അകാലത്തു് വഴിവിളക്കു പൊലിഞ്ഞു. വഴിനീളെ ഇരുട്ടു പരന്നു. ഒരു കൈത്തിരി കൊളുത്തി കാണിക്കാൻപോലും ആരും മുമ്പോട്ടു വന്നില്ല. കഴിവുറ്റ വ്യക്തികളും സ്ഥാപനങ്ങളും ഇല്ലാഞ്ഞിട്ടല്ല. ഏറ്റെടുക്കേണ്ട ചുമതലയുടെ മഹാഭാരം തോളിലേറ്റാനുള്ള ഭയം; വൈമനസ്യം.
നാഥന്റെ വേർപാടിൽ അനാഥാലയങ്ങളും സൗജന്യ വൈദ്യസഹായ കേന്ദ്രങ്ങളും മാതൃകാ വിദ്യാലയങ്ങളും അനാഥങ്ങളായ കൂട്ടത്തിൽ എന്റെ ജീവിതവും അനാഥമായെന്ന തോന്നൽ. കൂടു തകർന്ന പറവക്കുഞ്ഞുങ്ങൾ ആർത്തനാദത്തോടെ പലവഴി പറന്നു. അപ്പോൾ ഒരമ്മ ഫ്ലോറൻസ് നൈറ്റിംഗേലിനെപ്പോലെ മക്കളെ വാരിപ്പുല്കാനും ഓമനിച്ചുവളർത്താനും മനക്കരുത്തോടെ മുമ്പോട്ടുവന്നു; മിസ്സിസ് നായനാർ! മക്കളെ പ്രസവിക്കാത്ത അമ്മ. കെട്ടിവെപ്പോ ബാങ്ക് ബാലൻസോ ഇല്ലാത്ത അമ്മ. ഉദാരമനസ്കരായ ജനങ്ങളിൽ പരിപൂർണ്ണ വിശ്വാസമുള്ള അമ്മ. നായനാരുടെ നിസ്വാർത്ഥ സേവനങ്ങളിൽ ഒരളവോളം പങ്കുവഹിച്ച അമ്മ. പെൺകുട്ടികൾക്കു മാത്രമായി കോഴിക്കോടിനടുത്ത എരഞ്ഞിപ്പാലത്തു സ്ഥാപിച്ചിരുന്ന അനാഥാലയം അവർ ഏറ്റെടുത്തു. അതാണ് ‘നായനാർ ബാലികാസദനം’. നായനാർ തുടങ്ങിവെച്ച സ്ഥാപനങ്ങളിൽ ഒരേയൊരെണ്ണം ഇന്നു് അവശേഷിക്കുന്നതു് ഈ ബാലികാസദനമാണു്.
1945 മുതൽ ‘85 വരെ സദനത്തിന്റെ നടത്തിപ്പു് മാതൃകാപരമായി അവർ നിർവ്വഹിച്ചു. ആരംഭകാലത്തു് ഒട്ടേറെ ക്ലേശങ്ങൾ അവർ സഹിക്കേണ്ടിവന്നു. അവരുടെ സഹോദരൻ ശ്രീ വാസുമേനോൻ സദനത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. ഇന്നും പ്രവർത്തിക്കുന്നു. ആദർശനിഷ്ഠനായ ഒരു കോൺഗ്രസ് പ്രവർത്തകനായി ജീവിതമാരംഭിച്ച വാസുമേനോൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ഏറെക്കാലം ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ടു്. ഈ സഹോദരീ-സഹോദരന്മാർ ഏകമനസ്സോടെ പ്രവർത്തിച്ചാണ് സദനത്തിലെ അന്തേവാസികളെ അല്ലലും അലട്ടുമറിയാതെ വളർത്തിയതു്. അമ്മ അവരോടൊപ്പം ജീവിച്ചു. ഒപ്പം ഉണ്ണുകയും ഉറങ്ങുകയും ചെയ്തു. ഒടുവിൽ അവർക്കിടയിൽ കിടന്നു തന്നെ എന്നെന്നേക്കുമായി, ചാരിതാർത്ഥ്യത്തോടെ കണ്ണടയ്ക്കുകയുംചെയ്തു.
