images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
നിധി നേടിത്തന്ന വഴി

’നിധി’—എന്നെ തേടി വന്ന തലക്കെട്ടു്, എന്റെ മേശപ്പുറത്തതു മലർന്നു കിടക്കുന്നു. ഇനി അവനെയെടുത്തു് ഊതി വീർപ്പിക്കണം. പിന്നെ വലിച്ചുനീട്ടണം. എന്നിട്ടൊരു മുപ്പതു മിനുട്ടു് നാടകമാക്കി. റോക്കറ്റു പോലെ ആകാശത്തേക്കു വിടണം. ജനത്തിനുവേണ്ടി ജനം എഴുതി, ജനം ശബ്ദം നല്കി ആകാശത്തേക്കു വിടുന്ന വസ്തുവിനു് റേഡിയോ നാടകമെന്നാണല്ലോ പേരു്. ഞാൻ തലക്കെട്ടിൽ കടന്നുപിടിച്ചു് ചിന്തിക്കാൻ തുടങ്ങി. നിധി കട്ടെടുക്കണോ കണ്ടു കിട്ടണോ? അതോ എന്റെ നിധി മറ്റാരെങ്കിലും മോഷ്ടിക്കണോ? ഇതാന്നുമല്ലെങ്കിൽ ഈ നിധിക്കൊരു പ്രതിനിധിയെ കണ്ടത്താൻ ശ്രമിക്കണോ? ആലോചന നീളുംതോറും ഞാനറിയാതെ എന്റെ മനസ്സിൽ രോഷം നിറയുകയായിരുന്നു. ആരോടെങ്കിലും ഒന്നു കയർക്കണം. വാക്കുകൊണ്ടെങ്കിലും ഒരു സംഘട്ടനം ഉണ്ടാക്കണം. അല്ലാതെ ഈ രോഷം അടങ്ങില്ല. ഇതുപോലുള്ള സന്ദർഭങ്ങൾ പലതും അന്നു ദുർലഭമായിരുന്നില്ല. നല്ലവരായ സഹപ്രവർത്തകരുമായി ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ടു്; ശത്രുവിനെപ്പോലെ പെരുമാറീട്ടുണ്ടു്. അതെല്ലാം ഇന്നാലോചിക്കുമ്പോൾ ലജ്ജയുണ്ടു്, ദുഃഖമുണ്ടു്.

ഇതു പറയുമ്പോൾ ഒരു മുട്ടൻവഴക്കിന്റെ കഥ ഓർമ്മയിലെത്തുകയാണു് സത്യത്തിൽ അക്കഥ ഇന്നും എന്റെ സ്വസ്ഥതയെ അലട്ടാറുണ്ടു്. എനിക്കു മേലധികാരിയായി അന്നൊരു സ്ത്രീ ആപ്പീസറുണ്ടായിരുന്നു. അന്യദേശത്തുനിന്നൊന്നും വന്നവരല്ല. പരിചയമുള്ള ആപ്പീസർ. മേലധികാരിമാരെ നിയമിക്കുന്നതു വെറും അലങ്കാരത്തിനുവേണ്ടിയല്ലല്ലോ. കീഴാളർ, സത്യസന്ധമായി ജോലിചെയ്യുന്നുണ്ടോ, അവർ പിഴകളേതാനും വരുത്തുന്നുണ്ടോ എന്നും മറ്റും അന്വേഷിക്കുക, പിഴകൾ വരുത്തുന്നുണ്ടെങ്കിൽ ഉചിതമായ ശിക്ഷനല്ലക. അവരെ നേർവഴിക്കു നടത്തുക. ഇതിനൊക്കെ വേണ്ടിയായിരിക്കണമല്ലോ അവരെ നിയമിക്കുന്നതു്.

