പുതിയ അരങ്ങു്, പുതിയ വേഷം, ‘മാക്ക് മില്യൻസായ്പ്’ പാഠപുസ്തകം. മുമ്പിൽ, ദാരിദ്ര്യത്തിന്റെ പല്ലും നഖവുമേല്പിച്ച മുറിപ്പാടോടെ വന്നിരിക്കുന്ന പൈതങ്ങൾ. അവരുടെ കണ്ണിൽ ഒരേയൊരു വികാരം: വിശപ്പു്. ഈർപ്പം മുറ്റിനില്ക്കുന്ന ആ കണ്ണുകളിലേക്കു നോക്കി, അദ്ധ്യാപകന്റെ ഭാഗം അഭിനയിക്കാൻ തുടങ്ങിയപ്പോൾ സഭാകമ്പമുണ്ടായില്ല. പകരം നീറിപ്പിടിക്കുന്ന വേദനയായിരുന്നു മനസ്സു നിറയെ.
അദ്ധ്യാപക ജോലി സ്വീകരിച്ചതു് തുച്ഛമായ ശമ്പളത്തിനുവേണ്ടിയോ, സാക്ഷരത പ്രചരിപ്പിക്കാനോ ആയിരുന്നില്ല. പകരംവീട്ടുകയായിരുന്നു ലക്ഷ്യം. കൊച്ചുനാളിൽ എന്റെ കുരിക്കളിൽനിന്നു ഏറ്റുവാങ്ങിയ തല്ലു്, ആർക്കെങ്കിലും പലിശയും ചേർത്തു കൊടുക്കണം. ക്രിമിനൽ കേസ്സിൽപെടാതെ അന്നു തല്ലു കൊടുക്കാൻ കഴിയുന്ന ഒരേയൊരു തൊഴിലായിരുന്നു അധ്യാപനം. അറ്റവയറിനു മേലെ കീറിപ്പൊളിഞ്ഞ മുണ്ടും ചുറ്റി മുമ്പിൽ വന്നിരിക്കുന്ന പൈതങ്ങളെ കണ്ടപ്പോൾ നടുങ്ങി. എങ്ങനെ തല്ലും? അധ്യാപക ജോലിയിലെ ആദ്യത്തെ ആശാഭംഗം! സാരമില്ല, ആവതും ഒട്ടിപ്പിടിച്ചുനില്ക്കാൻതന്നെ തീരുമാനിച്ചു.
‘സ്യമന്തകം’ ഇപ്പോൾ ഒരോർമ്മ മാത്രമാണ്. ജന്മകൃത്യം സാധിച്ച ‘ഭഗവതീവിലാസം നാടകക്കമ്പനി’ അതിന്റെ സ്വാഭാവികമായ അന്ത്യം വരിക്കുക തന്നെ ചെയ്തു. പ്രവർത്തകർ പലവഴി ചിന്നിച്ചിതറി. ചിലർ വീണ്ടും നിയമം ലംഘിച്ചു ജയിലിലെത്തി. മറ്റു ചിലർ, ഉപജീവനം തേടി നാടുവിടുകയാ, ചില്ലറ ജോലികളിൽ അഭയം തേടുകയോ ചെയ്തു.
നാടകക്കമ്പനിയുടെ ജന്മകൃത്യം സാധിച്ചെന്നു പറഞ്ഞതു വെറുതെയല്ല. ഗ്രാമീണജനതയിൽ നാടക പ്രേമം സൃഷ്ടിക്കാനതിന്നു കഴിഞ്ഞു. പണ്ടെങ്ങുമില്ലാത്തവിധം ഒരു ഉണർവ്വുണ്ടാക്കാനും കഴിഞ്ഞു. ഉണർവ്വിന്റെ തെളിവെന്ന പോലെ മുക്കിലും മൂലയിലും ‘കുട്ടിസ്യമന്തക’ങ്ങൾ മുളപൊട്ടി. എവിടെ നോക്കിയാലും നാടകം. ഒഴിവുസമയങ്ങളിലും ദിവസങ്ങളിലും വിദ്യാർത്ഥികൾ നാടകം പഠിക്കുന്നു. വലിയ ആർഭാടമില്ലാതെ, ഒതുങ്ങിയ മട്ടിൽ അരങ്ങേറുന്നു. ഉത്സാഹത്തിമർപ്പോടെ മുതിർന്നവരതു കാണാനും ആസ്വദിക്കാനുമെത്തുന്നു. ചിലപ്പോൾ മുൻകർട്ടനുപയാഗിക്കുന്നത് ഉടുമുണ്ടായിരിക്കും. മുഖത്തു തേപ്പിനു ചോക്കുപൊടി ഉപയോഗിച്ചെന്നുവരും. എന്തൊക്കെയായാലും നാടകമല്ലേ. കാണാനാളുകളുണ്ടു്. കുറ്റങ്ങളും കുറവുകളും എത്രയൊക്കെയുണ്ടായാലും ‘കുട്ടി സ്യമന്തകം’ ജനങ്ങൾ വേണ്ടുവോളം ആസ്വദിച്ചു.
