ചോണനുറുമ്പ്
മുട്ടീട്ടും പോണില്ല
ചോണനുറുമ്പു്.
കുഞ്ഞുണ്ണിമാഷ് നയിക്കുന്ന സംഘഗാനം. കുട്ടികൾ ഏറ്റുപാടുന്നു. സ്ഥലം ആകാശവാണിയുടെ ‘മച്ചകം’, സമയം ഞായറാഴ്ച രാവിലെ. പതിവു ‘ബാലരംഗം’ പരിപാടി നടക്കുകയാണു്. കേൾക്കാൻ ഇമ്പമുള്ള നാടൻപാട്ടു്. കുഞ്ഞുണ്ണിമാഷ്ക്കു് രസം, കുട്ടികൾക്കു രസം. കേൾക്കുന്നവർക്കു ഹരം. കുഞ്ഞുണ്ണിമാഷുടെ മനസ്സ് നിറച്ചും, ശരീരം നിറച്ചും നാടൻപാട്ടുകളാണു് പഴമയിൽ നിന്നു്, പാരമ്പര്യത്തിൽ നിന്നു കുഞ്ഞുണ്ണിക്കവി പിറന്നെന്നു പറഞ്ഞാൽ തെറ്റാവില്ല. പരിപാടിയിൽ ഹരംപിടിച്ചു്, ‘മച്ചക’ത്തിന്റെ വാതിൽപ്പഴുതിലൂടെ നോക്കി. കുഞ്ഞുണ്ണിമാഷെ കാണാനില്ല. എല്ലാം കുട്ടികൾ. ഇതെന്തതിശയം! ശബ്ദമുണ്ടു്; മാഷില്ല. അങ്ങനെ നോക്കി നോക്കി നില്ക്കവേ, പരിപാടി കഴിഞ്ഞു കുട്ടികൾ എഴുന്നേല്ക്കുന്നു. അപ്പോഴും കുഞ്ഞുണ്ണി മാഷില്ല. മച്ചകത്തുനിന്നു പുറത്തുകടന്നു വരാന്തയിലെത്തിയപ്പോൾ കുഞ്ഞുണ്ണിമാഷെ കാണാൻ ചെന്നു. കണ്ടുപിടിക്കാൻ അല്പം വിഷമിച്ചെന്നു പറഞ്ഞാൽ അതിശയിക്കരുതു്. ആകൃതിയിലും പ്രകൃതിയിലും കുട്ടികളിലൊരു കുട്ടിയായി നില്ക്കുന്ന കുഞ്ഞുണ്ണിമാഷെ വേർതിരിച്ചെടുക്കാൻ നന്നെ അടുത്തുതന്നെ ചെല്ലേണ്ടിവന്നു. “എനിക്കു പൊക്കം കുറവാണെന്നെ പൊക്കാതിരിക്കുവിൻ.” മി. പുരുഷോത്തമൻനായരാണു് കുഞ്ഞുണ്ണിമാഷെ പരിചയപ്പെടുത്തിയതു്. കുഞ്ഞുണ്ണിമാഷ് അന്നു രാമകൃഷ്ണാശ്രമം ഹൈസ്കൂളിലെ അദ്ധ്യാപകനാണു്. താമസവും ആശ്രമത്തിലാണു്. കണ്ടപ്പോൾ കെട്ടും മട്ടും ആശ്രമവാസത്തിനു ചേർന്നതുതന്നെയെന്നു തോന്നി. ഞങ്ങളുടെ പരിചയത്തിനല്പം മൂപ്പെത്തിയപ്പോൾ എനിക്കൊരു സത്യം മനസ്സിലായി. സൗഹൃദത്തിന്റെ കാര്യത്തിൽ കുഞ്ഞുണ്ണിമാഷ് ഒരു ‘ബാങ്കാ’ണെന്ന്. നിക്ഷേപിക്കുന്ന തുക പലിശയോടുകൂടി തിരിച്ചേല്പിക്കുന്ന ‘ബാങ്ക്’. കുഞ്ഞുണ്ണിമാഷും കുട്ട്യോളും പങ്കെടുക്കുന്ന ദിവസം ബാലരംഗം പരിപാടി ഇരമ്പും. അതിനോടു കിടപിടിക്കാവുന്ന പരിപാടി അവതരിപ്പിക്കുന്നതു് പിന്നെ ലോട്ടസ് സർക്കിളായിരുന്നു. രണ്ടു കൂട്ടരും പരിപാടിയുടെ കാര്യത്തിൽ കിടമത്സരം തന്നെ നടത്തി.
