images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
ശക്തിമന്ദിരത്തിലെ സായാഹ്നങ്ങൾ

സ്ഥലം കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കോഴിക്കോട്ട് കേന്ദ്രത്തിലുള്ള പി. എസ്. വി. നാടകശാല. സമയം രാത്രിയുടെ ആദ്യയാമം. സംഘർഷഭരിതമായ അന്തരീഷം. ഞങ്ങൾ കുറേപ്പേർ സന്ദർശക ഗാലറിയിൽ സ്ഥലം പിടിച്ചിരിക്കുന്നു. വേണ്ടുവോളം സംഘട്ടനമുള്ള സംഭവമാണെങ്കിലും അവിടെ നടക്കുന്നതു നാടകമല്ല. കേരള പ്രദേശ് കോൺഗ്രസ്സിന്റെ പ്രത്യേക സമ്മേളനമാണു്. ശക്തിപ്രാപിച്ചുവരുന്ന സോഷ്യലിസ്റ്റ് ഗ്രൂപ്പും അടിപതറാതെ കോൺഗ്രസ്സിൽത്തന്നെ ഉറച്ചുനില്ക്കുന്നവരുടെ വിഭാഗവും തമ്മിൽ അതുവരെ അണിയറയ്ക്കുകത്തു വെച്ചു നടത്തിയ ശീതസമരം, മറനീക്കി പുറത്തുവരുന്നെന്ന വാർത്ത കേട്ടാണു ഞങ്ങൾ വന്നതു്. സന്ദർശകഗാലറി നിറഞ്ഞിരുന്നു.

ഇടത്തും വലത്തും പ്രത്യക്ഷമായിത്തന്നെ ചേരിതിരിഞ്ഞു നേതാക്കന്മാർ ഇരുന്നു. കേളപ്പജി, കോഴിപ്പുറത്തു മാധവമേനോൻ, കുട്ടിമാളു അമ്മ, സി. കെ. ഗോവിന്ദൻനായർ, കുഞ്ഞിശ്ശങ്കരമേനോൻ; എം. പി. ഗോവിന്ദമേനോൻ, കോങ്ങാട്ടിൽ രാമൻ മേനോൻ തുടങ്ങിയവർ വലതുവശത്തും ഇ. എം. എസ്., കൃഷ്ണപിള്ള, ഇ. സി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, എ. കെ. ജി., മൊയാരം തുടങ്ങിയവർ ഇടതുവശത്തും! അധ്യക്ഷസ്ഥാനത്തു ജനാബ് അബ്ദുറഹിമാൻ സാഹിബ്, സമ്മേളന നടപടികൾ ആരംഭിച്ചു. എം. പി. ഗോവിന്ദമേനോന്റെ അസ്ത്രശസ്ത്രങ്ങൾക്കെതിരെ ഇ. പി. ഗോപാലന്റെ പ്രത്യസ്ത്രങ്ങൾ വരുന്നു. അവ പരസ്പരം ഏറ്റുമുട്ടി തീപ്പൊരി ചിതറുന്നു. കേളപ്പജിയോടു് എ. കെ. ജി. എതിരിടുന്നു. കോഴിപ്പുറത്തിന്റെ വെല്ലുവിളിക്കു കൃഷ്ണപിള്ളയുടെ മറുപടി വരുന്നു. അങ്ങനെ പലരുമന്യോന്യം ഏറ്റുമുട്ടുന്നു. എല്ലാവരേയും ഓർക്കാൻ കഴിയുന്നില്ല. എങ്കിലും എത്രമേൽ അന്തസ്സുള്ള ആശയപ്പോരായിരുന്നു അതു്! വ്യക്തിവിദ്വേഷക്കറ പുരളാതെ, അപവാദത്തിന്റെ മാലിന്യം കലരാതെ, തികച്ചും ആദർശത്തിലുറച്ചു നിന്നുകൊണ്ടുള്ള ന്യായവാദം. ആർക്കുമാരേയും കീഴടക്കാൻ കഴിയാതെ അണികളിൽനിന്നു് ആരേയും അടർത്തിയെടുക്കാൻ പറ്റാതെ, യാത്രയുടെ യാമങ്ങൾ പിന്നിട്ടുകൊണ്ടു നീണ്ടു പോയ ആ സമ്മേളനത്തിന്റെ ഓർമ്മയ്ക്കു മരണമില്ല. അതിന്നും മനസ്സിൽ പച്ചപിടിച്ചുനില്ക്കുന്നു.

