images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
അനാഥശിശുക്കളുടെ ലോകം

അതൊരു യുദ്ധമായിരുന്നു. പട്ടാളക്കാരില്ലാത്ത, വെടിയുണ്ടകളില്ലാത്ത യുദ്ധം. വഴിനീളെ മരണം ചൊരിഞ്ഞു കൊണ്ടു മുന്നേറിയ യുദ്ധം: ‘കോളറ’. കണ്ണീരിന്റെ കഥകളുമായി എന്നും നായനാരുടെ ആപ്പീസിൽ ജനങ്ങളെത്തുന്നു. എങ്ങും അനാഥശിശുക്കൾ. അവർക്കഭയകേന്ദ്രം വേണം; ഭക്ഷണവും വസ്ത്രവും വേണം; തലചായ്ക്കാനിടം വേണം… മക്കളെപ്പോലെ സ്നേഹിക്കാൻ കഴിവുള്ള ആളുകൾ വേണം. ഇതെല്ലാം കൊടുക്കാൻ കഴിയുന്ന ഒരേയൊരാൾ നായനാരാണെന്നു ജനം വിശ്വസിക്കുന്നു.

ക്ഷമയോടെ അപേക്ഷകളും നിവേദനങ്ങളും കേട്ടു പല ഭാഗങ്ങളിലേക്കും പ്രവർത്തകരെ അയയ്ക്കുന്നു. കൂട്ടത്തിൽ എന്നേയും. എനിക്കു നിർദ്ദേശിച്ചുതന്ന സ്ഥലം ‘ഫറൂക്കാ’ണു്. അവിടെ പല സ്ഥലത്തായി അനാഥശിശുക്കളുണ്ട്. അവരെ കണ്ടെത്തണം. സ്ഥലത്തെ നല്ലവരായ ജനങ്ങളുടെ സഹായസഹകരണങ്ങളോടെ കേന്ദ്രം ആരംഭിക്കണം.

ഞാനല്പം പരിഭ്രമത്തോടെയാണു സ്ഥലത്തെത്തിയതു്. പരിചയക്കാരെന്നു പറയാൻ ആരുമില്ല. ചില പേരുകൾ ഞാൻ അന്വേഷിച്ചു മനസ്സിലാക്കിയിരുന്നു. സന്മനസ്സുള്ളവരാണു്; സഹായിക്കാൻ മടിക്കാത്തവരാണ്. സേവന പാരമ്പര്യമുള്ളവരാണ്. ആദ്യമായി അവരിൽ ചിലരെ കണ്ടെത്തി. ഡോക്ടർ പി. കെ. രാമൻ! ഡിസ്പെൻസറിയുടെ പടിക്കലെത്തിയപ്പോൾ മനസ്സു പറഞ്ഞു: ‘വേണ്ടാ. തിരക്കുള്ള ഡോക്ടറായിരിക്കും. വല്ലതും മുഴുവനായി പറയാൻ പോലും സമയം കിട്ടിയെന്നുവരില്ല. കാണാതെ മടങ്ങുന്നതാണു ഭംഗി.’

മനസ്സിന്റെ കല്പന കേട്ടു മടങ്ങിയാൽ ഞാനല്ല, നായനാരുടെ പ്രസ്ഥാനമാണു പരാജയപ്പെടുന്നതു്. അതു വയ്യ. രണ്ടും കല്പിച്ചു് അകത്തു കയറി. കാല്പെരുമാറ്റം കേട്ടു ഡോക്ടർ മുഖമുയത്തി ചിരിച്ചു. ആളാരെന്നനേഷിച്ചറിയാൻ പോലും സമയമെടുക്കാതെ സ്നേഹനിർഭരമായ ഒരു പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്തു. എന്നോടിരിക്കാൻ പറഞ്ഞു. ആശ്വാസമായി. ഞാനാരെന്നും എന്തിനാണു ഡോക്ടറെ കാണാൻ ചെന്നതെന്നും പറഞ്ഞു കേട്ടപ്പോൾ അദ്ദേഹം കൂടുതൽ സന്തുഷ്ടനായി. കമ്പോണ്ടറെ വിളിച്ചു. തടിച്ചു കുറുതായൊരു ചെറുപ്പക്കാരൻ. ഡോക്ടറും കമ്പോണ്ടറും ദേശീയപ്രസ്ഥാനത്തോടു് ഒട്ടിച്ചേർന്നു പ്രവർത്തിക്കുന്നവരാണ്. കമ്പോണ്ടറെ കണ്ടപ്പോൾ ഡോക്ടർ പറയുന്നു:

“കുട്ടാ ഇതാരെന്നു മനസ്സിലായോ? ആരെങ്കിലും വരാതിരിക്കില്ലെന്നു ഞാൻ പറഞ്ഞില്ലേ? ഇനി അനാഥമന്ദിരത്തിനൊരു കെട്ടിടം കണ്ടെത്തണം.”

“പൂതേരിക്കാരുടെ ഒരു വീടു സൗജന്യമായി തന്നിരിക്കുന്നു.”

“ഉവ്വോ, നന്നായി.” ഡോക്ടർ ഉത്സാഹഭരിതനായി.

“ഇനി എന്തൊക്കെ ആവശ്യമുണ്ടോ അതൊക്കെ അപ്പപ്പോൾ പറഞ്ഞോളണം. എല്ലാം നമുക്കു ശരിപ്പെടുത്താം. ഒഴിവുസമയം മുഴുവനും ഇനി കുട്ടൻ നിങ്ങളോടൊപ്പമുണ്ടാവും.”

ഒരു വലിയ ഭാരമിറക്കിവെച്ചവനെപ്പോലെ ഞാൻ ആശ്വാസം കൊണ്ടു.

വിശ്രമമില്ലാത്ത പ്രവത്തനമായിരുന്നു പിന്നീടു്. എല്ലാറ്റിനും കമ്പോണ്ടർ മുമ്പിലുണ്ടു്. അന്നു തന്നെ വേറേയും ചിലരെ കണ്ടു. ചെറിയൊരു കച്ചവടവും കമ്മ്യൂണിസ്റ്റ് പ്രവർത്തനവുമായി കഴിയുന്ന ‘തുമ്പേട്ടൻ’. എല്ലാ സഹായങ്ങളും തുമ്പേട്ടൻ നായനാരുടെ പ്രസ്ഥാനത്തിനു് അടിയറ വെക്കുന്നു. പൊതുകാര്യപ്രസക്തനും വ്യവസായിയും കേരളാ ടെൽവർക്സിന്റെ ഉടമയുമായ ശ്രീ കുട്ടനേയും അന്നുതന്നെ കണ്ടു. നിർലോഭമായ സഹായം നല്കാമെന്ന് ആദ്യവാക്കിൽത്തന്നെ അദ്ദേഹം സമ്മതിക്കുന്നു. എന്തൊരു പ്രോത്സാഹനം! മറുത്തൊരു വാക്കാരും പറഞ്ഞില്ല. മുഷിപ്പു തോന്നിക്കുന്ന പെരുമാറ്റം എവിടെയും ഉണ്ടായില്ല.

കമ്പോണ്ടറും ഞാനും പിന്നീട് അനാഥശിശുക്കളേയും അന്വേഷിച്ചിറങ്ങി. പറഞ്ഞു കേട്ടതിലേറെ ദയനീയമായിരുന്നു ഞങ്ങൾക്കനുഭവപ്പെട്ട കാര്യങ്ങൾ.

