images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
റെഡിമെയ്ഡ് സാഹിത്യം

ഡയറിയെഴുത്തു ശീലിക്കാത്തതിലുള്ള ദുഃഖം ചില്ലറയല്ല. ഓർമ്മയ്ക്കു് കാലിടറുന്നു. സംഭവങ്ങൾ കീഴ്മേൽ മറിയുന്നു. അപ്രധാനമായ പലതും അതുകൊണ്ട് ഈ ഓർമ്മക്കുറിപ്പിൽ സ്ഥലം പിടിക്കുകയും പ്രധാനമെന്നു എനിക്കു തോന്നിയ ചിലതു പറയാതെ വിട്ടു പോവുകയും ചെയ്യുന്നു. അങ്ങനെ വിട്ടുപോയതിൽ ഒരു സംഭവമാണു് ആകാശവാണിയോട് ശ്രീ പി. ഭാസ്കരന്റെ വിടപറയൽ. ആരും പറയാതെ, ആരുടെ ഉത്തരവിനും കാത്തുനില്ക്കാതെ, ഒരു ദിവസം ഭാസ്കരൻ പടിയിറങ്ങിപ്പോയി. പ്രക്ഷേപണ കലയിൽ പ്രവീണരായ രണ്ടുപേർ–പദ്മനാഭൻനായരും ഭാസ്കരനും–കോഴിക്കോടിനു നഷ്ടപ്പെട്ടു. ഭാസ്കരന്റെ അഭാവം ഞങ്ങളെ വളരെയേറെ ദുഃഖിപ്പിച്ചു. പദ്മനാഭൻ നായരുടെ കാര്യത്തിൽ ദുഃഖിച്ചിട്ടു പ്രയോജനമുണ്ടായിരുന്നില്ല. അദ്ദേഹം ഒരു ഗവണ്മെന്റുദ്യോഗസ്ഥനായിരുന്നു അന്നു്, എപ്പോഴും സ്ഥലംമാറ്റത്തിനു വിധേയനാവാൻ വിധിക്കപ്പെട്ട ആൾ. ഭാസ്കരൻ അങ്ങനെയായിരുന്നില്ലല്ലോ.

ക്രൗഞ്ചമിഥുനങ്ങളിലൊന്നിന്റെ വിയോഗത്തിൽ വിഷാദത്തിന്റെ കവിത ചൊല്ലിയ വാല്മീകിമഹർഷിയെപ്പോലെ തീർച്ചയായും ആകാശവാണി നിലയം ഭാസ്കരന്റെ വേർപാടിൽ വിലപിച്ചിട്ടുണ്ടാവണം. കാരണം, സംഗീതസംവിധായകനായ ശ്രീ കെ. രാഘവനും ഭാസ്കരനും പൂവും മണവും പോലെ, താളവും ശ്രുതിയും പോലെ, സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും അനുഭൂതി വർഷിച്ചുകൊണ്ടാണു് നിലയത്തിന്റെ പേരും പ്രശസ്തിയും പെരുപ്പിച്ചുപോന്നതു്. ഭാസ്കരൻ കവിയാണല്ലോ. തന്റെ ഒഴിച്ചുപോക്കിലൂടെ ക്രാന്തദർശിയാണെന്ന് അദ്ദേഹം തെളിയിക്കുകകൂടി ചെയ്തു. അന്നൊഴിഞ്ഞു പോയില്ലെങ്കിൽ ഒഴിപ്പിക്കുമെന്ന കാര്യം തീർച്ചയായിരുന്നു. കമ്മ്യൂണിസമെന്ന പേരു പറയുകയോ കേൾക്കുകയോ എഴുതുകയോ ചെയ്യാൻ പാടില്ലാത്ത കാലം. ‘കമ്ര’മെന്നോ ‘കമഠ’മെന്നോ ‘കമല’മെന്നോ എവിടെയെങ്കിലും എഴുതിപ്പോയെങ്കിൽ അവിടെ സംശയദൃഷ്ടി പതിക്കുന്ന കാലം; പിന്നെങ്ങനെ ഭാസ്കരനെപ്പോലൊരാളെ വെച്ചുപൊറുപ്പിക്കും?

