രൈരപ്പൻ!
അലക്കുകാരൻ രൈരപ്പൻ. തൊട്ടതെന്തും അഴുക്കു കളഞ്ഞു തൂവെള്ളയാക്കുന്ന രൈരപ്പൻ. വൈകിയാണെങ്കിലും നിന്റെ ഓർമ്മയുമായി ഓടിയെത്തിയ ഈ പ്രഭാതത്തിനു നന്ദി. നിന്നെ ഞാൻ മറന്നെങ്കിൽ എനിക്കു മാപ്പില്ല. നിന്റെ ഓർമ്മയിലൂടെ എനിക്കു പുനർജ്ജന്മം കൈ വന്നിരിക്കുന്നു; എനിക്കും നിനക്കും ജന്മം നല്കിയ നമ്മുടെ കൊച്ചുഗ്രാമത്തിൽ.
അമ്പലച്ചിറയുടെ ഒഴുക്കിന്മുഖം. അവിടെ വസ്ത്രം അലക്കുന്ന കൈത്തോടിലേക്കു ശബ്ദഘോഷത്തോടെ ചാടിവീഴുന്ന വെള്ളം. വെള്ളച്ചാട്ടത്തിന്റെ ശ്രുതിക്കൊത്തു നൈഷധത്തിലെയും രുഗ്മാംഗദചരിതത്തിലെയും പാട്ടുകൾ മധുരമായി പാടുന്ന രൈരപ്പൻ. സംഗീതത്തിൽ നിന്റെ ആദ്യഗുരു വെള്ളച്ചാട്ടമായിരുന്നു. പാടിപ്പാടി നീയൊരു കലാകാരനാവുന്നു. എല്ലാ രാത്രികളിലും നീ നാടകസംഘമുള്ളേടത്തു് ഓടിയെത്തുന്നു. പകൽ വിശ്രമമില്ലാത്ത അദ്ധ്വാനം. രാത്രി കലാസപര്യ. നാടകയോഗങ്ങളിലെ ആശാന്മാർക്കു നീ പ്രിയങ്കരനായിരുന്നു. അവർക്കു വേണ്ടി ഏതു ജോലി ചെയ്യാനും നീ തയ്യാറായിരുന്നു. അങ്ങനെ അഴുക്കുവസ്ത്രങ്ങളും മനുഷ്യമനസ്സും വെളുപ്പിക്കുന്ന ജോലിയിലൂടെ നീ വളർന്നു. ഉത്സാഹത്തിന്റെയും ആഹ്ലാദത്തിമിർപ്പിന്റെയും കാലമായിരുന്നു അതു്. അവിടെയുമിവിടെയും കൊച്ചുകൊച്ചു നാടകസംഘങ്ങൾ. സംഗീതസാന്ദ്രമായ നിമിഷങ്ങൾ കൊണ്ട് അനുഗ്രഹം ചൊരിഞ്ഞുനിന്ന രാവുകൾ. നമ്മുടെ ഗ്രാമം ദരിദ്രമാണെങ്കിലും ഗ്രാമീണരായ നമ്മുടെ മനസ്സു് വളരെ വളരെ സമ്പന്നമായിരുന്നു.
