വീട്ടിൽ ചില പുസ്തകങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആരോ ചിലർ ഗ്രാമീണവായനശാലയിൽ അംഗങ്ങളായിട്ടുണ്ട്. അവരുടെ വകയാണു് പുസ്തകം. പരമരഹസ്യമായിട്ടാണു സംഗതി നടന്നതു്. മുത്തച്ഛൻ അറിയരുതു്. വായനശാല മുതലായ പുത്തൻ പ്രസ്ഥാനങ്ങളോടു് ആഭിമുഖ്യമുള്ള കൂട്ടത്തിലായിരുന്നില്ല മുത്തച്ഛൻ. പുസ്തകങ്ങളുടെ കാര്യത്തിൽ, മഹാകാവ്യങ്ങളും പുരാണങ്ങളും മാത്രമേ അദ്ദേഹം അംഗീകരിച്ചിട്ടുള്ളു. മറ്റുള്ളവയൊക്കെ അദ്ദേഹത്തിനു ചവറു്! കൺവെട്ടത്തു കാണാനേ പാടില്ല. അതുകൊണ്ട് രഹസ്യമാർഗ്ഗത്തിലൂടെ വീട്ടിൽ പുസ്തകമെത്തുന്നു. വായനയും രഹസ്യമായിട്ടുതന്നെ.
നാലുകെട്ടുമാളികയായതുകൊണ്ട് ആൾപ്പെരുമാറ്റം കുറഞ്ഞ ചില ഒളിസ്സങ്കേതങ്ങളുണ്ടായിരുന്നു ഞങ്ങളുടെ വീട്ടിൽ. അവിടെ വെച്ചാണു വായന. വായന കഴിഞ്ഞു പുസ്തകങ്ങളൊക്കെ ഭദ്രമായി ഒളിപ്പിക്കും. മുതിർന്നവർ പുസ്തകം എവിടെ ഒളിപ്പിച്ചാലും കണ്ടുപിടിക്കാനുള്ള സൂത്രവിദ്യ ഞാൻ അപ്പോഴേക്കും വശമാക്കിയിരുന്നു. അതു വഴി പുസ്തകമോഷണം ഞാൻ ഒരു തൊഴിലാക്കി വികസിപ്പിച്ചു. വടക്കിനിക്കും ‘കോൺ കെട്ടകത്തിനും’ കുറുകെ കിടക്കുന്ന ഒരു ഇടനാഴിയുണ്ടു്. അതായിരുന്നു എന്റെ സാമ്രാജ്യം. കളവുമുതലും കൊണ്ടു് ഞാൻ അതിൽ കടന്നു കൂടും. ഇരുവശങ്ങളിലുള്ള വാതിൽ ചാരും. അപ്പോൾ വാതിൽ പഴുതിലൂടെ വെള്ളിവടിപോലെ അകത്തു വീഴുന്ന പ്രകാശത്തിൽ പുൽപ്പായ വിരിച്ചു മലർന്നു കിടന്നു വായന തുടരും. ഏതു പുസ്തകമായാലും കട്ടെടുത്തു വായിക്കും.
