ലണ്ടൻപട്ടണത്തിന്റെ മുകളിൽ ജർമ്മൻ വിമാനം ഇരമ്പിപ്പറക്കുന്നു. ഇംഗ്ലീഷുകാരന്റെ വീട്ടുമുറ്റത്തും നാലുകെട്ടിന്റെ മോന്തായത്തിലും നടുമുറ്റത്തും ബോംബുകൾ അഴിച്ചു ചൊരിയുന്നു. പ്രധാനമന്ത്രിയും സെക്രട്ടറിമാരും രാജകുടുംബാംഗങ്ങളും ഭൂഗർഭത്താവളത്തിൽ ചെന്നു പതുങ്ങി പ്രാണൻ രക്ഷിക്കുന്നു.
“ഭേഷ്! സായ്പിനതു കിട്ടണം; അങ്ങനെതന്നെ കിട്ടണം. അവനു് ഉന്മൂലനാശം വരണം.”
മഹായുദ്ധത്തിന്റെ വാർത്ത വായിച്ചു ജനം ആഹ്ലാദിച്ചു. ജർമ്മൻകാരനെ അഭിനന്ദിച്ചു. ശത്രുവിന്റെ ശത്രുവിനോടവർക്കു പരമമായ സ്നേഹം. ഏതു് ഓണം കേറാമൂലയിലും നാലാളൊത്തുചേരുന്നിടത്തു് മറ്റൊരു നാട്ടുവിശേഷമില്ല. നേരിൽ കണ്ടതുപോലെ എല്ലാവരും യുദ്ധകാര്യങ്ങൾ വിവരിക്കുന്നു. എന്നാൽ, ഈ ബഹളത്തിനിടയിൽ ജനമറിയാതെ പലതും സംഭവിക്കുകയായിരുന്നു. ഭരണതലത്തിൽ പുതിയ വകുപ്പുകൾ രൂപം കൊള്ളുന്നു. തസ്തികകൾ ജനിക്കുന്നു. അവശ്യവസ്തുക്കൾ കമ്പോളങ്ങളിൽനിന്ന് അപ്രത്യക്ഷമാവുന്നു. അറിയാതെ വിഭവങ്ങൾ ചോർന്നുപോകുന്നു. ജനങ്ങൾക്കിടയിൽ വീതിക്കാൻ ഗവണ്മെന്റിന്റെ കൈയിൽ ദുർഭിക്ഷം മാത്രം അവശേഷിക്കുന്നു. അതിന്റെ വിതരണരീതി സുഗമമാക്കാൻ വകുപ്പുകളും ഉദ്യോഗസ്ഥന്മാരുമുണ്ടാവണം. അതുണ്ടായി. പർച്ചേസ് വകുപ്പും സപ്ലൈ വകുപ്പും രൂപംകൊണ്ടു. പുതിയ വകുപ്പുകളിൽ ഇൻസ്പെക്ടർമാരും ആപ്പീസർമാരുമുണ്ടായി. നെൽകൃഷിക്കാരന്റെ പേടിസ്വപ്നം പോലെ ഗ്രാമങ്ങൾതോറും പർച്ചേസിങ് ഇൻസ്പക്ടർമാർ സഞ്ചരിച്ചു. അവരുടെ സൈക്കിൾ ബെൽ കർഷകന്റെ മരണമണി പോലെ മുഴങ്ങി. ഇല്ലാത്ത വസ്തുക്കളുടെ ‘ന്യായ’മായ വിതരണത്തിനു താലൂക്കുകൾതോറും സപ്ലൈ ആപ്പീസർമാർ ഫയൽക്കൂമ്പാരങ്ങളുമായി പ്രത്യക്ഷപ്പെട്ടു. ആപ്പീസ് വരാന്തയിലും തൊടിയിലും ജനം തപസ്സിരുന്നു.
