images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
ധൃതരാഷ്ട്രരുടെ ഇംഗ്ലീഷ്

എന്റെ രാത്രിഞ്ചരത്വം ഏറെക്കാലം തുടരാൻ കഴിഞ്ഞില്ല. പാതിരാവിലെ തീവണ്ടിയാത്ര എന്റെ ആരോഗ്യത്തിനു നേർക്കു ഭീഷണിയുയർത്തി. ഞാൻ കോഴിക്കോട്ടൊരു വീടന്വേഷിച്ചു. അപ്പോഴേക്കും എനിക്കു ചില സുഹൃത്തുക്കളെ നേടിയെടുക്കാൻ കഴിഞ്ഞിരുന്നു. സാഹിത്യവൈദ്യന്റെ വൈദ്യശാല മുഖേനയാണു് അതു സാധിച്ചതു്. എന്റെ പ്രയാസം മനസ്സിലാക്കി സുഹൃത്തുക്കളെല്ലാം ചേർന്നു ശ്രമിച്ചു. എനിക്കൊരു വീടു കണ്ടുപിടിച്ചു. കിണറുണ്ടു്; നല്ല വെള്ളം. ലൈറ്റുണ്ടു്. അത്യാവശ്യ ഘട്ടങ്ങളിൽ കണ്ണടച്ചുകളയുന്ന വിദ്യൂച്ഛക്തി വിതരണരീതി കോഴിക്കോടിനെ അന്നു് ഒട്ടും അലട്ടിയില്ല. കൊച്ചുവീടു്. വൃത്തിയുള്ളതു്. മുറ്റമുണ്ട്; തൊടിയുണ്ട്. എന്റെ മകൾക്കു് ഓടിക്കളിക്കാൻ വേണ്ടുവോളം ഇടമുണ്ടു്. വാടക മുപ്പതു രൂപ.

ശമ്പളം നേരെത്ത പറഞ്ഞ നൂറു രൂപയിൽത്തന്നെ നിൽക്കുകയാണു്. എന്നിട്ടും ധീരതയോടെ ആ വീടു് വാടകക്കെടുക്കാമെന്നു ഞാൻ തീരുമാനിച്ചു. അതികഠിനമായ തണുപ്പുകൊണ്ടു വിറയ്ക്കുന്നവൻ ഉടുമുണ്ടഴിച്ചു പുതച്ചു് ഉറങ്ങാൻ കിടന്നപോലെയായിരുന്നു എന്റെ സ്ഥിതി. തലയും മുഖവും മൂടാൻ തുടങ്ങിയാൽ കാലാകെ തണുപ്പുകൊണ്ടു മരവിക്കും. കാലു മൂടാൻ ശ്രമിച്ചാൽ തലയും തോളും മുഖവും വെറുങ്ങലിക്കും. രണ്ടു തലയും ഒരുപോലെ രക്ഷിക്കാൻ കഴിയുന്നില്ല. വാടക കൊടുത്താൽ ഭക്ഷണച്ചെലവിനു ബാക്കിയുള്ള തുക തികയില്ല. പതിവു മട്ടിൽ ഭക്ഷണം കഴിച്ചു ജീവിച്ചു കളയാമെന്നുവെച്ചാൽ വാടകകൊടുക്കാൻ പറ്റില്ല. എത്തിയേടത്തു് എത്താമെന്ന വിചാരത്തോടെ വീട്ടിന്റെ താക്കോൽ ഏറ്റുവാങ്ങി. ‘പകിടി’യെന്നോ അഡ്വാൻസെന്നോ പണയമെന്നോ പേരു പറഞ്ഞു താമസക്കാരനോടു് ഭീമമായ സംഖ്യ വസൂലാക്കുന്ന രീതി നടപ്പിലായിട്ടില്ല. ദൈവത്തിനു സ്തുതിയായിരിക്കട്ടെ.

