images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
പഴയ ബന്ധങ്ങളുടെ മഴവില്ലുകൾ

ദേശപോഷിണിയിലെ ഊർജ്ജസ്വലരായ പ്രവർത്തകർ എന്റെ രാവുകൾക്കും പകലുകൾക്കും പൊറുതികേടു് സൃഷ്ടിക്കാൻ തുടങ്ങി. രാവിലെ രണ്ടു പേരാണെങ്കിൽ, വൈകിട്ടു് ആപ്പീസ് കഴിഞ്ഞു വീട്ടിലെത്തുമ്പോൾ മൂന്നു പേരാവും വിവരം തിരക്കാനെത്തുന്നതു്.

“നാടകം എത്രത്തോളമായി?”

ഞാൻ ചിരിക്കും. നിറംകെട്ട ചിരി. ചോദ്യകർത്താവിനെ തൃപ്തിപ്പെടുത്താൻ പറ്റിയ ഉത്തരങ്ങളൊന്നും കൈവശമില്ലാത്തപ്പോൾ ആരും അങ്ങനെ ചിരിക്കും. കർണ്ണന്റെ കവചകുണ്ഡലങ്ങൾപോലെ, പിറവിയിൽത്തന്നെ എന്നോടൊപ്പമുള്ള അലസതയും കർമ്മവിമുഖതയും അവരുണ്ടോ അറിയുന്നു? പിന്നെയും ചോദ്യം:

“തയ്യാറായോ?”

ചിരി.

“ഇനി കുറച്ചേ ദിവസമുള്ളു. നല്ലപോലെ പഠിച്ചുറപ്പിച്ചല്ലാതെ ‘ദേശപോഷിണി’ നാടകം പ്രദർശിപ്പിക്കാറില്ല.”

ചിരി.

“ഇന്നു തരാമോ?”

അവിടെ ചിരിയില്ല. നെടുവീർപ്പ്. അപ്പോഴേക്കും ചോദ്യകർത്താക്കളെ തൃപ്തിപ്പെടുത്താനുള്ള ഒരു നല്ല കള്ളം ഞാൻ കണ്ടെത്തും:

“ഇന്നു പറ്റില്ല. നാളെ തരാം. പണിയെല്ലാം കഴിഞ്ഞിരിക്കുന്നു. ഒന്നു പകർത്തെഴുതേണ്ട താമസം.”

“എന്നാൽ നാളെ കാലത്തു വരാം.” അവർ എഴുന്നേല്ക്കുന്നു. സൗമ്യമായി ചിരിക്കുന്നു. പടിയിറങ്ങി നടക്കുന്നു.

ഇനിയോ? ഞാനെന്നോടുതന്നെ ചോദിക്കുന്നു. എനിക്കുള്ള ഉത്തരവും എന്റെ കൈയിലില്ല. അങ്ങനെ പരാജയമെന്തെന്നറിയാത്ത ദേശപോഷിണിയിലെ പ്രവർത്തകർ പതിവായി രണ്ടു നേരവും വരുന്നു, എന്റെ മറുപടി എന്തായാലും അതു കേട്ടു സന്തോഷം അഭിനയിച്ചു പിരിയുന്നു. അവർ നാടകക്കാരാണല്ലോ. അഭിനയിക്കാനറിയുന്നവർ. അവരുടെ മുമ്പിൽ ഈ ‘അരങ്ങു കാണാത്ത നട’ന്റെ അഭിനയം തവിടുപൊടിയായി. കവചകുണ്ഡലങ്ങൾ—ദൂരദശനിൽ കണ്ടപോലെ—അവർ പിഴുതുവാങ്ങി; ഞാൻ നാടകം കൊടുത്തു. വളരെ ക്ലേശിച്ചും പരിഭ്രമിച്ചുമാണു നാടകം എഴുതിത്തീർത്തതു്. കാരണം രാത്രിയിലേ ഒഴിവുസമയമുള്ളു. മുനിഞ്ഞു കത്തുന്ന മണ്ണണ്ണവിളക്കാണു സഹായി. എഴുതുന്നതാണെങ്കിൽ എന്റെ ആദ്യത്തെ നാടകവും!