അങ്ങനെ കട്ടെടുത്തു വായിച്ച പുസ്തകങ്ങളിൽ ഒരെണ്ണം ഇന്നും എന്റെ മനസ്സിലുണ്ടു്: ‘ആരോഗ്യസ്തവം’, നടുവത്ത് അച്ഛൻ നമ്പൂതിരിയുടെ ആരോഗ്യത്തിനുവേണ്ടി കവികളും മഹാകവികളും ഒത്തു ചേർന്നർപ്പിച്ച പദ്യപുഷ്പാഞ്ജലിയായിരുന്നു ‘ആരോഗ്യസ്തവം’. നടുവത്ത് മഹൻ പ്രാർത്ഥന തുടങ്ങിയതു് ഇങ്ങനെയാണ്: “ചെരിപ്പിട്ടു താതൻ കുറഞ്ഞൊന്നുലാത്തി…” (ഇല്ല… ഓർമ്മ മുറിയുന്നു. മുഴുമിക്കാൻ കഴിയുന്നില്ല… ഇതാ ഒരു വരികൂടി: ”അരിപ്രായമല്പം ക്ഷതം കണ്ടു കാലിൽ…” അത്രവരെ തോന്നും. ഒരുനാൾ നടുവത്തച്ഛൻ ചെരിപ്പിട്ടു നടക്കാനിറങ്ങി. നടത്തം കഴിഞ്ഞു തിരിച്ചുവന്നപ്പോൾ കാലിലൊരു ക്ഷതം കണ്ടു. അതു ക്രമേണ പഴുത്തു വ്രണമായി. അത്യാസന്നനിലയായി. രോഗശമനത്തിനുവേണ്ടി കവികൾ കൂട്ടമായി പ്രാർത്ഥിച്ചു. ആരോഗ്യസ്തവത്തിലുള്ള ശ്ലോകങ്ങൾ വായിക്കാൻ ബഹു രസമായിരുന്നു. വായിച്ചുപോകുമ്പോൾ ചില ശ്ലോകങ്ങൾ അനായാസമായി മനസ്സിൽ പതിയും. അങ്ങനെ പല ശ്ലോകങ്ങളും അന്നു പഠിച്ചിരുന്നു. ഒക്കെ മറന്നു. ഓർമ്മയുടെ കയങ്ങളിൽ വലവീശിയാൽ ഒരു പരൽ പോലും കിട്ടാനില്ല.
എടുത്തു പറയാവുന്ന മറെറാരു നേട്ടം കവനകൗമുദി യുടെ പ്രതികൾ പലതും അന്നു വായിക്കാൻ കിട്ടിയതായിരുന്നു. പ്രതിഭാധനരായ പല കവികളുടെയും സൃഷ്ടികൾ. കൂട്ടത്തിൽ കടത്തനാട്ട് വി. പി. ഓമനമ്മ എന്നൊരു കവയിത്രി. അവരുടെ ഒരു കവിത ഒറ്റയിരുപ്പിൽ വായിക്കുകയും പഠിക്കുകയും ചെയ്ത കാര്യം ഓർത്തുപോകുന്നു,
കാട്ടിലെ ജഡതപസ്വി കാന്തയെ
പാട്ടിലാക്കി വിഹരിച്ചതോർക്കിലീ
നാട്ടിലും വലിയ കീർത്തികേടുതാൻ.
താമരക്കുളമടുത്തിരിക്കവേ
കാമമോടളി കടന്നലിന്റെ കൂ-
ടാമയപ്രദമണഞ്ഞിടേണമോ?
അഹല്യയെ പ്രാപിച്ചു മുനിശാപം വാങ്ങിക്കൂട്ടിയ ദേവേന്ദ്രന്റെ ദുഷ്ചെയ്തിയെക്കുറിച്ചു ശചീദേവിയുടെ ചിന്ത; അതായിരുന്നു കവിത. ഭാവിയിലേക്കു വലിയൊരു വാഗ്ദാനമായി കവനകൗമുദിയിൽ അന്നു പ്രത്യക്ഷപ്പെട്ട ഓമനമ്മയുടെ കൃതികൾ പില്ക്കാലത്തു് എവിടെയും കണ്ടതായി ഓർക്കുന്നില്ല. മലയാളഭാഷയിലെ അതിപ്രസിദ്ധങ്ങളായ പല കൃതികളും ഗ്രാമീണവായനശാലയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രം പരിചയപ്പെടാൻ എനിക്കു കഴിഞ്ഞു. അല്ലെങ്കിൽ മഹാകവി ഉള്ളൂരും വള്ളത്തോളും ആശാനുമൊക്കെ എന്റെ ഗ്രാമത്തിൽ എങ്ങനെ എത്തിച്ചേരാൻ?
