images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
കോഴിക്കോടു് അരനൂറ്റാണ്ടു മുമ്പു്

കോഴിക്കോടുപട്ടണം! പ്രായമേറെച്ചെന്ന മുത്തശ്ശി. മുത്തശ്ശിക്കൊരു ‘വെറ്റിലപ്പാട്ടി’യുണ്ട്. കൈതോലകൊണ്ടു നെയ്തുണ്ടാക്കിയതു്. മൂന്നാക്കി മടക്കി ഏതു നേരവും മടിയിൽ തിരുകി നടക്കുന്ന ആ പാട്ടിക്കും മുത്തശ്ശിയോളംതന്നെ പ്രായം വരും. മുത്തശ്ശി അറിയാതെ അതൊന്നു തുറന്നുനോക്കിയാൽ ആരും വിസ്മയിക്കും. വെറ്റിലടയ്ക്കയ്ക്കു പുറമെ ഏതാനും ചെമ്പുകാശും എരട്ടിമധുരത്തിന്റെ നാമ്പും, കുട്ടികൾക്കു പാലിൽ തഴച്ചു കൊടുക്കാനുള്ള ‘വയമ്പിന്റെ തുണ്ടും അപസ്മാരത്തിനു മണപ്പിക്കാനുള്ള നെയ്യ് അടക്കം ചെയ്ത കുപ്പിയും, ഏലമെലവംഗം തുടങ്ങിയ സുഗന്ധവസ്തുക്കളും അതിലുണ്ടാകും. ഏറിയ കാഴ്ചകൾ കണ്ട മുത്തശ്ശിയാണു്. ഏലമലക്കാറ്റും എലവംഗക്കാറ്റും. ചന്ദനക്കാറ്റും മുത്തശ്ശിക്കിഷ്ടമാണു്. പക്ഷേ, അറബിക്കടലിലെ ഉപ്പോരു തട്ടി വരുന്ന കാറ്റിലാണു് മുത്തശ്ശി പുളകം പുതയ്ക്കുന്നതു്.

അമ്പലമണിമുഴങ്ങുമ്പോൾ മുത്തശ്ശി തകൃതിയായി നാമം ജപിക്കുന്നു. ബാങ്കുവിളി കേൾക്കുമ്പോൾ മുത്തശ്ശി കൃത്യമായി നമസ്കരിക്കുന്നു. കാറ്റും കോളും കടലിരമ്പവും കണ്ടു തഴമ്പിച്ച മുത്തശ്ശി. എന്നും കടൽ വെള്ളത്തിൽ നീന്തിക്കുളിച്ചു മാനാഞ്ചിറയിൽ മുഖം നോക്കി മുടി വകഞ്ഞു്, അടുത്തുള്ള മൈതാനിയിൽ കാലുനീട്ടിയിരുന്നു് വെറ്റിലപ്പാട്ടി തുറന്നു് വെറ്റില ഞരമ്പു കളഞ്ഞു ചുണ്ണാമ്പുതേച്ചു ചുരുട്ടി വായിൽ തിരുകി, ഒപ്പം അടയ്ക്കാപ്പൊടിയുമിട്ടു ചവച്ചു. ഈറൻമുടിയുണക്കിയും, പകലന്തിയോളം പണിയെടുത്തു ജീവിതഭാരം ലഘൂകരിച്ചു് പരസ്പരം കലഹിക്കാതെ വിശ്വസിച്ചും സ്നേഹിച്ചും കഴിയുന്ന മക്കളെച്ചൊല്ലി ആശ്വസിച്ചും അഭിമാനിച്ചും കഴിയുന്നു. ആ മുത്തശ്ശിയുടെ തറവാട്ടിലെ ഒരകന്ന ചാർച്ചക്കാരൻ പയ്യനായിട്ടു ഞാനും ഇപ്പോൾ ഇവിടെ പുലരുന്നു.