റിഹേഴ്സൽ, തുടങ്ങി. ആരെല്ലാമാണു് അഭിനേതാക്കൾ? ആശാൻ കരുണാകരൻനായർ മുഖ്യകഥാപാത്രം. ‘സംഗീതനൈഷധം’, ‘ഹരിശ്ചന്ദ്രചരിതം’ തുടങ്ങിയ അനേകനാടകങ്ങൾ അഭിനയിച്ചും സംവിധാനകർമ്മം നിർവ്വഹിച്ചും പ്രസിദ്ധനായ ആശാൻ. താൻ കൈകാര്യംചെയ്ത എല്ലാ നാടകങ്ങളും മനഃപാഠമാണു്, ഒറ്റയ്ക്കു് ഒരു നാടകം പാട്ടോടുകൂടി അഭിനയിച്ചു കാണിച്ചുതരും. ആശാനോടൊപ്പം സുപ്രസിദ്ധ നടൻ കുഞ്ഞാണ്ടി. ദേശപോഷിണിയുടെ ജീവനാഡിയായി അവസാനശ്വാസംവരെ പ്രവർത്തിച്ച ബാലകൃഷ്ണപിള്ള, നെല്ലിക്കോടു ഭാസ്കരൻ–അന്നു പുതുമുഖമാണു് ഭാസ്കരൻ–ഭാസ്കരന്റെ സഹോദരി—കോമളം, മാതൃഭൂമിയിലെ എഞ്ചിനീയറായിരുന്ന നാരായണൻനായർ, പോസ്റ്റൽ സർവ്വീസിലെ ഉദ്യോഗസ്ഥനായ എ. വി. ഭാസ്കരൻ നായർ. അഭിനേതാക്കൾ പിന്നെയുമുണ്ടു്. പേരുകൾ എന്നോ മറന്നുപോയിരിക്കുന്നു. അവരൊക്കെ ക്ഷമിക്കട്ടെ. ആരായിരുന്നു സംവിധാനം ചെയ്തതു്? ഒ. സി. എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന ദേശപോഷിണിയുടെ സെക്രട്ടറിയായ ഒ. ചോയിക്കുട്ടി. പ്രവർത്തകരുടെ നിർബ്ബന്ധം മൂലം ചില ദിവസങ്ങളിൽ റിഹേഴ്സൽ കാണാൻ എനിക്കു പോകേണ്ടിവന്നു. മടിച്ചുമടിച്ചാണു പോയതു്. പേടി. എന്റെ സൃഷ്ടി നാടകമാകുമോ? കൊള്ളില്ലെന്നുകണ്ടു പാതിവഴിയിൽ ഉപേക്ഷിക്കുമോ? അന്ത്യനാളിൽ നാടകം രംഗത്തെത്തുമ്പോൾ പ്രേക്ഷകർ കൂവുമോ? ഒന്നും തീരുമാനിക്കാനാവാത്തതുകൊണ്ടുള്ള പേടി. എന്റെ പേടി മറ്റുള്ളവർ മനസ്സിലാക്കാത്തതുകൊണ്ടാവണം, നാടകം രംഗത്തെത്തുകന്നെ ചെയ്തു.

വലിയൊരു പുരുഷാരത്തിനിടയിൽ അന്നു പ്രേക്ഷകനായി ഞാനുമുണ്ടായിരുന്നു. എന്റെ നെഞ്ചിടിപ്പു്വളരെ വ്യക്തമായി എനിക്കു കേൾക്കാൻ കഴിഞ്ഞതും അന്നാണു് വിസ്തരിക്കുന്നില്ല. ഇതുവരെ ഒളിച്ചുവെച്ചൊരു കാര്യം പറയട്ടെ: നാടകത്തിന്റെ പേരു് ‘പഴയ ബന്ധം’. ആകാശവാണിയിലെ ’നിധി’ ദേശപോഷിണിയുടെ അരങ്ങിലെത്തിയപ്പോൾ ‘പഴയ ബന്ധ’മായി.