യാദൃച്ഛികമെന്നു പറയട്ടെ, സദനത്തിന്റെ ഭരണ സമിതി അംഗങ്ങൾ അമ്മയുടെ അഭാവത്തിൽ അവർ ദീർഘകാലം, പ്രശസ്തമായ നിലയിൽ നിർവ്വഹിച്ചുപോന്ന പദവി, ഈ എളിയവനായ എന്നിൽ ഏല്പിക്കുകയാണു ചെയ്തതു്. യാദൃച്ഛികമെന്നു പറഞ്ഞതു് വെറുതെയല്ല. 1943-ൽ, ശ്രീ നായനാർ ഒരുദിവസം എന്നെ വിളിച്ച് ഒരു ജോലിയേല്പിച്ചു:
”നമുക്കു് പെൺകുട്ടികൾക്കായി ഒരു സദനം വേണം. അനാഥാലയങ്ങളിലെ പെൺകുട്ടികളെയെല്ലാം ഇവിടേക്കു വരുത്താം. എരഞ്ഞിപ്പാലത്തു് ഒരു കെട്ടിടം കിട്ടീട്ടുണ്ടു്. നിങ്ങൾ തൽക്കാലം അവിടെ താമസിച്ചു് പുതിയ സദനം ആരംഭിക്കണം. അതു ഭംഗിയായി നടത്താൻ വേണ്ടതൊക്കെ ചെയ്യണം.”
ശ്രീ നായനാരുടെ നിർദ്ദേശം, അതെന്തായാലും എത്ര വലുതായാലും, സന്തോഷത്തോടെ ഏറ്റെടുക്കുക. ഞാൻ മാത്രമല്ല, എല്ലാവരും അങ്ങനെയാണു ചെയ്തതു്. ബാലികാസദനത്തിന്റെ തുടക്കവും അങ്ങനെയായിരുന്നു. കാലാന്തരത്തിൽ അതിന്റെ പ്രവർത്തനത്തിൽ പങ്കുവഹിക്കാനുള്ള സന്ദർഭം ഇന്നിതാ വീണ്ടും വന്നുചേർന്നിരിക്കുന്നു. യാദൃച്ഛികമെന്നല്ലാതെ മറ്റെന്തു പറയാൻ?
പറഞ്ഞുവന്നതു് ശ്രീ നായനാരുടെ മരണാനന്തരമുള്ള കാര്യങ്ങളാണല്ലൊ. സ്ഥാപനങ്ങളൊന്നും തുടർന്നു പ്രവത്തിക്കുമെന്നതിനു ലക്ഷണം കണ്ടില്ല. ചുമതല ഏറ്റെടുക്കാൻ വന്നതു് കേരളത്തിനു പുറത്തുള്ള ഒരാളായിരുന്നു. അദ്ദേഹത്തിനു് ഒന്നിലും താൽപര്യമുള്ളതായി തോന്നിയില്ല. റിക്കാർഡ് പരിശോധിക്കലും, വരവുചെലവു കണക്കൊപ്പിക്കലും, ഉടനെ അടച്ചുപൂട്ടേണ്ട സ്ഥാപനങ്ങളുടെ സ്ഥിതിവിവരങ്ങൾ ശേഖരിക്കേണ്ട ധൃതിയും മാത്രമേ അദ്ദേഹത്തിൽ കണ്ടുള്ളു. ഇനിയും പിടിച്ചുനില്ക്കുന്നതിലർത്ഥമില്ല. അടച്ചുപൂട്ടുകയെന്ന നശീകരണകർമ്മത്തിൽ പങ്കാളിയാവാൻ വയ്യ. തിരിച്ചു പോകാം. വഞ്ചിയില്ലാത്തതുകൊണ്ടു് തിരുനക്കരെത്തന്നെ നില്ക്കേണ്ട ആവശ്യമില്ലല്ലൊ. ഒഴുക്കുനോക്കി തുഴഞ്ഞു കളയാം. പുറപ്പെട്ടേടത്തെത്താം. പിന്നെ ആലോചിച്ചുനിന്നില്ല. തിക്കോടിക്ക് ടിക്കറ്റെടുത്തു.
