ജന്മിമാർ നിരന്തരമായി കുടിയാന്മാരെ ദ്രോഹിക്കുന്നു. അവർ പരസ്പരം പടവെട്ടുന്നു. എല്ലാം കോടതികളിൽ വെച്ചു്. സിവിലായും ക്രിമിനലായും കേസ്സുകൾ നടത്തുന്നതും അന്നത്തെ മുഖ്യ സാംസ്കാരിക പരിപാടിയായിരുന്നു. ഇതിൽ സാംസ്കാരിക നായകന്മാരായി പ്രത്യക്ഷപ്പെടുന്നതു വ്യവഹാര കാര്യസ്ഥന്മാരാണു്. അവർ ജന്മികളുടെ ആശ്രിതന്മാരും ജനശത്രുക്കളുമായിരുന്നു. റജിസ്ട്രാഫീസിലും കോടതിയിലുമായി ഇക്കൂട്ടരുടെ ജീവിതം തളിർക്കുകയും പുഷ്പിക്കുകയും വേരറ്റുണങ്ങി നശിക്കുകയും ചെയ്യുന്നു. അവർക്കു് കോടതികളിൽ നിന്നു വേറിട്ടൊരു ജീവിതമില്ല. ഇടവേളകളിലും ഒഴിവുദിനങ്ങളിലും അവർ പ്രേക്ഷകരെ സംഘടിപ്പിച്ചു കോടതിനടപടികളുടെ മോണോ ആക്ടും മിമിക്രിയും അവതരിപ്പിക്കുന്നു.
ഞങ്ങൾ സ്കൂൾക്കുട്ടികളെ വിളിച്ചിരുത്തി, മോണോ ആക്ടു നടത്തുന്ന ഒരു വ്യവഹാരകാര്യസ്ഥൻ അന്നുണ്ടായിരുന്നു. ഒരു നമ്പ്യാർ. ഒരു ഞായറാഴ്ച ഞങ്ങളെ തേടിവന്നു അമ്പലക്കുളത്തിന്റെ പടവുകളിൽ പിടിച്ചിരുത്തി നമ്പ്യാർ ഒരു പ്രദർശനം നടത്തി. കുറുപ്പു വക്കീലിനെ സംബന്ധിച്ചാണു കഥ. വക്കീൽമാരേയും ജഡ്ജിമാരേയും സംബന്ധിച്ചല്ലാതെ മറ്റു കഥകളൊന്നും നമ്പ്യാർക്കറിയില്ലായിരുന്നു. രാമായണവും ഭാരതവുമൊക്കെ എന്നോ മറന്നു കഴിഞ്ഞിരിക്കുന്നു. നുണയാണെങ്കിലും കേൾക്കാൻ രസമുള്ളതായിരുന്നു നമ്പ്യാരുടെ കഥ. കോടതിനടപടികളൊക്കെ ഇംഗ്ലീഷിലായിരുന്നെങ്കിലും, നമ്പ്യാർക്കു് ഇംഗ്ലീഷ് ഭാഷയിലെ അക്ഷരങ്ങൾ പോലും അറിയില്ലെങ്കിലും വക്കീലന്മാർ തമ്മിലുള്ള വാദവും ജഡ്ജിയുടെ ഇടപെടലുമെല്ലാം ഭംഗിയായവതരിപ്പിക്കും. ഒരിക്കൽ നമ്പ്യാർ ഞങ്ങളോട് ഒരു കേസിന്റെ കഥ വിസ്തരിച്ചതിങ്ങനെയാണ്:
… തുക്ടി സായ്പിന്റെ കോടതിയാണു മക്കളേ, മിണ്ടിയാൽ തല പോകും. ഒരു കാക്ക ഉറക്കെയൊന്നു കരഞ്ഞാൽ ഡഫേദാറെ വിളിച്ചു വെടിവെക്കാൻ കല്പിക്കുന്ന തുക്ടി സായ്പാണ്. കണ്ടാലും സായ്പു തന്നെ. ഉണ്ടക്കണ്ണും നീളൻ മൂക്കും ചെമ്പൻ മുടിയും കൊമ്പൻ മീശയും. പക്ഷേ, തനി സായ്പല്ല. പട്ടാണി സായ്പാണ്. നമ്മളെ വക്കീലന്മാരൊക്കെ തുക്ടി സായ്പിന്റെ മുമ്പിൽ വിറയ്ക്കും.
