കോഴിക്കോടുനഗരത്തിൽ ഹജൂർറോഡും കോർട്ട് റോഡും സന്ധിക്കുന്ന സ്ഥലം. പണ്ടു് മങ്ങാട്ടച്ചൻ ജീവത്യാഗത്തിലൂടെ മഹാലക്ഷ്മിയുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തിയതു് അവിടെയാണെന്നു് ഐതിഹ്യം. എന്നും എപ്പോഴും അവിടെ ലക്ഷ്മീവിളയാട്ടമുണ്ടെന്നും ജനം കരുതിപ്പോന്നു.
പ്രസിദ്ധമായ ഡട്ട് ആന്റ് കമ്പനി ഒരുകാലത്തവിടെയായിരുന്നു. ഈ കാലമാവുമ്പോഴേക്കു് കമ്പനിയുടെ സ്ഥാനത്ത് ഒരു വസ്ത്രവ്യാപാരകേന്ദ്രമാണ്. അതിന്റെ മുകൾത്തട്ടിലായിരുന്നു ഭാരത സേവാസംഘത്തിന്റെ ആപ്പീസ്, ആപ്പീസിൽ മൂന്നുപേർ: ശ്രീ നായനാരും എൻ. പി. ദാമോദരനും ഞാനും. നായനാർ താമസം താനൂരാണു്. ഏറെ തിരക്കുള്ള അദ്ദേഹം ആപ്പീസ് കാര്യങ്ങളിൽ ഇടപഴകാൻ സമയം കണ്ടെത്തിയതു് വളരെ ക്ലേശിച്ചായിരുന്നു. പല സ്ഥലങ്ങളിലായി ഓടിനടക്കുന്നതിനിടയിൽ ആപ്പീസിൽ കയറിവരും. വന്നാൽ തുടർച്ചയായി മൂന്നോ നാലോ ദിവസം ജോലിയിൽ മുഴുകിയിരിക്കും. അപ്പോൾ ഉണ്ണാനും കാപ്പി കഴിക്കാനുമൊക്കെ മറന്നെന്നുവരും. രാത്രി വൈകുവോളം ജോലിചെയ്തു തളരുമ്പോൾ മേശപ്പുറത്തു കയറിക്കിടന്ന് ഒന്നു മയങ്ങും. അത്രതന്നെ. സുഖവിശ്രമത്തിനുള്ള സംവിധാനങ്ങളൊന്നുമില്ല. അതിലൊട്ടു ശ്രദ്ധയുമില്ല. എൻ. പി. ദാമോദരൻ ഓർഫനേജുകളുടെ ഇൻസ്പെക്ടറാണു്. അതുകൊണ്ട് എന്നും സർക്കീട്ടിലായിരിക്കും. പിന്നെയുള്ളത് ഞാനാണല്ലോ. നൈറ്റ് വാച്ച്മാനായും ആപ്പീസ് മാനേജരായും ക്ലാർക്കായും പ്യൂണായും മാറിമാറി വേഷമിടേണ്ട ചുമതലയായിരുന്നു എനിക്കു്.
നായനാർ ആപ്പീസിലുള്ള സമയത്തൊക്കെ വലിയ തിരക്കായിരിക്കും. രാഷ്ട്രീയപ്രവർത്തകരും സാഹിത്യകാരന്മാരും സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരും പത്രപ്രവത്തകരും അവശരും ആലംബഹീനരും തൊഴിലില്ലാത്തവരുമായി പല തരക്കാർ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കും. എല്ലാവരോടും ഒരേനിലയിലുള്ള പെരുമാറ്റം. ആവശ്യക്കാരാരായാലും വൃഥാ വാചകമടിച്ചു് ദ്രോഹിക്കില്ല. ചുരുങ്ങിയ വാക്കുകളിലൂടെ കാര്യം മനസ്സിലാക്കും. തൊഴിലില്ലാത്തവരാണെങ്കിൽ എവിടെയെങ്കിലും ഒഴിവുണ്ടന്നവർ പറയുന്നപക്ഷം, ഉടനെ ടൈപ്പ്റൈറ്റർ വലിച്ചടുപ്പിച്ച് സ്ഥാപനത്തിന്റെ മേധാവിക്കൊരു കത്തു് ടൈപ്പുചെയ്തു കൊടുക്കും. മേധാവി പരിചിതനോ അപരിചിതനോ എന്ന നോട്ടമില്ല.
