അകലെ, ആൾക്കൂട്ടത്തിൽ ശ്രീ കെ. പി. രാമൻനായരുടെ ‘ബൈക്കു്’ തിരകൾ മുറിച്ചു തീരം തേടുന്ന കൊച്ചോടം പോലെ അടുത്തടുത്തുവരുന്നു. അപ്പോൾ എസ്. കെ.’യുടെ ചുണ്ടിൽ ഒരു ശ്ലോകാർദ്ധം പൊട്ടിവിടരുന്നു: “ചാടായിവന്നൂ ചകടാസുരൻതാൻ ചാടാനൊരുമ്പെട്ടു മുകുന്ദഗാത്രേ.” കൂട്ടച്ചിരിയാണു പിന്നെ. ചിരിയുടെ മുഴക്കം കെട്ടടങ്ങും മുമ്പേ രാമൻ നായർ മുറിയിൽ കടന്നുവരുന്നു. കയ്യിൽ വലിയൊരു കടലാസ് കെട്ടുണ്ടു്; നാടകോത്സവത്തിന്റെ കത്തിടപാടുകളും പ്രമാണങ്ങളും മറ്റുമാണു്. അതൊക്കെ കൃത്യമായി സൂക്ഷിക്കുകയും തന്നോടൊപ്പം കൊണ്ടുനടക്കുകയുമാണു പതിവ്. ബൈക്കിന്റെ പിൻചക്രത്തോടു ചേർന്നു് ഒരു തുത്തനാകപ്പെട്ടിയുണ്ടു്. എപ്പോഴും ഭദ്രമായി പൂട്ടിയിടുന്ന പെട്ടി. അതിൽ വസ്തുവഹകളുടെ അടിയാധാരങ്ങളും സാഹിത്യാദികലകളുടെ അടിസ്ഥാന പ്രമാണങ്ങളും താൻ പങ്കുകൊണ്ടു പ്രവർത്തിക്കുന്ന സംഘടനകളുടെ കൃത്യമായ വരവു ചെലവു കണക്കുകളും പിന്നെ ജോലിത്തിരക്കിനിടയിൽ കിട്ടുന്ന ഒഴിവു സമയത്തു് എഴുതിയ കവിതകൾ മുദ്രണം ചെയ്തു വന്ന ആനുകാലികങ്ങളും അതിൽ കാണും. അതിനെ വേണമെങ്കിൽ സഞ്ചരിക്കുന്ന ‘റിക്കാർഡ് റൂ’മെന്നു വിശേഷിപ്പിക്കാം. ഒരു തെറ്റുമില്ല.
രാവിലെ എട്ടുമണിക്കു രാമൻനായർ തന്റെ ഹംസരഥത്തിൽ കയറുന്നു, പിന്നെ ചക്രങ്ങൾ ചലിക്കുന്നു; ഒപ്പം കർമ്മ പരിപാടികളും ചലിക്കുന്നു. പന്നിയങ്കര ഗ്രന്ഥശാലയുടെ കാര്യങ്ങളന്വേഷിക്കണം, കേന്ദ്ര കലാസമിതി ആപ്പീസിൽ തന്നെ കാത്തിരിക്കുന്ന പ്രവർത്തകരെ ചെന്നു കണ്ടു് അടിയന്തരസ്വഭാവമുള്ള കാര്യങ്ങൾ ചർച്ചചെയ്യണം. പിന്നെ നഗരത്തിലെവിടെയെങ്കിലും അക്ഷരശ്ലോകമത്സരം നടക്കുന്നുണ്ടെങ്കിൽ അതിനു വേണ്ട ഒത്താശകൾ ചെയ്യണം—കൂട്ടത്തിൽ പറയട്ടെ, അക്ഷരശ്ലോക മത്സരത്തിലെ അജയ്യനായ ഒരു പോരാളികൂടിയാണു രാമൻ നായർ—എല്ലാറ്റിനും പുറമെ പത്തുമണിയടിക്കുന്നതിനു മുമ്പു് കോടതിയിലെത്തുകയും വേണം. അങ്ങനെ ഒരു നിമിഷമെങ്കിലും പാഴാക്കാതെ, നിരന്തരമായി ജോലിയിൽ മുഴുകിക്കൊണ്ടു രാമൻ നായർ വീടണയുന്നതു ചിലപ്പോൾ അർദ്ധരാത്രിയും അതുകഴിഞ്ഞുമായിരിക്കും.