ഏതൊക്കെ പദങ്ങൾ, ഏതൊക്കെ പേരുകൾ, എന്തെല്ലാം സംഭവങ്ങൾ ആകാശവാണിക്കു നിഷിദ്ധമെന്നു് ആർക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. അതതുകാലം ഭരിക്കുന്ന ആപ്പീസർമാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കും അറിവിനുമനുസരിച്ചാണതൊക്കെ തീരുമാനിക്കുന്നത്. അതുകൊണ്ടുള്ള ദുരിതമനുഭവിക്കുന്നതോ എഴുത്തുതൊഴിലാളിയും.

ചെറുതെങ്കിലും ക്രൂരമായൊരു സംഭവം. കേട്ടുകഴിയുമ്പോൾ. അല്പം നേരമ്പോക്കിനു വകയുള്ളതുകൊണ്ടു വിട്ടു കളയാൻ മനസ്സുവരുന്നില്ല. ഒരു നിരൂപണപ്രബന്ധം. പേരും പ്രശസ്തിയുമുള്ള ഒരു സാഹിത്യകാരൻ തയ്യാറാക്കിയതാണു്; പ്രക്ഷേപണത്തിനുവേണ്ടി. അതിന്റെ ചുമതല വഹിക്കുന്നതു പി. സി. യാണു്. പി. സി. യുടെമേലെ ഒരു പ്രോഗ്രാം ആപ്പീസറുമുണ്ടു് അദ്ദേഹം ‘അപ്രൂവ്ഡ്’ എന്നെഴുതി അനുമതി നല്കി ഒപ്പിട്ടാലേ പി. സി. ക്കതു പ്രക്ഷേപണത്തിനെടുക്കാവൂ. പ്രബന്ധം പ്രോഗ്രാം ആപ്പീസറുടെ മുമ്പിലെത്തി. നിമിഷങ്ങൾക്കകം ആർത്തട്ടഹസിച്ചു ചിരിച്ചുകൊണ്ടു് പി. സി. എന്റെ മുമ്പിലെത്തുന്നു.

“എടോ, നിയ്യൊക്കെ എവിടുന്നു പഠിച്ചെടോ സാഹിത്യം? ഒരു ചുക്കും അറിഞ്ഞുകൂടാത്തവർ. ദാ, നോക്കൂ. ഇതെന്താണെന്നു നോക്കൂ. നോക്കിയാൽ പോരാ, ശരിക്കു വായിക്കൂ.”

“ശയ്യാഗുണം.” ഞാൻ വായിച്ചു കഴിഞ്ഞു് പി. സി. യോടു ചോദിക്കുന്നു:

“ഇതിലെന്താ പി. സി. ഒരു വിശേഷം?”

പി. സി. വീണ്ടും വീണ്ടും ചിരിക്കുകയാണു്. ചിരിച്ചു കുഴഞ്ഞു കൊണ്ടു് പി. സി. പറയുന്നു:

“എടോ, അശ്ലീലമാണു്. നീയൊക്കെ കണ്ണും പൂട്ടി ഇതുപോലെ പല പദങ്ങളും എഴുതിവെക്കാറില്ലേ? ഇനിയെങ്കിലും പഠിച്ചോളൂ. ‘ശയ്യ’ എന്നുവെച്ചാൽ ‘കിടക്ക’. ഗുണമെന്നുവെച്ചാൽ ’ഗുണം’ തന്നെ. അതുകൊണ്ടെടോ, ഇതു് അശ്ലീലമാകുന്നു.”

“ഇതാരുടെ കണ്ടുപിടുത്തം?” ഞാൻ ചോദിച്ചു.

“എന്റെ പ്രോഗ്രാം ആപ്പീസർ പറയുന്നു ഇതശ്ലീലമാണ്, പ്രക്ഷേപണത്തിനു പറ്റില്ല, വെട്ടിക്കളയണം എന്നു്.

