images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
കുരുക്ഷേത്രത്തിലെ ശംഖൊലി

കടൽപ്പുറത്തെ മണൽപ്പരപ്പുപോലെ നനഞ്ഞു കുതിർന്ന മനസ്സ്. ഓർമ്മകൾ തിരമാലകൾ പോലെ അടിച്ചുകയറിവരുന്നു. ആഴക്കടലിൽ നിന്നു് ചപ്പുചവറുകളും ഉടഞ്ഞ കക്കത്തൊണ്ടുകളും വാരിക്കൊണ്ടു വന്നു് വിതറുന്നു. ’ഓം’കാരം മുഴക്കി ജീവിതസാഫല്യം നേടാൻ പിറവിയെടുത്തു് ബാലമരണത്തിന്റെ പിടിയിൽപ്പെട്ടുപോയ ‘കുട്ടിശംഖു’കളും ചിലപ്പോൾ കൂട്ടത്തിലുണ്ടാവും. എങ്ങാനും മുത്തുച്ചിപ്പികളുണ്ടോ എന്നു തിരയാൻ തുടങ്ങുമ്പോൾ വീണ്ടും പ്രൂഫ് തിരുത്താൻ തിരയെത്തുന്നു. എല്ലാം തട്ടിത്തെറിപ്പിച്ചു കടൽ വെള്ളത്തിൽ കലക്കുന്നു. അപ്പോൾ ഒന്നുമില്ലാത്ത അവസ്ഥ. ശൂന്യത…! ആ ശൂന്യതയിൽ ഒരു തലയോടു് പ്രത്യക്ഷപ്പെടുന്നു. കണ്ണുകളുടെ സ്ഥാനത്തു രണ്ടു കറുത്ത കുഴികൾ. കണ്ണൻചിരട്ട പോലെ പിളർന്നു നില്ക്കുന്ന വായ. അവിടെ ഒളിച്ചുകളി നടത്തുന്ന ഒരു ഞണ്ടിൻകുഞ്ഞു്. ഇടയ്ക്കതു് കണ്ണിൻ കുഴിയിലൂടെ കൊറുങ്ങകൾ പുറത്തു കാട്ടി പ്രപഞ്ചത്തിന്റെ നേർക്കു വെല്ലുവിളി ഉയർത്തുന്നു. സദാഅലസനായ കടൽക്കാറ്റു്, ആ തലയോട്ടിൽ ശബ്ദം നിറയ്ക്കുന്നു. ശ്രദ്ധിക്കുക:

കുട്ടികൾ പഠിച്ചില്ലെങ്കിൽ ബ്രിട്ടനെന്തു നഷ്ടപ്പെടാൻ?
ബ്രിട്ടീഷുകാരൻ ‘സ്റ്റാത്ത’മിനു് സങ്കടമെന്തു?
അടങ്ങുകില്ലിനി ഞങ്ങൾ സ്വകാര്യ മാനേജുമെന്റിൻ-
അടിത്തറ പറപ്പിക്കാതടങ്ങുകില്ലാ.

ദശകങ്ങൾക്കു മുമ്പ് വിദ്യാഭ്യാസമേഖലയിലെ സ്വകാര്യ മാനേജുമെന്റ് സമ്പ്രദായത്തിനെതിരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടു് പടവെട്ടി മലബാറിന്റെ വിരിമാറിൽ വീണു വീരസ്വർഗ്ഗമടഞ്ഞ ഒരു ഉൽകൃഷ്ടാശയത്തിന്റെ തലയോടാണതു്. ആ തലയോടിന്റെ ചരിത്രമറിയണമെങ്കിൽ ഏകസ്വരത്തിലാരംഭിച്ചു് പിന്നെപ്പിന്നെ സംഘഗാനത്തിന്റെ രൂപം പൂണ്ടു് ഒടുവിൽ പതിന്നാലായിരം കണ്ഠങ്ങൾ ഏറ്റുപാടിയ സമരഗാഥയുടെ പൊരുളറിയണമെങ്കിൽ പല ദശകങ്ങൾ പിന്നിലേക്കു നാം സഞ്ചരിക്കണം.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിവേരിൽ യുവഭാരതവീര്യം ആഞ്ഞടിക്കുന്ന കാലം. എങ്ങും അറസ്റ്റ്. എവിടേയും ലാത്തിത്തല്ല്. ജയിലറകൾ നിറകുടം. കൊലമരത്തിനു കൊയ്ത്തുകാലം. വെറുതെ നടക്കുന്ന നിർദ്ദോഷികളെപ്പോലും പിടിച്ചകത്താക്കാനുള്ള നിയമം—വാണ്ടറിങ് അറസ്റ്റ്—കലിതുള്ളി വെളിച്ചപ്പെടുന്ന കാലം. ആ കാലത്താണു്. മലബാറിലെ മലഞ്ചെരിവുകളിലും നദീതടങ്ങളിലും നഗരവീഥികളിലും പ്രതിധ്വനി ചേർത്തുകൊണ്ടു് എയിഡഡ് അദ്ധ്യാപകർ സമരഗാഥകൾ മുഴക്കി നീണ്ടുനീണ്ട ജാഥകൾ നടത്തിയതു്. മുദ്രാവാക്യങ്ങൾ ഉദ്ഘോഷിച്ചതു്.

