ആദ്യദിവസങ്ങളിൽ ഞാനൊരു കാഴ്ചക്കാരൻ. ‘അങ്ങാടി വാണിഭ’മറിയാത്ത ആടു്. എല്ലാവർക്കും എന്നോടു ദയ, സ്നേഹം. കറുത്ത മുഖം എവിടെയുമില്ല. ഞാൻ പ്രക്ഷേപണകേന്ദ്രത്തിലെ ഇടനാഴിയിലും മട്ടുപ്പാവിലും കാന്റീനിലും അലസമായി നടന്നു സമയം കളഞ്ഞു. നടത്തത്തിനിടയിൽ സ്റ്റുഡിയോ വാതിലിന്റെ കണ്ണാടിത്തുളയിലൂടെ നോക്കും, അകത്തെന്താണു നടക്കുന്നതെന്നറിയാൻ, പരിപാടിയുള്ള സമയമാണെങ്കിൽ വാതിലിനു മുകളിൽ ചുകന്ന വെളിച്ചമുണ്ടാവും. ആരും വാതിൽ തുറക്കരുതു്, അകത്തു കടക്കരുതു് എന്ന താക്കീതു്. കൺട്രോൾ റൂമിൽ ആദിശേഷൻ എന്നൊരു എഞ്ചിനീയറുണ്ടു്. അദ്ദേഹം സദാ ‘ഇയർഫോണും’ ഘടിപ്പിച്ച് എങ്ങാനുമൊരു അപശബ്ദം കേൾക്കുന്നുണ്ടോ, എവിടെയെങ്കിലും അപാകം സംഭവിക്കുന്നുണ്ടോ എന്നു ശ്രദ്ധിച്ചുകൊണ്ടിരിക്കും. വല്ലതും അനുഭവപ്പെട്ടാൽ ഉടനെ അവിടെ പറന്നെത്തും, പരിഹാരം തേടും. അങ്ങനെ വേണമല്ലോ. പ്രക്ഷേപണകേന്ദ്രമെന്നു പറയുന്നതുതന്നെ ആകെക്കൂടി ഒരു വലിയ ശബ്ദമല്ലേ? കാതുള്ളവൻ കേൾപ്പിൻ, കണ്ണില്ലാത്തവരും കേൾപ്പിൻ, സർവ്വമാനജനസമൂഹവും കേൾപ്പിൻ എന്നാണല്ലോ പ്രക്ഷേപണകേന്ദ്രത്തിന്റെ മുദ്രാവാക്യം.
പതുക്കെപ്പതുക്കെ ഞാൻ കണ്ടും കേട്ടും മനസ്സിലാക്കാൻ തുടങ്ങി. പക്ഷേ, ഞാൻ തളർന്നുവീണതു് ‘ഇൻസ്റ്റന്റ്’ സാഹിത്യത്തിനു മുമ്പിലാണു്. അവനെ വേണമെങ്കിൽ ‘ഉടനടി’ സാഹിത്യമെന്നു വിളിക്കാം. ക്ഷണംകൊണ്ടു സൃഷ്ടി നടക്കണം. ഉടനെത്തന്നെ പ്രക്ഷേപണം ചെയ്യണം. സൃഷ്ടികൾക്കു മുഴുവനും സമയപരിധിയുണ്ട്. എല്ലാം പരിധിക്കുള്ളിലൊതുങ്ങണം. ഏറരുതു്. കുറയരുതു്. പത്തുമിനുട്ടാണെങ്കിൽ പത്തുമിനുട്ട്. നിമിഷത്തിനിപ്പുറം നില്ക്കാനോ അപ്പുറം കടക്കാനോ പാടില്ല. എന്റെ ദൈവമേ! ഇതെങ്ങനെ സാധിക്കും? ആലോചിക്കാനിടയില്ല. എഴുതിക്കഴിഞ്ഞതൊരാവൃത്തി വായിച്ചുനോക്കി, തെറ്റുണ്ടെങ്കിൽ തിരുത്താൻ സമയമില്ല. എല്ലാം ബദ്ധപ്പാടിൽ നടക്കുന്നു.