തുടർന്നു ദേശപോഷിണിയുടെ വാർഷികദിനത്തിനു നാടകമെഴുതേണ്ട ചുമതല എനിക്കായി. ഞാൻ സന്തോഷത്തോടെ ഏറ്റെടുത്ത ചുമതലയാണെന്നു തെറ്റിദ്ധരിക്കരുതു്. അത്തരം അബദ്ധങ്ങളൊന്നും. ഞാൻ ചെയ്യാറില്ല. ദേശപോഷിണിയിലെ പ്രവർത്തകരുമായുള്ള ബന്ധം അപ്പോഴേക്കും അത്രമേൽ ദൃഢതരമായിക്കഴിഞ്ഞിരുന്നു. അവരുടെ ആത്മാർത്ഥത, തളരാത്ത പരിശ്രമശീലം, ഗ്രന്ഥശാലയ്ക്കു വേണ്ടി എന്തും ചെയ്യാനുള്ള സന്നദ്ധത. ഇതെല്ലാം കണ്ടും അനുഭവിച്ചും ഞാനവർക്കു് അടിമയായിക്കഴിഞ്ഞിരുന്നു. ആ അടിമത്തം എനിക്കു ഗുണമേ ചെയ്തിട്ടുളളു. ഗുണം മാത്രം ചെയ്യുന്ന ചില അടിമത്തവും ഈ ദുനിയാവിലുണ്ടല്ലോ. ഭാഗ്യം.

പുതിയ പാർപ്പിടത്തിലുള്ളവരുമായി ഞങ്ങൾ വളരെവേഗം ഇഴുകിച്ചേർന്നു. ഒന്നാം മുറിയിലെ ശ്രീ ആർ. കെ. പണിക്കരും രണ്ടാംമുറിയിലെ ശ്രീ ശങ്കരമേനോനും പരസ്പരസഹായവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർമാരായിരുന്നു. നാലാംമുറിയിലും ഞങ്ങൾ ചെല്ലുമ്പോൾ ഒരു ഡെപ്യൂട്ടി ഡയറക്ടർ തന്നെയായിരുന്നു—ശ്രീ ശിവരാമമേനോൻ. അല്പദിവസങ്ങൾക്കുശേഷം അദ്ദേഹം താമസം മാറ്റി. പകരം അവിടെ പുലാക്കാട്ടു ശങ്കരവാരിയർമാസ്റ്റരും കുടുംബവും വന്നു. വാരിയർ മാസ്റ്റർ അന്നു സാമൂതിരി കോളേജ് ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു. മിതഭാഷിയായ ശ്രീ വാരിയർ മാസ്റ്റർ സൗമ്യനും സാഹിത്യാദികലകളിൽ പ്രവീണനുമായിരുന്നു. ശങ്കരമോനാവട്ടെ പരമശാന്തൻ. തന്റെ ചവുട്ടടിയേറ്റു് ഒരു ഉറുമ്പിനുപോലും ദ്രോഹമേല്ക്കരുതെന്നു ചിന്തിച്ചു കൊണ്ടാണു് നടത്തം. കുട്ടികളോടൊപ്പം അവരെപ്പോലെ കളിക്കാനും ചിരിക്കാനും പെരുമാറാനും. അദ്ദേഹത്തിനു ഉത്സാഹമായിരുന്നു. ആർ. കെ. പണിക്കർ പുറമേയുള്ള കാഴ്ചയിൽ ഒരു ഡെപ്യൂട്ടി ഡയറക്ടർ തന്നെ. നടപ്പും നോട്ടവുമൊക്കെ അതുതന്നെ. പക്ഷേ, അടുത്തു പെരുമാറുന്നവർക്കു സൽക്കാര പ്രിയനും സംഭാഷണപ്രിയനുമായ ഒരു നല്ല മനുഷ്യനെ കാണാൻ കഴിയും. തിയോസോഫി പ്രസ്ഥാനവുമായി അദ്ദേഹത്തിനു് അടുത്ത ബന്ധമുണ്ടായിരുന്നു.