പട്ടണം ചുറ്റാൻ എനിക്കന്നൊരു സൈക്കിളുണ്ടു്. ദശകങ്ങൾക്കപ്പുറം ഇതു് എടുത്തു പറയാവുന്ന വസ്തുതയല്ലാതെ മാറിയേക്കാം. എന്നാൽ ഇന്നു ഞാനിതിൽ അഭിമാനം കൊള്ളുന്നു. ഹജൂരാപ്പീസിൽ കോട്ടും ടൈയും ധരിച്ചു് വരുന്ന എത്ര പേർക്കു സൈക്കിളുണ്ടു്—വളരെ കുറച്ചുപേർക്കു മാത്രം. സ്റ്റേറ്റ് ബാങ്കിലെ കാഷ്യർ സൈക്കിളോടിച്ചു കടന്നുപോകുന്നതു പലതവണ കണ്ടിട്ടുണ്ടു്. ഞാനഭിമാനിക്കുന്നതിൽ തെറ്റുണ്ടോ? കലക്ടർസായ്പിനല്ലാതെ ഹജൂരിൽ ആർക്കുണ്ടാരു കാറു്? ആർക്കുമില്ല. ഹജൂരാപ്പീസിലും സ്റ്റേറ്റുബാങ്കിലും താലൂക്കാപ്പീസിലും പോസ്റ്റാപ്പീസിലുമൊക്കെ ഞാൻ സൈക്കിളിൽ ലാൻഡ് ചെയ്യുന്നു. വി. ഐ. പി. ഏർപ്പാടില്ലാത്തതുകൊണ്ടുമാത്രം സൈക്കിളുണ്ടായിട്ടും ഞാനൊരു വി. ഐ. പി. ആയില്ല.

ഒരു നിമിഷം—‘കോൺടെസ്സ’കളും, ‘ബെൻസു’കളും, ’മാരുതി’കളും ഒഴുകുന്ന ഇന്നത്തെ കോഴിക്കോടുസിറ്റി എവിടെ? ഏതാനും ജടുക്കാവണ്ടികളും, മഹാദ്ഭുതംപോലെ ഇടയ്ക്കും തലയ്ക്കും ഓടുന്ന ചില കാറുകളും മാത്രം കണ്ടു ശീലിച്ച കോഴിക്കോടു മുനിസിപ്പാലിറ്റി എവിടെ? ആൾത്തിരക്കുകൊണ്ട് അല്പശല്യമനുഭവിക്കണമെങ്കിൽ അന്നു മിഠായിത്തെരുവിലെത്തണം; അതും സന്ധ്യനേരത്തു്. ഇന്നു നിലയ്ക്കാത്ത ജനപ്രവാഹം അനുഭവപ്പെടുന്ന മൊയ്തീൻപള്ളി റോഡ് അന്നു ജനശൂന്യമായിരുന്നെന്നു പറഞ്ഞാൽ ആരുണ്ട് വിശ്വസിക്കാൻ? മൊയ്തീൻ പള്ളി റോഡിലായിരുന്നു നഗരത്തിലെ മുഖ്യ അറവുശാല. അന്നു് അവിടെനിന്നുയരുന്ന ദുർഗന്ധം മിഠായിത്തെരുവിലോളം അടിച്ചുകയറിവന്നിരുന്നു. മുത്തശ്ശിയുടെ വെറ്റിലപ്പാട്ടി പോലെ പല മടക്കായി കിടക്കുന്ന നഗരത്തിൽ എത്തിപ്പെടുന്ന അപരിചിതർ മാത്രമേ അന്നു മൊയ്തീൻപള്ളി റോഡിലൂടെ സഞ്ചരിക്കാറുള്ളു. ആലക്തികവെളിച്ചം കൊണ്ടു രാവു പകലാക്കുന്ന മാവൂർ റോഡിന്റെ കഥയും മറിച്ചായിരുന്നില്ല. വയനാടു് റോഡിൽനിന്ന് ഒരു ചുകന്ന റിബൺ പോലെ കിഴക്കോട്ട് ശ്മശാനത്തിന്റെ അരികിലോളം നീണ്ടു കിടക്കുന്ന ചെമ്മൺ പാതയാണ് ഇന്നത്തെ മാവൂർറോഡെന്നു പറഞ്ഞാൽ പറഞ്ഞവനെ വളഞ്ഞിട്ടു ജനം തല്ലില്ലേ?