ഇന്നലെ ബഹുരസം. പയ്യോളി മുസാവരി ബംഗ്ലാവിലാണ് കോടതി ചേർന്നതു്. സായ്പും പരിവാരങ്ങളും എത്തുമ്പോൾ പത്തു മണി. വക്കീലന്മാരും കക്ഷികളും സാക്ഷികളുമൊക്കെ റെഡി. ആരും മൂക്കിലെ ശ്വാസമഴിക്കില്ല. കുതിരവണ്ടിയിറങ്ങി നേരെ ഇടവും വലവും നോക്കാതെ, നടന്നു കസേരയിൽ കേറിയിരുന്നു. പങ്ക വലിക്കുന്ന ചന്തു റഡിയായിട്ടിരിപ്പുണ്ട്. അവൻ വലി തുടങ്ങി. തണുത്ത കാറ്റു തട്ടി സായ്പിന്റെ മുഖത്തെ വിയർപ്പും കുറേശ്ശെ വറ്റിത്തുടങ്ങിയപ്പോൾ അകത്തും തണുപ്പു കേറിയിട്ടുണ്ടാവുമെന്ന വിശ്വാസത്തോടെ വക്കീൽമാർ ഇരുന്നു. എന്നാലുണ്ടല്ലോ, വക്കീൽമാർ ആദരവോടെ സലാം വെക്കുമ്പോൾ മൂപ്പർ കണ്ട ഭാവം നടിക്കില്ല. യമകണ്ടകനാണ്. തൂവാലയെടുത്തു മുഖവും കഴുത്തും തുടച്ചു സായ്പ് നിവർന്നിരുന്നപ്പോൾ നമ്മുടെ കുറുപ്പു വക്കീൽ ഒരു ക്രിമിനൽ പെറ്റീഷൻ ആദരവോടെ സായ്പിന്റെ കൈയിലേക്കങ്ങട്ടു കൊടുത്തു. പള്ളിക്കരദേശത്തെ പ്രധാന ജന്മിയുടെ ഒരു ഹരജി. സായ്പ് ഹരജിയിലൂടെ കണ്ണോടിച്ചു.
സുമാർ നാല്പത്തഞ്ചു വയസ്സു പ്രായവും അഞ്ചടി അഞ്ചിഞ്ചു പൊക്കവും ഇരുനിറവും പിൻകുടുമയുമുള്ള ശിപ്പു അയ്യരെന്ന ഭാഗവതർ ഹരജിക്കാരന്റെ വീട്ടിൽ സ്ഥിരമായി താമസിച്ചു മക്കളെ പാട്ടു പഠിപ്പിച്ചുവരും അവസരത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച താഴെ പറയുന്നവരും അക്രമികളും എന്തും ചെയ്യാൻ മടിക്കാത്തവരും പ്രത്യേകിച്ചു ബഹുമാനപ്പെട്ട ചക്രവർത്തി തിരുമനസ്സിലേക്കും അഹിതമായും ദോഷമായുമുള്ള സംഗതികൾ സദാ ആലോചിക്കുകയും പറയുകയും പ്രവർത്തിക്കുകയും തൊഴിലാക്കിയവരുമായ നാലുപേർ ചേർന്നു ഭാഗവതരെ കട്ടു കൊണ്ടു പോയിരിക്കുന്നു…
ഹരജി ഇത്രയും വായിച്ചുതീരും മുമ്പുതന്നെ സായ്പ് ക്ഷോഭിച്ചു. കണ്ണട മൂക്കത്തു നിന്നു വലിച്ചു മാറ്റി, വക്കീലിനെ രൂക്ഷമായി നോക്കി നിരസത്തോടെ ചോദിച്ചു:
“കളവുമുതലിനു് എത്ര വയസ്സ്?”
“നാല്പത്തിയഞ്ചു്” വക്കീലിന്റെ മറുപടി.
“ആരോഗ്യമെങ്ങനെ?”
“നല്ല ഒന്നാന്തരം ഗുസ്തിക്കാരന്റെ ശരീരം.”
“കള്ളന്മാർ പിടികൂടിയപ്പോൾ കരഞ്ഞു ബഹളം കൂട്ടിയില്ലേ?”