ഭംഗിയായി മുറിച്ചു് അടുക്കിവെച്ച കടലാസു്, അതു തന്നിലേക്കു വലിച്ചടുപ്പിക്കുന്നു. പി. സി. യുടെ തൂലിക ചലിക്കുന്നു. അക്ഷമയോടെ അപ്പുറം പദ്മനാഭൻനായർ കാത്തു നില്ക്കുന്നു. അല്പനേരത്തെ കാത്തുനില്പിനുശേഷം പദ്മനാഭൻനായർ പറയുന്നു:
“എഴുതിയേടത്തോളം ഇങ്ങു തരണം പി. സി. സമയമില്ല. ഒന്നു വായിച്ചുനോക്കണ്ടേ. എല്ലാരും സ്റ്റുഡിയോവിൽ കാത്തുനില്പാണ്.’
പി. സി. കേൾക്കുന്നില്ല, ശ്രദ്ധിക്കുന്നില്ല. സൃഷ്ടികർമ്മത്തിലേർപ്പെടുമ്പോൾ പി. സി. പരിസരബോധം വെടിയുന്നു. പട്ടണത്തിനടിത്തട്ടും ‘പർവ്വതഗുഹാന്തര’മാക്കുന്നു. പി. സി. യുടെ അനുമതിക്കു കാത്തുനില്ക്കാതെ എഴുതിയേടത്താളം താളുകൾ ചെറുക്കിക്കൂട്ടി പദ്മനാഭൻനായർ ഓടുന്നു. ഓട്ടത്തിൽ എന്നെയും വിളിക്കുന്നു:
“വരണം, നിങ്ങളും വരണം.”
ഞാനോ? ഞാനെന്നോടുതന്നെ ചോദിച്ചു. എന്നെക്കൊണ്ടെന്തു കാര്യം? ഈ ബദ്ധപ്പാടിൽനിന്നു തളരാനല്ലാതെ ഞാനെന്തിനു പറ്റും? പാടാനറിയില്ല, അഭിനയിച്ചു പറയാനും വയ്യ. വിളിക്കുന്നതു പദ്മനാഭൻനായരല്ലേ? ശരി, പൊയ്ക്കളയാം. ഞാൻ പദ്മനാഭൻ നായരുടെ പിറകെ സ്റ്റുഡിയോവിൽ കടന്നു. അവിടെ ബാലകൃഷ്ണമേനോനെന്ന ബാലേച്ചമ്മാനും ലക്ഷ്മീദേവിയും രാമചന്ദ്രനുമെല്ലാം കാത്തിരിപ്പുണ്ടു്.
കൈയിലുള്ള കടലാസുകൾ വീതിച്ചുകൊടുത്തു് പദ്മനാഭൻനായരും കൂട്ടത്തിലിരിക്കുന്നു. ഞാനെന്തു ചെയ്യണം? ആരും ഒന്നും പറയുന്നില്ല. നിമിഷംകൊണ്ടു ബാലേച്ചമാൻ ‘മമ്മദ്ക്കാ’യാവുന്നു. ലക്ഷ്മീദേവി ‘നാണിമിസ്ട്രസ്സാ’വുന്നു. രാമചന്ദ്രൻ ഗ്രാമപ്രദേശത്തെ ഒരു കർഷകനാവുന്നു. അവിടെ ശബ്ദത്തിലൂടെ ഒരു ആൽത്തറയുണ്ടാവുന്നു. ഗ്രാമാന്തരീക്ഷം പിറന്നു വീഴുന്നു. കൈയിൽ കിട്ടിയ കടലാസിൽ പി. സി. ഒരുക്കിയ കഥാപാത്രങ്ങളെല്ലാംതന്നെ ആൽത്തറയ്ക്കലിരുന്നു ദൈനംദിന കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. ഉടനീളം ഫലിതത്തിന്റെ ശർക്കരപ്പാവുപുരട്ടിയെടുത്ത രൂപകമായിരുന്നു അതു്. പി. സി. യുടെ സംഭാഷണത്തിന്റെ ചൂടും ചടുലതയും ഉടനീളം ഉദ്ഘോഷിക്കുന്ന സുന്ദരശില്പം. അപൂർണ്ണമെങ്കിലും ആസ്വാദനീയം.
