images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
ഓർമ്മയിൽ ചില വൻവേഷങ്ങൾ

ഏതു വലിയ സമുദ്രത്തിലും ദ്വീപുകളുണ്ടാവുമെന്നു് ആരോ പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെ അമാവാസി രാവിൽ നാട്ടുവെളിച്ചവും. ഇങ്ങനെ അന്വേഷിക്കാൻ തുടങ്ങിയാൽ ആശ്വാസപ്രദങ്ങളായ പല വസ്തുക്കളും ഈ പ്രപഞ്ചത്തിലുണ്ടെന്നു കണ്ടത്താൻ കഴിയും. ഈ പ്രപഞ്ചത്തിലെന്നപോലെ എന്റെ ജീവിതത്തിലും. ‘കപ്പൽചേതം’ പോലുള്ള തലക്കെട്ടുകളുടെ ചുവടെ നാടകമെഴുതിവെക്കാൻ വിധിക്കപ്പെട്ട എനിക്കു് മറ്റു വല്ല തൊഴിലിനും പോകാൻ തോന്നാത്തതെന്തുകൊണ്ടു്? കല്ലുചെത്താനോ മരം വെട്ടാനോ നിരത്തമർക്കുന്ന കൂറ്റൻ കരിങ്കല്ലുരുട്ടാനോ ഞാനെന്തുകൊണ്ടു പോയില്ല? ഇത്തരം ചിന്തകൾ മനസ്സിൽ നോവിന്റെ കനൽ വാരിച്ചൊരിയുമ്പോൾ, എനിക്കാശ്വാസമരുളുന്ന ദ്വീപുകൾ സാഹിത്യാദികലകളുടെ രാജവീഥിയിൽ നാഴികക്കല്ലുകൾ നാട്ടി കടന്നുപോയ മഹാത്മാക്കളായിരുന്നു.

സമയം നട്ടുച്ച. കാന്റീനിൽ നിന്നു് ഭക്ഷണം കഴിച്ചു്, എന്നെ കാത്തിരിക്കുന്ന ഏതോ ബോറൻ പരിപാടിയിൽ പങ്കെടുക്കാൻ സ്റ്റുഡിയോവിലേക്കു പോവുകയാണു് കോറിഡോറിൽ കടന്നപ്പോൾ, കേൾക്കാൻ സുഖമുള്ള ശബ്ദത്തിൽ ആരോ ചൊല്ലുന്ന കവിത ഉച്ചഭാഷിണിയിലൂടെ ഒഴുകി വരുന്നു. നിന്നു ശ്രദ്ധിച്ചപ്പോൾ ഭാഷ മലയാളമല്ലെന്നു മനസ്സിലായി. എങ്കിലും അകലെ നിന്നു കേട്ടാൽ മലയാളമാണന്നു തോന്നും. ഏതായാലും ദ്രാവിഡകുടുംബത്തിലുള്ളതുതന്നെ. സന്ദേഹമില്ല. ആരായിരിക്കുമെന്നറിയാൻ അവിടെത്തന്നെ കാത്തുനിന്നു. പരിപാടി കഴിയുവോളം ആ കവിത കേട്ടുകൊണ്ടു നിന്നു. അവസാനത്ത അനൗൺസ്മെന്റ് വരുന്നു—കർണ്ണാടകത്തിലെ ആസ്ഥാനകവി ശ്രീ ഗോവിന്ദ പൈ പേരു കേട്ടപ്പോൾ ആളെ കാണാൻ ആഗ്രഹമായി. നിമിഷങ്ങൾക്കകം വാതിൽ തുറന്നു മഹാകവി പുറത്തുവരുന്നു. പിറകെ പി. സി. യും. ഞാനദ്ദേഹത്തെ തൊഴുതു. അദ്ദേഹം കൈകൂപ്പാൻ തുടങ്ങിയപ്പോൾ പി. സി. പറഞ്ഞു:

“തിക്കോടിയൻ.” ആസ്ഥാനകവി ആവേശഭരിതനായി മുന്നോട്ടു വരുന്നു. എന്നെ ആശ്ലേഷിക്കുന്നു. ഞാനൊരു മരപ്പാവയെപ്പോലെ നില്ക്കുന്നു. കാരണം, കർണ്ണാടകത്തിലെ ആസ്ഥാനകവി ആരു്? ഞാനാരു്? ബോട്ടണിക്കാരൻ പറയുമ്പോലെ, ഞാൻ വെറും ‘മലാബറിക്കാ-തിക്കോട്ന്റ ിക്കാ’. ഏതോ എഴുത്തുകാരനെന്നു സങ്കല്പിച്ചു്. എന്നെപ്പോലൊരുത്തനെ ആശ്ലേഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുതു് ഹൃദയനൈർമ്മല്യമല്ലാതെ മറ്റന്താണു്? ഇതുപോലൊരു വിശിഷ്ട വ്യക്തിയെ കാണുന്നതും അദ്ദേഹത്തിന്റെ സ്പർശമേല്ക്കുന്നതും ഒരു വലിയ ഭാഗ്യമായി ഞാനിന്നും കരുതുന്നു. എന്നെ പരിഹസിക്കരുതു്.

ഇതു പോലെ മറ്റൊരിക്കൽ മഹാകവി വള്ളത്തോളിന്റെ അതീവ ചാരുതയുള്ള കടാക്ഷമേൽക്കാനും എനിക്കവസരമുണ്ടായി, മഹാകവിയെ സദസ്സുകൾ പലതിലും ഞാൻ കണ്ടിട്ടുണ്ടു്. പ്രസംഗം കേട്ടു രസിച്ചിട്ടുണ്ടു് എന്നാൽ അദ്ദേഹത്തിന്റെ അടുത്തു നിന്നു്, തോളിൽ വാത്സല്യത്തോടെ തട്ടിക്കൊണ്ടു എന്നെ പ്രോത്സാഹിപ്പിക്കും പോലെ രണ്ടേരണ്ടു് അക്ഷരം പറഞ്ഞ ഒരു സന്ദർഭമുണ്ടാക്കിയതു് ആകാശവാണിയും പി. സി. യും തന്നെ. മഹാകവി സ്റ്റുഡിയോവിലുണ്ടെന്നറിഞ്ഞു ഞങ്ങൾ കുറേ ആരാധകർ കോറിഡോറിൽ ചുറ്റിപ്പറ്റിനിന്നു. അദ്ദേഹം പരിപാടി കഴിഞ്ഞു പുറത്തുവരുന്നു. ഞങ്ങളെ കണ്ടപ്പോൾ നിന്നു. ഉടനെ പി. സി. തന്റെ കൈവെള്ളയിൽ എന്തോ എഴുതി ക്കാണിച്ചു. കൈവെള്ളയിലെ അക്ഷരങ്ങളിൽനിന്നു് മുഖമുയർത്തി അദ്ദേഹമെന്നെ നോക്കി. ഏതോ ആലോചനയിലെന്നപോലെ പുരികം വളയുന്നു. വിശാലമായ നെറ്റിയിൽ ചുളിവുണ്ടാവുന്നു. എന്നോടടുത്തുനിന്നു എന്റെ തോളിൽ വാത്സല്യത്തോടെ തട്ടിക്കൊണ്ടു ചിരിച്ചു. ചിരിക്കു പുറമേ രണ്ടക്ഷരം, സ്വരം, പുറത്തു വരുന്നു: “അഃ അഃ” മനസ്സിലെന്താണെന്നും ഉച്ചരിച്ച സ്വരത്തിന്റെ പൊരുളെന്തെന്നും സ്വന്തം പ്രാണനെപ്പോലെ കഥകളിയെ സ്നേഹിച്ച മഹാകവിയുടെ മുഖത്തു നോക്കിത്തന്നെ മനസ്സിലാക്കണം. ഞാനതു മനസ്സിലാക്കി, എന്നെ അനുഗ്രഹിച്ചതാണെന്നു്. എനിക്കതു മതി. ഇങ്ങനെ ചില അനുഗ്രഹങ്ങളും ആശ്ലേഷങ്ങളുമുണ്ടായിരുന്നില്ലെങ്കിൽ, തിരിഞ്ഞു നോക്കുമ്പോൾ ആശ്വാസം നല്കുന്ന നിമിഷങ്ങൾ ഏതെങ്കിലും എന്റെ ജീവിതത്തിലുണ്ടാവുമായിരുന്നോ?