എല്ലാം ഒരു സ്വപ്നം പോലെ പൊലിഞ്ഞു പോയി. ഇല്ലേ രൈരപ്പാ? ഏതോ ഇന്ദ്രജാലവടിയുടെ ചലനം നമ്മുടെ സൗഭാഗ്യമത്രയും ഇല്ലാതാക്കി. നമ്മൾ പല വഴി പിരിഞ്ഞു. കാലത്തിൻ ഇടിവാളേറ്റു് വസന്താരംഭത്തിൽ കരിഞ്ഞു പോയി. എന്റെ പാതി ജീവൻ പൊഴിഞ്ഞു വീണ മണ്ണിൽ നിന്നും ഞാനും ഓടിപ്പോന്നു. നിത്യദുഃഖത്തിന്റെ നഗരപ്രാന്തത്തിലൊരു കൂടൊരുക്കി പുലരാൻ. അങ്ങനെ നല്ലതു മുഴുവനുമുപേക്ഷിച്ചു്, നഗരത്തിന്റെ നഞ്ഞു കുടിച്ച പുലരുന്ന ഞാൻ ചില അവധിദിവസങ്ങളിൽ, ദാഹാർത്തൻ കുടിവെള്ളത്തിനെന്നപോലെ, നമ്മുടെ ഗ്രാമത്തിൽ ഓടിയെത്തുന്നു. ചിരപരിചയത്തിന്റെ കാൽപ്പാടുകൾ നോക്കിനോക്കി നെടുവീർപ്പിട്ടു നടക്കുന്നു. ഓർമ്മയില്ലേ രൈരപ്പാ? അന്നൊരു ദിവസം അമ്പലച്ചിറയുടെ അതിരിലൂടെ ഞാൻ നടന്നുവരുന്നു. നീ കൈത്തോടിലെ അലക്കു കല്ലിൽ അഴുക്കുവസ്ത്രങ്ങൾ ആഞ്ഞാഞ്ഞടിക്കുന്നു. നിന്നെ കണ്ട സന്തോഷത്തോടെ ഞാൻ ചോദിക്കുന്നു:
”സുഖം തന്നെയല്ലേ, രൈരപ്പാ?”
വെള്ളച്ചാട്ടത്തിന്റെ ശബ്ദത്തിൽ എന്റെ ചോദ്യം മുങ്ങിപ്പോയതുകൊണ്ടാവണം ആകെ നനഞ്ഞു കുതിർന്ന നീ ചിരിച്ചുകൊണ്ടു് തോട്ടിൽനിന്നു കയറിവരുന്നു.
”സുഖം തന്നെ; പരമസുഖം.”
ആ മറുപടി ഞാൻ പ്രതീക്ഷിച്ചതല്ല. കലാപരമായ പ്രവർത്തനങ്ങൾ പാടെ നശിച്ചുപോയ ഗ്രാമത്തിലെ ജീവിതം രൈരപ്പനെ സംബന്ധിച്ചു് ഒട്ടും സുഖകരമാവില്ലെന്നെനിക്കറിയാമായിരുന്നു. എന്നിട്ടും പരമസുഖമെന്നു പറയുന്നു. ഞാൻ അന്വേഷണം മറ്റൊരു വഴിക്കു തിരിച്ചു:
”ഇപ്പോൾ നാടകസംഘമൊന്നുമില്ലല്ലോ. എങ്ങനെ സമയം കളയുന്നു?”
“ഉണ്ടു്.”—രൈരപ്പന്റെ മറുപടി. “ചെറുതായൊരു സംഘം ഞാൻ തുടങ്ങീട്ടുണ്ടു്.”
“ഉവ്വോ”
എനിക്കു് ഉത്സാഹമായി. രൈരപ്പൻ സ്വന്തമായി ഒരു നാടക സംഘം ഉണ്ടാക്കിയിരിക്കുന്നു. നല്ലതു്. പഴയ പ്രസ്ഥാനങ്ങൾ എരിഞ്ഞടങ്ങിയ ചാരത്തിൽ നിന്നു് ഒരു തീപ്പൊരി തപ്പി എടുത്തു ഊതിപ്പെരുപ്പിക്കാൻ പിൻതലമുറയിൽ ഒരാളുണ്ടായല്ലോ. ഭാഗ്യം. രൈരപ്പനെ അനുമോദിച്ചുകൊണ്ടു ഞാൻ ചോദിച്ചു:
“ഏതാം നാടകം?”
“സ്യമന്തകം തന്നെ.”
“ആശാൻ?”
“ആശാനില്ല.”
“പിന്നെ?”
“സെൽഫ് ഷേവിങ്.”
