അങ്ങു് യൂറോപ്പിൽ, ജർമ്മൻ പട്ടാളം ജൈത്രയാത്ര നടത്തുമ്പോൾ, ബോംബെറിഞ്ഞു് ലണ്ടൻപട്ടണം തവിടുപൊടിയാക്കുമ്പോൾ, ഇങ്ങു് മലബാറിൽ ‘കോളറ’, ‘മൃതവർഷിണി’ രാഗം ആലപിക്കുകയായിരുന്നു. രണ്ടും ഫലത്തിൽ ഒന്നുതന്നെ. മനുഷ്യദുഃഖത്തിന്റെ ഭാഗം ചേർന്നു ചിന്തിക്കുമ്പോൾ ഒരു വ്യത്യാസവുമില്ല. നിറഭേദവും ജാതിഭേദവും മതഭേദവും രാജ്യഭേദവും കണ്ണീരിന്റെ ഉപ്പിൽ മാത്രം കലർപ്പുചേർക്കുന്നില്ല. അവിടെയുമിവിടേയും നൊമ്പരം കൊള്ളുന്ന ആത്മാക്കൾക്കാവശ്യം അലിവിന്റെ ലേപനം മാത്രം. പോരും കൊലയും കൊതിക്കുന്നവർ, പ്രചരിപ്പിക്കുന്നവർ, മനുഷ്യവർഗ്ഗത്തിൽ പരമനിസ്സാരമായൊരു ശതമാനം മാത്രമാണു്. അവരാണ് ഇവിടെ പരക്കെ അശാന്തിയും ഭീതിയും വളർത്തുന്നത്. അവരെ എല്ലാവരും അറിയുന്നു; ഭയപ്പെടുന്നു.
എന്നാൽ, ബോംബുവർഷം നടക്കുന്ന മഹായുദ്ധങ്ങൾക്കു നടുവിലും മരണം ചുടലനൃത്തമാടുന്ന മഹാമാരികൾക്കിടയിലും അലിവിന്റെ പൊന്നളക്കുമായി സഞ്ചരിക്കുന്ന അപൂർവ്വം ചില വ്യക്തികൾ എന്നും ഇവിടെയുണ്ടായിരുന്നു. അവരെ ഓർമ്മിക്കാനും ആദരിക്കാനും അവരുടെ ജന്മശതാബ്ദി ആഘോഷിക്കാനും സമൂഹത്തിനു് അവസരം കിട്ടാറില്ല. കാരണം, ജനപ്രതിനിധിസഭയിലോ ഭരണചക്രം തിരിക്കുന്നവർക്കിടയിലോ അവരുണ്ടായിരിക്കില്ല. അവർ തങ്ങൾക്കു പിറകിൽ പ്രശസ്തിയുണ്ടോ എന്നു് പിൻതിരിഞ്ഞുനോക്കി നടന്നുപോയവരല്ല. വഴി നീളെ മുദ്രാവാക്യം വിളിച്ചു് ജനശ്രദ്ധ ആകർഷിച്ചവരല്ല. പരാർഥമായ പ്രവർത്തനങ്ങളുടെ തളർച്ചയിൽ അല്പവിശ്രമത്തിനുപോലും ഒരു വഴിയമ്പലത്തിൽ കേറി തലചായ്ച്ചവരല്ല. അവർ ഏകാന്തപഥികരായിരുന്നു. അവർക്കു നടന്നു കടക്കാനുള്ള വഴി ദുർഘടം പിടിച്ചതായിരുന്നു.