നാടകോത്സവത്തിന്റെ അദ്ഭുതാവഹമായ വിജയത്തിൽ രാമൻ നായർ വഹിച്ച പങ്കു് അത്യനഘമാണു്. മുമ്പൊരിക്കൽ സ്മരിച്ചതാണെങ്കിലും രണ്ടുപേർകൂടി രാമൻ നായരോടൊപ്പം തുല്യനിലയിൽ പ്രവർത്തിച്ചവരുണ്ട്: ശ്രീ വി. അബ്ദുള്ളയും മുല്ലവീട്ടിൽ അബ്ദുറഹിമാനും. മി. അബ്ദുള്ളയുടെ നാടകകലയെ സംബന്ധിച്ചു അടിസ്ഥാനപരമായ അറിവും ജനസ്വാധീനവും, മി. അബ്ദുറഹിമാന്റെ സംഘടനാപാടവവും, എന്തിലും മുന്നിട്ടിറങ്ങാനുള്ള മനക്കരുത്തും, കുഴഞ്ഞ പ്രശ്നങ്ങൾക്കു് പരിഹാരം കണ്ടെത്താനും, മുഖം നോക്കാതെ തീരുമാനങ്ങളെടുക്കാനുമുള്ള രാമൻ നായരുടെ കഴിവും കഠിനാദ്ധ്വാനവും ഒത്തുചേർന്നപ്പോൾ, കലാസമിതിയുടെ മറ്റു പ്രവർത്തകരിലതു് അളവില്ലാത്ത ചൈതന്യം സൃഷ്ടിക്കുക തന്നെ ചെയ്തു.
നാടകോത്സവത്തിന്റെ അഭൂതപൂർവമായ വിജയം മലബാറിലങ്ങോളമിങ്ങോളമുള്ള നാടകപ്രേമികൾക്കു് ഉണർവ്വിന്റെ ഉദയരശ്മിയായി ഭവിച്ചു. നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലുമായി പുതിയ കലാ സമിതികൾ രൂപംകൊണ്ടു. നാടക പ്രവർത്തകരുണ്ടായി. നാടകകൃത്തുക്കളുണ്ടായി; നടീനടന്മാരുണ്ടായി. പുതിയൊരു ആസ്വാദനസംസ്കാരമുണ്ടായി. എന്നും പുതിയ നാടകങ്ങൾ അരങ്ങേറുകയെന്ന അദ്ഭുതവുമുണ്ടായി. കോഴിക്കോടു് ടൗൺ ഹാൾ ബുക്കു് ചെയ്യുന്ന രജിസ്റ്റർ പരിശോധിക്കുന്നപക്ഷം നാടക പ്രവർത്തകരിൽ അന്നുണ്ടായ ആവേശത്തിന്റെ ശരിയായ കണക്കെടുക്കാൻ കഴിയും. രണ്ടാമത്തെ നാടകോത്സവവും ഒരു വൻവിജയമായിരുന്നു. ‘ഉറൂബി’ന്റെ ‘തീകൊണ്ടു കളിക്കരുതു്’ എന്ന നാടകവും, ലോട്ടസ് സർക്കിളിലെ കുട്ടികളുടെ ‘പ്രേതഭൂമി’ എന്ന സംഗീതനാടകവും, ‘പ്രഭാതം ചുകന്നതെരുവി’ലെന്ന നാടകവും അത്തവണ എടുത്തുപറയാവുന്ന മികവുറ്റ സംഭാവനകളായിരുന്നു. ‘പ്രേതഭൂമി’യുടെ കർത്താവു് ബേബിയും ‘പ്രഭാതം ചുകന്ന തെരുവി’ന്റെ രചയിതാവും സംവിധായകനും ശ്രീ എ. കെ. പുതിയങ്ങാടിയുമായിരുന്നു.
