അന്നു് ആകാശവാണിയിൽ ജോലിചെയ്യുന്ന ഞങ്ങൾക്കു സമയം പരമദുഷ്ടനായ ഒരു വില്ലനായിരുന്നു. അവൻ ഞങ്ങളെ നിരന്തരം വേട്ടയാടുന്നു. അവൻ ചുമർ ക്ലോക്കിനകത്തു കയറിയിരുന്നു് ഉടൽ മറച്ചു് ഉഗ്രനാടകമാടുന്നു. അവന്റെ മുമ്പിൽ, അതിമാനുഷരെന്നു നടിക്കുന്ന, ആപ്പീസ്സർമാർപോലും വിറച്ചു വീഴുന്നു. അവൻ നീതിമാന്മാരുടെ രക്തത്തിനുവേണ്ടി സദാ കൊതിക്കുന്നു. അവനെ ഒരു നിശ്ചിത ബിന്ദുവിൽ കുരുക്കിട്ടു പിടിച്ചു വേണമല്ലോ പരിപാടി നടത്താൻ. ഇലക്ട്രോണിക് യുഗം പിറന്നു്, പരിപാടിക്കു മുൻകൂട്ടി റിക്കാർഡ് ചെയ്ത് ശുദ്ധമാക്കി, പിഴ പെറുക്കിയെറിഞ്ഞു വില്ലൻ വിളയാട്ടം കളഞ്ഞു പ്രക്ഷപണകർമ്മം നിർവ്വഹിക്കുന്ന നല്ലനാളുകൾ വരുന്നേയുളളു.
അന്നൊരു ദിവസം രാത്രി എട്ടു മണിയോടു പതുക്കെ പതുക്കെ അടുക്കുന്നു. അറുപതു മിനിട്ടു ദൈർഘ്യമുള്ള ഒരു നാടകം. പകൽ മുഴുവൻ പഠിച്ചൊരുക്കി. പ്രക്ഷേപണത്തിനുവേണ്ടി അഭിനേതാക്കൾ, സ്റ്റുഡിയോവിൽ ഒത്തുകൂടിയിരിക്കുന്നു. സമയമെന്ന വില്ലനെ അറുപതു മിനുട്ടിൽ പിടിച്ചൊതുക്കി നിർത്തിയിരിക്കുന്നു. എട്ടിനു തുടങ്ങി ഒമ്പതിനു കണിശമായി അവസാനിച്ചേ പറ്റൂ. ഒൻപതിന്നു് ഇംഗ്ലീഷ് വാർത്തയാണു് ദൽഹിയിൽനിന്നു വരുന്നവൻ. അവൻ അജയ്യൻ, അനിരുദ്ധൻ. പ്രാദേശിക പരിപാടികൾ നിശ്ചിത സമയത്തിനപ്പുറം കടക്കാൻ ശ്രമിച്ചാൽ വീശിക്കളയും. അതുകൊണ്ടു്, അവസാന റിഹേഴ്സലിൽ സമയം കൃത്യമായി തിട്ടപ്പെടുത്തിയാണു് സ്റ്റുഡിയോവിൽ കടന്നതു്. ആകാശത്തിലേക്കുയർന്നു പറക്കാൻ ചിറകു വിരുത്തി ഒരുങ്ങി നില്ക്കുന്നതു ഒരു ചരിത്രനാടകമാണു്. ശിവജിയുടെ വീരസാഹസിക ചരിത്രമാണു്
ശബ്ദഘോഷങ്ങളിലൂടെ പുറത്തു ചാടേണ്ടതു്. സംവിധാന സ്ഥാനീയനായ ആപ്പീസർ അനൗൺസ്മെന്റ് ചാനൽ തുറക്കാനുള്ള ഒരുക്കത്തോടെ ഘടികാരത്തിൽ കണ്ണുംനട്ടിരിപ്പാണു്. വില്ലന്റെ കാൽപ്പെരുമാറ്റം വ്യക്തമായി കേൾക്കുമാറു് സ്റ്റുഡിയോവിൽ നിശ്ശബ്ദത തളംകെട്ടിനില്ക്കുന്നു. ടക്ക്, ടക്ക്, ടക്ക് വില്ലൻ കേറി എട്ടുമണിയുടെ മൂർദ്ധാവിൽ ചവിട്ടുറപ്പിച്ചു നില്ക്കുന്നു. ചാനൽ തുറക്കുന്നു; അനൗൺസ്മെന്റ് വരുന്നു. നാടകം തുടങ്ങുന്നു.