ഏതോ വിദേശ നഗരത്തിന്റെ പാരഡിപോലെ നിരനിരയായി പൊങ്ങിവന്ന കോൺക്രീറ്റ് സൗധങ്ങളും, റോഡിന്റെ നട്ടെല്ലിൽ നിന്നു കൂണുപോലെ പൊട്ടിമുളച്ചുയർന്നു പകൽ വെളിച്ചം പരത്തുന്ന തെരുവുവിളക്കുകളും, തെരുവുവിളക്കുകൾ വകഞ്ഞു മാറ്റി ഇടത്തും വലത്തുമായി ഓടിക്കോളാൻ അനുവാദം നല്കിയ നിരവധി നിരവധി വാഹനങ്ങളുടെ തിരക്കും കൂടിച്ചേർന്നു്, അരനൂറ്റാണ്ടു കഴിഞ്ഞു കോഴിക്കോട്ടു തിരിച്ചെത്തുന്ന ഒരുവനെ നിമിഷത്തിനകം ബോധരഹിതനാക്കിക്കളയും. സ്റ്റേഡിയമില്ല; പൂതേരി ക്വാർട്ടേഴ്സിനു കിഴക്കുവശം ഇപ്പോൾ പോലീസുകാർക്കുള്ള വാസസ്ഥലം ഏത്തവാഴത്തോട്ടമായിരുന്നെന്നു പറയുന്നവനെ കൈയോടെ പിടിച്ചു് ആരും കുതിരവട്ടം കാണിക്കും. കല്ലായി റോഡിലും വയനാടു് റോഡിലും റെഡ്ക്രോസ് റോഡിലും തിരക്കില്ല. റെഡ്ക്രോസ് റോഡിൽ ആകെയുള്ള തിരക്കു് രാവിലെ കോടതി ചേരുന്ന സമയത്താണു്. വക്കീലന്മാരെ കേറ്റിക്കൊണ്ടു നാലഞ്ചു ജടുക്കകൾ കടന്നു പോകും. മൂന്നോ നാലോ കാറുകളും. തീർന്നു. ആ വഴി ജനങ്ങൾ കടന്നുപോകുന്നതു കാണണമെങ്കിൽ ഞായറാഴ്ച വൈകുന്നേരമാകണം. കുറച്ചുപേരെങ്കിലും ബീച്ചിൽ കാറ്റുകൊള്ളാൻ പോകുന്നതു് ആ നേരത്താണു്.

നഗരം മുഴുക്കെ ചെമ്മൺ പാതകളാണ്. പുറമെനിന്നു നഗരത്തിലേക്കു വന്നുചേരുന്നതും ചെമ്മൺ പാതകൾതന്നെ. ബസ്സുകൾ പരസ്പരം മത്സരിച്ചോടി മനുഷ്യരെ കൊല്ലുകയും കെട്ടിടങ്ങൾ തകർക്കുകയും ചെയ്യുന്ന സമ്പ്രദായം അന്നില്ല. നിലമ്പൂരുനിന്നും മലപ്പുറത്തുനിന്നും മഞ്ചേരിനിന്നും വരുന്ന ഓരോ ബസ്സ്. പിന്നെ, തെങ്ങിലക്കടവിലേക്കു പോകുന്ന ഒരു ബസ്സ്; പേരാമ്പ്രനിന്നും കുറ്റ്യാടിനിന്നും വരുന്ന ഓരോ ബസ്സു്; കഴിഞ്ഞു. മത്സരിക്കാൻ സൗകര്യമില്ലാത്തതുകൊണ്ടു് അവർ മത്സരിച്ചില്ല. വന്നാലവർക്കു തങ്ങാനാവുന്ന താവളം മാതൃഭൂമി ആപ്പീസിന്റെ തെക്കുവശത്തു് ‘കൊട്ടത്തളം’ പോലൊരിടമായിരുന്നു.

ഇത്രയും പറഞ്ഞതു കോഴിക്കോടിന്റെ നിജസ്ഥിതി തെളിയിക്കാനല്ല. ഞാനൊരു വിദഗ്ദ്ധനായ സൈക്കിളോട്ടക്കാരനായിരുന്നെന്നു വല്ലവരും തെറ്റിദ്ധരിച്ചെങ്കിലോ എന്നു പേടിച്ചാണ്. ഇത്രയും ശാന്തമായ, തിരക്കില്ലാത്ത, എപ്പോഴും ഒഴിഞ്ഞു കിടക്കുന്ന വീഥിയിലൂടെ ഏതു കണ്ണുപൊട്ടനും അന്നു സൈക്കിളോടിക്കാമായിരുന്നു. അതുകൊണ്ടു ധൈര്യമായി ഞാനും അങ്ങനെ ചെയ്തു. കോഴിക്കോടിന്റെ അന്നത്തെ സ്ഥിതി വരച്ചുകാട്ടാൻ ഒരു കൊച്ചു കഥകൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ. എന്റെ ഒരു ആത്മസുഹൃത്തിനെ സംബന്ധിച്ചു് അന്നു പ്രചരിച്ചൊരു കഥയാണു്.

