images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
ശനിയൻസഭ

മഠത്തിൽ സ്കൂൾസമരവും അതിന്റെ വിജയകരമായ പരിസമാപ്തിയും അദ്ധ്യാപകസമൂഹത്തിൽ ആവേശമുയർത്തി. സംഘടനയിൽ അവർക്കുണ്ടായിരുന്ന വിശ്വാസം കൂടുതൽ ബലപ്പെട്ടു. മലബാറിൽ അങ്ങോളമിങ്ങോളം യൂണിയൻ ശാഖകൾ രൂപംപൂണ്ടു. ചുറുചുറുക്കും തന്റേടവുമുള്ള ചെറുപ്പക്കാർ യൂണിയൻ ഭാരവാഹികളായി ചുമതലയേറ്റെടുക്കാൻ മുമ്പോട്ടുവന്നു. എവിടേയും ജനങ്ങളുടെ പരിപൂർണ്ണ സഹകരണമുണ്ടായി. അവർക്കു് അദ്ധ്യാപകനെ നിരാകരിക്കാനോ തള്ളിപ്പറയാനോ എങ്ങനെ കഴിയും? ഗ്രാമീണ ജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിരുന്നു അന്നദ്ധ്യാപകൻ. ഏതു നല്ല പ്രസ്ഥാനത്തോടുമൊപ്പം അദ്ധ്യാപകനുണ്ടായിരുന്നു. നാട്ടിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സമരത്തിലുണ്ടു്, സാമൂഹ്യസേവനത്തിലും ആതുരശുശ്രൂഷയിലും അദ്ധ്യാപകനുണ്ടു്. അദ്ധ്യാപകന്റെ പ്രശ്നം ജനത്തിന്റെ മുഴുവനും പ്രശ്നമാണെന്നു് എയിഡഡ്, അദ്ധ്യാപക സമരത്തിന്റെ ചരിത്ര രേഖകളിൽ കാണാൻ ഒട്ടും പ്രയാസമില്ല.

പ്രതീക്ഷിക്കാത്തത്ര വേഗത്തിലാണു സംഘടന ശക്തിപ്രാപിച്ചതു്. കേന്ദ്രസംഘടനയുടെ കീഴിൽ, ഫലപ്രദമായി പ്രവർത്തിക്കുന്ന ഘടകങ്ങൾ, ചിറയ്ക്കൽ തൊട്ടു പൊന്നാനിവരെയുള്ള പത്തു താലൂക്കുകളിലും നിലവിൽവന്നു. കുറുമ്പ്രനാടു താലൂക്കിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതു് ശ്രീ. കെ. ജി. കിടാവിനയായിരുന്നു. സെക്രട്ടറിയായി ശ്രീ. കെ. പി. പത്മനാഭനേയും ജോയന്റ് സെക്രട്ടറിയായി എന്നേയും.

മഠത്തിൽ സ്കൂൾ സമരം വഴി അപ്പോഴേക്കും മിസ്റ്റർ പത്മനാഭൻ ഒരു ‘ഹീറോ’ ആയിക്കഴിഞ്ഞിരുന്നു. താലൂക്കു യുണിയന്റെ ആദ്യത്ത ശ്രമം മിക്കവാറും എല്ലാ റവന്യൂ ഫർക്കകളിലും കീഴ്ഘടകങ്ങൾ സംഘടിപ്പിക്കലായിരുന്നു. ഒട്ടും പ്രയാസമില്ലാതെ അതു സംഘടിപ്പിക്കാൻ കഴിഞ്ഞു. ഏതുൾനാട്ടിൽ ചെന്നാലും ഹൃദയപൂർവ്വമായ സ്വീകരണം: സഹകരണം. ഏതു നിലയിൽ എന്തു സഹായം ചെയ്യാനും ജനം തയ്യാർ. കീഴ്ഘടകങ്ങളുടെ രൂപീകരണത്തെത്തുടർന്ന് എല്ലാ സ്ഥലത്തും സമ്മേളനങ്ങൾ നടത്തി. പി. ആർ. നമ്പ്യാർ, പി. എം. കുഞ്ഞിരാമൻ നമ്പ്യാർ, ടി. സി. നാരായണൻ നമ്പ്യാർ തുടങ്ങിയ നേതാക്കന്മാർ എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തു. മൂന്നു നേതാക്കന്മാരും മൂന്നു രീതിയിലാണു പ്രസംഗത്തിലൂടെ ജനങ്ങളേയും അദ്ധ്യാപകരേയും ബോധവാന്മാരാക്കിയതു്. നർമ്മം തുളുമ്പുന്ന ശൈലിയിൽ നാടൻകഥകളും പഴഞ്ചൊല്ലുകളും കലർത്തി വാക്കിനു വാക്കിനു ശ്രോതാക്കളെ ചിരിപ്പിച്ചുകൊണ്ടിരുന്നു പി. ആറിന്റെ പ്രസംഗം.

സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന പി. എം.-ന്റെ പ്രസംഗം സിംഹഗർജ്ജനമായിരുന്നു. അതു കേട്ടിരിക്കുന്നവർക്കു് ഏതോ വലിയൊരു സംഭവം ആസന്നമായിരിക്കുന്നു എന്ന തോന്നലുണ്ടാവും. ടി. സി. ക്കു ഫലിതമുണ്ട്. വേണ്ടെടത്തു ഗൗരവമുണ്ടു്. ശ്രോതാക്കളെ എത്രനേരമെങ്കിലും പിടിച്ചിരുത്താനുള്ള പാടവമുണ്ടു്. പ്രസംഗിച്ചുകൊണ്ടു ടി. സി. മുൻനടക്കുകയാണെങ്കിൽ ഒരു മടിയും കൂടാതെ ശ്രോതാക്കളദ്ദേഹത്തെ എങ്ങോട്ടു വേണമെങ്കിലും പിൻതുടരുമായിരുന്നു; പ്രതിബന്ധങ്ങളേതും ഗൗനിക്കാതെ. അത്രയ്ക്കു കഴിവുറ്റതായിരുന്നു, ഫലപ്രദമായിരുന്നു ടി. സി. യുടെ പ്രസംഗം. ഈ മൂന്നുപേരോടൊപ്പം ഒരു രണ്ടാംനിരയും നേതൃത്വത്തിലേക്കു സാവകാശം നടന്നടുക്കുകയായിരുന്നു. ടി. സി. നാരായണക്കുറുപ്പ്, സി. സി. നായർ, കെ. വി. കുഞ്ഞിക്കണ്ണൻ നായർ, കറളിക്കണ്ടി കുഞ്ഞിരാമൻ നായർ, ഉണ്ണിക്കിടാവ് അങ്ങനെ എണ്ണിയെണ്ണിപ്പറയാവുന്ന അദ്ധ്യാപകർ ഒട്ടുവളരെപ്പേർ സംഘടനയ്ക്കു ചൈതന്യം പകരാൻ മുന്നോട്ടു വന്നു. ഓർമ്മയിൽ നിന്നു വഴതിപ്പോയവർ ക്ഷമിക്കട്ടെ.

അടുത്ത ഊഴം മാനേജർമാരുടേതായിരുന്നു. അദ്ധ്യാപക യൂണിയൻ ശക്തി പ്രാപിച്ചുവരുന്നതിൽ മാനേജർമാരിൽ ചിലർക്കു് അങ്കലാപ്പുണ്ടായി. അവർക്കും വേണം ഒരു യൂണിയനെന്നായി. യൂണിയന്റെ രൂപീകരണവും അദ്ധ്യാപകർക്കുനേരെ വാളോങ്ങലും ഒരുമിച്ചായിരുന്നു. കണ്ണാടിപ്പറമ്പു സ്കൂളിൽനിന്നു ടി. സി. നാരായണൻനമ്പ്യാരെ പിരിച്ചുവിട്ടു. യൂണിയന്റെ കടയ്ക്കൽത്തന്നെ കത്തിവെച്ചുകൊണ്ടു് മാനേജർമാർ ഊറ്റംകൊണ്ടു. മാനേജേഴ്സ് യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ടി. എച്ച്. കൃഷ്ണൻ നായർ മേലടിയിലുള്ള തന്റെ സ്കൂളിൽ നിന്ന് ഒരദ്ധ്യാപകനെ പിരിച്ചുവിട്ടു. അങ്ങനെ പല സ്ഥലങ്ങളിലും പിരിച്ചുവിടൽ നടത്തിക്കൊണ്ടു് മാനേജർമാർ ഒരു സംഘട്ടനത്തിനു കളമൊരുക്കി. മാനേജ്മെന്റ് സമ്പ്രദായമെന്ന മാൻതോൽപ്പുതപ്പിനുള്ളിൽ ഉറക്കം നടിച്ചു കിടന്നതു ബ്രിട്ടീഷ് സിംഹമായിരുന്നു. മനുഷ്യരക്തത്തിന്റെ സ്വാദു് അനുഭവിച്ചറിഞ്ഞ സിംഹം. ആ സിംഹത്തിന്റെ വാലിൽ കേറിയാണു പിടിക്കുന്നതെന്നു യൂണിയൻ നേതാക്കന്മാക്കു വ്യക്തമായി അറിയാമായിരുന്നു. അറിഞ്ഞുകൊണ്ടു തന്നെ അവർ സിംഹത്തെ ഉണർത്തി. അതു സടകുടഞ്ഞെഴുന്നേറ്റു. പല്ലും നഖവും പുറത്തുകാട്ടി അലറി. പി. എം. പറഞ്ഞു:

“അതെ; സ്വാതന്ത്ര്യസമരമുഖത്തു നമ്മളൊരു രണ്ടാം നിരയുടെ ഉദ്ഘാടനമാണു നടത്തുന്നതു്.”

മാനേജർമാർക്കതു മനസ്സിലായില്ലാ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സേവിക്കുന്ന ഉദ്യോഗസ്ഥന്മാർക്കതു മനസ്സിലായില്ല. സാമ്രാജ്യത്വത്തെ താങ്ങിനിർത്തുന്ന തൂണുകളായി വർത്തിക്കുന്ന അംശം അധികാരിമാർക്കതു മനസ്സിലായില്ല. ഇവരെല്ലാവരും ചേർന്നു യൂണിയനെ നശിപ്പിക്കാനൊരുങ്ങി. പിരിച്ചുവിടലായിരുന്നു അവരുപയോഗിച്ച ഏറ്റവും വലിയ ആയുധം. പിരിച്ചുവിടപ്പെട്ടവർ യൂണിയനെ വിവരമറിയിക്കുന്നു. യൂണിയൻ ബന്ധപ്പെട്ട അധികൃതരെ സമീപിക്കുന്നു. ആക്ഷേപം ബോധിപ്പിക്കുന്നു. മറുപടിയില്ല. നിവേദനം, ആക്ഷേപം, പ്രതിഷേധം ഇതെല്ലാം നിത്യമെന്നോണം സംഭവിച്ചുകൊണ്ടിരിക്കുകയും, അദ്ധ്യാപകസമൂഹത്തിൽ അമർഷത്തിന്റെ കൊടുങ്കാറ്റുയരുകയും ചെയ്യുന്ന സവിശേഷ സന്ദർഭത്തിലാണ് അദ്ധ്യാപക യൂണിയൻ ഒരു പ്രത്യേകസമ്മേളനം തലശ്ശേരിവെച്ചു ചേരുന്നതു്.

