വിദ്യാഭ്യാസ മേഖലയിലെ എയിഡഡ് സമ്പ്രദായം ഒരു ഇന്ദ്രജാലക്കളിപോലെയായിരുന്നു. “വാന്ന് പറഞ്ഞാൽ വാ, പോന്ന് പറഞ്ഞാൽ പോ”. ഈ കളിയിൽ കുടുങ്ങി സത്യവും മിഥ്യയും തിരിച്ചറിയാൻ വയ്യാതെ അദ്ധ്യാപകർ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. ഉദ്യോഗസ്ഥിരത ഇല്ലാത്തതിലോ ‘മാസപ്പടി’ക്കു പകരം കൊല്ലപ്പടി’ ആയതിലോ, തുച്ഛമായ പ്രതിഫലത്തുക ഒരു മൂന്നാമന്റെ കൈയിൽ ഏല്പിക്കുന്നതിലോ മറ്റു പലർക്കുമെന്നപോലെ എനിക്കും അതൃപ്തിയോ അമർഷമോ പ്രതിഷേധമോ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം നിയമത്തിന്റെ കളി.
നല്ല കെട്ടിടം വിദ്യാലയത്തിനാവശ്യമാണെന്നു മാനേജർക്കോ ഗവൺമെന്റിനോ അന്നു നിർബ്ബന്ധമുണ്ടായിരുന്നില്ല. ചോർന്നൊലിച്ചു് ഭിത്തികൾ പൊട്ടിപ്പൊളിഞ്ഞും വൃത്തിഹീനമായി കിടക്കുന്ന കെട്ടിടങ്ങളായിരുന്നു അധികവും, എന്നാൽ, വർഷാന്തപ്പരീക്ഷയെന്ന സുദിനം വന്നു ചേരുമ്പോൾ സംഗതികളാകെ മാറും. പരീക്ഷയ്ക്കു വരുന്നതു് ‘ഡെപ്യൂട്ടി ഇൻസ്പെക്ടർ’ എന്ന ഉദ്യോഗസ്ഥനാണു്. ഇന്നു വിദ്യാഭ്യാസവകുപ്പിൽ അങ്ങനെയൊരു തസ്തിക ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹം പരമാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ വാക്കും എഴുത്തും അന്നു നിയമമായിരുന്നു. അലംഘനീയമായ നിയമം. ഒരു അദ്ധ്യാപകന്റെ ജീവിതം നാശമാക്കിക്കളയാനും ഒരു വിദ്യാലയത്തിന്റെ അംഗീകാരം കുളത്തിലിറക്കാനും ശക്തിയുള്ള തായിരുന്നു അദ്ദേഹത്തിന്റെ പെന്നിലെ മഷി. കൊല്ലത്തിലൊരു തവണയേ അദ്ദേഹത്തിന്റെ സന്ദർശനം പതിവുള്ളു. നഞ്ഞെന്തിനു നാനാഴി? അന്നാവട്ടെ, അദ്ധ്യാപകന്മാർ ഭയപരിഭ്രമങ്ങളിൽ മുഴുകി കഴിയണം. അദ്ദേഹത്തിന്റെ മുമ്പിൽ ആർക്കും ഇരിക്കാൻ പാടില്ല. സംഹരിച്ചു കളയും. പരിശോധനകഴിഞ്ഞു സ്ഥലംവിടുവോളം അദ്ധ്യാപകർ കുന്തം പോലെ നില്ക്കണം. സർവ്വജ്ഞരായതുകൊണ്ടും ഇവരിൽ പലരും അധ്യാപകരുടെ മുമ്പിൽ വെച്ചു് വിദ്യാർത്ഥികളോടു ചോദ്യങ്ങൾ ചോദിക്കുകയും വിദ്യാർത്ഥികൾ പിഴച്ചു പറയുന്ന ഓരോ ചോദ്യത്തിനും അദ്ധ്യാപകനെ പരസ്യമായി ശകാരിക്കുകയും ചെയ്യും. അവിടം കൊണ്ടു് അവസാനിച്ചെങ്കിൽ പൊറുക്കാമായിരുന്നു. ഒരു പടികൂടി മുമ്പോട്ടു കയറി കുട്ടികളുടെ മുമ്പിൽവെച്ചു് അദ്ധ്യാപകൻ വിജ്ഞാനത്തെ അളക്കുന്ന സമ്പ്രദായവും അവരിൽ ചിലർക്കുണ്ടായിരുന്നു.