വണ്ടിയിലിരിക്കുമ്പോൾ അനാഥക്കുട്ടികളെപ്പറ്റി ഓർത്തില്ല; ആദിവാസികൾക്കായുള്ള വിദ്യാലയങ്ങളെപ്പറ്റി ഓർത്തില്ല; സേർവിന്ത്യാ ഡിസ്പെൻസറികളെപ്പറ്റി ഓർത്തില്ല; അവിടെ നിത്യമെന്നോണം ചികിത്സയ്ക്കെത്തിച്ചേരുന്ന പാവപ്പെട്ട നാട്ടിൻപുറക്കാരെപ്പറ്റി ഓർത്തില്ല. ഓർക്കാഞ്ഞതു മനപ്പൂർവ്വമാണു്, ഓർത്തിട്ടു കാര്യമില്ല. എന്നെപ്പോലെ ദുർബ്ബലനായ ഒരാൾ ഓർത്തിട്ടെന്തു്, ഓർക്കാഞ്ഞിട്ടെന്തു്? വിധിപോലെ വരട്ടെയെന്നു കരുതി. അവരെയെല്ലാം മനസ്സിൽ നിന്നു പുറത്താക്കി വാതിലടച്ചാണ് ഞാൻ നാട്ടിലേക്കു പുറപ്പെട്ടത്. അതുകൊണ്ടു് എന്നെപ്പറ്റി ചിന്തിക്കാൻ മനസ്സിൽ വേണ്ടുവോളം ഇടം കിട്ടി.
തിരിച്ചു വീണ്ടും മാനേജ്മെന്റിന്റെ കീഴിൽ എവിടെയെങ്കിലും കയറിപ്പറ്റണോ? അതോ കടലാസും മഷിയും ശേഖരിച്ചു നിരന്തരമായി എഴുത്തു തുടങ്ങണോ? എഴുതി പ്രതിഫലം വാങ്ങി ജീവിക്കാൻ ശ്രമിക്കണോ? വയ്യ; കടലാസിനു ഭയങ്കര ക്ഷാമം. പിന്നെ, എഴുത്തു പണികൊണ്ടു മാത്രം ജീവിച്ചുകളയണമെങ്കിൽ പ്രതിഭ വേണ്ടുവോളമുണ്ടാവണം. അല്പപ്രതിഭയുമായി എഴുതി ജീവിച്ചുകളയാമെന്നു തീരുമാനിച്ചു പുറപ്പെട്ടാൽ കവിതയിലും കഥയിലും നാടകത്തിലുമൊന്നും ഒതുങ്ങിക്കഴിക്കാൻ പറ്റില്ല. ഉഗ്രൻ നോവലുകളുണ്ടാക്കണം. പരത്തി പരത്തി പറയണം. സിനിമാരംഗങ്ങൾ മനസ്സിൽ കണ്ടുകൊണ്ടു ലൈംഗികതയും അടിപിടിയാദികളും ബലാത്സംഗങ്ങളുമൊക്കെ എഴുതിപ്പിടിപ്പിക്കണം. അതിനും വേണം മറ്റൊരുതരത്തിലുള്ള പ്രതിഭ. രണ്ടുമില്ലാത്തവൻ ഞാൻ. എനിക്കങ്ങനെ തോന്നാത്തതു നല്ലവരായ സഹൃദയരുടെ ഭാഗ്യം. ആലോചിച്ചാലോചിച്ചിരിക്കുമ്പോൾ വണ്ടി ഓടുകയായിരുന്നു. ഇടയിലൊരു ശബ്ദം കേട്ടു:
“ചേമഞ്ചേരി.”