രൈരപ്പന്റെ മറുപടി കേട്ടു ഞാനല്പനിമിഷങ്ങളോളം അന്തംവിട്ടു നിന്നു. സ്വാശ്രയശീലത്തിനാവണം അവനൊരു പുതിയ വാക്കു കണ്ടെത്തിയിരിക്കുന്നു—‘സെൽഫ്, ഷേവിങ്’. ഇന്നു രൈരപ്പൻ ജീവിച്ചിരിപ്പുണ്ടോ എന്നറിഞ്ഞു കൂടാ. ഉണ്ടെങ്കിൽ എന്തു ചെയ്യുന്നു എന്നും അറിഞ്ഞു കൂടാ. എതായാലും രൈരപ്പൻ ഒരു ക്രാന്തദർശിയാണു്; സംശയമില്ല. അടുത്തു കഴിഞ്ഞ ഏതാനും കാലംവരെ മലയാള നാടകവേദി രൈരപ്പന്റെ ഭാഷയിൽ പറഞ്ഞാൽ ‘സെൽഫ് ഷേവി’ങ്ങിന്റെ പിടിയിലായിരുന്നല്ലോ; പ്രതിഭാശാലിയായ ഒരു സംവിധായകന്റെ അഭാവത്തിൽ.
ഞാൻ എന്റെ ലൈൻമുറിയിലിരുന്നു് ആകാശവാണിക്കു വേണ്ടി കടലാസിൽ, കന്നുപൂട്ടുകയും വിത്തെറിയുകയും ചെയ്യുന്ന തിരക്കിലാണു്, മുന്നറിയിപ്പില്ലാതെ രൈരപ്പൻ മനസ്സിലേക്കു കടന്നുവന്നതു്. കൊള്ളാവുന്ന കഥാപാത്രമായതുകൊണ്ടു് അവന്റെ സ്മരണ ഇവിടെ കുറിച്ചെന്നേയുള്ളു.
ലൈൻമുറിയിലെ വാസം അല്പം കൊള്ളാവുന്നതാണെന്നു നേരത്തെ പറഞ്ഞുവെച്ചല്ലോ. പവനനെ തേടി വരുന്നവർ പലരും എന്റെ പരിചയക്കാരാവുന്നു. സത്യം പറഞ്ഞാൽ എനിക്കന്നു പവനനോടു്, അനല്പമായ അസൂയയുണ്ടായി. എല്ലാവരും തേടിവരുന്നതു പവനനെ. എന്നെ ആർക്കും വേണ്ട; ആരും അറിയുകയുമില്ല. അങ്ങനെയിരിക്കുമ്പോൾ ഒരുദിവസം പ്രഭാതത്തിൽ പവനന്റെ വീട്ടുവരാന്തയിൽ മൂന്നുപേർ മൂടിപ്പുതച്ചുറങ്ങുന്നു. ഒരാൾ പവനനാണെന്ന കാര്യത്തിൽ സംശയമില്ല. പുതപ്പിനുള്ളിലെ മറ്റു രണ്ടുപേർ ആരായിരിക്കും? ഉണരട്ടെ. അന്വേഷിച്ചറിയാം. ബദ്ധപ്പെടേണ്ട ആവശ്യമില്ലല്ലോ. അന്വേഷണം പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞിട്ടാവാമെന്നു വെച്ചു. പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ വരാന്തയിൽ രണ്ടു ചെറുപ്പക്കാർ ഇരിക്കുന്നു. പവനനില്ല. അപരിചിതരുടെ മുമ്പിൽ ഞാനല്പം പരുങ്ങി ഇത്തിരി കഴിഞ്ഞു പവനൻ അകത്തുനിന്നു കടന്നുവന്നു. അപ്പോഴും പതിവു ബദ്ധപ്പാടുണ്ടു്. വീട്ടിനകത്തുനിന്നു കടന്നുവരികയാണെന്നു തോന്നില്ല. ഇതാ വഴിയിലൂടെ അടിയന്തരകാര്യത്തിനു തിരക്കിട്ടു പോകുമ്പോൾ കണ്ടുമുട്ടിയ പോലെ. പവനൻ എപ്പോഴും അങ്ങനെയാണു് മുഖവുരയില്ലാതെ പവനൻ പരിചയപ്പെടുത്തലിന്നു മുതിർന്നു.