ഒരു പുതിയ പ്രശ്നം. ഞാനും എന്റെ കുഞ്ഞും ചേർന്നാൽ ഒരു കുടുംബമാവില്ലല്ലോ. എന്റെ കസിൻ കരുണാകരൻ എന്നാടൊപ്പം പ്രാരബ്ധം പങ്കിടാൻ തയ്യാറായി വന്നു. പിന്നെ എന്റെ ഒരു കൊച്ചു മരുമകൾ–രാധ—അച്ഛനമ്മമാരെ പിരിഞ്ഞു് എന്നോടൊപ്പം കഴിയാൻ ഒരുങ്ങിവന്നു. അങ്ങനെ ഞങ്ങളൊരു കുടുംബമായി, അല്പസ്വല്പം ഉപകരണങ്ങളുമായി വീട്ടിൽ കടന്നിരുന്നു. ഇനിയോ? എങ്ങനെയെങ്കിലും ജീവിക്കുക. ആ എങ്ങനെയെങ്കിലുമുള്ള ജീവിതം നാട്ടിൽ എനിക്കുണ്ടായിരുന്ന ഭൂസ്വത്തിന്റെ വലിയൊരംശം അന്യാധീനപ്പെടുത്തി. ആപ്പീസ്സിൽ കഠിനമായ ജോലി. വീട്ടിൽ പ്രാരബ്ധം, എങ്ങനെയെങ്കിലും കടിച്ചുപിടിച്ചു പ്രാരബ്ധം സഹിച്ചെങ്കിലും അതു മറ്റുള്ളവരിൽനിന്നു മറച്ചുപിടിച്ചു് ഭവ്യതനടിക്കാനാണു വിഷമിച്ചുപോയതു്.

അഞ്ഞൂറും ആയിരവും അതിലേറെയും ശമ്പളം വാങ്ങുന്നവർ ആപ്പീസ്സുകാറിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറി വാങ്ങാൻ പോകുമ്പോൾ അതേ നിരത്തിലൂടെ പൊരിവെയിലിൽ വിയർത്തുകുളിച്ചു് ആപ്പീസ്സിലേക്കു ഞാൻ ഓടുന്നുണ്ടാവും. ഒരഞ്ചു മിനിട്ടു താമസിക്കാൻ പാടില്ല. അതാണു നിയമം. താമസിച്ചുപോയാൽ അറ്റൻഡൻസ് രജിസ്റ്ററിൽ ചുകന്ന മഷിയുടെ അടയാളം വീഴും. ആരെങ്കിലും താമസിക്കുന്നുണ്ടോയെന്നു ഉറ്റുനോക്കി ചുകന്ന മഷിയുമായി ഒരാൾ എപ്പോഴും കാത്തിരിക്കുന്നുണ്ടാവും. പിന്നെ ഓടാതെ കഴിയുമോ?

അങ്ങനെ ഓടിയും നടന്നും തണുപ്പുകാലത്തു വിറച്ചുവിറച്ചും വേനൽക്കാലത്തു വിയർത്തു വിയർത്തും ജോലിചെയ്യുമ്പോൾ ഇടയ്ക്കു ടൈപ്പു ചെയ്ത ചില കടലാസുകൾ കിട്ടും. ഞങ്ങളതിനെ ഇണ്ടാസു് എന്നു വിളിക്കുന്നു. ചിലപ്പോളതു് ‘മെമ്മോ’ ആയിരിക്കും; മറ്റു ചിലപ്പോൾ എക്സ്പ്ലനേഷൻ ആയിരിക്കും. അല്ലെങ്കിൽ ഡ്യൂട്ടി നിർദ്ദേശിച്ചുകൊണ്ടു ള്ള അറിയിപ്പായിരിക്കും. എല്ലാം ഇണ്ടാസു് തന്നെ. ഇന്നിന്നാൾ ഇന്ന ചുമതല നിർവ്വഹിക്കണമെന്നും ഉത്തരവായി കിട്ടുന്ന ഇണ്ടാസു്. ചിലപ്പോൾ നേരമ്പോക്കും അമ്പരപ്പുമൊക്കെ ഉണ്ടാക്കിയെന്നുവരും. ഒരു മാസം എന്തൊക്കെ എഴുതണം, എവിടെയൊക്കെ പോണം, ഏതെല്ലാം പരിപാടികളിൽ പങ്കെടുക്കണമെന്നു നിർദ്ദേശിക്കുക മാത്രമല്ലാ, എഴുതേണ്ട നാടകങ്ങളുടെ തലക്കുറിപ്പും അതിലുണ്ടാവും. എന്നു വെച്ചാൽ മേലധികാരത്തിൽനിന്നു ഒരു പേരു നിർദ്ദേശിക്കുന്നു. ആ പേരിനെ ന്യായീകരിക്കുമാറു ഞങ്ങൾ നാടകമെഴുതണം.