സംഘട്ടനങ്ങൾ ധാരാളമുള്ള നാടകമാണു്. വെട്ടും തടവും, വിറളി പിടിച്ച കുതിരകളുടെ ആരവം, ആർത്തിരമ്പുന്ന സൈനികരുടെ ആക്രോശം. പാകപ്പിഴയില്ലാതെ നാടകം പുരോഗമിക്കുന്നു. ആപ്പീസർ വില്ലനെ നോക്കുന്നു. പ്രക്ഷേപണത്തിനുള്ള സ്ക്രിപ്റ്റ് നോക്കുന്നു. നോട്ടം മാറിമാറി സഞ്ചരിക്കുമ്പോൾ അപായകരമായ ഒരു ആശങ്ക ആപ്പീസറെ പിടികൂടുന്നു. ഇവൻ അറുപതു മിനുട്ടിൽ ഒതുങ്ങില്ല. നാടകം അപൂർണ്ണമായവസാനിച്ചാൽ മാനക്കേടാണു്. വല്ലതുമൊരുപായം തേടണം. അപ്പോൾ മനോധർമ്മമുദിക്കുന്നു. ശബദമില്ലാതെ ചാടിയെഴുന്നേറ്റു് അദ്ദേഹം അഭിനേതാക്കളെ സമീപിക്കുന്നു. സ്ക്രിപ്റ്റിൽ അവശേഷിച്ചുകടക്കുന്ന രംഗങ്ങളിൽ നിന്നു് ഒരണ്ണം കൈവശപ്പെടുത്തുന്നു. അതു് ആകാശത്തിലേക്കു വിടേണ്ടെന്നു കൈമുദ്രകളിലൂടെ നിർദ്ദേശം കൊടുക്കുന്നു. തിരിച്ചു ചെന്നു വില്ലനെ നോക്കിക്കൊണ്ടു വീണ്ടും ഇരിക്കുന്നു. അങ്ങനെ ഇരിക്കുമ്പോൾ നാടകം ഭരതവാക്യത്തോടടുക്കുന്നു. സമയം പിന്നെയും ഒരു എട്ടു മിനിട്ടു അവശേഷിക്കുന്നതായി ഘടികാരം സൂചിപ്പിക്കുന്നു. ആശങ്ക പതിന്മടങ്ങു ശക്തിയോടെ തിരിച്ചു വരുന്നു. വയ്യ. ഇതൊരിക്കലും വയ്യ. അദ്ദേഹം പിന്നെയും എഴുന്നേല്ക്കുന്നു. ധർമ്മസങ്കടത്തിൽപ്പെട്ടുഴലുന്നു. അപ്പോൾ വീണ്ടും പഴയ മനോധർമ്മം രക്ഷയ്ക്കെത്തുന്നു. ഒഴിവാക്കിവെച്ച രംഗം കൊണ്ടുചെന്നു കൊടുത്തു് അതും കൂടി ആകാശത്തിലേക്കു വിടാൻ നിർദ്ദേശമുദ്ര കാണിക്കുന്നു. സംഗതി നിർദ്ദേശപ്പടി നടക്കുന്നു. നാടകം ഒമ്പതുമണിക്കു് അവസാനിക്കുന്നു. ശുഭം.
ആപ്പീസർക്കു് ആനന്ദം. അഭിനേതാക്കൾക്കഭിമാനം. വിജയഭേരിയോടെ എല്ലാവരും പുറത്തു കടക്കുന്നു. അപ്പാൾ പരിപാടികൾ കേട്ട് അപ്പപ്പോൾ അഭിപ്രായം കുറിക്കാൻ ചെവികൂർപ്പിച്ചിരിക്കുന്ന ആപ്പീസർ ഒരു ചോദ്യം:
“നാടകത്തിൽ പുനർജന്മമുണ്ടോ?”
ആർക്കും ഒന്നും മനസ്സിലായില്ല. ഡ്യൂട്ടി ആപ്പീസർ വിശദീകരിക്കുന്നു:
“മരിച്ചു പോയൊരു കഥാപാത്രം അവസാനരംഗത്തു വന്നു വളരെ ഭംഗിയായി അഭിനയിച്ചിരിക്കുന്നു.”