ഒരു ചെറിയ സംഭവം. എന്റെ നാട്ടിൻപുറത്തു നിന്നും പാവപ്പെട്ട ഒരു രോഗി സഹായം തേടി എത്തുന്നു. എനിക്കെന്തു ചെയ്യാൻ കഴിയും? ഞാൻ നായനാരെ സമീപിച്ച് വിവരം ധരിപ്പിക്കുന്നു. ഉടനെ രോഗിയുടെ പേരുവിവരം ചോദിച്ചറിയുന്നു. ജില്ലാ മെഡിക്കൽ ആപ്പീസർക്കു് ഒരു കത്തു് ടൈപ്പുചെയ്തു തരുന്നു. കത്തിന്റെ ചുരുക്കമിതാണ്: രോഗി നിരാധാരനാണ്. രോഗം അർബുദമാണു്. മദിരാശി അയച്ചു വിദഗ്ദ്ധചികിത്സയ്ക്കുള്ള സൗകര്യമുണ്ടാക്കണം. കത്തുംകൊണ്ടു രോഗിയോടൊപ്പം ഞാനും ആസ്പത്രിയിലേക്കു ചെന്നു. മെഡിക്കൽ ആപ്പീസർ ഓപ്പറേഷൻ തിയേറ്ററിലുണ്ടു്. ഞങ്ങൾ കാത്തിരുന്നു. ഉച്ചതിരിഞ്ഞാണു് ഡോക്ടർ വന്നുചേരുന്നതു്. വന്ന ഉടനെ മേശപ്പുറത്തുള്ള കത്തുകളും അപേക്ഷകളും ഒന്നൊന്നായി പരിശോധിച്ചു് പേരുകൾ വിളിക്കുന്നു. അങ്ങനെ ഞങ്ങളുടെ ഊഴമെത്തുന്നു. പേരു വിളിച്ചപ്പോൾ ഞാനാണു് കടന്നുചെന്നതു്. അദ്ദേഹം അല്പം ക്ഷോഭിച്ചതുപോലെ തോന്നി.
“ആരാണീ നായനാർ? ഡോക്ടറാണോ? രോഗിയെ പരിശോധിച്ചു് രോഗനിർണ്ണയം ചെയ്യേണ്ടതു് ഞാനല്ലേ? ഈ നായനാർക്കിതിലെന്തു കാര്യം?”
കാര്യം പിശകാണെന്നു മനസ്സിലാക്കി ഞാൻ വളരെ താഴ്മയോടെ പറഞ്ഞു:
“സാർ, നായനാർ ഞങ്ങളുടെ രക്ഷിതാവാണു്. അതുകൊണ്ടു അദ്ദേഹത്തെ കണ്ടു കത്തു വാങ്ങിയതാണു്.”
എന്റെ പാരവശ്യം കണ്ടതുകൊണ്ടാവണം ഡോക്ടർ അല്പം തണുത്തു.
“ആരായാലെന്താ? ഈ രോഗിയെ ഇവിടെ കിടത്തി ചികിത്സിക്കാം. മദിരാശിയിലേക്കു് അയയ്ക്കേണ്ട കാര്യം തീരുമാനിക്കേണ്ടതു ഞാനാണു്, നായനാരല്ല. ഇവിടെ കിടത്തി ചികിത്സിക്കുന്നതു സമ്മതമാണോ?”
“ആണേ.” ഞാൻ കരയുംപോലെ പറഞ്ഞു.
അങ്ങനെ രോഗിയെ അഡ്മിറ്റ് ചെയ്തു. ഒരു ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചു. അയാൾ വീട്ടിലേക്കു തിരിച്ചു. പക്ഷേ, ഈ സംഭവത്തെത്തുടർന്നു്, മെഡിക്കൽ ആപ്പീസർ നായനാരുടെ സുഹൃത്തും ആരാധകനുമായിത്തീരുന്നു. നായനാർ, ആരെന്നും അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമെന്തെന്നും പിന്നീടാണു് ഡോക്ടർ മനസ്സിലാക്കുന്നതു്. ഇതുപോലെ വിചിത്രമായ പല സംഭവങ്ങളും അന്നെനിക്കനുഭവപ്പെട്ടിട്ടുണ്ടു്. അതൊക്കെ വിസ്തരിക്കാനിവിടെ ഇടമില്ലല്ലോ.