അതു കാണുമ്പോൾ തൂക്കുതേനിന്റെ ഓർമ്മവരും. ആദ്യം മരക്കൊമ്പിലല്പം മെഴുകു് ചെറിയ തോതിൽ പറ്റിച്ചുവയ്ക്കും. പിന്നെ അതിൽ ഈച്ചകൾ പറ്റംപറ്റമായി പറന്നു വീണു് വലിയൊരു കൂടു് ഒരുക്കിയെടുക്കുന്നു. പലപ്പോഴും ഞാനെഴുതണ്ടേ നാടകത്തിന്റെ തലക്കുറിപ്പു കണ്ടു ഞാൻ പരിഭ്രമിച്ചപോയിട്ടുണ്ടു്. ഞാനൊരു തേനീച്ചയല്ലല്ലോ. പിന്നെങ്ങനെ ചെറിയതോതിൽ പറ്റിച്ചുവെച്ച മെഴുകിൽ ഞാനൊരു കൂടുണ്ടാക്കിയെടുക്കും?

ഒരിക്കൽ ഒരു മഹാദ്ഭുതമുണ്ടായി. ഒരു ‘ഇണ്ടാസ് കൈയിൽ കിട്ടി വായിച്ചുനോക്കുമ്പോൾ അതാ കിടക്കുന്നു. ഒരു ഭയങ്കരൻ. ബർണാഡ് ഷായും ഇബ്സനും ഭാസനും കാളിദാസനുമൊക്കെ. ആദ്യ വായനയിൽത്തന്നെ, തലക്കെട്ടു കണ്ടു് അന്തംവിട്ടു് നാടകരചനയുപേക്ഷിച്ചു നാടുവിടും. അത്രയ്ക്കു ഭയങ്കരൻ. അവന്റെ പേരു് ’കപ്പൽച്ചേതം’. ഈ പേരിലൊരു നാടകമെഴുതണം. അതു ഞാൻതന്നെ എഴുതണം. ഒരു മകളുള്ളതുകൊണ്ടു ഞാൻ നാടുവിട്ടില്ല. ഏതെങ്കിലും ഒരു അന്യദേശത്തിനു ഒരു അജ്ഞാതശവം സംഭാവന ചെയ്തതുമില്ല. ധൈര്യമായി നാടകമെഴുതി. ശ്രോതാക്കളിൽ എത്ര പേർ ധൈര്യമായിരുന്നു് അതു കേട്ടെന്നെനിക്കറിഞ്ഞു കൂടാ—

“സ്ഫുടതാരകൾ കൂരിരുട്ടിലുണ്ടു്” ഉണ്ടു്, മഹാകവിയുടെ വാക്കു പിഴച്ചില്ല. ശ്രമകരമായ ജോലിയിലും, അനാവശ്യവും അസംബന്ധവുമെന്നു തീർത്തു പറയാവുന്ന നിയന്ത്രണങ്ങളിലും നിയമങ്ങളിലും കിടന്നു വിഷമിക്കുമ്പോൾ കലാകാരന്മാർക്കിടയിലുണ്ടായിരുന്ന ഐക്യവും സൗഹൃദവുമാണു എനിക്കു് ആശ്വാസം നല്ലിയതു്. അതു പോലെ പ്രക്ഷേപണത്തിൽ അറിയാതെ വന്നുചേരുന്ന അബദ്ധങ്ങളും പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന വി. എ. പി. മാർ പലപ്പോഴും പ്രദർശിപ്പിക്കുന്ന അല്പത്തങ്ങളും അജ്ഞതകളും രസകരങ്ങളായിരുന്നു; നേരമ്പോക്കിനു വകതരുന്നവയും.