മലബാറിലെ—ക്ഷമിക്കണം, അങ്ങനെയൊരു പേരുച്ചരിക്കാൻ പാടില്ലെന്നും അതു പോലൊരു ഭൂപ്രദേശം ഈ ദുനിയാവിലില്ലെന്നും ഏതോ ഒരു ദിവ്യൻ എവിടെയോവെച്ചു് ഉദ്ഘോഷിച്ചെന്നും, പല ദിവ്യന്മാർ ഒരുമിച്ചതിനു ശിങ്കിടിപാടിയെന്നും കേട്ടു. ക്ഷമിക്കണം. ദിവ്യന്മാർ മുഴുവനും ക്ഷമിക്കണം—ഇവിടെ വിവരിക്കാൻ പോകുന്നതു് ചരിത്രവുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ടു മലബാറെന്നു് ഇടയ്ക്കിടെ പറഞ്ഞു പോകുന്ന പെരുംകുറ്റപ്പാടു പൊറുത്തേ പറ്റൂ. മലബാറിൽ അന്നുണ്ടായിരുന്ന പതിന്നാലായിരം എയിഡഡ് അദ്ധ്യാപകരിൽ ഒരുവനായിട്ടാണ് ഞാൻ ജോലിയിൽ കയറിയതു്. കോഴ കൊടുത്തില്ല. അന്നു് അമ്പതിനായിരവും, ലക്ഷവും കൊടുക്കാൻ പ്രാപ്തിയുള്ള ഉദ്യോഗാർത്ഥികളോ വാങ്ങാൻ കഴിവും കരുത്തുമുള്ള സ്കൂൾ മാനേജർമാരോ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഗവണ്മെന്റ്, ദയാദാക്ഷിണ്യം കൊണ്ടു നിരക്ഷരകുക്ഷികളായ പ്രജകൾക്കു് അക്ഷരവിദ്യ നല്കാൻ കല്പിച്ചു കണ്ടുപിടിച്ചതായിരുന്നു പ്രൈവറ്റ് മാനേജ്മെന്റ് സമ്പ്രദായം. ചെറുകിട ജന്മിമാരേയോ, ചില്ലറ വ്യാപാരികളേയോ കണ്ടുപിടിച്ചു വിദ്യാലയം നടത്താൻ കരാറുകൊടുക്കുന്നു. കരാറിന്റെ പ്രതിഫലമായി ആണ്ടുതോറും ‘ഗ്രാന്റ്’ എന്ന പേരിൽ ഒരു നിശ്ചിത സംഖ്യയും കൊടുക്കുന്നു. മാനേജർമാർ അതു വാങ്ങി അദ്ധ്യാപകർക്കിടയിൽ വീതിക്കുന്നു. ഈ വാങ്ങലും വീതിക്കലും അക്കാലത്തു സീമാതീതമായ ആക്ഷേപങ്ങൾക്കു് ഇടവരുത്തീട്ടുണ്ട്. അതുപോലെ അദ്ധ്യാപകരുടെ ജോലിസ്ഥിരതയെപ്പറ്റിയും മാനേജ്മെന്റ് സമ്പ്രദായത്തിന്റെ കെടുതിയെപ്പറ്റിയും ഗ്രാന്റ് നല്കുന്ന രീതിയെപ്പറ്റിയും നാടു നീളെ കലശലായ ആക്ഷേപമുണ്ടായിരുന്നു. ദേശാഭിമാനികളായ നേതാക്കന്മാരും ബുദ്ധിജീവികളുമൊക്കെ ഈ സമ്പ്രദായത്തെ കടുത്ത വാക്കുകൾകൊണ്ടു് ആക്ഷേപിച്ചിട്ടുണ്ടു്. ഒരു തെളിവിതാ. സഞ്ജയന്റെ ഒരു ആക്ഷേപഹാസ്യകവിതയിൽ നിന്നു ചില വരികൾ:
ബാന്റു സംഗീതം തുടങ്ങാം.