‘കോളറ’ കൊയ്ത്തു നടത്തിയ, മരണം ചുടലനൃത്തമാടിയ മലബാറിലെ ഉൾനാടൻവീഥിയിലൂടെ അന്നൊരു ഏകാന്ത പഥികൻ സഞ്ചരിച്ചു: ശ്രീ വി. ആർ. നായനാർ. ‘കോളറ’യുടെ കടന്നാക്രമണത്തിൽ രക്ഷാകർത്താക്കൾ നഷ്ടപ്പെട്ടു് അനാഥരായിത്തീർന്ന കുട്ടികളെ വാത്സല്യത്തോടെ വാരിയെടുത്തു പുല്കി, അഭയം നല്കുകയെന്ന മഹാപ്രയത്നത്തിൽ അദ്ദേഹത്തിനു കൈമുതലായുണ്ടായിരുന്നതു് അലിവിന്റെ പൊന്നളക്കു മാത്രം. യാതന കണ്ടറിഞ്ഞും കേട്ടറിഞ്ഞും അദ്ദേഹം ഓടിയടുക്കുന്നു. അനാഥശവങ്ങൾ മറവുചെയ്യുന്നു; അനാഥശിശുക്കളെ കൈയേല്ക്കുന്നു; രോഗികളെ ശുശ്രൂഷിക്കുന്നു; രോഗത്തിന്റെ വ്യാപ്തി തടയാൻ പ്രതിരോധപ്രവത്തനങ്ങൾ നടത്തുന്നു. എവിടെ നായനാരെത്തുന്നോ അവിടെയൊക്കെ അനുയായികളുണ്ടാവുന്നു. ഹൃദയാലുക്കളായ യുവാക്കൾ അദ്ദേഹത്തോടൊപ്പം ഏതു പ്രവർത്തനത്തിനും തയ്യാറാവുന്നു. ‘കോളറ’യുടെ കറുത്തിരുണ്ട നിഴലിൽ, ഭീതിപൂണ്ടു വിറങ്ങലിച്ചു കിടന്ന ഗ്രാമങ്ങളിൽ, ആദ്യ കിരണങ്ങളുടെ പ്രകാശവും ചൂടുമെന്നപോലെ നായനാരെത്തിച്ചേരുന്നു. ഇരുളും ഭീതിയും വിട്ടകലുന്നു. അങ്ങനെ നായനാരുടെ അശ്രാന്തപരിശ്രമത്തിലൂടെ ആരോരുമില്ലാതെ, മണ്ണടിഞ്ഞു പോകേണ്ട നിരവധി ജീവിതങ്ങൾക്കു് മലബാറിന്റെ മണ്ണിൽ അഭയകേന്ദ്രങ്ങളുണ്ടായി. തണലും തണുപ്പമുണ്ടായി. വടക്കു്, മാടായി മുതൽ തെക്കു് വലപ്പാടു വരെ. അവിടവിടെയായി അനാഥമന്ദിരങ്ങൾ ഉയർന്നുവന്നു; ജാതിമതഭേദമില്ലാത്ത അഭയകേന്ദ്രങ്ങൾ. അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്ക് ഒരു മതമേ ഉണ്ടായിരുന്നുളള നിഷ്കളങ്കത. അവരൊന്നുമറിയുന്നില്ല. ഒന്നും അന്വേഷിക്കുന്നില്ല. വിശക്കുമ്പോൾ ഭക്ഷണം കിട്ടണം. വയറുനിറഞ്ഞാൽ അല്പം കളിക്കണം. കളിച്ചു തളരുമ്പോൾ എവിടെയെങ്കിലും വീണുറങ്ങണം. ജനിച്ച വീടില്ല; ജന്മംനല്ലിയ മാതാപിതാക്കളില്ല. ആചാരാനുഷ്ഠാനങ്ങളൊന്നും പഠിച്ചിട്ടില്ല. പഠിപ്പിച്ചിട്ടുമില്ല. ഏതോ ജാതി; ഏതോ മതം; ഒന്നുമറിഞ്ഞു കൂടാ.
പത്രങ്ങളിൽ നായനാരുടെ പ്രസ്താവന വരുന്നു. പതിനഞ്ചോളം കേന്ദ്രങ്ങളിലായി ഏതാണ്ടെഴുന്നൂറ്റിയമ്പതു് നിരാധാരരായ കുട്ടികളെ വളർത്തണം. അതിന് ചെലവിനു വക കണ്ടെത്തണം. മുതൽമുടക്കായിട്ട് വന്നുചേരാനിരിക്കുന്നതു് ഹൃദയാലുക്കളായ മനുഷ്യസ്നേഹികളുടെ ഔദാര്യം മാത്രമാണ്. ആ ഔദാര്യത്തിനുവേണ്ടി അപേക്ഷിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്താവന. ജനം ഉടനടി പ്രതികരിച്ചു. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും സംഭാവനകൾ ഒഴുകിയെത്തി. ഭാരത സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പുതിയ പ്രസ്ഥാനം എസ്. ഐ. എസ്. ഓർഫനേജ് (S. I. S. Orphanage) എന്ന പേരിൽ അറിയപ്പെട്ടു (Servents of India Society Orphanage).