ശരിയാണു്. ബദ്ധപ്പാടിൽ ആരും ശ്രദ്ധിച്ചില്ലെന്നേയുള്ളൂ. സമയ ഭീതിയിൽ മാറ്റിവെച്ച രംഗത്തുള്ള ഒരു കഥാപാത്രം—ശിവജിയുടെ പിതാവായിരുന്നോ? ശരിക്കോർമ്മയില്ല, ആരുമാവട്ടെ—മരണമടയുന്നു. അങ്ങനെ മരണമടഞ്ഞ കഥാപാത്രമാണു് വില്ലന്റെ വിക്രിയമൂലം അവസാന ഭാഗത്തു പ്രത്യക്ഷപ്പെട്ടതും ആപ്പീസർക്കു് ആപത്തു വരുത്തിയതും.
പിറ്റേന്നു ആപ്പീസിലാകെ പിറുപിറുപ്പം അടക്കിപ്പിടിച്ച ചിരിയും. രക്ഷയില്ല. നാടകകൃത്തിൽ നിന്നു് ആക്ഷേപമില്ലാതെ കഴിക്കണം. അല്ലെങ്കിൽ രക്ഷയില്ല. സ്റ്റേഷൻ ഡയറക്ടരുടെ നിർദ്ദേശം അതായിരുന്നു. ആരായിരുന്നു നാടകകൃത്ത്? അനുഗൃഹീത കവിയും ടാഗോർ കൃതികളുടെ ആദ്യ പരിഭാഷയടെയും നിരവധി വിശിഷ്ടഗ്രന്ഥങ്ങളുടെയും കർത്താവുമായ ശ്രീ വി. ഉണ്ണിക്കൃഷ്ണൻ നായർ!
അദ്ദേഹത്തെപ്പറ്റി ഓർക്കുമ്പോഴൊക്കെ മഹാകവി വള്ളത്തോൾ മറ്റൊരു മഹാനായ വ്യക്തിയെ പ്രകീർത്തിച്ച വരികളാണന്റെ ഓർമ്മയിലെത്തുക. മാതൃഭൂമിയുടെ സ്ഥാപകനായിരുന്ന ശ്രീ. കെ. മാധവൻ നായരുടെ അകാലചരമത്തിൽ; മഹാകവി, അകംനൊന്ത് എഴുതിയ സന്ദേശത്തിൽ ഇങ്ങനെയൊരു ഭാഗമുണ്ടു്.
വെളുത്തു നെടുതായ മനസ്സ്.
ഇവിടെ ശ്രീ ഉണ്ണിക്കൃഷ്ണൻ നായരെ സംബന്ധിച്ചാവുമ്പോൾ അതിലൊരു ചെറിയ മാറ്റമേ വേണ്ടൂ വെളുത്തു നെടുതായ വപുസ്സു്’ എന്നു മാത്രം. ആരോടും കയർക്കാനറിയാത്ത മനുഷ്യൻ. സൗമ്യമായ പെരുമാറ്റം. സദാ ശാന്തത കളിയാടുന്ന മുഖം. വസ്ത്രം പോലെ വെണ്മയേറിയ ചിരി; ചിരിപോലെ വെണ്മയേറിയ വസ്ത്രം. അദ്ദേഹത്തെ സംബന്ധിക്കുന്നതെന്തും വെണ്മയായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ദുഃഖത്തിന്റേയോ നിരാശയുടേയോ കരിനിഴലുണ്ടാവില്ല. എപ്പോഴും ആശയുടെ സൗമ്യപ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. നാടകകൃത്തു് അദ്ദേഹമായതു് എന്റെ ആപ്പീസറുടെ ഭാഗ്യം. എങ്ങും ആരുമറിയാതെ, ആപ്പീസിന്റെ നാലുചുമരുകൾക്കകത്തു് ആ സംഭവം ആറിത്തണുത്തില്ലാതായെന്നു പറഞ്ഞാൽ മതിയല്ലോ.
