എന്നും പുലരുന്നതു് നല്ലദിവസം. പുതിയ അറിവുകൾ. അനുഭവങ്ങൾ. ജാതിയുടെ വേലിക്കെട്ടില്ലാത്ത കുന്നിൻപുറം, പല വീടുകളിലായി കഴിയുന്ന ഒരേ കുടുംബം. പരാതിയില്ല. പരിഭവമില്ല. അസൂയയില്ല. ഉച്ചനീചത്വങ്ങളില്ല. ഹെഡ് മാസ്റ്ററായും ‘ഒരേ കുടുംബ’ത്തിലെ കാരണവരായും ഗോവിന്ദവാര്യർ മാസ്റ്ററുണ്ടു്.
ഒരുപാടു ക്ലേശം സഹിക്കുന്ന മനുഷ്യൻ. ഗോഖലെ ഹയർ എലിമെന്റെറി സ്കൂൾ, നെയ്ത്തു പരിശീലനകേന്ദ്രം, കടലാസ് നിർമ്മാണകേന്ദ്രം. പിന്നെ വിശാലമായ കുന്നിൻപുറത്തെ കശുമാവിൻ തോട്ടം, പൈനാപ്പിൾ കൃഷി. ഇതിന്റെയെല്ലാം മേൽനോട്ടവും സംരക്ഷണവും ചുമതലയും വാരിയർ മാസ്റ്റർക്കാണ്. വെള്ള കീറുമ്പോൾ വീടുവിട്ടിറങ്ങും. അകം കൂടുന്നതു് ചിലപ്പോൾ പാതിരാകഴിഞ്ഞാവും. കാൽ മുട്ടുകൾക്കു കീഴോട്ടിറങ്ങി നില്ക്കുന്ന ഖദർജുബ്ബയുടെ അറ്റം കാറ്റിൽ പറത്തിക്കൊണ്ട്, ഏറെ പൊക്കവും തടിയുമില്ലാത്ത, വെളുവെളെ വെളുത്ത വാരിയർ മാസ്റ്റർ കുന്നിറങ്ങി വരുമ്പോൾ നളചരിതത്തിലെ അരയന്നത്തെ പലകുറി ഞാനോർത്തുപോയിട്ടുണ്ടു്. ജുബ്ബയുടെ ഇടവും വലവുമുള്ള കീശ വളരെ പ്രസിദ്ധമായിരുന്നു, കാറ്റു നിറച്ച തലയണപോലെ, ഇരുവശങ്ങളിലതു് എപ്പോഴും വീർത്തു കിടക്കും. തീപ്പെട്ടി, ബീഡി, പലചരക്കുകടയിലെ കണക്കുപുസ്തകം, വലിയൊരു പേഴ്സ്, മുനയൊടിഞ്ഞ പെൻസിൽ, റേഷൻ കാർഡ്, ഹോസ്റ്റലിലെ കുട്ടികൾക്കു വേണ്ടി വാങ്ങാനുള്ള വസ്തുവഹകളുടെ ശീട്ടു്, അങ്ങനെ പറഞ്ഞാൽ തീരാത്ത അനേകം ഉരുപ്പടികളുടെ വിശ്രമത്താവളമായിരുന്നു മാസ്റ്ററുടെ കീശ. ഒഴുക്കൻമട്ടിൽ തട്ടിവിടാൻ പറ്റാത്ത ഒരു വസ്തു ആ കൂട്ടത്തിലുള്ളതു് മാസ്റ്ററുടെ പേഴ്സാണു്. അവനെപ്പററി രണ്ടുവാക്കു്.