റിഹേഴ്സൽ കഴിഞ്ഞു് അടുത്ത ഭാഗം വന്നുചേരാൻവേണ്ടി എല്ലാവരും കാത്തിരിക്കുമ്പോൾ സ്റ്റുഡിയോവിന്റെ വാതിൽ തുറക്കുന്നു. വരുന്നതു ശ്രീ ഭാസ്കരനാണു്. കൈയിൽ ഒരു ഇൻസ്റ്റന്റ് ഗാനമുണ്ടു്. പിറകെ മായാ നാരായണൻ വരുന്നു. തുടർന്നു ഗോട്ടുവാദ്യം അയ്യങ്കാരും വീണയുമായി മി. തമ്പിയും പുല്ലാംകുഴലെടുത്തു ശ്രീകൃഷ്ണനും പിന്നെ മൃദംഗവായനയ്ക്കു സുന്ദരയ്യരും പുതുക്കോട്ട കൃഷ്ണനും എത്തിച്ചേരുന്നു. നിറഞ്ഞ സദസ്സ്. ആനന്ദലബ്ധിക്കിനിയെന്തു വേണം? നീണ്ട ചുകപ്പുസൂചി തെറ്റിത്തെറിപ്പിച്ചു കൊണ്ടു് ഭിത്തിയിലിരിക്കുന്ന ക്ലോക്കിലാണ് പദ്മനാഭൻനായരുടെ കണ്ണ്. സമയം, വിലപിടിച്ച സമയം, വിലപിടിച്ച നിമിഷങ്ങളായി കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്നു. പ്രക്ഷേപണകാലം അടുത്തടുത്തുവരുന്നു. ഇതിനിടയിൽ മമ്മദ്ക്ക, ആൽത്തറ വിട്ടു ബാലേച്ചമ്മാനാവുന്നു. ഒരു നാടൻപാട്ടിന്റെ ശീലു മൂളിക്കൊണ്ടു മറ്റുള്ളവരെ ക്ഷണിക്കുന്നു.
“ബാക്കി സ്ക്രിപ്റ്റു വരുമ്പോഴേക്കും നമുക്കീ പാട്ടൊന്നു നോക്കിക്കളയാം. ഇന്നു നാട്ടിൻപുറത്തു പ്രക്ഷേപണം ചെയ്യാനുള്ളതാണു്.”
എല്ലാവർക്കും ഉത്സാഹമായി. നാടൻ വാദ്യോപകരണങ്ങൾ ശബ്ദിച്ചു. സംഘഗാനം ബാലകൃഷ്ണമേനോന്റെ നേതൃത്വത്തിൽ. പാട്ടു തുടങ്ങിയപ്പോഴാണു മനസ്സിലാവുന്നതു്, എല്ലാവരും പാടും. രാമചന്ദ്രൻ പോലും പതുക്കെ സംഘഗാനത്തിൽ ചേരുന്നു. ലക്ഷ്മീദേവി വിട്ടുകൊടുക്കാൻ ഭാവമില്ല. അല്ലാ, പദ്മനാഭൻനായരും പാടുന്നല്ലോ. എല്ലാം എനിക്കു പുതുമയായിരുന്നു, അമ്പരപ്പായിരുന്നു. പ്രക്ഷേപണകേന്ദ്രത്തിൽ ജോലിക്കു കേറുന്നവർ കണിശമായും അറിഞ്ഞിരിക്കേണ്ട കാര്യം: അല്പം പാടാൻ വശമുണ്ടായിരിക്കണം. അഭിനയിക്കാനുള്ള കഴിവും വേണം. ഇല്ലെങ്കിൽ കേറിയവന്റെ ജന്മം വ്യർത്ഥം. ഉള്ളിൽ തട്ടിയ പ്രാർത്ഥനയോടുകൂടി പത്തു ജന്മം പിറന്നു കഴിഞ്ഞാലും സംഗീതം വശത്താക്കാൻ കഴിയാത്ത ഞാൻ അവിടെ അപ്പോൾ അവരുടെ കൂട്ടത്തിൽ ഒറ്റപ്പെട്ടുനിന്നു.
