മാതൃഭൂമിയുടെ പുതിയ പ്രസിദ്ധീകരണം വരുന്നു: ‘വിശ്വരൂപം’. പത്രാധിപർ പാറപ്പുറത്തു സഞ്ജയൻ. സഹൃദയ ലോകം മതിമറന്നു് ആഹ്ലാദിച്ചു. വിശ്വരൂപത്തിനുവേണ്ടി ആകാംക്ഷയോടെ കാത്തിരുന്നു. പ്രസിദ്ധീകരണം മാതൃഭൂമിയുടേതാവുക, പത്രാധിപത്യം സഞ്ജയൻ ഏറ്റെടുക്കുക. ‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
പക്ഷേ, എന്റെ മനസ്സ് നിറച്ചും പരിഭ്രാന്തിയായിരുന്നു. കാരണം സഞ്ജയൻ മാസിക നടക്കുന്ന കാലത്തായിരുന്നല്ലോ എന്റെ ‘മനം മടുപ്പിക്കുന്ന ഒരു കേക’ സഞ്ജയന്റെ അനുഗൃഹീത തൂലിക വെട്ടിത്തിരുത്തി ചിന്തേരിട്ടു മിനുക്കി വെളിച്ചം കാണിച്ചതു്; എനിക്കൊരു പേരും നൽകിയത്. ആ പേരിൽ ഒരു കവിതയെഴുതി വിശ്വരൂപത്തിനയച്ചാലെന്തെന്ന ആലോചന രൂപംകൊണ്ടപ്പോൾ ആകെ അസ്വാസ്ഥ്യം. ‘വിശ്വരൂപം’ ഹാസ്യമാസികയാണു്, അതിലേക്കുള്ള ഉരുപ്പടി മുഴുഹാസ്യമായിരിക്കണം. അതെന്നെക്കൊണ്ടു സാധിക്കുമോ? ഗൗരവപൂർവ്വമെഴുതിയ എന്റെ കവിതയിലാണ് അദ്ദേഹം ഹാസ്യം കണ്ടെത്തിയത്. ഇവിടെ ഇപ്പോൾ വേണ്ടതു് ഹാസ്യമാണു്. ഹാസ്യമെന്ന സങ്കല്പത്തിൽ വല്ലതും കുത്തിക്കുറിച്ചുണ്ടാക്കിയെന്നു വെക്കുക. അതെങ്ങനെ സഞ്ജയനയച്ചു കൊടുക്കും? കനിഞ്ഞരുളിയ വരം, ഭസ്മാസുരനെപ്പോലെ ദാതാവിന്റെ നേർക്കു തന്നെ പ്രയോഗിക്കുന്നതു നന്ദികേടല്ലേ? ഹാസ്യകവിത പോയിട്ട് വെറും കവിതതന്നെ എന്നെക്കൊണ്ടെഴുതാനാവില്ല. അദ്ധ്യാപകസമരത്തിന്റെ ബദ്ധപ്പാടിൽ എഴുത്തും വായനയുമൊക്കെ മാറ്റിവെച്ചതാണ്. ഇനി ആ വഴിക്കൊന്നും സഞ്ചരിക്കാനാവില്ല. മോഹം മോഹമായി മനസ്സിൽക്കിടന്നു് വറ്റിപ്പോട്ടെ. ജാഥയും പൊതുയോഗവും പ്രസംഗവുമായിട്ടുതന്നെ കഴിയാം. അതു മതി.
മനസ്സ് മരഞ്ചാടിയെപ്പോലെ കുസൃതികാട്ടുന്നു. അടങ്ങിനില്ക്കുന്നില്ല. അങ്ങട്ടുമിങ്ങട്ടും ചാടുന്നു. ‘വേണ’മെന്ന കൊമ്പിൽനിന്നും ‘വേണ്ടെ’ന്ന കൊമ്പിലേക്ക്. ചാടിച്ചാടി ‘വേണ’മെന്ന കൊമ്പിൽ ഇരിപ്പുറപ്പിക്കുന്നു. പിന്നെ താമസമുണ്ടായില്ല. എഴുത്തു തുടങ്ങി. കവിത തന്നെ. എഴുതിയെഴുതി ഒരുപാടെഴുതി. വായിച്ചുനോക്കി വെട്ടിത്തിരുത്തി ശരിയാക്കി. വീണ്ടും വായിച്ചു. എവിടെയാണു ഹാസ്യമെന്നു കണ്ടുപിടിക്കാനുള്ള ശ്രമമായി. കഴിയുന്നില്ല. ഒടുവിൽ മുഴുവൻ ധൈര്യവും സംഭരിച്ച് കവിതയെഴുതിയ കടലാസ് വൃത്തിയായി മടക്കി, കവറിലിട്ട് വിലാസമെഴുതി, തപാൽപ്പെട്ടിയിൽ നിക്ഷേപിച്ചു. ഇത്തവണ കവിത അയയ്ക്കുന്ന കാര്യത്തിൽ ശ്രീ ടി. പി. സി. കിടാവിനെ ബുദ്ധിമുട്ടിച്ചില്ല.