ഇവിടെ മറ്റൊരത്ഭുതം സംഭവിക്കുന്നു. പുതിയ തസ്തികകളിൽ ആളുകളെ കണ്ടെത്താൻ വിഷമം. ഒഴിവുകളുണ്ട്. അപേക്ഷകരില്ല. തൊഴിലില്ലായ്മയ്ക്കു പകരം ആളില്ലായ്മയെന്ന പ്രതിഭാസം. അപ്പോൾ ഭരണക്കണ്ണു വിദ്യാലയങ്ങൾക്കുനേരെ നീണ്ടു. കഴിവുള്ള അധ്യാപകർ പുതിയ തസ്തികകളിലേക്കു വലവീശിപ്പിടിക്കുന്നു. മാനേജ്മെന്റ് സമ്പ്രദായത്തിന്റെ ഹീനതയിൽനിന്നു മോചനം നേടാൻ കൊതിച്ചു കൊണ്ടിരുന്ന ചിലർ ഈ സന്ദർഭമുപയോഗിച്ചു ‘കൂടുവിട്ടു കൂടു മാറ്റം’ നടത്തി. അവരിൽ ഒരാളായിരുന്നു എന്റെ ബഹുമാന്യ സുഹൃത്ത് മമ്മൂഞ്ഞി മാസ്റ്റർ, നല്ലൊരു സഹൃദയനും ഗ്രന്ഥപാരായണത്തിൽ അതീവ തൽപരനും ധാരാളം നല്ല നല്ല പുസ്തകങ്ങളുടെ ഉടമയുമായ മമ്മൂഞ്ഞി മാസ്റ്റർ വടകരയിലുള്ള താലൂക്ക് സപ്ലൈ ആപ്പീസിലെ ഹെഡ്ക്ലാർക്കായതു് അങ്ങനെയാണു്. സപ്ലൈ ആപ്പീസിൽ എപ്പോഴും തിരക്കാണു്. കുട്ടിയുടെ ചോറൂണു നടത്തണമെങ്കിൽ, മകളുടെ വിവാഹം ആഘോഷിക്കണമെങ്കിൽ, എന്തിനു ചെറിയ തോതിലൊരു കുറിക്കല്ല്യാണം കഴിക്കണമെങ്കിൽപ്പോലും സപ്ലൈ ആപ്പീസറുടെ അനുമതിവേണം. അല്പം പഞ്ചസാരയോ അരിയോ കിട്ടണമെങ്കിൽ ആപ്പീസറുടെ പെർമിറ്റു വേണം. അരിയും പഞ്ചസാരയുമില്ലാതെ എങ്ങനെ ചോറൂണും വിവാഹവും മറ്റും ആഘോഷിക്കും? അതുകൊണ്ടു് എന്നും ആപ്പീസിൽ കടന്നുചെല്ലാനും ഹെഡ്ക്ലാർക്കിന്റെ മുമ്പിൽ കസേര വലിച്ചിട്ടിരിക്കാനും സ്നേഹത്തിന്റെ പേരിൽ എനിക്കു് അനുമതിയുണ്ടായിരുന്നു.
അതൊരു വലിയ ബഹുമതിയായി, എന്റെ തൊപ്പിയിൽ പുതിയ തൂവലായി വന്നുചേർന്നപ്പോൾ ഞാനാകെ വിഷമിച്ചു. ആവശ്യക്കാർ എന്നേയും വലയം ചെയ്യാൻ തുടങ്ങി. ഞാൻ പറഞ്ഞാൽ മമ്മൂഞ്ഞി മാസ്റ്റർ എന്തും ചെയ്യുമെന്നാണു് ജനങ്ങളുടെ വിശ്വാസം. എന്തും പറയാനെനിക്കു പറ്റുമോ? നായനാരുടെ കീഴിൽ ജോലിചെയ്യുന്ന ഡി. എം. ആർ. ടി. പ്രവർത്തകനല്ലേ ഞാൻ? വഴിവിട്ടു സഞ്ചരിക്കുന്നതും ശിപാർശയ്ക്കു വേണ്ടി ആപ്പീസുകളിൽ കയറിയിറങ്ങുന്നതും ആപ്പീസർമാരുടെ സേവ പിടിക്കുന്നതും എനിക്കു യോജിച്ചതാണോ? അതിമഹത്തായി ജനം കരുതിപ്പോരുന്ന ഒരു സ്ഥാപനത്തിനു് എന്റെ പ്രവൃത്തി കളങ്കം ചേർക്കാൻ പാടുണ്ടോ? ഇല്ലെന്നു നന്നായറിഞ്ഞിട്ടു രക്ഷപ്പെടാനുള്ള പഴുതുകൾ അടയുകയായിരുന്നു. ഇവിടെ ഈ വിഷമസന്ധിയിൽ എന്നെ രക്ഷിക്കാനെത്തിയതു് എന്റെ അഭിനയപാടവമായിരുന്നു. അരങ്ങു കണ്ടില്ലെങ്കിലും എന്നിലെവിടെയോ ഉറങ്ങിക്കിടന്ന അഭിനയ ചാതുരി അന്നാദ്യമായി ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. ആവശ്യക്കാർക്കും മമ്മൂഞ്ഞി മാസ്റ്റർക്കും പോറലേല്ക്കാതെ എന്റെ തടി രക്ഷപ്പെടുത്താൻ അഭിനയശേഷിക്കു മാത്രമേ കഴിഞ്ഞുള്ളു. എന്നിട്ടും ഇന്നോളം ഒരു നാടകസംഘവും എന്നെ അഭിനയിക്കാൻ ക്ഷണിച്ചില്ലല്ലോ—അരങ്ങു കാണിച്ചില്ലല്ലോ—എന്ന വിചാരം എന്നെ ദുഃഖിപ്പിക്കുന്നു.