മേലധികാരിയെന്ന അവസ്ഥയും പദവിയും ഇവിടെയുണ്ടാക്കിയതു ബ്രിട്ടീഷുകാരാണു്. അവർക്കു നേറ്റീവ്സിനെ വിശ്വാസമല്ല. തരം കിട്ടിയാൽ തോല്പിക്കുന്ന വർഗ്ഗം. അവരുടെ നടപടികൾ വീക്ഷിക്കാനും കുറ്റം ചെയ്താലും ഇല്ലെങ്കിലും അവരെ ഇടയ്ക്കിടയ്ക്കു ശിക്ഷിക്കാനും ഭയപ്പെടുത്താനും പടിപടിയായി ഒന്നിനുമേലെ മറ്റൊന്നായി മേലധികാരിമാരെ സൃഷ്ടിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്തു. അതപ്പടി പാരമ്പര്യസ്വത്തുപോലെ നമ്മുടെ ബ്യൂറോക്രസി ആദരവോടെ ഏറ്റെടുത്തു സ്വതന്ത്ര ഇന്ത്യയിൽ അങ്ങോളമിങ്ങോളം നടപ്പാക്കി. ’സാർ’ വിളിയും ‘ഉത്തര’വോതലും പഴയ രാജവാഴ്ചയിലെ ‘മുമ്പിൽതളിയും ചിരുതവിളിയും’ പോലെ ഇവിടെ നിലനിന്നു. അതൊരാചാരമായി, വഴക്കമായി, ശീലമായി നമ്മുടെ ഭരണ മണ്ഡലത്തിൽ ശുദ്ധജലതടാകത്തിൽ ’പൂപ്പൽ’ പോലെ പൊങ്ങിനിന്നു. ഇതാണു ഭരണം, ഇങ്ങനെയാണു ഭരണം എന്നു് എല്ലാവരുമങ്ങു വിശ്വസിച്ചു.

സായ്പ് ‘നേറ്റീ’വിനോടെന്നപോലെ വിട്ടുവീഴ്ചയില്ലാതെ, മേലാളർ കീഴാളരോടു പെരുമാറാൻ തുടങ്ങി. അടഞ്ഞ വാതിലും കോളിങ് ബെല്ലും സന്ദർശകരെ തടഞ്ഞു നിർത്തുന്ന ശിപായിയും “അനുവാദമില്ലാതെ അകത്തു കടക്കരുതെ’ന്ന ബോർഡും, ഇന്ദ്രജാലക്കാരന്റെ അണിയറപോലെ പരമരഹസ്യങ്ങൾ സൂക്ഷിക്കാനെന്നവിധം സംവിധാനം ചെയ്ത ആപ്പീസുമുറിയും അകത്തിരിക്കുന്നതും പുറത്തു നില്ക്കുന്നതും ‘നേറ്റീ’വാണെന്ന ബോധം എല്ലാവരുമങ്ങു കൈവിട്ടു. അങ്ങനെ ഇവിടെ ജന്മി-മുതലാളിമാർക്കും മേലെ പുതിയൊരു വർഗ്ഗമുണ്ടായി; ‘ബ്യൂറോക്രാറ്റ്’. അതിന്നും ഇവിടെ ഭരിക്കുന്നു; നാളേയും ഭരിക്കും. അതിന്റെ നില്പും നടപ്പും കണ്ടാൽ യുഗാവസാനംവരെ അതിന്റെ ഭരണമല്ലാതെ മറ്റൊന്നും ഇവിടെ ഉണ്ടാവാൻ പോകുന്നില്ലെന്നു തോന്നും.