നാലായി മടങ്ങിക്കിടക്കുന്ന പേഴ്സ്. നിവർത്തി നിലത്തു വിരിച്ചാൽ ചെറിയ കുട്ടികളെ കിടത്തി ഉറക്കാൻ പറ്റും. പഴ്സിന്റെ വലുപ്പം മനസ്സിലായല്ലോ. അതിന്നു അറകൾ പലതുണ്ടു്, നോട്ടിന്നു വേറെ, ചില്ലറയ്ക്കു വേറെ. ഫോട്ടോ ഘടിപ്പിക്കാനും പെൻസിലോ പേനയോ തിരുകിവെക്കാനും പറ്റിയ സ്ഥലം വേറെ. എന്നാൽ ഈ പ്രദേശങ്ങളൊന്നും തന്നെ മാസ്റ്റർ ഉപയോഗിക്കാറില്ല. അതെല്ലാം പുറം പോക്കായിക്കിടക്കും. എങ്കിലും കീശയുടെ വിടവിലൂടെ തല പുറത്തു കാട്ടി പേഴ്സ് കിടക്കുന്നതു കണ്ടാൽ, എതു മര്യാദക്കാരനും ഒന്നു പോക്കറ്റടിക്കാൻ കൊതി തോന്നും. പഴ്സിന്റെ വലുപ്പം കണ്ടു് ആരെങ്കിലും സഹായത്തിനുവേണ്ടി മാസ്റ്ററെ സമീപിച്ചെന്നു വരട്ടെ. അപ്പഴാണു തമാശ.
“പറയാൻ മടീണ്ട് മാഷെ.”
“ഉം. എന്താ?”
“ആകെ വിഷമം. റേഷൻ വാങ്ങീട്ടില്ല. ഒരഞ്ചുരൂപ കിട്ടിയാൽ…”
പറഞ്ഞു തീരാനിടയില്ല, മാസ്റ്റർ കീശയിൽനിന്നു പേഴ്സ് വലിച്ചെടുക്കും. പ്രാരബ്ധക്കാരൻ ആശ്വാസം കൊള്ളുന്നു. വലിച്ചു കൈയിലെടുത്ത പേഴ്സിന്റെ ചുരുൾ നിവത്തുന്നു; വായ പിളർത്തുന്നു. അപ്പോൾ കുന്നിൻപുറത്തെ കിണറുപോലെ അഗാധമായൊരു പ്രദേശം, കാണുന്നു. മാസ്റ്റർ അതിൽ കൈകടത്തി ഒന്നു കുലുക്കുന്നു. ചില്ലറകളുടെ ശബ്ദം. കുലുക്കി വാരിയെടുത്തു കൈമലർത്തിക്കാട്ടുന്നു. തേമാനം സംഭവിച്ച മൂന്നു കാലണത്തുട്ട്, വ്യാപാരികളാരും സ്വീകരിക്കാത്ത നിറം മങ്ങിയ ‘ഒരണ’നാണ്യം, തുരുമ്പു പിടിച്ച ഒരു താക്കോൽ, പിന്നെ കടലാസ് നുറുങ്ങുകൾ അനേകം. കഴിഞ്ഞു.
“ഇതാണാകെ എന്റെ കൈമുതൽ. മനസ്സിലായോ?”
വാരിയർ മാസ്റ്റരുടെ പേഴ്സിനുമുന്നിൽ, വിശദീകരണത്തിനു മുന്നിൽ, അപേക്ഷകൻ തന്റെ പ്രാരബ്ധം മറക്കും. വാരിയർമാസ്റ്റർ എന്നും പ്രാരബ്ധക്കാരനായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും പ്രവൃത്തിയിലും അതിന്റെ സൂചന അല്പം പോലും കാണില്ല.