“ഇല്ല. യുവറോണർ, തൊണ്ടിയുടെ വായിൽ തൊണ്ടയോളം ശീല കുത്തിനിറച്ചിട്ടുണ്ടായിരുന്നു. ശ്വാസം കഴിക്കാൻ പോലും തൊണ്ടിക്കു വിഷമമായിരുന്നു.” വക്കീലിന്റെ വിശദീകരണം കേട്ടു തുക്ടി സായിന്റെ മൂക്കു ചുവന്നു. മീശ വിറച്ചു. ഒരട്ടഹാസമാണു പിന്നെ:
“നോൺസെൻസ്”
യുവറോണർക്ക് അസാധ്യമായി കലികയറിയിരുന്നു. ക്രിമിനൽ പെറ്റീഷൻ ഉയർത്തിപ്പിടിച്ചു അദ്ദേഹം പറഞ്ഞു:
“ഞാനിതു കീറി ചവറ്റുകൊട്ടയിലിടും. നാല്പത്തഞ്ചു വയസ്സുള്ള, ഗുസ്തിക്കാരന്റെ തടിമിടുക്കുള്ള ഒരാളെ കട്ടുകൊണ്ടുപോയത്രേ”
കുറുപ്പു വക്കീൽ എഴുന്നേറ്റുനിന്നു തൊണ്ടയനക്കി, തലയുയർത്തി ഒരു താക്കീതെന്നപോലെ പറഞ്ഞു:
“കീറിയാൽ…?”
“എന്താ കീറിയാൽ?”
കുറുപ്പു വക്കീൽ സ്വരത്തിനല്പം കനവും കടുപ്പവും കൂട്ടി തന്റെ വാക്കു് ആവർത്തിച്ചു.
അടക്കാൻ വയ്യാത്ത ശുണ്ഠിയോടെ തുക്ടി സായ്പ് ഹരജി പിച്ചിച്ചീന്തി ചവറ്റുകൊട്ടയിലേക്കെറിഞ്ഞു. അതുകൊണ്ടരിശം തീരാതെ ചുറ്റികയെടുത്തു മേശപ്പുറത്തൊരു നാലു വീക്കും വെച്ചുകൊടുത്തു. കുറുപ്പു വക്കീൽ അക്ഷോഭ്യനായി, തന്റെ ഡയറിയും റിക്കാർട്ടും എടുത്തു കക്ഷത്തുവെച്ചു എഴുന്നേറ്റു പാട്ടു പാടുന്ന സ്വരത്തിൽ പതുക്കെ പറഞ്ഞു:
“കീറി”
മറുപടി കേട്ട് ആരും ചിരിച്ചില്ല. തുക്ടിസായ്പിനെ പേടിച്ചു്. സായ്പിന്റെ കൈയിൽ അപ്പോഴും ചുറ്റിക ഉണ്ടായിരുന്നു. പരമസംതൃപ്തിയോടെ കുറുപ്പുവക്കിൽ പുറത്തു കടന്നു പരാതിക്കാരനോടൊപ്പം വണ്ടിയിൽ ചെന്നു കയറി.
“കുറുപ്പുവക്കീലിന്റെ സംതൃപ്തിക്കുള്ള കാരണം നിങ്ങൾക്കു മനസ്സിലായോ മക്കളേ?”
മോണോ ആക്ടിന്റെ അവസാനം ഞങ്ങളോട് നമ്പ്യാരുടെ ഒരു ചോദ്യം. ഞങ്ങൾക്കു മനസ്സിലാവാത്തതു കൊണ്ട് ഉത്തരം പറഞ്ഞില്ല. അതും നമ്പ്യാർ തന്നെ പറഞ്ഞു:
“എടോ, കോടതിനടപടികളൊക്കെ ഇംഗ്ലീഷിലാണ്. അന്യായക്കാർക്കു വക്കീലെന്തു പറഞ്ഞെന്നു മനസ്സിലാവില്ല. കോഴി കൊത്തും പോലെ രണ്ടും നാലും ജഡ്ജിയുമായി പറഞ്ഞു പിരിയണം. അത്രയേ വേണ്ടൂ. ഫീസ്സ് പോക്കറ്റിലെത്തും…”
നമ്പ്യാർ മോണോ ആക്ടിലൂടെ പ്രദർശിപ്പിച്ച വസ്തുതയ്ക്കു പിറകിലുള്ള കഥ നടന്നതാണെന്നു ഞങ്ങൾ കുട്ടികൾക്കു പോലും കേട്ടറിവുള്ളതായിരുന്നു.