പറഞ്ഞുവന്നതു് എന്റെ ആപ്പീസറുടെ കാര്യമാണല്ലൊ. ബ്യൂറോക്രസിയുടെ അല്പം അസ്ക്യത അവർക്കും ഉണ്ടായിരുന്നു. ഞങ്ങൾ ഒരേ മുറിയിൽ വളരെ അകലെയല്ലാതെയാണു് ഇരിപ്പെങ്കിലും ആവശ്യങ്ങൾ നേരിട്ടു സംസാരിക്കുന്ന പതിവു വളരെ വിരളമായിരുന്നു. ഇടയ്ക്കിടെ എനിക്കു് ‘ഇണ്ടാസു’കൾ കിട്ടിക്കൊണ്ടിരിക്കും. ഇണ്ടാസുകൾ കൂമ്പാരം കൂടിയപ്പോൾ, എനിക്കങ്ങട്ടു് ഇണ്ടാസയയ്ക്കാൻ അധികാരമില്ലാത്തതു കൊണ്ടു്, ഞാൻ കേറി വാചകമടിച്ചു. അതല്പം രൂക്ഷമായിരുന്നു എന്നാണു് എന്റെ ഓർമ്മ.

അവിടെ കുഴപ്പം ആരംഭിക്കുന്നു. എന്റെയും അവരുടെയും രണ്ടു സ്റ്റേഷന്റെയും പരമാധികാരി അന്നു തിരുവനന്തപുരത്താണു്. ആക്ഷേപം അവിടെയെത്തി. അദ്ദേഹം പുറപ്പെട്ടുവന്നു. അന്വേഷണം, സാക്ഷിവിസ്താരം, തെളിവെടുപ്പു്, പണ്ടു് ശീവോളി എഴുതിവെച്ചപോലെ, ‘അവിടമൊരു തിരുവാങ്കോട്ടു് ഹൈക്കോർട്ടു’ തന്നെ. ഏറെ വിസ്തരിക്കുന്നില്ല. പരമാധികാരി എനിക്കല്പം ഉപദേശം തന്നു പിരിയുകയാണുണ്ടായതു്. അതൊരു പക്ഷേ, നല്ലനടപ്പിനുള്ള താക്കീതായിരിക്കണം. എന്നെ മറ്റൊന്നും ചെയ്യാൻ പറ്റില്ലല്ലോ. പ്രമോഷനുണ്ടെങ്കിലല്ലേ അതു തടഞ്ഞു വെക്കാൻ പറ്റൂ. പിന്നെ എളുപ്പം ചെയ്യാൻ കഴിയുന്ന കൃത്യം പറഞ്ഞുവിടലാണു്. അതുണ്ടായില്ല. പരമാധികാരിയുടെ ദയ, അല്ലാതെന്തു പറയാൻ?

ഞാൻ പുറപ്പെട്ടതു ‘നിധി’യുംകൊണ്ടാണല്ലോ. അതെ, അവനെ പൊക്കിയെടുത്തു മനസ്സുനിറയെ രോഷവുമായി വീട്ടിലെത്തുമ്പോൾ രാത്രി ഒമ്പതുമണി. അത്താഴം കഴിച്ചു നിധി കുഴിച്ചെടുക്കണം. ഇല്ലെങ്കിൽ പിറ്റേന്നവനെ, ആകാശത്തു വിടാൻ പറ്റില്ല. ആരോടെങ്കിലും ഒന്നു കയർത്തു രോഷം കളയണമെന്നു വിചാരിച്ചതു ലാഭം. ആരോടു കയർക്കാൻ? മകളും മരുമകളും നല്ല ഉറക്കമാണു്; രണ്ടും കൊച്ചു കുട്ടികൾ. പിന്നെ ഒരു സേവകനുള്ളതും കുട്ടി തന്നെ. മുനിഞ്ഞു കത്തുന്ന മണ്ണണ്ണവിളക്കിനു മുമ്പിലിരുന്നു് അവൻ ഉറക്കം തൂങ്ങുകയാണു്. ഞങ്ങൾക്കെല്ലാം കൂടിയുള്ള ഏക സഹായി കരുണാകരനും ഉറങ്ങിയിരിക്കുന്നു.