ഈ വർഷാന്തപ്പരിശോധനയെന്ന കടമ്പ ചാടിക്കടക്കുന്നതിൽ അദ്ധ്യാപകരും മാനേജരും ഒത്തൊരുമയോടെ ചെയ്തു തീർക്കുന്ന സാഹസ കൃത്യങ്ങൾ പലതാണു്. ദിവസങ്ങളോളം ഉറക്കൊഴിച്ചു ജോലിചെയ്യണം. ഭിത്തികളിലെ പൊട്ടും പൊളിയും സൂത്രവിദ്യ പ്രയോഗിച്ചു മറച്ചുവെക്കണം. വെൺകളി പൂശണം. വാതിലിനും ജനലിനും മുകളിലായി വൃത്തിയുള്ള അക്ഷരങ്ങളിൽ “ഈശ്വരൻ രാജാവിനെ കാത്തു രക്ഷിക്കട്ടെ” എന്നെഴുതിവെക്കണം. ജോർജ്ജ് ചക്രവർത്തിയുടേയും മഹാരാജ്ഞിയുടേയും പടം വർണ്ണക്കടലാസിൽ മാലയുണ്ടാക്കി അലങ്കരിക്കണം. പിന്നെ ആപ്തവാക്യങ്ങൾ പലതും ഇംഗ്ലീഷിലും മലയാളത്തിലും ഭിത്തിയിൽ പലവാറും എഴുതിക്കണം. കുരുത്തോല കൊണ്ടു കെട്ടിടത്തിനു ചുറ്റും അലങ്കാരം തൂക്കണം. അങ്ങനെ ഇൻ സ്പെക്ടറുടെ കണ്ണിൽ പൊടിയിട്ടു് ഇൻസ്പെക്ഷൻ റിപ്പോർട്ട് നല്ല രീതിയിൽ എഴുതിക്കിട്ടാൻ ത്യാഗങ്ങൾ പലതുമന്നു സഹിക്കണ്ടിയിരുന്നു.
എന്നാൽ, ഏറ്റവും വലിയ ത്യാഗം സഹിക്കേണ്ടതു് കുട്ടികളെ തേടിപ്പിടിച്ചുകൊണ്ടുവരുന്ന കാര്യത്തിലായിരുന്നു. രക്ഷിതാക്കൾ ജോലിക്കു പോകുന്ന വീടുകളിൽ കൊച്ചുകുട്ടികളെ നോക്കി മുതിർന്ന കുട്ടികൾ വീട്ടിലിരിക്കുന്നു. ഏതെങ്കിലും കുളമോ പുഴയോ അടുത്തുണ്ടെങ്കിൽ ചിലർ ചൂണ്ടയിടാൻ പോകുന്നു. കുന്നിൻചെരിവിലും പാടത്തും പുഴവക്കിലും കല്ലുവെട്ടുകുഴിയിലുമൊക്കെ അനേഷിച്ചുനടന്നു വേണം കുട്ടികളെ ആട്ടിത്തെളിച്ചുകൊണ്ടുവരാൻ. ഈ വർഷാന്ത പരീക്ഷയെന്ന വസ്തു ഒരു വലിയ അക്കിടി പറ്റിക്കുന്നുണ്ടു്. ഇൻസ്പെക്ടറുടെ ആപ്പീസിൽനിന്നു് വർഷാന്തപ്പരീക്ഷയ്ക്കുള്ള തീട്ടൂരം വരുന്നതു് അദ്ധ്യാപകന്റെ നട്ടെല്ലൊടിക്കാൻ പാകത്തിലാണു്. “ജനവരി മാസം പത്താം തീയതിയോ പതിന്നാലു ദിവസം മുമ്പോ പിമ്പോ” വർഷാന്തപരീക്ഷ നടക്കുമെന്നാണു് തീട്ടൂരം വിളംബരം ചെയ്യുന്നതു്. വശക്കേടു നോക്കണേ, പതിന്നാലു ദിവസം മുമ്പും പിമ്പുമെന്നു പറയുമ്പോൾ ഇരുപത്തിയെട്ടു ദിവസം കുട്ടികളെ തേടിപ്പിടിച്ചു് അദ്ധ്യാപകർ ക്ഷീണിച്ചേ പറ്റൂ. ഈ ഇരുപത്തെട്ടിനിടയിൽ ഏതെങ്കിലുമൊരു ദിവസം ഇൻസ്പെക്ടർ ചാടിക്കേറി വന്നാൽ, അന്നു കുട്ടികളുടെ ഹാജർ കുറഞ്ഞു പോയാൽ, സംഗതി കുഴഞ്ഞതുതന്നെ. ഗ്രാന്റിൽ ഉഗ്രമായ ‘കട്ട്’ സംഭവിക്കും. കട്ട് സംഭവിച്ചാൽ പ്രതിഫലത്തുക കാര്യമായി കുറയും. കുറഞ്ഞു കിട്ടുന്ന സംഖ്യയിൽ മാനേജരുടെ കട്ടും കൂടി ചാടിവീണാൽ കുരങ്ങൻ അപ്പം തൂക്കിയ കഥതന്നെ. അതുകൊണ്ടു് വർഷാന്തപരീക്ഷയുടെ നാളുകൾ അദ്ധ്യാപകൻ വ്രതശുദ്ധിയോടെ ജോലിചെയ്യുന്നു.
