images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
വീടു്, വിവാഹിതർക്കു മാത്രം

പുതിയ ചുറ്റുപാടു്; പുതിയ പ്രവർത്തനശൈലി. സ്നേഹസമ്പന്നരായ സഹപ്രവർത്തകർ. അധികാരത്തിന്റെ ലഹരി തീണ്ടാത്ത പ്രധാനാദ്ധ്യാപകൻ. അച്ചടക്കത്തോടെ പുലരുന്ന വിദ്യാർത്ഥികൾ. അഹിതമായ വാക്കുകളോ ആക്രോശങ്ങളോ, മാനേജ്മെന്റ് സമ്പ്രദായത്തിന്റെ മനംമടുപ്പിക്കുന്ന പഴഞ്ചൻചിട്ടകളോ, വർഷാന്ത ഗ്രാന്റിനെ സംബന്ധിക്കുന്ന ഉൽക്കണ്ഠയോ, വാദകോലാഹലങ്ങളോ ഒന്നുമില്ലാത്ത ശുദ്ധമായ അന്തരീക്ഷം. അദ്ധ്യാപകരും അദ്ധ്യേതാക്കളും സുഹൃത്തുക്കളെപ്പോലെ പുലരുന്നു. എങ്ങും സൗഹൃദത്തിന്റെ വിശുദ്ധി. അതായിരുന്നു ‘ഗോപാലപുരം’. ഭാരതം കണ്ട സമുന്നതരായ നേതാക്കളിൽ എന്തുകൊണ്ടും അഗ്രസ്ഥാനമലങ്കരിച്ച ഗോപാലകൃഷ്ണ ഗോഖലെയുടെ നാമത്തിൽ പ്രവത്തിക്കുന്ന ഒരു സ്ഥാപനം; “ഗോപാലപുരം’ മറ്റൊന്നാവാൻ വഴിയില്ലല്ലോ.

കൊതിച്ചതൊന്നും അന്നോളം കൈവരാത്തതിലുള്ള എന്റെ ദുഃഖം അവിടെവെച്ചവസാനിക്കുന്നു. ഞാനിപ്പോൾ ‘ദേവധാർ മലബാർ പുനരുദ്ധാരണസംഘ’ത്തിലെ ഒരു പ്രവർത്തകനാണു്. വെറും മാഷല്ല; പ്രവർത്തകൻ. ആ വാക്കിനു പിന്നിൽ സേവനത്തിന്റെ മാധുര്യമുണ്ടു്. ‘അദ്ധ്യാപനം രാഷ്ട്രസേവന’മെന്ന മുദ്രാവാക്യം കണ്ഠം പൊട്ടുമാറ് പലതവണ ആർത്തുവിളിക്കേണ്ടി വന്നപ്പോഴൊന്നും, സേവനത്തിന്റെ യാഗശാലയിൽ എന്നെങ്കിലും എത്തിച്ചേരുമെന്നു ഞാൻ വിചാരിച്ചതല്ല. പക്ഷേ, വിധി എന്നെ ഇവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു. ഇവിടെ ഹോമത്തിനുള്ള വിറകു ശേഖരിക്കാനുള്ള എളിയ കഴിവെങ്കിലും എന്നിലുദിപ്പിക്കേണമേ എന്നു പ്രാർത്ഥിച്ചു കൊണ്ടാണു് ഹെഡ് മാസ്റ്റർ ശ്രീ ഗോവിന്ദവാരിയരുടെ പിറകെ ഞാൻ എനിക്കുവേണ്ടി അനുവദിച്ചുതന്ന ക്ലാസ്സിലേക്കു കയറിച്ചെന്നതു്. എനിക്കു മുമ്പേ പ്രബലരായ പലരും ഇരുന്ന കസേര; വിജ്ഞാനം പൊട്ടിവിരിയുന്ന വിരൽത്തുമ്പുകൊണ്ടു ധിഷണാശാലികളായ പലരും അറിവിന്റെ ചിത്രം വരച്ച കറുപ്പുപലക. എന്നെ കൗതുകത്തോടെ നോക്കിയിരിക്കുന്ന വിദ്യാർത്ഥികൾ. എല്ലാം എനിക്കു സ്വപ്നസദൃശമായിരുന്നു. അർദ്ധബോധാവസ്ഥയിലായിരുന്നു എന്റെ മനസ്സെന്നു പറഞ്ഞാൽ തെറ്റില്ല.