രോഷം കളയാൻ ഉറക്കം തൂങ്ങുന്ന സേവകന്റെ ചെവി പിടിച്ചു് തിരുമ്മിയാലോ എന്നാലോചിച്ചു. അടുത്തു ചെന്നപ്പോൾ അവന്റെ ചേഷ്ടകൾ നോക്കിനില്ക്കാനാണു് തോന്നിയത്. തല കനംപിടിച്ചു് പതുക്കെ മുമ്പോട്ടു താണുവരും. പാതിവഴിയെത്തുമ്പോൾ അറ്റു തൂങ്ങും. താടി നെഞ്ചിൽച്ചെന്നിടിക്കും. ഉടനെ ഒരു ഞെട്ടലോടെ നിവർന്നിരുന്നു കണ്ണു തുറന്നു നോക്കും. ഒന്നും കാണില്ല. വീണ്ടും കൺപോളകൾ പതുക്കെ അടയും. തല കനംപിടിച്ചു തൂങ്ങാൻ തുടങ്ങും. ആവർത്തന വിരസത അശേഷമില്ലാതെ കാണാൻ പറ്റിയ നല്ലൊരു കലാപ്രകടനം അല്പനേരമങ്ങനെ നിന്നപ്പോൾ മനസ്സിനൊരയവു കിട്ടി. അവനെ പതുക്കെ കുലുക്കി വിളിച്ചു. പാവം! ഉറക്കച്ചടവോടെ എഴുന്നേറ്റു താനെന്തോ വലിയൊരപരാധം ചെയ്ത മട്ടിൽ എന്നെ നോക്കി. അടുക്കളയിലേക്കോടി. ഞങ്ങൾ ഒരുമിച്ചു് അത്താഴം കഴിച്ചു. ഞാൻ മണ്ണെണ്ണ വിളക്കുമായി നിധി കുഴിക്കാൻ ചെന്നിരുന്നു.

മണ്ണെണ്ണവിളക്കിനെപ്പറ്റി പരാമർശിക്കുന്നതിനുമുമ്പു് മറ്റൊരു കാര്യം ഞാൻ വിശദീകരിക്കേണ്ടതുണ്ടായിരുന്നു. ഇടയിൽ ഒരു വീടു മാറ്റമുണ്ടായി, മകൾ എഴുത്തിനിരുത്തേണ്ട പ്രായമായി. ഏതെങ്കിലും വിദ്യാലയത്തിനടുത്തു് ഒരു വീടു കിട്ടണം. അല്ലാതെ പറ്റില്ല. വാഹനത്തിലും മറ്റും അയയ്ക്കണമെങ്കിൽ അതിനുള്ള ധനസ്ഥിതി വേണമല്ലോ. തിരക്കിട്ടു് അന്വേഷണം ആരംഭിച്ചു. സബ് ജയിലിന്നടുത്തു ഒരു വീടു കണ്ടെത്തി. വിവരമറിഞ്ഞപ്പോൾ പി. സി. പറഞ്ഞു:

“കൊള്ളാം. തന്നെപ്പോലൊരു ക്രിമിനൽ ചെന്നുചേരേണ്ട സ്ഥലം തന്നെ. വീട്ടിൽനിന്നു നേരെയങ്ങു കേറിയാൽ മതിയല്ലോ.”

കേട്ടുനിന്നവർ ചിരിച്ചു. ഞാനും. മനസ്സിന്റെ പിരിമുറുക്കം കളയാനുള്ള ഏകമൂലിക എപ്പോഴും പി. സി. യുടെ കയ്യിലുണ്ടാവും.