വായനയ്ക്കിടയിൽ ഒരപകടംപറ്റി. ഒരുനാൾ സാമാന്യം വലിയൊരു പുസ്തകം മോഷ്ടിക്കാൻ കഴിഞ്ഞു. ഇപ്പോൾ ശതാബ്ദി ആഘോഷിക്കുന്ന സാക്ഷാൽ ‘ഇന്ദുലേഖ എന്ന നോവൽ പുസ്തക’മായിരുന്നു അതു്. അവനെ കൈവശപ്പെടുത്തി ഇടനാഴിയിൽ കടന്നു വാതിൽ ചാരി, വെളിച്ചക്കീറിനെതിരെ ഇരുന്നു വായന തുടങ്ങി. ചുമ്മാ വായിക്കുകയാണു്. വായിക്കുക എന്ന രസത്തിനുവേണ്ടിയുള്ള വായന. അങ്ങനെ വായിച്ചുവരവെ ഇടനാഴിയിൽ സമൃദ്ധമായ വെളിച്ചം കടന്നു വരുന്നു; ആരോ വാതിൽ തുറന്നപോലെ. ആരാണെന്നു നോക്കാൻ കഴിയുംമുമ്പു് എന്റെ ചെവി മുത്തച്ഛന്റെ കൈപ്പിടിയിലൊതുങ്ങി. ഒരു കൈയിൽ ചെവി, മറ്റേ കൈയിൽ ‘നോവൽ പുസ്തകം’. നിമിഷത്തിനകം ചിറകുവിടർത്തി നോവൽ പുസ്തകം പുറത്തേക്കു പറന്നു.
മുത്തച്ഛൻ എന്നെ തല്ലിയില്ല. ശകാരിച്ചതുമില്ല. മുത്തച്ഛനു് അതിനു കഴിയുമായിരുന്നില്ല. ഏക മകളുടെ മകനായിരുന്നു ഞാൻ. ഞാൻ നന്നേ കുട്ടിയായിരുന്ന കാലത്തു് എന്നെ മുത്തച്ഛന്റെ കൈയിലേല്പിച്ചു് അമ്മ മരിച്ചു. അന്നുതൊട്ടു ഞാൻ ഒരു ദൗർബ്ബല്യമായിരുന്നു മുത്തച്ഛനു്. അമ്മയ്ക്കു പിറകെ താമസിയാതെ അച്ഛനും മരിച്ചു. അതുകൊണ്ടു് എല്ലാവർക്കും എന്നോടു് അനുകമ്പയായിരുന്നു. ആരും വഴക്കു പറയില്ല. വിദ്യാലയത്തിന്റെ പടി കടക്കുംവരെ തല്ലിന്റെ വേദന ഞാനറിഞ്ഞിരുന്നില്ല. മാത്രമല്ല, എന്താവണം, എങ്ങനെയാവണം എന്നൊന്നും എന്നെ ആരും പഠിപ്പിച്ചിട്ടില്ല.
