‘ഗ്രാമീണവായനശാല’ പ്രകൃതിമനോഹരമായ ചുറ്റുപാടിൽ, ഒരു ചെറിയ പീടികമുറിയിലാണാരംഭിച്ചത്. കോടനാട്ടുംകുളവും പരദേവതാക്ഷേത്രവും ആൽത്തറയും ഒരു വശത്ത്. മറുവശത്തു് വീതി കൂടിയ ഊടുവഴി. അതിനപ്പുറം പരന്നുകിടക്കുന്ന നെൽപ്പാടം. ജനങ്ങൾക്ക് വരാനും ഒത്തുചേരാനും സൗകര്യപ്രദമായ സ്ഥലം.
വളരെ ക്ലേശിച്ചാണു് സ്ഥലം സമ്പാദിച്ചത്. യാഥാസ്ഥിതികർ ഒറ്റക്കെട്ടായി നിന്നു. കേളപ്പജിക്കെതിരെ അപവാദപ്രചരണം നടത്തി. വായനശാല അപകടമാണു്. അതു ചെറുപ്പക്കാരെ കേടുവരുത്തും. ഈശ്വരവിശാസം തകർക്കും. അമ്പലം അശുദ്ധമാക്കും. തീണ്ടൽ ജാതിക്കാരെക്കൊണ്ട് എല്ലാം തൊട്ടുമുടിച്ചു നശിപ്പിക്കും. കേളപ്പൻനായരുടെ ഉദ്ദേശമിതാണു്. നായരെന്നു പറഞ്ഞിട്ടു കാര്യമെന്ത്? തറവാടിത്തം കളഞ്ഞു കുളിച്ചില്ലേ? സൂക്ഷിക്കണം. പണ്ടു വാമനൻ വന്നില്ലേ ഭൂമി ചോദിക്കാൻ. അതുപോലുള്ള വരവാണിത്. ഒടുവിൽ നാശമായിരിക്കും ഫലം. കൊടുക്കരുത്. ഒരിഞ്ചു സ്ഥലം ആരും കൊടുക്കരുതു്.
ആരും കൊടുത്തില്ല. പ്രചാരവേല ഫലിച്ചു. പക്ഷേ, ‘വില്യാത്തെ’ ഒരു മുസ്ലിം കാരണവരാണു് ഒടുവിൽ സഹായത്തിനെത്തിയത്. അദ്ദേഹം ഒരു പീടികമുറി സൗജന്യമായി കൊടുത്തു. വായനശാല എന്തിനാണെന്നോ അതുകൊണ്ടുള്ള പ്രയോജനമെന്തെന്നോ പൂർണ്ണമായി ധരിച്ചുകൊണ്ടുള്ള സഹായമായിരുന്നോ? അറിഞ്ഞു കൂടാ. ഏതായാലും സ്ഥലം കിട്ടി. വായനശാലയുടെ ഉദ്ഘാടനവും നടന്നു. മാതൃഭൂമിയുടെ സ്ഥാപകനും ആദ്യത്തെ പത്രാധിപരും കറകളഞ്ഞ ദേശഭക്തനുമായിരുന്ന ശ്രീ പി. രാവുണ്ണി മേനോനായിരുന്നു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. മുസ്ലിം കാരണവരുടെ സന്മനോഭാവത്തെ തന്റെ ഉദ്ഘാടനപ്രസംഗത്തിലദ്ദേഹം വാഴ്ത്തുകയുണ്ടായി.
