കോഴിക്കോട്-കണ്ണൂർ ഹൈവേ! അന്നു്, അപൂർവ്വമായി ഒരു മോട്ടോർവാഹനം കടന്നുപോയാൽ സമീപപ്രദേശങ്ങളെ കാഷായ വസ്ത്രം ധരിപ്പിക്കുന്ന ചെമ്മൺപാതയായിരുന്നു അതു്. ആ പാതയിലൂടെ, കൊയിലാണ്ടിയിൽനിന്നു വടക്കോട്ടും തിക്കോടിയിൽ നിന്നു തെക്കോട്ടും പഴയ കണക്കിലൊരു മൂന്നു നാഴിക നടന്നാൽ മൂടാടി വില്ലേജിലെത്തും. അവിടെ നിരത്തുവക്കിൽ നിറച്ചും താമര പൂത്തു നില്ക്കുന്ന ഒരു കുളമുണ്ടു്; ‘പാലക്കുളം’. കുളത്തിനരികിലൂടെ വടക്കോട്ടു നടന്നു തീവണ്ടിപ്പാത മുറിച്ചു കടന്നാൽ, മേലോട്ടു മേലോട്ടു് കയറിപ്പോകുന്ന ഒരിടവഴി കാണാം. ആ വഴി ‘ഗോപാലപുര’ത്തെ പ്രധാന ഗേറ്റിലെത്തുന്നു. അല്പം കിതപ്പുണ്ടാവും. സാരമില്ല. ഗേറ്റിൽ നിന്നു കിതപ്പാറ്റാം. ആരും കാണില്ല. വെറുതെ നില്ക്കണമെന്നില്ല. ചുറ്റുമൊന്നു കണ്ണാടിക്കാം. അന്തസ്സിനുവേണ്ടി വിഹഗവീക്ഷണം നടത്തുന്നു എന്നു പറയാനും വിരോധമില്ല.
ഇടതുവശത്തു കശുമാവിൻതോട്ടമാണു്. വലതുവശത്തു് ഒട്ടു മാവു്, സപ്പോട്ട, മധുരനാരകം, പുളി, പിലാവു് തുടങ്ങിയ ഫലവൃക്ഷങ്ങളാണ്. ഇടയ്ക്കിടെ ഓലമേഞ്ഞ ചെറിയ വീടുകൾ. ഹരിജന വിദ്യാർത്ഥികൾക്കു താമസിച്ചു പഠിക്കാനുള്ള ഹോസ്റ്റൽ. സ്കൂൾ കെട്ടിടം; അതിനോടു ചേർന്നു പ്രധാന അദ്ധ്യാപകനു താമസിക്കാനുള്ള അല്പം ഭേദപ്പെട്ടൊരു വീടു്; കളിസ്ഥലം. നെയ്ത്തു്, നൂൽപ്പു്, കടലാസു് നിർമ്മാണം തുടങ്ങിയ കൈത്തൊഴിൽ പരിശീലിപ്പിക്കാനുള്ള വലിയൊരു ഷെഡ്ഡ്. മൊത്തത്തിൽ ഇതായിരുന്നു ‘ഗോപാലപുരം’. പഴയ കാലത്തു് കുറുനരികളും മുള്ളൻപന്നികളും മേഞ്ഞു നടന്ന പാവൂർ കുന്നിന്റെ രണ്ടാം ജന്മം.
കുന്നിന്റെ കിഴക്കെ ചരിവിലാണു് കേളപ്പജിയുടെ ‘ഒതയോത്ത്’ വീടു്. ഹരിജനോദ്ധാരണത്തിനുള്ള മുഖ്യകേന്ദ്രമായി പരിവർത്തനപ്പെടുത്താനുദ്ദേശിച്ചു കേളപ്പജി വാങ്ങുകയും പില്ക്കാലത്ത് ശ്രീ നായനാർ അതു് ഏറ്റെടുക്കുകയും ’ദേവധാർ മലബാർ പുനരുദ്ധാരണ സംഘ’ത്തിന്റെ മുഖ്യകേന്ദ്രം അവിടെ സ്ഥാപിക്കുകയുമാണുണ്ടായതു്. ‘ഡി. എം. ആർ. ടി.’ എന്ന ചുരുക്കപ്പേരിൽ ആ സംഘം അറിയപ്പെട്ടു. സംഘം മലബാറിന്റെ പല ഭാഗങ്ങളിലായി മാതൃകാ വിദ്യാലയങ്ങൾ നടത്തിയിരുന്നു. പേരിൽ മാത്രമല്ല, പ്രവർത്തന ശൈലിയിലും ആ വിദ്യാലയങ്ങളത്രയും മാതൃകകൾതന്നെയായിരുന്നു; അർപ്പണ മനസ്സുകളായ അവിടത്തെ അദ്ധ്യാപകർ ഡി. എം. ആർ. ടി. വർക്കർ എന്ന പേരിലാണറിയപ്പെട്ടതു്.