പി. സി. പറഞ്ഞവസാനിപ്പിച്ചപ്പോൾ ഞാനും ചിരിച്ചു. ചിരിക്കാതെന്തു ചെയ്യാൻ? കണ്ണുനീർത്തുള്ളിയിൽ പറഞ്ഞപോലെ അങ്ങനെ കരച്ചിലും പുഞ്ചിരിയും കലർന്നു മൂടലിനുമേലെ മൂടൽ വീണ്ടും. ഞങ്ങളുടെ ജീവിതം മുമ്പോട്ടു നീങ്ങി. നിർഭാഗ്യമെന്നു പറയട്ടെ, ഇക്കാലമെത്തുമ്പോഴേക്കും കോഴിക്കോടു്-തിരുവനന്തപുരം നിലയങ്ങൾ തമ്മിൽ ഒരു ശീതസമരം ആരംഭിച്ചുകഴിഞ്ഞിരുന്നു. കേവലം അനാവശ്യമായ കാര്യം. അധികാരസ്ഥാനത്തിരിക്കുന്ന ഏതോ ഒരു വ്യക്തിക്കോ അല്പം ചില വ്യക്തികൾക്കോ അധികാരൗദ്ധത്യം കാണിക്കാൻ മനപ്പൂർവ്വം കരുപ്പിടിച്ചെടുത്ത ഒരു കുസൃതിയാണു്, കോഴിക്കോടുനിലയത്തിനു അധോഗതിയുണ്ടാക്കിയതും ഒന്നായി ഒരേ മനസ്സോടെ കഴിയേണ്ടവരെ അനാവശ്യമായ തെറ്റിദ്ധാരണയിലൂടെ അകറ്റിയതും. കോഴിക്കോട്ടെ പത്രങ്ങളും പൊതുജനങ്ങളും പ്രതിഷേധത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ഏറെക്കഴിയും മുമ്പേ കേന്ദ്രമന്ത്രിസഭയിൽ പ്രക്ഷേപണത്തിന്റെ ചുമതല ഡോക്ടർ കേഷ്കർ ഏറ്റെടുത്തു. മാതൃഭൂമി തുടങ്ങിയ പത്രങ്ങളിൽ ആക്ഷേപങ്ങളും വിമർശനങ്ങളും, കേശവമേനോനെപ്പോലെ, കേളപ്പജിയെപ്പോലെ ഉന്നതസ്ഥാനീയരായ നേതാക്കളുടെ പ്രസ്താവനകളുമെല്ലാം ചേർന്നു സംഭവത്തിനു് ഏതാണ്ടൊരു പ്രക്ഷോഭത്തിന്റെ നിറം കിട്ടിയപ്പോൾ കേന്ദ്രമന്ത്രിതന്നെ അന്വേഷണത്തിനായി കോഴിക്കോട്ടെത്തി. ശ്രീ കെ. എ. ദാമോദരമേനോനെപ്പോലുള്ള നേതാക്കന്മാർ നിലയത്തിലെത്തി മന്ത്രിയെ നേരിൽ കണ്ടു നിവേദനങ്ങൾ സമർപ്പിക്കുകയുണ്ടായി. നിവേദനത്തിന്റെ ഫലത്തെക്കുറിച്ചു് അന്നും ഇന്നും എനിക്കൊന്നും പറയാൻ കഴിയില്ല. പക്ഷേ, പിരിമുറുക്കത്തിനൊരയവു കിട്ടി.