ധാരാളം ജോലി ചെയ്യാനുള്ള ഒരു പ്രത്യേക വകുപ്പാവുകയും അതിന്റെ ആപ്പീസ് കോഴിക്കോട്ടെ ആര്യഭവൻ ബിൽഡിങ്ങിന്നടുത്തുള്ള ഒരു മാളികയിൽ സ്ഥാപിക്കയും ചെയ്തതോടെ പ്രവത്തനങ്ങൾക്കു് അടുക്കും ചിട്ടയും കൈവരുന്നു. കേന്ദ്രങ്ങളുടെ മുഴുവൻ മേൽനോട്ടത്തിന്നും കുട്ടികളുടെ ക്ഷേമം അടിക്കടി ചെന്നന്വേഷിക്കാനും അവരുടെ ആരോഗ്യകാര്യങ്ങളിൽ അപ്പപ്പോൾ ശ്രദ്ധചെലുത്തി വിദഗ്ദ്ധോപദേശം തേടാനും തരാതരംപോലുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നല്കാനും ഒരു ഇൻസ്പെക്ടറെ നിയമിക്കുന്നു. അറിയപ്പെട്ടൊരു സാഹിത്യകാരനും ഒന്നാംതരം പ്രഭാഷകനും സ്വാതന്ത്ര്യ സമരഭടനുമായ ശ്രീ എൻ. പി. ദാമോദരനെയാണു് ഇൻസ്പെക്ടരുടെ ചുമതല ഏല്പിച്ചതു്. എൻ. പി. ദാമോദരൻ, ഇൻസ്പെക്ടർ, എസ്. ഐ. എസ്. ഓർഫനേജസ്. ആപ്പീസ് കാര്യങ്ങൾ ശ്രദ്ധിക്കാൻ, ശ്രീ എം. കെ. കുഞ്ഞിരാമൻമാസ്റ്റരെ നിയമിച്ചു. സാഹിത്യരസികനും കവിയും കലാകാരനുമെല്ലാമായിരുന്ന കുഞ്ഞിരാമൻ മാസ്റ്റർ ആരംഭകാലം മുതൽക്കുതന്നെ ഡി. എം. ആർ. ടി. പ്രവർത്തകനാണ്. നായനാർ സദാ സഞ്ചാരിയായിരുന്നു. ഭാരത സേവാസംഘത്തിന്റെ പ്രവർത്തനങ്ങൾ പടിഞ്ഞാറൻതീരത്തങ്ങോളമിങ്ങോളം ചിതറിക്കിടന്നതിന്റെ മേൽനോട്ടം വഹിക്കാനുള്ളതുകൊണ്ടു് ഒരിടത്തുതന്നെ ഏറെ തങ്ങാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. നായനാർ സർവ്വവ്യാപിയാണെന്നു പറയാറുണ്ടെങ്കിലും അത്യാവശ്യകാര്യത്തിനു് അദ്ദേഹത്തെ തേടിനടക്കാനാരെങ്കിലും പുറപ്പെട്ടാൽ, ശരിക്കും വട്ടംകറങ്ങും. ചിലപ്പോൾ മംഗലാപുരത്താവും. മറ്റു ചിലപ്പോൾ കൊച്ചിയിലാവും. അങ്ങനെ സഞ്ചരിച്ചു സഞ്ചരിച്ച് നേരെ പൂനയിലെത്തിയെന്നും വരും. അവിടെയാണല്ലോ ഭാരതസേവാസംഘത്തിന്റെ തലസ്ഥാനം. അതിപ്രസിദ്ധനായ പണ്ഡിറ്റ് ഹൃദയനാഥകുൻസ്രുവായിരുന്നു. അന്നു സംഘത്തിന്റെ അദ്ധ്യക്ഷൻ. മലബാറിൽ നായനാർ നിർവ്വഹിച്ചു പോരുന്ന പ്രശസ്തമായ സേവനത്തിൽ അദ്ദേഹം അതീവസന്തുഷ്ടനായിരുന്നു. നായനാർ ആരംഭിക്കുന്ന ഏതു പ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ ആശീർവാദവും പിന്തുണയുമുണ്ടായിരുന്നു.