വീട്ടിൽ വിദ്യുച്ഛക്തി ഉണ്ടായിരുന്നില്ല. തെക്കുമുഖമായി നീളത്തിൽ കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഒരു വീടായിരുന്നു അത്. വേണമെങ്കിൽ ഹാർമോണിയം പോലുള്ള വീടെന്നു പറയാം. കാരണം, നാലു കുടുംബങ്ങൾക്കു പാർക്കാനുള്ള വീടായിരുന്നു അത്. ഒന്നാംമുറി, രണ്ടാംമുറി, മൂന്നാംമുറി, നാലാംമുറി എന്നായിരുന്നു ആ വീടുകൾക്കുള്ള പേരു്. എനിക്കു കിട്ടിയതു മൂന്നാം മുറിയായിരുന്നു. ഹാർമോണിയമെന്നു പറഞ്ഞതു വെറുതെയല്ല. ഓരോ മുറിക്കും ഓരോ ശബ്ദവും ശ്രുതിയുമായിരിക്കുമല്ലോ. അതുകൊണ്ടു പറഞ്ഞതാണു്. അന്നൊക്കെ വീട്ടിലേക്കു പോകുമ്പോൾ വഴിയിൽ കണ്ടുമുട്ടുന്ന അപരിചിതർ ചോദിക്കും:

“എവിട്യാ, ലൈൻ മുറിയിലാണോ താമസം? പുതുതായിട്ടു വന്നതാണല്ലേ?”

അതെയെന്നു മറുപടി പറയും. പുതിയൊരു വിജ്ഞാനം കൈവരുന്നു. പാർപ്പിടത്തിന്റെ പേരു് ‘ലൈൻമുറി’. ഒന്നാമത്തെ മുറിയിൽ പവനന്റെ സഹോദരിയും ഭർത്താവും കുട്ടികളുമാണു താമസം. രണ്ടാമത്തെ മുറിയിൽ കോഴിപ്പുറത്തു ശങ്കരമേനോനും കുടുംബവും. നാലാമത്തെ മുറിയിൽ പുലാക്കാട്ടു് ശങ്കരവാരിയർ മാസ്റ്ററും കുടുംബവും, വിദ്യുച്ഛക്തിയില്ലെങ്കിലെന്തു്? എനിക്കു പരമസന്തോഷമായി. മകൾക്കു കളിക്കാൻ യഥേഷ്ടം കൂട്ടുകാർ. മകളോടും മരുമകളോടും ഒരമ്മയെപ്പോലെ വാത്സല്യം കാട്ടുന്ന പവനന്റെ സഹോദരി പത്മിനിയമ്മ. എന്തിനു വിദ്യുച്ഛക്തിവെളിച്ചം? അയൽക്കാരുടെ സ്നേഹവാത്സല്യങ്ങളുടെ വെളിച്ചത്തിൽ രാത്രിയും ഞങ്ങൾക്കു പകൽ പോലെ തോന്നി. സദാ ചിരിയും കളിയും അട്ടഹാസവും തന്നെ. കുട്ടികളെപ്പറ്റി ഉൽക്കണ്ഠപ്പെടേണ്ട ആവശ്യമില്ല. നാലാം മുറിയിൽ ചെസ്സ് കളിക്കാം. ഒന്നിലും രണ്ടിലും എപ്പോഴും ചെല്ലാം. ഒരേ കുടുംബം. നമ്പറുകൾ നാലാണെങ്കിലും വീടു് ഒന്നു്. ഒന്നേയൊന്നു്.

നാലു മുറികളിലുമുള്ള കുട്ടികളുറങ്ങുന്നു; മുതിർന്നവരുറങ്ങുന്നു. എന്റെ മേശപ്പുറത്തു കടലാസ് കൂമ്പാരം. പെൻസിലും കാർബൺ പേപ്പറും. ചുരുങ്ങിയതു നാലു കോപ്പിയെങ്കിലുമെടുക്കണം. നാടകമെഴുത്തോടൊപ്പം കാർബൺകോപ്പിയും ഉണ്ടായിവരണം. സമരമെന്നോ യജ്ഞമെന്നോ എന്തു പേരിട്ടു വിളിച്ചാലും കൊള്ളാം. പിറ്റേന്നു രാവിലെ നിധികുംഭവുംകൊണ്ടു് ആപ്പീസിലെത്തിയേ പറ്റൂ.