“ഇതു് എം. ജി. എസ്. നാരായണൻ. പിന്നെ, ഇദ്ദേഹമുണ്ടല്ലോ എം. ഗംഗാധരൻ, എം. ജി. എസ്സിന്റെ അമ്മാവനാണു്.”
എന്നെ കളിയാക്കുകയാണെന്നെനിക്കു തോന്നി. കാരണം, കണ്ടാൽ അമ്മാവൻ എം. ജി. എസ്. ആണെന്നു തോന്നും. പവനന്റെ വാക്കു വിശ്വസിച്ചാലും ഇല്ലെങ്കിലും രണ്ടുപേരെയും ഞാനന്നു പരിചയപ്പെട്ടു; അവർ എന്നെയും. പില്ക്കാലത്തു വളർന്നു വികസിച്ച സൗഹൃദത്തിന്റെ മുന്നോടിയായിരുന്നു ആ കൂടിക്കാഴ്ചയെന്നോർക്കുമ്പോൾ ഇന്നു് അതിയായ ആഹ്ലാദമുണ്ടു്. രണ്ടാളും ഇന്നു ഡോക്ടർമാരാണു്. ചികിത്സിക്കാൻ ലൈസൻസെടുത്ത ഡോക്ടർമാരല്ലാത്തതുകൊണ്ട് ഇന്നും ധൈര്യമായവരെ സമീപിക്കാനെനിക്കു് കഴിയുന്നു.
മറ്റൊരുദിവസം. നേരം ഉച്ചയോടടുക്കുന്നു. ഞാനെന്റെ ഏക ചാരുകസേരയിൽ മലർന്നുകിടന്നു മനോരാജ്യം വിചാരിക്കുകയാണു്. അപ്പോൾ ഒരാൾ കയറിവരുന്നു. എന്റെ വീടിനു നേർക്കാണു്. പവനനെ അന്വേഷിച്ചു വരുന്ന ആളായിരിക്കും. ഒന്നാം മുറി കാണിച്ചു കൊടുക്കാമെന്നു വിചാരിച്ചു ഞാനെഴുന്നേറ്റു. അദ്ദേഹം നേരെ എന്റെ വരാന്തയിലേക്കു കയറി. ഞാൻ ഇരിക്കാൻ ക്ഷണിച്ചു. അദ്ദേഹം ഇരുന്നു. ഞാൻ നിന്നു. അല്ലാതെ വഴിയില്ല, ഏക ചാരുകസേരയാണ്. നിലത്തിരിക്കാൻ വയ്യാത്തതുകൊണ്ടാണു് നിന്നതു്. ആരായിരിക്കും? എന്തിനു വന്നതായിരിക്കും? അതിഥി ആരായാലും എന്തിനു വന്നെന്നു ചോദിക്കുന്നതു് മര്യാദ കേടല്ലേ! എന്താണാരു പോംവഴി. വിവരം തിരക്കാനെന്നാലോചിച്ചു ഞാൻ പരുങ്ങുമ്പോൾ അദ്ദേഹം പറയുന്നു:
“ഞാൻ മലയാറ്റൂർ രാമകൃഷ്ണനാണു്.”
ആളെ കേട്ടിട്ടുണ്ടു്. ഞാൻ തൊഴുതു. അദ്ദേഹം തുടരുന്നു:
“വിശ്വരൂപം എന്നൊരു മാസിക ആരംഭിച്ചിരിക്കുന്നു. നിങ്ങളൊക്കെ വല്ലതും എഴുതണം.”