നായനാരുടെ സേവന തൽപരതയുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി ഇവിടെ കുറിക്കട്ടെ. വ്യക്തമായ കാലം ഓമ്മിക്കുന്നില്ല. ഒരു വലിയ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ കെടുതിയാണു വിഷയം. ലക്ഷദ്വീപ് സമൂഹങ്ങളിൽ ഉഗ്രമായി വീശിയടിച്ച കൊടുങ്കാറ്റ് അവിടത്തെ ജനജീവിതത്തെ അടിപുഴക്കിക്കളഞ്ഞു. തുടന്നു് എങ്ങും കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും വിളയാട്ടം. ദ്വീപുകാരുടെ യാതനകളറിഞ്ഞ നായനാർ അലിവിന്റെ പൊന്നളക്കുമായി ദ്വീപിലേക്കു പുറപ്പെട്ടു. യാത്രാസൗകര്യം അശേഷമില്ല. ദ്വീപുകാർ ഇടയ്ക്ക് കൊപ്രയുമായി വന്നു തിരിച്ചു പോകുന്ന നാടൻവഞ്ചിയല്ലാതെ മറ്റാശ്രയമില്ല. പലപ്പോഴും വഞ്ചിയുടെ അമരത്തിരിപ്പ് അനിശ്ചിതത്വമായിരിക്കും. കോഴിക്കോട്ടുനിന്നു് ലക്ഷദ്വീപിലേക്കു പുറപ്പെടുന്ന വഞ്ചി ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം മംഗലാപുരത്തോ മറ്റെവിടയെങ്കിലുമോ എത്തിച്ചേർന്നെന്നുവരും. ഇതെല്ലാം അറിഞ്ഞു കൊണ്ടു തന്നെ, അദ്ദേഹം പുറപ്പെട്ടു. ദുരിതാശ്വാസപ്രവർത്തനത്തിൽ നിന്നും അദ്ദേഹത്തെ പിൻതിരിപ്പിക്കാൻ പ്രതിബന്ധങ്ങൾക്കൊന്നിനും തന്നെ കഴിഞ്ഞിരുന്നില്ല.
ആ യാത്രയിലുണ്ടായ അനുഭവങ്ങളെക്കുറിച്ചും ദ്വീപിലെ പ്രവർത്തനങ്ങളെപ്പറ്റിയും അന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിലദ്ദേഹം എഴുതിയിരുന്നു. എന്നാൽ ആ അനുഭവങ്ങളിലൊന്ന് പില്ക്കാലത്തു് അദ്ദേഹത്തിന്റെ മുഖത്തുനിന്നുതന്നെ കേൾക്കാനെനിക്കു കഴിഞ്ഞിട്ടുണ്ടു്. ഒരു സുഹൃത്തുമായദ്ദേഹം വർത്തമാനം പറഞ്ഞിരിക്കുകയാണ്. അപ്പോൾ സുഹൃത്തു ചോദിച്ചു:
“ദ്വീപുയാത്ര എങ്ങനെയുണ്ടായിരുന്നു? പലപ്പോഴും ചോദിക്കണമെന്നു വിചാരിച്ചതാണു്.”
നായനാർ ചിരിച്ചു. ആർത്തട്ടഹസിക്കുന്ന സ്വഭാവമില്ല. ചുണ്ടല്പമൊന്നു വികസിക്കും; അത്രതന്നെ. പക്ഷേ, ചിരിയുടെ പ്രകാശം കാണാൻ ആ കണ്ണുകളിലേക്കു നോക്കണം. ആ ചിരി പ്രേരണ നല്കിയതു സന്തോഷമാണോ അതോ പരിഹാസമാണോ എന്നറിയാൻ അവിടെ നോക്കിയേ പറ്റൂ. ചിരിക്കു ശേഷം നായനാർ പറഞ്ഞു:
“എല്ലാ യാത്രയും ഒരു പോലെ തന്നെ.”