മദിരാശിയിലെ ഇടക്കാല ഗവണ്മെന്റിലെ വിദ്യാഭ്യാസമന്ത്രി ഡോക്ടർ സുബ്ബരായനാണു സമ്മേളനം ഉദ്ഘാടനം ചെയ്തതു്. മലബാറിന്റെ നാനാഭാഗത്തുനിന്നു് അദ്ധ്യാപക ജാഥകൾ തലശ്ശേരിയിൽ എത്തിച്ചേർന്നിരുന്നു. മുദ്രാവാക്യങ്ങളും ഗാനങ്ങളും കൊണ്ടു സമ്മേളനസ്ഥലവും പരിസരവും മുഖരിതമായി. അദ്ധ്യാപകരോടൊപ്പം ബഹുജനങ്ങളും ചേർന്നു് അവിടമൊരു ജനസമുദ്രം സൃഷ്ടിച്ചു. രോഷാകുലരായിരുന്നു അദ്ധ്യാപകർ. അവർ എന്തു ത്യാഗം സഹിക്കാനും തയ്യാറാണെന്നു് ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. മന്ത്രിയെ ഇരുത്തിക്കൊണ്ടു് ആ സമ്മേളനത്തിൽ ടി. സി. അന്നു ചെയ്ത പ്രസംഗം, അവിടെ പങ്കെടുത്തവരുടെ മനസ്സിൽ ഇന്നും പച്ചപിടിച്ചുനില്പുണ്ടാവും. അത്രയ്ക്കു ഗംഭീരമായിരുന്നു ആ പ്രസംഗം. പ്രസംഗത്തിന്റെ സ്വരവും പ്രകടനത്തിന്റെ മട്ടും ഒരു കാര്യം വ്യക്തമായി മന്ത്രിയെ ധരിപ്പിച്ചു: മാനേജ്മെന്റ് സമ്പ്രദായം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിന്നു അദ്ധ്യാപകസമൂഹം ഒരിഞ്ചുപോലും; പിൻവാങ്ങാൻ തയ്യാറില്ല. തടവറയോ തൂക്കുമരമോ ഏതു കിട്ടിയാലും സ്വീകരിക്കും, വിട്ടുവീഴ്ചയില്ല. മന്ത്രിക്കു വ്യക്തമായ മറുപടി പറയാൻ വയ്യായിരുന്നു. അതു കൊണ്ടദ്ദേഹം യൂണിയനെ തൃപ്തിപ്പെടുത്തുമാറുള്ള പ്രസ്താവനകളൊന്നും ചെയ്തില്ലെന്നാണോർമ്മ. ഏതായാലും, സമ്മേളനം യൂണിയന്റെ പരാജയമാണെന്നും വലിയ പ്രതീക്ഷയോടെ ക്ഷണിച്ചുവരുത്തിയ വിദ്യാഭ്യാസമന്ത്രി ഒട്ടും സുഖകരമല്ലാത്ത അവസ്ഥയിലാണു തിരിച്ചുപോയതെന്നും അദ്ധ്യാപകർക്കു സമരപ്പനിയാണെന്നും പനിച്ചുപനിച്ച് ഒടുവിൽ യൂണിയൻ ഇല്ലാതാവുമെന്നും മറുപക്ഷം പ്രചാരവേല നടത്തി. പ്രചാരവേലയോടൊപ്പം അദ്ധ്യാപകരെ ദ്രോഹിക്കുന്ന നടപടി കൈക്കൊള്ളുകയും ചെയ്തു.

അക്കാലത്തു് അദ്ധ്യാപകരെ ആവേശം കൊള്ളിച്ച പടപ്പാട്ടുകളിൽനിന്നു ചില വരികൾ ഓർമ്മിക്കുന്നു:

ഭാരതത്തിൽ ശാന്തി നേടാൻ, ജീവിതമർപ്പിക്കപ്പെട്ട
ഗുരുവരാ—ജയിലിലേക്കോ നിന്റെ പ്രയാണം
കുട്ടികൾ പഠിച്ചില്ലെങ്കിൽ ബ്രിട്ടനെന്തു നഷ്ടപ്പെടാൻ
ബ്രിട്ടീഷു കാരൻ ‘സ്റ്റാത്താ’മിനു് സങ്കടമെന്തു്?
അടങ്ങുകില്ലിനി ഞങ്ങൾ സ്വകാര്യ മാനേജ്മെന്റിൻ
അടിത്തറ പറപ്പിക്കാതടങ്ങുകില്ലാ!
ഇന്നലെയോളം കൊച്ചു കിടാങ്ങളെ
പൊന്നുമക്കളെപ്പോലെ പഠിപ്പിച്ചോർ
ഇന്നവരെങ്ങും ജയിലിൽ, നരകത്തിൽ
കല്ലറയിൽ, കൊതുകിൻ തറവാട്ടിൽ
ഭീതിയില്ലെ നിനക്കു നിയമമേ
നീതികേടിനു ചൂട്ടുകാണിക്കുവാൻ
നാണമില്ലേ നിനക്കു ഭരണമേ
നാട്ടിലിത്തരമാപത്തു സൃഷ്ടിക്കാൻ
നാളെയിനി പ്രഭാതത്തിൻ കിരണങ്ങൾ
ഊഴിയിൽ വന്നു വീഴേണമെങ്കിലോ
ടീച്ചർമാർതൻ സമസ്താവകാശവും
വെച്ചുതന്നേക്കധികൃതവർഗ്ഗമേ—