പറഞ്ഞുവന്നതു് അവശ്യവസ്തുക്കളുടെ ക്ഷാമത്തെപ്പറ്റിയാണല്ലോ. ഇടത്തരക്കാരും അതിനു ചോടെയുള്ളവരും മരിച്ചു ജീവിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കു കിട്ടുന്ന റേഷൻ അര നേരത്തെ ആഹാരത്തിനു പോലും തികയില്ല. കരിഞ്ചന്തയിലാണെങ്കിൽ തീപിടിച്ച വില. സാധാരണക്കാരന്റെ ചിന്തയ്ക്കപ്പുറമായിരുന്നു അവിടത്തെ നിലവാരം. ആകെ വിഷമം. ആർക്കും ആരേയും സഹായിക്കാൻ കഴിയാത്ത ചുറ്റുപാടു്. ഗോപാലപുരവും ഈ ദുഃസ്ഥിതിയിൽത്തന്നെയായിരുന്നു. പക്ഷേ, ഒന്നുണ്ടു്: ഞങ്ങൾ കൂട്ടായി, സന്തോഷത്തോടെ എല്ലാം സഹിച്ചിരുന്നു. റേഷൻകൊണ്ടു കഴിഞ്ഞുകൂടാൻ പരമാവധി ശ്രമിച്ചിരുന്നു. ഇടയ്ക്കെങ്ങാനും ഒരു പരിചയക്കാരൻ വിരുന്നുവന്നുപോയാൽ സംവിധാനമാകെ പിഴയ്ക്കും. വിരുന്നിന്റെ ക്ഷീണം തീരണമെങ്കിൽ ആഴ്ചകളോളം പിശുക്കിപ്പിടുത്തം വേണ്ടിവരും. അതുകൊണ്ടും കഴിയില്ലെന്നു വരുമ്പോൾ വാരിയർമാസ്റ്ററെ സമീപിക്കും.
“സാർ.”
“അഃ എന്താ?”
“ചോദിക്കാൻ വിഷമമുണ്ടു്.”
“വിഷമിക്കണ്ടാ.”
“ഉണ്ടെങ്കിൽ…”
മുഴുവൻ പറയാതെ ഞാൻ പരുങ്ങും. മാസ്റ്ററുടെ കാര്യം എനിക്കു നല്ലപോലെ അറിയാം. ഭാര്യയുണ്ടു്; രണ്ടുമൂന്നു ചെറിയ കുട്ടികളും. കുട്ടികളുടെ റേഷൻ വേവിച്ചെടുത്താൽ ഒരു ലക്കോട്ട് പറ്റിക്കാൻ പോലും തികയില്ല. അങ്ങനെ വിഷമിക്കുന്ന മാസ്റ്ററോടു് എന്റെ ഇല്ലായ്മ പറയാൻ എനിക്കു മടിയുണ്ടു്. മടിച്ചിട്ടെന്തു കാര്യം? ആരോടെങ്കിലും, ഒന്നു പറയാനെങ്കിലും കഴിയണ്ടേ. മിണ്ടാതെ പരുങ്ങുന്ന എന്റെ മുഖത്തു നോക്കി കാര്യം മനസ്സിലാക്കിയ പോലെ മാസ്റ്റർ ചോദിക്കുന്നു:
“പഞ്ചസാരയാണോ?”
ചോദിച്ചു കഴിഞ്ഞു മാസ്റ്റർ അകത്തു നോക്കി ഉറക്കെ മകനെ വിളിക്കുന്നു:
”പ്രഭാകരാ.”
“അല്ല മാസ്റ്ററെ, പഞ്ചസാരയല്ലാ.”
“പിന്നെ?” മാസ്റ്ററുടെ ചോദ്യം.