ബാലരംഗം പരിപാടികൾ ആസൂത്രണം ചെയ്ത് അവതരിപ്പിക്കുന്ന ‘ബാലേട്ടൻ’ അന്നു് മി. പുരുഷോത്തമൻനായരായിരുന്നു. അദ്ദേഹം ബ്യൂറോക്രസിയുടെ പരിവേഷമില്ലാത്ത, സഹപ്രവർത്തകരോടു് അധികാരസ്വരത്തിൽ സംസാരിക്കാത്ത, പെരുമാറ്റത്തിന്റെ പരുക്കൻരീതിയിലൂടെ പേരുദോഷം വരുത്താത്ത ഒരു ആപ്പീസറായിരുന്നു. മറ്റു ജോലിത്തിരക്കിലും ഉത്തരവാദിത്വത്തിനുമിടയിൽ ‘ബാലരംഗ’ത്തിന്റെ ജോലികൂടി നിർവ്വഹിക്കാൻ ബുദ്ധിമുട്ടു തോന്നിയതുകൊണ്ടാവണം അതിന്റെ ചുമതല ഏറ്റെടുക്കാൻ അദ്ദേഹമെന്നെ നിർബ്ബന്ധിച്ചു. മറുത്തു പറയാൻ കാരണങ്ങൾ പലതുണ്ടായിരുന്നെങ്കിലും ഞാൻ വഴങ്ങുകയാണു ചെയ്തതു്. കുട്ടികളെ എനിക്കിഷ്ടമാണു്. അവരോടൊപ്പം കളിക്കാനും ചിരിക്കാനും കിട്ടുന്ന അവസരങ്ങളൊന്നും ഞാൻ പാഴാക്കാറില്ല. തന്നെയുമല്ല, ജോലിഭാരത്തിന്നു് അല്പമൊരു അയവുകിട്ടിയ സന്ദർഭമായതുകൊണ്ടു് ഏറ്റെടുത്തുകളയാമെന്നുതന്നെ തോന്നി.
ഈ കാലമാവുമ്പോഴേക്കു്, കക്കാടും അക്കിത്തവും വന്നുചേർന്നു് കരാറു പണിക്കാരുടെ കുടുംബം അല്പമൊന്നു വികസിച്ചുകഴിഞ്ഞിരുന്നു. പരസ്പരം പരാതി പറയാനും ദുഃഖം പങ്കുവെക്കാനും ആളുണ്ടാവുന്നതൊരാശ്വാസമാണല്ലോ. ഇവിടെ രണ്ടു പേരുകൾ കൂടി പറഞ്ഞുകൊള്ളട്ടെ: വിനയനും കരുമല ബാലകൃഷ്ണനും പില്ക്കാലത്തു് ഞങ്ങളുടെ കുടുംബത്തിലേക്കു കടന്നുവന്നവരാണു്. ഈ ചരിത്രം അവരുടെ കാലഘട്ടം വരെ കടന്നുചെല്ലാത്തതുകൊണ്ടു്, സ്മരണയുടെ പട്ടികയിൽ പേരു ചേർത്തു് അവരോടൊപ്പം ജോലി ചെയ്യാനുള്ള ഭാഗ്യം അനുവദിച്ചുതന്നതിനുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ടു് മറ്റൊരു ഭാഗ്യത്തിന്റെ കഥകൂടി ഇവിടെ കുറിക്കട്ടെ. അനുഗൃഹീത നടനും അനശ്വര നാടകകൃത്തുമായിരുന്ന പി. ജെ. ആന്റണിയും അതുപോലെ, ടി. കെ. സി. വടുതലയും ആകാശവാണിയിൽ കുറഞ്ഞകാലം കരാറുപണിയിൽ ഏർപ്പെട്ടിരുന്നു. അവരോടൊപ്പം നന്നേ കുറഞ്ഞ കാലമാണെങ്കിലും ജോലിചെയ്യാനവസരം കിട്ടിയതും വലിയ ഭാഗ്യം തന്നെ.