“ഇതു കുഞ്ഞനന്തൻ മാഷാണ് കേട്ടോ.”

ഹെഡ് മാസ്റ്ററുടെ ശബ്ദം എന്നെ ഉണർത്തി.

“ഇനി ഇദ്ദേഹമായിരിക്കും നിങ്ങളുടെ മാഷ്.”

ചടങ്ങു കഴിഞ്ഞു് ഹെഡ് മാസ്റ്റർ പിരിഞ്ഞപ്പോൾ ഞാൻ വിദ്യാർത്ഥികളുമായി ചങ്ങാത്തമുറപ്പിക്കാൻ പരിശ്രമിച്ചു. ആദ്യത്തെ ഇനം പേരു ചോദിക്കലായിരുന്നു.

“നീലാണ്ടൻ”

കറുത്തു തടിച്ച് കുറുതായൊരു കുട്ടി എഴുന്നേറ്റുനിന്നു പറഞ്ഞു. അടുത്ത ഊഴം മെലിഞ്ഞവന്റേതായിരുന്നു.

“സോമൻ.”

അങ്ങനെ വഴിക്കുവഴി എല്ലാവരും പേരു പറഞ്ഞു. പരിചയപ്പെടലിന്റെ ആദ്യ പടവു കേറിയപ്പോൾ മനസ്സ് തണുത്തു. എന്റെ നോട്ടവും നടത്തവും ഭാവവും മാറിയിരിക്കുന്നു. എല്ലാറ്റിലും അല്പമൊരന്തസ്സിന്റെ ഛായ. തിക്കോടി നിന്നു മൂടാടിക്കു ദിവസവും നടക്കണം. നിരത്തുവഴിയാവുമ്പോൾ ദൂരം കൂടുതലുണ്ട്. കുറുക്കു വഴി തേടിയാൽ ദൂരം കുറയുമെങ്കിലും ക്ലേശം കൂടും. ’ചാക്കര’ക്കടവു കടന്നു് ‘വലിയമല’ കേറിയിറങ്ങിയാൽ സംഗതിക്കു്, എളുപ്പമുണ്ടു്. ക്ലേശിച്ചാലും വേണ്ടില്ല, മലകേറ്റം തന്നെ നല്ലതെന്നു തീരുമാനിച്ചു. അങ്ങനെ കുറുക്കുവഴിക്കുള്ള യാത്ര തുടങ്ങിയപ്പോഴാണ് ഒരു കാര്യം വ്യക്തമായതു്, നീലാണ്ടനും സോമനും മറ്റും ’ചാക്കര’ക്കടവിനു ചുറ്റുമുള്ള സ്ഥലങ്ങളിലാണു താമസം. ജോലിയിൽ പ്രവേശിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോൾ നീലാണ്ടാനെ കണ്ടില്ല. പിറ്റെദിവസം സോമനുമില്ല. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹോസ്റ്റലിലെ കുട്ടികൾ മാത്രമായി. പുറമെനിന്നു വരുന്ന കുട്ടികളെ കാണാനില്ല. അന്വേഷിച്ചപ്പോൾ അവർ ചില പ്രത്യേക കാലങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്നവരാണെന്നു മനസ്സിലായി. മലമുകളിൽ കശുമാങ്ങകൾ പഴുക്കാൻ തുടങ്ങുമ്പോൾ നീലാണ്ടനും കൂട്ടരും വരില്ല. അറബിക്കടലിൽ ‘കടുക്ക’ പറിക്കുന്ന കാലം വരുമ്പോഴും അവർ സാക്ഷരതയിൽനിന്നു വിട്ടുനില്ക്കും. അതാണു പതിവു്.