ഇത്രയും ഓർത്തപ്പോഴാണു് ഒരു കാര്യം മനസ്സിനെ അലട്ടാൻ തുടങ്ങിയതു്. അലട്ടിൽനിന്നു രക്ഷപ്പെടാൻ വേണ്ടി ഞാൻ എന്നെ പ്രതിയാക്കി ചോദ്യം ചെയ്യാനാരംഭിച്ചു. താനിതുവരെ എന്തൊക്കയാണോർത്തതു്? ചുമ്മാ അതുമിതും പറയുകയും, മറ്റുള്ളവരെ പുകഴ്ത്തകയും ചെയ്യുന്ന തിരക്കിൽ തന്റെ കാര്യം നിശ്ശേഷം ഒഴിച്ചുനിർത്തിയതെന്താണു്? തനിക്കു പരാജയമില്ലേ? തന്റെ ജീവിതവുമായി ബന്ധപ്പെട്ട കൊള്ളരുതായ്മകളും ക്രൂരതകളും ഒക്കെ താൻ മറച്ചുപിടിക്കുകയോണോ? ഒരുവിഭാഗം ജനങ്ങൾക്കു വേണ്ടതു് അത്തരം കാര്യങ്ങളല്ലേ? ചൂരും ചൊണയുമില്ലാത്ത കാര്യങ്ങൾ നിർബ്ബന്ധമാണെങ്കിൽ തനിച്ചിരുന്നു ചിന്തിച്ചാൽ പോരേ? ഉറക്കെ ചിന്തിച്ചു മറ്റുള്ളവരെ കേൾപ്പിക്കുന്നതെന്തിനു്?
സമ്മതിച്ചു. പക്ഷേ, ഞാൻ കീഴടങ്ങാൻ ഭാവമില്ല. ഈ ചോദ്യം ചെയ്യലിൽ പിറകിലുള്ള മനോഭാവം അസ്സലായി ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, ഒരു കാര്യമുണ്ടു്. പിൽക്കാലത്തു ദുഃഖിക്കേണ്ടിവരുന്ന രീതിയിൽ ഞാനൊന്നും ഉറക്കെ ഓർക്കാൻ പോകുന്നില്ല. വൃത്തികേടുകൾ, കളവുകൾ, ക്രൗര്യങ്ങൾ ഇതൊക്കെ എഴുത്തുകാരന്റെ ധീരതയായി എഴുതിപ്പിടിപ്പിക്കാൻ എന്നെക്കൊണ്ടാവില്ല. ഒരുകാലത്തു് ഇവിടെ ഇത്തരമൊരു വാദഗതിയുണ്ടായിരുന്നു. പടിഞ്ഞാറൻ പുസ്തകങ്ങൾ വായിച്ചു് ലൈംഗിക കാര്യങ്ങളും, കൊലപാതകങ്ങളും ക്രൂരകർമ്മങ്ങളുമൊക്കെ തുറന്നടിച്ചഴുതാൻ തുടങ്ങിയൊരുകാലം. ക്ഷമിക്കണം, ആ കാലത്തിന്റെ സന്തതിയായിട്ടാണല്ലോ ‘അഞ്ചു ചീത്ത കഥ’കളും [1] അതു പോലെ മറ്റു ചില കൃതികളും നമുക്കു കിട്ടിയതു്. അത്തരം കൃതികൾക്കു ജന്മം നല്ലിയവർ പിൽക്കാലത്തു് പ്രസംഗവേദിയൽ കയറി ‘മ’ പ്രസിദ്ധികരണങ്ങളെ തെറിപറഞ്ഞതിന്നു ഇവിടെ വേണ്ടുവോളം രേഖകളുണ്ടു്. ഒരിക്കൽക്കൂടി പറയട്ടെ; ക്ഷമിക്കുക. ഞാനന്റെ ഓർമ്മകളിലേക്കു തിരിച്ചുപോകുന്നു.