ഒരു പ്രദേശത്തിന്റെ പതുക്കെപ്പതുക്കെയുള്ള പരിവർത്തനത്തിനു തുടക്കമിട്ട കഥയാണല്ലോ ഞാൻ പറഞ്ഞുവന്നതു്. കേളപ്പജി തുടങ്ങി വെച്ച പരിവർത്തനത്തിൽ പങ്കാളികളാകാൻ യുവാക്കൾ പലരുമുണ്ടായി. വി. കുഞ്ഞനന്തൻ നായരെ ഞാൻ നേരത്തെ പരിചയപ്പെടുത്തി. എന്തിനുംപോന്ന മനുഷ്യൻ. രണ്ടു വാങ്ങാനും നാലു കൊടുക്കാനും പ്രാപ്തൻ. ‘ബാലഗോപാലം’ നാടകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ആസൂത്രകൻ അദ്ദേഹമായിരുന്നു. ആ നാടകത്തിന്റെ വിജയം, അതു ജന്മിത്വത്തിനേല്പിച്ച ആഘാതം, തുടർന്നു സാമാന്യ ജനങ്ങളിൽ അതു വളർത്തിയെടുത്ത ആവേശം. എല്ലാം കൂടി ഒത്തുവന്നപ്പോൾ ബഹുജനങ്ങളെ ആകർഷിക്കാൻ പറ്റിയ ഏറ്റവും നല്ല മാധ്യമം നാടകമാണെന്നും കുഞ്ഞനന്തൻ നായർ മനസ്സിലാക്കി. പിന്നെ, നാടകങ്ങളുടെ ഒരു വേലിയേറ്റം തന്നെയായിരുന്നു. വലിയ നെടുമ്പുര കെട്ടിയൊരുങ്ങുന്നു. രംഗവേദി തയ്യാറാവുന്നു. ‘ക്ലാസ്’ തിരിച്ചു് ഇരിപ്പിടങ്ങൾ ഒരുക്കുന്നു. ടിക്കറ്റ് ബൂത്ത് കെട്ടിയുണ്ടാക്കുന്നു. ഒരുക്കങ്ങളൊക്കെയും തൃപ്തികരമായ നിലയിൽ സമാപിച്ചപ്പോൾ തെക്കുനിന്നു വഴിക്കു വഴി നാടകങ്ങളുടെ വരവായി. തമിഴ് നാടകങ്ങൾ!
ആദ്യത്തെ നാടകത്തിന്റെ നോട്ടീസ് വിതരണം! ഓ! അതിനൊരുത്സവത്തിന്റെ മട്ടുണ്ടായിരുന്നു. ഊടുവഴിയിലൂടെ പതുക്കെപ്പതുക്കെ ഒരു ജടുക്ക വണ്ടി വരുന്നു. വണ്ടിയിൽ ഹാർമോണിയമുണ്ടു്. മൃദംഗമുണ്ട്. പാട്ടുകാരുണ്ട്. തകർത്ത പാട്ടുകച്ചേരി. പാട്ടു കേട്ട് ഓടിക്കൂടുന്ന കുട്ടികളുടെ ഇടയിലേക്കു് വിവിധ വർണ്ണങ്ങളിലുള്ള നോട്ടീസുകൾ വാരിയെറിഞ്ഞു. കുട്ടികൾ അതു മത്സരിച്ചു പിടിച്ചെടുക്കുന്നു. അതിൽ ആരുടെയോ ഔദാര്യമാണു്, വീട്ടുപടിക്കൽ നിന്നും അദ്ഭുതം കണ്ട് അമ്പരക്കുന്ന എന്റെ കൈയിലും ഒരു നോട്ടീസ് എത്തിച്ചത്.