സംഗതിയുടെ പൂർണ്ണരൂപം പിടികിട്ടിയപ്പോൾ എനിക്കു വാശിയായി. ഞാൻ പതിവിലും നേരത്തെ വീട്ടിൽനിന്നു പുറപ്പെടും. വലിയ മലയിലെ കുറ്റിക്കാടുകളിലന്വേഷിക്കും. ചാക്കരക്കടവിനടുത്തു മീൻ പിടിക്കുന്ന കുണ്ടുകുളങ്ങളുടെ തീരങ്ങൾ തേടും. കശുമാവിൻ കൊമ്പിലോ, കുണ്ടുകുളത്തിനു നടുവിലോ, മകരംചിറയുടെ ചളിയിലോ നീലാണ്ടനെ കണ്ടെത്തും. സോമനെയും കൂട്ടുകാരേയും കണ്ടെത്തും. കണ്ടാൽ ആദ്യമൊന്നു പതറും. പിന്നെ വിളറും. അതു കഴിഞ്ഞു സന്തോഷത്തോടെ, ഉത്സാഹത്തോടെ എന്റെ പിറകെ വരും. ഹെഡ് മാസ്റ്റർക്കു വലിയ അദ്ഭുതം. നീലാണ്ടനും സോമനും കൂട്ടുകാരും പതിവായി ക്ലാസ്സിൽ വരുന്നു. കുഞ്ഞനന്തൻമാഷുടെ ഇന്ദ്രജാലം കൊള്ളാമെന്നായി. പക്ഷേ, ഹെഡ് മാസ്റ്റരുണ്ടോ എന്റെ വശക്കേടറിയുന്നു. പാടത്തെ ചളിയിലും മലമുകളിലെ കുറ്റിക്കാട്ടിലുമലയുന്ന നിമിഷങ്ങളുടെ പാരവശ്യമറിയുന്നു. എങ്കിലും ആ അലച്ചിലിൽ ഒരു സുഖം ഉണ്ടായിരുന്നു. സംതൃപ്തിയുണ്ടായിരുന്നു. ആദ്യമായി ശ്രീ വി. ആർ. നായനാരുടെ മുഖത്തുനിന്നു കേട്ടതും അയിത്തോച്ചാടനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആഹ്വാനമായിരുന്നു. ജോലിക്കു വേണ്ടിയുള്ള എന്റെ അപേക്ഷയ്ക്കു് “എന്നെ വന്നു കാണൂ; ശ്രമിക്കാ”മെന്നു പറഞ്ഞുകേട്ടതും ആ മുഖത്തുനിന്നുതന്നെ. അപ്പോൾ അദ്ദേഹത്തിന്റെ ആദർശം പ്രചരിപ്പിക്കാനുള്ള ഏതു പരിശ്രമവും, എന്നെ സംബന്ധിച്ചു്, ഒരിക്കലും ക്ലേശകരമായി എനിക്കു തോന്നീട്ടില്ല.

ഗോപാലപുരത്തെ ജോലിയും അവിടത്തെ ജീവിതരീതിയും പ്രകൃതി മനോഹരമായ അന്തരീക്ഷവും എനിക്കെന്തെന്നില്ലാത്ത ഉന്മേഷം നല്കി. കൊച്ചുകൊച്ചു വീടുകൾ. ഹരിജനങ്ങളും അദ്ധ്യാപകരും ഇടകലർന്നു തൊട്ടുതാട്ട വീടുകളിൽ കുടുംബസമേതം കഴിയുന്നു. എന്തുകൊണ്ടിവിടെയൊരു കൊച്ചുവീട്ടിൽ താമസിച്ചുകൂട? ഇത്രയും മനസ്സിനിണങ്ങിയൊരു സ്ഥലം വേറെയുണ്ടാവുമോ? വിശാലമായ തോട്ടമുണ്ടു്. ഫലവൃക്ഷങ്ങളുടെ തണലുണ്ടു്. ധാരാളം ശുദ്ധജലം കിട്ടുന്ന കിണറുകളുണ്ടു്. കളിസ്ഥലമുണ്ടു്. കൂട്ടിനു സംസ്കാരസമ്പന്നരായ സുഹൃത്തുക്കളുണ്ടു്, ഇവിടമങ്ങു വീടാക്കിയാലെന്ത്? തറവാടാക്കിയാലെന്തു്?