അദ്ധ്യാപനം—രാഷ്ട്രസേവനം!

സ്വകാര്യ മാനേജുമെന്റ്സമ്പ്രദായം—അവസാനിപ്പിക്കുക.

സാമ്പത്തിക നേട്ടങ്ങളോ ഉദ്യാഗസ്ഥിരതപോലുമോ അന്നു് അദ്ധ്യാപകരുടെ ലക്ഷ്യമായിരുന്നില്ല. മഹത്തായൊരു ലക്ഷ്യത്തിനു വേണ്ടി അവർ സംഘം ചേർന്നു് സമരംചെയ്തു. അദ്ധ്യാപനം രാഷ്ട്രസേവനമായി അംഗീകരിക്കണം. മാനേജുമെന്റ് സമ്പ്രദായം അവസാനിപ്പിക്കണം. ഈ ലക്ഷ്യം വെച്ചുകൊണ്ടു് പൊന്നാനിമുതൽ ചിറയ്ക്കൽവരെയുള്ള 10 താലൂക്കുകളിലെ പതിന്നാലായിരത്തോളം വരുന്ന എയിഡഡ് അദ്ധ്യാപകരെ ഏകോപിപ്പിക്കുക; വേണ്ടിവന്നാൽ ലക്ഷ്യം നേടാൻ സമരം നടത്തുക എന്നതായിരുന്നു ആ തീരുമാനം. 1934-ലാണ് ആദ്യത്തെ സംഘംചേരലും, സമ്മേളനം നടത്തലുമുണ്ടായതു്; തലശ്ശേരിവെച്ച്. 1936-ൽ രണ്ടാം സമ്മേളനം വടകരയിലായിരുന്നു. അത്ര വലിയ പ്രാതിനിധ്യമൊന്നും അന്നു് യൂണിയനു് അവകാശപ്പെടാൻ കഴിയുമായിരുന്നില്ല. യൂണിയൻ സന്ദേശം പതുക്കെപ്പതുക്കെ പ്രചരിക്കാൻ തുടങ്ങിയതേയുളളൂ.

അന്നൊരുദിവസം ഖദർധാരിയായ ഒരു യുവാവു് ഞങ്ങളുടെ വിദ്യാലയത്തിൽ കടന്നുവന്നു. വെളുത്തു് ഏറെ പൊക്കമില്ലാത്ത ശരീരം, വശ്യമായ പുഞ്ചിരി, നിമിഷം കൊണ്ടു് ആരേയും കീഴ്പ്പെടുത്താൻ കഴിയുന്ന സംഭാഷണശൈലി, പ്രസരിപ്പുള്ള നടത്തം, സൗമ്യമായ പെരുമാറ്റം. ആളാരെന്നു് ആർക്കും അറിഞ്ഞു കൂടാ. അദ്ദേഹം സ്വയം പരിചയപ്പെടുത്തി: പി. ആർ. നമ്പ്യാർ. ചീനംവീടു് എച്ച്. ഇ. സ്കൂൾ അദ്ധ്യാപകൻ. കൂടുതൽ വിശദീകരണം ആവശ്യമില്ലായിരുന്നു. കേട്ടിട്ടുണ്ടു്. അദ്ധ്യാപകയൂണിയനു് വടകരയിൽ ഒരു നേതാവുണ്ടെന്നു കേട്ടിട്ടുണ്ടു്. രണ്ടക്ഷരം മാത്രമുള്ള ഒരു നേതാവ്: ‘പി. ആർ.’ അദ്ദേഹമാണു് മുമ്പിൽ നില്ക്കുന്നതെന്നും സ്വയം പരിചയപ്പെടുത്തുന്നതെന്നും മനസ്സിലായപ്പോൾ ആദരവാണോ സന്തോഷമാണോ കൂടുതലെന്നു തിട്ടപ്പെടുത്താൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ.

“ഇരിക്കണം സർ.”