അക്കിത്തവും കക്കാടും പി. സി. യും ചേർന്നു് വെറ്റിലമുറുക്കിനുള്ള രംഗമൊരുക്കുന്നതു കണ്ടുനില്ക്കാൻ ബഹുരസമാണു്, വെറ്റിലയിൽ ചുണ്ണാമ്പു തേക്കാൻ തുടങ്ങുമ്പോൾ സാഹിത്യചർച്ച മുളപൊട്ടും.
വെറ്റിലയുടെ മൂക്കു് നുള്ളിയെറിഞ്ഞു് ചുണ്ണാമ്പെടുക്കാൻ തുടങ്ങുമ്പോഴാവും പി. സി. ക്കു് ആധുനിക കവിതയോട്ടു് അമർഷം തോന്നുക. പിന്നെ ചുണ്ണാമ്പു വേറെ, വെറ്റില വേറെ. കാര്യം നടക്കില്ല. കാളിദാസനും ഭവഭൂതിയും ഉളളുരും. വള്ളത്തോളുമൊക്കെ ശബ്ദഘോഷത്തിലൂടെ അവിടെ അവതരിക്കുകയായി. കക്കാടിനുമുണ്ടു് വേദോപനിഷത്തുകൾ തൊട്ടു ‘എലിയറ്റ്’വരെ പലതുമെടുത്തു് ഉദ്ധരിക്കുവാൻ. അക്കിത്തത്തിനോ കൈയിൽ കോപ്പേറെയുണ്ടെങ്കിലും സംഭാഷണത്തിൽ അത്ര താൽപര്യമില്ല.
അതിനൊരു പ്രത്യേക കാരണവുമുണ്ടു്. സാഹിത്യ ചർച്ചയിൽ കക്കാടും പി. സി. യും പ്രവേശിച്ചുകഴിയുമ്പോഴേക്കു് അക്കിത്തം മുറുക്കു തുടങ്ങും. വെറ്റില മുറുക്കു് ഉപേക്ഷിച്ചിട്ടോ, അതിലമാന്തം കാട്ടീട്ടോ അക്കിത്തത്തിനു വേറൊരു കാര്യമില്ല. വായിൽ നിറയെ മുറുക്കാനുള്ളപ്പോൾ എങ്ങനെ സാഹിത്യസിദ്ധാന്തങ്ങൾ പ്രസംഗിക്കാൻ കഴിയും? ഒരിടെ, അക്കിത്തത്തിനു് അവാർഡു കിട്ടിയപ്പോൾ അനുമോദിക്കാൻ വേണ്ടി സുഹൃത്തുക്കൾ ഒത്തുചേർന്ന ഒരു യോഗത്തിൽവെച്ചു്, ആശംസ നടത്തുമ്പോൾ ഞാനദ്ദേഹത്തിന്റെ വെറ്റിലമുറുക്കിനെ ഒന്നു കളിയാക്കി. ഞാൻ പറഞ്ഞു: “അവാർഡ് നേടിയ എന്റെ സുഹൃത്തു് അക്കിത്തം സദാ മുറുക്കിച്ചുവപ്പിച്ചു നടക്കുന്ന ഉണ്ണിനമ്പൂരിയാണു്.” കേട്ടിരിക്കുന്നവരോടൊപ്പം അക്കിത്തവും ചിരിച്ചു. ചിരിക്കുക മാത്രമല്ല, അദ്ദേഹം എനിക്കു മാപ്പു നല്കുകയും ചെയ്തു. ആ നല്ല മനോഭാവത്തിന്റെ ഉടമയായതുകൊണ്ടാണു് അക്കിത്തത്തെ ഞാൻ ഉണ്ണിനമ്പൂരിയെന്നു വിശേഷിപ്പിച്ചതു്. അവസരം കിട്ടിയാൽ ഇനിയും ഞാനങ്ങനെത്തന്നെ പറയും. ഒന്നിലും അത്യാവേശം കാട്ടാത്ത, പ്രസരിപ്പശേഷമില്ലാത്ത, നിഷ്കളങ്ക മനസ്സിന്നുടമയായ അക്കിത്തം. ഉണ്ണിതന്നെ; മുറുക്കിച്ചുവപ്പിച്ചുനടക്കുന്ന ഉണ്ണി.
