images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
കേന്ദ്ര കലാസമിതിയുടെ കേളി

ഞങ്ങളുടെ ലൈൻമുറിക്കു ചുറ്റും വാഴകളുണ്ടായിരുന്നു. കണ്ണിനു കുളുർമ്മ നല്കുന്ന പച്ചപ്പിലേക്കു നോക്കിയിരിക്കാൻ രസമാണു് വാഴക്കുടപ്പനിലെ തേനുണ്ണാനെത്തുന്ന അണ്ണാരക്കണ്ണന്മാരും തണൽ തേടി വിശ്രമത്തിനെത്തുന്ന പലവിധം കിളികളും ചേർന്നു് പകൽ മുഴുവനും സംഗീതോത്സവം നടത്തും.

വാഴക്കൂട്ടത്തിനപ്പുറം ഒരു പഴയ മുള്ളവേലിയാണു്. വേലിക്കു പുറത്തു് ഒരു കൊച്ചുവീട്. ആൾപ്പാർപ്പില്ല. എപ്പോഴും അടഞ്ഞു കിടക്കും. അയലത്തു് അങ്ങനെയൊരു വീടുണ്ടാവുന്നതു മനസ്സിനു ശല്യമാണു് രാത്രി വല്ലതും വായിക്കാനോ എഴുതാനോ തുടങ്ങുമ്പോൾ അവിടെ എന്തോ ശബ്ദം കേൾക്കുന്നതായി തോന്നും. എഴുന്നേറ്റു ജാലകത്തിന്നടുത്തു ചെന്നു നോക്കും. തടയൊടിഞ്ഞു് ഇലകൾ തൂങ്ങിയ തന്തവാഴകൾ ഇരുട്ടിൽ മനുഷ്യരൂപം കൈക്കൊള്ളുന്നു. നോക്കിക്കൊണ്ടുനില്ക്കേ അവയിൽ ചിലതു കൈവീശുകയും തലയാട്ടുകയും ചെയ്യുന്നു. സംശയിക്കാനില്ല. അതൊരു ഭാർഗ്ഗവീനിലയം തന്നെ. പിന്നെ വൈകില്ല. ജാലകം ഭദ്രമായടച്ചു വന്നു വിളക്കു നല്ല പോലെ തെളിയിച്ചു് ഉറങ്ങാൻ കിടക്കും.

അങ്ങനെ കഴിയവെ ഒരു ദിവസം പ്രഭാതത്തിൽ വാഴക്കൂട്ടത്തിന്നപ്പുറത്തു ശബ്ദഘോഷം. ആരൊക്കെയോ സംസാരിക്കുന്നു. വാതിലുകൾ തള്ളിത്തുറക്കുകയും ഉച്ചത്തിലുച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്യുന്നു. സംഗതി തേടി അന്വേഷണസംഘം പുറപ്പെടുന്നു. വേലിക്കെട്ടിന്നിപ്പുറം അന്വേഷണസംഘം. അപ്പുറം അപരിചിതർ. വൈകാതെ അന്വേഷണ സംഘത്തിൽ ചിലർ തിരിച്ചെത്തുന്നു. വിവരം കിട്ടി. ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ താമസിക്കാനൊരാളെത്തിയിരിക്കുകയാണു്. ആരെന്ന ചോദ്യത്തിനു വിചിത്രമായ മറുപടി: ‘ദേവൻ’. സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ദേവനല്ല. മനുഷ്യരുടെ ഇടയിലുള്ള ദേവൻ. ‘മാതൃഭൂമി’യിൽ ഉദ്യോഗം സ്വീകരിച്ചു കൊണ്ടു് കോഴിക്കോട്ടെത്തിയ ദേവൻ, അമ്പരന്നില്ല. ദേവൻ വരുന്നുണ്ടെന്നു നേരത്തേ കേട്ടിരുന്നു. പൂർവ്വപരിചയവുമുണ്ടു്. സാഹിത്യ പരിഷത് സമ്മേളനം കോഴിക്കോട്ടുവെച്ചു് നടന്നപ്പോൾ അന്നു മദിരാശിയിൽ പഠിക്കുന്ന ദേവൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു. അപ്പോൾ കണ്ടിട്ടുണ്ടു്. പരിചയപ്പെട്ടിട്ടുമുണ്ടു്. നന്നായി. അയലത്തൊരു കലാകാരൻ വന്നുചേർന്നതു വളരെ നന്നായി. താമസിയാതെ മുള്ളുവേലിക്കൊരു പഴുതുണ്ടായി. അതിലൂടെ ഗതാഗതം. ഒഴിവു കിട്ടുമ്പോഴൊക്കെ ദേവസന്നിധിയിൽ ഞാനെത്തും. എന്റെ മകളും. അവൾക്കു ബഹുരസം. അവിടെ ചായക്കൂട്ടുകൾ, ബ്രഷുകൾ പലതരം കടലാസ് ധാരാളം. അല്പദിവസംകൊണ്ടു് എന്റെ മകൾ ദേവാലയം അവളുടെ കളിവീടാക്കി മാറ്റി. അവൾക്കവിടെ പൂർണ്ണസ്വാതന്ത്ര്യം, ഏതു കടലാസുമെടുക്കാം. ബ്രഷ് ചായത്തിൽ മുക്കാം. ഇഷ്ടമുള്ളതെന്തും വരയ്ക്കാം. ദേവൻ ശപിച്ചില്ല. ചിരിച്ചുകൊണ്ട് അനുഗ്രഹം ചൊരിയുക മാത്രം ചെയ്തു.

