images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
കോൺഫിഡൻഷ്യൽ റിപ്പോർട്ടു്

ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും, പഠിപ്പിക്കുന്നവരും പഠിക്കുന്നവരും, കല്പിക്കുന്നവരും ‘എറാൻ’ മൂളികളും, പ്രക്ഷേപണ കർമ്മത്തിലേർപ്പെട്ടവരും അതാസ്വദിക്കുന്നവരും എഴുത്തുകാരും നിരൂപകരും ഒക്കെ ഇടയ്ക്കിടെ അല്പം വങ്കത്തം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തില്ലെങ്കിൽ നമ്മുടെയൊക്കെ ജീവിതം വൃഥാവിലാകും. വങ്കത്തം പ്രവർത്തിക്കുന്നവരും അതിന്റെ ഫലമനുഭവിക്കാൻ വിധിക്കപ്പെട്ടവരും ഒരുപോലെ ഓർത്തോർത്തു ചിരിക്കണം; അതാണു പരമ സുന്ദരമായ വങ്കത്തം. വെറുതെ കാര്യം മനസ്സിലാക്കാതെ വങ്കത്തത്തിന്റെ പേരിൽ പിണങ്ങുന്നതും വഴക്കുകൂടുന്നതും വ്യർത്ഥം.

ഇരുപത്തിയാറു കൊല്ലം അച്ചടക്കത്തോടെ, മേലധികാരത്തിലെ ഉത്തരവുകൾ അക്ഷരംപ്രതിയനുഷ്ഠിച്ചു ജോലിചെയ്ത് പിരിഞ്ഞു പോന്ന എന്റെ സമ്പാദ്യത്തിന്റെ കണക്കറിയണ്ടേ? എന്റെയും എന്നെ ഭരിച്ചവരുടേയും എന്റെ പേരിൽ ശുണ്ഠിയെടുത്തവരുടേയും എനിക്കു് ‘ഇണ്ടാസ്സ്’ അടിച്ചുതന്നവരുടേയും എന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ടു് ചീത്തയാക്കിയവരുടേയും വങ്കത്തങ്ങളുടെ സ്മരണ; അതുമാത്രമാണന്റെ സമ്പാദ്യം. പെൻഷന്റെ പേരിൽ ഒരു പൈസ തന്നിട്ടില്ല; തരുന്നുമില്ല. സർവ്വീസിന്റെ ആദ്യത്തെ പതിന്നാലു കൊല്ലം. കരാറുപണിതന്നെ. ഗവണ്മെന്റ് ജീവനക്കാർക്കവകാശപ്പെട്ട യാതൊരാനുകൂല്യങ്ങളും തന്നിരുന്നില്ല; ഡിയർനസ് അലവൻസ് പോലും. പറഞ്ഞില്ലേ, ആകെ കിട്ടിയതു് കുറേയേറെ വങ്കത്തങ്ങളുടെ സ്മരണ. എന്നോടൊപ്പം ജോലിചെയ്തവൻ മാസാരംഭത്തിൽ കൃത്യമായി പെൻഷൻ തുക വാങ്ങാൻ ട്രഷറിയിലേക്കു പോകുമ്പോൾ ഞാൻ വീട്ടിലിരുന്നു കഴിഞ്ഞ കാലത്തെ വങ്കത്തങ്ങളെ താലോലിച്ചു രസിക്കുകയാവും—ഏറെക്കുറെ എല്ലാ മാസത്തിന്റെ തുടക്കത്തിലും ഞാനിപ്പോൾ ആലോചിക്കുന്നതു് എനിക്കു പെൻഷൻ തരാതെ കഴിച്ചുകൂട്ടിയ പ്രക്ഷേപണ വകുപ്പിന്റെ വങ്കത്തത്തെക്കുറിച്ചാണു്. ഓർത്തോർത്തു ചിരിക്കാൻ വകയുള്ള വങ്കത്തമല്ലേ?