ഒരിക്കൽ ഒരു വി. ഐ. പി. പ്രഭാഷണത്തിനു വന്നു. അങ്ങനെയുള്ളവർ വരുമ്പോൾ പ്രക്ഷേപണ കേന്ദ്രത്തിലെ വി. ഐ. പി. മാർ തന്നെ തിക്കിത്തിരക്കി സ്വീകരണത്തിനെത്തിച്ചേരും. അവരുടെ ബഹുജനസമ്പർക്ക പരിപാടി അതിൽ ഒതുങ്ങി നില്ക്കുന്നു. അന്നും ആ വി. ഐ. പി. പ്രഭാഷണത്തിനുള്ള സ്റ്റുഡിയോവിൽ കടന്നു തനിക്കായുള്ള കസേരയിൽ ഇരുന്നു. അദ്ദേഹം നേരത്തെ എഴുതി തയ്യാറാക്കി അയച്ചിരുന്ന പ്രഭാഷണം അദ്ദേഹത്തെ ഏല്പിച്ചു വായിക്കേണ്ട രീതിയും സമയത്തിൽ ഒതുക്കിനിർത്തേണ്ടതിന്റെ ആവശ്യകതയും മറ്റും പറഞ്ഞു ധരിപ്പിച്ചു. എല്ലാം ഒരു പുച്ഛഭാവത്തോടെ കേട്ട വി. ഐ. പി. പറയുന്നു:

“ഹൊ, ഇതാണോ പ്രക്ഷേപണം? വിശാലമായ മൈതാനിയിൽ, പതിനായിരക്കണക്കിലാളുകളെ പിടിച്ചിരുത്തി, മണിക്കൂറുകളോളം പ്രസംഗിക്കുന്നവനാണു ഞാൻ. ആളൊഴിഞ്ഞൊരു മുറി. പതിനഞ്ചു മിനിട്ടു സമയം. എന്നിട്ടും നിങ്ങളിതിനെ പ്രഭാഷണമെന്നു വിളിക്കുന്നോ, ഹേ? നിങ്ങളുടെ കത്തിൽ ടോക്കു് (Talk) എന്ന് എഴുതിക്കണ്ടു തെറ്റിദ്ധരിച്ചാണു ഞാൻ വന്നത്. ഇനി ഈ അബദ്ധം പറ്റില്ല.”

ഇതു് ഒരു ഉദാഹരണം. ഇനി മറ്റൊന്നു്. ഒരു പത്രാധിപർ. അദ്ദേഹത്തിനു റേഡിയോ നാടകങ്ങളിൽ പങ്കെടുക്കണമെന്നു കലശലായ മോഹം. ശബ്ദ പരിശോധന എന്ന കടമ്പ കടക്കേണ്ട ആവശ്യമൊന്നുമില്ല. പരിപാടിയുടെ ചുമതല വഹിക്കുന്ന ആൾക്കു് ഇഷ്ടമാണങ്കിൽ ആരേയും വിളിച്ചു് അകത്തുകയറ്റി പരിപാടിയിൽ പങ്കെടുപ്പിക്കാം. പത്രാധിപരല്ലേ, ആഗ്രഹം പ്രകടിപ്പിച്ചു കേൾക്കേണ്ട താമസം, അദ്ദേഹം ക്ഷണിച്ചു. പത്രക്കാരെ പ്രക്ഷേപണ കേന്ദ്രത്തിനും വലിയ ഭയമാണു്. അവർ വല്ലതും എഴുതിക്കൂട്ടിയാൽ കുഴപ്പമല്ലേ? പത്രാധിപർ വന്നു. നാടകം ആരുടേതാണെന്നോ എന്താണന്നോ ഒന്നുമില്ല. റിഹേഴ്സൽ തകൃതിയായി നടന്നു. പ്രക്ഷേപണത്തിന്റെ സമയമെത്തി. മൈക്രോഫോണിനു ചുററും അഭിനേതാക്കൾ അണിനിരന്നു. ചുമർക്ലോക്കിന്റെ നെറുകയിൽ ചുകപ്പുവെളിച്ചം കത്തി. നാടകത്തിന്റെ അനൗൺസ്മെന്റ് തുടങ്ങി. ഒന്നു മനസ്സിലാക്കണം. അന്നു പ്രക്ഷേപണം; ഫുട്ബാളിലെ സഡൻ ഡത്തു പോലെയാണ്. ഏതു ശബ്ദവും, അതു് അപശബ്ദമായാൽപ്പോലും, ആകാശത്തിൽ പോകും. ശ്രോതാക്കളുടെ ചെവിയിലെത്തും. റിക്കാർഡിങ്ങും എഡിറ്റിങ്ങും നടപ്പിൽ വരാത്ത കാലം. അതാണു സഡൻ ഡത്തെന്നു പറഞ്ഞതു്.