നിറഞ്ഞ നിശ്ശബ്ദത. ഒരു പെരുമ്പാമ്പിനെപ്പോലെ, ഉറക്കം, കാൽവിരലുകളിൽ കേറിപ്പിടിച്ചു പതുക്കെപ്പതുക്കെ വിഴുങ്ങാൻ തുടങ്ങുന്നു. വിഴുങ്ങിയേടം മുഴുവൻ മരവിക്കുന്നു. മരവിപ്പ് മുകളിലോട്ടു മുകളിലോട്ടു പടർന്നു കയറുന്നു! ദൈവമേ, ഏതെങ്കിലും മലമൂട്ടിൽ ചെന്നു രണ്ടു നാലേക്കർ ഭൂമി വാങ്ങി; റബ്ബർതയ്യോ, തെങ്ങിൻതയ്യോ വെച്ചു വളമിട്ടും നനച്ചും വളർത്തിക്കൊണ്ടുവരാൻ എന്തുകൊണ്ടെനിക്കു തോന്നിയില്ലാ? എന്തിനെന്റെ യുവത്വം ഞാനിവിടെ ഹോമിക്കുന്നു? ഉറക്കം വരുമ്പോൾ ചുരുണ്ടുകൂടിക്കിടക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലല്ലോ. ആലോചനയ്ക്കു വിരാമമെന്നോണം അകലത്തെവിടയോ ഒരു കോഴി കൂവുന്നു! കനോലിത്തോട്ടിലൂടെ മരത്തിരപ്പും തുഴഞ്ഞു വരുന്നവൻ ആരെയോ ഉറക്കെ വിളിച്ചുണർത്തുന്ന ശബ്ദം കേൾക്കുന്നു. എന്റെ മരവിപ്പ് അകലുന്നു. പുതിയ ചൈതന്യം കൈവരുന്നു. എഴുതിത്തീർന്ന കടലാസുകൾ പെറുക്കിക്കൂട്ടി ഞാനെണ്ണിനോക്കുന്നു. കുഴപ്പമില്ല. ഒരു നാലു പേജും കൂടി എഴുതിയാൽ സമയം കൃത്യമാവും. മുപ്പതു മിനുട്ടു്.

ഞങ്ങൾ റിഹേഴ്സലിന്നിരുന്നു. ആരും ആരേയും പഠിപ്പിക്കേണ്ടതില്ല. എല്ലാം നിലയാംഗങ്ങൾതന്നെ. ഏതെങ്കിലും പൊരുത്തക്കേടു കണ്ടാൽ പറഞ്ഞു നേരെയാക്കാൻ ബാലകൃഷ്ണമേനോനുണ്ടു്. ഏതു റോളും അനായാസമായി കൈകാര്യം ചെയ്യും. നിധിയിൽ മുഖ്യകഥാപാത്രങ്ങളുടെ ഭാഗം കൈകാര്യം ചെയ്തതു ലക്ഷ്മീദേവിയും ബാലകൃഷ്ണ മേനോനുമായിരുന്നു. റിഹേഴ്സൽ കഴിഞ്ഞു പ്രക്ഷേപണം തുടങ്ങിയപ്പോൾ, ബാലകൃഷ്ണമേനോനും ലക്ഷ്മീദേവിയും ചേർന്നു് എന്റെ നിർജ്ജീവമായ കൃതിക്കു് അതീവ ചൈതന്യം നല്കുകയായിരുന്നു. പ്രക്ഷേപണം കഴിഞ്ഞിട്ടും ലക്ഷ്മീദേവിക്കു് അവരുടെ ദുഃഖം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവർ കരഞ്ഞു കൊണ്ടേയിരിക്കുന്നതു കണ്ടു് എല്ലാവരും അമ്പരന്നു. ഒരു പാവപ്പെട്ട വേലക്കാരന്റെ ജീവിതകഥയായിരുന്നു അതു്. ഒരു കുടുംബത്തിനുവേണ്ടി ആയുസ്സിന്റെ മുക്കാൽ ഭാഗവും ഹോമിച്ചുകളഞ്ഞു് അവസാനകാലത്തു് അവഗണനയും അവഹേളനവും കുടുംബാംഗങ്ങളിൽനിന്നു സഹിക്കേണ്ടിവന്ന വേലക്കാരന്റെ കഥ. ബാലകൃഷ്ണ മേനോനായിരുന്നു വേലക്കാരൻ. അദ്ദേഹത്തിന്റെ അനിതരസാധാരണമായ അഭിനയപാടവമാണു് ഒപ്പം പങ്കെടുത്തവരേയും കേട്ടുനിന്നവരേയും കരയിച്ചതു്.