ശിവ ശിവ! ഞാൻ എനിക്കുവേണ്ടിയും അദ്ദേഹത്തിനുവേണ്ടിയും മനസ്സിൽ ജപിച്ചു. എന്റെ എഴുത്തെന്ന അവസ്ഥ ആകാശവാണിയിലേക്കു ചുരുണ്ടുകൂടിക്കഴിഞ്ഞിരിക്കുന്നു. പുറത്തു് ഇലവെച്ചു വിളമ്പുന്ന സമ്പ്രദായം മറന്നുപോയിരിക്കുന്നു. അകത്തു വിഭവങ്ങളും കുറവാണു്. എന്തു പറഞ്ഞാണു് അദ്ദേഹത്തെ സന്തോഷിപ്പിക്കേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. ഒടുവിൽ ഒരുപായത്തിൽ ചെന്നെത്തി:
“ഇയ്യിടെ ഒന്നും എഴുതാറില്ല. അടുത്തു സൗകര്യത്തിൽ വല്ലതും എഴുതി അയച്ചുകൊള്ളാം.”
ആദ്യമായി കാണുന്ന എന്നെ അവിശ്വസിക്കേണ്ട കാര്യമില്ലാത്തതുകൊണ്ടാവണം എന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്തു് അദ്ദേഹം യാത്രപറഞ്ഞു പടിയിറങ്ങി. പടിക്കലോളം പിന്തുടർന്നു നടന്നു പിരിയുമ്പോൾ ഒരിക്കൽക്കൂടി ഞാൻ കൈകൂപ്പി. ഞാനെഴുതിയോ? ഇല്ല. അദ്ദേഹത്തിനെന്നല്ല ആർക്കും ഞാനൊന്നും അക്കാലത്തെഴുതിയില്ല. ഇതുപോലെ വേറെയും ചിലരെന്നെ സമീപിച്ചിട്ടുണ്ട്, ഹാസ്യലേഖനത്തിനും കവിതയ്ക്കും വേണ്ടി. എന്റെ മനസ്സിൽ ഹാസ്യം മാത്രമല്ല കവിതയും ചത്തു മരവിച്ചു പോയ ഒരു കാലമായിരുന്നു അതു്. അവർക്കൊക്കെ എന്റെ പേരിൽ മനം മടുപ്പു തോന്നിയിട്ടുണ്ടാവണം.
മലയാറ്റൂർ എന്റെ വീട്ടിൽ വന്നതും എന്നെ കണ്ടതും ചിലരോടൊക്കെ ഞാനന്നു പറഞ്ഞതായോർക്കുന്നു. പക്ഷേ, പിന്നീടു് അദ്ദേഹത്തെ കാണാനവസരമുണ്ടായപ്പോൾ പലവട്ടം ഇതു ചോദിക്കണമെന്നു വിചാരിച്ചതാണു് എങ്കിലും ധൈര്യമുണ്ടായില്ല. കാരണം ഒരബദ്ധമെനിക്കു പറ്റീട്ടുണ്ട്; വലിയൊരബദ്ധം. ഇടപ്പള്ളി കവികളുടെ കൃതികളേതും അത്യാർത്തിയോടെ വായിക്കുകയും പഠിക്കുകയും സന്ദർഭം കിട്ടുന്നേടത്തുവച്ചു മറ്റുള്ളവരെ ചൊല്ലിക്കേൾപ്പിക്കുകയും ചെയ്യുന്ന കാലമായിരുന്നു അത്. അത്രയ്ക്കു ഭ്രമം.