കണ്മണീ, നീയുറങ്ങെന്റെ പൊന്നു-
പെണ്മണിത്തയ്യലേ ഗ്രാന്റെ,
… …
പൈതലിൻ പൂമേനി കാണാൻ പ്രേമ-
ക്കാതലിൻ പുഞ്ചിരി കാണ്മാൻ,
അമ്മ കൊതിപ്പതു പോലെ യോഗി
ബ്രഹ്മത്തെ ധ്യാനിക്കുമ്പോലെ.
പ്പൂകുന്നു മാനേജർ ചാലേ.
ആർക്കറിയാവു, ഹാ, നിന്റെ ഗൂഢ-
മാർഗ്ഗസഞ്ചാരങ്ങൾ ഗ്രാന്റേ?
ഈ ഗൂഢ മാർഗ്ഗസഞ്ചാരം അവസാന വിശകലനത്തിൽ അധ്യാപകനു ദോഷം വരുത്തുന്നതായി കാണാം. പരിശോധനാ ഉദ്യോഗസ്ഥന്റെ പേനത്തുമ്പിലൂടെ തിരിയുന്ന ശുപാർശയിലൂടെ, പല പല ഫയലുകളിൽ കയറിയിറങ്ങി, വെട്ടും തിരുത്തും കൈപ്പറ്റി കൊല്ലാവസാനത്തിൽ രൂപം കൊള്ളുന്ന ഗ്രാന്റ്, അതിൽ രേഖപ്പെടുത്തിയ തുക. എങ്ങനെ ഏതളവിൽ ഏതു തോതിൽ തട്ടിപ്പടച്ചുണ്ടാക്കിയതാണെന്നു് ദിവ്യജ്ഞാനമുള്ളവർക്കു പോലും കണ്ടു പിടിക്കാനാവില്ല. സഞ്ജയൻ ഒടുവിൽ എത്തിച്ചേരുന്നതു് ഈ നിഗമനത്തിലാണ്:
കാറ്റുപോൽ കട്ടികുറഞ്ഞു
തിണ്ണെന്നു മാനേജർകൈയിൽ പുതു-
വെണ്ണപോൽ കാളിടും തീയിൽ
ചേരുന്നുരുകി നീ; പിന്നെ സ്കൂളി-
ലാരുണ്ടു കാണുന്നു നിന്നെ.
അദ്ധ്യാപക ജോലിക്കുള്ള പ്രതിഫലമെന്ന നിലയിൽ അവതരിപ്പിക്കുന്ന ഗ്രാന്റ് ആളിക്കത്തുന്ന തീയിൽ ഉരുകിപ്പോകുന്ന വെണ്ണ പോലെ എങ്ങോ നാശമടയുന്നു.