“ഉണ്ടെങ്കിൽ ഒരു അരസ്സേർ അരി…”
പറഞ്ഞു മുഴുമിക്കും മുമ്പേ മാസ്റ്റർ എഴുന്നേല്ക്കുന്നു. ഒന്നും മിണ്ടാതെ പാരവശ്യത്തോടെ നടക്കുന്നു. പിന്നെ മുറ്റത്തേക്കിറങ്ങുന്നു. ഇറങ്ങുമ്പോൾ പറയുന്നു:
“വരൂ.”
മാസ്റ്റർ മുമ്പിലും ഞാൻ പിറകിലുമായി കുന്നിറങ്ങുന്നു. എങ്ങട്ടെന്നു ചോദിക്കാതെ ഞാനും ഒപ്പം നടക്കുന്നു. തെല്ലിട നടന്നപ്പോൾ മാസ്റ്റർ പറയുന്നു:
“നമുക്കു ചെരിയക്കൻചെട്ട്യാരെ ഒന്നു കാണാം.”
പലചരക്കുകട നടത്തുന്ന ആളാണു ചെട്ടിയാർ. ഗോപാലപുരത്തെ അധ്യാപകർ വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതു ആ കടയിൽനിന്നാണു്. കുന്നിറങ്ങി തീവണ്ടിപ്പാതയിൽ കയറി ഞങ്ങൾ നടക്കുന്നു. പരസ്പരം ഒന്നും സംസാരിക്കുന്നില്ല. എന്റെ മനസ്സു നിറയെ ദുഃഖമാണു്. പട്ടിണികിടക്കുന്നതിലുള്ള ദുഃഖമല്ല. എന്നെ വിശ്വസിച്ച് എന്റെ കൂടെ കുന്നിൻപുറത്തു കഴിയാൻ തീരുമാനിച്ചു വന്ന എന്റെ ഭാര്യയെ പട്ടിണിക്കിടരുതല്ലോ. മാസ്റ്റരോടൊപ്പം എവിടെ പോകാനും ഞാൻ തയ്യാറായിരുന്നു. പക്ഷേ, ചെരിയക്കൻ ചെട്ടിയാരെ കണ്ടിട്ടു പ്രയോജനമില്ലെന്നു് എന്റെ മനസ്സ് ആവർത്തിച്ചാവർത്തിച്ചു് എന്നോടു പറയുന്നു.
അപ്പോൾ വാരിയർ മാസ്റ്റർ തിരിഞ്ഞുനിന്നു് എന്നോടു ചോദിക്കുന്നു:
“റേഷൻകടയിൽ നിന്നു ‘ബജ്ര’ വാങ്ങിയോ?”
“വാങ്ങിയില്ല.” ഞാൻ പറഞ്ഞു.
“അതെന്താണു്?”
“എങ്ങനെയാണു പാകപ്പെടുത്തണ്ടതു് എന്നൊന്നും അറിഞ്ഞു കൂടല്ലോ.”
“ഓ, ഒന്നും അറിയാനില്ലെന്നേ. ഞങ്ങളതു വാങ്ങി ചട്ടിയിലിട്ടു വറുത്തു നല്ല പോലെ ഇടിച്ചു ശർക്കരയും കൂട്ടി ഉരുട്ടി ഉണ്ടയാക്കി കുട്ടികൾക്കു കൊടുത്തു. അവർക്ക് ഇഷ്ടമായി. ഞങ്ങൾക്കും.”
ഒടുവിൽ പറഞ്ഞ ഞങ്ങൾക്കും എന്ന വാക്കു പതുക്കെയാണു മാഷ് പറഞ്ഞതു്, അരി കിട്ടണമെങ്കിൽ തോതനുസരിച്ചു ഗോതമ്പു്. ബജ്ര, സൂജി ഇതൊക്കെ വാങ്ങണമെന്നു നിബ്ബന്ധമാണ്. ഇല്ലെങ്കിൽ അരി തരില്ല. ഗവണ്മെന്റ് കല്പനയാണെന്നു റേഷൻ കടക്കാരു പറയും. ബജ്രയെപ്പറ്റിയായിരുന്നിരിക്കണം, ഒരപവാദം നാടുനീളെ പ്രചരിച്ചിരുന്നു. യുദ്ധമുന്നണിയിൽ മരിച്ചുവീഴുന്ന പട്ടാളക്കാരുടെ പല്ല് പുഴക്കിയെടുത്തു റേഷനോടൊപ്പം വിതരണം ചെയ്യുകയാണെന്നു്. അതു വിശ്വസിച്ചാലുമില്ലെങ്കിലും അരിക്കു പകരം അമൃതം തന്നാലും സ്വീകരിക്കാൻ മനസ്സു തയ്യാറായിരുന്നില്ല. ഒരു നേരമെങ്കിലും ചോറുണ്ണണം. ഉണ്ണണമെന്നു നിബ്ബന്ധം പിടിക്കാത്തവൻ മലയാളിയാവില്ല.