സമ്മേളനം കഴിഞ്ഞു് കേറിക്കിടക്കാൻ ഒരിടവുമന്വേഷിച്ചു ഞങ്ങൾ നടന്നു. കടത്തിണ്ണകളൊക്കെ കൈയേറിക്കഴിഞ്ഞിരിക്കുന്നു. വെസ്റ്റ് കോസ്റ്റ് ഇലക്ട്രിക് കമ്പനിയുടെ തെരുവുവെളിച്ചത്തിൽ പല പല സ്ഥാപനങ്ങളുടെ ബോർഡുകൾ വായിച്ചുകൊണ്ടു ഞങ്ങൾ നടന്നു. അന്ന് ആകാശം മുട്ടുന്ന റസ്റ്റാറണ്ടുകളോ സന്ദശകർക്കു് അഭയം നല്കുന്ന ലോഡ്ജുകളോ കോഴിക്കോട്ടില്ല. അവസാന രക്ഷ റെയിൽവേ സ്റ്റേഷനാണ്. അവിടെ പഴനി യാത്രക്കാർ കാലേക്കൂട്ടി വിരിച്ചുകിടന്നു് ഉറക്കം തുടങ്ങിയിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ വലഞ്ഞു നില്ക്കുമ്പോൾ ‘ശാരദാവിലാസം നായർ ഹോട്ടൽ’ ഓർമ്മയിൽവന്നു. ഉടമസ്ഥൻ കേളുനായർ തലചായ്ക്കാനൊരിടം തരുമെന്നു കരുതി മിഠായിത്തെരുവിലൂടെ വടക്കോട്ടു നടന്നു. ഡട്ട് ഏൻറ് കമ്പനിയുടെ വടക്കു മാറി വലത്തോട്ടൊരിടവഴിയിലൂടെ അല്പം നടന്നാൽ ശാരദാവിലാസം നായർ ഹോട്ടലിലെത്തും. ചെറിയൊരു വീടു്. വരാന്ത ചാണകം മെഴുകിയതാണ്. അവിടെ ആരൊക്കെയൊ കിടന്നുറങ്ങുന്നു. വരാന്തയുടെ കഴുക്കോലിൽ ഒരു റാന്തൽ മുനിഞ്ഞു കത്തുന്നുണ്ടു്. കിടന്നുറങ്ങുന്നവരുടെ കൂട്ടത്തിൽ കേളുനായരെ കണ്ടെത്താൻ ശ്രമിച്ചു. സാധിച്ചില്ല. ഒടുവിൽ, വാതിലിൽ മുട്ടിവിളിച്ചു. ഉറക്കച്ചടവോടെ വന്നു കേളുനായർ വാതിൽ തുറന്നു. ഞങ്ങൾ സങ്കടം പറഞ്ഞു. താമസമുണ്ടായില്ല. അകത്തു പോയി. ഒരു പഴയ തഴപ്പായയുംകൊണ്ടു തിരിച്ചുവന്നു. വക്കും മുലയുമൊക്കെ കീറിത്തുടങ്ങിയതെങ്കിലും ഒരു പട്ടുകിടക്കയെപ്പോലെ ഏറ്റുവാങ്ങി. ഞാനദ്ദേഹത്തിന്റെ മുഖത്തു തെല്ലൊരപേക്ഷയോടെ നോക്കി. മറ്റൊന്നുമല്ല—ഒരു തലയണ കിട്ടിയാൽ വേണ്ടില്ലെന്ന മോഹം. ദയാലുവായിരുന്നു കേളുനായർ. തലയ്ക്കു വെക്കാൻ അദ്ദേഹം ഓരോ പലക തന്നു ഞങ്ങൾക്ക്. അവിടെ ഉണ്ണാനിരിക്കുന്നതു പലകയിലാണു്. മേശയും കസേരയുമൊന്നും ഹോട്ടലുകളിൽ അന്നു പതിവില്ലായിരുന്നു. കീറിയ തഴപ്പായയും പലകയുമുപയോഗിച്ചു്, നായർ ഹോട്ടലിന്നു നന്ദി പറഞ്ഞു കൊണ്ടു ഞങ്ങൾ കിടന്നു.