തുടക്കത്തിലേ ഞാൻ പറഞ്ഞല്ലോ, ഞങ്ങളുടെ വസതിയായ ‘ലൈൻമുറി’ ഹാർമോണിയം പോലെ ആയിരുന്നുവെന്നു്. അക്ഷരാർത്ഥത്തിൽ അതു ശരിയായിരുന്നു. ഹാർമോണിയത്തിലെ ഓരോ കട്ടയിൽ നിന്നും പുറപ്പെടുന്ന ശബ്ദം വ്യത്യസ്തമായിരുന്നെങ്കിലും അതു സ്നേഹത്തിന്റെ ശബ്ദമായിരുന്നു. ആ ശബ്ദത്തിൽ സംഗീതമുണ്ടായിരുന്നു. വളരെ വേഗത്തിൽ എന്റെ മകളും മരുമകളും മൂന്നു മുറികളിലേയും കുടുംബങ്ങളിൽ സ്വത്തവകാശംപോലും ഉണ്ടെന്നു തോന്നിക്കുന്ന അംഗങ്ങളായിക്കഴിഞ്ഞു. പവനന്റെ സഹോദരി, മിസ്സിസ് ആർ. കെ. പണിക്കർ എന്റെ മകൾക്കു് എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്യാൻ തയ്യാറായിരുന്നു. പകൽ മുഴുവൻ ഒരു പള്ളിക്കൂടത്തിന്റെ അന്തരീക്ഷമായിരുന്നു ഞങ്ങളുടെ ലൈൻമുറിക്കു്. എപ്പോഴും കുട്ടികളുടെ ബഹളം. കളിയും ചിരിയും തമ്മിൽത്തല്ലും വഴക്കും. എന്നാൽ ഒരു കുട്ടിയും ഒരു കുടുംബത്തിനും അന്യമായിരുന്നില്ലാ എന്ന അദ്ഭുതം അവിടെ അന്നുണ്ടായിരുന്നു. കുട്ടികൾ തമ്മിലുള്ള വഴക്കു കുട്ടികളിൽ ഒതുങ്ങി നിന്നു. അതൊരിക്കലും പരിധിവിട്ടു മുതിർന്നവരുടെ ചിന്തയിലേക്കു കയറിച്ചെന്നു സ്വൈരംകെടുത്തിയില്ല. അങ്ങനെ അല്ലലില്ലാത്ത, അലട്ടില്ലാത്ത ദിവസങ്ങൾ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒന്നാംമുറിയിൽ ‘പവനൻ’ കേറിവരുന്നു. കുട്ടികളും മുതിർന്നവരും ഒരുമിച്ചു പറയുന്നു: “പവനൻ വന്നു, പവനൻ വന്നു.” കറുത്തുമുറ്റിയ താടിയുണ്ടായിരുന്നു അന്നു പവനനു്. അദ്ദേഹവും കളിതമാശക്കാരൻ തന്നെ, കുഴപ്പമില്ല. താടിയുണ്ടായിട്ടും കുട്ടികളദ്ദേഹത്തെ പേടിച്ചില്ല. അവർ പവനന്റെ സുഹൃത്തുക്കളാവാൻ ഏറെ സമയമെടുത്തില്ല. എന്റെ മകൾ പവനനെ ‘താടിയമ്മാവൻ’ എന്നു വിളിക്കാൻ തുടങ്ങി. ആരു പറഞ്ഞു കൊടുത്തു പഠിപ്പിച്ചാണു് അങ്ങനെ വിളിക്കാൻ തുടങ്ങിയതെന്നെനിക്കറിഞ്ഞുകൂടാ. അവളുടെ വിളി കേൾക്കുമ്പോൾ കറുത്ത താടിക്കുള്ളിലൂടെ പൊട്ടി വിടരുന്ന പവനന്റെ ചിരി കൗതുകമുണർത്തുന്നതായിരുന്നു. ഇത്തിരി കഴിയുമ്പോൾ ’പവനൻ’ താടിയമ്മാവനെന്നപേരിൽ അറിയപ്പെടാൻ തുടങ്ങുമോ എന്നുകൂടി ഞാനന്നു ഭയപ്പെട്ടിരുന്നു.