ഇതെഴുതുന്ന ദിവസം 1-ാം തീയതിയല്ലാത്തതുകൊണ്ടും ജോലിയിൽ നിന്നും പിരിഞ്ഞു പോന്നിട്ടു് 14 കൊല്ലം കഴിഞ്ഞുപോയതു കൊണ്ടും പെൻഷനെന്ന ധർമ്മപ്പെട്ടിയുടെ കാര്യം ഞാൻ ഓർക്കുന്നില്ല. എങ്കിലും ചിരപരിചയം മൂലം എന്റെ മനസ്സു് തരം കിട്ടുമ്പോഴൊക്കെ ആകാശ വാണിയിൽ ഓടിക്കയറുന്നു. എന്നിട്ടു്, പണ്ടു് ഏതോ ഒരു സംസ്കൃത കവി ചൊല്ലിയ പോലെ “തത്തു തത്രൈവ രമതേ.” അതവിടെത്തന്നെ രമിക്കുന്നു. അതുകൊണ്ടു പറഞ്ഞു പോവുകയാണു്.

ഒരു ഓണക്കാലം. ഓണം, തിരുവാതിര, വിഷു, ക്രിസ്മസ്, പെരുന്നാളെന്നൊക്കെ പറഞ്ഞാൽ ആകാശവാണിക്കു് ഒരുതരം ഹാലിളക്കമാണു്. പരിപാടികൾ അനേകം ആസൂത്രണംചെയ്യുന്നു. പാട്ടായും നാടകമായും ചിത്രീകരണമായും പ്രഭാഷണമായും ഏറെ ദിവസങ്ങൾ ഓണമിട്ടു കലക്കും. നാട്ടിൻപുറം പരിപാടിയിലൊരു നാടകം, മഹിളാലയത്തിലൊരു നാടകം, ബാലരംഗത്തിലൊരു നാടകം, നാടകത്തിലുമൊരു നാടകം—അങ്ങനെ എല്ലാ വകുപ്പിലും. “ആകാശവാണിയിൽ ഓണം കേറാമൂലയെന്നൊരു വകുപ്പുണ്ടെങ്കിൽ അവിടേയും ഒരു നാടകം. എല്ലാംകൂടി ചേർന്നു് അന്തരീക്ഷം കലക്കുമ്പോൾ ശ്രോതാവെന്ന നിർഭാഗ്യവാൻ നെഞ്ചിൽ കൈവെച്ചു പ്രാർത്ഥിക്കുന്നുണ്ടാവും. “പടച്ചവനേ, ഇനിയൊരോണവും ക്രിസ്മസ്സും പെരുന്നാളും ഈവഴി കടന്നുപോകല്ലേ”യെന്നു്.

ഇതുപോലൊരാഘോഷവേളയാണു് ഞാൻ പറഞ്ഞുവരുന്നതു്. ഓണാഘോഷം തന്നെ. ഇരിക്കാനും നില്ക്കാനും സമയമില്ല. തിരക്കു പിടിച്ച സൃഷ്ടി, റിഹേഴ്സൽ, പ്രക്ഷേപണം. ഒന്നു കഴിഞ്ഞു മറ്റൊന്നു്. അപ്പോൾ അതു സംഭവിക്കുന്നു. മഹിളാലയത്തിന്റെ ചുമതല വഹിക്കുന്ന ആൾ ധൃതികൂട്ടി ഓടിവരുന്നു. ഓണത്തെപ്പറ്റി ഒരു ചിത്രീകരണം. അതിലൊരു അച്ഛന്റെ ഭാഗം ഞാൻ അഭിനയിക്കണം. ഓടി സ്റ്റുഡിയോവിൽ കയറി. വാതിലടച്ചതും ചുവപ്പുവളിച്ചം കത്തി. പരിപാടി ആരംഭിച്ചു. മിക്കവാറും നിലയത്തിലെ ആർട്ടിസ്റ്റുമാരൊക്കെയുണ്ടു്. ഒരു തവണ വായിച്ചുനോക്കാൻ കൂടി കഴിഞ്ഞിട്ടില്ല. പ്രക്ഷേപണം തുടങ്ങി. ഞാൻ കടലാസുയർത്തി അഭിനയിച്ചുകൊണ്ടു വാത്സല്യത്തോടെ വിളിച്ചു:

“മോളേ.”