ഇനിയുള്ള കാലം സമരകാലം. എല്ലാവരുടെ മനസ്സും മന്ത്രിച്ചു. നേതാക്കന്മാർ ഒരുമിച്ചിരുന്നു തലപുകഞ്ഞാലോചിച്ചു. സമരം അനിവാര്യമാണു്. അതെങ്ങനെ നടത്തും? അദ്ധ്യാപകർ ഒന്നടക്കം പണിമുടക്കി വിദ്യാലയങ്ങൾ അടച്ചിടുന്ന സമരം വയ്യ. ഇന്നുള്ള പൊതുജനാനുകൂല്യം നഷ്ടപ്പെടും. കുട്ടികൾ വെറുതെ ഇരിക്കേണ്ടിവരും. അവരുടെ പഠിപ്പു മുടങ്ങും. ഇലയ്ക്കും മുള്ളിനും കേടില്ലാത്തൊരു വഴി കണ്ടെത്തണം. അങ്ങനെ ആലോചിച്ചാലോചിച്ചു കണ്ടെത്തിയ വഴി ‘ഗുരുജനസമാജ’ ബഹിഷ്കരണമായിരുന്നു.

ഈ ഗുരുജനസമാജമെന്നു പറയുന്നതിനു മറെറാരു പേരുകൂടിയുണ്ടു്: ശനിയൻ സഭ. എല്ലാ മാസവും ഏതെങ്കിലുമൊരു ശനിയാഴ്ച ഏതാനും സ്കൂളുകളിലെ അദ്ധ്യാപകർ ഒരിടത്തു് ഒത്തുചേരുക. ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ ‘ഡർബാറെ’ന്നും ഈ ശനിയൻസഭയ്ക്കു പേരു നല്കാവുന്നതാണു്. അദ്ധ്യാപകർ ഒത്തു ചേരുന്നതു മിക്കവാറും ഡപ്യൂട്ടി ഇൻസ്പെക്ടറുടെ പ്രസംഗം കേൾക്കാനാണെന്നും അന്നു പലരും ധരിച്ചിരുന്നു. നടപടിക്രമങ്ങൾ ആ ധാരണയ്ക്കു് ആക്കം കൂട്ടുന്നവിധമായിരുന്നു. ഇൻസ്പെക്ടർ വരും, സ്വയം ആധ്യക്ഷ്യം വഹിക്കും, സെക്രട്ടറി കഴിഞ്ഞ യോഗത്തിലെ മിനിട്ട്സ് വായിക്കും. ഈ സെക്രട്ടറി എപ്പോഴും ഗവൺമെന്റ് സ്കൂളിലെ ഒരു അദ്ധ്യാപകനായിരിക്കും. അങ്ങനെയുള്ളവർക്കു വിധേയത്വം കൂടുമല്ലോ. ഇൻസ്പക്ടറെപ്പോലെ അദ്ദേഹത്തിനും സ്വന്തമാണല്ലാ ഗവണ്മെന്റ്. മിനിട്ട്സ് വായന കഴിഞ്ഞാൽ അധ്യക്ഷൻ പ്രസംഗിക്കും. അതോടെ സഭ കഴിയുന്ന പതിവാണു മിക്കവാറും. അദ്ദേഹത്തിന് എത്ര വേണമെങ്കിലും നീട്ടി പ്രസംഗിക്കാം. വിനീതവിധേയരാണല്ലോ മുമ്പിലിരിക്കുന്നതു്. അദ്ധ്യാപകരുടെ അച്ചടക്കം, ഗ്രന്ഥപാരായണത്തിലൂടെ വിജ്ഞാനം വികസിപ്പിച്ചെടുക്കേണ്ട ആവശ്യകത, എന്നുവേണ്ട ക്ഷമ, അഹിംസ, പച്ചക്കറി ഭക്ഷണം, പ്രഭാതസ്നാനം, നാമജപം വരെ ആ പ്രസംഗം ചെന്നത്താറുണ്ടു്. ചില ഇൻസ്പെക്ടർമാർ, സാഹിത്യാദി കലകളിൽ ഞങ്ങൾക്കും പ്രാവീണ്യമുണ്ടെന്നു തെളിയിക്കാൻ ശനിയൻ സഭയിൽ ചില പുതിയ പരിപാടികൾ അവതരിപ്പിക്കും. അവയിലൊന്നായിരുന്നു സാഹിത്യവിനോദം. സംഗതി ലളിതമാണ്. ഏതെങ്കിലുമൊരു അദ്ധ്യാപകൻ ഒരു കവിത കൊണ്ടുവന്നു ചൊല്ലും; അതിലെ ആസ്വാദ്യത വെളിപ്പെടുത്തുമാറു് പ്രസംഗിക്കുകയും ചെയ്യും. വള്ളത്തോളും കുമാരനാശാനും ഉളളൂരും ജീയുമൊക്കെ അങ്ങനെ ഞങ്ങളുടെ ശനിയൻ സഭയിൽ ഇടയ്ക്കിടെ വന്നുപോകാറുണ്ടായിരുന്നു.