രാവിലെ കുളിയും കുറിയും കഴിഞ്ഞ് ഞാൻ പുറപ്പെട്ടു. തന്നെ വന്നു കാണാൻ ശ്രീ നായനാർ പറഞ്ഞിരുന്നല്ലോ. ഒരു ജോലി തേടിപ്പോകുന്നവന്റെ ആകാംക്ഷയോ പരിഭ്രമമോ ഒന്നും ഉണ്ടായിരുന്നില്ല. അതിയായ ആഗ്രഹമുണ്ടായിരുന്നു. ‘ഡി. എം. ആർ. ടി. വർക്ക’റെന്ന നിലയിൽ നല്ലവരായ മറ്റദ്ധ്യാപകർക്കൊപ്പം ജോലിചെയ്യാൻ കൊതിയായിരുന്നു. ചെമ്മൺപാത ഒഴിവാക്കി, കുറുക്കുവഴിയിലൂടെ ‘മല’ കേറിക്കടന്നാണു പോയതു്. വഴിനീളെ ഗോപാലപുരത്തപ്പറ്റിയുള്ള ചിന്തയായിരുന്നു. ഒരിക്കലവിടെ പോയിട്ടുണ്ടു്. സ്കൂൾ വാർഷികത്തിൽ കുട്ടികളഭിനയിക്കുന്ന നാടകം കാണാൻ. ഖദർധാരികളും വിനയപൂർവ്വമായ പെരുമാറ്റത്തിന്നുടമകളും ഉത്സാഹികളുമായ അവിടത്ത അദ്ധ്യാപകരോടു് എന്തെന്നില്ലാത്ത ആദരവു തോന്നിയിരുന്നു. നല്ല ബഞ്ചില്ലാതെ, ഇരിക്കാൻ പറ്റിയ കസേരയില്ലാതെ, ക്ലോക്കില്ലാതെ, പഞ്ഞം പിടിച്ച മാനേജ്മെന്റ് സ്കൂളിൽനിന്നും എന്നെങ്കിലുമൊരു മോചനം കിട്ടുമെന്നും തെളിഞ്ഞ മനസ്സോടെ, അദ്ധ്യാപനം രാഷ്ട്ര സേവനമാണെന്ന ബോധത്തോടെ പ്രവർത്തിക്കാൻ പറ്റിയൊരു സ്ഥാപനം കണ്ടത്തുമെന്നും അന്നവിടെവെച്ച് എന്റെ മനസ്സ് എന്നോടു പറഞ്ഞിരുന്നു. പാടുന്നവരും പാട്ടെഴുതുന്നവരും നാടകരചന നടത്തുന്നവരും സംവിധാനം ചെയ്യുന്നവരും അഭിനയിക്കുന്നവരുമായ പല അദ്ധ്യാപകരെയും പരിചയപ്പെടാനുള്ള അവസരം കൈവന്നത് വലിയ ഭാഗ്യമായി കരുതിയിരുന്നു.
‘സത്യവതീപരിണയ’മാണ് അന്നു് അവതരിപ്പിച്ച നാടകം. ഹരിജനബാലന്മാർ സമർത്ഥമായി അഭിനയിച്ചു. നാടകത്തിലുടനീളം അയിത്തത്തിനെതിരായ, ഉച്ചനീചത്വത്തിനെതിരായ, ജാതിവ്യത്യാസത്തിനെതിരായ സന്ദേശം മുഴങ്ങിക്കേട്ടിരുന്നു. ഒരു കൊച്ചുകുട്ടി—അവനവതരിപ്പിച്ച കഥാപാത്രം ഏതെന്നു് ഓർമ്മയില്ല—അന്നു് അരങ്ങത്തുവെച്ചു സദസ്യരോടു് ഗാനരൂപത്തിലൊരു ചോദ്യം:
മുഖ്യമാം വേദങ്ങൾ വ്യാസിച്ച ദിവ്യൻ?