ഫറൂക്ക് റെയിൽവേ സ്റ്റേഷനിൽനിന്നു തീവണ്ടിപ്പാളത്തിലൂടെ തെല്ലിട തെക്കോട്ടു നടന്നു്, ഔട്ടർ സിഗ്നലിനടുത്തു ചെന്നു പാടത്തിറങ്ങുക. പിന്നീടു പടിഞ്ഞാട്ടു കുറേ പോയാൽ മന്ദിരത്തിനുവേണ്ടി അനുവദിച്ചുകിട്ടിയ വീട്ടിലെത്തും. വിശാലമായ പുരയിടമാണു്. ധാരാളം തെങ്ങുണ്ടു്. ഉണങ്ങിയ മടലും മട്ടലും യഥേഷ്ടം വീണുകിടക്കുകയാണു്. വിറകിനൊട്ടും ക്ഷാമമില്ല. വീടും മോശമല്ല. അവിടെ ആദ്യം ഇരുപത്തി അഞ്ചു കുട്ടികളെ വെച്ചുകൊണ്ടു പ്രവർത്തനമാരംഭിച്ചു. ഭക്ഷണം പാകം ചെയ്യാനും വെള്ളം നിറയ്ക്കാനും മറ്റുമുള്ള പാത്രങ്ങൾ മിക്കവാറും ഉദാരമനസ്കരായ ജനങ്ങളിൽനിന്നു സംഭാവനയായി കിട്ടി. അരിവെപ്പിനും വീടും പരിസരവും വൃത്തിയാക്കാനുമൊക്കെ അതതിനു പറ്റിയ ആളുകളെ നിയമിച്ചു. കുട്ടികളിൽ പലർക്കും പലവിധ രോഗങ്ങളുമുണ്ടായിരുന്നു. മിക്കവരും ക്ഷീണിതരായിരുന്നു. രോഗികളുടെയും ക്ഷീണിതരുടെയും കാര്യത്തിൽ ഉൽക്കണ്ഠപ്പെടേണ്ടിവന്നില്ല. അവരുടെ ശുശ്രൂഷയും ചികിത്സയും ഡോക്ടർ പി. കെ. രാമനും അദ്ദേഹത്തിന്റെ കമ്പോണ്ടറും ഏറ്റെടുത്തു. കൃത്യമായ വൈദ്യ പരിശോധന, വേണ്ടത്ര ഔഷധങ്ങൾ. ഒന്നിനും ക്ഷാമമില്ല. കുട്ടികളെ വളർത്തുന്ന കാര്യത്തിൽ എന്തു വേണമെങ്കിലും ചെലവാക്കാം, ഒട്ടും പിശുക്കരുതെന്നാണു് നായനാരുടെ നിർദ്ദേശം.

എന്നും വൈകീട്ട് അന്വേഷണമാണ്. ചളിപ്പാടങ്ങളിലെ കൂരകളിലും റയിലോരത്തെ കുടിലുകളിലും ഞങ്ങളന്വേഷിച്ചു ചെല്ലും. കമ്പോണ്ടർക്കു് എല്ലാ സ്ഥലങ്ങളുമറിയാം. വഴിയന്വേഷിച്ചു വിഷമിക്കേണ്ട കാര്യമില്ല. അങ്ങനെ നടക്കുന്നതിനിയിൽ യാദൃച്ഛികമായി ഞങ്ങളെ അമ്പരപ്പിച്ചുകളഞ്ഞ ഒരു സംഭവമുണ്ടായി. ഫറൂക്കു ടൗണിൽത്തന്നെ.

ഞാനും കമ്പോണ്ടറും കൂടി നടക്കുമ്പോൾ ഒരു പീടികയുടെ ചരിവിൽ, ഭിത്തിയും ചാരി രണ്ടു കുഞ്ഞുങ്ങളിരിക്കുന്നു. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. ഞങ്ങൾ അടുത്തു ചെന്നു അവരെ സൂക്ഷിച്ചുനോക്കി. അവർക്കൊരു വികാരവുമില്ല. അല്പനേരമങ്ങനെ സൂക്ഷിച്ചുനോക്കിയ ശേഷം ആൺകുട്ടിയോടു ഞാൻ ചോദിച്ചു:

“എന്താ നിന്റെ പേര്?”

“ബീരാൻ.” ഒട്ടും സങ്കോചമില്ലാത്ത മറുപടി.

“ഇവളാരാ?” പെൺകുട്ടിയെച്ചൂണ്ടി ഞാൻ ചോദിച്ചു. മണ്ണും പൊടിയും നിറഞ്ഞ കുപ്പായത്തിനടിയിൽ കൈതിരുകി അവൾ ചൊറിയുകയാണ്. കേട്ട ഭാവമില്ല. പക്ഷേ, ബീരാൻ ഉത്തരം പറയുന്നു:

“അനിയത്തി.”

“പേര്”

“ബീവാത്തു.”

ബീരാൻ പറയുന്നതൊന്നും അവൾ ശ്രദ്ധിക്കുന്നില്ല. കഴുത്തിലും മാറിലും തലയിലും നിർത്താതെ ചൊറിയുകയാണവൾ.