“അപ്പോൾ മാഷേ.” വാരിയർ മാസ്റ്റർ ചോദിക്കുന്നു.
“ബജ്രയും സൂജിയുമൊന്നും വാങ്ങാറില്ലേ?”
“വാങ്ങിയില്ലെങ്കിൽ അരി കിട്ടില്ലല്ലോ സാർ.”
“വാങ്ങിയിട്ടെന്തു ചെയ്യുന്നു?”
“വല്ലവർക്കും കൊടുക്കും.”
“കൊടുക്കണ്ടെന്നു ഞാൻ പറയില്ല. പക്ഷേ, ഒരാഴ്ച അതൊക്കെ വാങ്ങി എന്റെ വീട്ടിലേക്കയയ്ക്കൂ. എങ്ങനെ പാകപ്പെടുത്തണമെന്നു ഞാൻ പഠിപ്പിച്ചുതരാം.”
മാസ്റ്റരുടെ ഒടുവിലത്തെ വാക്കു്, തീവണ്ടിപ്പാതയുടെ ഓരത്തെവിടെയോ നിന്നു പുറപ്പെട്ട ഒരു കൂട്ടനിലവിളിയിൽ മുങ്ങിപ്പോയി. എന്താണു സംഭവമെന്നു് അന്വേഷിച്ചറിയാൻ ഞങ്ങൾ പാതവിട്ടിറങ്ങി. അല്പമകലെ പാടത്തിന്റെ നടുവിലുള്ള ഒരു കൂരയിൽനിന്നാണു നിലവിളി. ഞങ്ങളങ്ങട്ട് നടന്നു. മുറ്റത്തു ചെന്നു നിന്നപ്പോൾ വരാന്തയിൽ വിറങ്ങലിച്ചുകിടക്കുന്ന ഒരു മൃതദേഹത്തിനു ചുറ്റും കൂടി സ്ത്രീകളും കുട്ടികളും നിലവിളിക്കുകയാണു്. നിലവിളി കേട്ട് ആരും ഓടിയെത്തിയില്ല. എന്താണു സംഭവമെന്നു ചോദിച്ചപ്പോൾ ആ ഭീകരസത്യം പുറത്തുവന്നു:
“കോളറ.”
മലബാറിൽ അവിടെയുമിവിടെയുമായി ചില ചേരിപ്രദേശങ്ങളിലും പാവപ്പെട്ട ചിലരുടെ വീടുകളിലും കോളറയുണ്ടെന്നു കേട്ടതല്ലാതെ, സമീപ പ്രദേശത്തെങ്ങും അതെത്തിയതായറിവില്ല. എന്നാൽ, ഇപ്പോളിതാ, ആ ഭീകര സത്യം, ക്രൂരമായ വിപത്ത്, അതിന്റെ കഴുകൻ കൊക്കിൽ ഒരു പാവപ്പെട്ട ജീവിതത്തെ കൊത്തിപ്പറിച്ചു നില്ക്കുന്നു.
ഏതോ യക്ഷിക്കഥയിലുൾപ്പെട്ട വിചിത്രകഥാപാത്രങ്ങളെപ്പോലെ ഞാനും വാരിയർ മാസ്റ്റരും മടങ്ങി നടന്നു. അരിയുടെ കാര്യം രണ്ടു പേരും മറന്നു. ഇപ്പോൾ മുമ്പിലുള്ള പ്രശ്നം വിശപ്പല്ല, ആഹാരമല്ല; മരണം. പാടത്തും തീവണ്ടിപ്പാതയിലും കുന്നിൻചെരിവിലും ഇടവഴിയിലും അതുണ്ടു്. പതുങ്ങിപ്പതുങ്ങി പിറകെ സഞ്ചരിക്കുന്നു, പഴുതു കിട്ടുമ്പോൾ ചാടിവീഴാൻ തയ്യാറെടുത്തുകൊണ്ടു്.