ശ്രീ കേഷ്കർ പ്രക്ഷേപണ വകുപ്പിൽ കാര്യമായ വ്യതിയാനം വരുത്താൻ ആത്മാർത്ഥമായ ശ്രമം നടത്തിയെന്നതിനു തെളിവുകൾ പലതുണ്ടായി. പരിപാടിയുടെ ഉത്തരവാദിത്വം അതതു വിഷയങ്ങളിൽ പ്രാവീണ്യം സിദ്ധിച്ചവരിൽ ഏല്പിക്കണമെന്നും അർഹരായവരെ കണ്ടുപിടിച്ചു നിയമിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. അങ്ങനെയാണു് മഹാകവി ജി. ശങ്കരക്കുറുപ്പും കേശവദേവും കൈനിക്കര കുമാരപിള്ളയും സി. ജെ. തോമസുമെല്ലാം ആകാശവാണിയിൽ പ്രൊഡ്യൂസർമാരായി വന്നതു്. എന്തു തിളക്കമുള്ള സംഭവം! പൊതുജനശ്രദ്ധ പിടിച്ചു പറ്റാനും ശ്രോതാക്കളുടെ ആദരവും പ്രശംസയും വേണ്ടുവോളം നേടിയെടുക്കാനും പ്രക്ഷേപണവകുപ്പിനും ഇതിലേറെ എന്തെങ്കിലും ചെയ്യാനുണ്ടോ? ഈ പരിവർത്തനദശയിലാണു പി. സി. കുട്ടികൃഷ്ണൻ പ്രൊഡ്യൂസറാവുന്നതും, കോഴിക്കോടിന്റെ, ശനിദശയ്ക്കു നേരിയ തോതിൽ പരിഹാരമുണ്ടാവുന്നതും.

ശ്രീ പി. വി. കൃഷ്ണമൂർത്തി കോഴിക്കോട്ടു് നിലയത്തിന്റെ അസി. സ്റ്റേഷൻ ഡയരക്ടറായി വരുന്നു. ഒരു കലാകേന്ദ്രം എങ്ങനെ ഭരിക്കണം, എങ്ങനെ ജനപ്രീതി നേടണം, ജനഹിതം മനസ്സിലാക്കി എങ്ങനെ പരിപാടികൾ ആസൂത്രണം ചെയ്യണം എന്നൊക്കെയുള്ള കാര്യങ്ങൾ ഞങ്ങൾക്കു മനസ്സിലാവുന്നതു് അദ്ദേഹത്തിന്റെ വരവോടുകൂടിയാണു്.

എക്സ്പ്ലനേഷനല്ല, മെമ്മോ അല്ല, ഇണ്ടാസല്ല, കർക്കശ നിയമങ്ങളുടെ നൂലാമാലയല്ല, പ്രക്ഷേപണ നിലയത്തിന്റെ ഭരണമെന്നു് ആശ്വാസത്തോടെ ഞങ്ങൾ മനസ്സിലാക്കുന്നതും അപ്പോൾത്തന്നെ. ആദ്യമായും അവസാനമായും നിലയത്തിന്റെ ചുമതല നല്ല പരിപാടികൾ പ്രക്ഷേപണം ചെയ്യലാണെന്നും അദ്ദേഹം ഞങ്ങളെ ധരിപ്പിച്ചു. കാളിങ് ബെല്ലും ശിപായിയും വാതിലടച്ചുപൂട്ടിയ ആപ്പീസുമുറിയും ഞങ്ങളുടെ മുമ്പിൽ തടസ്സം സൃഷ്ടിച്ചില്ല. എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ കാണാം. അന്വേഷിച്ചു ചെല്ലേണ്ട ആവശ്യമില്ല. ഞങ്ങളുടെ ഇടയിലേക്കു്, സ്റ്റുഡിയോവിലേക്കു് അദ്ദേഹം ഇറങ്ങിവരും. ഒപ്പം നിലത്തിരിക്കും. റിഹേഴ്സലുകളിൽ സജീവമായി പങ്കെടുക്കും. സംഗീതപരിപാടിയാണെങ്കിൽ അദ്ദേഹം മൃദംഗമോ ഘടമോ വായിക്കാനിരിക്കും. അതിലൊക്കെ അദ്ദേഹം വിദഗ്ദ്ധനായിരുന്നു.