കൂടുതൽ ആലോചിച്ചു വിഷമിക്കാതെ ഹെഡ് മാസ്റ്റരെ ചെന്നു കണ്ടു മനസ്സിരിപ്പറിയിച്ചു:

“സാർ, എനിക്കിവിടെ താമസിച്ചാൽ കൊള്ളാമെന്നുണ്ടു്.”

ഹെഡ് മാസ്റ്റർ എന്റെ മുഖത്തു സൂക്ഷിച്ചു നോക്കി അല്പനേരം മൗനിയായിരുന്നു. ഞാനതു ശ്രദ്ധിക്കാതെ തുടർന്നു:

“ഒഴിഞ്ഞ വീടു വല്ലതുമുണ്ടെങ്കിൽ ഒന്നെനിക്കനുവദിച്ചുതരണം.”

“കൊള്ളാം.” ഹെഡ്മാസ്റ്റർ ചിരിച്ചു.

“ഇവിടെ കുടുംബസമേതമാണു താമസിക്കേണ്ടതു്. അവിവാഹിതർക്കു തനിച്ചു താമസിക്കാൻ വീടു കൊടുക്കില്ല. മാഷ് തനിച്ചല്ലേ?”

കുഞ്ഞനന്തൻമാഷ്ക്ക് ‘അല്ലെ’ന്നു പറയാൻ അപ്പോൾ അവകാശമുണ്ടായിരുന്നില്ല. മനസ്സിൽ പ്രേമമുള്ളതുകൊണ്ടു മാത്രം ആർക്കെങ്കിലും വിവാഹിതനെന്നവകാശപ്പെടാൻ കഴിയുമോ? മൗനിയായി നില്ക്കുന്ന കുഞ്ഞനന്തൻ മാഷെ നോക്കി ഹെഡ് മാസ്റ്റർ ഒരു ഫലിതം പറഞ്ഞു:

“ക്ഷണത്തിൽ വിവാഹം കഴിച്ചുവരൂ. ഇദ്ദേ, ആ ഗേറ്റിനടുത്തുള്ള വീടുണ്ടല്ലോ, അതു തന്നെ തരാം. അതിലെ താമസക്കാരൻ ഇനി വരില്ല. എന്താ തയ്യാറുണ്ടോ? എങ്കിൽ നാളെത്തന്നെ വൈറ്റ് വാഷ് ചെയ്യിച്ചു ക്ലീനാക്കി, താക്കോൽ കൈയിൽത്തരാം.”

ഒരു അവിവാഹിതന്റെനേർക്കുള്ള വെല്ലുവിളിയായിരുന്നു അതു്. മുഖവിലയ്ക്കു തന്നെ അതു സ്വീകരിക്കാൻ കുഞ്ഞനന്തൻ മാഷ് തീരുമാനിച്ചു.

വധുവിനെ അന്വേഷിക്കേണ്ടതില്ല. ജാതകപ്പൊരുത്തം നോക്കേണ്ടതില്ല. മാതാപിതാക്കന്മാരുടെ സമ്മതം തേടേണ്ടതില്ല. ആകെ ജീവിതത്തിലൊരു താങ്ങും തണലുമായി വർത്തിക്കുന്നതു ജ്യേഷ്ഠത്തിയാണു്. അവരൊരിക്കലും ഈ അനിയന്റെ ഹിതത്തിനു മുമ്പിൽ മുഖം കറുപ്പിച്ചിട്ടില്ല. പിന്നൊന്നു ഗോവിന്ദേട്ടനാണു്. എന്റെ വധു ഗോവിന്ദേട്ടന്റെ മരുമകളാണ്. അവിടെയും പ്രതിബന്ധമില്ല. ആകെയുള്ള പ്രശ്നമിതാണു്: ആരിതിനു മുൻകൈയെടുക്കും? അതു ചിന്തിക്കേണ്ട കാര്യമില്ല. എന്റെ വിവാഹം. ഞാൻ തന്നെ അതിനു മുൻകൈയെടുക്കണം. ജ്യേഷ്ഠത്തിയെ ചെന്നു കണ്ടു. വല്ലാത്ത സങ്കോചം എന്തു പറയണം? എങ്ങനെ പറയണം? ഞാൻ അമ്മയെപ്പോലെ കരുതുന്ന ജ്യേഷ്ഠത്തി. പക്ഷേ, അമ്മയോടെടുക്കാവുന്ന സ്വാതന്ത്ര്യമൊന്നും അന്നോളമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ അങ്ങനെയൊരു സ്വാതന്ത്ര്യമെടുത്തേ പറ്റൂ. ഇല്ലെങ്കിൽ കാര്യമൊന്നും നടക്കില്ല.