“വീടെവിടെയാ?” എന്റെ അടുത്ത ചോദ്യം.

“വീടില്ലാ.” ബീരാന്റെ മറുപടി.

“അപ്പോൾ, താമസം?”

“ഇബിടെ.”

ഇരിക്കുന്ന നിലം തൊട്ടുകാണിച്ചു ബീരാൻ പറയുന്നു. ഞാനറിയാതെ ഞെട്ടി. മഴയിൽനിന്നോ വെയിലിൽനിന്നോ രക്ഷനേടാൻ പറ്റിയ സ്ഥലമല്ലതു്. അവിടം രണ്ടു കൊച്ചുകുട്ടികൾ വീടാക്കിയിരിക്കുന്നു. ആ സ്ഥലത്തിന്റെ കിടപ്പും കുട്ടികളുടെ ഇരിപ്പും അല്പനേരം നിശ്ശബ്ദനായി നോക്കിനിന്നു ഞാൻ അടുത്ത ചോദ്യത്തിലേക്കു കടന്നു:

“ഉമ്മയും ബാപ്പയുമെവിടെ?”

“ഉമ്മാന ഉപ്പ കൊന്നു. ഉപ്പാനെ പോലീസ് തൂക്കി.”

ബീരാന്റെ മറുപടി. വികാരലേശമില്ലാത്ത മറുപടി. അതു പരമാവധിയായിരുന്നു. ഞാനും കമ്പോണ്ടറും പരസ്പരം നോക്കി. അടുത്ത നടപടി എന്താവണമെന്നു് ഞങ്ങളാലോചിക്കുകയായിരുന്നു. എന്റെ കാര്യത്തിൽ സംശയത്തിനിടമില്ല. മനുഷ്യസ്നേഹപരമാണു് നായനാരുടെ പ്രവർത്തനം. അവിടെ നിയമത്തിന്റെ നൂലാമാലയിൽ കുടുങ്ങി ഒന്നും തടസ്സപ്പെടാൻ പാടില്ല. ‘ബോണഫൈഡ് ഓർഫ’നെന്നു താസിൽദാരുടെ സർട്ടിഫിക്കറ്റില്ലെങ്കിൽ കുട്ടികൾക്കു അലവൻസ് കിട്ടില്ല. അതുകൊണ്ടു് അങ്ങനെയുള്ള കുട്ടികളെ മാത്രമേ, ഓർഫനേജിൽ ചേർക്കാൻ പാടുള്ളൂ എന്നാണ് അധികൃതരുടെ നിർദ്ദേശം. പക്ഷേ, അച്ഛനുമമ്മയും ജീവിച്ചിരിക്കുമ്പോൾ പട്ടിണികിടക്കാൻ വിധിക്കപ്പെട്ട എത്രയോ കുട്ടികളന്നുണ്ടായിരുന്നു. നല്ല ഭക്ഷണവും വസ്ത്രവും തേടി അതുപോലുള്ള കുട്ടികളേയും കൊണ്ടു രക്ഷാകർത്താക്കൾതന്നെ പലപ്പോഴും അദ്ദേഹത്തെ സമീപിക്കാറുണ്ട്. അങ്ങനെയുള്ളവർക്കാർക്കും തന്നെ നിരാശരായി തിരിച്ചു പോകണ്ടിവന്നിട്ടില്ല. “ആർക്കാണു വിശപ്പ്, അവർക്കാണു ഭക്ഷണം കൊടുക്കേണ്ടതു്. ആർക്കാണു രോഗം അവർക്കാണു ചികിത്സ. നമ്മുടെ പ്രസ്ഥാനം നിയമം നടപ്പാക്കാനല്ല, അനാഥരെ സംരക്ഷിക്കാനാണു്.” നായനാരുടെ ഈ നിർദ്ദേശമുള്ളപ്പോൾ ഞാനെന്തിനു ശങ്കിച്ചുനില്ക്കണം? കമ്പോണ്ടറോടു ഞാൻ പറഞ്ഞു:

“നമുക്കിവരെ കൊണ്ടുപോകാം; വളർത്താം.”