പള്ളിക്കരയിലും സമീപപ്രദേശത്തുമുള്ള യുവജനങ്ങളുടെ ആകർഷണ കേന്ദ്രമായിരുന്നു വായനശാല. വൈകുന്നേരങ്ങളിൽ ധാരാളം പേർ ഒത്തുകൂടും. ഒത്തുചേരലും ആശയവിനിമയം നടത്തലും അന്നു പതിവുള്ള കാര്യമായിരുന്നില്ല. അതിനുള്ള സൗകര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ യുവജനങ്ങൾ കൗതുകപൂർവ്വം വായനശാലാ പ്രവർത്തനങ്ങളിൽ പങ്കുകൊണ്ടു. അങ്ങനെ പങ്കുകൊള്ളാൻ ഉത്സാഹത്തോടെ വരുന്നവരെ നിരാശപ്പെടുത്താതെ, രാജ്യനന്മയ്ക്കുതകുന്ന, സമൂഹത്തിനു് ഗുണം ചെയ്യുന്ന, സാംസ്കാരികവളർച്ചയെ സഹായിക്കുന്ന, ഏതെങ്കിലും പ്രവർത്തനത്തിൽ പങ്കാളികളാക്കണമെന്ന വിചാരമാണ് നാടകപ്രദർശനമെന്ന ആശയത്തിനു രൂപം നല്കിയതു്. അതൊരു ചെറിയ വഴക്കിലെത്തിച്ചു. ‘ഭാഗവതർ സംഭവം’ ജനങ്ങളെ രണ്ടു ചേരിയിലാക്കി. വളരെ നന്നായെന്നൊരു കൂട്ടർ. അക്രമമായെന്നു മറ്റൊരു കൂട്ടർ. യാഥാസ്ഥിതികരുടെ പക്ഷത്തു് ആൾബലം കുറവായിരുന്നു. പക്ഷേ, പണവും പ്രൗഢിയും ആഢ്യത്തവും അവിടെ മുന്നിട്ടുനിന്നു. പിന്നെ, ഭരണകൂടത്തിന്റെ പിന്തുണയും. അന്നു് വെള്ളക്കാരന്റെ ഭരണത്തിൽ ആരേയും എന്തിനേയും സംശയമായിരുന്നു. അയിത്തോച്ചാടനം മുതൽ കാലിച്ചന്തവരെയുള്ള ഏതു കാര്യവും അവർ സംശയത്തോടെ വീക്ഷിച്ചു. ജനപങ്കാളിത്തമുള്ള എല്ലാ കാര്യങ്ങൾക്കു പിന്നിലും അവർ സാമ്രാജ്യവിരോധം ഒളിഞ്ഞിരിക്കുന്നതായി ധരിച്ചു. ഇവിടേയും അതൊക്കെത്തന്നെ സംഭവിച്ചു.
ചമയപ്പാടുകളുള്ളവരും ഇല്ലാത്തവരുമായ ‘ചോന്ന തൊപ്പി’ക്കാർ ഇടയ്ക്കിടെ സന്ദർശനത്തിനെത്തി. ജനങ്ങൾ അത്തരം സന്ദർശനങ്ങളെ ഭീതിയോടെ നോക്കിക്കണ്ടു. പോലീസിനു് അന്നെന്തും ചെയ്യാമായിരുന്നു. ആരേയും പിടിച്ചു കൊണ്ടുപോകാമായിരുന്നു. കുറ്റവിചാരണയും തെളിവെടുപ്പുമില്ലാതെ എത്രയെങ്കിലും കാലം തടങ്കലിൽ വെക്കാമായിരുന്നു. ഈ കാരണം കൊണ്ടുതന്നെ, ജന്മിത്തത്തിനെതിരായ ആദ്യത്തെ വിജയം—ഭാഗവതർ സംഭവം—ആഘോഷിക്കാൻ സാമാന്യജനങ്ങൾ അറച്ചുനിന്നു. സന്തോഷം മനസ്സിലൊളിപ്പിച്ചുവെച്ചു. പുറത്തു കാട്ടിയാൽ ജന്മിയുടെ കോപം ഏതു രൂപത്തിലവരെ പിന്തുടരുമെന്നറിഞ്ഞുകൂടായിരുന്നു. എല്ലാ ദുഃഖങ്ങളുടെ പരിഹാരത്തിനും അന്യായത്തിനും അക്രമത്തിനുമെതിരായും പാവപ്പെട്ട ജനങ്ങൾക്കുള്ള ഏകാശ്രയം അന്നു് അമ്പലനടയായിരുന്നു. കൃത്യമായി രണ്ടുനേരവും കുളിച്ചു അമ്പലത്തിൽ ചെന്നു പരാതി ബോധിപ്പിക്കുന്നു. സഹിച്ചു കൂടാത്ത സംഗതികളാവുമ്പോൾ ശ്രീകോവിലിനു നേരേ തിരിഞ്ഞു ആരും കേൾക്കാത്തമട്ടിൽ പറയാനവർക്കു പതിവു വാചകങ്ങളുണ്ട്:
“ഓ, ന്റെ ദൈവേ, നീ കൊടുക്കണേ ആ ദുഷ്ടനു്. ഓന്റെ കുടുംബം മുടിഞ്ഞു പോണേ.”
കഴിഞ്ഞു. അവിടം കൊണ്ടെല്ലാം അവസാനിപ്പിച്ച് സമാധാനിക്കുന്ന പരമ ശുദ്ധരായിരുന്നു ഗ്രാമീണർ. ആക്ഷേപിക്കാനറിഞ്ഞു കൂടാ. പ്രതിഷേധിക്കാനറിഞ്ഞു കൂടാ. സഹിക്കാൻ നന്നായറിയുന്നതുകൊണ്ടു മാത്രം രക്ഷപ്പെടുന്നവർ.