ഒരിടയ്ക്കു് സന്ദർശക മുറിയിൽ അസാധാരണമായ ആൾത്തിരക്കു കാണുന്നു. എന്താണു വിശേഷമെന്നറിയാൻ അങ്ങോട്ടു ചെന്നു. ആകാശവാണിയിലെ സ്വീകരണമുറിയുടെ നിലത്തു് ഒരാൾ കിടക്കുന്നു! ഒരു പുല്പായ വിരിച്ചു്, കുറെ പുല്പായകൾ ചുരുട്ടി ഒരു തലയണയാക്കിവെച്ചു് ഒരാൾ സുഖമായി മലർന്നു കിടക്കുന്നു. തലയുടെ ഭാഗത്തു ഭവ്യതയോടെ ആകാശവാണിയിലെ സംഗീതവിദ്വാന്മാർ കൂടിനില്ക്കുന്നുണ്ടു്. കിടക്കുന്ന ആൾ എന്തൊക്കെയോ സംസാരിക്കുന്നു. കേട്ടു നില്ക്കുന്നവർ ചിരിക്കുന്നു. തിരക്കിലൂടെ എത്തിനോക്കി.

സാക്ഷാൽ ചെമ്പൈ വൈദ്യനാഥഭാഗവതർ. ആരെ കണ്ടാലും വിളിക്കും. “വര്വാ, വര്വാ, എന്തൊക്കെയുണ്ടു് വിശേഷം?” പാട്ടുകാരോടും തോട്ടക്കാരോടും ഒരേ പെരുമാറ്റം. ഭേദഭാവം അശേഷമില്ല. ഒരിക്കൽ പ്രശസ്ത ചിത്രകാരനായ അക്കിത്തം നാരായണൻ പറഞ്ഞ കഥ ഓർത്തുപോവുകയാണു് ഈയവസരത്തിൽ. നാരായണൻ മദിരാശിയിൽ പഠിക്കുന്ന കാലം. ചിത്രകലയോടെന്നപോലെ സംഗീതത്തോടും കലശലായ ഭ്രമം. അസാരം പാടുകയും ചെയ്യും. അതു പോരാ, കാര്യമായി കുറച്ചു പഠിക്കണമെന്നായി, ഗുരുവിനെ തേടുമ്പോഴാണു് വൈദ്യനാഥ ഭാഗവതരെ ഓർമ്മ വന്നത്. അദ്ദേഹം മദിരാശിയിൽ താമസമാണു്. ഒരു സുഹൃത്തിനെയും കൂട്ടി നാരായണൻ ഭാഗവതരെ കാണാൻ ചെന്നു. ഊരും പേരുമൊക്കെ പറഞ്ഞപ്പോൾ എന്താണു് ജോലിയെന്നന്വേഷിച്ചു. നാരായണൻ പറഞ്ഞു പെയിന്ററാണന്നു്. ആഹാ. അദ്ദേഹത്തിനു് സന്തോഷായി. ഉടനെ പറഞ്ഞു, അകത്തു രണ്ടു പഴയ ഇരുമ്പുപെട്ടി കിടപ്പുണ്ട്, അതൊന്നു് പെയിന്റ് ചെയ്തുകൊണ്ടുവരണമെന്നു്. നാരായണൻ മിണ്ടിയില്ല. ചിരിച്ചതുമില്ല. അദ്ദേഹം ചിരിച്ചു. എല്ലാം മനസ്സിലാക്കിക്കൊണ്ടു് ഒരു ഫലിതം പൊട്ടിച്ചതാണു്. സംഭാഷണത്തിൽ ഇടയ്ക്കിടെ അതുണ്ടാവും. പരിഹസിച്ചുകഴിഞ്ഞു് അടുത്തവാക്കിനു് ഭാഗവതർ നാരായണനോടു പറഞ്ഞു, പിറ്റേദിവസം തന്നെ പഠിത്തം തുടങ്ങിക്കോളാൻ. നാരായണനു പരമസന്തോഷമായി. ആ വലിയ മനുഷ്യൻ അങ്ങനെയായിരുന്നു.