വല്ലാത്തൊരു കാലഘട്ടത്തിലായിരുന്നു വാരിയർ മാസ്റ്റർ ഗോപാലപുരത്തിന്റെ ഭരണഭാരം കേയേറ്റതു്. മഹായുദ്ധത്തിന്റെ കെടുതി, അവശ്യവസ്തുക്കളുടെ ദൗർലഭ്യം. അരിയില്ല, തുണിയില്ല. രോഗികൾക്കു മരുന്നില്ല. പരാതി കേൾക്കേണ്ടവർക്കു സമയമോ സൗകര്യമോ ഇല്ല. യുദ്ധമുന്നണിയിലേക്കുള്ള വിഭവങ്ങൾ സമാഹരിച്ചെത്തിച്ചുകൊടുക്കാനുള്ള ബദ്ധപ്പാടിലാണ് അധികൃതർ മുഴുക്കെ. വാഗണുകൾ ഓടുന്നതു യുദ്ധമുന്നണിയിലേക്കു്. പെട്രോളും മണ്ണണ്ണയും ഒഴുകുന്നതു യുദ്ധമുന്നണിയിലേക്കു്. തീവണ്ടികളുടെ എണ്ണം ചുരുങ്ങുന്നു. ബസ്സുകളുടെ ഓട്ടം നിലയ്ക്കുന്നു. എല്ലാമെല്ലാം മഹായുദ്ധത്തിൽ ഹോമിക്കുന്നു. നാടാകെ ദാരിദ്ര്യത്തിന്റെ പിടിയിലാണ്. നാട്ടിനെ നയിക്കേണ്ടവർ, നാട്ടാരുടെ വിഷമം കണ്ടറിഞ്ഞ് പരിഹാരം തേടേണ്ടവർ, ജയിലറകളിലാണു്.
എന്നാൽ യാതനകളുടെ ഈ ഇരുണ്ട നാളുകളിൽ ആശ്വാസത്തിന്റെ ഒരു കൈത്തിരിയുമേന്തി എവിടെയൊക്കെ സേവനമാവശ്യമുണ്ടോ അവിടെയൊക്കെ പാഞ്ഞെത്തുന്ന ഒരു മഹാനുണ്ടായിരുന്നു മലബാറിൽ: ശ്രീ വി. ആർ. നായനാർ. മലബാർ ഡിസ്ട്രിക്ട് റിലീഫ് കമ്മിറ്റി, ദേവധാർ മലബാർ റികൺസ്ട്രക്ഷൻ ട്രസ്റ്റ് (ഡി. എം. ആർ. ടി.), ഹരിജൻ സേവക സംഘം, ഭാരതസേവാ സംഘം തുടങ്ങി പല സ്ഥാപനങ്ങളിലും ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചുപോന്ന അദ്ദേഹം ലക്ഷദ്വീപ് സമൂഹങ്ങളിലും തന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്തിച്ചിരുന്നു. യാത്രാസൗകര്യം അല്പം പോലുമില്ലാത്ത ആ നാളുകളിൽ നാടൻവഞ്ചികളിൽ കേറി എന്നെങ്കിലും എത്തിച്ചേരുമെന്ന പൊള്ളയായ ആശ്വാസത്തോടെയാണു ദ്വീപിലേക്കു് ആളുകൾ പോയിക്കൊണ്ടിരുന്നതു്. നായനാരും അതു പോലെ വഞ്ചികയറി. ആ യാത്രയെക്കുറിച്ച് അന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹം തുടർച്ചയായി എഴുതിയിരുന്നു.
