വീണ്ടും എന്റെ ഗ്രാമത്തിൽ, എന്റെ വീട്ടിൽ. ശ്രീ നായനാരുടെ അകാലവിയോഗമേല്പിച്ച ആഘാതത്തിൽനിന്നു എനിക്കു മുക്തി നേടാൻ കഴിയുന്നില്ല. വിരസങ്ങളായ ദിവസങ്ങൾ എങ്ങനെയോ തള്ളിനീക്കുന്നു. പഴയ കൂട്ടുകാരെ പലരേയും കാണാനില്ല. ചിലർ പട്ടാളത്തിലാണു്. മറ്റു ചിലർ ജീവിത പ്രാരബ്ധങ്ങളുമായി മല്ലടിച്ചു കഴിയുന്നു. പഴയ ഒത്തുചേരലോ ചർച്ചയോ ശീട്ടുകളിയോ ഒന്നുമില്ല. പൊതുവിൽ ഗ്രാമം തന്നെ പാതി മരിച്ച മട്ടിലാണു്. അവശ്യവസ്തുക്കൾക്കു ഭയങ്കരക്ഷാമം. റേഷൻകടകൾക്കു മുമ്പിൽ അമ്മമാരും പെങ്ങന്മാരും ഭജനമിരിക്കുന്നു. ഓരോ ആഴ്ചയും ഭക്ഷ്യവിതരണം ഓരോ മട്ടിലാണു്. ചിലപ്പോൾ ആഴ്ചയിൽ നാലുദിവസം. മൂന്നു ദിവസമായി ചുരുങ്ങുന്ന സന്ദർഭങ്ങളും വിരളമല്ല. ആഴ്ചയിലെ ഏഴു ദിവസങ്ങൾക്കു മുഴുവനായും റേഷൻ കിട്ടാറില്ല. പന്ത്രണ്ടു് ഔൺസ് അരിയെന്നു റിക്കാർഡിൽ കാണും. അതു പലപ്പോഴും ആറായി ചുരുങ്ങുകയും ശിഷ്ടമുള്ള ആറു് ഔൺസ് വടക്കുനിന്നു് ഇറക്കുമതിചെയ്യുന്ന അതിവിചിത്രമായ പേരോടുകൂടിയ ധാന്യങ്ങൾകൊണ്ടു തികയ്ക്കുകയും ചെയ്യും. ഈ ധാന്യങ്ങളെക്കുറിച്ചു ഗ്രാമത്തിലെ ഒരു കാരണവർ ഒരു കഥ പറഞ്ഞു:
കാരണവർ റേഷൻകടയിൽ അല്പം വൈകിച്ചെന്നതുകൊണ്ടു് അരി കലാശിച്ചിരിക്കുന്നു. കാരണവരാണെങ്കിൽ അരിക്കു പുറമെയുള്ള വസ്തുക്കളൊന്നും വാങ്ങാറില്ല. ‘കടിക്കുന്ന പട്ടിയെ ആരെങ്കിലും വിലയ്ക്കു വാങ്ങാറുണ്ടോ’ എന്നാണു കാരണവരുടെ ചോദ്യം. അരി തീർന്നുപോയെന്നു കേട്ടു് കാരണവർ അന്തംവിട്ടു. ഒരു നേരമെങ്കിലും വയറിലേക്കെന്തെങ്കിലും എറിഞ്ഞുകൊടുക്കാതെ പറ്റുമോ? മനുഷ്യനു് എല്ലാറ്റിലും വലുതു വിശപ്പല്ലേ? അതിനുപശാന്തി കണ്ടില്ലെങ്കിൽ മരിച്ചുപോവില്ലേ? മഹായുദ്ധത്തേയും യുദ്ധത്തിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്ന പേരറിഞ്ഞുകൂടാത്ത ദുഷ്ടന്മാരേയും കഠിനമായി ശപിച്ചുകൊണ്ടു കാരണവർ സഞ്ചിയും പണവും റേഷൻകാർഡും കൊടുത്തു. എന്താണു് അളന്നു സഞ്ചിയിലിടുന്നതെന്നു നോക്കിയതേയില്ല. കിട്ടിയതും കൊണ്ടു വീട്ടിലേക്കു മടങ്ങി. ബജ്രയാണോ സൂജിയാണോ ഗോതമ്പാണോ ഒന്നുമറിഞ്ഞുകൂടാ. അറിഞ്ഞു കൂടാത്ത വസ്തുവായതുകൊണ്ടു്, ദോശചുടാൻ അടുക്കളയിലേക്കു വിളിച്ചുപറഞ്ഞു. കാരണവർ വിശന്ന വയറുമായി അക്ഷമയോടെ ദോശയ്ക്കു വേണ്ടി കാത്തിരുന്നു. അടുക്കളയിൽ വറക്കലും ഇടിക്കലും ഘോഷം. ഒടുവിൽ ഒട്ടു താമസിച്ചാണെങ്കിലും ദോശ മുമ്പിലെത്തി. വിശപ്പിന്റെ കാഠിന്യംകൊണ്ടു കിട്ടിയ പാടെ കാരണവർ ഒരു കഷണം പറിച്ചെടുത്തു വായിൽ തിരുകി. കാർണവർ പറഞ്ഞതാണു്:
”ഥൂ! അശ്രീകരം. വായിലിട്ടു കടിച്ചപ്പം പല്ലു് ദോശയിൽ കുരുങ്ങി. ആകെ മൊത്തം അഞ്ചാറു പല്ലേ വായിലവശേഷിച്ചിട്ടുള്ളൂ. അതാണു ദോശയിൽ കുടുങ്ങിപ്പോയതു്. എത്ര ശ്രമിച്ചിട്ടും പല്ലു വിടുർത്താൻ കഴിയുന്നില്ല. മെഴുകുപോലൊരു വസ്തു. ചവയ്ക്കുമ്പോൾ അതു റബ്ബറാവുന്നു. ഓ! പ്രാരബ്ധം. എന്തിനു പറയുന്നു. ഒരു കണക്കിനു കഷ്ടപ്പെട്ടു പുറത്തേക്കു വലിച്ചെടുത്തു മുറ്റത്തേക്കെറിഞ്ഞു. ഒപ്പം മുമ്പിലുള്ളതും. വിശന്നു മരിച്ചാൽ മരിക്കട്ടെ. ഈ ചവച്ചാൽ ചവയാത്ത വസ്തു വയറ്റിലേക്കു പോണ്ടാ. പോയാ വശക്കേടാവും. എന്താ ഇനി വഴീന്നാലോചിച്ചിരിക്കുമ്പം അതാ വരുന്നു, ഒരു കാക്ക. അതു പാറി മുറ്റത്തുവീണു. ദോശയും കൊത്തി പറക്കുന്നു. പ്ലാവിൻ കൊമ്പിൽ ചെന്നിരിക്കുന്നു. പിന്നെ കാക്കേടെ മരണക്കളിയാണു്. ദോശ കൊക്കിൽ കുടുങ്ങി. വിടുന്നില്ല. മരക്കൊമ്പിൽ വെച്ചടിച്ചു. നഖം കൊണ്ടു മാന്തിപ്പൊളിച്ചു. ദോശ കൊക്കിൽത്തന്നെ. ഒടുവിൽ ഏറെനേരത്തെ അദ്ധ്വാനത്തിനുശേഷം ദോശ കൊക്കിൽനിന്നു വേർപെടുന്നു. താഴെ വീഴുന്നു. കാക്ക പ്രാണനുംകൊണ്ടു പറന്നുപോകുന്നു. പിന്നെ ഇന്നോളം ആ കാക്ക എന്റെ തൊടിയിൽ വന്നിട്ടില്ല. ദോശ ആ കിടപ്പിൽ കിടന്നു വളരെക്കാലം. ഒരു പ്രാണിയും തൊട്ടില്ല.”
കാരണവർ കഥ പറഞ്ഞവസാനിപ്പിച്ചപ്പോൾ കേട്ടുനിന്നവരാരും ചിരിച്ചില്ല. അവരെല്ലാവരും റേഷൻവസ്തുക്കളുടെ കൊടുംശാപമനുഭവിക്കുന്നവരാണ്. മാത്രമല്ല, കളിയും ചിരിയും മറന്നപോലെയായിരുന്നു എന്റെ ഗ്രാമം. കാരണവരുടെ കഥയിൽ അതിശയോക്തിയുണ്ടാവാം! പക്ഷേ, ആ അതിശയോക്തിക്കു പിറകിൽ പൊള്ളുന്ന ഒരു സത്യമുണ്ട്: ഗ്രാമത്തിന്റെ വിശപ്പ്.