ഇതുപോലൊരവസരത്തിൽ ഞങ്ങളുടെ വിദ്യാലയത്തിൽ ഒരു ചെറിയ സ്ഫോടനം. ഇന്നത്തെ നിലയിലുള്ള മാരകമായ സ്ഫോടനമല്ല. രാവുണ്ണി കുരിക്കളാണ് കഥാനായകൻ–ഒന്നാം ക്ലാസ്സിനെ ‘ശിശുത്തരം’ എന്ന ഓമനപ്പേരിട്ടു വിളിച്ചുവരുന്നു. രാവുണ്ണികുരിക്കൾ ‘ശിശുത്തര’ത്തിലെ സർവ്വാധിപതിയാണ്. അവിടെ കുട്ടികളെ തേടിപ്പിടിച്ചെത്തിക്കുന്നതു് എളുപ്പമുള്ള സംഗതിയല്ല. കൊച്ചുകുട്ടികളായതു കൊണ്ടു് പലതിനെയും തോളിലേറ്റിക്കൊണ്ടുവരണം. അതു വലിയ സാഹസമായതുകൊണ്ടു കുരിക്കൾ ഒരു ‘ഡക്കു’ വേല പ്രയോഗിക്കുന്നു. സ്കൂൾ പിരിയുന്ന നേരത്തു് ‘സ്റ്റാൻഡ്, സിറ്റ്’ എന്നിങ്ങനെ നാലഞ്ചു പ്രാവശ്യം ഉറക്കെ പറഞ്ഞു കുട്ടികളിൽ ഒരു പുതുചൈതന്യമുണ്ടാക്കുന്നു. ഉറക്കച്ചടവൊക്കെ മാറി അല്പം ഉന്മേഷത്തിന്റെ അടയാളം കുട്ടികളുടെ മുഖത്തു പ്രത്യക്ഷപ്പെടുമ്പോൾ കുരിക്കളുടെ പ്രഭാഷണം വരുന്നു. നാളെ പരീക്ഷയാണു്; കേട്ടോ. എല്ലാവരും കേട്ടോ. ഇൻസ്പെക്ടർ വരുന്ന ദിവസം. എല്ലാവരും കുളിച്ചു് കുറിതൊട്ടു്, അലക്കിയ മുണ്ടുടുത്തു നേരത്തേ വരണം. മനസ്സിലായോ?” പ്രഭാഷണത്തിന്റെ അവസാനം ക്ലാസ്സുവിടുന്നു. പരമദുരിതത്തിൽനിന്നു മോചനം നേടിയ കുട്ടികൾ ആർത്തുവിളിച്ചു പുറത്തേക്കോടുന്നു. പിറ്റേദിവസം സംഗതിക്കു കൊഴുപ്പുകൂടുന്നു. കുട്ടികളിൽ പലരും കുളിച്ചിട്ടുണ്ടു്, കുറിതൊട്ടിട്ടുണ്ടു്. അലക്കിയ വസ്ത്രം ധരിച്ചിട്ടുമുണ്ടു്. കൊള്ളാം! തന്റെ സൂത്രം ഫലിച്ചതിൽ കുരിക്കൾ സന്തോഷിച്ചു. സഹപ്രവർത്തകരുടെ മുമ്പിൽ വിജയ കഥ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നും വൈകീട്ടു് രാവുണ്ണികുരിക്കളിതാവർത്തിച്ചു. ”സ്റ്റാന്റ് സിറ്റ്… എല്ലാവരും നേർത്തെ കുളിച്ചു കുറിതൊട്ട്…” പ്രഭാഷണം അവസാനിപ്പിച്ചു കുട്ടികൾ പിരിഞ്ഞുപോവാൻ തുടങ്ങി. ഒരു വീരൻ മാത്രം അവിടെ അവശേഷിക്കുന്നു. അവന്റെ പേർ കുഞ്ഞിക്കണ്ണൻ. അവൻ ബഞ്ചിലിരിക്കുന്നു. രാവുണ്ണികുരിക്കൾ അന്തംവിട്ടു നോക്കുന്നു. അപ്പോൾ കുഞ്ഞിക്കണ്ണൻ കിടക്കുന്നു. കുരിക്കൾ ചോദിക്കുന്നു:
“എന്തെടാ കുഞ്ഞിക്കണ്ണാ?”