ഒരിക്കൽ അദ്ദേഹം എന്നെ വിളിച്ചു് ഒരു പാട്ടു വേണമെന്നു പറഞ്ഞു. എന്തു പാട്ടാണു്, എങ്ങനെയാണെഴുതേണ്ടെന്നായി എന്റെ വിചാരം. എനിക്കുണ്ടോ തമിഴിലോ ഇംഗ്ലീഷിലോ പാട്ടെഴുതാൻ കഴിയുന്നു? അദ്ദേഹത്തിനു മലയാളം എഴുതാനോ വായിക്കാനോ പറ്റില്ലെന്നനിക്കറിയാമായിരുന്നു, പിന്നെ ഞാനങ്ങനെ പാട്ടെഴുതും? ഞാൻ നിന്നു സംശയിക്കുന്നതെന്തെന്നു ക്ഷണത്തിലദ്ദേഹത്തിനു മനസ്സിലായി. പരിഹാരത്തിനു പിന്നെ താമസമുണ്ടായില്ല. പാട്ടെഴുതുക. അതു പിന്നെ റോമൻ ലിപിയിൽ പകർത്തി അദ്ദേഹത്തിനു കൊടുക്കുക. ശരി, അങ്ങനെയെങ്കിലങ്ങനെ. ഞാനെഴുതി.

“വരൂ, നീ, വൈണികാ…” തുടർന്ന് ഒരു പാട്ടിന്റെ വരികൾ മുഴുവനും പൂർത്തിയായി. റോമൻലിപിയിൽ പകർത്തി അദ്ദേഹത്തെ ഏല്പിച്ചു. പിന്നെ ട്യൂൺചെയ്യുന്ന തിരക്കാണു് അതു കഴിഞ്ഞദ്ദേഹം സ്റ്റുഡിയോവിലെത്തുന്നു. എന്നെ പിടിച്ചു് അടുത്തിരുത്തുന്നു. ആളെവിട്ടു മായാ നാരായണനെ വരുത്തി പാട്ടു് പഠിപ്പിക്കുന്നു.

’വരൂ നീ വൈണികാ...’

‘രൂ’ എന്നു് ഉച്ചരിക്കാൻ അദ്ദേഹത്തിനു വിഷമം. വേറെയും ചില അക്ഷരങ്ങളുടെ ഉച്ചാരണത്തിൽ സ്വല്പം കുഴപ്പമുണ്ടെന്നല്ലാതെ ബാക്കിയെല്ലാം വളരെ കണിശമായിരുന്നു.

ഇതെന്റെ ഒരു ചെറിയ അനുഭവം മാത്രം. ഇതുപോലെ പലർക്കും പല നല്ല അനുഭവങ്ങളും അക്കാലത്തുണ്ടായിട്ടുണ്ടു്. വളരെ വേഗത്തിലാണദ്ദേഹം കോഴിക്കോട്ടുകാരുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയതു്, ഒരേസമയം സ്റ്റേജിലവതരിപ്പിക്കുകയും പ്രക്ഷേപണം ചെയ്യുകയെന്ന അതിസാഹസികമായ സമ്പ്രദായം നടപ്പാക്കിയതും അദ്ദേഹം തന്നെ. എസ്. കെ. പൊറ്റെക്കാടിന്റെയും എന്റെയും ചില നാടകങ്ങൾ അങ്ങനെ അവതരിപ്പിച്ചു പ്രക്ഷേപണം ചെയ്തിട്ടുണ്ടു്. ഇതിനൊരപവാദമെന്ന നിലയിൽ പില്ക്കാലത്തുണ്ടായ ഒരു സംഭവം ഇപ്പോൾത്തന്നെ ഇവിടെ കുറിച്ചു കൊള്ളട്ടെ.

ഒരാപ്പീസർ ശിപായിയെ വിട്ടു് എന്നെ വിളിപ്പിക്കുന്നു. എന്റെ മുമ്പിലദ്ദേഹം ഒരിക്കലും ചിരിച്ചിട്ടില്ല. ഗൗരവം ചോർന്നുപോയാലോ എന്നു ശങ്കിച്ചിട്ടാവും. ഞാൻ ആപ്പീസ് മുറിയിൽ കടന്ന ഉടനെ.

അദ്ദേഹം വളരെ ഗൗരവത്തിൽ പറയുന്നു:

“ഒരു സംഗീത ശില്പം വേണം?”

ഞാൻ മിണ്ടാതെ കേട്ടുനിന്നു.