ജാലകപ്പഴുതിലൂടെ നോക്കി. അതെ, ചേമഞ്ചേരി തന്നെ. സ്വാതന്ത്ര്യസമര ചരിത്രത്തിൽ പൊന്നക്ഷരങ്ങളിൽ എഴുതപ്പെട്ട ചേമഞ്ചേരി! ആഗസ്റ്റ് വിപ്ലവത്തെ തുടർന്നു് നാടിനുവേണ്ടി ബലിദാനത്തിനൊരുങ്ങിയ മാധവൻ കിടാവിന്റെയും അപ്പ നായരുടെയും ഉണ്ണി നായരുടെയും തിളക്കമാർന്ന രൂപം മനസ്സിൽ തെളിഞ്ഞു വന്നു. പ്ലാറ്റ്ഫോമിൽ അങ്ങുമിങ്ങും നടക്കുന്ന ആൾക്കൂട്ടത്തിൽ അവരെ തേടിയിട്ടു കാര്യമില്ല. പോലീസുകാരവരെ നിരന്തരമായി വേട്ടയാടുകയാണു്. കിട്ടിയാൽ കൊല്ലും. അത്രയ്ക്കു ശത്രുതയുണ്ടു്. ഏറെ നാളായി രാവും പകലും അന്വേഷിച്ചുനടന്നിട്ടു പിടികിട്ടാത്ത പുള്ളികളാണു്. ഭയങ്കമായ കുറ്റംചെയ്തു് ഒളിവിൽ പോയതാണു്. ആഗസ്റ്റ് ഒമ്പതിനാരംഭിച്ചു് നാടാകെ പടന്നുപിടിച്ച, രൂക്ഷമായ സമരത്തിന്റെ തിരക്കിൽ, ഒരുനാൾ പ്രഭാതത്തിലുണർന്നപ്പോൾ ചേമഞ്ചേരിയിലെ ജനങ്ങൾ അമ്പരന്നുപോയി. അവരുടെ റെയിൽവേ സ്റ്റേഷനും റജിസ്ട്രാപ്പീസും തലേന്നാൾ രാത്രി അഗ്നിക്കിരയായിരിക്കുന്നു. പോലീസ് വാനുകൾ ഇരമ്പിപ്പായുന്നു. അന്വേഷണം, അറസ്റ്റ്, ചോദ്യം ചെയ്യൽ. മാധവൻ കിടാവും അപ്പനായരും ഉണ്ണിനായരുമെന്ന ത്രിമൂർത്തികളെ മാത്രം പിടി കിട്ടിയില്ല. അവരുടെ പൊടിപോലും പോലീസിനു കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസിനു വാശി, മാനക്ഷയമേറ്റതിലുള്ള പക. തളരാത്ത അന്വേഷണം. ഈ ബഹളത്തിനിടയിലും പറന്നു നടക്കുന്ന പോലീസിന്റെ കണ്ണുവെട്ടിച്ചു്, കാണേണ്ടവരെ കാണുകയും മുറപോലെ കാര്യങ്ങൾ നടത്തുകയും ചെയ്തു കൊണ്ടു് മൂവരും ആവശ്യമെന്നു തോന്നുന്ന സ്ഥലങ്ങളിലൊക്കെ അവരുടെ സാന്നിദ്ധ്യംകൊണ്ട് ആവേശം നല്കാറുമുണ്ടായിരുന്നു.
ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്നു് അല്പമകലെ തെക്കുപടിഞ്ഞാറായി കിടക്കുന്ന ഒരു കുന്നുണ്ടു്; പൊന്തോടുകുന്നു്. കുന്നിനൊരൈതിഹ്യമുണ്ടു്: മഹാവിഷ്ണുവിന്റെ ദ്വിതീയാവതാരം, കൂർമ്മാവതാരം. എല്ലാ അവതാരങ്ങൾക്കും അതതിന്റേതായ നല്ലൊരു ലക്ഷ്യമുണ്ടല്ലോ. ആ ലക്ഷ്യം നിറവേറുന്നതോടെ അവതാരകാലം അവസാനിക്കുന്നു. അതുപോലെ അവതാരലക്ഷ്യം സാധിച്ച ഭഗവാൻ വൈകുണ്ഠത്തിലേക്കു മടങ്ങുമ്പോൾ. തന്റെ പുറന്തോടു്, ഊരി സമുദ്രതീരത്തു നിക്ഷേപിക്കുന്നു. അങ്ങനെ നിക്ഷേപിച്ച പുറന്തോടാണ് പിൽക്കാലത്തു് പൊൻതോടും പൊന്തോടുമായി പരിണമിച്ചതു്. ഭഗവാനിതു ചേമഞ്ചേരി നിക്ഷേപിക്കാൻ കാരണമെന്തെന്നു ചോദിച്ചാൽ എന്റെ കൈയിൽ മതിയായ വിശദീകരണമില്ല. എന്നല്ല, ഈ കുന്നിനെപ്പറ്റി പറഞ്ഞതും എതിഹ്യം വിവരിച്ചുതന്നതും കുഞ്ഞിരാമൻ കിടാവാണ്; കേളപ്പജിയുടെ മകൻ.