സുഹൃത്തു നടാടെ കോഴിക്കോട്ട് സന്ദശിക്കുവാൻ വരുന്നു. തീവണ്ടിയും ബസ്സുമൊന്നും കണ്ടു പരിചയിക്കാത്ത ഒരു ഉൾനാട്ടിൽനിന്നാണു വരവു്. തീവണ്ടിയിൽ നടാടെ കേറി. തീവണ്ടി കൂവിവിളിച്ചു പായാൻ തുടങ്ങിയപ്പോൾ തെല്ലൊരു പരിഭ്രമം. ആരെയെങ്കിലും സഹായത്തിനു് ഒപ്പം വിളിക്കാമായിരുന്നെന്നൊരു തോന്നൽ. അങ്ങനെ പരിഭ്രമിച്ചുകൊണ്ടു വണ്ടിയിലിരിക്കുമ്പോൾ വണ്ടി പല പല സ്റ്റേഷനുകളിൽ നില്ക്കുന്നു; വീണ്ടും ഓടുന്നു. ഒടുവിൽ ആ കുതിപ്പു ചെന്നവസാനിച്ചതു് ഒരു പടിഞ്ഞാറ്റപ്പുരയുടെ അകത്താണു്. രാത്രി പോലെ ഇരുട്ടു പരക്കുന്നു. അവിടവിടെ പൂമൊട്ടു വിരിയും പോലെ വിളക്കു തെളിയുന്നു. ഉന്തുവണ്ടിക്കാരും നടന്നുവില്പനക്കാരും ചേർന്നു വിളിച്ചുകൂവുന്നതിന്റെ ബദ്ധപ്പാടിൽ സുഹൃത്തു കൂടുതൽ അമ്പരന്നു. കോഴിക്കോട്ടെത്തിയെന്നു മനസ്സിലാക്കാൻ തന്നെ വിഷമിച്ചു. പലരോടും ചോദിച്ചു. ചിലർ മറുപടി പറഞ്ഞു. തീവണ്ടിക്കൊരു പടിഞ്ഞാറ്റപ്പുരയുള്ള കാര്യം ആദ്യമായി മനസ്സിലാക്കിക്കൊണ്ടദ്ദേഹം വണ്ടിയിറങ്ങി നടക്കുന്നു. മറ്റു യാത്രക്കാർക്കൊപ്പം നിരത്തിലെത്തി. ഉദ്ദിഷ്ടലക്ഷ്യത്തിലേക്കു സാവകാശം നീങ്ങി. ഒടുക്കം വണ്ടികൾക്കു വഴിമാറിയും തന്നാടൊപ്പം നടക്കുന്നവർ കൂട്ടിമുട്ടാതേയും സൂക്ഷിച്ചുനടന്നു്, ഇന്നത്തെ പസിഫിക് സ്റ്റോറിന്റെ മുമ്പിലെത്തി. അന്നവിടെ ഡട്ട് ആൻറ് കമ്പനിയാണ്. കോഴിക്കോട്ടെ മികച്ച വ്യാപാരസ്ഥാപനം. അവിടെ, നിരത്തിന്റെ നടുവിൽ ഒരു പോലീസുകാരൻ നില്ക്കുന്നു. അപ്പോൾ നടേയുള്ളതിനൊപ്പം പുതിയൊരമ്പരപ്പും അകത്തു കടന്നുകൂടി. പോലീസുകാരൻ കൈയുയർത്തി കാട്ടിയപ്പോൾ എതിർദിശയിൽ നിന്നു വന്ന ജടുക്കാവണ്ടി നിന്നു. അല്പനിമിഷങ്ങൾക്കു ശേഷം പോലീസുകാരൻ കൈയാംഗ്യത്തിലൂടെ അനുമതികൊടുത്തപ്പോൾ കുതിരകൾ ചലിച്ചു. വണ്ടി നീങ്ങി.