യൂണിയനും അധികൃതരും കലശലായി ഇടഞ്ഞു നില്ക്കുന്ന കാലം. അന്നൊരു ശനിയൻസഭയിൽ സാഹിത്യവിനോദം എന്റെ വകയായിരുന്നു. ഞാൻ മഹാകവികളുടെ കവിതയൊന്നും കൊണ്ടുപോയില്ല. അക്കാലത്തു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രത്യക്ഷപ്പെട്ട ഒരു കവിത എനിക്കു വളരെ ഇഷ്ടമായി. ‘രാവണന്റെ രണ്ടു വാക്കു്’ എന്നായിരുന്നു കവിതയുടെ പേരു്. കവിയെ ഓർക്കുന്നില്ല. രാമബാണമേറ്റു മൃത്യുപൂകാൻ തുടങ്ങുന്ന രാവണൻ തന്റെ സഹോദരനായ വിഭീഷണനോടു പറയുന്ന രണ്ടു വാക്കാണു കവിതയുടെ ഇതിവൃത്തം.

“ഉറ്റസോദരൻ ഭവാനൊറ്റുകാരനായി നിന്നു, മാറ്റാരേ സഹായിച്ച മാററിത്തത്താഴി”ലാണ് എന്നെ കൊല്ലുന്നതു്. അല്ലാതെ രാമസായകമല്ലെന്നു രാവണൻ പയുന്നു. ഇതു സന്ദർഭത്തിനു വളരെ ഇണങ്ങുമെന്നനിക്കു തോന്നി. യൂണിയനു പുറത്തുനിന്നും അധികൃതരേയും മാനേജുമെന്റിനേയും സേവിക്കുന്ന അദ്ധ്യാപകരുടെ ചെയ്തികളെ കുളിയാക്കാനും പറ്റും. അങ്ങനെയാണു കവിത ചൊല്ലാനും വ്യാഖ്യാനിക്കാനും ഞാനൊരുമ്പെട്ടതു്. ഇൻസ്പെക്ടർ ക്ഷോഭിച്ചു. ടീച്ചർ മാനേജർമാരായി സദസ്സിലുണ്ടായിരുന്നവർ ക്ഷോഭിച്ചു. മറ്റുള്ളവർ കൈയടിച്ചു് അഭിനന്ദിക്കുകയും ചെയ്തു.

ശനിയൻസഭ ഒരു പ്രവൃത്തിദിവസമായി കണക്കാക്കുന്നതുകൊണ്ടു് അതിൽ പങ്കെടുക്കാതിരിക്കുന്നതു നിയമലംഘനമാണ്. ബഹിഷ്കരണമാവുമ്പോൾ കുറ്റം ഇരട്ടിക്കുകയും ചെയ്യുന്നു. യൂണിയന്റെ ആഹ്വാനം അനുസരിച്ചു ഭൂരിപക്ഷം ബഹിഷ്കരണത്തിൽ പങ്കെടുത്തു. പങ്കെടുത്തവരുടെ പേരിൽ നിയമനടപടികൾ കൈക്കൊള്ളാൻ ഡിപ്പാർട്ട്മെന്റ് ഒരുക്കം കൂട്ടുമ്പോൾ ബഹിഷ്കരണ പരിപാടിയിൽ പങ്കെടുക്കാത്ത ന്യൂനപക്ഷത്തെ കൈകാര്യം ചെയ്യേണ്ടതു് ഏതു വിധമായിരിക്കണമെന്നു യൂണിയൻ ആലോചിക്കുകയായിരുന്നു. യൂണിയനോടു സഹകരിക്കാതെ അകത്തു കയറിക്കൂടുന്നവരെ പിക്കറ്റുചെയ്യണമെന്നു തീരുമാനമെടുത്തു.