കക്കാടു് എല്ലാറ്റിലും കുറഞ്ഞൊരാവേശം കാണിക്കുന്ന മട്ടായിരുന്നു. ഏതു കാര്യത്തിലും മുൻകൈയെടുക്കാൻ സദാ സന്നദ്ധം. പരിപാടികൾ തയ്യാറാക്കുന്നതിലും അവതരിപ്പിക്കുന്നതിലും പ്രദർശിപ്പിക്കുന്ന ഉത്സാഹവും ബദ്ധപ്പാടും റിക്രിയേഷൻ ക്ലബ്ബിലെ കളികളിൽ ഏർപ്പെടുമ്പോഴും കക്കാടിനൊപ്പമുണ്ടാവും. നല്ലൊരു ഷട്ടിൽ കോക്ക് കളിക്കാരനായിരുന്നു കക്കാടു്.
ഞങ്ങൾ ഒരുമിച്ചു് ഒരു സ്ഥലത്തു ചേരുമ്പോൾ എല്ലാമറിഞ്ഞും കേട്ടും മനസ്സിലാക്കിയും, എന്നാൽ ഒന്നുമറിയാത്ത മട്ടിൽ ജോലിയിൽ മുഴകിയും പിശുക്കൻ പണസ്സഞ്ചി തുറക്കും പോലെ, ഏറെ പോറുതി മുട്ടിയാൽ ചുണ്ടനക്കി ഒന്നോ രണ്ടോ വാക്കു പറഞ്ഞും സമാധിസ്ഥനായ മുനിയെപ്പോലെ ഇരിക്കുന്ന ഒരാൾ എപ്പോഴും അവിടെയുണ്ടാവും. അതു കൊടുങ്ങല്ലൂരായിരുന്നു. തനിക്കു ചുറ്റുമുയരുന്ന ശബ്ദഘോഷത്തിൽ സിദ്ധാന്തത്തിലോ പദപ്രയോഗത്തിലോ അബദ്ധം കടന്നുകൂടുമ്പോൾ, കൊടുങ്ങല്ലൂർ ചിരിക്കും, അട്ടഹസിച്ചു ചിരിക്കും. എന്തിനുള്ള ചിരിയെന്നറിയാത്തതു കൊണ്ടു് അപ്പോൾ ശബ്ദഘോഷം നിലയ്ക്കും. താനല്ല ചിരിച്ചതെന്നമട്ടിൽ, താനേർപ്പെട്ട ജോലിയിൽ മുഴുകിയിരിക്കുന്ന കൊടുങ്ങല്ലൂരിന്റെ മുഖത്തു നോക്കി, വികാരങ്ങൾ പെറുക്കിക്കൂട്ടി ഒരു നിഗമനത്തിലെത്താൻ ഞങ്ങൾക്കെന്നല്ല ആർക്കും സാദ്ധ്യമാവുകയില്ല. കാരണം, അവിടെ വികാരം പ്രത്യക്ഷപ്പെടുന്നത് വളരെ അപൂർവ്വം.