ഞാൻ കസേര നിരക്കിയിട്ടു. അദ്ദേഹം ഇരുന്നു. ചോർന്നൊലിച്ച് വികൃതമായ ഭിത്തികളിൽ നോക്കി, ആടാത്ത പെൻഡുലവുമായി എട്ടുകാലിവലയും പൊടിയും മൂടി മൗനിയായി തൂങ്ങുന്ന ക്ലോക്കിലേക്കു നോക്കി. ചിരിച്ചുകൊണ്ടദ്ദേഹം ചോദിച്ചു:

“എങ്ങനെ സമയമറിയുന്നു?”

ഞാൻ ഉത്തരം പറഞ്ഞില്ല.

“സ്കൂൾ തുടങ്ങാനും പിരിയാനും സമയമറിയണ്ടെ?”

കൂടുതൽ ചോദ്യങ്ങൾ കൂടുതൽ കുഴപ്പങ്ങളിൽ കൊണ്ടെത്തിക്കുമെന്നു ഭയപ്പെട്ടു ഞാൻ പറഞ്ഞു:

“പത്തേകാലിനു വടക്കോട്ടുള്ള ലോക്കൽവണ്ടി വരുമ്പോൾ ക്ലാസ്സു തുടങ്ങും?”

“പിരിയുന്നതോ?”

ചോദ്യം വളരെ ഗൗരവത്തിലായിരുന്നു. ഞാൻ ശബ്ദമൊതുക്കി ഒരപരാധിയെപ്പോലെ മറുപടി പറഞ്ഞു:

“നലേകാലിനു തെക്കോട്ടും ഒരു വണ്ടിയുണ്ടു് സാർ.”

അതുവരെ ഒതുക്കിനിത്തിയ ചിരിയുടെ നിയന്ത്രണം വിടുന്നു. പി. ആർ. മാത്രമല്ല, ഇത്തവണ എല്ലാവരും ചിരിച്ചു. ചിരിച്ചുകൊണ്ടുതന്നെ അദ്ദേഹം പറയുന്നു:

“ഇതെനിക്കു യൂണിയൻ മീറ്റിങ്ങിൽ പറയാൻ പറ്റിയ വിഷയമാണ്. ഇവിടത്തെ മാനോജുമെന്റ് സമ്പ്രദായം വിദ്യാലയങ്ങൾ നടത്തുന്നതിന്റെ ഒന്നാന്തരമൊരുദാഹരണമാണിതു്.”

യൂണിയന്റെ സന്ദേശം പ്രചരിപ്പിക്കാനും, മെമ്പർമാരെ ചേർക്കാനും ഉദ്ദേശിച്ചായിരുന്നു പി. ആറിന്റെ സന്ദർശനം. ഞങ്ങളെല്ലാവരും യൂണിയനിൽ അംഗങ്ങളായി. ആവുക മാത്രമല്ല, പി. ആറാണു് പ്രചാരവേലയ്ക്കിറങ്ങുന്നതെങ്കിൽ പതിന്നാലായിരത്തിനേയും അണിനിരത്താൻ വിഷമമുണ്ടാവില്ലെന്നു ഞങ്ങൾ തീരുമാനിക്കുകയും ചെയ്തു. താമസിയാതെ യൂണിയനെ സംബന്ധിക്കുന്ന വാർത്തകൾ ദിവസമെന്നോണം പത്രപംക്തികളിൽ സ്ഥലം പിടിക്കാൻ തുടങ്ങി. പുതിയ പുതിയ നേതാക്കന്മാരുടെ പ്രസംഗങ്ങളും ഫോട്ടോകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. പി. എം. കുഞ്ഞിരാമൻനമ്പ്യാർ–അദ്ധ്യാപകസമൂഹത്തിനു മുഴുവനും കുഞ്ഞിരാമേട്ടൻ–ടി. സി. നാരായണൻനമ്പ്യാർ. പി. ആറിനെപ്പോലെ അദ്ദേഹവും രണ്ടക്ഷരത്തിൽ പ്രസിദ്ധൻ: ടി. സി. നാലാമതൊരാൾ വി. രാവുണ്ണി. അദ്ദേഹം കോഴിക്കോട്ടുകാരൻ. ഗണപതിസ്കൂളിലോ മറ്റോ അദ്ധ്യാപകനായിരുന്നു. ഈ നാലു പേരും മലബാറിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ യൂണിയന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടു സഞ്ചരിച്ചു. യൂണിയൻ ശക്തിപ്രാപിച്ചു. ഉദ്യോഗസ്ഥമേധാവിത്വത്തിനും മാനേജർമാർക്കും വിറളി. കാര്യത്തിന്റെ പോക്കു് അപകട മേഖലയിലേക്കാണെന്നവർ തീരുമാനിച്ചു. മാനേജർമാക്കു് സംഘടനയുണ്ടായി. ഉദ്യോഗസ്ഥവൃന്ദവും ഗവണ്മെന്റും അവരെ പ്രോത്സാഹിപ്പിച്ചു. ആശീർവദിച്ചു. അദ്ധ്യാപക സംഘടനയെ പൊളിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. പദ്ധതിയിലെ ആദ്യത്തെ ഇനം ഭീഷണിയായിരുന്നു. യൂണിയനിൽ അംഗമായാൽ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്ന ഭീഷണി. വാക്കിലൂടെയുള്ള ഭീഷണി വിലപ്പോവില്ലെന്നു വന്നപ്പോൾ അവിടെയുമിവിടെയുമായി ചില പിരിച്ചുവിടൽ നടന്നു. അതിലൊന്നായിരുന്നു കൊയിലാണ്ടിയിലെ മഠത്തിൽ സ്കൂൾകുഴപ്പം. അവിടെ ജോലിചെയ്തിരുന്ന എല്ലാവർക്കും സമ്മതനായിരുന്ന ശ്രീ കെ. പി. പദ്മനാഭൻ മാസ്റ്ററെ അകാരണമായി മാനേജർ പിരിച്ചുവിട്ടു. അതു് തീക്കൊള്ളികൊണ്ടുള്ള തല ചൊറിയലായിരുന്നു. മലബാറിൽ അങ്ങോളമിങ്ങോളമതു് കോളിളക്കമുണ്ടാക്കി.