അതെന്റെ ഒരു ഔദാര്യമായിരുന്നില്ല. വെറും ഭീരുത്വം. ‘വിശ്വരൂപ’ത്തിലേക്കെന്നു പറഞ്ഞു് അദ്ദേഹത്തെ ഏല്പിച്ചിട്ട് അതു് സഞ്ജയൻ സ്വീകരിച്ചില്ലെങ്കിലോ? മറ്റാരുമറിഞ്ഞില്ലെങ്കിലും കിടാവു് അറിയില്ലേ? ആരുമറിയാതിരിക്കുകയാണു നല്ലതു്. കവിത പകർത്തിയെഴുതുമ്പോൾ ‘ചിറകുണ്ടെങ്കിൽ’ എന്ന അതിന്റെ തലക്കെട്ടിന്നു ചുവടെ വൃത്തിയായി ‘തിക്കോടിയൻ’ എന്നെഴുതാൻ മറന്നു പോയില്ല. അങ്ങനെ കവിതയയച്ചു കാത്തിരുന്നു. ദിവസത്തിനു നീളം കൂടുതലായിരുന്നു. രാത്രിക്ക് ഉറക്കത്തിന്റെ കഴിവു നഷ്ടപ്പെട്ടിരുന്നു. വിശ്വരൂപത്തിലേക്കു കവിത അയച്ചുകൊടുത്ത വിവരം ഞാനും തപാൽപ്പെട്ടിയുമല്ലാതെ മറ്റാരുമറിഞ്ഞിരുന്നില്ല. ആ ഒരൊറ്റ കാരണംകൊണ്ടു പരിഭ്രമത്തിനൊട്ടു ശമനമുണ്ടായിരുന്നു. പരസ്യത്തിൽ അറിയിച്ച പ്രകാരം നിശ്ചിത തിയതിക്കു തന്നെ വിശ്വരൂപം പുറത്തിറങ്ങി. അതു ചൂടോടെ വാങ്ങി. മറ്റുള്ളവരിൽ നിന്ന് അകന്നു മാറി താളുകൾ മറിക്കുമ്പോൾ നെഞ്ചിൻകൂടിൽ തുടികൊട്ടു നടക്കുന്നുണ്ടായിരുന്നു. ആദ്യത്തെ രണ്ടു പേജ് പരസ്യം. മൂന്നാമത്തെ പേജ് പ്രത്യക്ഷപ്പെട്ടപ്പോൾ അതാ കിടക്കുന്നു എന്റെ കവിത ഒരു പേജിൽ പാതിയിൽ കവിത. മറ്റേ പാതിയിൽ മഹാനായ ആർട്ടിസ്റ്റ് ‘എം. ബി’യുടെ [1] ഒരു കാർട്ടുൺ. എന്റെ കവിതയുമായി ബന്ധപ്പെട്ട കാർട്ടൂണായിരുന്നു അതു്.