ഞങ്ങൾ രണ്ടുപേരും തൊട്ടുതൊട്ടിരുന്നു ജോലിചെയ്യുന്നു. അന്നു കേന്ദ്രം ഭരിക്കുന്ന ആപ്പീസർ ഒരു പട്ടാളച്ചിട്ടക്കാരനായിരുന്നു. ശുദ്ധാത്മാവാണെങ്കിലും ആളുകളെ വിരട്ടുന്ന കാര്യത്തിൽ വലിയ അമാന്തമൊന്നും കാണിച്ചിരുന്നില്ല. പെട്ടെന്നാണദ്ദേഹം മുറിയിൽ കടന്നുവന്നതു്. ആൾപ്പെരുമാറ്റം കേട്ടാൽ ജോലി ചെയ്യുന്നതിനിടയ്ക്കു തലപൊക്കിനോക്കുന്ന സമ്പ്രദായം കൊടുങ്ങല്ലൂരിനില്ല. എന്റെ സ്വഭാവം മറിച്ചാണു്. നോക്കുക മാത്രമല്ല, വേണ്ടേടത്തല്പം ഔദാര്യം കാട്ടാനും ഞാൻ മടിക്കാറില്ല. അദ്ദേഹം കടന്ന ഉടനെ കാണുന്നതു കൊടുങ്ങല്ലൂരിന്റെ മേശപ്പുറത്തു ചിതറിക്കിടക്കുന്ന ഉണക്കവെറ്റിലയും ചുണ്ണാമ്പുപൊടിയും മറ്റുമാണു്. അപ്പോൾ ഉള്ളിലെ പട്ടാളക്കാരനുണർന്നു. റൈഫിളിന്റെ കാഞ്ചിയിൽ വിരൽ. പിന്നെ കൊടും ബഹളം. എല്ലാം കൊടുങ്ങല്ലൂരിന്റെ നേർക്കു്. ജീവിതത്തിലൊരിക്കലെങ്കിലും വെറ്റലയോ ചുണ്ണാമ്പോ കൊടുങ്ങല്ലർ തൊട്ടതായറിവില്ല. ആപ്പീസർ ശുണ്ഠിയെടുത്തു പലതും പറഞ്ഞു. കുറച്ചു താക്കീതും വലിച്ചെറിഞ്ഞു ചവുട്ടിത്തകർത്തു കടന്നുപോയി.
ഞാൻ അമ്പരന്നിരിക്കുകയായിരുന്നു. എന്തുകൊണ്ടു താൻ മുറുക്കാറില്ലെന്നു് കൊടുങ്ങല്ലൂർ പറഞ്ഞില്ല? അല്പം മുമ്പു് അക്കിത്തം മുറുക്കു വട്ടം കഴിഞ്ഞു് എഴുന്നേറ്റുപോയ സ്ഥലമാണെന്നു കൊടുങ്ങല്ലൂരിനറിഞ്ഞു കൂടായിരുന്നോ? ഈ മൗനം കൊടുങ്ങല്ലൂരിനെ ഒരു കുറ്റവാളിയാക്കുകയാണല്ലോ. എന്തിനുവേണ്ടി, ചെയ്യാത്ത കുറ്റം കൊടുങ്ങല്ലൂർ ഏറ്റെടുത്തു? കൊടുങ്ങല്ലൂർ അപ്പോഴും പഴയപടി നിർമ്മനായി ഇരിക്കുകയാണു്. ഞാൻ ചോദിച്ചു:
“എന്താ കൊടുങ്ങല്ലൂരേ, ഈ കാണിച്ചതു്? ഏ? ഇതൊന്നും ചെയ്തതു് നിങ്ങളല്ലെന്നെങ്കിലും പറയാമായിരുന്നില്ലേ? ആരേയും കുറ്റപ്പെടുത്തേണ്ട; സമ്മതിച്ചു. പക്ഷേ, സ്വയം കുറ്റമേറ്റതെന്തിന്?”