നോട്ടീസിന്റെ തുടക്കം. “ചക്കളത്തി പോരാട്ടം സകലർക്കും കൊണ്ടാട്ടം’. എന്തു പോരാട്ടം? എന്തു കൊണ്ടാട്ടം? ഒരു പിടിയുമില്ല. അടുത്ത വരിയിൽ വലിയ അക്ഷരങ്ങളിൽ മറെറാരുത്തൻ തെളിഞ്ഞു നില്ക്കുന്നു. ‘ദാസൻ മൂലൂക്കിന്റെ തിണ്ടാട്ടം’ എന്താണിത്? ആരാണീ ദാസൻ മുലൂക്ക്? അപ്പോൾ സഹായത്തിനൊരു വ്യാഖ്യാതാവെത്തി. അയാൾ സംഭവം വിവരിച്ചു. നാടകത്തിന്റെ കഥ ‘പാരിജാതപുഷ്പഹരണം’. രുൿമിണിയും സത്യഭാമയും പാരിജാതപുഷ്പത്തിനുവേണ്ടി വഴക്കടിക്കുന്നു. ആ വഴക്കാണ് ‘ചക്കളത്തി പോരാട്ടം’. പിന്നെയുള്ളതു് ‘ദാസൻ മുലൂക്കിന്റെ തിണ്ടാട്ടം’. ദാസൻ മൂലൂക്ക് എന്നു പറഞ്ഞാൽ നാടകത്തിലെ പ്രസിദ്ധനായ ബഫൂൺ! നാടകത്തിലുടനീളം ബഫൂൺ കാട്ടിക്കൂട്ടുന്ന പരാക്രമത്തിനാണ് തിണ്ടാട്ടമെന്ന പേർ. വിവരണം തൃപ്തിയായി. സംശയമൊക്കെ തീർന്നു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഒരു മോഹം. എങ്ങനെയെങ്കിലും നാടകം കാണണം. അതിന്റെ മാർഗ്ഗത്തെക്കുറിച്ചായി പിന്നീടുള്ള ചിന്ത. ആരോടു പറയണം? ആരു സഹായിക്കും? ഞാൻ പരിപൂർണ്ണമായും അപ്പോൾ ഏകാകിയായിക്കഴിഞ്ഞിരുന്നു. ജ്യേഷ്ഠത്തിയുടെ വിവാഹം, മുത്തച്ഛന്റെ മരണം. രണ്ടും അടുത്തടുത്താണു സംഭവിക്കുന്നതു്. സ്വാഭാവികമായും മുത്തച്ഛന്റെ മരണത്തോടുകൂടി വീടുവിട്ടിറങ്ങേണ്ടതാണു ഞാൻ. സ്വന്തം തറവാട്ടിലേക്കു പോണം. ‘മരുമക്കത്തായം’ അനുശാസിക്കുന്നതങ്ങനെയാണു്. അതുണ്ടായില്ല. മുത്തച്ഛന്റെ മരുമക്കൾ, ഞാനവരുടെ കൂടെ താമസിക്കണമെന്നു നിർബ്ബന്ധം പിടിച്ചു. സ്നേഹപൂർവ്വമുള്ള നിർബ്ബന്ധമായതുകൊണ്ടു് എന്റെ അമ്മാവൻ മനമില്ലാമനസ്സോടെ സമ്മതം മൂളുകയാണു ചെയ്തതു്. അതുകൊണ്ടു ഞാൻ രക്ഷപ്പെട്ടു. അന്നോളം സ്വന്തമെന്നു കരുതിയ വീടും പരിസരവും എന്നെ സ്നേഹിച്ച ജനങ്ങളേയും പിരിഞ്ഞു പോവുകയെന്ന വ്യഥ ഞാനനുഭവിക്കേണ്ടിവന്നില്ല. പരമശിവൻ ജടാഭാരത്തിലേക്കു ഗംഗയൊഴുകിത്താഴുംപോലെ മഴവെള്ളം ഒലിച്ചിറങ്ങുകയും, നിലാവുള്ള രാത്രികളിൽ വെളിച്ചത്തിന്റെ വലിയ പപ്പടം കാച്ചിയിടുകയും ചെയ്യുന്ന നടുമുറ്റവും, ഇരുണ്ട വടക്കിനിയും, സുഖവാസസ്ഥലം പോലെ എങ്ങും തണുപ്പുതരുന്ന ‘കോൺകെട്ടക’വും രണ്ടിന്റെയും നടുവിൽ പെരുവഴിപ്രായത്തിൽ കിടക്കുന്ന ഇടനാഴിയും, വിശാലമായ തട്ടിൻ പുറവും, ഇതെല്ലാം ചേർന്ന നാലുകെട്ടും നാലുകെട്ടിനകത്തെ സ്നേഹമുള്ള ജനങ്ങളും ഇന്നെന്റേതാണ്; എന്റെ സ്വന്തം! അഭിലാഷങ്ങളേതും അറിഞ്ഞു നിറവേറ്റി എന്റെ സന്തോഷത്തിൽ ആനന്ദം കൊള്ളുന്നവർ. നാടകം കാണാനുള്ള എന്റെ മോഹം ആരോടും ഞാൻ പറയേണ്ടിവന്നില്ല. മുത്തച്ഛന്റെ മരുമകൻ ഗോവിന്ദേട്ടൻ എന്നെ സഹായിച്ചു. അച്ഛനെപ്പോലെ, ജ്യേഷ്ഠനെപ്പോലെ, സുഹൃത്തിനെപ്പോലെ എനിക്ക് തണലേകി എന്നെ എപ്പോഴും ആശ്വസിപ്പിച്ച ഗോവിന്ദേട്ടൻ ഒരസാധാരണ മനുഷ്യനായിരുന്നു.