പക്ഷേ, എനിക്കതു കണ്ടപ്പോൾ തോന്നിയതു് കവിതയെ വശത്താക്കാൻ, ഞാൻ കിടന്നു മോങ്ങുന്നതുപോലെയാണ്. കാര്യമെന്തൊക്കെയായാലും വള്ളിപുള്ളി മാറ്റംവരുത്താതെ കവിത മുഴുവനായി പ്രത്യക്ഷപ്പെട്ടു കണ്ടപ്പോൾ വലിയ അഭിമാനം തോന്നി. സഞ്ജയനെപ്പോലെ മഹാനായ ഒരു സാഹിത്യകാരന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞെന്ന തോന്നലാണു് എന്നെ അഭിമാനിയാക്കിയത്. കാര്യം അവിടെയും നിന്നില്ല. ഒട്ടുനാൾ കഴിഞ്ഞപ്പോൾ എനിക്കൊരു മണിയോർഡർ വരുന്നു. ആദ്യത്തെ മണിയോർഡർ. സാഹിത്യ സൃഷ്ടിക്കുള്ള ആദ്യത്തെ പ്രതിഫലം. പത്തുരൂപ. മണിയോർഡർ കൂപ്പണിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, വടിവുള്ള കൈയക്ഷരങ്ങളിൽ: ”വിശ്വരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയ കവിതയ്ക്കുള്ള നാമമാത്രമായ പ്രതിഫലം സ്വീകരിക്കുക.” കീഴെ ഒപ്പിട്ടതു് മാധവൻനായരാണു്; സാക്ഷാൽ ‘മാധവജി’.
മനസ്സു നിറയെ കവിതയുള്ള ‘മാധവജി’ സ്നേഹസമ്പന്നനായ ഒരു വലിയ മനുഷ്യനായിരുന്നു. കരിമ്പുഴയിൽനിന്നടിച്ചു വരുന്ന തണുപ്പു കാറ്റേറ്റ് തഴച്ചുവളരുന്ന കവുങ്ങിൻതോപ്പിന്റെ നടുവിലുള്ള വീട്ടിൽ നിന്നാണ് മാധവജി വരുന്നതു്. സഞ്ജയനും വിശ്വരൂപവും വായിക്കാൻ കഴിഞ്ഞവരോടു് മാധവജിയുടെ സർഗ്ഗപ്രതിഭയെപ്പററി പറഞ്ഞറിയിക്കേണ്ടതില്ല, ‘പാരഡി’യിൽ അദ്ദേഹത്തിനു തുല്യനായി അദ്ദേഹം മാത്രമേയുള്ളൂ. പേരും പ്രസിദ്ധിയും കൊതിക്കാതെ തികച്ചും ഒരു മുനിയപ്പോലെ നിസ്സംഗനായിരുന്നു അദ്ദേഹം. എങ്ങും പോകാതെ, ആരെയും കാണാതെ, കവിതയോടു വിടപറഞ്ഞു്, അനന്യസാധാരണമായ സർഗവാസനയെ ചുരുട്ടിക്കൂട്ടി ഒരു മൂലയിൽ മാറ്റി വെച്ച്, തന്റെ കവുങ്ങിൻ തോപ്പിന്റെ ഇരുണ്ട തണലിൽ ഏകാകിയായി അവസാനനാളുകളദ്ദേഹം കഴിച്ചുകൂട്ടി.
അന്നൊരിക്കൽ മാതൃഭൂമിയിലെ കുഞ്ഞപ്പേട്ടനോടും രാംജിയോടുമൊപ്പം ഞാനദ്ദേഹത്തെ ചെന്നു കാണുകയുണ്ടായി. വീട്ടുവരാന്തയിൽ, ഒരു കട്ടിലിൽ അദ്ദേഹം ഇരിക്കുകയായിരുന്നു. ആയിരക്കണക്കിൽ വായനക്കാരെ പൊട്ടിച്ചിരിപ്പിച്ച ‘മാധവജി’ ഞങ്ങളെക്കണ്ടു ചിരിക്കാൻ ശ്രമിച്ചു. വിളറിയ ചിരി. അന്ത്യനാളിനെ മാടിവിളിച്ചടുപ്പിക്കുന്ന മഹാരോഗം അദ്ദേഹത്തെ വലയം ചെയ്തിരുന്നു.
സംസാരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം അവശത മറന്നു. മുനിയുടെ മനസ്സ്, ദേഹാസ്വാസ്ഥ്യത്തെ പിടിച്ചു പിറകോട്ടു മാറ്റുകയും ജന്മസിദ്ധമായ നർമ്മബോധത്തെ തൊട്ടുണർത്തുകയും ചെയ്യുന്നതാണു പിന്നീടു ഞങ്ങൾ കണ്ടതു്. ഏറെ നേരമദ്ദേഹവുമായി വർത്തമാനം പറഞ്ഞിരുന്നു വിടപറയുമ്പോൾ ആ കണ്ണുകൾ ജലാർദ്രങ്ങളായോ? ആയെങ്കിൽ അതു് ഒരിക്കലും ദൗർബ്ബല്യമായി കണക്കാക്കാൻ വയ്യ. കുഞ്ഞപ്പേട്ടനും രാംജിയും മറ്റുമായി അത്രയേറെ അടുപ്പത്തിൽ കഴിഞ്ഞതാണ്. കൈകൂപ്പിക്കൊണ്ടദ്ദേഹം എഴുന്നേറ്റു നിന്നു. ഞങ്ങൾ മുറ്റത്തിറങ്ങി നടവഴിയിലൂടെ പടിക്കലേക്കു നടക്കുമ്പോഴും ആ നില്പു തന്നെ. അതും അവസാനത്തെ കാഴ്ചയായിരുന്നു. കൂപ്പുകൈകൾക്കിടയിൽ അടക്കിപ്പിടിച്ച സൗഹൃദവുമായി നില്ക്കുന്ന മാധവജിയുടെ രൂപം ഇന്നും മനസ്സിലുണ്ട്.
’വിശ്വരൂപ’ത്തിന്റെ പ്രവർത്തനം. അന്നു മുഴുവനായും ഏറ്റെടുത്തു നടത്തിയതു് മാധവജിയായിരുന്നു. ആദ്യത്തെ കവിത പ്രത്യക്ഷപ്പെട്ടു കണ്ട ആവേശത്തോടെ ഞാൻ വീണ്ടും വീണ്ടും എഴുതി. മിക്കവാറും എല്ലാ ലക്കങ്ങളിലുമെന്നുതന്നെ പറയാം കവിതയായും ലേഖനമായും എന്റെ സൃഷ്ടികൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇടയ്ക്കു മാധവജി അഭിനന്ദനപൂവ്വം ഒന്നോ രണ്ടോ വരി എഴുതി അറിയിക്കും. അതെനിക്കു കൂടുതൽ പ്രചോദനമേകും. തുടർന്നെഴുതാൻ ഉത്സാഹം തരും. വിശ്വരൂപം നിലച്ചതോടെ ആ വഴിക്കുള്ള പ്രവർത്തനം നിലച്ചു. ഒരരങ്ങു വേണമല്ലോ എന്തെങ്കിലും ചിലതു പ്രവർത്തിച്ചു കാണിക്കാൻ.
ഇപ്പോൾ എനിക്കു ജോലിയില്ല. അദ്ധ്യാപക സമരത്തിന്റെ ബദ്ധപ്പാടിൽ അതു നഷ്ടപ്പെട്ടു. ദുഃഖിച്ചില്ല. മാനജ്മെന്റ് സമ്പ്രദായത്തിൻ കീഴിൽ അന്നു ജോലിസ്ഥിരത ആർക്കുമുണ്ടായിരുന്നില്ലല്ലോ. പിരിച്ചുവിടൽ നിത്യസംഭവം. ജോലിയില്ലാതെ അലഞ്ഞു നടക്കേണ്ട ഗതികേടിൽ ഞാൻ പെട്ടില്ല. എന്റെ ഗ്രാമത്തിൽ എന്നെപ്പോലെ പലരും അന്നുണ്ടായിരുന്നു. പ്രഭാതത്തിൽ എഴുന്നേറ്റു അമ്പലച്ചിറയിൽ ചെന്നു കുളിക്കും. കൊങ്ങന്നൂരംബയെ വലംവെച്ചു തൊഴുതു് പ്രസാദം വാങ്ങും. പ്രാതൽ കഴിച്ച് ശീട്ടുകളിക്കാനിരിക്കും. ശീട്ടുകളി ബഹുരസമായിരുന്നു അന്നു്. അതിനായി ഒന്നുരണ്ടു കേന്ദ്രങ്ങളുണ്ടായിരുന്നു. രാവും പകലും വ്യത്യാസമില്ലാതെ കളിക്കും. എനിക്കാരേയും പേടിക്കേണ്ടിയിരുന്നില്ല. ഗോവിന്ദേട്ടൻ അധിക സമയവും ജയിലിലായിരിക്കും. അല്ലെങ്കിലും അല്പം ശീട്ടുകളിച്ചുപോയാൽ ഒരുവന്റെ ജീവിതം ഉടഞ്ഞു തകർന്നു പോകുമെന്നും മറ്റും വിചാരിക്കുന്ന കൂട്ടത്തിലായിരുന്നില്ല ഗോവിന്ദേട്ടൻ. ആരും ശാസിക്കാനില്ലാത്തതുകൊണ്ടു്, ആർക്കും വഴങ്ങണ്ടതില്ലാത്തതുകൊണ്ടു് ഞാൻ മുറയ്ക്കു ശീട്ടു കളിച്ചു. എഴുത്തില്ല, വായനയില്ല. കാര്യമായ ഒരു പ്രവൃത്തിയുമില്ല. കൃത്യസമയത്തു് ആഹാരം കഴിക്കുന്ന പതിവുമില്ല.