വിജയാഘോഷം വായനശാലയിൽ കേമമായി നടന്നു. ശ്രീകൃഷ്ണന്റെ വേഷത്തിനു പകരക്കാരനെ കണ്ടെത്തുക വിഷമമായിരുന്നു. എങ്കിലും അതും സാധിച്ചെടുത്തു. പാടാനും അഭിനയിക്കാനും കഴിവുള്ള നല്ലൊരു കുട്ടിയെ കിട്ടി. അവനെവെച്ചുകൊണ്ട് പരിശീലനം മുറയ്ക്കാരംഭിച്ചു. സംഘാടകനും സംവിധായകനും അഭിനേതാവുമെല്ലാമായി, പ്രവർത്തനങ്ങളുടെ സാരഥ്യം വഹിച്ചത് കുഞ്ഞനന്തൻ നായരായിരുന്നു. ബലിഷ്ഠമായ ശരീരം, അന്തസ്സുറ്റ പെരുമാറ്റം, ഫലിതമയമായ സംഭാഷണം, സേവനൗത്സുക്യം. ഏതെതിർപ്പിനെയും നേരിടാനുള്ള ധീരത, സഹിഷ്ണുത. ഇതെല്ലാം ഒത്തുചേർന്ന മനുഷ്യനായിരുന്നു കുഞ്ഞനന്തൻ നായർ. യുവജനങ്ങൾ എന്തിനും എപ്പോഴും അദ്ദേഹത്തിന്റെ പിന്നിലുണ്ടാവും. അതുകൊണ്ടു്, പ്രവർത്തനങ്ങൾക്കു് ഒരു വിഷമമുണ്ടായില്ല. എല്ലാം ഭംഗിയായി നടന്നു. മുറയ്ക്കുള്ള പരിശീലനം ഒരു വശത്തും. അനുഗൃഹീത കലാകാരനായിരുന്ന ശ്രീ ടി. കെ. സി. കിടാവിന്റെ നേതൃത്വത്തിൽ അരങ്ങൊരുക്കിന്റെ തകൃതി മറുവശത്തു്. പുതിയ കർട്ടൻ. പുതിയ സെറ്റ്. എല്ലാം പുതിയതു്. ക്യാൻവാസിൽ കാടുകളും വീടുകളും പൂർത്തിയാവുന്നു. പശ്ചാത്തല ഭംഗിക്കുള്ളതെല്ലാം ഒരുങ്ങുന്നു. ജനങ്ങൾക്കു പുതിയ അനുഭവം. അവർ കൂട്ടം കൂട്ടമായി വന്നു് അദ്ഭുതങ്ങൾ കണ്ടു പോകുന്നു.
ഒടുവിൽ ആ ദിവസമെത്തുന്നു. വായനശാലയുടെ സമീപത്ത്, കൊയ്ത്തു കഴിഞ്ഞ പാടത്തു പന്തലുയരുന്നു. വിവിധ വർണ്ണങ്ങളിലുള്ള നോട്ടീസുകൾ വിതരണം ചെയ്യുന്നു. മഹാകവി കുട്ടമത്തിന്റെ ബാലഗോപാലം നാടകം അരങ്ങേറുന്ന ദിവസത്തിന്റെ അറിയിപ്പുണ്ടാവുന്നു. പന്തലിന്നകത്തു കടക്കണമെങ്കിൽ, നാടകം കാണണമെങ്കിൽ, ടിക്കറ്റു വാങ്ങണം. അതും പുതിയ അനുഭവം തന്നെ. പ്രവർത്തകർക്കു സംശയമുണ്ടായിരുന്നു. ടിക്കറ്റെടുത്തു നാടകം കാണുന്ന ശീലമില്ലാത്ത ജനങ്ങളാണു്. ഒടുവിൽ ആരും വന്നില്ലെങ്കിൽ മാനം കെടും. പ്രബലനായൊരു ജന്മിയോടു് ഏറ്റുമുട്ടി ബലപരീക്ഷ നടത്തി നേടിയെടുത്ത വിജയം പൂർണ്ണമാകണമെങ്കിൽ നാടകം വിജയിക്കണം. വിജയിക്കണമെങ്കിൽ കാശുമുടക്കി ടിക്കറ്റെടുത്തു പ്രേക്ഷകർ അകത്തു കയറണം. പ്രവർത്തകരുടെ സംശയം അസ്ഥാനത്തായിരുന്നു. സന്ധ്യയോടൊപ്പം ജനങ്ങൾ ഒഴുകിയെത്തി. നിറഞ്ഞ സദസ്സു്. നാടകം ഇരമ്പി. രണ്ടഭിപ്രായമില്ല. അന്നോളം അത്ര നല്ലൊരു നാടകം കാണാൻ കഴിഞ്ഞിട്ടില്ലെന്നു പ്രേക്ഷകർ പറഞ്ഞുകേട്ടപ്പോൾ പ്രവർത്തകരുടെ മനസ്സ് നിറഞ്ഞു.