ആകാശവാണിയിൽ എല്ലാവരും അദ്ദേഹത്തിനു ശിഷ്യരായിരുന്നു. വന്ന ഉടൻ തിരക്കിട്ടു ചെന്നു സ്റ്റേഷൻ ഡയരക്ടരെ കാണുക, അവിടെയിരുന്നു വർത്തമാനം പറയുക തുടങ്ങിയ പതിവൊന്നുമില്ല. വന്നപാടെ നേരെ സന്ദർശകമുറിയിൽ തറയിൽ പുല്പായ വിരിച്ചു് കിടക്കും കാണേണ്ടവർക്കു് അങ്ങോട്ടു ചെല്ലാം. ചെന്നാൽ സുഭിക്ഷമായിട്ടു ഫലിതം കേൾക്കാം. സർവ്വാരാധ്യനായ വൈദ്യനാഥഭാഗവതരാണോ ഈ കിടക്കുന്നതു്? സംസാരിക്കുന്നതു്? കാണുന്നവർക്കു് അദ്ഭുതം തോന്നും.

ഒരുദിവസം അങ്ങനെ കിടക്കുമ്പോൾ എന്നെ കാണുന്നു. ഞാനാരാണെന്നു് അദ്ദേഹത്തിന്നറിയാൻ വഴിയില്ല. ആരാധകർക്കൊപ്പം അവിടെ കൂടിനില്ക്കുന്നവരിൽ ഒരുത്തൻ, ആകാശവാണിയിലെ ഒരു ജീവനക്കാരൻ, അത്രേയുള്ളൂ. അതു മതി. സ്റ്റേഷൻ ഡയരക്ടറോടു് പെരുമാറുംപോലെ പെരുമാറും. അദ്ദേഹം എന്നെ വിളിച്ചു് അടുത്തു നിർത്തി പറയാൻ തുടങ്ങുന്നു:

“നശിച്ചു, എല്ലാം പോയി. ഈ കർഷകബില്ലു് വന്നതോടെ ഉണ്ണാനുള്ള വഹ പോയി. ഇനി ഇങ്ങനെ ആകാശവാണിയും മറ്റും തരുന്ന ഭിക്ഷകൊണ്ടു വേണം കഴിയാൻ.”

കുടിയാന്മാരുടെ കൈവശമുള്ള വല്ല ഭൂമിയും നഷ്ടപ്പെട്ടിരിക്കും. പാട്ടും കിട്ടാതായിരിക്കും. അതിന്റെ നൈരാശ്യമാണു് പക്ഷേ, അതു പറയുമ്പോഴും അദ്ദേഹത്തിന്റെ സ്വരത്തിലോ വാക്കിലോ പാരുഷ്യം കാണാൻകഴിയില്ല. അത്ര വലിയ മനുഷ്യനായിരുന്നു! അദ്ദേഹത്തെ കാണുക, അദ്ദേഹവുമായി സംസാരിക്കുക, അദ്ദേഹത്തിന്റെ സ്വരമാധുരിയും സംഗീത ജ്ഞാനവും ആസ്വദിക്കുക ഇതിനൊക്കെ ഭാഗ്യംചെയ്തേ പറ്റൂ.

രംഗമണ്ഡപത്തിലെ മറ്റൊരു ചിത്രം. നടുവിരലിനും മോതിര വിരലിനുമിടയിൽ എരിയുന്ന സിഗരറ്റ്, ഇടയ്ക്കിടെ വിരൽ മിടിച്ചു കൊണ്ടു് സിഗരറ്റിന്റെ ചാരം തെറിപ്പിക്കുന്നു. സംസാരിക്കുമ്പോൾ അല്പം ധൃതിയുണ്ടെങ്കിലും പറയുന്നതെന്തും ഒരു പ്രൗഢപ്രബന്ധംപോലെ രുചികരം. വികാരഭേദത്തിന്നനുസരിച്ചു് വർണ്ണം മാറുന്ന കവിൾത്തടം. മഹാകവി ശങ്കരക്കുറുപ്പിന്റെ ഇരിപ്പിടം ഇപ്പോൾ ആകാശവാണിയിലെ സന്ദർശകമുറി. പരികർമ്മിയായി പി. സി. അടുത്തുണ്ടു്. ഒരു സിഗരറ്റ് ചാരമാവേണ്ട നേരം മാത്രമായിരുന്നെങ്കിലും, ആ വാഗ്ധോരണിയുടെ ആസ്വാദ്യത അതികേമം തന്നെയായിരുന്നു.

