യ. കൊയിലാണ്ടി മഠത്തിൽ സ്കൂൾ ഹാളിൽ നാടകം കളിക്കുന്നു. മുന്നൊരുക്കക്കാരായ ഞങ്ങളിൽ ചിലർ കാലത്തുതന്നെ അവിടെയെത്തി. ഓരോരുത്തരെ ചുമതലകളേല്പിക്കുകയാണു്. ഉദ്യോഗസ്ഥന്മാർക്കും പ്രമാണിമാർക്കും കോംപ്ലിമെന്ററി പാസ്സ് കൊടുക്കണം; ക്ഷണിക്കണം. അതിന്റെ ചുമതല ആരേറ്റെടുക്കുമെന്നായി. ഒടുവിൽ അതെന്റെ തലയിൽ വീണു. പാസ്സുകളൊക്കെ വാങ്ങി കവറിലിട്ടു് അഡ്രസ്സഴുതി ഞാൻ പുറപ്പെട്ടു. സാമാന്യം ഭേദപ്പെട്ട നിലയിലാണ് പുറപ്പാടു്. ഒരു വേഷ്ടിയുള്ളതു് ഷർട്ടിന്നു മേലെ, ‘സുഭാഷ്ബോസ്’ മട്ടിൽ പുതച്ചു, തലമുടിയെല്ലാം ഭംഗിയായി ഒതുക്കി, രണ്ടുവട്ടം കണ്ണാടിയിൽ നോക്കി ഞാൻ യാത്ര പുറപ്പെട്ടു! അന്നു് സുഭാഷ് ചന്ദ്രബോസെന്നു പറഞ്ഞാൽ ചെറുപ്പക്കാർക്കു് ആവേശമായിരുന്നു. അദ്ദേഹത്തിന്റെ രൂപം മുദ്രണം ചെയ്ത ബാഡ്ജ് ധരിക്കുക, അദ്ദേഹം പുതയ്ക്കും പോലെ വേഷ്ടി പുതയ്ക്കുക. കണ്ണാടി നോക്കിയപ്പോൾ എനിക്കാകെ സംതൃപ്തിയായിരുന്നു. ആദ്യമായി കേറിയതു് പ്രമുഖനായ ഒരഭിഭാഷകൻ വീട്ടിലായിരുന്നു. അദ്ദേഹം സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു് കൃത്യസമയത്തുതന്നെ വരാമെന്നേറ്റു. പിന്നെയും രണ്ടുനാലു വീടുകളിൽ കേറി. സ്കൂൾ മാനേജരുടെ വീടറിയാൻപാടില്ലായിരുന്നു. അന്വേഷിച്ചു. സാമാന്യം ഭേദപ്പെട്ടൊരു വീട്ടിന്റെ മുമ്പിലെത്തി. പടിക്കൽ കണ്ട ആളോട് ആരുടെ വീടെന്നു് അനേഷിച്ചു. പോലീസ് ഇൻസ്പെക്ടറുടെ വീടെന്നു മനസ്സിലായി. അവിടെയും കൊടുക്കണം കോംപ്ലിമെന്ററി. ഗെയിറ്റ് കടന്നു മുറ്റത്തെത്തി. പുറത്താരുമില്ല. ഇന്നത്തെപ്പോലെ കാണുന്ന വാതിലിന്നടുത്തൊക്കെ കാളിങ് ബല്ല് ഒരുക്കിവെച്ച കാലമല്ലതു്. വിദ്യുച്ഛക്തിതന്നെ പല സ്ഥലത്തും എത്തീട്ടില്ല. മുറ്റത്തു നിന്നു പലവട്ടം ഞാൻ ചുമച്ചു. അകത്തുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ വേറെയും ചില ക്രിയകൾ ചെയ്തു. ഒരാൾ പുറത്തുവന്നു. ഇൻസ്പെക്ടറാണോ മറ്റൊരെങ്കിലുമാണോ എന്നു തിരിച്ചറിയാൻ പറ്റില്ല. ഞാൻ കോംപ്ലിമെന്ററി പാസ്സ് എടുത്തു നീട്ടി. അദ്ദേഹമതു സ്വീകരിച്ചു. ഒന്നമർത്തി മൂളി ഒരു ചോദ്യം:
“കളിയെവിടെയാ?”
“മഠത്തിൽ സ്കൂളിൽ”
“എന്തു കളിയാ?”
“സ്യമന്തകം”
“ഉം!”
വീണ്ടും അമർത്തി മൂളി. ഞാൻ തിരിഞ്ഞു നടന്നു. ഗെയിറ്റിലെത്തിയപ്പോൾ പിറകിലാരോ കൈതട്ടുന്ന ശബ്ദം. തിരിഞ്ഞു നോക്കി. ശങ്കിച്ചുനിന്നു. അപ്പോൾ അദ്ദേഹം മാടിവിളിക്കുന്നു. ഞാൻ ചെന്നു. മുറ്റത്തെത്തിയപ്പോൾ താൻ ചായ കഴിച്ചോ എന്നു ചോദിക്കുന്നില്ലേ, അതു പോലെ അദ്ദേഹം പറയുന്നു:
“നായിന്റെ മോനേ, നേഷനൽ സോങ് പാടിയാൽ ചവുട്ടി എല്ലാറ്റിന്റെയും എല്ലു ഞാനൊടിക്കും.”
മറുപടിക്കു കാത്തുനില്ക്കാതെ അദ്ദേഹം അകത്തേക്കു പോയി. ഇനി അഥവാ മറുപടിക്കു കാത്തുനിന്നെന്നു വരട്ടെ. ഞാനെന്തു പറയും? ഞാനല്ലല്ലോ പാടുന്നതു്. എങ്കിലും സംബോധന അത്ര കൊള്ളില്ലെങ്കിൽപോലും അദ്ദേഹത്തിന്റെ അവതരണരീതിയുണ്ടല്ലോ, അതു സുന്ദരമായിരുന്നു. ആ നടപടിക്രമം ഒന്നിച്ചുവെച്ചാലോചിക്കുമ്പോൾ അതു തികച്ചും നാടകീയമായിരുന്നു എന്നു് ഇപ്പോൾ തോന്നുന്നു.