കൊടുങ്ങല്ലൂർ മിണ്ടുന്നില്ല. കേട്ട ഭാവമില്ല. ഞാൻ വീണ്ടും ചോദിച്ചു:
“നിങ്ങൾക്കിതു നിഷേധിക്കാമായിരുന്നില്ലേ?”
കൊടുങ്ങല്ലർ ചിരിച്ചു. തുടരൻ ചിരി. നിമിഷങ്ങളോളം അങ്ങനെ ചിരിച്ചുകഴിഞ്ഞു് കൊടുങ്ങല്ലൂർ പറയുകയാണു്:
“ആ വിദ്വാന്റെ മുഖത്തു നോക്കിയാൽ ചിരിച്ചു പോവും. ഞാൻ പ്രയാസപ്പെട്ടു ചിരി നിയന്ത്രിക്കുകയായിരുന്നു. അല്ലെങ്കിൽ അക്കിത്തത്തിനുവേണ്ടി ഈ കുറ്റം ഏറ്റെടുത്താൽ എനിക്കെന്താ കുഴപ്പം?”
അതായിരുന്നു കൊടുങ്ങല്ലർ. ശബ്ദഘോഷമില്ലാതെ, വികാരപ്രകടനമില്ലാതെ, വീഴ്ചകൾ മനുഷ്യ സാധാരണമാണെന്നു മനസ്സിലാക്കി, അതിന്റെ പേരിൽ വാക്കുകൾ ചെലവഴിച്ചു സമയം പാഴാക്കുന്നതു് വങ്കത്തമാണെന്നു കരുതി, ഉറ്റ തോഴനായി മൗനത്തെ സ്വീകരിച്ച ആളായിരുന്നു കൊടുങ്ങല്ലർ. അക്കിത്തത്തെയും കക്കാടിനേയും കൊടുങ്ങല്ലൂരിനേയും അതുപോലെ മറ്റു പലരെയുംപറ്റി ഓർക്കാനും പറയാനും എത്രയെത്ര കാര്യങ്ങൾ!
ബാലരംഗത്തിന്റെ കാര്യമാണല്ലോ പറഞ്ഞുവന്നത്. അതിന്റെ ചുമതല ഞാനേറ്റെടുത്തു. ജീവിതത്തിന്റെ ദുഃഖഭാരമിറക്കി വെക്കുന്ന ഒരത്താണിയായിരുന്നു എനിക്കു പരിപാടി. എന്നും ഞായറാഴ്ച രാവിലെ കുട്ടികൾ വരുന്നു. അവർ എനിക്കു ചുറ്റുമിരുന്നു പാടുന്നു; ആർത്തു വിളിക്കുന്നു. സന്തോഷഭരിതരായി നൃത്തം വെയ്ക്കുന്നു. ഒരോ പരിപാടി കഴിയുമ്പോഴും കേരളത്തിന്റെ നാനാഭാഗത്തുനിന്നും കൊച്ചുകൂട്ടുകാരുടെ കത്തുകൾ വരുന്നു. കാപട്യമറിയാത്ത മനസ്സുകൾ, പെറുക്കിക്കൂട്ടുന്ന വാക്കുകൾ. സ്നേഹത്തിന്റെ നൂലിൽ കോർത്തൊരുക്കിയ മാലകളായിരുന്നു ആ കത്തുകളെല്ലാം. എന്തൊരിഷ്ടമാണവർക്കു്. സ്വന്തം കുടുംബത്തിലെ വാത്സല്യനിധിയായ ഒരു ചേട്ടനോടെന്നപോലെ അവർ കത്തിലൂടെ സംസാരിക്കുന്നു. അവരുടെ ദുഃഖം, ആഹ്ലാദം, അവരുടെ ആശ, അവരുടെ സ്വപ്നം അതെല്ലാം ആ കത്തുകളിലുണ്ടാവും. ചില കൂട്ടുകാർ പണ്ഡിതന്മാരായ നിരൂപകന്മാരെപ്പോലെ പരിപാടികളുടെ കുറ്റങ്ങളും കുറവുകളും നിരത്തിവെച്ചു കൊണ്ടാവും എഴുതുക. അങ്ങനെ എനിക്കു കണക്കില്ലാത്ത അനിയന്മാരും അനിയത്തിമാരുമുണ്ടായി. സ്വന്തം ജീവിതത്തിൽ അനുഭവിക്കാൻ കഴിയാത്ത ഭാഗ്യമായിരുന്നു അതു്.