ഇതു സന്ദർഭവശാൽ പറഞ്ഞെന്നേയുള്ളു. ശ്രീ നായനാരുടെ നാനാമുഖങ്ങളായ പ്രവർത്തനങ്ങളിൽപ്പെട്ട ഗോപാലപുരത്തിന്റെ കാര്യമാണല്ലോ പറഞ്ഞുവന്നതു്. ഗോപാലപുരം പോലെ രണ്ടു പ്രമുഖ കേന്ദ്രങ്ങൾ വേറെയുമുണ്ടായിരുന്നു. നെടിയിരിപ്പിലും താനൂരിലും. പുറമേ ആദിവാസികളുടെ അഭിവൃദ്ധിക്കുവേണ്ടി അവർക്കിടയിൽ സാക്ഷരത പ്രചരിപ്പിക്കാൻവേണ്ടി നിലമ്പൂരിനടുത്ത അമരമ്പലത്തും വയനാട്ടിലും കേന്ദ്രങ്ങൾ പലതുണ്ടായിരുന്നു. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ പ്രഗല്ഭരായ അദ്ധ്യാപകർ സേവനമനുഷ്ഠിച്ചുപോന്നു. ശ്രീ പി. എം. കൃഷ്ണൻകുട്ടിനായർ, അദ്ദേഹത്തിന്റെ സഹോദരനായ രാമൻകുട്ടിനായർ; രണ്ടു പേരും സഹൃദയരും സാഹിത്യാദി കലകളിൽ പ്രവീണരുമായിരുന്നു. അതുപോലെ സംഗീതജ്ഞനായ ശ്രീ കുട്ടികൃഷ്ണ മേനോൻ, കവിയും അഭിനേതാവും സംവിധായകനുമായ എം. കെ. കുഞ്ഞിരാമൻമാസ്റ്റർ, വാർധാ ആശ്രമത്തിൽ പരിശീലനം കഴിച്ചെത്തിയ പി. പി. മേനോൻ മാസ്റ്റർ. ഇനിയുമെത്രയോ പ്രവർത്തകരുണ്ടു്. എല്ലാവരുടെ പേരും ഓർമ്മിക്കാൻ വിഷമം. ഇവരിൽ പലരുമൊത്തു പ്രവർത്തിക്കാൻ കഴിഞ്ഞ മഹാഭാഗ്യത്തിന്റെ സ്മരണ അക്ഷരങ്ങളായി, വാക്കുകളായി രൂപപ്പെടുത്താനുള്ള ഒരു എളിയ ശ്രമം മാത്രമാണിതു്.
ഡി. എം. ആർ. ടി. യിലെ വിദ്യാലയങ്ങൾ കേവലം അക്ഷരവിദ്യ പഠിപ്പിക്കാൻ മാത്രമുള്ള സ്ഥാപനങ്ങളായിരുന്നില്ല. ഉപജീവനമാർഗ്ഗം നേടാനുള്ള കൈത്തൊഴിലുകളും അവിടെ പരിശീലിപ്പിച്ചിരുന്നു. വാർധയിൽനിന്നു് പരിശീലനം കഴിഞ്ഞത്തിയ ശ്രീ പി. പി. മേനോൻ, ഗോപാലപുരത്തു് കടലാസ് നിർമ്മാണത്തിൽ പരിശീലനം നല്കാൻ ഒരു കേന്ദ്രം സ്ഥാപിച്ചു. വിദ്യാഭ്യാസവകുപ്പ് ഈ കേന്ദ്രത്തിനു് അംഗീകാരം നല്കുകയുണ്ടായി. ഇവിടെനിന്നു പരിശീലനം കഴിഞ്ഞു സർട്ടിഫിക്കറ്റുമായി പുറത്തുവരുന്നവർക്കു വിദ്യാലയങ്ങളിൽ കൈത്തൊഴിൽ പരിശീലിപ്പിക്കാനുള്ള അർഹത സിദ്ധിച്ചിരുന്നു.
അന്നു മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കൈത്തൊഴിൽ പരിശീലനത്തിന്നു ധാരാളം യുവാക്കൾ ഗോപാലപുരത്തു് എത്തിച്ചേരുകയുണ്ടായി. പില്ക്കാലത്തു കമ്മ്യൂണിസ്റ്റ് നേതാവായിക്കഴിഞ്ഞ ശ്രീ പി. വി. കുഞ്ഞിക്കണ്ണനും പ്രസിദ്ധ സാഹിത്യകാരനായ ശ്രീ പി. സി. കുട്ടികൃഷ്ണനും (ഉറൂബ്) ഗോപാലപുരത്തെ തൊഴിൽ പരിശീലന കേന്ദ്രത്തിലെ അന്തേവാസികളായിരുന്നു. അതുപോലെ പലരും. മുഖ്യമായും പരിശീലിച്ചതു കടലാസുനിർമ്മാണം തന്നെ. കടലാസിന് അത്രയേറെ ക്ഷാമമുണ്ടായിരുന്നു. ഗുണനിലവാരത്തിന്റെ കാര്യത്തിൽ വളരെയൊന്നും അവകാശവാദം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഗോപാലപുരം നിർമ്മാണ പ്രക്രിയയിലൂടെ പുറത്തുവന്ന കടലാസ്, അത്യാവശ്യകാര്യങ്ങൾക്കു പലതിനും ഉപയോഗിക്കാൻ പറ്റിയതായിരുന്നു.