ജനത്തിരക്കിലൂടെ നടക്കുമ്പോൾ ഗോവിന്ദേട്ടൻ എന്റെ കൈ മുറുക്കിപ്പിടിച്ചിരുന്നു. അപ്പോൾ എന്റെ മനസ്സിൽ അദ്ഭുതങ്ങളുടെ ആറാട്ടായിരുന്നു. ആദ്യത്തെ അദ്ഭുതം പാടം നിറയെ തെളിഞ്ഞു കത്തുന്ന ’കാന്തവിളക്ക്’. ഞങ്ങൾ ഗ്രാമീണർ ‘ഗ്യാസ് ലൈറ്റി’നു കൊടുത്ത പേരാണ് കാന്തവിളക്കു്. മരക്കൊമ്പിലും തൂണിന്റെ തലപ്പത്തുമൊക്കെ അവനെ ഇരുത്താം. താഴെ ഒരു കുറ്റിയുണ്ടാവും. അതിൽനിന്നും ഒരു വള്ളി മേൽപ്പോട്ടു കയറിപ്പോയിട്ടുണ്ടാവും. വള്ളിയുടെ അറ്റത്താണു് ‘നരയൻ കുമ്പളങ്ങ’ മാതിരി കാന്തവിളക്ക് തൂങ്ങുന്നത്. കുറ്റിക്കരികിൽ നില്ക്കുന്ന ഒരാൾ ഇടയ്ക്കിടെ കാറ്റടിക്കുന്നതു കാണാം. കാറ്റടിച്ചാൽ വിളക്ക് അണഞ്ഞുപോവുകയല്ലേ പതിവു്? എന്നാൽ, കാന്തവിളക്കങ്ങനെയല്ല, കാറ്റടിക്കുന്തോറും തെളിഞ്ഞു കത്തും. ഇന്നു് കാന്തവിളക്കെവിടെ? ഒരിടത്തും കാണാനില്ല. ശാസ്ത്രത്തിന്റെ വളർച്ച കുട്ടികളുടെ മനസ്സിൽ നിന്നും എന്തെല്ലാം അദ്ഭുത വസ്തുക്കളെ മാറ്റിനിർത്തിക്കളഞ്ഞു!
നെടുംപുരയുടെ അകത്തു കടന്നപ്പോൾ അന്തംവിട്ടുപോയി. സൂചികുത്താനിടമില്ല. ആൾത്തിരക്കത്രയുണ്ട്. എങ്ങും ഇരിക്കാനൊരു സൗകര്യമില്ല. എങ്കിലും ദുഃഖിക്കേണ്ടിവന്നില്ല. ഗോവിന്ദേട്ടനെ എല്ലാവർക്കും അറിയുന്നതുകൊണ്ട് ഞങ്ങൾക്കു സൗകര്യമായൊരിടം കിട്ടി. തിരശ്ശീലയിലെ ചിത്രപ്പണികൾ നോക്കി നോക്കി ഇരിക്കുമ്പോൾ പിറകിൽ നിന്നും ഹാർമോണിയത്തിന്റെ ശബ്ദം. തുടർന്നു പാട്ടു്:
പാണ്ടിരാജ തനയേ.