അദ്ധ്യാപകർക്കു് ഉദ്യോഗസ്ഥിരത ഇല്ലാത്തതായിരുന്നു മാനേജ്മെന്റ് വ്യവസ്ഥയുടെ മറ്റൊരു മഹാശാപം. കാരണമില്ലാതെ എപ്പോൾ വേണമെങ്കിലും മാനേജർക്കു് അദ്ധ്യാപകനെ പിരിച്ചുവിടാം. എന്റെ ഒരനുഭവം! ആദ്യമായി അദ്ധ്യാപകവൃത്തിയിൽ കയറുന്നു. പുതിയ ജോലി. പുതിയ കുപ്പായം. കാലത്തെ എഴുന്നേറ്റു കുളി. മുടി ചീകിവെക്കൽ. ചന്ദനപ്പൊട്ടു തൊടൽ. വഴിനീളെ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ അന്വേഷിക്കൽ. മടിയന്മാരെ തെരഞ്ഞു പിടിക്കൽ. എല്ലാം ചിട്ടയായി നടക്കുന്നു. ഒന്നിലും വീഴ്ച വരുത്തുന്നില്ല. മാക്ക്മില്യൻ സായ്പ് ചമച്ച പാഠപുസ്തകത്തിലെ കവിതകൾ തട്ടുപൊളിയൻ രീതിയിൽ ഉറക്കെച്ചൊല്ലുന്നു. കറുപ്പു പലകയിൽ അതെഴുതിക്കൊടുക്കുന്നു. ഒരു മഹാപണ്ഡിതന്റെ, ദിവ്യന്റെ, മട്ടിൽ കുട്ടികളുടെ മുമ്പിൽ അഭിനയിക്കുന്നു. വാ പൊളിച്ചു മുമ്പിലിരിക്കുന്നതു് പാവങ്ങളാണെന്നറിഞ്ഞിട്ടും, അവരോടു പൂർണ്ണമായ സഹതാപമുണ്ടായിട്ടും ഇടയ്ക്കിടെ ഓരോ തല്ലു കൊടുക്കാൻ മറന്നില്ല. കാരണം, നല്ല മാഷാവാൻ അന്നു കുട്ടികളെ തല്ലുകതന്നെ വേണം; ഇല്ലെങ്കിൽ ആർക്കുമൊരു മതിപ്പില്ല. അതുകൊണ്ടു തല്ലി. പശ്ചാത്താപത്തിന്റെ പുണ്യതീർത്ഥമൊഴുക്കി ഇന്നും ഞാനാ തെറ്റു കഴുകിക്കളയാൻ ശ്രമിക്കുകയാണു്.
അങ്ങനെ അഞ്ചു മാസം ജോലി ചെയ്തു. ഒരു ദിവസമെങ്കിലും മുടങ്ങിയിട്ടില്ല. വയ്യെങ്കിലും കൃത്യസമയത്ത് സ്കൂളിലെത്തും. ഞാനൊഴിച്ച് അവിടെയുള്ളവരെല്ലാം താപ്പാനകളായിരുന്നു. പരിചയസമ്പന്നർ. തങ്ങളുടെ ജോലിയെപ്പറ്റി ബോധമുള്ളവർ. നശ്വരമാണു ജോലിയെന്നു മനസ്സിലാക്കിയവർ. പാകമായി പഴുത്തു കണ്ണിയിൽ തൂങ്ങിനില്ക്കുന്ന ഒരു മാമ്പഴം പോലെ നേരിയൊരു കാറ്റു തട്ടിയാൽ അടർന്നു. താഴെ വീഴാൻ പാകത്തിലായിരുന്നു അവരെന്നു് എനിക്കറിഞ്ഞു കൂടായിരുന്നു. പക്ഷേ, അവരൊക്കെ അതു് നല്ലപോലെ മനസ്സിലാക്കി, അതിനനുസരിച്ച് തങ്ങളുടെ ജീവിതവും ജോലിയുടെ രീതിയും പാകപ്പെടുത്തിവെച്ചിരുന്നു.