ഇതു് ആപ്പീസർമാർക്കു മാത്രം സംഭവിക്കാറുള്ള കാര്യങ്ങളായി ആരും തെറ്റിദ്ധരിച്ചുകളയരുതു്. ഞങ്ങളും ഇതുപോലുള്ള പല പല വങ്കത്തങ്ങൾ കാട്ടിയവരാണു് എന്തുകൊണ്ട് അത്തരമൊന്നു വിശദീകരിക്കുന്നില്ലെന്നു ചോദിച്ചാൽ ഉത്തരം വളരെ ലളിതം. കുഞ്ചൻ നമ്പ്യാർ പണ്ട് പറഞ്ഞുവെച്ചിട്ടുണ്ട്,
ഭൂപാലന്റെ ലലാടം തന്നിൽ
ചേറുപുരണ്ടതു കണ്ടാലതു വില-
പേറില്ലാത്തൊരു കസ്തൂരിക്കുറി
എന്നു പ്രശംസിക്കുന്ന നാട്ടിൽ എന്നെപ്പോലൊരു സാധാരണക്കാരന്റെ വങ്കത്തം കേട്ടിട്ടാർക്കെന്തു പ്രയോജനം?
ലൈൻ മുറിയിലെ വാസം ക്രമേണ രസകരമായി ഭവിക്കുന്നു. ഒന്നാംമുറിയിൽ ‘താടിയമ്മാവ’നെന്ന പവനൻ. പവനനെ കാണാൻ രാഷ്ട്രീയക്കാരും പത്രപ്രവർത്തകരും ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കും. മഹാകവി കുട്ടമത്തിന്റെ അടുത്ത ബന്ധുക്കളായതുകൊണ്ടു് സാഹിത്യകാരന്മാരും ആസ്വാദകരും അവിടെയെത്തുന്നു. അവരിൽ പലരേയും പരിചയപ്പെടാനും അവരുമായി സൗഹൃദബന്ധം പുലർത്താനും എനിക്കവസരം സിദ്ധിച്ചു. എന്റെ വാസസ്ഥലമായ മൂന്നാംമുറിയിൽ. ഒരു നിത്യ സന്ദർശകനുണ്ടായിരുന്നു, അന്നു്–സി. ജി. പുതിയറയെന്നു ഞങ്ങളൊക്കെ വിളിക്കുന്ന—സി. ഗോപാലകൃഷ്ണൻ, തപാൽ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ. സി. ജി. യുടെ പേരിവിടെ പ്രത്യേകമെടുത്തു പായാനൊരു കാരണമുണ്ട്; അന്നദ്ദേഹമൊരു യുവകവിയായിരുന്നു. നല്ല കവിതകളെഴുതിയിരുന്നു. നല്ല ഗാനങ്ങളും. രാജാ തിയേറ്ററിനു വേണ്ടി ഞാനെഴുതിക്കൊടുത്ത ഒരു നാടകത്തിൽ സി. ജി. യുടെ വക ഏതാനും നല്ല ഗാനങ്ങളുണ്ടായിരുന്നു. നമ്മളിന്നു കേൾക്കുന്ന ചില ഗാനങ്ങളെപ്പോലെ അർത്ഥമില്ലാത്ത വാക്കുകൾ കോർത്തിണക്കിയെടുത്തവയായിരുന്നില്ലാ സി. ജി. യുടേതു്. നല്ല കവിയും ഗാനരചയിതാവുമെന്നതിനു പുറമേ നാടകം, സിനിമ തുടങ്ങിയ കലാസൃഷ്ടികളെ ഗൗരവബുദ്ധിയോടെ സമീപിച്ചു നിരൂപണം ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എല്ലാ കഴിവുകളും വഴിക്കെവിടെയോ ചുമടിറക്കി, അദ്ദേഹം മുമ്പോട്ടു പോയി. തുടർന്നൊന്നും കേൾക്കാതായി. നമ്മുടെ വെള്ളക്കോളറുകാരായ ബുദ്ധിജീവികളിൽ പതിവായി കണ്ടുവരുന്ന ദുരന്തം.