“അമ്മു ഏടത്തീ!”

“എന്താ?”

“എനിക്കു് … അല്ല… ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു.”

നിർത്തിനിർത്തി വളരെ വിഷമിച്ചാണു ഞാൻ പറഞ്ഞതു്. എന്റെ വധു ആരാണെന്നു് ജ്യേഷ്ഠത്തിക്കറിയാം. അതുകൊണ്ടു ചോദ്യമുണ്ടായില്ല. ഞാൻ തുടർന്നു പറഞ്ഞു:

“താലികെട്ടും പുടവകൊടുക്കലും ആളെ ക്ഷണിച്ചു കൂട്ടലും വാദ്യഘോഷവുമൊന്നും എനിക്കു വേണ്ടാ. അമ്മു ഏടത്തി ചെന്നു വിളിച്ചു കൊണ്ടുവന്നാൽ മതി. മറ്റൊരു ചടങ്ങും ആവശ്യമില്ല.”

ഒരു നീണ്ട നെടുവീർപ്പായിരുന്നു മറുപടി. എന്റെ വാക്കുകൾ തീനാളം പോലെ ആ മനസ്സിൽ ചെന്നു വീണിട്ടുണ്ടാവും. വിവാഹ കാര്യങ്ങളിലും മറ്റും ചടങ്ങുകളും മാമൂലുകളും ലംഘിക്കുന്നതിലുള്ള പ്രയാസം കുറച്ചൊന്നുമാവുകയില്ല. എല്ലാ പ്രയാസങ്ങളും വൈഷമ്യങ്ങളും വേദനകളും ഉള്ളിലൊതുക്കി ഒരക്ഷരം പോലും മറുപടി പറയാതെ, എന്റെ പേരിലുള്ള ഈ വാത്സല്യത്തിന്റെ ബലത്തിൽ ഊന്നി നിന്നുകൊണ്ടു് അനുകൂലഭാവത്തിൽ അവർ തലയാട്ടി. ഞാനാ കണ്ണുകളിലേക്കു നോക്കി. അവിടെ നനവുണ്ടോ? എങ്ങനെ നനയാതിരിക്കും? ചെറുപ്പത്തിന്റെ ധാർഷ്ട്യത്തിനു മുമ്പിൽ, ധിക്കാരത്തിനു മുമ്പിൽ എത്രയെത്ര കണ്ണുകളിങ്ങനെ നനഞ്ഞിട്ടുണ്ടാവുമെന്ന ചിന്തയിൽ അഭയം തേടി ഞാനും മൗനിയായി.

ഞാനിപ്പോൾ വിവാഹിതനാണു്. ഗോപാലപുരത്തെ പ്രധാന ഗേറ്റിനരികിലുള്ള കൊച്ചുവീട്ടിൽ, കുടുംബസമേതം താമസിക്കുന്നു. ഗോപാലപുരത്തിന്റെ സൗഹൃദം അനുഭവിച്ചുകൊണ്ടു്, പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട്, മനുഷ്യരൊക്കെ ഒന്നാണെന്ന വിശ്വാസ പ്രമാണത്തിൽ കൂടുതൽ ഉറച്ചുനിന്നു കൊണ്ടു്, നായനാരെന്ന മഹാനായ മനുഷ്യസ്നേഹിയുടെ ആദർശത്തിനും പ്രവർത്തനത്തിനും കളങ്കമേല്പിക്കാതെ, മങ്ങലേല്പിക്കാതെ സാധാരണക്കാരോടൊപ്പം സാധാരണക്കാരനായി ജീവിക്കുന്നു.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.