ഗോപാലപുരത്തു താമസിക്കുന്ന കാലം. കുന്നിന്റെ കിഴക്കെ ചരുവിലാണ് കേളപ്പജിയുടെ വീടു്. പടിഞ്ഞാറെ അറ്റത്ത് എന്റെ പാർപ്പിടവും. അതിനടുത്തുള്ള ഗേറ്റ് കടന്നാണു് കേളപ്പജിയും കുഞ്ഞിരാമൻ കിടാവുമൊക്കെ കുന്നിൻപുറത്തുള്ള വീട്ടിലേക്കു പോകുന്നതു്. അന്നൊരു ദിവസം കിടാവു വീട്ടിൽ വന്നു രസകരമായൊരു സംഭവം വിവരിച്ചു. നേരം രാവിലെ നാലുമണി. നല്ല ഇരുട്ടു്. ചേമഞ്ചേരി നിന്നു റെയിലിലൂടെ നടന്നു മൂടാടിക്കു യാത്രയാണു കിടാവു്. കൊയിലാണ്ടി റെയിൽവേസ്റ്റേഷൻ കടന്നു കുറച്ചു മുമ്പോട്ടു നീങ്ങിയിരിക്കുന്നു. അപ്പോൾ പിറകിൽ നിന്നു സമൃദ്ധമായ വെളിച്ചം. സ്റ്റേഷനിൽ നിർത്തിയിട്ട ഒരു ഗുഡ്സ് വണ്ടി പുറപ്പെടുകയാണു്. വെളിച്ചം തെളിഞ്ഞപ്പോൾ കിടാവിനു പരിഭ്രമമായി. ആരെങ്കിലും തന്നെ കാണുമോ എന്ന പരിഭ്രമം. ധൃതിയിൽ നടന്നു. അപ്പോൾ റെയിലിലൂടെ തനിക്കഭിമുഖമായി രണ്ടാളുകൾ നടന്നുവരുന്നു.
“ആരെടാ അതു്?”
കനപ്പെട്ട ചോദ്യം. കിടാവു് അറിയാതെ ഞെട്ടി. രണ്ടു പോലീസ് ആപ്പീസർമാരാണു വരുന്നതു്. തന്നെ പിടിക്കുന്നതിലോ ജയിലിലയയ്ക്കുന്നതിലോ പരിഭ്രമമില്ല. തന്റെ തലയിൽ ഒരു ഭാണ്ഡമുണ്ടു്. അതു പോലീസിന്റെ കൈയിൽ അകപ്പെടുന്നതബദ്ധം. അധികനേരം ആലോചിക്കാൻ സമയമില്ല. കിടാവൊരു ശുദ്ധ പാവത്താൻ സ്വരത്തിൽ മറുപടി പറഞ്ഞു:
“ഞാനാണേ!”
“എവിടെ പോന്നെടാ ഈ നേരത്തു്?”
“പയ്യോളി ചന്തയിലേക്കാണേ!”
“എന്തടാ തലയിലൊരു ഭാണ്ഡം?”
“ഇതു നാലു തോർത്തുമുണ്ടാണേ! നേരത്തെ ചന്തയിലെത്തി ഇതു വിററിട്ടു വേണം…”
“മതിമതി. ഇനി അസമയത്തു് ഈ വഴിക്കൊന്നും കാണരുതു്. കണ്ടാൽ ചവുട്ടി എല്ലു ഞാനൊടിക്കും. ഉം… പോയ്ക്കോ.”