അന്നു കോഴിക്കോടു കേന്ദ്രത്തിന്റെ പ്രക്ഷേപണശക്തി ഒന്നേകാൽ കിലോവാട്ടായിരുന്നു. ഒരിക്കൽ വിനോദസഞ്ചാരത്തിന്നിറങ്ങിയ രണ്ടു ജർമ്മൻകാർ കേന്ദ്രം സന്ദർശിക്കാൻ എത്തി. അവർ എല്ലാം നടന്നു കണ്ടു. ഒടുവിൽ ഒരു ചോദ്യം, ട്രാൻസ്മിറ്ററിന്റെ ശക്തിയെക്കുറിച്ച്. ഒന്നേകാൽ കിലോവാട്ടെന്നു കേട്ടു് അവർ പൊട്ടിച്ചിരിച്ചു. കാരണം, ഇതുപോലുള്ള ട്രാൻസ്മിറ്ററുകൾ അവരുടെ രാജ്യത്തു് സ്കൂൾക്കുട്ടികൾക്കു പരീക്ഷണം നടത്തി പൊട്ടിച്ചു കളയാൻ വേണ്ടി പതിവായി കൊടുക്കുമത്രെ. ഇതു പാഞ്ഞതു്, ഇത്രയും ശക്തി കുറഞ്ഞ ട്രാൻസ്മിറ്റർ ഉപയോഗിച്ചു പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ ശ്രദ്ധിച്ചു കേൾക്കാൻ അന്നൊക്കെ നമ്മുടെ കുട്ടികളനുഭവിച്ച ക്ലേശം എത്രമാത്രമായിരിക്കുമെന്നു സൂചിപ്പിക്കാനാണു്. തിരുവനന്തപുരത്തു കൈതമുക്കിൽ നിന്നു എല്ലാ ആഴ്ചയും കൃത്യമായി കത്തെഴുതുന്ന നാലു കൊച്ചു കൂട്ടുകാരുണ്ടായിരുന്നു അന്നു്. തുടക്കത്തിൽ എഴുതിച്ചേർത്ത രണ്ടുപേരുകൾ മാത്രമേ ഇന്നു് ഓർമ്മയുള്ളു. വീട്ടുപേരും മറന്നു. റാണി, ഷാജി–ഇങ്ങനെ രണ്ടു പേർ മായാതെ മനസ്സിൽ നില്ക്കുന്നു. പരിപാടികൾ വളരെ ശ്രദ്ധിച്ചു കേട്ടു, ശ്രദ്ധേയമായ അഭിപ്രായങ്ങൾ നിർദ്ദേശിച്ചുകൊണ്ടായിരുന്നു അവരുടെ കത്തുകളധികവും! കൈതമുക്കെന്നെ സ്ഥലപ്പേരു് ആദ്യമായി കേൾപ്പിച്ചതും, ആ സ്ഥലവുമായി അഭേദ്യമായ ഒരു ബന്ധം എന്നിലുളവാക്കിയതും റാണി, ഷാജി തുടങ്ങിയ കൊച്ചുകൂട്ടുകാരാണു് ‘നമ്മളൊന്നെന്നു്’ പഠിച്ച കൂട്ടുകാരേ, നിങ്ങൾക്കെന്റെ അകം നിറഞ്ഞ നന്ദി.