ലൈൻമുറിയിൽ പവനനെന്ന താടിയമ്മാവൻ അന്നു തുന്നൽക്കുരുവിയെപ്പോലെയായിരുന്നു. അങ്ങനെയിരിക്കുമ്പോൾ ശരംപോലെ വന്നു കൂടണയുന്നതു കാണാം. ഉടനെ പറന്നകലുകയും ചെയ്യും. കൂടണയുന്ന നേരത്തു ഞങ്ങളിൽ ചിലരദ്ദേഹത്തെ വലയം ചെയ്യും. ലോകവാർത്തകളും രാഷ്ട്രീയ കാര്യങ്ങളും എപ്പോഴുമദ്ദേഹം കൊത്തിപ്പെറുക്കി കൊണ്ടുവരും. കക്ഷത്തു് ഒരുകെട്ടു് വൃത്താന്ത പത്രവുമുണ്ടായിരിക്കും. മുഖ്യതൊഴിൽ പത്രപ്രവർത്തനമായിരുന്നു. ഏതു പത്രത്തിലെന്നു കൃത്യമായി ഓർക്കാൻ കഴിയുന്നില്ല. പൗരശക്തിയിലും ദേശാഭിമാനിയിലുമൊക്കെ അദ്ദേഹമുണ്ടായിരുന്നതായറിയാം.

ശ്രീ. ആർ. കെ. പണിക്കർ തിയോസോഫിയുമായി ബന്ധപ്പെട്ടതിലൂടെയായിരിക്കണം അവിടത്തെ കുട്ടികളെല്ലാം ‘ലോട്ടസ് സർക്കിൾ’ എന്ന കുട്ടികളുടെ സംഘടനയിൽ അംഗങ്ങളായിരുന്നു. ലോട്ടസ് സർക്കിൾ തിയോസോഫിയുടെ ബാലജന വിഭാഗമായിരുന്നു എന്നാണെന്റെ അറിവു്. പണിക്കരുടെ മൂത്തമകൻ വേണുഗോപാൽ അന്നു ലോട്ടസ് സർക്കിളിന്റെ സെക്രട്ടറിയായിരുന്നു. ജോറായി പ്രസംഗിക്കും. വിദ്യാലയങ്ങളിൽ നടക്കുന്ന മത്സരപരിപാടികളിലൊക്കെ പങ്കെടുക്കും. സമ്മാനം വാങ്ങുകയും ചെയ്യും. തിയോസഫിയുടെ കോഴിക്കോട്ടെ ആസ്ഥാനമായ ആനിഹാളിൽ എല്ലാ ഞായറാഴ്ചയും ലോട്ടസ് സർക്കിളിന്റെ പരിപാടികളുണ്ടായിരിക്കും. മഞ്ചേരി കമലമ്മയും അഡ്വക്കേറ്റ് ഗോപാലകൃഷ്ണയ്യരും പിൽക്കാലത്തു രജിസ്ട്രേഷൻ എ. ജി. യായി റിട്ടയർ ചെയ്ത ശ്രീ വി. കെ. മാധവനും ലോട്ടസ് സർക്കിളിന്റെ രക്ഷാധികാരികളായിരുന്നു. ബേബി സ്വാമിനാഥൻ എന്ന പ്രസരിപ്പുള്ള ഒരു ചെറുപ്പക്കാരൻ. അന്നു ലോട്ടസ് സർക്കിളിന്റെ ജീവനാഡിയായി പ്രവർത്തിച്ചിരുന്നു. ശാന്ത, വിമല, രാധ, ഗീത തുടങ്ങിയ മിടുമിടുക്കികളായ പെൺകുട്ടികളും ഗോപാലകൃഷ്ണൻ, ശിവരാമകൃഷ്ണൻ, വേണു, ശങ്കരൻകുട്ടി തുടങ്ങിയ ആൺകുട്ടികളും ചേർന്നു ലോട്ടസ് സർക്കിളിന്റെ എല്ലാ പരിപാടികൾക്കും അന്നു നിറപ്പകിട്ടേകിയിരുന്നു. പാടാനും അഭിനയിക്കാനും കഴിവുള്ള മറ്റനേകം കുട്ടികളും അന്നു ലോട്ടസ് സർക്കിളിൽ അംഗങ്ങളായിരുന്നു. എല്ലാവരുടെ പേരും ഓർക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടു്. തിയോസോഫി പ്രസ്ഥാനത്തിന്റെയും ലോട്ടസ് സർക്കിളിന്റെയും ഒക്കെ തലപ്പത്തു് ഇവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചും വേണ്ടസമയത്തു് ഉപദേശ-നിർദ്ദേശങ്ങൾ നല്കിയും പ്രവർത്തിച്ചു പോന്ന ഒരു വലിയ മനുഷ്യനുണ്ടു്: ശ്രീ ടി. സി. കുട്ടികൃഷ്ണൻ മാസ്റ്റർ! ഇന്നും അദ്ദേഹം കോഴിക്കോട്ടെ തിയോസഫി പ്രസ്ഥാനത്തിന്റെ ജീവനാഡിയായി പ്രവർത്തിച്ചു വരുന്നു. പേരിലും പ്രസിദ്ധിയിലും നോട്ടമില്ല. നിശ്ശബ്ദമായ സേവനം! ജോലിയിലിരിക്കുമ്പോഴും ജോലിയിൽനിന്നു പിരിഞ്ഞു വിശ്രമിക്കേണ്ട കാലം വന്നപ്പോഴും മനസ്സു ചെല്ലുന്നേടത്തു ശരീരത്തെ കൊണ്ടു ചെന്നെത്തിക്കാൻ വിഷമമനുഭവപ്പെടുന്ന വാർദ്ധക്യത്തിലും തളരാത്ത മനസ്സിന്റെ ഉടമയായി സേവനത്തിന്റെ മാർഗ്ഗത്തിൽ ക്ലേശിച്ചാണെങ്കിലും ഇന്നും മുമ്പോട്ടു നടന്നുനീങ്ങുന്ന കുട്ടികൃഷ്ണൻ മാസ്റ്ററെ മനസ്സു കൊണ്ടു വണങ്ങാതെ ഈ ഓർമ്മക്കുറിപ്പു് തുടരാൻ പ്രയാസമുണ്ടു്.