ഇടയ്ക്കു ഞാൻ വീട്ടിൽ നിന്നു പുറത്തിറങ്ങും. ഞാൻ കളിച്ചുവളർന്ന, ഓടിനടന്ന സ്ഥലങ്ങളിലൂടെ ലക്ഷ്യമില്ലാതെ ചുറ്റിയലയും. എന്റെ നാവിൻതുമ്പിൽ കുഞ്ഞുന്നാളിൽ സ്വർണ്ണംകൊണ്ട് ആദ്യാക്ഷരങ്ങൾ കുറിച്ച കുരിക്കളുടെ സ്കൂൾ. ഒരിക്കൽ ഞാനവിടെ അദ്ധ്യാപകനായിരുന്നു. സ്കൂളിന്റെ ഓരം ചേർന്നു നടക്കുമ്പോൾ ഒരു പദ്യശകലം, പതുക്കെ ഒഴുകിവരുമ്പോലെ തോന്നി:
നീ വിഷാദിക്കയില്ലയോ?
പരസ്പരസ്നേഹമോടെ
വർത്തിക്കേണ്ടവരാണു നാം.
അതു് എന്റെ ശബ്ദമാണോ? ഞാനാണോ ആ പദ്യം ചൊല്ലുന്നതു്? ഒരു നിമിഷാർദ്ധത്തിലുദയംകൊണ്ട തെറ്റിദ്ധാരണ. ഒരിക്കൽ, അതുവഴി കടന്നു പോയവർ പലരും എന്റെ ശബ്ദം കേട്ടിരിക്കും. സ്കൂളിന്റെ മുറ്റത്തോടു ചേർന്നു പരന്നുകിടക്കുന്ന കൊച്ചുമൈതാനത്തിന്റെ തെക്കു കിഴക്കേ മൂലയിലുള്ള ആൽത്തറ ഒഴിഞ്ഞു കിടക്കുന്നു. ആരെയും കാണാനില്ല. എന്നും സായങ്കാലത്തിവിടെ കാറ്റുകൊള്ളാനും സൊള്ളാനുമെത്തുന്നവരൊക്കെ എവിടെ? ആൽത്തറയ്ക്കപ്പുറമുള്ള യോഗിമഠത്തിലേക്കു നോക്കി. ആളനക്കമില്ല; വിളക്കില്ല. ഒരു ഗ്രാമം പതുക്കെപ്പതുക്കെ മരിക്കുകയാണല്ലോ. യോഗിമഠത്തിനപ്പുറമായിരുന്നു ഭഗവതീവിലാസം നാടകക്കമ്പനി കെട്ടിയുയർത്തിയ കൊട്ടക. അവിടമിപ്പോൾ, കുറ്റിക്കാടുകൾ വളർന്നു നില്ക്കുന്നു. എങ്ങോ ഒരു മഹായുദ്ധം. അതിന്റെ ദുഷിച്ച മാരകമായ ഫലം ഇഴഞ്ഞിഴഞ്ഞു് എന്റെ ഗ്രാമത്തിലുമെത്തിയിരിക്കുന്നു; സർവ്വസംഹാരത്തിനു്.
അങ്ങനെയിരിക്കുമ്പോൾ ഒരുനാൾ ഒരു കൊച്ചു കാറിൽ എന്നെ, അന്വേഷിച്ചു് ഒരാൾ വരുന്നു. കോഴിക്കോട്ടുള്ളപ്പോൾ കണ്ടു പരിചയിച്ച മനുഷ്യനാണ്. ഒരു ഇൻഷുറൻസ് കമ്പനിയുടെ. ഇൻസ്പെക്ടർ. അദ്ദേഹം എന്നെ ഉപദേശിച്ചു; ലോകത്തിൽ വെച്ചു് ഏറ്റവും ഉൽകൃഷ്ടമായതു് ഇൻഷൂറൻസിലെ ജോലിയാണെന്ന് എന്നെ പഠിപ്പിക്കാൻ ശ്രമിച്ചു. ഒരു ഏജന്റാവാൻ നിർബ്ബന്ധിച്ചു. എന്താണു്, എങ്ങനെയാണു് ഇൻഷുറൻസ് ജോലിയെന്നറിഞ്ഞുകൂടാത്ത ഞാൻ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചു. ചുമ്മാ ഇരിക്കുകയല്ലേ, നിർദ്ദോഷമായ ജോലി, ജനസേവനമെന്ന ലക്ഷ്യം, നല്ല വരുമാനം. ഞാൻ ഏജന്റായി. എന്നെ തള്ളപ്പക്ഷി കുഞ്ഞുങ്ങളെ എന്നപോലെ, അദ്ദേഹം പറക്കാൻ പഠിപ്പിക്കുന്നു. സുഹൃത്തുക്കളെ കാണുക, അവരോടു് ഇൻഷ്വരൻസിന്റെ ഗുണഗണങ്ങൾ വാചാലമായി സംസാരിക്കുക, വീഴ്ത്തുക, പോളിസി എടുപ്പിക്കുക, പണം വാങ്ങുക, വാങ്ങിയ പണം കമ്പനിക്കയച്ചു കമ്മീഷൻപറ്റുക. ജോലിയിൽ പ്രവേശിച്ചു് ഏറെ താമസിയാതെ സംഗതിയുടെ ദുർഘടം പിടിച്ച കിടപ്പു മനസ്സിലായി. താമസിയാതെ മിത്രങ്ങൾ മുഴുവൻ ശത്രുക്കളാകുമെന്നും എന്നെ കാണുമ്പോൾ പരിചയക്കാർ മുഴുവനും ഓടിയൊളിക്കാൻ തുടങ്ങുമെന്നും മനസ്സിലായപ്പോൾ, പതുക്കെ പരുക്കില്ലാതെ കെണിയിൽനിന്നു ഞാൻ തലയൂരി. പിന്നെ ദീർഘകാലം ഞാൻ ഇൻസ്പെക്ടറെ ഒളിച്ചുനടന്നു.