ഗ്രാമീണവായനശാലയുടെ പ്രവർത്തനം പുരോഗമിച്ചപ്പോൾ, തൊഴിലില്ലാതെ ശീട്ടുകളിച്ചും വെടിപറഞ്ഞും സമയം കഴിച്ച യുവാക്കൾക്കു അതൊരാകർഷണ കേന്ദ്രമായിത്തീർന്നു. വൈകീട്ടു ധാരാളം പേർ വായനശാലയിൽ വരാൻ തുടങ്ങി. ഗ്രന്ഥശാലയിൽ അംഗസംഖ്യ പെരുകി. പലർക്കും പുസ്തകവായനയിൽ രസം പിടിച്ചു. വായനശാലയ്ക്കും ഗ്രന്ഥശാലയ്ക്കും പ്രവർത്തകർ ഏറെയായി. സാമൂഹ്യ-രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ യുവാക്കൾ താൽപര്യം പ്രദശിപ്പിച്ചു. കേളപ്പജിയുടെ വലംകൈയായി പ്രവർത്തിച്ച ഇ. സി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ യുവജന നേതൃത്വം ഏറ്റെടുത്തു. പതുക്കെപ്പതുക്കെ ആലസ്യത്തിൽ നിന്നുണരുന്ന ഗ്രാമത്തിന്റെ ചൈതന്യം പല മേഖലകളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി.
മഹാകവി കുട്ടമത്തിന്റെ ബാലഗോപാലം നാടകം മലബാറിൽ അരങ്ങു തകർക്കുന്ന കാലമായിരുന്നു അത്. പിൽക്കാലത്തു് ഓട്ടംതുള്ളലിലൂടെ കേരളമൊട്ടാകെ പ്രസിദ്ധനായ മലബാർ രാമൻനായർ അന്നു നാടകയോഗത്തിലുണ്ടായിരുന്നു. രാമൻ നായരുടെ ‘സുശീല’യെ കണ്ടു കണ്ണു നനയാത്ത പ്രേക്ഷകരുണ്ടായിരുന്നില്ല. ഇല്ലായ്മയുടെ, പരമദാരിദ്ര്യത്തിന്റെ യാതനയും വേദനയും പ്രേക്ഷക ഹൃദയങ്ങളെ മഥിക്കുന്ന രീതിയിലാണ് മഹാകവി ആ നാടകം മിനഞ്ഞെടുത്തത്. അതിലങ്ങോളമിങ്ങോളം നിറഞ്ഞു തുളുമ്പിനില്ക്കുന്ന ഭക്തിരസത്തിന്റെ മഹത്വം മറച്ചു കൊണ്ടല്ല ഇതു പറയുന്നത്. ദാരിദ്ര്യത്തിന്റെ മൂർത്തിമദ്ഭാവമായിരുന്നു സുശീലയെന്ന കഥാപാത്രം. രാമൻ നായരുടെ സിദ്ധി ആ കഥാപാത്രത്തെ കണ്ണീരിന്റെ ഗംഗാപ്രവാഹമായി മാറ്റുകയായിരുന്നു. ഹാസ്യനടനായ കോമൻ നായരുടെ സാന്നിധ്യം ആ നാടകത്തിന്റെ മറ്റൊരു സവിശേഷതയായിരുന്നു. അതിൽ നേരമ്പോക്കിനോ ഹാസ്യത്തിനോ പ്രസക്തിയുണ്ടായിരുന്നില്ലെങ്കിലും വിദൂഷകനെന്ന നിലയിൽ കോമൻ നായർ ആ നാടകത്തോടൊപ്പമുണ്ടായിരുന്നു. ഇടവേളകളിൽ മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നുളളു. ബ്രിട്ടീഷ് സാമ്രാജ്യത്തെ പരോക്ഷമായി ശക്തിപൂർവ്വം എതിർക്കുന്ന ഫലിതങ്ങളായിരുന്നു കോമൻ നായരുടേതു്. ഈ നാടകത്തിന്റെ ജനപ്രീതിയിൽ ആകൃഷ്ടരായ യുവജനങ്ങൾ സ്വന്തമായൊരു നാടകം പഠിച്ചു പ്രദർശിപ്പിക്കണമെന്നു കലശലായി ആഗ്രഹിച്ചു. ആഗ്രഹനിവൃത്തിക്കു മുൻകൈയെടുത്തു പ്രവർത്തിച്ചത് ഗ്രാമീണ വായനശാലയുടെ പ്രവർത്തകരായിരുന്നു. എല്ലാവരും ഒരുപോലെ ആഗ്രഹിച്ചതു് ബാലഗോപാലം നാടകമായിരുന്നു.