അന്നു മലബാർ കലക്ടർ മി. ബുഷയർ എന്ന സായ്പായിരുന്നു. അന്നത്തെ സായ്പന്മാർ നാട്ടുകാരെ ശത്രുക്കളായി കരുതിപ്പോന്നു. ബംഗ്ലാവും ഹജൂരാപ്പീസ്സുമല്ലാതെ മറ്റൊരു ലോകം അവർക്കു പരിചിതമായിരുന്നില്ല. മാറിമാറി വരുന്ന കലക്ടർമാർക്കൊക്കെ നായനാർ പരിചിതനായിരുന്നു. ഡിസ്ട്രസ് റിലീഫ് കമ്മറ്റിയുടെ ചെയർമാൻ എപ്പോഴും കലക്ടറായിരിക്കും. സെക്രട്ടറി നായനാരും. അതുകൊണ്ടുള്ള പരിചയം.
ഒരുദിവസം വൈകീട്ട് ആപ്പീസിന്റെ മരക്കോണി ചവുട്ടിത്തകർത്തു കൊണ്ടു് കലക്ടർ കയറിവരുന്നു. സായ്പിനെക്കണ്ടു ഞാനാകെ അമ്പരന്നു. എന്റെ മുമ്പിൽ സായ്പ്; സായ്പിന്റെ മുമ്പിൽ ഞാൻ. മറ്റാരുമില്ല. സായ്പ് ദ്രുതഗതിയിൽ ഇംഗ്ലീഷ് പദങ്ങൾ ചവച്ചു തുപ്പുന്നു. എന്താണു പറയുന്നതെന്നു് ഒരു പിടിയുമില്ല. പകരം പറയാൻ എന്റെ ഈടുവെപ്പിലുള്ള ഇംഗ്ലീഷ് പദങ്ങൾ വളരെ പരിമിതം. അതാവട്ടെ ഞാനുച്ചരിച്ചുകേട്ടാൽ തന്റെ മാതൃഭാഷയാണെന്നു സായ്പിനൊട്ടു മനസ്സിലാവുകയുമില്ല. പിന്നെ ആശയവിനിമയത്തിനു എന്റെ സ്വാധീനത്തിലുള്ളത് കഥകളിപ്രയോഗമാണു്, ഞാനതു പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ സായ്പിനു് എന്നെ അനുകരിക്കണമെന്നു തോന്നി. അങ്ങനെ ഞങ്ങൾ കഥകളിയിലൂടെ അല്പസമയം ആശയവിനിമയം നടത്തി. ഒരു കാര്യം എനിക്കു വ്യക്തമായി, സായ്പ് നായനാരെ തേടി വന്നതാണു്. പക്ഷേ, എന്റെ മറുപടി അശേഷവും സായ്പിനു പിടികിട്ടിയില്ലെന്നു് അദ്ദേഹത്തിന്റെ ധൃതിയിലുള്ള രക്ഷപ്പെടൽ കണ്ടപ്പോഴെനിക്കു തോന്നി.