അല്ലേ, സത്യമല്ലേ? അവിടെയെങ്ങാനും ജാതിവ്യത്യാസമുണ്ടായിരുന്നോ? അയിത്താചരണമുണ്ടായിരുന്നോ?
ആലോചിച്ചാലോചിച്ചു് വഴി പിന്നിട്ടതും കുത്തനെയുള്ള ഇടവഴി കയറിയതും ഗോപാലപുരത്തെ പ്രധാന ഗേറ്റിലെത്തിയതും അറിഞ്ഞില്ല. നേരെ നടന്നു് ഹെഡ് മാസ്റ്ററുടെ വീട്ടിലെത്തി. ഖദർ ജുബ്ബയുടെ പോക്കറ്റിൽ കൈ തിരുകിക്കൊണ്ടു പൂമുഖത്തേക്കു കടന്നു വന്ന അദ്ദേഹം ചിരിച്ചു. പിന്നെ കൈകൂപ്പി. ആ കൂപ്പുകൈയ്ക്കു മുമ്പിൽ ആദ്യത്തെ കീഴടങ്ങൽ. ഇരിക്കാൻ പറഞ്ഞു. ഞാനിരുന്നപ്പോൾ അദ്ദേഹവും ഇരുന്നു. ചോദിക്കാതെ തന്നെ ഞാനെന്റെ പേരു പറഞ്ഞു. ഏറെനാളത്തെ പരിചയമുള്ള ഒരാളെപ്പോലെ അദ്ദേഹം വീണ്ടും ചിരിച്ചു. എഴുന്നേറ്റു പുറത്തേക്കിറങ്ങി. ഒപ്പം നടന്നു് ‘ഗോപാലപുരം’ എന്താണു്, എങ്ങനെയാണെന്നു് അദ്ദേഹം കാണിച്ചു തന്നു. വിവരിച്ചു തന്നു. വീടുകൾ ഓരോന്നായി കയറിയിറങ്ങി. വീട്ടിന്നുടമകളെ പരിചയപ്പെടുത്തി.
“കക്കുഴി കൊറുമ്പൻ.”
ഹരിജനകാരണവർ കുടുംബസമേതം താമസിക്കുന്ന വീടു്. കുട്ടികൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നു. പിന്നെ വെള്ളൻ, പറയൻ—എല്ലാ പേരും ഓർക്കുന്നില്ല. മുഴുവൻ വീടുകളും കയറിയിറങ്ങി എല്ലാവരെയും പരിചയപ്പെട്ടു. ഹരിജനകുടുംബങ്ങൾ താമസിക്കുന്ന വീടുകൾക്കിടയിൽ അദ്ധ്യാപകരുടെ വീടുകളുമുണ്ട്. സംവിധാനം അങ്ങനെയാണു്, അദ്ധ്യാപകർ മുഴുവനും തന്നെ സവർണ്ണരായിരുന്നു എന്ന കാര്യം ഇവിടെ ഉറപ്പിച്ചു പറയേണ്ടതുണ്ടു്.
ഹരിജനങ്ങൾ, സാവകാശം അറിവിന്റെ വളിച്ചത്തിലേക്കു് അടുക്കാൻ തുടങ്ങുന്നതേയുള്ളു. സ്വതന്ത്രമായി വഴിനടക്കാനുള്ള അവകാശം കിട്ടിയിട്ടില്ല. സവർണ്ണ കുട്ടികളോടൊപ്പം ഇരുന്നു പഠിച്ചുകൂടാ. പഠിക്കണമെങ്കിൽ അവർക്കു വേണ്ടി പ്രത്യേകമായി സ്ഥാപനങ്ങളുണ്ടാക്കണം. അങ്ങനെയുള്ള സ്ഥാപനത്തിന്റെ പേരായിരുന്നു ‘പഞ്ചമ സ്കൂൾ’ എന്നു്. എന്നാൽ ‘ഗോപാലപുരം’ അന്നു കാട്ടിയ മാതൃക അദ്ഭുതകരമായിരുന്നു. സവർണ്ണരുടെ കുട്ടികൾ പഠിക്കണമെങ്കിൽ ഗോപാലപുരത്തു് ഹരിജനങ്ങൾക്കുവേണ്ടി സ്ഥാപിച്ച സ്കൂളിൽ വന്നുചേരണം. പ്രസിദ്ധരായ അദ്ധ്യാപകർ, ഒന്നാംതരം കെട്ടിടം, പുതുപുത്തൻ ഉപകരണങ്ങൾ. ആർക്കും വരാം, ചേരാം, പഠിക്കാം. പക്ഷേ, അയിത്തം ഉപേക്ഷിക്കണം. പഠിക്കാനും വലുതാവാനും മോഹമുള്ള കുട്ടികൾ അവിടെ വന്നു ചേർന്നു പഠിച്ചു. അയിത്തം അവരെ തടഞ്ഞില്ല.