വിളി കേട്ടതു് നിലയത്തിലെ ഒരു ആർട്ടിസ്റ്റാണ്, അപ്പുറം പി. സി. യുണ്ടു് പിന്നെയും ആരൊക്കെയോ ഉണ്ടു്. തമ്മിൽ തമ്മിൽ പറയേണ്ടതു പറയുന്നു. അച്ഛൻ മകളോടു്, മകൾ അതിഥിയോടു്. അങ്ങനെ പറഞ്ഞു വരുമ്പോഴാണു് മുമ്പിലൊരു ചതിക്കുഴി. എന്തെന്നുവെച്ചാൽ എന്റെ മകൾ ചിത്രീകരണത്തിൽ ഒരു അഞ്ചുവയസ്സുകാരിയാണു് അതാരും മനസ്സിലാക്കിയില്ല. അടുത്ത വാചകം ഞാനെന്റെ മകളോടു പറയേണ്ടതു്:

“മോളേ, മുണ്ടു മുഷിക്കണ്ടാ. അഴിച്ചു അയയിലിട്ടേക്കൂ. നാളെ കുളികഴിഞ്ഞിട്ടുടുക്കാം.”

എപ്പോൾ എവിടെവെച്ചു വേണമെങ്കിലും ഉടുമുണ്ടു് ഉരിഞ്ഞു മാറ്റാനുള്ള പ്രായക്കാരിയല്ല എന്റെ മുന്നിലിരിക്കുന്നതു്. ശ്രോതാക്കൾ പതിവായി കേട്ടുപരിചയിച്ച ശബ്ദം: എന്റെ മുമ്പിലുള്ള കടലാസിൽ എഴുതിവെച്ചതു് അതേപടി വായിച്ചുപോയെങ്കിലുള്ള ഭീമമായ അപകടത്തെക്കുറിച്ചോർത്തു ഞാൻ വിയർത്തു. ഏറനേരം വിഷമിക്കാൻ പറ്റില്ല. പ്രക്ഷേപണത്തിൽ അനാവശ്യമായ നിശ്ശബ്ദത പാടില്ല; പെട്ടെന്നൊരുപായം. ‘ഓണസ്സദ്യ’യെന്നാണല്ലോ ചിത്രീകരണത്തിന്റെ പേരു്. സദ്യകഴിഞ്ഞുള്ള ഒരു ഏമ്പക്കം, അല്പം ഗൗരവമായിട്ടുതന്നെ അവനെ ഞാൻ പുറത്തുവിട്ടു. അപ്പോൾ ഞാൻ മുമ്പിലുള്ള ചതിക്കുഴിയിൽനിന്നു രക്ഷനേടാനുള്ള വഴി ചിന്തിക്കുകയായിരുന്നു. ഒരേമ്പക്കം കൊണ്ടു മതിയായില്ല. ഒരുവനെക്കൂടി തട്ടി. ഈ നേരം കൊണ്ടു് അപകടങ്ങൾ ഒഴിവാക്കാൻ ഒരു പേജ് മാറ്റിവെച്ചു. അതിനപ്പുറമുള്ളതു് സൂക്ഷിച്ചു കൈകാര്യം ചെയ്തു. ഗുരു കാരണവന്മാരുടെ കടാക്ഷം ഹേതുവായി ഒരു വങ്കത്തംകൊണ്ടു മറ്റൊരു മഹാവങ്കത്തത്തെ മാറ്റിവിട്ടു.

പരിപാടി കഴിഞ്ഞു വിജയഭേരി മുഴക്കി എല്ലാവരും കൂടി സ്റ്റുഡിയോവിൽനിന്നും പുറത്തു കടന്നപ്പോൾ എന്നെയും കാത്തു് ഇടനാഴിയിലൊരു പുതിയ വങ്കത്തം നില്ക്കുന്നു.