എനിക്കു് എന്നെപ്പറ്റി വലിയ മതിപ്പു തോന്നി. ജോലിയിലുള്ള എന്റെ ആത്മാർത്ഥത മാതൃകാപരമാണെന്നു ഞാൻ വിശ്വസിച്ചു. ആരോടുമതു് തുറന്നു പറഞ്ഞില്ലെന്നുമാത്രം. എന്താണെന്റെ ശമ്പളം? എനിക്കറിഞ്ഞുകൂടാ. എന്നാണു് ശമ്പളം കിട്ടുക? അതും അറിഞ്ഞു കൂടാ. സത്യത്തിൽ എനിക്കു മാത്രമല്ല, എന്റെ സഹപ്രവർത്തകർക്കും അതു് അറിഞ്ഞു കൂടായിരുന്നു. ചിലപ്പോൾ ഒരു കൊല്ലം പൂർത്തിയാകുമ്പോൾ ഗ്രാന്റ് വരും. എങ്ങനെ വരുന്നു, എതിലേ വരുന്നു. എന്നറിഞ്ഞു കൂടാ, വന്നാൽ ബഹളമാണ്. അദ്ധ്യാപകരുടെ ബഹളം. മാനേജരെ തേടിയുള്ള ബഹളം. ഗ്രാന്റ് കിട്ടിയാൽ അല്പദിവസങ്ങൾ മാനേജർ അപ്രത്യക്ഷനാവും. എവിടെ പോയെന്നു ആർക്കുമറിയില്ല. അദ്ധ്യാപകർ അന്വേഷിച്ചന്വേഷിച്ചു മടുത്തു. “കണ്ണാ നീയെവിടെ?” എന്നു പാടി തളരുമ്പോൾ അദ്ദേഹം പ്രത്യക്ഷപ്പെടും. അടക്കിപ്പിടിച്ച ശബ്ദത്തിൽ ഗവണ്മെന്റിനെ ശകാരിക്കും. പരിശോധനാ ഉദ്യോഗസ്ഥനെ വഴക്കു പറയും. വിദ്യാഭ്യാസരീതിയെ തെറിവിളിക്കും. പക്ഷേ, ഗ്രാന്റിന്റെ കാര്യം, അദ്ധ്യാപകർ ഒരു വർഷമായി കാത്തിരി ക്കുന്ന അവരുടെ പ്രതിഫലത്തിന്റെ കാര്യം, കമാന്നൊരക്ഷരം മിണ്ടില്ല. എല്ലാ തെറിയും പൂരപ്പാട്ടും കഴിഞ്ഞു് ഒടുവിലാണു് സംഗതി പുറത്തു ചാടുന്നതു്. മാനേജർ പറയുന്നു:
“വയ്യാ, എനിക്കു വയ്യാ.”
“എന്താ കാര്യം?” അദ്ധ്യാപകർ ചോദിക്കുന്നു.
“സ്കൂൾ നടത്താൻ എന്നെക്കൊണ്ടു വയ്യ; ആർക്കു വേണമെങ്കിലും നടത്താം. ഞാനീ നിമിഷം ഒഴിഞ്ഞു തരാം.”
“എന്താ മാനേജർ പറയുന്നതു്?”
“ഇത്തവണ കിട്ടിയ ഗ്രാന്റിന്റെ തുക അറിയാമോ?”
“എത്രയാ?” അദ്ധ്യാപകർ കോറസ്സായി ചോദിക്കുന്നു.
“മുന്നൂറു രൂപ. ഏഴു പേർക്കു് മുന്നൂറു രൂപ വീതിക്കണം. ഒരാൾക്കെത്ര കിട്ടും? ഇതാണോ ശമ്പളം? ഇങ്ങനെയാണോ ശമ്പളം കൊടുക്കേണ്ടതു്?”
അദ്ധ്യാപകരുടെ മനസ്സ്, മുന്നൂറിനെ ഏഴുകൊണ്ടു ഹരിക്കുകയും ഹരിച്ചുകിട്ടിയ തുക വീണ്ടും പന്ത്രണ്ടു കൊണ്ട് ഹരിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു. ഒടുവിൽ ഉത്തരം കിട്ടുമ്പോൾ, ബോധക്ഷയത്തിന്റെ വക്കിൽ കാൽ തളർന്നു വീഴുന്നു. വീണേടത്തു കിടന്നു് മാനേജർ കൊടുക്കുന്നതു് വാങ്ങുന്നു. ശഠിക്കാനോ കണക്കു പറയാനോ വയ്യ. അങ്ങനെയെങ്കിൽ ചെയ്ത നിമിഷം തൊട്ടു് അദ്ധ്യാപകനു ജോലിയില്ല. ഇത്രയും പറഞ്ഞുപോയതു് പിൽക്കാലാനുഭവം വെച്ചു കൊണ്ടാണ്.