മറ്റൊരു സഹൃദയ സുഹൃത്തു് വി. ആർ. പണിക്കരായിരുന്നു. അന്നദ്ദേഹം കോഴിക്കോട്ടെ ഒരു പ്രസിദ്ധീകരണശാലയിൽ ജോലി ചെയ്തിരുന്നു. എന്നെ എങ്ങനെയോ അദ്ദേഹം ഇഷ്ടപ്പെട്ടു. അദ്ഭുതമെന്നു പറയട്ടെ, പലർക്കും കഴിയാത്താരു കാര്യം. ഇഷ്ടപ്പെടുക മാത്രമല്ല, എന്റെ ബുദ്ധിമുട്ടിലും കഷ്ടപ്പാടിലും പങ്കാളിയാവാൻ തീരുമാനിച്ചു കൊണ്ടു് അദ്ദേഹം എന്നോടൊപ്പം വന്നു താമസിച്ചു. പണിക്കർ കവിയായിരുന്നു. നോവലിസ്റ്റായിരുന്നു. നല്ല ആസ്വാദകനുമായിരുന്നു. ആധുനിക കവികളുടെ ഒട്ടുമുക്കാലും സൃഷ്ടികൾ അദ്ദേഹത്തിനു മനഃപാഠമായിരുന്നു. അദ്ദേഹം വൈലോപ്പിള്ളി തുടങ്ങി പലരുടേയും ആരാധകനായിരുന്നു. ഇന്നു് അദ്ദേഹം കവിതയെഴുതുന്നുണ്ടോ? നോവലെഴുതുന്നുണ്ടോ? അതോ പട്ടാമ്പിയിലുള്ള തന്റെ വീട്ടിൽ എണ്ണതേച്ചു കുളിച്ചു്, സുഖമായുണ്ടു്’, അല്പം പകലുറങ്ങി ഒരു കൊച്ചുജന്മിയെപ്പോലെ കഴിയുകയാണോ? എന്തോ, ഒന്നും അറിഞ്ഞുകൂടാ. അറിയണമെന്നു് എന്നും ആഗ്രഹിക്കും. കഴിയാറില്ല. അങ്ങനെയാണെല്ലാവർക്കും ജീവിതം.
ഒന്നാം മുറിയിൽ, പവനനോടൊപ്പം താമസിക്കുന്ന മേക്കുന്നത്തു് കമ്മാരൻനായർ, ലൈൻമുറിയിലെ സാഹിത്യസദസ്സിലെ ഒരു പ്രമുഖാംഗമായിരുന്നു. അദ്ദേഹം കവിയാണു്, നിരൂപകനാണു്, പണ്ഡിതനാണു് എന്നു ഞാനെഴുതിപ്പിടിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല. ആ മണ്ഡലങ്ങളിലൊക്കെ അറിയപ്പെട്ടുപോരുന്ന ഒരു വ്യക്തിയാണദ്ദേഹം. അദ്ദേഹത്തെപ്പോലെ മിക്കവാറും ഒന്നാംമുറിയിൽ കണ്ടുവരുന്ന ഒരാളായിരുന്നു മേക്കുന്നത്തു് കുഞ്ഞികൃഷ്ണൻനായർ. കമ്മാരൻ നായരുടെ ജേഷ്ഠൻ. എനിക്കും അദ്ദേഹം ജേഷ്ഠനായിരുന്നു. ഒതുങ്ങിയ മട്ടു്. ബഹളവും ബദ്ധപ്പാടുമില്ലാത്ത ജീവിതരീതി. കഥകളി, അനുഷ്ഠാന കലകൾ തുടങ്ങിയവയിൽ അതീവ പാണ്ഡിത്യം. നല്ല കവി, ഗദ്യകാരൻ—ഈ നിലയിലെല്ലാം പണ്ടു് പേരുകേട്ടു പരിചയിച്ച അദ്ദേഹത്തെ കാണാനും അടുത്തു ബന്ധപ്പെടാനും ഇടയായതു് ഒന്നാംമുറിയിൽ വെച്ചാണു്. പി. കെ. ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ടു നിന്നാരംഭിച്ച ‘ഉദയം’ മാസികയുടെ പത്രാധിപരായിരുന്നു അദ്ദേഹം. എന്റെ ആദ്യത്തെ ഹാസ്യകവിതാ സമാഹാരം പുസ്തകരൂപത്തിൽ പ്രകാശനം ചെയ്യുന്നതിൽ മേക്കുന്നത്തു് കുഞ്ഞികൃഷ്ണൻ നായരുടെ സന്മനസ്സും സഹായവും വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്ന കാര്യം ഇവിടെ കൃതജ്ഞതയോടെ സ്മരിക്കട്ടെ.