“തിരുവനന്തപുരത്തുനിന്നു് ഒരു ഫോണുണ്ടു്.”

എനിക്കു തിരുവനന്തപുരത്തുനിന്നു ഫോണോ? കല്ലായിൽനിന്നോ ഫറോക്കിൽനിന്നോ പോലും എന്നെയാരും വിളിക്കാനില്ല. ഞാൻ ഓടിച്ചെന്നു റിസീവറെടുത്തു. അപ്പുറം പരുഷമായ ശബ്ദം:

“പി. കെ. നായരാണോ?”

“അതെ.”

“ഇപ്പോൾ സ്റ്റുഡിയോവിൽനിന്നു കേട്ട ശബ്ദം?”

ഓ! എന്റെ ഏമ്പക്കമാണല്ലോ ഈ കുറ്റാന്വേഷണത്തിലെ ഒന്നാം പ്രതി. ഞാൻ മിണ്ടാതെ കേൾക്കുകയായിരുന്നു.

“ഇനി മേലിൽ ഇത്തരമൊരു ശബ്ദം കേട്ടാൽ...”

അപ്പുറം പറയേണ്ട ആവശ്യമില്ല. കഴുത്തു പിടിച്ചു പുറത്താക്കുമെന്നാവണം അദ്ദേഹം ഉദ്ദേശിച്ചതു്. അതിനധികാരമുള്ള ആളായിരുന്നു. ഞാനാവട്ടെ കരാറുപണിക്കാരനും. അന്നു കോഴിക്കോടു കേന്ദ്രം ഭരിച്ചതു് തിരുവനന്തപുരത്തു നിന്നായിരുന്നു. കേന്ദ്രം ആരംഭിച്ചു് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ നിലവിൽവന്ന വ്യവസ്ഥ. താക്കീതോടെ ശബ്ദം നിലച്ചു.

എന്റെ മനസ്സാകെ അസ്വസ്ഥമായിരുന്നു. കല്പനകേട്ടു മിണ്ടാതെ തിരിച്ചുപോന്നതിൽ ഞാൻ എന്നെ കുറ്റപ്പെടുത്തി. ഓണസ്സദ്യയാണു്. മൂക്കുമുട്ടെ ഭക്ഷണം കഴിച്ചാൽ ഒന്നോ രണ്ടോ ഏമ്പക്കമിടുന്നതു സ്വാഭാവികമാണു് എന്നൊക്കെ എനിക്കു പറയാമായിരുന്നു. ഒന്നും മിണ്ടാതെ കുറ്റമേറ്റതു ശരിയായില്ല. ഈവക വിചാരങ്ങൾ എന്നെ രോഷാകുലനാക്കി. എന്തു കാര്യം? ഇന്നാണെങ്കിൽ ഞാൻ ചിരിക്കുമായിരുന്നു. നമ്മുടെയൊക്കെ ജീവിതത്തിന്റെ ആകത്തുക കണക്കുകൂട്ടിയിടുമ്പോൾ മിച്ചം വരുന്നതു ചിരി മാത്രമല്ലേ?