ശക്തി കുറഞ്ഞ ട്രാൻസ്മിറ്ററെന്ന ഒരു കുറ്റം മാത്രമേ കോഴിക്കോട്ടു നിലയത്തിനുണ്ടായിരുന്നുള്ളു. തുടക്കത്തിൽത്തന്നെ പ്രഗല്ഭരായ ഭരണകർത്താക്കളുടെ സേവനമതിനു കിട്ടി. അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ശ്രീ മധുസൂദനപ്പണിക്കർ. പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീമതി മീനാക്ഷി. പ്രോഗ്രാം അസിസ്റ്റന്റുമാരായി കോന്നിയൂർ ആർ. നരേന്ദ്രനാഥൻനായർ, പദ്മനാഭൻനായർ, ഇ. എം. ജെ. വെണ്ണിയൂർ, പുരുഷോത്തമൻനായർ, ട്രാൻസ്മിഷൻ അസിസ്റ്റന്റുമാരായി പ്രേമൻനായരും നാരായണൻ നായരും. ഇവരിൽ മിക്കവരും പിൽക്കാലത്തു് സ്റ്റേഷൻ ഡയറക്ടർമാരായി പെൻഷൻപറ്റി. ഓരോ വിഭാഗത്തിലും അതതു വിഷയത്തിൽ പ്രാപ്തരായവർ വേറെയുമുണ്ടു്. എല്ലാവരുടെ പേരും ഓർക്കാൻ കഴിയുന്നില്ല.
തുടക്കത്തിൽ എല്ലാ വിഭാഗത്തിലും പരിപൂർണ്ണത നേടിയ കേന്ദ്രമായിരുന്നു കോഴിക്കോടു്. ചുരുക്കം മാസങ്ങളിൽ പേരും പ്രസിദ്ധിയും നേടിക്കൊണ്ടങ്ങനെ കഴിഞ്ഞു പോന്നു. അപ്പോഴാണ് അത്യാഹിതം സംഭവിക്കുന്നതു്. കാരണമെന്തെന്ന് ആർക്കും അറിഞ്ഞു കൂടാ. ഒരു നശിച്ച മുഹൂർത്തത്തിൽ ദൽഹിയിൽനിന്നു് ഉത്തരവു വരുന്നു. പ്രോഗ്രാം സ്റ്റാഫിനെ—കരാറുപണിക്കാരെയൊഴിച്ച് മറ്റെല്ലാവരേയും—തിരുവനന്തപുരത്തേക്കു മാറ്റിയിരിക്കുന്നു. പകരക്കാരെ ആരെയും നിയമിച്ചില്ല. ആരും വന്നതുമില്ല. പ്രോഗ്രാം നടത്തിപ്പിനുള്ള അലോട്ടുമെന്റും അതോടൊപ്പം വെട്ടിക്കുറച്ചു. പരിപാടി നടത്താൻ പുറത്തുനിന്നും കലാകാരന്മാരെ ക്ഷണിച്ചുവരുത്തുന്ന പതിവും അതോടെ നിന്നു. ഫണ്ടില്ല. നിത്യനിദാനത്തിനുപോലും പണമില്ലാത്ത ഒരവസ്ഥയിലേക്കു കേന്ദ്രം ചുരുങ്ങിക്കൂടി. അനൗൺസർമാരേയും കരാറു പണിക്കാരായ ആർട്ടിസ്റ്റുമാരേയും വെച്ചുകൊണ്ടു് എല്ലാ പരിപാടികളും നടത്തണമെന്നായി. റേഡിയോ തുറന്നാൽ അടയ്ക്കുന്നതുവരെ ഒരേ ശബ്ദം കേട്ടു ശ്രോതാക്കൾ തളർന്നു. നാട്ടിൻപുറം പരിപാടിയിൽ തക്കാളിക്കൃഷിയെപ്പറ്റിയും നെൽകൃഷിയിലെ ചാഴിക്കേടിനുള്ള പ്രതിവിധിയെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്ന കലാകാരൻതന്നെ തുടർന്നു വരുന്ന ചരിത്ര നാടകത്തിൽ സാമൂതിരിപ്പാടായി അഭിനയിക്കേണ്ട ഗതികേടിനു വിധേയനാവേണ്ടിവന്നു.
