തിരക്കു കൂടിയ ദിവസങ്ങൾ. ശ്രീ നായനാർ താനൂരിൽനിന്നു കോഴിക്കോട്ടേക്കു താമസം മാറ്റി. അദ്ദേഹത്തിന്റെ ദ്വിതീയ പത്നിയും അമ്മയില്ലാത്ത കൊച്ചുമകൾ ഗിരിജയും. ഗിരിജയ്ക്കന്നു് ഏതാണ്ടു നാലുവയസ്സുണ്ടാവും. ശരിക്കോർക്കുന്നില്ല; ഊഹമാണു്. വാടകവീടു് പറയഞ്ചേരിയിലാണു്. താമസം തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു:
“വീട്ടിലേക്കു വന്നോളൂ; ഇനി അവിടെ താമസിക്കാം.”
ഞാൻ തലചൊറിഞ്ഞു മിണ്ടാതെ നിന്നു.
“കൊതുകടിയും സഹിച്ചു് ഇവിടെ ആപ്പീസിൽ കഴിയണ്ട. അവിടെ ധാരാളം സ്ഥലമുണ്ട്. വന്നോളൂ.”
ആ അപാരവാത്സല്യത്തിനു മുമ്പിൽ ഞാൻ വീണ്ടും മൗനിയായി. തുടർന്നദ്ദേഹം ഒന്നും പറഞ്ഞില്ല. എനിക്കെന്തോ വൈമനസ്യമുണ്ടെന്നു മനസ്സിലാക്കിയിരിക്കും. എനിക്കൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. ആപ്പീസ് വിട്ടുമാറാനുള്ള മടിയായിരുന്നു. പട്ടണത്തിൽ അലഞ്ഞു തിരിയുന്ന, എന്റെ ചില സുഹൃത്തുക്കൾ വൈകീട്ടു ചേക്കേറാൻ വരുന്നതു് എന്റെ ആപ്പീസിലാണു്. കൂട്ടത്തിൽ പ്രത്യേകമോർക്കുന്ന രണ്ടുപേർ: ആവള ടി. കുഞ്ഞിരാമക്കുറുപ്പും കെ. എ. കൊടുങ്ങല്ലൂരും രണ്ടുപേരും നല്ല രാഷ്ട്രീയക്കാരാണന്നു്. എനിക്കങ്ങനെയൊന്നുമില്ല. രണ്ടുപേരോടും ഞാൻ പലപ്പോഴും വിവരമില്ലാതെ വാദിക്കാറുണ്ടായിരുന്നു. ശബ്ദഘോഷത്തിൽ ഞാൻ ജയിക്കും. തത്ത്വത്തിൽ അവരും, അവർ പഠിച്ചവരായിരുന്നു; അപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നവരായിരുന്നു. അതുപോലെ വേറെയും ചില സുഹൃത്തുക്കളെനിക്കുണ്ടായിരുന്നു. അവരെ കാണുന്നതും അവരുമായി മേളിക്കുന്നതുമെല്ലാം ആപ്പീസ് സമയം കഴിഞ്ഞിട്ടാണു്. ആഹാരത്തിനു് അടുത്തുതന്നെ ആര്യഭവനുണ്ടു്. സിനിമ കാണാൻ രാധാതിയേറ്റർ തൊട്ടടുത്താണു്. ശ്രീ നായനാരോടൊപ്പം താമസിച്ചാൽ ഈ സുഖങ്ങളൊക്കെ നഷ്ടപ്പെടും. ‘സുഖങ്ങൾ വെറും ജാലങ്ങ’ളാണെന്നു പഠിപ്പിച്ച കവിവാക്യമൊന്നും ശ്രദ്ധിക്കേണ്ട പ്രായമായിരുന്നില്ല അന്നു്. അതുകൊണ്ടു് ആപ്പീസിൽത്തന്നെ ചടഞ്ഞുകൂടാൻ തീരുമാനിച്ചു.
അന്നു തിരക്കു കൂടിയ ദിവസങ്ങളാണെന്നു പറഞ്ഞല്ലോ. നായനാർ കോഴിക്കോട്ടേക്കു താമസം മാറിയതോടെ മിക്ക ദിവസങ്ങളിലും ആപ്പീസിൽ വന്നിരിക്കും. അതോടെ സന്ദർശകരുടെ ബഹളവും ആരംഭിക്കും. സമൂഹത്തിന്റെ താഴേപടവിലുള്ളവർ തുടങ്ങി ഉന്നത ശ്രേണിയിൽ വർത്തിക്കുന്നവരടക്കം പലരും വന്നുകൊണ്ടിരിക്കും. എല്ലാവർക്കും അദ്ദേഹത്തിന്റെ സേവനം ആവശ്യമുണ്ട്. ആരേയും അദ്ദേഹം മുഷിപ്പിക്കില്ല. എത്ര ചെറിയ കാര്യമായാലും ശ്രദ്ധയോടെ കേൾക്കും. അക്ഷമ എന്തെന്നറിഞ്ഞു കൂടാ. മനുഷ്യനന്മയെ മുൻനിത്തിയുള്ള ഏതു പ്രസ്ഥാനത്തെയും സഹായിക്കാനദ്ദേഹം തയ്യാറായിരുന്നു. രാഷ്ട്രീയ പരിഗണനയില്ലാതെ ആരോടും സഹകരിക്കും.
ഈ പ്രവർത്തന ശൈലി ചിലപ്പോഴൊക്കെ അദ്ദേഹത്തെ വിഷമിപ്പിക്കാറുണ്ടു്. കോൺഗ്രസ്സുകാർ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റെന്നും കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തെ കോൺഗ്രസ്സെന്നും പറയുന്നതു് ഞാൻ കേട്ടിട്ടുണ്ടു്. ഈ രണ്ടു വിഭാഗത്തിൽ മാത്രമല്ല, സോഷ്യലിസ്റ്റുകാർക്കിടയിലും അതുപോലുള്ള മറ്റു സംഘടനകളിൽ അംഗങ്ങളായവർക്കിടയിലും അദ്ദേഹത്തിനു ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ആരെന്തു വിളിച്ചാലും പറഞ്ഞാലും അദ്ദേഹത്തിലതു പ്രത്യേകിച്ചൊരു വികാരവും സൃഷ്ടിക്കാറില്ല. ആരുടെ കൂടെയും സേവനത്തിനിറങ്ങാൻ ചെറിയൊരു നിമിഷത്തിന്റെ താമസം മാത്രം; മേശപ്പുറത്തുള്ള തൊപ്പിയെടുക്കണം തലയിൽ വെക്കണം—റെഡി.
അന്നൊരു ദിവസം രാവിലെ രണ്ടുപേർ ആപ്പീസിൽ കയറി വരുന്നു. ഉദ്ദേശ്യം ചോദിച്ചറിയാതെതന്നെ ഞാനവർക്കു് ആപ്പീസ് മുറിയിലേക്കു വഴികാണിച്ചു. അദ്ദേഹം അവിടെയിരുന്നു് എന്തോ ടൈപ്പ് ചെയ്യുകയാണു്. ആഗതർ അകത്തു കടന്നപ്പോൾ ടൈപ്പ്റൈറ്ററിന്റെ ശബ്ദം നിലച്ചു. പിന്നെ സംഭാഷണമാണു്. ആഗതർ വളരെ പതുങ്ങിയും പരുങ്ങിയും സംസാരിക്കുന്നതുകൊണ്ടു് എന്താണവരുടെ ഉദ്ദേശ്യമെന്നു് ഇപ്പുറത്തിരിക്കുന്ന എനിക്കു മനസ്സിലാക്കാൻ കഴിയുന്നില്ല. ശ്രീ നായനാരുടെ വാക്കുകൾ വളരെ വ്യക്തമായിരുന്നു.
“അഃ എന്താ? എന്താ വിശേഷം?”
ദീർഘകാലത്തെ പരിചയമുള്ളവരോടെന്നവിധം നായനാർ ചോദിക്കുന്നു, മറുപടി പിറുപിറുപ്പമാത്രം, അദ്ദേഹം തുടർന്നു ചോദിക്കുകയും തന്നെത്താൻ പറയുകയും ചെയ്യുന്നു:
”സമ്മേളനമോ?… നല്ലതു്… എന്തു്? ഞാനോ? ഞാൻ സമ്മേളനത്തിൽ പങ്കെടുക്കണമെന്നോ?… അവിടെ എത്തിച്ചേരാൻ വഴിയുണ്ടോ? പയ്യന്നൂരിൽ വണ്ടിയിറങ്ങിയാൽ അങ്ങട്ടു് വല്ല വാഹനവും കിട്ടുമോ?… അഃ കിട്ടില്ലെന്നു്… അപ്പോൾ നടന്നുതന്നെ വരണം… മറ്റാരേയും അന്വേഷിച്ചില്ലേ?… ആരും വരില്ലെന്നോ?… അപ്പോൾ ഞാൻ തന്നെ വരണമെന്നു്. ശരി; എങ്ങനേയും സമ്മേളനം നടന്നല്ലേ പറ്റൂ. ഞാൻ വരാം. ഒരു കാര്യം. വണ്ടി വരാൻ നേരത്തു് സ്റ്റേഷനിൽ ആരെങ്കിലും ഉണ്ടാവണം… ശരി.
ആഗതർ വളരെ സന്തോഷത്തോടെ യാത്രപറഞ്ഞു. പിരിഞ്ഞു പോകുന്നതു് ഞാൻ കണ്ടു. അദ്ദേഹത്തിന്റെ ആ മനോഭാവത്തിനു മുന്നിൽ ആരും നമസ്കരിച്ചു പോകും. അദ്ദേഹം ഒട്ടും സുഖമില്ലാതിരിക്കുന്ന സമയമാണു്. കാലിലെ എക്സിമ വളരെ കൂടുതലായിരിക്കുന്നു. നീരും പഴുപ്പുമുണ്ട്. നടക്കുമ്പോൾ കലശലായ വേദനയും. ചെല്ലുന്നേടത്തൊക്കെ അദ്ദേഹത്തിന്റെ അസുഖം കണ്ടറിഞ്ഞു് വിദദ്ധരായ ചില വൈദ്യന്മാർ തയ്യാറാക്കിക്കൊടുത്തയച്ച ആസവാരിഷ്ടങ്ങളും ഘൃതങ്ങളുമൊക്കെ കുപ്പികളിലായും ഭരണികളിലായും ആപ്പീസിൽ ഇരിപ്പുണ്ടു്. ഒന്നും കഴിക്കാറില്ല. കഴിക്കാനിട കിട്ടാറുമില്ല. എന്നിട്ടും അദ്ദേഹം സമ്മതിച്ചു. ഏറെനാഴിക നടന്നു ഒരു ഉൾനാടൻ ഗ്രാമത്തിലെ സമ്മേളനത്തിൽ പങ്കെടുക്കാമെന്നു്.
അന്നൊരു ബുധനാഴ്ചയായിരുന്നു. അതെ, ഓർമ്മ തെറ്റിയിട്ടില്ല. തെറ്റാൻ കാരണമില്ലെന്നു വഴിയേ മനസ്സിലാവും. അടുത്ത വെള്ളിയാഴ്ചയാണു് സമ്മേളനം. വ്യാഴാഴ്ച പുറപ്പെടണം. ഇല്ല; അദ്ദേഹം പോവില്ല. ഒരു കമ്പിയടിക്കാൻ പറയും. ആരോഗ്യസ്ഥിതി അത്ര മോശമാണു്. പിന്നെ, സമ്മേളനത്തെപ്പറ്റി അദ്ദേഹം ഒന്നും പറഞ്ഞു കേട്ടിരുന്നില്ല. അത്രയും ആശ്വാസം. മറന്നുപോവട്ടെ. ഇതെല്ലാം എന്റെ മനക്കോട്ടകൾ മാത്രമാണ്. വ്യാഴാഴ്ച ആപ്പീസിൽ വന്നു കയറിയതും എന്നെ വിളിച്ചു:
“ഞാനിന്നു് പയ്യന്നൂർക്കു പോകും.” എന്താണു പറയേണ്ടതെന്നു് എനിക്കൊരു പിടിയുമില്ല. ആ പോക്കു തടയണമെന്നു കലശലായ മോഹം. എന്തു പറയും? എങ്ങനെ പറയും? തുടർന്നെന്തോ പറയാൻ തുടങ്ങുന്നതിനു മുൻപേ ഞാൻ അദ്ദേഹത്തോടു പറഞ്ഞു:
“നടന്നുപോകാൻ വലിയ ബുദ്ധിമുട്ടല്ലേ? കാലിനു സുഖമില്ലല്ലോ.”
അദ്ദേഹം ചിരിച്ചു. അഹിതമായി വല്ലതും പറഞ്ഞു കേട്ടാലൊരു ചിരിയുണ്ടു്; ആ ചിരി. ചിരിക്കു മുമ്പിൽ ഞാൻ ചൂളി.
“അതൊന്നും സാരമില്ല. ഞാനിന്നു പോകും. ശനിയാഴ്ച മോളുടെ പിറന്നാളാ.”
ഗിരിജയുടെ പിറന്നാൾ.
“അതൊന്നാഘോഷിച്ചുകളയാം. എന്താ?”
ഗിരിജയുടെ പിറന്നാളാഘോഷിക്കുന്നതു് എനിക്കു പരമസന്തോഷമാണു്. എനിക്കു് മാത്രമല്ല, അദ്ദേഹവുമായി ഇടപഴകുന്ന എല്ലാവർക്കും.
“ഒരുകാര്യം ചെയ്യണം. എന്തൊക്കെ ഒരുക്കങ്ങൾ വേണമെന്നു ഞാൻ പറയേണ്ടല്ലോ. എല്ലാം വേണം. എല്ലാവരെയും വിളിക്കണം. ആരേയും വിട്ടുപോകരുതു്. ഞാൻ ശനിയാഴ്ച മംഗലാപുരം മെയിലിനു ഇവിടെയെത്തും. അപ്പോൾ ക്ഷണിച്ചവരെല്ലാം വീട്ടിലുണ്ടാവണം. എല്ലാം ഒരുങ്ങിയിരിക്കണം.”
അദ്ദേഹം വ്യാഴാഴ്ച പയ്യന്നൂർക്കു പോയി. വെള്ളിയും ശനിയും എനിക്കു തിരക്കിട്ട ജോലിയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ മുഴുവനും നേരിൽക്കണ്ടു ക്ഷണിച്ചു. വിഭവങ്ങളൊരുക്കി. നാലരയ്ക്കും അഞ്ചിനുമിടയിലോ അതോ അഞ്ചിനും അഞ്ചരയ്ക്കുമിടയിലോ എപ്പോഴാണു് മെയിൽവണ്ടി വരുന്നതെന്നു വ്യക്തമായി ഇപ്പോൾ ഓർക്കുന്നില്ല. ഏതായാലും വൈകീട്ടു് പാർട്ടിയുടെ സമയത്ത് അദ്ദേഹം എത്തും. എത്താതിരിക്കില്ല.
സുഹൃത്തുക്കൾ ഓരോരുത്തരായി വന്നുതുടങ്ങി. കുഞ്ഞപ്പേട്ടൻ, രാമജി, രാമൻകുട്ടി നായർ അങ്ങനെ പലരും. നേരമ്പോക്കു പറഞ്ഞും. ചിരിച്ചും നായനാരുടെ വരവും കാത്തു് എല്ലാവരും സമയം കഴിച്ചു. അഞ്ച്, അഞ്ചര. അദ്ദേഹം വരില്ലേ? വണ്ടിതെറ്റിയോ? പരിഭ്രമമായി. ആഹ്ലാദത്തിമിർപ്പോടെ ആഘോഷിക്കേണ്ട പിറന്നാൾ; അതിലൊരപസ്വരം കലരുകയോ? ഇല്ല; അങ്ങനെ സംഭവിക്കില്ല, വണ്ടി വൈകിയതാവും. വണ്ടി വന്നാലും സ്റ്റേഷനിൽനിന്നു പറയഞ്ചേരിയെത്താൻ സമയമെടുക്കില്ലേ? റിക്ഷവലിക്കുന്നതു് മാധവൻനായരാണെങ്കിൽ വേഗത്തിലിങ്ങെത്തുമെന്നും കൂട്ടത്തിലാരോ പറഞ്ഞു. റിക്ഷക്കാരുടെ കൂട്ടത്തിൽ തടിമിടുക്കുള്ള ആളായിരുന്നു മാധവൻനായർ.
സമയം പിന്നേയും നീങ്ങി. ഇപ്പോൾ ആരും ഒന്നും സംസാരിക്കുന്നില്ല. സന്ധ്യയുടെ ചുവപ്പുരാശി പതുക്കെ മങ്ങി. ഇരുട്ടു പരക്കാൻ തുടങ്ങി. ആർക്കും ഒന്നും പറയാനില്ല. ഊഹാപോഹങ്ങളൊക്കെ അവസാനിച്ചിരിക്കുന്നു. അദ്ദേഹം വരില്ലെന്നുറപ്പായി. പാർട്ടി നടന്നില്ല. പരസ്പരം ഒന്നും സംസാരിക്കാതെ, ഓരോരുത്തരായി യാത്രപോലും പറയാതെ, പടികടന്നു നടന്നു. ഇരുട്ടിൽ അലിഞ്ഞലിഞ്ഞു് ഇല്ലാതായി.
ആ ഇരുട്ടിന്റെ ശൂന്യതയിലേക്കു നോക്കി മിണ്ടാതെ ഞാനെത്ര നേരം നിന്നോ; അറിഞ്ഞുകൂടാ. ഒന്നും അറിയാതെ, അച്ഛൻ വന്നില്ലെന്ന സത്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ അവിടമെല്ലാം ഓടി നടക്കുന്ന കൊച്ചുമോളെ നോക്കി നെടുവീർപ്പിടുന്ന മിസ്സിസ് നായനാരുടെ അടുത്തു ചെന്നു ഞാൻ യാത്രപറഞ്ഞു. ശനിയാഴ്ച വൈകിട്ടു എന്നും നാട്ടിലേക്കു പോകുന്ന പതിവുണ്ടു്. അതു മുടക്കേണ്ടെന്നു കരുതി ഞാനും പടിയിറങ്ങി.
മനസ്സുനിറയെ അസ്വസ്ഥതയായിരുന്നു. എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ കഴിയാത്ത അസ്വസ്ഥത. ഞായറാഴ്ച പുലർന്നു. കുടുംബത്തോടൊത്തു സന്തോഷിച്ചു കഴിയേണ്ട ദിവസമാണു്. എന്തോ ഒരുന്മേഷക്കുറവു്. തിരിച്ചു കോഴിക്കോട്ടെത്തിയാൽ മതിയെന്ന തോന്നലായിരുന്നു അന്നുമുഴുവൻ. അങ്ങനെ ഒരു മുഷിപ്പിൻ ദിവസമവസാനിപ്പിച്ചു് തിങ്കളാഴ്ച കാലത്തെ വണ്ടിക്കു് ഞാൻ കോഴിക്കോട്ടെത്തുന്നു. എന്നുമെന്ന പോലെ മാതൃഭൂമി ആപ്പീസിൽ കയറി. ഒരു പത്രം കൈവശപ്പെടുത്തി എന്റെ ആപ്പീസിലേക്കു നടക്കുന്നു. നടക്കുമ്പോൾ പത്രം നിവർത്തി ഒന്നോടിച്ചു നോക്കുന്നു. അതാ, എഡിറ്റോറിയൽ പേജിൽ ശ്രീ നായനാരുടെ പടം. പടം കണ്ടയുടനെ തീരുമാനിച്ചു, അദ്ദേഹം പുതിയ ഏതോ പ്രസ്ഥാനത്തിനു് തുടക്കമിട്ടിട്ടുണ്ടെന്നു്.
പടത്തിനോടു ചേർന്ന വാർത്ത വായിക്കാൻ തുടങ്ങിയപ്പോൾ എന്റെ കാലിന്നടിയിൽനിന്നു ഭൂമി തെന്നിപ്പോകും പോലെ, അക്ഷരങ്ങൾ മങ്ങിമറയും പോലെ. മുന്നിൽ പരന്ന ശൂന്യത. ആ വാർത്ത ആയിരം ഫണമുള്ളൊരു സർപ്പത്തെപ്പോലെ. എന്റെ മർമ്മങ്ങൾ തോറും കൊത്തുന്നു; എന്റെ ബോധമണ്ഡലം മുഴുവനും ഇരുട്ടു വ്യാപിക്കുന്നു. അലമുറകൊള്ളുന്ന, മൂകതയിൽ മുങ്ങുന്ന അനാഥാലയങ്ങൾ എന്റെ മനസ്സിന്റെ താളം തെറ്റിക്കുന്നു. അവരുടെ ഭാവിയെന്തു്? അവർക്കിനി ആശ്രയമാരു്?
അന്നു മാതൃഭൂമി എഴുതിയ മുഖപ്രസംഗത്തിലെ ചെറിയൊരംശം ഇവിടെ കുറിക്കട്ടെ:
“മലബാറിലെ പൊതുജീവിതത്തിന്നു ശ്രീമാൻ വി. ആർ. നായനാരുടെ നിര്യാണംകൊണ്ടുണ്ടായിട്ടുള്ള നഷ്ടം നികത്താനാവാത്ത ഒന്നാണെന്നു് അതിശയോക്തിസ്പർശം കൂടാതെ പറയാം. രാഷ്ട്രനിർമ്മാണപരമായ പ്രസ്ഥാനങ്ങളിൽ അദ്ദേഹം വഹിച്ചിരുന്ന സർവ്വപ്രഥമമായ സ്ഥാനം മലബാറിലെ വിദൂരഗ്രാമങ്ങളിലെ അനഭിജ്ഞ ജനങ്ങൾക്കു കൂടിയും അവരുടെ നിത്യജീവിതത്തിൽ അനുഭവപ്പെട്ടിരിക്കത്തക്കവണ്ണം അത്രയും പ്രകടമാണു്. സദായാസവും സദാ പ്രസന്നവുമായ അദ്ദേഹത്തിന്റെ സരളസ്വഭാവം മലബാറിന്നു ഒരു നേട്ടമായിരുന്നു. ഭാരത സേവാസംഘത്തിന്റെ മലബാർ ശാഖയുടെ ജീവനാഡി, ഹരിജന സേവാസംഘം തുടങ്ങിയ നിർമ്മാണപ്രസ്ഥാനങ്ങളുടെ പ്രമുഖ പ്രവർത്തകൻ, പൊതുജീവിതത്തിന്റെ കാതലായ ഭാഗങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ അതതുകാലത്തു ശേഖരിച്ചുവെക്കുകയെന്ന അനാകർഷകവും വിഷമകരവും, എന്നാൽ അതിപ്രധാനവുമായ പ്രവൃത്തിയിൽ പ്രത്യേകവൈദഗ്ദ്ധ്യം നേടിയ രാജ്യസേവകൻ, എല്ലാറ്റിലും ഉപരിയായി ഏറ്റവും ഹൃദയാലുവായ ഒരു മനുഷ്യൻ—ഇതായിരുന്നു ശ്രീ വി. ആർ. നായനാർ. സ്വാർത്ഥസുഖങ്ങളെ സംബന്ധിച്ചേടത്തോളം അദ്ദേഹം മിക്കവാറും ഒരു യോഗിയായിരുന്നു…”