ശ്രീ പി. വി. കൃഷ്ണമൂർത്തിയുടെ ഭരണകാലത്തെപ്പറ്റി ഞാൻ സൂചിപ്പിച്ചല്ലോ. പ്രക്ഷേപണകേന്ദ്രത്തിന്റെ ഏറ്റവും നല്ല കാലമായിരുന്നു അതു്. വിദ്യുച്ഛക്തി എത്തിനോക്കാത്ത ഉൾനാടൻ ഗ്രാമങ്ങളിലുള്ളവർക്കു് എന്താണു് എങ്ങനെയാണു് പ്രക്ഷേപണമെന്നു കാണിച്ചുകൊടുക്കാൻ മി. കൃഷ്ണമൂർത്തി എന്നും മുൻകൈയെടുത്തിരുന്നു. ജനറേറ്ററും ഡിസ്ക് റിക്കാർഡറുകളും ചുമന്നുകൊണ്ട് സാങ്കേതികവിദഗ്ദ്ധരും കലാകാരന്മാരും അന്നു നാട്ടിൻപുറങ്ങളിലെത്തിയിരുന്നു. ആകാംക്ഷയോടെ ഒത്തുകൂടുന്ന ആയിരക്കണക്കിൽ ഗ്രാമീണരുടെ മുമ്പിൽ നാടകങ്ങൾ പ്രദർശിപ്പിക്കുകയും ഗാനമേളകൾ നടത്തുകയും ചെയ്തിരുന്നു. കലാപരിപാടികൾ ആസ്വദിക്കാനാ റേഡിയോ പരിപാടികൾ പോലും കേൾക്കാനോ സൗകര്യമില്ലാത്ത, ഭാഗ്യംസിദ്ധിക്കാത്ത ഗ്രാമീണ ജനത തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായി അന്നതിനെ കണക്കാക്കിയിരുന്നു. കൃഷ്ണമൂർത്തിക്കുള്ള സ്ഥലമാറ്റ കല്പന വന്നപ്പോൾ നിലയത്തിലുള്ളവർ മാത്രമല്ല, മലബാർ പ്രദേശത്തെ പൗരാവലിയിൽ വലിയൊരു വിഭാഗം തന്നെ വേദനിച്ചിരുന്നു എന്നതിനു് അന്നു പത്രങ്ങൾ മി. കൃഷ്ണമൂർത്തിയെക്കുറിച്ചെഴുതിയ പത്രാധിപക്കുറിപ്പുകൾ സാക്ഷ്യംവഹിക്കുന്നു.

കൃഷ്ണമൂർത്തിയുടെ മാറ്റത്തോടെ കേന്ദ്രത്തിന്റെ സ്ഥിതി വീണ്ടും പരുങ്ങലിലാവാൻ തുടങ്ങി. ഒരു സ്വതന്ത്ര സ്റ്റേഷനെന്ന പദവി വീണ്ടെടുക്കാൻ പിന്നെയും കുറേക്കാലം കാത്തിരിക്കേണ്ടിവന്നു. പ്രാദേശിക ചിന്താഗതി തീണ്ടാത്ത ഒരു ആപ്പീസർക്കു വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്. ശ്രീ എം. എസ്. ഗോപാലൻ എന്ന അസിസ്റ്റന്റ് സ്റ്റേഷൻ ഡയർക്ടരുടെ വരവോടെ ഉയർത്തെഴുന്നേല്പിന്റെ കാലം പുലരാൻ തുടങ്ങി. അല്പനാളുകൾ കൊണ്ടദ്ദേഹം കേന്ദ്രത്തിന്റെ മുഴുവൻ ചരിത്രവും മനസ്സിലാക്കി. നാട്ടിന്റെ സ്ഥിതി, ജനതയുടെ സ്ഥിതി, കേന്ദ്രത്തിലെ ജീവനക്കാരുടെ സ്ഥിതി—എല്ലാം നല്ലപോലെ മനസ്സിലാക്കി അദ്ദേഹം പ്രവർത്തിച്ചു. വിട്ടുവീഴ്ചയില്ലാത്ത, വളരെ കണിശക്കാരനായ, അതേസമയം ജോലിക്കാരുടെ വിഷമങ്ങൾ മനസ്സിലാക്കി അനുഭാവപൂവ്വം പെരുമാറാനും പ്രവർത്തിക്കാനും വശമുള്ള ആളായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ ഭരണകാലത്തു് എനിക്കുണ്ടായ ഒരനുഭവം അതിലഘുവാണെങ്കിലും ഇവിടെ രേഖപ്പെടുത്താതെ വയ്യ. ജോലിയിൽ പ്രവേശിച്ചു് അധികനാൾ കഴിയും മുമ്പു് ഒരു ദിവസം അദ്ദേഹം എന്നെ വിളിപ്പിച്ചു. ഞാൻ മുറിയിൽ കടന്നുചെല്ലുമ്പോൾ എന്റെ സവ്വീസ് രജിസ്റ്ററും മുമ്പിൽ വെച്ചു് അദ്ദേഹം ഇരിക്കുകയായിരുന്നു. കണ്ടയുടനെ മുമ്പിലുള്ള ഫയലിൽനിന്നു് ഒരു കടലാസ് പൊക്കിയടുത്തു് അദ്ദേഹം എന്നോടു ചോദിച്ചു:

”ഇതെന്താണു്?”

എനിക്കൊന്നും മനസ്സിലായില്ല. ഉത്തരം പറയാതെ ഇരിക്കുന്ന എന്റെ കൈയിൽ അദ്ദേഹം ആ കടലാസ് തന്നു. അതെന്റെ കാൺഫിഡൻഷ്യൽ റിപ്പോർട്ടായിരുന്നു. അദ്ദേഹം തുടർന്നു ചോദിക്കുന്നു:

“ഇതെങ്ങനെ പറ്റി?”

“എനിക്കറിയില്ല സാർ.”

“പിന്നെ?”

ഞാൻ ഒന്നും പറഞ്ഞില്ല. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. എന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ടു് ചീത്തയാക്കാൻ ഒരു ആപ്പീസർക്കു തോന്നി; ചീത്തയാക്കി. അതിനദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരം എനിക്കെങ്ങനെ അറിയും? ഞാൻ മിണ്ടാതിരിക്കുന്നതു കണ്ടു് വീണ്ടും അദ്ദേഹം ചോദിക്കുന്നു:

“ഇതിനു് എക്സ്പ്ലനേഷൻ കൊടുത്തോ?”

“ഇല്ല.”

“എന്തുകൊണ്ടു്?”

ഞാൻ ഉത്തരം പറയാതെ കൈ മേലോട്ടുയർത്തുക മാത്രം ചെയ്തു. ദൈവമുണ്ടല്ലോ മുകളിലെന്ന സൂചനയാണു് ഞാനതുകൊണ്ടുദ്ദേശിച്ചതെന്നു മനസ്സിലാക്കി. അദ്ദേഹം പറയുന്നു:

“ദൈവം മുകളിലുണ്ടാവാം; പക്ഷേ, ദൽഹിയിൽ കാണില്ല.”

ആ നിമിഷം, അവിടെ വെച്ചു് എന്നെക്കൊണ്ടദ്ദേഹം എക്സ്പ്ലനേഷനെഴുതി വാങ്ങിച്ചു. അദ്ദേഹത്തിന്റെ ആ നല്ല മനസ്ഥിതിക്കു ഞാൻ നന്ദിയുള്ളവനാണ്. എങ്കിലും, എന്നെപ്പോലൊരു കരാറുപണിക്കാരനു് അതുകൊണ്ടൊക്കെ എന്തു പ്രയോജനം? എനിക്കു പ്രമോഷൻ തടസ്സം നീങ്ങേണ്ടതില്ലല്ലോ. എന്നാലും എന്റെ പേരിൽ ഒരു ചീത്തപ്പേരു രേഖയിൽ കലർന്നു കിടക്കേണ്ടെന്നാവും അദ്ദേഹം ധരിച്ചതു്. അത്രയും നല്ലതു്. ആർക്കായാലും ചീത്തപ്പേരു ഭൂഷണമല്ലല്ലോ. ഒരു അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായി വന്ന മി. എം. എസ്. ഗോപാലൻ, കോഴിക്കോടുനിലയത്തെ സ്വതന്ത്രമാക്കുകയും, സ്റ്റേഷൻ ഡയറക്ടറായി പ്രമോഷൻ നേടുകയും ചെയ്തുകൊണ്ടാണു് കോഴിക്കോടു വിട്ടത്.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.