ഇപ്പോൾ കെട്ടിയിട്ട തോണി തള്ളിയപോലാണെന്റെ സ്ഥിതി. എങ്ങോട്ടു് എത്ര ഊക്കിൽ തള്ളിയാലും കയറിന്റെ നീളംവരെ ഒഴുകി കെട്ടിയ സ്ഥലത്തേക്കു തന്നെ തോണി തിരിച്ചുവരുന്നു. ഞാനും എന്റെ വീട്ടുവരാന്തയിൽ തിരിച്ചെത്തുന്നു.
അക്കാലത്തു് എന്റെ അയൽപക്കത്തു് ഒരു വക്കീൽ താമസമുണ്ടായിരുന്നു: ശ്രീ പി. കെ. നാരായണൻ നായർ. കോടതിയിലൊന്നും പോകാറില്ല. വെറുതെ ഇരിപ്പാണു്. പരാതിക്കാരായ ഗ്രാമീണർക്കു ഹരജികളെഴുതിക്കൊടുക്കും. പ്രതിഫലമൊന്നും വാങ്ങില്ല. സേവനം. മറ്റു തൊഴിലൊന്നുമില്ല. ഒഴിവുസമയം ധാരാളം. ഞങ്ങൾ എന്നും കാണും. പല കാര്യങ്ങളെപ്പറ്റിയും സംസാരിക്കും. അങ്ങനെ സംസാരിക്കുന്നതിനിടയ്ക്ക് ഒരുദിവസം അദ്ദേഹം പറഞ്ഞു:
“ഒരു ദിനപത്രം തുടങ്ങിയാൽ വേണ്ടില്ലെന്നുണ്ട്.”
“കൊള്ളാവുന്ന സംഗതിയാണ്” ഞാൻ പ്രാത്സാഹിപ്പിച്ചു.
“പരിചയസമ്പന്നനായ ഒരു പത്രാധിപരെ കിട്ടീട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.
“എം. പി. നാരായണൻ നായർ.”
നാരായണൻനായരെ നന്നായറിയാം. ‘പൗരശക്തി’യിൽ സബ് എഡിറ്റായിരുന്നു. ‘അമ്പി’ എന്ന തൂലികാനാമത്തിൽ ധാരാളം ഹാസ്യലേഖനങ്ങളെഴുതീട്ടുണ്ടു്. ഏറെക്കാലമായി കോഴിക്കോട്ടു താമസമാണു്. പി. കെ. നാരായണൻ നായരും എം. പി. നാരായണൻ നായരും ചേർന്നു ‘ദിനപ്രഭ’യെന്ന ദിനപത്രം ആരംഭിച്ചു. പത്രാധിപ സമിതിയിൽ വി. എം. ബാലചന്ദ്രൻ, മി. മുഹമ്മദ്കുഞ്ഞി, എം. ടി. ബാലകൃഷ്ണൻനായർ, മി. അബ്ദുറഹിമാൻ എന്നിവരോടൊപ്പം ഞാനും അംഗമായിരുന്നു. കോർപ്പറേഷൻ ബസ്സ്സ്റ്റാൻഡ് നിലകൊള്ളുന്ന സ്ഥലത്തു് അന്നു ചെറുതും വലുതുമായ വീടുകളായിരുന്നു. ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ ഉടമയായ, കാളൂർ നീലകണ്ഠൻവൈദ്യരുടെ വക ഒരു മാളികവീടുള്ളതു് ദിനപ്രഭയുടെ ഓഫീസിനുവേണ്ടി വിട്ടുതന്നു. ഞാൻ തിക്കോടിയിൽനിന്നു കോഴിക്കോട്ടേക്ക് എന്നും തീവണ്ടിവഴി വരും. തിരിച്ചു പോകും.
