ആകാശവാണിയുടെ കോഴിക്കോടു കേന്ദ്രം പെറ്റുവീഴുന്നതു 1950 മെയ് മാസത്തിലാണല്ലോ. കുഞ്ഞപ്പേട്ടന്റെ കത്തു കിട്ടുന്നതു് അതേവഷം സെപ്തംബർ മാസത്തിലും. കത്തിൽ സൂചിപ്പിച്ച കോന്നിയൂർ ആർ. നരേന്ദ്രനാഥൻനായരെ ഒരിക്കൽ കണ്ടു പരിചയിച്ചിട്ടുണ്ടു്. സെപ്തംബർ 13-ാം തീയതി. കൃത്യമായി ഓർക്കാൻ കാരണം അന്നു് സഞ്ജയന്റെ ചരമദിനമായിരുന്നു. സഞ്ജയനെക്കുറിച്ച് ഒരു പ്രഭാഷണം തയ്യാറാക്കി ആകാശവാണിയുടെ കോഴിക്കോടു കേന്ദ്രത്തിൽ എത്തണമെന്നു് എനിക്കൊരു ഉത്തരവു കിട്ടുന്നു. ഉത്തരവിൻപടി ഞാൻ സംഗതി തയ്യാറാക്കി കേന്ദ്രത്തിലെത്തുന്നു. ശ്രീ കോന്നിയൂരാണ് എന്നെ വിളിച്ചു സ്റ്റുഡിയോവിൽ കൊണ്ടു പോയതും പ്രഭാഷണം വായിച്ച് സമയ പരിധിയിൽ ഒതുക്കിനിർത്താനുള്ള രീതികളും മറ്റും മനസ്സിലാക്കിച്ചുതന്നതും. പ്രക്ഷേപണവിഷയത്തിൽ എന്റെ ആദ്യ ഗുരു ശ്രീ കോന്നിയൂരാണോ? തറപ്പിച്ചു പറയാൻ വയ്യ. സ്വാതന്ത്ര്യ ലബ്ധിയെത്തുടർന്നു് മദിരാശിയിലെ ’വാനൊലി’ കേന്ദ്രം മലയാളിക്കും അല്പസ്വല്പമൊക്കെ പ്രക്ഷേപണസൗകര്യം ചെയ്തുകൊടുക്കണമെന്ന നിർദ്ദേശം ഉണ്ടായി. അന്നു മലയാളിക്കു സ്വന്തമായി പ്രക്ഷേപണ കേന്ദ്രമുണ്ടായിരുന്നില്ല. പുതിയ നിർദ്ദേശപ്രകാരം അവിടെയും ഇവിടെയും കിടക്കുന്ന ചില മലയാളികളെ പ്രക്ഷേപണത്തിനുവേണ്ടി മദിരാശി നിലയം ക്ഷണിക്കാറുണ്ടു്. കൂട്ടത്തിൽ ഒരു ക്ഷണം എനിക്കും കിട്ടി, ശരിക്കും പറയേണ്ടത് നറുക്കു വീണെന്നാണു്. അതു് 1948-ലായിരുന്നു. പ്രഭാഷണവിഷയം ‘എന്നെ ഏറ്റവും ചിരിപ്പിച്ച നിമിഷങ്ങൾ’.
നിമിഷങ്ങൾ പെറുക്കിക്കൂട്ടി മാല കൊരുത്തു് ആ മാലയും കൊണ്ടു ഞാൻ മദിരാശിയിലെത്തി. അന്വേഷിച്ചുപിടിച്ചു് നിലയം കണ്ടെത്തുന്നു. അപ്പോൾ സത്യത്തിൽ അല്പം പരിഭ്രമിക്കാതിരുന്നില്ല. എന്താണു്, എങ്ങനെയാണു് പ്രക്ഷേപണമെന്നു് ഒരു പിടിയുമില്ല. ഈ പ്രക്ഷേപണമെന്നു പറയുന്നതു് വല്ല വലിയ ഗോപുരത്തിന്റെ മുകളിലും കേറിനിന്നു് ഉറക്കെ പാടുകയായിരിക്കുമോ, വായിക്കുകയായിരിക്കുമോ? അങ്ങനെ വിചാരിക്കാൻ എന്നെ സംബന്ധിച്ച ചില ന്യായങ്ങളൊക്കെയുണ്ടു്. എന്റെ ജന്മദേശത്തൊരു ദീപസ്തംഭമുണ്ടു്. സാമാന്യം ഭേദപ്പെട്ട സ്തംഭം. രാത്രി മുഴുവൻ അതു് കറങ്ങിക്കൊണ്ടിരിക്കും. അവിടെ ഞാൻ പോയിട്ടുണ്ടു്. സ്തംഭത്തിൽ കയറീട്ടുമുണ്ടു്. എനിക്കും കിട്ടണം പണം എന്നു പറഞ്ഞിട്ടില്ല. അതു കത്തിക്കുന്നതും തിരിക്കുന്നതും സമൃദ്ധമായ വെളിച്ചം ചുറ്റും പ്രസരിപ്പിക്കുന്നതും ലെറ്റ് കീപ്പർമാരാണു്. പ്രക്ഷേപണമെന്നു പറയുന്നതു് അങ്ങനെ വല്ല ഏർപ്പാടുമായിരിക്കുമോ? ആണെങ്കിൽത്തന്നെ വളരെയേറെ പരിഭ്രമിക്കാനില്ല. ദീപസ്തംഭത്തിൽ പലകുറി കേറീട്ടുണ്ടു്. തല ചുറ്റീട്ടില്ല.
മദിരാശിയിലെ വാനൊലി നിലയത്തിൽ എത്തി സന്ദർശകമുറിയിൽ കയറി ഇരിപ്പുറപ്പിച്ചു. ഒരു ശിപായി കൂട്ടിക്കൊണ്ടുപോയി ഇരിക്കാൻ പറഞ്ഞതുകൊണ്ടുമാത്രം ഇരുന്നതാണു്. അപ്പോ! എന്തൊരു സന്ദർശകമുറി! എന്തെല്ലാം അലങ്കാരങ്ങൾ! സിംഹാസനങ്ങളെ വെല്ലുന്ന കസേരകൾ. മിനുമിനുങ്ങനെ മിന്നുന്ന ‘പൂപ്പാത്രങ്ങൾ’ പൊന്നു കൊണ്ടാണെന്നു തോന്നിക്കുംവിധം തിളങ്ങുന്ന ‘വെണ്ണീർപാത്രങ്ങൾ’ (ആഷ് ട്രേ). ഒന്നും പറയണ്ടാ, തിക്കോടിക്കാരൻ വിയർത്തുകുളിച്ച് വിവശനായി സിംഹാസനങ്ങളൊന്നിൽ ‘ഇരുന്നു—എന്നാൽ ഇരുന്നില്ല’ എന്നമട്ടിൽ എന്താ പറയേണ്ടതു്, ആ സിംഹാസനത്തിനു ചേർന്നതു് സംസ്കൃതമാണു്—ഉപവിഷ്ടനായി.
രാത്രി ഏഴേമുക്കാലിനോ മറ്റോ ആണു് പ്രക്ഷേപണം. സ്വല്പം പരിഭ്രമിച്ചതുകൊണ്ടു് നേരത്തെ കേറി സ്ഥലം പിടിച്ചതാണു്. കോടതിയിലെപ്പോലെ വല്ല ഹാജരുവിളിയോ മറ്റോ ഉണ്ടെങ്കിൽ ആളെ കാണാതെ പോയാൽ അപകടമല്ലേ എന്ന ചിന്തകൊണ്ടാണു നേരത്തെ കേറിപ്പറ്റിയതു്. അവിടെ ചുമ്മാ ഇരിക്കുമ്പോൾ മനുഷ്യജീവിതത്തിന്റെ ഓരോരോ അന്തേല്ലായ്മകളെപ്പറ്റി ഓർക്കുകയായിരുന്നു.
കുട്ടിക്കാലത്തു ‘പെട്ടിപ്പാട്ടു്’ വന്നിട്ടുണ്ടെന്നു കേട്ടു് അതു കാണാൻ കുറെയേറെ ബുദ്ധിമുട്ടീട്ടുണ്ട്. കുറ്റ്യോത്തു് അസൈനാർ എന്നാരാളുടെ കടയിലാണു് പെട്ടിപ്പാട്ടു്—ഗ്രാമഫോൺ–വന്നതു്. ഞങ്ങൾ ഏതാനും കുട്ടികൾ അതു കാണാനും അതിലൂടെ മനുഷ്യനില്ലാതെ മനുഷ്യൻ പാടുന്നതു കേൾക്കാനും ചെന്നു നിന്നിട്ടുണ്ടു്. ‘പൂങ്കാവിനോദമേ’ എന്നൊരു പാട്ടു കേട്ടു പുളകം കൊണ്ടിട്ടുണ്ടു്. കാലം കുറച്ചുകൂടി നീങ്ങിയപ്പോൾ റേഡിയോ എന്നൊരു വസ്തു വരുന്നു. അതിന്റെ അതിശയങ്ങൾ ജനം അവിടെയും ഇവിടെയും ഇരുന്നു പറയുന്നു. അനേകം കാതം അകലങ്ങളിലുള്ള ശബ്ദം പിടിച്ചെടുത്തു് നിങ്ങളുടെ കാതുകളിലെത്തിക്കുന്ന മഹാദ്ഭുതം! അവനെയൊന്നു കാണണം. അവന്റെ ശബ്ദമൊന്നു കേൾക്കണം. അതിൽ നിന്നു പുറത്തുവരുന്നതു് ശകാരമായാലും വേണ്ടില്ല കേട്ടേ കഴിയൂ എന്നായി. അതിനുള്ള സൗകര്യമെങ്ങനെ സിദ്ധിക്കും? എവിടെയുണ്ടു് റേഡിയോ? അന്വേഷിച്ചന്വേഷിച്ചു് കണ്ടെത്തി. കോഴിക്കോട്ടു പോയാൽ മാതൃഭൂമിയിൽ ചെന്നു റേഡിയോവും കണ്ടു് തിരിച്ചുപോരാൻ കഴിയുമെന്ന സന്തോഷവാത്ത ആരോ അറിയിക്കുന്നു. പിന്നെ താമസിച്ചില്ല. മാതൃഭൂമിയിലെത്തി. ഞങ്ങൾ മൂന്നുനാലു പേരുണ്ടു്. അന്നവിടെ റേഡിയോവിനു ഒരു പാപ്പാൻ ഉണ്ടായിരുന്നു. ഒരു വലിയ മരപ്പെട്ടിയിൽ സൂക്ഷിച്ചു വെച്ച ആ വസ്തുവിനെ പാപ്പാൻ തുറന്നു കാട്ടിത്തരുന്നു. ഞങ്ങൾ ശ്വാസമടക്കിപ്പിടിച്ചു നില്ക്കുന്നു. ‘ഘർ ഘർ’ പിന്നെ കിളികളുടെ കരച്ചിൽ. മനുഷ്യശബ്ദം മാത്രമില്ല. അപ്പോൾ പാപ്പാൻ പറയുന്നു:
“ഇപ്പോൾ എവിടേയും പ്രോഗ്രാമില്ല.”
ഞങ്ങൾ നിരാശതയോടെ മടങ്ങി. എങ്കിലും അദ്ഭുതവസ്തുവിനെ കാണാൻ കഴിഞ്ഞല്ലോ. അതു മതി. ശാസ്ത്ര പുരോഗതിക്കു സാക്ഷ്യം വഹിക്കാൻവേണ്ടി അനുഭവിച്ച ത്യാഗങ്ങളെക്കുറിച്ചാലോചിച്ചു വാനൊലി നിലയത്തിലെ സന്ദർശക മുറിയിലിരിക്കുമ്പോഴാണ് ഒരു മാന്യദേഹം എന്റെ മുമ്പിലെത്തുന്നതു്. അദ്ദേഹത്തിന്റെ ഭാവം കണ്ടാൽ എന്നെ അന്വേഷിച്ചു വന്നതാണെന്നു തോന്നും. ഈശ്വരാ! ഇതു മദിരാശിയാണു്. ഇദ്ദേഹവുമായി സംസാരിക്കുമ്പോൾ ഏതു ഭാഷയെയാണു് ഞാൻ കൊല ചെയ്യേണ്ടതു്? ഇംഗ്ലീഷിനെ കൊല്ലണോ തമിഴിനെ കൊല്ലണോ? രണ്ടിലൊരു കൊലയ്ക്കൊരുങ്ങി നില്ക്കുമ്പോൾ അദ്ദേഹം സംസാരിക്കുന്നു. ഒന്നാന്തരം മലയാളത്തിൽ:
“വരൂ വരൂ, നമുക്കു സ്റ്റുഡിയോവിലേക്കു പോകാം?”
ആശ്വാസമായി. അദ്ദേഹത്തെ പിൻതുടർന്നു സ്റ്റുഡിയോവിലേക്കു നടക്കുമ്പോൾ വീണ്ടും അദ്ദേഹം സംസാരിക്കുന്നു:
“എന്റെ പേരു് കെ. എം. കെ. കുട്ടി.”
അദ്ദേഹം കോഴിക്കോട്ടുകാരൻ. സ്വന്തം വീടു് ചാലിയത്തു്. മാന്യമായ പെരുമാറ്റം. പ്രായത്തിനും ജോലിക്കും നിരക്കാത്ത വിനയം. നിഷ്കളങ്കമായ ചിരി! ആ പ്രായത്തിൽ അതുപോലൊരു ലാവണത്തിലിരിക്കുന്ന ആളിൽ സാധാരണ കണ്ടു വരുന്ന പ്രൗഢിയോ തലക്കനമോ ഇല്ല. അതെന്റെ പ്രതീക്ഷയ്ക്കെതിരായിരുന്നു. ഏതെങ്കിലുമൊരു ദൊരസ്വാമി എന്നെ തമിഴിലും ഇംഗ്ലീഷിലും പൊതിരെത്തല്ലി പതം വരുത്തുമെന്നായിരുന്നു പ്രതീക്ഷ. ഈശ്വരാധീനം! അതൊന്നും സംഭവിച്ചില്ലല്ലോ. നല്ല മലയാളി. കോഴിക്കാട്ടുകാരൻ. അദ്ദേഹത്തോടൊപ്പം സ്റ്റുഡിയോവിൽ കടന്നു.
ആദ്യത്തെ കാൽവെപ്പിൽത്തന്നെ തണുത്തു വിറച്ചു. അന്നോളം കൃത്രിമക്കാറ്റ് ഏറ്റിട്ടില്ല. ശ്വസിച്ചിട്ടില്ല. സ്വകാര്യം പറയട്ടെ: ഒരു ജനൽപ്പഴുതോ സുഷിരംപോലുമോ ഇല്ലാത്ത ഭിത്തികളാൽ ചുറ്റപ്പെട്ട മുറിയിൽ—അതും കൊടും ചൂടിനു വിളികേട്ട മദിരാശി നഗര ത്തിൽ—എങ്ങനെ വന്നുചേരുന്നു ഈ ‘ഊട്ടിത്തണുപ്പെ’ന്നാലോചിച്ച് ഞാൻ വിഷമിക്കുകയായിരുന്നു. ചോദിച്ചറിയുന്നതു സ്ഥിതിക്കു പോരായ്മ. തിക്കോടിക്കാരനുണ്ടോ അന്നോളം എയർ കണ്ടീഷൻ അനുഭവിച്ചിട്ടു്? അന്നനുഭവിച്ചതു് എയർകണ്ടീഷനാണന്നു് വളരെ കഴിഞ്ഞ് അനുഭവത്തിലൂടെ മനസ്സിലാക്കേണ്ടിവന്നു. എന്നെ ഒരു കസേരയിലിരുത്തി മറ്റൊന്നിൽ അദ്ദേഹവും ഇരുന്നു. പിന്നെ എന്റെ പ്രഭാഷണം വായിക്കലാണ്. ഭിത്തിയിൽ ഒരു ക്ലോക്കുള്ളതു ചുവന്ന സൂചി കൊണ്ടു നിമിഷങ്ങളെ തട്ടിപ്പുറകോട്ടിടുന്നതും നോക്കിക്കൊണ്ട് അദ്ദേഹമെന്റെ പ്രഭാഷണം ശ്രദ്ധിക്കുന്നു. കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു സംതൃപ്തി. ആകാശവാണിയെന്നു പറഞ്ഞാൽ സമയമാണു്; സമയമയം. എല്ലാം നിമിഷങ്ങളുടെ പാളിച്ചകൂടാതെ സമയപരിധിയിൽ ഒതുക്കണം, ഒതുങ്ങണം. അങ്ങനെ ഒതുങ്ങിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശം വരുന്നു:
“അതാ, ആ ക്ലോക്കിന്റെ മുകളിലുള്ള ചുകപ്പു ലൈറ്റു് പ്രകാശിക്കും. അപ്പോൾ വായിക്കാൻ തുടങ്ങണം. മറ്റു ശബ്ദങ്ങളൊന്നും ഉണ്ടാവരുതു്. ലൈറ്റ് വന്നുകഴിഞ്ഞാൽ ഇവിടെയുണ്ടാകുന്ന ഏതു ശബ്ദവും ആകാശത്തിൽ പോകും. ശ്രോതാക്കൾ കേൾക്കും. അതു കൊണ്ടു സൂക്ഷിക്കണം.”
ചുകന്ന ലൈറ്റിൽ കണ്ണുനട്ടിരിക്കുമ്പോൾ ഹൃദയമിടിപ്പിനു ശബ്ദവും വേഗവും കൂടിവരുമ്പോലെ. അങ്ങനെ കാത്തിരിക്കുമ്പോൾ ലൈറ്റ് വന്നു. വായന തുടങ്ങി. എങ്ങനെയൊക്കെയോ കലാശിപ്പിച്ചു. ചുകപ്പ് ലൈറ്റ് നീങ്ങി. അപായസൂചന മാറിയപ്പോൾ അദ്ദേഹം എന്നെ അഭിനന്ദിച്ചു:
“നന്നായി, വളരെ നന്നായി. ചെക്ക് വാങ്ങീട്ടു പോകണം. അവിടെ പുറത്തൊരാളിരിപ്പുണ്ടു്. അയാളെ കണ്ടാൽ മതി.”
പ്രക്ഷേപണവിഷയത്തിൽ എന്റെ ആദ്യഗുരു ശ്രീ കെ. എം. കെ. കുട്ടി തന്നെ. നരേന്ദ്രനാഥൻനായർക്കു രണ്ടാം ഗുരുവിന്റെ സ്ഥാനം നല്കാനേ നിവൃത്തിയുളളു...
കുഞ്ഞപ്പേട്ടന്റെ നിർദ്ദേശപ്രകാരം ഞാൻ നരേന്ദ്രനാഥൻ നായരെ കാണാൻ ആകാശവാണിയിലെത്തുന്നു. അന്നു് ഒക്ടോബർ രണ്ടാം തീതിയായിരുന്നു. ഗാന്ധിജയന്തി ദിവസം. തെറ്റാതെ ഓർക്കാൻ പ്രത്യേക കാരണമുണ്ട്. അതു പറയാം. അതിനു മുമ്പേ ചിലതു പറയാനുണ്ടു്. പറഞ്ഞു തീരുമ്പോൾ അതൊരു പക്ഷേ, വെളിവായേക്കും. ഞാൻ ആകാശവാണിയിലെത്തുന്നത് വൈകീട്ടാണു്. ഒഴിവുദിനമായതു കൊണ്ട് ആൾത്തിരക്കുണ്ടായിരുന്നില്ല. നരേന്ദ്രനാഥൻനായരെ വേഗം കാണാൻ കഴിഞ്ഞു.
“അഃ കുഞ്ഞപ്പനായരുടെ കത്തു കിട്ടിയിരിക്കും?”
“ഉവ്വു്.”
“വരൂ, നമുക്കു മുകളിലേക്കു പോകാം.”
കെട്ടിടത്തിന്റെ തെക്കുവശത്തുള്ള വലിയ മരക്കോണി കയറി മുകളിലെത്തി. നീണ്ട ഇടനാഴി. ഇടനാഴിക്കിരുവശവും വിശാലമായ മുറികൾ. നരേന്ദ്രനാഥൻ നായരുടെ മുറിയിൽ ഞങ്ങളെത്തി അഭിമുഖമായി ഇരുന്നു. സംഗതി വിവരിച്ചു. എനിക്കൊരു ജോലി തരാമെന്നു്. പ്രക്ഷേപണത്തിനുള്ള സാമഗ്രികൾ എഴുതിയുണ്ടാക്കുക. അതു മറ്റുള്ളവരോടൊപ്പം പ്രക്ഷേപണം ചെയ്യുക. വലിയ വിഷമമൊന്നുമില്ല. എല്ലാം കണ്ടുമനസ്സിലാക്കാനേയുളളു. ക്ഷണത്തിൽ വശമാകും. അങ്ങനെ സംഗതിയുടെ വിവരണം കഴിഞ്ഞ് അദ്ദേഹം ബിസിനസ്സിലേക്കു കടന്നു:
“ഇന്നുതന്നെ വേണമെങ്കിൽ ജോലിയിൽ പ്രവേശിക്കാം.”
ഞാൻ പെട്ടെന്നൊരുത്തരം പായാൻ വിഷമിച്ചു. എന്റെ വീട്ടിൽ നിന്നു വിട്ടുനില്ക്കാൻ എനിക്കല്പം പ്രയാസമുണ്ടായിരുന്നു. അതു പറഞ്ഞാൽ കാരണമന്വേഷിക്കും. കാരണം പറയാൻ ഞാനുദ്ദേശിച്ചിരുന്നില്ല. പറഞ്ഞാൽ സഹതാപത്തിന്റെയും മറ്റുമായ ചില കാര്യങ്ങൾ പുറത്തെടുക്കേണ്ടിവരും. ഏറെനേരം ആലോചിച്ചിരിക്കാനുള്ള സൗകര്യം തരാതെ അദ്ദേഹം എഴുന്നേറ്റു.
“വരൂ നമുക്കു സ്റ്റേഷൻ ഡയരക്ടറെ കാണാം.”
ഒന്നും പറയാതെ ഞാനദ്ദേഹത്തെ പിന്തുടർന്നു. ഡയരക്ടറുടെ മുറിയിലെത്തി. ശ്രീ. മധുസൂദനപ്പണിക്കരെന്നൊരാളാണു് ഡയരക്ടറെന്നു പറഞ്ഞു കേട്ടിരുന്നു. പക്ഷേ, ഞങ്ങൾ കടന്നുചെന്ന മുറിയിൽ ഇരിക്കുന്ന മാന്യൻ ശ്രീ പണിക്കരായിരുന്നില്ല. പേരു ശക്തിധരൻനായരാണെന്നു മനസ്സിലാക്കി—അദ്ദേഹം ഒരു ഡയരക്ടറുടെ അന്തസ്സും ഗൗരവവും പുലർത്തിക്കൊണ്ടുതന്നെ എന്നോടു സംസാരിച്ചു. ജോലി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. കേവലം നാട്ടിൻപുറക്കാരനായ ഞാൻ വിനയപൂർവ്വം പറഞ്ഞു:
“എനിക്കു തൽക്കാലം നാട്ടിൽനിന്നു വിട്ടുനില്ക്കാൻ വയ്യ. ജോലി കിട്ടുന്നപക്ഷം കാലത്തെ വണ്ടിക്കിവിടെ എത്താം. വൈകീട്ടു തിരിച്ചു പോകാം. അങ്ങനെയാണെങ്കിൽ…”
“അതു വയ്യ.” മുഴുവൻ പറഞ്ഞു തീരും മുമ്പേ ഡയരക്ടർ നിർദ്ദേശിച്ചു: “രാത്രി ഒമ്പതുമണിവരെ ഉണ്ടാവണം. ട്രാൻസ്മിഷൻ കഴിഞ്ഞിട്ടേ പോകാൻ പറ്റൂ. എന്നും അങ്ങനെ വേണമെന്നില്ല. ഡ്യൂട്ടിയുള്ളപ്പോൾ ഇവിടെ നില്ക്കുകതന്നെ വേണം.”
ഞാൻ നിരസിച്ചെന്നു പറഞ്ഞാൽ അധികപ്രസംഗമാവില്ലേ? വിനയപൂർവ്വം ഞാൻ പിൻവാങ്ങിയെന്നിവിടെ രേഖപ്പെടുത്തട്ടെ. ജോലിയോടുള്ള അതൃപ്തിയല്ല. എന്താണു്, എങ്ങനെയാണു ജോലിയെന്നറിയില്ലല്ലോ. എന്റെ അസൗകര്യം ഡയരക്ടറുടെ വാക്കു സ്വീകരിക്കാൻ എന്നെ സമ്മതിച്ചില്ല. നാടൻ മട്ടിൽ കൈകൂപ്പി ഞാൻ വിടവാങ്ങി. അപ്പോഴും ഒപ്പം നടക്കുന്ന നരേന്ദ്രനാഥൻനായർ പറയുന്നുണ്ടായിരുന്നു:
“ഒന്നുകൂടി ആലോചിക്കൂ. ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ഈ ജോലി നിരസിക്കാൻ മാത്രമുള്ളതല്ല.”
സത്യത്തിൽ എന്റെ നിസ്സഹായത എന്നെ വിലക്കി. വെറുതെ ഇരിക്കുന്നവനെ വിളിച്ചൊരു ജോലി നല്കാമെന്നുവെച്ച സന്മനസ്സിന്റെ മുമ്പിൽ ഞാൻ കീഴടങ്ങേണ്ടതായിരുന്നു. എനിക്കതിനു കഴിഞ്ഞില്ല.
ഇറങ്ങി നടന്നു. ഗേറ്റിലെത്തിയപ്പോൾ വടക്കുനിന്നു ബീച്ച് റോഡിലൂടെ എനിക്കഭിമുഖമായി കേളപ്പജി വരുന്നു. അദ്ദേഹം അടുത്തെത്തി, പതിവുപോലെ നിശ്ശബ്ദനായി അല്പനിമിഷം എന്നെ തറപ്പിച്ചു നോക്കി. പിന്നെ ചോദിച്ചു:
“നീയെവിടെ പോയിരുന്നു?” ഞാൻ സംഗതി മുഴുവനും വിവരിച്ചു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഒരു ചോദ്യം:
“ജോലി വേണ്ടെന്നുവെച്ചോ?”
“ഉം.” ഞാൻ മൂളി. പ്രതികരണമൊന്നുമുണ്ടായില്ല. അല്പം ഗൗരവത്തിലൊരു നോട്ടം. ഒരു ശബ്ദം:
“വാ.”
ഞാൻ പിറകെ നടന്നു. ശ്രീ ശക്തിധരൻനായരുടെ മുറിയിൽ ഞങ്ങൾ രണ്ടുപേരുമെത്തി. പിന്നെന്തു നടന്നെന്നു വിവരിക്കുന്നത് വൃഥാസ്ഥൂലതയാവില്ലേ? ഞാൻ കീഴടങ്ങി. ആകാശവാണിയിലെ ഒരു എഴുത്തുതൊഴിലാളിയായിക്കൊള്ളാമെന്നു സമ്മതിച്ചു. ഇവിടെ അരങ്ങുകാണാത്ത നടൻ രണ്ടാമങ്കം അവസാനിക്കുകയും മൂന്നാമങ്കത്തിലെ യവനിക നീങ്ങാനുള്ള കല്പനയ്ക്കു കാതോർത്തിരിക്കുകയുമാണു്.