അന്നു് ദേവനു് മുമ്പോട്ടു നീട്ടിവളർത്തിയ താടിയും പിറകോട്ടൊതുക്കി താഴ്ത്തിവെച്ച തലമുടിയും ജുബ്ബയും തോളിലൊരു തോർത്തും ചുണ്ടത്തു് സദാ പുകയുന്ന പെപ്പും ഉണ്ടായിരുന്നോ? ഓർമ്മിക്കാൻ കഴിയുന്നില്ല. ഇല്ലെന്നാണെന്റെ വിശ്വാസം. ഉണ്ടെങ്കിൽ എന്റെ മകൾ ദേവനുമായി അത്രമേൽ അടുക്കാനുള്ള ധീരത കാട്ടുമായിരുന്നില്ല. ദേവൻ അവളെ ‘ഉമ്മാച്ചു’ എന്നു വിളിച്ചു. മാതൃഭൂമി വാരികയിൽ ഉറൂബിന്റെ ‘ഉമ്മാച്ചു’ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തുന്ന കാലമായിരുന്നു. വളരെയേറെ പ്രശസ്തി നേടിയ നോവൽ.

ദേവന്റെ ‘ഉമ്മാച്ചു’ വിളി അനുകരിക്കാൻ അന്നവിടെ വേറെയും പലരുമുണ്ടായിരുന്നു. ഗുരുവായൂരപ്പൻ കോളേജിൽ ലക്ചററായി വന്നുചേർന്ന എം. ജി. എസ്. നാരായണൻ നിത്യസന്ദശകനായിരുന്നു. അതുപോലെ ’നല്ല മുഖം’ പദ്മനാഭനും. കോഴിക്കോട്ടെ നാടകപ്രേമികൾക്കിടയിൽ ‘നല്ല മുഖം’ എന്ന ബിരുദം പദ്മനാഭനു സമ്മാനിച്ചതാരെന്നു് ഇപ്പോൾ ഓർക്കുന്നില്ല. ഉറൂബോ അതു പോലെ മറ്റു വല്ലവരുമോ ആയിരിക്കണം. നാടകത്തിൽ നല്ല പേരെടുത്ത പദ്മനാഭൻ പിന്നീട് ‘രാരിച്ചൻ എന്ന പൗരനി’ൽ നായകവേഷം ധരിക്കുകയും നായികയുടെ പിറകെ നടന്നു ഒരു മരത്തണലിൽ നിന്നു് “പണ്ടു പണ്ടു നിന്നെ ഞാൻ കണ്ടനാളയ്യാ?” എന്നൊരു പാട്ടു പാടുകയുമുണ്ടായി. മരം എന്തെന്നു വ്യക്തമല്ല. ഏറെ താമസിയാതെ പദ്മനാഭൻ സെൻട്രൽ എക്സൈസിൽ ജോലി കിട്ടി, കോഴിക്കോടിനോടും അഭിനയ കലയോടും വിടപറഞ്ഞു പിരിയുകയാണുണ്ടായതു്.