കുഞ്ഞിക്കണ്ണൻ നിശ്ശബ്ദം.
“നിനക്കെന്തു പറ്റി?”
അതിനും മറുപടിയില്ല.
”വയ്യേ? എന്താ പോവാത്തതു്?”
അപ്പോൾ കുഞ്ഞിക്കണ്ണൻ കിടന്ന കിടപ്പിൽ തലപൊക്കാതെ. സാവകാശം മറുപടി പറയുന്നു:
“ഇനി ഞാൻ പരീച്ച കയിഞ്ഞേ പോന്ന് ള്ളു.”
കുരിക്കൾ നാലുപുറവും ജാള ്യത്തോടെ നോക്കി. തന്റെ പരാജയത്തിനാരെങ്കിലും സാക്ഷി നിൽക്കുന്നുണ്ടോ? ഇല്ല; ആരുമില്ല. ഭാഗ്യം. കുരിക്കൾ കുഞ്ഞിക്കണ്ണനെ പറഞ്ഞാശ്വസിപ്പിച്ചും പ്രലോഭിപ്പിച്ചും പതുക്കെ പടികടത്തിവിട്ടു.
അങ്ങനെ എന്തൊക്കെയെന്തൊക്കെ വിചിത്രസംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചതാണ് അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം. കുഞ്ഞു വയസ്സിൽത്തന്നെ പരമ രസികനായിരുന്ന കുഞ്ഞിക്കണ്ണൻ ഇന്ന് ഏതു മേഖലയിൽ എങ്ങനെ എവിടെ ജീവിക്കുന്നു എന്നറിഞ്ഞുകൂടാ. എവിടെയായാലും കുഞ്ഞിക്കണ്ണനിതു വായിച്ചു സ്വയം അഭിനന്ദിക്കുമെന്നു തീർച്ച.
അന്നത്തെ വിദ്യാഭ്യാസരീതിയുടെ ഏകദേശസ്വഭാവം മനസ്സിലാക്കാൻ രാവുണ്ണികുരിക്കളിലൂടെ ഒന്നുരണ്ടനുഭവങ്ങൾ കൂടി കുറിക്കട്ടെ. അന്നു് ഡെപ്യൂട്ടി ഇൻസ്പെക്ടറായി ഉന്നത ജാതിയിൽപ്പെട്ട ഒരാൾ ചക്രവാതം പോലെ പരിസരം കിടിലം കൊള്ളിച്ചുകൊണ്ടു വരികയുണ്ടായി. ഉഗ്രമൂർത്തി, അദ്ധ്യാപകരേയും മാനേജരേയും നാട്ടുകാരെത്തന്നേയും വിരട്ടാൻ മടിയില്ലാത്ത മനുഷ്യൻ. സ്കൂളിൽ വന്നു രജിസ്റ്ററുകൾ പരിശോധിച്ചു് ഒപ്പിട്ടു കഴിഞ്ഞാൽ വലിച്ചെറിയുകയാണു പതിവു്. പക്ഷികളെപ്പോലെ അന്തരീക്ഷത്തിലൂടെ പറക്കുന്ന രജിസ്റ്ററുകൾ ഓടിപ്പിടിക്കാൻ ആദരവോടെ രണ്ടദ്ധ്യാപകർ തയ്യാറായി നിൽക്കണം. അദ്ദേഹത്തിന്റെ ശുണ്ഠിയും എടുത്തുചാട്ടവും ബഹളവുമെല്ലാം കണ്ടും കേട്ടും ജനങ്ങളൊരഭിപ്രായം തമ്മിൽത്തമ്മിലന്നു രേഖപ്പെടുത്തുകയുണ്ടായി “സാമി കൈക്കൂലിക്കാരനാണു്.” കൈക്കൂലിക്കാർ അക്കാലത്തങ്ങനെയായിരുന്നത്രേ. ക്രോധവും ശകാരവും എടുത്തുചാട്ടവുമൊക്കെ തന്റെ വിഹിതം തനിക്കു കിട്ടാനുള്ള ബദ്ധപ്പാടിന്റെ ലക്ഷണമായിരുന്നു.