പിന്നീടാണറിയുന്നതു് സായ്പൊരു മധ്യസ്ഥനായിട്ടു വന്നതാണെന്നു്. അനാഥശാലകളിൽ, വളർത്തുന്ന മുസ്ലിം കുട്ടികളെ തങ്ങൾക്കു് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഒരു മുസ്ലിം സംഘടന നായനാരെ സമീപിച്ചു. അവരുടെ ആവശ്യത്തിനു വഴങ്ങാൻ നായനാർ ഒരുക്കമായിരുന്നില്ല. മുസ്ലിം കുട്ടികളെ വളർത്തുന്ന അനാഥശാലകളിൽ വാർഡനായിട്ടും അരിവെപ്പുകാരായിട്ടുമൊക്കെ മുസ്ലിങ്ങളെത്തന്നെയാണു് നിയമിച്ചിരുന്നതു്. മാത്രമല്ല, മതപഠനത്തിനുള്ള സൗകര്യവും ചെയ്തിരുന്നു. ഇത്രയെല്ലാം ചെയ്തിട്ടും മുസ്ലിം കുട്ടികളെ ഹിന്ദുക്കൾ വളർത്താൻ പാടില്ലെന്നൊരാവശ്യം മുമ്പോട്ടുവെച്ചതു് നായനാരെ കലശലായി വേദനിപ്പിച്ചു. അതുകൊണ്ടു മാത്രം ഇക്കാര്യത്തിൽ അദ്ദേഹം ശാഠ്യം പിടിച്ചു. വഴക്കിലോ സംഘട്ടനങ്ങളിലോ താൽപര്യമുള്ള വ്യക്തിയായിരുന്നില്ല അദ്ദേഹം. വിട്ടുകിട്ടണമെന്നും വിട്ടുതരില്ലെന്നുമുള്ള വാദം ക്രമേണ ഒരു വഴക്കിലെത്തിച്ചേരുമെന്ന ധാരണകൊണ്ടാവണം മി. ബുഷയർ മാധ്യസ്ഥ്യത്തിനൊരുങ്ങിയത്. വിശദാംശത്തിലേക്കു കടക്കുന്നില്ല. ഒടുവിൽ മുസ്ലിം കുട്ടികളെ വിട്ടുകൊടുക്കാമെന്നു നായനാർ മനമില്ലാമനസ്സോടെ സമ്മതിക്കുകയാണു ചെയ്തതു്.
കോളറയുടെ കഴുകൻകൊക്കിൽനിന്നു രക്ഷപ്പെട്ട പാവങ്ങളെ പട്ടിണിയും ക്ഷാമവും ഒത്തൊരുമിച്ചാക്രമിക്കാൻ തുടങ്ങി. ആഹാര വസ്തുക്കൾ എവിടെയും കിട്ടാനില്ല. അരി അല്പവും, അരിയോടൊപ്പം, ആഹരിക്കാൻ പറ്റാത്ത വസ്തുക്കളേറെയും റേഷനായി കിട്ടുന്നു. നിരന്തരമായ പട്ടിണി പലരേയും രോഗഗ്രസ്തരാക്കുന്നു. അഭിശപ്തമായ ഈ കാലഘട്ടത്തെ നേരിടാൻ നായനാർ പുതിയൊരു പ്രസ്ഥാനം ആരംഭിക്കുന്നു. ഉൾനാടൻ ഗ്രാമങ്ങളിൽ അത്യാവശ്യമെന്നു ബോധ്യപ്പെട്ട സ്ഥലങ്ങളിൽ ‘സേർവിന്ത്യാ’ ഡിസ്പെൻസറികൾ സ്ഥാപിച്ചു. ഡിസ്പെൻസറികളിൽ ബിരുദധാരികളായ ആയുർവ്വേദ ഡോക്ടർമാരെ നിയമിച്ചു. വൈദ്യപരിശോധനയും ഔഷധവും സൗജന്യം. പത്തോളം കേന്ദ്രങ്ങളിലങ്ങനെ സൗജന്യവൈദ്യസഹായത്തിന്നു സൗകര്യമുണ്ടാക്കി. അതിലൊരു സ്ഥാപനം മുക്കത്താണു നടത്തിയിരുന്നതു്. അവിടെ ഡോക്ടറായി സേവനമനുഷ്ഠിച്ച കൃഷ്ണൻകുട്ടി വൈദ്യർ കോഴിക്കോട്ടുണ്ടു്. ബാങ്ക് റോഡിൽ കെ. എം. ഫാർമസി എന്ന സ്ഥാപനത്തിൽ അദ്ദേഹം ഇപ്പോഴും ജോലിചെയ്യുന്നു. ‘സാഹിത്യവൈദ്യൻ’ എന്നു കൂടി അദ്ദേഹത്തിനൊരു പേരുണ്ടു്. പില്ക്കാലത്തു് അദ്ദേഹത്തിന്റെ ഫാർമസിയിൽ ഒ. വി. വിജയൻ, ഉറൂബ്, പൊറ്റെക്കാട്ട്, അക്കിത്തം തുടങ്ങിയവർ നിത്യസന്ദർശകരായിരുന്നു. എന്നും വൈകീട്ട് ഫാർമസി സാഹിത്യ ചർച്ചയ്ക്കുള്ള വേദിയായി മാറും.