തുടങ്ങിയതു് എന്റെ ആദ്യ ജോലിയിലാണല്ലോ. മടങ്ങിപ്പോകാം. അഞ്ചു മാസം സത്യസന്ധമായി ജോലി നോക്കിയെന്നു പറഞ്ഞല്ലോ. ആറാമത്തെ മാസത്തിന്റെ പിറവിദ ിവസം, എന്നു വെച്ചാൽ ഒന്നാം തീയതി. പതിവുപോലെ കുളിച്ചു കുറിയിട്ടു്, കൃത്യസമയത്തു സ്കൂളിലെത്തുന്നു. ഹാജർ പട്ടികയിൽ ഒപ്പുവെക്കാൻ സഹപ്രവർത്തകരോടൊപ്പം മാനേജരുടെ മേശയ്ക്കരികിൽ എത്തുന്നു. പട്ടിക നിവർത്തി ഓരോരുത്തരായി ഒപ്പിട്ടു പിരിയുന്നു. അവസാനത്തെ ഊഴം എന്റേതാണു്. സ്റ്റീൽ പെൻ മഷിക്കുപ്പിയിലാഴ്ത്തി, വലിച്ചെടുത്തു കുടഞ്ഞു്, കുനിഞ്ഞു ഹാജർപട്ടികയിലേക്കു നോക്കുമ്പോൾ എന്റെ പേരവിടെയില്ല. ഞാൻ സഹപ്രവർത്തകരുടെ മുഖത്തു നോക്കി. എങ്ങും ഒരു ഭാവഭേദമില്ല. പിന്നെ ഞാനായിട്ടെന്തിനു ഭാവഭേദം കാട്ടുന്നു? ഞാൻ മിണ്ടാതെ തിരിഞ്ഞു നടന്നു. ആരോടും ഒന്നും പറയാതെ പടിയിറങ്ങി.
അതോടെ എല്ലാം അവസാനിച്ചില്ല. അവസാനിക്കുന്നുമില്ല. കാരണം കൂടാതെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാനുള്ള അധികാരം കയ്യിലിരിക്കുമ്പോൾ ജോലി നൽകാൻ മാനേജർമാർ മടിക്കില്ല. ശല്യമാണു്, ഗുണമില്ല, ലാഭമില്ല എന്നൊക്കെ തോന്നിയാൽ പറഞ്ഞു വിടാം. ഈ വ്യവസ്ഥ നിമിത്തം താമസിയാതെ എനിക്കു ജോലി കിട്ടുന്നു. ഇത്തവണ ഒരു പെൺപള്ളിക്കൂടത്തിലാണ് ചെന്നുപെട്ടതു്. ചിട്ടയിൽ നടക്കുന്ന സ്കൂൾ; പരിഷ്കരിച്ച മട്ടിൽ വേഷം ധരിക്കുന്ന അദ്ധ്യാപകർ. പാട്ടും ഡാൻസുമൊക്കെ പഠിപ്പിക്കുന്നുണ്ടു്. ഇടയ്ക്കു ഹാർമോണിയത്തിന്റെയും ചിലങ്കയുടെയും ശബ്ദമുണ്ടാകും. അതൊരു സുഖം തന്നെ. പ്രാഥമികവിദ്യാലയമാണെങ്കിലും ഹൈസ്കൂൾ ശൈലിയിലാണു നടത്തിപ്പ്. അദ്ധ്യാപകരിൽ ചിലർ കോട്ടു് ധരിക്കുന്നു. മറ്റു ചിലർ കോട്ടിനു മീതെ വേഷ്ടി ചുറ്റുന്നു. തരക്കേടില്ലെന്ന അഭിപ്രായമുണ്ടായി. പക്ഷേ, കോട്ടു ധരിക്കണമെന്നു മാനേജർ ഒരിക്കലും എന്നെ നിർബ്ബന്ധിച്ചില്ല. അതുകൊണ്ടു തന്നെ അങ്ങനെയൊരപരാധം ചെയ്യേണ്ടിയും വന്നില്ല. ഞാനിപ്പഴാലോചിക്കുകയാണ്. അന്നെങ്ങാനും കോട്ടു ധരിക്കണമെന്നു മാനേജർ നിർബ്ബന്ധിച്ചിരുന്നെങ്കിൽ എന്റെ സ്ഥിതി എന്താകുമായിരുന്നു? വയ്യെന്നു പറഞ്ഞാൽ ഉടനെ പിരിച്ചുവിട്ടും. ആവാമെന്നു സമ്മതിച്ചാൽ അന്നു പൊതുവിൽ പാശ്ചാത്യസംസ്കാരത്തോടു പുച്ഛവും വെറുപ്പുമുള്ള കാലം. കഴിയുന്നതും ഖദർ ധരിക്കണമെന്ന നിർബന്ധമുള്ള കാലം. ദൈവാധീനമെന്നു പറയട്ടെ, മാനേജർ അങ്ങനെയൊന്നും ചെയ്തില്ല. അതിലെനിക്കു് അദ്ദേഹത്തോടിന്നും നന്ദിയുണ്ടു്.