അങ്ങനെയങ്ങനെ ദിവസം തള്ളിനീക്കുന്ന കാലത്ത് ഒരു വൈകുന്നേരം തിക്കോടി റെയിൽവേ സ്റ്റേഷനിലെത്തി. ചുമ്മാ, ഒരു രസത്തിനു പുറത്തിറങ്ങിയതാണ്. പതിവില്ലാത്ത വിധം ശീട്ടുകളിക്കു കൂട്ടുകാരെ കണ്ടെത്താൻ കഴിയാത്തതുകൊണ്ടു് ഇറങ്ങിത്തിരിച്ചതാണ്. സന്ധ്യയായപ്പോൾ സ്റ്റേഷനടുത്തുള്ള ഒരു ഒഴിഞ്ഞ പറമ്പിൽ പെട്രോമാക്സ് കത്തുന്നതു കണ്ടു. അതിന്റെ വെളിച്ചത്തിനു ചുറ്റും ഏതാനും പേർ കൂടിനില്ക്കുന്നുണ്ടു്. സംഗതി എന്തെന്നറിയാനുള്ള കൗതുകത്തോടെ അങ്ങോട്ടു നടന്നു. അവിടെ ഒരു ഐത്തോച്ചാടനയോഗം നടക്കാൻ പോകുന്നു. കുഴപ്പം പിടിച്ച കാര്യമാണ്. ഐത്തത്തിനു് നല്ല സ്വാധീനമുള്ള കാലമാണ്. ആരാണു പ്രസംഗിക്കാൻ വരുന്നതെന്വേഷിച്ചപ്പോൾ ആരോ ശ്രീ. വി. ആർ. നായനാരുടെ പേരു പറഞ്ഞു കേട്ടിട്ടുണ്ടു്. സാമൂഹ്യപ്രവർത്തകനാണ്. ഹരിജനോദ്ധാരണത്തിനുവേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കുന്ന മനുഷ്യനാണ്. അവർക്കു വേണ്ട സ്കൂളുകൾ നടത്തുന്നുണ്ടു്.
അപ്പോൾ ഒരാശയം തോന്നി. ജോലിയില്ലാതെ നടക്കുകയാണ്. ശ്രീ നായനാർ പ്രശസ്തമായ നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ടു്. അതിലേതെങ്കിലുമൊന്നിൽ കയറിപ്പറ്റാൻ കഴിയുമോ? അദ്ദേഹത്തെ കണ്ടു പറഞ്ഞാൽ ഗുണമുണ്ടാകുമോ? വല്ല ശിപാർശയുമില്ലാതെ നേരിട്ടു ചെന്നു പറഞ്ഞു് ജോലി സമ്പാദിക്കുന്നതു് അത്ര എളുപ്പമല്ലെന്ന് അറിയാം. എങ്കിലും, ഭാഗ്യം പരീക്ഷിക്കാമെന്നുതന്നെ തീരുമാനിച്ചു. ശ്രീ നായനാരേയും കാത്തു നിന്നു. അദ്ദേഹം താമസിയാതെ വന്നെത്തി. നടന്നാണു വന്നതു്. നേരെ ആൾക്കൂട്ടത്തിലേക്കു കടന്നു. അവിടെ തയ്യാറാക്കിവെച്ച മേശപ്പുറത്ത് അദ്ദേഹം കയറി നിന്നു.