“ഉടനെ വേണം. ആരുണ്ടെഴുതാൻ?”

ചോദ്യം കേട്ടാൽ കോഴിക്കോട്ടു് എഴുത്തും വായനയുമറിയുന്നവർ ആരുമില്ലെന്നു തോന്നും. ഞാൻ സാവകാശം പറഞ്ഞു:

“ആരെയെങ്കിലും കണ്ടു് എഴുതിക്കാം”

“അതൊന്നും നടപ്പില്ല.” അദ്ദേഹം തിരക്കുകൂട്ടുന്നു:

“ഉടനെ വേണ്ടതാണു്. ഇവിടെ എഴുതാൻ പറ്റുന്നവരാരെങ്കിലുമുണ്ടോ?”

അതൊരു വെല്ലുവിളിയാണന്നെനിക്കു തോന്നി. അതിനെ നേരിടാതിരിക്കുന്നതു മൂഢത്വമാണെന്നും.

“ഞാനെഴുതാം.”

ഒരു പാവത്താനെപ്പോലെ ഞാൻ പറഞ്ഞു.

“നിങ്ങളോ?”

അദ്ദേഹം സംശയാലുവായി, ക്രുദ്ധനായി എന്നെ അടിമുടി നോക്കി. എഴുതാമെന്നല്ലാതെ മറ്റൊന്നും ഞാൻ പറയണ്ടതില്ലല്ലോ. ഞാൻ മിണ്ടാതെ നില്ക്കുമ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശം വരുന്നു:

“ദേശാഭിമാനം തിളക്കുന്നതായിരിക്കണം. ശത്രുവിനെ എതിരിടാനുള്ള കരുത്തു ജനിപ്പിക്കുന്നതായിരിക്കണം. എഴുതാമോ?”

എഴുതാമെന്നു് ആവർത്തിച്ചതല്ലാതെ മറ്റൊന്നും ഞാൻ പറഞ്ഞില്ല. അപ്പോൾ രാജ്യാതിർത്തിയിൽ ചില്ലറ കുഴപ്പം നടക്കുന്ന കാലമായിരുന്നു. അതു് എനിക്കും അറിയാവുന്ന കാര്യമായതുകൊണ്ടു് അദ്ദേഹത്തിന്റെ മനസ്സിലിരിപ്പു് എനിക്കു വേഗം പിടികിട്ടി.

ആപ്പീസ് മുറിയിൽനിന്നു് പുറത്തു കടന്ന ഉടനെ ഞാൻ ശ്രീ രാഘവനെ സമീപിച്ചു. രാഘവനന്ന് എല്ലാവർക്കും മാഷായിരുന്നു. സംഗീതത്തിലുള്ള അവഗാഹമായ പാണ്ഡിത്യത്തിനു പുറമേ, നർമ്മഭാഷണത്തിനും അതിപ്രസിദ്ധനുമായിരുന്നു മാഷ്.

“മാഷേ, രക്ഷിക്കണം?”

മാഷ് എന്തിനും തയ്യാറാണു്. രക്ഷിക്കാനും വേണ്ടിവന്നാൽ ശിക്ഷിക്കാനും. ചുരുങ്ങിയ തോതിലൊരു ഗുസ്തിക്കാരന്റെ അംഗചലനവും ഭാവവുമുള്ള മാഷ് എന്റെ അഭ്യർത്ഥന കേട്ടു ചിരിച്ചു. ആ ചിരിക്കു് മെർക്കുറി ലൈറ്റിന്റെ ശോഭയാണു്. ഞാൻ സംഗതി പറഞ്ഞു. ഇതൊരു വെല്ലുവിളിയാണു്. ഇതു നേരിടണം മാഷെ. സഹായമില്ലാതെ വയ്യാ.

“വഹിച്ചു കളയാം. അവനെ കാച്ചിക്കളയാം.”