പിക്കറ്റിങ് ആരംഭിച്ചു. അപ്പോൾ അതൊരു ബഹുജനപ്രസ്ഥാനത്തിന്റെ രൂപം കൈക്കൊള്ളുകയാണു ചെയ്തതു്. പിക്കറ്റിങ് കാണാനും അകത്തു കയറുന്നവരെ നാണം കെടുത്താനും നാട്ടുകാരൊരുപാടു വന്നുചേർന്നു. അവർ ഒത്തുചേർന്നു വലിയൊരു മതിൽക്കെട്ടുപോലെ ശനിയൻ സഭ നടക്കുന്ന ഹാൾ വലയം ചെയ്തു. ആർക്കും കടക്കാൻ കഴിയുന്നില്ല. ഡെപ്യൂട്ടി ഇൻസ്പെക്ടർമാർ പല സ്ഥലത്തുനിന്നും അകത്തു കടക്കാൻ കഴിയാതെ മടങ്ങേണ്ടിവന്നു. ചില സ്ഥലങ്ങളിൽ തലേന്നാൾ രാത്രി സ്കൂളിൽ കയറിക്കൂടിയ ചില അദ്ധ്യാപകരെ ജനം കൂവി എലിയെ പുകച്ചു ചാടിക്കുമ്പോലെ വെളിയിൽ ഇറക്കുകയും, വാദ്യഘോഷങ്ങളോടെ കത്തിച്ചുപിടിച്ച ചൂട്ടുകൾ തെളിയിച്ചുകൊണ്ടു പട്ടാപ്പകൽ ഘോഷയാത്രയായി വീടുകളിലോളമെത്തിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിരുന്നു. ചിലേടത്ത് ഒരുത്സവച്ഛായതന്നെ കാണപ്പെട്ടിരുന്നു. വെള്ള കീറുന്നതിനു മുമ്പു ജനമെത്തും. പിക്കറ്റിങ്ങിനുള്ള വാളണ്ടിയർമാർ വരുംമുമ്പെ ജനം കെട്ടിടം വളയും. അന്നു് ഒഴുക്കിനെതിരെ നീന്തി, യൂണിയനെ വർജ്ജിക്കുന്നവർക്കു ‘കരിങ്കാലി’യെന്നു പേരില്ലായിരുന്നു. പകരം ജനങ്ങൾ അപ്പപ്പോൾ പല പേരുകളിലും അവരെ വിശേഷിപ്പിച്ചു.

സടകുടഞ്ഞെഴുന്നേറ്റു ഗർജ്ജിച്ച സിംഹം ചാടിവീഴാൻ പിന്നെ താമസിച്ചില്ല. പിക്കറ്റിങ്ങിനെത്തിയ അദ്ധ്യാപകരെ അറസ്റ്റു ചെയ്തു. പലരെയും തല്ലി. ക്രൂരമായ മർദ്ദനങ്ങൾ വേറെയും ചിലതുണ്ടായി. കീഴൽ പ്രദേശത്തെ ഒരു സ്കൂൾ പിക്കറ്റുചെയ്ത അദ്ധ്യാപകരെ പോലീസ് പൊക്കിയെടുത്തു് അടുത്തുള്ള മുൾക്കൂമ്പാരത്തിലേക്കു വലിച്ചെറിയുകയുണ്ടായി. സമരം അനിശ്ചിതമായി നീണ്ടു. മർദ്ദനം കണ്ടു നിന്ന ജനങ്ങൾ ക്ഷോഭിച്ചു. ഏതു നിമിഷവും ഒരു ഏറ്റുമുട്ടലുണ്ടാവും. എവിടെയും അതു സംഭവിക്കാം. ആ നിലയിൽ കാര്യമെത്തിയപ്പോൾ സർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ പശ്ചിമതീരത്തെ പ്രവർത്തകരും ആതുരസേവാനിരതരുമായ ശ്രീ വി. ആർ. നായനാരും കേളപ്പജിയും രംഗത്തു വരുന്നു. അവരുടെ പ്രയത്നത്തിലൂടെ, അധികാരികളും യൂണിയൻ നേതാക്കളുമായുള്ള നിരന്തരസമ്പക്കത്തിലൂടെ, കൂടിയാലോചനയിലൂടെ, ഇലയ്ക്കും മുള്ളിനും കേടില്ലാത്തൊരു സന്ധിനിർദ്ദേശം അവർ മുമ്പോട്ടു വെക്കുകയും ഇരുവിഭാഗത്തുമുള്ളവർ അതു സ്വീകരിക്കുകയും സമരം അവസാനിക്കുകയും ചെയ്തു.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.