നാടകോത്സവത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകിക്കഴിയുന്ന കാലത്തു് ഞാനെന്റെ പാർപ്പിടത്തിൽ സുഭിക്ഷം അനുഭവിക്കുകയായിരുന്നെന്നു് ആരും തെറ്റിദ്ധരിച്ചു കളയരുതു്. വീട്ടുവാടക കൊടുക്കാൻ പലപ്പോഴും കഴിയാറില്ല. വീട്ടുടമ വാടക ചോദിക്കാൻ വരുന്നതു പുരയിടത്തിലെ നാളികേരം ഇടീക്കാൻ വരുമ്പോഴാണു്. അന്നു ഞാൻ അകത്തു കയറി ഒളിക്കും. വീട്ടുടമ വരും. എന്റെ നെഞ്ചിടിക്കും, അദ്ദേഹം എന്നെ അന്വേഷിക്കുന്നപക്ഷം മകൾ സത്യം പറയാതിരിക്കില്ല. വാടക ബാക്കിയോ കുറഞ്ഞ ശമ്പളമോ ഒന്നും അവളെ ബാധിക്കുന്ന കാര്യമല്ലല്ലോ. എന്താണു് വീട്ടുടമയെന്നും താമസിക്കുന്ന വീടു് അന്യന്റേതാണെന്നും അവൾക്കറിയില്ല.
അതുപോലെ ഈർച്ചപ്പൊടിക്കാരൻ വരും. ഈർച്ചപ്പൊടിക്കു് അറക്കപ്പൊടിയന്നും പേരുണ്ടു്. ഈർച്ചപ്പൊടിയാണു് അടുപ്പു കത്തിക്കാനുപയോഗിക്കുന്നതു്. അന്നു ഗ്യാസ് എന്നു പറയുന്നതു് വയറിലല്ലാതെ അടുപ്പിലില്ല. കുറഞ്ഞ വിലയ്ക്കു് ഈർച്ചപ്പൊടി കിട്ടും. അതു കൊണ്ടതു വാങ്ങുന്നു. വിറകിനു് കൂടുതൽ വിലയാണു്. വാങ്ങാൻ പറ്റില്ല. ഈർച്ചപ്പൊടിവില്പനക്കാരൻ പ്രായം കൂടിയ ഒരു കോയയായിരുന്നു. വായിൽ പല്ലൊന്നുമില്ല. ചുമടു തലയിലേറ്റി അയാൾ നടന്നു വരുമ്പോൾ പലപ്പോഴും എന്റെ മനസ്സ് വേദനിച്ചിട്ടുണ്ടു്. ജീവിക്കാൻവേണ്ടിയുള്ള ബദ്ധപ്പാടിൽ താങ്ങാൻ വയ്യാത്ത ഭാരം ചുമക്കുന്നു. അല്ലെങ്കിൽ ഞാനെന്തിനു കോയയുടെ പേരിൽ വേദനിക്കുന്നു? ഞാൻ ചുമക്കുന്നതും ചുരുങ്ങിയ ഭാരമാണോ? മാസാരംഭത്തിൽ ശമ്പളത്തോടൊപ്പം കിട്ടുന്ന നാടകങ്ങളുടെ നീണ്ട ലിസ്റ്റ് എന്റെ ബുദ്ധിക്കു പേറാൻ പറ്റുന്ന ഭാരമാണോ? ആ ഭാരവും വെച്ചു മണ്ണണ്ണവിളക്കിന്റെ പകയുമേറ്റു് ഞാൻ സൃഷ്ടികർമ്മം നടത്തുന്നതു കണ്ടു പോയെങ്കിൽ കോയയും എന്റെ പേരിൽ വേദനിക്കില്ലേ? കോയ നല്ലവനായിരുന്നു. ഈർച്ചപ്പൊടി കടം തരും. മാസം കൂടുമ്പോൾ കാശുകൊടുത്താൽ മതി. ഒരിക്കലും തീർത്തുകൊടുത്തിട്ടില്ല. അദ്ദേഹം ബാക്കി ചോദിക്കുകയുമില്ല. എന്നാലും കോയ വരുമ്പോൾ ഞാൻ അകത്തു കേറി ഒളിക്കും. അതു തീർത്തും അനാവശ്യമായിരുന്നു. യാദൃച്ഛികമായി വഴിയിൽവെച്ചു് വല്ലപ്പോഴും കണ്ടു മുട്ടിയാൽ കുടിശ്ശിക പിരിപ്പിക്കുന്നതിനുപകരം പല്ലില്ലാത്ത മോണകാട്ടി നിഷ്കപടമായ ചിരി സമ്മാനിച്ചു് അദ്ദേഹം ക ടന്നുപോകും.