സുഹൃത്തു സംശയിച്ചു നിന്നു. പിന്നൊരു ജടുക്ക, പിന്നൊരു സൈക്കിൾ. പോലീസുകാരന്റെ അനുമതിയില്ലാതെ ഒന്നും കടന്നു പാകുന്നില്ല. തനിക്കും താമസിയാതെ അനുമതി കിട്ടുമെന്നാശ്വസിച്ച് അദ്ദേഹം കാത്തുനിന്നു. വാഹനങ്ങൾ ഒന്നും വരാതായപ്പോൾ പോലീസുകാരൻ ചുമ്മാ നിന്നു സ്വപ്നം കാണുകയായിരുന്നു. മറ്റുള്ളവർ വരുന്നതും കടന്നു പോകുന്നതുമൊന്നും കാണാതെ പോലീസുകാരന്റെ അനുമതിയും കാത്ത് അയാളെത്തന്നെ സൂക്ഷിച്ചു നോക്കിനിന്ന സുഹൃത്തു് ഒടുവിൽ ക്ഷമകെട്ടു് പാതി കൈയാംഗ്യവും പാതി വചനവുമായി അനുമതിക്കഭ്യർത്ഥിച്ചു. സംഗതി മനസ്സിലാക്കിയ പോലീസുകാരൻ ബൂട്ട് നിലത്തു് അമർത്തിച്ചവുട്ടി അട്ടഹസിച്ചു:

“പോ.”

സുഹൃത്തു് പ്രാണനും കൊണ്ടു് ഓടിപ്പോയെന്നാണു കഥ. അന്നത്തെ മിഠായിത്തെരുവിന്റെ കഥ അതിമനോഹരമായി, എസ്. കെ. പൊറ്റെക്കാട്ട് എന്ന മഹാനായ കാഥികൻ പറഞ്ഞു വെച്ചിട്ടുണ്ട്; തെരുവിന്റെ കഥയിലൂടെ. അതിലെ ഒരു മുഖ്യകഥാപാത്രമാണല്ലോ മമ്മതു്. അല്പം പ്രാന്തും, പ്രാന്തോടു ചേർന്ന കള്ളുകുടിയും, വൃശ്ചിക ദംശനംപോലെ കുട്ടികളുടെ ദ്രോഹവും. ഇതു മൂന്നും ചേർന്ന മമ്മതിന്റെ രൗദ്രവേഷം പലതവണ ഞാൻ കണ്ടിട്ടുണ്ടു്.

ഒരു ദിവസം രാത്രി. പത്തുപത്തരമണിയായിട്ടുണ്ടാവും. ഉറങ്ങാൻ വട്ടം കൂട്ടുമ്പോൾ ആപ്പീസിലേക്കുള്ള മരക്കോണി അതിഭയങ്കരമായി ശബ്ദിക്കുന്നതു കേട്ടു. നായനാർ വരാൻ വഴിയില്ല. രാത്രിവണ്ടികളൊക്കെ പോയിരിക്കുന്നു. ആരായിരിക്കുമെന്നോർത്തിരിക്കുമ്പോൾ, കയറി വരുന്നു; മുമ്പിൽ നായനാർ, പിറകിൽ മമ്മതു്. ഞാനന്തം വിട്ടുനിന്നു. മമ്മതിന്റെ നെറ്റിയിൽനിന്നു ചോരയൊഴുകുന്നു. എന്നും പതിവുള്ളതാണു്. കുട്ടികൾ ദ്രോഹിച്ചതാവും. നായനാർ അകത്തുകടന്നു തൊപ്പിയെടുത്തു മേശപ്പുറത്തു വെച്ചു, മുഖത്തെ വിയർപ്പൊപ്പി തെല്ലൊരു ചിരിയോടെ പറഞ്ഞു:

“ഇവൻ ഇന്നിവിടെ ഈ കോറിഡോറിൽ കിടന്നോട്ടെ?”

ഞാൻ സമ്മതിച്ചു മൂളി. നായനാരുടെ അഭിപ്രായത്തെ എതിർക്കാൻ ഞാനാരു്? നായനാർ തുടന്നു പറയുന്നു:

“പാവം! കുട്ടികളിവനെ വല്ലാതെ ദ്രോഹിക്കുന്നു. ചോരയൊലിക്കുന്നതു കണ്ടില്ലേ? ഇത്തിരി കോട്ടനെടുത്തു കൊടുക്കൂ. അതൊക്കെ ഒപ്പിക്കളയട്ടെ. ഇവിടെ മരുന്നു വല്ലതുമുണ്ടോ?”

“ഉണ്ടു്.”

“എങ്കിലതും കൊടുക്കൂ. പിന്നെ പുതിയൊരു പായ. ഒരു ബെഡ് ഷീറ്റും. എന്താ?”