“എന്നാലും കണ്ണെത്താത്ത കടലല്ലേ. പേടിയാവില്ലെ?”
“പേടിയോ? അതെന്തിനു്? കരയിലൂടെ സഞ്ചരിക്കുമ്പോൾ പേടിയാവാറുണ്ടോ?”
“എന്നാലും സമ്മതിക്കണം.”
“സമ്മതിക്കേണ്ടതു കടലിനെ. അപായം കൂടാതെ നമ്മളെയാക്കെ സഞ്ചരിക്കാനനുവദിക്കുന്നല്ലോ.”
സുഹൃത്തു വിടാൻ ഭാവമില്ല. കുത്തിക്കുത്തി ചോദിക്കുന്നു. അങ്ങനെയുണ്ടല്ലോ ചിലർ. യാത്രയുടെ ക്ലേശം. അതു സഹിക്കാനുള്ള മനക്കരുത്തു്. കടൽ യാത്രയിലെ ധീരസാഹസികത. ഇതൊക്കെ നായനാരുടെ മുഖത്തുനിന്നു പറഞ്ഞു കേൾക്കാനുള്ള താൽപര്യമാണ് സുഹൃത്തിനു്. നായനാരുണ്ടോ വഴങ്ങുന്നു. തന്നെപ്പറ്റിയോ അന്യരെപ്പറ്റിയോ എന്തെങ്കിലും പറഞ്ഞു രസിച്ചു നശിപ്പിക്കാൻ മാത്രം ഒഴിവുസമയം അദ്ദേഹത്തിനില്ല. സുഹൃത്തു വീണ്ടും ചോദ്യം:
“വഞ്ചിയിൽ ഭക്ഷണത്തിനുള്ള സൗകര്യമുണ്ടോ?”
“ഉണ്ടു്.” പൊറുതിമുട്ടിയ നായനാർ പറഞ്ഞു: “കടലിൽനിന്നു മീൻ പിടിക്കും. മീനും പരിപ്പും അരിയും ഒരു പാത്രത്തിലിട്ടു വേവിക്കും. ഉപ്പും ചേർക്കും. അല്പം മുളകും.”
“ഇതാണോ ഭക്ഷണം?” സുഹൃത്തിനദ്ഭുതം.
“ഇതെങ്ങനെ തിന്നും?”
നായനാർ വീണ്ടും ചിരിച്ചു. ആ കണ്ണുകളിൽ പരിഹാസമുണ്ടായിരുന്നു.
“ഇതുപോലും തിന്നാൻ കിട്ടാത്ത എത്ര മനുഷ്യർ ഈ നാട്ടിലുണ്ടു്.”
“എന്നാലും നായനാരെ, നിങ്ങളെ സമ്മതിക്കണം.”
“വരട്ടെ. അല്പം കൂടി കേട്ടിട്ടു സമ്മതിച്ചാൽ മതി.”
ഒരുതരത്തിലും തന്നെ ഒഴിവാക്കില്ലെന്നും ജോലിചെയ്യാൻ അനുവദിക്കില്ലെന്നും മനസ്സിലാക്കിയ നായനാർ ആ സുഹൃത്തിനുവേണ്ടി, അയാളുടെ സംതൃപ്തിക്കു വേണ്ടി ഇത്രയും കൂടി പറഞ്ഞു:
“നമുക്കൊക്കെ പ്രകൃതിയുടെ വിളിയെന്നൊന്നുണ്ടല്ലോ.”
“ശരി ശരി, കേൾക്കട്ടെ.” സുഹൃത്തിനു് ഉന്മേഷം.
“ഈ പ്രകൃതിയുടെ വിളിക്കു് കടലിലെങ്ങനെ മറുപടി കൊടുത്തെന്നറിയണ്ടേ?”
“വേണം, വേണം.”
“എന്നാൽ കേട്ടോളൂ. വഞ്ചിയുടെ കൊമ്പിൽ ഒരു വടി കെട്ടി വെച്ചിട്ടുണ്ടാവും. കൊമ്പിൽ കൈ കോർത്തുപിടിച്ച് വടിയിൽ ചവുട്ടിയിരിക്കുക. കീഴെ ഇളകിമറിയുന്ന കടൽ.” മറുപടി അങ്ങനെയാണു്.