ആകാശവാണിയിലെ ബാലരംഗം പരിപാടിയിൽ നിറപ്പകിട്ടാർന്ന പരിപാടികളവതരിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ലോട്ടസ് സർക്കിൾ മുൻപന്തിയിലായിരുന്നു. ശ്രീ പി. വി. കൃഷ്ണമൂർത്തി സ്റ്റേഷൻ ഡയറക്ടറായിരുന്നപ്പോൾ, ലോട്ടസ് സർക്കിളിന്റെ പ്രവർത്തനങ്ങൾ വളരെയേറെ കൗതുകത്തോടെയായിരുന്നു അദ്ദേഹം വീക്ഷിച്ചതു്. അവരുടെ കഴിവിൽ അദ്ദേഹത്തിനു വലിയ മതിപ്പായിരുന്നു. ഒരിക്കൽ റേഡിയോ വാരാഘോഷത്തിന്റെ സമയത്തു് അദ്ദേഹം എന്നെ വിളിച്ചു് ഒരു കാര്യമേല്പിച്ചു; രംഗത്തവതരിപ്പിക്കുമ്പോൾത്തന്നെ പ്രക്ഷേപണം നിർവ്വഹിക്കാനും കഴിയുന്ന ഒരു നാടകമെഴുതണം. അതു ലോട്ടസ് സർക്കിളിലെ കുട്ടികളെക്കൊണ്ടു ഭംഗിയായി അവതരിപ്പിക്കുകയും വേണമെന്നു്.