‘സേർവിന്ത്യാ ഡിസ്പെൻസറി’ സ്ഥാപിക്കാനുള്ള ശ്രമത്തിനു തൊട്ടുമുമ്പേ, ഒരു മെഡിക്കൽ സർവെ നടത്തിയിട്ടുണ്ടായിരുന്നു. ഡോക്ടർ കോട്ട്നിസ്സിനോടൊപ്പം ചൈനയിലേക്കു പോയ മെഡിക്കൽ മിഷ്യനിലെ ഒരംഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു സർവ്വേ നടത്തിയതു്. അദ്ദേഹത്തിന്റെ പേരു് ഞാനോർക്കുന്നില്ല. മെഡിക്കൽ സർവ്വേക്കു നേതൃത്വം കൊടുക്കാൻ കൽക്കത്തയിൽ നിന്നു വന്നുചേർന്ന അദ്ദേഹത്തോടൊപ്പം വേറെയും ഡോക്ടർമാരുണ്ടായിരുന്നു. അവർക്കൊരു വഴികാട്ടിയായി വടക്കെ മലബാറിൽ പലേടത്തും അന്നെനിക്കു സഞ്ചരിക്കേണ്ടിവന്നിട്ടുണ്ടു്.
ഏതെല്ലാം തുറകളിൽ എന്തെല്ലാം പ്രവത്തനങ്ങൾ! എല്ലാം പാവങ്ങൾക്കുവേണ്ടി. നായനാർ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം അന്നു പതിതോദ്ധാരണം എന്ന ലക്ഷ്യംവെച്ചുകൊണ്ടായിരുന്നു. സാമ്പത്തിക പരാധീനതയെ ഭയപ്പെട്ടു് ചെയ്യേണ്ട കാര്യം ഒരിക്കലും ചെയ്യാതിരുന്നിട്ടില്ല. അദ്ദേഹം ആരംഭിക്കുന്ന ഏതു പ്രവർത്തനത്തിലും പിന്തുണനൽകാൻ ഇവിടെ നല്ലവരായ മനുഷ്യരനേകമുണ്ടായിരുന്നു. സേർവിന്ത്യാ ഡിസ്പെൻസറിയുടെ പ്രവർത്തനത്തിലും അനാഥശാലകളിലെ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും വളരെ ശ്രദ്ധാലുവായി അന്നു പ്രവർത്തിച്ച ഒരാളുണ്ടായിരുന്നു: കാളൂർ നീലകണ്ഠൻവെദ്യർ. ഇടയ്ക്കിടെ ആപ്പീസിൽ വന്നു് അദ്ദേഹം നായനാരുമായി ചർച്ചനടത്തും. അതുപോലെ സാമ്പത്തിക കാര്യങ്ങളിലും മറ്റും അദ്ദേഹത്തെ ഉപദേശിക്കാൻ ഒരു ഉത്തമസുഹൃത്തെന്നനിലയിൽ എന്നും വരാറുള്ളതു ജില്ലാ ബാങ്ക് സെക്രട്ടറി ശ്രീ രാമൻകുട്ടിനായരായിരുന്നു. മലബാറിൽ പരസ്പരസഹായ പ്രസ്ഥാനത്തിനു നല്ല തുടക്കമിട്ടതും വിജയത്തിൽനിന്നു വിജയത്തിലേക്കു് ആ പ്രസ്ഥാനത്തെ ഉയർത്തിക്കൊണ്ടു വന്നതും ശ്രീ. രാമൻകുട്ടി നായരായിരുന്നു. നായനാരും രാമൻകുട്ടി നായരും ഒത്തു ചേർന്നു നടത്തുന്ന ദീർഘദീർഘമായ ചർച്ചകൾ എപ്പോഴും ഓർഫനേജ് പ്രസ്ഥാനത്തെയും സേർവിന്ത്യാ ഡിസ്പെൻസറികളേയും കുറിച്ചായിരിക്കും. ഈ ചർച്ചകളിൽ എന്നും മുടങ്ങാതെ പങ്കെടുക്കുന്ന രണ്ടു പേരുണ്ടായിരുന്നു: കുഞ്ഞപ്പേട്ടനും പി. കെ. രാമനും. ഇവരെല്ലാവരും ഒത്തുചേരുന്ന സായാഹ്നങ്ങൾ അതീവ ഹൃദ്യങ്ങളായിരുന്നു. മിതഭാഷിയായ നായനാർ വാചാലനാവുന്നതും ആ ഒത്തുചേരലിൽത്തന്നെ. ചിലപ്പോൾ രാമൻകുട്ടിനായരും പി. കെ. രാമനും വന്നില്ലെന്നു വരും. പക്ഷേ, കുഞ്ഞപ്പേട്ടൻ എത്തും. ആപ്പീസ് പിരിഞ്ഞു പോകുമ്പോൾ നായനാരെ സന്ദർശിക്കും.