അക്കാലത്തൊരിക്കൽ ഇടപ്പള്ളി രാഘവൻപിള്ള കൊയിലാണ്ടിയിൽ വരുന്നു. എന്റെ സുഹൃത്തുക്കളായ അദ്ധ്യാപകരിൽ ചിലരുടെ ആതിഥ്യം സ്വീകരിച്ചുകൊണ്ടു താമസിക്കുന്നു. നല്ല ചെറുപ്പക്കാരൻ. സംഗീതാത്മകമായി കവിത ചൊല്ലും. ഇടപ്പള്ളി രാഘവൻ പിള്ളയുടെ കവിത രാഘവൻപിള്ള തന്നെ ചൊല്ലിക്കേൾക്കുന്നതിലുള്ള സുഖമൊന്നാലോചിച്ചുനോക്കൂ. സായൂജ്യമെന്നല്ലാതെ മറ്റെന്തു പറയാൻ? പ്രതിഭാശാലിയുടെ നോട്ടം, ഭാവം, ചലനം. കവിയുടെ അർദ്ധനിമീലിത നേത്രം. ചിലപ്പോൾ മൗനം. മൗനത്തിനു പിറകെ വാചാലത സ്വപ്നത്തിൽ മയങ്ങിയിരിക്കുന്ന സമയത്തു് ചുണ്ടുകളിൽ നേർമ്മയുള്ള ചിരി. ഭാവന ചിറകുവിരുത്തുമ്പോൾ കടലാസും പേനയും തേടുന്നു. വരികൾ വാർന്നുവീഴുന്നു. ശ്വാസമടക്കിപ്പിടിച്ചു് ചുറ്റിലുമിരിക്കുന്ന ആരാധകരെ നോക്കി മന്ദഹസിക്കുന്നു. കടലാസിൽ വാർന്നു വീണ വരികൾ മധുരാലാപമായി പുറത്തേക്കൊഴുകുന്നു. ആരാധകർ വിസ്മയം കൊണ്ടു തളരുന്നു. തളർത്തിത്തളർത്തി കുറേ നാളുകൾക്കുശേഷം ആരാധകരെ ദുഃഖിപ്പിച്ചുകൊണ്ടു രാഘവൻ പിള്ള വിടവാങ്ങുന്നു. പിന്നെ ഒരു തെക്കൻകാറ്റിലൂടെ ഒരു നാൾ സത്യം ഒഴുകി വരുന്നു. അതു രാഘവൻപിള്ളയായിരുന്നില്ല. ഒരു പൗണ്ഡ്രക വേഷധാരി. ഈ അമളി മനസ്സിലുള്ളതുകൊണ്ടു് മലയാറ്റൂരിനെ കണ്ടപ്പോഴൊന്നും എന്റെ മനസ്സിലെ സംശയം ചോദിക്കാൻ കഴിഞ്ഞില്ല. അന്നു് എന്റെ വീട്ടിൽ കയറിവന്ന ആളുടെ രൂപം നിശ്ശേഷമായും മനസ്സിൽനിന്നു മാഞ്ഞു പോയിരുന്നു.
മലയാറ്റൂർ കോഴിക്കോടു കലക്ടറായി വരുന്നു. ഞങ്ങൾ ആകാശ വാണിക്കാർ എപ്പോഴും കുറച്ചു സോപ്പു് കരുതുന്ന കൂട്ടക്കാരാണു്. കലക്ടറോ, അതുപോലുള്ളവരോ, പത്രാധിപന്മാരോ, വേറെ വല്ല വി. ഐ. പി. കളോ വന്നുചേർന്നാൽ ഞങ്ങൾ സമൃദ്ധമായി സോപ്പു് ഉപയോഗിക്കും. നുരയും പതയുമില്ലാത്ത സോപ്പ്. മലയാറ്റൂർ കലക്ടറായി വന്നപ്പോഴും ആരോ അല്പം സോപ്പുപയോഗിച്ചു കാണും. അദ്ദേഹത്തിന്റെ പ്രഭാഷണം ബംഗ്ലാവിൽ വെച്ചു റിക്കാർഡ് ചെയ്യാനാണു് തീരുമാനിച്ചതു്. എന്റെ മേലധികാരി