ശ്രമകരമായ ജോലിയാണു്. മുതിർന്നവർക്കുപോലും ചുവടു തെറ്റും. ഒട്ടും അശ്രദ്ധ പാടില്ല. മണിമണിപോലെ സംഭാഷണങ്ങൾ കൈമാറണം. അഭിനയത്തിൽ ശ്രദ്ധചെലുത്തുമ്പോൾ സംഭാഷണത്തിന്റെ കാര്യം വിസ്മരിച്ചുപോവരുത്. നിമിഷാർദ്ധത്തിലെ നിശ്ശബ്ദത പോലും ശ്രോതാവിനെ മുഷിപ്പിക്കും. സംഭാഷണത്തിൽ മാത്രം ശ്രദ്ധിച്ചു് അഭിനയം അവതാളത്തിലായാൽ കാണാനിരിക്കുന്നവർക്കു് മടുക്കും. അവരുടെ ഇടയിൽ അസഹിഷ്ണുക്കളുണ്ടെങ്കിൽ കൂവിയെന്നും വരും. അപ്പോൾ, പൂവും മണവുംപോലെ അഭിനയവും സംഭാഷണവും ഇഴുകിച്ചേർന്നാലേ നാടകം വിജയിക്കൂ.

നാടകമെഴുതി ‘മഴവില്ലെ’ന്നു പേരിട്ടു. ലോട്ടസ് സർക്കിളിനെ ഏല്പിച്ചു. ബേബി സ്വാമിനാഥന്റെ സംവിധാനത്തിൽ രക്ഷാധികാരികളുടെ മേൽനോട്ടത്തിൽ ലോട്ടസ് സർക്കളിലെ കുട്ടികളതു പഠിച്ചു് അതീവ മനോഹരമായി, അപാകം അല്പവുമേല്പിക്കാതെ ‘മഴവില്ലു്’ വണ്ണഭംഗിക്കുറവു തട്ടാതെ രംഗത്തവതരിപ്പിച്ച് ഒരു വലിയ സഹൃദയസദസ്സിന്റെ മുക്തകണ്ഠമായ പ്രശംസ നേടുക തന്നെ ചെയ്തു. വിമലയും ഗോപാലകൃഷ്ണനും ശിവരാമകൃഷ്ണനും വേണുവും നാടകഭാഷയിൽ പറഞ്ഞാൽ അരങ്ങു തകർക്കുക തന്നെ ചെയ്തു.

അക്കാലത്തു് എന്റെ മകളും മരുമകളും ലോട്ടസ് സർക്കിളിൽ സജീവമായി പങ്കെടുത്തിരുന്നു. ലൈൻമുറിയിലെ കുട്ടികളുടെ നേതാവു് ഒന്നാം മുറിയിലെ വേണുഗോപാലനായിരുന്നു. ലോട്ടസ് സർക്കിളിന്റെ സെക്രട്ടറി കൂടിയായിരുന്നല്ലോ വേണുഗോപാലൻ; താടിയമ്മാവന്റെ മരുമകൻ. അപ്പോൾ നേതൃസ്ഥാനം ഏറ്റെടുത്തതിൽ അതിശയിക്കാനൊന്നുമില്ല. ഇതൊക്കെ ഓർക്കുമ്പോഴും പറയുമ്പോഴും പഴയ കാലത്തിന്റെ പരിമളം എന്നെ പൊതിയുകയാണു്. അന്നത്ത കൊച്ചു കുട്ടികൾ ഇന്നു വലിയവരായി പല മേഖലകളിലായി ജോലി ചെയ്യുന്നു. വേണുഗോപാൽ പാലക്കാട്ടെ ബാറിലെ ഒരു അഭിഭാഷകനാണിന്നു്. മറ്റൊരു വേണുഗോപാലും കൂടിയുണ്ടായിരുന്നതു വലിയൊരു അത് ലറ്റായി, കോച്ചായി, സ്പോർട്സ് സംഘാടകനായി വളരുന്നു. കലാകാരന്റെ ഒരു കൊച്ചുതാടിയും വെച്ചു നടക്കുന്ന വേണുഗോപാലനെ ഇടയ്ക്കൊക്കെ ഇപ്പോൾ കോഴിക്കോടു നഗരത്തിൽ ഞാൻ കണ്ടുമുട്ടാറുണ്ടു്. പഴയ സ്നേഹം മറന്നില്ല. എന്തൊരാശ്വാസം!

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.