സമ്മതം കിട്ടേണ്ട താമസം കിടാവു് ധൃതിപിടിച്ചു നടന്നു. തലയിലെ ഭാണ്ഡക്കട്ടിൽ ‘സ്വതന്ത്രഭാരത’ത്തിന്റെ പ്രതികളായിരുന്നു. സ്വാതന്ത്ര്യസമരഭടന്മാർക്കുള്ള നിർദ്ദേശങ്ങളും സമരതന്ത്രങ്ങളുമെല്ലാം രഹസ്യമായി അച്ചടിച്ച് വിതരണം ചെയ്യുന്ന പത്രം. ആ പത്രം വാങ്ങുന്നതും വായിക്കുന്നതും സൂക്ഷിക്കുന്നതും ഗവണ്മെന്റ് നിരോധിച്ചിരുന്നു. അന്നു് അങ്ങനെ അദ്ഭുതകരമാംവിധം രക്ഷപ്പെട്ടതുകൊണ്ടു് ‘സ്വതന്ത്രഭാരത’ത്തിന്റെ ചരിത്രം കിടാവിൽനിന്നുതന്നെ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു.
തുടക്കത്തിൽ ‘സ്വതന്ത്രഭാരത’ത്തിന്റെ എഡിറ്റിങ്ങും പ്രസിദ്ധീകരണവും ഏറ്റെടുത്തു നടത്തിയതിൽ പ്രധാന പങ്കുവഹിച്ചതു് ശ്രീ വി. എ. കേശവൻനായരും എൻ. വി. കൃഷ്ണവാരിയരുമായിരുന്നു. കുടകിലൊരു പ്രസ്സിൽനിന്നാണ് മുദ്രണം ചെയ്തതു്. ആരും അറിയാതെ. പ്രസ്സിലുള്ളവർക്കു് മലയാളലിപിയോ ഭാഷയോ അറിയാത്തതുകൊണ്ടു് ആർക്കും ഒരു സംശയത്തിനുമിടയില്ലാതെ പത്രം മുറയ്ക്കു പുറത്തിറങ്ങി. പക്ഷേ, ഏറെ താമസിയാതെ ഒറ്റുകൊണ്ടാ, പ്രസ്സിൽ മുദ്രണത്തിന്റെ ചുമതലയേറ്റ ആളുടെ അശ്രദ്ധകൊണ്ടോ പോലീസിന്റെ പിടിയിൽ അകപ്പെടുകയാണുണ്ടായതു്. അതോടെ പത്രം നിലച്ചില്ല. പിന്നീടുള്ള ചുമതല ഏറ്റെടുത്തതു കിടാവാണു്. മാധവൻകിടാവിന്റെയും ഉണ്ണിനായരുടേയും അപ്പനായരുടേയും സഹായസഹകരണത്തോടെ ചേമഞ്ചേരിയിലാണു പത്രത്തിന്റെ പ്രവർത്തനം പിന്നെ നടന്നതു്. ത്രിമൂത്തികളുടെ സംരക്ഷണയിലായതുകൊണ്ടു പോലീസിനെ ഭയപ്പെടേണ്ടതില്ല. ഏതു വഴിക്കു്, എങ്ങനെ പോലീസ് വന്നാലും മുൻകൂട്ടി വിവരം കിട്ടാനുള്ള സംവിധാനം അവിടെയുണ്ടായിരുന്നു. അവിടെ ഒറ്റുകാരില്ല. എതിരാളികൾ വല്ലവരും ഉണ്ടെങ്കിൽത്തന്നെ പ്രത്യക്ഷത്തിലെന്തെങ്കിലും പ്രവർത്തിക്കാനവർക്കു ധൈര്യവുമില്ല. അങ്ങനെ പ്രവർത്തനം സുഗമമായി നടന്നുവരവേ, പോലീസിന്റെ ചാരദൃഷ്ടി ചേമഞ്ചേരിയിൽ ഒരു കറുത്ത പുള്ളി കണ്ടെത്തുന്നു. ദീർഘകാലമായി ഒളിപ്രവർത്തനം നടക്കുന്ന സ്ഥലമാണു്. ലാഘവബുദ്ധിയോടെ നേരിടാൻ പറ്റില്ല. വമ്പിച്ച സന്നാഹത്തോടെ തന്നെ പുറപ്പെടണം. പോലീസ് പക്ഷത്തു് അതിനുള്ള ഒരുക്കങ്ങളാണു നടന്നതു്.