ആയിടയ്ക്കാണു കെ. പി. സി. സി. വാളണ്ടിയർ ട്രെയിനിങ് ആരംഭിച്ചതു്. അന്നു് പ്രസിഡണ്ട് ജനാബ് അബ്ദുറഹിമാൻ സാഹിബ്ബായിരുന്നു. കോൺഗ്രസ് സംഘടനയുടെ ആഭിമുഖ്യത്തിൽ, ചെലവിൽ, തിരഞ്ഞെടുക്കപ്പെട്ട വാളണ്ടിയർമാർക്കു പരിശീലനം നല്കുക. അതിനുവേണ്ടി തിരഞ്ഞെടുത്ത സ്ഥലം തിക്കോടി ശക്തിമന്ദിരമായിരുന്നു. കളരിപ്പയറ്റും സൂര്യനമസ്കാരവും മറ്റും മറ്റുമായി യുവജന ചൈതന്യത്തിന്റെ കേന്ദ്രബിന്ദുവായി വർത്തിച്ച ശക്തിമന്ദിരം നിയമലംഘന പ്രസ്ഥാനത്തെ തുടർന്ന് അല്പകാലം പ്രവർത്തനരഹിതമായി കിടക്കുകയായിരുന്നു. പരിശീലന കന്ദ്രത്തിന്റെ ആരംഭത്തോടെ വീണ്ടുമതു സജീവമായി.

ആദർശധീരരായ പത്തുമുപ്പതു യുവാക്കൾ—കൃത്യമായ എണ്ണം ഓർക്കുന്നില്ല. അതുപോലെ മുഴുവൻ പേരുകളും—നാടിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാൻ സമരരംഗത്തിറങ്ങിയവർ, ലാത്തിയും ജയിൽ വാസവും പരിചയിച്ചവർ. അവരായിരുന്നു വാളണ്ടിയർമാർ. അവരെ കാണുക, അവരുമായി പരിചയപ്പെടുക—വലിയ കാര്യമായിരുന്നു. ശക്തിമന്ദിരം വീടിന്നടുത്തായതുകൊണ്ടു വൈകീട്ടെന്നും ഞാനവിടെയെത്തും. വാളണ്ടിയർമാരുടെ കൂട്ടത്തിൽ എനിക്കു വളരെയടുത്തു പരിചയമുള്ള ശ്രീ എം. കണാരനുണ്ടായിരുന്നു. (ഇന്ന് കോഴിക്കോട്ടുകാർ പരക്കെ അദ്ദേഹത്തെ അറിയുന്നതു കണാരേട്ടൻ എന്ന പേരിലാണ്). പിന്നെ എന്റെ ഗോവിന്ദേട്ടനും കണാരനിലൂടെ; ഗോവിന്ദേട്ടനിലൂടെ അവിടെയുള്ള പലരേയും ഞാൻ പരിചയപ്പെട്ടു. യുവകവി കൊങ്ങശ്ശേരി കൃഷ്ണൻ, പട്ടാമ്പിയിൽ നിന്നുള്ള ശ്രീ ഇ. പി. ഗോപാലൻ, ഒറ്റപ്പാലത്തുനിന്നു വന്ന കുഞ്ഞുണ്ണിനായർ, അങ്ങനെയങ്ങനെ പലരേയും.

ഇ. പി. ഗോപാലൻ ഒരു ഒന്നാംതരം പ്രാസംഗികനായിരുന്നു. എന്റെ ദേശത്തും കൃഷിക്കാരുടെ ഒരു മീറ്റിങ് വിളിച്ചുകൂട്ടി ഗോപാലനെക്കൊണ്ടു പ്രസംഗിപ്പിക്കുകയുണ്ടായി. അന്നോളം എന്റെ ഗ്രാമം അങ്ങനെയൊരു പ്രസംഗം കേട്ടിട്ടില്ല. ഇതെന്റെ അഭിപ്രായമല്ല. നാട്ടുകാർ ഒന്നടങ്കം പറഞ്ഞു. അനായാസമായി, വാക്കുകൾക്കു ക്ലേശിക്കാതെ, ആശയം പടിപടിയായി ജനങ്ങളിലേക്കൊഴുക്കിക്കൊണ്ട് അക്ഷരശൂന്യർക്കുപോലും എളുപ്പത്തിൽ മനസ്സിലാവാൻ പാകത്തിൽ മണിക്കൂറുകളോളം, ഒരു വീർപ്പഴിക്കാൻ പോലും സമയമെടുക്കാതെ അദ്ദേഹം പ്രസംഗിക്കുമായിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും ഒരു പോലെ അതിശയമെന്നു പറഞ്ഞു് അഭിനന്ദിച്ച പ്രസംഗമായിരുന്നു അതു്.