ഈ കോയയേയും എന്നെയും ശ്രീ കെ. പി. രാമൻനായരേയും, കഥാപാത്രങ്ങളാക്കി പിൽക്കാലത്തു് രണ്ടുപേർ ചേർന്നു് ഒരു നോവലെഴുതുകയുണ്ടായി. ഞങ്ങൾ മാത്രമല്ല കഥാപാത്രങ്ങൾ. വേറെയും അനേകമാളുകളുണ്ടു്. ഈർച്ചപ്പൊടിക്കാരനെ പേടിച്ചു കക്കൂസിൽ കേറിയൊളിച്ച ഒരു കഥാപാത്രമുണ്ടതിൽ; അയാളുടെ വീട്ടിൽ കള്ളപ്പൊന്നു തിരയാൻ പോലീസ് വരുന്ന ഒരു സംഭവവും. ഈർച്ചപ്പൊടിക്കാരനു് പേടിച്ചൊളിക്കേണ്ട ഗതികേടിലകപ്പെട്ട ഒരാളെ എനിക്കറിയാമായിരുന്നു. അതു ഞാനല്ലാതെ മറ്റാരുമല്ല. അതുകൊണ്ടു് ആ കഥാപാത്രം ഞാൻതന്നെയെന്നു തീരുമാനിക്കാൻ എനിക്കു വിഷമമുണ്ടായില്ല.
നാടകോത്സവവുമായി ബന്ധപ്പെട്ട ഒരു ചെറിയ കാര്യം കൂടി ഇവിടെ സ്മരിക്കട്ടെ. ഓരോ കൊല്ലം കഴിയും തോറും നാടകോത്സവത്തിന്റെ മികവു് കൂടിക്കൂടിവരികയായിരുന്നു. പ്രേക്ഷകർക്കു സൗകര്യമായിരുന്നു നാടകമാസ്വദിക്കാനുള്ള നല്ല തിയേറ്റർ ഇല്ലാത്തതു കൊണ്ടു് ഒരു കൊട്ടക തന്നെ കെട്ടിയുണ്ടാക്കേണ്ടിവന്നു. ഇന്നു് ഇൻകം ടാക്സ് ഓഫീസ് നിലകൊള്ളുന്ന സ്ഥലം അന്നു് ഒഴിഞ്ഞു കിടക്കുകയായിരുന്നു. അവിടെയാണു് കൊട്ടക കെട്ടിയൊരുക്കിയത്. ഉത്സവത്തിൽ പങ്കെടുക്കുന്നതു് എഴു കലാസമിതികളാണു്. വിധിനിർണ്ണയിക്കാനെത്തിയതു പി. ഭാസ്കരനും കെ. പദ്മനാഭൻനായരും സിനിമാ നടി കുമാരിയുമായിരുന്നു. സിനിമാനടിയെന്നു മാത്രം പറഞ്ഞാൽ പോരാ, നീലക്കുയിലിലെ നായികയെന്ന നിലയിൽ അനേകം ആരാധകരുള്ള ‘കുമാരി’യെന്നുതന്നെ പറയണം. നിറഞ്ഞ സദസ്സിൽ ആദ്യത്തെ നാടകം അരങ്ങേറി.