“എന്റമ്മോ!”
വടക്കൻ നമ്പ്യാർ തലയിൽ കൈവെച്ച് ആശ്ചര്യപ്രകടനം നടത്തി.
ഇത്രയും ഈ സംഭാഷണം ഇവിടെ കുറിച്ചതു നായനാരുടെ പ്രവർത്തനശൈലിയെക്കുറിച്ച് ഒരേകദേശചിത്രം കിട്ടാനാണു്. ഭക്ഷണമില്ലാതെ, ഉറക്കമില്ലാതെ, വിശ്രമമെന്തെന്നറിയാതെ എപ്പോഴും തൊഴിലില്ലാത്തവരെക്കുറിച്ച്; പട്ടിണിക്കാരെക്കുറിച്ച്, നിസ്സഹായരായ രോഗികളെക്കുറിച്ച് ചിന്തിച്ചും പ്രവർത്തിച്ചും കഴിഞ്ഞൊരു മനുഷ്യനായിരുന്നു നായനാർ. അദ്ദേഹം നേതൃത്വം നല്കി പരിപോഷിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നിൽ ഹിമാലയസാനുക്കളിൽ പുല്ലുപറിക്കുന്നവനെപ്പോലെയെങ്കിലും കയറിപ്പറ്റാൻ കഴിഞ്ഞ എന്റെ ജീവിതം എത്ര ധന്യം.
ഗോപാലപുരത്തുള്ള പ്രവർത്തകരും കോളറയ്ക്കെതിരായുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിരുന്നു. ‘കോളറ’യെന്നു കേട്ടാൽ ഞെട്ടിവിറച്ചിരുന്നവർ ഔഷധപ്പൊതികളുമായി വീടുവീടാന്തരം കയറിയിറങ്ങുന്നു. ആർക്കും ഭയമില്ല, അറപ്പില്ല. വൃത്തികേടിലൂടെ രോഗം പകരുമെന്നറിഞ്ഞുകൂടാത്ത പാവപ്പെട്ടവരുടെ പരിസരങ്ങൾ വെടുപ്പാക്കാൻപോലും അവർ സന്നദ്ധരായിരുന്നു. അവനവനെപ്പറ്റി ധാരാളം ചിന്തിക്കുകയും മറ്റുള്ളവരെ കേവലം അവഗണിക്കുകയും ചെയ്യുന്നവർക്കാണ് പ്രശ്നങ്ങളേറെ. അവർക്കാണു് അറപ്പും ഭയവും കൂടുതൽ. സേവനൗത്സുക്യമുള്ളവരിൽ അറപ്പും വെറുപ്പം ഉണ്ടാവില്ല. മരണഭയം കർത്തവ്യ നിർവ്വഹണത്തിൽനിന്നു് അവരെ പിന്തിരിപ്പിക്കില്ല.