കോഴിക്കോടുകേന്ദ്രത്തിന്റെ ദുഷ്ക്കാലത്തിന്റെ ആരംഭം ഇവിടെ കുറിക്കുന്നു. നാടകമായാലും പ്രഭാഷണമായാലും ചിത്രീകരണമായാലും രണ്ടുപേർ തുടർച്ചയായി എഴുതിക്കൊള്ളണം: ഞാനും പി. സി. യും. മറ്റാരുമില്ല. മഹിളാലയം, ബാലരംഗം, നാട്ടിൻപുറം, ആഴ്ചയിൽ അര മണിക്കൂറും പതിനഞ്ചു മിനിട്ടും ദൈർഘ്യമുള്ള രണ്ടു നാടകങ്ങൾ, മാസത്തിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു നാടകം. ഇതെല്ലാം ഒന്നിടവിട്ടു് ഞങ്ങളെഴുതണം, എഴുതിക്കഴിയുന്നതോടെ ബാധ്യത തീരുന്നില്ല. അതു റിഹേഴ്സ് ചെയ്യണം. അതിലെ കഥാപാത്രങ്ങളാവുകയും വേണം. നാടകത്തിന്റെയോ ചിത്രീകരണത്തിന്റെയോ സ്ക്രിപ്റ്റുകൾ പുറത്തു നിന്നു വാങ്ങാൻ പാടില്ല. പണമില്ല.
കേന്ദ്രത്തിനു ശനിദശ. അവിടെ ജോലിചെയ്യുന്ന ഞങ്ങൾക്കും ശനിദശ. എന്റെ രാശിക്കളത്തിൽ ശനിയോടൊപ്പം ഗുളികനും ചേർന്നു കൊണ്ടാണു വേട്ട തുടങ്ങിയതു്. രാത്രി പ്രക്ഷേപണം കഴിഞ്ഞു ഞാൻ പുറത്തിറങ്ങും. എല്ലാവരും കുടുംബത്തെത്തി ആഹാരം കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ കോഴിക്കോടു നഗരത്തിൽ ലക്ഷ്യമില്ലാതെ നടക്കും. കാരണം എന്റെ വീടു് വളരെ അകലെ. അവിടെ എന്നെ കൊണ്ടുചെന്നെത്തിക്കുന്ന തീവണ്ടിയും വളരെ അകലെ. രാത്രി പതിനൊന്നു മണി അമ്പത്തഞ്ചുമിനിട്ടാണ് എന്നെ കൊണ്ടു പോകാൻ അവൻ വരേണ്ട സമയം. അതിന്റെ സമയപ്പട്ടിക നോക്കുമ്പോൾ ചില ഷൂസ് കമ്പനിക്കാരുടെ കാഷ്ബിൽ ഓർത്തു പോകും. നാല്പത്തഞ്ചു രൂപാ തൊണ്ണൂറ്റെട്ടു പൈസ. അങ്ങനെയൊരു ബില്ലു്. അതുപോലെ പതിനൊന്നു മണി അമ്പത്തഞ്ചു മിനിട്ടെന്നൊരു സമയക്കണക്ക്. പന്ത്രണ്ടായാൽ ഏതോ വലിയ അത്യാഹിതം സംഭവിക്കുമെന്ന മട്ടിൽ. ഏതായാലും വീടെത്താതെ വയ്യ. കാലത്തെ ഉണർന്നെണീക്കുമ്പോൾ എന്റെ മകൾ അച്ഛനെ തേടും. കണ്ടില്ലെങ്കിൽ അവൾ കലശലായി ശാഠ്യം പിടിക്കും. നടന്നും നിന്നും വഴിയിൽ കണ്ടുമുട്ടുന്ന സുഹൃത്തുക്കളെ വർത്തമാനം പറഞ്ഞു ഹിംസിച്ചും ഞാൻ സമയത്തെ തള്ളിമാറ്റിക്കൊണ്ട് സ്റ്റേഷനിൽ എത്തും. പട്ടികയിൽ പറഞ്ഞ നേരത്തൊന്നും ആ വണ്ടി വരില്ല. എങ്ങനെയെങ്കിലും വന്നു ചേർന്നാൽത്തന്നെ അതിൽ കേറി സുഖമായി ഇരിക്കാൻ പറ്റില്ല. ഇരുന്നാൽ ചിലപ്പോൾ വടകരയോ തലശ്ശേരിയോ എത്തിയെന്നു വരും. മനസ്സാലെ പോകുന്നതല്ല. ‘ഉറക്കമാം കോഴി’ കൊത്തി വലിച്ചു കൊണ്ട് പോകുന്നതാണ്.