ഇക്കാലത്തു് ഒരു ചെറിയ സംഭവമുണ്ടായി. ചാലപ്പുറത്തെ ഗണപതി ഹൈസ്ക്കൂൾ പരിസരത്തു് ‘ആരോഗ്യ-വിദ്യാഭ്യാസ-വ്യവസായ’ പ്രദർശനം നടക്കുകയാണു് അന്നതൊരു വലിയ സംഭവമായിരുന്നു.

മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ടു നടക്കുന്ന പ്രദർശനം. ഒട്ടേറെ ജനങ്ങളെ ആകർഷിച്ചുവന്നു. പ്രദർശനത്തിന്റെ പേരു പോലെ തന്നെ, കാണാനും പഠിക്കാനും ആസ്വദിക്കാനും ഒട്ടേറെ ഇനങ്ങളവിടെ ഒരുക്കുമായിരുന്നു. അന്നൊരു ദിവസം പ്രദർശനനഗരിയിലൂടെ നടന്നുനീങ്ങുമ്പോൾ ശ്രീ. വി. അബ്ദുള്ളയെ കാണാനിടയായി. ഞങ്ങൾ വളരെ നാളുകൾക്കുശേഷം കണ്ടുമുട്ടുകയാണു്. അദ്ദേഹം എന്റെ നാട്ടുകാരൻ. തിക്കോടിക്കാരൻ. പക്ഷേ, പഠിപ്പും താമസവുമൊക്കെ കേരളത്തിനു പുറത്തു്. മിസ്റ്റർ അബ്ദുള്ളയെ പൂർണ്ണമായി പരിചയപ്പെടുത്തണമെങ്കിൽ അല്പനിമിഷത്തേക്കു ഞാനെന്റെ നാട്ടിൽ ചെന്നേ പറ്റൂ.

തിക്കോടി റെയിൽവേസ്റ്റേഷന്നു പടിഞ്ഞാറും കിഴക്കുമായി അന്നു് അറിയപ്പെടുന്ന രണ്ടു തറവാടുകൾ. പലതിൽ രണ്ടെണ്ണം. പടിഞ്ഞാറുള്ളതു വൈദ്യരകം തറവാട്. അവിടെ മൊയ്തുഹാജി, കുഞ്ഞാലിഹാജി എന്നീ രണ്ടു സഹോദരന്മാർ. വളരെ പ്രസിദ്ധിയുള്ള തറവാടാണു്. ധാരാളം സ്വത്ത്. കുഞ്ഞാലിഹാജി ഒരിക്കൽ ഡിസ്ട്രിക്ട് ബോർഡ് മെമ്പറായിരുന്നു. അറയ്ക്കൽ രാജകുടുംബത്തിൽ നിന്നാണു വിവാഹം കഴിച്ചതു്. മൊയ്തുഹാജി തറവാട്ടിൽ കാരണവരെന്ന നിലയിലും നാട്ടുപ്രമാണി എന്ന നിലയിലും വളരെ പ്രസിദ്ധൻ. തീവണ്ടി യാത്രയൊരുങ്ങി റെയിൽവേ സ്റ്റേഷനിൽ വന്നിരിക്കുമ്പോൾ അദ്ദേഹം ചുരുട്ടുവലിക്കുമായിരുന്നു. വമ്പൻ ചുരുട്ടു്. അതുപോലുള്ള ചുരുട്ടു് ഞങ്ങടെ ഗ്രാമത്തിലില്ല. അതു റങ്കൂച്ചുരുട്ടാണെന്നു് അറിവുള്ള വർ അന്നു പറഞ്ഞു കേട്ടിട്ടുണ്ടു്.

ഈ രണ്ടുപേരുടെയും മരുമകനാണു് മിസ്റ്റർ അബ്ദുള്ള. അഡ്വക്കേറ്റ് ബി. പോക്കർ സാഹിബിന്റെ മകൻ.

ഇനി പറയാനുള്ളതു റെയിൽവേ സ്റ്റേഷന്റെ കിഴക്കുവശത്തുള്ള തറവാടിനെപ്പറ്റിയാണു്. അതുകൂടി പറഞ്ഞില്ലെങ്കിൽ അതു തിക്കോടി എന്ന പേരിലറിയപ്പെടുന്ന തൃക്കോട്ടൂർ ഗ്രാമത്തിന്റെ ചരിത്രത്തോടു ചെയ്യുന്ന വലിയൊരനീതിയായിരിക്കും. ‘വണ്ണാൻകണ്ടിയിൽ’ എന്നാണു് തറവാട്ടുപേരു്. അവിടെ രണ്ടു സഹോദരന്മാർ. ചെറിയക്കൻ വൈദ്യരും രാമൻവൈദ്യരും. ചെറിയക്കൻവൈദ്യർ അതിപ്രസിദ്ധനായിരുന്നു. വൈദ്യശാസ്ത്രത്തിലുള്ള നൈപുണ്യത്തോടൊപ്പം കറകളഞ്ഞ ദേശഭക്തിയും പുലർത്തിപ്പോന്ന വിശിഷ്ട വ്യക്തിയായിരുന്നു. അദ്ദേഹം. മരണംവരെ ഖദറല്ലാതെ മറ്റൊരു വസ്ത്രവും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. കേളപ്പജി തുടങ്ങിയ നേതാക്കന്മാർ പലപ്പോഴും വൈദ്യരുടെ ആതിഥ്യം സ്വീകരിക്കാൻ വന്നു ചേരുമായിരുന്നു. സഹോദരൻ രാമൻവൈദ്യർ വൈദ്യവിഷയത്തിൽ ജ്യേഷ്ഠനോളം പ്രസിദ്ധനല്ലെങ്കിലും സാമുദായിക കാര്യങ്ങളിൽ നേതൃത്വം വഹിക്കുകയും സമൂഹത്തിൽ അപ്പോഴപ്പോഴായി പൊട്ടിപ്പുറപ്പെടുന്ന അസ്വസ്ഥതകളും കലഹങ്ങളും പറഞ്ഞൊതുക്കുകയും ചെയ്യുന്ന കാര്യത്തിൽ അതിവിദദ്ധനായിരുന്നു. ജ്യേഷ്ഠൻ ഗാന്ധിഭക്തൻ. അനുജൻ ഭക്തനല്ലെങ്കിലും വിരുദ്ധനായിരുന്നില്ല. രണ്ടുപേരും രണ്ടു തരത്തിൽ ജനങ്ങളുടെ ആദരവുനേടിയവരായിരുന്നു. ഇവിടെ ചെറിയൊരു വൈരുദ്ധ്യം അനുഭവപ്പെടാനിടയുണ്ടു് പടിഞ്ഞാറുള്ള തറവാട്ടിന്നു വൈദ്യരകമെന്ന പേരുണ്ടെങ്കിലും അവിടെ വൈദ്യവിഷയം കൈകാര്യം ചെയ്യുന്നവരാരുമില്ല. അതുപോലെ കിഴക്കുള്ള തറവാട്ടിന്റെ പേരു വണ്ണാൻകണ്ടി എന്നു്. അവിടെ വൈദ്യരുണ്ടു്. ഈ വൈരുദ്ധ്യം എങ്ങനെ വന്നു ചേർന്നെന്നറിയാൻ വല്ല സ്ഥലപ്പേരു ഗവേഷകരെയും സമീപിക്കേണ്ടി വരുമെന്നു തോന്നുന്നു.

ഇത്രയും ഓർത്തുപോയതു പ്രദർശന നഗരിയിൽ നിന്നുകൊണ്ടാണെന്നും എന്റെ സമീപം മിസ്റ്റർ അബ്ദുള്ളയുണ്ടെന്ന കാര്യവും ഞാൻ മറക്കുന്നില്ല. അവിടെ നിന്നു കൊണ്ടു് ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു. കേരളത്തിനു പുറത്തുള്ള തന്റെ അനുഭവംവെച്ചുകൊണ്ടു് നാടകകലയെപ്പറ്റി അദ്ദേഹം പലതും സംസാരിച്ചു. നാടകവേദിയെപ്പറ്റി അദ്ദേഹം ധാരാളം പഠിച്ചിട്ടുണ്ടെന്നു് അപ്പോൾ മനസ്സിലായി. പറഞ്ഞുവന്ന കൂട്ടത്തിൽ, നാടകോത്സവത്തിന്റെ കാര്യവും വന്നു. എന്തുകൊണ്ടു കോഴിക്കോട്ടൊരു നാടകോത്സവം നടത്തിക്കൂടാ എന്നദ്ദേഹം ചോദിക്കുന്നു. കൊള്ളാവുന്ന കാര്യമാണെന്നു ഞാൻ. ഈ സംഭാഷണമാണു് പിൽക്കാലത്തു നാടകോത്സവം നടത്താനുള്ള പ്രേരണയ്ക്കു് മിസ്റ്റർ അബ്ദുള്ളയുടെ മനസ്സിൽ വിത്തിട്ടതെന്നു ഞാൻ കരുതുന്നു.

തുടർന്നുള്ള നാളുകൾ ഉത്സാഹത്തിന്റെതായിരുന്നു. കോഴിക്കോടു് അന്നുണ്ടായിരുന്ന ‘കലാസമിതി’ താമസിയാതെ മലബാർ കേന്ദ്ര കലാസമിതിയായി വികസിക്കുന്നു. പി. സി., പൊറ്റെക്കാടു്, എൻ. വി. കൃഷ്ണവാരിയർ, ഏതു കാര്യത്തിൽ മുന്നിട്ടിറങ്ങിയാലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന കെ. പി. രാമൻനായർ, ആളുകളെ സംഘടിപ്പിക്കാനും വിഭവങ്ങൾ സമാഹരിക്കാനും അതീവ നൈപുണ്യമുള്ള മുല്ലവീട്ടിൽ അബ്ദുറഹ് മാൻ, വി. അബ്ദുള്ള, കൊടുങ്ങല്ലൂർ, ദേവൻ, പട്ടത്തുവിള കരുണാകരൻ, എൻ. പി. മുഹമ്മദ്, പവനൻ എന്നിങ്ങനെ പ്രഗല്ഭരായ പലരും കേന്ദ്ര കലാസമിതിയുടെ പ്രവർത്തകരായിത്തീർന്നു. പ്രവർത്തകരുടെ മുഴുവൻ പേരും ഇവിടെ കുറിക്കാൻ കഴിഞ്ഞെന്നു് എനിക്കഭിപ്രായമില്ല. പെട്ടെന്നു് ഓർമ്മയിൽ തിക്കിത്തിരക്കി വന്നവരണിവിടെ പ്രത്യക്ഷപ്പെട്ടത്.

ആദ്യത്തെ നാടകോത്സവം പ്രഖ്യാപിച്ചു. ഉത്സവത്തിൽ പങ്കെടുത്തു മത്സരിക്കാൻ പുതിയ നാടകങ്ങൾ ആവശ്യപ്പെട്ടുകൊണ്ടു പത്രങ്ങളിൽ അറിയിപ്പു വന്നു. നല്ല പ്രതികരണമായിരുന്നു. ധാരാളം പുതിയ നാടകങ്ങൾ പല ഭാഗത്തുനിന്നും സമിതിക്കു് അയച്ചു കിട്ടുകയുണ്ടായി. എന്നാൽ എന്നെ സംബന്ധിക്കുന്ന ഒരു വിപത്തു് ഈ സംരംഭത്തിനു പിന്നിൽ ഒളിഞ്ഞു നില്പുണ്ടായിരുന്നു. അറിയിപ്പു വന്ന ദിവസം വൈകീട്ടു ദേശപോഷിണിയിലെ, പ്രവർത്തകർ മിസ്റ്റർ കുഞ്ഞാണ്ടിയുടെ നേതൃത്വത്തിൽ ഒരു വൻ പടയായിട്ടു് എന്റെ പാർപ്പിടത്തിൽ എത്തുന്നു. ചുമ്മാ നിവേദനമോ അപേക്ഷയോ സമർപ്പിക്കാനല്ല സമരത്തിനൊരുമ്പെട്ടു കൊണ്ടുതന്നെ. ഞാൻ ദുർബ്ബലൻ. സമരസേനാനികളുടെ മുമ്പിൽ മുട്ടുമടക്കി. അവർ ഒന്നടങ്കം ആക്രോശിച്ചു: ”നാടകോത്സവത്തിനൊരു നാടകമെഴുതണം. അതു നിങ്ങളെഴുതണം. എഴുതിയേ തീരൂ. ദേശപോഷിണി കലാസമിതിക്കു നാടകോത്സവത്തിൽ പങ്കെടുക്കണം. എടുക്കാതെ വയ്യ.”

മുട്ടുമടക്കി. കീഴടങ്ങി, വൈവശ്യത്തോടെ ഞാൻ സമ്മതിച്ചു:

“എഴുതാം. എന്നു വേണം?”

“നാടകം സമർപ്പിക്കേണ്ട തീയതിയും സമയവുമൊക്കെ ഈ അറിയിപ്പിലുണ്ടു്. വായിച്ചാലറിയാം.”

കൂട്ടത്തിൽ നിന്നു് ഒരു പ്രവർത്തകൻ ദിനപത്രമെടുത്തു മുമ്പോട്ടു നീട്ടി. ഞാൻ വാങ്ങിയില്ല. വാങ്ങേണ്ട ആവശ്യമില്ലായിരുന്നു. തീയതിയും സമയവുമൊക്കെ നേരത്തെ ഞാൻ മനസ്സിലാക്കിയിരുന്നു. എന്റെ സമ്മതം ബലമായി പിടിച്ചു വാങ്ങീട്ടേ പ്രവർത്തകർ തിരിച്ചു പോയുള്ളു.

ഞാൻ നാടക രചനയെന്ന യജ്ഞത്തിൽ മുഴുകി. എസ്. കെ., പി. സി., അബ്ദുള്ള, അബ്ദുറഹിമാൻ, കൊടുങ്ങല്ലൂർ തുടങ്ങിയവർ പണപ്പിരിവിന്നിറങ്ങി. മിസ്റ്റർ അബ്ദുറഹിമാനു് അന്നൊരു വാൻ ഉണ്ടായിരുന്നു. വളരെ പ്രസിദ്ധമായ വാൻ. അതിൽ യാത്രക്കാരെ കുത്തി നിറച്ചു കൊണ്ടുപോകുമ്പോൾ ഏതോ സർക്കസ്സ് കമ്പനിക്കാർ വന്യ മൃഗങ്ങളെ കൊണ്ടു പോവുകയാണെന്നു തോന്നും. ഡ്രൈവർ മിസ്റ്റർ അബ്ദുറഹിമാൻതന്നെ. 80 മൈലിൽ കുറഞ്ഞ സ്പീഡ് അബ്ദുറഹിമാനു് അറിഞ്ഞു കൂടാ.

ഒരിക്കൽ പിരിവുകാരെയും കേറ്റി ഓടിച്ചുപോകുമ്പോൾ വാൻ ഒരു കുണ്ടിൽ ചാടി ഒന്നു വിരണ്ടപ്പോൾ പി. സി. ഇരിപ്പിടത്തിൽ നിന്നു മേലോട്ടൊരു കുതിപ്പ്. തല ഇരുമ്പുകൊക്കയിൽ ചെന്നിടിച്ചു. പിരിവു കഴിഞ്ഞു തിരിച്ചുവരുമ്പോൾ പി. സി. യുടെ തലയിൽ ബാന്റേജുണ്ടായിരുന്നു. അങ്ങനെ അനേകം വീരസാഹാസ കഥകൾ ആ വാനിനെക്കുറിച്ചു പറയാനുണ്ടു്. അതിൽ സഞ്ചരിച്ചിട്ടു പരിക്കു പറ്റിയിട്ടില്ലെങ്കിലും എനിക്കും ചെറുതായ ചില അമളികൾ പറ്റീട്ടുണ്ടു്.

മി. അബ്ദുറഹിമാൻ എന്നും അന്യരെ സഹായിക്കാൻ വൈമുഖ്യം കാണിക്കാത്ത മനുഷ്യനായിരുന്നു. ആപത്തിലോ ബുദ്ധിമുട്ടിലോ അകപ്പെട്ട ഒരാളെ സഹായിക്കാൻ വേണ്ടിവന്നാൽ ഏതു സാഹസ കൃത്യത്തിലേർപ്പെടാനും അദ്ദേഹം മടിക്കില്ല. അമിതമായ ഗൗരവവും അതീവ വലാളിത്യവും ഇടകലർന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. ചിലപ്പോൾ ജോലി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ആകാശവാണിയുടെ പടിക്കൽ അദ്ദേഹത്തിന്റെ വാൻ കിടപ്പുണ്ടാവും. കണ്ട ഉടനെ വിളിക്കും. കേറാൻ പറയും. അടിയന്തരകാര്യമാണെന്നു പറഞ്ഞു വാഹനം വിടും. അതൊരുപക്ഷേ, അനന്തമായ ചുറ്റിക്കറങ്ങലാവും. അല്ലെങ്കിൽ ഏതെങ്കിലും റസ്റ്റാറണ്ടിൽക്കേറി അല്പനേരമിരുന്നു സൊള്ളി, കാപ്പി കുടിച്ചു പിരിയലാവും.

ഒരിക്കൽ അതു പോലെ സഞ്ചരിക്കുമ്പോൾ ഒരു സന്ധ്യയ്ക്കു ആൾത്തിരക്കു കൂടിയ മിഠായി തെരുവിന്റെ നടുവിൽ വാൻ പെട്ടെന്നു നില്ക്കുന്നു.

“ഛെ, അബദ്ധംപറ്റിയല്ലോ”

വാഹനത്തിൽ കയറാനല്ലാതെ അതിന്റെ മെക്കാനിസാംമൊന്നും നിശ്ചയമില്ലാത്ത ഞാൻ അപ്പോൾ ഉൽക്കണ്ഠയോടെ ചോദിച്ചു:

“എന്താ?”

“ഇതു നിന്നു പോയല്ലോ. താനൊന്നിറങ്ങി തള്ളിയാട്ടെ.”

ശുദ്ധാത്മാവായ ഞാൻ പുറത്തിറങ്ങി ആൾക്കൂട്ടത്തിന്റെ നടുവിൽ നിന്നു മുക്കിയും മൂളിയും വാൻ തള്ളുന്നു. അങ്ങനെ ഏറെ ക്ലേശിച്ചു വിയർക്കുമ്പോൾ വാഹനം മുരളുന്നു. മുമ്പോട്ടു നീങ്ങുന്നു ഞാൻ ഓടിക്കേറി ഇരിക്കുന്നു. ഇരുന്നു കഴിഞ്ഞപ്പോൾ മി. അബ്ദുറഹിമാന്റെ പൊട്ടിച്ചിരി കേൾക്കുന്നു. സംഗതി ലളിതം—നാലാളുടെ മുമ്പിൽ വെച്ചു് എന്നെക്കൊണ്ടു വണ്ടി തള്ളിക്കാനുള്ള ഒരു സൂത്രമായിരുന്നു അതു്.

അയച്ചുകിട്ടിയ നാടകങ്ങളിൽ നിന്നു് ഏഴെണ്ണം സമിതി തിരഞ്ഞെടുത്തു. ഏഴിന്റെയും പേരോർക്കുന്നില്ല. കെ. ടി. മുഹമ്മദിന്റെ ‘കറവറ്റ പശു’, ചെറുകാടിന്റെ ‘സ്വതന്ത്ര’, എന്റെ ‘ജീവിതം’. ഈ മൂന്നു നാടകങ്ങളാണു് മത്സരത്തിൽ വിജയിച്ചതു്. നാടക രചനയ്ക്കു് ആദ്യസമ്മാനം കെ. ടി. യ്ക്കു്. രണ്ടാം സമ്മാനം എനിക്കും ചെറുകാടിനും വീതിച്ചുകൊണ്ടു്. അവതരണത്തിനുള്ള സമ്മാനം ദേശപോഷിണിക്കു്.

ടൗൺഹാളിൽ തിങ്ങിനിറഞ്ഞ ഒരു വലിയ സദസ്സിനു മുമ്പിലാണു് ഏഴു നാടകങ്ങളും അവതരിപ്പിച്ചതു്. ഏഴു ദിവസവും അക്ഷരാർത്ഥത്തിൽ ഉത്സവം തന്നെയായിരുന്നു. എന്റെ ‘ജീവിതം’ ദേശപോഷിണി പരമാവധി ഉജ്ജ്വലമാക്കി. കുഞ്ഞാണ്ടി, എ. വി. ഭാസ്കരൻ നായർ, ലക്ഷ്മീദേവി, നെല്ലിക്കോടു ഭാസ്കരൻ, ആശാൻ കരുണാകരൻനായർ തുടങ്ങിയ അഭിനേതാക്കൾ, നാടകഭാഷയിൽ പറഞ്ഞാൽ രംഗത്തു ജീവിക്കുകയായിരുന്നു. സി. പി. രാഘവന്റെ മേക്കപ്പും രംഗസജ്ജീകരണവും അതീവ നോഹരമായിരുന്നു. ‘ജീവിതം’ രംഗത്തവതരിപ്പിച്ചു കണ്ടപ്പോൾ എന്റെ ഉള്ളിൽ നിന്നു് ആരോ പതുക്കെ മന്ത്രിച്ചു:

‘നിനക്കും ചെറുതായൊരു നാടകമൊക്കെ എഴുതാൻ കഴിയും.’

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.