പലരും ചേർന്നുള്ള പാട്ടു്. പാട്ടിന്റെ അവസാനം മണിയടി. തുടർന്നു തിരശ്ശീലയിൽ ഇളക്കം. അതു പതുക്കെ ചുരുണ്ടു ചുരുണ്ടു മേലോട്ടു പോകാൻ തുടങ്ങി. അപ്പോൾ, അതാ പരമ കോമളനായൊരു മനുഷ്യൻ പട്ടുകുപ്പായവും വൈരക്കടുക്കനും കഴുത്തിൽ സ്വർണ്ണമാലയുമുള്ള അയാൾ ഒരു കസേരയിലിരിക്കുന്നു. മുമ്പിൽ വലിയൊരു ഹാർമോണിയമുണ്ട്. ഗോവിന്ദേട്ടൻ ആളെ പരിചയപ്പെടുത്തി:
“അതാണ് ഹാർമോണിയം ചക്രവർത്തി കൃഷ്ണൻകുട്ടിനായർ.” ചക്രവർത്തിയെ മതിവരുവോളം നോക്കിയിരിക്കാൻ എനിക്കു കഴിഞ്ഞില്ല. ആരോ ഒരാൾ അലറിവിളിച്ചു പാടിക്കൊണ്ടു കടന്നുവന്നു. പിന്നെ ബഹളംതന്നെ. ശ്രീകൃഷ്ണനും രുക്മിണിയും സത്യഭാമയും നാരദനുമെല്ലാമുണ്ട്. അവരെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടു് ദാസൻ മൂലൂക്കും ഇടയ്ക്കിടെ വരും. ഞാനിഷ്ടപ്പെട്ടതു മൂലൂക്കിനെയാണ്. വലിയ തമാശക്കാരൻ. ശ്രീകൃഷ്ണനേയും നാരദനേയുമൊക്കെ കണക്കിനു പരിഹസിക്കും. നാടകം കാണാനിരിക്കുന്നവരേയും വെറുതെ വിടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും കാണികൾക്കു ദാസൻമൂലൂക്കിനെ ഇഷ്ടമായിരുന്നു. അയാളുടെ തല വെളിക്കു കണ്ടാൽ മതി ആളുകൾ അട്ടഹസിച്ചു ചിരിക്കും; ആർപ്പുവിളിക്കും; കൈയടിക്കും. അയാൾ പാടും, നൃത്തം വെക്കും, കഥപറയും. അയാൾ ചെയ്യുന്നതെന്തും ജനങ്ങളെ ചിരിപ്പിക്കാനാണു്. ചിരിച്ചു ചിരിച്ചു തളർന്നുപോയെന്നു പറഞ്ഞാൽ മതിയല്ലോ.
എല്ലാം കഴിഞ്ഞു പുറത്തുകടന്നപ്പോൾ മറ്റാരും മനസ്സിലുണ്ടായിരുന്നില്ല. ദാസൻമൂലൂക്കു മാത്രം. ഇരുട്ടിലൂടെ നടക്കുമ്പോൾ ഗോവിന്ദേട്ടന്റെ ചോദ്യം:
”നാടകം നന്നായോ?” വെറുതെ സമയം കളയാനുള്ള ചോദ്യം.
“ആരെയാണ് നിനക്കേറ്റവും ഇഷ്ടമായത്?”
ഞാൻ പറഞ്ഞു: “ബഫൂൺ.”
ഗോവിന്ദേട്ടൻ ചിരിച്ചു. അപ്പോൾ ഞാനാലോചിച്ചു: ഗോവിന്ദേട്ടനുള്ളതുകൊണ്ടല്ലേ എനിക്കിതൊക്കെ കാണാൻ കഴിഞ്ഞതു്? ഈ ഗോവിന്ദേട്ടനെ കിട്ടിയതും എന്തൊരു ഭാഗ്യം.