1937 ഒക്ടോബർ 17—മലബാറിലെ എയിഡഡ് സ്കൂൾ അദ്ധ്യാപകരുടെ ഐതിഹാസിക സമരത്തിന്റെ ഒന്നാമദ്ധ്യായം എഴുതിത്തുടങ്ങിയതന്നാണു്. മഠത്തിൽ സ്കൂളിൽനിന്നു പിരിച്ചുവിട്ട പദ്മനാഭൻ മാസ്റ്ററോടൊപ്പം എല്ലാ അദ്ധ്യാപകരും മുഴുവൻ കുട്ടികളും അന്നു സ്കൂൾ വിട്ടു പുറത്തിറങ്ങി. അങ്ങനെ പുറത്തിറങ്ങിയവരെ സഹായിക്കാനും അവർക്കുവേണ്ടി ഒരു സ്കൂൾ പുതുതായി തുടങ്ങാനും പൗരമുഖ്യന്മാർ മുമ്പോട്ടു വന്നു. അവർക്കന്നു നേതൃത്വം നല്ലിയതു് കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന ശ്രീ. ഇ. കുഞ്ഞിക്കണ്ണൻ നായരായിരുന്നു. ഏതു നല്ല കാര്യത്തിനും മുൻകൈയെടുത്തു പ്രവർത്തിക്കാൻ സദാ സന്നദ്ധനായിരുന്ന അദ്ദേഹം പ്രസിഡണ്ടായി ഒരു കമ്മിറ്റി രൂപീകരിച്ചു. മിഷ്യൻകാരുടെ വക ഒഴിഞ്ഞു കിടന്നിരുന്ന ഒരു സ്കൂൾ കെട്ടിടം അന്നവിടെയുണ്ടായിരുന്നു. മിഷ്യൻകാരതു സൗജന്യമായി സ്കൂൾ നടത്തിപ്പിനു വിട്ടുകൊടുത്തു. താമസിയാതെ പി. സി. സ്കൂൾ എന്ന പേരിൽ അവിടെ പുതിയ സ്ഥാപനം രൂപം കൊള്ളുകയും ചെയ്തു. ബഹുജനങ്ങളുടെ ഉദാരമായ സഹായം കൊണ്ടു കുട്ടികൾക്കു സൗജന്യമായി ഉച്ചഭക്ഷണം നല്കാനും സ്കൂളിന്റെ നടത്തിപ്പിനു വേണ്ട സംഖ്യ കണ്ടെത്താനും കഴിഞ്ഞു.