തുടുത്ത മുഖം. വിശാലമായ നെറ്റി. തിളങ്ങുന്ന കണ്ണുകൾ. മുട്ടോളമെത്തുന്ന ഷട് കോട്ട്. കറുത്ത തൊപ്പി. ഉത്തരേന്ത്യക്കാരായ നേതാക്കന്മാർ ഉപയോഗിക്കുന്ന മട്ടിലുള്ളതു്. ഖദർ മുണ്ടു്. പ്രഭാഷണം തുടങ്ങി. ഒച്ചയും ബഹളവും വെല്ലുവിളികളുംകൊണ്ടു ശ്രോതാക്കളെ അമ്പരപ്പിക്കുംവിധമുള്ള പ്രഭാഷണമായിരുന്നില്ല. സൗമ്യമായ അവതരണം, ഉച്ചഭാഷിണിയില്ലാത്ത കാലമായിട്ടും എല്ലാവർക്കും വ്യക്തമായി കേൾക്കാവുന്നമട്ടിൽ ആവശ്യമുള്ള വാക്കുകൾക്ക് ശക്തമായ ഊന്നൽ കൊടുത്തുകൊണ്ടാണദ്ദേഹം സംസാരിച്ചതു്. എതിരാളികളിൽ പോലും മതിപ്പുളവാക്കുന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.
യോഗം കഴിഞ്ഞു. ജനങ്ങൾ പിരിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ ഞാനദ്ദേഹത്തിന്റെ പിറകെ കൂടി.
“ഒന്നു പറയാനുണ്ടായിരുന്നു.”
അദ്ദേഹം തിരിഞ്ഞുനിന്നു. സൂക്ഷിച്ചു നോക്കി. മറ്റുള്ളവരെ വെറുപ്പിക്കുന്ന ലക്ഷണമൊന്നും കാണാത്തതുകൊണ്ടാവണം അദ്ദേഹം സൗമ്യമായി ചോദിച്ചു:
“എന്താ വേണ്ടതു്?”
”എനിക്കിപ്പോൾ ജോലിയില്ല.”
ഞാൻ നിർത്തി നിർത്തി പറഞ്ഞു.
“അദ്ധ്യാപക സമരത്തിൽ ജോലി നഷ്ടപ്പെട്ടു.”
അദ്ധ്യാപക സമരത്തോടു് അനുഭാവമുള്ള ആളായിരുന്നു അദ്ദേഹം. സമരം മാന്യമായി പര്യവസാനിപ്പിക്കാൻ പരിശ്രമിച്ചവരുടെ കൂട്ടത്തിൽ അദ്ദേഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മറുപടിക്കു കാത്തു നില്ക്കാതെ ഞാൻ തുടർന്നു പറഞ്ഞു:
“എനിക്കു ഡി. എം. ആർ. ടി. യിൽ ഒരു ജോലി തരണം.”
”അടുത്ത മാസം ആദ്യം ഗോപാലപുരത്തു വന്നു് എന്നെ കാണൂ.”
അദ്ദേഹം ചിരിച്ചോ? തീർത്തുപറയാൻ വയ്യ. എപ്പോഴുമുള്ള ശാന്തഭാവമായിരുന്നു മുഖത്തു്. കൂടുതൽ പറയാതെ അദ്ദേഹം നടന്നു.
അവിചാരിതമായ ആ കൂടിക്കാഴ്ച ജീവിതത്തിന്റെ ഭാവിയെ മറച്ചുനിന്ന യവനിക ഉയർത്തുകയായിരുന്നു; എന്റെ മുമ്പിൽ മറ്റൊരു അരങ്ങു പ്രത്യക്ഷപ്പെടുകയായിരുന്നു.
മാതൃഭൂമിയില്‍ രേഖാചിത്രം വരച്ചുകൊണ്ടിരുന്ന ഭാസ്ക്കരനെ ഹാസ്യരചനാരംഗത്തേക്ക് ആനയിച്ചു. എം. ആർ. നായർ തന്റെ മനസ്സിനും മാസികയ്ക്കും ഇണങ്ങുന്ന ശൈലിവിശേഷമുള്ള ഭാസ്ക്കരനെ കണ്ടെത്തിയതാണ്, വിശ്വരൂപത്തിന്റേയും സഞ്ജയന്റേയും സവിശേഷ വ്യക്തിത്വത്തിനും വലിയ ജനപ്രീതിക്കും കാരണമായത്.