മാഷ് ധൈര്യം തന്നു. പിന്നെ കടലാസും പെന്നും ഞാനും എന്റെ പരിമിതമായ ഭാവനയും കവിതാ വാസനയും ചേർന്നുള്ള സമരമാണു്; ഘോരസമരം. കേകയിലും കാകളിയിലും ‘ഗുണമേറും ഭർത്താവി’ലുമൊക്കെ കവിതയെന്ന പേരിൽ പലതും പടച്ചുവിട്ടതിനു പുറമേ ആകാശവാണിയിൽ കയറിയശേഷം അറ്റകൈയ്ക്കു് മാഷുടെ നിർബ്ബന്ധത്തിനു വഴങ്ങി ചില ഗാനങ്ങളെഴുതിയെന്നല്ലാതെ ഞാനതിലൊരു വിദഗ്ദ്ധനൊന്നുമല്ലല്ലോ. അതുകൊണ്ടു് നന്നെ ക്ലേശിക്കേണ്ടിവന്നു.

പിറ്റേന്നു സംഗീതശില്പവുമായി ഞാൻ ആപ്പീസിലെത്തി. സാധനം രാഘവൻ മാസ്റ്റരുടെ കൈയിലേല്പിച്ചു. പേരു് ‘യാഗശില’. കേരള ചരിത്രവുമായി വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്ന ‘Sacrifice rock’. വെള്ള്യാൻകല്ലു്, അതിനെ ചുറ്റപ്പറ്റി പോർച്ചുഗീസുകാർ അറബിക്കടലിലും പടിഞ്ഞാറൻ തീരത്തും കാട്ടിക്കൂട്ടിയ വിക്രിയകളിൽനിന്നെടുത്ത ഒരു സംഭവമാണു് ഞാൻ സംഗീതശില്പത്തിന്റെ ഇതിവൃത്തമാക്കിയതു്. മാസ്റ്ററതു പരമസുന്ദരമായി ട്യൂൺചെയ്ത് ആർക്കും കുറ്റം പറയാനാവാത്ത ഒരു സംഗീതശില്പമാക്കി. പ്രഗല്ഭരായ ഗായകരെ പങ്കെടുപ്പിച്ചു. ഒടുവിൽ പ്രക്ഷേപണം കഴിഞ്ഞു ദൽഹിക്കയച്ചപ്പോൾ അവരതു് നേഷണൽ പ്രോഗ്രാമിൽ പെടുത്തുകയും എല്ലാ പ്രവിശ്യകളിലുമുള്ള പ്രക്ഷേപണ നിലയങ്ങളും ഏക കാലത്തതു പ്രക്ഷേപണം ചെയ്യുകയുമുണ്ടായി.

ഞാൻ കൃഷ്ണമൂർത്തിയിലേക്കുതന്നെ മടങ്ങട്ടെ. അദ്ദേഹത്തിന്റെ കാലത്താണു് കെ. എ. കൊടുങ്ങല്ലൂർ ഒരു അവധൂതനെപ്പോലെ ആകാശവാണിയിൽ കടന്നുവരുന്നതു്. കൊടുങ്ങല്ലൂരിൽ ഒളിഞ്ഞിരിക്കുന്ന കലാകാരനെ, ആത്മാർത്ഥതയുള്ള ധീരനായ മനുഷ്യനെ, കണ്ടെത്താൻ കൃഷ്ണമൂർത്തിക്കധികം താമസം വേണ്ടിവന്നില്ല. നിലയത്തിലെ ഒരു കലാകാരനായി സന്തോഷത്തോടെ അദ്ദേഹം കൊടുങ്ങല്ലരിനെ സ്വീകരിച്ചു. തുടന്നു മറ്റൊരു പ്രതിഭാശാലിയായ സുഹൃത്തും ആകാശവാണിയിൽ എന്നോടൊപ്പം ജോലിചെയ്യാനെത്തിച്ചേരുന്നു—കവി കക്കാട്. ഹാ, എന്തൊരാശ്വാസം! ആത്മാർത്ഥതയോടെ സഹകരിച്ചു പ്രവർത്തിക്കുന്ന സുഹൃത്തുക്കളോടൊപ്പം സുഖദുഃഖങ്ങൾ പങ്കിടാൻ കഴിയുന്നതു് എത്ര വലിയ ഭാഗ്യം.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.