ഒരു ദിവസം വൈകീട്ടു ജോലി കഴിഞ്ഞു പിരിഞ്ഞുപോരുമ്പോൾ പി. സി. എന്നോടു പറഞ്ഞു:

“നാളെ ഞാൻ വരില്ല.”

“വേണ്ട.”

“പറയുന്നതു മുഴുവനങ്ങട്ടു് കേൾക്കെടോ. നാളെ താനൊരു ഗൗരവമായ കാര്യം ചെയ്യാനുണ്ടു്.”

“എന്താവോ?”

”നാളെ വൈലോപ്പിള്ളി വരും.”

“അതുകൊണ്ടു്?”

“താൻ പ്രത്യേകം ശ്രദ്ധിച്ചു് അദ്ദേഹത്തെ സ്വീകരിച്ചു് വേണ്ടതൊക്കെ ചെയ്യണം.”

എനിക്കതു വളരെയേറെ സന്തോഷമുള്ള കാര്യമായിരുന്നു. അതു കൊണ്ടു ഞാൻ വൈമനസ്യമൊന്നും പറഞ്ഞില്ല. പി. സി. തുടരുന്നു:

“നമ്മുടെ ആളുകളിൽ ചിലർക്കു വകതിരിവു കുറവാണു്.”

“ഈ അഭിപ്രായത്തോട്ടു് ഞാൻ പൂർണ്ണമായി യോജിക്കുന്നു.”

“അതുകൊണ്ടാണു പറയുന്നതു്. താൻ വൈലോപ്പിള്ളി വരുമ്പോൾ അവിടെത്തന്നെയുണ്ടാവണം. അദ്ദേഹത്തിനു മുഷിച്ചിലുണ്ടാവുന്ന കാര്യമൊന്നും സംഭവിക്കരുത്.”

“ഇല്ല.”

ഞാൻ ആണയിട്ടുറപ്പിച്ചു പറഞ്ഞു. പിറ്റേന്നു വൈലോപ്പിള്ളയുടെ ഫോൺ വരുന്നു. അദ്ദേഹം കോഴിക്കോട്ടെത്തിയിരിക്കുന്നു. താമസിക്കുന്ന ഹോട്ടലിന്റെ പേരു പറഞ്ഞു. ഞാൻ ഉടനെ ഒരു ഓട്ടോറിക്ഷ വിളിച്ചു അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു. കവിത കൊണ്ടുവന്നിട്ടുണ്ടു്. പക്ഷേ, ഒരിക്കൽ വായിച്ചുനോക്കി ചില തിരുത്തലൊക്കെ വരുത്തണം. അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു. ഉണ്ണാറായപ്പോൾ ചെന്നു വിളിച്ചു. ഉണ്ടുകഴിഞ്ഞപ്പോൾ അദ്ദേഹം. ചോദിച്ചു:

“പിന്നെ, ഇതു നാളെയായാൽ വല്ല വിരോധവും ഉണ്ടോ?”

“ഇല്ല; ഒരു വിരോധവുമില്ല. നാളെ റിക്കാഡ് ചെയ്യാം.”

“ശരി. എന്നാൽ അങ്ങനെയാവാം.”

ഞാനദ്ദേഹത്തെ ഒരു ഓട്ടോറിക്ഷയിൽ ഹോട്ടലിൽ കൊണ്ടുചെന്നു വിട്ടു. പിറ്റേന്നു രാവിലെ വീണ്ടും കൂട്ടിക്കൊണ്ടുവന്നു. വെട്ടലും തിരുത്തലും കൂട്ടിച്ചേർക്കലും മറ്റുമായി ഉച്ചയോടെ സംഗതി ശരിപ്പെട്ടു. കവിത റിക്കാർഡ് ചെയ്തു. അദ്ദേഹത്ത കേൾപ്പിച്ചു. എല്ലാം കഴിഞ്ഞു പുറത്തുകടന്നപ്പോൾ ഞാൻ പതുക്കെ ചോദിച്ചു:

“ഈ കവിത...?”