എല്ലാ വീടുകളും കയറിയിറങ്ങി എല്ലാവരെയും പരിചയപ്പെട്ടു് ഹെഡ് മാസ്റ്ററുടെ വീട്ടിലേക്കു മടങ്ങുമ്പോൾ ഞാനദ്ഭുതപ്പെടുകയായിരുന്നു, ഈ പരിചയപ്പെടുത്തലുകളൊക്കെ എന്തിനെന്നു്. ഒരു സന്ദർശകൻ മാത്രമാണോ ഞാൻ? ഉദ്യോഗാർത്ഥിയല്ലേ? ശ്രീ നായനാരെവിടെയുണ്ടു്? അദ്ദേഹത്തെ കണ്ടില്ലല്ലോ. ഒരു മാന്യാതിഥിയെപ്പോലെ എല്ലാം കാണിച്ചുതന്നു തിരിച്ചയയ്ക്കാനാണോ ഭാവം? മനസ്സിൽ നൂറു നൂറു ചോദ്യങ്ങൾ ഉദിച്ചെങ്കിലും ഒന്നും പുറത്തുവന്നില്ല. ഹെഡ് മാസ്റ്റർ ആപ്പീസുമുറിയിൽ കയറി എനിക്കൊരു കസേര നിരക്കിയിട്ടു തന്നു. അദ്ദേഹം ഇരുന്നു. മേശ തുറന്നു ഏതൊക്കെയോ കടലാസുകൾ വലിച്ചു പുറത്തിട്ടു. എന്തൊക്കെയോ വായിച്ചുനോക്കി; അല്പ നിമിഷങ്ങൾക്കുശേഷം തലയുയർത്തി എന്നോടു ചോദിച്ചു:
“ഇന്നു തന്നെ ചേരുന്നോ?’
ചോദ്യത്തിന്റെ പൊരുൾ പിടികിട്ടാതെ അന്തംവിട്ടിരുന്നു ഞാൻ. ഹെഡ് മാസ്റ്റർ തുടന്നു പറയുന്നു:
“ഇന്നുതന്നെ വേണമെന്നു നിർബന്ധമില്ല. സൗകര്യമുള്ള ഏതു ദിവസവുമാവാം.”
ഹരജിയില്ല, ഉത്തരവില്ല. ജോലി കിട്ടിയിരിക്കുന്നു. ആഹ്ലാദം കൊണ്ടു വീർപ്പുമുട്ടുന്ന ഞാൻ പറഞ്ഞു:
“ഇന്നുതന്നെ സാർ. ഇന്നുതന്നെ ചേർന്നോളാം.”
അങ്ങനെ ഏറെനാൾ കൊതിച്ച, സപ്നം കണ്ടിരുന്ന ശുഭമുഹൂർത്തം എന്റെ മുമ്പിൽ പൊട്ടിവിടരുന്നു. ഞാൻ, ഞാനിപ്പോൾ ഒരു ഡി. എം. ആർ. ടി. വർക്കറാണു്. കേവലം അദ്ധ്യാപകനെന്ന പദവി മാത്രമല്ല, പ്രവർത്തകനെന്ന പദവികൂടി എനിക്കുണ്ട്. ഈ പദവിക്കു്; ഭാരിച്ച ഉത്തരവാദിത്വത്തിനു് ഞാനർഹനാണോ? ആണെന്നോ അല്ലെന്നോ എനിക്കറിഞ്ഞുകൂടാ. ഞാൻ പ്രാർത്ഥിച്ചു: എന്നെ അർഹനാക്കണേ, നായനാരെന്ന വലിയ മനുഷ്യന്റെ കാൽപ്പാടുകൾ പതിഞ്ഞ വഴിത്താരയിലൂടെ ഇഴഞ്ഞു നീങ്ങാനുള്ള കരുത്തെങ്കിലുംഎനിക്കു നല്കേണമേ!