‘നിധി’ എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അതുകൊണ്ടാണു് ഇത്രയും പറഞ്ഞുപോയതു്.

പ്രക്ഷേപണം കഴിഞ്ഞതിന്റെ പിറ്റേദിവസം രാവിലെ ദേശപോഷിണി ഗ്രന്ഥശാലയുടെ രണ്ടുമൂന്നു പ്രവർത്തകർ എന്റെ വീട്ടിൽ വന്നു. അവർക്കു് നിധിയെ പ്രശംസിച്ചു പലതും പറയാനുണ്ടായിരുന്നു. അങ്ങനെ പറഞ്ഞു നിർത്തിയെങ്കിൽ കുഴപ്പമില്ലായിരുന്നു. അവർക്കു നിധിയെ ഒരു സ്റ്റേജ് നാടകമാക്കി മാറ്റിയെഴുതിക്കൊടുക്കണം. ഗ്രന്ഥശാലയുടെ വാർഷികോത്സവംവരുന്നു. അന്നവതരിപ്പിക്കാനാണു്. പേരും പ്രശസ്തിയുമുള്ള നടന്മാർ പലരുമുണ്ടു് ദേശപോഷിണിയിൽ. അവർ എല്ലാ കൊല്ലവും നാടകം അവതരിപ്പിക്കും. പ്രഗല്ഭരായ നാടകകൃത്തുക്കളുടെ കൃതികളാണതിനുവേണ്ടി തിരഞ്ഞെടുക്കുന്നതു്. ദേശപോഷിണി വാർഷികം കോഴിക്കോട്ടുകാർക്കു് ഒരു ഉത്സവമാണു്. ഇതെല്ലാം അറിയുന്ന ഞാൻ അവരോടെന്തു പറയണം? അന്നോളം ഞാനൊരു സ്റ്റേജുനാടകമെഴുതീട്ടില്ല. എന്നെ നാടകകൃത്തായി ആരും അറിയില്ല. ഞാൻ മടിച്ചു. വയ്യെന്നു പറഞ്ഞു് ഒഴിയാൻ ശ്രമിച്ചു. അവർ വിടാൻ ഭാവമില്ല. നിധിതന്നെ വേണം അവർക്കു്. അവരുടെ സ്നേഹപൂർവ്വമായ നിർബ്ബന്ധത്തിനു മുമ്പിൽ എന്റെ കഴിവുകേടുകൾ മറന്നുകൊണ്ടു് എനിക്കു സമ്മതം മൂളേണ്ടിവന്നു. ഞാൻ ഇപ്പോൾ നില്ക്കുന്നതൊരു വഴിത്തിരിവിലാണു്. ഈ വഴി എന്നെ എവിടെ കൊണ്ടെത്തിക്കുമെന്നു നിശ്ചയമില്ലാതെയാണു യാത്രയ്ക്കൊരുങ്ങി ഞാനിവിടെ നില്ക്കുന്നതു്.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.