കമ്പോണ്ടർക്കു് സമ്മതം. പക്ഷേ, കുട്ടികൾ വന്നില്ലെങ്കിലോ എന്നു കമ്പോണ്ടർ സംശയിക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ തെരുവിൽ കഴിയുന്നവർ നമ്മുടെ വരുതിയിൽ നില്ക്കാനിഷ്ടപ്പെടുമോ? കമ്പോണ്ടറുടെ ആശങ്ക അടിസ്ഥാനരഹിതമല്ല. എങ്കിലും ചോദിച്ചു നോക്കാമെന്നു ഞാൻ തീരുമാനിച്ചു.

“ബീരാൻ, എന്റെ കൂടെ വരാമോ? ബീവാത്തുവിനെയും വിളിക്കു്. നിങ്ങൾക്കു നല്ല വീടു തരാം. ഭക്ഷണം തരാം. പുതിയ വസ്ത്രങ്ങൾ തരാം. നിങ്ങളെ ആരും ദ്രോഹിക്കില്ല. എന്താ സമ്മതമാണോ? ഏ.”

ആങ്ങളയും പെങ്ങളും പരസ്പരം നോക്കുന്നു. പിന്നെ ഞങ്ങളെ നോക്കുന്നു. വീണ്ടും പരസ്പരം നോക്കുന്നു. അവരൊരു തീരുമാനമെടുക്കാൻ വിഷമിക്കുകയാണു്.

നിമിഷങ്ങൾ വളരെ പതുക്കെയാണു നീങ്ങുന്നതു്. ബീരാന്റെ മുഖത്തു ഗൗരവം, കണ്ണുകളിൽ തിളക്കം. അവൻ എഴുന്നേറ്റു. അനിയത്തിയുടെ കൈക്കു പിടിച്ചു കല്പിച്ചു:

“ബാടീ.”

ഇപ്പോൾ ബീരാനും ബീവാത്തുവും മന്ദിരത്തിലെ അന്തേവാസികളാണു്. ബീവാത്തുവിന്റെ തല മുഴുവനും ചൊറിപിടിച്ച് പഴുത്തിരുന്നു. തലമുടി ജടപിടിച്ചിരുന്നു. ശരീരം മുഴുക്കെ അഴുക്കായിരുന്നു. അന്നു വൈകീട്ടു് കമ്പോണ്ടർ ഏതാനും ഔഷധങ്ങളും ഒരു കത്രികയുമായി വന്നു. ബീവാത്തുവിന്റെ തലമുടി പറ്റെ വെട്ടി. മരുന്നു പുരട്ടി. ഞങ്ങൾ രണ്ടുപേരും കൂടി അവളെ കുളിപ്പിച്ചു. അവൾക്കുവേണ്ടി തയ്ച്ചുകൊണ്ടുവന്ന പൂക്കളുള്ള പാവാടയും ജമ്പറും ധരിപ്പിച്ചു. പാവം. എന്തൊരോമനത്തമുള്ള കുട്ടി. ഇതെഴുതുമ്പോൾ എന്റെ മനസ്സ് അവരെ അന്വേഷിക്കുകയാണ്. അവരിന്നുണ്ടോ? ഉണ്ടെങ്കിൽ എവിടെ എങ്ങനെ ജീവിക്കുന്നു? യാദൃച്ഛികമായി നിരത്തോരത്തുവെച്ചു കണ്ടുമുട്ടിയ എന്നെ അവരിന്നോർക്കുന്നുണ്ടാവുമോ?