അന്നു രാത്രി വേണ്ടപോലെ ഉറക്കം കിട്ടിയില്ല. കോളറയുടെ ആക്രമണത്തിൽനിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന വിചാരം കൊണ്ടല്ല; മറിച്ച് ഈ വിപത്തിൽനിന്നും നാടിനെങ്ങനെ മോചനം ലഭിക്കും? അതിനുള്ള വഴിയെന്തു്? ഔഷധമെന്തു്? എന്നെല്ലാമുള്ള ആലോചനയായിരുന്നു മനസ്സു നിറയെ.
കാലത്തു നായനാരെത്തി; പ്രഭാതം പോലെ മനസ്സിനു് സമാധാനവും ശാന്തിയും നല്കിക്കൊണ്ടു്. എവിടെനിന്നു വരുന്നെന്നറിയില്ല. എന്നും അങ്ങനെയാണു്. മുന്നറിയിപ്പില്ലാതെ കയറിവരും. അപ്പോൾ ഗോപാലപുരം സജീവമാകും. കുട്ടികൾ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടും. മുതിർന്നവർ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ ആശ്വാസം കൊള്ളും. ഏതു പ്രശ്നങ്ങൾക്കും ലളിതമായ മട്ടിൽ പരിഹാരം കണ്ടത്താൻ അദ്ദേഹത്തിനുള്ള കഴിവ് അസാധാരണമായിരുന്നു. ശാന്തമായ, സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിവുള്ള സ്വഭാവത്തിനുടമയായിരുന്നു അദ്ദേഹം. തെറ്റേതിനും മാപ്പുണ്ട്. ആരോടും കടുപ്പിച്ച വാക്കുകൾ പറയില്ല. ഗോപാലപുരത്തിനാകെ സന്തോഷത്തിന്റെ വെളിച്ചം നല്കി, പലരുമായി കുശലപ്രശ്നം നടത്തി, ഒരു പകൽ കഴിച്ചുകൂട്ടി അദ്ദേഹം യാത്രപറയും. അതാണു പതിവു്.
എന്നാൽ, ഇത്തവണ സംഗതിയാകെ മാറിയിരിക്കുന്നു. അസാധാരണമായ ഗൗരവം. കാര്യമായൊന്നും സംസാരിക്കുന്നില്ല. അല്പനേരം എന്തോ ആലോചിച്ചു മൗനമായിരുന്നശേഷം കുന്നിൻപുറത്തുള്ള എല്ലാവരേയും വിളിച്ചുകൂട്ടാൻ അദ്ദേഹം പറഞ്ഞു. എല്ലാവരും വന്നു ചേർന്നപ്പോൾ അദ്ദേഹത്തിനു് കുറച്ചുമാത്രമേ പായാനുണ്ടായിരുന്നുളളു. അതു കോളറയെപ്പറ്റിയായിരുന്നു. എങ്ങനെ ആ മഹാവിപത്തിനെ നേരിടണമെന്നതിനെപ്പറ്റിയായിരുന്നു. സ്വന്തം ജീവനു് സാമാന്യത്തിലേറെ വിലകല്പിച്ചു് മറ്റുള്ളവരെ സഹായിക്കുകയെന്ന ഉത്തമമായ കർത്തവ്യത്തിൽനിന്നും ആരും പിന്മാറരുതെന്നും അദ്ദേഹം ഉപദേശിച്ചു. ജനസേവനമായിരിക്കണം പരമമായ ലക്ഷ്യം. ആതുര ശുശ്രൂഷയിലൂടെ മർത്ത്യജന്മത്തെ ശുദ്ധീകരിച്ചെടുക്കണം. അതിനുള്ള സന്ദർഭമാണു് വന്നുചേർന്നതു്. ധീരമായി ഈ വിപത്തിനെ നേരിടുക. കോളറ നിർമ്മാർജ്ജനത്തിനുള്ള വാളണ്ടിയർമാരായി എല്ലാവരും രൂപാന്തരപ്പെടണം. നാട്ടിനും നാട്ടാർക്കും പരമമായ സഹായം നല്കാൻ തയ്യാറെടുത്തുനിൽക്കണം. ഇവിടെ പ്രത്യക്ഷപ്പെട്ടത് വെറും തുടക്കമാണ്. പിറകെ വരുന്ന മഹാവിപത്തിനെതിരെ പൊരുതാനുള്ള കരുത്തു നിങ്ങളോരോരുത്തരും സമ്പാദിക്കണം.