അഭിനേതാക്കളെ നിർണ്ണയിക്കുമ്പോഴാണ് മുഖ്യമായൊരു വിഷമം നേരിട്ടത്. ശ്രീകൃഷ്ണന്റെ ഭാഗമെടുക്കാൻ പ്രാപ്തനായ ഒരു കുട്ടിയെ കിട്ടാനില്ല. ആകാരസൗഷ്ഠവമുള്ള കുട്ടിക്കു സ്വരശുദ്ധിയില്ല. അഭിനയിക്കാൻ കഴിവുള്ളവർക്കു പാടാൻ വയ്യ. ആകെ കുഴപ്പം. യുവാക്കളായ അഭിനേതാക്കൾക്കു് ഒരു ക്ഷാമവുമുണ്ടായിരുന്നില്ല. തട്ടാടത്തു തറവാട്, അന്നു പള്ളിക്കരദേശത്തും പരിസരത്തും അറിയപ്പെടുന്നതു കലാകാരന്മാരുടെ കേന്ദ്രമെന്ന നിലയിലാണ്. ഗോപാലൻനായർ, രാവുണ്ണിനായർ, കുഞ്ഞനന്തൻ നായർ എന്നിങ്ങനെ അരങ്ങിൽ ശോഭിക്കുന്ന പല നടന്മാരും അന്നുണ്ടായിരുന്നു. ഇവരിൽ സംഘടനാ വൈഭവം കൊണ്ടും കരുത്തുകൊണ്ടും ശരീരബലം കൊണ്ടും മുന്നണിയിൽ നിന്നത് കുഞ്ഞനന്തൻ നായരായിരുന്നു.
ശ്രീകൃഷ്ണനുവേണ്ടിയുള്ള അന്വേഷണം ഒടുവിൽ ചെന്നെത്തിയതു് സ്ഥാനിയും പ്രബലനുമായ ഒരു ജന്മിയുടെ വീട്ടിലായിരുന്നു. ജന്മിയെ ആശ്രയിച്ചു കഴിയുന്ന ഒരു കൊച്ചുമിടുക്കനവിടെയുണ്ടായിരുന്നു. നന്നായി പാടും. ശ്രീത്വമുള്ള മുഖം. പക്ഷേ, ഫലമെന്ത്? ജന്മി പുതുമകൾക്കു നേരെ മുഖം തിരിച്ചു നില്ക്കുന്ന ആളായിരുന്നു. വായനശാല സ്ഥാപിച്ചതും യുവാക്കൾ സംഘംചേരുന്നതും ചർച്ചകൾ നടത്തുന്നതും നാടകപ്രദർശനം നടത്തുന്നതുമെല്ലാം ജന്മിക്ക് അരോചകമായിരുന്നു. സാർവ്വഭൗമനായ ജോർജ്ജ് ചക്രവർത്തിയുടെ ആരാധകനായിരുന്നു അദ്ദേഹം. ജന്മിമാരുടെ താൽപര്യം സംരക്ഷിക്കാൻ ചക്രവർത്തി തിരുമനസ്സു് എക്കാലവും വാഴണമെന്നും സ്വാതന്ത്ര്യം വേണമെന്നു മുറവിളി കൂട്ടിനടക്കുന്ന വിവരദോഷികളെ പോലീസ് വേണ്ടപോലെ കൈകാര്യം ചെയ്തു് ഒതുക്കണമെന്നും അദ്ദേഹം ആശിച്ചിരുന്നു. ആശയ്ക്കനുസൃതമാംവിധം പലതും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അധീനതയിലാണ് ശ്രീകൃഷ്ണവേഷത്തിനുവേണ്ടി കണ്ടുവെച്ച കുട്ടി. എങ്ങനെ കിട്ടും? പ്രവർത്തകർ ആലോചിച്ചു വിഷമിച്ചു വഴിമുട്ടി നില്ക്കുമ്പോൾ ‘നമ്പ്യാർ’ പ്രത്യക്ഷപ്പെടുന്നു. ജന്മിയുടെ വ്യവഹാരകാര്യസ്ഥനാണു നമ്പ്യാരെങ്കിലും അദ്ദേഹം ഒരു കായംകുളം വാളായിരുന്നു. വായനശാലാപ്രവർത്തകരേയും ജന്മിയേയും ഒരുപോലെ ഒരേസമയത്തു പ്രീതിപ്പെടുത്തി നിർത്താൻ അദ്ദേഹത്തിനറിയാമായിരുന്നു. വേണ്ട സമയത്തു രണ്ടുപേരേയും കൂട്ടിമുട്ടിച്ചു വഴക്കുണ്ടാക്കാനും നമ്പ്യാർ സമർത്ഥനായിരുന്നു. പരിഹാരമില്ലാത്ത പ്രശ്നത്തിനു മുമ്പിൽ തളർന്നു നില്ക്കുന്ന പ്രവർത്തകർക്ക് അദ്ദേഹം വഴിതെളിയിച്ചുകൊടുത്തു.
”ഒരു കാര്യം ചെയ്യാം. രാത്രി മൂപ്പരു് ഉറങ്ങാൻ കിടക്കുന്ന സമയം നോക്കി നിങ്ങൾ വന്നോളൂ. ചെക്കനെ വിളിച്ച് നിങ്ങളെ ഏല്പിക്കാം. നാടകത്തിന്റെ ചൊല്ലിപ്പഠിപ്പു കഴിഞ്ഞു വീട്ടിലെത്തിച്ചാൽ മതി. ആരും അറിയില്ല. ആരോടും പറയുകയും വേണ്ട.”
സംഗതി ശുഭം. എല്ലാവർക്കും സന്തോഷമായി. നമ്പ്യാരുടെ പരിപാടിക്കനുസൃതമായി കാര്യങ്ങൾ മുന്നോട്ടു നീങ്ങി. റിഹേഴ്സൽ മുറയ്ക്കു നടന്നു. നാടകം പരിപൂർണ്ണവിജയമാവുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
ശുഭദിനങ്ങൾ ഏറെ കടന്നുപോയില്ല. രാത്രിനേരത്തു കുട്ടി പുറത്തു പോകുന്നതും വൈകീട്ടു തിരിച്ചുവരുന്നതും ഭാഗവതരുടെ ശ്രദ്ധയിൽ പെട്ടു. ഒരു അപസർപ്പകനെപ്പോലെ ഭാഗവതർ അന്വേഷണമാരംഭിച്ചു. സംഗതി കണ്ടുപിടിച്ചു. പിന്നെ താമസമുണ്ടായില്ല, ജന്മിയുടെ മുമ്പിൽ ഭാഗവതർ തന്റെ കണ്ടുപിടുത്തം അവതരിപ്പിച്ചു. ആകെ ബഹളം. അന്വേഷണം. തെളിവെടുപ്പ്. നിരോധനാജ്ഞ. സന്ധ്യയ്ക്കു മുമ്പു് കുട്ടിയെ അകത്തിട്ടു പൂട്ടാൻ കല്പന.
നാടകം മുടങ്ങുമെന്നു തീർച്ചയായി. പ്രവർത്തകർക്കിടയിൽ മാന്ദ്യം. നിരാശ. ഭാവിപ്രവർത്തനത്തെ സംബന്ധിച്ച് ആർക്കും ഒരു രൂപവുമില്ല. അപ്പോൾ കഞ്ഞനന്തൻ നായർ പറഞ്ഞു:
“സാരമില്ല, നാടകം എങ്ങനെയെങ്കിലും നടത്താം. അക്കാര്യത്തിലാരും വിഷമിക്കേണ്ടതില്ല. പക്ഷേ, ഈ കൊടും വഞ്ചനയുണ്ടല്ലോ, ഇതിനു പ്രതികാരം ചെയ്യണം. അതാണാദ്യം വേണ്ടത്.”
എല്ലാവരും ആ അഭിപ്രായത്തോടു യോജിച്ചു. അന്നത്തെ രാത്രി ശുഭമുഹൂർത്തം നോക്കി ഭാഗവതരെ കട്ടു. അകലെ ആളൊഴിഞ്ഞൊരു വീട്ടിൽ തടവുകാരനെപ്പോലെ പാർപ്പിച്ചു. കാവൽക്കാരേയും നിയമിച്ചു. തുടർന്നു് ജന്മിയുടെ ആൾക്കാരും പോലീസും പല വഴികളിലൂടെ അന്വേഷിച്ചു. തുമ്പുകിട്ടാതെ വന്നപ്പോൾ ഹരജിയുമായി ജന്മി കോടതിയെ സമീപിച്ചു. അവിശ്വസനീയവും അഭൂതപൂർവ്വവുമായ ആവലാതി കണ്ടു ശുണ്ഠിപിടിച്ച തുക്ടി—സബ്ഡിവിഷനൽ മജിസ്ട്രേട്ട്—ഹരജി കീറി വലിച്ചെറിഞ്ഞതോടെ പ്രശ്നം അവസാനിച്ചു. ഭാഗവതർ മോചിതനുമായി.