നൈഷധംപോലെ, രുഗ്മാംഗദചരിതം പോലെ, ചില പുരാണ നാടകങ്ങൾ—അതും അപൂർവ്വാവസരങ്ങളിൽ മാത്രം—കാണാനുള്ള സൗകര്യമേ സാധാരണജനങ്ങൾക്കു് അന്നുണ്ടായിരുന്നുള്ളു. അത്തരം നാടകങ്ങളിൽനിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു ബാലഗോപാലം. ഭാഷാനാടകങ്ങളിൽ സാധാരണക്കാരന്റെ ദാരിദ്ര്യദുഃഖം ശക്തിമത്തായി പ്രതിഫലിപ്പിച്ച ആദ്യത്തെ നാടകമാണ് ബാലഗോപാലമെന്നു പറഞ്ഞാൽ വലിയ തെറ്റാവില്ല. അനാഥയായ ഒരു വിധവയുടേയും മകന്റെയും കഥ. നിത്യവൃത്തിക്കുള്ള വകപോലും യാചിച്ചുണ്ടാക്കണമെന്ന ഗതികേടിൽ പുലരുന്ന കുടുംബം. കുറഞ്ഞ കഥാപാത്രങ്ങൾ. വക്രതയൊന്നും ഇല്ലാത്ത കഥാകഥനരീതി. നേരെ ജനഹൃദയങ്ങളിൽ കടന്നുചെല്ലാൻ കഴിവുള്ള ഗാനങ്ങളും സംഭാഷണങ്ങളും നിരന്തരമായ ആരാധനയിലൂടെ, വ്രതചര്യകളിലൂടെ, തപസ്സിലൂടെ മനുഷ്യനെ ദൈവസന്നിധിയിലേക്കുയർത്തുന്ന പതിവു് വിട്ടു്, ദൈവം മണ്ണിലേക്കിറങ്ങിവന്നു ഒരനാഥ ബാലനോടൊപ്പം കളിക്കുകയും ചിരിക്കുകയും അവന്റെ ജ്യേഷ്ഠനായി അഭിനയിക്കുകയും ജ്യേഷ്ഠനെന്ന വിശ്വാസത്തിനു പോറലേല്പിക്കാത്തവിധം പെരുമാറുകയും ചെയ്യുന്ന ഒരു പുതിയ രീതി അവലംബിച്ചു എന്നതാണു് ഈ നാടകത്തിന്റെ പ്രത്യേകത. പണ്ഡിതനേയും പാമരനേയും ഒരുപോലെ രസിപ്പിക്കാനുള്ള കഴിവു് ആ നാടകത്തിനുണ്ട്. ജനങ്ങളൊന്നടങ്കം നല്ലതെന്നു വിധിയെഴുതാനുള്ള കാരണവും അതു തന്നെ.
അന്നു് ആ നാടകപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുകയും അതിലെ വാധ്യാരുടെ ഭാര്യയായി വേഷമിടുകയും ചെയ്ത കുഞ്ഞിക്കണ്ണൻമാസ്റ്റർ മാത്രമാണ് ഇന്നു ജീവിച്ചിരിപ്പുള്ള ഏകവ്യക്തി. എൺപതിന്റെ അങ്ങേപ്പുറം ആരോഗ്യത്തോടുകൂടിത്തന്നെ കടന്നു നില്ക്കുന്ന മാസ്റ്റരെ ഇയ്യിടെ ഒരിക്കൽ കാണുകയുണ്ടായി. പഴയ കാര്യങ്ങൾ അനുഭവസ്ഥരുടെ മുഖത്തുനിന്നു കേൾക്കുന്നതിലൊരു പ്രത്യേക സുഖമുണ്ടല്ലോ. ആ സുഖമനുഭവിക്കാൻ വേണ്ടി ഞാൻ ചോദിച്ചു:
“എങ്ങനെയുണ്ട് മാഷേ?”
“ബഹുസുഖം.”
മാഷ് പറഞ്ഞു. പഴയ നേരമ്പോക്കുകളും രസികത്തങ്ങളും മാഷ് കൈവെടികയോ, മാഷെ കൈവെടികയോ ചെയ്തിട്ടില്ല.