പിറ്റേന്നു് മി. അബ്ദുള്ളയും അബ്ദുറഹിമാനും വൈകീട്ടു് ആകാശവാണിയിൽ വന്നു. ഒരു കാര്യം പറയാനുണ്ടെന്ന ഭാവത്തിൽ എന്നെ കാറിൽ കയറ്റി, നേരേ ചെന്നതു് ജംബുസ്റ്റോറിലാണു്. പട്ടണത്തിലെ മികച്ച വ്യാപാര സ്ഥാപനം. അന്നതു് മാനേജ്ചെയ്യുന്നതു് പി. അബ്ദുള്ളയായിരുന്നു. കെട്ടിടത്തിന്റെ ഒരു വശത്തുള്ള കോണികേറി ഞങ്ങൾ മൂന്നുപേരും മുകൾത്തട്ടിലെത്തി. അവിടെ ഒരു മേശയ്ക്കു ചുറ്റുമുള്ള കസേരയിൽ ഇരുന്നു. അപ്പോൾ അവിടെ മി. ഭാസ്കരനും ഉണ്ടായിരുന്നു എന്നാണെന്റെ ഓർമ്മ. മേശപ്പുറത്തു് അട്ടിയായി മുറിച്ചു് അടുക്കിവെച്ച എഴുത്തുകടലാസ്. പിന്നെ പെന്നു്, പെൻസിൽ, കാർബൺ പേപ്പർ എന്നിവയെല്ലാമുണ്ടു്. നിർദ്ദോഷ വസ്തുക്കൾ. ശ്രദ്ധിച്ചില്ല. ചായ വന്നു. അതു കുടിക്കുന്നതിനിടയിൽ മി. അബ്ദുറഹിമാൻ പറഞ്ഞു:
“ഇത്തവണ നാടകോത്സവം ഭീമമായ നഷ്ടത്തിൽ കലാശിക്കും.”
കഷ്ടം തന്നെ; സംഗതി കുഴപ്പമാണല്ലോ എന്നോർത്തുകൊണ്ടു് ഞാൻ മിണ്ടാതിരുന്നു. അപ്പോൾ മി. അബ്ദുള്ള പറയുന്നു:
“നഷ്ടം പരിഹരിക്കാൻ ഒരു വഴി കണ്ടെത്തണം.”
“ഒരു പുതിയ നാടകം അവതരിപ്പിക്കണം.” മി. അബ്ദുറഹിമാനാണു പറയുന്നതു്. “ഇവിടെ അടൂർ ഭാസിയുണ്ടു്, പദ്മനാഭൻ നായരുണ്ടു്, കുഞ്ഞാണ്ടിയുണ്ടു്, ലക്ഷ്മീദേവിയുണ്ടു്, വാസുദേവൻ നായരുണ്ടു് (സിനിക്), കൊച്ചപ്പനുണ്ടു്. എല്ലാറ്റിനും പുറമേ കുമാരിയുണ്ടു്. ഇവരെയെല്ലാം വെച്ചുകൊണ്ടു് ഒരു നാടകം.”
“നമ്മുടെ നഷ്ടം പരിഹരിക്കാൻ ഈയൊരു വഴിയേ ഉളളു.” മി. അബ്ദുള്ളയാണു പറഞ്ഞതു്.
കൊള്ളാവുന്ന സംഗതിയാണെന്നു് എനിക്കും തോന്നി. കുമാരിയും അടൂർ ഭാസിയും മറ്റും രംഗത്തു വരുന്നതറിഞ്ഞാൽ തീർച്ചയായും ജനം ഇരമ്പിക്കേറും. സംശയിക്കാനില്ല.