വാളണ്ടിയർ ക്യാപ്റ്റൻ സർദാർ ചന്ത്രോത്തായിരുന്നു. പട്ടാളച്ചിട്ടയിലുള്ള യൂണിഫോമും പരിശീലനവുമായിരുന്നു വാളണ്ടിയർമാർക്കു കിട്ടിയിരുന്നതു്. പരിശീലനം കാണാൻ ഗ്രാമീണർ പലരും വരുമായിരുന്നു. അവർക്കതൊരു പുതിയ കാഴ്ചയും അനുഭവവുമായിരുന്നു. ദേശത്തും പരിസരത്തുമുള്ള അധികാരിമാരിൽ അതു് അമ്പരപ്പാണുളവാക്കിയതു്. കരുണാനിധിയായ ജോർജ്ജ് ചക്രവർത്തി എന്തുകൊണ്ടു് ഈ പട്ടാളപരിശീലനം നിരോധിക്കുന്നില്ലെന്നു് അവരിൽ ചിലർ ചോദിക്കാൻ തുടങ്ങി. ദ്രുതഗതിയിൽ രാജ്യത്തിനു വന്നുകൊണ്ടിരിക്കുന്ന മാറ്റം അവരറിയുന്നില്ല. അറിഞ്ഞാൽത്തന്നെ അംഗീകരിക്കാൻ കൂട്ടാക്കുന്നുമില്ല. ബ്രിട്ടീഷ് ചക്രവർത്തിയില്ലാത്തൊരു ഭരണം അവർക്കന്നു സങ്കല്പിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല.

എന്നും വൈകീട്ടു മന്ദിരത്തിനു പുറത്തുള്ള പുൽത്തകിടിയിൽ ഒരു സഹൃദയ സദസ്സ് ചേരുമായിരുന്നു. കൊങ്ങശ്ശേരി കൃഷ്ണനാണ് സജീവമായി പങ്കെടുത്തിരുന്നതു്. കഥകളെക്കുറിച്ചും കവിതകളെക്കുറിച്ചുള്ള നിരൂപണങ്ങൾ നടക്കും. ആയിടയ്ക്കു് എനിക്കൊരബദ്ധം പറ്റി. കലശലായ പ്രേമം വരുമ്പോഴും ശുണ്ഠിവരുമ്പോഴും വൈരാഗ്യമുദിക്കുമ്പോഴുമൊക്കെ ഞാനിരുന്നു കവിതയെഴുതിക്കളയും. അങ്ങിനെയാണല്ലോ ഹിറ്റ്ലറോടു് ശുണ്ഠിവന്നിട്ടു ഞാനൊരു ‘മനം മടുപ്പിക്കുന്ന കേക’ സൃഷ്ടിച്ചതു്. ഇവിടേയും അതുപോലെ സംഭവിച്ചു. വാളണ്ടിയർമാരുടെ പരിപാലനവും താമസംവിനാ സമരരംഗത്തേക്കിറങ്ങാനുള്ള അവരുടെ തയ്യാറെടുപ്പം എന്നിൽ വലിയ മതിപ്പുളവാക്കി. ഞാൻ ചെന്നിരുന്നു് ഒരു കവിതയെഴുതി. അതു വാളണ്ടിയർമാർക്കുള്ള ആഹ്വാനമായിരുന്നു. ‘പോവുക മുന്നോട്ടു്’ എന്ന തലക്കെട്ട് കൊടുത്തു പതിവുപോലെ ഒരുനാൾ രാവിലെ റെയിൽ സ്റ്റേഷനിലെത്തി, ദയാലുവായ ശ്രീ ടി. പി. സി. കിടാവിനെ ഏല്പിച്ചു. അദ്ദേഹമതു് വാങ്ങി ജൂബ്ബയുടെ കീശയിൽ നിക്ഷേപിച്ചു. വണ്ടി വരുവോളം നാട്ടു കാര്യങ്ങളോരോന്നു സംസാരിച്ചുകൊണ്ടു നിന്നു. അല്ലാതെ കവിതയെപ്പറ്റിയോ സാഹിത്യത്തെപ്പറ്റിയോ ഒരക്ഷരം ഉരിയാടിയില്ല. അദ്ദേഹം എന്നും അങ്ങനെയായിരുന്നു. സാഹിത്യത്തിൽ താല്പര്യമില്ലാത്തതുകൊണ്ടല്ല. അതു് വേണ്ടുവോളമുണ്ടായിരുന്നു. പക്ഷേ, എന്നെപ്പോലൊരു കന്നിക്കാരനോടു സാഹിത്യം പറഞ്ഞാൽ ആരോഗ്യത്തിനു ചേരില്ലെന്ന് അദ്ദേഹം കരുതിയിരിക്കണം.

ഏതായാലും ആ കവിത താമസിയാതെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അന്നു സായന്തന സന്ദർശനത്തിനു് ഞാൻ ശക്തിമന്ദിരത്തിലെത്തിയതു് അല്പം അന്തസ്സോടുകൂടിയായിരുന്നു. ഒരു കാര്യം മാത്രം ചെയ്തില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പ് കൈയിൽ കരുതിയില്ല. ഞാനവിടെ എത്തും മുമ്പുതന്നെ സദസ്സു് ചേർന്നിരുന്നു. എന്റെ കവിത വായിച്ചു്, അതിനെപ്പറ്റിയുള്ള വിമർശനം നടന്നുകൊണ്ടിരിക്കുമ്പോഴാണു് ഞാൻ സദസ്സിൽ കടന്നു ചെല്ലുന്നതു്. കൊങ്ങശ്ശേരി പറഞ്ഞു:

“കവിത കൊള്ളാം.”

”കൊള്ളാമെന്നുവെച്ചാൽ?” കൂട്ടത്തിൽ ഒരാൾ.

“പറയാം!” കൊങ്ങശ്ശേരിയുടെ അഭിപ്രായം വരുന്നു:

“വൃത്തം പിഴയ്ക്കാതെ, ഭംഗിയുള്ള വാക്കുകൾ നിരത്തിയാൽ കവിതയാവുമോ? ഇതാണോ, ഇങ്ങനെയാണോ ആഹ്വാനം? ചൈതന്യം വേണ്ടേ? നമ്മളെന്തിനൊരുങ്ങുന്നവരാണു്? ഒരു വലിയ സാമ്രാജ്യത്തോടുള്ള സമരത്തിനു്, അപ്പോൾ വാക്കുകൾ തീയുണ്ടകളാവണം ഇതിൽ കാര്യമുണ്ടു്. സമ്മതിക്കുന്നു. പക്ഷേ, അതു് ആവിഷ്കരിച്ചതു് ശീലാവതിമട്ടിലാണ്. അങ്ങനെ പോരാ.”

കൊങ്ങശ്ശേരിയുടെ നിരൂപണം ആരേയും ചൊടിപ്പിക്കില്ല. ഞാനാ നിരൂപണത്തിലെ ആശയം എന്റെ വാക്കുകളിൽ ഇവിടെ വിവരിച്ചതാണ്. ഇതു കേട്ടാൽ ഒരുപക്ഷേ, ഏതു കവിക്കും ശുണ്ഠി വന്നേക്കും എന്നാൽ കൊങ്ങശ്ശേരിയോടെനിക്കാദരവു തോന്നി. പറഞ്ഞതിൽ കാര്യമുണ്ടെന്നും തോന്നി.

ഇതുപോലെ എത്രയെത്ര സായാഹ്നങ്ങൾ! ശക്തിമന്ദിരത്തിൽ വെച്ചാണ് പി. സി. ജോഷി, ബാട്ലിവാല, രാമമൂർത്തി മുതലായ ഇടതുപക്ഷ നേതാക്കന്മാരെ ഞാൻ കണ്ടതു്. ആ വാളണ്ടിയർപരിശീലനം ഒരു വലിയ സംഭവമായിരുന്നു. അന്നു് അവിടെനിന്നും പരിശീലനം സിദ്ധിച്ചു പുറത്തുപോയവരിൽ ഒരു വലിയ വിഭാഗമാണു് മലബാറിൽ കമ്മ്യൂണിസത്തിനു് അടിത്തറയിട്ടതു്. കൊങ്ങശ്ശേരിയും കുഞ്ഞുണ്ണിനായരും ഇ. പി. ഗോപാലനും എം. കണാരനുമൊക്കെ ആ വിഭാഗത്തിൽ പെടുന്നു. ഇനിയും വളരെപ്പേരുണ്ടു്. പേരുകൾ വ്യക്തമായോർക്കാൻ കഴിയുന്നില്ല. എന്നാൽ എന്റെ ഗോവിന്ദേട്ടൻ മാത്രം പഴയ കോൺഗ്രസ്സുകാരനായി, കേളപ്പജിയുടെ വത്സലശിഷ്യനായി മരണംവരെ വർത്തിച്ചു.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.