ഒരിക്കൽ അതുപോലെ ഒരപകടം. വണ്ടി വന്നു് കേറാൻ നോക്കുമ്പോൾ അങ്ങോളമിങ്ങോളം പട്ടാളക്കാർ കീഴടക്കിയിരിക്കുന്നു വണ്ടി. പ്ലാറ്റ്ഫോമിൽ ഉടനീളം നിരങ്ങി ഒരു ഗതിയുമില്ലെന്നു കണ്ടപ്പോൾ, പട്ടാളക്കാരല്ലേ. കീഴടങ്ങിക്കളയാമെന്നു കരുതി ഒരിടത്തു കയറി. നോക്കുമ്പോൾ രണ്ടു പട്ടാളക്കാരുടെ നടുവിൽ ഒരല്പം ഒഴിവു കണ്ടു. ഒരബദ്ധം ചെയ്യുന്നമട്ടിൽ ആ ഒഴിവിൽ ഈ സിവിലിയൻ പതുങ്ങി. ചൂടുള്ള കുപ്പായത്തിൽ പൊതിഞ്ഞതായിരുന്നു പട്ടാളക്കാരുടെ ശരീരം. നല്ല പതുപതുപ്പുള്ള വസ്തു. ജാലകത്തിലൂടെ അടിച്ചുവരുന്ന ശീതക്കാറ്റിന്റെ ദുസ്സഹത മാറ്റാൻ പട്ടാളച്ചൂടു് ഉപകരിച്ചു. സുഖം. പിന്നെ കണ്ണു മിഴിക്കുമ്പോൾ കാണുന്നതു വടകര റെയിൽവേ സ്റ്റേഷനാണ്. ബോർഡ് വായിച്ചുനോക്കി ഉറപ്പാക്കേണ്ട കാര്യമില്ല. പുറത്തു് ‘അരിച്ചക്കര അരിച്ചക്കര’ എന്ന വിളി. അതു വടകരയ്ക്കു മാത്രമുള്ള പ്രത്യേകതയാണ്. പരിഭ്രമിച്ചു ചാടിയിറങ്ങി ചുറ്റിലും നോക്കി. ആരുമില്ല. ടിക്കറ്റു ചോദിച്ചുകൊണ്ട് ആരും വരുന്നില്ല; ഭാഗ്യം. മൂന്നാംക്ലാസ്സുകാർ വിശ്രമിക്കുമിടം തേടി നടന്നു. അവിടെ ചെന്ന് ഒരു ചാരു ബഞ്ചിലിരുന്നു. കുശലം പറയാൻ മൂട്ട വന്നു. സിംഹം വന്നു കുശലം പറഞ്ഞാലും ഉള്ളിൽ കേറാത്ത മാനസികാവസ്ഥയിലായിരുന്നു അപ്പോൾ. വീടു് ഒമ്പതു നാഴിക അകലെ കിടക്കുന്നു. എന്നെയും കാത്തു് ഓലച്ചൂട്ടുമായി എന്റെ ഗോവിന്ദേട്ടൻ സ്റ്റേഷനിൽ നില്ക്കുന്നു. അബദ്ധംപറ്റി ഗോവിന്ദേട്ടാ, ക്ഷമിക്കണം. ഞാനിപ്പോൾ വടകരയാണു്. കാലത്തെ വണ്ടിക്കു് ഇവിടെനിന്നു തിരിച്ചു കോഴിക്കോട്ടേക്കു തന്നെ പോകും. അല്ലാതെ പറ്റില്ല. ഞാൻ കരാറുപണിക്കാരനാണെന്നു അറിയാമല്ലോ. എനിക്കു ലീവില്ല. അവധി ദിവസമില്ല. അതുകൊണ്ടു പോയേ പറ്റൂ.
ഗോവിന്ദേട്ടനോടു് മാപ്പു പറഞ്ഞുകൊണ്ടു് വടകര റെയിൽവേ സ്റ്റേഷനിലെ ചാരുബഞ്ചിൽ കാലത്തെ വണ്ടിയും പ്രതീക്ഷിച്ചു ഞാനിരുന്നു. കോഴിക്കോട്ടെത്താൻ. ആകാശവാണിയിൽ ചെന്നു് എന്നെ കാത്തിരിക്കുന്ന കടലാസുകളിൽ അക്ഷരങ്ങൾ കോറിയിടാൻ.