കൊല്ലത്തിലൊരിക്കൽ സ്കൂളിലേക്കു കടന്നുവരികയെന്ന സമ്പ്രദായത്തിനു് അദ്ദേഹം മാറ്റം വരുത്തി. അങ്ങനെയിരിക്കുമ്പോൾ ഒരു നാൾ ഓടിച്ചാടി വരും, ബഹളംകൂട്ടും. അത്തരമൊരു സന്ദർഭം. രാവുണ്ണികുരിക്കളുടെ ദിനചര്യ അല്പമൊന്നിവിടെ വിവരിക്കേണ്ടിയിരിക്കുന്നു. അദ്ധ്യാപകവൃത്തിക്കു പുറമെ മന്ത്രവാദമെന്ന ഉപതൊഴിലും അദ്ദേഹത്തിനുണ്ടായിരുന്നു. തന്ത്രവും മന്ത്രവും ഹോമവുമായി രാത്രി ഉറക്കൊഴിക്കുന്ന കുരിക്കൾ, വൈകിയാണു ക്ലാസ്സിലെത്തുന്നതു്. എത്തിക്കഴിഞ്ഞാൽ ഇടംവലം നോക്കാതെ കുട്ടികളോടു നോക്കിയെഴുതാൻ കല്പിക്കും. പിന്നെ കസേരയിൽ കയറി കാലുരണ്ടും മടക്കി കയറ്റിവെച്ചു്, കൈകൾകൊണ്ടു ചുറ്റിപ്പിടിച്ചു്, വീഴില്ലെന്നുറപ്പുവരുത്തി ഒരിരുപ്പാണു്. ഇരുന്നു കഴിഞ്ഞാൽ പിന്നെ താമസമില്ല. പതുക്കെ കൂർക്കം വലിക്കും. കുട്ടികൾ സന്തോഷത്തോടെ ബഹളം വെക്കും. അങ്ങനെ ഒരുദിവസം രാവുണ്ണി കുരിക്കൾ സുഷുപ്തിയിലാവുകയും കുട്ടികൾ ബഹളം വെക്കുകയും ചെയ്യുന്ന സമയത്തു് അദ്ദേഹം കയറിവരുന്നു. ഇരപിടിക്കാൻ വരുന്ന ഒരു കടുവയെപ്പോലെ ഇൻസ്പെക്ടർ. അനേകം ബട്ടണുകൾ കഴുത്തോളം മുറുക്കിനിർത്തിയ കറുത്ത ഷട് കോട്ട്, പാളസ്സാറു്, കസവുതൊപ്പി. കക്ഷിയെക്കണ്ടു അധ്യാപകരൊന്നടക്കം എഴുന്നേറ്റു നിന്നു. ആരും ശ്വാസംവിട്ടില്ല. എങ്ങും നിശ്ശബ്ദത. ഇൻസ്പെക്ടറുടെ സൂക്ഷ്മദൃഷ്ടി, കത്തിയമ്പുപോലെ നേരെ രാവുണ്ണി കുരിക്കളുടെ കസേരയിൽ ചെന്നു പതിക്കുന്നു. എന്തും സംഭവിക്കാം. ആർക്കും ഒന്നും പറയാൻ വയ്യ; ഊഹിക്കാനും. ഇൻസ്പെക്ടർ സാവകാശം നടന്നു. എല്ലാ കണ്ണുകളും അദ്ദേഹത്തെ പിൻതുടർന്നു. ഇൻസ്പെക്ടർ അടുത്തു ചെന്നു കുരിക്കളുടെ തോളിൽ കൈവെച്ചു. കുട്ടികളാരോ തന്നെ ധിക്കരിച്ചതാവുമെന്ന ധാരണയിൽ കുരിക്കൾ കൈ തട്ടിമാറ്റി അലറി:
“പോടാ, പോ. പോയി നോക്കിയെഴുതു്.”