പക്ഷേ, കാര്യം മറ്റൊരു വഴിക്കു തിരിഞ്ഞു. വിധി ആർക്കെങ്കിലും തടുക്കാനാവുമോ? ഒരുനാൾ രാവിലെ സ്കൂളിൽ കടന്നുചെന്നപ്പോൾ മാനേജർ സ്ഥലത്തുണ്ടു്. ഞാനെന്റെ ക്ലാസ്സിൽ ചെന്നിരുന്നു. അല്പ നിമിഷം കഴിഞ്ഞപ്പോൾ ഒരു കുട്ടി എന്നെ സമീപിക്കുന്നു. കടലാസ് ചുരുൾ എന്റെ മേശപ്പുറത്തു വെക്കുന്നു. ഞാനതെടുത്തു ചുരുൾ നിവർത്തി വായിക്കുന്നു.
“ഇന്നു മുതൽ നിങ്ങളുടെ സാർവീസ് ഇവിടെ ആവശ്യമില്ലാത്തതുകൊണ്ടു നിങ്ങളെ പിരിച്ചുവിട്ടിരിക്കുന്നു.”
ഇതിൽ ഒരക്ഷരമെങ്കിലും മാറീട്ടില്ല. എല്ലാ വാക്കുകളും അന്നു മാനേജർ എഴുതിയതുതന്നെ. കഷ്ടകാലത്തിനു് ആ കടലാസ് നഷ്ടപ്പെട്ടുപോയി. ഇല്ലെങ്കിൽ മാനേജ്മെന്റ് സമ്പ്രദായത്തിന്റെ ഗർഹണീയതയ്ക്കു് ഇന്നതു് ഒരൊന്നാന്തരം രേഖയാവുമായിരുന്നു.
കടലാസ് ചുരുൾ നിവത്തി വായിക്കുമ്പോൾ എന്റെ കൈ വിറച്ചില്ല. ഉദ്വേഗംകൊണ്ടു ഹൃദയമിടിപ്പു കൂടിയില്ല. ഏതു നിമിഷവും ഇതു സംഭവിക്കാമെന്ന മട്ടിലായിരുന്നു ഞാൻ ജോലിചെയ്തിരുന്നതു്. ഞാൻ മാത്രമല്ല, എന്റെ വർഗ്ഗത്തിൽപ്പെട്ട, മലബാറിലെ പതിന്നാലായിരം അദ്ധ്യാപകന്മാർ മുഴുവനും. ഉദ്യോഗസ്ഥിരതയ്ക്കു വേണ്ടി, നേരിട്ടുള്ള ശമ്പളത്തിനുവേണ്ടി കൊതിച്ചിരുന്ന പതിന്നാലായിരത്തിനെ കർമ്മ നിരതരാക്കാനും സമരസന്നദ്ധരാക്കാനും ആഹ്വാനം നല്കിക്കൊണ്ടു് അന്നു രംഗത്തിറങ്ങാൻ ശക്തരായ ചില അദ്ധ്യാപകരുണ്ടായി. അവരുടെ പിന്നിലണിനിരക്കാൻ അദ്ധ്യാപകർ സന്നദ്ധരായി. അങ്ങനെ മലബാർ എയിഡഡ് സ്കൂൾ അദ്ധ്യാപക സംഘടന ജന്മം പൂണ്ടു. അദ്ധ്യാപക സംഘടനയുടെ ഐതിഹാസിക സമരം മലബാറിന്റെ ചരിത്രത്തിൽ വർണ്ണോജ്ജ്വലമായ ഒരദ്ധ്യായം എഴുതിച്ചേർത്തു.