കോളറ മരണം മുഖത്തോടുമുഖം കണ്ടൊരു ദിവസം. ഗോപാലപുരത്തുനിന്നു് ഒരു സന്ദേശവുമായി ഞാൻ കോഴിക്കോട്ടു വരുന്നു. വണ്ടിയിറങ്ങി മാനാഞ്ചിറ മൈതാനം മുറിച്ചു കടന്നു പോലീസ് ആപ്പീസ് വലംവെച്ച് നേരെ കിഴക്കോട്ടു നടക്കുന്നു. എനിക്കെത്തിച്ചേരേണ്ടതു പൂതേരി ബിൽഡിങ്ങിലാണ്. അവിടെയൊരു മുറിയിൽ ശ്രീ ശങ്കുണ്ണി നമ്പ്യാരുണ്ടാവും. അദ്ദേഹം ഹരിജൻ സേവാസംഘത്തിന്റെ സെക്രട്ടറിയാണ്. പ്രശസ്തമായ നിലയിൽ ബിരുദമെടുത്തു് നേരെ ജനസേവനത്തിനിറങ്ങിയ വലിയ മനുഷ്യൻ. കണ്ടാൽ വെളുത്തു മെലിഞ്ഞു ശുഭ്രമായ ഖദർ വസ്ത്രമണിഞ്ഞ് വിനയപൂർവ്വമുള്ള പെരുമാറ്റത്തിലൂടെ മറ്റുള്ളവരെ തന്നിലേക്കാകർഷിച്ചടുപ്പിക്കുന്ന മനുഷ്യൻ. പുതിയറ വാട്ടർ ടാങ്കിന്നടുത്തു് ഒരു കൊച്ചുവീട്ടിൽ താമസിക്കുന്നു. പൂതേരി ബിൽഡിങ്ങിലാണു് ഹരിജൻ സേവാ സംഘം ആപ്പീസ്. എപ്പോഴും ആപ്പീസിൽ കാണും. ആപ്പീസിലില്ലാത്തപ്പോൾ ഖദറിന്റെ ഒരു ചെറിയ ബാഗും തൂക്കിപ്പിടിച്ചു നടക്കുകയാവും. ഹരിജൻ സേവാസംഘത്തിനു പ്രതിമാസം സംഭാവന നല്കുന്നവരുണ്ടു്. അതെല്ലാം നടന്നു പിരിപ്പിക്കണം. ആപ്പീസിലെ ക്ലാർക്കും മാനേജരും ശിപായിയുമെല്ലാം ശങ്കുണ്ണിനമ്പ്യാരാണു്. നോക്കണം, ഉന്നതബിരുദമെടുത്ത മനുഷ്യൻ! അനായാസമായി ഗവണ്മെന്റ് ജോലിയിൽ കയറാം. വല്ല ഡെപ്യൂട്ടി കലക്ടറോ അതുപോലുള്ള മറ്റു വല്ല ജോലിയിലോ കയറിപ്പറ്റി സുഖിക്കാം. അതൊക്കെ വേണ്ടെന്നുവെച്ച് ഹരിജനസേവനത്തിന്നിറങ്ങിയ ശങ്കുണ്ണിനമ്പ്യാരെ കാണുന്നതു് അദ്ദേഹത്തിന്റെ സ്നേഹം നിറഞ്ഞ, പ്രകാശം തൂവുന്ന ചിരി കണ്ടുകൊണ്ട് മുന്നിലിരിക്കുന്നതു് വലിയൊരനുഭവമാണ്. പോലീസാപ്പീസ് വലം വെച്ച് ധൃതിയിൽ നടക്കുന്ന ഞാൻ ഒരു സത്യം മനസ്സിലാക്കുന്നത് അപ്പോഴാണു്. കടകളൊന്നും തുറന്നിട്ടില്ല. അത്യാവശ്യം മനുഷ്യർ വലിച്ചോടുന്ന റിക്ഷകൾ ഇടയ്ക്കൊക്കെ പോകാറുള്ള വഴിയാണു്. ഇന്നു് അതും കാണുന്നില്ല. വഴിപോക്കരുമില്ല. എന്തു പറ്റിയെന്നാലോചിച്ചു നടന്നു പൂതേരി ബിൽഡിങ്ങിനടുത്തെത്തിയപ്പോൾ സംഗതി പിടികിട്ടി. അവിടെ വരാന്തയിലൊരു മൃതദേഹം. കോളറകൊണ്ടു മരിച്ചതാണ്. മറവുചെയ്യാനാരുമെത്തീട്ടില്ല. ഒരു ചെറിയ ഉൾക്കിടിലമുണ്ടായി. ധൃതിയിൽ കോണിപ്പടവുകൾ കയറി ഹരിജൻ സേവക് സംഘം ആപ്പീസിലെത്തിയപ്പോൾ ശങ്കുണ്ണിനമ്പ്യാരവിടെയുണ്ട്. ഉണ്ടാവുമെന്നു വിചാരിച്ചതല്ല. അദ്ദേഹം ശവസംസ്കാരത്തിനു് ഏപ്പാടുചെയ്യുന്ന ധൃതിയിലായിരുന്നു!… അദ്ദേഹത്തിന്റെ ചിരിക്കു മുന്നിൽ ഹൃദയമൊരു കൂപ്പുകൈയായി മാറുന്നതായി എനിക്കു തോന്നി.