പറയുന്നു കലക്ടറുടെ ബംഗ്ലാവിൽ ചെന്നു് പ്രഭാഷണം റിക്കാർഡ് ചെയ്യാൻ. സത്യം പറയണമല്ലോ. മലയാറ്റൂരാണു് കലക്ടറെന്നറിഞ്ഞിട്ടും എനിക്കു ഭയമുണ്ടായിരുന്നു. കലക്ടറല്ലെ. ഞാനും എന്റെ തലമുറയും, കുട്ടിക്കാലം മുതൽ കലക്ടറായിട്ടു് വെള്ളക്കാരന്റെ രൂപമാണു് മനസ്സിൽ വരച്ചുവെച്ചത്. ഒരിക്കലും ഞങ്ങളാരും ഒരു കലക്ടറെ നേരിൽ കണ്ടിട്ടില്ല. പിന്നെയല്ലേ ബംഗ്ലാവിൽ കേറിച്ചല്ലുന്നതു്. നാട്ടുകാരൻ കലക്ടറുടെ മുഖത്തു നിന്നു് ആട്ടു തന്നെ കിട്ടിയാലും കുഴപ്പമില്ലെന്ന വിചാരത്തോടെ ഞാൻ പെട്ടിയും തൂക്കി പുറപ്പെട്ടു. കലക്ടറുടെ പടിക്കലെത്തിയപ്പോൾ നെഞ്ചിടിപ്പുണ്ടായി. അവിടെ തോക്കും ബയണറ്റുമായി ഒരു പോലീസുകാരൻ പറാവുനില്ക്കുന്നു. കടക്കാമോ, മുന്നോട്ടു നടക്കാമോ എന്നു സംശയമായി. ശങ്കിച്ചു ശങ്കിച്ചുള്ള നടത്തം തികച്ചും നവോഢയുടേതായിരുന്നു. സ്വീകരണമുറി ഉഗ്രം. ഉപകരണങ്ങൾ അത്യുഗ്രം. അലങ്കാരങ്ങൾ അതിഗംഭീരം.
കളക്ടർ ഗൗരവം ചോർന്നു പോകാത്ത സ്നേഹത്തോടെ സ്വീകരിച്ചിരുത്തി. കുശലം പറഞ്ഞു. കാപ്പി തന്നു. നല്ല കൊഴുപ്പുള്ള കാപ്പി. ബംഗ്ലാവിനു ചേർന്ന. കലക്ടറുടെ പദവിക്കു ചേർന്ന കാപ്പിതന്നെ. ഞാൻ കാപ്പി കഴിക്കുന്നതിനിടയിൽ അദ്ദേഹം അകത്തു പോയി ഒരു നോവലിന്റെ കയ്യെഴുത്തുപ്രതി എടുത്തു കൊണ്ടുവന്നു: ‘ഡോക്ടർ വേഴാമ്പൽ’. ഞാനതു കുറെ വായിച്ചു. ഇരിക്കുമ്പോഴും വായിക്കുമ്പോഴും തൊട്ടുമുമ്പേ കാപ്പി കഴിക്കുമ്പോഴുമൊക്കെ എന്റെ മനസ്സ് വിശ്വരൂപത്തിനുവേണ്ടി ലേഖനം ചോദിച്ച മുഖം തേടുകയായിരുന്നു. ഇതദ്ദേഹമായിരിക്കുമോ? ആ ചുറ്റുപാടിൽ സംശയനിവാരണത്തിനുവേണ്ടി അങ്ങനെയൊരു ചോദ്യം തൊടുക്കാൻ കഴിയാത്തതിനു് എന്നെ ഭീരു എന്നു വിളിക്കാൻ പറ്റുമോ? ഏതായാലും കുശലവും കാപ്പിയും അല്പം നോവലുവായനയുമൊക്കെ കഴിഞ്ഞു പ്രഭാഷണം റിക്കാർഡ് ചെയ്തു് യാത്ര പറഞ്ഞു പിരിയുമ്പോഴും എന്റെ മനസ്സ് ആശങ്കാകുലമായിരുന്നു. ഇന്നും അതു് അങ്ങനെത്തന്നെയാണു് ആയിരിക്കുകയും ചെയ്യും.