മററുള്ളവരുടെ ഔദാര്യം കൊണ്ടുമാത്രം ഒരു സ്ഥാപനം, ദീർഘകാലം നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നറിയാമായിരുന്ന ശ്രീ. കുഞ്ഞിക്കണ്ണൻനായർ സ്കൂളിനു് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമം തുടങ്ങി. അന്നു്, എന്റെ, ഓർമ്മ ശരിയാണോ എന്തോ, മദിരാശി സംസ്ഥാനത്തിൽ കോൺഗ്രസ് ഒരു ഇടക്കാല മന്ത്രിസഭ രൂപീകരിച്ച കാലമായിരുന്നു. ഡോക്ടർ സുബ്ബരായൻ വിദ്യാഭ്യാസവകുപ്പിന്റെ ചുമതല വഹിക്കുന്നു. ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ടറുടെ പദവി വഹിച്ചത് ഒരു സായ്പായിരുന്നു: ’സ്റ്റാത്തം.’

മലബാർ ഡിസ്ട്രിക്ട് എഡ്യൂക്കേഷനൽ കൗൺസിൽ എന്ന സ്ഥാപനം പൂർണ്ണമായും അന്നു കോൺഗ്രസ്സിന്റെ വരുതിയിലായിരുന്നു. പ്രസിഡൻറ് ശ്രീ. കെ. പി. കുഞ്ഞിശങ്കരമേനോൻ. രാമവർമ്മ രാജ, കെ. പി. ആർ. ഗോപാലൻ, കേളപ്പജി തുടങ്ങിയവർ കൗൺസിൽ അംഗങ്ങളും. പി. സി. സ്കൂളിനു് അംഗീകാരം നല്കാൻ കൗൺസിൽ ഭൂരിപക്ഷത്തോടെ തീരുമാനിച്ചു. മദിരാശിയിലും ഈ പ്രശ്നത്തിന്റെ പേരിൽ കോളിളക്കമുണ്ടായി. മലബാർ എഡ്യൂക്കേഷനൽ കൗൺസിലിന്റെ തീരുമാനം അംഗീകരിക്കുകയേ വഴിയുളളു. ഡോക്ടർ സുബ്ബരായൻ ഡയരക്ടർ ‘സ്റ്റാത്ത’മിനു സ്കൂൾ സന്ദശിക്കാനും സത്വര നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നല്ലി. സായ്പ് സ്കൂൾ സന്ദർശിക്കാനെത്തി. എന്തൊക്കെ വൈമനസ്യമുണ്ടായാലും മനഃപ്രയാസമനുഭവപ്പെട്ടാലും സായ്പിനു കാലുമാറി ചവിട്ടാൻ പ്രയാസമുണ്ടായിരുന്നു.

മദിരാശി ഭരിക്കുന്നതു കോൺഗ്രസ്സാണ്. ഒടുവിൽ സ്കൂളിനു് അംഗീകാരം കിട്ടുക തന്നെ ചെയ്തു. ഇതിൽ എക്കാലവും സ്മരിക്കേണ്ട ചില കാര്യങ്ങളുണ്ടു്. ആദ്യത്തേതു ശ്രീ. കുഞ്ഞിക്കണ്ണൻ നായരുടെ നിസ്സ്വാർത്ഥസേവനം. അദ്ദേഹം അവസാനകാലം വരെ സ്കൂൾ കമ്മിറ്റിയുടെ ചെയർമാനും കറസ്പോണ്ടന്റുമായിരുന്നു. രണ്ടാമത്തേതു് സമരത്തിന്നനുകൂലമായ പ്രചാരവേലയ്ക്കിടയിൽ നടത്തിയ സമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും അന്നു പങ്കെടുത്തവരുടെ പ്രസംഗങ്ങൾ. അക്കൂട്ടത്തിൽ എക്കാലവും മറക്കാത്ത ഒരു പ്രസംഗമായിരുന്നു അന്നു കൊയിലാണ്ടി മൈതാനിയിൽ ചേർന്ന മഹായോഗത്തിൽ ശ്രീ മധുരവനം കൃഷ്ണക്കുറുപ്പു് ചെയ്തതു്. “ഇതാ, ഇതാണു് അദ്ധ്യാപകസമൂഹത്തിന്റെ കുരുക്ഷേത്രം. ഇവിടെ ധർമ്മവും അധർമ്മവും ഏറ്റുമുട്ടുന്നു. ധർമ്മം ജയിച്ചേ പറ്റൂ.” ഇന്നും ആ വാക്കുകൾ ഉള്ളിൽ മുഴങ്ങുകയാണ്. സമരത്തിന്റെ ഒന്നാമദ്ധ്യായം സംഘട്ടനങ്ങളേറെയില്ലാതെ അവസാനിച്ചെങ്കിലും രണ്ടാമദ്ധ്യായം രൂക്ഷമായ, നിർദ്ദയമായ പല സംഭവങ്ങളും നിറഞ്ഞതായിരുന്നു.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.