ഒരു മാസം ഞാൻ അവരോടൊപ്പം അവിടെ അനാഥമന്ദിരത്തിൽ കഴിഞ്ഞു. അപ്പോൾ നായനാരുടെ നിർദ്ദേശം വരുന്നു. മന്ദിരത്തിന്റെ നടത്തിപ്പിനുവേണ്ടി പുതിയൊരു വാർഡനെ നിയമിച്ചിരിക്കുന്നു. ഞാൻ താമസിയാതെ കോഴിക്കോട്ടുള്ള ആപ്പീസിലെത്തണം. കുട്ടികളെ പിരിഞ്ഞു പോകാൻ എനിക്കു വിഷമമുണ്ടായിരുന്നു. പല ജാതിയിൽനിന്നു്, മതത്തിൽനിന്നു്, ചുറ്റുപാടിൽനിന്നു്, പാരമ്പര്യത്തിൽ നിന്നു് വന്ന കുട്ടികൾ. കളങ്കമേശാത്ത മനസ്സിന്റെ ഉടമകൾ. സ്നേഹിക്കാനല്ലാതെ മറ്റൊന്നും അറിയാത്തവർ. അന്യചിന്തകളില്ലാത്തവർ. സ്വാർത്ഥക്കറപുരളാത്തവർ. എവിടെയായാലും അവർ എന്റെ കുട്ടികളായിരിക്കുമെന്ന വിചാരത്തോടെയാണു് ഞാനവരോടു വിട ചോദിച്ചത്. ഡോക്ടർ പി. കെ. രാമന്റെയും കുട്ടൻ കമ്പോണ്ടറുടെയും തുമ്പേട്ടന്റെയും സംരക്ഷണത്തിലാണു് ഞാനവരെ വിട്ടേച്ചു പോരുന്നതെന്ന വിചാരം എനിക്കു പരമമായ ആശ്വാസം നൽകിയിരുന്നു. ആപ്പീസിൽ എത്തിയപ്പോഴാണു സംഗതിയുടെ കിടപ്പു ഞാൻ മനസ്സിലാക്കുന്നതു്. അതുവരെ ആപ്പീസ് അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന കുഞ്ഞിരാമൻ മാസ്റ്റർ അസുഖം ബാധിച്ച് അവധിയിൽ പോയിരിക്കുന്നു. ആ കസേരയിൽ ഞാനിരിക്കണം. നായനാരുടെ നിർദ്ദേശമാണു്. ഇഷ്ടമായാലും അനിഷ്ടമായാലും അതു സ്വീകരിച്ചേ പറ്റൂ. അങ്ങനെ ഞാനാ കസേരയിൽ കയറിയിരുന്നു. ആ മുഹൂർത്തം അദ്ധ്യാപക ജീവിതത്തോടു് എന്നെന്നേക്കുമായി വിട പറയാനുള്ള കളമൊരുക്കുകയാണെന്നു് അപ്പോൾ എനിക്കറിഞ്ഞുകൂടായിരുന്നു.

പുതിയ ജോലി ഏറെക്കുറെ കണക്കെഴുത്താണു്, ഓർഫനേജുകളിൽനിന്നു മാസാരംഭത്തിൽ ചെലവുകളുടെ വൗച്ചറും സ്റ്റേറ്റ്മെന്റുമായി വാർഡന്മാർ വരും. അതൊക്കെ ഒത്തുനോക്കുക. കണക്കുപുസ്തകത്തിൽ ചേർക്കുക. പിശകുണ്ടെങ്കിൽ അതു ചൂണ്ടിക്കാണിക്കുക. കണക്കിൽ കാണിച്ച സംഖ്യ കൊടുക്കാൻ വിരോധമില്ലെന്നു കുറിപ്പെഴുതുക. ഇൻസ്പെക്ടറുടെ മേശപ്പുറത്തെത്തിക്കുക. ഇൻസ്പെക്ടർ അതു പരിശോധിച്ചു് നായനാർക്കെത്തിക്കും. പിന്നെ, ഓർഫനേജുകളിൽ നിന്നു രോഗബാധിതരായി ആശുപത്രിയിലത്തുന്ന കുട്ടികളെ രണ്ടുനേരവും സന്ദർശിച്ചു് അവരുടെ സുഖവിവരമന്വേഷിക്കുക. നായനാരുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥാപനങ്ങളിൽ നിന്നെത്തിച്ചേരുന്നവരെ യഥായോഗ്യം സ്വീകരിക്കുക. അവരുടെ ആവശ്യങ്ങൾ അന്വേഷിച്ചറിയുക. അതു നായനാരുടെ ശ്രദ്ധയിൽപ്പെടുത്തുക. അതും എന്റെ ചുമതലയിലായിരുന്നു. അങ്ങനെ തിക്കോടിയിൽ ജനിച്ചുവളർന്ന ഞാൻ തികച്ചുമൊരു കോഴിക്കോട്ടുകാരനായിത്തീരാനുള്ള വിധിയുടെ നിർദ്ദേശത്തിന്റെ ആദ്യപടവിൽ ഇപ്പോൾ കയറിനില്ക്കുകയാണു്.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.