“അപ്പോൾ ഏതാണു് നാടകം?” ഞാൻ ചോദിച്ചു.
“അതു പറയാനാണു വിളിച്ചതു്.” മി. അബ്ദുറഹിമാൻ വളരെ ഗൗരവത്തിലാണു പറയുന്നതു്.
“നാടകം താനെഴുതണം. ഇന്നു രാത്രി ഇവിടെ വെച്ചെഴുതണം. ഇതാ കടലാസും മറ്റെഴുത്തുസാമഗ്രികളും. ഞങ്ങൾ പോകുന്നു. വാതിൽ പുറത്തുനിന്നു പൂട്ടും. രക്ഷപ്പെടാൻ പഴുതില്ല. പുറത്തേക്കു ചാടാമെന്നുവെച്ചാൽ മരിക്കും. രാത്രി ഭക്ഷണം, ചായ മുതലായവ ഇവിടെയെത്തും.
മി. അബ്ദുറഹിമാൻ എഴുന്നേറ്റു.
“അയ്യോ ചതിക്കരുതു്.” ഞാൻ കരയുമ്പോലെ പറഞ്ഞു: “എനിക്കു വീട്ടിൽ പോണം. എന്റെ മകൾക്കിവിടെ ആരുമില്ല.”
“പരിഭ്രമിക്കേണ്ട.” മി. അബ്ദുള്ള പറഞ്ഞു: “അതെല്ലാം വേണ്ട മട്ടിൽ ഏർപ്പാടുചെയ്തിട്ടുണ്ടു്. സൗകര്യമായി ഇരുന്നു് എഴുതിക്കൊള്ളണം. സാധിച്ചെങ്കിൽ കാർബൺകോപ്പിയുമെടുക്കണം. കാലത്തെ കാണാം.”
മി. അബ്ദുള്ളയും എഴുന്നേറ്റു.
“ഗുഡ് നൈറ്റ്.”
അബ്ദുറഹിമാൻ കോണിപ്പടവുകളിറങ്ങാൻ തുടങ്ങി. എന്റെ മുമ്പിൽ വാതിൽ കൊട്ടിയടയുന്നു. മേശപ്പറത്തു പെന്നും പെൻസിലും ദ്വന്ദ്വയുദ്ധത്തിനുള്ള കുന്തങ്ങൾപോലെ എന്റെ മനസ്സമാധാനത്തെ കുത്തിക്കീറാൻ തക്കവണ്ണം കിടക്കുന്നു. ഒരു നാടകം വേണം. പ്രശസ്തരായ നടീനടന്മാക്കഭിനയിക്കാൻ. ഒരു രാത്രിയുടെ ദൈർഘ്യത്തിലൂടെ നാടകം ജനിക്കണം. ഞാൻ നെടുവീർപ്പിട്ടു. അടഞ്ഞ വാതിൽ. രക്ഷപ്പെടാൻ പഴുതില്ല. അഃ ഇങ്ങനെയും ഒരനുഭവം.
കേരളത്തിലെ അതി പ്രശസ്തരായ അഞ്ച് സാഹിത്യകാരന്മാരുടെ വിവാദമായ അഞ്ച് കൃതികളാണ് ഈ കഥാസമാഹാരത്തില്‍ ഉണ്ടായിരുന്നത്. തകഴിയുടെ ‘നാട്ടിന്‍പുറത്തെ വേശ്യ’, എസ്. കെ. പൊറ്റക്കാടിന്റെ ‘കള്ളപ്പശു’, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്യയുടെ കാമുകന്’, കേശവദേവിന്റെ ‘പവിത്ര’, പൊന്‍കുന്നം വര്‍ക്കിയുടെ ‘വിത്തുകാള’ എന്നീ കഥകളാണ് സമാഹാരത്തില്‍ ഉണ്ടായിരുന്നത്.