ഇങ്ങനെയൊക്കെയല്ലേ വേണ്ടതെന്ന അർത്ഥത്തിൽ അദ്ദേഹമെന്നെ നോക്കി. ഞാനദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ചു കോട്ടണും മരുന്നുമായി മമ്മതിനെ സമീപിച്ചു. മമ്മതുണ്ടോ മരുന്നു വെക്കുന്നു? പുത്തൻ പായയും ബക്കിങ്ങാം കർണാട്ടിക്ക് മില്ലിന്റെ ഒരു ബെഡ് ഷീറ്റും മമ്മതിനു കൊടുത്തു. ഇതിനൊന്നും ആപ്പീസിൽ ഒരു ക്ഷാമവുമുണ്ടായിരുന്നില്ല. തകർത്തു പെയ്യുന്ന മഴക്കാലത്തു് ജോലിയില്ലാതെ പട്ടിണികിടക്കുന്ന ഹരിജനങ്ങളെക്കൊണ്ടു പായ നെയ്യിക്കുകയും നല്ല വില കൊടുത്തു് അതെല്ലാം വാങ്ങി ആപ്പീസിൽ സൂക്ഷിക്കുകയും ചെയ്യും. ആവശ്യം വരുമ്പോൾ അനാഥമന്ദിരത്തിലേക്കു് അയച്ചുകൊടുക്കും. എന്നാലും അഞ്ചോ ആറോ കെട്ടു പായ എപ്പോഴും ആപ്പീസിലുണ്ടാവും. അതുപോലെ മീൻ പിടുത്തത്തൊഴിലാളികൾ പട്ടിണികിടക്കുമ്പോൾ നൂലു വാങ്ങിച്ചു് അവരെക്കൊണ്ടു വല കെട്ടിക്കുകയും പതിവുണ്ടു്. അതും ആപ്പീസിൽ വാങ്ങി സൂക്ഷിക്കും. ഇതൊന്നും വ്യാപാര ബുദ്ധിയോടെ ചെയ്യുന്നതല്ല. പാവങ്ങളുടെ പട്ടിണി മാറ്റണം; അതു മാത്രമായിരുന്നു നായനാരുടെ ലക്ഷ്യം. അഃ, മമ്മതിന്റെ കാര്യം. മമ്മതു് മരുന്നു വെച്ചില്ല. പായ വിരിച്ച് ബഡ്ഷീറ്റ് കൊണ്ട് അടിമുടി മൂടിക്കിടന്നു. പുതപ്പിനുള്ളിൽനിന്നു പല്ലിറുമ്മുന്ന ശബ്ദം അപ്പോഴും കേൾക്കാനുണ്ടായിരുന്നു—കുട്ടികളോടുള്ള രോഷം.

അല്പം കഴിഞ്ഞു് നായനാർ എന്നെ വിളിച്ചു. വളരെ സന്തുഷ്ടനാണു്. മമ്മതിനെ കുട്ടികളിൽ നിന്നു രക്ഷിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമാവും. ചുണ്ടിന്റെ കോണിലെവിടെയോ ഒരു ചെറിയ കുസൃതി ചിരിയായി വിരിയുന്നുണ്ടോ എന്നെനിക്കു സംശയം. നായനാർ പറഞ്ഞു:

“കേട്ടോ, മമ്മതിനി എന്നും ഇവിടെ നിൽക്കട്ടെ. നമുക്കവനെ ശിപായിയാക്കാം.”

ഇത്രയും പറഞ്ഞു. മറ്റെവിടെയോ നോക്കിക്കൊണ്ടദ്ദേഹം മൗനിയായിരുന്നു. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. അദ്ദേഹം തുടരുന്നു:

”ഞാനിവിടത്തെ മാനേജർ. നിങ്ങൾ ക്ലാർക്ക്. മമ്മതു് ശിപായിയും. സംഗതി കൊള്ളാം, ഇല്ലേ?”

എനിക്കുറക്കെ പൊട്ടിച്ചിരിക്കണമെന്നു തോന്നി. ഞാനൊരിക്കലും നിയന്ത്രണമില്ലാതെ, അദ്ദേഹത്തിന്റെ മുമ്പിൽ പെരുമാറീട്ടില്ല. അതുകൊണ്ടു മാത്രം ചിരിച്ചില്ല. ഇന്നും ഏതു വലിയ ദുഃഖത്തിലും ആ ഫലിതം എന്നെ ചിരിപ്പിക്കാറുണ്ടു്.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.