“പഴയ നാടക കാലമൊക്കെ ഓർക്കാറുണ്ടോ?”
“ഓ, ധാരാളം.”
മാഷ് ചിരിച്ചു.
“എത്ര വേണമെങ്കിലും ഓർക്കാം. പക്ഷേ, ഒരു കുഴപ്പം. സംഭവങ്ങളൊന്നും പിടികിട്ടുന്നില്ല. ഒക്കെ വഴുതിപ്പോകുന്നു. നല്ല മഞ്ഞുള്ള ദിവസം അതിരാവിലെ പുറത്തിറങ്ങി നോക്കീട്ടുണ്ടോ?”
“ഉണ്ട്.”
“നുണ. നിങ്ങളൊക്കെ പ്രഭാതം കണ്ടിട്ടുണ്ടോ? ഈ പ്രഭാതമുണ്ടല്ലോ…”
ഞാൻ ഇടയ്ക്കു കയറി തടഞ്ഞു. ഇല്ലെങ്കിൽ ഒരു വലിയ പ്രഭാഷണംതന്നെ നടത്തിക്കളയും.
“എന്റെ ചോദ്യം, ബാലഗോപാലം നാടകമുണ്ടല്ലോ. അതിനെപ്പറ്റിയാണു്.”
മാസ്റ്ററുടെ മുഖം തെളിഞ്ഞു. തുമ്പപ്പൂവിന്റെ വിശുദ്ധിയുള്ള ചിരി വിടർന്നു.
“അ്ഹാ, അതൊരു കാലം”
“അ. അതാണെനിക്കറിയേണ്ടത്.”
“അതു വരട്ടെ. ഞാൻ പ്രഭാതത്തെപ്പറ്റി പറഞ്ഞില്ലേ. ഈ മഞ്ഞു കാലത്തെ പ്രഭാതത്തിൽ പുറത്തിറങ്ങി നോക്കിയാൽ ഒന്നും വ്യക്തമല്ല. അടുത്തു വന്നാലും ആളെ തിരിച്ചറിയാൻ പറ്റില്ല. അതുപോലെയാ ഇപ്പം ഓർമ്മ. ഒന്നും തെളിയുന്നില്ല. എത്ര വേണങ്കിലും ഓർമ്മിക്കാം. ഒരു ക്ഷാമോല്യാ. ഈ തുരങ്കമുണ്ടല്ലോ… ടണൽ കണ്ടിട്ടുണ്ടോ?”
“ഇല്ല മാഷേ കണ്ടിട്ടില്ല.”
പറഞ്ഞൊഴിഞ്ഞു രക്ഷപ്പെടാനുള്ള ബദ്ധപ്പാടിലാണു ഞാൻ. മാസ്റ്റർ വിടാൻ ഭാവമില്ല.
“തുരങ്കത്തിലൂടെ നടക്കുന്നു. മറുകരയെത്തുന്നു. അവിടെ നിന്നു് തിരിഞ്ഞു നോക്കുന്നു. അപ്പോൾ അങ്ങ് പിറകിൽ, ദൂരെ, ഒരു നുറുങ്ങു വെളിച്ചം. ചന്ദനപ്പൊട്ടില്ലേ, അതുതന്നെ. അതുകണ്ടാൽ അതിന്നപ്പുറത്തു് ഒരു ലോകമുണ്ടെന്നു തോന്ന്വോ? ഇല്ല. എന്റെ ഓർമ്മ ഇപ്പം അങ്ങനെയാ. അങ്ങകലത്തെവിടെയോ ഒരു വെളിച്ചത്തിന്റെ നുറുങ്ങു്. വാരിപ്പിടിക്കാൻ കഴിയുന്നില്ല.”
മാസ്റ്റർ നിർത്തി—ചിരിച്ചു. ആ ചിരിയിൽ വേദനയുണ്ടായിരുന്നോ? എന്തോ! മാസ്റ്ററുടെ മൂഡ് മാറുന്നതു കണ്ടു ഞാൻ പറഞ്ഞു:
“ഒരു പാട്ടു് വേണല്ലോ മാഷേ.”
ഉഷാർ. മാസ്റ്റർ ചെറുപ്പക്കാരനാവുന്നു.
“ഒന്നു മതിയോ പാട്ടു്?”
മാസ്റ്ററുടെ ചോദ്യം.
“മാഷിപ്പം പാടാറുണ്ടോ?”
“മനസ്സിൽ. മനസ്സിൽ മാത്രം.”
മാസ്റ്റർ പതുക്കെ പറഞ്ഞു. ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു.