ഒരു പുതിയ ലോകം. എന്നു പറഞ്ഞാൽ എല്ലാമായോ? ഇല്ല. അന്നോളം അടുത്തു പരിചയപ്പെടാത്ത ഉടുപ്പ്, നടപ്പ്, ഭാഷ, പെരുമാറ്റം. ആൾ ഇന്ത്യാ റേഡിയോവിന്റെ അകത്തളം കണ്ടപ്പോൾ ഞാനൊന്നു പകച്ചു. എന്റെ ഗ്രാമത്തിലോ ഞാൻ ജോലിചെയ്ത വിദ്യാലയങ്ങളിലോ ഭാരത സേവാസംഘത്തിന്റെ ആപ്പീസിലോ എനിക്കു കാണാനിടവരാത്ത ഏതോ പ്രത്യേകത; ഇണങ്ങിച്ചേരാനും പൊരുത്തപ്പെടാനും ഏറെ വിഷമമുണ്ടെന്നു തോന്നിക്കുന്ന അന്തരീക്ഷം. എങ്ങനെ പെരുമാറണം. ഏതുതരത്തിലുള്ള ഔദാര്യപ്രകടനവുമായി ആപ്പീസർമാരെ സമീപിക്കണം? ആരോടിണങ്ങിച്ചേരണം? ഏതാണബദ്ധം ഏതാണു സുബദ്ധം? ഒരു എത്തും പിടിയുമില്ല. കേളപ്പജിയുടെ നിർദ്ദേശത്തിനു വഴങ്ങി കരാറിൽ ഒപ്പുവെച്ചുപോയി.
അത്ര നിസ്സാരമൊന്നുമല്ല കരാർ. ഭാരതസർക്കാരുമായുള്ള ഉടമ്പടിയാണു്. രാഷ്ട്രപതിയുമായി നേരിട്ടുള്ള കരാർ. സാമാന്യം വലിപ്പമുള്ള കടലാസിൽ അച്ചടിച്ചുവെച്ച നിയമങ്ങളും നിർദ്ദേശങ്ങളും ഏറെയുണ്ടായിരുന്നു. അതിൽ എന്റെ ചുമതല പ്രത്യേകമായി നിർദ്ദേശിച്ചിരുന്നു. പ്രക്ഷേപണത്തിനുള്ള ഉരുപ്പടികൾ എഴുതിത്തയ്യാറാക്കുക, ആവശ്യപ്പെടുന്ന നേരത്തും സമയത്തും പരിപാടികളിൽ പങ്കെടുക്കുക. പ്രതിഫലം മാസത്തിൽ നൂറുരൂപ. കരാറിന്റെ കാലാവധി ഒരു മാസം. എന്നു വെച്ചാൽ, മാസാവസാനം വേണമെങ്കിൽ എന്നെ പറഞ്ഞു വിടാം. ഇപ്പോൾ എന്റെ ആലോചനയും പരിഭ്രമവും അവിടെയാണു്. മാസാവസാനം പിരിച്ചുവിടുമോ? പിരിച്ചുവിടാതിരിക്കാൻ ഞാൻ പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
കരാറുപണിചെയ്ത ശീലമുണ്ടെങ്കിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലായിരുന്നു. കരാറെന്നു കേട്ടാൽ എന്റെ മനസ്സിൽ പാഞ്ഞു കേറി വരുന്നതു് ചന്തുക്കുട്ടിമേസ്തിരിയാണ്. എന്റെ വീട്ടിനടുത്തു താമസിക്കുന്ന ചന്തുക്കുട്ടിമേസ്തിരി. ഇരിങ്ങൽപാറ വെട്ടിപ്പൊളിച്ചു ചീളുകളാക്കി നിരത്തിലെത്തിക്കുകയും നിരത്തിന്റെ കുണ്ടും കുഴിയും തൂർക്കുകയും ചെയ്യുക. അതായിരുന്നു മേസ്തിരിയുടെ പണി. മേസ്തിരി കരാറു പണിയിലൂടെ മോശമല്ലാത്ത സമ്പാദ്യത്തിനുടമയായി. അങ്ങനെ എനിക്കും ആശ്വസിക്കാമോ? കാലാന്തരത്തിൽ ഈ കരാറുപണി എന്നേയും ഒരു മേസ്തിരിയാക്കിത്തീർക്കുമോ? ആലോചന ഇത്രത്തോളമെത്തിയപ്പോൾ ഒരപകടത്തിന്റെ ഗന്ധം മൂക്കിലേക്കടിച്ചു കയറി. കരാറിന്റെ കാലാവധി ഒരു മാസമല്ലേ. ഇത്ര ചുരുങ്ങിയ കാലയളവിലെങ്ങനെ മേസ്തിരിയാവാൻ കഴിയും? ദൈവമേ, തിളയ്ക്കുന്ന ചട്ടിയിൽ നിന്നു ജ്വലിക്കുന്ന അടുപ്പിലോ ഞാൻ വന്നു വീണതു്. ഏതുനിമിഷം വേണമെങ്കിലും ജോലിക്കാരെ പിരിച്ചുവിടാമെന്ന ദുരധികാരം കൈവശം വെച്ചിരിക്കുന്ന മാനേജ്മെന്റ് സമ്പ്രദായത്തോടു വിടപാഞ്ഞ ഞാൻ ഇവിടെ അഭിമുഖീകരിക്കാൻ പോകുന്നതും അസ്ഥിരതയാണോ? എനിക്കു വിധിച്ചത് ആയുഷ്കാലം മുഴുവൻ അസ്ഥിരതയാണോ?
കോന്നിയൂർ ആർ. നരേന്ദ്രനാഥൻനായരുടെ മുമ്പിലാണ് നേരെ ചെന്നതു്. അങ്ങനെ വേണമല്ലോ. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണല്ലോ ഇതെല്ലാം സംഭവിച്ചതു്. ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങി വരുമ്പോൾ വലതുകാൽ വെച്ചാണോ പടികടന്നതെന്നറിഞ്ഞു കൂടാ. നിമിത്തങ്ങളിലും പൊരുത്തങ്ങളിലും വിശ്വാസമില്ലാത്തതു കൊണ്ടു് അതു ശ്രദ്ധിച്ചില്ലെന്നാണു പറയേണ്ടതു്. ചിരിച്ചുകൊണ്ടു നരേന്ദ്രനാഥൻനായർ എന്നെ സ്വീകരിച്ചു. ചിരിച്ചുകൊണ്ടു് വർത്തമാനം പറയുന്ന ശീലം. സൗമ്യമായ പെരുമാറ്റം. അദ്ദേഹമെനിക്കു നിർദ്ദേശങ്ങൾ തന്നു. ജോലിയുടെ സ്വഭാവം വിവരിച്ചു. പരിഭ്രമിക്കാനൊന്നുമില്ലെന്നും അല്പദിവസത്തെ പരിചയം കൊണ്ടു് എല്ലാം നേരെയാവുമെന്നും പറഞ്ഞു് എന്നെ ആശ്വസിപ്പിച്ചു.
തേൻകൂടുപോലെ സദാ മുഖരിതമായ സ്ഥലം. ചെറിയ കെട്ടിടം, അതിലൊതുക്കാൻ കഴിയാത്തത്ര ആപ്പീസർമാരും കലാകാരന്മാരും ഗുമസ്തന്മാരും എഞ്ചിനീയർമാരും. പ്രക്ഷേപണത്തിനുവേണ്ടി ‘നീട്ട’യച്ച് പുറത്തുനിന്നു വരുത്തിയവർ വേറേയും. ആകെ ബഹളം. എനിക്കായി നിർദ്ദേശിച്ച ഇരിപ്പിടവും തേടി. ഞാൻ പുറപ്പെട്ടു. കെട്ടിടത്തിന്റെ മുകൾത്തട്ടിൽ മരക്കൂടുപോലുള്ള ഒരു ചായ്പിലാണു് ഞാൻ ചെന്നിരിക്കേണ്ടതെന്നു മനസ്സിലായി. അകത്തു കടന്നപ്പോൾ അവിടെ കൊടും ബഹളം. ഒന്നുരണ്ടു മേശകളും ഏതാനും കസേരകളും അവിടെ കിടപ്പുണ്ട്. അവിടെ അപ്പോഴുള്ളവർ കസേരയിലിരിക്കുന്നില്ല. ഒരാൾ മേശപ്പുറത്തു ചമ്രം പടിഞ്ഞിരുന്നു മുറുക്കുന്നു. അദ്ദേഹത്തിനു ചുറ്റും നിന്നു വെടിപറഞ്ഞു ചിരിക്കുന്നവരിൽ ഒരാൾ എന്നെ സ്വാഗതം ചെയ്തു:
“വര്വാ വര്വാ.”
അതു പി. സി. കുട്ടികൃഷ്ണനായിരുന്നു. അന്നു് ’ഉറൂബാ’യിട്ടില്ല. പി. സി. യെ നേരത്തെ പരിചയമുണ്ടു്. വെറ്റിലയിൽ ചുണ്ണാമ്പു തേച്ചുകൊണ്ടു് പി. സി. പറയുന്നു:
“താനെന്തെടോ പരുങ്ങുന്നത്? ഇങ്ങട്ട് വന്നാട്ടെ. ഇവരാരും തന്നെ പിടിച്ചു വിഴുങ്ങാൻ പോകുന്നില്ല. അറിയില്ലേ തനിക്കിവരെ? ഇതു ബാലകൃഷ്ണമേനോൻ—ഞങ്ങളൊക്കെ ‘ബാലേച്ചമാൻ’ എന്നു വിളിക്കുന്നു.”
കോച്ചാട്ടിൽ ബാലകൃഷ്ണമേനോന്റെ പേരു ധാരാളം കേട്ടിട്ടുണ്ടു്. മികച്ച നടൻ, ഗായകൻ, നാടൻകലകളിൽ പ്രവീണൻ. ബാലകൃഷ്ണമേനാൻ എന്നെ അംഗീകരിച്ചുകൊണ്ടു തലകുലുക്കി. പി. സി. പരിചയപ്പെടുത്തൽ തുടരുകയാണു്:
”ഇതു ഭാസ്കരൻ.”
ഞാൻ തെല്ലൊരു വിസ്മയത്തോടെ ഭാസ്കരന്റെ മുഖത്തു തുറിച്ചു നോക്കുന്നതു കണ്ടു് പി. സി. പറയുകയാണ്:
“അതേടോ. സാക്ഷാൽ പി. ഭാസ്കരൻ.”
വായനയിലൂടെ അറിയുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന യുവകവി പി. ഭാസ്കരനെ അടുത്തു കണ്ടപ്പോൾ, പരിചയപ്പെട്ടപ്പോൾ നിസ്സീമമായ ആഹ്ലാദം. ബാലകൃഷ്ണമേനോനും ഭാസ്കരനും പി. സി. യുമെല്ലാം ചേർന്ന ഒരു സഹൃദയസംഘത്തിലാണു്, കലാകാരന്മാരുടെ സമൂഹത്തിലാണ് ഞാൻ വന്നു ചേർന്നതെന്നും ഇനിയങ്ങോട്ടു് അവരോടൊപ്പമാണു ഞാൻ ജോലിചെയ്യേണ്ടതെന്നും മനസ്സിലായപ്പോൾ എന്റെ പരിഭ്രമവും മടുപ്പുമെല്ലാം അവസാനിച്ചു. ഒരു മാസമെങ്കിൽ ഒരു മാസം ഇവരോടൊപ്പം കഴിയുന്നതു വലിയ നേട്ടം തന്നെ. വീണ്ടും പി. സി. യുടെ ശബ്ദം:
“താനെന്തെടോ മിഴിക്കുന്നതു്? അടുത്തു വര്വാ. സംഘത്തിലേക്കു ചേർന്നു നില്ക്ക്വാ. തനിക്കീ നില്ക്കുന്ന ആളെ മനസ്സിലായോ? ഇതാണു് സാക്ഷാൽ പദ്മനാഭൻനായർ.”
പുതുമയുടെ ഘോഷയാത്ര. ധാരാളം കേൾക്കുകയും അറിയുകയും അറിവിലൂടെ സ്നേഹിക്കുകയും ബഹുമാനിക്കുകയും എന്നെങ്കിലും ഒരു ദിവസം പരിചയപ്പെടണമെന്നു കൊതിക്കുകയും ചെയ്ത വ്യക്തികളാണു് എന്റെ മുമ്പിൽ. ആഹ്ലാദം കൊണ്ടെനിക്കു വീർപ്പുമുട്ടി.
ഇതിനിടയിൽ വെറ്റിലമുറുക്കു കഴിഞ്ഞു ബാലകൃഷ്പമേനോൻ എഴുന്നേറ്റു. സ്റ്റുഡിയോവിൽ പരിപാടിയുടെ റിഹേഴ്സലുണ്ടു്. പദ്മനാഭൻ നായർ മുൻകടന്നു നടന്നു. പിറകെ ഭാസ്കരനും. ഞാനും പി. സി. യും ബാക്കിയായി. പി. സി. യുടെ ഇരിപ്പിടത്തിനടുത്താണു് എന്റെ കസേരയും മേശയും. പി. സി. ഇരുന്നു, ഞാനും; തെല്ലു നേരത്തെ മൗനത്തിനുശേഷം പി. സി. ചോദിക്കുന്നു:
“താനെന്തിനെടോ ഈ വലയിൽ വന്നുവീണതു്?”
ചോദ്യത്തിന്റെ പൊരുൾ കിട്ടാതെ ഞാൻ വിഷമിച്ചു. എനിക്കു മുമ്പേ വലയിൽ കുടുങ്ങിയ ആളാണു് ചോദിക്കുന്നതു്. പൊരുളെങ്ങനെ പിടികിട്ടും? പി. സി. യുടെ വിശദീകരണം വരുന്നു:
“ഇവിടെ പരമ ബോറാണെടോ. കലയും സംസ്കാരവുമെന്നൊക്കെ നമ്മൾ പുറമേനിന്നു കേൾക്കുന്നു. ആവേശം കൊള്ളുന്നു. ഇതു കലാകേന്ദ്രവുമൊന്നുമല്ല. വെറും ഗവണ്മെന്റാപ്പീസ്. ഉത്തരവുകളും മെമ്മോകളും കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളും കൊമ്പൻ സ്രാവുകളെപ്പോലെ ഇളകിമറിയുന്ന ഒരു കൊച്ചുകടൽ. സാരമില്ല. വന്നുപെട്ടില്ലേ. നമുക്കിവിടെ ഒരു സൗകര്യമുള്ളതെന്താണെന്നുവെച്ചാൽ മടുക്കുമ്പോൾ ഇറങ്ങിപ്പോകാം.”
പി. സി. തെല്ലിട മൗനിയാവുന്നു. പിന്നെ ഒരു നെടുവീർപ്പു്, വീർപ്പിന്റെ അവസാനം ശബ്ദം ഒതുക്കിപ്പിടിച്ചൊരു ചോദ്യം:
“തന്റെ മകളെങ്ങനെയിരിക്കുന്നു?”
“നന്നായിരിക്കുന്നു.”
“അവൾക്കു കൂട്ടിനാരുണ്ടു്?”
“നമുക്കെല്ലാം ഒരു കൂട്ടുണ്ടല്ലോ.”
പി. സി. എന്നെ തറപ്പിച്ചുനോക്കുന്നു. പിന്നെ തന്നോടുതന്നെ പറയുന്നു:
“ദൈവം. അതെ; ആ വിശ്വാസം നന്നു്… താമസിക്കാൻ വീടന്വേഷിച്ചോ?”
“ഇല്ല.”
“വീടു വേണ്ടേ?”
“വേണ്ട.”
“ഏ?”
“വീടെടുത്തു പാർക്കാൻ പറ്റില്ല പി. സി. സഹായത്തിനൊരാളെ കിട്ടാൻ വിഷമം”
പി. സി. വീണ്ടും മൗനിയാവുന്നു. കണ്ണടച്ചിരുന്നാലോചിക്കുന്നു. ഹൃദയാലുവായ പി. സി. എന്നും അങ്ങനെയായിരുന്നു. മറ്റുള്ളവരുടെ ഏതു് ചെറിയ, ദുഃഖത്തിലും അസാധാരണമാംവിധം വികാരം കൊള്ളുക. അതദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
“ഇവിടെ താമസിക്കാതെ. തനിക്കെങ്ങനെ ഈ ജോലിയിൽ തുടരാൻ കഴിയും?”
“വണ്ടിക്കു വരണം.” ഞാൻ പറഞ്ഞു: “സീസൺ ടിക്കറ്റെടുത്തു കളയാം.”
“ഇവിടെ രാത്രിയും ജോലിയുണ്ടെന്നു തന്നോടാരും പറഞ്ഞില്ലേ?”
“പറഞ്ഞു.”
“പിന്നെങ്ങനെ വണ്ടിക്കു വരാനും പോകാനും കഴിയും?”
“രാത്രി പതിനൊന്നേമുക്കാലിന്നു് വടക്കോട്ടൊരു വണ്ടിയുണ്ടു്.”
“കൊള്ളാം. അതു തന്റെ തിക്കോടിയിൽ എത്തുന്ന സമയം?”
“കൃത്യമായി പുറപ്പെടുന്നപക്ഷം, ഒന്നരമണി. ഇല്ലെങ്കിൽ രണ്ടു മണി.”
“പറയാനെത്ര എളുപ്പം.” പി. സി. ക്കു ശുണ്ഠി വന്നു.
“എടോ, താൻ തന്നെ നശിപ്പിക്കും. തന്റെ കുഞ്ഞിനെ നിരാധാരമാക്കും. ഈ യാത്രയൊന്നും പറ്റില്ല. ആരോഗ്യം തകരും. തനിക്കു വല്ലതും വന്നുപോയാൽ ആ കുഞ്ഞിനാരുണ്ട് പിന്നെ?”
ഉത്തരമില്ലാത്തതുകൊണ്ടു ഞാൻ മിണ്ടാതിരുന്നു. പി. സി. യും പിന്നെ മിണ്ടിയില്ല. അങ്ങനെ മിണ്ടാതിരിക്കുമ്പോൾ ഞങ്ങളുടെ മുറിയിൽ സ്ഥാപിച്ച ലൗഡ്സ്പീക്കർ ശബ്ദിക്കാൻ തുടങ്ങി. നാടൻ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഒരു പഴയ പാട്ടു കേൾക്കാൻ തുടങ്ങി.
നിന്റെ ആങ്ങളമാരെങ്ങു പോയി?
ഞാനാദ്യമായി കേൾക്കുന്ന പാട്ട്. പി. സി. യുമായുള്ള സംവാദത്തിലൂടെ മനസ്സിലടിഞ്ഞു കൂടിയ വിഷാദത്തിന്റെ മൂടൽമഞ്ഞു സൂര്യപ്രകാശത്തിലെന്നപോലെ ആ പാട്ടിന്റെ ലയത്തിൽ അലിഞ്ഞലിഞ്ഞില്ലാതായി. എന്റെ കൗതുകം ശ്രദ്ധിച്ചിട്ടാവും പി. സി. പറഞ്ഞു:
“ആ പാടുന്നതു് ബാലകൃഷ്ണമേനോനാണ്.”
അപ്പോൾ പാട്ടിന്റെ രണ്ടാമത്തെ നട അതിമനോഹരമായ ഒരു സ്ത്രീശബ്ദത്തിലൂടെ ഒഴുകിവീഴാൻ തുടങ്ങി:
ചൂരലിനായ് പോയിതല്ലൊ.
പാട്ടിൽ ലയം പിടിച്ചപോലെ പി. സി. എഴുന്നേല്ക്കുന്നു.
“വര്വാ. നമുക്കു സ്റ്റുഡിയോവിലേക്കു പോകാം. തനിക്കതൊക്കെയൊന്നു കാണണ്ടേ? ഇനി ഇരുന്നു നിരങ്ങേണ്ട സ്ഥലമല്ലേ.?”
പി. സി. യുടെ പിറകെ നടന്നു. സ്റ്റുഡിയോവിലേക്കു കടക്കുന്നതിനു മുമ്പേ എത്തിച്ചേരുന്നതു് ഒരു ഇടനാഴിയിലാണു്. പ്രതിദ്ധ്വനി കൊണ്ടു് പരിപാടികൾ അലങ്കോലപ്പെടാതിരിക്കാൻ വേണ്ടി ഭിത്തികളിൽ ചില സംവിധാനങ്ങളൊക്കെ ഏർപ്പെടുത്തീട്ടുണ്ടു്. ഇടനാഴിയുടെ ഇടതുവശത്തു് ആദ്യമായി കാണുന്നതു്. കൺട്രോൾ റൂം എഞ്ചിനീയർമാരുടെ സങ്കേതം. അടഞ്ഞുകിടക്കുന്ന വാതിലിന്റെ മദ്ധ്യത്തിൽ, ഒരു ചെറിയ വൃത്തത്തിൽ കണ്ണാടി പതിച്ചിട്ടുണ്ടു്. അതിലൂടെ അകത്തേക്കു നോക്കാം.
നോക്കി. അവിടെ വിവിധ യന്ത്രങ്ങൾ. ഇയർഫോൺ ഘടിപ്പിച്ചിരിക്കുന്ന എഞ്ചിനീയർമാർ. മുമ്പോട്ടു നടന്നു. വലതുവശത്തു് പ്രഭാഷണത്തിനുള്ള സ്റ്റുഡിയോയാണു്. അതിമനോഹരമായ കാർപ്പറ്റ് വിരിച്ചു സൂക്ഷിച്ചുവെച്ച മുറി. പാട്ടു കേൾക്കുന്നതു് മ്യൂസിക്ക് സ്റ്റുഡിയോവിൽനിന്നാണ്. എല്ലാം വിവരിച്ചു പറഞ്ഞു തന്നുകൊണ്ടു് മ്യൂസിക് സ്റ്റുഡിയോവിന്റെ വാതിൽ തുറന്നു. പി. സി. അകത്തു കടന്നു. പിറകെ ഞാനും. അവിടെ തകർത്ത റിഹേഴ്സലാണു്. പി. സി. യുടെ പിറകെ കടന്ന പുത്തൻചരക്കിനെക്കണ്ടു് പാട്ടു നിർത്തി എല്ലാവരും നോക്കുന്നു. അവിടെയും പി. സി. തന്നെ പുരോഹിതൻ. ഇടയിലൊന്നു പറയട്ടെ, റിട്ടയർ ചെയ്തു പിരിഞ്ഞുപോകുന്നതു വരെ എന്റെ പുരോഹിതൻ അവിടെ പി. സി. യായിരുന്നു. കേട്ടപാടെ ഒട്ടും ചിന്തിക്കാതെ ഏതിനുനേർക്കും എടുത്തു ചാടുന്ന എന്റെ സ്വഭാവത്തിനു് തോട്ടിവെച്ചു നിയന്ത്രണം നല്കിപ്പോന്നതും പി. സി. യായിരുന്നു. സ്റ്റുഡിയോവിൽ കടന്ന ഉടനെ പരിചയപ്പെടുത്തലെന്ന കർമ്മത്തിൽ മുഴുകി പി. സി.:
“ഇതു് ലക്ഷ്മീദേവി. ഇവിടെ അനൗൺസറാണു്. ഉഗ്ര നടി. ഏതു റോളും അനായാസമായി കൈകാര്യംചെയ്യും.”
ഞാനവരെ വണങ്ങി. ഒതുക്കവും വിനയവും വേണ്ടേടത്തു് അറിഞ്ഞു പ്രദർശിപ്പിക്കുന്ന ലക്ഷ്മീദേവി, ഒരു ഇളയസഹോദരിയുടെ മട്ടിൽ എന്നെ അഭിവാദ്യം ചെയ്തു. പി. സി. സ്വയംവരകന്യകയ്ക്കൊപ്പമുള്ള സഖിയെപ്പോലെ മുമ്പോട്ടു നീങ്ങി.
“ഇതാ, ഈ ഇരിക്കുന്നതാണു് മായാനാരായണൻ. ഇപ്പോൾ കേട്ട പാട്ടിനു് സ്വരം നല്കിയ ഇവിടത്തെ അനൗൺസർ. ലളിതഗാനങ്ങളും ശാസ്ത്രീയ ഗാനങ്ങളും നാടൻശീലുകളും സുന്ദരമായി പാടും.”
കോളേജിൽനിന്നും ഇറങ്ങിവന്നു ജോലിയിൽ പ്രവേശിച്ച പോലെ തോന്നും മായാനാരായണനെ കണ്ടാൽ. അത്രയ്ക്കും ചെറുപ്പം. പി. സി. യുടെ പരിപാടി അധികനേരം തുടരാൻ ബാലകൃഷ്ണമേനോൻ അനുവദിച്ചില്ല. റിഹേഴ്സൽ ആരംഭിച്ചു. കൂട്ടത്തിൽ ചേർന്നു് പത്മനാഭൻ നായരും പാടുന്നതു കണ്ടു ഞാൻ വിസ്മയിച്ചു. കാരണം അദ്ദേഹം പാടുമെന്നെനിക്കറിഞ്ഞുകൂടായിരുന്നു. കണ്ടാലും അങ്ങനെ തോന്നുകയില്ലായിരുന്നു.
അങ്ങനെ ഇരുപത്തിയാറുകൊല്ലം എഴുത്തുതൊഴിലാളിയായി പ്രവർത്തിച്ച സ്ഥാപനത്തിൽ ഞാനെന്റെ ആദ്യദിവസത്തിന്റെ ഉദ്ഘാടനം പി. സി. യുടെ നേതൃത്വത്തിൽ നിർവ്വഹിക്കുന്നു. രാഹുകാലത്തു് ഉദ്ഘാടനംചെയ്തെന്ന ദുഷ്പേരു സമ്പാദിച്ച പ്രക്ഷേപണ കേന്ദ്രം ഒരു ‘കേതു’വിന്റെ സാന്നിദ്ധ്യം കൂടി വന്നതിൽ സന്തോഷിച്ചോ ദുഃഖിച്ചോ എന്നറിയേണമെങ്കിൽ വരാനിരിക്കുന്ന സംഭവങ്ങൾക്കു വേണ്ടി കാത്തിരുന്നേ പറ്റൂ.