എത്രകാലം ‘ദിനപ്രഭ’ നിലനിന്നു എന്നെനിക്കറിഞ്ഞു കൂടാ. സ്വാതന്ത്ര്യസിദ്ധിക്കുശേഷവും കുറേനാൾ ആ പത്രമുണ്ടായിരുന്നു. അവിടെ ജോലിചെയ്യുന്ന കാലത്തു് എനിക്കൊരു കുഞ്ഞു പിറന്നു. അധികം താമസിയാതെ എന്റെ ഭാര്യ മരിക്കുകയും ചെയ്തു. ഒരു സുഖത്തിനൊരു ദുഃഖം; ഒരു നേട്ടത്തിനൊരു നഷ്ടം. പ്രപഞ്ചനീതി അതാണല്ലോ. അതുകൊണ്ടു് രണ്ടും ഞാനേറ്റുവാങ്ങി; ഒന്നു്, അത്യാഹ്ലാദത്തോടെ, മറ്റേതു അതീവദുഃഖത്തോടെ. ഭാര്യയുടെ വേർപാടിനുശേഷം ഞാൻ ദിനപ്രഭയിൽ പോയില്ല. പത്രം പിന്നീടേറെനാൾ ജീവിച്ചതുമില്ല.
അന്നു് എന്റെ വിചാരം എന്റെ ഗ്രാമത്തിൽത്തന്നെ ഒതുങ്ങിക്കഴിയണമെന്നായിരുന്നു. കഷ്ടിച്ചു കഴിഞ്ഞു കൂടാനുള്ള വകയുണ്ട്. ഒരു നാടൻ കൃഷിക്കാരനാവുക. ഹോമിയോപ്പതി പഠിച്ചു കുട്ടികളെ സൗജന്യമായി ചികിത്സിക്കാനുള്ള ഏർപ്പാടു ചെയ്യുക. നഗരജീവിതവും അതിന്റെ ആർഭാടവും ധൃതിയും പൊള്ളത്തരവും അഭിനയവും ഒന്നും വേണ്ട. ഒതുങ്ങിക്കഴിയുക. കഴിവിനൊത്തു മറ്റുള്ളവരെ സഹായിക്കുക. അതായിരുന്നു ചിന്ത. അതിനുവേണ്ടി ചില്ലറ ഒരുക്കങ്ങൾ ചെയ്യുന്ന തിരക്കാണു പിന്നെ. വീട്ടിനടുത്തു പാടത്തു് ഒരു അരയേക്കർ സ്ഥലം വാങ്ങി. അതിനോടു തൊട്ടു തറവാട്ടുഭാഗത്തിൽ കിട്ടിയ ഒരു പുരയിടം കൈവശപ്പെടുത്തുകയും ചെയ്തു. എനിക്കും എന്റെ മകൾക്കും ചെലവിനുള്ള നെല്ലു പാടത്തു കൃഷിചെയ്തെടുക്കാം. പുരയിടത്തിൽനിന്നു കിട്ടുന്ന വരുമാനംകൊണ്ടു മറ്റു കാര്യങ്ങൾ നിവൃത്തിക്കുകയും ചെയ്യാം. ഒരു ചെറിയ കെട്ടിടം വെക്കണം. അവിടെ കുട്ടികളുടെ സൗജന്യചികിത്സയ്ക്കുള്ള സൗകര്യം ഉണ്ടാക്കുക.
മനോരാജ്യം തുടർന്നീടവേ
ദൈവത്തിൻ മനമാരു കണ്ടു
പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം.
കോഴിക്കോട്ടുനിന്നു കുഞ്ഞപ്പേട്ടന്റെ ഒരു കത്തു വരുന്നു. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു:
“കത്തു കിട്ടിയ ഉടനെ, താമസിക്കരുതു്, ആകാശവാണിയിൽ ചെന്നു കോന്നിയൂർ ആർ. നരേന്ദ്രനാഥൻനായരെ കാണുക. അമാന്തിക്കരുതു്. അടിയന്തരമാണ്.”
കത്തെഴുതിയതു കുഞ്ഞപ്പേട്ടനാണു്. സംഗതി എന്തായാലും അനുസരിക്കുകയേ നിവൃത്തിയുള്ളു. എന്താണെന്നന്വേഷിക്കാൻ മിനക്കെട്ടില്ല. ഞാൻ കോഴിക്കോട്ടു പോകാനും കോന്നിയൂർ ആർ. നരേന്ദ്ര നാഥനെ കാണാനും തീരുമാനിച്ചു.