ഏറെ താമസിച്ചില്ല. ഒരുനാൾ അർദ്ധരാത്രി റോഡുവഴിയും റയിൽവഴിയും. വലിയൊരു പടതന്നെ എല്ലാ സജ്ജീകരണങ്ങളോടും കൂടി പുറപ്പെട്ടു. ആർക്കും വഴുതിമാറാനോ ചോർന്നുപോകാനോ പഴുതനുവദിക്കാത്ത വിധം പോലീസ് സേന മുന്നേറി. പകലത്തെ ക്ലേശകരമായ ജോലി കഴിഞ്ഞു കൂട്ടുകാർ താവളത്തിൽ കിടന്നുറങ്ങുകയാണു്. നാലു ഭാഗത്തുനിന്നും പോലീസ് അടിവെച്ചടുക്കുന്നു. വീടുകളായ വീടുകളിൽ നിന്നെല്ലാം നായ്ക്കൾ കുരച്ചു ലഹളകൂട്ടാൻ തുടങ്ങി. അപകടം മണത്തറിഞ്ഞ കൂട്ടുകാർ കുഞ്ഞിരാമൻ കിടാവിനെ വിളിച്ചുണർത്തി വിവരം പറഞ്ഞു. ഉടനെ പുറപ്പെടണം. മുദ്രണം ചെയ്ത പത്രങ്ങളും പ്രസ്സും കിടക്കപ്പായയിൽ കെട്ടിയെടുത്തു നാലു പേരും പുറപ്പെട്ടു. എവിടേക്കാണെന്നു കുഞ്ഞിരാമൻ കിടാവിനു് ഒരു രൂപവുമില്ല. മാധവൻകിടാവും കൂട്ടുകാരും ആ കൂരാക്കൂരിരുട്ടിൽ മുൻനടന്നു വഴികാട്ടി. ഭാരം ചുമന്നുകൊണ്ടു കല്ലും മുള്ളം ഇല്ലിപ്പടർപ്പും നിറഞ്ഞ വഴിയിലൂടെ അവർ പൊന്തോടു കുന്നിലെത്തി. കുന്നു് അവർക്കു് അഭയം നല്കി. അവിടെ ഇരുന്നുകൊണ്ടു് പോലീസുകാർ വീടുകൾ പരിശോധിക്കുന്നതും ആളുകളെ ഭേദ്യം ചെയ്യുന്നതും അവർ കണ്ടു. നിരാശതയോടെ, കോപത്തോടെ, ആരേയും കിട്ടാതെ, ഒന്നും സാധിക്കാതെ പോലീസ് സംഘം തിരിച്ചുപോയപ്പോൾ അവർ കുന്നിറങ്ങി കടപ്പുറത്തക്കു നടന്നു. വഞ്ചിയിൽ ചുമടിറക്കി. അവർ തണ്ടുവലിച്ചു. അപ്പനായരും കൂട്ടുകാരും പലപ്പോഴും പോലീസിന്റെ പിടിയിൽ നിന്നു രക്ഷപ്പെടാൻ അറബിക്കടലിനെയാണാശ്രയിച്ചതു്.
മറ്റേതോ ഒരു യുഗത്തിൽ ഭഗവാൻ നിക്ഷേപിച്ച പുറന്തോടു് ഒരു ഐതിഹ്യമായി ഇന്നോളം നിലനിന്നു. ഇന്നാവട്ടെ സ്വാതന്ത്ര്യം നേടാനുള്ള മഹായജ്ഞത്തിൽ പങ്കാളികളായ, പരമധീരരായ, ഏതാനും യുവാക്കൾക്ക് എതിരാളികളുടെ ആയുധം തടുക്കാനുള്ള പരിച പോലെ ആ പുറന്തോടു് നിന്നുകൊടുത്ത കഥയും നമ്മൾ കേട്ടു. ഇനി നൂറ്റാണ്ടുകൾ പൊഴിഞ്ഞു പൊഴിഞ്ഞു വീഴുമ്പോൾ, കാലം കടന്നു കടന്നു പോകുമ്പോൾ പൊന്തോടുകുന്നെന്ന ഈ കർമ്മസാക്ഷി ആർക്കൊക്കെ എന്തിനൊക്കെ അഭയം കൊടുക്കുമെന്നാരറിഞ്ഞു?