നാടകം പുരോഗമിക്കുന്നു. പത്രാധിപർ മോശമല്ലാത്ത നിലയിൽ സംഗതി കൈകാര്യം ചെയ്യുന്നു. അങ്ങനെയിരിക്കുമ്പോൾ പ്രതാധിപർ വഹിക്കുന്ന കഥാപാത്രവും മറ്റൊരു കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തിനിടയിൽ ബ്രാക്കറിൽ ചിരി എന്നു എഴുതിച്ചേർത്തതു് പത്രാധിപരുടെ ശ്രദ്ധയിൽപ്പെടുന്നു. അല്പം പരിഭ്രമിച്ചു് അടുത്തു നില്ക്കുന്ന ആളോടു് ഉറച്ച ശബ്ദത്തിൽത്തന്നെ ചോദിച്ചു:

“ഇതു് കമ്പൽസറിയാണോ?”

സഡൻ ഡത്ത്! ആ സഡൻ ഡത്തു് വാണം പോലെ ആകാശത്തിലേക്കു കുതിച്ചു. കേട്ടു നിന്നവർക്കു നേരമ്പോക്കു്. എന്തു കാര്യം? കലയിലല്ലാതെ ജീവിതത്തിൽ ചിരിക്കാനോ കരയാനോ, അവിടെ പറ്റില്ല. കേട്ടുനിന്നവർ ചിരിയൊതുക്കാൻ പരമാവധി പരിശ്രമിക്കേണ്ടിവന്നു.

അതുപോലെ നൂറ്റുവരുടെ പിതാവായ ധൃതരാഷ്ട്രർ ഞങ്ങളുടെ സ്റ്റുഡിയോവിൽ വന്നു ഒരിക്കൽ ഇംഗ്ലീഷ് സംസാരിച്ചിട്ടുണ്ടു്. സന്ദർഭമിതാണു്. ‘ഭഗവദ്ദൂതാ’ണു് നാടകം. കോഴിക്കോട്ടെ നാടകവേദിയിലെ മികച്ചൊരു നടനും അനേകം ശിഷ്യസമ്പത്തുള്ള പ്രൊഫസറും ഹാസ്യ സാഹിത്യകാരനും സഞ്ജയന്റെ സഹപ്രവർത്തകനും മറ്റുമായിരുന്ന ശ്രീ സൂര്യനെഴുത്തച്ഛൻ–സൂര്യമുൻഷിയെന്നും സൂർജിയെന്നും പരക്കെ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന സഹൃദയൻ–അദ്ദേഹം കേന്ദ്രത്തിലെ പരിപാടികളിൽ പതിവായി പങ്കെടുക്കുന്ന പ്രധാനികളിൽ ഒരാളായിരുന്നു. സ്റ്റേജിലെ ചിരപരിചയം നിമിത്തം സഹനടന്റെ മുഖത്തു നോക്കിയല്ലാതെ അദ്ദേഹത്തിനു സംസാരിക്കാൻ പറ്റില്ല. ‘ഭഗവദ്ദൂതി’ൽ അദ്ദേഹം ധൃതരാഷ്ട്രരുടെ ഭാഗമാണ് അഭിനയിച്ചിരുന്നതു്. കടലാസിലും മുഖത്തും മാറിമാറി നോക്കിയാണഭിനയം. നീണ്ട ഒരു സംഭാഷണം അവസാനിച്ചു. അടുത്തിലേക്കു കടക്കേണ്ട ഘട്ടം വന്നപ്പോൾ തുടർച്ച നഷ്ടപ്പെട്ടു. അടുത്തു പറയേണ്ട ഭാഗം കാണുന്നില്ല. ഉടനെ അദ്ദേഹത്തെ ചേർന്നുനില്ക്കുന്ന ആൾ വിരൽകൊണ്ടു സ്ഥലം ചൂണ്ടിക്കൊടുക്കുന്നു. സൂര്യമുൻഷി ആശ്വാസത്തോടെ, ആഹ്ലാദത്തോടെ, സംഭാഷണം തുടരുന്നു:

“യേസ്, യേസ്... ഉണ്ണീ സുയോധനാ!”

സഡൻ ഡത്ത്. ആ ആശ്വാസത്തോടെയുള്ള “യേസ് യേസ്’ അങ്ങു് ആകാശത്തിൽ കയറി.

പില്ക്കാലത്തു് എവിടെവെച്ചു് കണ്ടാലും രസകരമായ ഈ സംഭവം ആവർത്തിച്ചു പറഞ്ഞു് ആ വലിയ മനുഷ്യൻ പൊട്ടിച്ചിരിക്കുമായിരുന്നു.

പ്രക്ഷേപണം കഴിഞ്ഞു് ബദ്ധപ്പെട്ടു വീട്ടിലേക്കു മടങ്ങുമ്പോൾ ഒരേയൊരുവിചാരമാണു്. എന്റെ മകൾ കരുണാകരനെ വിഷമിപ്പിച്ചോ? ശാഠ്യം കൊണ്ടു രാധയെ ശല്യപ്പെടുത്തിയോ? ഇല്ല. ഞങ്ങളുടെ വീട്ടിനടുത്തു് ഒരു നല്ല കുടുംബം താമസിച്ചിരുന്നു. കുട്ടികളും, മുതിർന്നവരും ഒരുപോലെ സ്നേഹസമ്പന്നർ. അവിടത്തെ ദാക്ഷായണി എന്ന കുട്ടി–ഇപ്പോൾ അമ്മയും വല്യമ്മയുമൊക്കെ ആയിക്കഴിഞ്ഞിട്ടുണ്ടാകും—എന്റെ മകളുമായി വലിയ അടുപ്പത്തിലായിരുന്നു. അവളവിടെ സുഖമായി, സന്തോഷമായി, കുട്ടികളോടൊപ്പം കളിച്ചുതിമർക്കുന്നതു കണ്ടുകൊണ്ടാണു ഞാൻ വീടെത്തുക. ദാക്ഷായണിയെ അവൾ ദാച്ച്വേടത്തി എന്നു വിളിച്ചു. ദാച്ച്വേടത്തിയിൽനിന്നു അവളെ വിടുർത്തി വീട്ടിലേക്കു കൊണ്ടു പോവാൻ ഞാനേറെ വിഷമിക്കണമെന്നായി.

ഊരും പേരും അറിയാത്ത, കുറ്റമൊന്നും ചെയ്യാത്ത, പാവങ്ങളെപ്പോലും നിർദ്ദാക്ഷിണ്യം കൊന്നൊടുക്കുന്ന ഈ ലോകത്തു് നിസ്വാർത്ഥ സ്നേഹത്തെപ്പറ്റി ആലോചിക്കാനും പറയാനും എന്തൊരു സുഖം.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.