ഒരു ചെറിയ നടത്തം. അങ്ങനെയുള്ള ഒരു സന്ദർഭത്തിലുണ്ടായ സംഭാഷണം അതേപടി ഞാനിവിടെ രേഖപ്പെടുത്തട്ടെ. രൈര്വേട്ടൻ എന്നാണ് കുഞ്ഞപ്പേട്ടൻ നായനാരെ വിളിക്കുന്നതു്. സംഭാഷണമിതാ:
“എന്താ രൈര്വേട്ടനു സുഖല്ലേ?”
“സുഖക്കേടൊന്നുമില്ല.”
“പിന്നെ വല്ലാതിരിക്കുന്നല്ലോ. എന്തുപറ്റി?”
“ഇന്നലെ അല്പം നടന്നു.”
“എവിടയ്ക്കു്?”
ചോദ്യം ഈ ഘട്ടത്തിലെത്തിയപ്പോൾ നായനാർ അല്പമൊന്നു ശങ്കിച്ചു മൗനിയായി. കുഞ്ഞപ്പേട്ടൻ വിട്ടില്ല. കുത്തിക്കുത്തി ചോദിച്ചു. മടിച്ചുകൊണ്ടാണെങ്കിലും ഒടുവിൽ നായനാർ സംഗതി വിവരിക്കുന്നു:
”ഇന്നലെ ഏഴു മണിവണ്ടിക്കു താനൂരിൽനിന്നും ഇങ്ങട്ടു വരാൻ തുടങ്ങിയതാണ്. സ്റ്റേഷനിൽ വന്നു ടിക്കറ്റെടുത്തു വെയറ്റിങ് റൂമിൽ ചെന്നിരുന്നു. കലശലായ ഉഷ്ണം. കോട്ടഴിച്ചുവെച്ചു പുറത്തിറങ്ങി നിന്നു. നല്ല കാറ്റുണ്ടായിരുന്നു. വണ്ടി സൈറ്റായ ബെല്ലു കേട്ടു തിരിച്ചു വന്നെന്റെ കൊട്ടെടുത്തിട്ടു, പോക്കറ്റിൽ തപ്പിയപ്പോഴാണ് സംഗതി മനസ്സിലായതു്. പേഴ്സവിടെയില്ല. ആരോ അടിച്ചുകൊണ്ടുപോയിരിക്കുന്നു. ഒപ്പം ടിക്കറ്റും. പിന്നെ വീട്ടിലേക്കു മടങ്ങാൻ തോന്നിയില്ല. ഏതായാലും പുറപ്പെട്ടില്ലേ. നടക്കാമെന്നു വെച്ചു.
“എങ്ങട്ടു്?” കുഞ്ഞപ്പേട്ടൻ അദ്ഭുതത്തോടെ ചോദിച്ചു.
“കോഴിക്കോട്ടേക്കുതന്നെ; ഞാനിങ്ങ് നടന്നു.”
കുഞ്ഞപ്പേട്ടൻ സ്തംഭിച്ചിരുന്നു. കഥ കേട്ടു വാതിലിന്നടുത്തു നിന്ന ഞാൻ എന്നോടുതന്നെ ചോദിച്ചു: താനൂരുനിന്നു കോഴിക്കോട്ടേക്കു നടക്കുകയോ? അദ്ഭുതം! അദ്ദേഹത്തെ അറിയാത്തവരായി, ബഹുമാനിക്കാത്തവരായി താനൂർ പ്രദേശത്താരുമില്ല. റെയിൽവേസ്റ്റേഷനിലും അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ ഓർക്കുന്നവരേയുള്ളു. ഇതെല്ലാമുണ്ടായിട്ടും അദ്ദേഹം ആരുടെ ഔദാര്യത്തിനും കാത്തുനില്ക്കാതെ, സഹായം തേടാതെ ആ രാത്രി കോഴിക്കാട്ടേക്കു നടന്നു. അതായിരുന്നു നായനാർ.