“ഏ, എന്താ?” അദ്ദേഹത്തിനാകെ ഒരു വിഷമം. ചോദിക്കേണ്ടായിരുന്നു എന്നു എനിക്കപ്പോൾ തോന്നി: ”എന്താ പറയൂ.”

”പെരുന്തച്ചന്റെ മകനെന്നാണല്ലോ കവിതയുടെ പേരു്?” അദ്ദേഹത്തിന്റെ വിഷമം വർദ്ധിക്കുന്നു:

”പേരിലെന്താ കുഴപ്പം?”

“കുഴപ്പം പേരിലുമില്ല; കവിതയിലുമില്ല.”

“പിന്നെ?”

“ഇതു രണ്ടിലുമില്ലാത്ത മറ്റെവിടെയോ കുഴപ്പമുണ്ടെന്നൊരു തോന്നൽ.”

അദ്ദേഹം മൗനിയായി. മൗനം നീണ്ടുപോകുന്നു. കൊള്ളരുതായ്മ ചെയ്തുപോയവനെപ്പോലെ ഞാൻ വിഷണ്ണനായി. ആ സന്ദർഭത്തിൽ നിന്നു് എങ്ങനെ രക്ഷപ്പെടണമെന്നാലോചിച്ചു വിഷമിക്കുമ്പോൾ അദ്ദേഹം ചോദിക്കുന്നു:

“കുഴപ്പമുണ്ടെന്നു തോന്നിയോ??

“ഇല്ല. തോന്നിയില്ല. എന്നല്ല കവിതതന്നെ ഒന്നാന്തരമായിരിക്കുന്നു.”

“ഉം.” അദ്ദേഹം മൂളി. അധികം സംസാരിച്ചു് കൂടുതൽ വങ്കത്തമുണ്ടാക്കാതെ കഴിക്കാൻ റിക്കാർഡിങ്ങിനു ശേഷമുള്ള നടപടികളിലേക്കു് ഞാൻ ധൃതിയിൽ പ്രവേശിച്ചു.

എല്ലാം കഴിഞ്ഞു് ഹോട്ടലിലേക്കു പോകുമ്പോൾ അദ്ദേഹം എന്തൊക്കെയോ ചിന്തിച്ചുറപ്പിച്ചമട്ടിൽ പറഞ്ഞു:

“ആ കവിതയിൽ ചിലതൊക്കെ കാണും. എല്ലാവരും കാണില്ല. പക്ഷേ, കാണേണ്ടവർ കാണും.”

അപ്പോൾ ആ മുഖത്തു് അല്പം ചിരിയുണ്ടായിരുന്നു. എനിക്കാശ്വാസമായി. ഹോട്ടലിൽ ചെന്ന ഉടനെ അദ്ദേഹം പറഞ്ഞു:

“എനിക്കു വേണ്ടി വളരെ ബുദ്ധിമുട്ടി?”

“ഇല്ല. എനിക്കു ബുദ്ധിമുട്ടൊന്നുമില്ല.”

“രണ്ടു ദിവസമായില്ലേ നിങ്ങൾ ബുദ്ധിമുട്ടുന്നു. ഇതൊക്കെ, അല്ല എങ്ങനെ സാധിക്കുന്നു. ഏ? മറ്റുള്ളവർക്കു വേണ്ടി സമയവും മറ്റും ഇങ്ങനെ വ്യയം ചെയ്യാൻ?”

“എനിക്കിതു സന്തോഷമാണു്. വളരെ സന്തോഷം. മാഷേപ്പോലെ ഒരു വലിയ മനുഷ്യനെ കാണുന്നതും ബന്ധം സ്ഥാപിക്കാൻ കഴിയുന്നതും എന്നെപ്പോലുള്ളവർ വല്യ കാര്യമായിട്ടാണു് കരുതുന്നതു്.”

“നന്ദി പറയുന്നില്ല.”

ഞങ്ങൾ പിരിഞ്ഞു.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.