ഒരുവശത്തു തൊഴിൽ പരിശീലിക്കുന്നവർ, അതിനപ്പുറം ഹോസ്റ്റലിലെ കുട്ടികൾ. രണ്ടിനുമിടയിൽ ഗോവിന്ദൻ കുട്ടി മാസ്റ്റരുടെ നെയ്ത്തുശാല. ഓരോ നിമിഷവും അന്നു ഗോപാലപുരം സജീവമായിരുന്നു. ഹോസ്റ്റലിലെ കുട്ടികൾക്ക് അധ്യാപകർ ജ്യേഷ്ഠസഹോദരന്മാരായിരുന്നു. അവരിൽ പലരും എന്റെ വീട്ടിൽ ഒഴിവുസമയം നോക്കി ഓടിവരും. അവർക്കവിടെ എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. നിഷ്കളങ്കമായിരുന്നു അവരുടെ സ്നേഹം. കുഞ്ഞമ്പുവും ഗോപാലനും പഴയങ്ങാടിയിൽനിന്നു വന്ന രണ്ടു കുട്ടികൾ. ഗോപാലൻ തടിമിടുക്കുള്ള കുട്ടിയായിരുന്നു. ഏതു ജോലി ചെയ്യാനും മടിയില്ലാത്ത കുട്ടി. കുഞ്ഞമ്പു അങ്ങനെയായിരുന്നില്ല. ശാന്തശീലനായിരുന്നു. സംസാരിക്കുന്നതുപോലും വളരെ പതുക്കെ. നടക്കുന്നതും അതുപോലെ; നിലമറിയാതെ. ഗോപാലൻ ഭൂമികുലുക്കും. സംസാരിക്കുമ്പോൾ ഗോപാലന്റെ വായിൽനിന്നു വാക്കുകൾ തിക്കിത്തിരക്കിയാണു പുറത്തുചാടുക. ഞാനിതോർക്കുമ്പോൾ ഗോപാലനും കുഞ്ഞമ്പുവും ജീവിതത്തിന്റെ ഉയർന്ന മേഖലയിലെവിടെയോ വർത്തിക്കുകയാവാം. ഗോപാലപുരം വിട്ടതിൽ പിന്നെ രണ്ടുപേരേയും എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ ജീവിതത്തിന്റെ ഓരോ ദശാസന്ധിയിൽ കണ്ടുമുട്ടുകയും വേർപിരിയുകയും ചെയ്ത എത്ര കഥാപാത്രങ്ങൾ! ഓരോരോ രംഗങ്ങളായി, അങ്കങ്ങളായി ആട്ടം കഴിഞ്ഞു് അണിയറയിലേക്കു പിൻവലിയുമ്പോൾ യവനിക താഴുന്നു. അങ്ങനെ കയറുകയും ഇറങ്ങുകയും ചെയ്യുന്ന യവനിക ഇനി ഉയരുന്നത് എക്കാലത്തും മലബാറിനു ഉൾക്കിടിലത്തിലൂടെ മാത്രം ഓർക്കാൻ കഴിയുന്ന ഒരു മഹാവിപത്തിന്റെ ദൃശ്യവേദിയിലേക്കാണു്.