ഇൻസ്പെക്ടർ വീണ്ടും തോളിൽ തട്ടി. ഇത്തവണ പേരു വിളിച്ചു കൊണ്ടാണു തട്ടിയത്.
ശബ്ദം കേട്ടു് കുരിക്കളുടെ പ്രതിഭ, കണക്കുകൂട്ടി. ഇതു തന്റെ കാലൻ തന്നെ. സംശയിക്കാനില്ല. എങ്കിലും സംഗതി പൂർണ്ണമായി മനസ്സിലാക്കാൻ കുരിക്കൾ പാതിക്കണ്ണു തുറന്നു. കറുത്ത കോട്ടു്, പട്ടാളച്ചിട്ടയിലുള്ള ബട്ടണുകൾ. പിന്നെ താമസമുണ്ടായില്ല, ഒരു ചാട്ടത്തിനു കുരിക്കൾ ഇൻസ്പെകളുടെ കാലു് തന്റെ കൈപ്പിടിയിലാക്കി, കണ്ണു തുറക്കാതെ തന്നെ വിലപിച്ചു:
“സ്വാമിയേ ശരണം.”
അനങ്ങിയാൽ വീഴുമെന്നും, വീണാൽ നട്ടെല്ലു തകരുമെന്നും, നട്ടെല്ലു തകർന്നാൽ അദ്ധ്യാപകവൃന്ദത്തെ വിരട്ടാനാവില്ലെന്നും മനസ്സിലാക്കിയ ഇൻസ്പെക്ടർ ക്ഷോഭമടക്കി പറഞ്ഞു:
”വിടു് രാവുണ്ണി.”
“സ്വാമ്യേ ശരണം.”
“കാലുവിടാൻ.”
“ക്ഷമിക്കണം സാമീ.”
“ക്ഷമിച്ചു രാവുണ്ണി, ഒരു വട്ടമല്ല പലവട്ടം—”
കുരിക്കൾ പിടിവിട്ടെഴുന്നേറ്റ് ശ്രീരാമചന്ദ്രന്റെ മുമ്പിൽ ഹനുമാനെന്നപോലെ ഭക്ത്യാദരപുരസ്സരം നിന്നു. മറ്റദ്ധ്യാപകർ ഒരു വധശിക്ഷയ്ക്കു സാക്ഷ്യം വഹിക്കുന്നവരെപ്പോലെ പരവശരായി നിന്നു. അപ്പോൾ അത്ഭുതം സംഭവിക്കുന്നു:
“രാവുണ്ണി, ഉറക്കം സുഖായോ?”
കുരിക്കൾ തലകുനിച്ചു. ഇൻസ്പെക്ടർ തുടർന്നു.
“ഉറക്കം വന്നാൽ ആരും ഉറങ്ങും. സാരമില്ല. തന്നോടുള്ള ചോദ്യമതല്ല. എവിടെ തന്റെ ക്ലാസ്സിലെ കുട്ടികൾ?”
“അയ്യോ സ്വാമീ, ഇന്നൊരു കല്യാണമുണ്ടിവിടെ.”
അതു് അക്കാലത്തുള്ള റഡീമേഡ് ഉത്തരമാണു്. ഉത്സവക്കാലത്താണെങ്കിൽ ഉത്സവം. മഴക്കാലത്താണെങ്കിൽ വെള്ളപ്പൊക്കം. അല്ലാത്ത അവസരങ്ങളിലൊക്കെ കല്യാണം. ഇൻസ്പെക്ടർ എന്തോ ആലോചിച്ചു നില്ക്കുമ്പോൾ കുരിക്കൾ പറയുന്നു:
“ഇന്നൂണ്ടു്, നാളെയുമുണ്ടു് കല്യാണം.”
ഇൻസ്പെക്ടർ പല്ലുകടിച്ചു മുരണ്ടു.
“നിനക്കു നിത്യകല്യാണം ഭവിക്കട്ടെ, രാവുണ്ണീ.”